Sunday 26 July 2009

ലാവ്ലിന്‍ - സി.പി.എം കേന്ദ്രക്കമ്മിറ്റിക്ക് പറയാനുള്ളത്

ലാവ്ലിന്‍ - സി.പി.എം കേന്ദ്രക്കമ്മിറ്റിക്ക് പറയാനുള്ളത്

എസ്.എന്‍.സി ലാവ്ലിനുമായി ബന്ധപ്പെട്ട വിഷയങ്ങളും പിണറായി വിജയനെതിരായ സി.ബി.ഐ കേസും (2009 ജൂലൈ 11, 12 തീയതികളില്‍ ചേര്‍ന്ന കേന്ദ്രകമ്മിറ്റി യോഗം അംഗീകരിച്ചത്)

പള്ളിവാസല്‍, ശെങ്കുളം, പന്നിയാര്‍ വൈദ്യുതി നിലയങ്ങളുടെ നവീകരണവും ആധുനികവല്‍ക്കരണവും

യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോള്‍ 1995 ആഗസ്റ്റ് 10 ന്, പള്ളിവാസല്‍, ശെങ്കുളം, പന്നിയാര്‍ വൈദ്യുതി നിലയങ്ങളുടെ നവീകരണത്തിനും ആധുനികവല്‍ക്കരണത്തിനുമായി കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് (കെ.എസ്.ഇ.ബി) എസ്.എന്‍.സി ലാവ്ലിന്‍ എന്ന കനേഡിയന്‍ കമ്പനിയുമായി ധാരണാപത്രം ഒപ്പുവച്ചു. അന്ന് എ.കെ. ആന്റണിയായിരുന്നു മുഖ്യമന്ത്രി; ജി. കാര്‍ത്തികേയന്‍ വൈദ്യുതി മന്ത്രിയും. യന്ത്രസാമഗ്രികളും നിയന്ത്രണ സംവിധാനങ്ങളും പൂര്‍ണ്ണമായി മാറ്റി സ്ഥാപിക്കണമെന്ന് നിര്‍ദ്ദേശിച്ച സാങ്കേതിക റിപ്പോര്‍ട്ട് കെ.എസ്.ഇ.ബി അംഗീകരിച്ചു. യു.ഡി.എഫ് ഭരണകാലത്തുതന്നെ ധാരണാപത്രത്തിന്റെ തുടര്‍ച്ചയായി 1996 ഫെബ്രുവരി 24ന് ഇതേ പദ്ധതികള്‍ക്കുവേണ്ടി, കെ.എസ്.ഇ.ബിയും എസ്.എന്‍.സി ലാവ്ലിന്‍ കമ്പനിയും തമ്മില്‍ നടത്തിയ ചര്‍ച്ചകളെത്തുടര്‍ന്ന്, പ്രത്യേകവും എന്നാല്‍ സമാനവുമായ മൂന്ന് നിര്‍വ്വഹണ/കണ്‍സള്‍ട്ടന്‍സി കരാറുകളിലും ഒപ്പുവെച്ചു. പ്രാഥമിക എഞ്ചിനീയറിങ്, വിശദമായ എഞ്ചിനീയറിങ് ഡ്രോയിങ്ങുകളും സവിശേഷ നിര്‍ദ്ദേശങ്ങളും തയ്യാറാക്കല്‍, നിര്‍മ്മാണ പ്രവര്‍ത്തനവും സിവില്‍ ഡ്രോയിങ്ങും, നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടവും പരിശോധനയും എന്നിങ്ങനെയുള്ള ജോലികള്‍ക്കും ഉപകരണങ്ങള്‍ വാങ്ങുന്നതിനും ധനസഹായം സംഘടിപ്പിക്കുന്നതിനും ഈ പദ്ധതികള്‍ പ്രവര്‍ത്തന സജ്ജമാക്കുന്നതിനും എസ്.എന്‍.സി ലാവ്ലിന്‍ കമ്പനിയെ ചുമതലപ്പെടുത്തുന്നതായിരുന്നു ഈ കരാറുകള്‍. കരാറിന്റെ ഷെഡ്യൂളില്‍ ഓരോ പദ്ധതിക്കുംവേണ്ടി മാറ്റി സ്ഥാപിക്കേണ്ട യന്ത്രസാമഗ്രികളുടെയും ഉപകരണങ്ങളുടെയും പട്ടികയും 1995ലെ നിലവാരമനുസരിച്ചുള്ള മതിപ്പുവിലയും ഉള്‍പ്പെടുത്തിയിരുന്നു. എസ്.എന്‍.സി ലാവ്ലിന് കൊടുക്കേണ്ട കള്‍സള്‍ട്ടന്‍സി ചാര്‍ജ്ജ് 24.04 കോടി രൂപയായി നിശ്ചയിച്ചിരുന്നു. ഉപകരണങ്ങളുടെ വിലയായി കണക്കാക്കിയിരുന്നത് 157.40 കോടി രൂപയായിരുന്നു. ഏതെങ്കിലും വിധത്തില്‍ കരാര്‍ ലംഘനം ഉണ്ടായാല്‍ അതിനുവേണ്ടിയുള്ള ആര്‍ബിട്രേഷന്‍ പാരീസിലെ അന്താരാഷ്ട്ര ചേംബര്‍ ഓഫ് കോമേഴ്സിന്റെ ചട്ടങ്ങള്‍ക്കും നടപടിക്രമങ്ങള്‍ക്കും വിധേയമായിട്ടായിരിക്കും എന്ന് കരാറിന്റെ 17-ാം വകുപ്പ് കര്‍ശനമായി നിര്‍ദ്ദേശിക്കുന്നു. ഈ പദ്ധതിക്ക് ആവശ്യമായ വായ്പ എക്സ്പോര്‍ട്ട് ഡെവലപ്മെന്റ് കാനഡ (ഇ.ഡി.സി-കാനഡയിലെ കയറ്റുമതി വികസന ഏജന്‍സി) ലഭ്യമാക്കുന്നതിനും പദ്ധതിക്ക് ആവശ്യമായ ഉപകരണങ്ങള്‍ കാനഡയില്‍നിന്നുതന്നെ വാങ്ങുന്നതിനുമുള്ള വ്യവസ്ഥകളും ഈ കരാറുകളില്‍ ഉള്‍പ്പെടുത്തിയിരുന്നു.

1996 മെയ് മാസത്തില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് പരാജയപ്പെടുകയും ഇ.കെ. നായനാരുടെ നേതൃത്വത്തില്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുകയും ചെയ്തു. പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയായി. ആ കാലത്ത് സംസ്ഥാനം കടുത്ത വൈദ്യുതിക്ഷാമം നേരിടുകയായിരുന്നു. വ്യവസായങ്ങള്‍ക്ക് 100 ശതമാനം പവര്‍കട്ടും വാണിജ്യ-ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ലോഡ്‌ഷെഡ്ഡിങ്ങും അടിച്ചേല്‍പ്പിക്കപ്പെട്ടിരുന്നു. വൈദ്യുതി പ്രതിസന്ധി കാരണം പല വ്യവസായങ്ങളും അടച്ചിട്ടിരിക്കുകയായിരുന്നു. സംസ്ഥാനത്തിന്റെ സമ്പദ്ഘടനയ്ക്ക് കടുത്ത തിരിച്ചടി ഉണ്ടാകാന്‍ അത് കാരണമായി. തൊഴിലില്ലായ്മയുടെ സ്ഥിതി കൂടുതല്‍ വഷളായി.

ഈ വൈദ്യുതി പ്രതിസന്ധിയുടെ പ്രശ്നത്തിന് അടിയന്തര പരിഹാരം കണ്ടെത്തുകയായിരുന്നു എല്‍.ഡി.എഫ് സര്‍ക്കാര്‍ അഭിമുഖീകരിച്ച ഏറ്റവും പ്രധാനപ്പെട്ട പ്രശ്നങ്ങളിലൊന്ന്. വൈദ്യുതിക്ഷാമത്തിന്റെ പ്രശ്നം പരിഹരിക്കുന്നതിന് സര്‍ക്കാര്‍ നിരവധി നടപടികള്‍ സ്വീകരിച്ചു. പള്ളിവാസല്‍, ശെങ്കുളം, പന്നിയാര്‍ പദ്ധതികളുടെ നവീകരണത്തിനും ആധുനികവല്‍ക്കരണത്തിനുമായി യു.ഡി.എഫ് ഭരണകാലത്ത് എസ്.എന്‍.സി ലാവ്ലിന്‍ കമ്പനിയുമായി ഒപ്പുവെച്ച ധാരണാപത്രവും കരാറുകളുമായി മുന്നോട്ടുപോകേണ്ടതുണ്ടോ എന്നതായിരുന്നു പാര്‍ടിയുടെയും സര്‍ക്കാരിന്റെയും മുന്നില്‍ വന്ന പ്രശ്നങ്ങളിലൊന്ന്. എസ്.എന്‍.സി ലാവ്ലിന്‍ കമ്പനിയുമായും മറ്റ് അധികൃതരുമായും ചര്‍ച്ച നടത്തുന്നതിന് 1996 ഒക്ടോബറില്‍ കാനഡ സന്ദര്‍ശിക്കാന്‍ അന്നത്തെ വൈദ്യുതിമന്ത്രി പിണറായി വിജയന് അനുവാദം നല്‍കാന്‍ 1996 ആഗസ്റ്റ് 22-23 തീയതികളില്‍ ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു. വിജയന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം എസ്.എന്‍.സി ലാവ്ലിന്‍ കമ്പനിയുമായും ഇ.ഡി.സിയുമായും കനേഡിയന്‍ ഇന്റര്‍നാഷണല്‍ ഡെവലപ്‌മെന്റ് ഏജന്‍സി (സിഡ)യുമായും ചര്‍ച്ചകള്‍ നടത്തി. കാനഡയില്‍ നടത്തിയ ചര്‍ച്ചകളെത്തുടര്‍ന്ന്, യു.ഡി.എഫ് ഭരണകാലത്ത് ഒപ്പുവച്ച കരാറുകളില്‍ മൂന്ന് സുപ്രധാന മാറ്റങ്ങള്‍ വരുത്താന്‍ എസ്.എന്‍.സി ലാവ്ലിന്‍ കമ്പനിയും കാനഡയിലെ മറ്റു സ്ഥാപനങ്ങളും തയ്യാറായി. ആ മാറ്റങ്ങള്‍ ചുവടെ ചേര്‍ക്കുന്നു:

1. വിദേശ വായ്പയുടെ അളവ് കുറയ്ക്കും.
2. ട്രാന്‍സ്‌ഫോര്‍മറുകളും അനുബന്ധ ഉപകരണങ്ങളും പോലെ ഇന്ത്യയില്‍ യഥേഷ്ടം ലഭ്യമായിട്ടുള്ള ചില ഉപകരണങ്ങള്‍ ഇന്ത്യയില്‍നിന്ന് കെ.എസ്.ഇ.ബിക്ക് വാങ്ങാം.
3. യു.ഡി.എഫ് ഭരണകാലത്ത് ഒപ്പുവെച്ച മൂലകരാറുകളില്‍ കാനഡയില്‍നിന്ന് വാങ്ങാന്‍ സമ്മതിച്ചിരുന്നതും നിശ്ചയിച്ചിരുന്നതുമായ ഉപകരണങ്ങളുടെ എണ്ണവും വിലയും കുറയും. കണ്‍സള്‍ട്ടന്‍സി ചാര്‍ജ്ജ് തുടങ്ങിയവയും കുറയ്ക്കും.

പിണറായി വിജയന്റെ കാനഡ സന്ദര്‍ശനത്തിന്റെ ഫലങ്ങളെയും കാനഡയില്‍ എസ്.എന്‍.സി ലാവ്ലിനുമായും മറ്റ് അധികൃതരുമായും അദ്ദേഹം നടത്തിയ ചര്‍ച്ചകളെയും കുറിച്ച് 1996 നവംബര്‍ 10-12 നും നവംബര്‍ 28-29 നും ചേര്‍ന്ന കേരളത്തിലെ പാര്‍ടിയുടെ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചര്‍ച്ച ചെയ്തു. വായ്പാ തുക, കാനഡയില്‍നിന്ന് ഉപകരണങ്ങള്‍ വാങ്ങേണ്ടതിന്റെ ആവശ്യകത, ഒരു കാന്‍സര്‍ സെന്റര്‍ സ്ഥാപിക്കുന്നതിന് ധനസഹായം ലഭിക്കാനുള്ള സാധ്യത തുടങ്ങിയ വിശദവിവരങ്ങള്‍ പിണറായി വിജയന്‍ സംസ്ഥാന സെക്രട്ടേറിയറ്റില്‍ റിപ്പോര്‍ട്ട് ചെയ്തു. തീരുമാനമെടുത്ത പ്രക്രിയയുടെ ഒരു ഘട്ടത്തിലും പാര്‍ടിയില്‍ ഒരു അഭിപ്രായഭിന്നതയും ഇല്ലായിരുന്നു.

എം.ഒ.യു റൂട്ടിനെപ്പറ്റി

യു.ഡി.എഫ് ഭരണകാലത്ത് ഒപ്പിട്ട എം.ഒ.യു(ധാരണാപത്രം)വുമായും കരാറുകളുമായും മുന്നോട്ടുപോകാന്‍ ഈ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ താഴെപ്പറയുന്ന കാരണങ്ങളാല്‍ കെ.എസ്.ഇ.ബിയും സര്‍ക്കാരും തീരുമാനമെടുത്തു. സംസ്ഥാനം കടുത്ത വൈദ്യുതിക്ഷാമം അഭിമുഖീകരിക്കുകയായിരുന്നു. അതിന് അടിയന്തര പരിഹാരം കാണുന്നതില്‍ കാലതാമസം വരുത്താനാവില്ല. പള്ളിവാസല്‍, ശെങ്കുളം, പന്നിയാര്‍ വൈദ്യുതി പദ്ധതികളാണ് ആ സമയത്ത് കേരളത്തിലെ വൈദ്യുതി ഉല്‍പ്പാദനത്തിലെ 10 ശതമാനം നല്‍കിയിരുന്നത്. യു.ഡി.എഫ് ഭരണകാലത്ത് ഒപ്പിട്ട എം.ഒ.യുവും കരാറുകളും റദ്ദാക്കുന്നത് കാലതാമസത്തിനും നീണ്ട നിയമനടപടികള്‍ക്കും എസ്.എന്‍.സി ലാവ്ലിന്‍ കമ്പനിക്ക് നഷ്ടപരിഹാരം നല്‍കുന്നതിനും ഇടവരുത്തും. യു.ഡി.എഫ് സര്‍ക്കാരുമായി കരാര്‍ ഉറപ്പിച്ചിരുന്ന കണ്‍സള്‍ട്ടന്‍സി ഫീസും ഉപകരണങ്ങളുടെ വിലയും കുറയ്ക്കാന്‍ എസ്.എന്‍.സി ലാവ്ലിന്‍ കമ്പനി സമ്മതിക്കുകയും ചെയ്തു. വിവിധ സ്രോതസ്സുകളില്‍നിന്ന് പണം സമാഹരിച്ച് ഒരു കാന്‍സര്‍ സെന്റര്‍ സ്ഥാപിക്കുന്നതിന് ധനസഹായം ഏര്‍പ്പാടാക്കാമെന്നും എസ്.എന്‍.സി ലാവ്ലിന്‍ കമ്പനി സമ്മതിച്ചു.

നേരിയമംഗലം ജലവൈദ്യുതി നിലയത്തിന്റെ നവീകരണത്തിനും ആധുനികവല്‍ക്കരണത്തിനുമായി യു.ഡി.എഫ് സര്‍ക്കാര്‍ എ.ബി.ബി എന്ന സ്വിസ് കമ്പനിയുമായി ഒപ്പിട്ടിരുന്ന എം.ഒ.യു റദ്ദു ചെയ്തതിന്റെ അനുഭവവും എല്‍.ഡി.എഫ് സര്‍ക്കാരിനുണ്ടായിരുന്നു. പള്ളിവാസല്‍, ശെങ്കുളം, പന്നിയാര്‍ വൈദ്യുതി നിലയങ്ങളുടെ കാര്യത്തിലെന്നപോലെ നിര്‍വ്വഹണ കരാറൊന്നും അതില്‍ ഒപ്പിട്ടിട്ടുണ്ടായിരുന്നതുമില്ല. എന്നിട്ടും, എം.ഒ.യു റദ്ദു ചെയ്തതിനെതിരെ എ.ബി.ബി കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. ആ കേസ് അഞ്ചുവര്‍ഷം നീണ്ടുനിന്നു; ഒടുവില്‍ കോടതിയില്‍നിന്ന് എ.ബി.ബിക്ക് അനുകൂലമായ വിധിയും ഉണ്ടായി. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍, വീണ്ടും നവീകരണത്തിനും ആധുനികവല്‍ക്കരണത്തിനുമുള്ള ജോലികള്‍ എ.ബി.ബിയെത്തന്നെ ഏല്‍പ്പിക്കേണ്ടിവന്നു. ആ കേസ് തീരുന്നതുവരെ പണിയില്‍ കാലതാമസം ഉണ്ടായി. ഈ വശങ്ങളെല്ലാം പരിഗണിച്ചാണ്, യു.ഡി.എഫ് ഭരണകാലത്ത് ഒപ്പിട്ട എം.ഒ.യുവുമായും നിര്‍വ്വഹണ കരാറുമായും മുന്നോട്ടുപോകാന്‍ തീരുമാനിച്ചത്. ഈ വിഷയത്തില്‍ ഒഴികെ, കേരളത്തിലെ മറ്റൊരു വൈദ്യുതി പദ്ധതിയുടെ കാര്യത്തിലും എല്‍.ഡി.എഫ് സര്‍ക്കാര്‍ എം.ഒ.യു റൂട്ട് അംഗീകരിച്ചില്ല; എം.ഒ.യു റൂട്ട് അവസാനിപ്പിക്കാനും ഇത്തരത്തിലുള്ള എല്ലാ ജോലികളും ആഗോള ടെണ്ടര്‍ നല്‍കി നടപ്പിലാക്കാനുമുള്ള സുപ്രധാനമായ ഒരു നയംമാറ്റം എല്‍.ഡി.എഫ് സര്‍ക്കാര്‍ വരുത്തി.

ബാലാനന്ദന്‍ കമ്മിറ്റി

വൈദ്യുതിയുടെ വികസനവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ക്കൊപ്പം വൈദ്യുതിവികസനത്തിനാവശ്യമായ വിഭവസമാഹരണത്തിനുള്ള മാര്‍ഗങ്ങളെക്കുറിച്ചും വ്യക്തമായ ശുപാര്‍ശകള്‍ക്ക് രൂപം നല്‍കാനും ഒരു പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കാനുമായി കേരള സംസ്ഥാന സര്‍ക്കാര്‍ 1996 സെപ്തംബര്‍ 19ന് ഇ ബാലാനന്ദന്‍ അധ്യക്ഷനായി ഒരു കമ്മിറ്റി രൂപീകരിച്ചു. പദ്ധതികള്‍ക്കുവേണ്ടി താഴെപറയുന്ന വശങ്ങള്‍ കമ്മിറ്റി പരിഗണിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ നിര്‍ദേശിച്ചു:

1. ഗാര്‍ഹികവും വ്യാവസായികവും ആദിയായ മേഖലകള്‍ക്കുള്ള വൈദ്യുതിയുടെ ആവശ്യകത കണക്കിലെടുത്ത് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതില്‍ വൈദ്യുതിബോര്‍ഡ് പരാജയപ്പെടുന്നതിനുള്ള കാരണങ്ങളും ആവശ്യമെന്നുണ്ടെങ്കില്‍, സംസ്ഥാന വൈദ്യുതി ബോര്‍ഡിന്റെ പ്രവര്‍ത്തനത്തില്‍ വരുത്തേണ്ട അനിവാര്യമായ മാറ്റങ്ങളും.

2. വരാന്‍ പോകുന്ന വര്‍ഷങ്ങളില്‍ വൈദ്യുതിയുടെ വര്‍ധിച്ചു വരുന്ന ആവശ്യകത പരിഗണിച്ച് വൈദ്യുതി ഉല്‍പ്പാദനത്തിന്റെയും പ്രസരണത്തിന്റെയും വിതരണത്തിന്റെയും വികസനം അതിവേഗത്തിലാക്കാന്‍ സ്വീകരിക്കേണ്ട നടപടികള്‍.

3. ഈ മേഖലയില്‍ ആവശ്യമായി വരുന്ന വര്‍ധിച്ച തോതിലുള്ള പണസമാഹരണത്തിനുള്ള നടപടികള്‍.

1997 ഫെബ്രുവരി രണ്ടിന് കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പള്ളിവാസല്‍, ശെങ്കുളം, പന്നിയാര്‍ പദ്ധതികളില്‍ വൈദ്യുതി ഉല്‍പ്പാദനയന്ത്രങ്ങള്‍ മൊത്തം മാറ്റിസ്ഥാപിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ അത്യാവശ്യമായി മാറ്റിസ്ഥാപിക്കേണ്ട ഭാഗങ്ങള്‍മാത്രം മാറ്റലും ആധുനികവല്‍ക്കരണവുമായി പരിമിതപ്പെടുത്തണമെന്ന് കമ്മിറ്റി മറ്റു പ്രധാന ശുപാര്‍ശകള്‍ക്കൊപ്പം നിര്‍ദേശിച്ചു. പള്ളിവാസല്‍, ശെങ്കുളം, പന്നിയാര്‍ വൈദ്യുതിനിലയങ്ങള്‍ നവീകരിക്കുന്നതിനും ആധുനികവല്‍ക്കരിക്കുന്നതിനുംവേണ്ടി മതിപ്പു ചെലവായി 100.50 കോടി രൂപ വേണ്ടിവരുമെന്നായിരുന്നു കണക്കുകൂട്ടിയിരുന്നത്. പള്ളിവാസല്‍, പന്നിയാര്‍, ശെങ്കുളം വൈദ്യുതിനിലയങ്ങളുമായി ബന്ധപ്പെട്ട ശുപാര്‍ശകള്‍ ചുവടെ ചേര്‍ക്കുന്നു:

പള്ളിവാസല്‍ വൈദ്യുതിനിലയം:

"അടുത്ത മൂന്നുവര്‍ഷത്തിനകം പൂര്‍ത്തിയാക്കേണ്ട അതിപ്രധാന ഹ്രസ്വകാല നടപടിയെന്ന നിലയില്‍ കേന്ദ്രവൈദ്യുതി അതോറിറ്റിയുടെ അനുവാദം ലഭിച്ച ഈ പുനഃസ്ഥാപനപദ്ധതിയുടെ നിര്‍മാണവും ഉള്‍പ്പെടുത്താന്‍ ശുപാര്‍ശ ചെയ്യുന്നു. ഇത്തരം മാതൃകയിലുള്ള പുനഃസ്ഥാപനം തമിഴ്നാട് വൈദ്യുതിബോര്‍ഡ് പൈക്കാറയില്‍ നടപ്പാക്കിവരികയാണ്; മുമ്പ് കര്‍ണാടകത്തില്‍ എം.ജി.എച്ച്.ഇയില്‍ ഇത് ചെയ്തിട്ടുമുണ്ട്.''

ശെങ്കുളം വൈദ്യുതി നിലയം:

"ഇവ പരിഗണിച്ച് ഇന്‍ജക്ടറുകള്‍പോലെയുള്ള അവശ്യഭാഗങ്ങളുടെ മാറ്റിസ്ഥാപിക്കലോ ആള്‍ട്ടര്‍നേറ്ററുകള്‍ മാറ്റുന്നതോ ആയും ഇലക്ട്രോണിക് ഗവര്‍ണറുകള്‍/സ്റ്റാറ്റിക് എക്സൈറ്റേഷന്‍ സിസ്റ്റവും കണ്‍ട്രോള്‍ സിസ്റ്റവും വൈന്‍ഡ് ചെയ്യുന്നതും ആധുനികവല്‍ക്കരിക്കുന്നതുമായും പരിമിതപ്പെടുത്താന്‍ ഈ നിര്‍ദേശങ്ങളെ പുനരവലോകനം ചെയ്യാവുന്നതാണ്. ജി.ഇ.സി ആല്‍സ്തോമില്‍നിന്ന് ഘടകഉപകരണങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് ഇപ്പോള്‍ എളുപ്പമാണ്.''

പന്നിയാര്‍ വൈദ്യുതിനിലയം:

"പൂര്‍ണമായി മാറ്റിസ്ഥാപിക്കുന്നത് പുനഃപരിശോധിക്കാവുന്നതാണ്. മാറ്റിസ്ഥാപിക്കല്‍ അത്യാവശ്യം വേണ്ട ഉപകരണങ്ങളില്‍ മാത്രമായി പരിമിതപ്പെടുത്താവുന്നതുമാണ്. ഒറിജിനല്‍ വിതരണക്കാരായ ജപ്പാനിലെ മെസേഴ്സ് ഹിറ്റാച്ചിയില്‍നിന്നും ഇത്തരം ഇനങ്ങള്‍ ഇപ്പോള്‍ ഇറക്കുമതി ചെയ്യുന്നതും അനായാസമാണ്. ഇലക്ട്രോണിക് ഗവര്‍ണേഴ്സും സ്റ്റാറ്റിക് എക്സൈറ്റേഷന്‍ സിസ്റ്റവും കട്രോള്‍ സിസ്റ്റവും ആയി ആധുനികവല്‍ക്കരിക്കലും നിര്‍ദേശിക്കുന്നു.''

ബാലാനന്ദന്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ ശുപാര്‍ശകളെ അടിസ്ഥാനപ്പെടുത്തി, ആ സമയത്ത് പള്ളിവാസല്‍, ശെങ്കുളം, പന്നിയാര്‍ പദ്ധതികള്‍ക്കുവേണ്ടി എസ്എന്‍സി ലാവ്ലിനുമായി ഒപ്പുവച്ചിരുന്ന കരാറുകള്‍ ഏകപക്ഷീയമായി റദ്ദ് ചെയ്യാന്‍ സര്‍ക്കാരിന് കഴിയുമായിരുന്നില്ല. എസ്എന്‍സി ലാവ്ലിന്‍ കമ്പനിയുമായും മറ്റു സ്ഥാപനങ്ങളുമായുമുള്ള കൂടിയാലോചനകള്‍ അതിനകം പൂര്‍ത്തിയായിക്കഴിഞ്ഞിരുന്നു. 1997 ഫെബ്രുവരി രണ്ടിന് ബാലാനന്ദന്‍ കമ്മിറ്റി അതിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനു മുമ്പുതന്നെ തീരുമാനങ്ങളും കൈക്കൊണ്ടുകഴിഞ്ഞിരുന്നു. അതിനുംപുറമെ, കരാര്‍ ലംഘനം എന്തെങ്കിലും ഉണ്ടായാല്‍, പാരീസിലെ അന്താരാഷ്ട്ര ചേംബര്‍ ഓഫ് കോമേഴ്സിന്റെ ചട്ടങ്ങളും നടപടിക്രമങ്ങളും അനുസരിച്ചുള്ള ആര്‍ബിട്രേഷന് വിധേയമാകേണ്ടതായി വരുമെന്ന് യുഡിഎഫ് ഭരണകാലത്ത് ഒപ്പുവച്ച ധാരണപത്രത്തിലും കരാറുകളിലും കര്‍ശനമായ വ്യവസ്ഥയും ഉണ്ടായിരുന്നു. കരാര്‍ റദ്ദാക്കുകയാണെങ്കില്‍ പണികള്‍ നടപ്പാക്കുന്നതില്‍ കാലതാമസത്തിന് ഇടവരുത്തുകയും ചെയ്യും; എസ്എന്‍സി ലാവ്ലിന് കോടതിയില്‍ പോകാവുന്നതും നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാവുന്നതുമാണ്.

1996 ഒക്ടോബറില്‍ പിണറായി വിജയന്‍ കനഡയില്‍ നടത്തിയ ചര്‍ച്ചകളെയും തുടര്‍ന്നു നടത്തിയ ചര്‍ച്ചകളെയും ആധാരമാക്കി 1996 ഫെബ്രുവരി 24ന്റെ അടിസ്ഥാന കരാറുകള്‍ക്കുള്ള അനുബന്ധ കരാറുകള്‍ 1997 ഫെബ്രുവരി 10ന് കെഎസ്ഇബിയും എസ്എന്‍സി ലാവ്ലിനുമായി ഒപ്പുവച്ചു. ഈ അനുബന്ധ കരാറുകള്‍ പ്രകാരം കനേഡിയന്‍ ഉപകരണങ്ങളുടെ വില 157.40 കോടി രൂപയില്‍നിന്ന് 131.27 കോടി രൂപയായി കുറച്ചു; കണ്‍സള്‍ട്ടന്‍സി ചാര്‍ജ് 24.04 കോടി രൂപയില്‍നിന്ന് 17.88 കോടി രൂപയായും കുറച്ചു. അനുബന്ധങ്ങളും പുതുക്കലുകളും ഒപ്പിട്ടത് സ്വതന്ത്രകരാറുകളായല്ല; മറിച്ച് യുഡിഎഫ് ഭരണകാലത്ത് 1996 ഫെബ്രുവരി 24ന് ഒപ്പുവച്ച നിലവിലുള്ള കരാറുകളുടെ ഭേദഗതികള്‍ എന്ന നിലയിലാണ്. അനുബന്ധങ്ങള്‍ അനുസരിച്ച് ഭേദഗതി വരുത്തിയതല്ലാതെ കരാറിലെ മറ്റെല്ലാ വ്യവസ്ഥകളും യുഡിഎഫ് ഭരണകാലത്ത് 1996 ഫെബ്രുവരി 24ന് ഒപ്പുവച്ച കരാറുകളിലേതുതന്നെയാണ്.

മലബാര്‍ ക്യാന്‍സര്‍ സെന്റര്‍

1997 മെയ് 30നും 31നും ചേര്‍ന്ന കേരള പാര്‍ടി സംസ്ഥാന സെക്രട്ടറിയറ്റ്, കനഡ സന്ദര്‍ശിക്കുന്നതിന് ഇ കെ നായനാര്‍ക്കും പിണറായി വിജയനും അനുവാദം നല്‍കി. കേരളത്തില്‍ ഒരു ക്യാന്‍സര്‍ ആശുപത്രി സ്ഥാപിക്കുന്നതിനായി ധനസഹായം ലഭിക്കുന്നതിനുവേണ്ടി എസ്എന്‍സി ലാവ്ലിന്‍ പ്രതിനിധികളുമായും ഇഡിസിയുമായും സിഐഡിഎയുമായും ചര്‍ച്ച നടത്തുന്നതിനായി ഇ കെ നായനാരുടെ നേതൃത്വത്തിലുള്ളതും പിണറായി വിജയന്‍ ഉള്‍ക്കൊള്ളുന്നതുമായ പ്രതിനിധിസംഘം 1997 ജൂണില്‍ കനഡ സന്ദര്‍ശിച്ചു. സംസ്ഥാനത്തിന്റെ അഭ്യര്‍ഥന അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് കനേഡിയന്‍ അധികൃതരും എസ്എന്‍സി ലാവ്ലിന്‍ പ്രതിനിധികളും സമ്മതിച്ചു. സഹായത്തിന്റെ അളവ് എത്രയായിരിക്കും എന്നതിനെ സംബന്ധിച്ച് അപ്പോള്‍ ഔപചാരികമായ കരാറുകളിലൊന്നിലും എത്തിച്ചേര്‍ന്നില്ല. എന്നാല്‍, മലബാര്‍മേഖലയിലെ തലശേരിയില്‍ ഒരു സ്പെഷ്യാലിറ്റി ക്യാന്‍സര്‍ ആശുപത്രി സ്ഥാപിക്കാമെന്ന് സമ്മതിക്കുകയുണ്ടായി. അവിടെ അത്തരം സൌകര്യങ്ങളൊന്നും ലഭ്യമായിരുന്നില്ല. സിഐഡിഎ, ഇഡിസി, കനഡയിലെ പ്രവിശ്യാ ഗവമെന്റ് തുടങ്ങിയവ അടക്കം വിവിധ ഏജന്‍സികളില്‍നിന്ന് സംഭാവന പിരിച്ചുതന്ന് കേരളത്തെ സഹായിക്കാമെന്ന് എസ്എന്‍സി ലാവ്ലിന്‍ കമ്പനി സമ്മതിച്ചു.

1997 ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ കേരളം സന്ദര്‍ശിച്ച എസ്എന്‍സി ലാവ്ലിന്‍ കമ്പനി സംഘം, ക്യാന്‍സര്‍ സെന്റര്‍ സ്ഥാപിക്കുന്നതിനുള്ള വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കി. 1997 ഡിസംബര്‍ 23ന് അവര്‍ ആ നിര്‍ദേശം കേരളസര്‍ക്കാരിന് സമര്‍പ്പിച്ചു. ആ പദ്ധതി റിപ്പോര്‍ട്ടില്‍ കനഡയില്‍നിന്നുള്ള സഹായം 98.3 കോടി രൂപയുടേത് ആയിരിക്കുമെന്ന് പ്രസ്താവിച്ചിരുന്നു; സംസ്ഥാനസര്‍ക്കാര്‍ അഞ്ചുകോടി രൂപ ചെലവഴിച്ച് ഭൂമിയും മറ്റ് അനുബന്ധസൌകര്യങ്ങളും ഒരുക്കണമെന്നും പ്രസ്താവിച്ചിരുന്നു. മലബാര്‍ ക്യാന്‍സര്‍ സെന്ററിനെ സംബന്ധിച്ച പദ്ധതി റിപ്പോര്‍ട്ട് 1998 ജനുവരി 20ന് മന്ത്രിസഭ അംഗീകരിച്ചു. 1998 ഏപ്രില്‍ 25ന് മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ സ്ഥാപിക്കുന്നതിനെ സംബന്ധിച്ച എംഒയു കേരളസര്‍ക്കാരും എസ്എന്‍സി ലാവ്ലിനും തമ്മില്‍ ഒപ്പുവച്ചു. പദ്ധതി റിപ്പോര്‍ട്ട് അനുസരിച്ച്, സിഐഡിഎ അടക്കമുള്ള കനഡയിലെ വിവിധ ഏജന്‍സികളില്‍നിന്ന് സഹായധനം സംഭരിച്ച്, സ്പെഷ്യാലിറ്റി ക്യാന്‍സര്‍ സെന്റര്‍ സ്ഥാപിക്കുന്നതിന് കേരളത്തെ സഹായിക്കാമെന്ന് എസ്എന്‍സി ലാവ്ലിന്‍ സമ്മതിച്ചിരുന്നു. അന്ന് ഒപ്പുവച്ച എംഒയുവിന്റെ സാധുത തുടക്കത്തില്‍ ആറുമാസക്കാലത്തേക്കായിരുന്നു. അതിനുശേഷം, അതിന്റെ സ്ഥാനത്ത് ഔപചാരികമായ മെമ്മോറാണ്ടം ഓഫ് എഗ്രിമെന്റ് ഒപ്പിടുന്നതുവരെ പുതുക്കിക്കൊണ്ടിരിക്കുകയും വേണം. 1998 ഒക്ടോബര്‍ മൂന്നിന് എംഒയു മൂന്നുമാസക്കാലത്തേക്കുകൂടി നീട്ടി. പിന്നീട് 2002 മാര്‍ച്ചുവരെ എംഒയു തുടര്‍ച്ചയായി യഥാസമയം പുതുക്കിക്കൊണ്ടിരുന്നു. അതിനുശേഷം അത് അസാധുവായി. എംഒയു അനുസരിച്ച്, ആശുപത്രിയുടെ ഡിസൈനും സാധനങ്ങളുടെ സംഭരണവും കെട്ടിടം പണിക്കുള്ള കരാറുകള്‍ ഉണ്ടാക്കലും നിര്‍മാണത്തിന്റെ മേല്‍നോട്ടവും എല്ലാം എസ്എന്‍സി ലാവ്ലിന്‍ നിര്‍വഹിക്കും. ഒരു ഫിനാന്‍ഷ്യല്‍ സംവിധാനം സ്ഥാപിച്ച്, ധനസഹായ ദാതാക്കളോടും ഫിനാന്‍ഷ്യല്‍ സ്ഥാപനങ്ങളോടും ചര്‍ച്ച നടത്തി ഉടമ്പടി ഉണ്ടാക്കിക്കൊണ്ട് പദ്ധതിക്കാവശ്യമായ തുക ലാവ്ലിന്‍ സംഭരിച്ചുതരുമെന്ന് വ്യവസ്ഥയുണ്ടായിരുന്നു. ഔപചാരികമായ കരാര്‍ ഉണ്ടാക്കുന്നതുവരെ എംഒയു പ്രാബല്യത്തിലുണ്ടാകുമെന്നും സമ്മതിച്ചിരുന്നു.

എംഒയുവിന്റെ അടിസ്ഥാനത്തില്‍, ആ എംഒയുവിനു പകരമായി ഒരു കരട് കരാര്‍ തയ്യാറാക്കിയ എസ്എന്‍സി ലാവ്ലിന്‍ കമ്പനി, 2000 മെയില്‍ അത് സര്‍ക്കാരിന് അയച്ചുകൊടുത്തു. ആ കരട് കരാര്‍ സര്‍ക്കാരിന്റെ പരിഗണനയിലായിരുന്നു. പൊതുതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പരാജയപ്പെട്ടു. 2001 മെയില്‍ യുഡിഎഫ് സര്‍ക്കാര്‍ രൂപീകരിക്കപ്പെട്ടു. എ കെ ആന്റണി മുഖ്യമന്ത്രിയും കടവൂര്‍ ശിവദാസന്‍ വൈദ്യുതിമന്ത്രിയും ആയി. മലബാര്‍ ക്യാന്‍സര്‍ സെന്ററിനുള്ള എംഒയു 2001 സെപ്തംബര്‍ 14ന് എസ്എന്‍സി ലാവ്ലിന്‍ കമ്പനി പുതുക്കി; എന്നാല്‍, മുമ്പത്തെപ്പോലെ അത് വീണ്ടും പുതുക്കാത്തതുകാരണം 2002 മാര്‍ച്ച് 14ന് അത് കാലഹരണപ്പെട്ടു.

എംഒയു കാലഹരണപ്പെട്ടെങ്കിലും സര്‍ക്കാരുമായി കരാര്‍ ഒപ്പിടാന്‍ തങ്ങള്‍ സന്നദ്ധരാണെന്നു കാണിച്ചുകൊണ്ടുള്ള ഒരു കത്ത് 2002 ഡിസംബര്‍ രണ്ടിന് അന്നത്തെ കേരള മുഖ്യമന്ത്രി എ കെ ആന്റണിക്ക് എസ്എന്‍സി ലാവ്ലിന്‍ കമ്പനി അയക്കുകയുണ്ടായി. ആ കത്തില്‍ ഇങ്ങനെ പ്രസ്താവിക്കുന്നു:

"2. എസ്.എന്‍.സി ലാവ്ലിനും മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ സൊസൈറ്റിയും തമ്മിലുള്ള ബന്ധത്തിന് ആധാരമായ ആദ്യത്തെ എം.ഒ.യു 1998 ഏപ്രില്‍ 25നാണ് ഒപ്പുവെച്ചത്. അത് കുറെക്കാലമായി കാലഹരണപ്പെട്ടിരിക്കുകയാണ്. രണ്ടിലേറെ കൊല്ലങ്ങള്‍ക്കുമുമ്പ് ഞങ്ങള്‍ ഒരു പുതിയ കരട് കരാര്‍ സമര്‍പ്പിക്കുകയുണ്ടായി. അതിനെ സംബന്ധിച്ച സൊസൈറ്റിയുടെ പ്രതികരണം ഞങ്ങള്‍ കാത്തിരിക്കുകയാണ്. ഇക്കാര്യത്തില്‍ കൂടുതല്‍ മുന്നോട്ടുപോകുന്നതിനുമുമ്പ് ആ കരട് കരാര്‍ ചര്‍ച്ച ചെയ്ത് ഒപ്പുവയ്ക്കപ്പെടേണ്ടതുണ്ട്.''

യുഡിഎഫ് സര്‍ക്കാരിന്റെ ഭരണകാലത്ത് എംഒയു കാലഹരണപ്പെട്ടു. ഒരു കരാര്‍ ഒപ്പിടുന്നതിന് ലാവ്ലിന്‍ കമ്പനി സന്നദ്ധമായിരുന്നിട്ടും അവരുമായി യുഡിഎഫ് സര്‍ക്കാര്‍ കരാര്‍ ഒപ്പിട്ടില്ല. അതിന്റെ ഫലമായി സംസ്ഥാനത്തിനുണ്ടായ നഷ്ടത്തിന് യുഡിഎഫ് സര്‍ക്കാര്‍ മാത്രമാണ് ഉത്തരവാദി. പിണറായി വിജയനോ എല്‍ഡിഎഫ് സര്‍ക്കാരോ അതിന് ഒട്ടുംതന്നെ ഉത്തരവാദികളല്ല.

സിബിഐ ചട്ടുകമായി

പള്ളിവാസല്‍, ശെങ്കുളം, പന്നിയാര്‍ പദ്ധതികളുടെ നവീകരണവും ആധുനികവല്‍ക്കരണവുമായി ബന്ധപ്പെട്ടോ മലബാര്‍ ക്യാന്‍സര്‍ സെന്ററുമായി ബന്ധപ്പെട്ടോ ഒരു അഴിമതിയിലും പിണറായി വിജയന്‍ ഉള്‍പ്പെട്ടിട്ടില്ല. 1996 മെയിലാണ് പിണറായി വിജയന്‍ വൈദ്യുതിമന്ത്രിയായി ചാര്‍ജെടുത്തത്. 1998 ഒക്ടോബറില്‍ മന്ത്രിപദവി ഒഴിഞ്ഞ് കേരളത്തിലെ പാര്‍ടിയുടെ സംസ്ഥാന സെക്രട്ടറിയായി ചുമതലയേല്‍ക്കുകയും ചെയ്തു. പള്ളിവാസല്‍, ശെങ്കുളം, പന്നിയാര്‍ വൈദ്യുതപദ്ധതികളുടെ എംഒയുവും നിര്‍വഹണ-കസള്‍ട്ടന്‍സി കരാറുകളും ഒപ്പിട്ടത് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് യഥാക്രമം 1995 ആഗസ്ത് 10നും 1996 ഫെബ്രുവരി 24നും ആണ്. പിണറായി വിജയന്‍ വൈദ്യുതിമന്ത്രിയായതിനുശേഷം, 1996 ആഗസ്ത് 22നും 23നും ചേര്‍ന്ന പാര്‍ടി സംസ്ഥാന സെക്രട്ടറിയറ്റ് യോഗത്തിന്റെ അനുവാദത്തോടെ, അദ്ദേഹം കനഡ സന്ദര്‍ശിക്കുകയും എസ്എന്‍സി ലാവ്ലിന്‍ കമ്പനിയുമായും മറ്റ് ബന്ധപ്പെട്ട അധികൃതരുമായും ചര്‍ച്ച നടത്തുകയുംചെയ്തു. കസള്‍ട്ടന്‍സി ചാര്‍ജും കനഡയില്‍നിന്ന് വാങ്ങിയ ഉപകരണങ്ങളുടെ വിലയും അവയുടെ അളവും കുറയ്ക്കുന്നതിന് ആ ചര്‍ച്ചകള്‍ സഹായകമായി. 1997 ഫെബ്രുവരി 10ന് അനുബന്ധ കരാര്‍ ഒപ്പിട്ടതുവഴി മേല്‍പ്പറഞ്ഞ മാറ്റങ്ങള്‍ എംഒയുവിലും കരാറിലും വരുത്തുകയും ചെയ്തു. 1996 നവംബര്‍ 10-12 തീയതികളിലും 1996 നവംബര്‍ 28-29 തീയതികളിലും ചേര്‍ന്ന പാര്‍ടിയുടെ സെക്രട്ടറിയറ്റ് യോഗങ്ങളില്‍ കനഡയിലെ ചര്‍ച്ചകളുടെ ഫലം റിപ്പോര്‍ട്ട് ചെയ്യപ്പെടുകയുമുണ്ടായി. ക്യാന്‍സര്‍ സെന്ററുമായി ബന്ധപ്പെട്ട വിഷയങ്ങളും സംസ്ഥാന സെക്രട്ടറിയറ്റില്‍ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. 1997 മെയ് 30നും 31നും ചേര്‍ന്ന പാര്‍ടി സംസ്ഥാന സെക്രട്ടറിയറ്റ് യോഗമാണ് ഇ കെ നായനാര്‍ക്കും പിണറായി വിജയനും കനഡ സന്ദര്‍ശിക്കാനുള്ള അനുവാദം നല്‍കിയത്. ക്യാന്‍സര്‍ സെന്റര്‍ സ്ഥാപിക്കുന്നതിനുള്ള ധനസഹായത്തിനുള്ള എംഒയു ഒപ്പിട്ടത് 1998 ഏപ്രില്‍ 25നാണ്. 1998 ഒക്ടോബര്‍ മൂന്നിന് അത് വീണ്ടും പുതുക്കി.
പള്ളിവാസല്‍, ശെങ്കുളം, പന്നിയാര്‍ പദ്ധതികളുടെ നവീകരണത്തിനും ആധുനികവല്‍ക്കരണത്തിനും വേണ്ടിയുള്ള നടപടികള്‍ ആരംഭിച്ചത് 1999ലാണ്. ഒന്നാംഘട്ടം 2001ല്‍ കമീഷന്‍ചെയ്തു. ഈ പദ്ധതിയുടെ അവസാനഘട്ടം 2003 ജനുവരിയില്‍ പൂര്‍ത്തീകരിച്ച് കമീഷന്‍ചെയ്തു. കരാറുകളില്‍ എസ്എന്‍സി ലാവ്ലിന്‍ കമ്പനിക്ക് നല്‍കാമെന്ന് വ്യവസ്ഥ ചെയ്തിരുന്ന ആകെ തുക 149 കോടി രൂപയായിരുന്നു. ഇന്ത്യയില്‍നിന്ന് വാങ്ങിച്ച ഉപകരണങ്ങള്‍ക്കും മറ്റുമായി കെഎസ്ഇബി ചെലവഴിച്ചത് ഏതാണ്ട് 90 കോടി രൂപയുമാണ്. ഈ മൂന്നു പദ്ധതികളും പൂര്‍ത്തിയായപ്പോള്‍ അവയ്ക്കുവേണ്ടി ആകെ വേണ്ടിവന്ന ചെലവ് 374.5 കോടി രൂപയാണ് എന്നാണ് സിഎജി റിപ്പോര്‍ട്ടില്‍ കണക്കാക്കപ്പെട്ടിരിക്കുന്നത്. കനഡയുടെ ഡോളറിന്റെ മൂല്യത്തില്‍ വന്ന വ്യത്യാസം, ഭാവിയില്‍ കൊടുക്കേണ്ടിവരുന്ന പലിശ, ജീവനക്കാരുടെ ശമ്പളം തുടങ്ങിയവയെല്ലാം കൂട്ടിയിട്ടാണ് ഈ അധികത്തുക കിട്ടിയത്.

എംഒയു പ്രാബല്യത്തില്‍ ഉണ്ടായിരുന്ന കാലത്ത് മലബാര്‍ ക്യാന്‍സര്‍ സെന്ററിന്റെ ഒന്നാംഘട്ടത്തിന്റെ പ്രവര്‍ത്തനം എസ്എന്‍സി ലാവ്ലിന്‍ കമ്പനി നിര്‍വഹിച്ചു; 2000, 2001 വര്‍ഷങ്ങളില്‍ ഏതാണ്ട് 12 കോടി രൂപ ചെലവഴിച്ചു. 2001 തൊട്ട് ആശുപത്രി പ്രവര്‍ത്തനം ആരംഭിച്ചു. മലബാര്‍ ക്യാന്‍സര്‍ സെന്ററിന്റെ ഗവേണിങ് ബോഡിയുടെ ചെയര്‍മാനായ മുഖ്യമന്ത്രി എ കെ ആന്റണിയുടെ അധ്യക്ഷതയില്‍ 2002 ജനുവരി 15ന് ചേര്‍ന്ന മലബാര്‍ ക്യാന്‍സര്‍ സെന്ററിന്റെ ഗവേണിങ് ബോഡി ക്യാന്‍സര്‍ സെന്ററിന്റെ വാര്‍ഷിക കണക്കുകള്‍ അംഗീകരിച്ചു. വിദേശ സംഭാവന സ്വീകരിച്ച മലബാര്‍ ക്യാന്‍സര്‍ സെന്ററിന്റെ അക്കൌണ്ടുകളും രേഖകളും ഇന്ത്യാഗവമെന്റിന്റെ ആഭ്യന്തരമന്ത്രാലയവും പരിശോധിക്കുകയുണ്ടായി. 13 കോടി രൂപയോളം വരുന്ന വിദേശ സംഭാവന ഉപയോഗിക്കുന്ന കാര്യത്തില്‍ ഒരുവിധ ദുരുപയോഗമോ പണാപഹരണമോ പരിശോധനയില്‍ കാണുകയുണ്ടായില്ല എന്ന് ആഭ്യന്തരമന്ത്രാലയം സാക്ഷ്യപ്പെടുത്തി നല്‍കിയിട്ടുണ്ട്. 2001 ഏപ്രില്‍ 26ന്റെ മന്ത്രാലയത്തിന്റെ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

മലബാര്‍ ക്യാന്‍സര്‍ സെന്ററിന്റെ കാര്യത്തില്‍ ഒരു അഴിമതിയും നടന്നിട്ടില്ലെന്നത് ഒരു വസ്തുതയാണ്. എന്നാല്‍, വൈദ്യുതപദ്ധതികളുമായി ബന്ധപ്പെട്ട പണികള്‍ക്കുള്ള കരാറുകളില്‍ ഒപ്പിടുമ്പോള്‍, ക്യാന്‍സര്‍ സെന്റര്‍പോലെ മറ്റേതെങ്കിലും ഉദ്ദേശ്യത്തിനുള്ള ധനസഹായത്തിനോ ഗ്രാന്റിനോ വേണ്ടിയുള്ള കരാറില്‍ ഭാവിയില്‍ ഏര്‍പ്പെടരുത്. അത് അടിസ്ഥാനകരാറിന്റെ കളങ്കമില്ലായ്മയില്‍ സംശയം ജനിപ്പിച്ചേക്കാം. പള്ളിവാസല്‍, ശെങ്കുളം, പന്നിയാര്‍ പദ്ധതികളുടെ കാര്യത്തില്‍ എംഒയുവും നിര്‍വഹണ/കസള്‍ട്ടന്‍സി കരാറുകളും ഒപ്പിട്ടത് യുഡിഎഫ് സര്‍ക്കാരാണ്; അതേ അവസരത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഇടപെടല്‍ കാരണം ആദ്യത്തെ കരാറിലുണ്ടായിരുന്ന ചെലവുകള്‍ കുറെ കുറയ്ക്കാന്‍ കഴിഞ്ഞുവെന്നതാണ് വസ്തുത.

സിബിഐ കേസ്

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലിരിക്കുമ്പോള്‍ എസ്എന്‍സി ലാവ്ലിന്‍ കരാറിനെക്കുറിച്ച് വിജിലന്‍സ്വകുപ്പിന്റെ അന്വേഷണത്തിന് ആ സര്‍ക്കാര്‍ ഉത്തരവിട്ടത് 2003 മാര്‍ച്ച് ആറിനാണ്. സിഎജിയുടെ റിപ്പോര്‍ട്ടിലെ ചില പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അത്. വിശദമായ അന്വേഷണം നടത്തിയ വിജിലന്‍സ്വകുപ്പ് കോണ്‍ഗ്രസ് നേതാവായ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാരിന് 2006 ഫെബ്രുവരി 10ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇക്കാര്യത്തില്‍ വന്ന ഏതെങ്കിലും വീഴ്ചയ്ക്ക് പിണറായി വിജയനെ ഉത്തരവാദിയായി കാണാന്‍ കഴിയില്ലെന്ന് വിജിലന്‍സിന്റെ അന്വേഷണ റിപ്പോര്‍ട്ട്, അസന്ദിഗ്ധമായി പ്രസ്താവിക്കുന്നുണ്ട്. വിജിലന്‍സ് ഡയറക്ടറുടെ റിപ്പോര്‍ട്ട് തങ്ങളുടെ രാഷ്ട്രീയലക്ഷ്യത്തിന് ഉതകുന്നതല്ലെന്നു കണ്ടപ്പോള്‍ യുഡിഎഫ് സര്‍ക്കാര്‍ വിജിലന്‍സ് ഡയറക്ടറെ തല്‍സ്ഥാനത്തുനിന്ന് മാറ്റാന്‍ തീരുമാനിച്ചു. 2006 മാര്‍ച്ച് ഒന്നിന് അസംബ്ളി തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി ഈ വിഷയം സിബിഐക്ക് വിടാനും അവര്‍ നിശ്ചയിച്ചു.

സിബിഐ അതിന്റെ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. തുടര്‍ന്ന് പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യുന്നതിനുള്ള അനുവാദത്തിനായി ഗവര്‍ണറോടും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട്ചെയ്യാനുള്ള അനുവാദത്തിന് കേരള സര്‍ക്കാരിനോടും അഭ്യര്‍ഥിച്ചു. ക്രിമിനല്‍ ഗൂഢാലോചനയും വഞ്ചനയുമാണ് പിണറായി വിജയന്റെമേല്‍ സിബിഐ ആരോപിച്ചിട്ടുള്ള കുറ്റങ്ങള്‍. പിണറായി വിജയന്‍ എന്തെങ്കിലും വ്യക്തിപരമായ നേട്ടം ഉണ്ടാക്കിയെന്നോ സാമ്പത്തികലാഭം ഉണ്ടാക്കിയെന്നോ ഉള്ള ആരോപണം സിബിഐ ഉന്നയിക്കുന്നില്ല. സിബിഐയുടെ റിപ്പോര്‍ട്ട് അനുസരിച്ച്, ഗൂഢാലോചനയുടെ ഉപജ്ഞാതാവ് യുഡിഎഫ് മന്ത്രിയായിരുന്ന ജി കാര്‍ത്തികേയനാണ്. 1996 മെയില്‍ വൈദ്യുതിമന്ത്രിയായിത്തീര്‍ന്ന പിണറായി വിജയന്‍ പിന്നീട് ആ ഗൂഢാലോചനയില്‍ പങ്കാളിയായി. ഗൂഢാലോചനയുടെ രണ്ടാംഘട്ടത്തിന്റെ ലക്ഷ്യം തലശേരിയില്‍ മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ സ്ഥാപിക്കുക എന്നതായിരുന്നുവെന്നും പിണറായി വിജയന്‍ ജനിച്ച ജില്ലയില്‍പ്പെടുന്ന സ്ഥലമാണ് തലശേരിയെന്നും സിബിഐ തുടര്‍ന്ന് പ്രസ്താവിക്കുന്നു. 1995ല്‍ ഗൂഢാലോചനയുടെ ഉപജ്ഞാതാവ് ജി കാര്‍ത്തികേയനാണെന്ന് സിബിഐ പറയുന്നുണ്ടെങ്കിലും അദ്ദേഹത്തെ സിബിഐ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. സിബിഐ റിപ്പോര്‍ട്ട് അനുസരിച്ച്, തലശേരിയില്‍ മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ സ്ഥാപിക്കപ്പെട്ടതാണ് ക്രിമിനല്‍ ഗൂഢാലോചനയില്‍നിന്ന് പിണറായി വിജയന്‍ ഉണ്ടാക്കിയ നേട്ടം. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഇ കെ നായനാരുടെ മണ്ഡലമാണ് തലശേരി എന്ന കാര്യം ഓര്‍ക്കണം.

രാഷ്ട്രീയപ്രതിയോഗികളെ കള്ളക്കേസില്‍ കുടുക്കുന്നതിനും രാഷ്ട്രീയസുഹൃത്തുക്കളെ ക്രിമിനല്‍ബാധ്യതകളില്‍നിന്ന് ഒഴിവാക്കിക്കൊടുക്കുന്നതിനുംവേണ്ടി സിബിഐയെ ഒരു ചട്ടുകമാക്കി കേന്ദ്രസര്‍ക്കാര്‍ ദുരുപയോഗം ചെയ്തുകൊണ്ടിരിക്കുകയാണ്. രാഷ്ട്രീയപ്രതിയോഗികള്‍ക്ക് എതിരായി കള്ളക്കേസുകള്‍ ചുമത്തുന്നതിന് സിബിഐയെ ദുരുപയോഗം ചെയ്യുന്നതിന്റെ മറ്റൊരു ഉദാഹരണമാണ് പിണറായി വിജയന്റെ പേരിലുള്ള ഈ കേസ്. രാഷ്ട്രീയലക്ഷ്യങ്ങള്‍ക്കുവേണ്ടി സിബിഐയെ ചട്ടുകമാക്കി ദുരുപയോഗംചെയ്യുന്ന കേന്ദ്രഭരണകക്ഷിയുടെ ഈ നടപടി, ഗൌരവമായ പൊതുതാല്‍പ്പര്യം അര്‍ഹിക്കുന്ന കാര്യമാണ്.

പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് ഗവര്‍ണറുടെ അനുമതിക്കുവേണ്ടി സിബിഐ അപേക്ഷിച്ചപ്പോള്‍ അദ്ദേഹം മന്ത്രിസഭയുടെ അഭിപ്രായം ആരാഞ്ഞു. ഇക്കാര്യത്തില്‍ സംസ്ഥാന മന്ത്രിസഭ, അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം തേടി. സിബിഐ റിപ്പോര്‍ട്ടിലുള്ള ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ കുറ്റമൊന്നും ചുമത്താനാകില്ലെന്ന് പ്രസ്താവിച്ചുകൊണ്ടുള്ള അഭിപ്രായമാണ് എജി, സംസ്ഥാന മന്ത്രിസഭയ്ക്ക് നല്‍കിയത്. പൊതുജനങ്ങളുടെയും സംസ്ഥാനത്തിന്റെയും ഗുണത്തിനുവേണ്ടി തന്നില്‍ നിക്ഷിപ്തമായ കടമകള്‍ വൈദ്യുതിമന്ത്രിയെന്ന നിലയില്‍ പിണറായി വിജയന്‍ നിര്‍വഹിക്കുക മാത്രമേ ചെയ്തിട്ടുള്ളൂവെന്നാണ് ലഭ്യമായ വസ്തുതകള്‍ വെളിപ്പെടുത്തുന്നതെന്നും എജി പ്രസ്താവിച്ചു. അതുകൊണ്ട് സിബിഐ ആവശ്യപ്പെടുന്നപോലെ പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യുന്നതിനുള്ള അനുമതി നല്‍കേണ്ട ആവശ്യമില്ലെന്നും എജി ശുപാര്‍ശചെയ്തു. 2009 മെയില്‍ ചേര്‍ന്ന മന്ത്രിസഭയോഗം, എജിയുടെ അഭിപ്രായം സ്വീകരിച്ചു; പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി നല്‍കേണ്ടതില്ലെന്ന് ഗവര്‍ണറെ മന്ത്രിസഭ അറിയിച്ചു. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരെ പ്രോസിക്യൂട്ട് ചെയ്യുന്നതിനുള്ള അനുമതിയും നല്‍കേണ്ടതില്ലെന്ന് മന്ത്രിസഭ തീരുമാനിച്ചു. എന്നാല്‍, മന്ത്രിസഭയുടെ ശുപാര്‍ശ തള്ളിക്കളഞ്ഞ ഗവര്‍ണര്‍, പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യുന്നതിനുള്ള അനുമതി നല്‍കിക്കൊണ്ടുള്ള ഉത്തരവ് 2009 ജൂണ്‍ ഏഴിന് ഇറക്കുകയാണുണ്ടായത്. ഈ കേസ് ഇപ്പോള്‍ സിബിഐ കോടതിക്കു മുന്നിലാണ്.

മന്ത്രിമാരുടെ അഭിപ്രായത്തിന് വിഷയം വിട്ടശേഷം മന്ത്രിസഭയുടെ ഉപദേശം തള്ളിക്കളഞ്ഞ ഗവര്‍ണറുടെ നടപടി പക്ഷപാതപരമാണ്; ദുഷ്പ്രേരിതമാണ്. ഇക്കാര്യത്തില്‍ സംസ്ഥാനത്തെ അഡ്വക്കറ്റ് ജനറലില്‍നിന്നോ രാജ്യത്തിന്റെ അറ്റോര്‍ണി ജനറലില്‍നിന്നോ ഒരു ഉപദേശവും ഗവര്‍ണര്‍ ആരായുകയുണ്ടായില്ല. ഒരു മുന്‍ ഹൈക്കോടതി ജഡ്ജിയില്‍നിന്നു ലഭിച്ച സ്വകാര്യ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് താന്‍ ഉത്തരവിട്ടതെന്ന് ഗവര്‍ണറുടെ ഉത്തരവില്‍ പറയുന്നുണ്ട്. എന്നാല്‍, ആ ജഡ്ജിയുടെ പേര്‍ ആ ഉത്തരവില്‍ വെളിപ്പെടുത്തുന്നുമില്ല. ഗവര്‍ണര്‍ സ്വീകരിച്ച നടപടിക്രമങ്ങള്‍ മുഴുവനും തെറ്റാണ്; ദുരുപദിഷ്ടമാണ്.

പാര്‍ടി നിലപാട് സുവ്യക്തം

എസ്എന്‍സി ലാവ്ലിന്‍ പ്രശ്നത്തില്‍ കേന്ദ്രകമ്മിറ്റിയും പൊളിറ്റ് ബ്യൂറോയും താഴെ പറയുന്ന നിലപാടാണ് സ്വീകരിച്ചത്:

1. 2006 മാര്‍ച്ച് 11, 12 തീയതികളില്‍ ചേര്‍ന്ന കേന്ദ്രകമ്മിറ്റിയുടെ പത്രക്കുറിപ്പിലെ ചില ഭാഗങ്ങള്‍:

ചില വൈദ്യുതപദ്ധതികളുടെ നവീകരണവും ആധുനികവല്‍ക്കരണവുമായി ബന്ധപ്പെട്ട കേസ് സിബിഐക്ക് വിടാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ തീരുമാനത്തെ കേന്ദ്രകമ്മിറ്റി അപലപിച്ചു. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കൈക്കൊണ്ട ഈ തീരുമാനം പാര്‍ടിയുടെ സംസ്ഥാന കമ്മിറ്റി സെക്രട്ടറിയും പൊളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയനെ ഈ കേസില്‍ കുടുക്കാനുള്ള നഗ്നമായ രാഷ്ട്രീയനീക്കമാണിത്. ഇതേ യുഡിഎഫ് ഗവമെന്റ് തന്നെയാണ് ഇതിനുമുമ്പ് ഇക്കാര്യം അന്വേഷിക്കുന്നതിന് സംസ്ഥാന വിജിലന്‍സ് വകുപ്പിനെ ഏല്‍പ്പിച്ചത്. വിജിലന്‍സ് ഡയറക്ടറുടെ റിപ്പോര്‍ട്ട് യുഡിഎഫ് ഗവമെന്റിന് സമര്‍പ്പിച്ചു. എന്നാല്‍, യുഡിഎഫിന്റെ രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്ക് ഉതകുന്നതല്ല അത് എന്നതിനാല്‍, മന്ത്രിസഭ ഇക്കാര്യം സിബിഐക്ക് വിടാന്‍ തീരുമാനിക്കുകയാണുണ്ടായത്.

കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ടിലെ കണ്ടെത്തലിനെ സംബന്ധിച്ച് ബന്ധപ്പെട്ട നിയമസഭാ കമ്മിറ്റി ചര്‍ച്ച ചെയ്യുകയും പരിശോധന നടത്തുകയും വേണം. ഇക്കാര്യത്തിലുള്ള ഏത് അന്വേഷണത്തേയും നേരിടാന്‍ സി.പി.ഐ (എം) തയ്യാറാണെന്ന് പാര്‍ടി എല്ലായ്പ്പോഴും വ്യക്തമാക്കിയിട്ടുള്ളതാണ്. യു.ഡി.എഫ് ഗവമെന്റിന്റെ അഴിമതിയുടെയും ദുര്‍ഭരണത്തിന്റെയും ദയനീയമായ റെക്കോര്‍ഡില്‍നിന്ന് ജനങ്ങളുടെ ശ്രദ്ധ അകറ്റുന്നതിനുവേണ്ടി കോണ്‍ഗ്രസിന്റെയും യു.ഡി.എഫിന്റെയും നേതൃത്വം കൈക്കൊള്ളുന്ന അത്തരം തന്ത്രങ്ങളൊന്നും വിജയിക്കാന്‍ പോകുന്നില്ലെന്ന് കേന്ദ്രകമ്മിറ്റി ചൂണ്ടിക്കാണിച്ചു.''

2. പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാന്‍ സി.ബി.ഐ തീരുമാനിച്ചതിനുശേഷം 2009 ജനുവരി 22ന് പൊളിറ്റ് ബ്യൂറോ പുറപ്പെടുവിച്ച പത്രപ്രസ്താവനയില്‍ ഇങ്ങനെ പറയുന്നു:

"സി.പി.ഐ (എം)ന്റെ കേരള സംസ്ഥാന സെക്രട്ടറിയും മുന്‍ വൈദ്യുതിമന്ത്രിയുമായ പിണറായി വിജയനെ എസ്.എന്‍.സി ലാവ്ലിന്‍ കേസില്‍ പ്രോസിക്യൂട്ട് ചെയ്യാന്‍ സി.ബി.ഐ കൈക്കൊണ്ട നടപടികള്‍ രാഷ്ട്രീയപ്രേരിതമാണ്. അന്നത്തെ ഉമ്മന്‍ചാണ്ടി ഗവമെന്റ് നടത്തിച്ച വിജിലന്‍സ് അന്വേഷണത്തില്‍ സ: വിജയന്റെ പേരില്‍ തെറ്റൊന്നും കാണാത്തതിനാല്‍ അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയതാണ്. തുടര്‍ന്നാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഈ കേസ് സി.ബി.ഐക്ക് വിട്ടത് എന്ന കാര്യം ഓര്‍ക്കേണ്ടതുണ്ട്. "

അസംബ്ളി തിരഞ്ഞെടുപ്പാണ് തൊട്ടുമുമ്പ്, അന്ധമായ രാഷ്ട്രീയപക്ഷപാത ലക്ഷ്യങ്ങളോടെ കൈക്കൊണ്ട നടപടിയാണ് അതെന്ന് പ്രസ്താവിച്ചുകൊണ്ട് സി.പി.ഐ (എം) അതിനെ അപലപിച്ചു. ഇപ്പോള്‍ ലോക്‍സഭാ തിരഞ്ഞെടുപ്പ് ആസന്നമായപ്പോള്‍ വീണ്ടും ഒരിക്കല്‍ കൂടി ആ കേസ് കുത്തിപ്പൊക്കിയിരിക്കുകയാണ്.

"രാഷ്ട്രീയ ലക്ഷ്യങ്ങളോടെ അന്വേഷണ ഏജന്‍സികളെ ഭരണകക്ഷി ഉപയോഗപ്പെടുത്തുന്നത്, ഉല്‍കണ്ഠാജനകമായ ഒരു വിഷയമാണ്. സി.പി.ഐ (എം) ഈ പ്രശ്നത്തെ ജനങ്ങളുടെ മുന്നില്‍ കൊണ്ടുവരും; ഈ നീക്കത്തിനു പിന്നിലുള്ള രാഷ്ട്രീയ കള്ളക്കളിയെ തുറന്നു കാണിക്കും.''

3. 2009 ഫെബ്രുവരി 14ന് ചേര്‍ന്ന പൊളിറ്റ് ബ്യൂറോ യോഗത്തിനുശേഷം പുറപ്പെടുവിച്ച പത്രക്കുറിപ്പ്:

"സഖാവ് പിണറായി വിജയനെ എസ്.എന്‍.സി ലാവ്ലിന്‍ കേസില്‍ ഉള്‍പ്പെടുത്തിയത് രാഷ്ട്രീയപ്രേരിതമായിട്ടാണെന്ന തങ്ങളുടെ മുന്‍ നിലപാട് സി.പി.ഐ (എം) പോളിറ്റ് ബ്യൂറോ വീണ്ടും ആവര്‍ത്തിച്ച് വ്യക്തമാക്കുന്നു. കേന്ദ്രത്തിലെ ഭരണകക്ഷിയുടെ രാഷ്ട്രീയ സമ്മര്‍ദ്ദങ്ങളില്‍നിന്നും രാഷ്ട്രീയ സ്വാധീനത്തില്‍നിന്നും കേന്ദ്ര കുറ്റാന്വേഷണ ഏജന്‍സിയായ സി.ബി.ഐ മുക്തമല്ല എന്നത് ഖേദകരമാണ്.

"മൂന്ന് ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് എസ്.എന്‍.സി ലാവ്ലിനുമായുണ്ടാക്കിയ കരാര്‍ തുടങ്ങിവെച്ചത്, അതിനു മുമ്പത്തെ കോഗ്രസിന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് ഗവമെന്റ് ആണ്. അത് തുടര്‍ന്നുകൊണ്ടുപോകാനുള്ള തീരുമാനം കൈക്കൊണ്ടത് ഇ.കെ. നായനാരുടെ നേതൃത്വത്തില്‍ ഉണ്ടായിരുന്ന എല്‍.ഡി.എഫ് ഗവമെന്റാണ്. ആ നിര്‍ദ്ദേശം പാര്‍ടിയുടെ സംസ്ഥാന സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്തു. വൈദ്യുതി മന്ത്രിയെന്ന നിലയില്‍ പിണറായി വിജയന്‍ ആ തീരുമാനം നടപ്പാക്കുകയാണ് ചെയ്തത്.

"സര്‍ക്കാര്‍ ഉദ്യോഗം വഹിക്കുന്ന ഏതൊരാളും സി.ബി.ഐയുടെ പ്രോസിക്യൂഷന്‍ നടപടിക്ക് വിധേയനാകേണ്ടിവരികയാണെങ്കില്‍, തല്‍സ്ഥാനത്തുനിന്ന് മാറി നില്‍ക്കണം എന്ന അഭിപ്രായമാണ് സി.പി.ഐ (എം) എല്ലായ്പ്പോഴും ഉയര്‍ത്തിപ്പിടിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ പിണറായി വിജയന്‍ മന്ത്രിയോ ഗവമെന്റ് ഉദ്യോഗസ്ഥനോ അല്ലാത്തതുകൊണ്ട്, ഇത് അദ്ദേഹത്തിന് ബാധകമാകുന്നില്ല. ഈ കേസിനെ പാര്‍ടി രാഷ്ട്രീയമായും കോടതിയില്‍ വരികയാണെങ്കില്‍ നിയമപരമായും നേരിടും.''

*
ദേശാഭിമാനി ദിനപ്പത്രത്തില്‍ 2009 ജൂലൈ 21 മുതല്‍ 24 വരെ പ്രസിദ്ധീകരിച്ചത്

No comments:

Post a Comment