Wednesday, 29 July 2009

മന്ത്രവാദം ആത്മീയതയുടെ പരിവേഷത്തില്‍

മന്ത്രവാദം ആത്മീയതയുടെ പരിവേഷത്തില്‍

ജ്ഞാനം, വിജ്ഞാനം, വിവേകം, ബുദ്ധി, ബോധം, ചിന്ത, മനസ്സ് എന്നിവയെല്ലാം അന്യോന്യം അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. സംവേദന ഇന്ദ്രിയങ്ങള്‍ വഴിയാണ് ശരീരത്തിന് പുറത്തുള്ള ഭൌതിക വികാസങ്ങളെപ്പറ്റിയുളള വിവരങ്ങള്‍ മസ്‌തിഷ്‌ക്കത്തിലേക്ക് കടന്നുചെല്ലുന്നത്. ഇവയൊന്നും ഇല്ലെങ്കില്‍ മസ്‌തിഷ്‌ക്കം വികസിക്കുകയില്ല; മനസ്സ് എന്നൊന്ന് ഉണ്ടാവുകയുമില്ല. മസ്‌തിഷ്‌ക്കാഘാതംവന്ന് അബോധാവസ്ഥയില്‍ കഴിയുന്ന വ്യക്തിയുടെ ബുദ്ധിയോ മനസ്സോ പ്രവര്‍ത്തിക്കുന്നില്ല. അതുകൊണ്ട് എപ്പോള്‍ ഒരുവന്‍ തന്റെ എല്ലാ ഇന്ദ്രിയങ്ങളില്‍നിന്നും പിന്‍വലിയുന്നുവോ, അപ്പോള്‍ അവന്‍ സ്ഥിതപ്രജ്ഞന്‍പോയിട്ട് ജ്ഞാനിപോലും അല്ലാത്തവനാകും.

പദാര്‍ഥമാണ് എല്ലാ നിലനില്‍പ്പിനും അടിസ്ഥാനമെന്നും, മാനസികവും ആത്മീയവുമായ എല്ലാ പ്രതിഭാസങ്ങളും അതില്‍നിന്നുളവായതാണെന്നും, മസ്‌തിഷ്‌ക്കത്തിനതീതമായി മനസ്സിന് അസ്തിത്വമില്ലെന്നും ഡാര്‍വിന്‍ പരിണാമ സിദ്ധാന്തത്തില്‍ വ്യക്തമാക്കുന്നു. പദാര്‍ഥത്തിന് ഒരിക്കലും നാശം സംഭവിക്കുന്നില്ല. മാറ്റം മാത്രമാണ് ഉണ്ടാവുന്നത്. അതുകൊണ്ട് , ആത്മീയവാദികള്‍ പറയുന്നപോലെ നാശമുള്ളതും പരിണാമിയുമായ ദൃശ്യമാധ്യമം (അക്ഷരം), അതിനും ഉറവിടവും അതില്‍ പ്രവര്‍ത്തിക്കുന്നതുമായ അടിസ്ഥാന ബലം (അക്ഷരാതീതം) എന്നതാണ് പ്രപഞ്ചഘടന എന്നും അതിനെയാണ് പരമാത്മാവ് എന്ന് പറയുന്നതെന്നും അതിന്റെ അനുരണനമാണ് ജീവാത്മാവ് എന്നും, ഇന്ദ്രിയങ്ങള്‍ക്ക് ഗ്രഹിക്കാനാവില്ല, ബുദ്ധിക്ക് ഗ്രഹിക്കാനാവും എന്നും മറ്റും പറയുന്നത് ശാസ്‌ത്രത്തിന് നിരക്കാത്തതാണ്. ഒരു തരത്തില്‍ വസ്‌തുതകളെ തല കീഴായി കാണലാണ്. സങ്കീര്‍ണമായ പ്രപഞ്ചത്തെക്കുറിച്ചുള്ള സത്യാന്വേഷണമാണ് ആത്മീയത എന്നും, ശരീരത്തില്‍നിന്ന് അന്യമായ ഒരു സ്വതന്ത്ര പ്രതിഭാസമാണ് ആത്മാവ് എന്നും, അവ്യക്ത മാധ്യമമായും, അതിലെ ഊര്‍ജമായും ഒരേ സമയം ഇരിക്കുന്ന പരമാത്മാവിനെ ഇന്ദ്രിയങ്ങള്‍കൊണ്ട് അളക്കാനോ, നിരീക്ഷിക്കാനോ, പരീക്ഷിക്കാനോ കഴിയില്ല എന്നും പറയുന്നതും ശാസ്‌ത്രീയമല്ല. ആത്മാവ് ശരീരത്തില്‍ നിന്നന്യമായ ഒരു സ്വതന്ത്ര പ്രതിഭാസമാണെങ്കില്‍ അത് പദാര്‍ഥത്തിന്റെ ഉല്‍പ്പന്നമാവുന്നില്ല. അതുകൊണ്ട്തന്നെ ഊര്‍ജമല്ല. അതിന് നിലനില്‍പ്പും ഇല്ല. അതുകൊണ്ട് , ആത്മീയത എന്നത് മനുഷ്യമനസ്സിന്റെ അത്യഗാധതയിലേക്കും സൂക്ഷ്മതയിലേക്കും ഇറങ്ങിച്ചെന്നാലും കണ്ടെത്താന്‍ കഴിയാത്ത കേവലം കാല്‍പനിക പ്രതിഭാസമാണെന്ന് വരുന്നു.

എന്തായാലും, സാധാരണക്കാരന് മനസ്സിലാക്കാന്‍ കഴിയാത്ത ആത്മീയതയുടെ മറവില്‍ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പ്രചരിപ്പിച്ച് ജനങ്ങളെ വഞ്ചിച്ച് ചൂഷണവിധേയരാക്കാന്‍ വരേണ്യവര്‍ഗത്തിന് നൂറ്റാണ്ടുകളോളം കഴിഞ്ഞിരുന്നു. വൈദിക കാലഘട്ടത്തില്‍, തങ്ങള്‍ ചെയ്ത അനീതികളെയും മര്‍ദനങ്ങളെയും ഹിംസകളെയും ന്യായീകരിക്കാന്‍ ആത്മീയതയെയാണ് അവര്‍ കൂട്ടുപിടിച്ചത്. അതിന് തത്വശാസ്‌ത്രങ്ങളും പുരാണങ്ങളും മെനഞ്ഞുണ്ടാക്കി. അത്തരം ഒരു കഥ രാമായണത്തില്‍ ഉള്ളത് ഒരു ഉദാഹരണമായി എടുക്കാം. ആര്യരാജാവായ ശ്രീരാമന്‍ ദ്രാവിഡനായ ബാലിയെ ഒളിയമ്പെയ്ത് ചതിച്ചുകൊന്നശേഷം ബാലിയുടെ ആത്മാവ് മരിച്ചിട്ടില്ലെന്നും, നശ്വരമായ ഭൌതിക ശരീരം നഷ്ടപ്പെട്ടതില്‍ ബുദ്ധിയുള്ളവര്‍ ദുഃഖിക്കയില്ലെന്നും വിഷാദഭാരത്താല്‍ വീര്‍പ്പുമുട്ടിക്കഴിയുന്ന താരയെ ശ്രീരാമന്‍ ഉപദേശിക്കുന്നു. എന്നാല്‍ സീത അപഹരിക്കപ്പെട്ടപ്പോഴും, ഒടുവില്‍ സീതയുടെ തിരോധാനത്തിലും ഇതേ ശ്രീരാമന്‍ നിയന്ത്രണംവിട്ട് വാവിട്ട് നിലവിളിക്കുന്നു. തനിക്കുതന്നെ ബോധ്യമല്ലാത്ത തത്വവാദം താരയെ ഉപദേശിക്കയായിരുന്നു ശ്രീരാമന്‍.

ഹോമവും യജ്ഞവും പൂജയും മന്ത്രവാദങ്ങളും ആത്മീയ കാര്യങ്ങളായാണ് കരുതപ്പെടുന്നത്. ജ്യോതിഷം അതില്‍ അനുപേക്ഷണീയമായ ഘടകമാണ്. താടിയും മുടിയും വളര്‍ത്തി, കാവിയുടുത്ത്, നെറ്റിയില്‍ ഭസ്‌മവും കളഭവും പൂശി, രുദ്രാക്ഷമാല കഴുത്തിലണിഞ്ഞ് വേഷം കെട്ടിയ പൂജാരികള്‍, സ്വാമിമാര്‍, മന്ത്രവാദികള്‍ എന്നിവരെല്ലാം ആത്മീയാചാര്യന്മാരായാണ് പൊതുവെ അറിയപ്പെടുന്നത്.

മന്ത്രവാദത്തിന്റെ അടിവേരുകള്‍ തേടിപ്പോയാല്‍ നാം ചെന്നെത്തുക വൈദിക കാലഘട്ടത്തിലായിരിക്കും. ബ്രഹ്മത്തില്‍നിന്ന് പ്രകടീദൂതമായതത്രെ വേദമന്ത്രങ്ങള്‍. അതിനാല്‍ നിരവധി കാര്യസിദ്ധിക്കായി വേദമന്ത്രങ്ങള്‍ ഉപയോഗിക്കപ്പെടുന്നു. വേദങ്ങളില്‍ പ്രാര്‍ഥനകളും സ്‌തുതികളും മന്ത്രവാദങ്ങളും ഉണ്ട്. ഋഗ്വേദത്തില്‍ പ്രധാനമായും വിവിധ ഗോത്രവര്‍ഗങ്ങള്‍ തമ്മില്‍ നടന്ന സംഘട്ടനങ്ങളുടെ കഥകളും പ്രകൃതിപ്രതിഭാസങ്ങളായ ഇന്ദ്രന്‍, വരുണന്‍, രുദ്രന്‍, അഗ്നി, ഉഷസ്സ്, മരുത്തുക്കള്‍, അശ്വികള്‍ എന്നിവരെ സ്‌തുതിക്കുന്ന പ്രാര്‍ഥനകളുമാണ്. പ്രാര്‍ഥനകള്‍കൊണ്ട് ദൈവങ്ങളെ പ്രീതിപ്പെടുത്തി അഭീഷ്ടം സാധിക്കാമെന്നാണ് വിശ്വാസം. യജ്ഞങ്ങളും, ഹോമങ്ങളും ചെയ്യാനുള്ള മന്ത്രങ്ങളും ഋഗ്വേദത്തില്‍ ഉണ്ട്. സാമവേദം, അഥര്‍വവേദം എന്നിവയില്‍ മന്ത്രവാദവും മന്ത്രവാദക്രിയകളും പ്രതിപാദിച്ചിരിക്കുന്നു. സാമവേദത്തില്‍ മാന്ത്രിക പ്രയോഗത്തിന്നുതകുന്ന ശാസനകള്‍ ധാരാളം കാണാം. അഥര്‍വവേദത്തില്‍ എല്ലാതരത്തിലുള്ള ഭൂതപ്രേതങ്ങള്‍, പിശാചുകള്‍, അസുരന്മാര്‍ തുടങ്ങിയവരില്‍നിന്നും സര്‍പ്പങ്ങളില്‍നിന്നും രക്ഷനേടാനുള്ള മന്ത്രങ്ങളാണ്. വിഷചികിത്സക്കുള്ള മന്ത്രങ്ങള്‍ അതില്‍ പ്രധാനമാണ്. മന്ത്രംകൊണ്ട് കടിച്ച പാമ്പിനെ വരുത്തി തിരിച്ച്കൊത്തിച്ച് വിഷം ഇറക്കാമെന്ന അന്ധവിശ്വാസം ഒരു കാലത്ത് ജനങ്ങളില്‍ ഉണ്ടായിരുന്നു. ശത്രുനാശത്തിനുള്ള നിരവധി മന്ത്രങ്ങളും ആഭിചാരക്രിയകളെ പ്രതിപാദിക്കുന്ന മന്ത്രങ്ങളും മാരണം, ഉച്ചാടനം, വശീകരണം തുടങ്ങിയവയ്ക്കുള്ള ധാരാളം മന്ത്രങ്ങളും അഥര്‍വവേദത്തില്‍ കാണാം. സ്‌ത്രീകളെ സ്വാധീനിക്കുന്ന ദുര്‍ദേവതകളാണ് ഗന്ധര്‍വന്മാരെന്നും അവര്‍ക്ക് മായകൊണ്ട് പല ജന്തുക്കളുടെയും വേഷം ധരിക്കാന്‍ കഴിയുമെന്നും അത്തരം ഗന്ധര്‍വന്മാരെ മന്ത്രശക്തിയാല്‍ തുരത്തി ഓടിക്കാമെന്നും അഥര്‍വവേദ സൂക്തങ്ങളില്‍ ഉണ്ട്. ഒരു സൂക്തം ഇപ്രകാരമാണ്.

ജയ് ഇദ്വോ അപ്സരസോ ഗന്ധര്‍വാ പതയോയുയം

അപധാവതാ മര്‍ത്യാ മര്‍ത്യാന്‍ മാസചധ്വം

(ചതുര്‍കാണ്ഡം, സൂക്തം 37)

"അല്ലയോ ഗന്ധര്‍വന്മാരേ, അപ്സരസുകളാണ് നിങ്ങളുടെ പത്നിമാര്‍. നിങ്ങളുടെ ഉപഭോഗത്തിന് പറ്റിയവര്‍ അവരാണ്. അവരുടെ അടുത്തു ചെല്ലുക. നിങ്ങള്‍ മരണമില്ലാത്തവരാകയാല്‍ മരണമുള്ളവരെ സമീപിക്കാതിരിക്കുക.''

ഇങ്ങനെ~സ്‌ത്രീകളെ പീഡിപ്പിക്കുന്ന ഗന്ധര്‍വന്മാരെന്ന വിചിത്ര ജീവികളെ സാങ്കല്‍പികമായി സൃഷ്ടിച്ച് സ്‌ത്രീകളെ ഭയപ്പെടുത്തി അര്‍ഥമില്ലാത്ത മന്ത്രവാദത്തിനടിമപ്പെടുത്തുന്നത് അസംബന്ധമാണ്. വേദത്തിലായതുകൊണ്ട് അത് അങ്ങനെ അല്ലാതാകുന്നില്ല.

ഭൂത, പ്രേത പിശാചുകള്‍, ദുര്‍ബലമനസ്സുകളില്‍ ഭയം സൃഷ്‌ടിച്ച് മന്ത്രവാദത്തിനടിമപ്പെടുത്തി ചൂഷണ വിധേയരാക്കാന്‍ വരേണ്യവര്‍ഗം കണ്ടെത്തിയ വിചിത്ര സാങ്കല്‍പിക സൃഷ്‌ടികളാണ്. അവയില്‍നിന്ന് രക്ഷ പ്രാപിക്കാന്‍ വൈദികവും വൈദികേതരവുമായ വ്യത്യസ്ത മന്ത്രങ്ങള്‍ ഉണ്ട്. അതുപോലെ മന്ത്രങ്ങള്‍ക്ക് ലിംഗഭേദവും ഉണ്ട്. വൈദിക കാലഘട്ടത്തില്‍ ചാതുര്‍വര്‍ണ്യവും ഉച്ചനീചത്വവും, സ്‌ത്രീകളെ പുരുഷന്റെ അടിമയായി കരുതുന്ന വ്യവസ്ഥയും ഉണ്ടായിരുന്നുവെന്ന് ഇത് വ്യക്തമാക്കുന്നു.

സാമാന്യ ജനങ്ങളില്‍ ഭീതിയും വിഹ്വലതയും സൃഷ്ടിച്ചുകൊണ്ടാണ് മന്ത്രവാദികള്‍ തട്ടിപ്പ് നടത്തുന്നത്. അത് ഒരു വന്‍ വ്യവസായമായി വളര്‍ന്നിരിക്കുന്നു. പ്രകൃതിയില്‍നിന്നും ജന്തുക്കളില്‍നിന്നും മനുഷ്യരില്‍നിന്നുതന്നെയും ഉളവാകുന്ന വിപത്തുക്കളെ മാന്ത്രിക ശക്തികൊണ്ട് തടയാന്‍ കഴിയുമെന്ന് അവര്‍ ജനങ്ങളെ വിശ്വസിപ്പിക്കുന്നു. ആ ശക്തിയെ അഭൌമമായ ബാഹ്യശക്തികളില്‍ പ്രതിഷ്ഠിക്കുന്നു. മാന്ത്രിക കര്‍മത്തില്‍ സദ്മന്ത്രവാദം, ദുര്‍മന്ത്രവാദം എന്നീ വിഭാഗങ്ങള്‍ ഉണ്ട്. പരദ്രോഹത്തിനും ശത്രുസംഹാരത്തിനും സ്വാര്‍ഥ ലാഭത്തിനുംവേണ്ടിയുള്ള ആഭിചാര കര്‍മങ്ങളാണ് ദുര്‍മന്ത്രവാദം. അവയെ നിര്‍വീര്യമാക്കാനുള്ളതാണ് സദ്മന്ത്രവാദം. മന്ത്രവാദ സാധനകളില്‍ മന്ത്രവാദി ദുര്‍മൂര്‍ത്തികളെ അടിമകളാക്കി ഉദ്ദിഷ്ടകാര്യങ്ങള്‍ സാധിച്ചെടുക്കുന്നു. ദുര്‍ദേവതകളായ കാളി, കൂളി, ഭൈരവന്‍, കുട്ടിച്ചാത്തന്‍, ഉച്ചിട്ട, മാടന്‍, മറുത, യക്ഷി, ഗുളികന്‍ എന്നിവരെയാണ് ഉപാസിക്കുന്നത്. ഇതില്‍ ഗുളികന്‍ ജ്യോതിഷത്തിലെ ഒരു സാങ്കല്‍പിക ഗ്രഹമാണ്. അങ്ങനെ ഒരു ഗ്രഹം ഉള്ളതായി ഒരു ജ്യോതിഷിക്കും പറയാന്‍ കഴിയില്ല. എന്നിട്ടും ഗുളികന്‍ മന്ത്രവാദത്തില്‍ പ്രധാനപ്പെട്ട ദുര്‍ദേവതയാണ്. മറ്റുദേവതകളും കേവലം സാങ്കല്‍പ്പിക സൃഷ്ടികള്‍. ഓരോ മൂര്‍ത്തിയും പ്രത്യേകം പ്രത്യേകം ഉദ്ദിഷ്ട കാര്യങ്ങള്‍ നിര്‍വഹിച്ചു കൊടുക്കുന്നു എന്നാണ് വിശ്വാസം.

മാരണം, വശീകരണം, ഉച്ചാടനം, സ്തംഭനം, ആകര്‍ഷണം, മോഹനം എന്നിവയാണ് മന്ത്രവാദി ലക്ഷ്യമിടുന്ന ഷട്സിദ്ധികള്‍. ശാന്തി (രോഗശമനം), വശ്യം (വശീകരിക്കുക), സ്തംഭനം (ഒന്നും ചെയ്യാന്‍ കഴിയാതാക്കുക), ദ്വേഷണം (വിദ്വേഷം സൃഷ്ടിക്കുക), ഉച്ചാടനം (സ്വന്തം ഭവനത്തില്‍ നിന്നോ സ്ഥാപനത്തില്‍നിന്നോ ഇറക്കി വിടുക), മാരണം (കൊല്ലുക) എന്നിവയാണ് ആറ് കര്‍മങ്ങള്‍. ഇവയില്‍ ശത്രുവിനെ തകര്‍ക്കാന്‍ ഏതൊക്കെയാണ് ചെയ്യേണ്ടതെന്ന് മന്ത്രവാദി ഉപദേശിക്കുന്നു. അപ്രകാരമുള്ള മന്ത്രവാദങ്ങള്‍ ചെയ്യുന്നു. ആഭിചാരക്രിയ ചെയ്യുമ്പോള്‍, ലക്ഷ്യമിടുന്ന ശത്രുവിന്റെ പേരും ജന്മനക്ഷത്രവും അറിഞ്ഞിരിക്കണം. ജ്യോതിഷികളുടെ സഹായത്തോടെയാണ് മന്ത്രവാദം ചെയ്യുക. ഫലജ്യോതിഷം നോക്കി പ്രേതബാധപോലുള്ള ബാധകളെ മന്ത്രവാദി ഉച്ചാടനംചെയ്യുന്നു. ദേവത വന്നോ, മന്ത്രവാദംകൊണ്ട് തൃപ്‌തിപ്പെട്ടോ, ബാധ നീങ്ങിയോ എന്നീ കാര്യങ്ങള്‍ കവിടി നിരത്തി ജ്യോത്സ്യന്‍ കണ്ടുപിടിക്കുന്നു. പ്രതിവിധികള്‍ നിര്‍ദേശിക്കുന്നു. രാഹു എന്ന ഒരു ഗ്രഹം ഇല്ലാത്തതാണെന്ന് ജ്യോതിശ്ശാസ്‌ത്രം തെളിയിച്ചിട്ടും രാഹുവിന്റെ നില്‍പ്പ് നോക്കിയാണ് സര്‍പ്പകോപത്തിനുള്ള പരിഹാരക്രിയ ജ്യോത്സ്യന്‍ നിര്‍ദേശിക്കുന്നത്. ഇതുപോലെ ശനിയുടെ ക്ഷേത്രത്തില്‍ വ്യാഴം നിന്നാല്‍ ഭസ്‌മ പിശാച്, ശൂലപാണി തുടങ്ങിയ ബാധകള്‍ ഉണ്ടായതായി ഗ്രഹിക്കണമെന്ന് ജ്യോത്സ്യന്‍ വിധിക്കുകയും പരിഹാരക്രിയകള്‍ നിര്‍ദേശിക്കുകയും ചെയ്യുന്നു. ബധോച്ചാടനത്തിലെ ജപം, ഹോമം, വ്രതം, ബലി തുടങ്ങിയ മന്ത്രങ്ങള്‍ വേദകാലത്തുണ്ടായ വിധികളാണ്.

മന്ത്രവാദികള്‍ അടുത്ത് വരുന്നവരില്‍ ഭീതി സൃഷ്ടിക്കാന്‍ പര്യാപ്തമായ അന്തരീക്ഷമാണ് ഉണ്ടാക്കുക. അര്‍ധരാത്രിയില്‍ അരണ്ട വെട്ടത്തിലാണ് മന്ത്രവാദം നടത്തുക. അവിടെ തലയോട്ടി, എല്ലിന്‍ കഷണങ്ങള്‍, തലമുടി, മാംസക്കഷണങ്ങള്‍, കറുത്തതും ചുവന്നതുമായ തുണിക്കഷണങ്ങള്‍ എന്നിവ ഉണ്ടായിരിക്കും. പിന്നെ, തവള, മൂങ്ങ, പല്ലി, പാമ്പ്, എലി, മലങ്കാക്ക, കരിംപൂച്ച, വവ്വാല്‍ എന്നിവയില്‍ ചിലതും കാണും. മന്ത്രവാദിയാകാന്‍ ഗുരുവിന്റെ കീഴില്‍ ഏറെക്കാലത്തെ പരിശീലനം ആവശ്യമാണ്. നല്ല മനക്കരുത്ത് ഉണ്ടായിരിക്കണം. മനക്കരുത്ത് പരീക്ഷിക്കാന്‍ ഒരു ഗുരു ശിഷ്യനോട് ആജ്ഞാപിച്ചത് ഇതായിരുന്നു. കറുത്ത വാവിലെ അര്‍ധരാത്രി പ്രേതങ്ങള്‍ നൃത്തം ചെയ്യുന്ന ഒരു ശ്‌മശാനത്തിലെ കാഞ്ഞിരമരത്തില്‍ ഒരു ഇരുമ്പാണി തറച്ചുവരിക. വെളിച്ചം കരുതാന്‍ പാടില്ല. ശിഷ്യന്‍ കാഞ്ഞിരമരത്തില്‍ ചുറ്റിക കൊണ്ടടിച്ച് ഇരുമ്പാണി തറച്ച് കയറ്റി. തിരിച്ചുനടന്നപ്പോള്‍ പിന്നില്‍നിന്ന് ഏതോ പ്രേതം പിടിച്ച്വലിച്ചതായി തോന്നി. ശ്മശാനത്തില്‍ പ്രേതം ഉണ്ടെന്ന വിശ്വാസമാണ് അങ്ങനെ തോന്നിച്ചത്. പേടിച്ചരണ്ട ശിഷ്യന്‍ എങ്ങനെയോ ഓടി വീട്ടില്‍ എത്തി. പിന്നെ വിറയലും പനിയും. പിറ്റേന്ന് രാവിലെ അന്വേഷിക്കാന്‍ ചെന്ന ഗുരു കണ്ടത് കാഞ്ഞിരമരത്തില്‍ തൂങ്ങിക്കിടക്കുന്ന കമ്പളിയാണ്. ഇരുമ്പാണി തറച്ച കൂട്ടത്തില്‍ ശിഷ്യന്‍ പുതച്ചിരുന്ന കമ്പളിയുടെ ഒരറ്റവും അതില്‍ കുടുങ്ങിപ്പോയി. അതാണ് പ്രേതം പിടിച്ചുവലിച്ചതായി തോന്നിയത്.

മന്ത്രങ്ങളിലെ വാക്കുകള്‍ നിരര്‍ഥകങ്ങളാണ്. ബീജാക്ഷരങ്ങള്‍ എന്നറിയപ്പെടുന്ന ഓം, ക്ളിം, ബ്ളും, ഹ്രീം, ശ്രീം തുടങ്ങിയവക്ക് എന്തെങ്കിലും അര്‍ഥമുള്ളതായി കാണാന്‍ കഴിയില്ല. ഉദാഹരണത്തിന് രുദ്ര മഹാമന്ത്രത്തിലെ ഈ വരികള്‍ നോക്കാം.

ഓം, ഹ്രീം, സ്‌ഫുര പ്രസ്‌ഫുര പ്രസ്‌ഫുര ഘോരഘോര

തനുറൂപ ചടപട പ്രചട പ്രചട കഹ കഹ ബദ്ധ ബദ്ധ ഘാതായഹുംഫട് സ്വാഹാ

ശബ്ദ കോലാഹലംകൊണ്ട് ദുര്‍ബല മനസ്സില്‍ പ്രകമ്പനം സൃഷ്ടിച്ച് മന്ത്രവാദത്തിന് അടിമയാക്കുകയാണ് മന്ത്രവാദി ചെയ്യുന്നത്. ഒരിക്കല്‍ ഇതെഴുതുന്ന ആള്‍ ഗ്രാമീണ വൈദ്യുതീകരണവുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടിലെ ചില ഗ്രാമങ്ങളില്‍ പോകാന്‍ ഇടയായി. ഒരു ഗ്രാമത്തില്‍വച്ച് ഒരു മന്ത്രവാദിയെ പരിചയപ്പെട്ടു. മലയാളി. അദ്ദേഹത്തിന്റെ മന്ത്രവാദം ഇതായിരുന്നു.

നോക്കെടാ നമ്മുടെ മാര്‍ഗേ കിടക്കുന്ന

മര്‍ക്കടാ നീയങ്ങ് മാറിക്കിടാ, ശഠാ!

ഓം, ഹ്രീം, ക്ളിം, ബ്ളും സ്വാഹാ

ഇതുകൊണ്ട് ആളുകള്‍ക്ക് നല്ല ഫലം കിട്ടുന്നുണ്ടെന്നും, ധാരാളം ആളുകള്‍ മന്ത്രവാദം ചെയ്യിക്കാന്‍ വരുന്നുണ്ടെന്നും, തരക്കേടില്ലാത്ത വരുമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രങ്ങളും തന്ത്രങ്ങളും കൂടാതെ യന്ത്രങ്ങളും ഇന്ന് വളരെ പ്രചാരത്തില്‍ ഉണ്ട്. ആറ്റുകാല്‍ രാധാകൃഷ്ണന്മാര്‍ ധനാകര്‍ഷണ ഭൈരവ യന്ത്രം വിറ്റ് കോടികള്‍ ഉണ്ടാക്കുന്നു. ഈയ്യം, ചെമ്പ്, വെള്ളി, സ്വര്‍ണം എന്നീ ലോഹത്തകിടുകളും താളിയോല, അസ്ഥി തുടങ്ങിയവയും യന്ത്രമന്ത്രാദികള്‍ എഴുതാന്‍ ഉപയോഗിക്കാമെന്നാണ് വിധി. അവയുടെ കൂടുകള്‍ ചെമ്പുകൊണ്ടോ, വെള്ളികൊണ്ടോ, സ്വര്‍ണംകൊണ്ടോ ആയിരിക്കും. ശാന്തികര്‍മങ്ങള്‍ക്കും വശീകരണത്തിനും സ്‌തംഭനത്തിനും ഉച്ചാടനത്തിനും മാരണത്തിനും വ്യത്യസ്ത തകിടുകളാണ് ഉപയോഗിക്കുക. മന്ത്രത്തകിട് എഴുതാന്‍ ഉപയോഗിക്കുന്ന നാരായം, സൂചി എന്നിവയ്ക്കും ദേവതാ ഭേദമനുസരിച്ച് വ്യത്യാസമുണ്ടായിരിക്കും. മാന്ത്രികയന്ത്രം, ഉപയോഗിക്കുന്നതിന് മുമ്പായി ഒരുദിവസം വെള്ളത്തിലിട്ടുവയ്ക്കണം. പുറ്റുമണ്ണ്, നാല്‍പ്പാമരപ്പൊടി എന്നിവ ഉപയോഗിച്ച് കഴുകി വൃത്തിയാക്കണം. യന്ത്രത്തിന്റെ വീര്യം ഉറപ്പാക്കാനാണ് അങ്ങനെ ചെയ്യുന്നത്. യന്ത്രത്തിന് ഏലസ്സ് അല്ലെങ്കില്‍ ഉറുക്ക് എന്നും പറയും. സാമ്പത്തിക വരുമാനത്തിനും, ഇഷ്ട കാമുകിയെയോ, കാമുകനെയോ വശീകരിക്കുന്നതിനും ഏലസ്സുണ്ട്. തകിടില്‍ എഴുതുന്ന മന്ത്രങ്ങള്‍ക്ക് ഒരര്‍ഥവും ഇല്ലെന്നതാണ് സത്യം. ഒന്നു രണ്ടു ഉദാഹരണങ്ങള്‍ കാണാം-

സര്‍വാകര്‍ഷണ യന്ത്രം: ഒരു ഷഡ്‌കോണ്‍ ഒരു തകിടില്‍ വരയുക. മധ്യത്തില്‍ സാന്ധ്യനാമം എഴുതുക. വലതുവശത്ത് 'ക്ളീം' എന്നും, 'എം' എന്നും എഴുതുക. ആറുകോണിലും 'സൌെ' എന്ന മന്ത്രാക്ഷരം എഴുതുക. തകിട് റെഡി.

മായാവശ്യ മാന്ത്രിക യന്ത്രം: മന്ത്രത്തകിടില്‍-

ജൃം ഭേ ജൃംഭിനീ സ്വാഹാ

മോഹേ മോഹതിസ്വാഹാ

അന്ധേ അന്ധതി സ്വാഹാ

രുന്ധേ രുന്ധതി സ്വാഹാ

എന്നെഴുതുക.

ഇങ്ങനെ ഓരോ മന്ത്രം എടുത്തു നോക്കിയാലും ഒരര്‍ഥവുമില്ലാത്ത വാക്കുകളാണെന്ന് കാണാം. വാസ്തവത്തില്‍ എന്താണ് എഴുതിയതെന്ന് മുന്‍കൂട്ടി അറിയാന്‍ കഴിഞ്ഞാല്‍ പിന്നെ ആരും ഇത്തരം ഏലസ്സുകളുടെ പിന്നാലെ പോവുകയില്ല. ഏലസ്സിന്റെ മാന്ത്രികശക്തി കൂട്ടാന്‍ മന്ത്രവാദി ചെയ്യുന്ന ഒരു സൂത്രമുണ്ട്. രാത്രി അരണ്ട വെളിച്ചത്തില്‍ നടത്തുന്ന മന്ത്രവാദത്തിന്റെ ശക്തികൊണ്ട് തകിട് കൂട്ടിന്നുള്ളില്‍ സ്വയം കയറുന്നതായി കാണിക്കുന്നു. അതിന്റെ രഹസ്യം എന്റെ സുഹൃത്തായ മാന്ത്രികന്‍ പറഞ്ഞുതരികയുണ്ടായി. കൂടില്‍ കയറ്റാന്‍ പാകത്തില്‍ ചുരുട്ടിയ തകിടിന്റെ ഒരറ്റം ഒരു തലനാരിഴകൊണ്ടു ബന്ധിക്കുന്നു. മറ്റേ അറ്റം പത്മാസനത്തില്‍ ഇരിക്കുന്ന മാന്ത്രികന്റെ കാല്‍മുട്ടുമായി ബന്ധിക്കുന്നു. മന്ത്രം മുറുകുമ്പോള്‍ എല്ലാവരുടെയും കണ്ണുവെട്ടിച്ച്കാല്‍മുട്ടു ചലിപ്പിച്ച് തകിട് സാവധാനം കൂടിനുള്ളില്‍ കയറ്റുന്നു. ഇരുട്ടിലും പുകയിലും ആര്‍ക്കും തലനാരിഴ കാണാന്‍ കഴിയില്ല.

ഹിന്ദുമത വിശ്വാസികളുടെ ഇടയില്‍ വൈഷ്ണവം, ശൈവം, ശാക്തേയം, ഗാണപത്യം എന്നിങ്ങനെ പലതരത്തിലുള്ള താന്ത്രികവിദ്യകള്‍ ഉണ്ട്. മുസ്ളിങ്ങളുടെ ഇടയില്‍ പരിശുദ്ധ ഖുറാനിലെ ചില വാക്യങ്ങള്‍ ഉരുവിട്ട് രോഗശാന്തിക്ക് വെള്ളവും ചരടും മന്ത്രിച്ചു നല്‍കുന്നു. ഖുര്‍ആന്‍ വാക്യങ്ങള്‍ ഒരു കടലാസില്‍ എഴുതി ആ കടലാസ് കത്തിച്ച ചാരം വെള്ളത്തില്‍ കലക്കിക്കുടിച്ചാല്‍ ദീനം മാറുമെന്ന വിശ്വാസം ചിലരിലുണ്ട്. അതുപോലെ ക്രിസ്ത്യന്‍ വിശ്വാസികളില്‍ കുരിശോടുകൂടിയ പ്രാര്‍ഥനയുടെ രൂപത്തില്‍ പല വിശ്വാസങ്ങളും നിലനില്‍ക്കുന്നു. എല്ലാം ചൂഷണോപാധിയാണ്. അങ്ങനെ മന്ത്രവാദവും ദുര്‍മന്ത്രവാദവും ഒളിഞ്ഞും തെളിഞ്ഞും സമൂഹത്തില്‍ വളരെ വ്യാപകമാണ്. ഇതിന്ന് ഏറ്റവും സഹായമായി വര്‍ത്തിക്കുന്നത് മറ്റൊരന്ധവിശ്വാസമായ ജ്യോതിഷമാണ്.

ഇന്നത്തെ മുതലാളിത്ത വ്യവസ്ഥയില്‍ സ്‌നേഹബന്ധങ്ങളേക്കാളേറെ ഏത് വിധേയനയും ധനം സമ്പാദിക്കുക എന്നതാണ് ഒരു വിഭാഗം ജനങ്ങളുടെ ലക്ഷ്യം. തിരക്കുപിടിച്ച ജീവിതത്തില്‍ പ്രശ്‌നങ്ങളുടെയും കഷ്ടപ്പാടുകളുടെയും മാനസിക പിരിമുറുക്കത്തിന്റെയും ചുഴിയില്‍പെട്ടുഴലുന്ന മനുഷ്യര്‍ അവയുടെ കാരണങ്ങള്‍ കണ്ടെത്താനോ, പരിഹാര മാര്‍ഗങ്ങള്‍ തേടുന്നതിനോ അടുത്ത ബന്ധുക്കളുമായോ സുഹൃത്തുക്കളുമായോ സാമൂഹ്യ പ്രവര്‍ത്തകരുമായോ ബന്ധപ്പെടുന്നതിന് പകരം ജ്യോതിഷികളെയോ പുരോഹിതന്മാരേയോ മന്ത്രവാദികളെയോ സമീപിക്കുന്നു. അവരുടെ ചതിക്കുഴിയില്‍ വീഴുന്നു. ഇങ്ങനെ എത്രയോ തട്ടിപ്പുകളുടെ കഥ നാം ദിവസേന കേള്‍ക്കുന്നു; പത്രങ്ങളില്‍ വായിക്കുന്നു.

ഇതിനെല്ലാം പ്രധാന കാരണം സാധാരണ ജനങ്ങള്‍ മാത്രമല്ല, അഭ്യസ്‌തവിദ്യരും ഏത് പ്രശ്‌നത്തിനും ജ്യോതിഷത്തിലും മന്ത്രവാദത്തിലും അഭയം തേടുന്നതാണ്. വേദങ്ങളില്‍നിന്ന് തുടങ്ങി എത്രയോ നൂറ്റാണ്ടുകളായി മനുഷ്യമനസ്സുകളില്‍ രൂഢമൂലമായ ഇത്തരം അന്ധവിശ്വാസങ്ങള്‍ പിഴുതെറിയുക അത്ര എളുപ്പമല്ല, ജനങ്ങളില്‍ ശാസ്‌ത്രബോധം വളര്‍ത്താന്‍ കഴിഞ്ഞാല്‍ മാത്രമേ ഈ കൊടിയ വിപത്തിന് പരിഹാരമാകൂ.

***

വി സി പത്മനാഭന്

1 comment:

  1. Mr.padmanabhan's "manthravaadam aathmeeyathayudey pariveshathil' is a nice study on the outdated techniques in hinduism as well as other religions. Before moking the entire things which were followed by old generation, you should consider the social setup prevailed that time. We can not say whatever we follow in this time are 100% foolproof. You must remember that the very same Hinduism only invented many things like ayurveda, carnatic music swaras, vaasthu etc etc which are still acceptable by even scientists today. In summary, Hinduism is considering the feeling and wellness of and is suitable to illiterate-common man to highly educated 'hesitating' man. "Loka samastha sukhino bhavanthu".

    ReplyDelete