Saturday, 11 April 2009

ശശി തരൂരിന്റെ മുമ്പില്‍ കോൺഗ്രസ് തലകുനിക്കുന്നു

ശശി തരൂരിന്റെ മുമ്പില്‍ കോൺഗ്രസ് തലകുനിക്കുന്നു

ശശി തരൂരിനെ ഞാന്‍ നേരിട്ടു പരിചയപ്പെടുന്നത് 'ചാന്ദ്രയാന'ത്തിന്റെ ഗവേഷണവും പ്രക്ഷേപണവും നടത്തി വിജയത്തിലെത്തിച്ച ഡോ. മാധവന്‍നായര്‍ക്ക് കണ്ണൂര്‍ പൌരാവലി നല്‍കിയ സ്വീകരണത്തില്‍ പങ്കെടുക്കാന്‍ ചെന്ന അവസരത്തിലായിരുന്നു. അന്ന് അദ്ദേഹത്തെ കളങ്കരഹിതമായ ഒരു നയതന്ത്രജീവിതം സഫലമാക്കിയ എഴുത്തുകാരനായ വ്യക്തി എന്ന നിലയില്‍ ഞാന്‍ അഭിനന്ദിച്ച് സംസാരിക്കുകയുംചെയ്തു.

ഒരു മാസം കഴിഞ്ഞതേയുള്ളൂ (മാര്‍ച്ചില്‍) ശശി തരൂരിനെക്കുറിച്ചുള്ള ഈ അഭിപ്രായം മാറ്റേണ്ടിവന്നതിലുള്ള ദുഃഖവും അതിന് പ്രേരിപ്പിച്ച കാരണങ്ങളും ജനങ്ങളെ അറിയിക്കേണ്ടതാണെന്ന് സ്വയം നിര്‍ബന്ധിക്കപ്പെട്ടതിനാലാണ് ഈ ലേഖനമെഴുതുന്നത്. അടുത്തെത്തിയിരിക്കുന്ന ലോൿസഭാ തെരഞ്ഞെടുപ്പില്‍ 'ഓടുവാന്‍' തീരുമാനിച്ചിട്ടുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തിയിരിക്കകയാണ്. തെരഞ്ഞെടുപ്പില്‍ ചര്‍ച്ചാവിഷയമാകാനിടയുള്ള ഒരഭിപ്രായം പറഞ്ഞതുമൂലം അദ്ദേഹത്തിന്റെ യശസ്സ് വളരെ കളങ്കിതമായിട്ടുണ്ടെന്ന് ഞാന്‍ കരുതുന്നു. കോൺഗ്രസുകാരൊഴികെ എല്ലാവരെയും നന്നായി വേദനിപ്പിക്കുന്ന തരൂരിന്റെ അഭിപ്രായം ഒട്ടും മൂടിവയ്ക്കാതെ ജനങ്ങള്‍ വിലയിരുത്തണമെന്നാണ് ഞാന്‍ ഉദ്ദേശിക്കുന്നത്.

ഇക്കഴിഞ്ഞ മാര്‍ച്ച് നാലിന് യേല്‍ സര്‍വകലാശാലയില്‍വച്ച് ചൈന-ഇന്ത്യാ ബന്ധങ്ങളെക്കുറിച്ച് ഐക്യരാഷ്‌ട്രസഭയുടെ മുന്‍ അണ്ടര്‍ സെക്രട്ടറി ജനറലായിരുന്ന ശശി തരൂര്‍ ഒരു പ്രസംഗം ചെയ്തിരുന്നു. പ്രഭാഷണത്തിനുശേഷം സദസ്സില്‍നിന്ന് ഒരു ഇന്ത്യക്കാരന്‍ ചോദിച്ച ചോദ്യത്തിനുള്ള മറുപടിയിലാണ്, താന്‍ ഇന്ത്യന്‍ പാര്‍ലമെന്റിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെന്ന് ആദ്യമായി പ്രസ്‌താവിച്ചത്. ആ മറുപടിയുടെ ഇടയില്‍വച്ച് അദ്ദേഹം കടുത്ത സ്‌ഫോടനശക്തിയുള്ള ഒരു വാക്യം (അബദ്ധവശാലാണെന്ന് തോന്നുന്നില്ല.) പറഞ്ഞുപോയി. വാക്യം ചെറുതാണ്: "നയിക്കാന്‍ യോഗ്യതയില്ലാത്ത ആളുകളാണ് ഇന്ത്യന്‍ ജനാധിപത്യത്തെ നയിച്ചുപോന്നത് എന്നത് ലജ്ജാവഹമാണ്.''

ഇന്ത്യയുടെ ജനാധിപത്യത്തിന്റെ പരാജയത്തിന് നേതൃവൈകല്യം ഒരു കാരണമാണ് എന്നോ മറ്റോ ഒഴുക്കനായുള്ള വാക്യമല്ല, മറിച്ച് എത്ര കടുപ്പിച്ചു പറയാമോ അത്രയും കടുപ്പിച്ചതാണ്. ഇന്ത്യക്കാരനായ തോമസ് കാറക്കാട് എന്ന ഒരു വിദ്യാര്‍ഥിയുടെ (കേരളീയനായിരിക്കണം) ചോദ്യത്തിനുള്ള ഉത്തരത്തിലാണ് ഈ ഭയങ്കരമായ വാക്യം ഉള്ളത്. അമേരിക്കയില്‍ എത്രകാലം ജോലിചെയ്‌താലും ഒരിന്ത്യക്കാരന് ഇത്ര വലിയ ഭോഷത്തം പറയാനാവുമോ?

ഇന്ത്യയുടെ രാഷ്‌ട്രീയരംഗത്ത് തരൂര്‍ പ്രവേശിക്കാന്‍ ഉദ്ദേശിക്കുന്നുവെന്ന തരത്തിലുള്ള അഭ്യൂഹങ്ങളെപ്പറ്റി അഭിപ്രായം അന്വേഷിച്ചപ്പോള്‍ പുറത്തുവന്ന ഒരു മൊഴിമുത്താണ് ഇത്. നാക്കില്‍ ചൊവ്വയുള്ളവര്‍ക്കല്ലാതെ ഇങ്ങനെ ഒരു വിഷബാണം എയ്‌തുവിടാന്‍ ആവില്ല. ഇന്ത്യയില്‍ പാര്‍ലമെന്റില്‍ പ്രവേശിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ മാത്രമല്ല, ഇവിടെ സന്ദര്‍ശിക്കാന്‍ വരുന്ന ടൂറിസ്റ്റുകള്‍പോലും പറയാന്‍ മടിക്കുന്ന വാക്യം! ജവാഹര്‍ലാല്‍ നെഹ്റു തൊട്ട് മന്‍മോഹന്‍സിങ് വരെയുള്ള സമസ്‌ത പ്രധാനമന്ത്രിമാരെയും സര്‍വരാഷ്‌ട്രീയ നേതാക്കളെയും അടച്ച് കരിതേച്ചുവിടുന്ന വാക്യം. ഈ വാക്യത്തിന്റെ ഏറ്റവും മോശം വശം, 'ഇവരെല്ലാം തോറ്റേടത്ത് ഇതാ ഈ ശശി വരുന്നു' എന്നുള്ള അഹങ്കാരത്തിന്റെ വൃത്തികെട്ട ധ്വനിയാണ്. ഇത്ര പരിഹാസ്യമായ ഗര്‍വോടുകൂടി പണ്ട് ഉദ്ദണ്ഡ ശാസ്‌ത്രികള്‍ കേരളീയകവികളോട്, 'ഞാനാകുന്ന സിംഹംവരുന്നു, ഓടിക്കോ' എന്നു ഘോഷം കൂട്ടിയതുമാത്രമേ ഓര്‍മയില്‍ വരുന്നുള്ളൂ.

ലക്ഷക്കണക്കിന് നാട്ടുകാരുടെ വോട്ടു കിട്ടിയാലല്ലാതെ, ഐക്യരാഷ്‌ട്രസഭാ പാരമ്പര്യം പറഞ്ഞാലൊന്നും കടന്നുകിട്ടാനാവാത്ത ഈ കടത്ത് കടക്കാന്‍ ഇതിലും വലിയ ഓട്ടയുള്ള ഒരു തോണി ആരെങ്കിലും കൊണ്ടുവരുമോ? പണ്ട് ഇംഗ്ളീഷുകാരനായ ബെവര്‍ലി നിക്കോള്‍സും ഇന്ത്യക്കാരെ അപമാനിക്കാന്‍ പറഞ്ഞ വാക്കുകളോട് കിടപിടിക്കത്തക്ക വാക്കുകള്‍ പറയാന്‍ ഒരിന്ത്യക്കാരന് സാധിച്ചിരിക്കുന്നു.

സര്‍വര്‍ക്കും അപമാനകരമായ ഈയൊരു വാക്യം പ്രസംഗിച്ച ഈ വ്യക്തി ഹൈകമാന്‍ഡിന്റെ സ്ഥാനാര്‍ഥിയാണത്രേ. എന്നുവച്ചാല്‍ കേരളത്തിലെ കോൺഗ്രസുകാരുടെ തലയ്‌ക്കുമുകളിലൂടെ ഇറങ്ങിവന്ന കേമന്‍! അതായത്, തന്റെ ഭര്‍ത്താവായ രാജീവ് ഗാന്ധിയെവരെ ചീത്തപ്പെടുത്തുന്ന അഭിപ്രായം പറഞ്ഞ ഒരാളെ സോണിയാജിതന്നെ തലയിലേറ്റി തിരുവനന്തപുരത്ത് ഇറക്കിവച്ചിരിക്കുന്നു. സോണിയക്കും കൂട്ടര്‍ക്കും ഈ കുപ്രസിദ്ധമായ പ്രസംഗത്തെപ്പറ്റി അറിയില്ലെങ്കില്‍ അവരൊന്നും ആ സ്ഥാനത്തിരിക്കാന്‍ കൊള്ളുന്നവരാണെന്ന് പറയാനാവില്ല. അറിഞ്ഞിട്ടുതന്നെയാണ് ഈ നിര്‍ദേശമെങ്കില്‍ ദേശാഭിമാനമില്ലാത്ത അവര്‍ അവിടെ ഇരിക്കുന്നതും ശരിയല്ല. 'എങ്ങനെ വന്നു തരൂര്‍' എന്ന ചോദ്യത്തിനു സമാധാനം പറയാന്‍ ഹൈകമാന്‍ഡിനും കെപിസിസിക്കും ഉത്തരവാദിത്തമുണ്ട്. ശരിയായ കോൺഗ്രസുകാര്‍ അവിടങ്ങളില്‍ ഉണ്ടായിരുന്നെങ്കില്‍ ശശി തരൂര്‍ വീണ്ടും അമേരിക്കയിലേക്ക് തിരിച്ചുപോകേണ്ടി വന്നേനെ. സ്വാഭിമാനവും ദേശാഭിമാനവും അല്‍പ്പമെങ്കിലും ബാക്കിയുള്ള ഒരു ഭാരതീയനും പൊറുക്കാനാവാത്ത ദേശദ്രോഹത്തെ ഇക്കൂട്ടര്‍ പൊറുക്കുന്നതെങ്ങനെ? മേല്‍പ്പറഞ്ഞ ആരോപണംതന്നെ മതി ഒരാളെ ജനപ്രതിനിധി സ്ഥാനത്തിന് അനര്‍ഹനാക്കാന്‍. ശശിതരൂരിനെ പടങ്ങളിലൂടെ കണ്ടുതുടങ്ങിയതോടെ അതിന് ഒരു പെൺമുഖത്തിന്റെ ഛായയുണ്ടെന്ന് പറഞ്ഞുകേള്‍ക്കുന്നുണ്ട്. ഭാഗ്യവാനാണെന്നും തെളിഞ്ഞു.

പക്ഷേ, ഇപ്പോള്‍ ആള്‍ ഒരു ഇരട്ട ആരോപണത്തിന്റെ നടുവിലാണ്. തരൂരിന് കൊക്കകോളാ കമ്പനിയുമായുള്ള അടുപ്പമാണ് രണ്ടാമത്തെ ആരോപണത്തിനു പിന്നില്‍. യേല്‍ സര്‍വകലാശാലയിലെ പ്രഭാഷണം സ്‌പോൺസര്‍ ചെയ്‌തത് കൊക്കകോളക്കമ്പനിയാണ്. തെരഞ്ഞെടുപ്പു ചെലവും അവര്‍, ഇക്കണക്കിന് വഹിച്ചുകൂടായ്‌കയില്ല. കേരളത്തില്‍ ജനപ്രിയം കൂട്ടാന്‍ കൂട്ടുപിടിക്കാവുന്ന ഒരു സുഹൃത്തല്ല കോളക്കമ്പനി. ഇതിനകം കോള ഗ്രൌണ്ട് വാട്ടര്‍ അതോറിറ്റി അംഗമായ ഡോ. എസ് ഫൈസി ശശിതരൂരിന് വസ്‌തുനിഷ്‌ഠമായ മറുപടി നല്‍കിക്കഴിഞ്ഞു. കോടതിയില്‍ നിലനില്‍ക്കുന്ന കേസ് ഒഴിച്ചാല്‍ ജനങ്ങളുടെ കോടതി ഈ വിഷയത്തില്‍ തീരുമാനമെടുത്തതും ശശി തരൂര്‍ അറിഞ്ഞിരിക്കേണ്ടതാണ്. 2004 ജനുവരിയില്‍ കോളക്കമ്പനി ജലചൂഷണം ചെയ്യുന്ന ഹിന്ദുസ്ഥാന്‍ കൊക്കകോളക്കമ്പനി സ്ഥിതിചെയ്യുന്ന പ്ലാച്ചിമടയില്‍ കൂടിയ ലോകജലസമ്മേളനത്തില്‍ ഇന്ത്യയിലെയും ലോകത്തിലെയും ധാരാളം വിദഗ്ധര്‍ പങ്കെടുത്തു. അന്ന് ഈ ലേഖകനോടൊപ്പം വേദിയില്‍നിന്ന് 'പ്ലാച്ചിമട പ്രഖ്യാപനം' ലോകത്തിന് സമര്‍പ്പിച്ച് മോഡ് വിൿടോറിയ ബാര്‍ലോ എന്ന കനേഡിയന്‍ എഴുത്തുകാരി('ബ്ലൂ ഗോള്‍ഡ് എന്ന കൃതി രചിച്ച)യെ ശശിക്ക് പരിചയമുണ്ടാകണം. അവര്‍ ഇപ്പോള്‍ ഐക്യരാഷ്‌ട്രസഭയുടെ ജലവിഭവം സംബന്ധിച്ചുള്ള ഫസ്റ്റ് സീനിയര്‍ അഡ്വൈസര്‍ ആണ്. ഈ മഹാന്‍ കോളക്കുട്ടനായി നടക്കുമ്പോള്‍, അദ്ദേഹം സ്ഥാനമൊഴിഞ്ഞ ഐക്യരാഷ്‌ട്രസഭ മാര്‍ച്ച് രണ്ട് ലോക ജലദിനമായി ആഘോഷിക്കുന്നു എന്ന് ഇദ്ദേഹത്തെ ഓര്‍മിപ്പിക്കട്ടെ!

നാട്ടുകാരും വിദേശനേതാക്കളും പാലക്കാട്ടെ ജലവിനാശവും പരിസ്ഥിതി മലിനീകരണവും നടത്തിയിരുന്ന കൊക്കകോള കമ്പനി അടച്ചുപൂട്ടണമെന്ന് വാദിക്കുമ്പോള്‍ ഒരു പാലക്കാട്ടുകാരന്‍ അമേരിക്കയില്‍നിന്ന് ഇറങ്ങിവന്ന് കോളക്കമ്പനിയുടെ ധനം പറ്റിക്കൊണ്ട് കമ്പനിയുടെ പ്രവര്‍ത്തനം നിര്‍വിഘ്നം തുടരുന്നതിന് ഉപദേശം നല്‍കാന്‍ സദാ സന്നദ്ധനായിരിക്കുന്നുവെന്നത് ജനങ്ങളെ അസ്വസ്ഥരാക്കിയിട്ടുണ്ട്. അതും കടന്ന് ആ വ്യക്തി പാര്‍ലമെന്റില്‍ പ്രവേശിക്കാന്‍ കോൺഗ്രസിന്റെ സ്ഥാനാര്‍ഥിയായി മത്സരിക്കുന്നുവെന്നത് അവരെ ഭയപ്പെടുത്താതിരിക്കില്ല. ഇദ്ദേഹം ആരുടെ പ്രതിനിധിയായിട്ടാണ് ലോൿസഭാംഗമാകാന്‍ മുതിരുന്നത്-ജനങ്ങളുടെയോ വിദേശക്കമ്പനിയുടെയോ? പാലക്കാട്ടെ ഭൂഗര്‍ഭജലം ഊറ്റിയെടുത്ത് കുപ്പിയിലാക്കി അതുമിതും കലക്കി ഈ രാജ്യത്തെ എണ്ണമില്ലാത്ത അങ്ങാടികളില്‍ വിറ്റ് വന്‍ലാഭമുണ്ടാക്കുന്ന കമ്പനിക്കുവേണ്ടിയാണ് അദ്ദേഹം ഇപ്പോള്‍ സംസാരിച്ചുകേള്‍ക്കുന്നത്. അവരുടെ ചെലവിലാണ് അദ്ദേഹത്തിന്റെ പൊതുപരിപാടികള്‍ പലതും നടക്കുന്നത്. അവര്‍ക്കുവേണ്ടി വാദിക്കുന്ന ഒരു പ്രശസ്‌ത വ്യക്തി ഇന്ത്യന്‍ പാര്‍ലമെന്റില്‍ പ്രവേശിക്കുന്നതിന്റെ ഗുണം എന്തെന്ന് കമ്പനിക്ക് അറിയാതെ വരില്ലല്ലോ. അപ്പോള്‍ തെരഞ്ഞെടുപ്പു ചെലവും അവര്‍ വഹിക്കുന്നുവെങ്കില്‍ അത് ന്യായംമാത്രം.

ജനങ്ങളില്‍ ഈ വിധത്തിലുള്ള ആശങ്കകളും ഭയങ്ങളും ഉളവാക്കിക്കഴിഞ്ഞ ഒരാളെ ഇന്ത്യന്‍ നാഷണല്‍ കോൺഗ്രസ് സ്ഥാനാര്‍ഥിയായി അംഗീകരിക്കുക എന്നത് ചിന്തിക്കാന്‍ പറ്റാത്ത ഒരു അനീതിയാണ്. ദേശീയവും ജനകീയവുമായ താല്‍പ്പര്യങ്ങള്‍ക്ക് എതിരെ പ്രവര്‍ത്തിക്കുന്നതിന് തടസ്സമല്ല ഈ ഐക്യരാഷ്‌ട്രസഭാ പ്രശസ്‌തി. പ്ലാച്ചിമട സമരം വര്‍ഷങ്ങളോളം നടന്ന ഘട്ടത്തില്‍ കേരളത്തില്‍ ഉണ്ടായിരുന്ന കോൺഗ്രസ് മന്ത്രിസഭ സമരത്തിന് ഒട്ടും അനുകൂലമായ നിലപാടല്ല കൈക്കൊണ്ടിരുന്നത്. കോൺഗ്രസ് നേതാക്കള്‍ വിലയില്ലാത്ത കുറെ വാക്കുകള്‍ പറഞ്ഞുവെന്നേയുള്ളു. 2004ല്‍ നടന്ന ജലസമ്മേളനത്തില്‍ ഈ നേതാക്കള്‍ ആരും പങ്കെടുത്തില്ല.

കോൺഗ്രസിന്റെ ഈ പഴയ കൊക്കകോളാ ബന്ധം എന്തെന്ന് നല്ലപോലെ മനസ്സിലാക്കിയിട്ടാകാം ശശി തരൂര്‍ സ്ഥാനാര്‍ഥി ടിക്കറ്റ് നിഷ്പ്രയാസം നേടിയെടുക്കാന്‍ വിദേശക്കമ്പനിയുടെ പ്രതിനിധിയായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന സര്‍ട്ടിഫിക്കറ്റോടുകൂടി പാര്‍ടിയെ സമീപിച്ചത്. സ്ഥാനാര്‍ഥിപരിഗണനയില്‍ പെടുകയുംചെയ്തു. അത്രത്തോളം അദ്ദേഹത്തിന്റെ 'തന്ത്രം' ഫലിച്ചു.

പക്ഷേ, സ്വന്തം ജന്മസ്ഥലമായ ആലത്തൂര്‍ വിട്ട് തിരുവനന്തപുരം വരിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിക്കുന്ന 'നയതന്ത്രം' എത്രത്തോളം വിജയിക്കുമെന്ന് കണ്ടറിയണം. നഗരവാസികള്‍ ഏറെക്കുറെ തന്നെപ്പോലെ ഉന്നതസ്ഥാനത്തുള്ളവരെ ബഹുമാനിക്കുന്നവരും ദേശാഭിമാനത്തില്‍ കുറവുള്ളവരും ആണെന്നാണ് തരൂരിന്റെ 'ഗണിതം' എന്നു തോന്നുന്നു. ഈ ഗണിതം അടിയോടെ പിഴവാണെന്ന് തെളിയിക്കേണ്ടത് തിരുവനന്തപുരത്തുകാരാണ്.

ശശി തരൂരിന്റെ അഭിപ്രായങ്ങള്‍ പരിശോധിച്ചാല്‍ അദ്ദേഹം ഭാരതീയവും കേരളീയവുമായ ജീവിതധാരകളില്‍നിന്ന് തിരസ്‌കൃതനും അന്യനും ആയിത്തീര്‍ന്നിട്ടുണ്ടെന്ന് കാണാം. ഐക്യരാഷ്‌ട്രസഭയില്‍ തരൂരിന്റെ മേലുദ്യോഗസ്ഥന്‍ ഇന്ത്യക്കാരുടെ കുര്‍ത്ത എന്ന വേഷം മോശമാണെന്നു പറഞ്ഞതോടെ അത് വേണ്ടെന്നുവച്ച ആളാണ് ഇദ്ദേഹം. ഇതിനിടെ കൊച്ചിയില്‍ വന്നപ്പോള്‍ ദേശീയഗാനാലാപന സമയത്തും അദ്ദേഹം വഴക്കമനുസരിച്ച് കൈകള്‍ താഴ്ത്തിപ്പിടിച്ച് നില്‍ക്കാതെ, ഒരു പ്രകടനത്തോടെ കൈകള്‍ കുറുകെ നെഞ്ചോടു ചേര്‍ത്തുകൊണ്ടാണ് നിന്നത്. ദേശീയഗാനത്തിന്റെ മട്ടും മാതിരിയും വ്യക്തിയുടെ ഇഷ്‌ടമനുസരിച്ച് മാറ്റാവുന്നതല്ല. അത് മാറ്റുന്നത് ദേശദ്രോഹതുല്യമായ തെറ്റാണ്. ഇന്ത്യക്കാരനാണെങ്കിലും ഉള്ളില്‍ അദ്ദേഹം അമേരിക്കയുടെ കൂടെയാണ്. ശശി തരൂരിന് ഐക്യരാഷ്‌ട്രസഭാസ്ഥാനം നഷ്‌ടമായതോടെ, ധാടിയോടെ ഇരുന്നുകഴിയാവുന്ന ഒരു സ്ഥാനം ആവശ്യമായിരുന്നു. അതാണ് ലോൿസഭ. പാന്റ്സ് ധരിച്ച് അവിടെ ഇംഗ്ളീഷ് പറഞ്ഞ് പ്രശസ്‌തി കൂട്ടുകയാണ് ലക്ഷ്യം. ജനങ്ങളുടെ ഭാഷയില്‍ അവരോട് ഇടപെടാന്‍ ഈ കോള-ഇസ്രയേൽ പ്രേമിക്ക് സാധ്യമാണന്നു തോന്നുന്നില്ല.

ശശി തരൂരിന്റെ ഏറ്റവും പുതിയ കോൺഗ്രസ് നിന്ദയുടെ വിവരങ്ങളാണ് ഈ പ്രബന്ധത്തില്‍ ഉള്‍പ്പെടുത്തിയത്. അദ്ദേഹം കോൺഗ്രസ് അധിക്ഷേപം തുടങ്ങിയിട്ട് കാലം കുറെയായി. കടുത്ത വിമര്‍ശനങ്ങളാണ്. അറിയണമെന്നുള്ളവര്‍ തരൂരിന്റെ 'ഇന്ത്യ ഫ്രം മിഡ്‌നൈറ്റ് ടു മില്ലെനിയം ആന്‍ഡ് ബിയോണ്ട്', 'ന്യൂ ഏജ്, ന്യൂ ഇന്ത്യ' മുതലായ പുസ്‌തകങ്ങള്‍ നോക്കിയാല്‍ മതി. നേതാക്കന്മാരേക്കുറിച്ച് അദ്ദേഹം എഴുതിയതെല്ലാം പത്രങ്ങളില്‍വന്നു.

കോൺഗ്രസുകാരെ ഇതൊന്നും അലട്ടുന്നില്ല. അത് പണ്ട് നടന്നതല്ലേ ഒരു വക്താവ്-അദ്ദേഹം മാര്‍ച്ച് പ്രസംഗം വായിച്ചിട്ടില്ല. സാരമില്ലെന്ന് കെപിസിസി പ്രസിഡന്റ്. ഖദറില്‍പ്പൊതിഞ്ഞ മാംസപിണ്ഡങ്ങളെന്നല്ലേ പറഞ്ഞുള്ളൂ എന്ന ആശ്വാസത്തിലാവണം പ്രസിഡന്റ്. പ്രതിപക്ഷ നേതാവിന്റെ സമാധാനം ആശ്ചര്യജനകമാണ്. കോൺഗ്രസുകാരുടെ 'സഹിഷ്‌ണുത'കൊണ്ട് ഈ അധിക്ഷേപമൊക്കെ പൊറുത്തതാണത്രേ. ഇന്ദിരയെ കഴിവുകെട്ടയാളായും ഇന്ദിരാഗാന്ധിവധം അവര്‍ക്ക് കിട്ടേണ്ട ശിക്ഷയായും സോണിയയെ 'ടൂറിനിലെ ശവക്കച്ച'യായും അപമാനിച്ചെഴുതിയത് സഹിഷ്‌ണുതയോടെ ക്ഷമിച്ചിരിക്കയാണുപോല്‍! സഹിഷ്‌ണുത എന്നുവച്ചാല്‍ തെറ്റ് പൊറുക്കലാണ്, തെറ്റ് ചെയ്‌തവനെ സിംഹാസനത്തില്‍ ഇരുത്തലല്ല. രാഷ്‌ട്രീയത്തില്‍ നില്‍ക്കക്കള്ളിക്കുവേണ്ടി വാക്കുകളുടെ അര്‍ഥം ഉമ്മന്‍ചാണ്ടി അസംബന്ധമാക്കി മാറ്റരുത്.

ഒരു തന്ത്രശാലിയുടെ മുമ്പില്‍ കോൺഗ്രസ് നാണംകെട്ട് ഇത്രമാത്രം കുനിഞ്ഞുനില്‍ക്കുന്നത് കാണേണ്ടിവരുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല! ഇടത്തെ ചെകിട്ടത്ത് അടിച്ചാല്‍ വലത്തെ ചെകിട് കാണിച്ചുകൊടുക്കാം. പക്ഷേ, മുഖത്ത് കാര്‍ക്കിച്ചു തുപ്പിയവന്റെ ചുണ്ടത്ത് ചുംബിക്കാന്‍ ഒരു ഗുരുവും ഇന്നുവരെ പറഞ്ഞിട്ടില്ല, പറയുകയുമില്ല.

(ഈ ലേഖനത്തിലെ പല വിവരങ്ങളും ഇന്റര്‍നെറ്റില്‍നിന്ന് ലഭിച്ചതാണ്.)

***

സുകുമാര്‍ അഴീക്കോട്
കടപ്പാട്. വര്ക്കേഴ്സ് ഫോറം

No comments:

Post a Comment