Thursday, 7 April 2011

'ഓര്‍മയിലൊരു കുല മലരുകളുതിരും കാലം... ഒഴിവുകാലം...'

ഉച്ചഭക്ഷണം പങ്കിട്ടു കഴിച്ച് കൈകഴുകി സ്റ്റാഫ് റൂമിലേക്ക് കയറിയപ്പോള്‍ ആണ്‍കുട്ടികളുടെ ഒരു നീണ്ടനിര. ഒരധ്യാപകന്‍ ക്ളാസധ്യാപികയോട് വിശദീകരണം നടത്തുന്നു.

'ടീച്ചറേ, ഇവന്മാര്‍ ആ ആളൊഴിഞ്ഞ വീടിന്റെ മുന്നിലുള്ള മാവിന് കല്ലെറിയുകയായിരുന്നു.'

തൊണ്ടിമുതല്‍ മാഷ് ഉയര്‍ത്തിക്കാട്ടുകയും ചെയ്തു.

കുട്ടികളെ ഞാനൊന്ന് നോക്കി. അവര്‍ക്ക് മനസ്സാ അഭിവാദ്യങ്ങള്‍ നേര്‍ന്നു. 'അതൊക്കെ കുട്ടികളുടെ അവകാശങ്ങളല്ലേ മാഷേ' എന്ന് പരാതി പറഞ്ഞ അധ്യാപകനോട് പതുക്കെ പറയുകയും ചെയ്തു. ഏതോ വലിയ അപരാധം ചെയ്ത മട്ടില്‍ തലകുനിച്ച് നടന്നുപോകുന്ന കുട്ടികളെ നോക്കിനില്‍ക്കേ ഞാനെന്റെ പഴയ അവധിക്കാലങ്ങള്‍ ഓര്‍ത്തു പോയി.

'ഓര്‍മയിലൊരു കുല മലരുകളുതിരും കാലം... ഒഴിവുകാലം...'

അനധ്യായത്തിന്റെ ദേവതയായ മേടമാസത്തെ വരവേറ്റ് കുടിയിരുത്തിയിരുന്നത് മുറ്റത്തിന്റെ ഓരം ചേര്‍ന്ന് നിര്‍മിക്കുന്ന കളിവീട്ടിലേക്കായിരുന്നു. ദേവീദേവന്മാരുടെ ചിത്രമുള്ള കലണ്ടര്‍ തൂക്കിയിട്ട് അതലങ്കരിച്ചിരിക്കും. ചിരട്ടപ്പാത്രങ്ങളില്‍ 'ഇന്‍സ്റ്റന്റ് ഫുഡ്' റെഡി. ചാണകം തേച്ച നിലത്ത് കൂവയിലയില്‍ വിഭവങ്ങള്‍ നിരത്തി ശാപ്പാട്. ഒരു പിടി അരിയിട്ട് വേവിച്ച ശര്‍ക്കരപ്പായസം ഒരുനുള്ള് എല്ലാ ഇലയിലും. അതുകഴിഞ്ഞാല്‍ പാമ്പിന്‍കാവാണ് അടുത്ത സ്വീകരണകേന്ദ്രം. പഴുത്ത മുള്ളമ്പഴം പാമ്പിന്‍കാവില്‍ സുലഭം. പൊടുണ്ണിമരത്തിന്റെ ഇല കുമ്പിളാക്കി അതില്‍ അവ നിറയ്ക്കും. അതിന്റെ രുചിക്കൊത്ത് വര്‍ത്തമാനം പറച്ചില്‍. പാമ്പിന്‍കാവില്‍ തൂങ്ങിയാടുന്ന വേരുകളും വള്ളികളും അന്ന് വാഹനങ്ങളായിരുന്നു. കാറ്, ബസ്, തീവണ്ടി... അംഗസംഖ്യ അനുസരിച്ച് പേരുമാറുന്ന വാഹനങ്ങള്‍ !. ഒടുവില്‍ വെയില്‍ ചായുമ്പോള്‍ 'നാളെ വരുമ്പോള്‍ പഴുപ്പിച്ച് കൊണ്ടുവരണമെന്ന് പറഞ്ഞ് കളിയായി അടി നല്‍കി ഓടിപ്പോയ ബാല്യം'.

മാവിന്‍ചുന മണക്കുന്ന വേനല്‍ക്കാലം

നാട്ടുമാമ്പഴങ്ങളുടെ ഭിന്നഭിന്നമാം സ്വാദു നുകര്‍ന്ന് ഉച്ചസമയങ്ങളില്‍ അലഞ്ഞു നടന്നിരുന്നത്... പറങ്കിമാങ്ങ തിന്നണമെങ്കില്‍ ഉടുപ്പ് അഴിച്ചിടണം എന്നതാണ് വ്യവസ്ഥ. അല്ലെങ്കില്‍ അതിലൊക്കെ കറയാകും. അമ്മയുടെ നിര്‍ദേശം അനുസരിച്ചല്ലേ പറ്റൂ. എന്നാലും ചിലപ്പോള്‍ അതെല്ലാം മറക്കും. ഈര്‍ക്കിലില്‍ പറങ്കിമാങ്ങ കോര്‍ത്ത് മാലയാക്കി കഴുത്തിലിട്ട് വീട്ടിലെത്തുമ്പോള്‍ അമ്മയുടെ ശകാരം, 'ഇനി ഈ ഉടുപ്പിലെ കറ എങ്ങന്യാ കളയാ..'. ഒരു ദിവസം ഒരു പരീക്ഷണം നടത്തി. പറങ്കിമാങ്ങയുടെ ചാറെടുത്ത് വെളുത്ത ഷെമ്മീസില്‍ ഒരു ഡിസൈന്‍ വരച്ചു. ഏട്ടന്‍ കണ്ടുപിടിച്ചു. പ്രതിക്കൂട്ടില്‍ നിര്‍ത്തി. അമ്മയുടെ വക വിസ്താരം ഒടുവില്‍ അമ്മാമ്മയുടെ ആള്‍ജാമ്യത്തില്‍ രക്ഷ നേടിയ ബാല്യം !.

മറ്റൊന്നാണ് പൂരക്കാഴ്ചകള്‍, വിയര്‍പ്പിന്റെയും അത്തറിന്റെയും നാടന്‍കള്ളിന്റെയും ആനപ്പിണ്ടിയുടെയും സമ്മിശ്രഗന്ധം നിറഞ്ഞ പൂരപ്പറമ്പുകള്‍. കടും നിറത്തിലുള്ള പൂക്കാവടികള്‍ മനസ്സിനുള്ളിലും പുറത്തും ഒരുപോലെ വട്ടംവീശിക്കളിക്കും. ഉയരങ്ങളിലേക്ക് കറങ്ങിപ്പോകുന്ന യന്ത്ര ഊഞ്ഞാലില്‍ കയറി ഗോഷ്ടി കാണിക്കുന്ന ആണ്‍കൂട്ടുകാര്‍, തലയില്‍ കെട്ടിയ നീല റിബണില്‍ തിരുപ്പിടിച്ച് വായും പൊളിച്ച് അത് നോക്കി നിന്നത് ഇന്നലെ ആയിരുന്നില്ലേ! ബലൂണുകളും പീപ്പികളും ചുരുക്കുകയും നിവര്‍ത്തുകയും ചെയ്യാന്‍ പറ്റുന്ന പൂവിശറിയും വാങ്ങി പുഴകടന്ന് പോയ ബാല്യം.

'പ്രാവുകള്‍ വിരുന്നുണ്ടൊരു പാടത്തോവുമുണ്ടകന്‍ കുറ്റികള്‍ കൂട്ടി തീയിടുന്നതിന്റെ തീക്ഷ്ണമാം ഗന്ധം വായുമണ്ഡലം വാട്ടിപ്പരക്കേ'

വൈലോപ്പിള്ളി വരച്ചിട്ട വേനല്‍പ്പാടം. അവിടെ കുട്ടിയും കോലും കളിക്കുന്ന കൂട്ടുകാരുടെ കോലാഹലം. ഇന്നത്തെ ക്രിക്കറ്റിന്റെ പ്രാചീനരൂപം. 'കല്ലുകളി'യില്‍ കടം പെരുകുമ്പോള്‍ അതു വീട്ടുന്നത് കൈവണ്ണയില്‍ അടികള്‍ വാങ്ങിക്കൊണ്ടാണ്. അതിന്റെ തിണര്‍പ്പ് മനസ്സിന്റെ ഭിത്തിയില്‍ കോറിയിട്ടുകൊണ്ട് കൊത്തങ്കല്ലാടിപ്പോയ ബാല്യം!

വിഷുക്കൈനീട്ടമായി കിട്ടുന്ന ചില്ലറകള്‍ നിരത്തിവച്ച് എണ്ണിത്തിട്ടപ്പെടുത്തി സിനിമ കാണാന്‍ പോയിരുന്നത്, 60 പൈസ ടിക്കറ്റെടുത്ത് ഏറ്റവും മുന്നിലെ ബഞ്ചില്‍ ഞെളിഞ്ഞിരുന്ന് സിനിമ കണ്ട് പുറത്തിറങ്ങുമ്പോള്‍ ലോകം കീഴടക്കിയ ഭാവവുമായി അഹങ്കരിച്ച ബാല്യം!

അമ്മയോടൊപ്പം തൊട്ടടുത്ത അമ്പലത്തില്‍ കഥകളി കാണാന്‍ പോയിരുന്നത്.. ഇടയ്ക്ക് ഉറങ്ങിപ്പോകും, ഒരു ദിവസം ഭയങ്കരമായ അലര്‍ച്ച കേട്ട് ഞെട്ടിയുണര്‍ന്നപ്പോള്‍ അമ്പരന്നു പോയി. ബാലരമയില്‍ മഴപ്പാട്ടിന്റെ ഒപ്പമുണ്ടായിരുന്ന ചിത്രംപോലെയാണ് അവസ്ഥ. ഇടിയുടെ ശബ്ദം കേട്ട് ഒരു വലിയ കൂണിന്റെ ചുവട്ടില്‍ പതുങ്ങിയിരിക്കുന്ന തവളയെപ്പോലെ ഞാന്‍. കാണികള്‍ക്കിടയിലേക്കിറങ്ങി യുദ്ധം ചെയ്യുന്ന കഥകളിവേഷക്കാരന്റെ വസ്ത്രത്തിനടിയിലാണ് ഞാനെന്ന യാഥാര്‍ഥ്യം മനസ്സിലാക്കാന്‍ സമയമെടുത്തു.

പിന്നീട് മുതിര്‍ന്നപ്പോള്‍ പാമ്പിന്‍കാവിലേക്കുള്ള പ്രവേശനം ആദ്യം തടയപ്പെട്ടു. നിരോധിത മേഖലകളുടെ എണ്ണം കൂടിവന്നു. എന്നാലും ഇപ്പോഴും അതെല്ലാം കടുത്ത വര്‍ണങ്ങളില്‍ത്തന്നെ മനസ്സിന്റെ മോണിറ്ററില്‍ തിളങ്ങി നില്‍ക്കുന്നു. ഒരു വൈറസും കാര്‍ന്നുതിന്നാതെ! കൂട്ടത്തില്‍ ഒരു ചോദ്യം... വേനലവധികളുടെ മണവും മധുരവും അന്യമായി പ്പോകുന്ന ഇന്നത്തെ ബാല്യത്തോട്...

'പരീക്ഷകളില്‍നിന്ന് പരീക്ഷകളിലേക്കും ഒടുവില്‍ പരീക്ഷണങ്ങള്‍ക്കും ഇരയാക്കപ്പെടുന്ന നിന്നോട് ഞാനെന്തോതേണ്ടൂ...'

@@@
കെ എം നിമ്മി

No comments:

Post a Comment