പതിറ്റാണ്ടുകളായി ഇന്ത്യയിലും വിദേശത്തും ലക്ഷക്കണക്കിന് ആരാധകരെ ആകര്‍ഷിച്ച് ദിവ്യപരിവേഷത്തോടെ വാണിരുന്ന സത്യസായി ബാബ ചരിത്രസ്മരണയായി. ക്ലീന്‍ ഷേവ് ചെയ്ത മുഖവും ഒതുക്കാന്‍ നിവൃത്തിയില്ലാതെ എഴുന്നുനില്‍ക്കുന്ന ചികുരഭാരവും തറച്ചിറങ്ങുന്ന നോട്ടവും കഴുത്തുമുതല്‍ കണങ്കാല്‍ വരെ ഒഴുകിക്കിടക്കുന്ന ളോഹയും ആരാധകരുടെ ഹരമായിരുന്നു. മറ്റ് ആള്‍ദൈവങ്ങളായ രജനീഷ്, ചന്ദ്രസ്വാമി, ധീരേന്ദ്ര ബ്രഹ്മചാരി തുടങ്ങിയവരില്‍ നിന്ന് വ്യത്യസ്തനായിരുന്നു സായിബാബ. പ്രധാനമന്ത്രിയായിരുന്ന നരസിംഹറാവുവിന്റെ ഉപദേഷ്ടാവും ആരാധനാപാത്രവുമായിരുന്ന ചന്ദ്രസ്വാമി സ്വാര്‍ഥിയായ തട്ടിപ്പുകാരനും ക്രിമിനലുമായിരുന്നുവെന്ന് പിന്നീട് തെളിഞ്ഞു. രജനീഷ് ആകട്ടെ അമേരിക്കയില്‍ ആശ്രമം സ്ഥാപിച്ച് ആരാധകരില്‍ നിന്ന് വന്‍സംഭാവന വാങ്ങി നികുതി വെട്ടിപ്പും അസന്‍മാര്‍ഗിക ജീവിതവും നയിച്ചതിന് നാടുകടത്തപ്പെട്ട് ഇന്ത്യയിലെത്തി സമാധിയായി. ധീരേന്ദ്ര ബ്രഹ്മചാരി ഡല്‍ഹിയിലെ ഭരണവൃത്തങ്ങളുടെയും പ്രമാണിമാരുടെയും ഉറ്റതോഴനായി ധാരാളം പണം സമ്പാദിച്ചു. വിമാനങ്ങളും കൊട്ടാരസദൃശ്യമായ ആശ്രമങ്ങളും ഉണ്ടായിരുന്ന ബ്രഹ്മചാരി വിമാനാപകടത്തില്‍ മരിച്ചു. ഇത്തരത്തിലുള്ള ദോഷങ്ങളൊന്നും സായിബാബയെപ്പറ്റി പറയാനില്ല. എന്നാല്‍ ആരാധകരെ കബളിപ്പിക്കുന്ന ഒരു സൂത്രം അദ്ദേഹം പ്രയോഗിക്കാറുണ്ട്. ആകാശത്തുനിന്ന് ഭസ്മം എടുക്കുക, കണ്ണടച്ച് ജപിച്ചുകൊണ്ട് സ്വര്‍ണഭാരങ്ങളും മറ്റു വിലപിടിച്ച സാധനങ്ങളും എടുക്കുക, എന്നിട്ട് ആരാധകര്‍ക്ക് എറിഞ്ഞുകൊടുക്കുക തുടങ്ങിയ മാജിക് അഥവാ കണ്‍കെട്ട് വിദ്യ അദ്ദേഹം പ്രയോഗിച്ചിരുന്നു. കേരളത്തില്‍ ഒരു മന്ത്രിയായിരുന്ന ബി വെല്ലിങ്ടണ് ആകാശത്തുനിന്ന് ഒരു പവന്‍ എടുത്തുകൊടുത്തതോടെ അദ്ദേഹം അന്ധാളിക്കുകയും ബാബയുടെ ആരാധകനായി മാറുകയും ചെയ്തത് പ്രസിദ്ധമാണല്ലോ. ഏതു മജീഷ്യനും ഇതും ഇതിലപ്പുറവും ചെയ്യാന്‍ കഴിയുമെന്ന് ജനങ്ങള്‍ പറഞ്ഞുതുടങ്ങിയപ്പോള്‍ ബാബ ഈ ഏര്‍പ്പാട് വേണ്ടെന്നുവച്ചു. സത്യസായി ബാബയുടെ ആദരണീയമായ ഒരു നിലപാട് സര്‍വമത സമഭാവനയാണ്. ഹിന്ദുക്കളുടെ 'ഓം" മുസ്ലിംകളുടെ 'ചന്ദ്രിക" ക്രിസ്ത്യാനികളുടെ 'കുരിശ്" എന്നിവ പുട്ടപര്‍ത്തിയിലെ ആശ്രമത്തിന്റെ കവാടത്തില്‍ വരച്ചുവെച്ചിരിക്കുന്നത് കാണാം. ഒരുപക്ഷേ ബാബയുടെ ജനനം സംബന്ധിച്ച 'മിത്തു"മായി ബന്ധപ്പെട്ടതാകാം ഈ നിലപാട്. അഹമ്മദാബാദില്‍ ജീവിച്ചിരുന്ന ഒരു വിശുദ്ധനാണ് ഷിര്‍ദിസായി ബാബ. അദ്ദേഹം മുസ്ലിമായിരുന്നു. അദ്ദേഹം സമാധിയായതിനെ തുടര്‍ന്ന് പുനരവതരിച്ചതാണ് സത്യസായി ബാബ എന്നതാണ് ഈ മിത്ത്. ബാബറി മസ്ജിദ് തകര്‍ത്ത ആര്‍എസ്എസ് മതഭ്രാന്തിനെ ബാബ അപലപിക്കുകയുണ്ടായി. ആര്‍എസ്എസിനെയോ മറ്റ് വര്‍ഗീയ വാദികളെയോ പുട്ടപര്‍ത്തിയിലേക്ക് അടുപ്പിക്കാറില്ല. ഈ വിലക്ക് മുസ്ലിം മതഭ്രാന്തന്‍മാര്‍ക്കും ബാധകമാണ്. എങ്കിലും ബാബയുടെ ഉപദേശം ശ്രദ്ധയോടെ വായിച്ചാല്‍ ഹിന്ദുമതമാണ് അദ്ദേഹത്തിന്റെ മുഖ്യപ്രചോദനം എന്നുകാണാന്‍ വിഷമമില്ല. സത്യസായിബാബയ്ക്ക് കോടിക്കണക്കിന് രൂപയുടെ സമ്പത്തുണ്ട്. കന്നുകാലികളെ വളര്‍ത്തുക, കൃഷി തുടങ്ങിയവയിലൂടെ ഈ സമ്പത്ത് വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ഇതിനോടൊപ്പം സാമൂഹ്യസേവനങ്ങളും നടത്തിവരുന്നു. സകല സജ്ജീകരണങ്ങളോടും കൂടിയ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രി പുട്ടപര്‍ത്തിയിലുണ്ട്. ഹൃദയശസ്ത്രക്രിയ ഉള്‍പ്പെടെ എല്ലാ ചികിത്സയും അവിടെ സൗജന്യമാണ്. ബാബയുടെ സാമൂഹ്യ സേവനങ്ങള്‍ പുട്ടപര്‍ത്തിയില്‍ മാത്രം ഒതുങ്ങുന്നില്ല. മറ്റ് പലയിടത്തും ബാബയുടെ ആരാധകര്‍ സാമൂഹ്യ സേവനം നടത്തുന്നുണ്ട്്. മഹാകവി കുമാരനാശാനുമായി ബന്ധപ്പെട്ട തോന്നയ്ക്കല്‍ ഒരുദാഹരണമാണ്. അവിടെ ആനന്ദകുമാര്‍ എന്ന സായി ഭക്തന്റെ നേതൃത്വത്തില്‍ നടത്തുന്ന സായി ഗ്രാമത്തില്‍ അനാഥര്‍ക്കും വികലാംഗര്‍ക്കും ചിത്തഭ്രമം പിടിപെട്ടവര്‍ക്കും നോക്കാനാരുമില്ലാത്ത വൃദ്ധര്‍ക്കും തെരുവു കുട്ടികള്‍ക്കും അഭയം നല്‍കുന്നു. തൊഴിലെടുക്കാന്‍ കഴിയുന്നവര്‍ക്ക് തൊഴില്‍ പരിശീലനം നല്‍കുന്നു. ഇവയൊക്കെ വളരെ പ്രശംസാര്‍ഹം തന്നെ. എന്നാല്‍ ആള്‍ദൈവത്തിന്റെ പരിവേഷം ജനങ്ങളെ അന്ധവിശ്വാസത്തിലേക്കാണ് നയിക്കുക. അതുകൊണ്ട് സായിബാബയുടെ സേവനങ്ങളെയും മതനിരപേക്ഷതയെയും ആദരിക്കുമ്പോഴും ദിവ്യനാട്യങ്ങള്‍ കണ്ടില്ലെന്ന് നടിക്കാന്‍ ഉദ്ബുദ്ധ സമൂഹത്തിന് കഴിയില്ല.
സന്നദ്ധസേവനങ്ങളുടെ ആത്മീയാചാര്യന്‍
പുട്ടപര്‍ത്തി മൂന്ന് ദശകങ്ങള്‍ക്കുമുമ്പുവരെ വെള്ളവും വെളിച്ചവുമില്ലാത്ത ആന്ധ്രപ്രദേശിലെ കുഗ്രാമം. ഇന്ന് പുട്ടപര്‍ത്തി രാജ്യത്തെതന്നെ ഏറ്റവും വലിയ ആധുനിക പട്ടണം. വിമാനത്താവളം, സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രി, യൂണിവേഴ്സിറ്റി, വിദ്യാഭ്യാസസ്ഥാപനങ്ങള്‍, റെയില്‍വേസ്റ്റേഷന്‍, അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റേഡിയങ്ങള്‍ തുടങ്ങി എല്ലാ സൗകര്യങ്ങളുമുള്ള മെട്രോ നഗരമായി മാറിയ പുട്ടപര്‍ത്തിയുടെ വളര്‍ച്ചയ്ക്ക് പിന്നില്‍ സത്യസായി ബാബയായിരുന്നു. ഒപ്പം എല്ലാത്തിനും കൂട്ടായി പ്രശാന്തി നിലയമെന്ന ആശ്രമവും. പൊതുവികസനം ലക്ഷ്യമാക്കിയായിരുന്നു സത്യസായി സംഘടനകളുടെ പ്രവര്‍ത്തനം. വിദേശത്തും സ്വദേശത്തുമായി വിദ്യാഭ്യാസം, ആതുരശുശ്രൂഷ, ഗ്രാമവികസനം തുടങ്ങി നിരവധി മേഖലകളില്‍ സന്നദ്ധപ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. പുട്ടപര്‍ത്തിയില്‍ സൗജന്യ ആശുപത്രി നിര്‍മിച്ചായിരുന്നു സേവനങ്ങള്‍ക്ക് തുടക്കം.സത്യസായി സെന്‍ട്രല്‍ ട്രസ്റ്റ് നാലു ആശുപത്രികള്‍ നടത്തുന്നു. പുട്ടപര്‍ത്തിയിലെ ജനറല്‍ ആശുപത്രി, ശ്രീ സത്യസായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹയര്‍ മെഡിക്കല്‍ സയന്‍സ്, ബംഗളൂരു വൈറ്റ്ഫീല്‍ഡിലെ ജനറല്‍ ആശുപത്രി, വൈറ്റ്ഫീല്‍ഡിലെ സത്യസായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹയര്‍ മെഡിക്കല്‍ സയന്‍സ് എന്നിവ.
രണ്ട് സൂപ്പര്‍സ്പെഷ്യാലിറ്റി ആശുപത്രിയിലുമായി 14 ലക്ഷത്തിലധികം പേര്‍ക്ക് ഹൃദയസംബന്ധമായ വിദഗ്ധ ചികിത്സ ലഭിച്ചു. നേത്രരോഗചികിത്സ നടത്തിയവര്‍ അഞ്ചുലക്ഷത്തിലധികമാണ്. അസ്ഥിരോഗചികിത്സ ലഭിച്ചവര്‍ ഒരുലക്ഷത്തിലധികം. 50,000ത്തിലധികം പേര്‍ക്ക് ഹൃദയശസ്ത്രക്രിയകള്‍ നടത്തിയിട്ടുണ്ട്. ഇവിടങ്ങളിലെല്ലാം തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ചികിത്സ സൗജന്യമാണ്. കൂടാതെ ചേരിപ്രദേശങ്ങളിലും ഗ്രാമങ്ങളിലും സത്യസായി ട്രസ്റ്റിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ക്യാമ്പുകളും നടത്തുന്നു. അനന്തപൂര്‍ ജില്ലയില്‍ എഴുനൂറ്റിമുപ്പതോളം ഗ്രാമങ്ങള്‍ക്കു കുടിവെള്ളം എത്തിച്ചാണ് ബാബ ജനങ്ങള്‍ക്കായുള്ള കുടിവെള്ള പദ്ധതിക്ക് തുടക്കമിട്ടത്. 300 കോടി രൂപയാണ് ഇതിനായി ചെലവിട്ടത്. പുട്ടപര്‍ത്തിയിലെയും സമീപപ്രദേശങ്ങളിലെയും 1051 ഗ്രാമങ്ങളിലെ 20 ലക്ഷത്തോളം ജനങ്ങള്‍ക്ക് കുടിവെള്ളമെത്തിക്കുന്നത് സത്യസായി ട്രസ്റ്റാണ്. ആന്ധ്രയിലെ റായല്‍സീമ വരള്‍ച്ചാ പ്രദേശത്ത് ശുദ്ധജലവിതരണപദ്ധതി നടപ്പാക്കി. മേഡക്, മെഹബൂബ് നഗര്‍ ജില്ലകളിലെ മൂന്നൂറ്റിഇരുപതോളം ഗ്രാമങ്ങള്‍ക്കുവേണ്ടി 66 കോടി രൂപ ചെലവിട്ട് കുടിവെള്ളമെത്തിച്ചു. ഈസ്റ്റ് ഗോദാവരിയിലെ മൂന്നുലക്ഷത്തോളം വരുന്ന ഗോത്രവര്‍ഗ ഗ്രാമീണര്‍ക്കായും ചെന്നൈ നഗരത്തില്‍ സായി ഗംഗ കുടിവെള്ളവിതരണം എന്നപേരിലും ശുദ്ധജലവിതരണപദ്ധതി നടപ്പാക്കി. പുട്ടപര്‍ത്തിയിലും സമീപപ്രദേശങ്ങളിലെ ഗ്രാമങ്ങളിലും ഗ്രാമവികസനപദ്ധതി ആവിഷ്കരിച്ച് നടപ്പാക്കി. ഇതിനായി ഗ്രാമവികസനകേന്ദ്രങ്ങള്‍ക്ക് രൂപം നല്‍കി. അന്താരാഷ്ട്ര നിലവാരത്തില്‍ മൂല്യാധിഷ്ഠിത വിദ്യാഭ്യാസം നല്‍കാന്‍ അദ്ദേഹം സ്വന്തമായി കല്‍പിത സര്‍വകലാശാലതന്നെ സ്ഥാപിച്ചു. ശ്രീ സത്യസായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹയര്‍ ലേണിങ്, ശ്രീ സത്യസായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹയര്‍ മെഡിക്കല്‍ സയന്‍സസ് എന്നിവയാണ് പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍. 1968ല്‍ അനന്തപൂരിലും പുട്ടപര്‍ത്തിയിലും വൈറ്റ്ഫീല്‍ഡിലും കോളേജുകള്‍ നിര്‍മിച്ചു. 1981ല്‍ ഈ മൂന്നു കോളേജുകളും ചേര്‍ന്ന് ശ്രീ സത്യസായി ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹയര്‍ ലേണിങ്സ് എന്ന കല്‍പിത സര്‍വകലാശാലയായി. 2000ല്‍ സത്യസായി മിര്‍പുരി സംഗീത കോളേജ് തുടങ്ങി. ഈ കോളേജുകളിലെല്ലാം മെറിറ്റ് അടിസ്ഥാനത്തിലാണ് പ്രവേശനം. ഇവിടങ്ങളില്‍ തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കുന്നു. സത്യസായി ഓര്‍ഫനേജ് ട്രസ്റ്റിനു കീഴില്‍ നാലു അനാഥാലയങ്ങള്‍ ഉള്‍പ്പെടെ കേരളത്തില്‍ 11 സേവന സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
'എനിക്കില്ല ജാതിയും മതവും"
സര്‍വമതത്തിന്റെയും സാരം ഒന്നാണെന്ന് ഉദ്ഘോഷിക്കുകമാത്രമല്ല, അതിന്റെ അര്‍ഥം എന്തെന്ന് പ്രവൃത്തിയിലൂടെ തെളിയിക്കുകകൂടിയായിരുന്നു സത്യസായിബാബ. ഹിന്ദു തീവ്രവാദികള്‍ ബാബറി മസ്ജിദ് തകര്‍ത്ത വേളയില്‍ സംഭവത്തെ അപലപിക്കാനും ഹീനമായ നടപടിയാണെന്ന് പരസ്യമായി ലോകത്തോട് വിളിച്ചുപറയാനും അദ്ദേഹം തയ്യാറായി. ഒരിക്കല്‍പ്പോലും തന്റെ ആശ്രമത്തെ മതത്തിന്റെ പേരില്‍ വേര്‍തിരിച്ച് ഒരു പ്രവര്‍ത്തനവും നടത്തിയിട്ടില്ല. മതത്തിലൂന്നി ഒരു സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ക്കും അദ്ദേഹം നേതൃത്വം നല്‍കിയിട്ടുമില്ല. 'എനിക്ക് ഊരും പേരുമില്ല, ജാതിയും മതവുമില്ല" എന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനം ഇതിന് തെളിവാണ്. അതുകൊണ്ടുതന്നെയാണ് വിദേശത്തും സ്വദേശത്തുമായി സത്യസായിബാബയെ ഇത്രത്തോളം ഇഷ്ടപ്പെടുന്നവരുണ്ടായത്. ജാതിയുടെയോ മതത്തിന്റെയോ വേലിക്കെട്ടില്ലാതെ അദ്ദേഹം തന്റെ ആശ്രമം ജനങ്ങള്‍ക്കായി തുറന്നുകൊടുത്തു. ഹിന്ദുവെന്നോ മുസല്‍മാനെന്നോ ക്രിസ്ത്യാനിയെന്നോ വേര്‍തിരിവില്ലാതെ ആയിരക്കണക്കിനാളുകളാണ് ദിവസവും പുട്ടപര്‍ത്തിയില്‍ അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ എത്തിയിരുന്നത്. മാനവസ്നേഹത്തിലൂടെ ജീവിതത്തെ മധുരീകരിക്കാമെന്നും വിജയത്തിലെത്തിക്കാമെന്നും സ്വന്തം ജീവിതത്തിലൂടെ അദ്ദേഹം കാണിച്ചുതന്നു. ഇന്ത്യക്കകത്തും പുറത്തും വര്‍ഷങ്ങളായി സായി സേവാസമിതികള്‍ നിരവധി ജീവകാരുണ്യപ്രവര്‍ത്തനം നടത്തുന്നു. നൂറുകണക്കിന് സന്നദ്ധപ്രവര്‍ത്തകര്‍ ആശുപത്രികളിലും അനാഥാലയങ്ങളിലും അന്നവും വസ്ത്രവുമായി നിരന്തരം കടന്നുചെല്ലുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ആശുപത്രികള്‍ നിര്‍മിച്ച് അശരണര്‍ക്ക് സൗജന്യചികിത്സ ലഭ്യമാക്കുന്നു, കുടിവെള്ളമില്ലാതെ ദുരിതം അനുഭവിക്കുന്നവര്‍ക്ക് ശുദ്ധജലമെത്തിക്കുന്നു. സാമ്പത്തിക പരാധീനതമൂലം പഠനം തുടരാന്‍ കഴിയാത്തവര്‍ക്ക് പഠനസഹായം ലഭ്യമാക്കുന്നു. ചേരിപ്രദേശങ്ങളില്‍ മെഡിക്കല്‍ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു. ജീവിതത്തിന്റെ മഹത്വം, മാധുര്യം, ത്യാഗം, സമര്‍പ്പണം തുടങ്ങിയ ഗുണങ്ങള്‍ കുട്ടികളില്‍ ഉണ്ടാക്കാന്‍ വിധമുള്ള വിദ്യാഭ്യാസപദ്ധതിയും ബാബയ്ക്കുണ്ട്. ഇതെല്ലാം നടത്തുന്നത് ജാതിയുടെയോ മതത്തിന്റെയോ വിശ്വാസത്തിന്റെയോ വേര്‍തിരിവില്ലാതെ ആയിരുന്നു.
ബാബ അരങ്ങൊഴിയുമ്പോള്‍?
ലോകമെമ്പാടും ദശലക്ഷങ്ങള്‍ അനുയായികളായുള്ള സത്യസായി ബാബ അരങ്ങൊഴിഞ്ഞതോടെ ആരാകും പിന്‍ഗാമി എന്ന ചോദ്യമാണ് ഏവരുടേയും മനസില്‍. കോടികള്‍ വിലമതിക്കുന്ന സ്വത്തിന്റെ അവകാശി ആര് എന്ന തര്‍ക്കവും ഉയര്‍ന്നേക്കാം. 40,000 കോടിക്കും ഒന്നരലക്ഷം കോടിക്കും ഇടയിലാണ് സത്യസായി ട്രസ്റ്റിന്റെ ആസ്തിയെന്നാണ് കണക്കാക്കുന്നത്. 1972ല്‍ സ്ഥാപിച്ച ശ്രീ സത്യസായി സെന്‍ട്രല്‍ ട്രസ്റ്റ് ആകും ഭാവികാര്യങ്ങള്‍ നിശ്ചയിക്കുക. എന്നാല്‍ അതെത്രത്തോളം മുന്നോട്ടു പോകുമെന്ന് പറയാറായിട്ടില്ല. യഥാര്‍ത്ഥ വസ്തുവകകള്‍ സംബന്ധിച്ചൊന്നും ക്യത്യമായ വിവരങ്ങള്‍ ട്രസ്റ്റ് പുറത്തുവിടാറില്ല. അതുകൊണ്ട് പലപ്പോഴും ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങളില്‍ രഹസ്യസ്വഭാവം ആരോപിക്കപ്പെടുന്നുണ്ട്. ട്രസ്റ്റിലേക്കെത്തുന്ന ഫണ്ടുകളെക്കുറിച്ചോ ചെലവഴിക്കുന്ന പണത്തെക്കുറിച്ചോ പുറംലോകത്തിന് യാതൊരു വിവരവുമില്ല. അവകാശി തര്‍ക്കമുണ്ടാവുകയും കാര്യങ്ങള്‍ നിയന്ത്രണാതീതമാവുകയും ചെയ്താല്‍ ആന്ധ്ര പ്രദേശ് സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടാന്‍ നിര്‍ബന്ധിതരായേക്കും.
അതേസമയം ബാബയുടെ പിന്‍ഗാമി ആരെന്നതിനെപ്പറ്റി അദ്ദേഹത്തിന്റെ തന്നെ പ്രവചനത്തില്‍ വിശ്വസിക്കുന്ന ഭക്തര്‍ നിരവധിയാണ്. തന്റെ മരണശേഷം കര്‍ണാടകത്തിലെ മാണ്ഡ്യ ജില്ലയിലെ ഗുണപര്‍ത്തി ഗ്രാമത്തില്‍നിന്ന് 2030ല്‍ പിന്‍ഗാമി വരുമെന്നാണ് ഒരിക്കല്‍ ബാബ പറഞ്ഞത്. അതിനായി കാത്തിരിക്കുകയാണ് ഇക്കൂട്ടര്‍. വിവിധ രാഷ്ട്രീയ പാര്‍ടികളിലെ നേതാക്കള്‍, ഉദ്യോഗസ്ഥര്‍, മുന്‍ ചീഫ് ജസ്റ്റിസുമാര്‍, വിദഗ്ധരായ പ്രൊഫഷണലുകള്‍ തുടങ്ങിയവരുടെ സഹായത്തോടെ തന്റെ പ്രവര്‍ത്തനങ്ങളെ സ്ഥാപനവല്‍ക്കരിക്കുകയായിരുന്നു ബാബ. രാജ്യത്തിനകത്തും പുറത്തുമുള്ള ആരാധകവൃന്ദം സമര്‍പ്പിക്കുന്ന കാണിക്കയും കൈയ്യയച്ചു നല്‍കുന്ന സംഭാവനകളും കൊണ്ട് പടുത്തുയര്‍ത്തിയതാണ് കണക്കറ്റ സ്വത്തിന്റെ സാമ്രാജ്യം. 60 ലക്ഷം വരുന്ന കടുത്ത സായിഭക്തരാണ് ട്രസ്റ്റിന്റെ പിന്‍ബലം. ഇതിനു പുറമെ സന്ദര്‍ശകരായെത്തുന്ന 31 ലക്ഷത്തോളം പേരും ട്രസ്റ്റിന്റെ സാമ്പത്തിക സ്രോതസ്സിന് മുതല്‍ക്കൂട്ടാകുന്നുണ്ട്. സ്കൂളുകളും ആരോഗ്യ സാംസ്കാരിക കേന്ദ്രങ്ങളും നടത്തുന്ന 1300 ലേറെ സത്യസായി ബാബ കേന്ദ്രങ്ങള്‍ ലോകമെമ്പാടുമുണ്ട്. ഇന്ത്യയിലും 165 വിദേശരാജ്യങ്ങളിലുമായി വ്യാപിച്ച സത്യസായി ബാബയുടെ ക്ഷേമസ്ഥാപനങ്ങളുടെ പ്രവര്‍ത്തനവും പണമിടപാടുകളും നിയന്ത്രിക്കുന്നതും ട്രസ്റ്റ് ആണ്. സമ്പത്തിലേറെയും സ്കൂളുകളിലും കോളേജുകളിലും മറ്റ് ആരോഗ്യ കേന്ദ്രങ്ങളിലുമായി മുതല്‍ മുടക്കിയിട്ടുണ്ട്. ലക്ഷക്കണക്കിനുള്ള ഭക്തരില്‍നിന്ന് ഇന്നും ട്രസ്റ്റ് ഫണ്ടിലേക്ക് സംഭാവനകള്‍ പ്രവഹിക്കുന്നുണ്ട്. ഏറ്റവുമധികം വിദേശഫണ്ട് ലഭിക്കുന്ന രാജ്യത്തെ പ്രധാന ചാരിറ്റബിള്‍ ട്രസ്റ്റാണ് ശ്രീ സത്യസായി സെന്‍ട്രല്‍ ട്രസ്റ്റെന്നതും ശ്രദ്ധേയമാണ്. ട്രസ്റ്റിന് ലഭിക്കുന്ന കണക്കറ്റ സംഭാവനകളൊക്കെ ആദായനികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ ഒഴുകിയെത്തുന്ന പണം മറ്റ് വഴികളിലേക്ക് പോകുന്നത് തടയാന്‍ ട്രസ്റ്റിന് വിപുലമായ പരിശോധനാ സംവിധാനമുണ്ടെന്നും പറയപ്പെടുന്നു. പ്രധാനമായും ഇതിനു ചുക്കാന്‍ പിടിക്കുന്നത് രണ്ട് വ്യക്തികളാണത്രേ. ബാബയ്ക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ ഐഎഎസ് ഉപേക്ഷിച്ച് 1981ല്‍ അദ്ദേഹത്തിനൊപ്പംകൂടിയ കെ ചക്രവര്‍ത്തിയാണ് ഒരാള്‍. പുട്ടപര്‍ത്തി അടങ്ങുന്ന അനന്തപുരിലെ കലക്ടറായിരുന്നു ഇദ്ദേഹം. ചക്രവര്‍ത്തി ഇന്ന് ട്രസ്റ്റ് സെക്രട്ടറിയാണ്. മറ്റൊരാള്‍ 1998ല്‍ ചീഫ് വിജിലന്‍സ് കമീഷണര്‍ സ്ഥാനം രാജിവച്ച് സത്യസായി യൂണിവേഴ്സിറ്റിയുടെ വൈസ് ചാന്‍സലറായ എസ് വി ഗിരിയാണ്. ആന്ധ്രപ്രദേശ് കേഡറിലെ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനായിരുന്നു ഇദ്ദേഹം. ട്രസ്റ്റുകളും ആസ്തിയും കുടുംബ പൈതൃകമാക്കാനുള്ള ബന്ധുക്കളുടെ ശ്രമം ബാബ എക്കാലവും തടഞ്ഞിട്ടുണ്ട്. മുമ്പ് ബാബയുടെ സ്വാധീനവും ശുപാര്‍ശയും മുതലാക്കി പുട്ടപര്‍ത്തിയില്‍ റസ്റ്ററന്റുകളും ലോഡ്ജുകളും മറ്റ് സ്ഥാപനങ്ങളും തുടങ്ങിയ 200 ഓളം കുടുംബാംഗങ്ങളുണ്ട്. ഈ ബന്ധുക്കളില്‍ ചിലര്‍ പിന്നീട് ബാബയെ നിശിതമായി വിമര്‍ശിക്കുകയുണ്ടായി. എന്നാല്‍ ഇവരിലാരും ട്രസ്റ്റില്‍ സജീവമല്ലായിരുന്നു. ട്രസ്റ്റില്‍ സജീവമായിരുന്ന ഏകകുടുംബാംഗം ബാബയുടെ സഹോദരന്‍ ആര്‍ വി ജാനകിറാമായിരുന്നു. അദ്ദേഹം 2005ല്‍ മരിച്ചു. ജാനകി റാമിന്റെ മകന്‍ ആര്‍ ജെ രത്നാകറിനെ കഴിഞ്ഞ വര്‍ഷം ട്രസ്റ്റില്‍ ചേര്‍ത്തെങ്കിലും അദ്ദേഹത്തിന് കാര്യമായ സ്വാധീനമില്ല എന്നതാണ് വാസ്തവം. ബന്ധുക്കളടങ്ങുന്ന ഒരു കൂട്ടര്‍ ഭാവിയില്‍ സ്വത്ത് കാര്യത്തില്‍ ഇടപെട്ടേക്കുമെന്നും തര്‍ക്കങ്ങള്‍ ഉണ്ടാകുമെന്നും കരുതുന്നവരുണ്ട്. തര്‍ക്കങ്ങളുണ്ടായാല്‍ 1959ലെ ഹിന്ദു റിലീജിയസ് ആന്റ് ചാരിറ്റബിള്‍ എന്‍ഡോവ്മെന്റ് ആക്ട് ഉപയോഗിച്ച് ആന്ധ്ര സര്‍ക്കാര്‍ ട്രസ്റ്റ് ഏറ്റെടുത്തേക്കാം. പ്രശ്നങ്ങള്‍ ഉണ്ടായാല്‍ സര്‍ക്കാര്‍ സ്വത്ത് ഏറ്റെടുക്കുമെന്ന ഭയമുള്ളതുകൊണ്ടുതന്നെ പ്രശ്നങ്ങള്‍ ഉള്ളില്‍തന്നെ പരിഹരിക്കാനാണ് സാധ്യതയെന്ന് കരുതുന്നവരും നിരവധിയാണ്.
@
പി ഗോവിന്ദപ്പിള്ള
No comments:
Post a Comment