അമേരിക്കയില്‍ നിന്നും പഠിക്കേണ്ട പാഠം
മുംബൈയില്‍ നടന്ന നൂറ്റിഎണ്‍പത് പേരുടെ കൂട്ടക്കുരുതിക്കു ശേഷം പ്രചരിച്ച വാദങ്ങളില്‍ ഏറ്റവും അപഹാസ്യമായത് ഇതായിരുന്നു: ഇത്തരം ഭീകരതയോട് എങ്ങിനെ പ്രതികരിക്കണം എന്ന് ഇന്ത്യ അമേരിക്കയില്‍ നിന്നും പഠിക്കണം. “അമേരിക്കയെ നോക്കൂ , 9/11നുശേഷം അമേരിക്കന്‍ മണ്ണില്‍ മറ്റൊരാക്രമണം ഉണ്ടായിട്ടുണ്ടോ?” വീണ്ടും വീണ്ടും ഇതേ വായ്‌ത്താരി എങ്ങും മുഴങ്ങുകയാണ് . ആ ദുരന്തത്തിനുശേഷം വാഷിങ്ങ്ടണ്‍ എടുത്ത നടപടികള്‍ വളരെ ഫലപ്രദമായിരുന്നതിനാൽ പിന്നീടവരെ ശല്യം ചെയ്യാന്‍ ആരും തന്നെ തുനിഞ്ഞിട്ടില്ല, ഇതാണീ വാദഗതികളുടെ ചുരുക്കം. എന്നാൽ വാസ്‌തവമെന്താണ് ? മനോനില തെറ്റിയവർക്ക് മാത്രം ഉയർത്താൻ കഴിയുന്ന ഒരു വാദമല്ലേയിത് ? അമേരിക്കയുടെ “പ്രതികരണം”തീര്‍ച്ചയായും വ്യത്യസ്‌തമാണ്, അതിൽ നിന്നും ധാരാളം പാഠങ്ങള്‍ പഠിക്കേണ്ടതായുമുണ്ട്. പൿഷെ ആ പ്രതികരണത്തിൽ തെറ്റ് പറ്റാത്തതായി തീരെക്കുറച്ച് കാര്യങ്ങളേയുള്ളൂ എന്നതാണ് യാഥാർത്ഥ്യം.9/11 ന് നടന്ന ന്യൂയോര്‍ക്കിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തില്‍ ഏതാണ്ട് 3000 പേര്‍ക്ക് ജീവന്‍ നഷ്‌ടപ്പെട്ടു. യുദ്ധത്തിനിറങ്ങുക എന്നതായിരുന്നു ഇതിനു അമേരിക്കയുടെ പ്രതികരണം. അവര്‍ രണ്ടു യുദ്ധങ്ങള്‍ തുടങ്ങി, അതിലൊന്നാകട്ടെ 9/11 ലെ സംഭവങ്ങളുമായി ഒരു ചെറിയ ബന്ധം പോലും ഇല്ലാത്ത ഒരു രാജ്യവുമായി. ഏതാണ്ട് പത്തുലക്ഷം മനുഷ്യർക്ക് ആ പ്രതികരണത്തിലൂടെ ജീവന്‍ നഷ്‌ടപ്പെട്ടു. ഇതില്‍ ഇറാഖില്‍ ജീവന്‍ നഷ്‌ടപ്പെട്ട 4000 അമേരിക്കന്‍ സൈനികരും അഫ്‌ഗാനിസ്ഥാനില്‍ മരണപ്പെട്ട 1000 സൈനികരും ഉള്‍പ്പെടും. ഇതിനു പുറമെയാണ് ലക്ഷക്കണക്കിനു ഇറാഖികള്‍ക്ക് ജീവന്‍ നഷ്‌ടമായത്. എണ്ണമറ്റ അഫ്‌ഗാനികള്‍ ഓരോ മാസവും മരിച്ചുകൊണ്ടിരിക്കുന്നു.ലോകത്തിലെ ഏറ്റവും ദരിദ്രമായ രാജ്യങ്ങളില്‍ ഒന്നായ അത് കൂടുതൽ കൂടുതൽ ദുരിതങ്ങളിലേക്ക് കൂപ്പുകുത്തുകയാണ്. അമേരിക്കയിലെ ലിബറലുകള്‍ക്ക് അഫ്‌ഗാനിസ്ഥാനിലെ യുദ്ധം “ശരി ” ആണ് (ഇറാഖിലേത് തെറ്റും). ആ മേഖലയിലെ ദശലക്ഷങ്ങള്‍ ദാരിദ്ര്യത്തിന്റെയും പാലായനത്തിന്റെയും ദുരന്തങ്ങള്‍ അനുഭവിച്ചു തീർക്കുയാണ്.
3 ട്രില്യണ്‍ ഡോളറിന്റെ യുദ്ധം
നോബല്‍ സമ്മാനജേതാവായ ജോസഫ് സ്റ്റിഗ്ലിറ്റ്സിന്റെ കണക്ക് പ്രകാരം ഇറാഖ് യുദ്ധത്തിനായി അമേരിക്കചെലവിടുന്നത് ഏതാണ്ട് 3 ട്രില്യണ്‍ ഡോളർ ആണ് (ഇത് ഇന്ത്യയുടെ മൊത്തം ദേശീയ ഉൽപ്പാദനത്തിന്റെ മൂന്ന് മടങ്ങ് വരും). വലിയ തോതിലുള്ള കൊന്നു തള്ളല്‍(large-scale killing) നടക്കുന്ന ഓരോ അവസരത്തിലും ‘കൊല്ലുന്ന’ ലാഭം ഉണ്ടാക്കുന്ന അമേരിക്കന്‍ കോര്‍പ്പറേഷനുകളെ സംബന്ധിച്ച് ഇതൊരു ശുഭ വാര്‍ത്തയാണെങ്കിലും, അമേരിക്കയിലെ സാധാരണക്കാരായ ജനങ്ങള്‍ക്ക് ഇത് കൊണ്ട് പ്രത്യേകിച്ചൊരു പ്രയോജനവുമില്ല. അമേരിക്കന്‍ സമ്പദ് വ്യവസ്ഥ തീവ്രമായൊരു പ്രതിസന്ധിയെ നേരിടുന്ന അവസരത്തില്‍, ഈ ചിലവുകള്‍ ചോര ചിന്തുന്നവയാണ്. ഇറാഖിലെ യുദ്ധം അരങ്ങേറിയത് അവിടെ സര്‍വവിനാശകായുധങ്ങള്‍ അട്ടിയിട്ടിരിക്കുകയാണെന്ന ഇന്റലിജന്‍സ് കണ്ടെത്തലുകളുടെ പുറത്തും, 9/11 മായി ബാഗ്ദാദിന് നേരിട്ട് ബന്ധമുണ്ട് എന്ന വാദത്തിന്റെ അടിസ്ഥാനത്തിലുമാണ്. ഇതായിരുന്നു “പ്രതികരണത്തിന്റെ” ന്യായീകരണം. രണ്ടു അവകാശവാദങ്ങളും തെറ്റാണെന്ന് തെളിയിക്കപ്പെട്ടു. ആ സമയത്ത്, അമേരിക്കന്‍ മാധ്യമങ്ങള്‍ സര്‍വവിനാശകായുധങ്ങളെക്കുറിച്ചുള്ള ഇല്ലാക്കഥകള്‍ ഉണ്ടാക്കുന്നതിൽ വലിയൊരു പങ്കാണ് വഹിച്ചത്. ഇതിനെ അവരുടെ ‘പ്രതികരണം‘ എന്ന് വിശേഷിപ്പിക്കാം. നമ്മുടെ കാലഘട്ടത്തിലെ ഏറ്റവും വിനാശകരമായ യുദ്ധം തുടങ്ങുവാന്‍ സഹായകരമായത് മാധ്യമങ്ങളുടെ ഈ പ്രതികരണമാണ്. അമേരിക്കയുടെ നഷ്‌ടത്തിന്റെ കണക്കുകളില്‍ മുറിവേറ്റ, പരിക്കു പറ്റിയ, അസുഖ ബാധിതരായ ലക്ഷക്കണക്കിന് സൈനികരും ഉള്‍പ്പെടുന്നു. ഒരു ലക്ഷത്തോളം സൈനികര്‍ “യുദ്ധരംഗത്ത് നിന്നും മാനസികമായ തകരാറുകളോടെ തിരിച്ചുവരുമ്പോള്‍, അതിലെ വലിയൊരു ഭാഗം വളരെ ഗുരുതരമായ രോഗം ബാധിച്ചവരായിരിക്കും.” (സ്റ്റിഗ്ലിറ്റ്സ് - “The Three Trillion Dollar War") ഇതിനു പുറമെ, യുദ്ധം ആഭ്യന്തിരമായ ചിലവുകളില്‍ വന്‍ തോതിലുള്ള വെട്ടിക്കുറയ്ക്കലുകള്‍ക്ക് ഇടയാക്കുന്നുണ്ട്. ഇതെഴുതുന്ന സമയത്ത്, അമേരിക്കയിലെ ഏറ്റവും വലിയ സംസ്ഥാനമായ കാലിഫോര്‍ണിയ വലിയ വെട്ടിച്ചുരുക്കലുകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. “അവരുടെ ബജറ്റ് കമ്മി 11 ബില്യണ്‍ ഡോളറാണ്”, പത്രപ്രവര്‍ത്തകനും വിശകലനവിദഗ്ദനുമായ കോണ്‍ ഹള്ളിനന്‍ പറയുന്നു. “ഇത് ഏതാണ്ട് അഫ്‌ഗാനിസ്ഥാനിലും ഇറാഖിലുമായി യുദ്ധത്തിനായി ഒരു മാസം ചിലവഴിക്കുന്ന തുകയാണ്.
2006 അവസാനത്തോടെ, അതായത് പ്രസ്‌തുത 'പ്രതികരണം' ആരംഭിച്ച് മൂന്നു വര്‍ഷം കഴിഞ്ഞപ്പോള്‍, ആറര ലക്ഷത്തില്‍പ്പരം ഇറാഖികള്‍ക്ക് ജീവന്‍ നഷ്‌ടപ്പെട്ടു എന്നാണ് കണക്കുകള്‍ പറയുന്നത്. മേരിലാന്‍ഡിലെ ബാള്‍ട്ടിമൂര്‍ ജോണ്‍ ഹോപ്‌ക്കിന്‍സ് ബ്ലൂംബെര്‍ഗ് സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലേയും ബാഗ്ദാദിലെ അല്‍ മുസ്‌തന്‍സിരിയ യൂണിവേഴ്‌സിറ്റിയിലേയും ഗവേഷകര്‍ സംയുക്തമായി നടത്തിയ സര്‍വ്വേ അത് മറയില്ലാതെ വ്യക്തമാക്കി. " മാര്‍ച്ച് 2003ല്‍ ഇറാഖില്‍ അധിനിവേശം ആരംഭിച്ചതിനുശേഷം, യുദ്ധത്തിനു മുന്‍പുള്ള സാധാരണ അവസ്ഥയില്‍ ഉണ്ടാകുന്നതിലും അധികമായി 6,54,965 ഇറാഖികള്‍ കൂടി കൊല്ലപ്പെട്ടിരിക്കാം. 2003ലെ അധിനിവേശത്തിനു മുന്‍പ്, വിവിധ കാരണങ്ങളാൽ വര്‍ഷാവര്‍ഷം മരിക്കാനിടയുള്ളവരുടെ സംഖ്യ 143,000 ആയാണ് അനുമാനിച്ചിരുന്നത്. ആക്രമണങ്ങൾ മൂലമോ അല്ലാതെയോ അധിനിവേശാനന്തരം ജീവന്‍ നഷ്‌ടപ്പെട്ടവരുടേതായി മുകളിൽ നൽകിയിട്ടുള്ള സംഖ്യ ഇതിന് പുറമേയാണ് . ''അധിനിവേശം ആരംഭിക്കുന്നതിനു മുന്‍പ് ഇറാഖിലെ വാര്‍ഷിക മരണ നിരക്ക് 1000ന് 5.5 എന്നായിരുന്നത് 2006 അവസാനമായപ്പോഴേക്കും ഇരട്ടിയിലധികമാകുകയും 1000ന് 13.3 പേര്‍ എന്നായിത്തീരുകയും ചെയ്‌തു.
അതിനുശേഷവും നിരപരാധികളായ നിരവധി സാധാരണക്കാർ കൊല്ലപ്പെട്ടിട്ടുണ്ട്, 9/11നോടുള്ള അമേരിക്കൻ “പ്രതികരണ”ത്തിന്റെ ബാക്കിപത്രമെന്നോണം. യുദ്ധത്തിനു മുന്‍പുള്ള ഇറാഖ് ഇസ്ലാമിക മൌലികവാദികളോട് ഒരു ദാക്ഷിണ്യവും കാട്ടാത്ത അറബ് രാജ്യമായിരുന്നു. ഇന്നാകട്ടെ, തങ്ങൾക്ക് യാതൊരു അടിത്തറയും ഇല്ലാതിരുന്ന ഒരു രാജ്യത്തില്‍ ഈ മൌലികവാദികള്‍ വളരെയധികം ശക്തിപ്രാപിച്ചിരിക്കുകയാണ്. അമേരിക്കയുടെ ആക്രമണങ്ങളിൽ നിന്നും വളം വലിച്ചെടുത്ത് മൌലികവാദം പുതിയ റിക്രൂട്ടിംഗ് മേഖകളിൽ നൂറു മേനി കൊയ്യുകയാണ്. പഠിക്കേണ്ട പാഠമിതാണ് : 9/11നോടുള്ള അമേരിക്കയുടെ “പ്രതികരണത്തിന്റെ” ഏറ്റവും വലിയ ഗുണഭോൿതാവ് അല്‍ ക്വയ്‌ദയാണ്, അമേരിക്കൻ കോര്‍പ്പറേഷനുകളോടൊപ്പം. അമേരിക്കയുടെ “ഭീകരതക്കെതിരായ യുദ്ധം” അവരുടെ പ്രതികരണത്തിനു മുൻപ് ലോകത്തുണ്ടായിരുന്നതിനേക്കാക്ക് അധികം ഭീകരത ഇന്നിപ്പോൾ സൃഷ്‌ടിച്ചിട്ടുണ്ട് എന്നതാണ് യാഥാർത്ഥ്യം.
അമേരിക്കയുടെ പരാജയത്തില്‍ നിന്നും പഠിക്കേണ്ട പാഠങ്ങള്‍ ഇനിയുമുണ്ട്. അമേരിക്ക, ദശകങ്ങളോളം അവരുടെ സന്തത സഹചാരിയായിരുന്ന പാക്കിസ്ഥാനിലെ ഏതെങ്കിലുമൊരു ഭാഗത്ത് മിക്കവാറും എല്ലാ ആഴ്‌ചകളിലും ബോംബുകള്‍ വര്‍ഷിക്കുകയാണ്. സാധാരണക്കാരായ ജനങ്ങള്‍ നിത്യേനെ ഇതിനാല്‍ കൊല്ലപ്പെടുകയുമാണ്. ഒബാമയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിക്കപ്പെടണമെങ്കിൽ ഇത്തരം വ്യോമാക്രമണങ്ങൾ വര്‍ദ്ധിക്കുക തന്നെ ചെയ്യും. അതുകൊണ്ട് തന്നെ മൌലികവാദത്തിന് (ബോംബിങ്ങിനെത്തുടര്‍ന്നുള്ള ദുരിതങ്ങള്‍ക്ക്) ഇരകളാകുന്നവരില്‍ ഉള്ള സ്വാധീനവും വര്‍ദ്ധിക്കും.
ഇതാണ് അഫ്‌ഗാനിസ്ഥാനിലെ അമേരിക്കയുടെ സൈനികസാഹസങ്ങള്‍ക്ക് വിശ്വസ്‌ത പിന്തുണ നല്‍കിയതിന് ഇസ്ലാമബാദിനു കിട്ടിയ സമ്മാനം. ഇന്ത്യയിലെ കുലീന വർഗ്ഗം തങ്ങള്‍ക്ക് അമേരിക്കയുമായി ഉണ്ടാകണമെന്ന് ഹൃദയപൂർവം ആഗ്രഹിക്കുന്ന തരത്തിലുള്ള തന്ത്രപരമായ ഒരു സൌഹൃദം അമേരിക്കയുമായി പുലര്‍ത്തിയതാണ് പാക്കിസ്ഥാന്റെ പല ദുരിതങ്ങള്‍ക്കും കാരണം. മാത്രമല്ല, ഇതിന്റെയൊക്കെ ഫലമായി ഉണ്ടാകുന്ന പാക്കിസ്ഥാന്റെ തകര്‍ച്ച ഇന്ത്യയെ സംബന്ധിച്ചിടത്തോളം ശുഭോദര്‍ക്കവുമല്ല. കൂടുതല്‍ മൌലികവാദവും, കൂടുതല്‍ തീവ്രവാദവും. അതിര്‍ത്തിയുടെ രണ്ട് വശത്തും ഇത് ഉണ്ടാക്കും എന്നതാണ് കൂടുതല്‍ വിനാശകരമായത്.
എംബെഡഡ് മാധ്യമപ്രവര്‍ത്തനം
നമ്മുടെ മാധ്യമങ്ങള്‍ക്കും അമേരിക്കയിലെ തങ്ങളുടെ പ്രതിപുരുഷന്മാരുടെ(counterparts) “പ്രതികരണ”ത്തില്‍ നിന്നും ധാരാളം പഠിക്കാനുണ്ട്. “എംബെഡഡ് പത്രപ്രവര്‍ത്തനം”അമേരിക്കയിലെ ചില മുന്‍ നിര മാധ്യമ സ്ഥാപനങ്ങളുടെ വിലയിടിച്ചത് നാം കണ്ടതാണ്. ന്യൂയോര്‍ക്ക് ടൈംസ് യുദ്ധത്തിനെതിരായി മുഖപ്രസംഗം എഴുതുന്നുണ്ടാവാം, പക്ഷെ ഒരിക്കലും അവർ സര്‍വവിനാശകായുധങ്ങളെ സംബന്ധിച്ച കഥകള്‍ സൃഷ്‌ടിച്ച മാനഹാനിയിൽ നിന്ന് മുൿതരാവില്ല. ജോര്‍ജ്ജ് ബുഷിനെ ഇന്ന് അധിക്ഷേപിക്കുന്ന അതെ മാധ്യമങ്ങള്‍ ആ സമയത്ത് അദ്ദേഹത്തെ ഉയര്‍ത്തിക്കാട്ടുകയായിരുന്നു. യുദ്ധം എത്രമേല്‍ വെറുക്കപ്പെടുന്നു എന്നും, ബുഷ് എത്രമാത്രം മൂഢനായിരുന്നു എന്നും അവര്‍ ഇപ്പോള്‍ എഴുതുകയാണ്. എങ്കിലും “റേറ്റിങ്ങുകള്‍ക്കായുള്ള യുദ്ധം” അപരിഹാര്യമായ നാശങ്ങള്‍ വരുത്തിക്കഴിഞ്ഞു. ഇത് സഹതാപാര്‍ഹവും പരിഹാസ്യവുമാണ് : (തങ്ങളുടെ നാട്ടില്‍) നടന്ന കാര്യങ്ങളിലൊക്കെയും ബാഹ്യവും വൈദേശികവുമായ കാരണങ്ങള്‍ മാത്രം ദര്‍ശിച്ച അമേരിക്കയിലെ അതേ ശൿതികൾ ഇന്ന് നേരെ വിപരീതമായ ഉപദേശങ്ങള്‍ ഇന്ത്യക്ക് നല്‍കുകയാണ്. അത്തരം കണ്‍ക്ലൂഷനുകളിലേക്ക് എടുത്ത് ചാടല്ലേ എന്ന്. “ തങ്ങളുടെ പൌരന്മാരെ സംരക്ഷിക്കുന്നതില്‍ സർക്കാരിന് എവിടെയൊക്കെ എങ്ങിനെയൊക്കെ പരാജയം സംഭവിച്ചു എന്നറിയുന്നതിന് വരും ദിനങ്ങളില്‍ ഭാരതത്തിന് ആത്‌മപരിശോധന നടത്തേണ്ടി വരും” എന്ന് ന്യൂയോര്‍ക്ക് ടൈംസ് പറഞ്ഞത് ഒരുദാഹരണം മാത്രം.
“പ്രതികരണത്തിന്റെ” ഭാഗമായി ആളിക്കത്തിച്ച ഹിസ്റ്റീരിയ അമേരിക്കക്കകത്തും നാശങ്ങളുണ്ടാക്കിയിട്ടുണ്ട്. 9/11 നുശേഷം സിക്കുകാര്‍ ആ രാജ്യത്തുടനീളം ക്രൂരമായ ഹേറ്റ് ക്രൈംസിന്റെ ലക്ഷ്യമാക്കപ്പെട്ടു. തലപ്പാവും താടിയും വെച്ച ആരെയും ദുഷ്‌ടരാക്കുന്ന തരത്തില്‍ വര്‍ഷങ്ങളോളം നീണ്ട പ്രചരണം സിക്കുകാരെ “തിരിച്ചടി”കളുടെ ലക്ഷ്യമാക്കി. അവരുടെ ഒരു സംഘടന പറയുന്നത് 9/11 നു ശേഷം മുന്നൂറില്‍പ്പരം കുറ്റകൃത്യങ്ങള്‍(hate crimes) സിക്കുകാര്‍ക്കു നേരെ ഉണ്ടായി എന്നാണ്. വീടുകള്‍ കത്തിക്കല്‍, ഗുരുദ്വാരകളെ ആക്രമിക്കല്‍, ക്രൂരമായ ദേഹോപദ്രവങ്ങൾ എന്നിവയും ഒരാളെ വെടിവെച്ച് കൊന്നതും ഇതിലുള്‍പ്പെടും.
ഇതാണോ അനുകരണീയമായ മാതൃക?
പൌരാവകാശ നിഷേധം
വര്‍ഷങ്ങളോളമുള്ള പീഡനത്തിനവസാനം നിരവധി തടവുകാര്‍ നിരപരാധികളെന്നു കണ്ട് വിട്ടയക്കപ്പെട്ടിട്ടുള്ള ഗ്വാണ്ടനാമോയിലെ ജയിലറകള്‍ ആഗോളതലത്തില്‍ തന്നെ അമേരിക്കന്‍ “പ്രതികരണ”ത്തിലെ വളരെ ഏറെ വിമര്‍ശിക്കപ്പെട്ട ഭാഗമാണ്. അമേരിക്കക്കകത്താകട്ടെ 9/11നോടുള്ള മറ്റൊരു പ്രതികരണം പൌരാവകാശങ്ങളെ നിഷേധിച്ചുകൊണ്ടായിരുന്നു - ഒരു പക്ഷെ മക്കാര്‍ത്തിയന്‍ കാലഘട്ടത്തിനുശേഷം ഇത്രമേൽ പൌരാവകാശങ്ങൾ നിഷേധിക്കപ്പെട്ട മറ്റൊരു കാലഘട്ടമുണ്ടാവില്ല. പാട്രിയറ്റ് ആൿട് ഇതിന്റെ ഒരു സൂചകം മാത്രം. ബുഷ് ആകട്ടെ (ഒസാമ ബിന്‍ ലാദനും അല്‍ ക്വയ്‌ദക്കും ഒരിക്കലും സ്വപ്‌നം കാണുവാന്‍ പോലും കഴിയാത്തത്ര പ്രശസ്‌തി നേടിക്കൊടുക്കുന്നതില്‍ അദ്ദേഹം വിജയിച്ചുവെങ്കിലും) എക്കാലത്തേയും ഏറ്റവും വെറുക്കപ്പെട്ട അമേരിക്കന്‍ പ്രസിഡന്റുമാരില്‍ ഒരാളായി മാറിയിരിക്കുന്നു.
മുംബൈയിലെ ഹൃദയഭേദകമായ ക്രൂരകൃത്യങ്ങള്‍ക്ക് ശക്തവും ഊര്‍ജ്ജസ്വലവുമായ ഒരു “പ്രതികരണം” നല്‍കേണ്ടതുണ്ട്. അതെന്തായിരിക്കണം എന്നത് വളരെ വ്യക്തവുമാണ് : കുറ്റവാളികളെ നിയമത്തിന്റെ മുന്നിലേക്ക് കൊണ്ടുവരിക, ഇന്റലിജന്‍സ് നെറ്റ് വര്‍ക്കുകളെ ശക്തിപ്പെടുത്തുക, വിവിധ വിഭാഗം സെക്യൂരിറ്റി ഏജന്‍സികളെ കൂടുതല്‍ തയ്യാറെടുപ്പുള്ളവരാക്കി മാറ്റുക ഇവയൊക്കെ അതിന്റെ ഭാഗമാണ്. അതുപോലെ തന്നെ പ്രധാനമാണ് ഈ ക്രൂരകൃത്യങ്ങളുടെ സൃഷ്‌ടാക്കളെ അവരുടെ ലക്ഷ്യം നേടുന്നതില്‍ നിന്നും തടയുന്ന രീതിയിൽ അടിയന്തിരമായി ചെയ്യേണ്ട “പ്രതികരണ”ങ്ങളും. അതിന് വേണ്ടത് മുംബൈയിലെ ജനസമൂഹത്തില്‍ മതപരവും വിഭാഗീയവുമായ കൂടുതല്‍ ധ്രുവീകരണം ഉണ്ടാകുന്നില്ല എന്ന് ഉറപ്പു വരുത്തുക എന്നതാണ്. “പ്രതികരണ”ത്തിന്റെ ഭാഗമായി നിരപരാധികളായ ജനങ്ങള്‍ കൊല്ലപ്പെടുകയോ ഭയവിഹ്വലരാകുകയോ ചെയ്യുന്നില്ല എന്നും ഉറപ്പ് വരുത്തേണ്ടതുണ്ട്. പൌരാവകാശങ്ങളും ജനാധിപത്യപരമായ അവകാശങ്ങളും ഇല്ലാതാക്കുന്നത് ആരെയും ഒരു വിധത്തിലും സഹായിക്കില്ല എന്ന് നാം നാം തിരിച്ചറിഞ്ഞേ മതിയാവൂ. ചീന്തിയെറിയേണ്ടത് മേധാവിത്വവാദത്തെയും, ജിങ്കോയിസത്തെയുമാണ്, ഭരണഘടനയെ അല്ല. വര്‍ഗീയ വിദ്വേഷം വളര്‍ത്തുന്ന ഏതൊരു ശക്തിയെയും, അതേത് മതവിഭാഗത്തില്‍ പെട്ടതാണെങ്കിലും, ശക്തമായി ചെറുത്തേ തീരൂ. രണ്ടരലക്ഷത്തോളം പേര്‍ ഭയവിഹ്വലരായി നഗരം വിട്ട 1992-93 ആവര്‍ത്തിക്കുകയില്ല എന്ന് ഉറപ്പാക്കേണ്ടിയിരിക്കുന്നു. ഇത് ഒന്നാം തരമൊരു “പ്രതികരണ”മായിരിക്കും.
9/11 നോടുള്ള പ്രതികരണം തങ്ങളെ എത്രമാത്രം ദോഷകരമായി ബാധിച്ചുവെന്ന് അമേരിക്കക്കാര്‍ മനസ്സിലാക്കിക്കൊണ്ടിരിക്കുന്ന ഈ അവസരത്തില്‍, അമേരിക്കയുടെ “പ്രതികരണത്തെ” നാം അനുകരിക്കണം എന്ന പാഠമാണ് മുംബൈയില്‍ നിന്ന് നമ്മള്‍ പഠിക്കുന്നതെങ്കില്‍ അത് ചരിത്രത്തെ ദുരന്തമായും പ്രഹസനമായും ആവര്‍ത്തിക്കലായിരിക്കും.
*
പി. സായ്‌നാഥ് എഴുതിയ Why the United States got it wrong എന്ന ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ.
കടപ്പാട്. വര്ക്കേഴ്സ് ഫോറം
No comments:
Post a Comment