നിയമചരിത്രത്തില്‍ ഏറ്റവും രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ട കേസായി എസ്എന്‍സി ലാവ്ലിന്‍ മാറിയിരിക്കുന്നു. കുറേക്കൂടി വ്യക്തമായി പറഞ്ഞാല്‍ അത് രാഷ്ട്രീയം മാത്രമായിരിക്കുന്നു.
സിബിഐ തയ്യാറാക്കിയ കുറ്റപത്രത്തിന്റെ അടിസ്ഥാനത്തില്‍ പിണറായി വിജയനെതിരെ പ്രോസിക്യൂഷന്‍ നടപടികള്‍ ആരംഭിച്ചെങ്കിലും കുറ്റമെന്തെന്ന കാര്യത്തില്‍ അവ്യക്തത നിലനില്‍ക്കുകയാണ്.
വൈദ്യുതി മന്ത്രിയായിരിക്കെ ജലവൈദ്യുതി പദ്ധതികളുടെ നവീകരണത്തിനുവേണ്ടി കനേഡിയന്‍ കമ്പനിയുമായി ഉണ്ടാക്കിയ ഇടപാടില്‍ പിണറായി വിജയന്‍ നിയമവിരുദ്ധമായ സാമ്പത്തികനേട്ടമുണ്ടാക്കി എന്നതാണ് സാധാരണ ജനങ്ങളുടെ അറിവില്‍ എസ്എന്‍സി ലാവ്ലിന്‍ കേസ്. ദുരൂഹതയോ സങ്കീര്‍ണതയോ ഇല്ലാതെ രേഖകളുടെ അടിസ്ഥാനത്തില്‍ വ്യക്തമായി തെളിയിക്കാന്‍ കഴിയുന്ന കേസില്‍ ഇനിയൊന്നും ചെയ്യാനില്ലെന്ന നിലപാടിലാണ് സിബിഐ എത്തിയിരിക്കുന്നത്.
പ്രധാനമന്ത്രി ഉള്‍പ്പെട്ട കേസായിരുന്നിട്ടും ബോഫോഴ്സ് തോക്കിടപാടില്‍ കോഴ എത്രയെന്നും അത് ആരുടെ കൈയിലെത്തിയെന്നും സിബിഐ കണ്ടെത്തി. ലാവ്ലിന്‍ കേസില്‍ ആ സാമര്‍ഥ്യം സിബിഐക്ക് കാണിക്കാന്‍ കഴിയാതെ പോയത് വസ്തുതകള്‍ എതിരായതുകൊണ്ടാണ്.
കണ്‍സള്‍ട്ടന്‍സി, ധാരണാപത്രം തുടങ്ങിയ ഗഹനമായ വിഷയങ്ങളിലേക്ക് ഇപ്പോള്‍ കടക്കേണ്ടതില്ല. ടെലിവിഷന്‍ ചര്‍ച്ചകളില്‍ പല വിദഗ്ധരും അക്കാര്യങ്ങള്‍ വിശദീകരിക്കുന്നത് കേട്ടിട്ടുണ്ട്. സാധാരണക്കാര്‍ക്ക് അതൊന്നും ഉല്‍ക്കണ്ഠയുളവാക്കുന്ന വിഷയങ്ങളല്ല. കോഴ, അഴിമതി തുടങ്ങിയ പദങ്ങളുടെ അര്‍ഥം ശബ്ദതാരാവലിയില്ലാതെ മനസ്സിലാക്കാന്‍ പ്രാപ്തിയുള്ള ജനങ്ങള്‍ക്ക് അറിയയേണ്ടിയിരുന്നത് കേസിനാസ്പദമായ വിഷയത്തില്‍ തുകയെത്രയെന്നും അതാരുടെ കൈയില്‍ എത്തിയെന്നും ആയിരുന്നു.
സിബിഐയുടെ വഴികാട്ടികള്‍ ഏറെക്കാലമായി കണക്കുകള്‍ പലതും പറയുന്നുണ്ടെങ്കിലും ഇപ്പോഴും വ്യക്തത വന്നിട്ടില്ല. സെന്‍സെക്സ് പോലെ അത് കയറുകയും ഇറങ്ങുകയും ചെയ്തുകൊണ്ടിരുന്നു. ഏറ്റവും ഒടുവില്‍ സിബിഐ നല്‍കിയ വിവരമനുസരിച്ച് അങ്ങനെയൊരു ഇടപാട് നടന്നതായി തെളിവൊന്നും കിട്ടിയിട്ടില്ല. ആരെങ്കിലും പറയുന്നതുകേട്ട് ഇനിയും ചുറ്റിത്തിരിയാന്‍ കഴിയില്ലെന്നും സിബിഐ വ്യക്തമാക്കിയിട്ടുണ്ട്.
വിഖ്യാതമായ ലാവ്ലിന്‍ ഇടപാടില്‍ ആരോപണവിധേയനായ പിണറായി വിജയന്‍ പണം വാങ്ങിയതായി തെളിവില്ലെന്നാണ് സിബിഐ കോടതിയെ അറിയിച്ചത്. അന്വേഷണം ഇനിയും തുടരുന്നതില്‍ അര്‍ഥമില്ലെന്നും സിബിഐ പറയുന്നു.
ഇവിടെ സാധാരണക്കാര്‍ക്കുവേണ്ടി ചില ചോദ്യങ്ങള്‍ ചോദിക്കാനുണ്ട്. സമഗ്രമായ അന്വേഷണം സര്‍വസന്നാഹങ്ങളോടെയും പൂര്‍ത്തിയാക്കിയതിനുശേഷമാണല്ലോ കുറ്റപത്രം സമര്‍പ്പിക്കുന്നത്. അന്വേഷണത്തില്‍ കണ്ടെത്താന്‍ കഴിയാത്ത കാര്യത്തിന്റെ പേരില്‍ പിണറായി വിജയനെ പ്രതിയാക്കിയതെന്തിന്?
കേസില്‍ വഴിത്തിരിവാകുന്ന നിലപാട് പരസ്യമായി പ്രസ്താവിക്കാന്‍ സിബിഐ നിര്‍ബന്ധിതമായത് സ്വയംപ്രഖ്യാപിത സൂപ്പര്‍വൈസര്‍മാരുടെ ശല്യം നിമിത്തമാണ്. ആരോപണങ്ങളില്‍ അഭിരമിച്ചവര്‍ ഇക്കാര്യം വസ്തുനിഷ്ഠമായി റിപ്പോര്‍ട്ട് ചെയ്യുന്നതിനു പകരം പ്രതിയെ കുറ്റവിമുക്തനാക്കാന്‍ സിബിഐക്ക് അധികാരമുണ്ടോ എന്ന സാങ്കല്‍പിക ചോദ്യമാണ് മുന്നോട്ടുവെച്ചത്.
പിണറായി വിജയന്‍ കുറ്റവിമുക്തി നേടിയതായി ഇക്കാര്യങ്ങള്‍ മനസ്സിലാക്കിയിട്ടുള്ള ആരും പറഞ്ഞിട്ടില്ല. ഇനി അതല്ലാതെ മറ്റൊരു മാര്‍ഗം കോടതിയുടെ മുന്നില്‍ ഇല്ല എന്നു മാത്രമാണ് നീരിക്ഷകര്‍ അഭിപ്രായപ്പെട്ടത്. അതില്‍ തെറ്റുണ്ടെന്ന് ഞാനും കരുതുന്നില്ല.
പണം നേരിട്ട് വാങ്ങാതെ മറ്റൊരു ചാലിലേക്ക് ഒഴുക്കുന്നതും കുറ്റമാണ്. ശശി തരൂരിന് വിയര്‍പ്പും വിയര്‍പ്പിന്റെ വില സുനന്ദയ്ക്കുമാണ് ലഭിച്ചത്. അപ്രകാരം ഒരു കഥാപാത്രമോ സന്ദര്‍ഭമോ ഇപ്പോള്‍ വായിച്ചംഗീകരിക്കപ്പെട്ട സ്റ്റോറിലൈനില്‍ കാണുന്നില്ല. തിരക്കഥയില്‍ ഇനി മാറ്റം വരുത്താന്‍ കഴിയില്ലെന്ന് സിബിഐ വ്യക്തമാക്കിയ സാഹചര്യത്തില്‍ നിര്‍മാതാക്കള്‍ ഉദ്ദേശിച്ച ക്ളൈമാക്സില്‍ പടം അവസാനിക്കില്ലെന്ന് ഉറപ്പായിട്ടുണ്ട്.
അഴിമതി നിരോധന നിയമത്തിലെ വ്യവസ്ഥകള്‍ അനുസരിച്ച് പിണറായി വിജയനെതിരെ യാതൊന്നും തെളിയിക്കാനില്ലാത്ത അവസ്ഥയില്‍ ഗൂഢാലോചനയാണ് അവശേഷിക്കുന്ന ആരോപണം. സിബിഐ ആരോപിക്കുന്ന ഗൂഢാലോചനയുടെ ജനകന്‍ ജി കാര്‍ത്തികേയനാണെന്ന് സിബിഐ തന്നെ കോടതിയെ അറിയിച്ചിട്ടുണ്ട്. പക്ഷേ ജനകന്‍ പ്രതിയല്ല. കണ്ണികള്‍ കൂട്ടിമുട്ടുമ്പോഴാണ് ഗൂഢാലോചന തെളിയുന്നത്. ആദ്യത്തെ കണ്ണിയുടെ അഭാവത്തില്‍ പിന്നത്തെ കണ്ണികള്‍ എവിടെ കൊളുത്തും?
ലാവ്ലിന്‍ കേസിലെ രേഖകള്‍ ട്രോളിയില്‍ പോര്‍ട്ടര്‍മാരാണ് തള്ളിനീക്കുന്നത്. ഇത്രയധികം രേഖകള്‍ ഉല്‍പ്പാദിപ്പിക്കപ്പെട്ടിട്ടും പ്രയോജനമില്ലെന്ന അവസ്ഥയിലാണ് പ്രോസിക്യൂഷന്‍ എത്തിയിരിക്കുന്നത്. കെട്ടിപ്പൊക്കിക്കണ്ടത് മലയെന്നു കരുതിയവര്‍ ഓടിപ്പോകുന്ന എലിയെ കണ്ട് അമ്പരന്നു നില്‍ക്കുന്നു.
സ്വന്തം രചനയില്‍ സിബിഐ ഇപ്പോള്‍ കണ്ടെത്തിയ ന്യൂനത നേരത്തെ കണ്ടതുകൊണ്ടാണ് പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കേണ്ടതില്ലെന്ന ഉപദേശം മന്ത്രിസഭ ഗവര്‍ണര്‍ക്ക് നല്‍കിയത്. ആ ഉപദേശം സ്വീകരിക്കപ്പെട്ടില്ല. മന്ത്രിസഭയെ മറികടന്ന് സ്വയം ലഭ്യമാക്കിയ ഉപദേശ - നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ തന്നിഷ്ടപ്രകാരം തീരുമാനമെടുത്ത ഗവര്‍ണര്‍ ഇപ്പോള്‍ പ്രസക്തമായിത്തീര്‍ന്ന ചോദ്യങ്ങള്‍ അന്നേ ചോദിച്ചിരുന്നുവെങ്കില്‍ സിബിഐ ഇപ്പോഴത്തെ ഊരാക്കുടുക്കില്‍ അകപ്പെടില്ലായിരുന്നു.
ഇനി ഇക്കാര്യമാണ് സുപ്രീംകോടതി തീരുമാനിക്കേണ്ടത്. ജനങ്ങള്‍ തെരഞ്ഞെടുത്ത് നല്‍കുന്ന മന്ത്രിസഭയെ മാനിക്കാതെ സ്വയം തീരുമാനമെടുക്കാനുള്ള ഗവര്‍ണറുടെ അധികാരത്തെക്കുറിച്ച് വ്യക്തത കൈവരുന്നതോടെ ലാവ്ലിന്‍ കോലാഹലം കെട്ടടങ്ങും. അഴിമതിക്കാരെ സംരക്ഷിക്കുന്ന നിലപാട് രാഷ്ട്രീയകാരണങ്ങളാല്‍ മന്ത്രിസഭയ്ക്ക് സ്വീകരിക്കേണ്ടിവന്നാല്‍ ഗവര്‍ണര്‍ അതിനെതിരെ വിവേചനാധികാരം പ്രയോഗിക്കേണ്ടതല്ലേ എന്ന ചോദ്യമുണ്ടായി. അഴിമതി നടന്നതായി തെളിവില്ലാത്ത കേസിലായിരുന്നു ഗവര്‍ണറുടെ ഉല്‍ക്കണ്ഠ. ഭരണഘടന വായിക്കാതെ ഉല്‍ക്കണ്ഠയുടെ അടിസ്ഥാനത്തില്‍ രാജ് ഭവനില്‍ തീരുമാനമെടുത്തത് മറ്റാരോ ആയിരുന്നുവെന്ന് വ്യക്തം.
ഇരുട്ടിലേക്ക് പൊയ്ക്കൊണ്ടിരുന്ന കേരളത്തെ വെളിച്ചത്തിലേക്ക് നയിച്ച മന്ത്രിയായിരുന്നു പിണറായി വിജയന്‍. അസാധ്യമായതിനെ സാധ്യമാക്കുന്നതിനുവേണ്ടി അദ്ദേഹം സ്വീകരിച്ച അടിയന്തരനടപടികളെ ഒരു വ്യാഴവട്ടത്തിനുശേഷം രൂപയുടെയും ഡോളറിന്റെയും അടിസ്ഥാനത്തില്‍ വിലയിരുത്താനാവില്ല. നിലവില്‍ കോടതി പരിഗണിക്കുന്ന കേസിലെ വിഷയം അതല്ല. ലാഭത്തെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്നത് കോര്‍പറേറ്റ് സ്ഥാപനങ്ങളാണ്. പ്രയോജനത്തെ അടിസ്ഥാനമാക്കിയാണ് സ്റ്റേറ്റിന്റെ പ്രവര്‍ത്തനം. മന്ത്രിയുടെ നടപടി ഈ അടിസ്ഥാനത്തില്‍ ഓഡിറ്റ് ചെയ്യുന്നത് ജനങ്ങളാണ്.
പ്രോസിക്യൂട്ടര്‍മാരുടെ വര്‍ത്തമാനം കഴിഞ്ഞപ്പോള്‍ പ്രതിയില്‍ യാതൊരു കുറ്റവും കാണുന്നില്ലെന്നാണ് പീലാത്തോസ് പറഞ്ഞത്. ഇവിടെ പ്രോസിക്യൂട്ടര്‍തന്നെയാണ് പ്രതിയില്‍ കുറ്റം കാണാതിരിക്കുന്നത്. കുറ്റം കാണുന്നില്ലെങ്കിലും വെറുതെ രണ്ട് അടി കൊടുത്ത് പ്രതിയെ വിട്ടയക്കാനാണ് പീലാത്തോസ് ഉദ്ദേശിച്ചത്. ഇവിടെയും വെറുതെ വിടുംമുമ്പ് രണ്ടടികൂടി കൊടുക്കാന്‍ കഴിയുമോ എന്ന തത്രപ്പാടിലാണ് നമ്മുടെ കുറ്റവിചാരകരും മാധ്യമങ്ങളും.
*
ഡോ. സെബാസ്റ്റ്യന്‍ പോള്‍
No comments:
Post a Comment