ആര്യാടന്‍ മുഹമ്മദ് നിലമ്പൂരിന്റെ എംഎല്‍എ ആണ്. കേരള മന്ത്രിസഭയില്‍ വൈദ്യുതി മന്ത്രിയാണ്. മന്ത്രിസഭയിലെ ഏറ്റവും മുതിര്‍ന്ന അംഗമായ അദ്ദേഹം, താന്‍ കോണ്‍ഗ്രസിലെ മതേതരത്വം ഉയര്‍ത്തിപ്പിടിക്കുന്ന ദേശീയ മുസ്ലിം പൈതൃകത്തിന്റെ നേരവകാശിയെന്നാണ് അവകാശപ്പെടാറുള്ളത്. എല്ലാ തെരഞ്ഞെടുപ്പുകാലത്തും ഭൂമിയോളം കുമ്പിട്ട് മുസ്ലിംലീഗിന്റെ വോട്ട് സമ്പാദിക്കാറുള്ള ആര്യാടന്‍, തെരഞ്ഞെടുപ്പ് അകലെയാണെങ്കില്‍ മുസ്ലിംലീഗിനെയും അത് ഉയര്‍ത്തിപ്പിടിക്കുന്ന മത യാഥാസ്ഥിതിക നിലപാടിനെയും വിമര്‍ശിച്ച് കയ്യടി നേടാറുണ്ട്. കേരളത്തിലെ പുരോഗമനമതേതരത്വ വാദികള്‍ പോലും ആര്യാടന്റെ മാറിമാറി പ്രത്യക്ഷപ്പെടാറുള്ള ഈ പ്രഛന്നവേഷത്തില്‍ വഞ്ചിക്കപ്പെടാറുണ്ട്. എന്നാല്‍ ഇത്തവണ ആര്യാടന്റെ 'ചാണക്യസൂത്രം' പൊളിഞ്ഞ് പാളീസാകുന്നതാണ് കോലോത്തുംമുറിയിലെ ചിറയ്ക്കല്‍ രാധ വധക്കേസിലൂടെ മറനീക്കി പുറത്തുവന്നത്.
ചാക്കില്‍ കെട്ടിയ നിലയിലാണ് അമരമ്പലം പഞ്ചായത്തിലെ ചുള്ളിയോട് ഉണ്ണിക്കുളത്തുള്ള കാട് മൂടിക്കിടക്കുന്ന ഒരു കുളത്തില്‍ നിന്നും രാധയുടെ മൃതദേഹം കണ്ടെടുത്തത്. ഫെബ്രുവരി ഒന്‍പതാം തീയതി രാവിലെ മോട്ടോര്‍ റിപ്പയര്‍ ചെയ്യാനെത്തിയ തൊഴിലാളികളാണ് ഒരു കയ്യും കാലും പുറത്തേക്ക് ചാടിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. അതിനകം തന്നെ മൃതദേഹം അഴുകി ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങിയിരുന്നു. പൊലീസ് സാന്നിധ്യത്തില്‍ പുറത്തെടുത്ത മൃതദേഹം ചിറയ്ക്കല്‍ രാധയുടേതാണെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. ഫെബ്രുവരി അഞ്ച് ബുധനാഴ്ചയാണ് എംഎല്‍എ ഓഫീസ് കൂടിയായ നിലമ്പൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസിലെ തൂപ്പുകാരിയായ ചിറയ്ക്കല്‍ രാധയെ കാണാതായത്. ബുധനാഴ്ച രാവിലെ എട്ട് മണിക്കാണ് രാധ കോണ്‍ഗ്രസ് ഓഫീസ് തൂത്തുവാരാന്‍ വീട്ടില്‍ നിന്നിറങ്ങിയത്. രാത്രിയായിട്ടും തിരിച്ചെത്താത്തതിനെത്തുടര്‍ന്ന് അവരുടെ സഹോദരന്‍ അന്വേഷണം നടത്തുകയും ഒടുവില്‍ നിലമ്പൂര്‍ സബ് ഇന്‍സ്പെക്ടര്‍ മുമ്പാകെ പരാതി നല്‍കുകയും ചെയ്തു. കാണാതായതിനെക്കുറിച്ച് തനിക്ക് ചില സംശയങ്ങളുണ്ടെന്ന് രാധയുടെ സഹോദരന്‍ എസ്ഐയോട് പറഞ്ഞപ്പോള്‍, 'അത് രണ്ടാമത്തെ പ്രശ്നം' എന്നായിരുന്നുവത്രെ എസ്ഐയുടെ മറുപടി. എംഎല്‍എ ഓഫീസായ കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫീസിലെ തൂപ്പുകാരിയെ കാണാനില്ലെന്ന് പരാതി ലഭിച്ചിട്ടും എന്തുകൊണ്ടാണ് പൊലീസ് അതുസംബന്ധിച്ച് ഒരന്വേഷണവും നടത്താതെ നിര്‍വികാരമായിരുന്നത് എന്ന ചോദ്യത്തിന് ഉത്തരം കിട്ടേണ്ടതുണ്ട്. താന്‍ മന്ത്രിയോട് പരാതി പറഞ്ഞതായാണ് രാധയുടെ സഹോദരന്‍ ഭാസ്കരന്റെ മൊഴി. കല്ല് കെട്ടിത്താഴ്ത്തിയ ചാക്കിലുള്ള മൃതദേഹം കിലോമീറ്ററുകള്‍ അകലെയുള്ള പൂക്കോട്ടുംപാടത്തെ കോണ്‍ഗ്രസ് നേതാവും കര്‍ഷക കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റുമായ കുമാരന്‍കുട്ടിയുടെ ഉടമസ്ഥതയിലുള്ള ഒരു കുളത്തിലാണ് കൊണ്ടുപോയിട്ടത്. കാടുമൂടിക്കിടക്കുന്ന ഒഴിഞ്ഞ ഒരു പറമ്പിലുള്ള കുളത്തില്‍ നിന്ന് സാധാരണ ഗതിയില്‍ ആ മൃതദേഹം കണ്ടെത്താനുള്ള സാധ്യത കുറവായിരുന്നു. യാദൃച്ഛികമായി മോട്ടോര്‍ നന്നാക്കാനുള്ള തൊഴിലാളികള്‍ അവിടെ എത്തിയതാണ് മൃതദേഹം കണ്ടെത്താന്‍ ഇടയാക്കിയത്. മധ്യവയസ്കയായ രാധ അങ്ങാടിപ്പുറം വരെ പോയെന്ന് കാണിക്കാന്‍ തെളിവുകള്‍ ഉണ്ടാക്കുകയും ഗുരുവായൂര്‍ പോയതാണെന്ന് കള്ളക്കഥയുണ്ടാക്കി പ്രചരിപ്പിക്കുകയും ചെയ്തതിനു പിന്നില്‍ തീര്‍ച്ചയായും ഗൂഢാലോചനയും ആസൂത്രണവുമുണ്ട്. ചിറയ്ക്കല്‍ രാധയെ കാണാനില്ലെന്ന പരാതി കിട്ടി അഞ്ച് ദിവസത്തിനു ശേഷം മാത്രമാണ് മൃതദേഹം കണ്ടെടുത്തത്. അതിന്റെ തൊട്ടടുത്ത ദിവസം തന്നെ ആര്യാടന്റെ പേഴ്സണല്‍ സ്റ്റാഫില്‍ അംഗമായി സര്‍ക്കാര്‍ ശമ്പളം പറ്റുന്ന, കോണ്‍ഗ്രസിന്റെ നിലമ്പൂര്‍ ബ്ലോക്ക് കമ്മിറ്റി ഓഫീസ് സെക്രട്ടറി കൂടിയായ ബി കെ ബിജു കുറ്റം ഏറ്റുപറഞ്ഞുകൊണ്ട് രംഗത്തുവരികയാണ്. തന്റെ പരസ്ത്രീബന്ധം പുറത്തുപറയുമെന്ന് ഭീഷണിപ്പെടുത്തി തന്നെ ബ്ലാക്ക്മെയില്‍ ചെയ്ത് പണംതട്ടുന്ന ചിറയ്ക്കല്‍ രാധയെ ഇല്ലാതാക്കാനാണ് താനും സുഹൃത്ത് ഷംസുദ്ദീനും ചേര്‍ന്ന് മുഖം പൊത്തിപ്പിടിച്ച് കഴുത്തുഞെരിച്ച് അവരെ കൊലപ്പെടുത്തിയതെന്ന് ബിജു നായര്‍ വെളിപ്പെടുത്തിയെന്നാണ് പൊലീസ് ഭാഷ്യം. "രാധയുടെ കൊലപാതകം നടന്ന് മണിക്കൂറുകള്‍ക്കകം പ്രതികളെ പിടികൂടിയതിലെ പൊലീസ് മികവിനെ" പ്രകീര്‍ത്തിച്ചുകൊണ്ട് ഫെബ്രുവരി 11ലെ മലയാളമനോരമ വലിയ പ്രാധാന്യത്തോടെ വാര്‍ത്ത പ്രസിദ്ധീകരിച്ചു. അതാണോ സത്യം? മൃതദേഹം കണ്ടെത്തിയത് അത് യാദൃച്ഛികമായി വെള്ളത്തില്‍ പൊങ്ങിവന്നതിനാലാണ്. പൊലീസ് ചോദ്യം ചെയ്ത് പ്രതിയെക്കൊണ്ട് സത്യം പറയിക്കുകയായിരുന്നില്ല. പ്രതി സ്വയം കുറ്റം ഏറ്റെടുക്കുകയായിരുന്നു. പ്രതിയുടെ വെളിപ്പെടുത്തലും വിശ്വാസയോഗ്യമല്ല. നിലമ്പൂര്‍ പട്ടണത്തിലെ ഏറ്റവും തിരക്കുപിടിച്ച റോഡരികിലാണ് ബ്ലോക്ക് കമ്മിറ്റി ഓഫീസ്. അതിന്റെ നേരേ മുന്നിലാണ് സിപിഐ എമ്മിന്റെ ഏരിയാ കമ്മിറ്റി ഓഫീസ്. അര്‍ധരാത്രിയിലും ഈ പ്രദേശത്ത് ആളൊഴിയാറില്ല. തന്നെ ബ്ലാക്ക്മെയില്‍ ചെയ്യുന്ന രാധയെ കോണ്‍ഗ്രസ് ഓഫീസില്‍ വെച്ച് കൊലപ്പെടുത്തി, ആരുമറിയാതെ മൃതദേഹം അവിടെനിന്ന് ഒഴിവാക്കാമെന്ന് ഒരു പമ്പരവിഡ്ഢിയും ചിന്തിക്കാനിടയില്ല. ഓഫീസില്‍ വെച്ച് കൊല്ലപ്പെട്ട രാധയുടെ മൃതദേഹം ഒന്നോ രണ്ടോ ദിവസം ആരുടെയും ശ്രദ്ധയില്‍പ്പെടാതെ വേസ്റ്റ് പേപ്പറുകള്‍ക്കിടയില്‍ സൂക്ഷിച്ചുവെന്ന കഥയും വിശ്വാസയോഗ്യമല്ല. തിരക്കൊഴിഞ്ഞ നേരമില്ലാത്ത ഭരണകക്ഷി ഓഫീസില്‍, മറ്റാരും കാണാതെ മൃതദേഹം സൂക്ഷിച്ചുവെന്നും അത് ചാക്കിലാക്കി ചുരുട്ടിക്കെട്ടി രണ്ട് പേര്‍ മാത്രം ചേര്‍ന്ന് ആരുടെയും ശ്രദ്ധയില്‍പ്പെടാതെ വാഹനത്തില്‍ കയറ്റി കിലോമീറ്ററുകള്‍ക്കകലെയുള്ള ഒരു കോണ്‍ഗ്രസ് നേതാവിന്റെ കുളത്തില്‍ കൊണ്ടുപോയിട്ടു എന്നുമുള്ള കഥ വിശ്വസിക്കാന്‍ മന്ത്രിയെ പേടിക്കുന്ന നിലമ്പൂരിലെ പൊലീസ് ഓഫീസര്‍മാര്‍ക്ക് മാത്രമേ കഴിയുകയുള്ളൂ. മന്ത്രിയുടെ എംഎല്‍എ ഓഫീസില്‍ മാത്രമല്ല, അദ്ദേഹത്തിന്റെ മകന്‍, മുന്‍സിപ്പല്‍ ചെയര്‍മാന്‍ കൂടിയായ ആര്യാടന്‍ ഷൗക്കത്തിന്റെ ഓഫീസിലും മന്ത്രിയുടെ സഹോദരന്റെ മകനായ ഒരു വക്കീലിന്റെ ഓഫീസിലും ചിറയ്ക്കല്‍ രാധ പതിവായി തൂപ്പുജോലി ചെയ്തിരുന്നുവെന്നാണ് പത്രവാര്‍ത്ത. രാധയെ കാണാനില്ലെന്ന പരാതി കാര്യമായിട്ടെടുത്ത് ഉടനെ അവരെ കണ്ടെത്തണമെന്ന് ആവശ്യപ്പെടാന്‍ എന്തുകൊണ്ട് മന്ത്രി ആര്യാടനും അദ്ദേഹത്തിന്റെ മകന്‍ ആര്യാടന്‍ ഷൗക്കത്തും തയ്യാറായില്ല? തങ്ങള്‍ ഇടപെട്ടിട്ടേയില്ലെന്ന് ഉറക്കെ വിളിച്ചുപറയുന്ന അവര്‍ ഇടപെടേണ്ടതായിരുന്നില്ലേ? മൃതദേഹം പൊങ്ങിവന്നില്ലായിരുന്നെങ്കില്‍ കൊലപാതകം ആരുമറിയാതെ പോകട്ടെയെന്നും രാധ തീര്‍ഥയാത്ര പോയതുതന്നെയെന്ന് എല്ലാവരും കരുതട്ടെയെന്നും അവര്‍ ചിന്തിച്ചിരുന്നുവെന്നാണോ?
കൊലക്കുറ്റം സ്വയം ഏറ്റെടുത്ത ബി കെ ബിജു, രാധയെ കൊലപ്പെടുത്തിയത് എംഎല്‍എ ഓഫീസില്‍ വെച്ചാണെന്ന് ഏറ്റുപറഞ്ഞതായി പൊലീസ് പറയുന്നു. എന്നാല്‍ ഈ കുറ്റസമ്മതം നടന്നിട്ടും എന്തുകൊണ്ട് പൊലീസ് സംഭവസ്ഥലം പൂട്ടി സീല്‍ ചെയ്തില്ല? കുറ്റകൃത്യം നടന്നതായി പറയപ്പെടുന്ന അതേ ഓഫീസില്‍, പിന്നീട് ആര്യാടന്‍ ഷൗക്കത്ത് തന്നെ പങ്കെടുത്തുകൊണ്ട് ഒന്നോ രണ്ടോ പാര്‍ട്ടി യോഗങ്ങള്‍ നടന്നതായി പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ബോധപൂര്‍വം തെളിവുകള്‍ നശിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പൊലീസ് അവസരം നല്‍കുകയായിരുന്നു. മാത്രമല്ല, കേസന്വേഷണത്തിന്റെ ചുമതലയുള്ള സിഐ എ പി ചന്ദ്രന്‍, രാധയുടെ വീട്ടില്‍ ചെന്ന് മൊഴിയെടുക്കുമ്പോള്‍ അദ്ദേഹത്തിനൊപ്പം മേലേക്കളം നാരായണന്‍, ജൂപ്പിറ്റര്‍ സുരേഷ് എന്നീ അറിയപ്പെടുന്ന കോണ്‍ഗ്രസ് ഗുണ്ടാ നേതാക്കളും ഉണ്ടായിരുന്നു. ബന്ധുക്കള്‍ മൊഴി കൊടുക്കുമ്പോള്‍, 'അരുതാത്തത് പറയരുത്' എന്ന മുന്നറിയിപ്പ് നല്‍കാനായിരുന്നു ഇത്. മന്ത്രിക്കും ഭരണകക്ഷി നേതാക്കള്‍ക്കും വിടുപണി ചെയ്യുന്ന പൊലീസ് ഓഫീസര്‍മാരുടെ നാണംകെട്ട ഈ ദാസ്യവേല പൊതുജനങ്ങളില്‍ ഉയര്‍ത്തിവിട്ട അമര്‍ഷവും വെറുപ്പുമാണ് തുടര്‍ച്ചയായി നടക്കുന്ന പ്രക്ഷോഭങ്ങളിലൂടെ ദൃശ്യമാകുന്നത്. മൃതദേഹം കണ്ടെത്തിയതിന്റെ അടുത്ത ദിവസം മുതല്‍ സിപിഐ എമ്മിന്റെയും ഡിവൈഎഫ്ഐയുടെയും മഹിളാ അസോസിയേഷന്റെയും തൊഴിലാളി സംഘടനകളുടെയും മറ്റും നേതൃത്വത്തില്‍ നടക്കുന്ന പ്രക്ഷോഭങ്ങള്‍ നിലമ്പൂരിനെ പ്രകമ്പനം കൊള്ളിക്കുകയാണ്. ബിജെപിയും എസ്ഡിപിഐയും ഇടതുപക്ഷ പാര്‍ടികളുമെല്ലാം രോഷപ്രകടനവുമായി രംഗത്തുവന്നു. സിപിഐ എമ്മിന്റെയും സിപിഐയുടെയും ഉന്നത നേതാക്കള്‍ രാധയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. താന്‍ ഇടപെട്ടില്ലെന്നും കുറ്റവാളികള്‍ക്ക് വധശിക്ഷ നല്‍കട്ടെയെന്നും മന്ത്രി ആര്യാടന്റെ പ്രസ്താവന വന്നു. മകന്‍ നഗരസഭാ ചെയര്‍മാനും അതുതന്നെ പറയുന്നു. എന്തുകൊണ്ട് രാധയുടെ സഹോദരന്റെ പരാതിയില്‍ അന്വേഷണം നടന്നില്ല? എന്തുകൊണ്ട് രാധയുടെ സഹോദരന്‍ സംശയമുണ്ടെന്ന് നേരില്‍ പറഞ്ഞിട്ടും രാധ ജോലി ചെയ്തിരുന്ന ബ്ലോക്ക് കമ്മിറ്റി ഓഫീസിലും ആര്യാടന്‍ ഷൗക്കത്തിന്റെ ഓഫീസിലും ആര്യാടന്‍ മുഹമ്മദിന്റെ സഹോദരപുത്രന്‍ ആര്യാടന്‍ ആസാദിന്റെ ഓഫീസിലും നേരിട്ടുചെന്ന് അന്വേഷണം നടത്തിയില്ല? തങ്ങള്‍ക്കുവേണ്ടി ജോലിചെയ്തിരുന്ന രാധയ്ക്കു വേണ്ടി അത്രയെങ്കിലും ചെയ്യാന്‍, ഇടപെടാന്‍ അവര്‍ക്ക് ബാധ്യതയും ചുമതലയും ഇല്ലായിരുന്നില്ലേ? ഉണ്ടെന്നാണ് ബഹുജനങ്ങള്‍ പറയുന്നത്. അതുകൊണ്ടാണ് ദിവസങ്ങള്‍ക്കു ശേഷം ഫെബ്രുവരി 15ന് മന്ത്രി ആര്യാടന്‍ ഒടുവില്‍ രാധയുടെ വീട്ടിലെത്തിയപ്പോള്‍ സ്ത്രീജനങ്ങള്‍ ഒത്തുകൂടി കരിങ്കൊടി കാട്ടിയത്. മന്ത്രി അവരെ നേരിട്ടത്, തനിക്കൊപ്പം കാറില്‍ വന്ന കോണ്‍ഗ്രസ് ഗുണ്ടകള്‍ മേലേക്കളത്തില്‍ നാരായണനെയും ജൂപ്പിറ്റര്‍ സുരേഷിനെയും അഴിച്ചുവിട്ടുകൊണ്ടാണ്. മന്ത്രിയുടെയും പൊലീസിന്റെയും സാന്നിധ്യത്തിലാണ് ഈ ഗുണ്ടകള്‍ സ്ത്രീകള്‍ക്കെതിരെ അക്രമം നടത്തുകയും ബലം പ്രയോഗിച്ച് വസ്ത്രങ്ങള്‍ വലിച്ചുകീറുകയും ചെയ്തത്. അതും വിശേഷിച്ച് ശ്രീമതി സോണിയാഗാന്ധി സ്ത്രീകള്‍ക്കായി 'നിര്‍ഭയ' പദ്ധതി ഉദ്ഘാടനം നിര്‍വഹിച്ച അതേ ദിവസം. ഇതേ ഗുണ്ടകളുടെ സാന്നിധ്യത്തില്‍ തന്നെയാണ് നേരത്തേ സിഐ എ പി ചന്ദ്രന്‍ രാധയുടെ ബന്ധുക്കളില്‍ നിന്ന് പരസ്യമായി മൊഴിയെടുത്തതും. സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്ന ഈ സിഐ എ പി ചന്ദ്രനെ സ്ഥലംമാറ്റിയെന്നാണ് പത്രങ്ങള്‍ പറഞ്ഞത്. എന്നാല്‍ ഈ കൊള്ളരുതായ്മയുടെ പേരിലല്ല, മറിച്ച് വരാന്‍പോകുന്ന തെരഞ്ഞെടുപ്പിനു വേണ്ടിയുള്ള ഒരു ക്രമീകരണം മാത്രമാണത് എന്നാണ് മന്ത്രിയുടെ പ്രതികരണം. ഏതായാലും എ പി ചന്ദ്രന്‍ ഇപ്പോഴും നിലമ്പൂരിലെ സിഐ ആയി പ്രവര്‍ത്തിക്കുകയാണ്. പുതിയ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും 'ആദര്‍ശവാന്‍' എന്ന് മേനിനടിക്കുന്ന കോണ്‍ഗ്രസിന്റെ പുതിയ പ്രസിഡന്റ് വി എം സുധീരനും 'കണ്ണുചിമ്മിയാല്‍ ഇരുട്ടാകും' എന്നാണോ കരുതുന്നത്? അങ്ങനെയാണെങ്കില്‍ വിനാശകാലേ വിപരീതബുദ്ധി എന്നു മാത്രമേ പറയേണ്ടതുള്ളൂ. നിലമ്പൂരിലെയും മലപ്പുറം ജില്ലയിലെയും ബഹുജനങ്ങള്‍ ഇതങ്ങനെ വിടാന്‍ തയ്യാറല്ല. അതിന്റെ ഒന്നാന്തരം വിസ്ഫോടനമാണ് കഴിഞ്ഞ ദിവസം കണ്ടത്. ഫെബ്രുവരി 15ന് രാവിലെയാണ് രാധയുടെ വീട്ടില്‍ മന്ത്രി ആര്യാടന്‍ എത്തിയത്. അപ്രതീക്ഷിതമായി പൊലീസിന്റെയും ഒരു സംഘം കോണ്‍ഗ്രസ് ഗുണ്ടകളുടെയും സംരക്ഷണത്തില്‍ എത്തിച്ചേര്‍ന്ന മന്ത്രിയെ വരവേറ്റത് ക്ഷുഭിതരായ ഒരു സംഘം അയല്‍വാസികളാണ്. പ്രതിഷേധമറിയിക്കാന്‍ കരിങ്കൊടി വീശിയ അവരെ മര്‍ദ്ദിച്ചവശരാക്കുകയും മാനഹാനി വരുത്താന്‍ ശ്രമിക്കുകയുമാണ് കോണ്‍ഗ്രസുകാര്‍ ചെയ്തത്. അതും മന്ത്രിയും പൊലീസ് ഓഫീസര്‍മാരും നോക്കിനില്‍ക്കുമ്പോള്‍. തുടര്‍ന്ന് നിലമ്പൂര്‍ നഗരം കണ്ടത് മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത വിധത്തിലുള്ള അമര്‍ഷത്തിന്റെ വിസ്ഫോടനമാണ്. നേരത്തേ നിശ്ചയിച്ചിരുന്ന മഹിളാ അസോസിയേഷന്റെ നേതൃത്വത്തിലുള്ള പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചിനൊപ്പം ആയിരക്കണക്കിന് ബഹുജനങ്ങള്‍ അണിനിരന്നു. സ്ത്രീകള്‍ക്കെതിരെ അതിക്രമം കാട്ടിയ അക്രമികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കണമെന്നും അക്രമികളെ ഉടന്‍ അറസ്റ്റുചെയ്യണമെന്നുമായിരുന്നു ആവശ്യം. സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം കെ കെ ശൈലജ ടീച്ചര്‍, സംസ്ഥാന കമ്മിറ്റിയംഗം പി കെ സൈനബ, ജില്ലാ സെക്രട്ടറി പി പി വാസുദേവന്‍, ജില്ലാ കമ്മിറ്റി അംഗങ്ങളായ ജോര്‍ജ് കെ ആന്റണി, പി ടി ഉമ്മര്‍, ടി പി ജോര്‍ജ്, കെ പി സുമതി എന്നിവര്‍ക്കൊപ്പം ആയിരക്കണക്കിന് സ്ത്രീകളും പുരുഷന്‍മാരും പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചുകൊണ്ട് കുത്തിയിരിപ്പ് സമരം ആരംഭിച്ചു. അനുനയത്തിന്റെ സ്വരത്തിലും ഭീഷണിയുടെ സ്വരത്തിലും ഇടപെട്ട് സമരം അവസാനിപ്പിക്കാന്‍ പൊലീസ് വലിയ ശ്രമം നടത്തി. എന്നാല്‍ ആളിക്കത്തിയ അമര്‍ഷത്തെ തണുപ്പിക്കാന്‍ അവര്‍ക്കായില്ല. ഒടുവില്‍ പെരിന്തല്‍മണ്ണ സബ് കലക്ടര്‍ വന്നു. അതിനകം സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം ഡോ. തോമസ് ഐസക്കും രംഗത്തെത്തി. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ ആശുപത്രിയില്‍ അഭയം തേടിയ അക്രമികളായ മേലേക്കളം നാരായണനെയും ജൂപ്പിറ്റര്‍ സുരേഷിനെയും ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യുന്നതുവരെ പൊലീസ് നിരീക്ഷണത്തില്‍ വെക്കാമെന്നും തുടര്‍ന്ന് അറസ്റ്റുചെയ്ത് സ്ത്രീകള്‍ക്കെതിരെ അക്രമം നടത്തിയതിന് അര്‍ഹമായ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കാമെന്നും പൊലീസ് ഓഫീസര്‍മാര്‍ സബ് കലക്ടറുടെ സാന്നിധ്യത്തില്‍ ഉറപ്പുനല്‍കി. അങ്ങനെയാണ് സമരം അവസാനിപ്പിച്ചത്. ചിറയ്ക്കല്‍ രാധയുടെ കൊലപാതകം സംബന്ധിച്ച് സത്യസന്ധമായ അന്വേഷണം നടക്കണം. എന്തായിരുന്നു രാധക്ക് അറിയാമായിരുന്ന ആ പരമരഹസ്യം? മാസങ്ങള്‍ക്കു മുമ്പ് കേരളകൗമുദി പത്രം ചൂണ്ടിക്കാട്ടിയത്, സോളാര്‍ കേസിലെ പ്രതി സരിത നിലമ്പൂരില്‍ ക്യാമ്പുചെയ്തിട്ടുണ്ടെന്നും അവര്‍ ആര്യാടനുമായും മകന്‍ ഷൗക്കത്തുമായും ബന്ധം സ്ഥാപിച്ചിട്ടുണ്ടെന്നുമാണ്. രാധക്കറിയാമായിരുന്ന പരമരഹസ്യം അതാണോ? തന്റെ സഹോദരിയുടെ മരണത്തിനു പിന്നില്‍ ഉന്നതരുണ്ട്, അവരെ ചോദ്യംചെയ്യണമെന്ന് രാധയുടെ സഹോദരന്‍ ടിവി ചാനലില്‍ ഉറപ്പിച്ചുപറയുന്നുണ്ട്. മുമ്പ് രണ്ടു തവണ രാധയെ വാഹനമിടിച്ച് കൊലപ്പെടുത്താന്‍ ചിലര്‍ ശ്രമിച്ചതായും ഭാസ്കരന്‍ പറയുന്നുണ്ട്. എന്താണതിന്റെ സത്യാവസ്ഥ?
തിരക്കേറിയ കോണ്‍ഗ്രസ് ഓഫീസില്‍ മൃതദേഹം ഒന്നോ രണ്ടോ ദിവസം സൂക്ഷിച്ചിരുന്നുവെന്നും വാര്‍ത്തകള്‍ വന്നിട്ടുണ്ട്. എങ്കില്‍ എങ്ങനെയാണ് മറ്റാരും കാണാതെ അവിടെ സൂക്ഷിക്കാന്‍ സാധിച്ചത്? ചാക്കില്‍ ചുരുട്ടിക്കൂട്ടി ഒരു മനുഷ്യശരീരം എങ്ങനെയാണ് രണ്ട് പേര്‍ ചേര്‍ന്ന് താഴെയിറക്കി കാറില്‍ കയറ്റി ആരും കാണാതെ കൊണ്ടുപോയത്? അവരെ സഹായിക്കാന്‍ വേറെയും ചിലര്‍ കൂട്ടിനുണ്ടായിരുന്നുവെന്ന് കരുതുന്നതല്ലേ കൂടുതല്‍ വിശ്വാസയോഗ്യം? എന്തുകൊണ്ടാണ് മൃതദേഹം കെട്ടിത്താഴ്ത്താന്‍ വളരെ ദൂരത്തുള്ള കോണ്‍ഗ്രസ് നേതാവിന്റെ കുളം തന്നെ തെരഞ്ഞെടുത്തത് എന്നിങ്ങനെ ഒട്ടേറെ ചോദ്യങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്. മറ്റൊരു കഥ, പ്രതി ബി കെ ബിജു ഒറ്റയ്ക്ക്, തന്റെ പരസ്ത്രീബന്ധം മറച്ചുവെക്കാന്‍ ആസൂത്രണം ചെയ്ത് കൊലപ്പെടുത്തിയെന്നാണ്. നേരത്തേ ചൂണ്ടിക്കാട്ടിയപോലെ ഒട്ടുംതന്നെ വിശ്വാസയോഗ്യമല്ല ആ കഥ.
രാവിലെ എട്ട് മണിക്ക് ഒറ്റയ്ക്കു മുന്നില്‍ വന്നപ്പോള്‍ ബലാല്‍സംഗം ചെയ്യാന്‍ ശ്രമം നടത്തിയെന്നും വഴങ്ങാതെ വന്നപ്പോള്‍ പുറത്തറിയാതിരിക്കാന്‍ കൊലപ്പെടുത്തിയെന്നും പറയുന്നതായിരുന്നു കൂടുതല്‍ യുക്തിഭദ്രം. പ്രത്യക്ഷത്തില്‍ ബലാല്‍സംഗം നടന്നതായി കാണുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ പറഞ്ഞതായി കണ്ടു. എന്നാല്‍ അങ്ങനെ നടന്നിട്ടില്ലെന്ന് ഉറപ്പിച്ചു പറയുന്നത് പൊലീസ് ഓഫീസറാണ്. അവരാണോ പോസ്റ്റുമോര്‍ട്ടം നടത്തിയത്? ചുരുക്കത്തില്‍ എന്തെങ്കിലും മഹാരഹസ്യം പുറത്തറിയാതിരിക്കാന്‍ വേണ്ടിയാണോ, അതോ കാണാന്‍ പാടില്ലാത്ത എന്തെങ്കിലും ഓഫീസില്‍ വെച്ച് രാധ കാണാനിട വന്നതാണോ, അതോ പരാജയപ്പെട്ട ബലാല്‍സംഗ ശ്രമം മൂടിവെക്കാന്‍ വേണ്ടിയാണോ നിഷ്ഠുരമായ ഈ കൊലപാതകം നടത്തിയത് എന്നറിയാന്‍ വിശ്വാസയോഗ്യമായ നിലയില്‍ ഉന്നതരായ ഒരു സംഘം ഓഫീസര്‍മാരെക്കൊണ്ട് ഈ കേസ് അന്വേഷിപ്പിക്കേണ്ടതായിവരും.
**പി പി വാസുദേവന്‍
No comments:
Post a Comment