മുതലാളിത്തം മനുഷ്യവംശത്തിന്റെ പുരോഗതിക്കോ നിലനില്‍പ്പിനോ ഉതകുന്ന ഒരു വ്യവസ്ഥ അല്ലെന്ന് പൂര്‍ണമായും തെളിഞ്ഞു കഴിഞ്ഞ ഒരു സന്ദര്‍ഭത്തിലാണ് ഇത്തവണ മെയ് ദിനം വന്നുചേര്‍ന്നിരിക്കുന്നത്. എന്നുമാത്രമല്ല, അതുനിലനില്‍ക്കുന്ന കാലത്തോളം എല്ലാ രംഗങ്ങളിലും അധഃപതനം മാത്രമേ ഇനി ഉണ്ടാകുകയുള്ളൂവെന്ന് തെളിഞ്ഞുകൊണ്ടിരിക്കുകയാണ്.
ലോകസാമ്പത്തിക വ്യവസ്ഥയെ ആകെ പിടിച്ചുലച്ച ആഗോള സാമ്പത്തികമാന്ദ്യത്തില്‍നിന്ന് ഇനിയും കരകയറി കഴിഞ്ഞിട്ടില്ല. കരയേറ്റം എളുപ്പമായിരിക്കുമെന്ന കണക്കുകൂട്ടലുകള്‍ ആകെ തെറ്റിക്കുന്ന അനുഭവമാണ് മുതലാളിത്ത രാജ്യങ്ങളില്‍ ഒട്ടാകെ ഇപ്പോഴും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. സാമ്പത്തികമാന്ദ്യത്തിന്റെ ഭാരംമുഴുവന്‍ പേറുന്നത് അധ്വാനിക്കുന്ന വര്‍ഗങ്ങള്‍മാത്രമാണ്. എന്നാല്‍, അവര്‍ ആരും സാമ്പത്തികമാന്ദ്യത്തിനോ അതിനോട് ബന്ധപ്പെട്ട വന്‍കിട ഇന്‍ഷുറന്‍സ് കമ്പനികള്‍, ബാങ്കുകള്‍, വ്യവസായ സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ തകര്‍ച്ചയ്ക്കോ തരിമ്പും ഉത്തരവാദികളല്ല.
വ്യാപകമായ തൊഴില്‍നഷ്ടം, ലേഓഫുകള്‍, അടച്ചുപൂട്ടല്‍, വേതനം വെട്ടിക്കുറയ്ക്കല്‍ ആദിയായവ ഇപ്പോഴും തുടരുകയാണ്. 2008ല്‍ ഈ സാമ്പത്തികമാന്ദ്യം പൊട്ടിപ്പുറപ്പെട്ട ഉടന്‍ അഞ്ചുകോടി ആളുകള്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടതെന്ന് ഐഎല്‍ഒ തിട്ടപ്പെടുത്തുകയു ണ്ടായി. 2008 അവസാനമായപ്പോള്‍ ഒട്ടാകെ തൊഴില്‍നഷ്ടപ്പെട്ടവരുടെ എണ്ണം 23 കോടിയായി വളര്‍ന്നു. ദിനംപ്രതി ഒരു ഡോളറില്‍ താഴെമാത്രം വരുമാനമുള്ളവരുടെ എണ്ണം 20 കോടി ആയിരുന്നു. 2009 അവസാനമായപ്പോള്‍ എട്ടുകോടി 80 ലക്ഷംപേര്‍കൂടി തൊഴിലില്ലാത്തവരുടെ പട്ടികയില്‍പ്പെട്ടു. ഈ അവസ്ഥ വളര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോഴും. അടച്ചുപൂട്ടലും ലേഓഫും പിരിച്ചുവിടലും കൂലി വെട്ടിക്കുറയ്ക്കലും തുടരുന്നു. സ്ഥിരം ജോലി പടിപടിയായി കുറച്ചുകൊണ്ടുവരുന്നു. താല്‍ക്കാലിക അടിസ്ഥാനത്തിലും കോണ്‍ട്രാക്ട് അടിസ്ഥാനത്തിലും ജോലിചെയ്യിക്കല്‍ വര്‍ധിക്കുന്നു.
മുതലാളിത്ത രാജ്യങ്ങളിലെല്ലാം ക്ഷേമപദ്ധതികള്‍ പലതും ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നു.
താരതമ്യേന സാമ്പത്തികക്കുഴപ്പത്തിന്റെ തിരിച്ചടി കുറഞ്ഞ രാജ്യമായിട്ടാണ് ഇന്ത്യ കണക്കാക്കപ്പെടുന്നത്. എന്നാല്‍, 50 ലക്ഷത്തില്‍പ്പരം പേര്‍ക്ക് ഈ സന്ദര്‍ഭത്തില്‍ ഇന്ത്യയിലും ജോലി നഷ്ടപ്പെടുകയുണ്ടായിട്ടുണ്ട്. വേതനം വെട്ടിക്കുറയ്ക്കല്‍, കൂലിരഹിത നിര്‍ബന്ധിത അവധി അടിച്ചേല്‍പ്പിക്കല്‍, ലേഓഫ്, അടച്ചുപൂട്ടല്‍ തുടങ്ങിയവ ഇന്ത്യയിലും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്.
മുതലാളിത്ത വ്യവസ്ഥിതിയുടെ ക്രൂരമായ ഈ ആക്രമണത്തെ കൈയുംകെട്ടി അംഗീകരിക്കുകയല്ല തൊഴിലാളിവര്‍ഗം ചെയ്യുന്നത്. പണിമുടക്കുകള്‍ ഉള്‍പ്പെടെയുള്ള ചെറുത്തുനില്‍പ്പു പോരാട്ടം മുതലാളിത്ത രാജ്യങ്ങളില്‍ വളര്‍ന്നുകൊണ്ടിരിക്കുന്നു. ഫ്രാന്‍സ്, ഇറ്റലി, സ്വീഡന്‍, ഗ്രീസ്, സ്പെയിന്‍, പോര്‍ച്ചുഗല്‍, ബ്രിട്ടന്‍ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിരവധി പണിമുടക്ക് സമരങ്ങളും സംഘടിതമായ പ്രതിഷേധ പ്രകടനങ്ങളും ഈ വര്‍ഷം നടക്കുകയുണ്ടായി. വിരലില്‍ എണ്ണാവുന്ന വന്‍കിട കുത്തക മുതലാളിമാരെ രക്ഷിക്കുന്നതിനുവേണ്ടി ഖജനാവിലെ പൊതുപണം ചെലവഴിക്കുന്നതിനെതിരെ അമേരിക്കയിലും പണിമുടക്കുകളും പ്രതിഷേധ പ്രക്ഷോഭങ്ങളും വളരുകയാണ്. ഏഷ്യന്‍ രാജ്യങ്ങളും ഇതില്‍നിന്ന് ഒഴിവാകുന്നില്ല. ദക്ഷിണകൊറിയ, ഇറാന്‍, ജപ്പാന്‍, പാകിസ്ഥാന്‍, കസാഖിസ്ഥാന്‍ തുടങ്ങിയ പല രാജ്യങ്ങളിലും പണിമുടക്കും സംഘടിത പ്രതിഷേധ പ്രകടനങ്ങളും നടന്നു. ചെറുത്തുനില്‍പ്പിന്റെ ശക്തമായ കേന്ദ്രമായി ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങള്‍ തീര്‍ന്നിരിക്കുന്നു.
മുമ്പ് ഒരുകാലത്തും ഇല്ലാത്ത വിധത്തിലുള്ള തൊഴിലാളിവര്‍ഗ ഐക്യമാണ് ഈ പോരാട്ടങ്ങളില്‍ കാണാന്‍ കഴിയുന്നത്. മുതലാളിവര്‍ഗത്തിന്റെയും ഭരണകൂടങ്ങളുടെയും അധ്വാനിക്കുന്ന വര്‍ഗങ്ങള്‍ക്ക് എതിരായ ആക്രമണത്തെ പ്രതിരോധിക്കലാണ് ഇന്ന് തൊഴിലാളിവര്‍ഗം ഏറ്റെടുക്കേണ്ട അടിയന്തരകടമ. തൊഴിലാളികളുടെ ഐക്യം പടുത്തുയര്‍ത്തിക്കൊണ്ടുമാത്രമേ ഈ കടമ നിര്‍വഹിക്കാന്‍ ആവുകയുള്ളൂ. തൊഴിലാളികളുടെ ഐക്യം വളര്‍ത്തി എടുക്കുന്നതിന് നിരവധിരൂപത്തിലുള്ള തടസ്സം ഭരണവര്‍ഗവും ഗവണ്‍മെന്റും സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. ജാതിയും പ്രാദേശികവാദവും രാഷ്‌ട്രീയനിലപാടുകളുടെ വ്യത്യാസവും ഇതിന് ഉപയോഗിക്കുന്നുണ്ട്. അങ്ങനെയുള്ള പരിശ്രമങ്ങള്‍ക്ക് സാമ്രാജ്യത്വം പിന്തുണയും നല്‍കിപ്പോരുന്നു.
നവലിബറല്‍ സാമ്രാജ്യത്വ അനുകൂലനയങ്ങളെ ഉറച്ചുനിന്ന് എതിര്‍ക്കുന്നത് ഇടതുപക്ഷമാണ്. ഉറച്ച ഇടതുപക്ഷ നിലപാടുകള്‍ സ്വീകരിച്ച് പ്രവര്‍ത്തിക്കുന്ന ശക്തികളെ തകര്‍ക്കുക എന്നത് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ ഗവമെന്റിന്റെ പ്രധാനലക്ഷ്യമാണ്. ജനങ്ങളുടെയും രാജ്യത്തിന്റെയും താല്‍പ്പര്യത്തിനു വിരുദ്ധമായ പല നപടിയും തടഞ്ഞത് ഇടതുപക്ഷത്തിന്റെയും തൊഴിലാളിവര്‍ഗ പ്രസ്ഥാനങ്ങളുടെയും ഉറച്ചനിലപാടുമൂലമാണ്. ഒന്നാം യുപിഎ ഗവണ്‍മെന്റിന് നടപ്പില്‍ വരുത്താന്‍ കഴിയാതെപോയ ജനവിരുദ്ധ നടപടികള്‍ രണ്ടാം യുപിഎ ഗവണ്‍മെന്റ് അതിവേഗത്തില്‍ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്.
അമേരിക്കന്‍ സാമ്രാജ്യത്വവുമായി തന്ത്രപരമായ സഖ്യം സ്ഥാപിച്ച്, രാജ്യത്തിന്റെ സ്വാതന്ത്ര്യവും പരമാധികാരവും നഷ്ടപ്പെടുത്തുംവിധത്തിലുള്ള അമേരിക്കന്‍ സാമ്രാജ്യത്വ അനുകൂല നടപടികളാണ് ഇപ്പോള്‍ കൈക്കൊണ്ടുപോരുന്നത്. എല്ലാ മേഖലയിലും നേരിട്ടുള്ള വിദേശമൂലധന നിക്ഷേപം വര്‍ധിപ്പിക്കുന്നു. നൂറുശതമാനം വിദേശ നിക്ഷേപംപോലും അനുവദിക്കുകയാണ്. വിദ്യാഭ്യാസരംഗത്തും വാര്‍ത്താവിനിമയരംഗത്തും മാധ്യമരംഗങ്ങളിലും വിദേശസ്ഥാപനങ്ങള്‍ക്ക് ആധിപത്യം സ്ഥാപിക്കാന്‍ അനുമതി നല്‍കുന്നു. ആയുധനിര്‍മാണംപോലെ തന്ത്രപ്രധാന്യമുള്ള രംഗങ്ങളില്‍പ്പോലും സാമ്രാജ്യത്വ വിദേശ കുത്തകകളുടെ ആധിപത്യം ഒഴിവാക്കപ്പെടുന്നില്ല. ആയുധകച്ചവടകാര്യത്തില്‍ അമേരിക്കയ്ക്കും ഇസ്രയേലിനുമാണ് മുന്‍ഗണന. സാമ്പത്തികമാന്ദ്യത്തെതുടര്‍ന്ന് വലിയ കുഴപ്പത്തില്‍ അകപ്പെട്ടുകഴിഞ്ഞിട്ടുള്ള അമേരിക്കന്‍ സാമ്രാജ്യത്വം അതില്‍നിന്ന് കരകയറാന്‍ അത്യധ്വാനത്തില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്ന സന്ദര്‍ഭത്തിലാണ് ഇതെല്ലാം നടക്കുന്നതെന്നും ഓര്‍ക്കണം.
ഇറാഖ് ആക്രമണവും അഫ്‌ഗാനിസ്ഥാനില്‍ നടത്തിക്കൊണ്ടിരിക്കുന്ന യുദ്ധവും സ്ഥിതിഗതികള്‍ മൂര്‍ഛിപ്പിക്കുകയാണ്. ഇന്ത്യയെപ്പോലുള്ള ഒരു വന്‍കിട രാജ്യത്തെ തങ്ങളുടെകൂടെ നിര്‍ത്താനും അവിടത്തെ സമ്പത്ത് വന്‍തോതില്‍ കൈയടക്കാനും കഴിയുന്നതും അമേരിക്കയെ സംബന്ധിച്ചിടത്തോളം നിലനില്‍പ്പിന്റെകൂടി പ്രശ്നമാണ്. അതുപോലെ സാമ്രാജ്യത്വം നിലനില്‍ക്കേണ്ടത് ഇന്ത്യന്‍ കുത്തകകളുടെയും അതിന്റെ നേതൃത്വത്തിലുള്ള ഭരണകൂടത്തിന്റെയുംകൂടി താല്‍പ്പര്യമായി തീര്‍ന്നിരിക്കുന്നു.
ഈ നയത്തിന്റെ ഫലമായി സാമ്പത്തികഭാരം ഉള്‍പ്പെടെയുള്ള ദോഷങ്ങള്‍ ഏറെയും നേരിടേണ്ടി വരുന്നത് അധ്വാനിക്കുന്ന ജനവിഭാഗത്തിനാണ്. അതുകൊണ്ട് ഈ പോക്കിനെ തടയാനുള്ള ചുമതല മറ്റാരേക്കാളും കൂടുതല്‍ തൊഴിലാളിവര്‍ഗത്തിനുണ്ട്. തൊഴിലാളികളുടെ വിപുലമായ ഐക്യം കെട്ടിപ്പടുത്തുകൊണ്ടേ ഈ കടമ നിര്‍വഹിക്കാന്‍ കഴിയൂ. മറ്റാരേക്കാളും ഇതിന് ചുമതലയുള്ളത് സിഐടിയുവിനാണ്. സിഐടിയു ജന്മംകൊണ്ട കാലംമുതല്‍ ഈ കടമ നിര്‍വഹിക്കാന്‍ വിട്ടുവീഴ്ചയില്ലാത്ത പരിശ്രമം തുടര്‍ന്നുപോരുന്നു. മാര്‍ച്ച് 17 മുതല്‍ 21വരെ ചണ്ഡീഗഢില്‍ നടന്ന സമ്മേളനത്തിലെ ചര്‍ച്ചകളും തീരുമാനങ്ങളും അടിവരയിട്ട് ഇതു വ്യക്തമാക്കുന്നുണ്ട്.
ദേശീയതലത്തില്‍ ഒരുകാലത്തും ഇല്ലാത്തവിധം ട്രേഡ് യൂണിയന്‍ സംഘടനകളുടെ ഐക്യമാണ് രൂപംകൊണ്ടുവരുന്നത്. കഴിഞ്ഞ സെപ്തംബര്‍ 14ന് ചരിത്രപ്രസിദ്ധമായ ഒരു ട്രേഡ് യൂണിയന്‍ കണ്‍വന്‍ഷന്‍ ഡല്‍ഹിയില്‍ നടക്കുകയുണ്ടായി. ഐഎന്‍ടിയുസി, ബിഎംഎസ്, സിഐടിയു, എഐടിയുസി, എഐയുടിയുസി, എഐസിസിടിയു, എച്ച്എംഎസ്, യുടിയുസി, ടിയുസിസി എന്നീ ഇന്ത്യയിലെ ഒമ്പത് അഖിലേന്ത്യ സംഘടനകള്‍ ചേര്‍ന്നാണ് കണ്‍വന്‍ഷന്‍ വിളിച്ചുചേര്‍ത്തത്. ഐഎന്‍ടിയുസിയുടെ അഖിലേന്ത്യ ആസ്ഥാനത്ത് ഐഎന്‍ടിയുസി പ്രസിഡന്റ് ഡോ. എന്‍ സഞ്ജീവ റെഡ്ഡിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് കണ്‍വന്‍ഷന്‍ വിളിച്ചുകൂട്ടാനുള്ള തീരുമാനം കൈക്കൊണ്ടത്. താഴെപറയുന്ന പ്രശ്നങ്ങളുടെ അടിസ്ഥാനത്തില്‍ രാജ്യവ്യാപകമായ പ്രക്ഷോഭങ്ങളും സമരങ്ങളും നടത്താന്‍ കണ്‍വന്‍ഷന്‍ തീരുമാനിച്ചു.
1. ഭക്ഷ്യധാന്യം, പച്ചക്കറികള്‍ തുടങ്ങിയ ആവശ്യവസ്തുക്കളുടെ വിലവര്‍ധന.
2. സാമ്പത്തികമാന്ദ്യത്തിന്റെയും മറ്റും ഫലമായി ദശലക്ഷക്കണക്കിനു തൊഴിലാളികള്‍ക്ക് ജോലി നഷ്ടപ്പെടുകയും ജീവിക്കാന്‍ കഴിയാത്ത അവസ്ഥ ഉണ്ടാക്കുകയും ചെയ്യുന്നന്നത്.
3. മിനിമംകൂലി, തൊഴില്‍സമയം, സാമൂഹ്യസുരക്ഷ, തൊഴില്‍സ്ഥലങ്ങളിലെ സുരക്ഷിതത്വം, ട്രേഡ് യൂണിയന്‍ അവകാശങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള മൌലികനിയമങ്ങള്‍ നഗ്നമായി ലംഘിക്കപ്പെടുന്നതുകൊണ്ട് രാജ്യവ്യാപകമായി തൊഴിലെടുക്കുന്ന എല്ലാ ജനങ്ങളുടെയും ദുരിതം വര്‍ധിക്കുന്നത്.
4. അസംഘടിത തൊഴിലാളികള്‍ക്ക് സാമൂഹ്യസുരക്ഷ നല്‍കുന്ന 2008ലെ ആക്ട് മഹാഭൂരിപക്ഷം അസംഘടിത തൊഴിലാളികള്‍ക്കും കോട്രാക്ട് തൊഴിലാളികള്‍ക്കും ആനുകൂല്യം ലഭിക്കാന്‍ പറ്റാത്തവിധത്തില്‍ നിയന്ത്രിതമായ വകുപ്പുകള്‍ അടങ്ങിയതാണ്. അതുകൊണ്ട് അസംഘടിതമേഖലയിലെ തൊഴിലാളികള്‍ക്കുവേണ്ടി പാര്‍ലമെന്റ് സ്റാന്‍ഡിങ് കമ്മിറ്റി ഓഫ് ലേബര്‍, എന്‍എഎഫ്‌യൂഎസ്, എന്‍സിഇയുഎസ് എന്നിവയുടെ ശുപാര്‍ശകള്‍ അനുസരിച്ചുള്ള ഫണ്ട് വകയിരുത്തുക.
5. ലാഭത്തില്‍ നടക്കുന്ന കേന്ദ്രപൊതുമേഖല വ്യവസായ സ്ഥാപനങ്ങളുടെ ഓഹരി വില്‍പ്പന തുടങ്ങിയ കേന്ദ്രഗവമെന്റിന്റെ നയങ്ങള്‍ തിരുത്തുക.
തൊഴിലാളികളെ മാത്രമല്ല മുഴുവന്‍ ജനങ്ങളെയും നേരിട്ട് ബാധിക്കുന്ന പ്രശ്‌നങ്ങളാണ് ഇതില്‍ അടങ്ങിയിട്ടുള്ളതെന്നു കാണാം. ഇതിനെ അടിസ്ഥാനമാക്കി രാജ്യവ്യാപകമായ പ്രക്ഷോഭം നടത്താന്‍ കണ്‍വന്‍ഷന്‍ എടുത്ത തീരുമാനം അനുസരിച്ച് 2009 ഒക്ടോബര്‍ 28ന് ദേശീയ പ്രതിഷേധദിനം ആചരിക്കുകയും ഡിസംബര്‍ 16ന് പാര്‍ലമെന്റിനു മുന്നില്‍ സംയുക്താഭിമുഖ്യത്തില്‍ വമ്പിച്ച ധര്‍ണ നടത്തുകയും ചെയ്തു. തുടര്‍ന്നുള്ള പരിപാടിയുടെ ഭാഗമായി 2010 മാര്‍ച്ച് അഞ്ചിന് ദേശവ്യാപകമായി ജയില്‍ നിറയ്ക്കല്‍ സമരമാണ് നടന്നത്. ഈ പ്രക്ഷോഭവും സമരവും കൂടുതല്‍ ശക്തിയോടെ മുന്നോട്ടു കൊണ്ടുപോകാനാണ് സംയുക്തമായി തീരുമാനിച്ചിരിക്കുന്നത്.
കാലഘട്ടത്തിന്റെ ആവശ്യമായ ഈ യോജിപ്പ് നേതൃനിരയില്‍മാത്രം ഒതുങ്ങിനിന്നാല്‍പോര. വ്യവസായം, തൊഴില്‍ മേഖല തുടങ്ങിയവയെ അടിസ്ഥാനമാക്കി താഴെ തട്ടിലുള്ള തൊഴിലെടുക്കുന്നവരുടെ മുഴുവന്‍ ഐക്യമാക്കി ഇതിനെ വളര്‍ത്തുക എന്നതാണ് ഈ വര്‍ഷത്തെ മെയ്‌ദിനത്തിന്റെ സന്ദേശം.
*****
എം എം ലോറന്‍സ്
No comments:
Post a Comment