Friday, 28 February 2014

ജനം ആഗ്രഹിക്കുന്ന ബദല്‍

ദേശീയരാഷ്ട്രീയത്തിന്റെ ബലാബലത്തില്‍ സാരമായ മാറ്റംവരുത്തി ഇടത് മതനിരപേക്ഷ ബദലിന് ഔദ്യോഗികരൂപമായി. ചൊവ്വാഴ്ച ഡല്‍ഹിയില്‍ ചേര്‍ന്ന കോണ്‍ഗ്രസിതര, ബിജെപിയിതര രാഷ്ട്രീയകക്ഷി നേതാക്കളുടെ യോഗമാണ് ഇത്തരമൊരു ബദല്‍ കൂട്ടുകെട്ടിന് രൂപംകൊടുത്തത്. മമത ബാനര്‍ജി നയിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസും മായാവതി നയിക്കുന്ന ബിഎസ്പിയും ഒഴിച്ചുള്ള രാജ്യത്തെ പ്രധാന കോണ്‍ഗ്രസിതര, ബിജെപിയിതര മതനിരപേക്ഷ കക്ഷികളെല്ലാംതന്നെ ഇടതുപക്ഷം നയിക്കുന്ന ബദല്‍ കൂട്ടുകെട്ടിന്റെ ഭാഗമായി. നാല് ഇടതുപക്ഷ പാര്‍ടികള്‍ക്കുപുറമെ പ്രാദേശിക കക്ഷികളായ സമാജ്വാദി പാര്‍ടി, ഐക്യജനതാദള്‍, എഐഎഡിഎംകെ, ബിജു ജനതാദള്‍, ജനതാദള്‍എസ്, ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ച, അസം ഗണപരിഷത്ത് എന്നീ കക്ഷികളാണ് ഈ യോഗത്തില്‍ പങ്കെടുത്തത്. സംയുക്ത പ്രഖ്യാപനവും ഇറക്കി.

ഇതിലുള്‍പ്പെട്ട രാഷ്ട്രീയ പാര്‍ടികളാണ് അഞ്ച് സംസ്ഥാനം ഭരിക്കുന്നത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ഉത്തര്‍പ്രദേശില്‍ 2012ല്‍ നടന്ന നിയമസഭാതെരഞ്ഞെടുപ്പില്‍ തനിച്ച് ഭൂരിപക്ഷം നേടി അധികാരത്തിലെത്തിയ സമാജ്വാദി പാര്‍ടി, 2011 ല്‍ തമിഴ്നാട്ടില്‍ അധികാരത്തിലേക്കു തിരിച്ചുവന്ന ജയലളിതയുടെ നേതൃത്വത്തിലുള്ള എഐഎഡിഎംകെ, 2009 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍വിജയം നേടിയ ബിജു ജനതാദള്‍, ത്രിപുരയില്‍ 2013ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അഞ്ചാംവിജയം നേടിയ ഇടതുപക്ഷമുന്നണി എന്നിവയാണവ. ബിഹാറില്‍ ഐക്യജനതാദള്‍ സര്‍ക്കാരാണ് അധികാരത്തിലുള്ളത്. ജനതാദള്‍ എസിന് കര്‍ണാടകത്തിലും അസംഗണപരിഷത്തിന് അസമിലും ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ചയ്ക്ക് ജാര്‍ഖണ്ഡിലും ഇടതുപക്ഷ പാര്‍ടികള്‍ക്ക് കേരളത്തിലും പശ്ചിമബംഗാളിലും ശക്തമായ സ്വാധീനമുണ്ട്. മന്‍പ്രീത്സിങ് ബാദലിന്റെ നേതൃത്വത്തിലുള്ള പഞ്ചാബ് പീപ്പിള്‍സ് പാര്‍ടിയും ഭരണഘടനാ ശില്‍പ്പി അംബേദ്കറുടെ ചെറുമകന്‍ പ്രകാശ് അംബേദ്കറുടെ ഭരിപ്പ ബഹുജന്‍ മഹാസംഘും ഈ കൂട്ടുകെട്ടില്‍ ചേരാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഒക്ടോബര്‍ 30ന് ന്യൂഡല്‍ഹിയില്‍ ഇടതുപക്ഷ പാര്‍ടികളുടെ നേതൃത്വത്തില്‍ നടന്ന വര്‍ഗീയവിരുദ്ധ കണ്‍വന്‍ഷനില്‍ ഇവര്‍ പങ്കെടുത്തിരുന്നു. അതായത്, രാജ്യത്തിന്റെ എല്ലാ മേഖലയിലും സ്വാധീനമുള്ള കൂട്ടുകെട്ടായി ഇത് മാറിയിരിക്കുന്നു. ഫെഡറല്‍ സ്വഭാവമുള്ള ഏക കൂട്ടുകെട്ടാണിത്; 28 സംസ്ഥാനങ്ങളില്‍ ഒരു ഡസനോളം സംസ്ഥാനങ്ങളിലെ ഭാഗധേയം നിര്‍ണയിക്കുന്ന രാഷ്ട്രീയ കൂട്ടുകെട്ട്. 543 അംഗ ലോക്സഭയില്‍ 313 സീറ്റ് മൂന്നാംബദലിന് സാന്നിധ്യമുള്ള സംസ്ഥാനങ്ങളില്‍നിന്നാണ്്. നിലവില്‍ ഈ കക്ഷികള്‍ക്ക് 92 സീറ്റാണുള്ളത്. ഈ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റ് നേടാനാകുമെന്ന പ്രതീക്ഷയിലാണ് 11 കക്ഷികള്‍ യോജിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്. അതുകൊണ്ടുതന്നെ ഒരു മുന്നണിക്കും ഈ കൂട്ടുകെട്ടിനെ അവഗണിച്ച് മുന്നോട്ടുപോകാനാകില്ല.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 29 ശതമാനവും ബിജെപിക്ക് 19 ശതമാനവും വോട്ടാണ് ലഭിച്ചത്. ഇരുകക്ഷികള്‍ക്കും ചേര്‍ന്ന് ലഭിച്ചത് 50 ശതമാനത്തില്‍ താഴെ വോട്ടുമാത്രം. 52 ശതമാനം വോട്ട് പുറത്തുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇടത് മതനിരപേക്ഷ കൂട്ടുകെട്ടിന് ശക്തമായ സാന്നിധ്യമാകാന്‍ കഴിയും. കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും കണക്കുകൂട്ടലുകള്‍ തെറ്റിച്ചാണ് ഇടത് മതനിരപേക്ഷ പാര്‍ടികളുടെ കൂട്ടുകെട്ട് രൂപംകൊണ്ടത്. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരിന് നല്‍കിയ പിന്തുണ പിന്‍വലിച്ചാണ് ബാബുലാല്‍ മറാണ്ടിയുടെ ജാര്‍ഖണ്ഡ് വികാസ്മോര്‍ച്ച ഈ കൂട്ടുകെട്ടിനൊപ്പം നില്‍ക്കുന്നത്. നരേന്ദ്രമോഡിയും ബിജെപിയും ആവതും ശ്രമിച്ചിട്ടും മധ്യപ്രദേശിലെ മുന്‍ ബിജെപി പ്രസിഡന്റായ മറാണ്ടിയെ അവര്‍ക്കൊപ്പം നിര്‍ത്താനായില്ല. യുപിഎ സര്‍ക്കാരിന് പുറത്തുനിന്ന് പിന്തുണനല്‍കുന്ന പാര്‍ടിയായിട്ടും സമാജ്വാദി പാര്‍ടിയും കോണ്‍ഗ്രസിനൊപ്പമല്ല, മറിച്ച് ഇടത് മതനിരപേക്ഷ ബദലിനൊപ്പം നില്‍ക്കാനാണ് തയ്യാറായത്.

നരേന്ദ്രമോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കിയതില്‍ പ്രതിഷേധിച്ച് എന്‍ഡിഎ വിട്ട നീതീഷ്കുമാറിനെ കൂടെനിര്‍ത്താന്‍ കോണ്‍ഗ്രസ് എല്ലാ ശ്രമവും നടത്തിയെങ്കിലും വിജയിച്ചില്ല. പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ മാറ്റിയാലും ഇനി ബിജെപിക്കൊപ്പമില്ലെന്ന് നിതീഷ്കുമാര്‍ അര്‍ഥശങ്കയ്ക്കിടയില്ലാത്തവിധം വ്യക്തമാക്കുകയും ചെയ്തു. 1989ലും 1996ലും കേന്ദ്രത്തില്‍ കോണ്‍ഗ്രസിതര, ബിജെപിയിതര സര്‍ക്കാരുകളാണ് അധികാരത്തില്‍ വന്നത്. ഈ രണ്ട് സര്‍ക്കാരുകളുടെയും ശില്‍പ്പികള്‍ സിപിഐ എമ്മും ഇടതുപക്ഷ പാര്‍ടികളുമാണ്. ചൊവ്വാഴ്ച നിലവില്‍വന്ന കൂട്ടുകെട്ടിന്റെയും ശില്‍പ്പികള്‍ ഇടതുപക്ഷം തന്നെ. വിലക്കയറ്റം, അഴിമതി എന്നിവ തടയാന്‍ ഒരു നടപടിയും സ്വീകരിക്കാതെ കനത്ത പരാജയത്തിലേക്ക് കൂപ്പുകുത്തുകയാണ് കോണ്‍ഗ്രസ്. അതുകൊണ്ടുതന്നെ കോണ്‍ഗ്രസിനൊപ്പംനിന്നാല്‍ ഉള്ള ജനപിന്തുണകൂടി നഷ്ടപ്പെടുമെന്ന് രാഷ്ട്രീയകക്ഷികള്‍ പ്രത്യേകിച്ചും പ്രാദേശിക കക്ഷികള്‍ തിരിച്ചറിയുന്നുണ്ട്. പതിനാറ് കക്ഷികളുണ്ടായിരുന്ന യുപിഎയില്‍ മൂന്ന് കക്ഷികളാണ് അവശേഷിക്കുന്നത്; മഹാരാഷ്ട്രയില്‍ എന്‍സിപിയും ജമ്മുകശ്മീരില്‍ നാഷനല്‍ കോണ്‍ഫറന്‍സും ജാര്‍ഖണ്ഡില്‍ ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ചയും. കോണ്‍ഗ്രസിന്റെ ഈ തകര്‍ച്ച മുതലെടുക്കാമെന്നും നരേന്ദ്രമോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച് പരമാവധി വര്‍ഗീയധ്രുവീകരണം സൃഷ്ടിച്ച് അധികാരത്തിലെത്താനാകുമെന്നും ബിജെപി പ്രതീക്ഷിക്കുന്നു. എന്നാല്‍, ബിജെപിക്കൊപ്പം അകാലിദളും ശിവസേനയും മാത്രമാണുള്ളത്. യുപിഎ തകര്‍ന്നടിയുമ്പോഴും എന്‍ഡിഎക്ക് മുന്നേറ്റം ഉണ്ടാക്കാന്‍ കഴിയുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. ഈ സാഹചര്യത്തിലാണ് നാല് ഇടതുപക്ഷ പാര്‍ടികളും ഏഴ് പ്രാദേശിക കക്ഷികളും യോജിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്. സംസ്ഥാനങ്ങളില്‍ ശക്തരായ നേതാക്കളും സംഘടനാബലവും ഉള്ളതുകൊണ്ടുതന്നെ കോണ്‍ഗ്രസിന്റെ തകര്‍ച്ചയില്‍നിന്ന് ഈ കൂട്ടുകെട്ടിന് നേട്ടമുണ്ടാക്കാന്‍ കഴിയും. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും പ്രധാന ശ്രദ്ധാകേന്ദ്രമായി ഇടത് മതനിരപേക്ഷ കൂട്ടുകെട്ട് മാറുമെന്നതില്‍ സംശയമില്ല.

No comments:

Post a Comment