Sunday, 2 May 2010

പണം പറത്തും പരുന്ത്

എല്ലാം പറഞ്ഞുകഴിഞ്ഞശേഷവും നാലു കാളിദാസ ശ്ളോകങ്ങളില്ലാതെ ഒന്നും പൂര്‍ത്തിയാകുന്നില്ലെന്ന രാജകീയ ശാഠ്യംപോലെ കോപ്പിബുക് ക്ളാസിക് സാധ്യതകളുടെ ആശയ പരിസരത്തുനിന്ന് ക്രിക്കറ്റ് അണുവിട മാറിക്കൂടെന്നു പറയുന്നില്ല. എഴുപതുകളില്‍ ഓസ്ട്രേലിയന്‍ വിത്തപ്രമാണിയായ കെറി പേക്കര്‍ ക്രിക്കറ്റ് സംപ്രേഷണാവകാശം നേടിയെടുക്കുന്നതിന് പുറത്തെടുത്ത വൃത്തികെട്ട കളികളിലൊന്നാണ് ക്രിക്കറ്റിനെ ഇന്നു കാണുന്ന കടും വര്‍ണങ്ങളിലേക്കും ട്വന്റി 20 എന്ന ഉത്തരാധുനിക രൂപത്തിലേക്കും എത്തിച്ചത്. പേക്കര്‍ കഥാവശേഷനായി. അദ്ദേഹം ലളിത് മോഡിയെ കണ്ടിരുന്നെങ്കില്‍ നീയാണ് എന്റെ ഗുരു എന്ന് അത്യാദരത്തോടെ മൊഴിയുമായിരുന്നു.

വെറും കച്ചവടമല്ലാതെ മറ്റൊരു ലക്ഷ്യവും പേക്കര്‍ക്കില്ലായിരുന്നു. എന്നാല്‍ ക്രിക്കറ്റ് കച്ചവടത്തിന്റെ മഹാസാധ്യതകള്‍ കേന്ദ്രീകരിക്കുന്നതിനെ തകര്‍ക്കാന്‍ അദ്ദേഹത്തിന്റെ വേള്‍ഡ് സീരീസിന് അഥവാ പൈജമാ ക്രിക്കറ്റിനു കഴിഞ്ഞു. നിയന്ത്രിത ഓവര്‍ ക്രിക്കറ്റിന്റെ തലതൊട്ടപ്പനായ കെറി പേക്കറേക്കാള്‍ ആഴത്തിലുള്ള അധോലോക ബുദ്ധിയും ചൂതാട്ടമനസ്സും മോഡിക്കുണ്ട്. ചൂതാട്ടവും മയക്കുമരുന്നു കച്ചവടവും മറ്റും മറ്റുമുള്ള മാരിയോ പുസോയുടെ 'ഗോഡ്ഫാദറിലെ' കാസിനോകള്‍ക്കു സമാനമായ അന്തരീക്ഷം ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലേക്കു സംക്രമിപ്പിക്കാനുള്ള പരിശ്രമത്തിലാണല്ലോ മോഡി എന്ന സിഇഒ. അദ്ദേഹത്തിന് വിജയകരമായി കാസിനോ ഇന്നിങ്സ് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍പ്പോലും കേരളത്തിന്റെ ഐപിഎല്‍ മോഹങ്ങള്‍ക്ക് ചുക്കാന്‍പിടിക്കാന്‍ പാഡുകെട്ടി ഇറങ്ങിയ ശശി തരൂരിന്റെ മന്ത്രിപ്പണി കളഞ്ഞ് 'ഡിക്ളയേഡ് ഔട്ടാക്കാനായി'. എങ്കിലും ബിസിസിഐക്കും അതിന്റെ അധ്യക്ഷനായ ശരത്പവാറിനും കൂട്ടാളികള്‍ക്കും ലളിത് മോഡിയിലുള്ള വിശ്വാസം അചഞ്ചലമായി തുടരുന്നു.

ഐപിഎല്‍ റിയാലിറ്റി ഷോയിലെ ചീഞ്ഞളിഞ്ഞ എപ്പിസോഡുകള്‍ക്ക് വമ്പന്‍ സ്രാവുകളുടെ രാഷ്ട്രീയക്കളികൂടി സമാസമം ചേര്‍ത്ത് നാടകീയത ഏറ്റിയെങ്കിലും ഈ തൊഴുത്ത് വൃത്തിയാക്കി സംശുദ്ധമായ കളിയുടെ പുനര്‍ജനി ഇവിടെ സംഭവിക്കുമെന്നു കരുതേണ്ട. കനകത്തിന്റെയും കാമിനിയുടെയും കലഹത്തിന്റെ ഫലമായുള്ള ആഘാത പ്രത്യാഘാതങ്ങളില്‍ തരൂരിന്റെ വിക്കറ്റ് തെറിച്ചപ്പോള്‍ കേരളത്തിന് ഐപിഎല്‍ ടീം പോകുമല്ലോ എന്ന ആശങ്കയില്‍ വിലപിക്കുന്നവരുണ്ടാവാം. വര്‍ഷങ്ങളായി രഞ്ജി ട്രോഫിയില്‍ കളപറിച്ചുകൊണ്ടിരിക്കുന്ന കേരളത്തിന് പുതിയ കളിക്കാരെ ലഭ്യമാക്കാനോ സാമ്പത്തിക സ്രോതസ്സ് തുറന്നിടാനോ എന്തു താല്‍പ്പര്യമാണ് പേരിനുമാത്രം മലയാളിസാന്നിധ്യമുള്ള ഗുജറാത്തി വ്യവസായ കുടുംബത്തിന്റെ റൊണ്‍ഡിവു കണ്‍സോര്‍ഷ്യത്തിനുണ്ടാവുക. മൂന്നു വര്‍ഷമായി 25 കോടി രൂപവീതം ബിസിസിഐയില്‍നിന്നു കിട്ടിപ്പോരുന്ന കേരള ക്രിക്കറ്റ് സമിതി ഈ കളിക്കായി ഒരു ചുക്കും ചെയ്യാത്തപ്പോള്‍ മറുനാട്ടുകാര്‍ ഇവിടെ സാമ്രാജ്യം പണിഞ്ഞുതരണമെന്നു വാദിക്കുന്നതില്‍ എന്തു ന്യായം.

ഇന്ത്യന്‍ ക്രിക്കറ്റില്‍ പണത്തിന്റെ അക്കങ്ങള്‍ അനന്തമായി നീണ്ടുകിടക്കുന്നു. തമോഗര്‍ത്തത്തില്‍നിന്നു വന്നുകൊണ്ടിരിക്കുന്ന കണികപോലെയാണത്. ഐപിഎല്‍ ടെസ്റ്റോ, ഏകദിന കളിയോ അല്ല. അവിടെ എത്ര പണമിട്ടുമൂടിയാലും ടീമുകള്‍ മികവിന്റെ വഴിയില്‍ മുന്നേറണം. യുവാക്കളെ കോളയിലേക്കും ബൈക്കുകളിലേക്കും അമ്മമാരെ ടൂത്ത്പേസ്റ്റിലേക്കും പെണ്‍കുട്ടികളെ വഴിതെറ്റലിലേക്കും നയിക്കാന്‍ കെല്‍പ്പുള്ളവരാണല്ലോ, പരസ്യമോഡലുകള്‍കൂടിയായ നമ്മുടെ ക്രിക്കറ്റ് ശിങ്കങ്ങള്‍. മറ്റൊരിടത്തും ക്രിക്കറ്റുകളിക്കാര്‍ വിഗ്രഹങ്ങളാവുന്നില്ല. ഇന്ത്യയിലെപ്പോലെ ക്രിക്കറ്റ് മറ്റൊരിടത്തും കോടികളുടെ കണക്കുമാവുന്നില്ല. കളിയില്‍ കവിഞ്ഞ് ക്രിക്കറ്റ് ഇവിടെ ഒരു കള്‍ട്ടായി കഴിഞ്ഞിരിക്കുന്നു. ഓരോ കള്‍ട്ടും സൃഷ്ടിക്കുന്നത് അടിമകളെയാണ്. വിശ്വക്രിക്കറ്റിലെ രത്നങ്ങളിലൊന്നായ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് രാജ്യത്തോടുള്ള അര്‍പ്പണ മനോഭാവത്തോടൊപ്പം അഗാധവും തീവ്രവുമായ ബാധ്യതകള്‍ സ്പോണ്‍സര്‍മാരോടും പരസ്യക്കാരോടും ഉണ്ട്. അല്ലെങ്കില്‍ റിക്കി പോണ്ടിങ്ങിനെപ്പോലെ ടെസ്റ്റിലും തെരഞ്ഞെടുക്കുന്ന ഏകദിനത്തിലും മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് 40 വയസ്സുവരെയെങ്കിലും രംഗത്തു തുടരാനാണ് സച്ചിന്‍ ശ്രമിക്കേണ്ടത്.

ക്രിക്കറ്റ്പോലെ ഇന്ത്യക്കാരനെ ആവേശഭരിതമാക്കുന്നതാണ് സിനിമയും. കോര്‍പറേറ്റ് സിനിമ സ്പോര്‍ട്സ് സൂപ്പര്‍മാര്‍ക്കറ്റിന്റെ സൂപ്പര്‍ സര്‍ക്കസ്സായ ഐപിഎല്‍, കളിയുടെ തലത്തില്‍ എന്ത് സാമൂഹിക ധര്‍മമാണ് ഇവിടെ നിര്‍വഹിക്കുന്നത്. ഒരു മഹാരാജ്യം, അതിനു പിന്നില്‍ സ്പന്ദിക്കുന്ന കോടിക്കണക്കിനു മനസ്സുകള്‍. രാജ്യത്തിന്റെ വിജയത്തില്‍ അവയുടെ ജ്വലനം. തോല്‍വിയില്‍ വിലാപം. ഏതൊരു കായികരൂപത്തിനും ദേശീയ അഭിമാനം വാശിയും വീര്യവും പകരുന്നതാണ്. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സോ പഞ്ചാബ് കിങ്സ് ഇലവനോ തോല്‍ക്കുമ്പോള്‍ ചങ്കിടറുന്നത് ഷാരൂഖാനും പ്രീതിസിന്റയ്ക്കും മാത്രമാണ്. ശേഷമെല്ലാം താല്‍ക്കാലികവും തൊലിപ്പുറത്തുള്ളതുമായ ആരവങ്ങള്‍ മാത്രം. ഇംഗ്ളീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡും ചെല്‍സിയും തമ്മിലും സ്പെയിനില്‍ ബാഴ്സ-റയല്‍മാഡ്രിഗ് വൈരത്തിലും കൊല്‍ക്കത്തയില്‍ മോഹന്‍ ബഗാന്‍-ഈസ്റ്റ് ബംഗാള്‍ കൊമ്പുകോര്‍ക്കലിലും തിളച്ചുമറിയുന്ന വികാരം വേറെയാണ്. അത് കാശെറിഞ്ഞു നേടാന്‍ സാധിക്കുന്നതല്ല. അതാതിടങ്ങളിലെ ജനങ്ങളുടെ സ്വത്വവും സംസ്കൃതിയുമായി ഇഴചേര്‍ന്ന് കാലങ്ങളായി കുറുകിവന്ന കലര്‍പ്പില്ലാത്ത കളി ഭ്രാന്താണ്; അത് ജീവിതവും മരണവുമാണ്. ഐപിഎല്ലിലെ കാണികള്‍ ഇത്തരത്തില്‍ മാനസികമായി വിമലീകരിക്കപ്പെടുന്നില്ല. അവര്‍ ഈ കോര്‍പറേറ്റ് മെഗാ ഷോയിലെ നിശ്ശബ്ദ ഓഹരിയുടമകള്‍ മാത്രമാണ്. ഐപിഎല്‍ കളിക്കാരെ സംബന്ധിച്ചിടത്തോളം രാജ്യത്തിനുവേണ്ടിയുള്ള കളി രണ്ടാമതായി. നാടിന്റെ അഭിമാനസ്തംഭങ്ങളായി നിറഞ്ഞാടിയ അവരില്‍ പലരും ഈ ഇടിമിന്നല്‍ കളങ്ങളില്‍ തങ്ങള്‍ക്കുവേണ്ടി മാത്രം കളിക്കേണ്ട ഗതികേടിലാണ്.

ജനകീയവും ജനലക്ഷങ്ങളുടെ ഹൃദയവികാരവുമായ കാല്‍പ്പന്തുകളിയില്‍പ്പോലും അമിതമായ ലാഭേഛയുടെ കരിനിഴല്‍ പതിയാന്‍ തുടങ്ങിയിട്ടുണ്ട്. വ്യാവസായിക നിക്ഷേപംപോലെ സോക്കറിന്റെ മനോഹാരിതയെയും ആസ്വാദ്യതയെയും വില്‍പ്പനച്ചരക്കാക്കുന്നതിന്റെ പ്രവണതകളും ദുരന്തഫലങ്ങളും ചിലേടത്തെങ്കിലും പ്രകടമാണ്. ഇസ്രയേലിലെ പ്രസിദ്ധമായ മക്കാബി അടക്കമുള്ള നാല് ഫുട്ബോള്‍ ക്ളബ്ബുകള്‍ സാമ്പത്തിക കാവല്‍ക്കാരില്ലാതെ പരാജയത്തിന്റെ ഗോള്‍പോസ്റ്റിലേക്ക് നടന്നടുക്കുകയാണ്.

രാഷ്ട്രത്തെ മാത്രമല്ല, കളിയെയും സംസ്കാരത്തെയുമെല്ലാം വില്‍പ്പനച്ചരക്കാക്കാമെന്ന സിദ്ധാന്തത്തിന്റെ ഉത്സവപ്പെരുമയാണ് ഐപിഎല്ലില്‍. ക്രിക്കറ്റിന്റെ സാമ്പത്തിക സാധ്യതകള്‍ വിഹിതവും അവിഹിതവുമായ വെളുപ്പും കറുപ്പും പണവും പിന്നെ ബെറ്റിങ് മടകളുടെ സമൃദ്ധിയും ചൂതാട്ടവും ചേര്‍ന്ന് അതിലേക്ക് എത്താവുന്ന സമ്പത്തിന്റെ സ്രോതസ്സുകള്‍ക്ക് സീമകളില്ലെന്നായിരിക്കുന്നു.

കളിയുടെ സൂക്ഷ്മസൌന്ദര്യം മുഴുവന്‍ അനാവശ്യമാകുമ്പോള്‍ കളി വളരുകയാണോ വരണ്ടുപോവുകയാണോ എന്നു ചിന്തിക്കേണ്ടതുണ്ട്. ബാറ്റ്സ്മാന്റെ തല്ലുവാങ്ങാന്‍ വിധിക്കപ്പെട്ടവര്‍ മാത്രമായി ബൌളര്‍മാര്‍ ചുരുങ്ങിയാല്‍ ക്രിക്കറ്റും ബേസ്ബോളും തമ്മിലെന്തു വ്യത്യാസം. ബാറ്റ്സ്മാന്റെയും ബൌളറുടെയും മൌലികതയ്ക്കും മികവിനും എത്രത്തോളം മൂല്യമുണ്ടെന്നതാണ് ട്വന്റി 20 ഉയര്‍ത്തുന്ന വലിയ ചോദ്യം. ഒരു വെടിക്കെട്ട് ബാറ്റ്സ്മാനും പ്രതിഭയുടെ ഏറ്റവും മൂര്‍ത്തരൂപമായ സച്ചിനും തമ്മില്‍ ഈ കളിയില്‍ വ്യത്യാസമുണ്ടാകില്ലെന്നതാണ് ഏറ്റവും വലിയ ദുരന്തം. ഷെയ്ന്‍വാണും മുത്തയ്യ മുരളീധരനും ഇവിടെ കേമന്മാരാകുന്നതെങ്ങനെ? കാലത്തിന്റെ മാറ്റത്തിനനുസരിച്ച് ക്രിക്കറ്റും പരിഷ്കരിക്കണം. അതിനു ചുക്കാന്‍പിടിക്കേണ്ടത് കളിയെയും കാലത്തെയും ക്രിക്കറ്റിനെയും ചരിത്രബോധത്തോടും യുക്തിഭദ്രതയോടും പ്രതിബദ്ധതയോടും കാണാന്‍ കഴിവുള്ളവരാകണം. അല്ലാതെ ക്രിക്കറ്റിന്റെ ദേശീയ, അന്താരാഷ്ട്ര സമിതികളെ നോക്കുകുത്തികളാക്കി, കാശില്‍ മാത്രം കണ്ണുവയ്ക്കുന്ന കളിനടത്തിപ്പുകാര്‍ക്ക് പരിഷ്കൃതമായ ക്രിക്കറ്റോ അതുളവാക്കുന്ന ആനന്ദമോ പ്രദാനംചെയ്യാനാവില്ല.

സാമൂഹികജീവിതത്തിന്റെതന്നെ അജന്‍ഡ ടെലിവിഷന്‍ നിര്‍ണയിക്കുന്ന ഘട്ടത്തില്‍, ഈ നിറപേടകത്തിന് അനുയോജ്യമായവിധം ക്രിക്കറ്റ് കളിയെയും അതിന്റെ എല്ലാ ചേരുവകളെയും പൊളിച്ചെഴുതാന്‍ ഐപിഎല്ലിനു കഴിഞ്ഞു. ടിവിയില്‍ കാണുന്ന മെഗാ ആക്ഷന്‍ ഷോ ആയ ട്വന്റി 20 യുടെ പല അസംസ്കൃത വസ്തുക്കളില്‍ ഒന്നുമാത്രമാണ് ഗ്രൌണ്ടില്‍ നടക്കുന്ന കളി. ആക്ഷനും റീപ്ളേയും സ്ളോമോഷനും അര്‍ധനഗ്നാംഗികളുടെ ആനന്ദച്ചുവടുകളും കാണികളുടെ ആവേശവും വിലാപവുമൊക്കെ ചേര്‍ന്നുള്ള തട്ടുപൊളിപ്പന്‍ ദൃശ്യനാടകമാണ് ഈ നാനോ ക്രിക്കറ്റ്.

ക്രിക്കറ്റും വാണിജ്യവല്‍ക്കരണവും തമ്മില്‍ നാഭീനാള ബന്ധംതന്നെയാണ്. ഒന്നില്ലെങ്കില്‍ മറ്റേതില്ല എന്നിടത്തോളം അത് മൂര്‍ച്ഛിച്ചിരിക്കുന്നു. ഫ്ളാഷുകളുടെയും വെള്ളിവെളിച്ചത്തിന്റെയും പ്രകമ്പനംകൊള്ളിക്കുന്ന സംഗീതത്തിന്റെയും അകമ്പടിയോടെ സൈക്കഡലിക് വര്‍ണത്തില്‍ കുളിച്ചുനില്‍ക്കുന്ന ഐപിഎല്‍ പൂരം ദരിദ്രനാരായണന്‍മാരുടെ നാടിനു വേണോ. ഈ ബോളിവുഡ് മസാലപ്പടംകൊണ്ട് ഇന്ത്യന്‍ ക്രിക്കറ്റിന് എന്തു നേട്ടം. വിശ്വക്രിക്കറ്റില്‍ അത് ഇന്ത്യക്ക് എന്ത് ഉയരമാണ് കൊണ്ടുവന്നിരിക്കുന്നത്? ഐപിഎല്‍ കളി വികാസത്തിന്റെ പരമാവസ്ഥയെത്തുമ്പോള്‍ ക്രിക്കറ്റ് ഇനിയും എങ്ങനെ മാറിപ്പോകുമെന്നു പ്രവചിക്കാന്‍ കഴിയില്ല. ലോക ക്രിക്കറ്റില്‍ ലഗ്ഗ്ളാന്‍സ് എന്ന റണ്‍ നേടല്‍ വിദ്യ ആവിഷ്കരിച്ച രഞ്ജിത് സിങ്ജിയുടെ പിന്മുറക്കാര്‍ എവിടെയെല്ലാമാണ് വിഹരിക്കുന്നത്. ക്രിക്കറ്റിന്റെ ഇത്തരം കെട്ടുകാഴ്ചകള്‍ തിമിര്‍ത്താടുമ്പോള്‍ സര്‍ ഡൊണാള്‍ഡ് ബ്രാഡ്മാനും അതുപോലെ മണ്‍മറഞ്ഞ മഹാരഥന്മാരുമൊക്കെ കല്ലറകളില്‍ കിടന്ന് തലയില്‍കൈവയ്ക്കുന്നുണ്ടാകും.

*
എ എന്‍ രവീന്ദ്രദാസ് കടപ്പാട്: ദേശാഭിമാനി വാരാന്തപ്പതിപ്പ്

No comments:

Post a Comment