Thursday, 21 April 2011

ദാരിദ്ര്യ നിര്‍മാര്‍ജനം : കേന്ദ്രത്തിന് ആത്മാര്‍ഥതയില്ല- സുപ്രീംകോടതി


ന്യൂഡല്‍ഹി: ദാരിദ്യ്രനിര്‍മാര്‍ജന നടപടികളില്‍ കേന്ദ്രസര്‍ക്കാരിന് ആത്മാര്‍ഥതയില്ലെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു. ദാരിദ്യ്രരേഖയ്ക്ക് താഴെയുള്ളവരെ കണ്ടെത്തുന്നതിന് ആസൂത്രണ കമീഷനും കേന്ദ്രസര്‍ക്കാരും സ്വീകരിക്കുന്ന മാനദണ്ഡങ്ങളെയും കോടതി വിമര്‍ശിച്ചു. സമ്പന്നരുടേതും ദരിദ്രരുടേതുമായി രണ്ട് ഇന്ത്യ സൃഷ്ടിക്കരുതെന്ന് ജസ്റിസുമാരായ ദല്‍വീര്‍ ഭണ്ഡാരി, ദീപക് വര്‍മ എന്നിവരുള്‍പ്പെട്ട ബെഞ്ച് അഭിപ്രായപ്പെട്ടു. പൊതുവിതരണസംവിധാനത്തിലെ അപാകം ചോദ്യംചെയ്ത പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. രാജ്യത്ത് പട്ടിണി വര്‍ധിക്കുമ്പോള്‍ 36 ശതമാനം പേര്‍ മാത്രമാണ് ദാരിദ്യ്രരേഖയ്ക്ക് താഴെയെന്ന ആസൂത്രണ കമീഷന്റെ കണ്ടെത്തല്‍ ആശ്ചര്യകരമാണ്. വിവിധ സംസ്ഥാനങ്ങളിലെ ആളോഹരി വരുമാനത്തില്‍ വ്യത്യാസങ്ങള്‍ ഉള്ള സാഹചര്യത്തില്‍ പൊതുമാനദണ്ഡം എങ്ങനെ സ്വീകരിക്കും. രാജ്യം വികസിക്കുന്നുവെന്ന് അവകാശപ്പെടുമ്പോള്‍ത്തന്നെയാണ് പലയിടത്തും പട്ടിണിമരണം സംഭവിക്കുന്നത്.

പോഷകാഹാരക്കുറവ് പൂര്‍ണമായും തുടച്ചുനീക്കണം- സോളിസിറ്റര്‍ ജനറല്‍ മോഹന്‍ പരാശരനോട് കോടതി നിര്‍ദേശിച്ചു. ബിപിഎല്‍ വിഭാഗത്തെ കണ്ടെത്തുന്നതിനുള്ള മാനദണ്ഡങ്ങള്‍ വിശദീകരിച്ച് രണ്ടാഴ്ചയ്ക്കകം വിശദമായ സത്യവാങ്മൂലം നല്‍കാന്‍ ആസൂത്രണ കമീഷനോട് കോടതി ആവശ്യപ്പെട്ടു. പട്ടിണി ഇല്ലാതാക്കാന്‍ കൂടുതല്‍ ഭക്ഷ്യധാന്യം എന്തുകൊണ്ടാണ് വിതരണം ചെയ്യാത്തതെന്ന് കേന്ദ്രത്തോട് കോടതി ആരാഞ്ഞു. വന്‍വിളവ് പ്രതീക്ഷിക്കുമ്പോഴും 150 ദരിദ്രജില്ലകള്‍ക്ക് 10 ദശലക്ഷം ട ഭക്ഷ്യധാന്യം അധികമായി നല്‍കാന്‍ എന്തുകൊണ്ടാണ് സര്‍ക്കാര്‍ മടിക്കുന്നത്. ഗോഡൌണുകള്‍ നിറയുന്നത് സന്തോഷകരമാണ്. എന്നാല്‍, ഇതുകൊണ്ട് ജനങ്ങള്‍ക്ക് ഉപകാരമില്ലെങ്കില്‍ എന്ത് ഫലം? 1991ലെ സെന്‍സസിന്റെ അടിസ്ഥാനത്തിലാണ് ആസൂത്രണകമീഷന്‍ ദരിദ്രരെ നിശ്ചയിക്കുന്നത്. കോഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍പോലും ഇതിനെ ചോദ്യംചെയ്തിട്ടുണ്ട്. നഗരപ്രദേശങ്ങളില്‍ 20 രൂപയും ഗ്രാമങ്ങളില്‍ 11 രൂപയുമാണ് ദരിദ്രരെ നിശ്ചയിക്കുന്ന വരുമാനപരിധി.

No comments:

Post a Comment