Monday, 24 March 2014

ഉമ്മന്‍ചാണ്ടിയുടെ മറ്റൊരു കുതിരക്കച്ചവടം

ആര്‍എസ്പി നേതാക്കള്‍ കൊല്ലം പാര്‍ലമെന്റ് സീറ്റില്‍ ആ പാര്‍ടി ഇത്തവണ മത്സരിക്കാന്‍ ആഗ്രഹിക്കുന്നു എന്ന് ഉഭയകക്ഷി ചര്‍ച്ചയില്‍ സിപിഐ എം നേതാക്കളെ അറിയിച്ചപ്പോള്‍ അതില്‍ അവരുടെ പതിവ് ആഗ്രഹപ്രകടനത്തില്‍ കൂടുതലൊന്നും പാര്‍ടി നേതാക്കള്‍ക്ക് കാണാന്‍ കഴിഞ്ഞില്ല. മറ്റ് ഘടകകക്ഷി നേതാക്കളൊന്നും അത്തരം പതിവില്ലാത്ത ഒരു നീക്കം ആര്‍എസ്പി നേതൃത്വത്തിന്റെ ഭാഗത്തുള്ളതായി സൂചിപ്പിച്ചുമില്ല. ഉഭയകക്ഷി ചര്‍ച്ച എല്‍ഡിഎഫ് ചര്‍ച്ചയ്ക്ക് മുന്നോടിയാണ്. അതില്‍ കഴിഞ്ഞ മൂന്നുതവണ സിപിഐ എം മത്സരിച്ച സീറ്റ് കൊടുക്കണമെന്ന് ആര്‍എസ്പി ആവശ്യപ്പെട്ടു. അത്തരം തര്‍ക്കങ്ങള്‍ എല്‍ഡിഎഫില്‍ ചര്‍ച്ചചെയ്യുകയാണ് പതിവ്. ഇത്തവണയും അങ്ങനെ ചെയ്യുമെന്ന് പറഞ്ഞെങ്കിലും, ആര്‍എസ്പി എല്‍ഡിഎഫ് യോഗത്തില്‍ പങ്കെടുത്തില്ല. പകരം അവര്‍ ചെയ്തത് കെപിസിസി പ്രസിഡന്റിനെയും മുന്‍ കെപിസിസി പ്രസിഡണ്ടിനെയും കണ്ട് കൊല്ലം സീറ്റ് ആവശ്യപ്പെടുകയാണ്. അവരാകട്ടെ, കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റ് ആര്‍എസ്പിക്ക് അവര്‍ യുഡിഎഫില്‍ ചേരുന്നപക്ഷം കൊടുക്കാമെന്ന് വാക്കുകൊടുത്തു.


ഇതില്‍നിന്ന് ഒരു കാര്യം വ്യക്തമാണ്. ആര്‍എസ്പി നേതാക്കള്‍ കോണ്‍ഗ്രസിന്റെ സംസ്ഥാനനേതാക്കളുമായും അഖിലേന്ത്യാ നേതൃത്വവുമായിപോലും യുഡിഎഫില്‍ ചേരുന്ന കാര്യവും അതിന്റെ വിലയായി കൊല്ലം പാര്‍ലമെന്റ് സീറ്റ് അവര്‍ക്ക് കൊടുക്കുന്ന കാര്യവും ചര്‍ച്ചചെയ്തിരുന്നു. 2009ലെ തിരഞ്ഞെടുപ്പ് കാലത്ത് എല്‍ഡിഎഫ് വിട്ട് യുഡിഎഫില്‍ കയറിയ എം പി വീരേന്ദ്രകുമാറിന്റെ സോഷ്യലിസ്റ്റ് ജനതാ പാര്‍ടിക്ക് അവര്‍ ആവശ്യപ്പെട്ട സീറ്റുകളില്‍ ഒന്നുപോലും കൊടുക്കാതിരിക്കാന്‍ പറഞ്ഞ ന്യായം സിറ്റിങ് സീറ്റൊന്നും കൊടുക്കരുത് എന്ന പാര്‍ടി ഹൈക്കമാണ്ട് നിര്‍ദേശമുണ്ട് എന്നായിരുന്നു. ആ നിര്‍ദ്ദേശം ആര്‍എസ്പിക്ക് ബാധകമാക്കാതിരിക്കണമെങ്കില്‍, ആര്‍എസ്പി സീറ്റ് ആവശ്യപ്പെട്ട് ചെല്ലുമ്പോള്‍ എല്‍ഡിഎഫ് വിട്ടുചെന്നാല്‍ അത് കൊടുക്കുന്ന കാര്യം പരിഗണിക്കാമെന്ന് കെപിസിസി പ്രസിഡന്റ് വാക്കുകൊടുക്കണമെങ്കില്‍, അവര്‍ തമ്മില്‍ അതിന് എത്രയോ മുമ്പുതന്നെ കൂടിയാലോചനയും വിലപേശലും ആരംഭിച്ചിരുന്നു എന്ന് വ്യക്തം. ആര്‍എസ്പി അഖിലേന്ത്യാതലത്തില്‍ ഇടതുമുന്നണിയുടെ ഭാഗമാണ്. അത് വിടുന്നതായി ആ പാര്‍ടിയുടെ ജനറല്‍സെക്രട്ടറി പറഞ്ഞിട്ടില്ല. പശ്ചിമബംഗാളില്‍ ഇടതുമുന്നണിയുടെ ഭാഗമായി അവര്‍ മൂന്നു സീറ്റില്‍ മത്സരിക്കുകയും ചെയ്യുന്നു. ഇവിടെ എല്‍ഡിഎഫിലെ വിവിധകക്ഷികള്‍ തമ്മില്‍ ഉഭയതല ചര്‍ച്ചയും എല്‍ഡിഎഫ് കൂട്ടായി ചര്‍ച്ചചെയ്ത് അന്തിമ തീരുമാനമെടുക്കലും പൂര്‍ത്തിയാകുംമുമ്പ് സിപിഐ എമ്മുമായി ഉഭയകക്ഷി ചര്‍ച്ച നടത്തിയ ഉടനെ അവര്‍ യുഡിഎഫ് പാളയത്തിലേക്ക് നീങ്ങിയത് യാദൃച്ഛികമായോ പെട്ടെന്നോ ആണെന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല. ആര്‍എസ്പിയുടെ പശ്ചിമബംഗാള്‍ കമ്മിറ്റി സെക്രട്ടറി ക്ഷിതിഗോസ്വാമിയും കേന്ദ്ര നേതൃത്വത്തിലുള്ള അബനിറോയിയും കേരള ഘടകത്തിന്റെ നീക്കത്തെ വിമര്‍ശിച്ചിട്ടുണ്ട്. വാസ്തവത്തില്‍ ആ പാര്‍ടിയുടെ രാഷ്ട്രീയാടിത്തറയെത്തന്നെ ചോദ്യംചെയ്യുകയാണ് കൊല്ലം സീറ്റിനുവേണ്ടി കേരള ആര്‍എസ്പി നേതൃത്വം ചെയ്തത്. അത് അവരുടെ അവസരവാദ നിലപാടിനെ തുറന്നുകാട്ടുന്നു.

ഇവിടെ കൂടുതല്‍ തുറന്നുകാട്ടപ്പെടുന്നത് കോണ്‍ഗ്രസിന്റെ രാഷ്ട്രീയ കാപട്യവും അധാര്‍മികതയുമാണ്. നേരിയ ഭൂരിപക്ഷമാണ് സീറ്റിന്റെ കാര്യത്തില്‍ ഇത്തവണ 2011ല്‍ യുഡിഎഫിനുള്ളത്. വോട്ടിന്റെ കാര്യത്തില്‍ എല്‍ഡിഎഫിനാണ് ആ വോട്ടെടുപ്പില്‍ ഭൂരിപക്ഷം. സീറ്റിന്റെ കാര്യത്തിലുള്ള അസന്ദിഗ്ധാവസ്ഥ തരണംചെയ്യാനായിരുന്നു നെയ്യാറ്റിന്‍കര എംഎല്‍എ സെല്‍വരാജിനെ കാലുമാറ്റി കോണ്‍ഗ്രസിലേക്ക് കൊണ്ടുപോയത്. രണ്ടു സീറ്റുള്ള ഒരു പാര്‍ടിയെ തങ്ങള്‍ ചാക്കിലാക്കി എന്ന് യുഡിഎഫിന്റെ വക്താക്കള്‍ അവകാശപ്പെട്ടിരുന്നു. എന്‍സിപിയെക്കുറിച്ച് തല്‍പരകക്ഷികള്‍ ആ തരത്തില്‍ വാര്‍ത്തകള്‍ പരത്തുകയും ചെയ്തിരുന്നു. ചാക്കുതുറന്നത് അവര്‍ക്കുവേണ്ടിയായിരുന്നില്ല, ആര്‍എസ്പിക്ക് വേണ്ടിയായിരുന്നു എന്ന് ഇപ്പോള്‍ വ്യക്തമായി. ആഗോളവല്‍ക്കരണത്തോടും തൊഴിലാളി ദ്രോഹത്തോടും ജനവഞ്ചനയോടും എന്‍ കെ പ്രേമചന്ദ്രനും കൂട്ടരും പ്രകടിപ്പിച്ചത് പൊറാട്ടുനാടകമാണെന്ന് ഇതോടെ തെളിഞ്ഞു.

ഇത്രയേറെ അഴിമതി, ഇത്രയേറെ കോര്‍പറേറ്റ് പ്രീണനം, ഇത്രയേറെ വിലക്കയറ്റം ഇത്രയേറെ ജനവഞ്ചനയും ജനദ്രോഹവും ചെയ്ത ഒരു കേന്ദ്ര ഗവണ്‍മെന്റ് മുമ്പുണ്ടായിട്ടില്ല. അതിനെ പുറത്താക്കാനും പകരം അധികാരമേല്‍ക്കാന്‍ വെമ്പിനടക്കുന്ന നരേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ള ബിജെപിയെയും വര്‍ഗീയ പരിവാരത്തെയും ഒഴിവാക്കി ജനങ്ങളോട് പ്രതിബദ്ധതയുള്ള മതനിരപേക്ഷജനാധിപത്യ ഗവണ്‍മെന്റ് രൂപീകരിക്കുന്നതിന് ആവശ്യമായ അടിത്തറപാകുന്നതിനും ഇടതുപക്ഷ പാര്‍ടികള്‍ രാഷ്ട്രീയവേദിയില്‍ ശ്രമിച്ചുകൊണ്ടിരിക്കുമ്പോഴാണ് അതിനെ പിന്നില്‍നിന്നു കുത്തുന്നതരത്തില്‍ ആര്‍എസ്പിയുടെ കേരളഘടകം ഏകപക്ഷീയമായി കോണ്‍ഗ്രസ് പാളയത്തില്‍ ചേക്കേറിയത്. അതിനെതിരെ ആ പാര്‍ടിയുടെ പല ഘടകങ്ങളില്‍നിന്നും അണികളില്‍നിന്നും രാഷ്ടീയബോധവും സാമൂഹ്യ പ്രതിബദ്ധതയും വിവേകവുമുള്ള നിരവധിപേര്‍ അണിനിരക്കുന്നതായി കാണുന്നു. അത് ആ പാര്‍ടിയുടെ കേരളഘടകത്തെ ബാധിച്ചിരിക്കുന്ന സ്വാര്‍ഥ താല്‍പര്യത്തോടും സങ്കുചിത മനോഭാവത്തോടും ജനവിരുദ്ധതയോടും വിധേയരല്ലാത്ത പലരും അതില്‍ ഇനിയുമുണ്ട് എന്ന് വെളിവാക്കുന്നു. ആര്‍എസ്പിയില്‍ ഇടതുപക്ഷ രാഷ്ട്രീയത്തിന് ഇനിയും വേരോട്ടമുണ്ട് എന്ന് അത് വിളിച്ചോതുന്നു. കേരളത്തിലെ ആര്‍എസ്പി നേതൃത്വം ചെയ്ത രാഷ്ട്രീയ വഞ്ചന യഥാര്‍ഥത്തില്‍ സിപിഐ എം നേതൃത്വത്തോടല്ല, സിപിഐ എമ്മിനോടുമല്ല; പിന്നെയോ കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനത്തോടാണ്, അതില്‍ വിശ്വാസം അര്‍പ്പിച്ചിട്ടുള്ള ജനസഞ്ചയത്തോടാണ്, കേരളത്തിന്റെ ഇടതുപക്ഷ മനസ്സിനോടാണ്. ഇവിടെ അവസര സമത്വവും സാമൂഹ്യനീതിയും പ്രതീക്ഷിച്ചു നില്‍ക്കുന്ന ജന ലക്ഷങ്ങളെ വഞ്ചിച്ചാണ് അവര്‍ യുഡിഎഫ്പാളയത്തില്‍ ചേക്കേറിയിരിക്കുന്നത്. രാഷ്ട്രീയമായ സത്യസന്ധത ഉണ്ടെങ്കില്‍ അവര്‍ പാളയം മാറുന്നതിനുമുമ്പ്, അതിന്റെ പേരില്‍ ആര്‍എസ്പി നേതാക്കള്‍ പ്രതിഫലങ്ങള്‍ ഏറ്റുവാങ്ങുന്നതിനുമുമ്പ് എല്‍ഡിഎഫിന്റെ മേല്‍വിലാസത്തില്‍ നേടിയെടുത്ത സ്ഥാനമാനങ്ങള്‍ മുഴുവന്‍ ഉപേക്ഷിക്കേണ്ടതായിരുന്നു. യുഡിഎഫിന് നിയമ സഭയില്‍ രണ്ടു സീറ്റ് വര്‍ധിച്ചു എന്നും മറ്റുള്ള പത്രവാര്‍ത്തകള്‍ സൂചിപ്പിക്കുന്നത് അവരും യുഡിഎഫ് നേതൃത്വവും എല്‍ഡിഎഫിന്റെ പേരില്‍ നേടിയെടുത്ത സ്ഥാനമാനങ്ങള്‍ ഉപേക്ഷിക്കാന്‍ തയ്യാറല്ല എന്നാണ്. അതാണ് അവരുടെ നിലപാടെങ്കില്‍, അതിനെക്കാള്‍ നാണംകെട്ടതും അധാര്‍മികവുമായ നില അവര്‍ സ്വീകരിക്കാനില്ല. ഏതെങ്കിലും പാര്‍ടിയോ പാര്‍ടി അംഗമോ രാഷ്ട്രീയമായ അഭിപ്രായവ്യത്യാസത്തിന്റെപേരില്‍ പാര്‍ടിയോ മുന്നണിയോ വിടുന്നത് മനസ്സിലാക്കാം. എന്നാല്‍, സെല്‍വരാജായാലും ആര്‍എസ്പിയായാലും എല്‍ഡിഎഫ് വിട്ട് യുഡിഎഫിലേക്ക് ചേക്കേറിയത് രാഷ്ട്രീയമായ കാരണങ്ങളാലല്ല. മറ്റ് തരത്തിലുള്ള പ്രതിഫലം പ്രതീക്ഷിച്ചും നേടിയുമാണ്. അങ്ങനെ വ്യക്തിയെയും പാര്‍ടിയെയും കാലുമാറ്റത്തിന് പ്രേരിപ്പിക്കുന്ന കോണ്‍ഗ്രസ് നേതൃത്വം തീര്‍ത്തും അധാര്‍മികവും രാഷ്ട്രീയ കുതിരക്കച്ചവടത്തിന്റേതുമായ സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. പീലിപ്പോസ് തോമസും അബ്ദുള്‍ റഹ്മാനും എല്‍ഡിഎഫ് സ്ഥാനാര്‍ഥികളായത് കോണ്‍ഗ്രസിലെ സ്ഥാനമാനങ്ങള്‍ രാജിവെച്ചശേഷമാണ്. അതിനാല്‍ അവരുടെ നടപടിയും ആര്‍എസ്പിയുടെ നടപടിയും തമ്മില്‍ ഒരു സാമ്യവുമില്ല. അവര്‍ കാണിച്ചത് രാഷ്ട്രീയ സത്യസന്ധതയാണ്. ആര്‍എസ്പി കാണിച്ചത് നഗ്നമായ വഞ്ചനയാണ്. സോളാര്‍ കുംഭകോണത്തിനും സലിംരാജിന്റെ ഭൂമി തട്ടിപ്പിനും രക്ഷാധികാരിത്വം വഹിച്ചതിനു സമാനമായ നടപടിയാണ് ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ കൈക്കൊണ്ടിരിക്കുന്നത്.

രാഷ്ട്രീയമായ ധാര്‍മികതയുടെയും സത്യസന്ധതയുടെയും ആള്‍രൂപമാണ് എന്ന് അവകാശപ്പെടുന്ന വി എം സുധീരനാണ് ആര്‍എസ്പിയുമായുള്ള ഈ കുതിരക്കച്ചവടത്തിന് കെപിസിസി പ്രസിഡണ്ട് എന്ന നിലയില്‍ കാര്‍മികത്വം വഹിച്ചത്. അത് അദ്ദേഹത്തിന്റെ ധാര്‍മിക പരിവേഷത്തിന്റെ തനിനിറം വെളിവാക്കുന്നു. ഇത്തവണ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ നിരവധി രാഷ്ട്രീയ നേതാക്കള്‍ അവരുടെ പാര്‍ടിയില്‍നിന്ന് രാജിവെച്ച് കൂടുതല്‍ സുരക്ഷിതമായ ഇടങ്ങള്‍ തേടിപ്പോകുന്ന കാഴ്ചയാണ് വിവിധ സംസ്ഥാനങ്ങളില്‍ കാണപ്പെടുന്നത്. ഏറ്റവും അധികംപേര്‍ ഉപേക്ഷിച്ചത് കോണ്‍ഗ്രസ് പാര്‍ടിയെയാണ്. അധികാരത്തിലേറാന്‍പോകുന്നു എന്ന് സ്വയം അവകാശപ്പെടുന്ന ബിജെപിയില്‍ നിന്നുമുണ്ട് രാജികള്‍. ഇത്തരം കൂടുവിട്ട് കൂടുമാറ്റം താരതമ്യേന ഇല്ലാത്തത് ഇടതുപക്ഷത്താണ്. താരതമ്യേന ആ പകര്‍ച്ചവ്യാധി ഏറ്റവും കുറവ് ബാധിച്ച സംസ്ഥാനമാണ് കേരളം. പക്ഷേ ഇവിടെ പേമെന്റ് സീറ്റിന് അപ്പുറം പേമെന്റ് പാര്‍ടിയുണ്ടായി എന്നതാണ് കേരളത്തിലെ കാലുമാറ്റ കച്ചവടത്തില്‍ ഇത്തവണ കാണാവുന്ന സവിശേഷത.

No comments:

Post a Comment