നവ ഉദാരവല്‍ക്കരണ സാമ്പത്തികനയത്തിന്റെ പിന്തിരിപ്പനും അതീവ അപകടകരവുമായ മാനിഫെസ്റോയാണ് യുഡിഎഫിന്റെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രകടനപത്രിക. ഇത് കേരളത്തെ തകര്‍ക്കുന്നതും ജനങ്ങളെ പാപ്പരീകരിക്കുന്നതുമാണ്. ഒരുരൂപ അരി തുടങ്ങിയ നിര്‍ദേശങ്ങള്‍ വലിയ ചതിയെ പൊതിയാനുള്ള വര്‍ണക്കടലാസ് മാത്രമാണ്. 1991ല്‍ നരസിംഹറാവുവിന്റെ നേതൃത്വത്തിലുള്ള കോഗ്രസ് സര്‍ക്കാര്‍ നടപ്പാക്കിയ പുത്തന്‍ സാമ്പത്തികനയത്തിന്റെ ഫലമായി കാര്‍ഷിക, വ്യാവസായിക രംഗങ്ങളിലടക്കം ദോഷകരമായ പ്രത്യാഘാതമുണ്ടായി. ഈ നയം ഇന്നത്തെ കാലത്ത് ഏറ്റവും വഷളായ രൂപത്തില്‍ ശക്തമായും വ്യാപകമായും നടപ്പാക്കുകയാണ് മന്‍മോഹന്‍സിങ് നയിക്കുന്ന രണ്ടാം യുപിഎ സര്‍ക്കാര്‍. ഇതിന് ബദലായ സാമ്പത്തികനയവും പരിപാടിയുമാണ് അഞ്ചാണ്ടിലായി കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയത്. അതുകൊണ്ടാണ് ഇന്ത്യയില്‍ വ്യാപകമായി കണ്ട കാര്‍ഷികപ്രതിസന്ധിയും കെടുതിയും കര്‍ഷക ആത്മഹത്യയും കേരളത്തില്‍ പൊതുവില്‍ ഒഴിവായത്. വയനാട്ടിലടക്കം കര്‍ഷക ആത്മഹത്യയും പട്ടിണിമരണവും ഉണ്ടാകാത്തത് കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികള്‍ കൊണ്ടാണെന്ന അവകാശവാദം കേന്ദ്ര പ്രതിരോധമന്ത്രി എ കെ ആന്റണി നടത്തിയതായി കണ്ടു. ഇത് വസ്തുതയ്ക്ക് നിരക്കുന്നതല്ല. വിദര്‍ഭയുള്‍പ്പെടെ ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിലും ഒട്ടുമിക്ക സംസ്ഥാനങ്ങളിലും കര്‍ഷക ആത്മഹത്യ കുറയുകയല്ല കൂടുകയാണ് ചെയ്തത്. കേന്ദ്രത്തിലും സംസ്ഥാനത്തിലും ഒരേ കക്ഷി സര്‍ക്കാര്‍ ഭരിച്ചാല്‍ നേട്ടമുണ്ടാകുമെന്ന ആന്റണിയുടെ സങ്കല്‍പ്പത്തിന് നിരക്കാത്തതാണ് വിദര്‍ഭ അനുഭവവും കേരള കാഴ്ചകളും. മഹാരാഷ്ട്ര, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം കോഗ്രസോ കോഗ്രസ് മുന്നണിയോ ആണ് ഭരിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ പുത്തന്‍ കാര്‍ഷിക-വ്യവസായ നയത്തിന്റെ ദോഷകരമായ പ്രത്യാഘാതങ്ങളില്‍നിന്ന് കര്‍ഷകജനവിഭാഗങ്ങളെയും വ്യവസായത്തൊഴിലാളികളെയും പരമ്പരാഗത തൊഴിലാളികളെയും സംരക്ഷിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാരിന് കഴിഞ്ഞു. അതുപോലെ വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിലും മികച്ച നേട്ടങ്ങളുണ്ടാക്കി. എന്നാല്‍, ഇതിനെയെല്ലാം തകര്‍ക്കുകയും കേരളത്തിലെ കാര്‍ഷിക, വ്യവസായ, സേവനമേഖലകളെ വീണ്ടും കടുത്ത പ്രതിസന്ധിയില്‍ ആഴ്ത്താനുള്ള നവ ഉദാരവല്‍ക്കരണ സാമ്പത്തികനയം നാടിനുമേല്‍ അടിച്ചേല്‍പ്പിക്കാനുള്ളതാണ് യുഡിഎഫ് പ്രകടനപത്രിക. ഇത് നടപ്പാക്കാന്‍ ജനങ്ങള്‍ യുഡിഎഫിന് അവസരം കൊടുത്താല്‍ ഇതുവരെ കാണാത്തത്ര കടുത്തതും സര്‍വതലസ്പര്‍ശിയുമായ അത്യഗാധ പ്രതിസന്ധിയുടെ ഗര്‍ത്തത്തില്‍ സംസ്ഥാനം വീഴും. യുപിഎ സര്‍ക്കാര്‍ തുടര്‍ന്നുവരുന്ന നവ ഉദാരവല്‍ക്കരണ സാമ്പത്തികനയം പകര്‍ത്തിയതു കാരണം കാര്‍ഷിക, വ്യാവസായിക മേഖലകളില്‍ വലിയ തകര്‍ച്ചയിലായിരുന്നു 2006 വരെ കേരളം. സാമൂഹ്യമേഖലയായ വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളും വലിയ കുഴപ്പത്തിലായിരുന്നു. ക്ഷേമപെന്‍ഷന്‍ ഉള്‍പ്പെടെ കുടിശ്ശികയാക്കി. പൊതുവിതരണ സമ്പ്രദായം തകര്‍ത്ത് വിലക്കയറ്റം അനിയന്ത്രിതമാക്കി. ഈ കോട്ടങ്ങള്‍ മറികടന്ന് നാടിനെ ഐശ്വര്യത്തിലേക്ക് എല്‍ഡിഎഫ് സര്‍ക്കാര്‍ നയിച്ചത് കേന്ദ്രസര്‍ക്കാരിന്റെ നവ ഉദാരവല്‍ക്കരണ സാമ്പത്തിക നയത്തിന് ബദല്‍ അവതരിപ്പിച്ചുകൊണ്ടാണ്. അതും ഭരണഘടനയുടെയും കേന്ദ്രസര്‍ക്കാരിന്റെ നയസമീപനത്തിന്റെയും പരിധികളും വിഭവസമൃദ്ധിയുടെ കുറവിനെയും അതിജീവിച്ചാണ്. യുഡിഎഫ് പ്രകടനപത്രിക നിര്‍ദേശിക്കുന്നത് കോര്‍പറേറ്റ് കൃഷിയും കരാര്‍ കൃഷിയുമാണ്. കൃഷിയെ രക്ഷിക്കാന്‍ കൃഷിഭൂമി ആര്‍ക്കും കൈമാറാമെന്നും കൃഷിഭൂമിയില്‍ കൃഷിചെയ്യാന്‍ മറ്റുള്ളവരെ അനുവദിക്കാമെന്നുമാണ് പറയുന്നത്. ഇതിനുവേണ്ടി നിയമസുരക്ഷിതത്വവും നല്‍കും. കൃഷിഭൂമിയെ ആശ്രയിച്ച് ജീവിക്കുന്ന പാവപ്പെട്ടവരെയും കര്‍ഷകരെയും പുറത്താക്കി ഭൂമിയും കൃഷിയും കോര്‍പറേറ്റുകള്‍ക്ക് കൈമാറുന്നതിനുള്ള അപകടകരമായ നിര്‍ദേശമാണ് യുഡിഎഫിന്റേത്. കര്‍ഷകനെയും കൃഷിഭൂമിയെയും കേന്ദ്രസ്ഥാനത്തുനിര്‍ത്തി കാര്‍ഷികമേഖലയെ രക്ഷിക്കാനാണ് കേരളസര്‍ക്കാര്‍ പരിശ്രമിച്ചത്. അതിന്റെ ഫലമായി നെല്‍കൃഷി വ്യാപിക്കുകയും ഉല്‍പ്പാദനവും വന്‍തോതില്‍ കൂടുകയും ചെയ്തു. പാല്‍, മുട്ട, മത്സ്യസമ്പത്ത് എന്നിവയുടെ ഉല്‍പ്പാദനവും വര്‍ധിച്ചു. എന്നാല്‍, ഈ മുന്നേറ്റത്തെ തകിടംമറിക്കുന്ന നവ ഉദാരവല്‍ക്കരണ സാമ്പത്തികനയത്തില്‍ അധിഷ്ഠിതമാണ് യുഡിഎഫ് പ്രകടനപത്രിക. പൊതുമേഖലാ യൂണിറ്റുകളുടെ ഉടമസ്ഥാവകാശം പൊതുജനങ്ങളില്‍ അധിഷ്ഠിതമാക്കുന്ന ചട്ടങ്ങള്‍ക്ക് രൂപംനല്‍കുമെന്ന യുഡിഎഫ് പ്രകടനപത്രികയിലെ നിര്‍ദേശം ഏറ്റവും അപകടകരമാണ്. കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന സ്വകാര്യവല്‍ക്കരണം മറയിട്ടു നടപ്പാക്കാനുള്ള ഉപായമാണ് ഇത്. ഉടമസ്ഥാവകാശം പൊതുജനങ്ങള്‍ക്ക് നല്‍കുമെന്നത് സ്വകാര്യവല്‍ക്കരണത്തിനുള്ള 'സംസ്കൃത'മാണ്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 44 പൊതുമേഖലാ വ്യവസായസ്ഥാപനങ്ങള്‍ വലിയ നഷ്ടത്തിലായിരുന്നു. എന്നാല്‍, സ്വകാര്യവല്‍ക്കരണ പാത സ്വീകരിക്കാതെ എല്‍ഡിഎഫ് സര്‍ക്കാര്‍ പൊതുമേഖലയെ ശക്തിപ്പെടുത്തിയപ്പോള്‍ വ്യവസായസ്ഥാപനങ്ങളെ ലാഭത്തിലാക്കാനും പൊതുമേഖലയില്‍ പുതിയ സ്ഥാപനങ്ങള്‍ ആരംഭിക്കാനും കഴിഞ്ഞു. പശ്ചാത്തലവികസനരംഗവും ബഹുരാഷ്ട്ര കുത്തകകള്‍ക്കും കോര്‍പറേറ്റുകള്‍ക്കും തുറന്നുകൊടുക്കുന്നതാണ് യുഡിഎഫിന്റെ മറ്റൊരു നിര്‍ദേശം. സ്വകാര്യമേഖലയ്ക്കു പുറമെ വിദേശ കുത്തകകള്‍ക്കുകൂടി വിദ്യാഭ്യാസത്തെ എറിഞ്ഞുകൊടുക്കുന്നതാണ് മറ്റൊരു അപകടകരമായ നയം. കേരളം ഇന്ന് ആര്‍ജിച്ച നേട്ടങ്ങള്‍ക്കു പിന്നില്‍ വിദ്യാഭ്യാസമുള്ള ജനത എന്ന ഘടകം പ്രധാനമാണ്. പാവപ്പെട്ടവരെ ഇതിന് പ്രാപ്തരാക്കിയത് ഒന്നാം കമ്യൂണിസ്റ് മന്ത്രിസഭയുടെ കാലംമുതല്‍ നടപ്പാക്കിയ ജനകീയ വിദ്യാഭ്യാസനയമാണ്. പൊതുവിദ്യാലയങ്ങളെയും സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും തകര്‍ത്ത് അവിടേക്കുപോലും പ്രൈവറ്റ് സ്പോസര്‍ഷിപ്പ് നല്‍കുന്നതിനുള്ള നിര്‍ദേശവും യുഡിഎഫ് ഉന്നയിച്ചിട്ടുണ്ട്. പ്രൊഫഷണല്‍ സ്ഥാപനങ്ങളില്‍ ഗുണനിലവാരം മെച്ചപ്പെടുത്താന്‍ വിദേശ-സ്വദേശ ഏജന്‍സികള്‍ക്ക് കടന്നുവരുന്നതിനുള്ള അനുമതി നല്‍കാനുള്ള നിര്‍ദേശം സദുദ്ദേശ്യപരമല്ല. നേഴ്സിങ്, എന്‍ജിനിയറിങ്, മെഡിക്കല്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് അനുവദിക്കുമെന്നത് ഈ വിഭാഗങ്ങളോടുള്ള കൂറല്ല, ഇവരുടെ പേരില്‍ വിദ്യാഭ്യാസക്കച്ചവടം നടപ്പാക്കുന്നതിനുള്ള അഭ്യാസമാണ്. ആരോഗ്യരംഗം, വിദ്യാഭ്യാസം എന്നിവ സ്വകാര്യമേഖലയ്ക്കായി അടിയറവയ്ക്കുകയാണ് യുഡിഎഫ്. ടൂറിസംമേഖല അന്താരാഷ്ട്ര ഭീമന്മാര്‍ക്കും കോര്‍പറേറ്റുകള്‍ക്കും തുറന്നുകൊടുക്കാനുള്ള നിര്‍ദേശം നടപ്പാക്കിയാല്‍ കേരളത്തിന്റെ സാംസ്കാരികവും സാമ്പത്തികവുമായ അവസ്ഥ മോശമാകുമെന്ന കാര്യം ഉറപ്പാണ്. ബിപിഎല്‍, എപിഎല്‍ നിര്‍ണയത്തെച്ചൊല്ലി കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും തമ്മില്‍ നിരന്തരമായി ഏറ്റുമുട്ടലുകള്‍ തുടരുകയാണ്. എല്‍ഡിഎഫ് മുന്നോട്ടുവെക്കുന്നതില്‍ നിന്ന് തീര്‍ത്തും വിഭിന്നമായി 11 ലക്ഷം എന്ന അംഗസംഖ്യയില്‍ ദരിദ്രവിഭാഗങ്ങളെ ഉള്‍പ്പെടുത്തുന്നതിനുള്ള തെറ്റായ മാനദണ്ഡമാണ് യുഡിഎഫ് മുന്നോട്ടുവെക്കുന്നത്. ഇങ്ങനെ ഏതുവിധത്തില്‍ നോക്കിയാലും കേരളത്തിന്റെ താല്‍പ്പര്യങ്ങളെ മുച്ചൂടും തകര്‍ക്കുന്നതാണ് യുഡിഎഫ് പ്രകടനപത്രിക.
എസ് രാമചന്ദ്രന്‍ പിള്ള
എസ് രാമചന്ദ്രന്‍ പിള്ള
No comments:
Post a Comment