കോഴിക്കോട്: കിനാലൂര്‍ സംഭവത്തില്‍ സിപിഐ എമ്മിനും വ്യവസായമന്ത്രി എളമരം കരീമിനും എതിരായി മാഫിയാ ബന്ധമാരോപിക്കുന്ന യുഡിഎഫ് മലര്‍ന്നു കിടന്ന് തുപ്പുകയാണെന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. 1995ല്‍ സര്‍ക്കാര്‍ ഏറ്റെടുത്ത 300 ഏക്കര്‍ സ്ഥലത്ത് വ്യവസായ സംരംഭങ്ങളാരംഭിക്കാനുള്ള പശ്ചാത്തല സൌകര്യമൊരുക്കാന്‍ വട്ടോളി ബസാര്‍മുതല്‍ കിനാലൂര്‍ വരെ വ്യവസായ വികസന കോര്‍പ്പറേഷന്റെ അധീനതയിലുള്ള റോഡ് വീതികൂട്ടുന്നതിനുള്ള പ്രാഥമിക സര്‍വേയാണ് കഴിഞ്ഞ ദിവസം ആരംഭിച്ചത്. നിലവില്‍ 12 മീറ്റര്‍ വീതിയുള്ള റോഡ് 20 മീറ്റര്‍ വീതി ലഭിക്കത്തക്കവണ്ണം റോഡിന്റെ ഇരുവശത്തുനിന്നും തുല്യ അളവില്‍ ഭൂമി വിട്ടുകിട്ടുന്നതിനുള്ള വ്യവസ്ഥാപിതമായ ഇടപെടലുകളാണ് അധികൃതര്‍ നടത്തിയത്. ഇതിന് വിവിധ ഘട്ടങ്ങളിലായി 11 തവണ സ്ഥലമുടമകളുടേതടക്കമുള്ളവരുടെ യോഗം അധികൃതര്‍ വിളിച്ചിട്ടുണ്ട്. റോഡിനിരുവശത്തുമായി നാല് മീറ്റര്‍ വീതിയില്‍ വിട്ടുകൊടുക്കുന്ന സ്ഥലത്തിന് മാന്യമായ നഷ്ടപരിഹാരവും ഭൂമി വിട്ടുകൊടുക്കുന്ന കുടുംബത്തിലെ ഒരാള്‍ക്ക് വ്യവസായ പാര്‍ക്കില്‍ ജോലിയും നല്‍കുമെന്ന ധാരണയില്‍ ബഹുഭൂരിപക്ഷം ഉടമകളും സ്ഥലം വിട്ടുനല്‍കാന്‍ സന്നദ്ധമായിരുന്നു. വീട് ഭാഗികമായി നഷ്ടമാകുന്ന ആറ് കുടുംബങ്ങള്‍ക്ക് റോഡിനോട് ചേര്‍ന്ന് വീട് നിര്‍മിക്കാന്‍ സ്ഥലം ഏറ്റെടുത്ത് നല്‍കുമെന്നും ധാരണയായതാണ്.
ഇതിന്റെ അടിസ്ഥാനത്തില്‍ പ്രദേശവാസികളുടെയും പഞ്ചായത്ത് അധികൃതരുടെയും സാന്നിധ്യത്തില്‍ സര്‍വേ നടക്കുന്നതിനിടയിലാണ് പുറമെനിന്ന് എത്തിയ ഒരുകൂട്ടം ആളുകള്‍ പൊലീസിന്റെയും ഉദ്യോഗസ്ഥരുടെയും ദേഹത്ത് ചാണകവെള്ളമൊഴിക്കുകയും ആക്രമിക്കുകയും ചെയ്തത്. ഇത് രാജ്യത്തിന്റെ വടക്കുകിഴക്കന്‍ മേഖലകളിലെ മാവോയിസ്റ്റ് ആക്രമണത്തെയാണ് ഓര്‍മപ്പെടുത്തുന്നത്. തീവ്രവാദവും വര്‍ഗീയവാദവും മുഖമുദ്രയായി സ്വീകരിച്ച, സ്വന്തം സമുദായത്തില്‍പോലും നാമമാത്രമായ സ്വാധീനമില്ലാത്ത ചില സംഘടനകളാണ് ഈ പേക്കൂത്തിന് നേതൃത്വം നല്‍കിയത്.
റോഡ് വികസനവുമായി ബന്ധപ്പെട്ട ആലോചനകളുടെ എല്ലാ ഘട്ടത്തിലും അനുകൂല നിലപാട് സ്വീകരിച്ച് പിന്തുണ പ്രഖ്യാപിച്ച യുഡിഎഫ് ചുവടുമാറ്റി മതതീവ്രവാദികളുടെയും വികസന വിരുദ്ധരുടെയും പിന്നാലെ പോകാന്‍ പ്രേരിപ്പിച്ച ചേതോവികാരം ജനങ്ങള്‍ തിരിച്ചറിയും.
20 മീറ്റര്‍ വീതിയിലാണ് റോഡ് നിര്‍മിക്കാനുദ്ദേശിക്കുന്നത് എന്ന് ബന്ധപ്പെട്ടവര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടും പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിയെപ്പോലുള്ള ഉത്തരവാദിത്തമുള്ള നേതാക്കള്‍ 100 മീറ്റര്‍ വീതിയിലാണ് റോഡ് എന്ന് പ്രചരിപ്പിക്കുന്നത് തെറ്റിദ്ധാരണയുണ്ടാക്കി അന്തരീക്ഷം കലുഷിതമാക്കാനേ സഹായിക്കൂ. ഉത്തരവാദപ്പെട്ട രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ മതതീവ്രവാദികളും വികസന വിരുദ്ധരുമായ ചിലരുടെ പിന്നാലെ പോകുന്നത് നിരുത്തരവാദപരമാണ്.
യുഡിഎഫിന്റെ കെടുകാര്യസ്ഥതയുടെ ഫലമായി തകര്‍ന്ന കേരളത്തിന്റെ വ്യവസായ മേഖലയെ മുന്നേറ്റത്തിന്റെ പാതയിലേക്ക് നയിക്കാന്‍ നേതൃത്വം നല്‍കിയ മന്ത്രി എളമരം കരീമിനെ വ്യക്തിപരമായി ആക്ഷേപിക്കാനും ഭൂമാഫിയയുടെ വക്താവായി ചിത്രീകരിക്കാനുമാണ് ഇടതുപക്ഷ വിരോധികളായ മാധ്യമങ്ങളും യുഡിഎഫും ശ്രമിക്കുന്നത്. കിനാലൂരില്‍ ഭൂമി വാങ്ങിക്കൂട്ടിയവരുടെ പേര് വെളിപ്പെടുത്തുമെന്ന് കോണ്‍ഗ്രസ് ഐ ജില്ലാ നേതൃത്വം പ്രസ്താവിച്ചതായി കണ്ടു. ഒരു പ്രദേശത്തിന്റെ വികസനത്തിന് വഴിയൊരുക്കുന്ന സംരംഭങ്ങള്‍ വരുമ്പോള്‍ ആ മേഖലയില്‍ ഭൂമിക്ക് വില കൂടുക സ്വാഭാവികമാണ്. ഭൂമി വാങ്ങിയവരുടെ പേര് വെളിപ്പെടുത്തുമെന്ന് പറയുന്നവര്‍ അതിന് ആര്‍ജവം പ്രകടിപ്പിക്കണം. യുഡിഎഫിന്റെ സമുന്നത നേതൃത്വത്തിലുള്ള ചിലര്‍ കിനാലൂരില്‍ ഇടപെട്ടത് ജനം സംശയത്തോടെയാണ് കാണുന്നത്. വ്യവവസായ മന്ത്രിക്കും സിപിഐ എമ്മിനും എതിരെ ഉറഞ്ഞുതുള്ളുന്ന പലരുടെയും താല്‍പ്പര്യങ്ങളും പങ്കും വ്യക്തമാകാനിരിക്കുന്നതേയുള്ളൂ.
കിനാലൂര്‍ സംഭവവുമായി ബന്ധപ്പെട്ട് മുസ്ളിങ്ങളെ വ്യവസായമന്ത്രി തീവ്രവാദികളായി ചിത്രീകരിക്കുന്നു എന്ന പി കെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം അവജ്ഞയോടെയേ ജനങ്ങള്‍ക്ക് കാണാനാവൂ. മുസ്ളിം സമുദായത്തിലെ മഹാഭൂരിപക്ഷവും മതനിരപേക്ഷ വാദികളും തീവ്രവാദ വിരുദ്ധനിലപാട് സ്വീകരിക്കുന്നവരുമാണെന്നത് സിപിഐ എം എക്കാലത്തും ഉയര്‍ത്തിപ്പിടിച്ച നിലപാടാണ്. ഇപ്പോള്‍ സമരത്തിന് ചാണകവെള്ളമേ ഉപയോഗിച്ചിട്ടുള്ളൂ എന്നും തുടര്‍ന്നങ്ങോട്ട് ഇതിനേക്കള്‍ വൃത്തികെട്ട സമരരീതി സ്വീകരിക്കുമെന്നുമുള്ള യൂത്ത് ലീഗിന്റെ പ്രതികരണം ലീഗിന്റെ ഉപശാലയിലടക്കം നടന്ന ആലോചനയുടെ ഭാഗമാണ് കിനാലൂര്‍ ആക്രമവും എന്ന് തെളിയിക്കുന്നു.
സിപിഐ എമ്മിനും വ്യവസായമന്ത്രിക്കും എതിരെ യുഡിഎഫ് നേതൃത്വം ആരോപിക്കുന്ന മാഫിയാ ബന്ധത്തിന്റെ തൊപ്പി യുഡിഎഫിന്റെ തലയ്ക്കാണ് ചേരുക. പതിനായിരക്കണക്കിനാളുകള്‍ക്ക് ജോലി ലഭിക്കാനിടയുള്ളതും നാടിന്റെ വ്യവസായ വളര്‍ച്ചക്ക് അസ്തിവാരമിടുന്നതുമായ പദ്ധതി തകിടം മറിക്കാനും തീവ്രവാദികളും വര്‍ഗീയ വാദികളുമായ ഒരുപറ്റം ആളുകളെ മുന്നില്‍ നിര്‍ത്തി സാമൂഹ്യ ജീവിതം തകര്‍ക്കാനുമുള്ള ഗൂഢനീക്കം ജാഗ്രതയോടെ കണ്ട് ചെറുത്തു തോല്‍പ്പിക്കണം.
**
കടപ്പാട്: ജാഗ്രത, ദേശാഭിമാനി
No comments:
Post a Comment