അശോക് മോഛിയെ ഓര്‍മയില്ലേ? ഗുജറാത്ത് കലാപകാലത്ത് ഇരകളുടെ മുഖചിത്രമായി കുതുബുദ്ദീന്‍ അന്‍സാരിയുടെ കൈ കൂപ്പിയ ചിത്രം ലോകം മുഴുവന്‍ പ്രചരിച്ചപ്പോള്‍ കലാപകാരികളുടെ പ്രതിനിധിയായി നാം കണ്ടതും അറിഞ്ഞതും അശോക് മോഛിയുടെ ചിത്രമായിരുന്നു. കയ്യില്‍ കുന്തവും തലയില്‍ കാവിക്കെട്ടുമുള്ള അശോക് മോഛി. ഇന്ത്യന്‍ മതേതരത്വം അറപ്പോടെ ഉള്‍ഭയത്തോടെ കണ്ട ഭീകരരൂപം. ആ ചിത്രം ലോകത്തോട് വിളിച്ചുപറഞ്ഞു, ആരാണ് കലാപം, എന്താണ് കലാപം എന്ന്...
എന്നാല്‍ ഇന്ന് അശോക് മോഛി പഴയ ഭീകരനല്ല. കാലം അദ്ദേഹത്തില്‍ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നു. കയ്യില്‍ ഊരിപ്പിടിച്ച വാളില്ല. കണ്ണില്‍ വിദ്വേഷത്തിന്റെ ക്രോധമെരിയുന്നില്ല. ഉറുദു എഴുത്തുകാരനും സുഹൃത്തുമായ കലീം സിദ്ദിഖിയാണ് പറഞ്ഞത് അശോക് മോഛി അഹമ്മദാബാദിലെ ദില്ലി ദര്‍വാസയിലാണ് ജീവിക്കുന്നതെന്ന്. ലോകം മുഴുവന്‍ കണ്ടുവിറച്ച 'കാവി ഭീകരനെ' ഒരു നോക്ക് പാളിനോക്കാം എന്നു കരുതിയാണ് അവിടേക്ക് വെച്ചു പിടിച്ചത്. പക്ഷെ, തല കുനിച്ചിരുന്ന് തന്റെ ജോലിയില്‍ മുഴുകുന്ന ചെരിപ്പു തുന്നിയായ ഒരു സധാരണക്കാരന്റെ ചിത്രമാണ് പഴയ ഭീകരന്റെ സ്ഥാനത്ത്. സംസാരിച്ചു തുടങ്ങിയപ്പോള്‍ എനിക്ക് മനസ്സിലായി അശോക് മോഛിയും ഒരു ഇരയാണ് എന്ന്. കാവി ഭീകരതയുടെ മറ്റൊരു ഇര. ഗുജറാത്തില്‍ ദളിതുകളെ കുരങ്ങു കളിപ്പിച്ച് എങ്ങനെയാണ് മുസ്ലിം വിരുദ്ധരാക്കിയത് എന്നും ദളിതരെ എങ്ങനെയാണ് കലാപത്തിന് ഇന്ധനമായി കാവിപ്പട രൂപപ്പെടുത്തിയതെന്നും മോഛിയുടെ ജീവിതം നമ്മോട് വിളിച്ചുപറയുന്നു. ഇവിടെ മുസ്ലിം ഗല്ലികളോടു ചേര്‍ന്നാണ് ദളിത് ഗല്ലികളും ഒട്ടുമിക്ക സ്ഥലങ്ങളും ഉള്ളത്. അഥവാ ദളിത് മൊഹല്ലകളും മുസ്ലിം മൊഹല്ലകളും ഒരുമിച്ചാണ് മുന്നോട്ട് പോകുന്നത്.
മറ്റൊരു ഭാഷയില്‍ പറഞ്ഞാല്‍ മുഖ്യധാരാ കാസ്റ്റ് ഹിന്ദുക്കളുടെ കൂടെ ജീവിക്കാന്‍ ദളിതര്‍ക്ക് അപ്രഖ്യാപിത വിലക്ക് തന്നെയുണ്ട്. സവര്‍ണ ഹിന്ദുക്കളുടെ ഓരംപറ്റി ജീവിക്കുന്ന ദളിതര്‍ക്ക് ഇപ്പോഴും കിണറ്റില്‍നിന്നും വെള്ളമെടുക്കണമെങ്കില്‍ രാത്രി എട്ടുമണി കഴിയണം എന്നതാണ് മോഡിയുടെ ഹിന്ദുത്വ സ്വര്‍ഗത്തിലെ മറ്റൊരു യാഥാര്‍ഥ്യം. ഒരേ ജീവിത സാഹചര്യങ്ങളും ക്വാളിറ്റി ഓഫ് ലൈഫും ഉള്ള ദളിതരും മുസ്ലിങ്ങളും ഒന്നിച്ചാണ് ജീവിച്ചിരുന്നതും ഇപ്പോഴും ജീവിക്കുന്നതും. ഗുജറാത്തില്‍ കാവിവല്‍ക്കരണത്തിന് മാസ്റ്റര്‍പ്ലാന്‍ തയാറാക്കിയ കാവിബുദ്ധി ആദ്യം ചെയ്തത് ഈ ദളിത് മൊഹല്ലകളില്‍ വര്‍ഗീയതയുടെ വിത്തുകള്‍ പാകുകയായിരുന്നു. തങ്ങളുടെ ജാതിയോ മതമോ ദൈവമോ പ്രശ്നമല്ലാതിരുന്ന ദളിതര്‍ക്ക് മെല്ലെ മെല്ലെ തെറ്റായ സ്വത്വബോധം കുത്തിവെച്ച് തൊട്ടടുത്ത് പാര്‍ക്കുന്ന മുസ്ലിം ഗല്ലികളിലേക്ക് വിരല്‍ചൂണ്ടി അവരാണ് നിങ്ങളുടെ പ്രശ്നങ്ങള്‍ക്കെല്ലാം കാരണം എന്ന് പറഞ്ഞുപരത്തി. നിങ്ങളുടെ ജീവിതസൗകര്യങ്ങളും പണവും കൊള്ളയടിക്കുന്നത് പൊതുവെ ചെറിയ കച്ചവടക്കാരായ മുസ്ലിങ്ങളാണെന്ന കഥയും മെനഞ്ഞുണ്ടാക്കി. കലാപത്തിന് മുന്നേ ചില സ്ഥലങ്ങളില്‍ പ്രചരിച്ചിരുന്ന പാംലെറ്റുകള്‍ ഇതിനുദാഹരണമാണ്. പാംലെറ്റുകളില്‍ അക്കമിട്ട് നിരത്തിയിരുന്നത് മുസ്ലിം സ്ഥാപനങ്ങള്‍ നേടുന്ന ലാഭത്തിന്റെ കണക്കുകളായിരുന്നു. ഇത് ദളിത് മസ്തിഷ്ക്കങ്ങളില്‍ മെല്ലെ ചലനം സൃഷ്ടിച്ചു. നരോദ പാട്യയിലെ കലാപം തന്നെ മികച്ച ഉദാഹരണം.
പൊതുവെ സ്വത്വപരമായി യാതൊരു ലക്ഷണവും പ്രകടിപ്പിക്കാതിരുന്ന മുസ്ലിങ്ങളായിരുന്നു നരോദയിലേത്. മദ്യനിരോധനം നിലവിലുള്ള ഗുജറാത്തില്‍ വാറ്റു നടത്തുന്നവരായിരുന്നു അവിടുത്തെ ദളിതര്‍. ഒരേ സംസ്കാരവും ജീവിതരീതിയും പിന്തുടര്‍ന്നിരുന്ന ഇവരെ തമ്മിലടിപ്പിച്ച് കൂട്ടക്കൊലയും മൃഗീയ ബലാത്സംഗങ്ങളും നടത്താനായി എന്നത് കാവി ഭീകരതയുടെ വിജയം. സവര്‍ണ ഹിന്ദുക്കളും സമ്പന്ന മുസ്ലിങ്ങളും താമസിച്ചിരുന്ന മേഖലകളില്‍ കലാപം കുറവായിരുന്നു എന്നത് ഇതിനോട് ചേര്‍ത്തുവായിക്കേണ്ട വസ്തുതയാണ്. അങ്ങനെ മസ്തിഷ്ക്ക ചോര്‍ച്ച സംഭവിച്ച ഒരു ദളിതന്റെ കഥയാണ് അശോക് മോഛിയുടെതും.
2002 ഫെബ്രുവരി 27ന് ഏതോ ഒരു വിശ്വഹിന്ദു പരിഷത്ത് നേതാവ് ഗോധ്രയിലെ കത്തിക്കരിഞ്ഞ കര്‍സേവകന്റെ ശരീരം കാണിച്ച് ചോദിച്ചു നിങ്ങള്‍ ഇനി എന്തിനാണ് നോക്കിനില്‍ക്കുന്നത്? എന്ന്. ഇനി മോഛിയുടെ വാക്കുകളില്‍:
എന്താണ് അന്നു സംഭവിച്ചത്? (അശോക് മോഛി ദളിത്സിദ്ധമായ അപകര്‍ഷതയോടെ തല താഴ്ത്തി സംസാരിച്ചു തുടങ്ങി)
അന്ന് വൈകുന്നേരം (ഫെബ്രുവരി 28) ഞാന്‍ ഇവിടെ ഈ ചെരുപ്പ് തുന്നുന്ന സ്ഥലത്ത് ഇരിക്കുമ്പോള്‍ ആരൊക്കെയോ വന്ന് ഗോധ്രയില്‍ 56 ഹിന്ദുക്കളെ മുസ്ലിങ്ങള്‍ ജീവനോടെ കത്തിച്ചു എന്ന് എന്നോടു പറഞ്ഞു. കത്തിക്കരിഞ്ഞ ശവശരീരങ്ങളുടെ ചിത്രങ്ങളുമുണ്ടായിരുന്നു അവരുടെ കൈകളില്‍. വൈകുന്നേരം അഞ്ചുമണിയൊക്കെ ആയതോടെ തെരുവില്‍ മുഴുവന്‍ ആള്‍ക്കൂട്ടമായിരുന്നു. മുസ്ലിം വീടുകള്‍, കടകള്‍ തകര്‍ത്ത് ആക്രോശിച്ച് വരുന്ന അവര്‍ക്കൊപ്പം ഞാനും ചേര്‍ന്നു. ഞങ്ങള്‍ താഴ്ന്ന ഹിന്ദുക്കള്‍ താമസിച്ചിരുന്ന ഇടത്തുനിന്നുമാണ് തൊട്ടപ്പുറത്തെ മുസ്ലിം വീടുകള്‍ തകര്‍ക്കാന്‍ ബജ്റംഗദള്‍ നേതാക്കള്‍ പദ്ധതിയിട്ടത്. ഞാനും എന്റെ ഹിന്ദു സഹോദരങ്ങളുടെ ജീവന് പകരംചോദിക്കാന്‍ കൈയില്‍ കിട്ടിയ വടിയുമായിട്ടാണ് വന്നത്. ഞങ്ങള്‍ മുസ്ലിം ഗല്ലിയിലേക്ക് കടക്കുന്നതിന്റെ തൊട്ട് മുന്നേ നിരവധി മാധ്യമ പ്രവര്‍ത്തകര്‍ റോഡില്‍ നിരന്നിരുന്നു. ഫ്ളാഷുകള്‍ മിന്നിത്തുടങ്ങിയപ്പോള്‍ ജയ്ശ്രീരാം വിളികള്‍ക്കും തെറി വിളികള്‍ക്കും ആക്കം കൂടി. ജയ് രന്‍ചോര്‍, മിയചോര്‍ മിയ കി മാകി (ജയ് രന്‍ചോര്‍, മുസ്ലിങ്ങള്‍ കള്ളന്മാരാണ്) തുടങ്ങിയ അധിക്ഷേപ വാക്കുകളും ആര്‍പ്പുവിളികളും കൊണ്ട് വല്ലാത്ത ഹരമായിരുന്നു അപ്പോള്‍ ഞങ്ങള്‍ക്ക്. തലയില്‍ കാവി റിബണും കൈയില്‍ വടിയുമേന്തി നില്‍ക്കുന്ന എന്റെ ആക്രോശങ്ങള്‍ കേട്ട് ഒരു മാധ്യമ പ്രവര്‍ത്തകന്‍ എന്റെ ഫോട്ടോ എടുക്കാന്‍ തുടങ്ങി. ഞാന്‍ ഉറക്കെ അട്ടഹസിച്ചു. (ഇന്ത്യാ ടുഡേയുടെ സെബാസ്റ്റ്യന്‍ ഡിസൂസ എന്ന ഫോട്ടോഗ്രാഫറായിരുന്നു അതെന്ന് പിന്നീടാണ് അറിഞ്ഞത്).
ഇല്ല. പലരെയും അടിച്ചുപരിക്കേല്‍പിച്ചു. നിരവധി വീടുകള്‍ തകര്‍ത്തു. കടകളും.
നേരത്തെതന്നെ നിങ്ങള്‍ ബജറംഗ്ദള്‍ അംഗമായിരുന്നോ?
ഇല്ല. ഞാന്‍ ഒരിക്കലും ഒരു പാര്‍ടിയിലും അംഗമായിരുന്നില്ല. എന്റെ ഉപജീവനമാര്‍ഗമായ ഈ തൊഴിലില്‍ മുഴുകിക്കഴിഞ്ഞിരുന്ന ഒരു സാധാരണക്കാരനായിരുന്നു ഞാന്‍. ഈ ഫുട്പാത്തില്‍ എന്റെ അപ്പുറവും ഇപ്പുറവും ഇരിക്കുന്നത് രണ്ട് മുസ്ലിം തെരുവ് കച്ചവടക്കാരാണ്. ഗുലാം ഭായിയും റമീസ് ഭായിയും. അത് കലാപത്തിന് മുന്നെയും അങ്ങനെയായിരുന്നു. ശേഷവും അതങ്ങനെതന്നെയാണ്. (രണ്ടു പേരെയും മോഛി വിളിച്ച് പരിചയപ്പെടുത്തി. അവരാണ് ഞങ്ങള്‍ക്ക് ചായ കൊണ്ടുവന്നു തന്നത്).
ലോകം മുഴുവന്‍ നിങ്ങളുടെ ചിത്രം പ്രചരിച്ചു. സ്വാഭാവികമായും ഇവിടുത്തെ മുസ്ലിങ്ങളുടെ പ്രതികരണം എന്തായിരുന്നു നിങ്ങളോട്
അവരാരും എന്നോട് ശത്രുതയോടെ പെരുമാറിയിട്ടില്ല. എനിക്കെതിരെ കേസില്‍ സാക്ഷി പറയാന്‍ പോലും ഒരു മുസ്ലിമും വന്നിട്ടില്ല. എന്റെ അപ്പുറവും ഇപ്പുറവും ഇരിക്കുന്ന ഗുലാംഭായിയും റമീസ്ഭായിയും തന്നെയാണ് എന്റെ അടുത്ത സുഹൃത്തുക്കള്‍.
പിന്നെ എന്തിനാണ് അന്ന് അങ്ങനെയൊക്കെ ചെയ്യാന്‍ തോന്നിയത്?
എങ്ങനെ ചെയ്യാതിരിക്കും. എന്റെ ഹിന്ദു സഹോദരങ്ങളെയല്ലേ ജിഹാദി മുസ്ലിങ്ങള്‍ ചുട്ടുകൊന്നത്. ഇന്ത്യയില്‍ ഭൂരിപക്ഷത്തെ ആക്രമിച്ചാല്‍ ന്യൂനപക്ഷത്തിന് ഇവിടെ അന്തിയുറങ്ങാന്‍ പോലും സാധ്യമല്ല.
അപ്പോള്‍ മറ്റൊരു കാര്യം ചോദിക്കട്ടെ, 56 പേരെ ഏതോ ജിഹാദി മുസ്ലിങ്ങള്‍ കൊന്നതിനു പകരം അവര്‍ എത്രപേരെയാണ് കൊന്നത് എന്ന് നിങ്ങള്‍ക്കറിയാമോ? എത്ര സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെട്ടു എന്ന് നിങ്ങള്‍ കേട്ടിട്ടുണ്ടോ?
എന്നോട് അതിനെപ്പറ്റിയൊന്നും ആരും പറഞ്ഞിട്ടില്ല. കുറച്ച് കടകളും സ്ഥാപനങ്ങളും തകര്‍ത്തു എന്നല്ലാതെ ആരെങ്കിലും മരിച്ചതായി ഞാന്‍ അറിഞ്ഞിട്ടില്ല. (ആയിരങ്ങള്‍ കൊല്ലപ്പെട്ടിട്ടും പതിനായിരങ്ങള്‍ കുടിയൊഴിഞ്ഞുപോയിട്ടും ഈ ദളിത് യുവാവിന് ആ വാര്‍ത്ത കിട്ടിയിരുന്നില്ല. വാര്‍ത്തകള്‍ ആര്‍ക്കോ വേണ്ടവ മാത്രമാണ് ഇവിടെ എത്തുന്നത്)
ആപ് ഏക് പ്രതീക് ബന്‍ഗയാ. നിങ്ങള്‍ ഹിന്ദുത്വത്തിന്റെ ഒരു പ്രതീകമായി മാറി. നിങ്ങള്‍ക്ക് ഗവണ്‍മെന്റില്‍ നിന്നോ അല്ലെങ്കില്‍ ബിജെപി, ബജ്റംഗ്ദള്‍ ആരില്‍ നിന്നെങ്കിലും വല്ല സഹായവും ലഭിച്ചിരുന്നോ?
എനിക്ക് ഇതുവരെ ആരില്‍നിന്നും ഒരു സഹായവും ലഭിച്ചിട്ടില്ല. കലാപത്തിന്റെ കേസ് ഞാന്‍ സ്വയം നടത്തുകയായിരുന്നു. കണ്ടാലറിയാവുന്ന കലാപകാരികള്‍ക്കെതിരെ കേസെടുത്ത കൂട്ടത്തില്‍ എനിക്കെതിരെയും എടുത്തിരുന്നു. പക്ഷേ എനിക്കെതിരെ സാക്ഷി പറയാന്‍ എന്റെ ഈ മുസ്ലിം ബസ്തി (മുസ്ലിം ഗല്ലി)യിലെ ആരും തയ്യാറായില്ല. അവസാനം കേസ് തള്ളിപ്പോയി. (ഇതിനെക്കുറിച്ച് തൊട്ടപ്പുറത്തെ കച്ചവടക്കാരന്‍ ഗുലാം ഭായിയോട് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ കഷ്ടപ്പെടുന്ന ഒരു ചെരുപ്പുകുത്തിക്കെതിരെ എന്തിന് സാക്ഷി പറയണം എന്നാണ്. അയാളും മറ്റൊരു ഇരയാണ്. ആരോ ഉരുട്ടിവിട്ട പമ്പരമായിരുന്നു അയാള്‍, മറ്റൊരു ഇര). പിന്നെ ഞാന്‍ സഹായം ചോദിച്ച് ആരുടെ അടുത്തും പോയിട്ടുമില്ല.
നരേന്ദ്രമോഡിയെ ഇതുവരെ കണ്ടിട്ടുണ്ടോ? മോഡിയുടെ വികസനത്തെക്കുറിച്ച് എന്താണ് പറയാനുള്ളത്?
ക്യാ വികാസ്? ദില്ലി ദര്‍വാസ എന്നും ഇങ്ങനെ തന്നെയായിരുന്നു. ഇതിന് പ്രത്യേകിച്ച് മാറ്റം ഒന്നുമില്ല. (മോഛിയുടെ ലോകം ഈ ദില്ലി ദര്‍വാസയാണ്). പിന്നെ മോഡിയെ ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. എനിക്ക് മോഡിയെ ഇഷ്ടവുമല്ല.
അതെന്താണ് കാരണം = ഞാന്‍ ദളിതനാണ്. ദളിതരോട് മോഡി സര്‍ക്കാരിന്റെ സമീപനത്തില്‍ ഞാന്‍ തൃപ്തനല്ല. കാരണം ഗവണ്‍മെന്റ് ജോലികളെല്ലാം കരാര്‍ ജോലികളാക്കി മാറ്റിയതോടെ ദളിതുകള്‍ എവിടെയുമെത്താന്‍ കഴിയാതെ ബുദ്ധിമുട്ടുകയാണ് ഈ സര്‍ക്കാരിനു കീഴില്‍. അവര്‍ ഞങ്ങളെ എങ്ങനെയാണ് പറഞ്ഞു പറ്റിച്ചത് എന്നും ഞങ്ങള്‍ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. 2002ല്‍ ഹനുമാന്‍ വിഗ്രഹവും ബജ്റംഗ്ദള്‍ ഹോര്‍ഡിംഗുകളും മാത്രം ഉണ്ടായിരുന്ന എന്റെ ഈ മൊഹല്ലയില്‍ ബാബാസാഹിബിന്റെ (അംബേദ്കറുടെ) ചിത്രങ്ങളും ഹോര്‍ഡിംഗ്സും വന്നു തുടങ്ങി. ഞങ്ങള്‍ തിരിച്ചറിയുന്നുണ്ട്, മുസ്ലിങ്ങളെപ്പോലെ ഞങ്ങളും ഇരകളാണെന്ന്. ?
പിന്നെ കലാപത്തിന്റെ കാലത്ത് താങ്കളെപ്പോലെ മറ്റൊരു പ്രതീകമായി മാറിയ കുത്ബുദ്ദീന്‍ അന്‍സാരിയെ അറിയുമോ? കണ്ടിട്ടുണ്ടോ?
ഞങ്ങള്‍ കണ്ടിട്ടുണ്ട്. രാകേഷ്ശര്‍മ സിനിമ എടുക്കാന്‍ വന്നപ്പോള്‍ ഞങ്ങളെ ഒരുമിച്ചിരുത്തി അഭിമുഖം നടത്തിയിരുന്നു. അന്നു ഞാന്‍ കുത്തുബ് ഭായിയോട് അദ്ദേഹത്തിന് സംഭവിച്ചതിന് മാപ്പു ചോദിച്ചിരുന്നു. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനുമുമ്പ് ചിത്രം പുറത്തുവരും. (ഇന്ത്യന്‍ പ്രധാനമന്ത്രി പദത്തില്‍ എത്താന്‍ ജ ഞ ക്യാമ്പയിനുകള്‍ നടത്തി മാധ്യമങ്ങള്‍ക്ക് പ്രിയങ്കരനായ മോഡിക്ക് മാധ്യമലോകത്തു നിന്നുതന്നെ മറ്റൊരു കുറ്റപത്രം തയ്യാറാവുമ്പോള്‍ അശോക് മോഛി 2014 ലെ മോഡി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമാകുന്നത് ഒരുപക്ഷേ കാലത്തിന്റെ കാവ്യനീതിയായിരിക്കാം.) ചുമരില്‍ തുക്കിയിരിക്കുന്ന കാളിയുടെ ചിത്രത്തെക്കുറിച്ചു ചോദിച്ചപ്പോള്‍ മോഛി പറഞ്ഞത് കാളി കറുത്ത ഞങ്ങളുടെയൊക്കെ ദൈവമാണ് എന്നാണ്.
ഹനുമാന്റെ (ബജ്രംഗ്) സവര്‍ണ രാഷ്ട്രീയത്തില്‍നിന്ന് കാളിയുടെ അവര്‍ണ സ്വത്വത്തിലേക്ക് ദളിതര്‍ മാറി ചിന്തിച്ചുതുടങ്ങിയത് മോഡി രാഷ്ട്രീയ ഹിന്ദുത്വം പോലും മറന്ന് കോര്‍പ്പറേറ്റ് മോഡിത്വത്തിലേക്ക് ചുവടുമാറ്റിയതിന്റെ അനുരണനമാണ്. മോഡിയുടെ വികസന സ്വര്‍ഗത്തില്‍ ജീവിതച്ചെലവ് താങ്ങാന്‍ കഴിയാത്തതുകൊണ്ടാണ് വിവാഹം കഴിക്കാന്‍ പറ്റാതെ പോയത് എന്നാണ് മോഛിയുടെ പക്ഷം. സെബാസ്റ്റ്യന്‍ ഡിസൂസ ഫോട്ടോയെടുത്ത ഗല്ലിയിലേക്ക് ഞങ്ങളുടെ കൂടെ മോഛിയും വന്നു. അന്നുണ്ടായിരുന്ന താടിരോമങ്ങള്‍ ഇപ്പോള്‍ മോഛിക്കില്ല. അതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അതും ഒരു മാറ്റമാണ് എന്നാണ് മോഛി പറഞ്ഞത്. ഗല്ലി ഇന്ന് ബാബാസാഹിബ് ചാര്‍രസ്ത (അംബേദ്കര്‍ ജംഗ്ഷന്‍) എന്നാണ് അറിയപ്പെടുന്നത്. അന്ന് മോഛി ആരുടെയൊക്കെയോ ബലത്തില്‍ ആക്രോശിച്ചിരുന്ന അതേ സ്ഥലത്ത് ആക്രോശങ്ങളില്ലാതെ വന്നുനിന്ന് ഫോട്ടോക്ക് പോസ് ചെയ്തപ്പോള്‍ മനസ്സ് മന്ത്രിച്ചു. അതെ ഇതും മറ്റൊരു കുതുബുദ്ദീന്‍ അന്‍സാരിയാണ്...!
ഒരു ചായ കുടിച്ച് പിരിയാന്‍ വേണ്ടിയാണ് കടയില്‍ കയറിയത്. പണം കൊടുക്കാനായി ഞാന്‍ ചെന്നപ്പോള്‍ മോഛി എന്നെ വിലക്കിയിട്ട്പറഞ്ഞു. 'ആപ് മേരാ മെഹ്മാന്‍ഹെ!'
(നിങ്ങള്‍ എന്റെ അതിഥിയാണ്).
**സഈദ് റൂമി മുണ്ടമ്പ്ര
No comments:
Post a Comment