Thursday, 9 December 2010

മാറുന്ന മാധ്യമ ദൌത്യം

കുറെനാളുകള്‍ക്കുമുമ്പ് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ മാധ്യമസിന്‍ഡിക്കറ്റ് എന്ന പ്രയോഗം നടത്തിയത് വലിയ വിവാദമാക്കാന്‍ പലരും ശ്രമിച്ചിരുന്നു. ഒരു കേന്ദ്രത്തില്‍നിന്നു തയ്യാറാക്കുന്ന കഥകള്‍ ഒരു സംഘം പത്രപ്രവര്‍ത്തകരുടെ ബൈലൈനില്‍ മാധ്യമങ്ങളില്‍ വാര്‍ത്തയായി പ്രസിദ്ധീകരിക്കുന്ന പ്രവണതയുമായി ബന്ധപ്പെട്ടാണ് ആ പ്രയോഗം വരുന്നത്. ഒരേ അടുക്കളയില്‍നിന്ന് ചുട്ടെടുക്കുന്ന വിഭവങ്ങള്‍ ഉപ്പുകൂട്ടാതെ വിഴുങ്ങി തങ്ങളുടെ മാധ്യമങ്ങളില്‍ വിളമ്പുകയാണ് ഇവര്‍ ചെയ്തിരുന്നത്. യാഥാര്‍ഥ്യവുമായി പുലബന്ധംപോലുമില്ലാത്ത കാര്യങ്ങള്‍ നിര്‍മിത വാര്‍ത്തകളായി കുറെക്കാലം നിറഞ്ഞുനിന്നു. സിപിഐ എം വിരുദ്ധപ്രചാരവേലയുടെ ഭാഗമായി നടന്ന ഈ പ്രവര്‍ത്തനം തുറന്നുകാണിച്ചതിനോട് പലരും യോജിച്ചിരുന്നില്ല. തനിക്കും തന്റെ പാര്‍ടിക്കും നേരെ വരുന്ന വിമര്‍ശങ്ങളെയും ആക്ഷേപങ്ങളെയും നേരിടുന്നതിനാണ് ഇങ്ങനെ വിമര്‍ശം ഉന്നയിക്കുന്നതെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. ജനാധിപത്യത്തിന്റെ നാലാംതൂണായ മാധ്യമങ്ങളുടെ സ്വാതന്ത്ര്യത്തിനുനേരെയുള്ള കടന്നാക്രമണമായി ഇതിനെ വ്യാഖ്യാനിച്ചവരുമുണ്ട്. എന്നാല്‍, കഴിഞ്ഞ കുറെ മാസമായി പുറത്തുവരുന്ന വ്യത്യസ്ത സ്വഭാവത്തിലുള്ള വാര്‍ത്തകള്‍, പിടിച്ചതിനേക്കാളും എത്രയോ വലിയതാണ് അളയിലിരിക്കുന്നതെന്ന ചൊല്ലിനെ ഓര്‍മിപ്പിക്കുന്നതാണ്.

'പാര്‍ലമെന്റും മാധ്യമങ്ങളും' എന്ന വിഷയത്തില്‍ പാര്‍ലമെന്റ്ഹൌസില്‍ സംസാരിക്കുമ്പോള്‍ മാധ്യമദൌത്യത്തില്‍ വന്ന മാറ്റത്തെ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി ഉല്‍ക്കണ്ഠയോടെ വിമര്‍ശിക്കുകയുണ്ടായി. ഉദാരവല്‍ക്കരണനയം മാധ്യമങ്ങളുടെ ഡിഎന്‍എയെത്തന്നെ മാറ്റിമറിച്ചെന്നാണ് അദ്ദേഹം പറഞ്ഞത്. മാധ്യമങ്ങളുടെ അപചയം ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുകയും സ്വതന്ത്രവും സുതാര്യവുമായ തെരഞ്ഞെടുപ്പു പ്രക്രിയയെ അട്ടിമറിക്കുകയും ചെയ്യുന്നു. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളെ തെരഞ്ഞെടുക്കുന്ന വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കുകയാണ് മാധ്യമങ്ങള്‍ ചെയ്യുന്നതെന്നും അദ്ദേഹം സൂചിപ്പിക്കുകയുണ്ടായി. ജനാധിപത്യത്തിന്റെ നാലുതൂണുകളില്‍ വാണിജ്യസ്വഭാവത്തിലുള്ളതും ലാഭത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നതും മാധ്യമം മാത്രമാണ്. അതുകൊണ്ടുതന്നെ ഈ അപചയം ഗൌരവമായി കാണേണ്ട ഒന്നാണ്.

രണ്ടാംതലമുറ സ്പെക്ട്രം വിതരണംചെയ്യുന്നതുമായി ബന്ധപ്പെട്ട് പുറത്തുവന്ന ടെലിഫോണ്‍ രേഖകളാണ് മാധ്യമങ്ങളുടെ അധഃപതനത്തിന്റെ ഞെട്ടിക്കുന്ന ആഴം പുറത്തുകൊണ്ടുവന്നത്. അച്ചടിമഷി പുരണ്ടതും ടെലിവിഷന്‍ സ്ക്രീനില്‍ കാണുന്നതും സത്യമാണെന്ന് അന്ധമായി വിശ്വസിക്കുന്ന ചെറുതല്ലാത്ത വിഭാഗമുള്ള സമൂഹമാണ് നമ്മുടേത്. ഇവിടെ എങ്ങനെ വാര്‍ത്ത എഴുതണമെന്നും എന്താണ് ക്യാമറ കാണേണ്ടതെന്നും നിശ്ചയിക്കുന്നത് വന്‍കിട കോര്‍പറേറ്റുകളാണ്. ഹിന്ദുസ്ഥാന്‍ ടൈംസിന്റെ എഡിറ്റോറിയല്‍ ഡയറക്ടറും പ്രസിദ്ധ കോളമിസ്റ്റുമായ വീര്‍ സാങ്വി എന്ത് എഴുതണമെന്ന് നിര്‍ദേശിക്കുന്നത് വിവാദനായികയായ നീരാ റാഡിയയാണെന്ന് ടെലിഫോണ്‍ സംഭാഷണം വെളിപ്പെടുത്തുന്നു. ഇത് ഒരു വ്യക്തിയുമായുള്ള അടുപ്പത്തില്‍നിന്ന് കേവലമായി രൂപംകൊള്ളുന്ന സംഭവമല്ല. റാഡിയയുടെ പബ്ളിക് റിലേഷന്‍സ് സ്ഥാപനമായ വൈഷ്ണവി കോര്‍പറേറ്റ് കണ്‍സള്‍ട്ടന്‍സിയുടെ വെബ്സൈറ്റില്‍ത്തന്നെ അവരുടെ ദൌത്യം വെളിപ്പെടുത്തുന്നുണ്ട്. വാര്‍ത്തകളുടെ ഘടനയിലേക്കും പത്രാധിപനയത്തിലേക്കും നയിക്കുന്ന ചിന്താശക്തിയെ മനസ്സിലാക്കുകയാണ് ആദ്യത്തേത്. ഇതിന്റെ അടിസ്ഥാനത്തില്‍ തുടര്‍ച്ചയായ ബന്ധപ്പെടലിലൂടെ തങ്ങളുടെ കക്ഷികളുടെ നയം മാധ്യമങ്ങളില്‍ ശരിയായി അവതരിപ്പിക്കുക. അതുവഴി മാധ്യമനിലപാടുകളെ സ്വാധീനിക്കുക. ഇത്രയും പ്രകടമായി നയം പ്രസിദ്ധീകരിച്ചിട്ടുള്ള ഒരു സ്ഥാപനത്തിന്റെ മേധാവിയോട് സംസാരിക്കുന്നത് തങ്ങളുടെ വ്യക്തിപരമായ കാര്യമാണെന്നാണ് പ്രശസ്തരായ മാധ്യമപ്രവര്‍ത്തകര്‍ പറയുന്നത്!

രണ്ടാം യുപിഎ സര്‍ക്കാരില്‍ ടെലികോംവകുപ്പ് രാജയ്ക്ക് കിട്ടുന്നതിനായി നടത്തിയ ഇടപെടലാണ് ടെലിഫോണ്‍ സംഭാഷണത്തിലൂടെ പുറത്തുവന്നിരിക്കുന്നത്. വന്‍കിട കോര്‍പറേറ്റുകളുടെ ഇടനിലക്കാരായി ചില പത്രപ്രവര്‍ത്തകര്‍ തരംതാണിരിക്കുന്നു. അതിനായി അവര്‍ മാധ്യമത്തെ ദുരുപയോഗപ്പെടുത്തുന്നു. മാധ്യമങ്ങളുടെ നിഷ്പക്ഷതയെക്കുറിച്ചും നാലാംതൂണിന്റെ ദൌത്യത്തെക്കുറിച്ചും വാതോരാതെ പ്രസംഗിക്കുന്ന പലരും ഇത്രയും ഗൌരവമായ വിഷയത്തിന് തങ്ങളുടെ മാധ്യമങ്ങളില്‍ ഇടം നല്‍കാന്‍പോലും തയ്യാറായില്ല. യഥാര്‍ഥത്തില്‍ ഹമീദ് അന്‍സാരി ചൂണ്ടിക്കാട്ടിയതുപോലെ 1991നുശേഷം നടപ്പാക്കിയ ഉദാരവല്‍ക്കരണനയത്തിന്റെ ഗൌരവമായ പ്രത്യാഘാതമാണ് ഇതില്‍ പ്രതിഫലിക്കുന്നത്.

പുതിയ കാലത്തിനു പറ്റുന്ന മാധ്യമനയം ആദ്യം നടപ്പാക്കിയത് ടൈംസ് ഓഫ് ഇന്ത്യയാണ്. വാര്‍ത്തയും പരസ്യവും തമ്മിലുള്ള അതിര്‍വരമ്പ് അവര്‍ എടുത്തുകളഞ്ഞു. പത്രാധിപര്‍ക്ക് പകരം പരസ്യമാനേജര്‍മാര്‍ പത്രത്തിന്റെ നയം നിശ്ചയിക്കാന്‍ തുടങ്ങി. ഇവരുടെ പത്രങ്ങളില്‍ ആരംഭിച്ച മീഡിയാനെറ്റ് പുതിയ പ്രവണതയുടെ രൂപമായിരുന്നു. വിവിധ പേരുകളില്‍ പുറത്തിറക്കുന്ന സപ്ളിമെന്റുകളും പത്രത്തിന്റെ മൂന്നാംപേജുമാണ് ഇതിനായി ഉപയോഗിച്ചിരുന്നത്. കച്ചവടകാര്യങ്ങള്‍ വാര്‍ത്ത എന്ന രൂപത്തില്‍ പ്രസിദ്ധീകരിക്കാന്‍ തുടങ്ങി. അതിനായി പുതിയ നിരക്കുകള്‍ പ്രഖ്യാപിച്ചു. ഇതിന്റെ അടുത്തഘട്ടമായാണ് സ്വകാര്യ ഉടമ്പടികള്‍ ആരംഭിച്ചത്. ടൈംസ് ഓഫ് ഇന്ത്യയുടെ ഉടമസ്ഥരായ ബിസിസിഎല്‍ ഗ്രൂപ്പ് സ്വകാര്യകമ്പനികളുമായാണ് ഉടമ്പടിയില്‍ ഏര്‍പ്പെട്ടത്. ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന പരസ്യങ്ങള്‍ക്ക് പണത്തിനു പകരം ഈ സ്ഥാപനങ്ങളുടെ ഓഹരിയാണ് നല്‍കുന്നത്. ഇങ്ങനെ കരാറുള്ള സ്ഥാപനങ്ങള്‍ക്ക് എതിരായ വാര്‍ത്തകള്‍ക്ക് പത്രത്തില്‍ ഇടം ലഭിക്കില്ലെന്ന ഉറപ്പും ഈ ഉടമ്പടിയിലുണ്ട്.

ഇന്ന് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വ്യവസായ സ്ഥാപനങ്ങളില്‍ ഓഹരിയുള്ള സ്ഥാപനം ടൈംസ് ഓഫ് ഇന്ത്യയായിരിക്കും. 2008ലെ കണക്കുപ്രകാരം 200 സ്ഥാപനത്തില്‍ ഇവര്‍ക്ക് ഓഹരിയുണ്ട്. വായനക്കാരന്റെ അറിയാനുള്ള അവകാശത്തെ തകര്‍ക്കുകയാണ് ഇതുവഴി അവര്‍ ചെയ്യുന്നത്. ഇക്കാര്യങ്ങളിലെല്ലാം ടൈംസ് സൃഷ്ടിച്ച വഴി പിന്തുടരുകയാണ് മിക്ക മാധ്യമങ്ങളും ചെയ്തത്. ഇതേത്തുടര്‍ന്ന് സ്റ്റോക് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ പ്രസിദ്ധീകരിച്ചു. ഇതനുസരിച്ച് മാധ്യമങ്ങള്‍ തങ്ങള്‍ക്ക് ഓഹരിയുള്ള സ്ഥാപനങ്ങളുടെ വിവരങ്ങള്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കണം.

2009ലാണ് പണം കൊടുത്ത് വാര്‍ത്ത പ്രസിദ്ധീകരിക്കുന്ന പ്രവണതയായ പെയ്ഡ് ന്യൂസ് ശക്തിപ്പെട്ടത്. പ്രധാനമായും ഹിന്ദു പത്രത്തിലെ സായ്നാഥാണ് ഇതു സംബന്ധിച്ച വാര്‍ത്തകള്‍ അധികവും പുറത്തുകൊണ്ടുവന്നത്. കഴിഞ്ഞ ലോക്സഭാതെരഞ്ഞെടുപ്പിലും മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പുകളിലുമാണ് ഈ പ്രവണത ശക്തിപ്പെട്ടത്. മത്സരിക്കുന്ന സ്ഥാനാര്‍ഥികളെ സമീപിച്ച് മാധ്യമപ്രതിനിധികള്‍ റേറ്റ് കാര്‍ഡ് നല്‍കും. അച്ചടി മാധ്യമങ്ങളുടെ റേറ്റ് കാര്‍ഡിനു പകരം ദൃശ്യമാധ്യമങ്ങളില്‍ പാക്കേജുകളാണ് അധികവും. പണം നല്‍കാത്ത സ്ഥാനാര്‍ഥി മത്സരിക്കുന്നുണ്ടെന്ന വിവരംപോലും വായനക്കാര്‍/കാഴ്ചക്കാര്‍ അറിയില്ല. പണം നല്‍കുന്നതിന് അനുസരിച്ച് പേജുകളും സ്ഥാനവും വലുപ്പവും സ്വഭാവവും മാറും. എതിരാളികളെക്കുറിച്ച് അവമതിപ്പുണ്ടാക്കുന്ന വാര്‍ത്തകള്‍ക്ക് പ്രത്യേക റേറ്റാണ്. പണം നല്‍കുന്ന രാഷ്ട്രീയ പാര്‍ടികള്‍ക്കുവേണ്ടി തരംഗ വാര്‍ത്തകളും അഭിപ്രായവോട്ടെടുപ്പു ഫലവും നിഷ്പക്ഷമെന്ന മട്ടില്‍ നല്‍കാനും റെഡി. ഈ പ്രവണത ജനാധിപത്യപ്രക്രിയയെ അങ്ങേയറ്റം ദുര്‍ബലപ്പെടുത്തുകയാണ് ചെയ്യുന്നത്.

മഹാരാഷ്ട്രയില്‍ കോടിപതികളായ എംഎല്‍എമാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയുണ്ടായെന്നാണ് നാഷണല്‍ ഇലക്ഷന്‍ വാച്ച് വിലയിരുത്തുന്നത്. 2004ല്‍ ഇവരുടെ എണ്ണം 108 ആയിരുന്നെങ്കില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അത് 184 ആയി വര്‍ധിച്ചു. മഹാരാഷ്ട്രയില്‍ മൂന്നില്‍ രണ്ടും ഹരിയാനയില്‍ നാലില്‍ മൂന്നും എംഎല്‍എമാര്‍ കോടിപതികളാണെന്നും കണക്ക് വ്യക്തമാക്കുന്നു. രാജ്യസഭയില്‍ നൂറു കോടിശ്വരന്മാരുണ്ട്. 200ല്‍ അധികം കോടി ആസ്തിയുള്ളവരാണ് ഇവരില്‍ വലിയൊരു വിഭാഗം. ലോക്സഭയില്‍ 2004ല്‍ 156 കോടിശ്വരന്മാരാണുണ്ടായിരുന്നതെങ്കില്‍ അവരുടെ എണ്ണം 315 ആയി ഉയര്‍ന്നു. 102 ശതമാനം വര്‍ധന. 2004ല്‍ ഒരു എംപിയുടെ ശരാശരി ആസ്തി 86 ലക്ഷം രൂപയായിരുന്നെങ്കില്‍ ഇപ്പോഴത് 5.33 കോടി രൂപയാണ്. കുത്തകകള്‍ക്കുമാത്രം വിജയിച്ചുവരാന്‍ കഴിയുന്ന ഒന്നായി തെരഞ്ഞെടുപ്പുകളെ കുറെയെങ്കിലും മാറ്റിത്തീര്‍ക്കുന്നതായിരിക്കുന്നു മാധ്യമപ്രചാരണത്തിന്റെ പുതിയ രീതി. ഇവിടെയാണ് പുതിയ വെളിപ്പെടുത്തലുകളുടെ പ്രസക്തി.

മന്ത്രിസഭാരൂപീകരണത്തിലും വകുപ്പു വിഭജനത്തിലും നിര്‍ണായകസ്വാധീനം ചെലുത്തിയെന്നു വെളിപ്പെടുത്തിയ ഫോണ്‍ ടേപ്പുകള്‍ക്കു മുകളില്‍ ഒരു വര്‍ഷത്തിലധികം അടയിരിക്കുകയാണ് സിബിഐ ചെയ്തതെങ്കില്‍ മാധ്യമങ്ങള്‍ക്ക് എങ്ങനെ ഇത് ചോര്‍ന്നു കിട്ടിയെന്ന അന്വേഷണം പ്രഖ്യാപിക്കാന്‍ അസാധാരണ തിടുക്കമാണ് കേന്ദ്രസര്‍ക്കാര്‍ കാട്ടിയത്. മാധ്യമങ്ങളുടെ അപചയം ജനങ്ങളുടെ ശ്രദ്ധയില്‍ കൊണ്ടുവരേണ്ടതും പ്രധാനമായും മാധ്യമങ്ങള്‍തന്നെയാണെന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധി. നവമാധ്യമങ്ങള്‍ കുറെയൊക്കെ ഈ ചുമതല നിര്‍വഹിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അവര്‍ക്ക് ചെയ്യാവുന്നതിന് ഇന്ത്യയില്‍ നിരവധി പരിമിതിയുണ്ട്.

പെയ്ഡ് ന്യൂസ് സംബന്ധിച്ച് രാജ്യസഭയില്‍ ഞാന്‍ ഒരു ശ്രദ്ധക്ഷണിക്കല്‍ പ്രമേയം കൊണ്ടുവന്നിരുന്നു. ആദ്യമായാണ് പാര്‍ലമെന്റ് ഈ പ്രവണതയെ സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നത്. ചര്‍ച്ചയ്ക്കുള്ള മറുപടിയില്‍ പ്രസ്കൌസിലിന്റെ അന്വേഷണറിപ്പോര്‍ട്ട് പുറത്തുവരട്ടെയെന്നാണ് വാര്‍ത്താവിതരണമന്ത്രി അംബികാസോണി പറഞ്ഞത്. പ്രസ് കൌണ്‍സിലിന്റെ അന്വേഷണ കമീഷന്‍ സമര്‍പ്പിച്ചത് 36,000 വാക്കുള്ള റിപ്പോര്‍ട്ടായിരുന്നു. എന്നാല്‍, അതിലെ പ്രധാനഭാഗങ്ങളെല്ലാം എടുത്തുകളഞ്ഞ് കേവലം 3600 വാക്കായി കൌണ്‍സില്‍ അത് ചുരുക്കി. ഇതു കാണിക്കുന്നത് ഇപ്പോഴത്തെ മാധ്യമഇടപെടലുകള്‍ തുറന്നുകാണിക്കുന്നതിന് ഇത്തരം സംവിധാനങ്ങള്‍ അപര്യാപ്തമാണെന്നുകൂടിയാണ്. ഒപ്പം ഉദാരവല്‍ക്കരണം ജനാധിപത്യത്തിന്റെ വിവിധ രൂപങ്ങളെ എങ്ങനെയാണ് മൂലധനത്തിന്റെ കളിയുപകരണങ്ങളാക്കി മാറ്റുന്നതെന്നുകൂടി ഈ അനുഭവങ്ങള്‍ പഠിപ്പിക്കുന്നു.

*
പി രാജീവ്

No comments:

Post a Comment