Thursday, 23 December 2010

ഓള്‍ ഇന്ത്യാ റാഡിയ

ഇത്തവണ പാര്‍ലമെന്റ് സമ്മേളനം പുതിയ അനുഭവമായിരുന്നു. ഡല്‍ഹിയിലെ കൊടുംതണുപ്പുകാലത്തുതന്നെയാണ് ശൈത്യകാല സമ്മേളനം നടക്കാറുള്ളത്. ഒബാമയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഇത്തവണ പതിവിലും നേരത്തെയായിരുന്നു സമ്മേളനം. എങ്കിലും തണുപ്പിനു വലിയ കുറവുണ്ടായിരുന്നില്ല. പക്ഷേ, സഭയ്ക്കകത്ത് കൊടുംചൂടായിരുന്നു. ഒരു ദിവസംപോലും നടപടികളിലേക്ക് കടക്കാന്‍ കഴിഞ്ഞില്ല. രണ്ടാം തലമുറ സ്പെക്ട്രം അനുവദിച്ച നടപടിയില്‍ രാജ്യത്തിന് 1.76 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായിയെന്ന സിഎജി വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ സംയുക്ത പാര്‍ലമെന്ററി സമിതിയുടെ അന്വേഷണം വേണമെന്ന ആവശ്യം അംഗീകരിക്കാത്ത സര്‍ക്കാരിന്റെ നടപടിയാണ് സ്തംഭനത്തിലേക്ക് നയിച്ചത്. ഞെട്ടിപ്പിക്കുംവിധം ഓരോ ദിവസവും പുറത്തുവരുന്ന വാര്‍ത്തകള്‍ നിലവിലുള്ള സംവിധാനങ്ങള്‍ അന്വേഷണത്തിനു പര്യാപ്തമല്ലെന്ന് തെളിയിക്കുന്നതാണ്. സിഎജി റിപ്പോര്‍ട്ടിന്റെ കണക്കുകള്‍ പരിശോധിക്കാന്‍ മാത്രം അധികാരമുള്ളതും കാലാവധി തീരാന്‍ ആറു മാസം മാത്രം സമയമുള്ളതുമായ പബ്ളിക്ക് അക്കൌണ്ട്സ് കമ്മിറ്റിയുടെ അധികാരപരിധിയേക്കാളും ഏറെ വലുതാണ് അഴിമതിയുടെ ആഴം.

രാജയ്ക്ക് രണ്ടാമതും ടെലികോം വകുപ്പ് കിട്ടുന്നതിനായി നടത്തിയ കോര്‍പറേറ്റ് ലോബിയുടെ ഇടപെടലുകള്‍ ഔട്ട്ലുക്ക് വാരികയും ഓപ്പണ്‍ മാസികയുമാണ് പുറത്തുകൊണ്ടുവന്നത്. ഇക്കൂട്ടത്തില്‍ മാധ്യമ പ്രവര്‍ത്തകരും പ്രധാന പങ്ക് വഹിച്ചെന്ന നിഷേധിക്കാനാവാത്ത തെളിവുകള്‍ രാജ്യത്തെ ജനാധിപത്യം നേരിടുന്ന അതീവ ഗുരുതരമായ ഭീഷണിയെ കൂടിയാണ് പുറത്തുകൊണ്ടുവന്നത്. നീര റാഡിയ എന്ന ഇടനിലക്കാരി നടത്തിയ ടെലിഫോണ്‍ സംഭാഷണങ്ങളില്‍ മറുവശത്ത് രാഷ്ട്രീയ നേതാക്കളും വന്‍കിട വ്യവസായികളും പ്രധാന മാധ്യമ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. ഇക്കൂട്ടരാണ് വിവിധ തരത്തിലുള്ള സമ്മര്‍ദങ്ങളിലൂടെ രാജയ്ക്ക് ടെലികോം വകുപ്പ് സംഘടിപ്പിച്ചു നല്‍കിയത്. റാഡിയ ഇപ്പോള്‍ ഡല്‍ഹിയില്‍ അറിയപ്പെടുന്നത് ഓള്‍ ഇന്ത്യാ റാഡിയ എന്നാണ്. രാജ്യത്തിന്റെ എല്ലാ മേഖലകളിലും സ്വാധീനം ചെലുത്തുന്ന ഇവരുടെ ഇടപെടലുകളെകുറിച്ച് പരാമര്‍ശിക്കുമ്പോള്‍ വാട്ടര്‍ഗേറ്റിനെ അനുസ്മരിപ്പിക്കുംവിധം റാഡിയ ഗേറ്റ് എന്നും വിശേഷിപ്പിക്കുന്നുണ്ട്.

മാധ്യമ പ്രതിനിധികള്‍ എങ്ങനെ ഇടനിലക്കാരായി മാറുന്നെന്ന ലജ്ജിപ്പിക്കുന്ന ചിത്രമാണ് ഈ സംഭാഷണങ്ങളിലൂടെ പുറത്തുവന്നത്. ദേശീയതലത്തില്‍ ഏറെ പ്രാധാന്യമുള്ള മാധ്യമ പ്രവര്‍ത്തകരായാണ് എന്‍ഡിടിവിയുടെ ഗ്രൂപ്പ് എഡിറ്റര്‍ ബര്‍ക്കാദത്തിനെയും ഹിന്ദുസ്ഥാന്‍ ടൈംസിന്റെ വിര്‍ സാങ്വിയെയും പൊതുവെ കണ്ടിരുന്നത്. അംബാനി സഹോദര തര്‍ക്കം കോളത്തിന്റെ വിഷയമാക്കുന്നതും ഏതു നിലപാടില്‍ എഴുതണമെന്ന് സാങ്വിയോട് പറയുന്നതും റാഡിയയാണ്. രാജയ്ക്ക് ടെലികോം വകുപ്പ് ലഭിക്കുന്നതിന് പ്രധാന ഇടനിലക്കാരിയായി പ്രവര്‍ത്തിച്ചത് ബര്‍ക്കാദത്താണെന്ന് തെളിഞ്ഞിരിക്കുന്നു. ഔട്ട്ലുക്ക് വാരികയുടെ വെബ്സൈറ്റില്‍ ടേപ്പിന്റെ രണ്ടാംഘട്ടം കൂടി പുറത്തുവന്നപ്പോള്‍ പ്രതിരോധിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയാത്തവിധം തുറന്നുകാട്ടപ്പെട്ടിരിക്കുന്നു ഈ മാധ്യമ പ്രതിഭകള്‍.

സാങ്വി തല്‍ക്കാലത്തേക്ക് കോളമെഴുത്ത് നിര്‍ത്തി. ബാര്‍ക്കാദത്ത് ആദ്യം വെല്ലുവിളി ഏറ്റെടുത്ത മട്ടില്‍ എന്‍ഡിടിവിയില്‍ ചര്‍ച്ച സംഘടിപ്പിച്ചു. താന്‍ നിരപരാധിയാണെന്ന് തെളിയിക്കുകയായിരുന്നു ലക്ഷ്യം. മന്‍മോഹന്‍സിങ്ങിന്റെ മാധ്യമ ഉപദേശകനായിരുന്ന സജ്ജയ് ബാറുവും ഓപ്പണ്‍ മാഗസിന്റെ എഡിറ്റര്‍ മനു ജോസഫും ഉള്‍പ്പെടെയുള്ളവരെ പങ്കെടുപ്പിച്ച് നടത്തിയ ചര്‍ച്ച എഡിറ്റ് ചെയ്യാതെയായിരിക്കും സംപ്രേഷണം ചെയ്യുന്നതെന്ന് അറിയിച്ചിരുന്നു. മേയ്ക്ക്അപ്പുകളൊന്നുമില്ലാതെയാണ് ബര്‍ക്കാദത്ത് സ്റ്റുഡിയോയിലെത്തിയത്. സ്വതസിദ്ധമായ ചടുല ശൈലിയില്‍ തന്നെയായിരുന്നു തുടക്കം. രണ്ടാം യുപിഎ മന്ത്രിസഭാ രൂപീകരണ സമയത്ത് നല്‍കിയ വാര്‍ത്തകളുടെ ക്ളിപ്പിങ്ങുകളും അനുബന്ധമായിട്ടുണ്ടായിരുന്നു. റാഡിയ തനിയ്ക്ക് ഒരു സ്രോതസ് മാത്രമായിരുന്നെന്ന് അവര്‍ ആവര്‍ത്തിച്ചു പറഞ്ഞു. വകുപ്പ് വിഭജനത്തില്‍ നിര്‍ണായക പങ്ക് വഹിച്ചുകൊണ്ടിരുന്ന റാഡിയയില്‍നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ തന്റെ പത്രപ്രവര്‍ത്തനത്തിലെ അസംസ്കൃതവസ്തുക്കള്‍ മാത്രമായിരുന്നെന്നും അവര്‍ പറഞ്ഞു. എന്നാല്‍, കോണ്‍ഗ്രസിന്റെ കാര്യം താന്‍ നോക്കിക്കൊള്ളാമെന്നും എന്തുചെയ്യണമെന്നത് പറഞ്ഞാല്‍ മതിയെന്നുമുള്ള സംഭാഷണത്തിന്റെ പ്രസക്തിയെ സംബന്ധിച്ച ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ ബര്‍ക്ക പതറാന്‍ തുടങ്ങി. ഈ ഘട്ടത്തിലാണ് മനു ജോസഫ് വളരെ പ്രസക്തമായ ചോദ്യം ഉന്നയിച്ചത്. കേന്ദ്രമന്ത്രിസഭയുടെ വകുപ്പ് വിഭജനത്തില്‍ കോര്‍പ്പറേറ്റ് ലോബി ഇടപെടുന്നെന്ന് ഇത്രമാത്രം നേരിട്ട് അറിഞ്ഞിട്ടും എന്തുകൊണ്ട് അതു വാര്‍ത്തയാക്കിയില്ലെന്നായിരുന്നു ആ ചോദ്യം. ടാറ്റയുടേയും അംബാനിയുടേയും വക്താവായ റാഡിയ വകുപ്പുകള്‍ ഉള്‍പ്പെടെ തീരുമാനിച്ചത് പോലും എന്തുകൊണ്ട് വാര്‍ത്തയായില്ല? വാര്‍ത്തയുടെ പ്രാധാന്യം വിലയിരുത്തുന്നതില്‍ പറ്റിയ പാളിച്ചയായി അത് കൂട്ടാമെന്നായിരുന്നു ബര്‍ക്കയുടെ ആദ്യ പ്രതികരണം. എന്നാല്‍, അത് ശരിയായ മറുപടിയല്ലെന്നും തന്റെ ചോദ്യത്തിനു മറുപടി ലഭിക്കണമെന്നും മനു ശക്തമായി ആവശ്യപ്പെടുകയും മറ്റു ചിലരുടെ പിന്തുണ കൂടി ആ ചോദ്യത്തിനു ലഭിക്കുകയും ചെയ്തതോടെ ബര്‍ക്കയ്ക്ക് നിയന്ത്രണം വിട്ടു. താന്‍ നടത്തിയ ഇടപാടുകളെ ന്യായീകരിക്കാന്‍ കഴിയാതെ പതറിപ്പോയ ബര്‍ക്ക ഒടുവില്‍ കണ്ണീരിന്റെ അവസാന ആയുധം വരെ പുറത്തെടുത്തുനോക്കി. രക്ഷ കിട്ടിയില്ല.

ഇപ്പോള്‍ ഔട്ട്ലുക്കിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയ സംഭാഷണങ്ങള്‍ ബര്‍ക്കയുടെ തനിനിറം പുറത്തുകൊണ്ടുവന്നു. കോണ്‍ഗ്രസിനെകൊണ്ട് പ്രസ്താവന ഇറക്കുന്നതില്‍ ബര്‍ക്ക വിജയിച്ചെന്ന് അത്യാവേശത്തോടെയാണ് റാഡിയ പറയുന്നത്. സോണിയാഗാന്ധിയിലേക്കുള്ള രണ്ടു വഴികളിലും ബര്‍ക്കക്ക് നല്ല സ്വാധീനമുണ്ടത്രേ. ഒന്ന് അഹമ്മദ് പട്ടേല്‍ വഴിയും മറ്റൊന്ന് ഗുലാംനബി വഴിയുമാണ്. ബര്‍ക്കയും വിര്‍സാങ്വിയും അടങ്ങുന്ന പുതിയകാല മാധ്യമ പ്രവര്‍ത്തനത്തിന്റെ പ്രതീകങ്ങള്‍ ചങ്ങാത്ത മുതലാളിത്തത്തിന്റെ ഏറ്റവും വൃത്തികെട്ട കണ്ണികളായി മാറുന്നുവെന്നതിന്റെ നേര്‍ചിത്രമാണ് റാഡിയ ടേപ്പുകള്‍ പുറത്തുകൊണ്ടുവന്നത്. ഒപ്പം അഴിമതി രാജയില്‍ മാത്രം ഒതുങ്ങുന്നില്ലെന്നും വ്യക്തം. നേരത്തെ ഐപിഎല്‍ കേസില്‍ ശശി തരൂരിനുവേണ്ടിയും ബര്‍ക്ക രംഗത്തിറങ്ങിയെന്ന വാര്‍ത്തയുണ്ടായിരുന്നു. അന്ന് ഒരേ കോളേജില്‍ പഠിച്ചിരുന്നവര്‍ എന്ന ന്യായമാണെന്നു തോന്നുന്നു ബര്‍ക്ക പുറത്തിറക്കിയത്. എല്ലാ ഇടപാടുകളിലും 15 ശതമാനം കമീഷന്‍ വാങ്ങുന്നയാളാണ് കമല്‍നാഥെന്നും ദേശീയപാതാവകുപ്പ് അദ്ദേഹത്തിനു എടിഎം പോലെയാണെന്നും വ്യവസായി സംഘടനകളുടെ പഴയ തലവനാണ് റാഡിയയോട് പറയുന്നത്. അദ്ദേഹം അത് നിഷേധിച്ചില്ലെന്നതും കാണണം. ആഗോളവല്‍ക്കരണം ഭരണകൂട സംവിധാനങ്ങളെ എങ്ങനെയാണ് മൂലധനത്തിന്റെ ഉപകരണങ്ങളാക്കി അധഃപതിപ്പിക്കുന്നതെന്ന പാഠംകൂടി റാഡിയ ടേപ്പുകള്‍ പകര്‍ന്നുനല്‍കുന്നു.

*
പി രാജീവ്

No comments:

Post a Comment