പ്രതിസന്ധിയുടെ നേട്ടം കൊയ്യുന്നത് വൻബാങ്കുകള്‍
24 മാസങ്ങൾക്ക് മുമ്പാണ് കുഴപ്പങ്ങൾ ആരംഭിച്ചതു. എന്നിരുന്നാലും ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിയുടെ ഉറവിടങ്ങളെ കുറിച്ചുള്ള തര്‍ക്കങ്ങൾ ഇന്നും തുടരുകയാണ്. തിരിച്ചടവ് ശേഷി നോക്കാതെ ഭവനവായ്പകൾ നൽകിയതോ (Sub-Prime lending), വായ്പാ സംവിധാനത്തിൽ മൊത്തത്തിൽ വന്ന നിയന്ത്രണമില്ലായ്മോ വായ്പകളുടെ നിലവാരം നിർണയിക്കുന്ന ഏജൻസികളുടെ (Rating Agency) സംശയകരമായ പ്രവര്‍ത്തനമോ ആയിരുന്നില്ല കുഴപ്പങ്ങൾ ആരംഭിക്കുന്നതിനുള്ള കാരണങ്ങൾ. വൻബാങ്കുകളുടെ വഴിവിട്ട പ്രവർത്തനങ്ങളും അതിന് ഒത്താശ ചെയ്തുകൊടുത്ത ഫെഡറൽ റിസർവിന്റെ നയങ്ങളുമാണ് യഥാർത്ഥത്തിൽ പ്രതിസന്ധി സൃഷ്ടിച്ചതു. ഫെഡറൽ റിസർവിന്റെ കൃത്രിമമായി സൃഷ്ടിച്ച താഴ്‌ന്ന പലിശനിരക്ക് ഊഹക്കച്ചവടത്തിന് വലിയൊരു ഉത്തേജകമായിത്തീർന്നു. നിയന്ത്രണങ്ങൾ ഒന്നൊന്നായി എടുത്തു കളഞ്ഞതാകട്ടെ മതിയായ മൂലധനമില്ലാതെ സഹസ്രകോടി ഡോളറുകൾ വായ്പയായി നൽകുന്നതിന് ധനകാര്യ സ്ഥാപനങ്ങൾക്ക് പൂർണസ്വാതന്ത്ര്യം നൽകുകയും ചെയ്തു. 2007 ജൂലൈ മാസം Bear Stearn-ന്റെ രണ്ട് ഹെഡ്ജ് ഫണ്ടുകൾ നിക്ഷേപകർക്ക് തുക തിരിച്ചുനൽകുന്നതിൽ വീഴ്ച വരുത്തിയതോടെ യാതൊരു നിയന്ത്രണവുമില്ലാതെ വായ്പകൾ നൽകുന്നത് വ്യാപകമാക്കി വൻലാഭം കൊയ്യുന്ന പ്രക്രിയക്ക് തിരിച്ചടിയുണ്ടാകുകയും അത് സാമ്പത്തിക മേഖലയെ ആകെത്തന്നെ പതനത്തിലേക്ക് തള്ളിവിടുകയുമുണ്ടായി.ചോദന (demand) ത്തിനും ലഭ്യത (supply) ക്കും തമ്മിലുള്ള പൊരുത്തമില്ലായ്മയെ പരാമർശിക്കുന്ന മാന്ദ്യമായി (recession) ഇപ്പോഴത്തെ മുരടിപ്പിനെ കാണുന്നത് കൃത്യതയില്ലാത്ത ഒരു വിലയിരുത്തലായിരിക്കും. അമേരിക്കയിലെ വൻ ധനകാര്യ സ്ഥാപനങ്ങളുടെ ഉത്തരവാദിത്വമില്ലാത്ത പ്രവര്‍ത്തനങ്ങൾ കാരണം രാജ്യം സഹസ്രമായി ഡോളറുകളുടെ ഒരു വൻകുഴിയിൽ ചെന്ന് പതിച്ചിരിക്കുന്നു എന്നതാണ് വാസ്തവം. സാമ്പത്തിക സംവിധാനങ്ങളെ ബാങ്കുകൾ തകർത്തെറിഞ്ഞതിനെ തുടർന്ന് രാജ്യം മുരടിപ്പിൽ ചെന്നുപെട്ടിരിക്കുകയാണ്.
പ്രതിസന്ധിക്ക് മുഖ്യകാരണമായ "സാമ്പത്തിക നവീകരണ പ്രവർത്തനങ്ങളെ" (financial innovations) പരിരക്ഷിക്കുന്നതിനു വേണ്ടി ഇപ്പോൾ ബാങ്കുകൾ അമേരിക്കൻ കോൺഗ്രസിനുമേൽ സമ്മർദം ചെലുത്തുകയാണ്. ഈ നവീകരണ പ്രവർത്തനങ്ങളിലൂടെ ബാങ്കുകൾ ലക്ഷ്യമിടുന്നത് ഡെറിവേറ്റീവ്സ് പോലുള്ള സാമ്പത്തിക ഉപകരണങ്ങളിലൂടെയും സെക്യൂരിറ്റൈസേഷൻ (Securitisation) പോലുള്ള സാമ്പത്തിക പ്രക്രിയകളിലൂടെയും ആവശ്യത്തിന് കരുതൽ ധനം കൈവശം വയ്ക്കണമെന്ന നിബന്ധനയിൽ നിന്നും ഒഴിഞ്ഞുമാറുന്നതിനാണ്. വളരെ കുറച്ചുമാത്രം മൂലധനം ഇറക്കിക്കൊണ്ട് വൻലാഭം കൊയ്യുന്നതിനെ മറയിടുന്നതിനുള്ള ഉപാധികളായാണ് ബാങ്കുകൾ ഡെറിവേറ്റിവുകളെയും സെക്യൂരിറ്റൈസേഷനേയും ഉപയോഗിക്കുന്നത്. അമേരിക്കൻ കോൺഗ്രസ് ഈ കള്ളക്കളി മനസ്സിലാക്കുന്നതിൽ പരാജയപ്പെടുകയാണെങ്കിൽ ബാങ്കുകൾ മറ്റൊരു സാമ്പത്തിക കുമിള സൃഷ്ടിക്കുകയും അതിലൂടെ സമ്പട് ഘടനയെ വീണ്ടുമൊരു ദുരന്തത്തിൽ കൊണ്ടെത്തിക്കുകയും ചെയ്യും.
ധനകാര്യ സ്ഥാപനങ്ങളുടെ അപകടകരമായ പ്രവർത്തനങ്ങളെ വിലയിരുത്തുന്നതിൽ വിദഗ്ധനായ ക്രിസ്റ്റഫർ വാലൻ ധനകാര്യ മേഖലയുമായി ബന്ധപ്പെട്ട അമേരിക്കൻ സേനറ്റിന്റെ ഒരു കമ്മിറ്റിക്കു മുമ്പാകെ ഡെറിവേറ്റിവുകളുടെ ഇടപാടുകളിലൂടെ ജെ.പി. മോർഗാൻ, ഗോൾഡ്മാൻ സാച്സ് തുടങ്ങിയ ഭീമൻ സ്ഥാപനങ്ങൾ കൊള്ളലാഭമാണ് കൊയ്യുന്നതെന്നും ഇത് ഒരുവിഭാഗം ധനകാര്യ സ്ഥാപനങ്ങൾക്ക് നികുതി ഇളവോ സബ്സിഡിയോ നൽകുന്നതിന് തുല്യമാണെന്നും ചൂണ്ടിക്കാട്ടുകയുണ്ടായി. "ഇത്തരം വൻധനകാര്യ സ്ഥാപനങ്ങൾ കാലാകാലഹ്ങ്ങളിൽ വരുത്തിവയ്ക്കുന്ന നഷ്ടത്തിൽ നിന്ന് സാധാരണ നികുതിദായകരെ സംരക്ഷിക്കേണ്ട അധികാരികൾ ഈ സ്ഥാപനങ്ങളുടെ സ്വാധീനവലയത്തിലാണ്. അതുകൊണ്ട് ഈ സ്ഥാപനങ്ങളെ ഫലപ്രദമായി നിയന്ത്രിക്കുന്നതിന് അധികാരികൾക്ക് കഴിയുന്നില്ല. സാമ്പത്തിക മേഖലയെ നിയന്ത്രിക്കുന്ന ഏജൻസികളുടെ, പ്രത്യേകിച്ച് ഫെഡറൽ റിസർവിന്റെ, കാഴ്ചപ്പാടുകൾ ജെ.പി. മോർഗാൻ പോലുള്ള വൻസ്ഥാപനങ്ങളുടെ കാഴ്ചപ്പാടുകളിൽ നിന്നും ഒട്ടും വ്യത്യസ്തമല്ല. ഇക്കാരണത്താൽ ഇത്തരം ഏജൻസികളുടെ അഭിപ്രായങ്ങൾ അമേരിക്കൻ സേനറ്റ് പരിഗണനയ്ക്ക് എടുക്കുവാൻ പാടില്ല" എന്നും വാലൻ സേനറ്റ് കമ്മിറ്റിയെ ധരിപ്പിക്കുകയുണ്ടായി.
അമേരിക്കയിലെ വൻകിട ബാങ്കുകളാണ് സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ചതു. എന്നാൽ പ്രതിസന്ധി പരിഹരിക്കുന്നതിന്റെ മറവിൽ അവയ്ക്കു തന്നെയാണ് അമേരിക്കൻ ഭരണകൂടം കൂടുതൽ ആനുകൂല്യങ്ങൾ നൽകുന്നത്. അവയ്ക്കിനി ഇടപാടുകളിലെ അപകടത്തെക്കുറിച്ച് ഭയക്കേണ്ടതില്ല. കാരണം എന്തു വില കൊടുത്തും അവയെ സംരക്ഷിക്കുമെന്ന ഉറപ്പ് അമേരിക്കൻ ഭരണകൂടം നൽകിയിരിക്കുകയാണ്. തെറ്റായ ഇടപാടുകൾ നടത്തി നഷ്ടത്തിലാകുന്ന ബാങ്കുകളെ രക്ഷിക്കാൻ വിനിയോഗിക്കുന്ന തുക രാജ്യത്തിന്റെ നന്മയ്ക്കായി സർക്കാർ ചെലവ് ചെയ്യുന്നതിന് സമമാണ് എന്ന ചിന്താഗതിയാണ് ഫെഡറൽ റിസർവ്വ് വച്ചുപുലർത്തുന്നത്.
*
മൈക്ക് വിറ്റ്നി
No comments:
Post a Comment