Wednesday, 6 April 2011

പണാധിപത്യത്തെ തിരസ്കരിക്കുക

വിദേശ രാജ്യങ്ങളിലെ ബാങ്കുകളില്‍ സൂക്ഷിച്ചിട്ടുള്ള കള്ളപ്പണം (നൂറ്ലക്ഷം കോടിയില്‍പ്പരം രൂപ വരും അതെന്നാണ് ഒരു കണക്ക്) വീണ്ടെടുക്കുന്നതില്‍ കേന്ദ്ര ഗവണ്‍മെന്റ് കാണിക്കുന്ന അക്ഷന്തവ്യമായ അലംഭാവത്തെക്കുറിച്ച് രാജ്യത്തെ പരമോന്നത കോടതി വീണ്ടും വീണ്ടും കുറ്റപ്പെടുത്തിക്കൊണ്ടിരിക്കുന്നു. കള്ളപ്പണം വീണ്ടെടുക്കുന്നതിനുപോയിട്ട്, അതിന്റെ കണക്കുകള്‍ പരസ്യമാക്കുന്നതിനോ കള്ളന്മാരുടെ പേര് പുറത്തു പറയുന്നതിനോപോലും മന്‍മോഹന്‍ സിങ്ങിന്റെ സര്‍ക്കാര്‍ തയ്യാറില്ല. കേവലം നികുതിവെട്ടിപ്പിന്റെ പ്രശ്നം മാത്രമാക്കി കള്ളപ്പണത്തിന്റെ കാര്യത്തെ കാണരുതെന്നും രാജ്യത്തെ പൊതുമുതല്‍ കട്ടും കൊള്ളയടിച്ചും കുന്നുകൂട്ടുന്ന കൊള്ളമുതലാണതെന്നും രാജ്യത്തിന്റെയാകെ സമ്പത്താണതെന്നും പലതവണ കേന്ദ്രസര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയ സുപ്രീംകോടതി, കള്ളപ്പണത്തെക്കുറിച്ച് സമഗ്രമായി അന്വേഷിപ്പിക്കുന്നതിന് പ്രത്യേക അന്വേഷണസംഘത്തെ (എസ്ഐടി) നിയോഗിക്കണമെന്ന നിര്‍ദ്ദേശം മുന്നോട്ടുവെയ്ക്കുകയുമുണ്ടായി. എന്നാല്‍ അതിന്റെയൊന്നും ആവശ്യമില്ലെന്നും ആദായനികുതി വകുപ്പും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും മറ്റും അന്വേഷിക്കുന്നുണ്ടെന്നും അതുതന്നെ ധാരാളം മതിയെന്നും ആണ്, കള്ളച്ചിരിയോടെ മന്‍മോഹന്‍സിങ് സര്‍ക്കാരിന്റെ മറുപടി.

പക്ഷേ, കേന്ദ്ര ഗവണ്‍മെന്റിന്റെ ഈ അന്വേഷണ ഏജന്‍സികള്‍ കള്ളപ്പണത്തെക്കുറിച്ച് അര്‍ധമനസ്സോടെയെങ്കിലും അന്വേഷണം ആരംഭിച്ചത്, കള്ളപ്പണം പിടിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ നിയമമന്ത്രി രാംജത് മലാനി സമര്‍പ്പിച്ച പൊതുതാല്‍പര്യഹര്‍ജിയെത്തുടര്‍ന്ന് അന്വേഷണം നടത്താന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടപ്പോള്‍ മാത്രമായിരുന്നു. അതുവരെ അന്വേഷണ ഏജന്‍സികള്‍ "ഉറങ്ങുകയായിരുന്നു'' എന്ന് പരിഹസിച്ച സുപ്രീംകോടതി, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമര്‍പ്പിച്ച പ്രാഥമിക റിപ്പോര്‍ട്ട് കാണുമ്പോള്‍ "ശാന്തമായും സ്വസ്ഥമായും ഇരിക്കാന്‍'' തങ്ങള്‍ക്ക് കഴിയില്ലെന്ന് ഉല്‍ക്കണ്ഠപ്പെടുന്നു.

ഇത്രയൊക്കെ ആയിട്ടും അലി ഹസ്സന്‍ ഖാന്‍ എന്ന ഒരു "ആദായനികുതി വെട്ടിപ്പുകാരനെ'' മാത്രമേ കേന്ദ്ര ഗവണ്‍മെന്റ് പിടികൂടിയിട്ടുള്ളൂ. അയാളുടെ പേരു മാത്രമേ പുറത്തുവിട്ടിട്ടുള്ളൂ. എല്ലാ കള്ളപ്പണക്കാരുടെ പേരുകളും അവര്‍ വിദേശ ബാങ്കുകളില്‍ ഒളിപ്പിച്ചുവെച്ചിട്ടുള്ള കള്ളപ്പണത്തിന്റെ കണക്കും കയ്യിലുള്ള കേന്ദ്ര ഗവണ്‍മെന്റ്, ആ വിശദവിവരങ്ങള്‍ സുപ്രീംകോടതിയില്‍ പോലും വെളിപ്പെടുത്താന്‍ തയ്യാറില്ല. വിദേശരാജ്യങ്ങളുമായുള്ള കരാറിലെ ഏതോ ഒരു വകുപ്പിന്റെ മറവിലാണ്, മന്‍മോഹന്‍സിങ് സര്‍ക്കാര്‍ ഈ കള്ളന്മാരെ സംരക്ഷിക്കുന്നത്.

സുപ്രീംകോടതിയെപ്പോലും കബളിപ്പിയ്ക്കാനും പരിഹസിയ്ക്കാനും അവഗണിയ്ക്കാനും മടിയില്ലാത്ത കേന്ദ്ര സര്‍ക്കാര്‍ കള്ളപ്പണക്കാരുടെ വിവരം മറച്ചുപിടിക്കുമ്പോള്‍, അവര്‍ സംരക്ഷിക്കാന്‍ പാടുപെടുന്നത് തങ്ങള്‍ക്കുവേണ്ടപ്പെട്ടവരെയും തങ്ങളെത്തന്നെയും ആണെന്ന് വ്യക്തമാകുന്നു. അബദ്ധത്തില്‍ പിടിയ്ക്കപ്പെട്ട, പല ഭരണവര്‍ഗ രാഷ്ട്രീയക്കാരുടെയും കള്ളപ്പണം ഒളിപ്പിക്കുന്നതിനും വെളുപ്പിക്കുന്നതിനും സഹായിക്കുന്ന, അലിഹസ്സന്‍ ഖാനുമായി നിരവധി കോണ്‍ഗ്രസ് നേതാക്കന്മാര്‍ക്ക് ബന്ധമുണ്ട് എന്ന് വെളിവായിട്ടുണ്ട് - അവരില്‍ കേരളത്തിലെ ചിലരുംപെടും. കള്ളന്‍ കപ്പലില്‍ത്തന്നെയാണ് എന്നാണിത് കാണിക്കുന്നത്.

2008ല്‍ 2 ജി സ്പെക്ട്രം വിറ്റ് കിട്ടിയ കോഴപ്പണമാണ് 2009 മെയ് മാസത്തിലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ നാട്ടിലാകെ ഒഴുക്കിയത്. ദിനപത്രത്തില്‍ കവറില്‍ നോട്ടുവെച്ചിട്ടാണ് തമിഴ്നാട്ടില്‍ അന്ന് പണം വിതരണം ചെയ്തതെന്ന് വിക്കിലീക്സ് വെളിപ്പെടുത്തുന്നു. കേരളത്തിലെ 20 യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് അന്ന് ഓരോ കോടി രൂപ വീതമാണ് ലഭിച്ചത്. ഇപ്പോഴും പണം ഹെലികോപ്ടറില്‍ പറന്നു നടക്കുന്നു. തമിഴ്നാട്ടില്‍ പണം കടത്തുന്ന 3000 വണ്ടികള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസര്‍മാര്‍ പിടികൂടി. പശ്ചിമബംഗാളില്‍ തൃണമൂല്‍ എംപിയില്‍നിന്ന് 57 ലക്ഷമാണ് പിടികൂടിയത്. തിരഞ്ഞെടുപ്പ് അടുക്കുംതോറും, കള്ളപ്പണത്തിന്റെ കളി വര്‍ധിച്ചുകൊണ്ടിരിക്കും എന്ന് വ്യക്തമാണ്.

സുപ്രീംകോടതിയെ നോക്കുകുത്തിയാക്കിവെച്ച്, കള്ളപ്പണംകൊണ്ട് ജനാധിപത്യ പ്രക്രിയ അട്ടിമറിയ്ക്കുന്ന കേന്ദ്രഭരണകക്ഷിയുടെ സമഗ്രപണാധിപത്യ പ്രവണത, ഈ തിരഞ്ഞെടുപ്പില്‍ സജീവ ചര്‍ച്ചാവിഷയമാകേണ്ടതുണ്ട്.

No comments:

Post a Comment