Saturday, 11 December 2010

ചൈനയില്‍ നിന്നും എന്ത് പഠിക്കാം?

ദാരിദ്ര്യം, ദരിദ്രരുടെ എണ്ണം എന്നിവ കൃത്യമായി നിര്‍വചിക്കാനോ തിട്ടപ്പെടുത്താനോ എളുപ്പമല്ല. ഇന്ത്യയില്‍ ഇതിന് ശ്രമം തുടങ്ങിയത് ഏതാണ്ട് 40-45 വര്‍ഷം മുമ്പാണ്. പ്രതിശീര്‍ഷ ഉപഭോഗ ചെലവ്, വരുമാനം, കലോറി ഉപഭോഗം എന്നിവ കണക്കിലെടുത്ത് ജനസംഖ്യയുടെ നിശ്ചിത ശതമാനം വരുന്നവര്‍ ദരിദ്രരാണെന്ന് സ്ഥിതി വിവരകണക്കുകള്‍ പുറത്തു വന്നു. ദാരിദ്ര്യ രേഖയ്ക്ക് നിര്‍വചനം ഉണ്ടായി. ആ രേഖയ്ക്ക് താഴേയും മുകളിലുമായി ജനസംഖ്യ വിഭജിക്കപ്പെട്ടു. ദാരിദ്ര്യം എന്ന വിഷയത്തിനെക്കുറിച്ച് സാമൂഹ്യ സാമ്പത്തിക ശാസ്ത്ര ഗവേഷകര്‍ അവരുടെ പഠനങ്ങളുമായി രംഗത്തുവന്നു. ഇതിന്റെയൊക്കെ വെളിച്ചത്തില്‍ ഭരണകൂടം ദാരിദ്ര്യ നിര്‍മാര്‍ജനത്തിനായുള്ള പദ്ധതികള്‍ക്ക് രൂപം നല്‍കി. പൊതു ഖജനാവില്‍ നിന്നും കോടികള്‍ അവയ്ക്കായി ചെലവഴിച്ചു. ഇതൊക്കെ ആയിട്ടും ഇന്ത്യയ്ക്ക് ദാരിദ്ര്യ നിര്‍മാര്‍ജനത്തില്‍ വിജയം കണ്ടെത്താനായില്ല. അര്‍ജുന്‍സെന്‍ ഗുപ്ത തയ്യാറാക്കിയ റിപ്പോര്‍ട്ടനുസരിച്ച് ഇന്ത്യയിലെ ജനസംഖ്യയില്‍ 77 ശതമാനം വരുന്നവര്‍ ശരാശരി 20 രൂപകൊണ്ട് ഒരു ദിവസം കഴിച്ചുകൂട്ടാന്‍ വിഷമിക്കുന്നവരാണ്. വേള്‍ഡ് ഹംഗര്‍ റിപ്പോര്‍ട്ടനുസരിച്ച് പട്ടിണികിടക്കുന്നവരുടെ എണ്ണവും ഇന്ത്യയില്‍ വര്‍ധിച്ചുവരികയാണ്.

ദാരിദ്ര്യം എന്നത് മുതലാളിത്ത വ്യവസ്ഥിതിയുടെ മുഖമുദ്രയാണ്. അതെങ്ങനെ സൃഷ്ടിക്കപ്പെടുന്നുവെന്ന് മാര്‍ക്‌സും ഏംഗല്‍സും വിവരിക്കുന്നുണ്ട്. ദാരിദ്ര്യം ഇല്ലാത്ത ഒരു വ്യവസ്ഥിതിയാണ് സോഷ്യലിസം ലക്ഷ്യമിടുന്നത്. അതുകൊണ്ടുതന്നെ സോഷ്യലിസം പ്രിയമുള്ളതാകുന്നു. എന്നാല്‍ ശുദ്ധ സോഷ്യലിസ്റ്റ് വ്യവസ്ഥിതി ലോകത്ത് ഒരു രാജ്യത്തും നിലവില്‍ വന്നിട്ടില്ല എന്നു വേണം പറയാന്‍. എങ്കിലും കമ്മ്യൂണിസ്റ്റ് ചൈന അത്തരത്തിലുള്ള ഒരു ശുദ്ധ സോഷ്യലിസ്റ്റ് വ്യവസ്ഥിതി സ്ഥാപിക്കുമെന്ന് അവകാശപ്പെടുന്നു. അതിന് ഇപ്പോള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന വിപണി സോഷ്യലിസവും അതിന്റെ അവിഭാജ്യ ഘടകമായ സാമ്പത്തിക പരിഷ്‌ക്കാരങ്ങളും ഉപകരിക്കുമെന്ന് ചൈനയുടെ ഭരണകൂടവും പാര്‍ട്ടിയും വിശ്വസിക്കുന്നു.

ചെയര്‍മാന്‍ മാവോയുടെ കാലത്ത് തന്നെ ദാരിദ്ര്യ നിര്‍മാര്‍ജനത്തിന് ചൈനയുടെ സാമൂഹ്യ ഘടനയ്ക്കും സംസ്‌കാരത്തിനും ജീവിത രീതിക്കും യോജിക്കുന്ന നടപടികള്‍ പാര്‍ട്ടിയുടെ നേതൃത്വ സഹായത്തോടെ ഭരണകൂടം തയ്യാറാക്കി. എന്നാല്‍ പില്‍ക്കാലത്തുണ്ടായ കള്‍ച്ചറല്‍ റവല്യൂഷന്‍ കാലത്ത് പ്രവര്‍ത്തനങ്ങള്‍ കുറച്ച് പിന്നോട്ടുപോയി. 1978 ആയതോടുകൂടി 250 ദശലക്ഷം ചൈനക്കാര്‍ കടുത്ത ദാരിദ്ര്യത്തെ മുഖാമുഖം കണ്ടിരുന്നു. 1978 നുശേഷമാണ് സാമ്പത്തിക പരിഷ്‌ക്കാരങ്ങള്‍ക്ക് തുടക്കമായത്. ഉയര്‍ന്നതും വേഗതയിലുമുള്ള സാമ്പത്തിക വളര്‍ച്ച സൃഷ്ടിച്ചാലേ ദാരിദ്ര്യനിര്‍മാര്‍ജനം സാധ്യമാകൂ എന്ന് ഭരണകൂടം വിശ്വസിച്ചു. ഇതിന് സാമൂഹ്യ ഉല്‍പാദനക്ഷമത ഉയര്‍ത്തണം. ഇതിനുള്ള പ്രത്യേക നടപടികളും തുടങ്ങി. 1980-2010 കാലത്ത് പ്രതിശീര്‍ഷ ജീവിതനിലവാരം എട്ടു മടങ്ങ് വര്‍ധിച്ചു. 1980 ല്‍ തന്നെ ദാരിദ്ര്യനിര്‍മാര്‍ജന പരിപാടികള്‍ക്ക് ചൈന ചെലവിട്ടത് നാല് ബില്യണ്‍ യുവാനാണ്. തൊഴില്‍ സൃഷ്ടിക്കാനാണ് മുന്തിയ മുന്‍ഗണന നല്‍കിയത്. കൂടാതെ ഒമ്പത് വര്‍ഷത്തെ നിര്‍ബന്ധിത വിദ്യാഭ്യാസവും നടപ്പിലാക്കി. ആരോഗ്യ പരിരക്ഷയ്ക്കും, സാമൂഹ്യ പരിരക്ഷയ്ക്കും മുന്‍ഗണന നല്‍കി. ശരാശരി ചൈനാക്കാരന്റെ ആയുര്‍ദൈര്‍ഘ്യം 73 ആയി. 1978 നുശേഷം ശിശു മരണനിരക്ക് 56 ശതമാനം കണ്ട് കുറഞ്ഞ് 15.3 ല്‍ എത്തി. അതുപോലെതന്നെ മാതൃ മരണനിരക്കും കുത്തനെകുറഞ്ഞു.

ഇതൊക്കെയാണെങ്കിലും ചൈനയുടെ ചില പ്രദേശങ്ങളില്‍ ഈ മാറ്റങ്ങള്‍ ഉണ്ടായില്ല. ഈ പ്രദേശങ്ങളിലാണ് എത്‌നിക്ക് ന്യൂനപക്ഷങ്ങള്‍ ജീവിക്കുന്നത്. ടിബറ്റ് ഏറ്റവും നല്ല ഉദാഹരണമാണിത്. ഫ്യൂഡല്‍ ചൂഷണത്തിനും അടിമത്വത്തിനും ഇരയായിട്ടുള്ളവരാണ് ഈ ന്യൂനപക്ഷങ്ങള്‍ അധിവസിക്കുന്ന പ്രവിശ്യകള്‍ (പ്രദേശങ്ങള്‍). ഈ പ്രവിശ്യകളുടെ പ്രശ്‌നങ്ങള്‍ ചൈനീസ് ഭരണകൂടത്തിനും പാര്‍ട്ടിക്കും തലവേദന സൃഷ്ടിക്കുന്നുണ്ട്.

ആഗോള സാമ്പത്തിക തകര്‍ച്ചയും മാന്ദ്യവും അമേരിക്കപോലുള്ള വന്‍കിട സമ്പന്ന രാജ്യങ്ങളെ അടിപ്പെടുത്തിയ അവസരത്തില്‍ ചൈനയില്‍ അതിന്റെ പ്രതിഫലനം ഉണ്ടായില്ല. വിപണി സോഷ്യലിസത്തിന്റെയും സാമ്പത്തിക പരിഷ്‌കാരങ്ങളുടേയും സോഷ്യലിസത്തിന്റേയും ഭാഗമായി സമ്പദ് വ്യവസ്ഥ തുറന്നിടുന്നതില്‍ ചൈന സംയമനവും വിവേചനവും കാട്ടിയതുകൊണ്ടാണ് ഈ വേറിട്ട അനുഭവം ഉണ്ടായത്. എന്നാല്‍ ദാരിദ്ര്യ നിര്‍മാര്‍ജന നടപടികള്‍ക്കുണ്ടായിരുന്ന ഉണര്‍വ് നഷ്ടപ്പെട്ടു. ഇതിന് പുറമേ ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ചയുടെ ഫലമായി ഗ്രാമ-നഗര തലത്തിലെ അസന്തുലിതാവസ്ഥ രൂക്ഷമായതായി ഭരണകൂടം തന്നെ സമ്മതിച്ചു. ഗ്രാമതലത്തില്‍ നിന്നും നഗരപ്രദേശങ്ങളിലേയ്ക്കുള്ള കുടിയേറ്റം നിരുത്സാഹപ്പെടുത്താന്‍ നിയന്ത്രണ നടപടികളെടുക്കാന്‍ ഭരണകൂടം നിര്‍ബന്ധിതമായി.

സമ്പദ് വ്യവസ്ഥ തുറന്നിടുന്നതില്‍ സംയമനവും വിവേചനവും ചൈന കാട്ടിയെന്ന് നേരത്തെ സൂചിപ്പിക്കുകയുണ്ടായി. തുറന്നിടലില്‍ ഏറ്റവും പ്രധാനം വിദേശ മൂലധന നിക്ഷേപം ഒഴുകിയെത്തുന്നതിനുള്ള നിയന്ത്രിത സ്വാതന്ത്ര്യമാണ്. ഏതൊക്കെ മേഖലകളിലാണ് വിദേശമൂലധന നിക്ഷേപം ചൈനയുടെ സമ്പദ് ഘടനയ്ക്ക് ആവശ്യം എന്ന് പാര്‍ട്ടിയും ഭരണകൂടവും തീരുമാനിക്കുന്നു. അതുമാത്രമേ അനുവദിക്കുകയുള്ളൂ. ഇന്ത്യയുടെ നയം ഇതില്‍ നിന്നും വേറിട്ട് നില്‍ക്കുന്നു. ഈയിടയ്ക്ക് വന്ന ഒരു റിപ്പോര്‍ട്ടനുസരിച്ച് ബോംബെയിലെ ഓഹരി കമ്പോളത്തിലെ ആകെ നിക്ഷേപത്തിന്റെ പകുതിയിലേറെ വിദേശ നിക്ഷേപ ഏജന്‍സികളുടെ കൈവശമാണ്. ചൈന ഡബ്ല്യു ടി ഒയിലും അംഗമായി ചേര്‍ന്നു. താരിഫുകള്‍ ശരാശരി പത്ത് ശതമാനമായി കുറഞ്ഞു. മാനുഫാക്ചറിംഗ് ചരക്കുകളുടെ കാര്യത്തില്‍ താരിഫ് അഞ്ച് ശതമാനമായി കുറഞ്ഞു. പ്രത്യേക സാമ്പത്തിക മേഖലകള്‍ (സെസ്) സ്ഥാപിക്കുന്നതിലും ചൈന ലോഭം കാണിച്ചില്ല. ഇതൊക്കെ ആയിട്ടും ദാരിദ്ര്യനിര്‍മാര്‍ജനം ചൈനയില്‍ അതിവേഗത്തില്‍ നടക്കുകയാണ്. ശരാശരി ചൈനക്കാരുടെ മുഖത്ത് ഇത് പ്രതിഫലിക്കുന്നുണ്ട്. പോഷകാഹാരം വസ്ത്രധാരണം, വിദ്യാഭ്യാസം, തൊഴില്‍ വൈദഗ്ധ്യം, ഉല്‍പാദന ക്ഷമത, ആരോഗ്യ പരിപാലനം എന്നീ ഓരോ ഘടകങ്ങളിലും കാര്യമായ മെച്ചം പ്രകടമാണ്. ഇത്തരത്തിലുള്ള ഒരു മാറ്റം, അല്ലെങ്കില്‍ മെച്ചം ഇന്ത്യയില്‍ കാണാനില്ല എന്നതാണ് നമ്മുടെ ദുഃഖം.

ചൈനയുടെ ഭൂനയം പ്രത്യേക ശ്രദ്ധ ആകര്‍ഷിക്കുന്നു. എല്ലാ നാട്ടിലും വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നത് തര്‍ക്കവിഷയമാണ്. ചൈനയില്‍ ഗ്രാമപ്രദേശങ്ങളിലെ ഭൂമി, പ്രത്യേകിച്ചും കൃഷി യോഗ്യമായ ഭൂമി വില്‍ക്കാനോ, പണയപ്പെടുത്താനോ അവകാശമില്ല. മറിച്ച് നഗരഭൂമിയാണെങ്കില്‍ ഉടമയ്ക്ക് അത് വില്‍ക്കാനും പണയപ്പെടുത്താനും കൈമാറ്റം ചെയ്യാനും സ്വാതന്ത്ര്യമുണ്ട്. ഗ്രാമത്തിനും നഗരത്തിനും പരസ്പരം തൊട്ടുകിടക്കുന്ന ഭൂമിയുടെ കാര്യത്തില്‍ ഒരു പ്രത്യേകത ചൈനയിലുണ്ട്. അത്തരം ഭൂമിയുടെ ഉപയോഗിക്കാനുള്ള അവകാശം ചൈനയില്‍ ലേലം ചെയ്ത് കിട്ടുന്ന തുക സ്റ്റേറ്റിന്റെ ബജറ്റില്‍ പ്രത്യേക ഫണ്ടായി സൂക്ഷിക്കുന്നു. ഈ നടപടി വഴി ഭൂമിയുടെ പേരിലുണ്ടാകുന്ന ഊഹക്കച്ചവടം ഇല്ലാതാകുന്നു.

ചൈനയില്‍ ഫിസ്‌ക്കല്‍ പ്രസ്ഥാനം വളരെ വികേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ധാരാളം അവകാശങ്ങളും ചുമതലകളും കേന്ദ്ര ഭരണകൂടം നല്‍കിയിട്ടുണ്ട്. തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ അവരുടെ പ്രദേശത്തെ ജനങ്ങള്‍ക്ക് വേണ്ട പൊതുസേവനങ്ങളൊക്കെ അവ തന്നെ സംഭരിക്കുന്ന നികുതി വരുമാനം കൊണ്ട് നടത്തണമെന്നാണ് വ്യവസ്ഥ. ചൈനയില്‍ 50 ശതമാനത്തിലേറെ പൊതു ചെലവുകള്‍ തദ്ദേശ സ്ഥാപനങ്ങള്‍ വഴിയാണ് നടത്തുക. സാമൂഹ്യ പരിരക്ഷ, നിയമ-ന്യായ നടപടികള്‍ തുടങ്ങി സ്ഥിതി വിവരക്കണക്ക് ശേഖരിക്കുന്നത് വരെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ചുമതലയിലാണ് ചൈനയില്‍ നടക്കുന്നത്. ചൈനയിലെ പ്രവിശ്യകള്‍ക്കിടയില്‍ വികസനം, വരുമാന വിതരണം, തൊഴില്‍ സൃഷ്ടി എന്നിവയില്‍ കണ്ടുവരുന്ന അസമത്വവും അസന്തുലിതാവസ്ഥയും ദാരിദ്ര്യത്തിന്റെ നിലവാരത്തിലും കണ്ടുവരുന്നു. വളരെ സമ്പന്നമായ പ്രവിശ്യകളിലെ പ്രതിശീര്‍ഷ വരുമാനം താഴെക്കിടയിലുള്ള പ്രവിശ്യകളിലുള്ളതിനേക്കാള്‍ എട്ടിരട്ടിയാണെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ഈ കടുത്ത അന്തരം തദ്ദേശ ഭരണകൂടങ്ങളുടെ പ്രവര്‍ത്തനത്തിന്റെ അസന്തുലിതാവസ്ഥയാണ് കാണിക്കുന്നത്. ഇതിന്റെ ഫലമായി ദരിദ്രരുടെ സംഖ്യയിലും പ്രവിശ്യകള്‍ക്കിടയില്‍ വലിയ അന്തരം ഉണ്ടായിട്ടുണ്ട്. അതുകൊണ്ടുതന്നെ ചില പ്രവിശ്യകളിലെ ജനങ്ങള്‍ അസന്തുഷ്ടരാണ്. അത് കേന്ദ്ര ഭരണകൂടത്തിന് കടുത്ത തലവേദന സൃഷ്ടിക്കുന്നുമുണ്ട്.

ഏതായാലും സാമ്പത്തിക വളര്‍ച്ച സംബന്ധിച്ച നയങ്ങള്‍, ദാരിദ്ര്യ നിര്‍മാര്‍ജന നയങ്ങള്‍ എന്നീ കാര്യങ്ങളില്‍ ചൈനയുടെ സമീപനം ഇന്ത്യ ശ്രദ്ധിച്ച് പഠിക്കേണ്ടതുണ്ട്. ഇന്ത്യയേക്കാളും പിന്നോക്കാവസ്ഥയിലായിരുന്ന ചൈന ഇന്ന് അമേരിക്ക പോലും ബഹുമാനിക്കുന്ന ഒന്നായി തീര്‍ന്നിരിക്കുന്നു. ഇതെങ്ങനെ ഉണ്ടായി എന്ന് ഇന്ത്യയും പഠിക്കേണ്ടതാണ്.

*****

പ്രഫ. കെ രാമചന്ദ്രന്‍ നായര്‍

No comments:

Post a Comment