Monday, 13 December 2010

സ്‌ത്രീപക്ഷവിചാരം, ചുരുക്കത്തിൽ

ആണ്‍-പെണ്‍ തുല്യത, ലിംഗസമത്വം, പൊതുസമൂഹമെന്നു വ്യവഹരിക്കപ്പെടുന്ന ഘടന താത്വികമായെങ്കിലും അംഗീകരിക്കാന്‍ തയാറാവുന്ന ഒരു അനുരഞ്ജന കാലാവസ്ഥ:: അത് ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തില്‍ സാമാന്യേന പുലരുന്നുണ്ടെന്ന നിരീക്ഷണത്തിനു പിന്തുണ വര്‍ധിക്കുന്നു. എന്നാല്‍ കാലങ്ങളായി, പല തലങ്ങളില്‍ നടന്ന ഫെമിനിസ്‌റ്റ് പോരാട്ടം വിജയശ്രീലാളിതമായെന്നു പ്രഖ്യാപിക്കാന്‍ വരട്ടെ. പെങ്ങമ്മാരേ, തോക്ക് താഴെവെക്കാന്‍ സമയമായിട്ടില്ല. തൊഴിലവസരങ്ങളില്‍, വേതന വ്യവസ്ഥയില്‍, സാമൂഹ്യ-രാഷ്‌ട്രീയ-സാംസ്‌കാരിക മണ്ഡലങ്ങളില്‍, സ്‌ത്രീ നേരിടേണ്ടിവന്നിരുന്ന വിവേചനം, അവഗണന, അകറ്റിനിര്‍ത്തല്‍, തന്ത്രപരമായ താഴ്ത്തിക്കെട്ടല്‍, ഒട്ടുമിക്ക പരിഷ്‌കൃത സമൂഹങ്ങളിലും ഏതാണ്ട് അവസാനിച്ചുവെന്നത് ശരിതന്നെ. പക്ഷേ സ്‌ത്രീയെ പുനര്‍നിര്‍വചിക്കാന്‍ പുരുഷന്‍ ഇനിയും സന്നദ്ധനായിട്ടില്ല എന്ന സത്യം അവശേഷിക്കുന്നു. രക്ഷാധികാരിയുടെ (Patron), സംരക്ഷകന്റെ (Protector), വഴികാട്ടിയുടെ (Guide) ചമയങ്ങള്‍ അഴിച്ചുവെക്കാന്‍ ആണിന് ഇപ്പോഴും മനസ്സുവരുന്നില്ല. മാത്രമല്ല, അമര്‍ത്തിപ്പിടിച്ച ഒരു ജന്‍ഡര്‍പുച്ഛം പുരുഷന്റെ ഇടപെടലുകളില്‍ പലപ്പോഴും നുരപൊട്ടുന്നുമുണ്ട്. മോളിക്കുട്ടി മാഡത്തിന്റെ സന്നിധിയില്‍ ഫയലുമായി നില്‍ക്കുന്ന ഓഫീസ് സൂപ്രണ്ട് ബലരാമമേനോക്കിയുടെ പ്രസന്നവദനം നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? അവിടെ ഒരു നേര്‍ത്ത ചിരിയുടെ ലാഞ്ഛനയുണ്ടാവും. Smirk (സ്‌മിര്‍ക്) എന്നാണ് അതിനെ ആംഗലത്തില്‍ പറയുക. അതില്‍ ഇതള്‍വിരിയുന്നത് പരിഹാസമത്രെ. ചെറുപ്പക്കാരിയായ പൊലീസ് മേധാവിയുടെ മുന്നില്‍ വടിപോലെ നീര്‍ന്നുനിന്നു സല്യൂട്ടടിക്കുന്ന ഉണ്ടവയറന്‍ ഹെഡ്‌കോണ്‍സ്‌റ്റബിള്‍ കുക്കുടം കുമാരന്റെ അധരപുടങ്ങളിലും ഈ ഹാസ്യഭാവത്തിന്റെ മിന്നായം കാണാം. ഉദരനിമിത്തം ഇവളുമാരെയൊക്കെ സലാംവയ്‌ക്കേണ്ടിവരുന്ന ആണിന്റെ ഗതികേട് എന്ന് ടിയാന്റെ ഉള്ളില്‍നിന്നു Male ego - ആണ്‍അഹന്ത- പിറുപിറുക്കുന്നത് നിപുണ ശ്രോത്രങ്ങള്‍ക്കു കേള്‍ക്കുകയുമാവാം.

ലിംഗസമത്വം, പെണ്‍ബിംബത്തിന്റെ പുനഃപ്രതിഷ്ഠ, നിയമനിര്‍മാണത്തിലൂടെമാത്രം സാധ്യമാവുന്ന സംഗതിയല്ല. ഇക്കാര്യം പല ഫെമിനിസ്‌റ്റ് സൈദ്ധാന്തികരും അടിവരയിട്ടു പറഞ്ഞതാണ്. അയേണ്‍ലേഡി എന്നു പുകള്‍പൊങ്ങിയ മാഗി മദാമ്മയും-സംശയിക്കേണ്ട, മാര്‍ഗററ്റ്താച്ചര്‍തന്നെ -ഇതേ അഭിപ്രായം പ്രകടിപ്പിക്കുകയുണ്ടായി. ആണ്‍-പെണ്‍ മനോഭാവങ്ങളിലാണ് പൊളിച്ചെഴുത്തു നടക്കേണ്ടത്. സമീപനങ്ങളില്‍, കാഴ്‌ച്ചപ്പാടുകളില്‍ വിപ്ളവകരമായ പരിവര്‍ത്തനങ്ങളുണ്ടാകണം. ഈ മാറ്റങ്ങളുടെ കാറ്റിനു ചൂടുകൂടും. തൊലി പൊള്ളിയെന്നുവരും. പാരമ്പര്യത്തിന്റെ താടിക്കു തീപ്പിടിച്ചെന്നും വരും. ഏട്ടിലെ പശുവായി ലിംഗസമത്വം വര്‍ത്തിക്കുമ്പോള്‍ ഒരു അലോഹ്യവുമില്ല, പുരുഷാധീശ സമൂഹത്തിന്. ആ പശു പുല്ലുതിന്നാന്‍ തുടങ്ങുമ്പോഴാണ് ആണിന് അങ്കലാപ്പ്.

പെണ്‍ അവബോധത്തില്‍, വീക്ഷണത്തില്‍, അപഗ്രഥന രീതിശാസ്‌ത്രത്തില്‍, അടിമുടി ഉടച്ചുവാര്‍ക്കലുകളുണ്ടാകേണ്ടതിന്റെ അത്യാവശ്യത്തെക്കുറിച്ചാണ് സ്വത്വനിര്‍ണയത്തെ ഗൌരവമായി പരിഗണിച്ച പുരോഗമന സ്‌ത്രീപക്ഷം ആവര്‍ത്തിച്ചു പറഞ്ഞത്. മഹിളാമണികള്‍ അവിടെയുമിവിടെയും മന്ത്രിമാരായതുകൊണ്ടോ, പൊതുസ്ഥാപനങ്ങളുടെ തലപ്പത്തെത്തിയതുകൊണ്ടോ, വ്യവസായ സംരംഭകളായി വിജയഗാഥ രചിച്ചതുകൊണ്ടോ, ബഹിരാകാശയാനങ്ങളില്‍ ഇടം നേടിയതുകൊണ്ടോ, മീശക്കാരന്‍ കേശവനുമാത്രമായി സംവരണം ചെയ്യപ്പെട്ട കര്‍മരംഗങ്ങളില്‍ ഇടിച്ചുകയറിയതുകൊണ്ടോ സ്‌ത്രീവിമോചനം സംഭവിച്ചുകഴിഞ്ഞു എന്ന യുഫോറിയ- അത്യാഹ്ളാദം- അസ്ഥാനത്താണ്. അപകടകരവുമാണ്. ഈ താക്കീത് ഉദ്ബുദ്ധ ഫെമിനിസം കാലാകാലങ്ങളില്‍ നല്‍കിയിട്ടുണ്ട്. സ്‌ത്രീയുടെ റോളും പുരുഷന്റെ റോളും പ്രത്യേകമായി വ്യവസ്ഥപ്പെടുത്തുന്ന വഴക്കങ്ങളും അവയ്‌ക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്ന സമൂഹ മാനസികഘടനയും മാറാതിരിക്കുന്ന കാലത്തോളം പെണ്‍മുക്തി എന്നത് സംഭവിക്കുകയില്ലെന്നു കോറാ കാപ്ളാന്‍ (Cora Kaplan) പറഞ്ഞതാണ് ശരി. ഉപരിപ്ളവമായ മാറ്റങ്ങളെ (Cosmetic Changes) പല വനിതാ കൂട്ടായ്‌മകളും വിപ്ളവപരമെന്നു തെറ്റായി വായിക്കുന്നു. ഈ മാറ്റങ്ങളില്‍ ഊറ്റംകൊള്ളുകയും ചെയ്യുന്നു.

വിവാഹം, കുടുംബം, ലൈംഗിക വേഴ്‌ച, അധ്വാനം, ഉല്പാദനം, വിനോദം തുടങ്ങിയ അതിപ്രധാനമായ ജീവിതവൃത്തികളിലെല്ലാംതന്നെ ആണും പെണ്ണും തുല്യപങ്കാളികള്‍ (equal partners) ആണെന്നും, പരസ്‌പര പൂരകങ്ങളായ മനുഷ്യഘടകങ്ങളാണെന്നും ഏംഗല്‍സ് നിരീക്ഷിക്കുകയുണ്ടായി. പ്രകൃതി ചിട്ടപ്പെടുത്തിയ ഈ തുല്യതയെ അംഗീകരിക്കാന്‍ ആണ്‍കോയ്‌മ വിസമ്മതിച്ചു. ഒരു യജമാന-ദാസി സങ്കല്പം പും-സ്‌ത്രീ ബന്ധങ്ങളില്‍ ആണ്‍ഗര്‍വ് അടിച്ചേല്പിക്കുകയും ചെയ്‌തു. സിമണ്‍ ദെ ബുവെ ചൂണ്ടിക്കാട്ടിയപോലെ സ്‌ത്രീ എന്ന സ്വത്വത്തെ പുരുഷമേധാവിത്വം ഒരു ഗര്‍ഭപാത്രമാക്കി (Womb)ച്ചുരുക്കി. ഈ പാത്രത്തില്‍ ബീജം (Seed) നിക്ഷേപിക്കാനുള്ള ദൈവദത്തമായ അവകാശം ആണിനുണ്ടെന്നു വരുത്തിത്തീര്‍ത്തു. ധ്വജവാഴ്‌ചയെ വാഴ്ത്തുന്ന മിത്തുകള്‍ സൃഷ്‌ടിച്ചു. സ്‌ത്രീ തീര്‍ത്തും അബലയാണ്, അതി ലോലയാണ്, പടര്‍ന്നുകയറാന്‍ മരം തേടുന്ന വള്ളിയാണ് എന്നു പെണ്ണിനെത്തന്നെ വിശ്വസിപ്പിച്ചു. ഒരാണ്‍തുണയില്ലെങ്കില്‍ തനിക്കു രക്ഷയില്ലെന്ന ധാരണ അവളില്‍ വളര്‍ത്തി.

Enslavement of the feminine gender-സ്‌ത്രീലിംഗത്തിന്റെ ദാസ്യവത്കരണം -എന്ന് ക്ളാരാ സെറ്റ്കിന്‍ കൃത്യമായി അടയാളപ്പെടുത്തിയ അവസ്ഥയുണ്ടല്ലോ, അത് ആസൂത്രിതവും അനുക്രമവുമായിരുന്നു. മതം, സദാചാരം, ദൈവഭയം, സല്‍ക്കീര്‍ത്തി, മാന്യത തുടങ്ങിയ സംഗതികളെയൊക്കെ സ്‌ത്രീയുടെ അടിമത്തവത്കരണത്തില്‍ പുരുഷന്‍ പരമാവധി പ്രയോജനപ്പെടുത്തിയിരുന്നു. ചാരിത്രം (Chastity) എന്നാല്‍ പെണ്ണുമാത്രം പവിത്രമായി പരിരക്ഷിക്കേണ്ട ഒരു സ്വഭാവശുദ്ധി എന്ന വ്യാഖ്യാനം പ്രചരിച്ചു. ആണിനു നേരമ്പോക്കാകാം. ആര്‍ക്കുമതില്‍ പരാതിയില്ല. മറിയയെ കല്ലെറിയാനും വിശാലുവിന്റെ തല മുണ്ഡനം ചെയ്യാനുമൊക്കെ പുരുഷനിര്‍മിത സദാചാരച്ചിട്ടകളില്‍ വകുപ്പുണ്ടായിരുന്നു. എന്നാല്‍ അവരോട് സഹശയിച്ച വറതപ്പനും വേലുക്കുട്ടിമേനോനും ശിക്ഷയില്ല. ആണുങ്ങളായാല്‍ ചളിയില്‍ ചവിട്ടും; അടുത്തു കണ്ടവെള്ളത്തില്‍ കാല്‍ കഴുകുകയും ചെയ്യും. അത്രതന്നെ.

ഈ നെറികേടിന്, നീതിനിഷേധത്തിന്, സ്വത്വ ധ്വംസനത്തിന് എതിരായാണ് പെണ്‍കൂട്ടായ്‌മകള്‍ പട നടത്തിപ്പോന്നത്. ചില രാജ്യങ്ങളില്‍ അടിച്ചമര്‍ത്തപ്പെടുന്ന കീഴാള സമൂഹവുമായി സ്‌ത്രീ സംഘങ്ങള്‍ ഐക്യപ്പെടുകയും കൈകോര്‍ക്കുകയും ചെയ്‌തു. പ്രത്യയശാസ്‌ത്രപരമായ പ്രബുദ്ധത അവര്‍ ഉള്‍ക്കൊണ്ടു. സംഘം ചേരുക, ശക്തി നേടുക എന്ന ആഹ്വാനത്തിന് ആവേശകരമായ പിന്തുണയാണ് കിട്ടിയത്. വോട്ടവകാശവും ഭരണ സംവിധാനത്തില്‍ മോശമല്ലാത്ത പ്രാതിനിധ്യവും തരപ്പെട്ടാല്‍ തങ്ങളുടെ യുദ്ധം പാതി ജയിച്ചതായി കരുതാമെന്നായി ചില ലിബറല്‍ ഫെമിനിസ്‌റ്റുകള്‍. ഇവിടെയാണ് പിഴച്ചത്. ഏതാനും രാഷ്‌ട്രീയ സൌകര്യങ്ങള്‍ ചാര്‍ത്തിക്കിട്ടിയതുകൊണ്ട് സ്‌ത്രീമോചനം സഫലമാവുന്നില്ല.

ലിംഗസമത്വവും അവസര സമത്വവും ഭരണഘടനയുടെ തന്നെ ഭാഗമാക്കുകയും അവ കാര്യക്ഷമമായി നടപ്പിലാക്കുകയും ചെയ്‌ത ആദ്യ രാഷ്‌ട്രം യുഎസ്എസ് ആര്‍ (Union of Soviet Socialist Republics) - അതായത് പഴയ സോവിയറ്റ് യൂണിയന്‍ - ആയിരുന്നു. ഒരു നിത്യചൂഷിത വര്‍ഗമെന്നനിലയില്‍ സ്‌ത്രീ സമൂഹത്തെ കാണുകയും പെണ്‍പ്രശ്‌നങ്ങളെ ശാസ്‌ത്രീയമായി അപഗ്രഥിക്കുകയും ചെയ്‌ത ഒരു മോചന തത്വശാസ്‌ത്രത്തിന്റെ ധീരമായ പരീക്ഷണശാലയായി മാറി സോവിയറ്റുനാട്. വിപ്ളവാചാര്യനായ ലെനിന്‍ സംവിധാനം ചെയ്‌ത സോഷ്യലിസ്‌റ്റ് സമൂഹക്രമത്തില്‍ സുപ്രധാനമായ സ്ഥാനവും സര്‍വതോമുഖമായ വളര്‍ച്ചയുമാണ് സ്‌ത്രീസമൂഹത്തിനു കൈവന്നത്. സോഷ്യലിസ്‌റ്റ് നവലോക നിര്‍മിതിയില്‍ അടങ്ങാത്ത ആത്മവീര്യത്തോടും അഗാധമായ അര്‍പ്പണബോധത്തോടും കൂടിയാണ് റഷ്യയിലെ പെണ്ണുങ്ങള്‍ പങ്കെടുത്തത്. അവര്‍ക്കുമുമ്പില്‍ ഒരു വാതിലും അടഞ്ഞുകിടന്നില്ല. ലിംഗപരമായ വിവേചനത്തിന്റെ എല്ലാ വരമ്പുകളും അവിടെ തകര്‍ക്കപ്പെട്ടു. സ്‌ത്രീയുടെ അധ്വാനത്തിന്റെ അന്തസ്സ് ആദരപൂര്‍വം അംഗീകരിക്കപ്പെട്ടു. വ്യഭിചാരമെന്നത് അക്ഷരാര്‍ഥത്തില്‍ അപ്രത്യക്ഷമായി. വിവാഹം, കുടുംബം, ഇണചേരല്‍ എന്നീ കാര്യങ്ങളിലൊക്കെ സോവിയറ്റ്സ്‌ത്രീക്ക് സമ്പൂര്‍ണമായ സ്വയം നിര്‍ണയാവകാശം സ്ഥാപിച്ചുകിട്ടി.

'വെല്‍ഫേര്‍ സ്‌റ്റേറ്റുകളെ'ന്ന് സ്വയം വിശേഷിപ്പിക്കുന്ന പല യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും സോവിയറ്റ് യൂണിയന്റെ സ്‌ത്രീശാക്തീകരണ പ്രയത്നങ്ങള്‍ മാതൃകയും പാഠപുസ്‌തകവുമായി. യു കെ, ഓസ്‌ട്രിയ, നോര്‍വെ, സ്വീഡന്‍, ഡെന്‍മാര്‍ക്ക്, ഫിന്‍ലന്‍ഡ്, നെതര്‍ലന്‍ഡ്, ബെല്‍ജിയം എന്നീ നാടുകളിലാണ് ആ വഴിക്കുള്ള നീക്കങ്ങളുണ്ടായത്. പക്ഷേ അവിടങ്ങളിലെല്ലാംതന്നെ 'കോസ്‌മെറ്റിക്' -തൊലിപ്പുറത്തുള്ളത്- എന്ന് വിളിക്കാവുന്ന ചായംപൂശലുകളേ നടന്നിട്ടുള്ളു. കാരണം ഈ നാടുകളെല്ലാം അടിസ്ഥാനപരമായി ക്യാപ്പിറ്റലിസ്‌റ്റ് വ്യവസ്ഥയുടെ വരുതിയിലാണ്. ആ വ്യവസ്ഥയാകട്ടെ പുരുഷാധിപത്യപരവും.

രണ്ടാം ലോകയുദ്ധം കത്തിയമര്‍ന്നപ്പോള്‍ പല രാഷ്‌ട്രീയ ഭൂപടങ്ങളും മാറ്റിവരയ്‌ക്കപ്പെടുന്ന അവസ്ഥയുണ്ടായി. കിഴക്കന്‍ യൂറോപ്പില്‍ ജനകീയ ജനാധിപത്യ സോഷ്യലിസ്‌റ്റ് ഭരണകൂടങ്ങള്‍ നിലവില്‍വന്നു: ഈസ്‌റ്റ് ജര്‍മനി, ഹംഗറി, പോളണ്ട്, ബള്‍ഗേറിയ, റൊമേനിയ, യുഗസ്ളോവിയ എന്നീ നാടുകളില്‍. അവിടെയൊക്കെ സ്‌ത്രീ സ്വാതന്ത്ര്യവും ലിംഗസമത്വവും പൂര്‍ണമായും അംഗീകരിക്കപ്പെട്ടു. വമ്പിച്ച വനിതാ മുന്നേറ്റത്തിനാണ് പൂര്‍വ യൂറോപ്പ് സാക്ഷ്യം വഹിച്ചത്. ലൈംഗിക വൈജാത്യമെന്നത് വെറും ജീവശാസ്‌ത്രപരമായ കാര്യമായി മാറി.

ലാറ്റിന്‍ അമേരിക്കന്‍ നാടുകളിലെ മര്‍ദിത വര്‍ഗപ്പോരാട്ടങ്ങളില്‍ പടച്ചട്ടയും തോക്കുമായി മുന്നിട്ടിറങ്ങിയവരാണ് അവിടത്തെ സ്‌ത്രീജനങ്ങള്‍: ക്യൂബയില്‍, ബൊളീവിയയില്‍, ചിലിയില്‍, നിക്കരാഗ്വയില്‍, ബ്രസീലില്‍, അര്‍ജന്റീനയില്‍, പെറുവില്‍, കൊളമ്പിയയില്‍, വെനിസുലയില്‍. ലാറ്റിന്‍ അമേരിക്കന്‍ ജനതയുടെ വിമോചന യുദ്ധങ്ങളില്‍ സ്‌ത്രീകള്‍ വഹിച്ച ഐതിഹാസികമായ പങ്കിനെ ചെഗുവേര മുക്തകണ്ഠം പ്രശംസിച്ചിട്ടുണ്ട്. ക്യൂബയില്‍ സായുധ സോഷ്യലിസ്‌റ്റ് വിപ്ളവം വിജയകരമായി അവസാനിക്കുകയും ജനകീയ ഭരണകൂടം രൂപംകൊള്ളുകയും ചെയ്‌തപ്പോള്‍ ഫിദല്‍കാസ്‌ട്രോ ആദ്യം ചെയ്‌തത് എല്ലാ മേഖലകളിലും സ്‌ത്രീസമത്വം ഉറപ്പുവരുത്തുക എന്നതാണ്. അത് ഒരു 'ideological mandate’ - പ്രത്യയശാസ്‌ത്രപരമായ ആദേശം - ആണെന്ന് ഹവാനയില്‍ ചേര്‍ന്ന ജനപ്രതിനിധി സഭയില്‍ അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്‌തു.

ദൂരപൌരസ്‌ത്യ ദേശങ്ങളില്‍ സ്‌ത്രീസ്വാതന്ത്ര്യനിഷേധം ഏറെ രൂക്ഷമായിരുന്നു, പ്രത്യേകിച്ച് പഴയ ചൈനയില്‍. പെണ്‍കുട്ടികളുടെ പാദങ്ങള്‍ വരിഞ്ഞുകെട്ടിവയ്‌ക്കുന്ന ഏര്‍പ്പാടുണ്ടായിരുന്നു. ചെറിയ പാദങ്ങളാണ് ഭംഗി എന്ന പുരുഷ ധാരണയാണ് ഈ വഴക്കം സൃഷ്‌ടിച്ചത്. ഒരു ഭാര്യക്ക് നാല്പതു വയസ്സുകഴിഞ്ഞാല്‍ അവള്‍ സ്വന്തം ഭര്‍ത്താവിന് ചെറുപ്പക്കാരിയായ ഒരു കിടപ്പറക്കൂട്ടിനെ കണ്ടുപിടിച്ചു നല്‍കണമെന്ന ചിട്ടയും നിലനിന്നിരുന്നു (പേള്‍ എസ് ബെക്കിന്റെ വിശ്വവിഖ്യാതമായ 'ഗുഡ് എര്‍ത്ത്' എന്ന നോവലില്‍ ഇതു വിവരിക്കുന്നുണ്ട്). ഇന്ത്യയിലെന്നപോലെ പെണ്ണ് ആണിന്റെ ദാസി എന്ന സങ്കല്പം ചൈനയിലും നിലനിന്നിരുന്നു. പൊതുസമൂഹത്തില്‍ തിണ്ണ അനുവദിച്ചിരുന്നത് ഉപരിവര്‍ഗത്തിലെ പൊന്നും പണവുമുള്ള പെണ്ണുങ്ങള്‍ക്കു മാത്രമായിരുന്നു. ജനകീയ ചൈന പുലര്‍ന്നപ്പോഴാണ് പെണ്‍മുക്തി ഒരു യാഥാര്‍ഥ്യമായത്. ലിംഗപരമായ എല്ലാ വിവേചനങ്ങള്‍ക്കും ചെയര്‍മാന്‍ മാവോ വിരാമമിട്ടു. സോവിയറ്റ് റഷ്യയിലെന്നപോലെ പീപ്പിള്‍സ് ചൈനയിലും സ്‌ത്രീ-പുരുഷ തുല്യത എല്ലാ കര്‍മമുഖങ്ങളിലും നടപ്പായി. ആണിനും പെണ്ണിനും ഒരേ തൊഴില്‍ക്കുപ്പായം (Work gown) എന്ന മാവോയുടെ ആശയം തീര്‍ത്തും വിപ്ളവകരമായിരുന്നു.

വിയത്‌നാമിലുമുണ്ടായി ഗംഭീരമായ സ്‌ത്രീപക്ഷ മുന്നേറ്റം. ആദ്യം ഫ്രഞ്ച് കൊളോണിയല്‍ വാഴ്‌ചക്കെതിരായും പിന്നീട് തെക്കന്‍വിയറ്റ്നാമില്‍ താവളമടിച്ച അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരായും സഖാവ് ഹോചിമിന്‍ നടത്തിയ നീണ്ട യുദ്ധവും പുളകകാരിയായ ചെറുത്തുനില്‍പ്പും ലോകചരിത്രത്തിന്റെ ചുവന്ന ഏടുകളാണ്. സ്‌ത്രീശക്തിയില്‍, സ്‌ത്രീ മോചനത്തില്‍ ഉറച്ചു വിശ്വസിച്ചിരുന്ന പടത്തലവനായിരുന്നു ഹോ. പാടത്തു പണിയെടുക്കുന്ന നാട്ടുപെണ്ണുങ്ങള്‍ക്കു അദ്ദേഹം തന്റെ പട്ടാളത്തില്‍ പ്രവേശനം നല്‍കി. പല തിളയ്‌ക്കുന്ന സമരമുഖങ്ങളിലും ആണ്‍പടയാളികളോടൊപ്പം പെണ്‍പുലികളുമുണ്ടായിരുന്നു. മോചിത വിയത്‌നാം കാഴ്‌ചവച്ചത് പെണ്‍നവോത്ഥാനത്തിന്റെ ആവേശകരമായ കഥയത്രെ.

സെക്‌സ് ബോംബുകളെ ഉത്പാദിപ്പിക്കുന്ന, പെണ്‍ശരീരത്തെ, സ്‌ത്രീസൌന്ദര്യത്തെ, സ്‌ത്രൈണചേഷ്‌ടകളെ, പല മട്ടില്‍ വിപണനവത്കരിക്കുകയും മലീമസമാക്കുകയും ചെയ്യുന്ന, പില്‍ക്കാല മുതലാളിത്ത വ്യവസ്ഥയുടെ അഥര്‍വ വേദാന്തത്തിന് മാന്യതയും സ്വീകാര്യതയും അതിഥിപീഠവും ഒരു പച്ചച്ചിരിയോടെ അനുവദിക്കുകയാണ് വര്‍ത്തമാന സമൂഹം ചെയ്യുന്നത്. സൌന്ദര്യറാണി മത്സരങ്ങളും ഫാഷന്‍ ഷോകളും അനാവരണത്തിന്റെ ആഭാസങ്ങളും നിത്യേനയെന്നോണം നടക്കുന്നു. ഇതിനെതിരായ സിംഹിക ഗര്‍ജനങ്ങള്‍ വളരെ വിരളമായേ കേള്‍ക്കുന്നുള്ളു. സ്‌ത്രീസംഘങ്ങള്‍തന്നെ പല സ്വത്വമലിനീകരണങ്ങളോടും സന്ധിചെയ്യുന്നു. പിന്നില്‍നിന്നു തോണ്ടുന്ന വഷളന്റെ വൃത്തികെട്ട മോന്തക്ക് മുഷ്‌ടി ചുരുട്ടിയടിക്കാന്‍ പണ്ടുണ്ടായിരുന്ന തന്റേടം ഇപ്പോള്‍ ചോര്‍ന്നുപോവുന്നുണ്ടോ എന്നു സംശയം. പോരാട്ടങ്ങള്‍ അവസാനിക്കുന്നില്ല. അത് മറക്കരുത്.

*****

വി സുകുമാരന്‍

No comments:

Post a Comment