Wednesday, 16 July 2014

ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗിന്റെ മതിഭ്രമങ്ങള്‍


ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ് അഹങ്കാരത്തിന്റെ അവതാരമായി മാറിയിരിക്കുകയാണ്. അവരെ സംബന്ധിച്ചിടത്തോളം മലപ്പുറം ജില്ല, രാജ്യത്തിനകത്തുള്ള മറ്റേതോ നാട്ടുരാജ്യമായി മാറിയിരിക്കുന്നുവെന്നു വേണം കരുതാന്‍. വര്‍ഷങ്ങള്‍ക്കു മുമ്പേ മലപ്പുറം ജില്ലയ്ക്കു മാത്രമായി ഒരു മദ്യവര്‍ജന നയം വേണം എന്ന് അവര്‍ സ്വയമേവ പ്രഖ്യാപിക്കുകയുണ്ടായി. ഈയിടെ നമ്മള്‍ കേട്ടത് മലബാര്‍ ഒരു സംസ്ഥാനമാക്കണം എന്ന അവരുടെ അടുത്ത ആവശ്യമാണ്. ഒപ്പം ജില്ല വിഭജിച്ച് അവര്‍ പറയും പോലെ രണ്ടു ജില്ലകള്‍ സൃഷ്ടിക്കണമെന്ന വാദവും. ഇപ്പോള്‍ കേള്‍ക്കുന്നത് മലപ്പുറം ജില്ലയിലെ നാല് നഗരസഭകളും ഒട്ടേറെ പഞ്ചായത്തുകളും കൂട്ടിചേര്‍ത്ത് തങ്ങള്‍ക്ക് ഭരണം നടത്താന്‍ ഒരു കോര്‍പ്പറേഷന്‍ രൂപീകരിക്കണമെന്ന പുതിയ വാദമാണ്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനു മുമ്പ് പല പഞ്ചായത്തുകളും വിഭജിക്കണം. ഒട്ടേറെ മുനിസിപ്പാലിറ്റികള്‍ രൂപീകരിക്കണം എന്നു തുടങ്ങിയ വാദങ്ങളും പല കോണുകളില്‍ നിന്നും ഉയര്‍ന്നു വരുന്നതായി കാണുന്നു. എല്ലാറ്റിന്റെയും പിന്നില്‍, എല്ലാം തങ്ങളുടെ കയ്യില്‍ ഒതുങ്ങണം, സ്വന്തമായി ലീഗിനും ഒരു കോര്‍പ്പറേഷന്‍ വേണം എന്നിങ്ങനെയുള്ള അത്യാഗ്രഹങ്ങള്‍ മാത്രമാണ്. മേല്‍പറഞ്ഞ എല്ലാ കാര്യങ്ങളും നടപ്പിലാക്കണമെങ്കില്‍ അതിനു മുമ്പേ നടക്കേണ്ട നയപരമായ ചര്‍ച്ചകളും തീരുമാനങ്ങളുമുണ്ട്. ആവശ്യമായ പഠനമുണ്ട്. നിയമപരമായ തടസ്സങ്ങളോ ഭരണഘടനാപരമായ പ്രതിബന്ധങ്ങളോ ഉണ്ടോ എന്ന അന്വേഷണവും വേണ്ടതുണ്ട്. എന്നാലിവിടെ ലീഗിന്റെ കാര്യത്തില്‍ അങ്ങനെയൊന്നും ഒരു നിര്‍ബന്ധവും ഇല്ല. &ഹറൂൗീ;ഉണ്ടിരിക്കണ നായര്‍ക്ക് ഒരു വിളി തോന്നി&ൃറൂൗീ; എന്നു പറഞ്ഞു കേട്ടിട്ടുണ്ട്. അതുപോലെ, തങ്ങള്‍ക്കു തോന്നിയാല്‍ മതി. മറ്റെല്ലാം കൂടെ വരും എന്നാണവരുടെ ധാരണ. വാര്‍ഡുകളുടെ പുനര്‍വിഭജനം 20 വര്‍ഷക്കാലത്തേക്കു വേണ്ടതില്ല എന്ന ഒരു സര്‍ക്കാര്‍ തീരുമാനം നിലവിലുണ്ട്. അത് എപ്പോള്‍ മാറ്റി, ആരു മാറ്റിയെന്നൊന്നും ആര്‍ക്കും അറിയില്ല. എന്നാല്‍ എല്ലാം തീരുമാനിക്കപ്പെട്ടുവെന്ന നിലയ്ക്കാണ് ഇപ്പോള്‍ കാര്യങ്ങളുടെ പോക്ക്. കോര്‍പ്പറേഷന്‍ രൂപീകരണത്തിന്റെ കാര്യമാണെങ്കില്‍, മലപ്പുറമല്ല ആദ്യം പരിഗണിക്കപ്പെടേണ്ടത്. നിയമപരമായും മാനദണ്ഡങ്ങളനുസരിച്ചും ആദ്യം പരിഗണിക്കപ്പെടേണ്ട മറ്റൊട്ടേറെ നഗരസഭകള്‍ കേരളത്തിലുണ്ട്. വളര്‍ന്നു വരുന്ന ഗ്രാമങ്ങളുടെയും കര്‍ഷക  കര്‍ഷക തൊഴിലാളി ജനവിഭാഗങ്ങളുടെയും പ്രശ്നങ്ങള്‍ സംബന്ധിച്ചും നിലവിലുള്ള മാനദണ്ഡങ്ങള്‍ അനുസരിച്ച് മലപ്പുറത്തിന് കോര്‍പ്പറേഷന്‍ ആകണമെങ്കില്‍ ഒട്ടേറെ തടസങ്ങള്‍ ഉണ്ട്. എന്നാല്‍ അതൊന്നും ലീഗിന് പ്രശ്നമല്ല. ഭരണഘടന, നിയമങ്ങള്‍, കീഴ്-വഴക്കങ്ങള്‍, മാനദണ്ഡങ്ങള്‍ എന്നിവയൊന്നുംതന്നെ ലീഗിന്റെ ആഗ്രഹ സാഫല്യത്തിനു തടസമായിക്കൂടാ എന്നാണ് അവരുടെ നിലപാട്. അല്ലെങ്കില്‍ എങ്ങനെ ഇത്തരത്തില്‍ ഏകപക്ഷീയമായി മുന്നോട്ടു പോകാന്‍ അവര്‍ ധൈര്യപ്പെടും? ഭരണ മുന്നണിയില്‍ സ്വന്തമായി 20 എംഎല്‍എമാര്‍ ഉണ്ട് എന്ന ഹുങ്കും എന്തുതന്നെ സംഭവിച്ചാലും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തങ്ങളുടെ രക്ഷയ്ക്ക് എത്തും എന്ന വിശ്വാസവുമാണ് ഇങ്ങനെ ഏക പക്ഷീയമായ നിലപാടുകള്‍ സ്വീകരിക്കാന്‍ ലീഗിന് ധൈര്യം നല്‍കുന്നത്. ഏതായാലും ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് ഇപ്പോള്‍ അതിയായ ആത്മവിശ്വാസത്തിലാണ്. ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും സിപിഐ എമ്മുമുള്‍പ്പടെയുള്ള പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക്, സാരമായ ക്ഷീണം സംഭവിച്ചപ്പോള്‍, തങ്ങളുടെ കോട്ടകൊത്തളങ്ങള്‍ക്ക് ഒരു പരുക്കുമേല്‍ക്കാതെ പിടിച്ചുനിന്നുവെന്നാണ് അവര്‍ ഊറ്റം കൊള്ളുന്നത്. ഒറ്റ നോട്ടത്തില്‍ ഇതു ശരിയാണ് എന്നു തോന്നാം. പക്ഷേ സൂക്ഷ്മമായി വിശകലനം നടത്തിയാല്‍ അത് അര്‍ധ സത്യം മാത്രമാണ് എന്നു കാണാം. തങ്ങളുടെ നേട്ടം എന്നവര്‍ ചിന്തിക്കുന്ന ഈ അവസ്ഥ തന്നെ യഥാര്‍ഥത്തില്‍ ആര്‍എസ്എസിന്റെയും ബിജെപിയുടെയും (നരേന്ദ്രമോഡിയുടെ)യും പരോക്ഷ സംഭാവനയാണ്. യഥാര്‍ഥത്തില്‍ ലീഗ് മത്സരിച്ച രണ്ടു മണ്ഡലങ്ങളിലും, അവര്‍ക്കു നേട്ടമുണ്ടായി എന്നു പറയാന്‍ വയ്യ. കേവലം 31 ശതമാനം മാത്രം വോട്ടു നേടി ജയിച്ച നരേന്ദ്രമോഡിക്ക് 282 എം.പി.മാരെ ജയിപ്പിക്കാന്‍ സാധിച്ചുവെന്നു പറയുമ്പോള്‍, അതിലെ ജനാധിപത്യം; എത്രമാത്രം വിരോധാഭാസമാണ് എന്ന് ആര്‍ക്കും മനസിലാക്കാം. ഏതാണ്ട് അതുപോലെതന്നെയാണ് ലീഗിന്റെയും &ഹറൂൗീ;വിജയരഹസ്യം. ലീഗ് മത്സരിച്ച പൊന്നാനി മണ്ഡലത്തില്‍ ഇത്തവണ 1,79,000 വോട്ടര്‍മാരാണ് എണ്ണത്തില്‍ വര്‍ധിച്ചത്. വോട്ടു ചെയ്തവരുടെ എണ്ണവും 2009നെ അപേക്ഷിച്ച് 70000ത്തോളം വര്‍ധിച്ചു. ലീഗ് വോട്ടര്‍മാര്‍ മുഴുവന്‍ പോളിങ് ബൂത്തിലെത്താന്‍ താല്‍പര്യം കാണിച്ചില്ല എന്നാണ്, അതു നല്‍കുന്ന സൂചന. വോട്ടിങ് 2009ല്‍ 76.67 ശതമാനമായിരുന്നു. 2014ല്‍ 73.83 ശതമാനവും. തന്നെയുമല്ല 70,000ത്തോളം പേര്‍ ഇത്തവണ അധികം വോട്ടു ചെയ്തപ്പോള്‍ ലീഗിന്റെ സ്ഥാനാര്‍ഥി, പ്രമുഖനായ ഇ.ടി.മുഹമ്മദ് ബഷീറിന് 2009ല്‍ കിട്ടിയ വോട്ടുപോലും നേടാനായില്ല. അന്നത്തേതില്‍ നിന്നും എണ്ണായിരത്തോളം വോട്ടു കുറയുകയാണുണ്ടായത്. അദ്ദേഹത്തെ എതിര്‍ത്ത എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി വി.അബ്ദുറഹിമാന്‍ 2009ല്‍ എല്‍.ഡി.എഫിനു കിട്ടിയ വോട്ടിനെക്കാള്‍ അമ്പതിനായിരത്തോളം വോട്ട് അധികം നേടി. ലീഡ് ആകട്ടെ എണ്‍പത്തയ്യായിരത്തില്‍ നിന്നും കേവലം ഇരുപത്തയ്യായിരമായി കുറയുകയും ചെയ്തു. ലീഗിന്റെ കോട്ടയാണ് എന്നവകാശപ്പെടുന്ന മലപ്പുറം മണ്ഡലത്തിലും സ്ഥിതി വ്യത്യസ്തമല്ല. അവിടെ ഇത്തവണ ഒരു ലക്ഷത്തി എണ്‍പത്തിമൂവായിരത്തോളം പുതിയ വോട്ടര്‍മാര്‍ അധികമായുണ്ടായിരുന്നു. വോട്ടിംഗ് ശതമാനം അവിടെയും കുറവായിരുന്നു. 2009നെ അപേക്ഷിച്ച് 5.3ശതമാനം കുറവ്, വോട്ടര്‍മാര്‍ കാണിച്ച നിസ്സംഗത നേട്ടമാണെന്നവകാശപ്പെടാന്‍ ലീഗിനസാധ്യമാണ്. ഇത്തവണ കൂടുതലായി വോട്ടു ചെയ്ത ഒരു ലക്ഷത്തോളം പേരില്‍ കേവലം പതിനായിരത്തില്‍ താഴെ വോട്ടര്‍മാര്‍ മാത്രമാണ്, ലീഗിന്റെ സ്ഥാനാര്‍ഥി ഇ.അഹമ്മദിന് വോട്ട് ചെയ്തത്. അദ്ദേഹത്തിന്റെ ലീഡ് ഒരു ലക്ഷത്തി പതിനഞ്ചായിരത്തില്‍ നിന്നും ഒരു ലക്ഷത്തി തൊണ്ണൂറ്റി നാലായിരം ആയി വര്‍ധിച്ചത്, കൂടുതല്‍ വോട്ട് നേടിയതുകൊണ്ടല്ല മറിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഒരു മുസ്ലിം വനിതയായിരുന്നു എന്നതുപയോഗപ്പെടുത്തി മതത്തിലും മതവിശ്വാസത്തിലും ഊന്നി, ലീഗും എസ്ഡിപിഐ, വെല്‍ഫെയര്‍ പാര്‍ട്ടി എന്നീ മതമൗലികവാദ സംഘടനകളും ചേര്‍ന്ന് നടത്തിയ ദുഷ്പ്രചരണത്തില്‍ കുടുങ്ങി, ഒരു വിഭാഗം എല്‍.ഡി.എഫ്. വോട്ടര്‍മാരടക്കം വോട്ടുചെയ്യാതെ വിട്ടുനിന്നതിനാലാണ്. അഖിലേന്ത്യാതലത്തില്‍ നരേന്ദ്രമോഡിയും ആര്‍.എസ്.എസ് നയിക്കുന്ന ബി.ജെ.പി.യും നടത്തിയ അതേരീതിയിലുള്ള മതാവേശവും മത വിദ്വേഷവും ഇളക്കി വിടുന്ന ഭജാലവിദ്യ  അതേ അടവുനയം അതുതന്നെയാണ് ഇവിടെയും കണ്ടത്. ലീഗ് ഉള്‍പ്പെടുന്ന യു.ഡി.എഫിന് 12 സീറ്റ് നേടി, മാനവും ഭരണവും നിലനിര്‍ത്താന്‍ സാധിച്ചത് നരേന്ദ്രമോഡി അധികാരത്തില്‍ വരാനിടയുണ്ട് എന്ന ഭയം കാരണം കേരളത്തിലെ മുസ്ലിം  ക്രിസ്ത്യന്‍ ന്യൂനപക്ഷ മതവിഭാഗത്തില്‍പ്പെട്ടവര്‍ അധികവും യു.ഡി.എഫിന് വോട്ടുചെയ്തതിനാലാണ്. ലീഗിന് ഈ വിജയത്തില്‍ ഒട്ടും തന്നെ അഭിമാനിക്കാനില്ല. നരേന്ദ്ര മോഡിക്കും ബി.ജെ.പി.ക്കും എതിരെ അവര്‍ ഉന്നയിക്കുന്ന എല്ലാ ആക്ഷേപവും ഇവിടെ അവര്‍ക്കെതിരെ തിരിഞ്ഞു കുത്തുകയാണ്. രാമക്ഷേത്രം നിര്‍മിക്കണമെന്നും യൂണിഫോം സിവില്‍കോഡ് നടപ്പിലാക്കണമെന്നും ഗോവധം നിരോധിക്കണമെന്നും 370ാം വകുപ്പ് എടുത്തുകളയണമെന്നും ഒക്കെ ആര്‍.എസ്.എസും ബി.ജെ.പി.യും ആവശ്യപ്പെടുന്നത് നാളെ തന്നെ അതെല്ലാം നടപ്പാക്കാന്‍ കഴിയും എന്ന തെറ്റിദ്ധാരണകൊണ്ടല്ല. മഹാഭൂരിപക്ഷം വരുന്ന ഹിന്ദുക്കള്‍ അധിവസിക്കുന്ന ഇന്ത്യയില്‍ ഭൂരിപക്ഷം വോട്ടര്‍മാരുടെ പിന്തുണ നേടാന്‍ അതുവഴി കഴിയും എന്ന വിശ്വാസം മൂലമാണ് അവര്‍ ആ മുദ്രാവാക്യം ഉയര്‍ത്തുന്നത്. ന്യൂനപക്ഷ വിഭാഗത്തെ, വിശേഷിച്ച് മുസ്ലിങ്ങളെ ശത്രുപക്ഷത്ത് നിര്‍ത്തി ദുഷ്പ്രചരണം നടത്തിയാല്‍ ജര്‍മനിയില്‍ ജൂതര്‍ക്കെതിരെ അക്രമം അഴിച്ചുവിട്ടു ഭൂരിപക്ഷ പിന്തുണ നേടാന്‍ ഹിറ്റ്ലര്‍ക്കു സാധിച്ചതുപോലെ ഇവിടെയും സാധ്യമാകും എന്നതാണ് ആര്‍.എസ്.എസിന്റെ ഉള്ളിലിരുപ്പ്. അവരുടെ ലക്ഷ്യം രാഷ്ട്രീയ അധികാരമാണ്. അതിനുള്ള കുറുക്കുവഴിമാത്രമാണ് അവര്‍ക്ക് ഹിന്ദുത്വവാദം. അവര്‍ ഒരിക്കലും മഹാത്മാ ഗാന്ധിയെപ്പോലെ സനാതന ഹിന്ദുത്വത്തേയോ അതല്ലെങ്കില്‍ സ്വാമി വിവേകാനന്ദനപോലെ മഹത്തായ ഹൈന്ദവ സംസ്കാരത്തെയോ പ്രതിനിധാനം ചെയ്യുന്നില്ല. മതമൗലികവാദം ഉയര്‍ത്തുന്ന, വര്‍ഗ്ഗീയത പ്രചരിപ്പിച്ച് സമൂഹത്തില്‍ വിദ്വോഷം പ്രചരിപ്പിക്കുന്നു, ന്യൂനപക്ഷ മതവിഭാഗങ്ങളെ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്ന വര്‍ഗ്ഗീയ കലാപങ്ങള്‍ സൃഷ്ടിച്ച് ശാന്തിയും സമാധാനവും നശിപ്പിക്കുന്നുവെന്നല്ലാം ലീഗ് ആര്‍.എസ്.എസിനേയും ബി.ജെ.പി.യേയും ചൂണ്ടി കുറ്റപ്പെടുത്തുമ്പോള്‍ അവര്‍ സ്വയം വിസ്മരിക്കുന്നത് തങ്ങള്‍ ചെയ്യുന്നതും അതെ മഹാപരാധമാണ് എന്ന സത്യമാണ്. ഇന്ത്യാ വിഭജനത്തിനു കാരണക്കാര്‍ അന്നത്തെ ജിന്നാ സാഹിബിന്റെ ലീഗാണ്. അധികാര നഷ്ടം ഭയന്ന ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ കയ്യില്‍കളിക്കുകയായിരുന്നു അവര്‍. മഹാത്മാ ഗാന്ധിയുടെ ശക്തമായ എതിര്‍പ്പിനെ മറികടന്ന് അധികാര ദുര മൂത്ത ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അതിനു കൂട്ടുനിന്നു. ഇന്ത്യ വെട്ടിമുറിച്ച്, പാകിസ്താന്‍ വിഭജിച്ച് പോയാല്‍, ശേഷമുള്ള ഇന്ത്യയില്‍ ഹിന്ദുരാഷ്ട്രം സ്ഥാപിക്കാം, പതുക്കെ അധികാരം കയ്യടക്കാം എന്നതായിരുന്നു ഹിന്ദുമഹാസഭയുടെയും ആര്‍എസ്എസിന്റെയും മറ്റും മനസ്സിലിരുപ്പ്. ഇന്ത്യാ വിഭജനം സംഭാവന ചെയ്ത മഹാദുരന്തം, ഇന്ന് നമുക്കൊക്കെ ആലോചിക്കാന്‍ പോലും കഴിയുന്നതിനും അപ്പുറമാണ്. ആയിരക്കണക്കിനാളുകള്‍ കൊല്ലപ്പെട്ടു. പതിനായിരക്കണക്കിന് സ്ത്രീകള്‍ക്ക് മാനവും ജീവനും നഷ്ടപ്പെട്ടു. രാജ്യത്തിന്റെ ഭാവി വാഗ്ദാനമാകേണ്ടിയിരുന്ന എത്രയോ കുഞ്ഞുങ്ങള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. അനേകം കുട്ടികളും സ്ത്രീകളും അനാഥരായി. ഒടുവില്‍ യുഗപുരുഷന്‍ എന്നുതന്നെ വിശേഷിക്കപ്പെടുന്ന, ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധി തന്നെ ഒരു ഹിന്ദുമതഭ്രാന്തന്റെ കയ്യാല്‍ കൊല്ലപ്പെട്ടു. മതത്തിന്റെ പേരില്‍ രാഷ്ട്രീയം കൈകാര്യം ചെയ്യുകയും മതത്തിന്റെ പേരില്‍ രാഷ്ട്രീയ പാര്‍ട്ടി സംഘടിപ്പിക്കുകയും മതത്തിന്റെ പേരില്‍ രാഷ്ട്രത്തെ വെട്ടിമുറിച്ച് വേര്‍പിരിഞ്ഞു പോകുകയും ചെയ്ത, ആ ലീഗിന്റെ പൈതൃകം പേറുന്ന മറ്റൊരു ലീഗ് എന്ന നിലയിലാണ് പില്‍ക്കാലത്ത് ഇന്ത്യന്‍ യൂണിയന്‍ ലീഗ് മലബാറില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ഇപ്പോള്‍ ദശാബ്ദങ്ങള്‍ക്കു ശേഷം ആ പുതിയ ലീഗിന്റെ ശബ്ദവും ശൈലിയും രീതിയുമെല്ലാം ഓര്‍മപ്പെടുത്തുന്നത് പഴയ ജിന്നാ ലീഗിനെത്തന്നെയാണ്. ജിന്നയുടെ സ്വപ്നം സഫലമായില്ലയെന്നും ഇസ്ലാമിക രാജ്യമായ പാകിസ്താനില്‍ സ്വര്‍ഗം സൃഷ്ടിക്കപ്പെട്ടില്ല എന്നും നമുക്കറിയാം. അതിന്റെ സ്ഥാപകനായ ജിന്നാ സാഹിബ് തന്നെ തനിക്കു പറ്റിയ തെറ്റില്‍ പിന്നീട് പശ്ചാത്തപിക്കുകയുമുണ്ടായി. ഇന്ത്യാ ഉപഭൂഖണ്ഡം അന്നു വെട്ടിമുറിക്കപ്പെട്ടിട്ടില്ലായിരുന്നുവെങ്കില്‍ ഒരുപക്ഷേ ഇന്ന് ചൈനയെപോലെ ശക്തമായ മറ്റൊരു രാഷ്ട്രമായി മാറാന്‍ നമുക്ക് കഴിയുമായിരുന്നു. ഏതാണ്ട് തുല്യരെന്ന നിലയില്‍ ഹിന്ദുക്കളും മുസ്ലീങ്ങളും ഇടകലര്‍ന്നു ജീവിക്കുന്ന ശക്തമായ ഒരു രാഷ്ട്രമായി മാറാന്‍ നമുക്ക് കഴിയുമായിരുന്നു. ആ സാധ്യതകളൊക്കെ തകര്‍ത്തു കളഞ്ഞത് ഇന്ത്യാ വിഭജനമാണ്. അതിനു കാരണക്കാര്‍ ജിന്നാ ലീഗും കോണ്‍ഗ്രസുമാണ്. എന്നിട്ടും അതേ പൊളിഞ്ഞുപാളീസായ നയം  മതാടിസ്ഥാനത്തില്‍ രാഷ്ട്രീയ പാര്‍ട്ടി സംഘടിപ്പിച്ച് രാഷ്ട്രീയാധികാരം കയ്യടക്കാന്‍ ശ്രമിക്കുന്ന അതേ ഹീനമായ രാഷ്ട്രീയ നയമാണ് ലീഗ് ഇപ്പോഴും കൈകാര്യം ചെയ്യുന്നത്. മുസ്ലീങ്ങള്‍ക്കാകെ ഒരു പാര്‍ട്ടി, എല്ലാ മുസ്ലീങ്ങളും യൂണിയന്‍ ലീഗില്‍, മുസ്ലീങ്ങളുടെ രക്ഷയ്ക്ക് ഇന്ത്യന്‍ യൂണിയന്‍ ലീഗ് മാത്രം എന്നെല്ലാം അവര്‍ പറയുമ്പോള്‍, എഴുതുമ്പോള്‍, പ്രചരിപ്പിക്കുമ്പോള്‍ സ്വയമറിയാതെ അതിന്റെ അനുരണനം മറുഭാഗത്തുമുണ്ടാകുന്നുവെന്നത് അവര്‍ക്ക് കാണാന്‍ കഴിയുന്നില്ല. അതുവഴി അവര്‍ ചെയ്യുന്നത്, ഹിന്ദുക്കളെയാകെ ഒരു പാര്‍ട്ടിയില്‍ സംഘടിപ്പിക്കുക, ഹിന്ദുരാഷ്ട്രം സ്ഥാപിക്കുക എന്ന ആര്‍.എസ്.എസ്.  ബി.ജെ.പി. നിലപാടിന് അംഗീകാരം നല്‍കുകയാണ്. ലീഗ് ഈ നിലപാട് മാറ്റണം. എന്നിട്ടുമതി ആര്‍.എസ്.എസിനെയും ബി.ജെ.പി.യേയും ഒരു നയമെന്ന നിലയില്‍തന്നെ വിട്ടുവീഴ്ചയില്ലാതെ എതിര്‍ക്കുന്ന സിപിഐ എമ്മിന്റെ ദുരവസ്ഥ&ൃറൂൗീ;ചൂണ്ടിക്കാട്ടി പരിതപിക്കാന്‍. യഥാര്‍ഥത്തില്‍ ഇവിടെ കേരളത്തിലെങ്കിലും ഇത്തവണ സി.പി.ഐ.എമ്മിനു ഒരു പോറല്‍പോലും ഏറ്റിട്ടില്ല. 2009ല്‍ നാലു സീറ്റാണുണ്ടായിരുന്നതെങ്കില്‍ അത് ഇരട്ടിയാക്കാന്‍ 2014ല്‍ സാധിച്ചിട്ടുണ്ട്. സീറ്റു മാത്രമല്ല വോട്ടും വര്‍ധിച്ചിട്ടുണ്ട്. ഇത്തവണ അധികാരത്തില്‍ വന്ന ശേഷം ലീഗ് കാട്ടിക്കൂട്ടിയ കോപ്രായങ്ങള്‍ കേരളീയ സമൂഹത്തെ ഭിന്നിപ്പിക്കുകയാണ് ചെയ്തത്. അഞ്ചാം മന്ത്രി സ്ഥാനത്തിനു വേണ്ടി അവര്‍ കാട്ടിക്കൂട്ടിയ കോപ്രായങ്ങളും അതുനേടിയെടുത്ത ശേഷം നടത്തിയ അഹങ്കാരം നിറഞ്ഞ പ്രസ്താവനകളും മറ്റെല്ലാ പാര്‍ട്ടികളിലും സമുദായങ്ങളിലും സൃഷ്ടിച്ച രോഷം വളരെ വലുതാണ് എന്ന് എന്തുകൊണ്ടാണവര്‍ക്ക് കാണാന്‍ കഴിയാത്തത് ? കാസര്‍കോട് വെടിവെപ്പിനെക്കുറിച്ച് അന്വേഷണം നടത്താന്‍ നിയോഗിച്ച ജുഡീഷ്യല്‍ കമ്മീഷന്‍ അന്തിമയാമത്തില്‍ പിരിച്ചുവിട്ടതും മാറാട് സി.ബി.ഐ. അന്വേഷണം തടസ്സപ്പെടുത്തിയതും നാദാപുരം ബോംബ് സ്ഫോടന കേസ് അധികാരം ഉപയോഗിച്ച് അട്ടിമറിച്ചതും കുനിയിലെ ഇരട്ടക്കൊലക്കേസില്‍ പ്രതിയായ എം.എല്‍.എ. പി.കെ. ബഷീറിന്റെ അറസ്റ്റ് തടഞ്ഞതും കോഴിക്കോട് യൂണിവേഴ്സിറ്റിയുടെ പൊന്നുംവില കിട്ടേണ്ട ഭൂമി ലീഗ് പ്രസിഡന്റിന്റെയും രണ്ട് മന്ത്രിമാരുടെ ബന്ധുക്കളുടെയും പേരില്‍ ചാര്‍ത്തിക്കൊടുത്തതും അധികാര ദുര്‍വിനിയോഗമല്ലേ?. ഇപ്പോഴും അതല്ലേ തുടരുന്നത്. ആവശ്യമായ വിദ്യാഭ്യാസ യോഗ്യതപോലുമില്ലാത്ത പാര്‍ശ്വവര്‍ത്തികളെ യൂണിവേഴ്സിറ്റികളില്‍ വൈസ് ചാന്‍സലര്‍മാരാക്കി അവരെ ഉപയോഗപ്പെടുത്തി യൂണിവേഴ്സിറ്റികളിലെ ജനാധിപത്യ സംവിധാനവും അക്കാദമിക് സ്വാതന്ത്യവും അട്ടിമറിക്കുക, സ്വന്തക്കാര്‍ക്കും ബന്ധുക്കള്‍ക്കും പണമുണ്ടാക്കാന്‍ സ്വാശ്രയ സ്ഥാപനങ്ങളും കോഴ്സുകളും വാരിക്കോരികൊടുക്കുക, ഉന്നത വിദ്യാഭ്യാസ മേഖലയില്‍ അരാജകത്വം സൃഷ്ടിക്കുക, സര്‍ക്കാര്‍ വിദ്യാലയങ്ങളിലെയും എയ്ഡഡ് സ്ഥാപനങ്ങളിലെയും അധ്യാപകരുടെ ജീവിതം കൊണ്ട് പന്തു തട്ടുക എന്നിങ്ങനെ അവര്‍ കൈകാര്യം ചെയ്യുന്ന വകുപ്പുകളിലെ ദുര്‍ഭരണം, കേരളീയ സമൂഹത്തില്‍ മുമ്പൊരിക്കലുമുണ്ടായിട്ടില്ലാത്ത രീതിയില്‍ വിഭജനമുണ്ടാക്കുന്നു, വെറുപ്പുളവാക്കുന്നുവെന്ന് നിര്‍ഭാഗ്യവശാല്‍ അവര്‍ക്ക് കാണാന്‍ കഴിയുന്നില്ല. മോഡിയുടെ അരങ്ങേറ്റം അസാധാരണമായ ഒരു പുതിയ സാഹചര്യം രാജ്യത്ത് സൃഷ്ടിച്ചിട്ടുണ്ടെന്ന് അവര്‍ മനസ്സിലാക്കേണ്ടതുണ്ട്. നരേന്ദ്ര മോഡിക്ക് കേരളത്തിലും ചെറിയതോതില്‍ സ്വീകാര്യതയുണ്ടാക്കിയതില്‍ തങ്ങള്‍ക്കുള്ള പങ്ക് അവര്‍ തിരിച്ചറിയണം. ശിവഗിരിയിലും എറണാകുളത്തെ ദളിതരുടെ മഹാസംഗമത്തിലും നരേന്ദ്ര മോഡി പ്രധാന അതിഥിയായെത്തിയത് ലീഗ് ഉയര്‍ത്തിവിട്ട രോഷവും അതൃപ്തിയും തെറ്റായ വഴിയിലൂടെ നീങ്ങാന്‍ ഈഴവ  നായര്‍ സാമുദായിക സംഘടനകളെ പ്രേരിപ്പിച്ചതിനാലാണ്. എല്ലാ ആക്ഷനും ഒരു റിയാക്ഷന്‍ ഉണ്ടാകും എന്ന്, ഈ വൈകിയ വേളയിലെങ്കിലും ലീഗ് തിരിച്ചറിയേണ്ടതുണ്ട്. മതേതര പാര്‍ട്ടികളെ പ്രോത്സാഹിപ്പിക്കുകയും മതത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തില്‍ രാഷ്ട്രീയം കൈകാര്യം ചെയ്തുകൂടാ എന്ന് നിഷ്കര്‍ഷിക്കുകയുമാണ് എല്ലാ ന്യൂനപക്ഷ വിഭാഗങ്ങളും ചെയ്യേണ്ടത്. ഇന്ത്യപോലുള്ള ഒരു അര്‍ധഫ്യൂഡല്‍ സമൂഹത്തില്‍ ഇപ്പോഴും ജാതിയുടെയും മതത്തിന്റെയും സ്വാധീനം അളവറ്റതാണ്. ഇത് ഇളക്കിവിട്ടാല്‍ ജനങ്ങള്‍ മറ്റെല്ലാം മറക്കും. മറ്റെല്ലാം മറന്ന് ഹിന്ദുക്കളെല്ലാം ബാബറിമസ്ജിദ് പൊളിച്ച് രാമക്ഷേത്രം പണിയാന്‍ തങ്ങള്‍ക്കൊപ്പം നില്‍ക്കണമെന്ന് ആവശ്യപ്പെട്ടാണ് എല്‍ കെ അദ്വാനി രഥയാത്ര നയിച്ചത്. അത് ഉളവാക്കിയ സ്വാധീനവും സംഭാവന ചെയ്ത മഹാദുരന്തവും അന്നു ബിജെപിക്ക് അനുഗ്രഹമാവുകയാണ് ചെയ്തത്. അവര്‍ അധികാരത്തിന്റെ അയലത്തുവരെയെത്തി. എന്നാല്‍ ആ ഇടയ്ക്ക് വി പി സിങ് മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ തീരുമാനിച്ചതോടെ ആ ഹിന്ദു ഐക്യം തകര്‍ന്നു. ഉത്തരേന്ത്യയിലാകെ ഉദയം ചെയ്ത ജാതി രാഷ്ട്രീയ പാര്‍ട്ടികളാണ് യഥാര്‍ഥത്തില്‍ അദ്വാനിയുടെ യാഗാശ്വത്തെ പിടിച്ചുകെട്ടിയത്. എന്നാലിപ്പോള്‍ അന്തര്‍ദേശീയധനമൂലധനവും ഇന്ത്യയിലെ ആര്‍.എസ്.എസ്.പരിവാരവും സന്ധിചെയ്തിരിക്കുകയാണ്. വന്‍കിട ബൂര്‍ഷ്വാസിയുടെ പണവും ആധുനിക മാനേജ്മെന്റ് സംവിധാനവും മീഡിയപവറും മണിപവറും ആര്‍.എസ്.എസിന്റെ മസില്‍പവറും ഒന്നു ചേര്‍ന്നിരിക്കുന്നതായാണ് നാം കാണുന്നത്. സ്വാതന്ത്ര്യലബ്ധിയ്ക്ക് മുമ്പേ മുതല്‍ അവര്‍ ആഗ്രഹിച്ചതും, എന്നാല്‍ കൈവിട്ടുപോയതുമായ ഹിന്ദു രാഷ്ട്ര സ്ഥാപനമാണ് ആര്‍ എസ്എസിന്റെയും ബിജെപിയുടെയും ലക്ഷ്യം. തങ്ങള്‍ക്കാവശ്യമുള്ളതെല്ലാം കൈവിട്ടുനല്‍കാന്‍ സന്നദ്ധരായിരുന്നുവെങ്കിലും അതിനാവശ്യമായ തന്റേടവും സാമര്‍ഥ്യവും ഇച്ഛാശക്തിയും വേണ്ടത്ര ഇല്ലാതെ പോയതിനാല്‍ പരാജയപ്പെട്ട കോണ്‍ഗ്രസിനെയും മന്‍മോഹന്‍ സിംഗിനെയും അവര്‍ കൈവിട്ടു. ഇന്ത്യയിലെ വന്‍കിട ബൂര്‍ഷ്വാസിയും ധനമൂലധനവും ആവശ്യമുള്ളതെല്ലാം കൈനിറയെ നല്‍കാന്‍ കെല്‍പ്പും സാമര്‍ഥ്യവും നിശ്ചയദാര്‍ഢ്യവുമുള്ള നരേന്ദ്രമോഡിയേയും ബിജെപിയേയും ഇപ്പോള്‍ മുന്നോട്ടു കൊണ്ടുവന്നിരിക്കുകയാണ്. ഉള്ളതെല്ലാം കൈവിട്ടു പോകും മുമ്പ്, ആവശ്യമായ പ്രതിരോധ നിര സൃഷ്ടിക്കുവാന്‍ ഇന്ത്യയിലെ മതേതര വിശ്വാസികളും ന്യൂനപക്ഷമാകെയും ഒന്നിച്ചണിനിരന്ന് ഇന്ത്യയിലെ ജനകോടികളുടെ വിശ്വാസമാര്‍ജിച്ച് നാടിനെ രക്ഷിക്കുക എന്നതാണ് ഇന്ന് നമ്മുടെ പ്രഥമവും പ്രധാനവുമായ കര്‍ത്തവ്യം. അത് ഇപ്പോഴല്ലെങ്കില്‍ പിന്നീടൊരിക്കലും സാധ്യമാവുകയില്ല എന്നും എല്ലാവരും ഓര്‍ക്കേണ്ടതുണ്ട്. എന്നാല്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന് ഇക്കാര്യം ഇനിയും ബോധ്യമായതായി കാണുന്നില്ല. തങ്ങള്‍ ഭരിക്കുന്ന വിദ്യാഭ്യാസ വകുപ്പിനു കീഴിലെ എല്ലാ വിദ്യാലയങ്ങളിലും ബ്ലാക്ക് ബോര്‍ഡുമാറ്റി പകരം പച്ച ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ അവരിപ്പോള്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. പച്ചയോടുള്ള അവരുടെ പ്രേമം, പ്രകൃതിയോടുള്ള സ്നേഹം കൊണ്ടോ ആദരവു മൂലമോ അല്ല. ഏതാണ്ട് ഒരു മത ചിഹ്നം പോലെയാണ് അവരിപ്പോള്‍ പച്ചയും കൊണ്ടു നടക്കുന്നത്. അരീക്കോട് സുല്ല മുസല്ലാം ഓറിയന്റല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അധ്യാപികമാരോട് പച്ച കോട്ട് ധരിക്കാനാവശ്യപ്പെട്ടതും നടപ്പിലാക്കാത്തതിന്റെ പേരില്‍ ഒരു അധ്യാപികയ്ക്കെതിരെ നടപടി എടുത്ത സംഭവവും എറണാകുളത്തു നടന്ന ഒരു പൊതു ചടങ്ങളില്‍ എല്ലാ അധ്യാപികമാരോടും പച്ച ബ്ലൗസ് ധരിച്ചുവരാന്‍ ആവശ്യപ്പെട്ടു കൊണ്ട് എസ്.എസ്.എ. പ്രോഗ്രാം ഓഫീസര്‍ സര്‍ക്കുലര്‍ നല്‍കിയ സംഭവവും എത്ര വലിയ വിവാദമാണുണ്ടാക്കിയത് എന്ന് ഓര്‍ക്കേണ്ടതായിരുന്നു. മഹാഭൂരിപക്ഷം വരുന്ന ലീഗുകാരല്ലാത്ത മുസ്ലീങ്ങള്‍ ലീഗിന്റെ അന്തസ്സാര ശൂന്യമായ ഇത്തരം അബദ്ധ ധാരണകളെയും അതിന്റെ അടിസ്ഥാനത്തില്‍ അവരുണ്ടാക്കുന്ന പ്രകോപനങ്ങളേയും ഒട്ടും തന്നെ അംഗീകരിക്കുന്നില്ലെന്നതാണ് വാസ്തവം. എന്നാല്‍ കേരളീയ സമൂഹത്തില്‍ ഇതെല്ലാമുണ്ടാക്കുന്ന അപസ്വരങ്ങളും സംഘര്‍ഷങ്ങളും ആര്‍.എസ്.എസിനും ബിജെപിക്കും അനുകൂലമായ അന്തരീക്ഷമാണ് സൃഷ്ടിക്കുന്നത്. ലീഗ് ചെയ്തു കൂട്ടുന്ന ഇത്തരം വങ്കത്തങ്ങള്‍ കേരളത്തില്‍ മുമ്പില്ലാത്ത വിധം, ഒരു തരം മുസ്ലിം വിരോധം രൂപപ്പെട്ടു വരുന്നതിന് കാരണമായിട്ടുണ്ട്. കഴിഞ്ഞ ദിവസം 29.06.2014നു പുറത്തിറങ്ങിയ ചന്ദ്രിക ദിനപത്രത്തിലെ മുഖ പ്രസംഗം തന്നെ ഇക്കാര്യം സമ്മതിക്കുന്നുണ്ട്. ചന്ദ്രിക പറയുന്നു, കേരളത്തില്‍ മുസ്ലീങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിലെല്ലാം സാമാന്യമായി ഒരു പൊതുബോധം രൂപപ്പെട്ടുവരുന്നുണ്ട്. അവര്‍ നടത്തുന്ന ഏത് ഇടപാടിലും അവിഹിതമായ എന്തെല്ലാമോ സംഗതികളുടെ സാന്നിധ്യമുണ്ട് എന്നാണ് ഈ പൊതുബോധം അനുശാസിക്കുന്നത്. മുസ്ലീം ലീഗ് കൈകാര്യം ചെയ്യുന്ന വിദ്യാഭ്യാസ വകുപ്പിനെപ്പറ്റി പറയുമ്പോഴേക്കും പൊതുബോധത്തിലെ ഈ ചൊറിപ്പാട് തിണര്‍ത്തു വരും. എന്നാല്‍ ഇത്രയും പറഞ്ഞിട്ട് അതെല്ലാം തങ്ങളല്ലാത്ത വേറെ ചിലരുടെ കുറ്റം കൊണ്ടാണ് എന്നു സ്ഥാപിക്കാനാണ് അവര്‍ക്ക് വ്യഗ്രത. മുസ്ലീം ലീഗില്‍ വിവേകം നഷ്ടപ്പെട്ടിട്ടില്ലാത്ത ആരെങ്കിലുമൊക്കെ ഉണ്ടെങ്കില്‍ അവര്‍ മുന്നിട്ടിറങ്ങി ലീഗിനെ നേര്‍വഴിക്കു നയിക്കാന്‍ ശ്രമിക്കണം. മതസൗഹാര്‍ദത്തിനു കേളി കേട്ട കേരളീയ സമൂഹത്തില്‍ എങ്ങനെ അവര്‍ പറയുംപോലെ മുസ്ലീങ്ങള്‍ക്കെതിരെ ഇങ്ങനെ ഒരു പൊതുബോധം സൃഷ്ടിക്കപ്പെട്ടുവെന്നതിനെ കുറിച്ചു അവര്‍ ഗവേഷണം നടത്തണം. ഒരു കാര്യം ഉറപ്പ്. മുസ്ലീങ്ങള്‍ അല്ല; മുസ്ലീം ലീഗാണ് ഇക്കാര്യത്തില്‍ അപരാധികള്‍.

** പി പി വാസുദേവന്‍

No comments:

Post a Comment