ഇപ്പോഴത്തെ സാമ്പത്തികകുഴപ്പത്തിലേക്ക് നയിച്ച ധനമേഖലയിലെ തകര്‍ച്ചയുടെ എടുത്തു പറയാവുന്ന പ്രത്യേകത മുതലാളിത്തരാജ്യങ്ങളിലെ ബാങ്കുകള്‍ പൊളിഞ്ഞതാണ്. ഇത് ബാങ്കിങ് വ്യവസ്ഥയില്‍ ഒരു ഘടനാപരമായ മാറ്റത്തിന് നിര്‍ബന്ധിക്കുന്നുണ്ട്. നിക്ഷേപങ്ങള്‍ക്ക് ഗ്യാരണ്ടി നല്‍കിയും കുഴപ്പംപിടിച്ച ആസ്തികള്‍ക്ക് കരുതല്‍തുക മാറ്റിവെച്ചും ഫ്രിഫറൻസ് മൂലധനം അടിച്ചുകയറ്റിയും തകരാറിലായ ബാങ്കിങ്ങ് വ്യവസ്ഥയെ രക്ഷിക്കുന്നതില്‍ പരാജയപ്പെട്ട് യു.കെയിലും യു.എസിലും അയര്‍ലണ്ടിലും മറ്റു സ്ഥലങ്ങളിലും സര്‍ക്കാരുകള്‍ പ്രമുഖബാങ്കുകളുടെ വര്‍ദ്ധിപ്പിച്ച ഓഹരികൈവശംവെച്ച് അവയെ ദേശസാല്‍ക്കരിക്കാന്‍ നിര്‍ബന്ധിക്കപ്പെടുകയാണ്. മിക്ക സംഭവങ്ങളിലും ദേശസാല്‍ക്കരണത്തിലേക്ക് നീങ്ങേണ്ടിവരുന്നത് സര്‍ക്കാര്‍ ആഗ്രഹിച്ചിട്ടല്ല. ബാങ്കുകളെ നിലനിര്‍ത്തണമെങ്കില്‍ വേറെ വഴിയില്ലാത്തതിനാലാണ്. ഓരോ ബാങ്കിന്റെയും നിലനില്പ് പ്രധാനമാകുന്നത് അതില്‍ ഉടമസ്ഥാവകാശമുള്ളവരുടെ താല്പര്യം കൊണ്ടുമാത്രമല്ല, സമ്പദ് വ്യവസ്ഥയെ തന്നെ അത് ബാധിക്കുമെന്നതിനാലാണ്. 'പിന്‍വാതില്‍' ദേശസാല്‍കരണം നടത്തേണ്ടിവരുന്ന ആഗോളബാങ്കുകളുടെ നിര, സിറ്റിഗ്രൂപ്പ്, ബാങ്ക് ഓഫ് അമേരിക്ക, റോയല്‍ ബാങ്ക് ഓഫ് സ്‌കോട്ട്‌ലാൻഡ്, ലോയ്‌ഡ് ഗ്രൂപ്പ് എന്നിങ്ങനെ നീളുന്നു. വിശകലനവിദഗ്ധരും നയരൂപീകരണക്കാരും ഏറ്റവും നല്ല പ്രതിവിധി ദേശസാൽക്കരണം തന്നെയാണെന്ന് ചര്‍ച്ചചെയ്യുന്ന സമയത്തു തന്നെയാണ് ഇത് സംഭവിച്ചുകൊണ്ടിരിക്കുന്നത്. യാഥാര്‍ത്ഥ്യം അംഗീകരിക്കാന്‍ തയ്യാറാകാതെ നടത്തുന്ന പോളിസിചര്‍ച്ചകള്‍ ദേശസാൽക്കരണനീക്കത്തിന്റെ വേഗത മന്ദഗതിയിലാക്കുകയും അത് കുഴപ്പത്തിന്റെ തീവ്രത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.
ചുവരെഴുത്ത് വായിച്ച് പരിഹാരം തേടേണ്ടതിന്റെ അനിവാര്യത മുന്‍കൂട്ടി കണ്ടത് 'സോഷ്യലിസ്റ്റു'കളല്ല. സ്വതന്ത്രകമ്പോളത്തിനുവേണ്ടി ശക്തിയായി നിലകൊള്ളുന്ന മുന്‍ ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ അലന്‍ഗ്രീന്‍സ്പാന്‍ കുഴപ്പത്തിനുമുന്‍പ് തന്നെ ഊഹക്കച്ചവടവും എളുപ്പം പണമുണ്ടാക്കാന്‍ നടത്തുന്ന ഇതരനടപടികളും കണ്ട് ദേശസാൽക്കരണം അനിവാര്യമാണെന്ന് പറഞ്ഞിരുന്നു. 'സ്വതന്ത്രകച്ചവടത്തിന്റെ പെരുന്തച്ച'നെന്ന് ഫൈനാന്‍ഷ്യല്‍ ടൈംസ് പത്രം വിശേഷിപ്പിച്ച ഗ്രീന്‍സ്പാന്‍ ഒരു അഭിമുഖത്തില്‍ ഇങ്ങനെയാണ് പറഞ്ഞത്. "പെട്ടെന്ന് അടുക്കായി ഒരു പുനസംഘടന കൊണ്ടുവരാന്‍ ഏതാനും ബാങ്കുകള്‍ താൽക്കാലികമായി ദേശസാൽക്കരിക്കേണ്ടതാവശ്യമാണ്. നൂറു വര്‍ഷത്തിലൊരിക്കല്‍ ഇങ്ങനെ ചെയ്യേണ്ടിവന്നേക്കാം''
ഈ രാജ്യങ്ങളിലെ ബാങ്കുകള്‍ നേരിടുന്ന പ്രശ്നങ്ങളെന്തെന്നുള്ളതിനെപ്പറ്റി പ്രത്യയശാസ്‌ത്രപരമായ ധാരണ വന്നത് നീണ്ടുനിന്ന ഒരു മാറ്റത്തിന്റെ അന്ത്യത്തിലാണ്. കുഴപ്പത്തിനുകാരണം ബാങ്കുകള്‍ക്ക് വേണ്ടത്ര ലിക്വിഡിറ്റി ഇല്ലാത്തതിനാലാണ് എന്നതില്‍ തുടങ്ങി വിലയിരുത്തലുകള്‍ പലവഴിക്കു നീങ്ങി. ബാങ്കുകള്‍ തമ്മിലും കോര്‍പ്പറേറ്റുകള്‍ തമ്മിലും വായ്‌പയിലും കച്ചവടത്തിലുമുള്ള അപകട സാധ്യതയെക്കുറിച്ചുളള ഭയംകൊണ്ടാണെന്നും വിഷലിപ്തമായ ആസ്തിയുടെ മൂല്യത്തില്‍ കുത്തനെയുണ്ടായ ഇടിവിന്റെ മൂല്യം കണക്കാക്കാന്‍ കഴിയാത്തതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്നും അഭിപ്രായം വന്നു.
അതോടൊപ്പം സബ് പ്രൈം കുഴപ്പം പൊട്ടിപുറപ്പെട്ടപ്പോള്‍ ഇതിനുകാരണം സബ്പ്രൈം മാര്‍ക്കറ്റുകളും സബ് പ്രൈം കടപ്രമാണങ്ങള്‍ കൈകാര്യം ചെയ്ത സ്ഥാപനങ്ങളുമാണെന്ന് വിലയിരുത്തുകയുണ്ടായി. ഒന്നുകില്‍ ബാങ്കുകള്‍ അപകടസാധ്യതയുള്ള ചെറുകിടവായ്‌പകളുടെ മാര്‍ക്കറ്റില്‍നിന്ന് മാറിനില്‍ക്കുകയോ അല്ലെങ്കില്‍ അത്തരം വായ്‌പകള്‍ തങ്ങളുടെ ബാലന്‍സ് ഷീറ്റില്‍നിന്ന് എടുത്തുമാറ്റി കടപ്പത്രങ്ങളാക്കി മറ്റുള്ളവര്‍ക്ക് വിൽക്കുകയോ ചെയ്തതായി കണക്കാക്കപ്പെട്ടു. അതിനാല്‍ സാമ്പത്തിക മേഖലയുടെ കേന്ദ്രമായ ബാങ്കിങ്ങ് സംവിധാനം സബ് പ്രൈം കുഴപ്പമെന്ന രോഗത്തില്‍നിന്ന് മുക്തിനേടിയെന്നും വിലയിരുത്തി. മുകളില്‍ പറഞ്ഞ കടപ്പത്രങ്ങളും ഇവയുടെ ഉറപ്പില്‍ നല്‍കിയ വായ്‌പകളുമെല്ലാംചേര്‍ന്ന് ബാങ്കുകള്‍ക്കുള്ള ബാധ്യത ചെറുതല്ലെന്ന് കാലക്രമേണ വ്യക്തമായി. ഈ ആസ്തികള്‍ക്ക് വന്‍ലാഭസാധ്യതയുള്ളതിനാലോ, അത്തരം ആസ്തികളുടെ വന്‍ശേഖരം വിറ്റഴിക്കാന്‍ കഴിയാത്തതുകൊണ്ടോ കുഴപ്പം പൊട്ടിപുറപ്പെട്ട സമയത്ത് വന്‍തുകക്കുള്ള കടപ്പത്രങ്ങള്‍ കൈവശമുണ്ടായിരുന്നു. ഇത്തരം കടപ്പത്രങ്ങളുണ്ടാക്കി വിതരണം നടത്തുന്നതിന് ചില ബാങ്കുകള്‍ പ്രത്യേക സ്‌കീമുകള്‍ ഉണ്ടാക്കിയിരുന്നു (SPV) ഇവരുടെ കൈവശവും വിഷലിപ്തമായ ആസ്തി(Toxic Asset)ധാരാളമുണ്ടായിരുന്നു. ഇത്തരം ആസ്തികളില്‍ നിക്ഷേപിക്കാനായി ചില സ്ഥാപനങ്ങള്‍ അവരുടെ ഓഹരിയുടെ ചെറിയ ഭാഗവും ബാങ്കില്‍ നിന്നുള്ള വന്‍ വായ്‌പയും ഉപയോഗിക്കാന്‍ ശ്രമിച്ചപ്പോള്‍ ബാങ്കുകള്‍ അതിലും ഇടപെട്ടിരുന്നു. ഈ വിധത്തിലെല്ലാം നേരിട്ടോ അല്ലാതെയോ ബാങ്കുകള്‍ക്ക് ഈയിനത്തില്‍ വന്‍ ബാധ്യതയുണ്ടായി. ഇത്തരത്തിലുള്ള വിവിധ ഊഹക്കച്ചവട ഉപകരണങ്ങളില്‍ വന്ന ഭീമമായ നഷ്ടം എഴുതിത്തള്ളേണ്ട അവസ്ഥയില്‍ ബാങ്കുകളുടെ അടിസ്ഥാനമൂലധനം തന്നെ ഇല്ലാതായെന്ന് ഇപ്പോള്‍ വ്യക്തമാണ്.
നഷ്ടം എത്ര ഭീമമാണ് ?
ബാങ്കുകളുടെ നഷ്ടത്തിന്റെ കണക്കും അവയുടെ ബാലന്‍സ് ഷീറ്റില്‍ കാണിച്ചമോശപ്പെട്ട ആസ്തിയുടെ അളവും വ്യത്യസ്തമാണ്. 2008ലെ ലോകസാമ്പത്തിക സ്ഥിരതാ റിപ്പോര്‍ട്ട് ജനുവരി 28 ന് ഐ.എം.എഫ്. പ്രസിദ്ധീകരിച്ചു. അതുപ്രകാരം യു.എസ്., യൂറോപ്യന്‍ ബാങ്കുകളുടെ യു.എസില്‍ നിന്നുണ്ടായ മോശപ്പെട്ട ആസ്തിയില്‍നിന്നുള്ള നഷ്ടം 2.2 ട്രില്യണ്‍ ഡോളറെന്ന് കണക്കാക്കിയിരിക്കുന്നു. 2 മാസം മുന്‍പ് ഇത് 1.4 ട്രില്യണ്‍ ഡോളര്‍ ആയിരുന്നു.
നഷ്ടസാദ്ധ്യത ഇതിലും കൂടുമെന്നാണ് കണക്കാക്കപ്പെടുന്നത്. അമേരിക്കന്‍ സാമ്പത്തികശാസ്ത്രജ്ഞരായ നോറിയല്‍ റൂബിനിയും എലിസാ പരിസി കപ്പോണും ചേര്‍ന്ന് നടത്തിയ കണക്കെടുപ്പുപ്രകാരം ലോകമാകെ ഈ കുഴപ്പവുമായി ബന്ധപ്പെട്ട ഈടില്ലാത്ത വായ്‌പ 12.37 ട്രില്യണ്‍ ഡോളറും മൊത്തംനഷ്ടം 1.6 ട്രില്യണ്‍ ഡോളറുമാണ്. ഇതില്‍തന്നെ യു.എസ്. ബാങ്കുകളും മറ്റും വരുത്തിയ നഷ്ടം 1.1 ട്രില്യണ്‍ ഡോളര്‍ വരും. ഇപ്പോള്‍ ബാങ്കുകളുടെ കൈവശമുള്ള 10.84 ട്രില്യണ്‍ ഡോളര്‍ വിലവരുന്ന ഇത്തരം ആസ്തിയുടെ വിലയില്‍ ഇടിവുവന്നയിനത്തില്‍ ഒരു 2 ട്രില്യന്‍ ഡോളറെങ്കിലും നഷ്ടമായി എഴുതിത്തള്ളേണ്ടിവരും. ഈ നഷ്ടത്തില്‍ യു.എസ്. ബാങ്കുകളും ബ്രോക്കര്‍മാരും സഹിക്കേണ്ട നഷ്ടം 600 ഉം 700 ബില്യണ്‍ ഡോളറിനിടയില്‍ വരും. എല്ലാം ചേര്‍ന്നാല്‍ സാമ്പത്തികസംവിധാനത്തിന് ഉണ്ടാകാന്‍ പോകുന്ന ആകെ നഷ്ടം 3.6 ട്രില്യണ്‍ ഡോളറായിരിക്കും. അതില്‍ പകുതി അമേരിക്കന്‍ സ്ഥാപനങ്ങളുടേതാണ്. ഈ എസ്റ്റിമേറ്റുകള്‍ ശരിയാണെങ്കില്‍ 2008-ല്‍ 1.3 ട്രില്യണ്‍ മൂലധനമുള്ള വാണിജ്യബാങ്കുകളുടെയും 110 ബില്യണ്‍ മൂലധനമുള്ള നിക്ഷേപബാങ്കുകളുടെയും മൊത്തംമൂലധനത്തെ കവച്ചുവെക്കുന്ന, മൊത്തംസാമ്പത്തികസംവിധാനത്തിന്റെ സീമകള്‍ക്കെല്ലാം അപ്പുറമാണ് മൊത്തംകടമെന്ന് വ്യക്തം.
മൂലധനപര്യാപ്തത സംബന്ധിച്ച് ബേസല്‍ മാനദണ്ഡങ്ങള്‍ ബാങ്കുകള്‍ നടപ്പാക്കുന്നുണ്ടെങ്കിലും മിക്ക ബാങ്കുകളുടെയും മൂലധനഅടിത്തറ താരതമ്യേന കുറവാണ്. മൂലധനപര്യാപ്തത നിലനിര്‍ത്തുന്നതിന് ബാങ്കുകള്‍ വ്യത്യസ്ത തരത്തിലുള്ള ആസ്തികള്‍ ഉപയോഗിക്കുന്നു. അവയുടെ മൂല്യം കണക്കാക്കുന്നതും വ്യത്യസ്ത രീതിയിലാണ്. ഇങ്ങനെ വരുമ്പോള്‍ കൈവശമുള്ള നിയന്ത്രണവിധേയമായ മൂലധനം കുറവും അപകടസാദ്ധ്യതയുള്ള കടപ്പത്രങ്ങളുടെ അളവ് കൂടുതലും എന്ന സ്ഥിതിയുണ്ടാവും. അത് നഷ്ടം നികത്തി നിലനില്ക്കാന്‍ കഴിയാത്ത സ്ഥിതിയിലേക്കാണ് എത്തിക്കുക.
ഇപ്പോള്‍ മൂലധനമടക്കം സര്‍ക്കാര്‍ സഹായം ലഭിച്ചിട്ടുള്ള ബാങ്കുകള്‍ക്ക് ഇനിയും ഒരു അര ട്രില്യണ്‍ ഡോളറിന്റെ മൂലധനസഹായം കൂടി ലഭിച്ചാലേ നിലനില്‍ക്കാന്‍ കഴിയൂ എന്നാണ് ഐ.എം.എഫ് പറയുന്നത്. ഇത്രയോ ഇതില്‍ കൂടുതലോ മൂലധനം സര്‍ക്കാര്‍ നല്‍കേണ്ടി വരുമ്പോള്‍ ചില രാജ്യങ്ങളില്‍ ഈ ബാങ്കുകളുടെ പൊതുഉടമസ്ഥത എന്ന പ്രശ്നവും ഉയര്‍ന്നുവരുന്നു. 2009 ജനുവരിയില്‍ ബ്ളൂംബര്‍ഗ് നടത്തിയ കണക്കെടുപ്പ് പ്രകാരം ബാങ്കുകള്‍ 792 ബില്യണ്‍ ഡോളര്‍ നഷ്ടം എഴുതിത്തള്ളുകയും 826 ബില്യണ്‍ ഡോളര്‍ മൂലധനം ശേഖരിക്കുകയും ചെയ്തു. ഈ മൂലധനത്തില്‍ 380 ബില്യണ്‍ ഡോളര്‍ സര്‍ക്കാരിന്റേതാണ്. ആഗോളതലത്തില്‍ പുതുതായി ശേഖരിച്ച മൂലധനം 918 ബില്യണ്‍ ഡോളറും എഴുതിത്തള്ളിയ കടം 993 ബില്യണ്‍ ഡോളറുമാണ്. ഇതില്‍ അമേരിക്ക 678 ബില്യണ്‍ ഡോളര്‍ മൂലധനം സമാഹരിക്കുകയും 548 ബില്യണ്‍ ഡോളര്‍ എഴുതി തള്ളുകയും ചെയ്തപ്പോള്‍ യൂറോപ്പിന്റെ വിഹിതം ഇക്കാര്യത്തില്‍ യഥാക്രമം 318 ബില്യണ്‍ ഡോളറും 292 ബില്യണ്‍ ഡോളറുമാണ്. യൂറോപ്പ് നഷ്ടം വന്നതിലും താരതമ്യേന വന്‍തുക മൂലധനമായി സമാഹരിച്ചതിനു കാരണം അവിടുത്തെ സര്‍ക്കാരുകള്‍, പ്രത്യേകിച്ചും ഇംഗ്ളണ്ടും അയര്‍ലണ്ടും ഐസ്‌ലന്റും അവരുടെ ബാങ്കുകളുടെ ബാലന്‍സ് ഷീറ്റുകള്‍ നേരെയാക്കാന്‍ ശ്രമിച്ചതിനാലാവാം.
പരസ്പരബന്ധങ്ങള്‍
ബാങ്കിങ്ങ് മേഖലയില്‍ ഇനിയും മൂലധനവിതരണവും സര്‍ക്കാരിന്റെ സാന്നിദ്ധ്യവും വര്‍ധിക്കാനാണ് സാധ്യത. കാരണം നഷ്ടത്തിന്റെ കണക്കുകള്‍ ഇപ്പോഴും ക്രമേണ വന്നുകൊണ്ടിരിക്കുകയാണ്. ഡെറിവേറ്റീവ് പോലുള്ള ഊഹക്കച്ചവട ഉപകരണങ്ങളുടെ ആസ്തി അപ്പപ്പോഴുള്ള മാര്‍ക്കറ്റ്വിലയുടെ മാനദണ്ഡപ്രകാരമേ കണക്കാക്കാന്‍ കഴിയൂ. ഇത് കച്ചവടം ചെയ്യുന്ന ആസ്തികളല്ല. അവയുടെ മൂല്യവും ഒരു പ്രത്യേകഘട്ടത്തിലെ നഷ്ടവും കണക്കാക്കാന്‍ ഏറെ വിഷമങ്ങളുണ്ട്. അമേരിക്കയില്‍ ഇങ്ങനെയുള്ള വില നിശ്ചയിക്കല്‍ നടപടി 2007 ആഗസ്റ്റില്‍ത്തന്നെ തുടങ്ങി. അന്ന് ബെയര്‍സ്റ്റേണ്‍സ് അവരുടെ ഇത്തരം ഒരു കടപ്പത്രത്തിലെ നിക്ഷേപത്തിന്റെ വില പൂര്‍ണമായി നഷ്ടപ്പെട്ടുവെന്നും മറ്റൊന്നിന്റെ വില ഒരു ഡോളര്‍ നിക്ഷേപത്തിന് കിട്ടിയമൂല്യം 9 സെന്റാണെന്നും പ്രഖ്യാപിച്ചു. അതിനുശേഷമിങ്ങോട്ട് 2009 ന്റെ ആരംഭം വരെ നഷ്ടകണക്ക് മുകളിലേക്ക് തന്നെയാണ്. ഈ അനുഭവം, ഒരു നിക്ഷേപബാങ്കില്‍ നഷ്ടം കണ്ടെത്തിയാലും അതിന്റെ അനുരണനങ്ങള്‍ ക്രമപ്രകാരമേ നീങ്ങൂവെന്ന് തെളിയിച്ചു. ബെയര്‍ സ്റ്റേണ്‍സ് ഉയര്‍ന്ന അളവില്‍ ലിവറേജുള്ള ഒരു സ്ഥാപനമായിരുന്നു. 2007 നവംബറില്‍ അതിന്റെ കൈവശമുള്ള വേഗത്തില്‍ കൈമാറാന്‍ കഴിയുന്ന ഓഹരിമൂലധനം 11.1 ബില്യണ്‍ ഡോളറായിരുന്നു. 395 ബില്യണ്‍ ഡോളര്‍ വിലയുള്ള ആസ്തിയായിരുന്നു അതിന്റെ നിക്ഷേപം. (ഇതുരണ്ടും തമ്മിലുള്ള വ്യത്യാസത്തെയാണ് ലിവറേജ് എന്നുപറയുന്നത്)ഇതിന്റെ ലിവറേജ് അനുപാതം 35 നു മേലായിരുന്നു. ഈ ബാങ്കിനോട് മത്സരിക്കുന്ന മറ്റു പലരില്‍നിന്നും വ്യത്യസ്തമായി ഈ ബാങ്കിന്റെ പെട്ടെന്ന് പണമായി മാറ്റാന്‍ കഴിയുന്ന ആസ്തിയും കുറവായിരുന്നു. കൈവശമുണ്ടായിരുന്ന ആസ്തി മോശമായിരുന്നു എന്നുമാത്രമല്ല, ഈ ബാങ്കുമായി ബന്ധപ്പെട്ടിരുന്ന ബാങ്കുകളടക്കമുള്ള സ്ഥാപനങ്ങളുടെയും ആസ്തി മോശപ്പെട്ടതായിരുന്നു. എന്നിട്ടും വരാന്‍ സാദ്ധ്യതയുള്ള നഷ്ടത്തിന്റെ കണക്ക് വളരെ സാവധാനമാണ് തയ്യാറാക്കാനായത്. അതിനാലാണ് ഈ ബാങ്കിനെ രക്ഷിക്കാന്‍ സര്‍ക്കാര്‍ തുടക്കത്തില്‍ പരിധിയില്ലാത്ത വായ്‌പ വാൾസ്‌ട്രീറ്റിലെ ജെ.പി. മോര്‍ഗന്‍ചേസ് ബാങ്കിലൂടെ വാഗ്ദാനം ചെയ്ത് ബെയര്‍ സ്റ്റേണ്‍സിനെ ഏറ്റെടുക്കാന്‍ നിര്‍ദ്ദേശിച്ചത്. അന്ന് പലരും കണക്കാക്കിയതുപോലെ സാമ്പത്തിക കമ്പോളമങ്ങനെ തന്നെപൊട്ടിച്ചിതറിയേക്കാവുന്ന അളവില്‍ ഈ ബാങ്ക്, ഇതരസ്ഥാപനങ്ങളുമായി ബന്ധപ്പെട്ടുനില്‍ക്കുന്നതിനാല്‍ അതിനെ തകരാന്‍ അനുവദിച്ചുകൂടാത്ത സ്ഥിതിയാണുണ്ടായിരുന്നത്.
പക്ഷേ, ഇതുകൊണ്ടൊന്നും ആരും ശരിക്കുള്ള പാഠം പഠിച്ചില്ല. 2008 സെപ്തംബറില്‍ കുഴപ്പത്തിലായ നാലാമത്തെ ഏറ്റവും വലിയ നിക്ഷേപ ബാങ്കായ ലെമാന്‍ ബ്രദേഴ്സ് സഹായാഭ്യാര്‍ത്ഥനയുമായി സമീപിച്ചപ്പോള്‍ അത് തള്ളിക്കളയുകയാണുണ്ടായത്. ഇങ്ങനെ തകരുന്ന ബാങ്കുകളെ സംരക്ഷിക്കാനാവില്ലെന്നാണ് സര്‍ക്കാര്‍ ഈ നിലപാടിലൂടെ നല്‍കിയ സന്ദേശം. ലേമാന്‍ പാപ്പര്‍സൂട്ട് നല്‍കാന്‍ നിര്‍ബന്ധിതരായി. അതുമാത്രമല്ല, സബ് പ്രൈം ബന്ധമുള്ള വായ്‌പയിലൂടെ വന്‍നഷ്ടത്തിലേക്ക് കൂപ്പുകുത്തിയ മെറില്‍ ലിഞ്ചെന്ന ഭീമന്‍, തങ്ങളെ രക്ഷിക്കാന്‍ ആരും വരില്ലെന്ന് മനസ്സിലാക്കി സംയോജനത്തിന് ശ്രമം നടത്തി. ഇതിനെ വിലക്കെടുക്കാന്‍ ആലോചിച്ച ബാങ്ക് ഓഫ് അമേരിക്കയുടെമേല്‍ സമ്മര്‍ദ്ദം കൊണ്ടുവന്ന് മെറില്‍ലിഞ്ചിനെ ഏറ്റെടുപ്പിച്ചു.
ഇത് ലേമാന്‍ സൃഷ്ടിച്ച പ്രശ്നത്തിന്റെ ഒരു ഭാഗം മാത്രമായിരുന്നു. ബാങ്ക് പൊളിഞ്ഞാല്‍ അത് ഉത്തമര്‍ണ്ണരെ എങ്ങനെ ബാധിക്കുമെന്ന പ്രശ്നമുണ്ടായിരുന്നു. സിറ്റി ഗ്രൂപ്പിനും, ബാങ്ക് ഓഫ് ന്യൂമെലോണിനും കൂടി 155 ബില്യണ്‍ ഡോളറിനുമേല്‍ തുകയുടെ ബാധ്യത ഈ ബാങ്കുമായി ബന്ധപ്പെട്ടുണ്ടായിരുന്നു. ഒരു ബില്യണ്‍ ഡോളറിനുമേല്‍ ജപ്പാന്‍ ബാങ്കുകള്‍ക്ക് നല്‍കാനുണ്ടായിരുന്നു. യൂറോപ്യന്‍ ബാങ്കുകളോടും വന്‍ ബാധ്യതയുണ്ടായിരുന്നു. ഈ ബാങ്കുകളുടെയൊക്കെ സാമ്പത്തികസ്ഥിതി കുഴപ്പത്തിലായി. പെട്ടെന്നുതന്നെ ബാങ്കുകള്‍ തടഞ്ഞുനിര്‍ത്താനാവാത്തവിധം തകരാന്‍ തുടങ്ങി. ഒന്നരവര്‍ഷം മുന്‍പുമുതല്‍ സൂചനകള്‍ വന്നുകൊണ്ടിരുന്നെങ്കിലും പ്രശ്നത്തിന്റെ ഗൌരവം ആരും പൂര്‍ണമായി ഉള്‍ക്കൊണ്ടില്ല. നേരത്തെ സൂചിപ്പിച്ചപോലെ ഇത് സബ് പ്രൈം കുഴപ്പവുമായി ബന്ധപ്പെട്ട ഒരു താല്‍ക്കാലികപ്രതിഭാസമെന്ന നിലയിലാണ് അധികാരികള്‍ സമീപിച്ചത്.
മൂലധനം കയറ്റിവിടുന്ന വഴി
സെന്‍ട്രല്‍ ബാങ്കുകള്‍ വന്‍തുക ഈ സംവിധാനത്തിലേക്ക് അടിച്ചുകയറ്റുന്നതും പലിശനിരക്ക് വെട്ടിക്കുറക്കുന്നതുമാണ് പിന്നീട് നാം കണ്ടത്. മൂല്യം നഷ്ടപ്പെട്ട് കുമിഞ്ഞുകൂടിയ വിലയില്ലാത്ത സെക്യൂരിറ്റി കടലാസുകള്‍ സൂക്ഷിച്ച് കുറഞ്ഞ പലിശക്ക് ഈ ബാങ്കുകള്‍ക്ക് വായ്‌പനല്‍കാന്‍ അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ്വ് തയ്യാറായി. പക്ഷേ അതുകൊണ്ടും പ്രശ്നം തീര്‍ന്നില്ല. അപ്പോഴേക്കും ഓരോ സ്ഥാപനവും മറ്റേസ്ഥാപനം പാപ്പരാകുമോ എന്ന ഭീതിയില്‍ വായ്‌പ നല്‍കി കുഴപ്പത്തിലാകാന്‍ സന്നദ്ധരായില്ല. പണമുണ്ടായിട്ടും താഴേക്ക് വിതരണം നടക്കാഞ്ഞപ്പോള്‍ അത് സാമ്പത്തികസംവിധാനത്തിനും യഥാര്‍ത്ഥസമ്പദ്വ്യവസ്ഥക്കും വന്‍ആഘാതമായി.
അപ്പോഴാണ് ഇനി ബാങ്കുകളുടെ കുഴപ്പം പിടിച്ച ആസ്തികള്‍ അവയില്‍ നിന്നും എടുത്തുമാറ്റി കുഴപ്പം തീര്‍ക്കാമോ എന്ന ആലോചനയുണ്ടായത്. അതിന് ബാങ്കുകളെ നല്ലതെന്നും കൊള്ളാത്തതെന്നും വേര്‍തിരിക്കാനായിരുന്നു നിര്‍ദ്ദേശം. പൊതുപണമുപയോഗിച്ച് കുറെ കൊള്ളാത്ത ബാങ്കുകളുണ്ടാക്കി മോശം ആസ്തികള്‍ അവ ഏറ്റെടുത്ത് മറ്റുബാങ്കുകളെ രക്ഷിക്കാം എന്നായിരുന്നു മറ്റൊരു വാദം. ഈ കൊള്ളാത്ത ബാങ്കുകള്‍ക്ക് അസറ്റ് റീ കണ്‍സ്ട്രക്ഷന്റെ പണികൂടി ഏറ്റെടുത്ത് മോശപ്പെട്ട ആസ്തിയുടെ ഒരു ഭാഗം വില്ക്കാം. നല്ലതെന്ന് വിശേഷിപ്പിച്ച ബാങ്കുകള്‍ക്ക് ബിസിനസ്സ് നടത്താം. അങ്ങനെ സമ്പദ്ഘടനയെ രക്ഷപ്പെടുത്താം - ഇതായിരുന്നു പദ്ധതി.
ഇവിടെ ഒരു പ്രധാനകാര്യം വിസ്മരിക്കപ്പെട്ടു. മോശപ്പെട്ട ആസ്തികള്‍ ഏറ്റെടുക്കുന്നത് എന്തുവിലക്കാകാം എന്ന കാര്യം തീരുമാനിച്ചില്ല. ഇവ വാങ്ങിയപ്പോള്‍ നല്‍കിയ വിലക്കോ അതില്‍ കൂടുതലോ നല്‍കിയാല്‍ കെടുകാര്യസ്ഥത കാട്ടിയ ബാങ്ക് മാനേജര്‍മാരെ സംരക്ഷിക്കാന്‍ നികുതിദായകന്റെ പണം ദീപാളി കുളിക്കുകയാണെന്ന വിമര്‍ശനം വരും. കാരണം ഈ ആസ്തികള്‍ക്ക് അത് വാങ്ങിയപ്പോഴുള്ള വിലയുടെ വളരെ ചെറിയ മൂല്യമേ ഇപ്പോഴുള്ളൂ. ഇനി ഈ ആസ്തികള്‍ വില കുറച്ചുവില്ക്കാമെന്ന് കരുതുക. അപ്പോള്‍ വിറ്റുകിട്ടുന്ന തുക തുച്ഛമായിരിക്കും. ബാങ്കുകള്‍ക്ക് വന്‍ നഷ്ടം വരും. ഈ നഷ്ടം എഴുതിത്തള്ളുമ്പോള്‍ ബാങ്ക് തകരുന്ന അവസ്ഥയിലേക്കെത്തും. രക്ഷപ്പെടുത്താന്‍ ഒറ്റവഴിയേ പിന്നെ അവശേഷിക്കുന്നുള്ളൂ. നഷ്ടം മുഴുവന്‍ ബാങ്കുകള്‍ എഴുതിത്തള്ളുക. ബാങ്ക് തകര്‍ച്ച ഒഴിവാക്കാന്‍ ആവശ്യമായ മൂലധനം സര്‍ക്കാര്‍ നല്‍കുന്നു. കൂടുതല്‍ മൂലധനം ഒഴിവാക്കാന്‍ കഴിയാത്ത, മൂലധനം നല്‍കാന്‍ സര്‍ക്കാര്‍ മാത്രം പ്രാപ്തമായ നിലക്ക് ദേശസാല്‍ക്കരണമെന്ന ഭൂതം ഇവിടെ തലയുയര്‍ത്തുകയായിരുന്നു.
മൂലധനം നല്‍കുന്നത് ദേശസാല്ക്കരണമാകുന്നില്ല. വായ്‌പക്കായോ, ഓഹരിയിലെ വോട്ടവകാശമില്ലാത്തതോ, അത് പരിമിതപ്പെടുത്തിയ നിക്ഷേപമായോ നല്കാവുന്നതാണ്. ഉദാഹരണത്തിന് അമേരിക്കയില്‍ ഒന്നാംഘട്ട 700 ബില്യണ്‍ ഡോളറിന്റെ രക്ഷാപാക്കേജില്‍ 387 ബില്യണ്‍ വിവിധ സ്കീമുകളിലായി മൂലധനം നല്‍കിയതായിരുന്നു. കാപിറ്റല്‍ പര്‍ച്ചേസ് പ്രോഗ്രാം, ടാര്‍ഗറ്റഡ് ഇന്‍വെസ്റ്റ്‌മെന്റ് പ്രോഗ്രാം, അസറ്റ് ഗ്യാരണ്ടി പ്രോഗ്രാം എന്നിവ പ്രധാനസ്കീമുകളാണ്. ഇതില്‍ ആദ്യത്തെ സ്കീമില്‍ 300 ബാങ്കുകള്‍ പങ്കെടുത്തു. ഈ സ്കീമില്‍ ബാങ്ക് നേടുന്ന ലാഭത്തില്‍ ലാഭവിഹിതം ഓഹരിയുടമകള്‍ക്ക് വീതം വെക്കുന്നതിനുമുമ്പ് ആദ്യത്തെ 5 വര്‍ഷം 5 ശതമാനം നിരക്കിലും അതിനുശേഷം 9% നിരക്കിലും ഡിവിഡന്റ് സര്‍ക്കാരിന് നല്‍കണം. സര്‍ക്കാരിന് വോട്ടവകാശം ഇല്ല. മൂന്നുവര്‍ഷം കഴിഞ്ഞ് അപ്പോഴത്തെ വിലക്ക് ഈ ഓഹരികള്‍ സ്ഥാപനങ്ങള്‍ക്ക് തിരികെ വാങ്ങുകയും ചെയ്യാം. സമാനമായ വ്യവസ്ഥകളാണ് രണ്ടും മൂന്നും പദ്ധതിയിലുള്ളത്.
പെട്ടെന്ന് കൈമാറാവുന്ന പൊതു ഓഹരി
പൊതുവായ ഓഹരികള്‍ സര്‍ക്കാര്‍ വാങ്ങി ബാങ്കുകളെ സംരക്ഷിക്കുന്ന ഒരു പദ്ധതിയാണിത്. ഇത്തരമുള്ള സാമ്പത്തികസഹായമെല്ലാം ബാങ്കുകള്‍ക്കുണ്ടായ നഷ്ടത്തിന്റെ അളവിന്റെയും, എഴുതിത്തള്ളിയ തുകയുടെയും, അതിനുപകരമായി നല്‍കുന്ന മൂലധനത്തിന്റെയും അളവിനെ ആശ്രയിച്ചായിരുന്നു. ഉദാഹരണത്തിന് പ്രത്യേക അവകാശമുള്ള വന്‍തുകക്കുള്ള ഓഹരിയാണെന്ന് കരുതുക. അത്തരം ഓഹരിയോ, വായ്‌പയോ മൂലധനഘടനക്കും മേലെയാണെങ്കില്‍ ഇങ്ങനെ നഷ്ടം പെട്ടെന്ന് നികത്താനും കഴിയില്ല. ഇത്തരം പ്രത്യേക ഓഹരികളുള്ളവരുടെ സാമ്പത്തികഇടപാടുകള്‍ തീര്‍ത്തശേഷം മാത്രമേ, ആസ്തികള്‍ വില്ക്കാന്‍ കഴിയൂ. ആദ്യംതന്നെ നഷ്ടം വരുന്നത് സാധാരണ ഓഹരി ഉടമകള്‍ക്കാണ്. സംരക്ഷണം വേണ്ടതും അവര്‍ക്കാണ്. ചുരുക്കത്തില്‍ അമേരിക്കന്‍ ട്രഷറി ഓഹരികള്‍, പ്രത്യേകപരിഗണനയുള്ള ഓഹരികള്‍ എന്നിവയെല്ലാം ഒഴിവാക്കിയ ശേഷം ലഭ്യമാവുന്ന, പെട്ടെന്ന് കൈമാറ്റം ചെയ്യാന്‍ കഴിയുന്ന സാധാരണ ഓഹരിമൂല്യം (ഇതിനെ ടാന്‍ജിബിള്‍ കോമണ്‍ ഇക്വിറ്റി = ടി.സി.ഇ = എന്നു പറയും) അടിസ്ഥാനമാക്കിയാണ് സോള്‍വന്‍സി കണക്കാക്കുന്നത്.
മൊത്ത ആസ്തിയില്‍ ടി.സി.ഇ.യുടെ അനുപാതം ഓരോ ബാങ്കിന്റെയും ബാലന്‍സ് ഷീറ്റിന്റെ അടിസ്ഥാനത്തില്‍ കണക്കാക്കുന്നു. ആസ്തിയില്‍ 30 ശതമാനത്തില്‍ താഴെ ടി.സി.ഇ. ഉള്ളവര്‍ക്ക് കൂടുതല്‍ മൂലധനം വര്‍ദ്ധിപ്പിക്കാമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. ബാങ്കുകളും എ.ഐ.ജി. പോലെയുള്ള ഇന്‍ഷൂറന്‍സ് കമ്പനികളും വര്‍ധിച്ച നഷ്ടവും, കൂടുതല്‍ എഴുതിത്തള്ളലും പ്രഖ്യാപിക്കുമ്പോള്‍ ടി.സി.ഇ. അനുപാതം വര്‍ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയേറുന്നു. കടത്തിന് പലിശകൊടുക്കേണ്ടതിനാലും, പ്രത്യേക ഓഹരിക്ക് നിശ്ചിത ഡിവിഡന്റ് നല്‍കാനുള്ളതുകൊണ്ടും, നല്‍കേണ്ട ഡിവിഡന്റിന് ലാഭത്തിന്റെ തോതനുസരിച്ച് മാറ്റമുള്ളതിനാലും വന്‍ തുകയും കടവും പ്രത്യേക അവകാശഓഹരികളും ഉണ്ടാകുന്നത് ബാങ്കുകളുടെ ലിക്വിഡിറ്റിയെ ബാധിക്കുന്നു. സാധാരണ ഓഹരിക്ക് ഈ പ്രത്യേകതകള്‍ ബാധകമല്ല.
ഇടപെടാനുള്ള ഇച്ഛാശക്തി പ്രകടിപ്പിക്കുന്ന സര്‍ക്കാരിന് കുഴപ്പം തടയാന്‍ പ്രത്യേക അവകാശഓഹരിക്കാരോട് നഷ്ടം സഹിക്കാന്‍ നിര്‍ബന്ധം ചെലുത്താന്‍ കഴിയും. സ്വകാര്യവായ്‌പക്കാരുടെ വായ്‌പകള്‍ ഓഹരിയാക്കി മാറ്റാന്‍ സര്‍ക്കാര്‍ നിര്‍ബന്ധം പിടിച്ചാല്‍ വായ്‌പ നല്‍കിയവര്‍ക്ക് ഓഹരിയുടമയെന്ന നിലയില്‍ ലഭ്യമായ സംരക്ഷണം നഷ്ടപ്പെടും. കൂടാതെ കടത്തിനുപകരമായി വന്‍തുകക്ക് സാധാരണ ഓഹരി നല്‍കിയാല്‍ ഓഹരി വില പെട്ടെന്ന് കടത്തിന് പകരമായി നിശ്ചയിച്ച വിലയിലും താഴുകയും നഷ്ടം ബാങ്കുകളില്‍നിന്ന് കടക്കാരിലേക്ക് മാറ്റപ്പെടുകയും അതിന്റെ ഓളങ്ങള്‍ മൊത്തം സമ്പദ് വ്യവസ്ഥയിലേക്ക് പടരുകയും ചെയ്യും. ഇവയെല്ലാം നല്ല തീര്‍ച്ചയുള്ള സാധ്യതകളാണ്. കാരണം, നിക്ഷേപനിലവാരമുള്ള യു.എസ്. ബോണ്ടുകളില്‍ നാലിലൊന്ന് ബാങ്കുകളുടെ ബോണ്ടുകളാണ്. അതുകൊണ്ടാണ് ബാങ്കുകളുടെ വന്‍തോതിലുള്ള തകര്‍ച്ച ഒഴിവാക്കാന്‍ നിക്ഷേപകരെയും ഓഹരിയുടമകളെയും സംരക്ഷിക്കാനും ദേശസാല്ക്കരണമാണ് ഉത്തമമെന്ന് ഗ്രീന്‍സ്പാനിനെപ്പോലെയുള്ളവര്‍ നിര്‍ദ്ദേശിച്ചത്. പൊതുവില്‍ ബാങ്കുതകര്‍ച്ച ഒഴിവാക്കാന്‍ കട-ഓഹരി വച്ചുമാറല്‍ സാധാരണ നടപടിയാണെങ്കിലും ഇന്നത്തെ സാഹചര്യത്തില്‍ അത് ഏറ്റവും നല്ല വഴിയാകാനിടയില്ല. ഇന്‍ഷ്വറന്‍സ്, പെന്‍ഷന്‍ ഫണ്ട് പോലുള്ള നിക്ഷേപങ്ങളില്‍ ബാങ്കുകള്‍ക്ക് വരുന്ന ബാദ്ധ്യതയെ പറ്റിയുള്ള നിക്ഷേപകരുടെയും മറ്റും ആശങ്കയും ഭയവും അകറ്റാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം എന്ന നിലയിലാണ് ദേശസാല്‍ക്കരണം നിര്‍ദ്ദേശിക്കപ്പെടുന്നത്.
ഇതൊക്കെകൊണ്ട് സര്‍ക്കാര്‍ ഏറ്റെടുത്ത പ്രത്യേക ഓഹരികള്‍ (സ്വകാര്യമേഖലയുടേതല്ല) സാധാരണ ഓഹരിയാക്കിമാറ്റണമെന്ന സമ്മര്‍ദ്ദം സാമ്പത്തികസ്ഥാപനങ്ങള്‍ സര്‍ക്കാരിനുമേല്‍ ചെലുത്തുകയാണ്. സര്‍ക്കാര്‍ ഓഹരി 51 ശതമാനത്തിനു മുകളിലായാല്‍ ദേശസാല്‍ക്കരണമായി. സര്‍ക്കാര്‍ ഓഹരി 51 ശതമാനത്തില്‍ താഴെയാണെങ്കിലും ബാങ്കുകളെ നിയന്ത്രിക്കുന്നതടക്കം സ്വാധീനം കൊണ്ടുവരാന്‍ സര്‍ക്കാരിന് കഴിയും. അങ്ങനെ സ്വാധീനിക്കാന്‍ കഴിയുമെന്നു വന്നാല്‍ വായ്‌പ നല്‍കാനോ തിരിച്ചടവ് ഉറപ്പാക്കാനുള്ള ഉത്തരവാദിത്വത്തില്‍നിന്ന് ഒഴിഞ്ഞുമാറാനോ ചുരുക്കം ചിലര്‍ നിക്ഷേപം കുത്തകയാക്കുന്നതനുവദിക്കാനോ സാമൂഹ്യമായി സ്വീകാര്യമല്ലാത്ത രീതിയില്‍ ബാങ്ക് മാനേജര്‍മാര്‍ പെരുമാറുന്നതിനുനേരെ കണ്ണടക്കാനോ സര്‍ക്കാരിന് സാധ്യമല്ല. ശമ്പളവും ബോണസ്സും പിരിച്ചുവിടല്‍ ആനുകൂല്യങ്ങളും പെന്‍ഷനും മറ്റും മാനേജര്‍മാര്‍ക്കു നല്‍കുന്നതില്‍ നിയന്ത്രണവും മേല്‍നോട്ടവും ഉണ്ടാവുകയും കഴിവില്ലാത്തവരോട് പിരിഞ്ഞുപോകാനാവശ്യപ്പെടുകയും ഉത്തരവാദിത്വങ്ങള്‍ നിര്‍വ്വഹിച്ചുവോ എന്നു പരിശോധിക്കപ്പെടുകയും ചെയ്യുന്നത് ദേശസാല്‍ക്കരിക്കപ്പെട്ട ബാങ്കുകളില്‍ സര്‍ക്കാരിന് ഒഴിവാക്കാന്‍ കഴിയാത്ത ചുമതലയായിരിക്കും.
ബാങ്കിങ്ങ് സംവിധാനത്തിന്റെ ഗണ്യമായമേഖലകളില്‍ ഈ ഉത്തരവാദിത്വങ്ങള്‍ നിര്‍വ്വഹിക്കപ്പെടുന്നുണ്ട്. 100 ബില്യണ്‍ ഡോളറില്‍ കൂടുതല്‍ ആസ്തിയുള്ള 19 ബാങ്കുകളെ ഒരു സ്‌ട്രെസ്സ് ടെസ്റ്റിന് (ശക്തിപരീക്ഷണത്തിന്) വിധേയമാക്കിയാണ് 2009ന്റെ 2ഉം 3ഉം പാദങ്ങളില്‍ അവരുടെ നഷ്ടത്തിന്റെ സാധ്യതകളും മൊത്തം ആഭ്യന്തരഉല്പാദനത്തില്‍ വന്നേക്കാവുന്ന വീഴ്ചയും യു.എസ്. ട്രഷറി വിലയിരുത്തിയത്. ഇനി കൂടുതലായി എത്ര മൂലധനം ഈ ബാങ്കുകള്‍ക്ക് വേണ്ടിവരുമെന്നും മറ്റും ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും തീരുമാനിക്കുക. തുടക്കമെന്ന നിലയ്ക്ക് ഇനി വേണ്ടിവരുന്ന മൂലധനം ട്രഷറിയുടെ മാറ്റാന്‍ കഴിയുന്ന പ്രത്യേക സെക്യൂരിറ്റിയായി നല്‍കി പിന്നീട് സ്വകാര്യകേന്ദ്രങ്ങളില്‍നിന്ന് സാധാരണഓഹരികള്‍ സംഘടിപ്പിച്ച് പകരംവക്കാനാണ് തീരുമാനം. ഒരു നിശ്ചിതകാലയളവില്‍ (6 മാസം ഇപ്പോള്‍ കണക്കാക്കിയിരിക്കുന്നു) അതിനു കഴിയാതെവന്നാല്‍ ഇവ 'ആവശ്യത്തിനനുസരിച്ച്' സര്‍ക്കാരിന്റെ ഓഹരിയാക്കി മാറ്റും.
സര്‍ക്കാരിന് സാധാരണ ഓഹരി നല്‍കി ദേശസാല്‍ക്കരണത്തിലേക്കെത്തിക്കുന്നതു ഒഴിവാക്കാന്‍ നടത്തുന്ന ഒരു ശ്രമമായി അനേകംപേര്‍ ഈ തീരുമാനത്തെ വിലയിരുത്തുന്നു. സാധാരണഓഹരിയാക്കി മാറ്റുന്ന പക്ഷം ഇപ്പോള്‍ സര്‍ക്കാര്‍ മുടക്കിയ പണത്തിന്റെ അളവനുസരിച്ച് ദേശസാല്‍ക്കരണം അനിവാര്യമാണ്. സിറ്റി ഗ്രൂപ്പിന്റെ മാത്രം കാര്യമെടുക്കുക. അവിടെ സര്‍ക്കാരിന്റെ പ്രത്യേക ഓഹരി 52 ബില്യണ്‍ ഡോളറാണ്. ഇത് 2009 ഫെബ്രുവരി 20 ന്റെ നിലവാരത്തില്‍ ആ സ്ഥാപനത്തിന്റെ കമ്പോള വിലയുടെ 5 മടങ്ങാണ്. 45 ബില്യണ്‍ ഡോളര്‍ ലഭിച്ച ബാങ്ക് ഓഫ് അമേരിക്കയുടേത് മൊത്തം ഓഹരിയുടെ 66 ശതമാനമാണ്. 35 ബില്യണ്‍ ലഭിച്ച ഫിനാന്‍ഷ്യല്‍ കോര്‍പ്പിന്റേത് 69 ശതമാനമാണ്. 3.4 ബില്യണ്‍ ലഭിച്ച ഫിഫ്ത്ത് തേര്‍ഡ് ബാന്‍ കോര്‍പ്പിന്റേത് 83 ശതമാനമാണ്.
മുകളില്‍ പറഞ്ഞ പോലുള്ള ഓഹരിമാറ്റം നടന്നാല്‍ ദേശസാല്‍ക്കരിക്കപ്പെട്ട ഒരു ബാങ്കിംഗ് സംവിധാനമായി ഇത് മാറും. കാരണം വന്‍ബാങ്കുകളാണ് സര്‍ക്കാരുടമയിലേക്ക് മാറുന്നത്. ഉദാഹരണത്തിന് അമേരിക്കയിലെ ഏറ്റവും വലിയ നാല് വാണിജ്യബാങ്കുകളായ ജെ.പി. മോര്‍ഗണ്‍ ചേസ്, സിറ്റി ഗ്രൂപ്പ്, ബാങ്ക് ഓഫ് അമേരിക്ക, വെല്‍സ് ഫാര്‍ഗോ എന്നിവ മൊത്തംവാണിജ്യബാങ്കുകളുടെ 64 ശതമാനം പ്രതിനിധീകരിക്കുന്നു. ആസ്തിയുടെ കാര്യത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന ബാങ്ക് ഓഫ് അമേരിക്കയുടെ ടി.സി.ഇ. 2.8% ഉം സിറ്റി ഗ്രൂപ്പിന്റേത് 1.5%ഉം ജെ.പി. മോര്‍ഗന്റേത് 38% ഉം ആണ്.
സ്വകാര്യമൂലധനംകൊണ്ട് ബാങ്ക്തകര്‍ച്ച ഒഴിവാക്കാന്‍ കഴിയില്ല എന്ന് പൊതുവില്‍ ബോദ്ധ്യമായിട്ടുണ്ട്. കാരണം ഇവയെല്ലാം ഭീമന്‍സ്ഥാപനങ്ങളാണ്. ഇതാണ് അമേരിക്കക്കു പുറത്തുള്ള വന്‍കിടബാങ്കുകള്‍ പുറംവാതില്‍വഴിയുള്ള ദേശസാല്‍ക്കരണം അംഗീകരിച്ചതിനു കാരണം. സാമ്പത്തികകുഴപ്പം പൊട്ടിപ്പുറപ്പെട്ടത് അമേരിക്കയിലാണെങ്കിലും ദേശസാല്‍ക്കരണം നടന്നത് ഐസ് ലാന്റിലും അയര്‍ലണ്ടിലും ഇംഗ്ളണ്ടിലുമാണ്. റോയല്‍ ബാങ്ക് ഓഫ് സ്‌കോട്ട്‌ലാന്റും, ലോയിഡ്‌സ് ഗ്രൂപ്പും വ്യക്തമായും പൊതുനിയന്ത്രണത്തിലാണ്. മറ്റു ബാങ്കുകളും ഈ വഴി തുടരാനാണ് സാധ്യത.
ദേശസാല്‍ക്കരണത്തിനെതിരെ
അമേരിക്കയില്‍ ദേശസാല്‍ക്കരണത്തിനെതിരെ എതിര്‍പ്പ് തുടരുകയാണ്. 2009 ഫെബ്രുവരിയില്‍ സിറ്റി ഗ്രൂപ്പിന്റെ നഷ്ടം കയറിയപ്പോള്‍ മൂലധനഅടിത്തറ വികസിപ്പിച്ചേ തീരൂ എന്ന അവസ്ഥയില്‍ സര്‍ക്കാരിന്റെ ഓഹരി വിഹിതം 40 ശതമാനത്തില്‍ ഒതുക്കി. പുതിയ ഓഹരി ഇറക്കാതെ സര്‍ക്കാരിന്റെ 45 ബില്യണ്‍ ഡോളറിന്റെ ഓഹരിയില്‍ 25 ബില്യണ്‍ ഡോളര്‍ പ്രത്യേകഓഹരി സര്‍ക്കാര്‍ സാധാരണ ഓഹരിയാക്കി മാറ്റി. അതുപോലെ പ്രത്യേകഓഹരി കൈവശമുള്ള സിംഗപ്പൂര്‍ ഗവണ്‍മെന്റ് ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പ്പറേഷന്‍, സൌദി അറേബ്യന്‍ രാജാവ് അല്‍വലീദ് എന്നിവരുടെ 27 ബില്യണ്‍ ഡോളര്‍ വരുന്ന ഓഹരികള്‍ സാധാരണ ഓഹരികളാക്കി മാറ്റി. അങ്ങനെ സിറ്റി ഗ്രൂപ്പിന്റെ സാധാരണ ഓഹരി സര്‍ക്കാര്‍ കൂടുതല്‍ നിക്ഷേപിക്കാതെ തന്നെ 52 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. ഡിവിഡന്റിനത്തില്‍ 3 ബില്യണ്‍ ഡോളര്‍ ലാഭിക്കാനും കഴിഞ്ഞു. ഇങ്ങനെ ചെയ്തപ്പോള്‍ സര്‍ക്കാരിന്റെ ഓഹരി 38% ആയി. ബാങ്കിന്റെ ടി.സി.ഇ. 8.1 ശതമാനമായി. സ്വകാര്യഉടമസ്ഥത നിലനിര്‍ത്താനും സര്‍ക്കാരിന്റെ പങ്കാളിത്തം 40 ശതമാനത്തില്‍ താഴ്ത്തി നിറുത്താനും കഴിഞ്ഞു. പക്ഷേ ഇങ്ങനെയെല്ലാം ചെയ്യുന്നതുകൊണ്ട് പ്രശ്നം തല്‍ക്കാലം മാറ്റിവക്കാന്‍മാത്രമേ കഴിയൂ. സര്‍ക്കാര്‍ നടത്തുന്ന സ്‌ട്രെസ്സ് ടെസ്റ്റ് പൂര്‍ണമാകുമ്പോള്‍ ഭൂമിക്കച്ചവടക്കാരുമായി ബന്ധപ്പെട്ട ആസ്തിയുടെ മൂല്യം ഇനിയും ഇടിയും. അപകടസാധ്യതയുള്ള ആസ്തി വര്‍ദ്ധിക്കും. സാധാരണഓഹരി വര്‍ദ്ധിപ്പിക്കേണ്ടി വരും. സര്‍ക്കാരിന്റെ പ്രത്യേകഓഹരി സാധാരണഓഹരിയാക്കി മാറ്റേണ്ടി വരും. ഈ പ്രക്രിയയില്‍ കമ്പനി ദേശസാല്‍ക്കരിക്കേണ്ടിവരികയും ചെയ്യും.
ഇത്തരത്തില്‍ ബാങ്കുകളുടെ രക്ഷാപദ്ധതി ഒട്ടേറ മാറ്റങ്ങള്‍ക്ക് വിധേയമായി. പക്ഷേ, ദേശസാല്‍ക്കരണം എതിര്‍ക്കപ്പെടുകയാണ്. ആദ്യത്തെ രക്ഷാപദ്ധതിപ്രകാരം ബാങ്കുകളില്‍നിന്നും കുഴപ്പത്തിലായ ആസ്തി അമേരിക്കന്‍ സര്‍ക്കാര്‍ വാങ്ങുമെന്ന് വാഗ്ദാനം ചെയ്തിരുന്നതാണ്. തുടക്കത്തില്‍ ഈ മൂലധനം നല്‍കുന്ന പദ്ധതി തകര്‍ന്ന ആസ്തിയില്‍ നിന്നുള്ള നഷ്ടം അന്തിമമായി നിശ്ചയിച്ചുകൊണ്ടുള്ള ഒരു സംയുക്ത പരിപാടിയായിരുന്നു. അങ്ങനെ 2008 നവംബറില്‍ സിറ്റി ഗ്രൂപ്പിന്റെ ഭാവിയിലെ നഷ്ടം മൊത്തം ആസ്തിയായ306 ബില്യണ്‍ ഡോളറില്‍ എത്രയെന്ന് നിശ്ചയിക്കുകയും മൂലധനം 27 ബില്യണ്‍ ഡോളര്‍ പ്രത്യേക ഓഹരിക്കുപകരമായി ഉയര്‍ത്തുകയും ചെയ്തു. ആസ്തിയില്‍ നികുതിക്കുമുന്‍പുള്ള നഷ്ടത്തില്‍ നിന്ന് 29 ബില്യണ്‍ ഡോളര്‍ സര്‍ക്കാര്‍ ഏറ്റെടുത്തു. കൂടുതല്‍ വരുന്ന നഷ്ടത്തിന്റെ 10 ശതമാനം ഏറ്റെടുക്കുമെന്നും ഉറപ്പുനല്‍കി. നഷ്ടം 29 ബില്യണ്‍ ഡോളറിനു മുകളിലെത്താന്‍ വിദൂര സാധ്യത മാത്രമേയുള്ളൂവെന്നാണ് അന്ന് സിറ്റിഗ്രൂപ്പിന്റെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറായ ഗാരിക്രിറ്റന്‍ഡര്‍ പറഞ്ഞത്. അതേസമയം അപകടസാധ്യതയുള്ള ആസ്തിയുടെ അളവ് 20 % ആയി കുറക്കാന്‍ സര്‍ക്കാര്‍ അനുവദിക്കുകയും ചെയ്തു. 27 ബില്യണ്‍ ഡോളര്‍ മൂലധനമായി നല്‍കുന്നതോടെ ബാങ്കിന്റെ ബാലന്‍സ് ഷീറ്റിലെ മുഖ്യഘടകങ്ങള്‍ = ടയര്‍ ഒന്ന് മൂലധനഅനുപാതവും മൊത്തം സാധാരണ ഓഹരിയും അപകടസാധ്യതയുള്ള ആസ്തിയും തമ്മിലുള്ള അനുപാതം = പരിഹരിച്ച് ബാലന്‍സ് ഷീറ്റ് ശക്തമാക്കാമെന്നും വിലയിരുത്തപ്പെട്ടു.
ഇത് ബാങ്കിനെ രക്ഷപ്പെടുത്താനുള്ള ഒരു ബഹുമുഖപരിപാടിയായിരുന്നു. ചില വിശകലനവിദഗ്ധര്‍ ചൂണ്ടിക്കാട്ടിയതുപോലെ സര്‍ക്കാരിന്റെ പ്രത്യേക ഓഹരികൊണ്ട് സിറ്റി ഗ്രൂപ്പിന്റെ പിന്നീടുണ്ടായ നഷ്ടം സാധാരണ ഓഹരി മുഴുവന്‍ പോയിട്ടും നികത്താനായില്ല. സര്‍ക്കാരിന്റെ പ്രത്യേക ഓഹരിക്കുള്ള ഡിവിഡന്റായ 52 ബില്യണ്‍ ഡോളര്‍ ബാങ്കിന്റെ ഭാവി ലാഭത്തില്‍നിന്ന് വലിയ പങ്ക് അപഹരിക്കുകയും ചെയ്തു. പ്രതീക്ഷകള്‍ മനോഹരമായിരുന്നു. നഷ്ടം വര്‍ധിച്ചപ്പോള്‍ പ്രത്യേക ഓഹരികള്‍ സാധാരണ ഓഹരിയാക്കി മാറ്റി. എന്നിട്ടും ബാങ്ക് ഓഫ് അമേരിക്കയുടെയും സിറ്റി ഗ്രൂപ്പിന്റെയും ഓഹരിമൂല്യം വീണ്ടും ഇടിയുകയും സര്‍ക്കാര്‍ പണംകൊണ്ട് നിലനിന്നുപോരുന്ന ഈ ബാങ്കുകളുടെ ദേശസാല്‍ക്കരണം അനിവാര്യമാകുകയും ചെയ്ത സാഹചര്യത്തില്‍ വൈറ്റ് ഹൌസ് വക്താവ് റോബര്‍ട്ട് ഗിബ്‌സ് ഇങ്ങനെയാണ് റിപ്പോര്‍ട്ടര്‍മാരോട് പറഞ്ഞത്. "സ്വകാര്യമേഖലയിലുള്ള ബാങ്കിങ്സംവിധാനമാണ് മുന്നോട്ടുള്ള ശക്തിയായ വഴിയെന്ന് ഈ ഭരണം തുടര്‍ന്നും അടിയുറച്ച് വിശ്വസിക്കുന്നു. സര്‍ക്കാര്‍ അതിന്റെ ശരിയായ നിയന്ത്രണം ഉറപ്പുവരുത്തും.''
ദേശസാല്‍ക്കരണത്തിന് ബദലുകള്‍
ദേശസാല്‍ക്കരണത്തിനെതിരെ വിവിധ ന്യായീകരണങ്ങള്‍ ഉന്നയിക്കുന്നുണ്ട്. അതില്‍ ഏറ്റവും ശക്തമായ 2 ന്യായങ്ങളുണ്ട്. ഒന്നാമത്തേത്, ആസ്തിയുടെ വില കണക്കാക്കുന്ന പ്രശ്നം ദേശസാല്‍ക്കരണംകൊണ്ട് പരിഹരിക്കാന്‍ കഴിയില്ല. അതിനാല്‍ അടിച്ചുകയറ്റേണ്ടിവരുന്ന നികുതിദായകന്റെ പണം ഭീമമായിരിക്കും. ഈ പണത്തിന്റെ സംരക്ഷണം ഉറപ്പാക്കാന്‍ കഴിയണമെന്നില്ല. രണ്ടാമത്തേത് അമേരിക്കയില്‍ 8300ലേറെ ബാങ്കുകളുണ്ട്. ഒരിക്കല്‍ ദേശസാല്ക്കരണം ആരംഭിച്ചു കഴിഞ്ഞാല്‍ ഒരു പരിധി നിശ്ചയിക്കുക അസാധ്യമായിരിക്കും. അങ്ങനെ വരുമ്പോള്‍ വീണ്ടും നികുതിദായകനെ പിഴിയേണ്ടി വരും.
അടിയന്തിരദേശസാൽക്കരണമെന്ന നിര്‍ദ്ദേശവും അതിന്റെ പ്രതിബന്ധങ്ങളും പ്രത്യയശാസ്ത്രപരമായ തടസ്സങ്ങളും നേരിടുന്നതിന് രണ്ട് പ്രതിവിധികളാണ് മുന്നിലുള്ളത്. ബാങ്ക് മാനേജര്‍മാരും ഓഹരിയുടമകളും ഉത്തമര്‍ണരുമെല്ലാം ബാങ്കിങ്സംവിധാനത്തിലുള്ള കഴിവും വിശ്വാസവും പുനസ്ഥാപിക്കുമെന്നുറപ്പാക്കി നിയന്ത്രണസംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തുക. നിയന്ത്രകന്‍ എന്ന നിലക്ക് സര്‍ക്കാരിന് ഇത് കൈമാറ്റംചെയ്യാന്‍ ധാരാളം വഴികളുണ്ട്. പ്രത്യേക ഓഹരി കൈവശമുള്ളവര്‍ അത് സാധാരണഓഹരിയാക്കി മാറ്റുന്നുവെന്ന് ഉറപ്പുവരുത്തേണ്ടതും ഇതില്‍ പ്രധാനമാണ്.
മറ്റൊന്ന് താൽക്കാലിക ദേശസാൽക്കരണമാണ്. സാധാരണഓഹരി വാങ്ങി ബാങ്കുകള്‍ ഏറ്റെടുക്കുക. ബാങ്ക് ആരോഗ്യം വീണ്ടെടുക്കുന്നതുവരെ കൈവശംവച്ചശേഷം വീണ്ടും സ്വകാര്യമേഖലക്ക് കൈമാറുക. സര്‍ക്കാരിന്റെ നിക്ഷേപം പൂര്‍ണ്ണമായല്ലെങ്കിലും ഭാഗികമായെങ്കിലും തിരിച്ചെടുക്കുക. നിക്ഷേപം തിരിച്ചെടുക്കാന്‍ നീണ്ടകാലംകൊണ്ട് കഴിഞ്ഞേക്കാം എന്ന പ്രതീക്ഷ ചിലപ്പോള്‍ ശരിയാവണമെന്നില്ല. ചിലപ്പോള്‍ നികുതിദായകന് നഷ്ടംവരാം. ചിലപ്പോള്‍ ബാങ്ക് പൊതുമേഖലയില്‍ തന്നെ തുടരാനും സാധ്യതയുണ്ട്.
1990 കളിലെ സ്വീഡനിലെ ബാങ്കിമ്ഗ് കുഴപ്പം ഒരു ഉദാഹരണമായി പലപ്പോഴും എടുത്തുകാട്ടാറുണ്ട്. പലിശ നിരക്കിലെ മാറ്റവും ഭൂമിയിടപാടും ചേര്‍ന്ന ഒരു ബാങ്ക് കുംഭകോണത്തില്‍ ഫോര്‍സ്റ്റാ സ്പാര്‍ ബാങ്കന്‍ എന്ന സ്വീഡന്റെ ഏറ്റവും വലിയ സേവിങ്ങ്സ് ബാങ്കിന് വന്‍നഷ്ടമുണ്ടായി. തുടര്‍ന്ന് മറ്റുപ്രമുഖബാങ്കുകളും നഷ്ടം റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങി. പ്രശ്നം പരിഹരിക്കാനുള്ള ആദ്യനടപടിയെന്ന നിലയില്‍ ഈ ബാങ്കുകളുടെ സാധാരണ ഓഹരികള്‍ ധാരാളം കൈവശമുണ്ടായിരുന്ന സര്‍ക്കാര്‍ പുതിയ ഷെയറുകളും സ്വകാര്യവ്യക്തികളുടെ കൈവശമുള്ള ഷെയറുകളും അവ ഇഷ്യൂ ചെയ്ത വിലക്കുതന്നെ വാങ്ങി. ബാങ്കിങ്സംവിധാനത്തിലെ മൊത്തം വായ്‌പക്കും സര്‍ക്കാര്‍ ഗാരണ്ടി പ്രഖ്യാപിച്ചു. ഈ ബാങ്കുകളിലെല്ലാം വന്‍തുകയുടെ വിദേശകറന്‍സി സര്‍ക്കാര്‍ നിക്ഷേപിച്ച്, സ്വീഡിഷ് കറന്‍സിയില്‍ കടമെടുക്കാന്‍ സ്വാതന്ത്ര്യം നല്‍കി. എന്നിട്ട് ബാങ്കുകളെ നല്ലതെന്നും നന്നല്ലാത്തതെന്നും രണ്ടായി തരം തിരിച്ചു. മോശപ്പെട്ടതും സംശയാസ്പദവുമായ ആസ്തികളുള്ള ബാങ്കുകളോട് അസറ്റ് റീകണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷനായി പ്രവര്‍ത്തിക്കാനാവശ്യപ്പെട്ടു. അവക്കുവേണ്ട പണം ബാങ്ക് വായ്‌പയായും സര്‍ക്കാര്‍ഓഹരിയായും നല്‍കി. കുഴപ്പത്തിലായ ആസ്തി മുഴുവന്‍ ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ ഇല്ലാതാക്കി തിരിച്ചടവ് പരമാവധിയാക്കുകയായിരുന്നു ലക്ഷ്യം. കുഴപ്പം പരിഹരിച്ചതോടെ നല്ലബാങ്കുകള്‍ ലേലം ചെയ്ത് വിറ്റ് നികുതിദായകന്റെ പണം തിരിച്ചെടുക്കുകയും സ്വകാര്യഉടമസ്ഥത പുനഃസ്ഥാപിക്കുകയും ചെയ്തു. ബാങ്കിങ്ങ് മേഖലയിലെ ഒരു ഭാഗത്തു മാത്രമായിരുന്നു കുഴപ്പമെങ്കില്‍ ഈ പുനഃസംഘടന പരിഗണിക്കാവുന്നതാണ്. "സ്വീഡന്‍ കാര്‍ക്ക് ഒരു ചെറിയ ജോലിയേ ഉണ്ടായിരുന്നുള്ളൂ. അവര്‍ക്ക് ഞങ്ങളുടേതുപോലുള്ള കൂറ്റന്‍സ്ഥാപനങ്ങളെ കൈകാര്യം ചെയ്യേണ്ടിയിരുന്നില്ല.'' കുഴപ്പം പരിഹരിക്കുന്നതില്‍ സര്‍ക്കാരിന് വിജയിക്കാന്‍ കഴിഞ്ഞെങ്കില്‍ അത് കൈവശംവച്ച് ഭാവിയില്‍ കുഴപ്പസാധ്യത ഒഴിവാക്കുകയായിരുന്നില്ലേ ഭംഗി? കുഴപ്പം പരിഹരിക്കുന്നതിന് പൊതുഉടമസ്ഥതാ അവകാശം അതൊഴിവാക്കുന്നതിനേക്കാള്‍ ചിലവേറിയതാണെന്ന് തെളിയിക്കാത്തിടത്തോളം കാലം സ്വകാര്യവൽക്കരിക്കുന്ന നടപടിക്ക് ന്യായീകരണമില്ല.
മറ്റൊരു പ്രധാന കാര്യം കൂടി ശ്രദ്ധിക്കേണ്ടതാണ്. കേവലം ഭരണകെടുകാര്യസ്ഥതക്ക് ഉപരിയായി ബാങ്കുകള്‍ പൊതുഉടമസ്ഥതയിലാക്കുന്നതിനെ എങ്ങിനെയും എതിര്‍ക്കാനുള്ള പ്രവണതക്ക് അതിലും ആഴമേറിയ കാരണങ്ങളുണ്ട്. ബാങ്കിങ്ഘടനയില്‍ 'വാങ്ങുകയും സൂക്ഷിക്കുകയും ചെയ്യുക' എന്ന ബിസിനസ്സ് തന്ത്രത്തില്‍ നിന്നും (ആസ്തി സൃഷ്ടിക്കുകയും കാലാവധിവരെ സൂക്ഷിക്കുകയും ചെയ്യുക എന്ന് സാമാന്യഅര്‍ത്ഥം) 'ഉണ്ടാക്കുകയും വില്‍ക്കുകയും ചെയ്യുക' എന്ന തന്ത്രത്തിലേക്കു മാറി, വായ്‌പയുടെ അപകടസാധ്യത കണ്ട് വായ്‌പയെ കടപത്രങ്ങളാക്കുന്ന നടപടിയിലൂടെ കുഴപ്പം പിടിച്ച ആസ്തികളാക്കി മാറ്റുന്ന രീതിയിലാണ് ഇതിന്റെ ഉറവിടം കിടക്കുന്നത്. ബാങ്കിങ്ങ് നിയന്ത്രണങ്ങള്‍ എടുത്തുമാറ്റിയത് ഇങ്ങനെയുള്ള മാറ്റത്തിലേക്ക് നയിക്കാന്‍ കാരണമായി. ഇതുമൂലം കടപ്പത്രങ്ങളുണ്ടാക്കി രാജ്യാതിര്‍ത്തികള്‍ക്കപ്പുറമായി വികസിച്ച ബാങ്കിങ്ങ് സംവിധാനം പ്രയോജനപ്പെടുത്തി പരിധിയില്ലാതെ വില്പന നടത്താന്‍ കഴിഞ്ഞു. കടം ആരംഭിക്കുന്ന കേന്ദ്രത്തിന് കമ്മീഷനും മറ്റും ലഭിക്കുകയും കടത്തിന്റെ റിസ്ക് ഒഴിവാകുകയും ചെയ്യുകയാണ് ഇതുമൂലം സംഭവിച്ചത്. 1980 മുതല്‍ ബാങ്കിങ്ങ് നിയന്ത്രണങ്ങള്‍ എടുത്തുകളയാന്‍ തുടങ്ങി. 1999ലെ ഗ്രാം-ബീച്ച് ബൈലി ആധുനികവല്‍ക്കരണനിയമത്തോടെ 1930ലെ ഗ്ളാസ് സ്റ്റീഗല്‍ ആക്റ്റ് മുതല്‍ കൊണ്ടുവന്ന നിയന്ത്രണസംവിധാനമാകെ നീക്കി പരിപൂര്‍ണസ്വാതന്ത്ര്യമനുവദിച്ചു. കഴിഞ്ഞ രണ്ടരദശാബ്ദക്കാലത്ത് അമേരിക്കയില്‍ കടത്തില്‍ ഉണ്ടായ വര്‍ദ്ധനവിന്റെ ലോകസാമ്പത്തികഫോറത്തില്‍ അവതരിപ്പിച്ച കണക്കുകള്‍ കാര്യങ്ങള്‍ വ്യക്തമാക്കുന്നു. ക്രഡിറ്റ് മാര്‍ക്കറ്റില്‍നിന്നുള്ള കടം 1980 ല്‍ 160 ശതമാനമായിരുന്നത് 2008ല്‍ 350 ശതമാനമായി ഉയര്‍ന്നു. വര്‍ധനവ് ഗാര്‍ഹികം, സാമ്പത്തികസേവനം എന്നീ രണ്ടുമേഖലയിലൊതുങ്ങി. മൊത്തംആഭ്യന്തരഉത്പാദനവുമായി താരതമ്യം ചെയ്താല്‍ ഗാര്‍ഹികവായ്‌പകള്‍ 1984ല്‍ 45 % ആയിരുന്നത് 2008ല്‍ 97 % ആയി വര്‍ദ്ധിച്ചു. സാമ്പത്തികമേഖലയിലെ കടം അതിലും വേഗത്തിലുയര്‍ന്ന് 1984ല്‍ ജി.ഡി.പി.യുടെ 19 %ല്‍ നിന്നും 2008ല്‍ 115 ശതമാനമായി. ഇത്തരം കുതിപ്പ് കടംവാങ്ങിയവരില്‍ വലിയ പങ്ക് വ്യക്തികളെയും സ്ഥാപനങ്ങളെയും അപകടകാരികളായ കടക്കാരുടെ കൂട്ടത്തിലെത്തിച്ചു.
ഉയര്‍ന്നവളര്‍ച്ചയുടെ സുവര്‍ണഘട്ടത്തില്‍പോലും ഗ്ളാസ് സ്റ്റീഗല്‍പോലെയുള്ള നിയന്ത്രണവ്യവസ്ഥകള്‍ നടപ്പിലാക്കിയിരുന്ന അമേരിക്ക എന്തുകൊണ്ടാണ് നിയന്ത്രണങ്ങളുപേക്ഷിച്ചത്? വായ്‌പ നല്‍കുന്നതിലൂടെ കിട്ടുന്ന പലിശയില്‍ ചിലവുകള്‍ കഴിച്ച് ബാക്കിയില്‍നിന്ന് ഒരു ചെറിയനിരക്കിലുള്ള ലാഭംമാത്രമേ ബാങ്കുകള്‍ക്ക് കിട്ടുമായിരുന്നു എന്നത് ഈ നിയന്ത്രണങ്ങളുടെ ഒരു പ്രത്യേകതയായിരുന്നു. 500 മില്യണ്‍ യു.എസ്. ഡോളറോ അതിലുമേറെയോ ആസ്തിയുള്ള അമേരിക്കന്‍വാണിജ്യബാങ്കുകളുടെ ആദായം 1986 ല്‍ 0.7 ശതമാനമായിരുന്നു. അതില്‍ത്തന്നെ ഏറ്റവും ലാഭമുള്ള ബാങ്കുകളുടെ ശരാശരി ആദായം 1.4 ശതമാനം മാത്രമായിരുന്നു. ആസ്തിയില്‍ നിന്നുള്ള അറ്റ ആദായമാകട്ടെ 5.2 ശതമാനവും. സ്വകാര്യഉടമസ്ഥതയും നിയന്ത്രിക്കപ്പെട്ട ബാങ്കിങ്ഘടനയും തമ്മിലുള്ള ഏറ്റുമുട്ടല്‍ ഒരു പ്രശ്നമായിരുന്നു. മുതലാളിത്ത സംവിധാനത്തില്‍ ബാങ്കുകളുടെ സ്ഥാനം സുപ്രധാനമായതിനാല്‍ അവ സ്വകാര്യ മേഖലയിലാണെങ്കിലും സാമൂഹ്യപ്രാധാന്യമുണ്ടെങ്കിലും സാമ്പത്തികരംഗത്തെ ഇതരസ്ഥാപനങ്ങളെക്കാളും ഇതരമേഖലകളിലെ സ്വകാര്യസ്ഥാപനങ്ങളെക്കാളും കുറഞ്ഞ ലാഭമേ അവര്‍ക്ക് ലഭിക്കൂ എന്ന് ഗ്ളാസ്സ് സ്റ്റീഗല്‍ നിയമം തന്നെ വ്യക്തമാക്കുന്നുണ്ട്. ഈ ആഭ്യന്തരവൈരുദ്ധ്യം നിയമങ്ങളും നിയന്ത്രണങ്ങളും എടുത്തുമാറ്റുന്നതിനുള്ള സമ്മര്‍ദ്ദം കൊണ്ടുവരുന്നുണ്ട്. 1970കളിലെ പണപ്പെരുപ്പം ഈ സമ്മര്‍ദ്ദത്തിന് ശക്തികൂട്ടി. കാരണം അന്ന് സ്വീകരിച്ച പണച്ചുരുക്കനടപടികള്‍ ബാങ്കിങ്ങ് ഒഴികെയുള്ള മേഖലകളില്‍ പലിശനിരക്ക് കൂട്ടാന്‍ അവസരമൊരുക്കിയിരുന്നു. അതുമൂലം ബാങ്കുനിക്ഷേപം ഇതരമേഖലയിലേക്ക് ഒഴുകുകയും ബാങ്കുകളുടെ സുഗമമായ പ്രവര്‍ത്തനം അപകടത്തിലാവുകയും ചെയ്തു. അത് പരിഹരിക്കാന്‍ നിയന്ത്രണങ്ങളില്‍ കൊണ്ടുവന്ന ഇളവുകള്‍ കാര്യങ്ങളെ ഇന്നത്തെ സ്ഥിതിയിലെത്തിക്കുകയും ചെയ്തു. ഗ്ളാസ് സ്റ്റീഗല്‍പോലുള്ള പുതിയനിയന്ത്രണങ്ങള്‍ സ്വകാര്യഉടമസ്ഥതയിലുള്ള ബാങ്കുകളില്‍ ഏര്‍പ്പെടുത്തുന്നതിലൂടെ സൃഷ്ടിക്കപ്പെടുന്ന വൈരുദ്ധ്യം നിയന്ത്രണങ്ങളില്‍ അയവു വരുത്തുന്നതിലേക്ക് എത്തിക്കും. ഇത് ദേശസാല്ക്കരണമെന്ന അനിവാര്യതയിലാണ് ചെന്നെത്തുന്നത് എന്നിപ്പോള്‍ തെളിഞ്ഞിരിക്കുന്നു. അതിനാല്‍ ബാങ്കുകള്‍ ശരിയായ രീതിയില്‍ നടത്തുന്നതിനു മുതലാളിത്തത്തിനു വേണ്ടത് പൊതുഉടമസ്ഥതയിലുള്ള ഒരു ബാങ്കിങ്സംവിധാനമാണ്. ഇപ്പോള്‍ ദേശസാല്ക്കരണം നടത്താനുള്ള നീക്കം ഗ്രീന്‍സ്പാന്‍ പറയുന്നതുപോലെ താൽക്കാലികമാണെങ്കില്‍ മുകളില്‍ പറഞ്ഞ സമസ്യയെ നേരിട്ട് അതിന് പരിഹാരം കണ്ടെത്താന്‍ കഴിയണം.
സൂചന വ്യക്തമാണ്. രോഗഗ്രസ്ഥമായ സ്വകാര്യബാങ്കുകളുടെ പൊതുവായ കടപ്പത്രങ്ങള്‍ വര്‍ധിപ്പിക്കാന്‍ നിര്‍ബന്ധം ചെലുത്താന്‍ കഴിയാത്തിടത്തോളം താല്ക്കാലികമായി ദേശസാല്ക്കരണമല്ലാതെ മറ്റു പരിഹാരമില്ല. ഇങ്ങനെ ചെയ്തശേഷം ഇടക്കാലത്ത് സ്വകാര്യവത്ക്കരണത്തിനാണ് ലക്ഷ്യമിടുന്നതെങ്കില്‍ പൊതുഉടമസ്ഥതയിലുള്ള ബാങ്കിങ്സംവിധാനം നല്ല നിലക്ക് നടത്താന്‍ കഴിയില്ലെന്ന് സമര്‍ത്ഥിക്കാനുള്ള വാദമുഖങ്ങളുണ്ടാവണം. സ്വകാര്യബാങ്കുകളെ നിലനിര്‍ത്താന്‍ നിയന്ത്രണങ്ങളാവശ്യമെന്നും സമര്‍ത്ഥിക്കണം. അല്ലാത്തപക്ഷം മുതലാളിത്തത്തിന് പൊതുബാങ്കിങ്സംവിധാനത്തെ ഉപയോഗിച്ച് അത് നല്ലനിലയില്‍ നടത്തി, അതുമായി പൊരുത്തപ്പെട്ടുപോകേണ്ടിവരും.
*
സി.പി.ചന്ദ്രശേഖരന്‍
അവലംബം : : Must Banks Be Publicly Owned-C.P.Chandrasekhar കടപ്പാട് : Economic & PoliticalWeekly
മലയാളസംഗ്രഹം: എ.സിയാവുദീന്‍, BEFI കേന്ദ്ര കമ്മിറ്റി അംഗം
കടപ്പാട്: വര്‍ക്കേഴ്സ് ഫോറം
No comments:
Post a Comment