Saturday, 11 December 2010

അഴിമതിയും മനുഷ്യാവകാശവും

'വിവേചനം ഇല്ലാതാക്കുക'’എന്ന മുദ്രാവാക്യമാണ് ഈ മനുഷ്യാവകാശ ദിനത്തില്‍ ഐക്യരാഷ്ട്രസഭ ഉയര്‍ത്തുന്നത്. ജനാധിപത്യം ശക്തിപ്രാപിക്കുമ്പോഴും അതിന്റെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ കഴിയുന്നില്ലെന്നതാണ് വര്‍ത്തമാനകാല യാഥാര്‍ഥ്യം. സാമ്പത്തികവും സാമൂഹ്യവുമായ അനീതികള്‍ എല്ലാ മേഖലകളെയും കീഴടക്കുകയാണ്. രാജ്യത്തിന്റെ പൊതുസമ്പത്ത് അഴിമതിയിലൂടെ ഒരു വിഭാഗത്തിന്റെ കൈകളില്‍ അമരുകയും ദരിദ്രര്‍ പാര്‍ശ്വവല്‍ക്കരിക്കരിക്കപ്പെടുകയും ശതകോടീശ്വരന്‍മാരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയും ചെയ്യുന്നു.

ഇന്ത്യന്‍ പശ്ചാത്തലത്തില്‍ 1993ലെ മനുഷ്യാവകാശ സംരക്ഷണ നിയമത്തില്‍ (2 (ഡി)‘ മനുഷ്യാവകാശങ്ങള്‍’ എന്നതിന്റെ നിര്‍വചനം‘ജീവന്‍, സ്വാതന്ത്ര്യം, തുല്യത, വ്യക്തി, അന്തസ്സ് എന്നിവയുമായി ബന്ധപ്പെട്ട് ഭരണഘടനയോ അന്താരാഷ്ട്ര ഉടമ്പടികളോ അംഗീകരിച്ചിട്ടുള്ളതും കോടതികളാല്‍ നടപ്പാക്കാവുന്നതുമായ അവകാശങ്ങള്‍ എന്നാണ്. മനുഷ്യാവകാശം ലംഘിക്കല്‍ അല്ലെങ്കില്‍ അതിന് പ്രേരിപ്പിക്കല്‍, അത്തരം ലംഘനങ്ങള്‍ തടയുന്നതില്‍ ജീവനക്കാര്‍ കാണിക്കുന്ന ഉപേക്ഷ എന്നീ പരാതികള്‍ക്കുമേല്‍ അന്വേഷണം നടത്തുക എന്നതാണ് ഈ സംരക്ഷണ നിയമത്തിന്റെ പ്രഥമ കര്‍ത്തവ്യം.

അഴിമതിമൂലം ഉണ്ടാകുന്ന മനുഷ്യാവകാശ ലംഘനത്തിന്റെ വ്യാപ്തി വളരെ വലുതാണ്. പൌരന്‍മാരുടെ പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിച്ചുകൊടുക്കുന്നതിനാവശ്യമായ പൊതുമുതല്‍ ഏതാനും വ്യക്തികളുടെ പോക്കറ്റിലെത്താന്‍ സഹായിക്കുന്നതും അതിന് കൂട്ടുനില്‍ക്കുന്നതും വ്യക്തിപരമായ ധനസമ്പാദനത്തിന് ഭരണതലത്തില്‍ ഒത്താശ ചെയ്തുകൊടുക്കുന്നതും വഴിയൊരുക്കുന്നതും കടുത്ത മനുഷ്യാവകാശ ലംഘനമാണ്.
സമീപകാലത്ത് അഴിമതിയിലൂടെ നഷ്ടപ്പെട്ട രാജ്യത്തിന്റെ സമ്പത്ത് കോടികളാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 8000 കോടി. 2ജി-സ്പെക്ട്രം ഇടപാടില്‍ 1,76,645 കോടി. ഇത് കൂടാതെ മഹാരാഷ്ട്രയിലെ ആദര്‍ശ് ഫ്ളാറ്റ് കുംഭകോണത്തിലൂടെയും കര്‍ണാടകത്തിലെ ഭൂമിതട്ടിപ്പിലൂടെയും കോടികള്‍ ഒഴുകി. അഴിമതിയുടെ യഥാര്‍ഥ കണക്കുകള്‍ പുറത്തുവന്നത് സ്പെക്ട്രം അഴിമതിയില്‍മാത്രമാണ്. ഒരു പരിശോധന നടത്തിയാല്‍ നിരവധി കോഴക്കേസുകളില്‍ അന്വേഷണം നടത്താതിരിക്കുകയോ പാതിവഴിയില്‍ അന്വേഷണം മരവിപ്പിച്ചിട്ടുള്ളതോ ആയി കാണാം.

രാജ്യത്തിന്റെ സമ്പത്ത് എങ്ങനെയാണ് ഏതാനും പേരുടെ കൈകളിലെത്തുന്നതെന്നും അതിന് ഭരണകൂടം എങ്ങനെയാണ് ഒത്താശചെയ്യുന്നതെന്നും പരിശോധിക്കേണ്ടത് ഓരോ പൌരന്റെയും കടമയാണ്. 2ജി സ്പെക്ട്രം ഇടപാടിലൂടെ ലൈസന്‍സ് ലഭിച്ച ഒരു കമ്പനി ടാറ്റ ടെലികോമാണ്. ലൈസന്‍സ് കിട്ടിയ ഉടനെ ഇവരുടെ ഓഹരിയുടെ 27.31 ശതമാനം ജപ്പാന്‍ കമ്പനിയായ ‘ഡോകോമോയ്ക്ക് 12,924 കോടി രൂപയ്ക്ക് വിറ്റു. ഇതോടുകൂടി ഇതിന്റെ മൂല്യം 47,323 കോടിയായി വര്‍ധിച്ചു. ടെലികോം അഴിമതി നടത്തിയെന്ന് തെളിഞ്ഞതിനെത്തുടര്‍ന്ന് രാജിവച്ച എ രാജയുടെ ഒത്താശയോടെ ലൈസന്‍സ് ലഭിച്ച മറ്റു മൂന്നു കമ്പനികളാണ് സ്പാന്‍ ടെലികോം, യൂണിടെക്, എസ്ടെല്‍ എന്നിവ. ഈ മേഖലയില്‍ ഇവര്‍ക്ക് ലൈസന്‍സ് ഇല്ല എന്നതിനു പുറമെ അവര്‍ക്ക് കിട്ടിയ ലൈസന്‍സ് മറിച്ചുവില്‍ക്കുകയുംചെയ്തു. ഇതുവഴി അവര്‍ക്ക് ലഭിച്ചത് 20,543 കോടി രൂപ. ഈ നാല് കമ്പനികള്‍ക്കുമാത്രം ലഭിച്ച ലാഭം 67,866 കോടിയാണ്. സിഎജിയുടെ കണക്കു പ്രകാരം 2ജി സ്പെക്ട്രം അഴിമതിയിലൂടെ ഇന്ത്യയിലെ ഓരോ പൌരന്റെയും പോക്കറ്റില്‍നിന്ന് ചോര്‍ന്നുപോയത് 1400 രൂപയാണ്.

ഏറ്റവുമൊടുവില്‍ ലഭ്യമായ മനുഷ്യവികസന റിപ്പോര്‍ട്ട് (2010) പറയുന്നത് ഇന്ത്യയില്‍ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ ജനസംഖ്യയുടെ 36 ശതമാനം വരുമെന്നാണ്. ഒരു ഇന്ത്യക്കാരന്റെ ശരാശരി വരുമാനം പ്രതിദിനം ഇരുപതുരൂപയാണ്. ഭരണനേതൃത്വങ്ങള്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ചുകൊണ്ടിരിക്കുമ്പോള്‍ ഈ സ്ഥിതിക്ക് എങ്ങനെയാണ് മാറ്റമുണ്ടാവുക.

അഴിമതിയുടെ കാര്യത്തില്‍ ജൂഡിഷ്യറിയും മുക്തമല്ല. അലഹബാദ് ഹൈക്കോടതിയില്‍ ശുദ്ധീകരണം ആവശ്യമാണെന്നാണ് ഏറ്റവുമൊടുവില്‍ സുപ്രീംകോടതി നിരീക്ഷിച്ചത്. 20 ശതമാനം ജുഡീഷ്യല്‍ ഉദ്യോഗസ്ഥര്‍ അഴിമതിക്കാരാണെന്ന് മുന്‍ ചീഫ് ജസ്റിസ് പി എന്‍ ഭഗവതി പറഞ്ഞിട്ട് അധികനാളായിട്ടില്ല. സ്വതന്ത്രവും നിഷ്പക്ഷവും സത്യസന്ധവുമായി പ്രവര്‍ത്തിക്കേണ്ട കോടതികളും ജീര്‍ണതയ്ക്ക് വിധേയമാവുമ്പോള്‍ ജനങ്ങള്‍ക്ക് ഭരണകൂട സ്ഥാപനങ്ങളിലുള്ള വിശ്വാസം നഷ്ടപ്പെടും. അതിനിടവരുത്താതെയുള്ള ജാഗ്രതയാണ് ഈ സ്ഥാപനങ്ങളിലുള്ളവരും അതിന് നേതൃത്വം നല്‍കുന്നവരും ചെയ്യേണ്ടത്.

സ്വിസ് ബാങ്കുകളില്‍ ഇന്ത്യക്കാരുടെ കള്ളപ്പണം 70 ലക്ഷം കോടി രൂപയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. യുഎന്‍ അഴിമതി വിരുദ്ധ രേഖയില്‍ (2004) ഇന്ത്യ ഒപ്പുവച്ചങ്കിലും സര്‍ക്കാര്‍തലത്തില്‍ അംഗീകാരം നല്‍കാത്തത് വിദേശ ബാങ്കുകളിലെ നിക്ഷേപം തിരിച്ചുപിടിക്കുന്നതിന് തടസ്സമാകുന്നു.രേഖയില്‍ ഒപ്പുവച്ച 140 രാജ്യങ്ങളില്‍ ഇന്ത്യയുള്‍പ്പെടെ നാല് രാജ്യംമാത്രമാണ് അംഗീകാരം നല്‍കാത്തത്. സമ്പന്നരുടെ കൈയിലെ പാവയാണ് ഭരണകര്‍ത്താക്കള്‍ എന്ന കറുത്ത സത്യമാണ് ഇതിലൂടെ പുറത്തുവരുന്നത്.

വ്യവസായികളുടെ പ്രമുഖ സംഘടനയായ ‘അസോച്ചം’ (അസോസിയേറ്റഡ് ചേമ്പേഴ്സ് ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി) ഈ വര്‍ഷം നടത്തിയ പഠനത്തില്‍ സേവനമേഖലയില്‍ ഏറ്റവും കൂടുതല്‍ വികസിച്ച സംസ്ഥാനങ്ങളുടെ കൂട്ടത്തില്‍ കേരളത്തിനാണ് ഒന്നാം സ്ഥാനം-62.6 ശതമാനം. സാമ്പത്തിക വളര്‍ച്ചയിലും ഗണ്യമായ പുരോഗതിയുണ്ട്. കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിന് ലഭിച്ച അംഗീകാരംകൂടിയാണിത്. സര്‍ക്കാര്‍ ഉദ്യോഗം മാന്യമായ തൊഴില്‍മേഖലയാണെന്നത് തര്‍ക്കമറ്റ സംഗതിയാണ്. അതിന് കളങ്കമേല്‍പ്പിക്കുന്നത് അഴിമതിയാണ്. വയനാട്ടില്‍നിന്ന് ഇപ്പോള്‍ പുറത്തുവന്ന ജോലിതട്ടിപ്പ് ഞെട്ടിപ്പിക്കുന്നതാണ്. മനുഷ്യാവകാശങ്ങള്‍ക്കുമേല്‍ അഴിമതിമൂലമുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ക്കെതിരെ സമൂഹ മനഃസാക്ഷിയുണര്‍ത്തുക എന്നതാണ് പൌരധര്‍മം. അതിന് മനുഷ്യാവകാശ കമീഷനുകളും മറ്റു സര്‍ക്കാര്‍ ഏജന്‍സികളും ബഹുജന പ്രസ്ഥാനങ്ങളും ഒരുമിച്ച് മുന്‍കൈയെടുക്കണം.

*
കെ രാജന്‍

No comments:

Post a Comment