സ്വാശ്രയം
കൊപ്ര മൊതലാളി റപ്പായി അതിരാവിലെ ഖിന്നനായി അന്തരീക്ഷത്തില്‍ പ്രത്യക്ഷപ്പെട്ടു. ദൃശ്യം തല്‍സമയം കണ്ട തൊഴിലാളി വേലായുധങ്കുട്ടി മോഹാലസ്യത്തിന്റെ വക്കോളമെത്തി.തന്റെ അന്നമാണ് വാടിയിരിക്കുന്നത്. അവകാശങ്ങള്‍ക്ക് വേണ്ടി പോരടിക്കുമ്പോഴും അന്നദാതാവിനോടുള്ള ആദരവ് ഉപബോധമനസ്സില്‍ കിടക്കുന്ന കാര്യം വേലായുധങ്കുട്ടിക്കറിയാമായിരുന്നു. ചരിത്രപരമായ ഒരു ഫ്യൂഡല്‍ അവശിഷ്ടം. കുടിയാന്റെ മനസ്സില്‍ ചേക്കേറിയ ജന്മിത്വത്തിന്റെ കൊക്കോപ്പുഴു.
ചോറു തരുന്ന ആരാണ് നന്ദി പ്രതീക്ഷിക്കാത്തത്? വാലാട്ടുന്നവന്‍ വളരും. അല്ലാത്തവന്‍ വലയും.
പൊതിച്ചു തള്ളിയ നാളികേരങ്ങള്‍ക്കിടയില്‍ നിന്നും, ചകിരിയും വിയര്‍പ്പും ചേര്‍ന്നൊരുക്കിയ രൂക്ഷഗന്ധത്തോടെ വേലായുധങ്കുട്ടി മൊതലാളിയോട് വികാരാധീനനായി ചോദിച്ചു.
"എന്തുപറ്റീ..?''
വിനയത്തിന്റെ അകത്ത് ഒരു വായ്പാ അപേക്ഷ ഒളിപ്പിച്ചിട്ടുണ്ടെന്ന് മനസ്സിലാക്കിയ റപ്പായി ഉത്തരം പറഞ്ഞില്ല. പകരം പണി തുടരാന്‍ ആംഗ്യം കൊണ്ട് ഉത്തരം നല്‍കി. കുശലപ്രശ്നത്തിനിടയില്‍ പതിനഞ്ചു നാളികേരം പൊതിക്കുന്ന സമയം അപഹരിക്കാനാണ് സ്മര്യപുരുഷന്റെ രഹസ്യ അജണ്ട എന്ന് റപ്പായിക്ക് മനസ്സിലായി.
എന്തെങ്കിലുമുണ്ടെങ്കില്‍ ഡ്രിങ്ക്സിന് പിരിയുമ്പോള്‍ ആകാമെന്ന് റപ്പായി തീരുമാനിച്ചു.
തന്റെ സത്യസന്ധത ചോദ്യം ചെയ്യപ്പെട്ടതില്‍ വേലായുധങ്കുട്ടിക്ക് നിരാശ വന്നു. നാളികേരത്തില്‍ നിന്ന് വന്ന വേലായുധങ്കുട്ടി നാളികേരത്തിലേക്ക് മടങ്ങി. പക പാരയില്‍ തീര്‍ത്തു.
"മൊതലാളിയാണത്രെ, മൊതലാളി. മുതലാളിത്വം പോലും മനുഷ്യമുഖമുള്ള മുതലാളിത്തമാകാന്‍ ശ്രമിക്കുമ്പോള്‍ ഇയാള്‍ എന്താണ് ഭാവിക്കുന്നത്?. ലോക മുതലാളിയുടെ മുന്നില്‍ റപ്പായി മൊതലാളി ആരാണ്? വെറും ഏഴാം കൂലി. ശരാശരി ഏഷ്യക്കാരന് ശരാശരി അമേരിക്കക്കാരന്റെ വരുമാനത്തിന് ഒപ്പമെത്തണമെങ്കില്‍ ഇനിയും നാല്‍പ്പത്തിയേഴുകൊല്ലം കഴിയണം. ഇന്ത്യക്കാരന്‍ എത്തണമെങ്കില്‍ നൂറ്റിയിരുപത്തിമൂന്ന് കൊല്ലം കഴിയണം.
എന്നിട്ടും കണ്ടില്ലേ അഹങ്കാരം!''
വേലായുധങ്കുട്ടി എല്ലാം കടിച്ചമര്‍ത്തി. തന്റെ കുശലാന്വേഷണം വ്യാജമല്ലെന്നറിയിക്കാന്‍ ചായക്ക് പിരിഞ്ഞപ്പോള്‍ വേലായുധങ്കുട്ടി റപ്പായിമൊതലാളിയുടെ സമീപമെത്തി.
ഉച്ചതിരിഞ്ഞ് വിസ്തരിക്കാമെന്ന് പറഞ്ഞ് ഇത്തവണയും റപ്പായി മൊതലാളി വേലായുധങ്കുട്ടിയെ മടക്കി.
തോറ്റില്ല, വേലായുധങ്കുട്ടി. തോറ്റ ചരിത്രം വേലായുധങ്കുട്ടി കേട്ടിട്ടുമില്ല. സത്യസന്ധത ബോദ്ധ്യമാക്കിയേ അടങ്ങൂ. അന്തിമ വിജയം സത്യത്തിനായിരിക്കും. അല്ലെങ്കിലും സത്യം ആസ്വദിക്കാനുള്ളതല്ല, തെളിയിക്കാനുള്ളതാണ്. നാളികേര മധ്യത്തില്‍ നിന്ന് വേലായുധങ്കുട്ടി ജ്വലിച്ചു.
ഉച്ചഭക്ഷണത്തിനു ശേഷമുള്ള സമയം സ്വല്‍പം മയങ്ങാനുള്ളതാണ്. പക്ഷെ വേലായുധങ്കുട്ടി അത് മൊതലാളിക്ക് വേണ്ടി മാറ്റി വെച്ചു. നീചമുതലാളിമാര്‍ കണ്ടുപഠിക്കട്ടെ. മനുഷ്യത്വമുള്ളവനാണ് തൊഴിലാളി എന്ന് തെളിയിച്ച് വേലായുധങ്കുട്ടി കഴിയുന്നത്ര നിരുദ്ധകണ്ഠനായി കാരണം തിരക്കി.
"ഇരിക്കെഡാ..''
വേലായുധങ്കുട്ടി ഇരിക്കാന്‍ മടിച്ചു. സമത്വത്തിനിടയിലെ അകലം വേലായുധങ്കുട്ടിക്ക് നന്നായി അറിയാം. മൊതലാളിയുടെ സ്നേഹം താല്‍ക്കാലികം.അതിന്റെ അടിത്തറ ലാഭം.
അതുകൊണ്ട് ഇരിക്കാതെ കഴിച്ചുകൂട്ടി.
റപ്പായി മൊതലാളി സമ്മതിച്ചില്ല.
"ഇരിക്കെഡാ..''
"വേണ്ട മൊതലാളീ നിന്നോളാം...നില്‍ക്കുമ്പോളാണാല്ലൊ മൊതലാളിക്ക് പറയാനുമൊരു സുഖം.''
"ഇതെന്റെ കാര്യോഡാ. നീയിരി. നിന്റെ കാര്യാവുമ്പോ ശ്രദ്ധിച്ചാ മതീഡാ..''
വേലായുധങ്കുട്ടി നാണം ഭാവിച്ച് ഇരുന്നു എന്ന് വരുത്തി.
"ഒറപ്പിച്ചിരിക്കഡാ..''
ഒറപ്പിച്ചു.
"ഡാ..ചെക്കന്റെ കാര്യാലോചിച്ചിട്ടാഡാ ഒരു സങ്കഡം''
സങ്കടോ. മൊതലാളിക്കോ?. ആഗോള മൂലധന വിപണിയില്‍ ഏത് മൊതലാളിയാണ് സങ്കടപ്പെട്ടിട്ടുള്ളത്?.
പശ്ചാത്തലത്തില്‍ ഇത്രയും ചിന്തിച്ച് വേലായുധങ്കുട്ടി ഒറ്റ വാചകത്തില്‍ പ്രതികരണമൊതുക്കി.
"എന്തുപറ്റീ ?''
"അവന്റെ കാര്യം നിനക്കറിഞ്ഞൂട്റാ ?''
റപ്പായിമൊതലാളിക്ക് അങ്ങനെയൊരബദ്ധം സംഭവിച്ചിട്ടുണ്ട്. കുരുത്തംകെട്ടവന്‍ എന്നാണ് അവന്റെ പര്യായം. റപ്പായിയുടെ ഉള്ളില്‍ തീ കോരിയിട്ട് അവന്‍ നാള്‍തോറും വളരുന്നു. ഇപ്പോള്‍ അവന്‍ താടിമീശരോമങ്ങളാല്‍ അലംകൃതനായി പൂര്‍വാധികം വഷളനാവുകയും ചെയ്തു.
"ചെക്കനെ എന്തചെയ്യാനാ മൊതലാളി ?. ബിസിനസ് അവനെ ഏല്‍പിക്ക് . യുവാക്കളുടെ കാലം വരട്ടെ. അവര്‍ക്ക് ആധുധീക ബിസിനസ് തന്ത്രങ്ങള്‍ അറിയാം.''
"നാളികേരത്തിന് എന്തൂട്ട് ആധുനീക തന്ത്രോണ്‍ടാ!. അത് അപ്പ്ളായാലും ഇപ്പ്ളായാലും എപ്പ്ളായാലും പൊളിക്കണ്‍ഡ്രാ?. ചെക്കന് കച്ചോഡം പറ്റൂല്ലഡാ. നിന്നെയൊക്കെ മെരുക്കണ്‍ഡ്രാ. ചെക്കന് അതിനൊരു ഡാവില്ലെഡാ.''
"എന്താണൊരു പോംവഴി?''
"വഴിയൊരെണ്ണം കണ്ടിട്ടെണ്ട്റ. നീ പോയി പണി തീര്‍ക്ക്. വൈകിട്ട് കാണാഡാ..''
ഇപ്പോള്‍ വേലായുധങ്കുട്ടിക്ക് റപ്പായി മൊതലാളിയോട് ബഹുമാനം തോന്നി. ദുര്‍ബല നിമിഷം എന്നൊന്ന് ആ ജീവിതത്തിലില്ല. ഏതുനിമിഷവും മറ്റുള്ളവരെ കര്‍മനിരതരാക്കാനുള്ള അനിതരസാധാരണമായ സിദ്ധിവിശേഷം!. അഹോ, ഭയങ്കരം!.
"എങ്കിലും മൊതലാളീ ആകാംക്ഷക്കൊരു താല്‍ക്കാലികശമനത്തിനെങ്കിലും പറയൂ. ക്ടാവിനെ തെളിക്കുന്ന വഴിയേത്?''
റപ്പായി മൊതലാളി ചിരിച്ചു.
"വഴീണ്ട്റാ, പണി നടക്കട്ട്റ''
പതിവ് അഞ്ചുമണിവരെ മറ്റ് സംവാദങ്ങള്‍ക്കൊന്നും റപ്പായി മൊതലാളി വശംവദനായില്ല. പണി കഴിഞ്ഞു, കുളി കഴിഞ്ഞ് ഈറനണിഞ്ഞ് വന്നപ്പോള്‍ റപ്പായിമൊതലാളി പറഞ്ഞു.
"വാഡാ..പുവ്വാഡാ..''
കക്ഷത്തില്‍ ഒരു സഞ്ചി. അതിലെന്താണെന്ന് ചോദിക്കാന്‍ പ്രേക്ഷകന്‍ എന്ന നിലക്ക് വേലായുധങ്കുട്ടിക്ക് കൊതി വന്നു. റപ്പായി മൊതലാളിയുടെ പദസമ്പത്ത് ഭയന്ന് ചോദ്യം ചോദിക്കാതെ വിഴുങ്ങി.
"ക്ടാവിന്റെ വഴിയേതെന്ന് പറഞ്ഞില്ല.''" ഡാ..ഏതായാലും ദൈവം തമ്പ്രാന്റെ കൃപകൊണ്ട് അവന് ബുത്തീം ബോതോം കിട്ടീല്ല. എന്നാ പിന്നെ അവനെ പടിപ്പിച്ചേക്കാഡാ..അതല്ലേ നല്ലത്..''
വേലായുധങ്കുട്ടി ആ നിര്‍ദേശം കയ്യടിച്ച് സഹര്‍ഷം സ്വാഗതം ചെയ്തു.
"ഏതു പണിക്കും റിസ്കുണ്ട് മൊതലാളി, വിദ്യാഭ്യാസത്തിനൊഴികെ. മൊതലാളിയെ തന്നെ നോക്കു. നാലു ക്ളാസ് പടിച്ചെങ്കി മൊതലാളിയുടെ സ്ഥിതി എന്തായിരുന്നേനെ. എത്രമാത്രം അധഃപതിക്കുമായിരുന്നു. ഇത്രമാത്രം ഉന്നതിയിലെത്താന്‍ മൊതലാളിയെ സഹായിച്ചത് ആ നിരക്ഷരത്വമല്ലെ?. ഇനി വേണ്ടത് സ്റ്റാറ്റസാണ്. മൊതലാളിയുടെ നിരക്ഷരത്വം ചെക്കന്റെ സാക്ഷരത്വം കൊണ്ട് മാറ്റാം.
"കേക്കാന്‍ രസോണ്ടല്ലാഡാ. പറയ്ഡാ..''
"വര്‍ഷം തോറും ഇന്ത്യയില്‍ നിന്ന് എത്ര എഞ്ചിനീയര്‍മാരാണ് പുറത്തിറങ്ങുന്നതെന്ന് മൊതലാളിക്ക് അറിയാമോ?''
"പറയ്ഡാ..''
"മൂന്നരലക്ഷം..''
"ഇതില്‍ കൊള്ളാവുന്ന എത്രെണ്ണോണ്ട്റാ?''
"അതാണ് സങ്കടം. നൂറ്റിക്ക് ഇരുപത്തഞ്ച്''
"കണക്കെവ്ടന്നാഡാ..?''
"മക്കെന്‍സി ഗ്ളോബല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്''
"അവര് നാളികേരം എടുക്കോഡാ..''
"മൊതലാളീ, ഞാനൊന്ന് ചിരിച്ചോട്ടെ..''
"ചിരിക്കണ്ട്റാ. പറയ്ഡാ. എനിക്ക് വിദ്യാബ്യാസോണ്ടാവ്ട്ട്റ.''
"അമേരിക്കയില്‍ നിന്ന് പുറത്തിറങ്ങുന്നവര്‍ എഴുപതിനായിരം. അതില്‍ കൊള്ളാവുന്നത് നൂറ്റിക്ക് എണ്‍പത്തിയൊന്ന്''
"മതീഡാ..എറങ്ങാഡാ..''
"മൊതലാളീ ഇത് പള്ളിമേടയല്ലെ. ഞാനെന്തിന് ഇവ്ടെ എറങ്ങണം?. എനിക്ക് മതം മാറാന്‍ താല്‍പര്യമില്ല.''
"നീ മാറണ്ട്റ. ഇവ്ടെറങ്ങഡാ. ഇവ്ടയാഡാ കന്നാലീ എടപാട്.''
റപ്പായിയും, വേലായുധങ്കുട്ടിയും പള്ളിമേടയിലിറങ്ങി. അച്ചന്‍ ഇരുവര്‍ക്കും സ്തുതി പറഞ്ഞു.
റപ്പായി ചോദിച്ചു.
"അച്ചോ..കച്ചോടം തീര്‍ന്നോ?''
"ഇല്ല മകനെ..തുടരുന്നു.''
"ഇപ്പ എങ്ങനേണ്ട് അച്ചോ?''
"കര്‍ത്താവിന്റെ അനുഗ്രഹം കൊണ്ട് കുഴപ്പമില്ല. മകനെ നിനക്കെന്താണ് വേണ്ടത്?''
"റെയ്റ്റൊക്കെ എന്താണച്ചോ?''
"ഡിമാന്റ് കൂടുമ്പോള്‍ റേറ്റ് കൂടുമെന്ന് റപ്പായിക്കറിയാമല്ലൊ?''
"വേദപൊസ്തകത്തീ അങ്ങനെയൊണ്ടോ അച്ചോ?.''
വേലായുധങ്കുട്ടി ചെവിയില്‍ തിരുത്തി.
"അത് ബൈബിളല്ല. ഇക്കണോമിക്സാ?''
"രണ്ടും രണ്ടാ?''
" അതെ രണ്ടാ..''
"റപ്പായി നിനക്കെന്താ വേണ്ടത്?''
"ക്ടാവിനെ ഡാക്ടറാക്കണം''
"അപ്പോ മെഡിസിനാണ് വേണ്ടത്. അല്ലെ?''
"ന്ത് കുന്തായാലും ക്ടാവ് ആ കൊഴലൊന്ന് കഴുത്തിലിടണം.''
"മെഡിസിന് ഇപ്പോള്‍ മുപ്പത്തഞ്ച് ലക്ഷമാവും''
"അത് മതിയോ അച്ചോ..?''
റപ്പായി സഞ്ചി തുറന്ന് നിദ്ര പൂകിയ കറന്‍സി കെട്ടുകളെ തൊട്ടുണര്‍ത്തി.
"മകന് പ്ളസ് ടൂവിന് എത്ര മാര്‍ക്കൊണ്ട് റപ്പായി.''
അച്ചന്റെ ആ ചോദ്യം റപ്പായിക്ക് മനസ്സിലായില്ല. വേലായുധങ്കുട്ടിയോട് ചോദിച്ചു
"എന്തൂട്ട്റാ ആ പറഞ്ഞത്?''
"അതൊരു വിദ്യാഭ്യാസ യോഗ്യതയാണ് മൊതലാളി''
"മ്മട ക്ടാവ് അത് പാസ്സായ്ട്ട്ണ്ട്റാ?''
"ഇല്ല മൊതലാളീ''
റപ്പായി അച്ചനോട് പറഞ്ഞു.
"അച്ചോ അതിനും കൂടി എത്രയാവൂന്ന് പറഞ്ഞേ..''
റപ്പായി വീണ്ടും സഞ്ചി തുറന്നു.
*
എം എം പൌലോസ്
No comments:
Post a Comment