Thursday, 16 April 2009

ദൈവികം

ദൈവികം

അക്കാലം ഭൂമിയില്‍ വിവിധയിനം ബെല്‍റ്റുകള്‍ ഉണ്ടായതറിയാതെ ദൈവം സ്വര്‍ഗം വിട്ട് താഴേക്കിറങ്ങി. ഒരു അര്‍ധവാര്‍ഷിക കണക്കെടുപ്പിന് എന്ന മട്ടിലാണ് പുറത്തിറങ്ങിയത്.

ഭൂമിയിലെത്തിയ ദൈവത്തിനെന്തോ പന്തികേട് തോന്നി. സൃഷ്ടിയില്‍ കുഴപ്പം സംഭവിച്ചോ എന്നൊരു ശങ്ക. പിഴച്ചത് സൃഷ്ടിക്കോ, സ്രഷ്ടാവിനോ? സ്രഷ്ടാവ് സൃഷ്ടിയെ മറന്നോ, സൃഷ്ടി സ്രഷ്ടാവിനെ ചതിച്ചോ?

എന്തായാലും ഭൂമിയിലെത്തിയ ദൈവം ഭൂമിശാസ്ത്രമറിയാതെ കറങ്ങി. ദൈവത്തിനൊന്നും മനസ്സിലായില്ല. രാത്രികള്‍ പകലുകളാക്കി താനുണ്ടാക്കിയ മനോഹരമായ സൃഷ്ടികള്‍ ഓരോന്നും തൊട്ടുനോക്കി ദൈവം മനസ്സില്‍ പറഞ്ഞു- നേതി..നേതി.

സ്ഥലകാലവും ത്രികാലജ്ഞാനവും നഷ്ടപ്പെട്ട് കറങ്ങുന്ന ദൈവം എതിരെ വന്ന അപരിചിതനോട് ലേശം വിക്കിവിക്കി ചോദിച്ചു.

' ..ഇത് ഏതാ സ്ഥലം?'

ചോദ്യം ചെയ്യലില്‍ അതൃപ്തി രേഖപ്പെടുത്തിയ അപരിചിതന്‍ തിരിച്ച് ചോദിച്ചു.

'..നിങ്ങള്‍ക്ക് എവിടെപ്പോവാനാ?'

' ഇവിടെയെവിടെയെങ്കിലും പ്രാര്‍ഥിക്കാനൊരു സ്ഥലമുണ്ടോ?'

ഉത്തരം കൃത്യമാവാത്തത് അപരിചിതന് രുചിച്ചില്ല. മറുപടിയില്‍ കള്ളക്കാല്‍പ്പനികതയുടെ കച്ചപുതച്ച് ഒരു കപടമതേതരവാദി ഒളിച്ചിരിക്കുന്നു.

അപരിചിതന്‍ തുറിച്ച് നോക്കി; എന്നിട്ടായിരുന്നു അടുത്ത ചോദ്യം.

' പള്ള്യാ..അമ്പലോ..?'

' ഏതായാലും'.

ഈ ഉത്തരവും അപരിചിതന് പിടിച്ചില്ല. അതിലുമുണ്ട് പരാജയത്തിന്റെ ചായം തേപ്പ്. ഒരു പീഡിതന്റെ വേഷം കെട്ട്. എങ്കിലും ആതിഥ്യമര്യാദ അനുസരിച്ച് പറഞ്ഞു.

'..ഈ റോഡിന് പടിഞ്ഞാറ്വശം ക്രിസ്ത്യന്‍ ബെല്‍റ്റാണ്. അതിനകത്തൊരു പള്ളീണ്ട്. റോഡിന്റെ കെഴക്ക് വശം മുസ്ളീംബെല്‍റ്റാണ്. അതിനകത്തുമുണ്ട് ഒരു പള്ളി. പിന്നെ ഈ റോഡിന്റെ അറ്റത്ത് ഒരു വളവ് കണ്ടില്ലേ. അതിന്റെ തെക്കുവശം ഹിന്ദുബെല്‍റ്റാണ്. അതിനകത്ത് അമ്പലമുണ്ട്.'

ദൈവം ചോദിച്ചു.

' ബെല്‍റ്റെന്ന് പറഞ്ഞാല്‍..?'

ബെല്‍റ്റിന്റെ രാഷ്ട്രീയം മനസ്സിലാകാത്ത ഈ അരാഷ്ട്രീയന്‍ ആര്? നോംചോംസ്ക്കിയുടെ പുസ്തകം വായിച്ച് വാക്കിന്റെ ഉള്ളിലെ രാഷ്ട്രീയഘടന മനസ്സിലാക്കാത്ത ഈ അജ്ഞന്‍ ആര്?

നിരക്ഷരന് അപരിചിതന്‍ ട്യൂഷനെടുത്തു.

' ക്രിസ്ത്യന്‍ ബെല്‍റ്റെന്ന് പറഞ്ഞാല്‍ ക്രിസ്ത്യാനികള്‍ താമസിക്കുന്ന സ്ഥലം. മുസ്ളീം ബെല്‍റ്റെന്ന് പറഞ്ഞാല്‍...'

ദൈവം മനസ്സിലായെന്ന് തലയാട്ടി.

' ഈ മൂന്ന് ബെല്‍റ്റേയൊള്ളോ? വേറെ ബെല്‍റ്റൊന്നും ഇല്ലേ..?'

'പ്രധാനമായും ഈ ബെല്‍റ്റേയുള്ളു. എങ്കിലും ഇതിനകത്ത് വേറെ ചെറിയ ബെല്‍റ്റുകളുണ്ട്. ചെറുത് വലുതിനിര എന്ന നിയമപ്രകാരം ചെറിയ ബെല്‍റ്റുകള്‍ ജീവിക്കുന്നു. എന്നാല്‍ സന്ദര്‍ഭത്തിനനുസരിച്ച് ഇത്തരം ബെല്‍റ്റുകളും ചിലപ്പോള്‍ പത്തിവച്ചതായി അഭിനയിക്കാറുണ്ട്.'

' അപ്പോള്‍ ഇവിടെത്താമസിച്ചിരുന്ന മനുഷ്യരൊക്കെ..?'

ഛേ..ഈ കാര്‍ന്നോര്‍ക്ക് കോമണ്‍സെന്‍സില്ലെന്നതോ പോകട്ടെ, ഇത്രയും നാള്‍ ജീവിച്ചതിന്റെ അനുഭവമെങ്കിലും വേണ്ടേ..ബെല്‍റ്റുകള്‍ക്കിടയില്‍ മനുഷ്യരെത്തേടുന്ന വിഡ്ഢി. ഒരു പൊളിറ്റിക്കല്‍ കോണ്‍ഷ്യസ്നെസ്സ് എങ്കിലും വേണ്ടേ..

'എടോ..തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മനുഷ്യരായ മനുഷ്യരൊക്കെ അപ്രത്യക്ഷരാകും. അവിടെയൊക്കെ ബെല്‍റ്റുകള്‍ ഉണ്ടാവും.പിന്നെ ബെല്‍റ്റിന്റെ കീഴിലാണ് എല്ലാം.'

'അപ്പോള്‍ വോട്ട് ചെയ്യുന്നതോ..?'

' വോട്ട് ചെയ്യാനുള്ള അവകാശം ബെല്‍റ്റിനെ ഏല്‍പ്പിച്ചാണ് മനുഷ്യര്‍ അപ്രത്യക്ഷരാവുന്നത്. പോളിങ് കഴിഞ്ഞ് അവര്‍ തിരിച്ച് വരും. അതോടെ ബെല്‍റ്റുകള്‍ മടങ്ങും. അങ്ങനെ പ്രബുദ്ധത കൈവിടാതെ സൂക്ഷിക്കുന്നു.'

'ബെല്‍റ്റും മനുഷ്യരും തമ്മില്‍ എങ്ങനെയാണ് പൊരുത്തപ്പെട്ട് പോകുന്നത്..?'

' തന്നെക്കുറിച്ച് ഞാന്‍ കുറച്ചുനേരം ലജ്ജിച്ചോട്ടെ. തീരുമാനം ബെല്‍റ്റിനും ജീവിതം മനുഷ്യനും. അതാണ് ഞങ്ങളുടെ തത്വം. അങ്ങനെ മതനിരപേക്ഷസമൂഹം കെട്ടിപ്പടുക്കുന്നു.'

അപരിചിതന്‍ നടന്നുനീങ്ങി.

ദൈവം തനിച്ചായി. ദൈവമോര്‍ത്തു.

' മതമേതായാലും മനുഷ്യന്‍ ബെല്‍റ്റായാല്‍ മതി.'

വാക്യത്തില്‍ പ്രയോഗം മാറ്റി ദൈവം ലേശം ശ്ളോകത്തിലും ചിന്തിച്ചു.

' ജാതിഭേദം മതദ്വേഷം

ഏതുമില്ലാതെ സര്‍വരും

ബെല്‍റ്റിട്ട് നടക്കുന്ന

മാതൃകാസ്ഥാനമാണിത്'.

ദൈവം മനുഷ്യന്‍ എന്ന തന്റെ മഹത്തായ സൃഷ്ടിയെക്കുറിച്ചോര്‍ത്തു. ആറാം നാളില്‍ പണിക്കുറ തീര്‍ത്ത് പുറത്തിറക്കിയ സാധനം! പ്രപഞ്ചത്തിന്റെ അവസാന മധുവും നുകരാന്‍ ഇറക്കിവിട്ട ഇരുകാലി ശലഭം!.

മനുഷ്യന് ആദ്യമുണ്ടായ അറിവിനെക്കുറിച്ചോര്‍ത്തു.

അത് നഗ്നതയെക്കുറിച്ചുള്ള അറിവായിരുന്നു. ഒരു പച്ചിലകൊണ്ട് മറയ്ക്കാവുന്ന നഗ്നതയും അറിവും മാത്രമേ അന്നുണ്ടായിരുന്നുള്ളു. മനുഷ്യന്‍ വളര്‍ന്നു. ചരിത്രത്തോടൊപ്പം അവന്റെ നഗ്നതയും വളര്‍ന്നു, അറിവും. അറിവ് നഗ്നതയായും, നഗ്നത അറിവായും മാറി മാറി പ്രത്യക്ഷപ്പെട്ടു. അതോടെ അവന് പച്ചിലകള്‍ പോരാതെ വന്നു. മരവുരികള്‍ മതിയാകാതെ വന്നു. തോലുകള്‍ മതിയാകാതെ വന്നു. എല്ലാത്തിനെയും മറികടന്ന് അറിവും നഗ്നതയും വളരുകയായിരുന്നു. ഒടുവില്‍ വസ്ത്രങ്ങള്‍ കൊണ്ട് ഇത് മൂടിവയ്ക്കാന്‍ അവന്‍ ശ്രമിച്ചു.

ഏത് വസ്ത്രത്തെയും ഭേദിച്ച് നഗ്നതയും അറിവും പുറത്തുചാടുമെന്ന സ്ഥിതിയായപ്പോള്‍ മനുഷ്യന്‍ ബെല്‍റ്റ് കണ്ടെത്തി. വസ്ത്രങ്ങള്‍ക്ക് മീതെ ബെല്‍റ്റിട്ട് മുറുക്കി. അതോടെ നഗ്നതയും അറിവും അടങ്ങി. അത് സുരക്ഷിതബോധത്തോടെ സുഖമായി ഉറങ്ങി.

പ്രാര്‍ഥനാലയത്തിലേക്ക് നടന്ന ദൈവം ആദ്യബെല്‍റ്റിനടുത്ത് വെച്ച് തടയപ്പെട്ടു.ബെല്‍റ്റിന്റെ യജമാനന്‍ ചോദിച്ചു.

'..പേര്?'

'..ദൈവം.'

യജമാനന്‍ ചിരിച്ചു.

'..ദൈവമോ?'

'..അതെ ദൈവം'.

'അച്ഛനുമമ്മയുമൊക്കെ നിരീശ്വരവാദികളായിരിക്കും അല്ലെ? ദൈവത്തെ കളിയാക്കാന്‍ ഇങ്ങനെ ഒരു സൂത്രം ചെയ്തതായിരിക്കും. ആട്ടെ, തന്റെ അച്ഛന്റെ പേരെന്താ?'

ദൈവം വെറുതെ ചിരിച്ചു.

' ഓഹോ!. ചിരിവരുന്ന പേരാണോ അച്ഛന്റേത്..? ഇനി വല്ല മന്ദഹാസമെന്നോ മറ്റോ ആണോ?'

ദൈവം ഒന്നും പറഞ്ഞില്ല.

'അമ്മയുടെ പേരെന്താ..?'

അപ്പോഴും ദൈവം ചിരിച്ചു.

' അതും ചിരിവരുന്ന പേരാണോ..? അല്ല. തന്തേം തള്ളേം ഒന്നും ഇല്ലായിരിക്കും.'

' ഇല്ല..'

' പിന്നെ എങ്ങനെ ഭൂജാതനായാവോ..?'

'സ്വയം ഭൂവാണ്.'

'ശരി. കാര്യങ്ങള്‍ അങ്ങനെയാണ് അല്ലെ...അപ്പോള്‍ എവിടെയാണ് പെറ്റിട്ടത്? ഓടയിലോ? കടത്തിണ്ണയിലോ?

ദൈവം മിണ്ടാതെ നിന്നു.

തുടരെത്തുടരെ മിണ്ടാതെ നിന്നപ്പോള്‍ ഇവന്‍ നിസ്സാരക്കാരനല്ലെന്ന് ബെല്‍റ്റ് മാസ്റ്റര്‍ക്ക് ഒരു തോന്നല്‍.

അതൊന്ന് ഉറപ്പിക്കാന്‍ പഴയ ചോദ്യം ബെല്‍റ്റ് മാസ്റ്റര്‍ ആവര്‍ത്തിച്ചു.

'അപ്പോള്‍ പേര് ദൈവം എന്ന് തന്നെയല്ലെ?'

' അതെ.'

' അത് വല്ല കളിപ്പേരോ, വിളിപ്പേരോ ഒന്നും അല്ലല്ലോ. ഒറിജിനല്‍ തന്നെയല്ലെ?'

ദൈവം പിന്നേം ചിരിച്ചു.

' അല്ല ദൈവം എന്നുമാത്രമേയുള്ളോ..അല്ലാതെന്തെങ്കിലും..?'

'മനസ്സിലായില്ല.'

'അല്ല..വല്ല ദൈവം നായരെന്നോ, ദൈവം കര്‍ത്തായെന്നോ മറ്റൊ? അല്ലെങ്കില്‍ ബ്രദര്‍ ദൈവമെന്നോ, ഹാജി ദൈവമെന്നോ ഉണ്ടെങ്കിലും മതി..'

ദൈവം പൊട്ടിച്ചിരിച്ചു.

ബെല്‍റ്റ് മാസ്റ്ററുടെ നിറുകയില്‍ കൈവച്ച് അനുഗ്രഹിച്ചു.

'നന്നായ് വരട്ടെ.'

ദൈവം മുന്നോട്ട് നീങ്ങി.

നടന്നെത്തിയത് ഒരു പോളിങ് ബൂത്തിലാണ്. ദൈവവും ക്യൂവില്‍ നിന്നു. ക്യൂ നീങ്ങി.

ദൈവം വോട്ട് ചെയ്യാനെത്തി.

പോളിങ് ഓഫീസര്‍ പേര് ചോദിച്ചു.

'ദൈവം.'

പോളിങ് ഓഫീസര്‍ക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. അയാള്‍ വോട്ടേഴ്സ് ലിസ്റ്റ് മറിച്ച് നോക്കി. അങ്ങനെയൊരു പേര് കാണുന്നില്ല.

ഓഫീസര്‍ വീണ്ടും ചോദിച്ചു.

'വീട്ടുപേര്..?'

' സ്വര്‍ഗം..'

ഓഫീസര്‍ വീണ്ടും ലിസ്റ്റ് മറിച്ചു. കാണുന്നില്ല.

ഒരു സമ്മതിദായകന്റെയും അവകാശം നിഷേധിക്കുന്നത് ശരിയല്ലെന്ന് കരുതുന്ന നല്ല ഉദ്യോഗസ്ഥനായിരുന്നു അയാള്‍.

അയാള്‍ പോളിങ് ഏജന്റുമാരോട് വിളിച്ച് ചോദിച്ചു.

' സ്വര്‍ഗം വീട്ടില്‍ ദൈവം. അങ്ങനെയൊരു പേര് നിങ്ങളുടെ ലിസ്റ്റിലുണ്ടോയെന്ന് നോക്കിയേ..എന്റെ ലിസ്റ്റില്‍ കാണുന്നില്ല.'

പോളിങ് ഏജന്റുമാരും ലിസ്റ്റ് വിശദമായി പരിശോധിച്ചു.

അങ്ങനെയൊരു പേര് കാണുന്നില്ല.

പോളിങ് ഓഫീസര്‍ ദൈവത്തോട് ഐഡന്റിറ്റി കാര്‍ഡ് ചോദിച്ചു.

ദൈവം പറഞ്ഞു.

' ഞാന്‍ തന്നെയാണ് എന്റെ ഐഡന്റിറ്റി.'

'ങ്ഹാ!.പൊന്നാശാനേ..ഈ തെരക്കിന്റെയിടയില്‍ ചുമ്മാ ഡയലോഗടിച്ച് പണിമൊടക്കല്ലെ. കാര്‍ഡ് താ.'

'എന്നെത്തിരിച്ചറിയാത്തവര്‍ക്ക് എന്തിനാണ് എന്റെ ഐഡന്റിറ്റി കാര്‍ഡ്..'

'എല്ലാ കള്ളമ്മാരും ഇങ്ങനാ. പിടിക്കപ്പെടും എന്നറിഞ്ഞാ പ്രവാചകന്മാരാകും.'

ഓഫീസര്‍ പൊലീസിനെ വിളിച്ചു. അവര്‍ ദൈവത്തെ അറസ്റ്റ് ചെയ്ത് ജീപ്പില്‍ കയറ്റി. ജീപ്പ് പാഞ്ഞു.

അന്ന് വൈകിട്ട് വാര്‍ത്ത വന്നു.

' ദൈവത്തിന്റെ പേരില്‍ കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ച ഒരാളെ അറസ്റ്റ് ചെയ്തതൊഴിച്ചാല്‍ മറ്റ് അനിഷ്ടസംഭവങ്ങള്‍ ഒന്നും ഉണ്ടായില്ല.'

*
എം എം പൌലോസ്
കടപ്പാട്.
വര്‍ക്കേഴ്സ് ഫോറം

No comments:

Post a Comment