മതനിരപേക്ഷത കാക്കുവാനും ആഗോളവത്കരണം സൃഷ്ടിച്ച വികസന പ്രതിസന്ധിയില്‍നിന്ന് കേരളത്തെ രക്ഷിക്കാനുമുള്ള രാഷ്ട്രീയസന്ദേശം ജനങ്ങളിലെത്തിച്ചുകൊണ്ടാണ് കേരളരക്ഷാ മാര്‍ച്ച് പ്രയാണം തുടരുന്നത്. അമേരിക്കന്‍ മോഡല്‍ അറബിക്കടലിലെന്ന് പ്രഖ്യാപിച്ച്, സര്‍ സി പിയുടെ പീരങ്കിക്കുഴലുകള്‍ക്ക് മുന്നില്‍ വിരിമാറു കാണിച്ച പുന്നപ്ര വയലാര്‍ ധീരന്മാരുടെ മണ്ണില്‍നിന്നാണ് മാര്‍ച്ച് പ്രയാണം ആരംഭിച്ചത്. സാമ്രാജ്യത്വ വിരുദ്ധ സമരങ്ങളുടെ ധീരോദാത്തമായ സ്മരണകളുണര്‍ത്തുന്ന കോഴിക്കോട് കടപ്പുറത്ത് ഫെബ്രുവരി 26ന് മാര്‍ച്ച് സമാപിക്കും.
കേരള രക്ഷാ മാര്‍ച്ചിനു മഞ്ചേരിയില്‍ നല്‍കിയ സ്വീകരണം. |
പതിനാറാം ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ വമ്പിച്ച രാഷ്ട്രീയ പ്രാധാന്യമാണ് കേരളരക്ഷാ മാര്‍ച്ചിനുള്ളത്. നവലിബറല്‍ നയങ്ങള്‍ തകര്‍ത്തുകളഞ്ഞ സമ്പദ്ഘടനയും അത് സൃഷ്ടിച്ച ജീവിതപ്രതിസന്ധികളും ജനങ്ങളെയൊക്കെ വേട്ടയാടുകയാണ്. യുപിഎ സര്‍ക്കാര്‍ കോര്‍പറേറ്റ് കൊള്ളക്കായി അടിച്ചേല്‍പ്പിച്ച നയങ്ങള്‍ ദുസ്സഹമായ വിലക്കയറ്റവും അഴിമതിയുമാണ് വളര്‍ത്തിയിരിക്കുന്നത്. കാര്‍ഷിക വ്യവസായ മേഖലകളെല്ലാം തകരുകയും സമ്പദ്ഘടന സമ്പൂര്‍ണമായ മുരടിപ്പിലേക്ക് നീങ്ങുകയുമാണ്. മതഭീകരവാദം മോഡിയിസത്തിന്റെ രൂപത്തില്‍ രാജ്യത്തിന്റെ മതനിരപേക്ഷ ഘടനക്ക് ഭീഷണി ഉയര്‍ത്തുകയാണ്. ഗുജറാത്തിലെ നിഷ്ഠൂരമായ നരഹത്യയുടെ ചോരക്കറ കഴുകിക്കളയുവാന്‍ കോര്‍പറേറ്റ് മാധ്യമങ്ങള്‍ മോഡിയെ വികാസ് പുരുഷനായി അവതരിപ്പിക്കുകയാണ്. കോടികള്‍ ഒഴുക്കി അമേരിക്കന്‍ പബ്ലിക് റിലേഷന്‍സ് കമ്പനികള്‍ മോഡിക്ക് പുതിയ പ്രതിച്ഛായ നിര്‍മിക്കുന്നു. കേരളരക്ഷാ മാര്‍ച്ച് രാജ്യം നേരിടുന്ന അതീവ ഗുരുതരമായ സാമൂഹ്യ സാമ്പത്തിക പ്രശ്നങ്ങള്‍ ജനങ്ങളോട് വിശദീകരിച്ചാണ് മുന്നേറുന്നത്. സമരോത്സുകവും വികസനോന്മുഖവുമായ ബഹുജന സംവാദത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും സഞ്ചരിക്കുന്ന വേദിയായി കേരളരക്ഷാ മാര്‍ച്ച് മാറിയിരിക്കുന്നു. കോര്‍പറേറ്റ് മാധ്യമങ്ങളും വലതുപക്ഷ ബുദ്ധിജീവികളും ഈ ബഹുജന സംവാദത്തില്‍നിന്ന് മുഖംതിരിച്ച് കപടപ്രശ്നങ്ങള്‍ ഉയര്‍ത്തുകയാണ്. കോടതി വിചാരണചെയ്ത് വിധിപറഞ്ഞ കേസില്‍ സിബിഐ അന്വേഷണം വേണമെന്ന പ്രചാരണ കോലാഹലം ഇതാണ് കാണിക്കുന്നത്.
കേരളീയ വികസനത്തിലും പുരോഗതിയിലും ഇടതുപക്ഷ ഇടപെടലുകള്‍ സൃഷ്ടിച്ച സാധ്യതകളെയും നേട്ടങ്ങളെയും ഇല്ലാതാക്കിക്കൊണ്ടാണ് യുഡിഎഫ് സര്‍ക്കാര്‍ സംസ്ഥാനം ഭരിക്കുന്നത്. എമര്‍ജിങ് കേരളയും വിഷന്‍ 2030 ഉം ആഗോള ഫൈനാന്‍സ് മൂലധനത്തിന്റെ വാണിജ്യ താല്‍പ്പര്യങ്ങള്‍ക്കും റിയല്‍ എസ്റ്റേറ്റ് വികസനത്തിനും കേരളത്തെ എറിഞ്ഞുകൊടുക്കുകയാണ്. പ്രകൃതി വിഭവങ്ങളും സമ്പത്തുല്‍പാദനമേഖലകളും ഊഹക്കച്ചവട മൂലധനശക്തികള്‍ക്ക് തീറെഴുതി കേരളം ആര്‍ജിച്ച എല്ലാ നേട്ടങ്ങളെയും ഇല്ലാതാക്കുകയാണ് ഭരണാധികാരികള്‍. സോളാറും നെല്ലിയാമ്പതിയും ആറന്മുള വിമാനത്താവള വികസനവുമെല്ലാം യുപിഎ സര്‍ക്കാറിനെപ്പോലെ യുഡിഎഫ് സര്‍ക്കാറും നടപ്പാക്കിക്കൊണ്ടിരിക്കുന്ന അഴിമതിയും വന്‍ പണത്തട്ടിപ്പുമാണ് പുറത്തുകൊണ്ടുവന്നിരിക്കുന്നത്. ആഗോളവത്കരണത്തിന്റെയും മതഭീകരവാദത്തിന്റെയും വിധ്വംസകമായ കടന്നുകയറ്റങ്ങളില്‍ തകര്‍ന്നുപോകുന്ന രാജ്യത്തിന്റെ സമ്പദ്ഘടനയുടെയും മതേതരമായ രാഷ്ട്രീയ ഘടനയെയും സംരക്ഷിക്കാനുള്ള ജാഗ്രതയും ഇക്കാലത്ത് ഏറ്റെടുക്കേണ്ട സമരപോരാട്ടങ്ങളുടേതായ കടമകളെയും ബഹുജനങ്ങള്‍ക്ക് മുമ്പില്‍ വിശദീകരിച്ചുകൊണ്ടാണ് കേരള രക്ഷാ മാര്‍ച്ച് പര്യടനം തുടരുന്നത്.
കോണ്‍ഗ്രസ്സും ബിജെപിയും പ്രതിനിധീകരിക്കുന്ന സാമ്രാജ്യത്വ രാഷ്ട്രീയവും സാമ്പത്തികനയങ്ങളും നമ്മുടെ രാജ്യത്തെ പാപ്പരീകരിച്ചിരിക്കുകയാണ്. സാമ്രാജ്യത്വ ആഗോളവത്കരണനയങ്ങള്‍ സാമ്പത്തിക തകര്‍ച്ചയുടെയും രാഷ്ട്രീയ അസ്ഥിരീകരണത്തിന്റെയും ജീര്‍ണശക്തികളെ ലോകമെമ്പാടും വളര്‍ത്തിയിരിക്കുകയാണ്. ഉദാരവല്‍ക്കരണ നയങ്ങള്‍ ലോകമെമ്പാടുമുള്ള തൊഴിലാളികളെ തൊഴിലിടങ്ങളില്‍നിന്നും തെരുവുകളിലേക്ക് വലിച്ചെറിഞ്ഞിരിക്കുകയാണ്. ഗതകാല പോരാട്ടങ്ങളിലൂടെ നേടിയെടുത്ത അവകാശങ്ങളും സാമ്പത്തികനേട്ടങ്ങളും നവ ലിബറല്‍ നയങ്ങള്‍ കവര്‍ന്നെടുക്കുന്നു. തൊഴിലില്ലായ്മ അഭൂതപൂര്‍വമായ തോതില്‍ കൂടിവരികയാണ്. യഥേഷ്ടം തൊഴിലാളികളെ സ്വീകരിക്കുകയോ പുറന്തള്ളുകയോ ചെയ്യുന്ന ഹയര്‍ ആന്‍ഡ് ഫയര്‍ വ്യവസ്ഥയും കോണ്‍ട്രാക്ട് സമ്പ്രദായവുമെല്ലാം സമകാലീന ലോകത്തില്‍ കൂലിയടിമത്തത്തെ നിഷ്ഠുരമായ മാനങ്ങളിലെത്തിച്ചിരിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധിയും വിലക്കയറ്റവും ലോകമെമ്പാടുമെന്നപോലെ ഇന്ത്യയിലെ ജനങ്ങളെ വേട്ടയാടുകയാണ്. എല്ലാവിധ ഹീനമാര്‍ഗങ്ങളും ഉപയോഗിച്ചുകൊണ്ട് ചൂഷണവും സ്വാര്‍ഥതയുമെല്ലാം ബീഭത്സമായ വിതാനങ്ങളിലേക്ക് സാമ്രാജ്യത്വത്തിന്റെ കമ്പോളവ്യവസ്ഥ എത്തിച്ചിരിക്കുന്നു.
വലതുപക്ഷ സേവകരായ പുതിയ നൈതിക രാഷ്ട്രീയ വാദികള്‍ പലപ്പോഴും അവഗണിച്ചുകളയുന്നത് അഴിമതിയും മനുഷ്യത്വരഹിതമായ ചൂഷണവുമെല്ലാം മുതലാളിത്തവ്യവസ്ഥയുടെ നൈസര്‍ഗിക സ്വഭാവവിശേഷണമാണെന്ന യാഥാര്‍ഥ്യത്തെയാണ്. നവമുതലാളിത്തത്തിന്റെ ചലനനിയമങ്ങളെ മനസ്സിലാക്കാന്‍ വിസമ്മതിക്കുന്ന കാല്‍പ്പനിക ചിന്തകളാണല്ലോ ഇടതുപക്ഷ തീവ്രവാചകമടിക്കാരായ ഈ നവ നൈതികതാവാദികളെ നയിക്കുന്നത്. വ്യവസ്ഥയുടെ അക്രമോത്സുകതയും ഭരണവര്‍ഗരാഷ്ട്രീയത്തിന്റെ ജീര്‍ണതയെയും മറച്ചുപിടിക്കാനാണ് ഇക്കൂട്ടര്‍ വന്‍കിട മാധ്യമ സഹായത്തോടെ അക്രമരാഷ്ട്രീയത്തിനും കൊലപാതകരാഷ്ട്രീയത്തിനും എതിരെ വാചകമടിക്കുന്നത്. ഇന്‍ഫോര്‍മാറ്റിക്സിന്റെയും ടെലിമാറ്റിക്സിന്റെയും ഏറ്റവും ആധുനികമായ സാങ്കേതികതയെ വരെ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള പാതകപൂര്‍ണവും തൊഴിലാളിവര്‍ഗവിരുദ്ധവുമായ ഒരു രാഷ്ട്രീയസംസ്കാരം വളര്‍ത്തുകയാണ് നവമുതലാളിത്തം. സാമ്രാജ്യത്വത്തെയും പുനരുത്ഥാനത്തെയും ഫലപ്രദമായി പ്രതിരോധിക്കാന്‍ പ്രാപ്തമായ സമഗ്രമായൊരു വീക്ഷണവും ഇച്ഛാശക്തിയുമുള്ള ഇടതുപക്ഷ രാഷ്ട്രീയത്തെയും മതേതരശക്തികളെയും തകര്‍ക്കുകവഴി ആഗോള മൂലധനവ്യവസ്ഥക്ക് അതിന്റെ അധിനിവേശം സുഗമമാക്കാമെന്നാണ് പ്രതിവിപ്ലവശക്തികള്‍ കണക്കുകൂട്ടുന്നത്. സാമ്രാജ്യത്വ അധിനിവേശ താല്പര്യങ്ങള്‍ക്കായുള്ള ആഗോളപദ്ധതികളുടെ ഭാഗമാണ് കേരളത്തിലിപ്പോള്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കും വിശിഷ്യ സിപിഐ എമ്മിനുമെതിരെ നടക്കുന്ന ഹീനമായ വലതുപക്ഷ കടന്നാക്രമണങ്ങള്‍. തീര്‍ച്ചയായും ഇതൊരു പുതിയ കാര്യമല്ലെങ്കിലും വര്‍ത്തമാനലോകത്തിലെ ജനസമൂഹങ്ങളുടെ പ്രതിരോധത്തിന്റെയും അതിജീവനത്തിന്റെയും സാമൂഹ്യാവലംബങ്ങളായ പ്രസ്ഥാനങ്ങളെയും രാഷ്ട്രഘടനകളെയുംവരെ ഉന്മൂലനം ചെയ്യുക എന്ന സിഐഎ തന്ത്രത്തിന്റെ പശ്ചാത്തലത്തില്‍ വിപ്ലവശക്തികള്‍ എന്തുവിലകൊടുത്തും ചെറുത്തുതോല്‍പ്പിക്കേണ്ട പ്രതിലോമകരമായൊരു പ്രവണതയാണ് ഇത്.
സാമ്രാജ്യത്വവും അതിന്റെ ദല്ലാളന്മാരായ ബൂര്‍ഷ്വാ രാഷ്ട്രീയ നേതാക്കളും അതിന്റെ നാനാതരത്തിലുള്ള ചോറ്റുപട്ടികളും സിപി ഐ എമ്മിനെതിരെ നടത്തിക്കൊണ്ടിരിക്കുന്ന ഹീനമായ കടന്നാക്രമണങ്ങളെ പ്രതിരോധിക്കുവാന്‍ ഞങ്ങള്‍ ഒറ്റക്കെട്ടാണെന്ന പ്രതിജ്ഞയും പ്രഖ്യാപനവുമായിട്ടുകൂടിയാണ് കേരള രക്ഷാ മാര്‍ച്ചിലെ വന്‍ ജനസാന്നിധ്യമിപ്പോള്‍ സ്വയം വിളംബരം ചെയ്യുന്നത്. അത് എല്ലാ തരത്തിലുമുള്ള പിന്തിരിപ്പന്മാരെയും വിളറിപിടിപ്പിക്കുന്നുണ്ട്. അപവാദപ്രചാരണങ്ങളും നുണക്കഥകളുംകൊണ്ട് തകര്‍ത്തുകളയാവുന്ന, സിബിഐയുടെ ഉണ്ടയില്ലാ വെടിപോലത്തെ ഗൂഢാലോചനക്കഥകള്‍കൊണ്ട് കഥകഴിച്ചുകളയാവുന്ന കാറ്റത്തെ കിളിക്കൂടല്ല കമ്യൂണിസ്റ്റ് പാര്‍ടികളെന്ന് ഒരിക്കല്‍ക്കൂടി കുത്തക മാധ്യമങ്ങളിലെ മക്കാര്‍ത്തിയന്‍ മനഃസ്ഥിതിക്കാരായ പത്രാധിപന്മാരെയും ചാനല്‍ മുതലാളിമാരെയും ഇടതുപക്ഷ കേരളം ഓര്‍മിപ്പിക്കുകയാണ്. വലതുപക്ഷ രാഷ്ട്രീയത്തിനും അവരുടെ കൈയില്‍ കളിക്കുന്ന ഇടതുപക്ഷ വാചകമടിക്കാര്‍ക്കും സ്വീകരണകേന്ദ്രങ്ങളിലെത്തുന്ന ജനസഹസ്രങ്ങള്‍ നിങ്ങളുടെ നുണക്കഥകള്‍ക്ക് അത്രയെളുപ്പം കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ തകര്‍ത്തുകളയാന്‍ കഴിയില്ലെന്ന മുന്നറിയിപ്പ് നല്‍കുകയാണ്. ചരിത്രത്തില്‍ എല്ലാകാലത്തും കമ്യൂണിസ്റ്റുകാരുടെ രക്തത്തിനുവേണ്ടി ദാഹിച്ചുനടന്ന ഭരണവ്യവസ്ഥയുടെ നിഷ്ഠുരതകളോട് ഏറ്റുമുട്ടിക്കൊണ്ടാണ് തൊഴിലാളിവര്‍ഗവും മര്‍ദിത ജനവിഭാഗങ്ങളും മുന്നേറിയിട്ടുള്ളത്.
ഓരോ സ്വീകരണകേന്ദ്രത്തിലും ഒഴുകിയെത്തുന്ന ജനസഹസ്രങ്ങള്‍ കണ്ഠമിടറി വിളിച്ചുപറയുന്നത് ചോരച്ചാലുകള്‍ നീന്തിക്കടന്ന ജനകോടികളുടെ പ്രസ്ഥാനത്തെ തകര്‍ത്തുകളയാമെന്ന് ആരും വ്യാമോഹിക്കേണ്ടതില്ലെന്നാണ്. സ്വീകരണകേന്ദ്രങ്ങളെ മഹാസാഗരമാക്കി മാറ്റുന്ന ജനസഹസ്രങ്ങള്‍ പ്രകടിപ്പിക്കുന്ന കമ്യൂണിസ്റ്റ് സൗഭ്രാത്രവും പാര്‍ടിക്കൂറും തീര്‍ച്ചയായും വര്‍ഗശത്രുക്കള്‍ക്കും വര്‍ഗവഞ്ചകര്‍ക്കുമുള്ള താക്കീതും ഏത് പ്രതികൂലാവസ്ഥയെയും അതിജീവിച്ച് മുന്നോട്ടുപോകാനുള്ള ആഹ്വാനവുമായി മാറുകയാണ്. ഇടതുപക്ഷ അണികള്‍ക്കിടയില്‍ സന്ദിഗ്ധതയും ആശയക്കുഴപ്പവും സൃഷ്ടിച്ച് ജീര്‍ണോന്മുഖവും മൃതപ്രായവുമായിരിക്കുന്ന ഭരണവര്‍ഗ രാഷ്ട്രീയത്തെ രക്ഷിച്ചെടുക്കാമെന്ന് ഒരു വലതുപക്ഷ രാഷ്ട്രീയക്കാരനും പ്രതീക്ഷ വച്ചുപുലര്‍ത്തേണ്ടതില്ലെന്ന അസന്ദിഗ്ധമായ മുന്നറിയിപ്പാണ് പാര്‍ടി പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി പ്രഖ്യാപിക്കുന്നത്. നാടും നഗരവുമുണര്‍ത്തി സ്വീകരണകേന്ദ്രങ്ങളിലേക്കെത്തുന്ന സ്ത്രീപുരുഷന്മാര്‍ ഒരു ശരീരവും മനസ്സുമെന്നപോലെ വിളിച്ചുപറയുന്നത് ആധുനിക കേരള നിര്‍മിതിയുടെ ചരിത്രത്തിലുടനീളം പുരോഗതിയുടെ ചാലകശക്തിയായി വര്‍ത്തിച്ച തൊഴിലാളി കര്‍ഷക വര്‍ഗങ്ങളുടെ മുന്‍നിര പോരാളിയായ പാര്‍ടിയെ തകര്‍ക്കാന്‍ അനുവദിക്കില്ലെന്ന് തന്നെയാണ്. രക്തസാക്ഷിത്വങ്ങളുടെയും രണോത്സുകമായ സമരപോരാട്ടങ്ങളുടെയും ചരിത്രസ്മരണകളെ തൊട്ടുണര്‍ത്തിക്കൊണ്ട് ആപത്തിന്റെ സന്ദര്‍ഭങ്ങളെ ഞങ്ങള്‍ ഒരുമിച്ചുതന്നെ നേരിടുമെന്ന പ്രഖ്യാപനമാണ് അവരുടെ കണ്ഠങ്ങളില്‍നിന്നുയരുന്നത്. ജന്മി നാടുവാഴിത്തത്തിന്റെയും ജാതിവ്യവസ്ഥയുടെയും അന്ധകാരപൂര്‍ണമായ ജീവിതാവസ്ഥയില്‍നിന്നും ഒരു ജനതയെ പുരോഗതിയിലേക്കും പ്രകാശത്തിലേക്കും നയിച്ച പ്രസ്ഥാനത്തെ നെഞ്ചിലേറ്റിയവരുടെ ചരിത്രബോധവും പാര്‍ടിക്കൂറുമാണിവിടെ പ്രതിഫലിക്കുന്നത്.
പോയകാല പോരാട്ടങ്ങളിലൂടെ കേരളമുണ്ടാക്കിയ നേട്ടങ്ങളെ നഷ്ടപ്പെടുത്തിക്കളയുന്ന ആഗോളവല്‍ക്കരണ നയങ്ങളെ ചെറുക്കാന്‍ പാര്‍ടിയെ കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കുമെന്ന നിശ്ചയ ദാര്‍ഢ്യമാണ് ജനസഹസ്രങ്ങള്‍ പ്രകടിപ്പിക്കുന്നത്. ജാഥാസ്വീകരണകേന്ദ്രങ്ങളില്‍ നേതാക്കള്‍ നടത്തുന്ന പ്രസംഗങ്ങളില്‍ നവലിബറല്‍ നയങ്ങളില്‍നിന്ന് കേരളീയസമൂഹം നേടിയ നേട്ടങ്ങളെ എങ്ങനെ സംരക്ഷിക്കാമെന്നും ജനങ്ങളുടെ ജീവിതം എങ്ങനെ മെച്ചപ്പെടുത്താമെന്നുമുള്ള പ്രശ്നങ്ങളെ സംബന്ധിച്ച് ആശയവ്യക്തത നല്‍കുന്നതാണ്. ആഗോളവല്‍ക്കരണനയങ്ങളുടേതായ കേന്ദ്രഘടനക്കകത്തുനിന്നുകൊണ്ട് (അതിന്റെ പരിമിതികള്‍ക്കകത്തുനിന്നുകൊണ്ടുതന്നെ) എങ്ങനെ കേരളത്തിലെ ഉല്‍പ്പാദന ശക്തികളെ വികസിപ്പിക്കാം, തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാം, ഭക്ഷ്യസുരക്ഷ കൈവരിക്കാം, കേരളത്തിന്റെ സവിശേഷമായ വളര്‍ച്ചയുടെ ഘടനാപരമായ ദോഷങ്ങളെ മറികടക്കാന്‍ കഴിയാവുന്ന തരത്തില്‍ ഉല്‍പ്പാദനവര്‍ധനവ് കൈവരിക്കാം, അതിനാവശ്യമായ നിക്ഷേപസൗകര്യവും അന്തര്‍ഘടനാ സൗകര്യവും സൃഷ്ടിക്കാം എന്നെല്ലാമുള്ള കേരളവികസനത്തെ സംബന്ധിച്ച മൗലിക പ്രധാനമായ വിഷയങ്ങള്‍ ലളിതമായിത്തന്നെ വിശദമാക്കുന്നുണ്ട്. പതിനാറാം ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ദേശീയ രാഷ്ട്രീയവും വിലക്കയറ്റവും യുഡിഎഫ് സര്‍ക്കാരിന്റെ ജനദ്രോഹനയങ്ങളും വിശദീകരിക്കുന്ന മൂന്ന് ലഘുലേഖകള്‍ ജാഥാകേന്ദ്രങ്ങളില്‍ വിതരണം ചെയ്യുന്നുണ്ട്. കോര്‍പറേറ്റ് മാധ്യമങ്ങളുടെയും നുണക്കഥകളിലൂടെയും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ തകര്‍ത്തുകളയാന്‍ അച്ചാരം വാങ്ങിയ കപട വിപ്ലവകാരികളുടെയും "നവസാമൂഹ്യപ്രസ്ഥാന"ങ്ങളുടെയും വായാടികളായ ബുദ്ധിജീവികള്‍ വികസനത്തെയും നവലിബറല്‍ നയങ്ങള്‍ക്കെതിരായ സമരങ്ങളെയും സംബന്ധിച്ച് ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്ന കേരളീയ സാഹചര്യത്തില്‍ കേരളരക്ഷാ മാര്‍ച്ച് മുന്നോട്ടുവയ്ക്കുന്ന വികസനത്തെയും സാമൂഹ്യ വിപ്ലവത്തെയുംകുറിച്ചുള്ള നിലപാടുകള്‍ മാര്‍ക്സിസ്റ്റ് സാമൂഹ്യപ്രയോഗങ്ങളെ സംബന്ധിച്ച വ്യക്തവും മൂര്‍ത്തവുമായ സൈദ്ധാന്തിക ധാരണകളുടെ അടിസ്ഥാനത്തിലുള്ളതാണ്. കോണ്‍ഗ്രസിനും ബിജെപിക്കുമെതിരായ ഒരു ജനകീയ ബദലിന്റെ സാധ്യതകളെയാണ് വര്‍ത്തമാന രാഷ്ട്രീയസാഹചര്യങ്ങളെ വിശകലനം ചെയ്തുകൊണ്ട് മാര്‍ച്ച് മുന്നോട്ടുവയ്ക്കുന്നത്. ഫൈനാന്‍സ് മൂലധന വികാസത്തെയും അധിനിവേശത്തെയും സംബന്ധിച്ച് അതിവൈകാരികവും ആത്മനിഷ്ഠവുമായ ധാരണകളാണ് ചരിത്രത്തിലെപ്പോഴും പരിഷ്കരണവാദികളെയും അതിവിപ്ലവകാരികളെയും ഒരുപോലെ സ്വാധീനിച്ചിട്ടുള്ളത്. രണ്ടറ്റങ്ങളില്‍നിന്ന് തിരുത്തല്‍വാദികളും തീവ്രവാദികളും ഒരുപോലെ ഫലപ്രദവും പ്രയോഗക്ഷമവുമായ മൂലധനാധികാരത്തിനെതിരായ സമരങ്ങളെ വഴിതെറ്റിക്കുകയാണ് ചെയ്തിട്ടുള്ളത്. ഭൂപ്രശ്നം മുതല്‍ വ്യവസായവല്‍ക്കരണം വരെയുള്ള കേരള വികസനത്തെ സംബന്ധിച്ച തെറ്റായ ധാരണകള്‍ ബൂര്‍ഷ്വാമൂലധന താല്‍പ്പര്യങ്ങളെത്തന്നെ സഹായിക്കുന്ന രാഷ്ട്രീയ വിവാദങ്ങളായി കലാശിക്കുന്ന സമകാലീന സാഹചര്യത്തില്‍ തൊഴിലാളിവര്‍ഗത്തിന്റെ വികസനവും വിപ്ലവവുമായി ബന്ധപ്പെട്ട വീക്ഷണങ്ങള്‍ക്ക് വ്യക്തത നല്‍കാനും അത് ബഹുജനങ്ങള്‍ക്കിടയില്‍ എത്തിക്കാനും കമ്യൂണിസ്റ്റുകാര്‍ അടിയന്തര പ്രാധാന്യം നല്‍കേണ്ടതുണ്ട്. അത്തരമൊരു തിരിച്ചറിവും പരിശ്രമവുമാണ് സിപിഐ എമ്മിന്റെ രാഷ്ട്രീയ പ്രത്യയശാസ്ത്രനിലപാടുകളെ പ്രസക്തമാക്കുന്നത്.
ജീര്‍ണ മുതലാളിത്തത്തിന്റെ രാഷ്ട്രീയ പ്രതിനിധികളായ കോണ്‍ഗ്രസ്സും ബിജെപിയും എന്തു വൃത്തികേടുകളും തങ്ങളുടെ അതിജീവനത്തിനായി ചെയ്യും. കമ്യൂണിസ്റ്റ് വിരുദ്ധതയുടേതായ അത്തരം മക്കാര്‍ത്തിയന്‍ മുറകളെയെല്ലാം അതിജീവിക്കാന്‍ ഇടതുപക്ഷ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ശേഷിയുണ്ടെന്ന് കേരളരക്ഷാ മാര്‍ച്ച് കടന്നുപോകുന്ന വഴികളും സ്വീകരണകേന്ദ്രങ്ങളും വിളിച്ചറിയിക്കുകയാണ്. സാമ്രാജ്യത്വമൂലധന വ്യവസ്ഥ എന്തുമാത്രം ക്രൂരവും ക്രിമിനലുമായിത്തീരുമെന്നും അതെന്തുമാത്രം കമ്യൂണിസ്റ്റ് വിരുദ്ധമായി മാറുമെന്നുമാണ് ഫാസിസ്റ്റ്നാസി ചരിത്രംതന്നെ രേഖപ്പെടുത്തിയിട്ടുള്ളത്.
ഫൈനാന്‍സ് മൂലധനത്തിന്റെ സ്വേച്ഛാധിപത്യവാഴ്ചയായിരുന്നല്ലോ ഹിറ്റ്ലറിസം. തൊഴിലാളിവര്‍ഗപ്രസ്ഥാനങ്ങളെയും വിപ്ലവങ്ങളെയും മറികടക്കുന്നതിന് പല മുതലാളിത്ത ഭരണകൂടങ്ങളും രൂപപ്പെടുത്തിയ കമ്യൂണിസ്റ്റ് വിരുദ്ധ പദ്ധതികളാണ് ഫാസിസമായി വളര്‍ന്ന് എല്ലാവിഭാഗം ജനങ്ങളെയും വേട്ടയാടിയത്. ഹിറ്റ്ലര്‍ ഒരിക്കല്‍ പറഞ്ഞത് "നാസി പാര്‍ടി പരാജയപ്പെട്ടാല്‍ ജര്‍മനിയിലുണ്ടാകുക പത്ത് ലക്ഷം കമ്യൂണിസ്റ്റുകളായിരിക്കു"മെന്നാണ്. ആഗോള ഫൈനാന്‍സ് മൂലധന ശക്തികളോട് ഹിറ്റ്ലര്‍ സോവിയറ്റ് യൂണിയനെയും കമ്യൂണിസ്റ്റുകാരെയും ഉന്മൂലനം ചെയ്യാന്‍ നാസി പാര്‍ടിയോടൊപ്പം നില്‍ക്കണമെന്നാണ് ആവശ്യപ്പെട്ടത്. ചരിത്രത്തിന്റെ ഈ വിലപ്പെട്ട പാഠങ്ങളെയെല്ലാം വിസ്മരിച്ച് സിപിഐ എമ്മിനും കമ്യൂണിസ്റ്റുകാര്‍ക്കുമെതിരായ അപവാദ കഥകളില്‍ രസിച്ചിരിക്കുന്നവര്‍ ഫൈനാന്‍സ് മൂലധനത്തിന്റെ ഹിംസാത്മക ആധിപത്യം സൃഷ്ടിക്കാന്‍ പോകുന്ന ഭയങ്കരമായ വാര്‍ത്തകള്‍ കേള്‍ക്കാനിരിക്കുന്നതേയുള്ളൂ.
റിലയന്‍സ് ഉള്‍പ്പെടെയുള്ള ഇന്ത്യക്കകത്തും പുറത്തുമുള്ള ഫൈനാന്‍സ് മൂലധനശക്തികള്‍ ഭയപ്പെടുന്നത് കമ്യൂണിസ്റ്റുകാരെയാണ്. ആസന്നമായ പതിനാറാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ സിപിഐ എം നേതൃത്വം നല്‍കുന്ന ഇടതുപക്ഷത്തിന്റെ പ്രാതിനിധ്യവും സാന്നിധ്യവും പാര്‍ലമെന്റില്‍ കുറച്ചെടുക്കാനുള്ള ആസൂത്രിതമായ നീക്കങ്ങളാണ് മൂലധനശക്തികള്‍ നടത്തുന്നത്. ഇന്ത്യയുടെ പരമാധികാരത്തെയും സ്വാതന്ത്ര്യത്തെയും തകര്‍ത്ത് ആധിപത്യം നേടാന്‍ വ്യഗ്രതപ്പെടുന്ന മൂലധനശക്തികളാണ് സിപിഐ എം വിരുദ്ധപ്രചാരവേലയുടെ ആസൂത്രകരും ഏകോപകരും. അവര്‍ക്കെതിരായ അപ്രതിരോധ്യമായ ജനമുന്നേറ്റത്തിന്റെ ഇച്ഛാശക്തിയും പ്രത്യയശാസ്ത്രവും ജനങ്ങളിലേക്ക് സന്ദേശിച്ചുകൊണ്ടാണ് കേരള രക്ഷാമാര്‍ച്ച് ചരിത്രത്തോടും സമൂഹത്തോടുമൊപ്പം പ്രയാണം തുടരുന്നത്.
No comments:
Post a Comment