Sunday, 4 May 2014

മെയ്‌ നാല് പാടിക്കുന്ന് രക്ത സാക്ഷി ദിനം !!



ന്ത്യയില്‍ ആദ്യമായി കര്‍ഷകര്‍ക്ക് സംഘടിക്കാനും ശബ്ദിക്കാനും വേദിയൊരുക്കിയ കര്‍ഷകസംഘം പിറന്നത് പാടിക്കുന്നിന്റെ താഴ്‌വാരത്തു കൊളച്ചേരിയിലെ നണിയൂരില്‍വെച്ചാണ്. കേരളീയന്റെയും വിഷ്ണുഭാരതീയന്റെയും നേതൃത്വത്തില്‍ 1935 ല്‍ രൂപീകരിച്ച പ്രസ്തുത സംഘടനയാണ് ഈ മേഖലയില്‍ നടന്ന കര്‍ഷക സമരങ്ങളെ കൂടുതല്‍ തീക്ഷ്്ണമാക്കിയത്. അതുകൊണ്ടുതന്നെ‘ഭരണകൂടത്തിന്റെ ആജ്ഞ നടപ്പിലാക്കുന്നതിനായി ഒട്ടേറെ സൈനിക ക്യാമ്പുകള്‍ ഈ മേഖലയില്‍ സ്ഥാപിച്ചിരുന്നു. പൊലീസ്, ജന്മി കൂട്ടുകെട്ടിന്റെ തേര്‍വാഴ്ചയക്ക് എതിരെ പൊരുതിയതിന്റെ പേരില്‍ ഉശിരരായ മൂന്ന് കമ്മ്യൂണിസ്റ്റ് പോരാളികളെ പാടിക്കുന്നിന്റെ നിറുകയില്‍ കൊണ്ടു വന്ന് നിരത്തി നിര്‍ത്തി വെടിവെച്ചുകൊന്നത് 1950 മെയ് 3 അര്‍ധരാത്രിയാണ്. അവരുടെ ചോര വീണതിനാല്‍ ചുകന്ന കുന്നായ ഈ കുന്നിന് രക്തസാക്ഷിക്കുന്ന് എന്നും പേരുണ്ട്. ആ ധീര രക്തസാക്ഷികളുടെ സ്മൃതികുടീരം എല്ലാം ഓര്‍മ്മിപ്പിച്ചുകൊണ്ട് കുന്നിന്റെ ഏറ്റവും മുകളില്‍ തലയുര്‍ത്തിപ്പിടിച്ചു നില്‍ക്കുന്നു.
രൈരു നമ്പ്യാര്‍, കുട്ട്യപ്പ എന്നിവരെ കോടതിയെ തെറ്റിദ്ധരിപ്പിച്ച് ജാമ്യത്തിലെടുക്കുകയും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും പുറത്തിറക്കി ഇന്‍സ്‌പെക്ടര്‍ റേയുടെ നേതൃത്വത്തില്‍ ഇരുവരുടേയും കണ്ണുകള്‍ കെട്ടി പാടിക്കുന്നില്‍ എത്തിക്കുകയായിരുന്നു. കയരളത്തെ എം എസ് പി ക്യാമ്പില്‍ നിന്നും ഗോപാലനേയും ഇവിടേക്കെത്തിച്ചു. റോഡില്‍ നിന്നും മാറ്റി പാടിക്കുന്നിലെ ഏറ്റവും ഉയര്‍ന്ന പാറയ്ക്കു മുകളില്‍ കയറ്റി നിര്‍ത്തിയാണ് വെടിവെച്ച് കൊന്നത്. വെളിച്ചത്തെ ഭയക്കുന്നവര്‍ കനത്ത ഇരുട്ട് കട്ടകെട്ടി നില്‍ക്കുന്ന അര്‍ധരാത്രിയിലാണ്, ഈ ക്രൂരകൃത്യം ചെയ്തത്. പാടിക്കുന്ന് രക്തസാക്ഷിത്വം സാമ്രാജ്യത്വത്തിനും ജന്മിത്വത്തിനുമെതിരായ സമര സംഭവങ്ങളില്‍ വേറിട്ടു നില്‍ക്കുന്ന ഒന്നാണ്. വെടിവെച്ചു കൊല്ലുവാന്‍ മാത്രമായി കള്ളജാമ്യത്തിലെടുത്തും കള്ളക്കേസ് ചുമത്തിയും മൂന്ന് സഖാക്കളെ കൊണ്ടുവന്ന് നിരത്തി നിര്‍ത്തി വധിച്ച സംഭവം ചരിത്രത്തില്‍ തന്നെ അപൂര്‍വ്വമാണ്. രാത്രിയുടെ നിശ്ശബ്ദതയെ ഭേദിച്ച് ആ ധീരപോരാളികളുയര്‍ത്തിയ ഇന്‍ക്വിലാബ് സിന്ദാബാദ് എന്ന മുദ്രാവാക്യം നാലുദിക്കിലും പ്രതിധ്വനിച്ചു. നേതാക്കന്മാരെ വധിച്ചാല്‍ പ്രസ്ഥാനം തകരുമെന്ന് കരുതിയായിരുന്നു ആ മൂന്ന് പേരെയും വെടിവെച്ചുകൊന്നത്.

No comments:

Post a Comment