ഇന്‍ഡോ-ആസിയാന്‍ സ്വതന്ത്ര വ്യാപാരക്കരാറും കേരളവും
മന്‍മോഹന്‍സിങ് വിശ്രമിക്കുന്നില്ല. അദ്ദേഹം ഇന്ത്യയെ 'രക്ഷിക്കാന്‍' കരാറുകളുടെ വല നെയ്തുകൂട്ടുകയാണ്. ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് അദ്ദേഹത്തിന്റെ ആഗ്രഹപ്പട്ടികയിലെ എല്ലാ കരാറുകളും തല്‍സംബന്ധിയായ പരിഷ്കാരങ്ങളും നടപ്പിലാക്കാന്‍ കഴിയുകയുണ്ടായില്ല. ഇടതുപക്ഷം വഴിമുടക്കിയതായിരുന്നു കാരണം. ബാങ്കിംഗ്, ഇന്‍ഷുറന്‍സ്, മൂലധനകമ്പോളം തുടങ്ങി പല തന്ത്രപ്രധാനമേഖലകളിലും അദ്ദേഹത്തിന് താന്‍ ആസൂത്രണംചെയ്ത പരിഷ്കാര നടപടികള്‍ മരവിപ്പിച്ചുനിര്‍ത്തേണ്ടിവന്നു. ബാങ്കിംഗ്, ഇന്‍ഷുറന്‍സ്, മൂലധനവിപണി എന്നീ മേഖലകളില്‍ അദ്ദേഹത്തിന്റെ റോഡ്മാപ്പ് (യാത്രാഭൂപടം) അനുസരിച്ചുള്ള പരിഷ്കാരങ്ങള്‍ നടപ്പിലാക്കിയിരുന്നെങ്കില്‍ രണ്ടായിരത്തി എട്ടാമണ്ടില്‍ ആരംഭിച്ചതും ഇപ്പോഴും തുടരുന്നതുമായ ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ തുടക്കത്തില്‍തന്നെ ഇന്ത്യയുടെ 'രക്ഷ' ഉറപ്പാക്കാനാകുമായിരുന്നു! ഇടതുപക്ഷവും, റിസര്‍വ്ബാങ്ക് ഓഫ് ഇന്ത്യയുടെ പഴഞ്ചന്‍ നേതൃത്വവുമാണ് അതിന് അനുവദിക്കാതിരുന്നത്! ആണവക്കരാറിന്റെ കാര്യത്തില്‍ പക്ഷേ അദ്ദേഹം വിട്ടുവീഴ്ചയ്ക്ക് കൂട്ടാക്കിയില്ല. മന്ത്രിസഭയുടെ ഭാവിപോലും തൃണവല്‍ഗണിച്ചുകൊണ്ട് അമേരിക്കയുമായി കരാറില്‍ ഏര്‍പ്പെട്ടു. ആണവക്കരാറുമായി ബന്ധപ്പെട്ട് ഇന്ത്യയെ രക്ഷിക്കാന്‍ തയ്യാറാക്കിയ കുടുക്കുകള്‍ ഓരോന്നും മുറുകിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയുടെ തന്ത്രപ്രധാനമായ മേഖലകളില്‍ കടന്നുവന്ന് പരിശോധന നടത്താന്‍ അമേരിക്കയ്ക്ക് അധികാരം നല്‍കുന്ന ഏറ്റവും പുതിയ കരാര്‍ ഹിലാരി ക്ളിന്റന്റെ സന്ദര്‍ശനവേളയില്‍ ഒപ്പിട്ടത് 'രക്ഷാബന്ധന്‍' മുറുകുന്നതിന്റെ തെളിവാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ അവസാനനാളുകളില്‍ ലോകവ്യാപാരസംഘടനയുടെ പ്രതിസന്ധിയില്‍പെട്ട ദോഹാറൌണ്ടുചര്‍ച്ചകളെ പുനരുജ്ജീവിപ്പിക്കുന്നതിനും അന്തിമകരാര്‍ തയ്യാറാക്കുന്നതിനും പ്രധാനമന്ത്രി മന്‍മോഹന്‍സിങ് നേരിട്ട് ഇടപെട്ട് ചില ശ്രമങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ സാര്‍വ്വദേശീയ കാരണങ്ങളാല്‍ ദോഹാറൌണ്ട് ചര്‍ച്ചകള്‍ അവസാനിപ്പിക്കുന്നതിനും കരാറുണ്ടാക്കുന്നതിനും കഴിഞ്ഞില്ല. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തുതന്നെ വിവിധ രാജ്യങ്ങളുമായി ഒറ്റയ്ക്കൊറ്റയ്ക്കോ ആസിയാന്‍പോലുള്ള പ്രാദേശിക രാഷ്ട്ര സമൂഹങ്ങളുമായോ സ്വതന്ത്ര വ്യാപാരക്കരാറില്‍ ഏര്‍പ്പെടുന്നതിനും ശ്രമം നടന്നിരുന്നു. തായ്ലാന്റ്, സിംഗപ്പൂര്‍, മലേഷ്യ, ഇന്‍ഡോനേഷ്യ തുടങ്ങിയ പൂര്‍വ്വേഷ്യന്‍ രാജ്യങ്ങളുടെ സ്വതന്ത്ര വ്യാപാരമേഖലയായ ആസിയാനുമായുള്ള സ്വതന്ത്ര വ്യാപാരക്കരാറിന്റെ വിശദാംശങ്ങള്‍പോലും തെരഞ്ഞെടുപ്പിനും വളരെ മുമ്പുതന്നെ തയ്യാറായിരുന്നു എന്നതാണ് വാസ്തവം. തെരഞ്ഞെടുപ്പുകാലത്ത് ജനങ്ങള്‍ എങ്ങനെയെടുക്കും എന്ന ഭയം കാരണമായിരിക്കണം ഇന്തോ-ആസിയാന്‍ സ്വതന്ത്ര വ്യാപാരക്കരാര്‍ കാര്‍പറ്റിനുകീഴില്‍ ഒളിപ്പിച്ചുവെയ്ക്കാന്‍ പ്രധാനമന്ത്രി നിര്‍ബന്ധിക്കപ്പെടുകയാണുണ്ടായത്.
തെരഞ്ഞെടുപ്പിന്റെ കടമ്പ കടന്നുകിട്ടിയതോടെ മറച്ചുവെയ്ക്കപ്പെട്ടിരുന്ന തന്റെ വിശ്വരൂപം മന്‍മോഹന്‍സിങ് പുറത്തുകാണിച്ചു തുടങ്ങിയിരിക്കുയാണ്. വരാനിരിക്കുന്ന വലിയ വിപത്തുകളുടെ നാന്ദി മാത്രമാണ് ഇന്തോ-ആസിയാന്‍ കരാര്‍.
എന്താണ് സ്വതന്ത്ര വ്യാപാരക്കരാര്‍?
സ്വതന്ത്രവ്യാപാരക്കരാര്‍ എന്നതുകൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നത്? സ്വതന്ത്രവ്യാപാരക്കരാറില്‍ ഏര്‍പ്പെടുന്ന രാജ്യങ്ങള്‍ അവ തമ്മില്‍തമ്മിലുള്ള വ്യാപാരം നിയന്ത്രണമുക്തമാക്കാനും സര്‍വ്വതന്ത്ര സ്വതന്ത്രമാക്കാനും, പരസ്പരം സമ്മതിച്ച് കരാറില്‍ ഏര്‍പ്പെടുകയാണ് ചെയ്യുന്നത്. പരസ്പരമുള്ള വ്യാപാരം പൂര്‍ണമായും സ്വതന്ത്രമാവുന്നത് ഒറ്റയടിക്ക് ആയിക്കൊള്ളണമെന്നില്ല. ഒരു നിശ്ചിത കാലയളവിനുള്ളില്‍ ഘട്ടംഘട്ടമായി സ്വതന്ത്ര വ്യാപാരമേഖല സ്ഥാപിച്ചെടുത്താല്‍ മതിയാവും. പക്ഷേ, നിലവിലുള്ള സാര്‍വദേശീയ നിയമങ്ങള്‍ വിശേഷിച്ചും ലോക വ്യാപാര സംഘടനയുടെ ആര്‍ട്ടിക്കിള്‍ ഇരുപത്തിനാല് ഒരു കാര്യം അനുശാസിക്കുന്നുണ്ട്. ഒരു നിശ്ചിതകാലയളവിനുള്ളില്‍ സ്വതന്ത്ര വ്യാപാരമേഖലയ്ക്കുള്ളില്‍ ബാധകമായിട്ടുള്ള എല്ലാ വ്യാപാര പ്രതിബന്ധങ്ങളും നീക്കംചെയ്തിരിക്കണം. സ്വതന്ത്ര വ്യാപാരമേഖല ഉണ്ടാക്കാന്‍ പുറപ്പെട്ട് പാതിവഴിക്ക് നില്‍ക്കാന്‍ പാടില്ല. സ്വതന്ത്രവ്യാപാരമേഖല ഉണ്ടാക്കാന്‍ പുറപ്പെടുന്നവര്‍ കാലാവധിക്കുള്ളില്‍ പരസ്പരമുള്ള വ്യാപാരത്തിനുമേലുള്ള എല്ലാ നിയന്ത്രണങ്ങളും നീക്കംചെയ്തിരിക്കണം. ഇത്തരമൊരു സ്വതന്ത്രവ്യാപാരമേഖലയാണ് ഇന്ത്യയ്ക്കും ആസിയാന്‍ രാജ്യങ്ങള്‍ക്കുമിടയില്‍ രൂപപ്പെടാന്‍ പോകുന്നത്.
ജനങ്ങളെ അറിയിക്കാത്ത കരാര്‍
കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയതായി പറയപ്പെടുന്ന ഇന്‍ഡോ-ആസിയാന്‍ കരാറിന്റെ വിശദാംശങ്ങള്‍ ജനങ്ങള്‍ക്കോ ഇന്ത്യന്‍ പാര്‍ലമെന്റിനുപോലുമോ ഇന്നുവരെ ലഭ്യമായിട്ടില്ല. സ്വതന്ത്രവ്യാപാരമേഖല രൂപീകരിക്കുന്നതിനുള്ള കരാറാണ് ഒപ്പിടാന്‍പോകുന്നത് എന്നത് മാത്രമെ പുറത്ത് അറിയുന്നുള്ളു. കരാര്‍ ഇന്ത്യയിലെ, വിശേഷിച്ചും കേരളത്തിലെ കൃഷി-അനുബന്ധമേഖലകളെ സാരമായി ബാധിക്കും എന്നുപറയാന്‍ അറിഞ്ഞിടത്തോളം വിവരംതന്നെ ധാരാളമാണ്. കരാര്‍ ഒറ്റയടിക്കല്ല മറിച്ച് ഘട്ടംഘട്ടമായാണ് നടപ്പിലാക്കുക; നമുക്ക് പ്രത്യേകം താല്‍പര്യമുള്ള ഉല്‍പന്നങ്ങളെ നെഗറ്റീവ് പട്ടികയില്‍പ്പെടുത്തി സ്വതന്ത്രവ്യാപാരം കടന്നുവരുന്ന പ്രക്രിയയെ താമസിപ്പിക്കാം തുടങ്ങിയ കാര്യങ്ങളാണ് വലിയ ആശ്വാസമായി പറയുന്നത്. പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു ചര്‍ച്ചനടത്തിയ പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിക്ക് അങ്ങനെ ഒരു ഉറപ്പുകിട്ടിയിട്ടുണ്ടത്രെ. പക്ഷേ, കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു എന്നു പറയുന്ന കരാറിന്റെ കോപ്പി പാര്‍ലമെന്റോ, സംസ്ഥാന സര്‍ക്കാരുകളോ കണ്ടിട്ടില്ല.
ഇന്ത്യയിലെ ജനങ്ങള്‍ക്ക് കരാറിന്റെ വിശദാംശങ്ങള്‍ ലഭ്യമല്ല. ഉമ്മന്‍ചാണ്ടിക്ക് കരാറിന്റെ കോപ്പി ലഭ്യമായോ എന്ന ചോദ്യം പ്രസക്തമാണ്. ജൂലൈ 8-ാം തീയതി രാജ്യസഭയില്‍ 448-ാം നമ്പര്‍ ചോദ്യത്തിന് മറുപടിയായി കരാര്‍ സംബന്ധിച്ച കൂടിയാലോചനകള്‍ പൂര്‍ത്തിയായി എന്ന് ഗവണ്‍മെന്റ് വ്യക്തമാക്കിയിട്ടുണ്ട്. അങ്ങനെയെങ്കില്‍ ഈ കരാര്‍ എന്തുകൊണ്ട് ജനങ്ങള്‍ക്ക് ലഭ്യമാകുന്നില്ല. കരാറിന്റെ തിക്തഫലങ്ങള്‍ അനുഭവിക്കേണ്ടിവരുന്ന കര്‍ഷകര്‍ക്കെങ്കിലും വിശദാംശങ്ങള്‍ അറിയാനുള്ള അവകാശം ലഭ്യമാക്കേണ്ടതല്ലേ? കാര്യങ്ങള്‍ പരസ്യമായാല്‍ കരാറുമായി മുന്നോട്ടുപോകാന്‍ കഴിയാതെവന്നാലോ എന്ന ഭയമായിരിക്കണം കേന്ദ്ര സര്‍ക്കാരിനെ ഭരിക്കുന്നത്.
കരാറിന്റെ വിശദാംശങ്ങള്‍ അറിയാതെതന്നെ ഒരു കാര്യം തീര്‍ത്തുപറയാനാവും. ഇന്ത്യയും ആസിയാനിലെ രാജ്യങ്ങളും തമ്മിലുള്ള വ്യാപാര തടസ്സങ്ങള്‍ ഒരോന്നായി നീക്കംചെയ്യപ്പെടും. ഒരു നിശ്ചിത കാലയളവ് കഴിഞ്ഞാല്‍ ഇന്ത്യന്‍ വിപണിയും ആസിയാന്‍ വിപണിയും ഒരു പൊതുവിപണിയായി മാറും. ആസിയാന്‍ രാജ്യങ്ങളില്‍നിന്നും എന്തും ഒരു തടസ്സവുമില്ലാതെ ഇന്ത്യയിലേക്ക് ഇറക്കുമതിചെയ്യാനാവും. തിരിച്ച് ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്ക് ആസിയാന്‍ വിപണിയിലേക്കും പ്രതിബന്ധങ്ങള്‍ ഇല്ലാതെ കടന്നുചെല്ലാനാവും. ഇന്ത്യയിലേക്കുള്ള ഇറക്കുമതി പ്രതിബന്ധങ്ങള്‍ എത്ര ഘട്ടമായി എത്ര സമയത്തിനുള്ളിലാണ് പൂര്‍ണമായും ഒഴിവാക്കുക; ഏതെല്ലാം ഉല്‍പന്നങ്ങളുടെ കാര്യത്തിലാണ് കൂടുതല്‍ സാവകാശം കിട്ടുക തുടങ്ങിയ കാര്യങ്ങളാണ് അറിയാന്‍ ബാക്കിയുള്ളത്. ചില കാര്യങ്ങളില്‍ വരാന്‍പോകുന്ന വിപത്തിനെ കുറച്ചു വൈകിക്കാന്‍ കഴിഞ്ഞേക്കും എന്നതുമാത്രമാണ് ആശ്വാസം.
സ്വതന്ത്രവ്യാപാരത്തെ എന്തിന് ഭയക്കണം?
സ്വതന്ത്ര വ്യാപാരത്തെ എന്തിന് ഭയക്കണം എന്നു ചോദിക്കുന്നവരുണ്ട്. ഉല്‍പാദനക്ഷമത വര്‍ധിപ്പിച്ചു, മത്സരക്ഷമത ഉയര്‍ത്തി ആഭ്യന്തരവിപണിയിലും പുറംവിപണിയിലും എതിരാളിയെ തോല്‍പിച്ചു മുന്നേറാനുള്ള ധൈര്യമല്ലേ നമ്മള്‍ പ്രദര്‍ശിപ്പിക്കേണ്ടത്? മത്സരത്തെ ഭയന്ന് എത്രനാള്‍ ഒളിച്ചു നടക്കാനാവും തുടങ്ങിയ ചോദ്യങ്ങള്‍ സംഗതമാണ്. പക്ഷേ, ഈ ചോദ്യങ്ങളൊന്നും സാമ്പത്തികശാസ്ത്ര ചരിത്രത്തില്‍ ആദ്യമായല്ല ഉയര്‍ത്തപ്പെടുന്നത് എന്നുകൂടി ഓര്‍ക്കണം. സ്വതന്ത്ര കമ്പോളവും സ്വതന്ത്രവ്യാപാരവും ആര്‍ക്കും, ഏതവസരത്തിലും ഏറ്റവും സ്വീകാര്യവും ഉത്തമവുമായ വഴിയാണ് എന്ന മട്ടിലുള്ള ചിന്താഗതി വളര്‍ന്നുവന്നത് നിയോലിബറല്‍ നയങ്ങള്‍ പ്രചരിപ്പിക്കപ്പെട്ടതോടുകൂടിയാണ്. ലോകബാങ്ക്, നാണയനിധി തുടങ്ങിയ സാമ്രാജ്യത്വ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഒരുതരം കമ്പോളമൌലികവാദമാണ് ലോകമാകെ വിപുലമായ സന്നാഹങ്ങളുടെ സഹായത്തോടെ പ്രചരിപ്പിക്കപ്പെട്ടത്. കമ്പോളം തെറ്റുകള്‍ക്കും വീഴ്ചകള്‍ക്കും അതീതമാണ് എന്ന ഈ പ്രചാരണത്തിന് ബൂര്‍ഷ്വാ സാമ്പത്തിക ശാസ്ത്രത്തിന്റെപോലും പിന്‍ബലമില്ല എന്നതാണ് വാസ്തവം. നവ ഉദാരവത്കരണവാദത്തിന്റെ പ്രത്യയശാസ്ത്ര അടിത്തറ വളരെ ദുര്‍ബലമാണ് എന്ന വസ്തുത ആഗോള ധനകാര്യ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ വ്യക്തമാക്കപ്പെട്ടു. കമ്പോളത്തെ നിയന്ത്രണരഹിതമായി പ്രവര്‍ത്തിക്കാന്‍ വിട്ടതാണ് ആഗോള ധനകാര്യത്തകര്‍ച്ചയുടെ കാരണം എന്ന് ഇന്ന് എല്ലാവരും സമ്മതിക്കുന്ന കാര്യമാണ്. ധനകാര്യമേഖലയുടെമേല്‍ ഭരണകൂട നിയന്ത്രണം പുന:സ്ഥാപിക്കുന്ന തിരക്കിലാണല്ലോ ഇന്ന് ലോകരാഷ്ട്രങ്ങള്‍ എല്ലാംതന്നെ.
സ്വതന്ത്രവ്യാപാരവും തുറന്ന കമ്പോളവും അമ്പേ പരാജയപ്പെടും എന്ന് ഉറപ്പുള്ള മറ്റൊരു മേഖലയാണ് കൃഷിയും, അനുബന്ധമേഖലകളും. കൃഷിയെ സ്വതന്ത്രവ്യാപാരത്തിന് വിട്ടുകൊടുക്കാന്‍ അമേരിക്കയും, യൂറോപ്യന്‍ രാജ്യങ്ങളും, ജപ്പാനും മറ്റും വിസമമതിച്ചതിന്റെ കാരണവും മറ്റൊന്നല്ല. ഈ വികസിതരാജ്യങ്ങളില്‍ കൃഷി-അനുബന്ധമേഖലകള്‍ ഇന്നും ഏറെ സംരക്ഷിതമായി തുടരുന്നു എന്ന കാര്യം ആരും നിഷേധിക്കുന്നില്ലല്ലോ.
യുദ്ധാനന്തര ലോക സാമ്പത്തികക്രമത്തിന് രൂപംകൊടുത്ത 1944ലെ ബ്രട്ടന്‍വുഡ്സ് സമ്മേളനത്തില്‍പോലും കൃഷിയെ സ്വതന്ത്രവ്യാപാരനിയമങ്ങള്‍ക്ക് വിധേയമാക്കാന്‍ പാടില്ല എന്ന ധാരണയുണ്ടായിരുന്നു. ബ്രട്ടന്‍വുഡ്സ് സമ്മേളനം ലോകബാങ്ക് സാര്‍വ്വദേശീയ നാണയനിധി എന്നീ സ്ഥാപനങ്ങളോടൊപ്പം ഒരു ലോക വ്യാപാരസംഘടനയ്ക്കുകൂടി (ഐടിഒ) ജന്മംനല്‍കാന്‍ തീരുമാനിച്ചിരുന്നു. പിന്നീട് 1948ല്‍ ഹവാനയില്‍വെച്ചു ചേര്‍ന്ന സമ്മേളനം ലോകവ്യാപാരസംഘടനയ്ക്കുവേണ്ടി തയ്യാറാക്കിയ ഹവാനാ ചാര്‍ട്ടറും കാര്‍ഷികമേഖലയെ സ്വതന്ത്ര വ്യാപാരനിയമങ്ങളുടെ പരിധിയില്‍പെടുത്തേണ്ടതില്ല എന്ന് വ്യക്തമാക്കിയിരുന്നു. ബൂര്‍ഷ്വാ സാമ്പത്തികശാസ്ത്രത്തിലെ അഗ്രഗണ്യന്മാരായ ജോണ്‍മൈനാഡ് കെയ്ന്‍സടക്കമുള്ളവര്‍ കൃഷി-അനുബന്ധമേഖലകളുടെ കാര്യത്തില്‍ വേറിട്ട സമീപനം വേണം എന്ന് ശഠിച്ചതിനെത്തുടര്‍ന്നാണ് ഇത്തരമൊരു സമീപനം ലോകരാഷ്ട്രങ്ങള്‍ അംഗീകരിച്ചത്. തുടര്‍ന്ന് അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണയോടുകൂടിത്തന്നെ കാര്‍ഷികോല്‍പന്നങ്ങളുടെ ലോകവ്യാപാരത്തെ നിയന്ത്രിക്കുന്നതിനും, വിലകളില്‍ സ്ഥിരത ഉറപ്പാക്കുന്നതിനും വിവിധ സംവിധാനങ്ങള്‍ ഉണ്ടായതിന്റെ പശ്ചാത്തലവും മറ്റൊന്നല്ല. റബര്‍, കാപ്പി, കൊക്കൊ തുടങ്ങിയ കാര്‍ഷികോല്‍പന്നങ്ങളുടെ ആഗോളവ്യാപാരത്തെ നിയന്ത്രിക്കുന്നതിനും വിലകള്‍ ക്രമീകരിക്കുന്നതിനും സാര്‍വദേശീയ ഉല്‍പന്നക്കരാറുകള്‍ (ഇന്റര്‍നാഷണല്‍ കമ്മോഡിറ്റി എഗ്രിമെന്റുകള്‍) ഉണ്ടായതിന്റെ കാരണവും വ്യത്യസ്തമല്ല. കൃഷിയുടെ കാര്യത്തില്‍ കമ്പോളത്തിനുണ്ട് എന്ന് ഏതാണ്ട് എല്ലാവരും സമ്മതിക്കുന്ന ഇതേ പരിമിതിതന്നെയാണ് പാശ്ചാത്യരാജ്യങ്ങളിലെ സര്‍ക്കാരുകള്‍ അവരുടെ കാര്‍ഷികമേഖലയ്ക്കു നല്‍കുന്ന സംരക്ഷണത്തിന്റെ രഹസ്യവും.
സ്വതന്ത്രവ്യാപാരവും കൃഷിയും തമ്മില്‍ പൊരുത്തപ്പെടില്ല എന്ന് മേല്‍പറഞ്ഞ വസ്തുതയാണ് ഡബ്ള്യുടിഒ ചര്‍ച്ചകളിലും, ഇന്‍ഡോ-ആസിയാന്‍ കരാറിലും വിസ്മരിക്കപ്പെടുന്നത്. കാര്‍ഷികോല്‍പന്നങ്ങളുടെ ആഭ്യന്തരവിപണിയിലും, സാര്‍വ്വദേശീയ വിപണിയിലും സര്‍ക്കാരോ അന്താരാഷ്ട്ര സമൂഹമോ ഇടപെടേണ്ടതില്ല എന്ന നവലിബറല്‍ സമീപനമാണ് അംഗീകരിക്കപ്പെടുന്നത്. വിലകള്‍ തീരുമാനിക്കുന്നതിനുള്ള സ്വാതന്ത്യ്രം പൂര്‍ണ്ണമായും കമ്പോളത്തിന് വിട്ടുകൊടുക്കണം എന്ന ആശയമാണ് മന്‍മോഹന്‍സിങ്ങിന്റെ ആദര്‍ശം. ആ ആദര്‍ശലോകത്തേക്കുള്ള യാത്ര വേണമെങ്കില്‍ അല്‍പം സാവകാശത്തില്‍ ആക്കിത്തരാം എന്നതാണ് അദ്ദേഹത്തിന്റെ വാഗ്ദാനം.
കാര്‍ഷികമേഖലയുടെ കാര്യത്തില്‍ മന്‍മോഹന്‍സിങ്ങിന്റെ ആദര്‍ശലോകത്തിന് മുഖ്യധാരാ സാമ്പത്തികശാസ്ത്രത്തിന്റെപോലും പിന്‍തുണയില്ല എന്നതും, പാശ്ചാത്യ വികസിതരാജ്യങ്ങള്‍ അവരുടെ കാര്‍ഷികമേഖലയില്‍ മന്‍മോഹന്‍സിങ്ങിന്റെ ആദര്‍ശം നടപ്പിലാക്കാന്‍ ഒരുകാലത്തും തയ്യാറായിട്ടില്ല എന്നതുമാണ് ഇവിടെ ആവര്‍ത്തിച്ച് ഉറപ്പിച്ച് വ്യക്തമാക്കേണ്ട കാര്യം.
കാര്‍ഷിക അഭിവൃദ്ധിയും സ്വതന്ത്രവ്യാപാരവും ഒരുമിച്ചുപോകില്ല എന്ന് പറയുന്നതിന്റെ കാരണം സ്ഥലപരിമിതിമൂലം ഇവിടെ വിശദമായി പരിശോധിക്കാനാവില്ല. കമ്പോളം തീരുമാനിക്കുന്ന വിലകള്‍ എല്ലാവര്‍ക്കും ഗുണകരമായ തീരുമാനങ്ങള്‍ എടുക്കാന്‍ സഹായിക്കും എന്നതാണല്ലോ സ്വതന്ത്രകമ്പോളത്തിന് അനുകൂലമായ ഏറ്റവും പ്രധാനപ്പെട്ട വാദം. കെയ്ന്‍സ്, കാല്‍ഡോര്‍ തുടങ്ങിയ പ്രഗത്ഭമതികളായ സാമ്പത്തിക ശാസ്ത്രജ്ഞന്മാര്‍പോലും പറയുന്നത് ഇത് കാര്‍ഷികമേഖലയെ സംബന്ധിച്ചിടത്തോളം ശരിയല്ല എന്നാണ്. കാര്‍ഷികോല്‍പന്നങ്ങളുടെ വിലകള്‍ നിശ്ചയിക്കാന്‍ കമ്പോളത്തിന് വിട്ടുകൊടുക്കുന്നത് കൃഷിക്കോ, കൃഷിക്കാര്‍ക്കോ, കാര്‍ഷികരാജ്യങ്ങള്‍ക്കോ, അന്താരാഷ്ട്ര സമൂഹത്തിനോ ഗുണകരമാവില്ല എന്നാണ് അവര്‍ വാദിച്ചു സമര്‍ത്ഥിച്ചിട്ടുള്ളത്. കമ്പോളശക്തികളെ അനിയന്ത്രിതമായി പ്രവര്‍ത്തിക്കാന്‍ വിടുമ്പോഴുണ്ടാകുന്ന വിലകളിലെ അമിതമായ കയറ്റിറക്കങ്ങള്‍ യഥാര്‍ത്ഥ കൃഷിക്കാര്‍ക്ക് താങ്ങാനാവില്ല എന്നതാണ് ഇതിന് ഒരു കാരണം.
കമ്പോള വിലകളിലെ അമിതമായ കയറ്റിറക്കങ്ങള്‍ കൃഷിയെയും, കൃഷിക്കാരേയും, നശിപ്പിക്കും എന്ന മുഖ്യധാരാ സാമ്പത്തികശാസ്ത്രത്തിന്റെ ഈ കാഴ്ചപ്പാട് ഇന്തോ-ആസിയാന്‍ കരാറിന്റെ പശ്ചാത്തലത്തില്‍ പരിശോധിച്ചാല്‍ മാത്രം മതി കാര്യങ്ങളുടെ പോക്ക് എങ്ങോട്ടാണ് എന്നത് വ്യക്തമാവാന്‍. അന്തര്‍ദേശീയവിപണിയില്‍ കാര്‍ഷികോല്‍പന്നങ്ങളുടെ വിലകള്‍ നേരിടുന്ന കയറ്റിറക്കങ്ങള്‍ വ്യാവസായിക ഉല്‍പന്നങ്ങളെ അപേക്ഷിച്ച് വളരെ കൂടുതലാണ് എന്നത് വസ്തുതയാണല്ലോ. വിലകള്‍ അമിതമായി ഉയരുകയും അതുപോലെതന്നെ നിലംപതിക്കുകയും ചെയ്യുന്ന ഈ പ്രവണത ഒരു ഉല്‍പാദനമേഖലയ്ക്കും താങ്ങാനാവില്ല. അസംഘടിതമായ ചെറുകിട കൃഷിക്കാരുടെ കാര്യം പ്രത്യേകിച്ച് പറയേണ്ടതില്ല എന്നു മാത്രം. സാര്‍വ്വദേശീയ വിപണിയില്‍ വിലകള്‍ കുത്തനെ ഇടിയുമ്പോള്‍ അതിനെ ഉല്‍പാദനക്ഷമത വര്‍ദ്ധിപ്പിച്ചു നേരിട്ടുകൊള്ളണം എന്നു പറയുന്നതാകട്ടെ ഏറ്റവും വലിയ ക്രൂരതയാണുതാനും. പുതിയ നൂറ്റാണ്ടിന്റെ ആരംഭവര്‍ഷങ്ങളില്‍ ഇതേ ആസിയാന്‍ രാജ്യങ്ങളില്‍ വലിയ നാണയത്തകര്‍ച്ച ഉണ്ടായപ്പോള്‍ റബര്‍, വെളിച്ചെണ്ണ, പാമോയില്‍ തുടങ്ങിയവയുടെ എല്ലാം വിലകള്‍ കുത്തനെ ഇടിഞ്ഞതും വയനാട്ടിലും മറ്റും കര്‍ഷക ആത്മഹത്യകള്‍ ഉണ്ടായതും ഇനിയും മറക്കാറായിട്ടില്ല. ആസിയാന്‍ രാജ്യങ്ങളില്‍ ഉല്‍പാദനക്ഷമതകൂടിയതുകൊണ്ടല്ല അവരുടെ ഉല്‍പന്നവിലകള്‍ കുത്തനെ കുറഞ്ഞത്. മറിച്ച് ആസിയാന്‍ നാണയങ്ങള്‍ക്ക് വമ്പിച്ച വിലയിടിവ് ഉണ്ടായതുകൊണ്ടാണ്. ആസിയാന്‍ രാജ്യങ്ങളിലെ ധനകാര്യമേഖലയിലെ നയവൈകല്യങ്ങളാണ് അന്ന് കേരളത്തിലെ കര്‍ഷകര്‍ക്ക് ഇരുട്ടടിയായത്. കേരളത്തില്‍ പെട്ടെന്ന് ഉല്‍പാദനക്ഷമത കുറഞ്ഞുപോയതായിരുന്നില്ല പ്രതിസന്ധിയുടെ കാരണം.
അന്തര്‍ദേശീയവിപണിയില്‍ ഉണ്ടാവുന്ന വിലകളുടെ കയറ്റിറക്കങ്ങളില്‍നിന്നും കൃഷിക്കാരെ സംരക്ഷിക്കേണ്ടതുണ്ടോ എന്നതാണ് ഏറ്റവും വലിയ ചോദ്യം. അതിന് കഴിയണമെങ്കില്‍ രാജ്യത്തിനകത്തേക്കും പുറത്തേക്കുമുള്ള ചരക്കുനീക്കത്തിന്റെമേല്‍ അതായത് വിദേശവ്യാപാരത്തിനുമേല്‍ നിയന്ത്രണം ഉണ്ടായേ മതിയാവൂ. ഒപ്പം ആഭ്യന്തരകമ്പോളത്തില്‍ അടിയന്തിര ഘട്ടങ്ങളില്‍ ഇടപെടുന്നതിനുള്ള സര്‍ക്കാര്‍ സംവിധാനങ്ങളും ആവശ്യമാണ്. ഡബ്ള്യുടിഒ ചര്‍ച്ചകളുടെ ഭാഗമായി നമുക്ക് വലിയ ഒരളവോളം നഷ്ടപ്പെട്ടത് കയറ്റിറക്കുമതികളെ നിയന്ത്രിക്കുന്നതിനുള്ള അധികാരമാണ്.
ഉറുഗ്വേറൌണ്ടിലും അതിനുശേഷവും നടന്ന വ്യാപാരചര്‍ച്ചകളുടെ ഫലമായും, ഇന്ത്യാഗവണ്‍മെന്റിന്റെ ഉദാരവത്കരണനയങ്ങളുടെ ഭാഗമായും ഇറക്കുമതി തീരുവകളില്‍ വലിയ കുറവാണ് വരുത്തിയിട്ടുള്ളത്. ആസിയാന്‍ കരാര്‍ നടപ്പിലാവുന്നതോടുകൂടി അവശേഷിക്കുന്ന ഇറക്കുമതി തീരുവകളുടെ പ്രസക്തികൂടി ഇല്ലാതാവും. ഡബ്ള്യുടിഒ കരാറിന്റെ ഭാഗമായി നമുക്ക് ഉയര്‍ന്ന ബൌണ്ട് റേറ്റുകള്‍ (ഇറക്കുമതി തീരുവയുടെ അംഗീകൃത ഉയര്‍ന്ന പരിധി) നിലനിര്‍ത്താന്‍ കഴിയും എന്ന അവകാശവാദത്തിന് ഇനി എന്തു പ്രസക്തിയാണുള്ളത്? ആസിയാന്‍ ഉടമ്പടിയുടെ ഭാഗമായി ഇറക്കുമതിതീരുവകള്‍ വെട്ടിക്കുറയ്ക്കാന്‍ സമ്മതിക്കുന്നതോടുകൂടി ഇനി ഡബ്ള്യുടിഒ ചര്‍ച്ചകളില്‍ കര്‍ശന നിലപാടുകള്‍ സ്വീകരിക്കുന്നതിന് അര്‍ത്ഥമില്ലാതാവും. യഥാര്‍ത്ഥത്തില്‍ അതുതന്നെയാവണം മന്‍മോഹന്‍സിങ് ലക്ഷ്യംവെയ്ക്കുന്നതും.
ആസിയാന്‍ കരാറിന്റെ പേരിലാണെങ്കിലും, ഡബ്ള്യുടിഒ കരാറിന്റെ പേരിലാണെങ്കിലും ഇറക്കുമതി തീരുവകള്‍ വെട്ടിക്കുറയ്ക്കുന്നതോടുകൂടി അന്തര്‍ദേശീയ വിപണിയിലെ വിലകളുടെ കയറ്റിറക്കങ്ങള്‍ അപ്പോള്‍തന്നെ ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കും. കടമ്മനിട്ടയുടെ ഭാഷയില്‍ പറഞ്ഞാല്‍ കൃഷിക്കാര്‍ക്ക് കാക്കക്കാലിന്റെ തണലുപോലും അവശേഷിക്കില്ല.
വിലകള്‍ ഇടിയുമ്പോള്‍ കൃഷിക്കാരെ രക്ഷിക്കാന്‍ സര്‍ക്കാര്‍ എന്തുചെയ്യും എന്ന ചോദ്യമാണ് ഉത്തരംകിട്ടാതെ അവശേഷിക്കുന്നത്. കൃഷിയെ രക്ഷിക്കാന്‍ ഏറ്റവും ആദ്യം വേണ്ടത് ആദായകരമായ വില ഉറപ്പാക്കുകയാണ് എന്ന കാര്യം ഏവരും സമ്മതിക്കുന്നതാണ്. സ്വതന്ത്ര വ്യാപാരക്കരാറുകളിലൂടെ ഇറക്കുമതി നിയന്ത്രണങ്ങള്‍ നീക്കംചെയ്യുന്ന സര്‍ക്കാരിന് വിലസ്ഥിരത ഏര്‍പ്പെടുത്താന്‍ ഒരു പരിപാടിയുമില്ല എന്നതാണ് വാസ്തവം. ജീവനോപാധി നഷ്ടപ്പെട്ടു കടംകയറി നശിക്കുന്ന കൃഷിക്കാര്‍ക്ക് ആശ്വാസമായി വെച്ചുനീട്ടപ്പെടുന്നത് ദേശീയ തൊഴിലുറപ്പുപദ്ധതിയും, പൊതുമേഖലാ ബാങ്കുകളുടെ ചെലവില്‍ നടപ്പിലാക്കുന്ന കാര്‍ഷിക കടാശ്വാസ പരിപാടിയുമാണ്. അതെല്ലാം കേവലം ആശ്വാസ നടപടികള്‍ മാത്രമാണ്. സ്ഥായിയായ പരിഹാരം വിലസ്ഥിരതയാണ്; വിലസ്ഥിരത മാത്രമാണ്.
വിലസ്ഥിരത ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കും എന്ന കപടവാഗ്ദാനംകൊണ്ട് കൃഷിക്കാരെ ഇനി വഞ്ചിക്കാനാവില്ല എന്നുകൂടി ഇവിടെ പറഞ്ഞുവെയ്ക്കേണ്ടതുണ്ട്. അന്തര്‍ദേശീയ വിപണിയേയും, ദേശീയ വിപണിയെയും വേര്‍തിരിക്കുന്നത്-അതായത് ദേശീയ സാമ്പത്തിക അതിര്‍ത്തിയെ നിര്‍വചിക്കുന്നത് - കയറ്റിറക്കുമതികളുടെമേലുള്ള നിയന്ത്രണങ്ങളാണ്. വ്യാപാര നിയന്ത്രണങ്ങള്‍ ഇല്ലാതായി കഴിഞ്ഞാല്‍ ദേശീയവിപണിയും അന്തര്‍ദേശീയ വിപണിയും ഫലത്തില്‍ ഒന്നാവും. ഇന്ത്യയിലോ, കേരളത്തിലോ മാത്രമായി വിലകള്‍ നിയന്ത്രിച്ചുനിര്‍ത്തുക തീര്‍ത്തും അസാധ്യമാവും. ഇവിടെ വിലകള്‍ ഉയര്‍ത്തിനിര്‍ത്തിയാല്‍ പുറത്തുനിന്നുള്ള ഇറക്കുമതിയുടെ കുത്തൊഴുക്കുണ്ടാവും! കൃഷിക്കാര്‍ക്ക് വിലസ്ഥിരത എന്ന മുദ്രാവാക്യം എന്നെന്നേക്കുമായി മറന്നേക്കാം എന്നാണ് മന്‍മോഹന്‍സിങ് രാഷ്ട്രത്തോടു പറയുന്നത്. ഉറുഗ്വേറൌണ്ട് ചര്‍ച്ചകള്‍ മുതല്‍ ആസിയാന്‍ കരാര്‍വരെയുള്ള നടപടികളിലൂടെ ഇക്കാര്യമാണ് അദ്ദേഹം നേടിയെടുത്തിരിക്കുന്നത്.
ഇന്ത്യന്‍ ഭരണകൂടത്തിന് നേതൃത്വംകൊടുക്കുന്ന വന്‍കിട മൂലധനശക്തികള്‍ ആസിയാന്‍ കരാറിന് അനുകൂലമായ തീരുമാനം എടുത്തുകഴിഞ്ഞു. തങ്ങളുടെ ഉല്‍പന്നങ്ങള്‍ക്ക് ആസിയാന്‍ വിപണിയിലേക്ക് വ്യാപാര പ്രതിബന്ധങ്ങളുടെ തടസ്സമില്ലാതെ പ്രവേശിക്കാനാവും എന്നതാണ് അവരെ നയിക്കുന്ന പ്രലോഭനം. കൃഷിക്കാരേയും, ചെറുകിട വ്യവസായങ്ങളെയും, ചെറുകിട ഉല്‍പാദകരേയും ഈ കരാര്‍ പ്രതികൂലമായി ബാധിക്കും എന്നതൊന്നും ഭരണനേതൃത്വത്തെ അലട്ടും എന്ന് തോന്നുന്നില്ല. വിശേഷിച്ചും തെരഞ്ഞെടുപ്പുകള്‍ വിദൂരമായിരിക്കുന്ന സാഹചര്യത്തില്‍. അതുകൊണ്ട് അതിശക്തമായ ചെറുത്തുനില്‍പ് ഉയര്‍ത്തിക്കൊണ്ടുവന്നാല്‍ മാത്രമേ ആസിയാന്‍ കരാറിന്റെ കാര്യത്തില്‍ ഒരു പുനരാലോചന ഉണ്ടാവാന്‍ സാധ്യതയുള്ളു. ജനകീയ സമ്മര്‍ദ്ദം ഉയര്‍ത്തിക്കൊണ്ടുവരുന്നതിനുള്ള അവസാന അവസരമാണ് ഇത്. കാര്‍ഷികവിളകളുടെ വിലസ്ഥിരതയ്ക്കും, തങ്ങളുടേതല്ലാത്ത കാരണങ്ങളാലുണ്ടാകുന്ന വിലത്തകര്‍ച്ചയുടെ നഷ്ടം നികത്തുന്നതിനും ആവശ്യമായ സംവിധാനങ്ങള്‍ ഉറപ്പുവരുത്താതെ അന്തര്‍ദേശീയ വ്യാപാര ചര്‍ച്ചകള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ മന്‍മോഹന്‍സിങ്ങിനെ അനുവദിക്കാന്‍ പാടില്ലാത്തതാണ്.
*
ഡോ. കെ എന്‍ ഹരിലാല്‍ ചിന്ത വാരിക
No comments:
Post a Comment