Monday, 24 March 2014

ഉമ്മന്‍ചാണ്ടിയുടെ മറ്റൊരു കുതിരക്കച്ചവടം

ആര്‍എസ്പി നേതാക്കള്‍ കൊല്ലം പാര്‍ലമെന്റ് സീറ്റില്‍ ആ പാര്‍ടി ഇത്തവണ മത്സരിക്കാന്‍ ആഗ്രഹിക്കുന്നു എന്ന് ഉഭയകക്ഷി ചര്‍ച്ചയില്‍ സിപിഐ എം നേതാക്കളെ അറിയിച്ചപ്പോള്‍ അതില്‍ അവരുടെ പതിവ് ആഗ്രഹപ്രകടനത്തില്‍ കൂടുതലൊന്നും പാര്‍ടി നേതാക്കള്‍ക്ക് കാണാന്‍ കഴിഞ്ഞില്ല. മറ്റ് ഘടകകക്ഷി നേതാക്കളൊന്നും അത്തരം പതിവില്ലാത്ത ഒരു നീക്കം ആര്‍എസ്പി നേതൃത്വത്തിന്റെ ഭാഗത്തുള്ളതായി സൂചിപ്പിച്ചുമില്ല. ഉഭയകക്ഷി ചര്‍ച്ച എല്‍ഡിഎഫ് ചര്‍ച്ചയ്ക്ക് മുന്നോടിയാണ്. അതില്‍ കഴിഞ്ഞ മൂന്നുതവണ സിപിഐ എം മത്സരിച്ച സീറ്റ് കൊടുക്കണമെന്ന് ആര്‍എസ്പി ആവശ്യപ്പെട്ടു. അത്തരം തര്‍ക്കങ്ങള്‍ എല്‍ഡിഎഫില്‍ ചര്‍ച്ചചെയ്യുകയാണ് പതിവ്. ഇത്തവണയും അങ്ങനെ ചെയ്യുമെന്ന് പറഞ്ഞെങ്കിലും, ആര്‍എസ്പി എല്‍ഡിഎഫ് യോഗത്തില്‍ പങ്കെടുത്തില്ല. പകരം അവര്‍ ചെയ്തത് കെപിസിസി പ്രസിഡന്റിനെയും മുന്‍ കെപിസിസി പ്രസിഡണ്ടിനെയും കണ്ട് കൊല്ലം സീറ്റ് ആവശ്യപ്പെടുകയാണ്. അവരാകട്ടെ, കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റ് ആര്‍എസ്പിക്ക് അവര്‍ യുഡിഎഫില്‍ ചേരുന്നപക്ഷം കൊടുക്കാമെന്ന് വാക്കുകൊടുത്തു.


ഇതില്‍നിന്ന് ഒരു കാര്യം വ്യക്തമാണ്. ആര്‍എസ്പി നേതാക്കള്‍ കോണ്‍ഗ്രസിന്റെ സംസ്ഥാനനേതാക്കളുമായും അഖിലേന്ത്യാ നേതൃത്വവുമായിപോലും യുഡിഎഫില്‍ ചേരുന്ന കാര്യവും അതിന്റെ വിലയായി കൊല്ലം പാര്‍ലമെന്റ് സീറ്റ് അവര്‍ക്ക് കൊടുക്കുന്ന കാര്യവും ചര്‍ച്ചചെയ്തിരുന്നു. 2009ലെ തിരഞ്ഞെടുപ്പ് കാലത്ത് എല്‍ഡിഎഫ് വിട്ട് യുഡിഎഫില്‍ കയറിയ എം പി വീരേന്ദ്രകുമാറിന്റെ സോഷ്യലിസ്റ്റ് ജനതാ പാര്‍ടിക്ക് അവര്‍ ആവശ്യപ്പെട്ട സീറ്റുകളില്‍ ഒന്നുപോലും കൊടുക്കാതിരിക്കാന്‍ പറഞ്ഞ ന്യായം സിറ്റിങ് സീറ്റൊന്നും കൊടുക്കരുത് എന്ന പാര്‍ടി ഹൈക്കമാണ്ട് നിര്‍ദേശമുണ്ട് എന്നായിരുന്നു. ആ നിര്‍ദ്ദേശം ആര്‍എസ്പിക്ക് ബാധകമാക്കാതിരിക്കണമെങ്കില്‍, ആര്‍എസ്പി സീറ്റ് ആവശ്യപ്പെട്ട് ചെല്ലുമ്പോള്‍ എല്‍ഡിഎഫ് വിട്ടുചെന്നാല്‍ അത് കൊടുക്കുന്ന കാര്യം പരിഗണിക്കാമെന്ന് കെപിസിസി പ്രസിഡന്റ് വാക്കുകൊടുക്കണമെങ്കില്‍, അവര്‍ തമ്മില്‍ അതിന് എത്രയോ മുമ്പുതന്നെ കൂടിയാലോചനയും വിലപേശലും ആരംഭിച്ചിരുന്നു എന്ന് വ്യക്തം. ആര്‍എസ്പി അഖിലേന്ത്യാതലത്തില്‍ ഇടതുമുന്നണിയുടെ ഭാഗമാണ്. അത് വിടുന്നതായി ആ പാര്‍ടിയുടെ ജനറല്‍സെക്രട്ടറി പറഞ്ഞിട്ടില്ല. പശ്ചിമബംഗാളില്‍ ഇടതുമുന്നണിയുടെ ഭാഗമായി അവര്‍ മൂന്നു സീറ്റില്‍ മത്സരിക്കുകയും ചെയ്യുന്നു. ഇവിടെ എല്‍ഡിഎഫിലെ വിവിധകക്ഷികള്‍ തമ്മില്‍ ഉഭയതല ചര്‍ച്ചയും എല്‍ഡിഎഫ് കൂട്ടായി ചര്‍ച്ചചെയ്ത് അന്തിമ തീരുമാനമെടുക്കലും പൂര്‍ത്തിയാകുംമുമ്പ് സിപിഐ എമ്മുമായി ഉഭയകക്ഷി ചര്‍ച്ച നടത്തിയ ഉടനെ അവര്‍ യുഡിഎഫ് പാളയത്തിലേക്ക് നീങ്ങിയത് യാദൃച്ഛികമായോ പെട്ടെന്നോ ആണെന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല. ആര്‍എസ്പിയുടെ പശ്ചിമബംഗാള്‍ കമ്മിറ്റി സെക്രട്ടറി ക്ഷിതിഗോസ്വാമിയും കേന്ദ്ര നേതൃത്വത്തിലുള്ള അബനിറോയിയും കേരള ഘടകത്തിന്റെ നീക്കത്തെ വിമര്‍ശിച്ചിട്ടുണ്ട്. വാസ്തവത്തില്‍ ആ പാര്‍ടിയുടെ രാഷ്ട്രീയാടിത്തറയെത്തന്നെ ചോദ്യംചെയ്യുകയാണ് കൊല്ലം സീറ്റിനുവേണ്ടി കേരള ആര്‍എസ്പി നേതൃത്വം ചെയ്തത്. അത് അവരുടെ അവസരവാദ നിലപാടിനെ തുറന്നുകാട്ടുന്നു.

ഇവിടെ കൂടുതല്‍ തുറന്നുകാട്ടപ്പെടുന്നത് കോണ്‍ഗ്രസിന്റെ രാഷ്ട്രീയ കാപട്യവും അധാര്‍മികതയുമാണ്. നേരിയ ഭൂരിപക്ഷമാണ് സീറ്റിന്റെ കാര്യത്തില്‍ ഇത്തവണ 2011ല്‍ യുഡിഎഫിനുള്ളത്. വോട്ടിന്റെ കാര്യത്തില്‍ എല്‍ഡിഎഫിനാണ് ആ വോട്ടെടുപ്പില്‍ ഭൂരിപക്ഷം. സീറ്റിന്റെ കാര്യത്തിലുള്ള അസന്ദിഗ്ധാവസ്ഥ തരണംചെയ്യാനായിരുന്നു നെയ്യാറ്റിന്‍കര എംഎല്‍എ സെല്‍വരാജിനെ കാലുമാറ്റി കോണ്‍ഗ്രസിലേക്ക് കൊണ്ടുപോയത്. രണ്ടു സീറ്റുള്ള ഒരു പാര്‍ടിയെ തങ്ങള്‍ ചാക്കിലാക്കി എന്ന് യുഡിഎഫിന്റെ വക്താക്കള്‍ അവകാശപ്പെട്ടിരുന്നു. എന്‍സിപിയെക്കുറിച്ച് തല്‍പരകക്ഷികള്‍ ആ തരത്തില്‍ വാര്‍ത്തകള്‍ പരത്തുകയും ചെയ്തിരുന്നു. ചാക്കുതുറന്നത് അവര്‍ക്കുവേണ്ടിയായിരുന്നില്ല, ആര്‍എസ്പിക്ക് വേണ്ടിയായിരുന്നു എന്ന് ഇപ്പോള്‍ വ്യക്തമായി. ആഗോളവല്‍ക്കരണത്തോടും തൊഴിലാളി ദ്രോഹത്തോടും ജനവഞ്ചനയോടും എന്‍ കെ പ്രേമചന്ദ്രനും കൂട്ടരും പ്രകടിപ്പിച്ചത് പൊറാട്ടുനാടകമാണെന്ന് ഇതോടെ തെളിഞ്ഞു.

ഇത്രയേറെ അഴിമതി, ഇത്രയേറെ കോര്‍പറേറ്റ് പ്രീണനം, ഇത്രയേറെ വിലക്കയറ്റം ഇത്രയേറെ ജനവഞ്ചനയും ജനദ്രോഹവും ചെയ്ത ഒരു കേന്ദ്ര ഗവണ്‍മെന്റ് മുമ്പുണ്ടായിട്ടില്ല. അതിനെ പുറത്താക്കാനും പകരം അധികാരമേല്‍ക്കാന്‍ വെമ്പിനടക്കുന്ന നരേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ള ബിജെപിയെയും വര്‍ഗീയ പരിവാരത്തെയും ഒഴിവാക്കി ജനങ്ങളോട് പ്രതിബദ്ധതയുള്ള മതനിരപേക്ഷജനാധിപത്യ ഗവണ്‍മെന്റ് രൂപീകരിക്കുന്നതിന് ആവശ്യമായ അടിത്തറപാകുന്നതിനും ഇടതുപക്ഷ പാര്‍ടികള്‍ രാഷ്ട്രീയവേദിയില്‍ ശ്രമിച്ചുകൊണ്ടിരിക്കുമ്പോഴാണ് അതിനെ പിന്നില്‍നിന്നു കുത്തുന്നതരത്തില്‍ ആര്‍എസ്പിയുടെ കേരളഘടകം ഏകപക്ഷീയമായി കോണ്‍ഗ്രസ് പാളയത്തില്‍ ചേക്കേറിയത്. അതിനെതിരെ ആ പാര്‍ടിയുടെ പല ഘടകങ്ങളില്‍നിന്നും അണികളില്‍നിന്നും രാഷ്ടീയബോധവും സാമൂഹ്യ പ്രതിബദ്ധതയും വിവേകവുമുള്ള നിരവധിപേര്‍ അണിനിരക്കുന്നതായി കാണുന്നു. അത് ആ പാര്‍ടിയുടെ കേരളഘടകത്തെ ബാധിച്ചിരിക്കുന്ന സ്വാര്‍ഥ താല്‍പര്യത്തോടും സങ്കുചിത മനോഭാവത്തോടും ജനവിരുദ്ധതയോടും വിധേയരല്ലാത്ത പലരും അതില്‍ ഇനിയുമുണ്ട് എന്ന് വെളിവാക്കുന്നു. ആര്‍എസ്പിയില്‍ ഇടതുപക്ഷ രാഷ്ട്രീയത്തിന് ഇനിയും വേരോട്ടമുണ്ട് എന്ന് അത് വിളിച്ചോതുന്നു. കേരളത്തിലെ ആര്‍എസ്പി നേതൃത്വം ചെയ്ത രാഷ്ട്രീയ വഞ്ചന യഥാര്‍ഥത്തില്‍ സിപിഐ എം നേതൃത്വത്തോടല്ല, സിപിഐ എമ്മിനോടുമല്ല; പിന്നെയോ കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനത്തോടാണ്, അതില്‍ വിശ്വാസം അര്‍പ്പിച്ചിട്ടുള്ള ജനസഞ്ചയത്തോടാണ്, കേരളത്തിന്റെ ഇടതുപക്ഷ മനസ്സിനോടാണ്. ഇവിടെ അവസര സമത്വവും സാമൂഹ്യനീതിയും പ്രതീക്ഷിച്ചു നില്‍ക്കുന്ന ജന ലക്ഷങ്ങളെ വഞ്ചിച്ചാണ് അവര്‍ യുഡിഎഫ്പാളയത്തില്‍ ചേക്കേറിയിരിക്കുന്നത്. രാഷ്ട്രീയമായ സത്യസന്ധത ഉണ്ടെങ്കില്‍ അവര്‍ പാളയം മാറുന്നതിനുമുമ്പ്, അതിന്റെ പേരില്‍ ആര്‍എസ്പി നേതാക്കള്‍ പ്രതിഫലങ്ങള്‍ ഏറ്റുവാങ്ങുന്നതിനുമുമ്പ് എല്‍ഡിഎഫിന്റെ മേല്‍വിലാസത്തില്‍ നേടിയെടുത്ത സ്ഥാനമാനങ്ങള്‍ മുഴുവന്‍ ഉപേക്ഷിക്കേണ്ടതായിരുന്നു. യുഡിഎഫിന് നിയമ സഭയില്‍ രണ്ടു സീറ്റ് വര്‍ധിച്ചു എന്നും മറ്റുള്ള പത്രവാര്‍ത്തകള്‍ സൂചിപ്പിക്കുന്നത് അവരും യുഡിഎഫ് നേതൃത്വവും എല്‍ഡിഎഫിന്റെ പേരില്‍ നേടിയെടുത്ത സ്ഥാനമാനങ്ങള്‍ ഉപേക്ഷിക്കാന്‍ തയ്യാറല്ല എന്നാണ്. അതാണ് അവരുടെ നിലപാടെങ്കില്‍, അതിനെക്കാള്‍ നാണംകെട്ടതും അധാര്‍മികവുമായ നില അവര്‍ സ്വീകരിക്കാനില്ല. ഏതെങ്കിലും പാര്‍ടിയോ പാര്‍ടി അംഗമോ രാഷ്ട്രീയമായ അഭിപ്രായവ്യത്യാസത്തിന്റെപേരില്‍ പാര്‍ടിയോ മുന്നണിയോ വിടുന്നത് മനസ്സിലാക്കാം. എന്നാല്‍, സെല്‍വരാജായാലും ആര്‍എസ്പിയായാലും എല്‍ഡിഎഫ് വിട്ട് യുഡിഎഫിലേക്ക് ചേക്കേറിയത് രാഷ്ട്രീയമായ കാരണങ്ങളാലല്ല. മറ്റ് തരത്തിലുള്ള പ്രതിഫലം പ്രതീക്ഷിച്ചും നേടിയുമാണ്. അങ്ങനെ വ്യക്തിയെയും പാര്‍ടിയെയും കാലുമാറ്റത്തിന് പ്രേരിപ്പിക്കുന്ന കോണ്‍ഗ്രസ് നേതൃത്വം തീര്‍ത്തും അധാര്‍മികവും രാഷ്ട്രീയ കുതിരക്കച്ചവടത്തിന്റേതുമായ സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. പീലിപ്പോസ് തോമസും അബ്ദുള്‍ റഹ്മാനും എല്‍ഡിഎഫ് സ്ഥാനാര്‍ഥികളായത് കോണ്‍ഗ്രസിലെ സ്ഥാനമാനങ്ങള്‍ രാജിവെച്ചശേഷമാണ്. അതിനാല്‍ അവരുടെ നടപടിയും ആര്‍എസ്പിയുടെ നടപടിയും തമ്മില്‍ ഒരു സാമ്യവുമില്ല. അവര്‍ കാണിച്ചത് രാഷ്ട്രീയ സത്യസന്ധതയാണ്. ആര്‍എസ്പി കാണിച്ചത് നഗ്നമായ വഞ്ചനയാണ്. സോളാര്‍ കുംഭകോണത്തിനും സലിംരാജിന്റെ ഭൂമി തട്ടിപ്പിനും രക്ഷാധികാരിത്വം വഹിച്ചതിനു സമാനമായ നടപടിയാണ് ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ കൈക്കൊണ്ടിരിക്കുന്നത്.

രാഷ്ട്രീയമായ ധാര്‍മികതയുടെയും സത്യസന്ധതയുടെയും ആള്‍രൂപമാണ് എന്ന് അവകാശപ്പെടുന്ന വി എം സുധീരനാണ് ആര്‍എസ്പിയുമായുള്ള ഈ കുതിരക്കച്ചവടത്തിന് കെപിസിസി പ്രസിഡണ്ട് എന്ന നിലയില്‍ കാര്‍മികത്വം വഹിച്ചത്. അത് അദ്ദേഹത്തിന്റെ ധാര്‍മിക പരിവേഷത്തിന്റെ തനിനിറം വെളിവാക്കുന്നു. ഇത്തവണ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ നിരവധി രാഷ്ട്രീയ നേതാക്കള്‍ അവരുടെ പാര്‍ടിയില്‍നിന്ന് രാജിവെച്ച് കൂടുതല്‍ സുരക്ഷിതമായ ഇടങ്ങള്‍ തേടിപ്പോകുന്ന കാഴ്ചയാണ് വിവിധ സംസ്ഥാനങ്ങളില്‍ കാണപ്പെടുന്നത്. ഏറ്റവും അധികംപേര്‍ ഉപേക്ഷിച്ചത് കോണ്‍ഗ്രസ് പാര്‍ടിയെയാണ്. അധികാരത്തിലേറാന്‍പോകുന്നു എന്ന് സ്വയം അവകാശപ്പെടുന്ന ബിജെപിയില്‍ നിന്നുമുണ്ട് രാജികള്‍. ഇത്തരം കൂടുവിട്ട് കൂടുമാറ്റം താരതമ്യേന ഇല്ലാത്തത് ഇടതുപക്ഷത്താണ്. താരതമ്യേന ആ പകര്‍ച്ചവ്യാധി ഏറ്റവും കുറവ് ബാധിച്ച സംസ്ഥാനമാണ് കേരളം. പക്ഷേ ഇവിടെ പേമെന്റ് സീറ്റിന് അപ്പുറം പേമെന്റ് പാര്‍ടിയുണ്ടായി എന്നതാണ് കേരളത്തിലെ കാലുമാറ്റ കച്ചവടത്തില്‍ ഇത്തവണ കാണാവുന്ന സവിശേഷത.

Wednesday, 19 March 2014

എ കെ ജി യേയും ഇ എം എസ്സിനേയും ഓര്‍ക്കുമ്പോള്‍

സഖാവ് എ കെ ജിയുടെ 37ാം ചരമവാര്‍ഷികദിനമാണ് മാര്‍ച്ച് 22ന് നാം ആചരിക്കുന്നതെങ്കില്‍, സഖാവ് ഇ എം എസ്സിെന്‍റ പതിനാറാം ചരമവാര്‍ഷികദിനമാണ് മാര്‍ച്ച് 19ന് ആചരിക്കുന്നത്. അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ടിയുടെ ആദ്യകാല സജീവ പ്രവര്‍ത്തകരും നേതാക്കന്മാരും ആയിരുന്നു രണ്ടുപേരുമെങ്കില്‍, ഇ എം എസ്, കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് ഗ്രൂപ്പിലെ ഒരംഗം തന്നെയായിരുന്നു. കേരളത്തിലെ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടി ഒന്നടങ്കം കമ്യൂണിസ്റ്റ് പാര്‍ടിയായി മാറിയ പാറപ്പുറം സമ്മേളനത്തിനു പിന്നിലെ സജീവ പ്രേരകശക്തിയായിരുന്നു ഇരുവരുമെങ്കില്‍, സിപിഐയുടെ നാഷണല്‍ കൗണ്‍സിലില്‍നിന്ന് ഇറങ്ങിപ്പോന്ന മുപ്പത്തിരണ്ടുപേരില്‍ മുന്നില്‍ത്തന്നെയുണ്ടായിരുന്നു ഇരുവരും. അങ്ങിനെ അവിഭക്ത കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിെന്‍റയും പിന്നീട് സിപിഐ എമ്മിെന്‍റയും ചരിത്രത്തിലെ അവിഭാജ്യ ഘടകങ്ങളായ അവര്‍, കേരളത്തിെന്‍റ സാമൂഹ്യ  രാഷ്ട്രീയ ചരിത്രങ്ങള്‍ മാറ്റിയെഴുതുന്നതില്‍ തോളോടുതോള്‍ചേര്‍ന്ന് പൊരുതി.

തൊഴിലാളിവര്‍ഗത്തിെന്‍റ ദത്തുപുത്രന്മാരായ അവര്‍ ഇരുവരും സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനത്തിലൂടെ പുരോഗമന പ്രസ്ഥാനത്തിലേക്കും ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനത്തിലേക്കും തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിലേക്കും കടന്നുവന്നു. കോളേജ് വിദ്യാഭ്യാസം പകുതിയ്ക്ക്വെച്ച് ഉപേക്ഷിച്ച് തൃശ്ശൂരില്‍നിന്ന് വണ്ടി കയറി, കോഴിക്കോട് കടപ്പുറത്തുവെച്ച് ഉപ്പുകുറുക്കിക്കൊണ്ട് ദേശീയ പ്രസ്ഥാനത്തിെന്‍റ തീച്ചൂളയിലേക്ക് എടുത്തുചാടിയ ഇ എം എസ്സും തുടക്കത്തില്‍ അയിത്തോച്ചാടന പ്രവര്‍ത്തനങ്ങളിലും കര്‍ഷക പ്രസ്ഥാനത്തിലും സജീവമായി പ്രവര്‍ത്തിച്ചുകൊണ്ട് ഗുരുവായൂരിലെ ക്ഷേത്ര പ്രവേശന സമരത്തിലൂടെ ദേശീയ പ്രസ്ഥാനത്തിലേക്ക് ഉയര്‍ന്നുവന്ന എ കെ ജിയും പിന്നീട് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിെന്‍റ അവിസ്മരണീയ നേതാക്കന്മാരായി ഉയര്‍ന്നു. സംഘടനയ്ക്ക് പ്രത്യയശാസ്ത്രപരമായ ദൃഢത കൈവരുത്തുന്നതിലാണ് ഒരാള്‍ ബദ്ധശ്രദ്ധനായതെങ്കില്‍, അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ ദൈനംദിന പ്രശ്നങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് അവരെ സമര സജ്ജരാക്കുന്നതിലായിരുന്നു അപരെന്‍റ പ്രാഗത്ഭ്യം. പ്രത്യയശാസ്ത്രപരമായ ദൃഢതയും സമരോത്സുകതയും അഥവാ സിദ്ധാന്തവും പ്രയോഗവും ഒരേ നാണയത്തിെന്‍റ അവിഭാജ്യമായ രണ്ട് വശങ്ങളാണെന്ന് അവര്‍ തെളിയിച്ചു. അതുകൊണ്ടുതന്നെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിെന്‍റ അവിഭാജ്യമായ രണ്ട് ഘടകങ്ങളുടെ സജീവ പ്രതീകങ്ങളായ അവര്‍ രണ്ടുപേരുടെയും യോജിച്ചുള്ള പ്രവര്‍ത്തനം പാര്‍ടിയുടെ, അജയ്യമായ വളര്‍ച്ചയ്ക്ക് വഴിയൊരുക്കി. അന്നത്തെ മലബാറിെന്‍റ വടക്കേ അറ്റത്തുനിന്ന് (മദിരാശി) സംസ്ഥാനത്തിെന്‍റ തലസ്ഥാനമായ മദിരാശിയിലേക്ക് നടത്തിയ ഐതിഹാസികമായ പട്ടിണിമാര്‍ച്ച് മുതല്‍ പഞ്ചാബിലെ ബെറ്റര്‍മെന്‍റ് സമരവും അമരാവതി  പുരുളി  കീരിത്തോട് സമരവും മിച്ചഭൂമി സമരവും മുടവന്‍മുകള്‍ സമരവും അടക്കം എണ്ണിയാലൊടുങ്ങാത്ത സമരങ്ങളിലൂടെ കേരളത്തിെന്‍റ ചരിത്രം തന്നെ മാറ്റിയെഴുതിയ എ കെ ജി, എവിടെ അന്യായം കണ്ടാലും, അവിടെ ഓടിയെത്തുമായിരുന്നു; അടിച്ചമര്‍ത്തപ്പെട്ടവരുടെ ഭാഗത്ത് നിലയുറപ്പിച്ച് അവര്‍ക്കുവേണ്ടി പൊരുതുമായിരുന്നു.

തെന്‍റ സ്വത്തു മുഴുവനും ദേശാഭിമാനി പത്രത്തിനും പാര്‍ടിയ്ക്കും വേണ്ടി സമര്‍പ്പിച്ച ഇ എം എസ് ആകട്ടെ, തെന്‍റ ജീവസ്പന്ദനം നിലയ്ക്കുംവരെ, പാര്‍ടിയ്ക്കും തൊഴിലാളിവര്‍ഗത്തിനുംവേണ്ടി നിരന്തരം എഴുതിക്കൊണ്ടിരുന്നു. സാധാരണക്കാരെന്‍റ ഒരു പുരുഷായുസ്സുകൊണ്ട് ഒരാള്‍ക്ക് വായിച്ചു തീര്‍ക്കാന്‍ കഴിയാത്തത്ര ലേഖനങ്ങള്‍ അദ്ദേഹം എഴുതി. ദേശാഭിമാനിയ്ക്കുള്ള ലേഖന പരമ്പരയുടെ അവസാന അധ്യായം കൂടി പറഞ്ഞുകൊടുത്തെഴുതിച്ച്, അതു വായിച്ചുനോക്കി തിരുത്തിയതിനുശേഷമാണ്, അദ്ദേഹം പേന താഴെവെച്ച്, പതുക്കെ അന്ത്യവിശ്രമത്തിലേക്ക് നീങ്ങിയത്. എ കെ ജിയും ഇ എം എസ്സും അന്തരിക്കുന്നത്, ഇന്ത്യാ ചരിത്രത്തിെന്‍റ രണ്ട് പ്രത്യേക ദശാസന്ധികളുടെ ആരംഭത്തിലാണ്. ഇന്ദിരാഗാന്ധിയുടെ സ്വേച്ഛാധിപത്യവാഴ്ചയും അടിയന്തിരാവസ്ഥയും അവസാനിപ്പിച്ച് കേന്ദ്രത്തില്‍ ജനതാ പാര്‍ടിയുടെ ഭരണം ആരംഭിച്ച ഘട്ടത്തിലാണ് എ കെ ജി നമ്മെ വിട്ടു പിരിയുന്നത്. അടിയന്തിരാവസ്ഥയ്ക്കെതിരായി പാര്‍ലമെന്‍റിലും പുറത്തും വീറോടെ പൊരുതിയ അദ്ദേഹത്തിന്, അടിയന്തിരാവസ്ഥ പൂര്‍ണമായി പിന്‍വലിച്ചതായ പ്രഖ്യാപനം കേള്‍ക്കുന്നതിനുള്ള അവസരം അവസാന ദിവസം ആശുപത്രിയില്‍ കിടക്കുമ്പോഴുണ്ടായി. കോണ്‍ഗ്രസ്സിെന്‍റ ഏകകക്ഷി ഭരണം അവസാനിപ്പിക്കുക, ജനാധിപത്യം പുനഃസ്ഥാപിക്കുക എന്നതായിരുന്നു 1977ലെ മുദ്രാവാക്യമെങ്കില്‍ കോണ്‍ഗ്രസ്സിെന്‍റ ദുര്‍ഭരണത്തിനും ബിജെപിയുടെ വര്‍ഗീയതയ്ക്കും എതിരായി മൂന്നാം ബദല്‍ കെട്ടിപ്പടുക്കുക എന്നതായിരുന്നു 1998ലെ ആവശ്യം. 199698 കാലത്തെ ദേവഗൗഡ  ഐ കെ ഗുജ്റാള്‍ ഗവണ്‍മെന്‍റുകള്‍ ആ വഴിയ്ക്കുള്ള വിജയകരമായ നീക്കമായിരുന്നുവെങ്കില്‍, 1998 മാര്‍ച്ചില്‍ വാജ്പേയ് ഗവണ്‍മെന്‍റ് അധികാരത്തിലേറാന്‍ തുനിഞ്ഞുനില്‍ക്കുന്ന സന്ദര്‍ഭത്തിലാണ് ഇ എം എസ് നമ്മെ വിട്ടു പിരിയുന്നത്. ഇവര്‍ ഇരുവരും ആ കാലത്ത് ഉയര്‍ത്തിയ മുദ്രാവാക്യത്തിന് കൂടുതല്‍ പ്രസക്തി കൈവന്ന ഒരു രാഷ്ട്രീയ ദശാസന്ധിയെയാണ് നാമിന്ന് അഭിമുഖീകരിക്കുന്നത്. 1967ല്‍ ഇ എം എസ് വിജയകരമായി പ്രാവര്‍ത്തികമാക്കി കാണിച്ചു തന്ന കോണ്‍ഗ്രസ് വിരുദ്ധ ഐക്യമുന്നണി ഗവണ്‍മെന്‍റ് എന്ന ആശയത്തിെന്‍റ കൂടുതല്‍ വിപുലവും വ്യക്തവുമായ കോണ്‍ഗ്രസിതര  ബിജെപി ഇതര ബദല്‍ എന്ന മുന്നണി രൂപം അനിവാര്യവും പ്രായോഗികമായി സാധ്യവുമായ ഒരു രാഷ്ട്രീയ സ്ഥിതിയാണിന്നുള്ളത്.

ദേശീയ രാഷ്ട്രീയരംഗവും എത്രമാത്രം സങ്കീര്‍ണവും കലുഷിതവുമാണെങ്കിലും ശരി, നവലിബറല്‍ സാമ്പത്തിക നയങ്ങള്‍ മുറുകെ പിടിയ്ക്കുന്ന കോണ്‍ഗ്രസിനും ബിജെപിയ്ക്കും ബദലായി, ജനാധിപത്യ  മതേതര  ഫെഡറല്‍ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന സര്‍ക്കാര്‍ കേന്ദ്രത്തില്‍ വരേണ്ടത്, ഇന്ത്യയിലെ മഹാഭൂരിപക്ഷം വരുന്ന ജനങ്ങളെ സംബന്ധിച്ചിടത്തോളം അത്യന്താപേക്ഷിതമായിരിക്കുന്നു. ഭൂരിപക്ഷം വരുന്ന സാധാരണക്കാരുടെ ക്ഷേമത്തിലും സാമ്പത്തിക വളര്‍ച്ചയിലും ലക്ഷ്യംവെയ്ക്കുന്ന അത്തരമൊരു ബദല്‍ മുന്നണിയെ സംയോജിപ്പിയ്ക്കുക എന്നത് ഇടതുപക്ഷത്തിെന്‍റ കടമയാണ്. അതിനുവേണ്ടി രാജ്യത്തെ ഇടതുപക്ഷ കക്ഷികളെ, പ്രത്യേകിച്ചും സിപിഐ എമ്മിനെ, കൂടുതല്‍ ശക്തിപ്പെടുത്തുകയും പാര്‍ലമെന്‍റില്‍ അവരുടെ ശക്തി വര്‍ധിപ്പിയ്ക്കുകയും ചെയ്യേണ്ടത് അനിവാര്യമായ ചുമതലയായി ഉയര്‍ന്നുവന്നിട്ടുള്ള ഈ സന്ദര്‍ഭത്തില്‍, നമുക്ക് മാര്‍ഗദര്‍ശനം നല്‍കുന്ന എ കെ ജിയുടെയും ഇ എം എസ്സിെന്‍റയും ദീപ്തമായ സ്മരണ കൂടുതല്‍ പ്രസക്തമായിത്തീരുന്നു.
*നാരായണന്‍ ചെമ്മലശ്ശേരി*

Thursday, 6 March 2014

അശോക് മോഛി: കലാപത്തിന്റെ മറ്റൊരു ഇര


അശോക് മോഛിയെ ഓര്‍മയില്ലേ? ഗുജറാത്ത് കലാപകാലത്ത് ഇരകളുടെ മുഖചിത്രമായി കുതുബുദ്ദീന്‍ അന്‍സാരിയുടെ കൈ കൂപ്പിയ ചിത്രം ലോകം മുഴുവന്‍ പ്രചരിച്ചപ്പോള്‍ കലാപകാരികളുടെ പ്രതിനിധിയായി നാം കണ്ടതും അറിഞ്ഞതും അശോക് മോഛിയുടെ ചിത്രമായിരുന്നു. കയ്യില്‍ കുന്തവും തലയില്‍ കാവിക്കെട്ടുമുള്ള അശോക് മോഛി. ഇന്ത്യന്‍ മതേതരത്വം അറപ്പോടെ ഉള്‍ഭയത്തോടെ കണ്ട ഭീകരരൂപം. ആ ചിത്രം ലോകത്തോട് വിളിച്ചുപറഞ്ഞു, ആരാണ് കലാപം, എന്താണ് കലാപം എന്ന്...


എന്നാല്‍ ഇന്ന് അശോക് മോഛി പഴയ ഭീകരനല്ല. കാലം അദ്ദേഹത്തില്‍ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നു. കയ്യില്‍ ഊരിപ്പിടിച്ച വാളില്ല. കണ്ണില്‍ വിദ്വേഷത്തിന്റെ ക്രോധമെരിയുന്നില്ല. ഉറുദു എഴുത്തുകാരനും സുഹൃത്തുമായ കലീം സിദ്ദിഖിയാണ് പറഞ്ഞത് അശോക് മോഛി അഹമ്മദാബാദിലെ ദില്ലി ദര്‍വാസയിലാണ് ജീവിക്കുന്നതെന്ന്. ലോകം മുഴുവന്‍ കണ്ടുവിറച്ച 'കാവി ഭീകരനെ' ഒരു നോക്ക് പാളിനോക്കാം എന്നു കരുതിയാണ് അവിടേക്ക് വെച്ചു പിടിച്ചത്. പക്ഷെ, തല കുനിച്ചിരുന്ന് തന്റെ ജോലിയില്‍ മുഴുകുന്ന ചെരിപ്പു തുന്നിയായ ഒരു സധാരണക്കാരന്റെ ചിത്രമാണ് പഴയ ഭീകരന്റെ സ്ഥാനത്ത്. സംസാരിച്ചു തുടങ്ങിയപ്പോള്‍ എനിക്ക് മനസ്സിലായി അശോക് മോഛിയും ഒരു ഇരയാണ് എന്ന്. കാവി ഭീകരതയുടെ മറ്റൊരു ഇര. ഗുജറാത്തില്‍ ദളിതുകളെ കുരങ്ങു കളിപ്പിച്ച് എങ്ങനെയാണ് മുസ്ലിം വിരുദ്ധരാക്കിയത് എന്നും ദളിതരെ എങ്ങനെയാണ് കലാപത്തിന് ഇന്ധനമായി കാവിപ്പട രൂപപ്പെടുത്തിയതെന്നും മോഛിയുടെ ജീവിതം നമ്മോട് വിളിച്ചുപറയുന്നു. ഇവിടെ മുസ്ലിം ഗല്ലികളോടു ചേര്‍ന്നാണ് ദളിത് ഗല്ലികളും ഒട്ടുമിക്ക സ്ഥലങ്ങളും ഉള്ളത്. അഥവാ ദളിത് മൊഹല്ലകളും മുസ്ലിം മൊഹല്ലകളും ഒരുമിച്ചാണ് മുന്നോട്ട് പോകുന്നത്.


മറ്റൊരു ഭാഷയില്‍ പറഞ്ഞാല്‍ മുഖ്യധാരാ കാസ്റ്റ് ഹിന്ദുക്കളുടെ കൂടെ ജീവിക്കാന്‍ ദളിതര്‍ക്ക് അപ്രഖ്യാപിത വിലക്ക് തന്നെയുണ്ട്. സവര്‍ണ ഹിന്ദുക്കളുടെ ഓരംപറ്റി ജീവിക്കുന്ന ദളിതര്‍ക്ക് ഇപ്പോഴും കിണറ്റില്‍നിന്നും വെള്ളമെടുക്കണമെങ്കില്‍ രാത്രി എട്ടുമണി കഴിയണം എന്നതാണ് മോഡിയുടെ ഹിന്ദുത്വ സ്വര്‍ഗത്തിലെ മറ്റൊരു യാഥാര്‍ഥ്യം. ഒരേ ജീവിത സാഹചര്യങ്ങളും ക്വാളിറ്റി ഓഫ് ലൈഫും ഉള്ള ദളിതരും മുസ്ലിങ്ങളും ഒന്നിച്ചാണ് ജീവിച്ചിരുന്നതും ഇപ്പോഴും ജീവിക്കുന്നതും. ഗുജറാത്തില്‍ കാവിവല്‍ക്കരണത്തിന് മാസ്റ്റര്‍പ്ലാന്‍ തയാറാക്കിയ കാവിബുദ്ധി ആദ്യം ചെയ്തത് ഈ ദളിത് മൊഹല്ലകളില്‍ വര്‍ഗീയതയുടെ വിത്തുകള്‍ പാകുകയായിരുന്നു. തങ്ങളുടെ ജാതിയോ മതമോ ദൈവമോ പ്രശ്നമല്ലാതിരുന്ന ദളിതര്‍ക്ക് മെല്ലെ മെല്ലെ തെറ്റായ സ്വത്വബോധം കുത്തിവെച്ച് തൊട്ടടുത്ത് പാര്‍ക്കുന്ന മുസ്ലിം ഗല്ലികളിലേക്ക് വിരല്‍ചൂണ്ടി അവരാണ് നിങ്ങളുടെ പ്രശ്നങ്ങള്‍ക്കെല്ലാം കാരണം എന്ന് പറഞ്ഞുപരത്തി. നിങ്ങളുടെ ജീവിതസൗകര്യങ്ങളും പണവും കൊള്ളയടിക്കുന്നത് പൊതുവെ ചെറിയ കച്ചവടക്കാരായ മുസ്ലിങ്ങളാണെന്ന കഥയും മെനഞ്ഞുണ്ടാക്കി. കലാപത്തിന് മുന്നേ ചില സ്ഥലങ്ങളില്‍ പ്രചരിച്ചിരുന്ന പാംലെറ്റുകള്‍ ഇതിനുദാഹരണമാണ്. പാംലെറ്റുകളില്‍ അക്കമിട്ട് നിരത്തിയിരുന്നത് മുസ്ലിം സ്ഥാപനങ്ങള്‍ നേടുന്ന ലാഭത്തിന്റെ കണക്കുകളായിരുന്നു. ഇത് ദളിത് മസ്തിഷ്ക്കങ്ങളില്‍ മെല്ലെ ചലനം സൃഷ്ടിച്ചു. നരോദ പാട്യയിലെ കലാപം തന്നെ മികച്ച ഉദാഹരണം.

പൊതുവെ സ്വത്വപരമായി യാതൊരു ലക്ഷണവും പ്രകടിപ്പിക്കാതിരുന്ന മുസ്ലിങ്ങളായിരുന്നു നരോദയിലേത്. മദ്യനിരോധനം നിലവിലുള്ള ഗുജറാത്തില്‍ വാറ്റു നടത്തുന്നവരായിരുന്നു അവിടുത്തെ ദളിതര്‍. ഒരേ സംസ്കാരവും ജീവിതരീതിയും പിന്തുടര്‍ന്നിരുന്ന ഇവരെ തമ്മിലടിപ്പിച്ച് കൂട്ടക്കൊലയും മൃഗീയ ബലാത്സംഗങ്ങളും നടത്താനായി എന്നത് കാവി ഭീകരതയുടെ വിജയം. സവര്‍ണ ഹിന്ദുക്കളും സമ്പന്ന മുസ്ലിങ്ങളും താമസിച്ചിരുന്ന മേഖലകളില്‍ കലാപം കുറവായിരുന്നു എന്നത് ഇതിനോട് ചേര്‍ത്തുവായിക്കേണ്ട വസ്തുതയാണ്. അങ്ങനെ മസ്തിഷ്ക്ക ചോര്‍ച്ച സംഭവിച്ച ഒരു ദളിതന്റെ കഥയാണ് അശോക് മോഛിയുടെതും.

2002 ഫെബ്രുവരി 27ന് ഏതോ ഒരു വിശ്വഹിന്ദു പരിഷത്ത് നേതാവ് ഗോധ്രയിലെ കത്തിക്കരിഞ്ഞ കര്‍സേവകന്റെ ശരീരം കാണിച്ച് ചോദിച്ചു നിങ്ങള്‍ ഇനി എന്തിനാണ് നോക്കിനില്‍ക്കുന്നത്? എന്ന്. ഇനി മോഛിയുടെ വാക്കുകളില്‍: 
എന്താണ് അന്നു സംഭവിച്ചത്? (അശോക് മോഛി ദളിത്സിദ്ധമായ അപകര്‍ഷതയോടെ തല താഴ്ത്തി സംസാരിച്ചു തുടങ്ങി) 
അന്ന് വൈകുന്നേരം (ഫെബ്രുവരി 28) ഞാന്‍ ഇവിടെ ഈ ചെരുപ്പ് തുന്നുന്ന സ്ഥലത്ത് ഇരിക്കുമ്പോള്‍ ആരൊക്കെയോ വന്ന് ഗോധ്രയില്‍ 56 ഹിന്ദുക്കളെ മുസ്ലിങ്ങള്‍ ജീവനോടെ കത്തിച്ചു എന്ന് എന്നോടു പറഞ്ഞു. കത്തിക്കരിഞ്ഞ ശവശരീരങ്ങളുടെ ചിത്രങ്ങളുമുണ്ടായിരുന്നു അവരുടെ കൈകളില്‍. വൈകുന്നേരം അഞ്ചുമണിയൊക്കെ ആയതോടെ തെരുവില്‍ മുഴുവന്‍ ആള്‍ക്കൂട്ടമായിരുന്നു. മുസ്ലിം വീടുകള്‍, കടകള്‍ തകര്‍ത്ത് ആക്രോശിച്ച് വരുന്ന അവര്‍ക്കൊപ്പം ഞാനും ചേര്‍ന്നു. ഞങ്ങള്‍ താഴ്ന്ന ഹിന്ദുക്കള്‍ താമസിച്ചിരുന്ന ഇടത്തുനിന്നുമാണ് തൊട്ടപ്പുറത്തെ മുസ്ലിം വീടുകള്‍ തകര്‍ക്കാന്‍ ബജ്റംഗദള്‍ നേതാക്കള്‍ പദ്ധതിയിട്ടത്. ഞാനും എന്റെ ഹിന്ദു സഹോദരങ്ങളുടെ ജീവന് പകരംചോദിക്കാന്‍ കൈയില്‍ കിട്ടിയ വടിയുമായിട്ടാണ് വന്നത്. ഞങ്ങള്‍ മുസ്ലിം ഗല്ലിയിലേക്ക് കടക്കുന്നതിന്റെ തൊട്ട് മുന്നേ നിരവധി മാധ്യമ പ്രവര്‍ത്തകര്‍ റോഡില്‍ നിരന്നിരുന്നു. ഫ്ളാഷുകള്‍ മിന്നിത്തുടങ്ങിയപ്പോള്‍ ജയ്ശ്രീരാം വിളികള്‍ക്കും തെറി വിളികള്‍ക്കും ആക്കം കൂടി. ജയ് രന്‍ചോര്‍, മിയചോര്‍ മിയ കി മാകി (ജയ് രന്‍ചോര്‍, മുസ്ലിങ്ങള്‍ കള്ളന്മാരാണ്) തുടങ്ങിയ അധിക്ഷേപ വാക്കുകളും ആര്‍പ്പുവിളികളും കൊണ്ട് വല്ലാത്ത ഹരമായിരുന്നു അപ്പോള്‍ ഞങ്ങള്‍ക്ക്. തലയില്‍ കാവി റിബണും കൈയില്‍ വടിയുമേന്തി നില്‍ക്കുന്ന എന്റെ ആക്രോശങ്ങള്‍ കേട്ട് ഒരു മാധ്യമ പ്രവര്‍ത്തകന്‍ എന്റെ ഫോട്ടോ എടുക്കാന്‍ തുടങ്ങി. ഞാന്‍ ഉറക്കെ അട്ടഹസിച്ചു. (ഇന്ത്യാ ടുഡേയുടെ സെബാസ്റ്റ്യന്‍ ഡിസൂസ എന്ന ഫോട്ടോഗ്രാഫറായിരുന്നു അതെന്ന് പിന്നീടാണ് അറിഞ്ഞത്).

നിങ്ങള്‍ ആരെയെങ്കിലും ഈ കലാപത്തിനിടയില്‍ കൊന്നുവോ? 

ഇല്ല. പലരെയും അടിച്ചുപരിക്കേല്‍പിച്ചു. നിരവധി വീടുകള്‍ തകര്‍ത്തു. കടകളും.

നേരത്തെതന്നെ നിങ്ങള്‍ ബജറംഗ്ദള്‍ അംഗമായിരുന്നോ?

ഇല്ല. ഞാന്‍ ഒരിക്കലും ഒരു പാര്‍ടിയിലും അംഗമായിരുന്നില്ല. എന്റെ ഉപജീവനമാര്‍ഗമായ ഈ തൊഴിലില്‍ മുഴുകിക്കഴിഞ്ഞിരുന്ന ഒരു സാധാരണക്കാരനായിരുന്നു ഞാന്‍. ഈ ഫുട്പാത്തില്‍ എന്റെ അപ്പുറവും ഇപ്പുറവും ഇരിക്കുന്നത് രണ്ട് മുസ്ലിം തെരുവ് കച്ചവടക്കാരാണ്. ഗുലാം ഭായിയും റമീസ് ഭായിയും. അത് കലാപത്തിന് മുന്നെയും അങ്ങനെയായിരുന്നു. ശേഷവും അതങ്ങനെതന്നെയാണ്. (രണ്ടു പേരെയും മോഛി വിളിച്ച് പരിചയപ്പെടുത്തി. അവരാണ് ഞങ്ങള്‍ക്ക് ചായ കൊണ്ടുവന്നു തന്നത്).

ലോകം മുഴുവന്‍ നിങ്ങളുടെ ചിത്രം പ്രചരിച്ചു. സ്വാഭാവികമായും ഇവിടുത്തെ മുസ്ലിങ്ങളുടെ പ്രതികരണം എന്തായിരുന്നു നിങ്ങളോട്

 അവരാരും എന്നോട് ശത്രുതയോടെ പെരുമാറിയിട്ടില്ല. എനിക്കെതിരെ കേസില്‍ സാക്ഷി പറയാന്‍ പോലും ഒരു മുസ്ലിമും വന്നിട്ടില്ല. എന്റെ അപ്പുറവും ഇപ്പുറവും ഇരിക്കുന്ന ഗുലാംഭായിയും റമീസ്ഭായിയും തന്നെയാണ് എന്റെ അടുത്ത സുഹൃത്തുക്കള്‍.

പിന്നെ എന്തിനാണ് അന്ന് അങ്ങനെയൊക്കെ ചെയ്യാന്‍ തോന്നിയത്? 

എങ്ങനെ ചെയ്യാതിരിക്കും. എന്റെ ഹിന്ദു സഹോദരങ്ങളെയല്ലേ ജിഹാദി മുസ്ലിങ്ങള്‍ ചുട്ടുകൊന്നത്. ഇന്ത്യയില്‍ ഭൂരിപക്ഷത്തെ ആക്രമിച്ചാല്‍ ന്യൂനപക്ഷത്തിന് ഇവിടെ അന്തിയുറങ്ങാന്‍ പോലും സാധ്യമല്ല.


അപ്പോള്‍ മറ്റൊരു കാര്യം ചോദിക്കട്ടെ, 56 പേരെ ഏതോ ജിഹാദി മുസ്ലിങ്ങള്‍ കൊന്നതിനു പകരം അവര്‍ എത്രപേരെയാണ് കൊന്നത് എന്ന് നിങ്ങള്‍ക്കറിയാമോ? എത്ര സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെട്ടു എന്ന് നിങ്ങള്‍ കേട്ടിട്ടുണ്ടോ?

എന്നോട് അതിനെപ്പറ്റിയൊന്നും ആരും പറഞ്ഞിട്ടില്ല. കുറച്ച് കടകളും സ്ഥാപനങ്ങളും തകര്‍ത്തു എന്നല്ലാതെ ആരെങ്കിലും മരിച്ചതായി ഞാന്‍ അറിഞ്ഞിട്ടില്ല. (ആയിരങ്ങള്‍ കൊല്ലപ്പെട്ടിട്ടും പതിനായിരങ്ങള്‍ കുടിയൊഴിഞ്ഞുപോയിട്ടും ഈ ദളിത് യുവാവിന് ആ വാര്‍ത്ത കിട്ടിയിരുന്നില്ല. വാര്‍ത്തകള്‍ ആര്‍ക്കോ വേണ്ടവ മാത്രമാണ് ഇവിടെ എത്തുന്നത്)

ആപ് ഏക് പ്രതീക് ബന്‍ഗയാ. നിങ്ങള്‍ ഹിന്ദുത്വത്തിന്റെ ഒരു പ്രതീകമായി മാറി. നിങ്ങള്‍ക്ക് ഗവണ്‍മെന്റില്‍ നിന്നോ അല്ലെങ്കില്‍ ബിജെപി, ബജ്റംഗ്ദള്‍ ആരില്‍ നിന്നെങ്കിലും വല്ല സഹായവും ലഭിച്ചിരുന്നോ?

എനിക്ക് ഇതുവരെ ആരില്‍നിന്നും ഒരു സഹായവും ലഭിച്ചിട്ടില്ല. കലാപത്തിന്റെ കേസ് ഞാന്‍ സ്വയം നടത്തുകയായിരുന്നു. കണ്ടാലറിയാവുന്ന കലാപകാരികള്‍ക്കെതിരെ കേസെടുത്ത കൂട്ടത്തില്‍ എനിക്കെതിരെയും എടുത്തിരുന്നു. പക്ഷേ എനിക്കെതിരെ സാക്ഷി പറയാന്‍ എന്റെ ഈ മുസ്ലിം ബസ്തി (മുസ്ലിം ഗല്ലി)യിലെ ആരും തയ്യാറായില്ല. അവസാനം കേസ് തള്ളിപ്പോയി. (ഇതിനെക്കുറിച്ച് തൊട്ടപ്പുറത്തെ കച്ചവടക്കാരന്‍ ഗുലാം ഭായിയോട് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ കഷ്ടപ്പെടുന്ന ഒരു ചെരുപ്പുകുത്തിക്കെതിരെ എന്തിന് സാക്ഷി പറയണം എന്നാണ്. അയാളും മറ്റൊരു ഇരയാണ്. ആരോ ഉരുട്ടിവിട്ട പമ്പരമായിരുന്നു അയാള്‍, മറ്റൊരു ഇര). പിന്നെ ഞാന്‍ സഹായം ചോദിച്ച് ആരുടെ അടുത്തും പോയിട്ടുമില്ല.

നരേന്ദ്രമോഡിയെ ഇതുവരെ കണ്ടിട്ടുണ്ടോ? മോഡിയുടെ വികസനത്തെക്കുറിച്ച് എന്താണ് പറയാനുള്ളത്?

ക്യാ വികാസ്? ദില്ലി ദര്‍വാസ എന്നും ഇങ്ങനെ തന്നെയായിരുന്നു. ഇതിന് പ്രത്യേകിച്ച് മാറ്റം ഒന്നുമില്ല. (മോഛിയുടെ ലോകം ഈ ദില്ലി ദര്‍വാസയാണ്). പിന്നെ മോഡിയെ ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. എനിക്ക് മോഡിയെ ഇഷ്ടവുമല്ല.

അതെന്താണ് കാരണം = ഞാന്‍ ദളിതനാണ്. ദളിതരോട് മോഡി സര്‍ക്കാരിന്റെ സമീപനത്തില്‍ ഞാന്‍ തൃപ്തനല്ല. കാരണം ഗവണ്‍മെന്റ് ജോലികളെല്ലാം കരാര്‍ ജോലികളാക്കി മാറ്റിയതോടെ ദളിതുകള്‍ എവിടെയുമെത്താന്‍ കഴിയാതെ ബുദ്ധിമുട്ടുകയാണ് ഈ സര്‍ക്കാരിനു കീഴില്‍. അവര്‍ ഞങ്ങളെ എങ്ങനെയാണ് പറഞ്ഞു പറ്റിച്ചത് എന്നും ഞങ്ങള്‍ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. 2002ല്‍ ഹനുമാന്‍ വിഗ്രഹവും ബജ്റംഗ്ദള്‍ ഹോര്‍ഡിംഗുകളും മാത്രം ഉണ്ടായിരുന്ന എന്റെ ഈ മൊഹല്ലയില്‍ ബാബാസാഹിബിന്റെ (അംബേദ്കറുടെ) ചിത്രങ്ങളും ഹോര്‍ഡിംഗ്സും വന്നു തുടങ്ങി. ഞങ്ങള്‍ തിരിച്ചറിയുന്നുണ്ട്, മുസ്ലിങ്ങളെപ്പോലെ ഞങ്ങളും ഇരകളാണെന്ന്. ?

പിന്നെ കലാപത്തിന്റെ കാലത്ത് താങ്കളെപ്പോലെ മറ്റൊരു പ്രതീകമായി മാറിയ കുത്ബുദ്ദീന്‍ അന്‍സാരിയെ അറിയുമോ? കണ്ടിട്ടുണ്ടോ?

ഞങ്ങള്‍ കണ്ടിട്ടുണ്ട്. രാകേഷ്ശര്‍മ സിനിമ എടുക്കാന്‍ വന്നപ്പോള്‍ ഞങ്ങളെ ഒരുമിച്ചിരുത്തി അഭിമുഖം നടത്തിയിരുന്നു. അന്നു ഞാന്‍ കുത്തുബ് ഭായിയോട് അദ്ദേഹത്തിന് സംഭവിച്ചതിന് മാപ്പു ചോദിച്ചിരുന്നു.  വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനുമുമ്പ് ചിത്രം പുറത്തുവരും. (ഇന്ത്യന്‍ പ്രധാനമന്ത്രി പദത്തില്‍ എത്താന്‍ ജ ഞ ക്യാമ്പയിനുകള്‍ നടത്തി മാധ്യമങ്ങള്‍ക്ക് പ്രിയങ്കരനായ മോഡിക്ക് മാധ്യമലോകത്തു നിന്നുതന്നെ മറ്റൊരു കുറ്റപത്രം തയ്യാറാവുമ്പോള്‍ അശോക് മോഛി 2014 ലെ മോഡി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമാകുന്നത് ഒരുപക്ഷേ കാലത്തിന്റെ കാവ്യനീതിയായിരിക്കാം.) ചുമരില്‍ തുക്കിയിരിക്കുന്ന കാളിയുടെ ചിത്രത്തെക്കുറിച്ചു ചോദിച്ചപ്പോള്‍ മോഛി പറഞ്ഞത് കാളി കറുത്ത ഞങ്ങളുടെയൊക്കെ ദൈവമാണ് എന്നാണ്.

ഹനുമാന്റെ (ബജ്രംഗ്) സവര്‍ണ രാഷ്ട്രീയത്തില്‍നിന്ന് കാളിയുടെ അവര്‍ണ സ്വത്വത്തിലേക്ക് ദളിതര്‍ മാറി ചിന്തിച്ചുതുടങ്ങിയത് മോഡി രാഷ്ട്രീയ ഹിന്ദുത്വം പോലും മറന്ന് കോര്‍പ്പറേറ്റ് മോഡിത്വത്തിലേക്ക് ചുവടുമാറ്റിയതിന്റെ അനുരണനമാണ്. മോഡിയുടെ വികസന സ്വര്‍ഗത്തില്‍ ജീവിതച്ചെലവ് താങ്ങാന്‍ കഴിയാത്തതുകൊണ്ടാണ് വിവാഹം കഴിക്കാന്‍ പറ്റാതെ പോയത് എന്നാണ് മോഛിയുടെ പക്ഷം. സെബാസ്റ്റ്യന്‍ ഡിസൂസ  ഫോട്ടോയെടുത്ത ഗല്ലിയിലേക്ക് ഞങ്ങളുടെ കൂടെ മോഛിയും വന്നു. അന്നുണ്ടായിരുന്ന താടിരോമങ്ങള്‍ ഇപ്പോള്‍ മോഛിക്കില്ല. അതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അതും ഒരു മാറ്റമാണ് എന്നാണ് മോഛി പറഞ്ഞത്. ഗല്ലി ഇന്ന് ബാബാസാഹിബ് ചാര്‍രസ്ത (അംബേദ്കര്‍ ജംഗ്ഷന്‍) എന്നാണ് അറിയപ്പെടുന്നത്. അന്ന് മോഛി ആരുടെയൊക്കെയോ ബലത്തില്‍ ആക്രോശിച്ചിരുന്ന അതേ സ്ഥലത്ത് ആക്രോശങ്ങളില്ലാതെ വന്നുനിന്ന് ഫോട്ടോക്ക് പോസ് ചെയ്തപ്പോള്‍ മനസ്സ് മന്ത്രിച്ചു. അതെ ഇതും മറ്റൊരു കുതുബുദ്ദീന്‍ അന്‍സാരിയാണ്...!

ഒരു ചായ കുടിച്ച് പിരിയാന്‍ വേണ്ടിയാണ് കടയില്‍ കയറിയത്. പണം കൊടുക്കാനായി ഞാന്‍ ചെന്നപ്പോള്‍ മോഛി എന്നെ വിലക്കിയിട്ട്പറഞ്ഞു. 'ആപ് മേരാ മെഹ്മാന്‍ഹെ!'
(നിങ്ങള്‍ എന്റെ അതിഥിയാണ്).

**സഈദ് റൂമി മുണ്ടമ്പ്ര

കാപട്യത്തിന് കൂട്ടുനില്‍ക്കുന്നവര്‍

അധികാരക്കസേരയാണോ മലയോര കര്‍ഷകജനതയുടെ ജീവിതമാണോ പ്രധാനമെന്ന് കര്‍ഷകതാല്‍പ്പര്യത്തിന്റെ സംരക്ഷകര്‍ എന്നു സ്വയം വിശേഷിപ്പിക്കാറുള്ള രാഷ്ട്രീയപ്പാര്‍ടികള്‍ക്ക് നിശ്ചയിക്കേണ്ടിവരുന്ന സവിശേഷ ഘട്ടമാണിത്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് മുന്‍നിര്‍ത്തി പറയുന്ന വാക്കുകളല്ല, എടുക്കുന്ന നിലപാടുകളാവും ഇവിടെ ഉരകല്ല്. ഈ ഉരകല്ലില്‍ ഉരച്ച് ജനങ്ങള്‍, പ്രത്യേകിച്ച് മലയോര കര്‍ഷകജനത, തങ്ങള്‍ക്കുവേണ്ടി ആണയിടാറുള്ള പ്രസ്ഥാനങ്ങളുടെ ആത്മാര്‍ഥത പരിശോധിക്കുന്ന ഘട്ടമാണ് സംജാതമായിട്ടുള്ളത്.

ഒരു ഭാഗത്ത് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് മാറ്റമില്ലാതെ നടപ്പാക്കുക എന്നതാണ് തങ്ങളുടെ നിലപാടെന്ന് ഹരിത ട്രിബ്യൂണലിനെ രേഖാമൂലം അറിയിക്കുക. മറുഭാഗത്ത് അതിനെതിരായി ഉയരുന്ന ജനരോഷത്തെ തണുപ്പിക്കാന്‍ വേണ്ടി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വിജ്ഞാപന പ്രഹസനം നടത്തുക. ഈ തട്ടിപ്പ് ജനങ്ങള്‍ക്കാകെ ബോധ്യമുണ്ട്. എന്നിട്ടും ഈ തട്ടിപ്പിനെ മറയിട്ട് രക്ഷിക്കാനാണോ കര്‍ഷകരെക്കുറിച്ച് പ്രസംഗിച്ചു നടക്കുന്നവരുടെ നീക്കം? കേരളം ഉറ്റുനോക്കുകയാണിത്.

ആശങ്കകള്‍ക്ക് അടിസ്ഥാനമുണ്ടെന്നു നാള്‍ക്കുനാള്‍ തെളിഞ്ഞുകൊണ്ടിരുന്നപ്പോഴൊക്കെ ഒരു ആശങ്കയും വേണ്ടെന്ന് ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയായിരുന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കര്‍ഷകരുടെ താല്‍പ്പര്യങ്ങള്‍ പൂര്‍ണമായി സംരക്ഷിക്കുമെന്ന് കേന്ദ്രമന്ത്രി വീരപ്പ മൊയ്ലി ഉറപ്പു നല്‍കിയെന്ന് ഒരു ഘട്ടത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. താന്‍ ഒരു ഉറപ്പും നല്‍കിയിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ പ്രസ്താവനയുടെ മഷിയുണങ്ങും മുമ്പ് വീരപ്പ മൊയ്ലി തിരുത്തി. പരിസ്ഥിതിലോല പ്രദേശങ്ങള്‍ പുനക്രമീകരിക്കുമെന്നും ജനവാസകേന്ദ്രങ്ങളെയും കൃഷിയിടങ്ങളെയും അതില്‍നിന്ന് ഒഴിവാക്കുമെന്നും ഉറപ്പ് കിട്ടിയതായി ഒരു സന്ദര്‍ഭത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. ആ വാര്‍ത്ത അച്ചടിച്ചു വന്ന പേജിലെ മഷിയുണങ്ങും മുമ്പ് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ മാറ്റമില്ലെന്ന് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം രേഖാമൂലം ഹരിത ട്രിബ്യൂണലിനെ അറിയിച്ചു. ഡിസംബര്‍ 20ന്റെ ഓഫീസ് മെമ്മോറാണ്ടമാണ് നിലനില്‍ക്കുകയെന്നും അത് വന്നതോടെ നവംബര്‍ 13ന്റെ ഉത്തരവ് അസ്ഥിരപ്പെട്ടു എന്നും ഉമ്മന്‍ചാണ്ടി വാദിച്ചു. എന്നാല്‍, ഡിസംബര്‍ 20ന്റേതിനുമേല്‍ നിലനില്‍ക്കുക നവംബര്‍ 13ന്റെ രേഖതന്നെയാണെന്ന് വനംപരിസ്ഥിതി മന്ത്രാലയം ഹരിത ട്രിബ്യൂണലില്‍ എഴുതിക്കൊടുത്തു. നവംബര്‍ 13ന്റെ രേഖ റദ്ദാക്കണമെന്ന് ഒരു ഘട്ടത്തില്‍ ആവശ്യപ്പെട്ട മുഖ്യമന്ത്രി, അത് റദ്ദാക്കപ്പെടില്ലെന്ന് ബോധ്യപ്പെട്ടപ്പോള്‍ ആ രേഖയുടെ പക്ഷത്തേക്കു നിലപാട് മാറ്റി. എന്നുമാത്രമല്ല, 13ന്റെ രേഖ റദ്ദായിപ്പോയാല്‍ പിന്നെ ഗാഡ്ഗില്‍ റിപ്പോര്‍ട്ടാവും നടപ്പാവുകയെന്ന വിചിത്രമായ നിലപാടിലേക്കുപോലും ചെന്നെത്തി.

ഏറ്റവുമൊടുവില്‍ നവംബര്‍ 13ന്റെ രേഖ റദ്ദാക്കുന്നതായോ പരിസ്ഥിതിലോലമെന്ന് മുദ്രയടിച്ച 123 വില്ലേജുകളിലെ കൃഷിജനവാസമേഖലകളെ ഒഴിവാക്കുന്നതായോ ഒന്നും പരാമര്‍ശിക്കാതെ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന്റെ തലേന്ന് ഒരു ഓഫീസ് മെമ്മോറാണ്ടം ഇറക്കി; കേന്ദ്രം. ഉടന്‍തന്നെ എല്ലാ പ്രശ്നവും അവസാനിച്ചുവെന്ന് പറഞ്ഞ് കേന്ദ്രനടപടിയെ സ്വാഗതം ചെയ്തിരിക്കുന്നു മുഖ്യമന്ത്രി. കേരളത്തില്‍ അതിരൂക്ഷമാവുന്ന ജനരോഷത്തെ തെറ്റിദ്ധരിപ്പിച്ച് തണുപ്പിക്കാനുള്ള കപടവിദ്യയാണ് ഈ വിജ്ഞാപന പ്രഹസനമെന്നറിയാന്‍ സാമാന്യബുദ്ധിയേ വേണ്ടൂ. കേരളതാല്‍പ്പര്യം ഉയര്‍ത്തിപ്പിടിച്ച് അതിനെതിരെ പൊട്ടിത്തെറിക്കേണ്ട മുഖ്യമന്ത്രിയാണ് നിര്‍ലജ്ജം അതിനെ സ്വാഗതംചെയ്തത്. മുഖ്യമന്ത്രിതന്നെ സ്വാഗതംചെയ്ത സ്ഥിതിക്ക് ഇതിനപ്പുറത്ത് ഇനി ഒന്നും വേണ്ടല്ലോ എന്ന മട്ടിലായി കേന്ദ്രം. മലയോര കര്‍ഷകരുടെ ജീവിതത്തിനുമേല്‍ ആശങ്ക കാര്‍മേഘങ്ങളായി ഉരുണ്ടുകൂടുമ്പോഴാണ് മുഖ്യമന്ത്രിയുടെ സങ്കുചിത രാഷ്ട്രീയതാല്‍പ്പര്യത്തിലുള്ള ഈ സ്വാഗതംചെയ്യല്‍. ജനങ്ങളെ ഒറ്റുകൊടുക്കലാണിത്; ആശങ്കയകറ്റാന്‍ ഉദ്ദേശിച്ചുള്ള സംഘടിത നീക്കങ്ങളെ കേന്ദ്രത്തിന്റെ പക്ഷംചേര്‍ന്ന് തകര്‍ത്തുകൊടുക്കലാണിത്.

കേരള നിയമസഭ മുന്നോട്ടുവച്ച ആവശ്യത്തെ കേന്ദ്രം അധിക്ഷേപിച്ച് തള്ളി. നവംബര്‍ 13ന്റെ രേഖ ഇപ്പോഴും സാധുതയോടെ നിലനില്‍ക്കുന്നു. കരട് വിജ്ഞാപനമിറക്കുമെന്ന പ്രഖ്യാപനം അനിശ്ചിതത്വത്തിലായി. ഓഫീസ് മെമ്മോറാണ്ടമേയുള്ളു എന്ന നിലവന്നു. ഇനി അഥവാ, വിജ്ഞാപനമിറക്കിയാല്‍തന്നെയും മാര്‍ച്ച് നാലിന്റെ ഓഫീസ് മെമ്മോറാണ്ടത്തിന്റെ ഉള്ളടക്കത്തിനപ്പുറത്തേക്ക് അത് പോവില്ല. മുഖ്യമന്ത്രി സ്വാഗതംചെയ്ത ആ ഓഫീസ് മെമ്മോറാണ്ടം സത്യത്തില്‍ എന്താണ് പറയുന്നത്? അത് പരിസ്ഥിതിലോല പ്രദേശമായി കണക്കാക്കിയിട്ടുള്ള 123 വില്ലേജുകളിലെ കൃഷിജനവാസകേന്ദ്രങ്ങളെക്കുറിച്ചോ 10 കിലോമീറ്റര്‍ ബഫര്‍ മേഖല നീക്കുന്നതിനെക്കുറിച്ചോ ഒന്നും ഖണ്ഡിതമായി പറയുന്നില്ല. 'തത്വത്തില്‍ അംഗീകരിച്ചു' എന്നു മുഖ്യമന്ത്രി പറയുന്നു. തത്വത്തില്‍ എന്താണ് അംഗീകരിച്ചത്? അതറിയാന്‍ മുഖ്യമന്ത്രി ഓഫീസ് മെമ്മോറാണ്ടം വായിച്ചുനോക്കണം. ഹൈ ലെവല്‍ വര്‍ക്കിങ് ഗ്രൂപ്പിന്റെ റിപ്പോര്‍ട്ടിന് തത്വത്തിലുള്ള അംഗീകാരത്തെക്കുറിച്ചാണത്. അത് കേന്ദ്രത്തിന്റെ വര്‍ക്കിങ് ഗ്രൂപ്പാണ്; കേരളത്തിന്റെ ഉമ്മന്‍ കമ്മിറ്റിയല്ല. ഈ ഓഫീസ് മെമ്മോറാണ്ടം ആകെ പറയുന്നത് കേരളത്തിന്റെ ആവശ്യങ്ങളെക്കുറിച്ച് ബന്ധപ്പെട്ടവര്‍ക്ക് പ്രതികരിക്കാന്‍ സൗകര്യം ചെയ്തു കൊടുക്കുമെന്നു മാത്രമാണ്. ഇതാണ് മുഖ്യമന്ത്രിക്ക് സ്വാഗതാര്‍ഹമായി തോന്നിയത്!

മുഖ്യമന്ത്രിക്ക് കേന്ദ്രത്തിന്റെ ഈ കാപട്യത്തിന് കൂട്ടുനില്‍ക്കാന്‍ രാഷ്ട്രീയ കാരണങ്ങളുണ്ട്. എന്നാല്‍, കര്‍ഷകര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നു എന്ന് അവകാശപ്പെടുന്ന പ്രസ്ഥാനങ്ങള്‍ ഈ കാപട്യത്തിനു മറയിടാമോ? അതും ഒന്നുരണ്ട് മന്ത്രിക്കസേരകള്‍ രക്ഷിക്കാന്‍വേണ്ടി. ഇതാണ് ഈ ഘട്ടത്തിലെ പ്രസക്തമായ ചോദ്യം.

** ദേശാഭിമാനി 05-03-2014

Friday, 28 February 2014

മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ ഊര്‍ന്നുവീണ മുഖംമൂടി

ആര്യാടന്‍ മുഹമ്മദ് നിലമ്പൂരിന്റെ എംഎല്‍എ ആണ്. കേരള മന്ത്രിസഭയില്‍ വൈദ്യുതി മന്ത്രിയാണ്. മന്ത്രിസഭയിലെ ഏറ്റവും മുതിര്‍ന്ന അംഗമായ അദ്ദേഹം, താന്‍ കോണ്‍ഗ്രസിലെ മതേതരത്വം ഉയര്‍ത്തിപ്പിടിക്കുന്ന ദേശീയ മുസ്ലിം പൈതൃകത്തിന്റെ നേരവകാശിയെന്നാണ് അവകാശപ്പെടാറുള്ളത്. എല്ലാ തെരഞ്ഞെടുപ്പുകാലത്തും ഭൂമിയോളം കുമ്പിട്ട് മുസ്ലിംലീഗിന്റെ വോട്ട് സമ്പാദിക്കാറുള്ള ആര്യാടന്‍, തെരഞ്ഞെടുപ്പ് അകലെയാണെങ്കില്‍ മുസ്ലിംലീഗിനെയും അത് ഉയര്‍ത്തിപ്പിടിക്കുന്ന മത യാഥാസ്ഥിതിക നിലപാടിനെയും വിമര്‍ശിച്ച് കയ്യടി നേടാറുണ്ട്. കേരളത്തിലെ പുരോഗമനമതേതരത്വ വാദികള്‍ പോലും ആര്യാടന്റെ മാറിമാറി പ്രത്യക്ഷപ്പെടാറുള്ള ഈ പ്രഛന്നവേഷത്തില്‍ വഞ്ചിക്കപ്പെടാറുണ്ട്. എന്നാല്‍ ഇത്തവണ ആര്യാടന്റെ 'ചാണക്യസൂത്രം' പൊളിഞ്ഞ് പാളീസാകുന്നതാണ് കോലോത്തുംമുറിയിലെ ചിറയ്ക്കല്‍ രാധ വധക്കേസിലൂടെ മറനീക്കി പുറത്തുവന്നത്.

ചാക്കില്‍ കെട്ടിയ നിലയിലാണ് അമരമ്പലം പഞ്ചായത്തിലെ ചുള്ളിയോട് ഉണ്ണിക്കുളത്തുള്ള കാട് മൂടിക്കിടക്കുന്ന ഒരു കുളത്തില്‍ നിന്നും രാധയുടെ മൃതദേഹം കണ്ടെടുത്തത്. ഫെബ്രുവരി ഒന്‍പതാം തീയതി രാവിലെ മോട്ടോര്‍ റിപ്പയര്‍ ചെയ്യാനെത്തിയ തൊഴിലാളികളാണ് ഒരു കയ്യും കാലും പുറത്തേക്ക് ചാടിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. അതിനകം തന്നെ മൃതദേഹം അഴുകി ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങിയിരുന്നു. പൊലീസ് സാന്നിധ്യത്തില്‍ പുറത്തെടുത്ത മൃതദേഹം ചിറയ്ക്കല്‍ രാധയുടേതാണെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. ഫെബ്രുവരി അഞ്ച് ബുധനാഴ്ചയാണ് എംഎല്‍എ ഓഫീസ് കൂടിയായ നിലമ്പൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസിലെ തൂപ്പുകാരിയായ ചിറയ്ക്കല്‍ രാധയെ കാണാതായത്. ബുധനാഴ്ച രാവിലെ എട്ട് മണിക്കാണ് രാധ കോണ്‍ഗ്രസ് ഓഫീസ് തൂത്തുവാരാന്‍ വീട്ടില്‍ നിന്നിറങ്ങിയത്. രാത്രിയായിട്ടും തിരിച്ചെത്താത്തതിനെത്തുടര്‍ന്ന് അവരുടെ സഹോദരന്‍ അന്വേഷണം നടത്തുകയും ഒടുവില്‍ നിലമ്പൂര്‍ സബ് ഇന്‍സ്പെക്ടര്‍ മുമ്പാകെ പരാതി നല്‍കുകയും ചെയ്തു. കാണാതായതിനെക്കുറിച്ച് തനിക്ക് ചില സംശയങ്ങളുണ്ടെന്ന് രാധയുടെ സഹോദരന്‍ എസ്ഐയോട് പറഞ്ഞപ്പോള്‍, 'അത് രണ്ടാമത്തെ പ്രശ്നം' എന്നായിരുന്നുവത്രെ എസ്ഐയുടെ മറുപടി. എംഎല്‍എ ഓഫീസായ കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫീസിലെ തൂപ്പുകാരിയെ കാണാനില്ലെന്ന് പരാതി ലഭിച്ചിട്ടും എന്തുകൊണ്ടാണ് പൊലീസ് അതുസംബന്ധിച്ച് ഒരന്വേഷണവും നടത്താതെ നിര്‍വികാരമായിരുന്നത് എന്ന ചോദ്യത്തിന് ഉത്തരം കിട്ടേണ്ടതുണ്ട്. താന്‍ മന്ത്രിയോട് പരാതി പറഞ്ഞതായാണ് രാധയുടെ സഹോദരന്‍ ഭാസ്കരന്റെ മൊഴി. കല്ല് കെട്ടിത്താഴ്ത്തിയ ചാക്കിലുള്ള മൃതദേഹം കിലോമീറ്ററുകള്‍ അകലെയുള്ള പൂക്കോട്ടുംപാടത്തെ കോണ്‍ഗ്രസ് നേതാവും കര്‍ഷക കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റുമായ കുമാരന്‍കുട്ടിയുടെ ഉടമസ്ഥതയിലുള്ള ഒരു കുളത്തിലാണ് കൊണ്ടുപോയിട്ടത്. കാടുമൂടിക്കിടക്കുന്ന ഒഴിഞ്ഞ ഒരു പറമ്പിലുള്ള കുളത്തില്‍ നിന്ന് സാധാരണ ഗതിയില്‍ ആ മൃതദേഹം കണ്ടെത്താനുള്ള സാധ്യത കുറവായിരുന്നു. യാദൃച്ഛികമായി മോട്ടോര്‍ നന്നാക്കാനുള്ള തൊഴിലാളികള്‍ അവിടെ എത്തിയതാണ് മൃതദേഹം കണ്ടെത്താന്‍ ഇടയാക്കിയത്. മധ്യവയസ്കയായ രാധ അങ്ങാടിപ്പുറം വരെ പോയെന്ന് കാണിക്കാന്‍ തെളിവുകള്‍ ഉണ്ടാക്കുകയും ഗുരുവായൂര്‍ പോയതാണെന്ന് കള്ളക്കഥയുണ്ടാക്കി പ്രചരിപ്പിക്കുകയും ചെയ്തതിനു പിന്നില്‍ തീര്‍ച്ചയായും ഗൂഢാലോചനയും ആസൂത്രണവുമുണ്ട്. ചിറയ്ക്കല്‍ രാധയെ കാണാനില്ലെന്ന പരാതി കിട്ടി അഞ്ച് ദിവസത്തിനു ശേഷം മാത്രമാണ് മൃതദേഹം കണ്ടെടുത്തത്. അതിന്റെ തൊട്ടടുത്ത ദിവസം തന്നെ ആര്യാടന്റെ പേഴ്സണല്‍ സ്റ്റാഫില്‍ അംഗമായി സര്‍ക്കാര്‍ ശമ്പളം പറ്റുന്ന, കോണ്‍ഗ്രസിന്റെ നിലമ്പൂര്‍ ബ്ലോക്ക് കമ്മിറ്റി ഓഫീസ് സെക്രട്ടറി കൂടിയായ ബി കെ ബിജു കുറ്റം ഏറ്റുപറഞ്ഞുകൊണ്ട് രംഗത്തുവരികയാണ്. തന്റെ പരസ്ത്രീബന്ധം പുറത്തുപറയുമെന്ന് ഭീഷണിപ്പെടുത്തി തന്നെ ബ്ലാക്ക്മെയില്‍ ചെയ്ത് പണംതട്ടുന്ന ചിറയ്ക്കല്‍ രാധയെ ഇല്ലാതാക്കാനാണ് താനും സുഹൃത്ത് ഷംസുദ്ദീനും ചേര്‍ന്ന് മുഖം പൊത്തിപ്പിടിച്ച് കഴുത്തുഞെരിച്ച് അവരെ കൊലപ്പെടുത്തിയതെന്ന് ബിജു നായര്‍ വെളിപ്പെടുത്തിയെന്നാണ് പൊലീസ് ഭാഷ്യം. "രാധയുടെ കൊലപാതകം നടന്ന് മണിക്കൂറുകള്‍ക്കകം പ്രതികളെ പിടികൂടിയതിലെ പൊലീസ് മികവിനെ" പ്രകീര്‍ത്തിച്ചുകൊണ്ട് ഫെബ്രുവരി 11ലെ മലയാളമനോരമ വലിയ പ്രാധാന്യത്തോടെ വാര്‍ത്ത പ്രസിദ്ധീകരിച്ചു. അതാണോ സത്യം? മൃതദേഹം കണ്ടെത്തിയത് അത് യാദൃച്ഛികമായി വെള്ളത്തില്‍ പൊങ്ങിവന്നതിനാലാണ്. പൊലീസ് ചോദ്യം ചെയ്ത് പ്രതിയെക്കൊണ്ട് സത്യം പറയിക്കുകയായിരുന്നില്ല. പ്രതി സ്വയം കുറ്റം ഏറ്റെടുക്കുകയായിരുന്നു. പ്രതിയുടെ വെളിപ്പെടുത്തലും വിശ്വാസയോഗ്യമല്ല. നിലമ്പൂര്‍ പട്ടണത്തിലെ ഏറ്റവും തിരക്കുപിടിച്ച റോഡരികിലാണ് ബ്ലോക്ക് കമ്മിറ്റി ഓഫീസ്. അതിന്റെ നേരേ മുന്നിലാണ് സിപിഐ എമ്മിന്റെ ഏരിയാ കമ്മിറ്റി ഓഫീസ്. അര്‍ധരാത്രിയിലും ഈ പ്രദേശത്ത് ആളൊഴിയാറില്ല. തന്നെ ബ്ലാക്ക്മെയില്‍ ചെയ്യുന്ന രാധയെ കോണ്‍ഗ്രസ് ഓഫീസില്‍ വെച്ച് കൊലപ്പെടുത്തി, ആരുമറിയാതെ മൃതദേഹം അവിടെനിന്ന് ഒഴിവാക്കാമെന്ന് ഒരു പമ്പരവിഡ്ഢിയും ചിന്തിക്കാനിടയില്ല. ഓഫീസില്‍ വെച്ച് കൊല്ലപ്പെട്ട രാധയുടെ മൃതദേഹം ഒന്നോ രണ്ടോ ദിവസം ആരുടെയും ശ്രദ്ധയില്‍പ്പെടാതെ വേസ്റ്റ് പേപ്പറുകള്‍ക്കിടയില്‍ സൂക്ഷിച്ചുവെന്ന കഥയും വിശ്വാസയോഗ്യമല്ല. തിരക്കൊഴിഞ്ഞ നേരമില്ലാത്ത ഭരണകക്ഷി ഓഫീസില്‍, മറ്റാരും കാണാതെ മൃതദേഹം സൂക്ഷിച്ചുവെന്നും അത് ചാക്കിലാക്കി ചുരുട്ടിക്കെട്ടി രണ്ട് പേര്‍ മാത്രം ചേര്‍ന്ന് ആരുടെയും ശ്രദ്ധയില്‍പ്പെടാതെ വാഹനത്തില്‍ കയറ്റി കിലോമീറ്ററുകള്‍ക്കകലെയുള്ള ഒരു കോണ്‍ഗ്രസ് നേതാവിന്റെ കുളത്തില്‍ കൊണ്ടുപോയിട്ടു എന്നുമുള്ള കഥ വിശ്വസിക്കാന്‍ മന്ത്രിയെ പേടിക്കുന്ന നിലമ്പൂരിലെ പൊലീസ് ഓഫീസര്‍മാര്‍ക്ക് മാത്രമേ കഴിയുകയുള്ളൂ. മന്ത്രിയുടെ എംഎല്‍എ ഓഫീസില്‍ മാത്രമല്ല, അദ്ദേഹത്തിന്റെ മകന്‍, മുന്‍സിപ്പല്‍ ചെയര്‍മാന്‍ കൂടിയായ ആര്യാടന്‍ ഷൗക്കത്തിന്റെ ഓഫീസിലും മന്ത്രിയുടെ സഹോദരന്റെ മകനായ ഒരു വക്കീലിന്റെ ഓഫീസിലും ചിറയ്ക്കല്‍ രാധ പതിവായി തൂപ്പുജോലി ചെയ്തിരുന്നുവെന്നാണ് പത്രവാര്‍ത്ത. രാധയെ കാണാനില്ലെന്ന പരാതി കാര്യമായിട്ടെടുത്ത് ഉടനെ അവരെ കണ്ടെത്തണമെന്ന് ആവശ്യപ്പെടാന്‍ എന്തുകൊണ്ട് മന്ത്രി ആര്യാടനും അദ്ദേഹത്തിന്റെ മകന്‍ ആര്യാടന്‍ ഷൗക്കത്തും തയ്യാറായില്ല? തങ്ങള്‍ ഇടപെട്ടിട്ടേയില്ലെന്ന് ഉറക്കെ വിളിച്ചുപറയുന്ന അവര്‍ ഇടപെടേണ്ടതായിരുന്നില്ലേ? മൃതദേഹം പൊങ്ങിവന്നില്ലായിരുന്നെങ്കില്‍ കൊലപാതകം ആരുമറിയാതെ പോകട്ടെയെന്നും രാധ തീര്‍ഥയാത്ര പോയതുതന്നെയെന്ന് എല്ലാവരും കരുതട്ടെയെന്നും അവര്‍ ചിന്തിച്ചിരുന്നുവെന്നാണോ?

കൊലക്കുറ്റം സ്വയം ഏറ്റെടുത്ത ബി കെ ബിജു, രാധയെ കൊലപ്പെടുത്തിയത് എംഎല്‍എ ഓഫീസില്‍ വെച്ചാണെന്ന് ഏറ്റുപറഞ്ഞതായി പൊലീസ് പറയുന്നു. എന്നാല്‍ ഈ കുറ്റസമ്മതം നടന്നിട്ടും എന്തുകൊണ്ട് പൊലീസ് സംഭവസ്ഥലം പൂട്ടി സീല്‍ ചെയ്തില്ല? കുറ്റകൃത്യം നടന്നതായി പറയപ്പെടുന്ന അതേ ഓഫീസില്‍, പിന്നീട് ആര്യാടന്‍ ഷൗക്കത്ത് തന്നെ പങ്കെടുത്തുകൊണ്ട് ഒന്നോ രണ്ടോ പാര്‍ട്ടി യോഗങ്ങള്‍ നടന്നതായി പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ബോധപൂര്‍വം തെളിവുകള്‍ നശിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പൊലീസ് അവസരം നല്‍കുകയായിരുന്നു. മാത്രമല്ല, കേസന്വേഷണത്തിന്റെ ചുമതലയുള്ള സിഐ എ പി ചന്ദ്രന്‍, രാധയുടെ വീട്ടില്‍ ചെന്ന് മൊഴിയെടുക്കുമ്പോള്‍ അദ്ദേഹത്തിനൊപ്പം മേലേക്കളം നാരായണന്‍, ജൂപ്പിറ്റര്‍ സുരേഷ് എന്നീ അറിയപ്പെടുന്ന കോണ്‍ഗ്രസ് ഗുണ്ടാ നേതാക്കളും ഉണ്ടായിരുന്നു. ബന്ധുക്കള്‍ മൊഴി കൊടുക്കുമ്പോള്‍, 'അരുതാത്തത് പറയരുത്' എന്ന മുന്നറിയിപ്പ് നല്‍കാനായിരുന്നു ഇത്. മന്ത്രിക്കും ഭരണകക്ഷി നേതാക്കള്‍ക്കും വിടുപണി ചെയ്യുന്ന പൊലീസ് ഓഫീസര്‍മാരുടെ നാണംകെട്ട ഈ ദാസ്യവേല പൊതുജനങ്ങളില്‍ ഉയര്‍ത്തിവിട്ട അമര്‍ഷവും വെറുപ്പുമാണ് തുടര്‍ച്ചയായി നടക്കുന്ന പ്രക്ഷോഭങ്ങളിലൂടെ ദൃശ്യമാകുന്നത്. മൃതദേഹം കണ്ടെത്തിയതിന്റെ അടുത്ത ദിവസം മുതല്‍ സിപിഐ എമ്മിന്റെയും ഡിവൈഎഫ്ഐയുടെയും മഹിളാ അസോസിയേഷന്റെയും തൊഴിലാളി സംഘടനകളുടെയും മറ്റും നേതൃത്വത്തില്‍ നടക്കുന്ന പ്രക്ഷോഭങ്ങള്‍ നിലമ്പൂരിനെ പ്രകമ്പനം കൊള്ളിക്കുകയാണ്. ബിജെപിയും എസ്ഡിപിഐയും ഇടതുപക്ഷ പാര്‍ടികളുമെല്ലാം രോഷപ്രകടനവുമായി രംഗത്തുവന്നു. സിപിഐ എമ്മിന്റെയും സിപിഐയുടെയും ഉന്നത നേതാക്കള്‍ രാധയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. താന്‍ ഇടപെട്ടില്ലെന്നും കുറ്റവാളികള്‍ക്ക് വധശിക്ഷ നല്‍കട്ടെയെന്നും മന്ത്രി ആര്യാടന്റെ പ്രസ്താവന വന്നു. മകന്‍ നഗരസഭാ ചെയര്‍മാനും അതുതന്നെ പറയുന്നു. എന്തുകൊണ്ട് രാധയുടെ സഹോദരന്റെ പരാതിയില്‍ അന്വേഷണം നടന്നില്ല? എന്തുകൊണ്ട് രാധയുടെ സഹോദരന്‍ സംശയമുണ്ടെന്ന് നേരില്‍ പറഞ്ഞിട്ടും രാധ ജോലി ചെയ്തിരുന്ന ബ്ലോക്ക് കമ്മിറ്റി ഓഫീസിലും ആര്യാടന്‍ ഷൗക്കത്തിന്റെ ഓഫീസിലും ആര്യാടന്‍ മുഹമ്മദിന്റെ സഹോദരപുത്രന്‍ ആര്യാടന്‍ ആസാദിന്റെ ഓഫീസിലും നേരിട്ടുചെന്ന് അന്വേഷണം നടത്തിയില്ല? തങ്ങള്‍ക്കുവേണ്ടി ജോലിചെയ്തിരുന്ന രാധയ്ക്കു വേണ്ടി അത്രയെങ്കിലും ചെയ്യാന്‍, ഇടപെടാന്‍ അവര്‍ക്ക് ബാധ്യതയും ചുമതലയും ഇല്ലായിരുന്നില്ലേ? ഉണ്ടെന്നാണ് ബഹുജനങ്ങള്‍ പറയുന്നത്. അതുകൊണ്ടാണ് ദിവസങ്ങള്‍ക്കു ശേഷം ഫെബ്രുവരി 15ന് മന്ത്രി ആര്യാടന്‍ ഒടുവില്‍ രാധയുടെ വീട്ടിലെത്തിയപ്പോള്‍ സ്ത്രീജനങ്ങള്‍ ഒത്തുകൂടി കരിങ്കൊടി കാട്ടിയത്. മന്ത്രി അവരെ നേരിട്ടത്, തനിക്കൊപ്പം കാറില്‍ വന്ന കോണ്‍ഗ്രസ് ഗുണ്ടകള്‍ മേലേക്കളത്തില്‍ നാരായണനെയും ജൂപ്പിറ്റര്‍ സുരേഷിനെയും അഴിച്ചുവിട്ടുകൊണ്ടാണ്. മന്ത്രിയുടെയും പൊലീസിന്റെയും സാന്നിധ്യത്തിലാണ് ഈ ഗുണ്ടകള്‍ സ്ത്രീകള്‍ക്കെതിരെ അക്രമം നടത്തുകയും ബലം പ്രയോഗിച്ച് വസ്ത്രങ്ങള്‍ വലിച്ചുകീറുകയും ചെയ്തത്. അതും വിശേഷിച്ച് ശ്രീമതി സോണിയാഗാന്ധി സ്ത്രീകള്‍ക്കായി 'നിര്‍ഭയ' പദ്ധതി ഉദ്ഘാടനം നിര്‍വഹിച്ച അതേ ദിവസം. ഇതേ ഗുണ്ടകളുടെ സാന്നിധ്യത്തില്‍ തന്നെയാണ് നേരത്തേ സിഐ എ പി ചന്ദ്രന്‍ രാധയുടെ ബന്ധുക്കളില്‍ നിന്ന് പരസ്യമായി മൊഴിയെടുത്തതും. സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്ന ഈ സിഐ എ പി ചന്ദ്രനെ സ്ഥലംമാറ്റിയെന്നാണ് പത്രങ്ങള്‍ പറഞ്ഞത്. എന്നാല്‍ ഈ കൊള്ളരുതായ്മയുടെ പേരിലല്ല, മറിച്ച് വരാന്‍പോകുന്ന തെരഞ്ഞെടുപ്പിനു വേണ്ടിയുള്ള ഒരു ക്രമീകരണം മാത്രമാണത് എന്നാണ് മന്ത്രിയുടെ പ്രതികരണം. ഏതായാലും എ പി ചന്ദ്രന്‍ ഇപ്പോഴും നിലമ്പൂരിലെ സിഐ ആയി പ്രവര്‍ത്തിക്കുകയാണ്. പുതിയ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും 'ആദര്‍ശവാന്‍' എന്ന് മേനിനടിക്കുന്ന കോണ്‍ഗ്രസിന്റെ പുതിയ പ്രസിഡന്റ് വി എം സുധീരനും 'കണ്ണുചിമ്മിയാല്‍ ഇരുട്ടാകും' എന്നാണോ കരുതുന്നത്? അങ്ങനെയാണെങ്കില്‍ വിനാശകാലേ വിപരീതബുദ്ധി എന്നു മാത്രമേ പറയേണ്ടതുള്ളൂ. നിലമ്പൂരിലെയും മലപ്പുറം ജില്ലയിലെയും ബഹുജനങ്ങള്‍ ഇതങ്ങനെ വിടാന്‍ തയ്യാറല്ല. അതിന്റെ ഒന്നാന്തരം വിസ്ഫോടനമാണ് കഴിഞ്ഞ ദിവസം കണ്ടത്. ഫെബ്രുവരി 15ന് രാവിലെയാണ് രാധയുടെ വീട്ടില്‍ മന്ത്രി ആര്യാടന്‍ എത്തിയത്. അപ്രതീക്ഷിതമായി പൊലീസിന്റെയും ഒരു സംഘം കോണ്‍ഗ്രസ് ഗുണ്ടകളുടെയും സംരക്ഷണത്തില്‍ എത്തിച്ചേര്‍ന്ന മന്ത്രിയെ വരവേറ്റത് ക്ഷുഭിതരായ ഒരു സംഘം അയല്‍വാസികളാണ്. പ്രതിഷേധമറിയിക്കാന്‍ കരിങ്കൊടി വീശിയ അവരെ മര്‍ദ്ദിച്ചവശരാക്കുകയും മാനഹാനി വരുത്താന്‍ ശ്രമിക്കുകയുമാണ് കോണ്‍ഗ്രസുകാര്‍ ചെയ്തത്. അതും മന്ത്രിയും പൊലീസ് ഓഫീസര്‍മാരും നോക്കിനില്‍ക്കുമ്പോള്‍. തുടര്‍ന്ന് നിലമ്പൂര്‍ നഗരം കണ്ടത് മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത വിധത്തിലുള്ള അമര്‍ഷത്തിന്റെ വിസ്ഫോടനമാണ്. നേരത്തേ നിശ്ചയിച്ചിരുന്ന മഹിളാ അസോസിയേഷന്റെ നേതൃത്വത്തിലുള്ള പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചിനൊപ്പം ആയിരക്കണക്കിന് ബഹുജനങ്ങള്‍ അണിനിരന്നു. സ്ത്രീകള്‍ക്കെതിരെ അതിക്രമം കാട്ടിയ അക്രമികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കണമെന്നും അക്രമികളെ ഉടന്‍ അറസ്റ്റുചെയ്യണമെന്നുമായിരുന്നു ആവശ്യം. സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം കെ കെ ശൈലജ ടീച്ചര്‍, സംസ്ഥാന കമ്മിറ്റിയംഗം പി കെ സൈനബ, ജില്ലാ സെക്രട്ടറി പി പി വാസുദേവന്‍, ജില്ലാ കമ്മിറ്റി അംഗങ്ങളായ ജോര്‍ജ് കെ ആന്റണി, പി ടി ഉമ്മര്‍, ടി പി ജോര്‍ജ്, കെ പി സുമതി എന്നിവര്‍ക്കൊപ്പം ആയിരക്കണക്കിന് സ്ത്രീകളും പുരുഷന്‍മാരും പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചുകൊണ്ട് കുത്തിയിരിപ്പ് സമരം ആരംഭിച്ചു. അനുനയത്തിന്റെ സ്വരത്തിലും ഭീഷണിയുടെ സ്വരത്തിലും ഇടപെട്ട് സമരം അവസാനിപ്പിക്കാന്‍ പൊലീസ് വലിയ ശ്രമം നടത്തി. എന്നാല്‍ ആളിക്കത്തിയ അമര്‍ഷത്തെ തണുപ്പിക്കാന്‍ അവര്‍ക്കായില്ല. ഒടുവില്‍ പെരിന്തല്‍മണ്ണ സബ് കലക്ടര്‍ വന്നു. അതിനകം സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം ഡോ. തോമസ് ഐസക്കും രംഗത്തെത്തി. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ ആശുപത്രിയില്‍ അഭയം തേടിയ അക്രമികളായ മേലേക്കളം നാരായണനെയും ജൂപ്പിറ്റര്‍ സുരേഷിനെയും ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യുന്നതുവരെ പൊലീസ് നിരീക്ഷണത്തില്‍ വെക്കാമെന്നും തുടര്‍ന്ന് അറസ്റ്റുചെയ്ത് സ്ത്രീകള്‍ക്കെതിരെ അക്രമം നടത്തിയതിന് അര്‍ഹമായ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കാമെന്നും പൊലീസ് ഓഫീസര്‍മാര്‍ സബ് കലക്ടറുടെ സാന്നിധ്യത്തില്‍ ഉറപ്പുനല്‍കി. അങ്ങനെയാണ് സമരം അവസാനിപ്പിച്ചത്. ചിറയ്ക്കല്‍ രാധയുടെ കൊലപാതകം സംബന്ധിച്ച് സത്യസന്ധമായ അന്വേഷണം നടക്കണം. എന്തായിരുന്നു രാധക്ക് അറിയാമായിരുന്ന ആ പരമരഹസ്യം? മാസങ്ങള്‍ക്കു മുമ്പ് കേരളകൗമുദി പത്രം ചൂണ്ടിക്കാട്ടിയത്, സോളാര്‍ കേസിലെ പ്രതി സരിത നിലമ്പൂരില്‍ ക്യാമ്പുചെയ്തിട്ടുണ്ടെന്നും അവര്‍ ആര്യാടനുമായും മകന്‍ ഷൗക്കത്തുമായും ബന്ധം സ്ഥാപിച്ചിട്ടുണ്ടെന്നുമാണ്. രാധക്കറിയാമായിരുന്ന പരമരഹസ്യം അതാണോ? തന്റെ സഹോദരിയുടെ മരണത്തിനു പിന്നില്‍ ഉന്നതരുണ്ട്, അവരെ ചോദ്യംചെയ്യണമെന്ന് രാധയുടെ സഹോദരന്‍ ടിവി ചാനലില്‍ ഉറപ്പിച്ചുപറയുന്നുണ്ട്. മുമ്പ് രണ്ടു തവണ രാധയെ വാഹനമിടിച്ച് കൊലപ്പെടുത്താന്‍ ചിലര്‍ ശ്രമിച്ചതായും ഭാസ്കരന്‍ പറയുന്നുണ്ട്. എന്താണതിന്റെ സത്യാവസ്ഥ?

തിരക്കേറിയ കോണ്‍ഗ്രസ് ഓഫീസില്‍ മൃതദേഹം ഒന്നോ രണ്ടോ ദിവസം സൂക്ഷിച്ചിരുന്നുവെന്നും വാര്‍ത്തകള്‍ വന്നിട്ടുണ്ട്. എങ്കില്‍ എങ്ങനെയാണ് മറ്റാരും കാണാതെ അവിടെ സൂക്ഷിക്കാന്‍ സാധിച്ചത്? ചാക്കില്‍ ചുരുട്ടിക്കൂട്ടി ഒരു മനുഷ്യശരീരം എങ്ങനെയാണ് രണ്ട് പേര്‍ ചേര്‍ന്ന് താഴെയിറക്കി കാറില്‍ കയറ്റി ആരും കാണാതെ കൊണ്ടുപോയത്? അവരെ സഹായിക്കാന്‍ വേറെയും ചിലര്‍ കൂട്ടിനുണ്ടായിരുന്നുവെന്ന് കരുതുന്നതല്ലേ കൂടുതല്‍ വിശ്വാസയോഗ്യം? എന്തുകൊണ്ടാണ് മൃതദേഹം കെട്ടിത്താഴ്ത്താന്‍ വളരെ ദൂരത്തുള്ള കോണ്‍ഗ്രസ് നേതാവിന്റെ കുളം തന്നെ തെരഞ്ഞെടുത്തത്  എന്നിങ്ങനെ ഒട്ടേറെ ചോദ്യങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്. മറ്റൊരു കഥ, പ്രതി ബി കെ ബിജു ഒറ്റയ്ക്ക്, തന്റെ പരസ്ത്രീബന്ധം മറച്ചുവെക്കാന്‍ ആസൂത്രണം ചെയ്ത് കൊലപ്പെടുത്തിയെന്നാണ്. നേരത്തേ ചൂണ്ടിക്കാട്ടിയപോലെ ഒട്ടുംതന്നെ വിശ്വാസയോഗ്യമല്ല ആ കഥ.

രാവിലെ എട്ട് മണിക്ക് ഒറ്റയ്ക്കു മുന്നില്‍ വന്നപ്പോള്‍ ബലാല്‍സംഗം ചെയ്യാന്‍ ശ്രമം നടത്തിയെന്നും വഴങ്ങാതെ വന്നപ്പോള്‍ പുറത്തറിയാതിരിക്കാന്‍ കൊലപ്പെടുത്തിയെന്നും പറയുന്നതായിരുന്നു കൂടുതല്‍ യുക്തിഭദ്രം. പ്രത്യക്ഷത്തില്‍ ബലാല്‍സംഗം നടന്നതായി കാണുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ പറഞ്ഞതായി കണ്ടു. എന്നാല്‍ അങ്ങനെ നടന്നിട്ടില്ലെന്ന് ഉറപ്പിച്ചു പറയുന്നത് പൊലീസ് ഓഫീസറാണ്. അവരാണോ പോസ്റ്റുമോര്‍ട്ടം നടത്തിയത്? ചുരുക്കത്തില്‍ എന്തെങ്കിലും മഹാരഹസ്യം പുറത്തറിയാതിരിക്കാന്‍ വേണ്ടിയാണോ, അതോ കാണാന്‍ പാടില്ലാത്ത എന്തെങ്കിലും ഓഫീസില്‍ വെച്ച് രാധ കാണാനിട വന്നതാണോ, അതോ പരാജയപ്പെട്ട ബലാല്‍സംഗ ശ്രമം മൂടിവെക്കാന്‍ വേണ്ടിയാണോ നിഷ്ഠുരമായ ഈ കൊലപാതകം നടത്തിയത് എന്നറിയാന്‍ വിശ്വാസയോഗ്യമായ നിലയില്‍ ഉന്നതരായ ഒരു സംഘം ഓഫീസര്‍മാരെക്കൊണ്ട് ഈ കേസ് അന്വേഷിപ്പിക്കേണ്ടതായിവരും.
**പി പി വാസുദേവന്‍

കേരളരക്ഷാ മാര്‍ച്ച് ചരിത്രത്തോടും സമൂഹത്തോടും പറയുന്നത്

മതനിരപേക്ഷത കാക്കുവാനും ആഗോളവത്കരണം സൃഷ്ടിച്ച വികസന പ്രതിസന്ധിയില്‍നിന്ന് കേരളത്തെ രക്ഷിക്കാനുമുള്ള രാഷ്ട്രീയസന്ദേശം ജനങ്ങളിലെത്തിച്ചുകൊണ്ടാണ് കേരളരക്ഷാ മാര്‍ച്ച് പ്രയാണം തുടരുന്നത്. അമേരിക്കന്‍ മോഡല്‍ അറബിക്കടലിലെന്ന് പ്രഖ്യാപിച്ച്, സര്‍ സി പിയുടെ പീരങ്കിക്കുഴലുകള്‍ക്ക് മുന്നില്‍ വിരിമാറു കാണിച്ച പുന്നപ്ര വയലാര്‍ ധീരന്മാരുടെ മണ്ണില്‍നിന്നാണ് മാര്‍ച്ച് പ്രയാണം ആരംഭിച്ചത്. സാമ്രാജ്യത്വ വിരുദ്ധ സമരങ്ങളുടെ ധീരോദാത്തമായ സ്മരണകളുണര്‍ത്തുന്ന കോഴിക്കോട് കടപ്പുറത്ത് ഫെബ്രുവരി 26ന് മാര്‍ച്ച് സമാപിക്കും.

കേരള രക്ഷാ മാര്‍ച്ചിനു മഞ്ചേരിയില്‍ നല്‍കിയ സ്വീകരണം.
പതിനാറാം ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ വമ്പിച്ച രാഷ്ട്രീയ പ്രാധാന്യമാണ് കേരളരക്ഷാ മാര്‍ച്ചിനുള്ളത്. നവലിബറല്‍ നയങ്ങള്‍ തകര്‍ത്തുകളഞ്ഞ സമ്പദ്ഘടനയും അത് സൃഷ്ടിച്ച ജീവിതപ്രതിസന്ധികളും ജനങ്ങളെയൊക്കെ വേട്ടയാടുകയാണ്. യുപിഎ സര്‍ക്കാര്‍ കോര്‍പറേറ്റ് കൊള്ളക്കായി അടിച്ചേല്‍പ്പിച്ച നയങ്ങള്‍ ദുസ്സഹമായ വിലക്കയറ്റവും അഴിമതിയുമാണ് വളര്‍ത്തിയിരിക്കുന്നത്. കാര്‍ഷിക വ്യവസായ മേഖലകളെല്ലാം തകരുകയും സമ്പദ്ഘടന സമ്പൂര്‍ണമായ മുരടിപ്പിലേക്ക് നീങ്ങുകയുമാണ്. മതഭീകരവാദം മോഡിയിസത്തിന്റെ രൂപത്തില്‍ രാജ്യത്തിന്റെ മതനിരപേക്ഷ ഘടനക്ക് ഭീഷണി ഉയര്‍ത്തുകയാണ്. ഗുജറാത്തിലെ നിഷ്ഠൂരമായ നരഹത്യയുടെ ചോരക്കറ കഴുകിക്കളയുവാന്‍ കോര്‍പറേറ്റ് മാധ്യമങ്ങള്‍ മോഡിയെ വികാസ് പുരുഷനായി അവതരിപ്പിക്കുകയാണ്. കോടികള്‍ ഒഴുക്കി അമേരിക്കന്‍ പബ്ലിക് റിലേഷന്‍സ് കമ്പനികള്‍ മോഡിക്ക് പുതിയ പ്രതിച്ഛായ നിര്‍മിക്കുന്നു. കേരളരക്ഷാ മാര്‍ച്ച് രാജ്യം നേരിടുന്ന അതീവ ഗുരുതരമായ സാമൂഹ്യ സാമ്പത്തിക പ്രശ്നങ്ങള്‍ ജനങ്ങളോട് വിശദീകരിച്ചാണ് മുന്നേറുന്നത്. സമരോത്സുകവും വികസനോന്മുഖവുമായ ബഹുജന സംവാദത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും സഞ്ചരിക്കുന്ന വേദിയായി കേരളരക്ഷാ മാര്‍ച്ച് മാറിയിരിക്കുന്നു. കോര്‍പറേറ്റ് മാധ്യമങ്ങളും വലതുപക്ഷ ബുദ്ധിജീവികളും ഈ ബഹുജന സംവാദത്തില്‍നിന്ന് മുഖംതിരിച്ച് കപടപ്രശ്നങ്ങള്‍ ഉയര്‍ത്തുകയാണ്. കോടതി വിചാരണചെയ്ത് വിധിപറഞ്ഞ കേസില്‍ സിബിഐ അന്വേഷണം വേണമെന്ന പ്രചാരണ കോലാഹലം ഇതാണ് കാണിക്കുന്നത്.

കേരളീയ വികസനത്തിലും പുരോഗതിയിലും ഇടതുപക്ഷ ഇടപെടലുകള്‍ സൃഷ്ടിച്ച സാധ്യതകളെയും നേട്ടങ്ങളെയും ഇല്ലാതാക്കിക്കൊണ്ടാണ് യുഡിഎഫ് സര്‍ക്കാര്‍ സംസ്ഥാനം ഭരിക്കുന്നത്. എമര്‍ജിങ് കേരളയും വിഷന്‍ 2030 ഉം ആഗോള ഫൈനാന്‍സ് മൂലധനത്തിന്റെ വാണിജ്യ താല്‍പ്പര്യങ്ങള്‍ക്കും റിയല്‍ എസ്റ്റേറ്റ് വികസനത്തിനും കേരളത്തെ എറിഞ്ഞുകൊടുക്കുകയാണ്. പ്രകൃതി വിഭവങ്ങളും സമ്പത്തുല്‍പാദനമേഖലകളും ഊഹക്കച്ചവട മൂലധനശക്തികള്‍ക്ക് തീറെഴുതി കേരളം ആര്‍ജിച്ച എല്ലാ നേട്ടങ്ങളെയും ഇല്ലാതാക്കുകയാണ് ഭരണാധികാരികള്‍. സോളാറും നെല്ലിയാമ്പതിയും ആറന്മുള വിമാനത്താവള വികസനവുമെല്ലാം യുപിഎ സര്‍ക്കാറിനെപ്പോലെ യുഡിഎഫ് സര്‍ക്കാറും നടപ്പാക്കിക്കൊണ്ടിരിക്കുന്ന അഴിമതിയും വന്‍ പണത്തട്ടിപ്പുമാണ് പുറത്തുകൊണ്ടുവന്നിരിക്കുന്നത്. ആഗോളവത്കരണത്തിന്റെയും മതഭീകരവാദത്തിന്റെയും വിധ്വംസകമായ കടന്നുകയറ്റങ്ങളില്‍ തകര്‍ന്നുപോകുന്ന രാജ്യത്തിന്റെ സമ്പദ്ഘടനയുടെയും മതേതരമായ രാഷ്ട്രീയ ഘടനയെയും സംരക്ഷിക്കാനുള്ള ജാഗ്രതയും ഇക്കാലത്ത് ഏറ്റെടുക്കേണ്ട സമരപോരാട്ടങ്ങളുടേതായ കടമകളെയും ബഹുജനങ്ങള്‍ക്ക് മുമ്പില്‍ വിശദീകരിച്ചുകൊണ്ടാണ് കേരള രക്ഷാ മാര്‍ച്ച് പര്യടനം തുടരുന്നത്.


കോണ്‍ഗ്രസ്സും ബിജെപിയും പ്രതിനിധീകരിക്കുന്ന സാമ്രാജ്യത്വ രാഷ്ട്രീയവും സാമ്പത്തികനയങ്ങളും നമ്മുടെ രാജ്യത്തെ പാപ്പരീകരിച്ചിരിക്കുകയാണ്. സാമ്രാജ്യത്വ ആഗോളവത്കരണനയങ്ങള്‍ സാമ്പത്തിക തകര്‍ച്ചയുടെയും രാഷ്ട്രീയ അസ്ഥിരീകരണത്തിന്റെയും ജീര്‍ണശക്തികളെ ലോകമെമ്പാടും വളര്‍ത്തിയിരിക്കുകയാണ്. ഉദാരവല്‍ക്കരണ നയങ്ങള്‍ ലോകമെമ്പാടുമുള്ള തൊഴിലാളികളെ തൊഴിലിടങ്ങളില്‍നിന്നും തെരുവുകളിലേക്ക് വലിച്ചെറിഞ്ഞിരിക്കുകയാണ്. ഗതകാല പോരാട്ടങ്ങളിലൂടെ നേടിയെടുത്ത അവകാശങ്ങളും സാമ്പത്തികനേട്ടങ്ങളും നവ ലിബറല്‍ നയങ്ങള്‍ കവര്‍ന്നെടുക്കുന്നു. തൊഴിലില്ലായ്മ അഭൂതപൂര്‍വമായ തോതില്‍ കൂടിവരികയാണ്. യഥേഷ്ടം തൊഴിലാളികളെ സ്വീകരിക്കുകയോ പുറന്തള്ളുകയോ ചെയ്യുന്ന ഹയര്‍ ആന്‍ഡ് ഫയര്‍ വ്യവസ്ഥയും കോണ്‍ട്രാക്ട് സമ്പ്രദായവുമെല്ലാം സമകാലീന ലോകത്തില്‍ കൂലിയടിമത്തത്തെ നിഷ്ഠുരമായ മാനങ്ങളിലെത്തിച്ചിരിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധിയും വിലക്കയറ്റവും ലോകമെമ്പാടുമെന്നപോലെ ഇന്ത്യയിലെ ജനങ്ങളെ വേട്ടയാടുകയാണ്. എല്ലാവിധ ഹീനമാര്‍ഗങ്ങളും ഉപയോഗിച്ചുകൊണ്ട് ചൂഷണവും സ്വാര്‍ഥതയുമെല്ലാം ബീഭത്സമായ വിതാനങ്ങളിലേക്ക് സാമ്രാജ്യത്വത്തിന്റെ കമ്പോളവ്യവസ്ഥ എത്തിച്ചിരിക്കുന്നു.

വലതുപക്ഷ സേവകരായ പുതിയ നൈതിക രാഷ്ട്രീയ വാദികള്‍ പലപ്പോഴും അവഗണിച്ചുകളയുന്നത് അഴിമതിയും മനുഷ്യത്വരഹിതമായ ചൂഷണവുമെല്ലാം മുതലാളിത്തവ്യവസ്ഥയുടെ നൈസര്‍ഗിക സ്വഭാവവിശേഷണമാണെന്ന യാഥാര്‍ഥ്യത്തെയാണ്. നവമുതലാളിത്തത്തിന്റെ ചലനനിയമങ്ങളെ മനസ്സിലാക്കാന്‍ വിസമ്മതിക്കുന്ന കാല്‍പ്പനിക ചിന്തകളാണല്ലോ ഇടതുപക്ഷ തീവ്രവാചകമടിക്കാരായ ഈ നവ നൈതികതാവാദികളെ നയിക്കുന്നത്. വ്യവസ്ഥയുടെ അക്രമോത്സുകതയും ഭരണവര്‍ഗരാഷ്ട്രീയത്തിന്റെ ജീര്‍ണതയെയും മറച്ചുപിടിക്കാനാണ് ഇക്കൂട്ടര്‍ വന്‍കിട മാധ്യമ സഹായത്തോടെ അക്രമരാഷ്ട്രീയത്തിനും കൊലപാതകരാഷ്ട്രീയത്തിനും എതിരെ വാചകമടിക്കുന്നത്. ഇന്‍ഫോര്‍മാറ്റിക്സിന്റെയും ടെലിമാറ്റിക്സിന്റെയും ഏറ്റവും ആധുനികമായ സാങ്കേതികതയെ വരെ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള പാതകപൂര്‍ണവും തൊഴിലാളിവര്‍ഗവിരുദ്ധവുമായ ഒരു രാഷ്ട്രീയസംസ്കാരം വളര്‍ത്തുകയാണ് നവമുതലാളിത്തം. സാമ്രാജ്യത്വത്തെയും പുനരുത്ഥാനത്തെയും ഫലപ്രദമായി പ്രതിരോധിക്കാന്‍ പ്രാപ്തമായ സമഗ്രമായൊരു വീക്ഷണവും ഇച്ഛാശക്തിയുമുള്ള ഇടതുപക്ഷ രാഷ്ട്രീയത്തെയും മതേതരശക്തികളെയും തകര്‍ക്കുകവഴി ആഗോള മൂലധനവ്യവസ്ഥക്ക് അതിന്റെ അധിനിവേശം സുഗമമാക്കാമെന്നാണ് പ്രതിവിപ്ലവശക്തികള്‍ കണക്കുകൂട്ടുന്നത്. സാമ്രാജ്യത്വ അധിനിവേശ താല്പര്യങ്ങള്‍ക്കായുള്ള ആഗോളപദ്ധതികളുടെ ഭാഗമാണ് കേരളത്തിലിപ്പോള്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കും വിശിഷ്യ സിപിഐ എമ്മിനുമെതിരെ നടക്കുന്ന ഹീനമായ വലതുപക്ഷ കടന്നാക്രമണങ്ങള്‍. തീര്‍ച്ചയായും ഇതൊരു പുതിയ കാര്യമല്ലെങ്കിലും വര്‍ത്തമാനലോകത്തിലെ ജനസമൂഹങ്ങളുടെ പ്രതിരോധത്തിന്റെയും അതിജീവനത്തിന്റെയും സാമൂഹ്യാവലംബങ്ങളായ പ്രസ്ഥാനങ്ങളെയും രാഷ്ട്രഘടനകളെയുംവരെ ഉന്മൂലനം ചെയ്യുക എന്ന സിഐഎ തന്ത്രത്തിന്റെ പശ്ചാത്തലത്തില്‍ വിപ്ലവശക്തികള്‍ എന്തുവിലകൊടുത്തും ചെറുത്തുതോല്‍പ്പിക്കേണ്ട പ്രതിലോമകരമായൊരു പ്രവണതയാണ് ഇത്.

സാമ്രാജ്യത്വവും അതിന്റെ ദല്ലാളന്മാരായ ബൂര്‍ഷ്വാ രാഷ്ട്രീയ നേതാക്കളും അതിന്റെ നാനാതരത്തിലുള്ള ചോറ്റുപട്ടികളും സിപി ഐ എമ്മിനെതിരെ നടത്തിക്കൊണ്ടിരിക്കുന്ന ഹീനമായ കടന്നാക്രമണങ്ങളെ പ്രതിരോധിക്കുവാന്‍ ഞങ്ങള്‍ ഒറ്റക്കെട്ടാണെന്ന പ്രതിജ്ഞയും പ്രഖ്യാപനവുമായിട്ടുകൂടിയാണ് കേരള രക്ഷാ മാര്‍ച്ചിലെ വന്‍ ജനസാന്നിധ്യമിപ്പോള്‍ സ്വയം വിളംബരം ചെയ്യുന്നത്. അത് എല്ലാ തരത്തിലുമുള്ള പിന്തിരിപ്പന്മാരെയും വിളറിപിടിപ്പിക്കുന്നുണ്ട്. അപവാദപ്രചാരണങ്ങളും നുണക്കഥകളുംകൊണ്ട് തകര്‍ത്തുകളയാവുന്ന, സിബിഐയുടെ ഉണ്ടയില്ലാ വെടിപോലത്തെ ഗൂഢാലോചനക്കഥകള്‍കൊണ്ട് കഥകഴിച്ചുകളയാവുന്ന കാറ്റത്തെ കിളിക്കൂടല്ല കമ്യൂണിസ്റ്റ് പാര്‍ടികളെന്ന് ഒരിക്കല്‍ക്കൂടി കുത്തക മാധ്യമങ്ങളിലെ മക്കാര്‍ത്തിയന്‍ മനഃസ്ഥിതിക്കാരായ പത്രാധിപന്മാരെയും ചാനല്‍ മുതലാളിമാരെയും ഇടതുപക്ഷ കേരളം ഓര്‍മിപ്പിക്കുകയാണ്. വലതുപക്ഷ രാഷ്ട്രീയത്തിനും അവരുടെ കൈയില്‍ കളിക്കുന്ന ഇടതുപക്ഷ വാചകമടിക്കാര്‍ക്കും സ്വീകരണകേന്ദ്രങ്ങളിലെത്തുന്ന ജനസഹസ്രങ്ങള്‍ നിങ്ങളുടെ നുണക്കഥകള്‍ക്ക് അത്രയെളുപ്പം കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ തകര്‍ത്തുകളയാന്‍ കഴിയില്ലെന്ന മുന്നറിയിപ്പ് നല്‍കുകയാണ്. ചരിത്രത്തില്‍ എല്ലാകാലത്തും കമ്യൂണിസ്റ്റുകാരുടെ രക്തത്തിനുവേണ്ടി ദാഹിച്ചുനടന്ന ഭരണവ്യവസ്ഥയുടെ നിഷ്ഠുരതകളോട് ഏറ്റുമുട്ടിക്കൊണ്ടാണ് തൊഴിലാളിവര്‍ഗവും മര്‍ദിത ജനവിഭാഗങ്ങളും മുന്നേറിയിട്ടുള്ളത്.

ഓരോ സ്വീകരണകേന്ദ്രത്തിലും ഒഴുകിയെത്തുന്ന ജനസഹസ്രങ്ങള്‍ കണ്ഠമിടറി വിളിച്ചുപറയുന്നത് ചോരച്ചാലുകള്‍ നീന്തിക്കടന്ന ജനകോടികളുടെ പ്രസ്ഥാനത്തെ തകര്‍ത്തുകളയാമെന്ന് ആരും വ്യാമോഹിക്കേണ്ടതില്ലെന്നാണ്. സ്വീകരണകേന്ദ്രങ്ങളെ മഹാസാഗരമാക്കി മാറ്റുന്ന ജനസഹസ്രങ്ങള്‍ പ്രകടിപ്പിക്കുന്ന കമ്യൂണിസ്റ്റ് സൗഭ്രാത്രവും പാര്‍ടിക്കൂറും തീര്‍ച്ചയായും വര്‍ഗശത്രുക്കള്‍ക്കും വര്‍ഗവഞ്ചകര്‍ക്കുമുള്ള താക്കീതും ഏത് പ്രതികൂലാവസ്ഥയെയും അതിജീവിച്ച് മുന്നോട്ടുപോകാനുള്ള ആഹ്വാനവുമായി മാറുകയാണ്. ഇടതുപക്ഷ അണികള്‍ക്കിടയില്‍ സന്ദിഗ്ധതയും ആശയക്കുഴപ്പവും സൃഷ്ടിച്ച് ജീര്‍ണോന്മുഖവും മൃതപ്രായവുമായിരിക്കുന്ന ഭരണവര്‍ഗ രാഷ്ട്രീയത്തെ രക്ഷിച്ചെടുക്കാമെന്ന് ഒരു വലതുപക്ഷ രാഷ്ട്രീയക്കാരനും പ്രതീക്ഷ വച്ചുപുലര്‍ത്തേണ്ടതില്ലെന്ന അസന്ദിഗ്ധമായ മുന്നറിയിപ്പാണ് പാര്‍ടി പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി പ്രഖ്യാപിക്കുന്നത്. നാടും നഗരവുമുണര്‍ത്തി സ്വീകരണകേന്ദ്രങ്ങളിലേക്കെത്തുന്ന സ്ത്രീപുരുഷന്മാര്‍ ഒരു ശരീരവും മനസ്സുമെന്നപോലെ വിളിച്ചുപറയുന്നത് ആധുനിക കേരള നിര്‍മിതിയുടെ ചരിത്രത്തിലുടനീളം പുരോഗതിയുടെ ചാലകശക്തിയായി വര്‍ത്തിച്ച തൊഴിലാളി കര്‍ഷക വര്‍ഗങ്ങളുടെ മുന്‍നിര പോരാളിയായ പാര്‍ടിയെ തകര്‍ക്കാന്‍ അനുവദിക്കില്ലെന്ന് തന്നെയാണ്. രക്തസാക്ഷിത്വങ്ങളുടെയും രണോത്സുകമായ സമരപോരാട്ടങ്ങളുടെയും ചരിത്രസ്മരണകളെ തൊട്ടുണര്‍ത്തിക്കൊണ്ട് ആപത്തിന്റെ സന്ദര്‍ഭങ്ങളെ ഞങ്ങള്‍ ഒരുമിച്ചുതന്നെ നേരിടുമെന്ന പ്രഖ്യാപനമാണ് അവരുടെ കണ്ഠങ്ങളില്‍നിന്നുയരുന്നത്. ജന്മി നാടുവാഴിത്തത്തിന്റെയും ജാതിവ്യവസ്ഥയുടെയും അന്ധകാരപൂര്‍ണമായ ജീവിതാവസ്ഥയില്‍നിന്നും ഒരു ജനതയെ പുരോഗതിയിലേക്കും പ്രകാശത്തിലേക്കും നയിച്ച പ്രസ്ഥാനത്തെ നെഞ്ചിലേറ്റിയവരുടെ ചരിത്രബോധവും പാര്‍ടിക്കൂറുമാണിവിടെ പ്രതിഫലിക്കുന്നത്.

പോയകാല പോരാട്ടങ്ങളിലൂടെ കേരളമുണ്ടാക്കിയ നേട്ടങ്ങളെ നഷ്ടപ്പെടുത്തിക്കളയുന്ന ആഗോളവല്‍ക്കരണ നയങ്ങളെ ചെറുക്കാന്‍ പാര്‍ടിയെ കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കുമെന്ന നിശ്ചയ ദാര്‍ഢ്യമാണ് ജനസഹസ്രങ്ങള്‍ പ്രകടിപ്പിക്കുന്നത്. ജാഥാസ്വീകരണകേന്ദ്രങ്ങളില്‍ നേതാക്കള്‍ നടത്തുന്ന പ്രസംഗങ്ങളില്‍ നവലിബറല്‍ നയങ്ങളില്‍നിന്ന് കേരളീയസമൂഹം നേടിയ നേട്ടങ്ങളെ എങ്ങനെ സംരക്ഷിക്കാമെന്നും ജനങ്ങളുടെ ജീവിതം എങ്ങനെ മെച്ചപ്പെടുത്താമെന്നുമുള്ള പ്രശ്നങ്ങളെ സംബന്ധിച്ച് ആശയവ്യക്തത നല്‍കുന്നതാണ്. ആഗോളവല്‍ക്കരണനയങ്ങളുടേതായ കേന്ദ്രഘടനക്കകത്തുനിന്നുകൊണ്ട് (അതിന്റെ പരിമിതികള്‍ക്കകത്തുനിന്നുകൊണ്ടുതന്നെ) എങ്ങനെ കേരളത്തിലെ ഉല്‍പ്പാദന ശക്തികളെ വികസിപ്പിക്കാം, തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാം, ഭക്ഷ്യസുരക്ഷ കൈവരിക്കാം, കേരളത്തിന്റെ സവിശേഷമായ വളര്‍ച്ചയുടെ ഘടനാപരമായ ദോഷങ്ങളെ മറികടക്കാന്‍ കഴിയാവുന്ന തരത്തില്‍ ഉല്‍പ്പാദനവര്‍ധനവ് കൈവരിക്കാം, അതിനാവശ്യമായ നിക്ഷേപസൗകര്യവും അന്തര്‍ഘടനാ സൗകര്യവും സൃഷ്ടിക്കാം എന്നെല്ലാമുള്ള കേരളവികസനത്തെ സംബന്ധിച്ച മൗലിക പ്രധാനമായ വിഷയങ്ങള്‍ ലളിതമായിത്തന്നെ വിശദമാക്കുന്നുണ്ട്. പതിനാറാം ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ദേശീയ രാഷ്ട്രീയവും വിലക്കയറ്റവും യുഡിഎഫ് സര്‍ക്കാരിന്റെ ജനദ്രോഹനയങ്ങളും വിശദീകരിക്കുന്ന മൂന്ന് ലഘുലേഖകള്‍ ജാഥാകേന്ദ്രങ്ങളില്‍ വിതരണം ചെയ്യുന്നുണ്ട്. കോര്‍പറേറ്റ് മാധ്യമങ്ങളുടെയും നുണക്കഥകളിലൂടെയും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ തകര്‍ത്തുകളയാന്‍ അച്ചാരം വാങ്ങിയ കപട വിപ്ലവകാരികളുടെയും "നവസാമൂഹ്യപ്രസ്ഥാന"ങ്ങളുടെയും വായാടികളായ ബുദ്ധിജീവികള്‍ വികസനത്തെയും നവലിബറല്‍ നയങ്ങള്‍ക്കെതിരായ സമരങ്ങളെയും സംബന്ധിച്ച് ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്ന കേരളീയ സാഹചര്യത്തില്‍ കേരളരക്ഷാ മാര്‍ച്ച് മുന്നോട്ടുവയ്ക്കുന്ന വികസനത്തെയും സാമൂഹ്യ വിപ്ലവത്തെയുംകുറിച്ചുള്ള നിലപാടുകള്‍ മാര്‍ക്സിസ്റ്റ് സാമൂഹ്യപ്രയോഗങ്ങളെ സംബന്ധിച്ച വ്യക്തവും മൂര്‍ത്തവുമായ സൈദ്ധാന്തിക ധാരണകളുടെ അടിസ്ഥാനത്തിലുള്ളതാണ്. കോണ്‍ഗ്രസിനും ബിജെപിക്കുമെതിരായ ഒരു ജനകീയ ബദലിന്റെ സാധ്യതകളെയാണ് വര്‍ത്തമാന രാഷ്ട്രീയസാഹചര്യങ്ങളെ വിശകലനം ചെയ്തുകൊണ്ട് മാര്‍ച്ച് മുന്നോട്ടുവയ്ക്കുന്നത്. ഫൈനാന്‍സ് മൂലധന വികാസത്തെയും അധിനിവേശത്തെയും സംബന്ധിച്ച് അതിവൈകാരികവും ആത്മനിഷ്ഠവുമായ ധാരണകളാണ് ചരിത്രത്തിലെപ്പോഴും പരിഷ്കരണവാദികളെയും അതിവിപ്ലവകാരികളെയും ഒരുപോലെ സ്വാധീനിച്ചിട്ടുള്ളത്. രണ്ടറ്റങ്ങളില്‍നിന്ന് തിരുത്തല്‍വാദികളും തീവ്രവാദികളും ഒരുപോലെ ഫലപ്രദവും പ്രയോഗക്ഷമവുമായ മൂലധനാധികാരത്തിനെതിരായ സമരങ്ങളെ വഴിതെറ്റിക്കുകയാണ് ചെയ്തിട്ടുള്ളത്. ഭൂപ്രശ്നം മുതല്‍ വ്യവസായവല്‍ക്കരണം വരെയുള്ള കേരള വികസനത്തെ സംബന്ധിച്ച തെറ്റായ ധാരണകള്‍ ബൂര്‍ഷ്വാമൂലധന താല്‍പ്പര്യങ്ങളെത്തന്നെ സഹായിക്കുന്ന രാഷ്ട്രീയ വിവാദങ്ങളായി കലാശിക്കുന്ന സമകാലീന സാഹചര്യത്തില്‍ തൊഴിലാളിവര്‍ഗത്തിന്റെ വികസനവും വിപ്ലവവുമായി ബന്ധപ്പെട്ട വീക്ഷണങ്ങള്‍ക്ക് വ്യക്തത നല്‍കാനും അത് ബഹുജനങ്ങള്‍ക്കിടയില്‍ എത്തിക്കാനും കമ്യൂണിസ്റ്റുകാര്‍ അടിയന്തര പ്രാധാന്യം നല്‍കേണ്ടതുണ്ട്. അത്തരമൊരു തിരിച്ചറിവും പരിശ്രമവുമാണ് സിപിഐ എമ്മിന്റെ രാഷ്ട്രീയ പ്രത്യയശാസ്ത്രനിലപാടുകളെ പ്രസക്തമാക്കുന്നത്.

ജീര്‍ണ മുതലാളിത്തത്തിന്റെ രാഷ്ട്രീയ പ്രതിനിധികളായ കോണ്‍ഗ്രസ്സും ബിജെപിയും എന്തു വൃത്തികേടുകളും തങ്ങളുടെ അതിജീവനത്തിനായി ചെയ്യും. കമ്യൂണിസ്റ്റ് വിരുദ്ധതയുടേതായ അത്തരം മക്കാര്‍ത്തിയന്‍ മുറകളെയെല്ലാം അതിജീവിക്കാന്‍ ഇടതുപക്ഷ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ശേഷിയുണ്ടെന്ന് കേരളരക്ഷാ മാര്‍ച്ച് കടന്നുപോകുന്ന വഴികളും സ്വീകരണകേന്ദ്രങ്ങളും വിളിച്ചറിയിക്കുകയാണ്. സാമ്രാജ്യത്വമൂലധന വ്യവസ്ഥ എന്തുമാത്രം ക്രൂരവും ക്രിമിനലുമായിത്തീരുമെന്നും അതെന്തുമാത്രം കമ്യൂണിസ്റ്റ് വിരുദ്ധമായി മാറുമെന്നുമാണ് ഫാസിസ്റ്റ്നാസി ചരിത്രംതന്നെ രേഖപ്പെടുത്തിയിട്ടുള്ളത്.

ഫൈനാന്‍സ് മൂലധനത്തിന്റെ സ്വേച്ഛാധിപത്യവാഴ്ചയായിരുന്നല്ലോ ഹിറ്റ്ലറിസം. തൊഴിലാളിവര്‍ഗപ്രസ്ഥാനങ്ങളെയും വിപ്ലവങ്ങളെയും മറികടക്കുന്നതിന് പല മുതലാളിത്ത ഭരണകൂടങ്ങളും രൂപപ്പെടുത്തിയ കമ്യൂണിസ്റ്റ് വിരുദ്ധ പദ്ധതികളാണ് ഫാസിസമായി വളര്‍ന്ന് എല്ലാവിഭാഗം ജനങ്ങളെയും വേട്ടയാടിയത്. ഹിറ്റ്ലര്‍ ഒരിക്കല്‍ പറഞ്ഞത് "നാസി പാര്‍ടി പരാജയപ്പെട്ടാല്‍ ജര്‍മനിയിലുണ്ടാകുക പത്ത് ലക്ഷം കമ്യൂണിസ്റ്റുകളായിരിക്കു"മെന്നാണ്. ആഗോള ഫൈനാന്‍സ് മൂലധന ശക്തികളോട് ഹിറ്റ്ലര്‍ സോവിയറ്റ് യൂണിയനെയും കമ്യൂണിസ്റ്റുകാരെയും ഉന്മൂലനം ചെയ്യാന്‍ നാസി പാര്‍ടിയോടൊപ്പം നില്‍ക്കണമെന്നാണ് ആവശ്യപ്പെട്ടത്. ചരിത്രത്തിന്റെ ഈ വിലപ്പെട്ട പാഠങ്ങളെയെല്ലാം വിസ്മരിച്ച് സിപിഐ എമ്മിനും കമ്യൂണിസ്റ്റുകാര്‍ക്കുമെതിരായ അപവാദ കഥകളില്‍ രസിച്ചിരിക്കുന്നവര്‍ ഫൈനാന്‍സ് മൂലധനത്തിന്റെ ഹിംസാത്മക ആധിപത്യം സൃഷ്ടിക്കാന്‍ പോകുന്ന ഭയങ്കരമായ വാര്‍ത്തകള്‍ കേള്‍ക്കാനിരിക്കുന്നതേയുള്ളൂ.

റിലയന്‍സ് ഉള്‍പ്പെടെയുള്ള ഇന്ത്യക്കകത്തും പുറത്തുമുള്ള ഫൈനാന്‍സ് മൂലധനശക്തികള്‍ ഭയപ്പെടുന്നത് കമ്യൂണിസ്റ്റുകാരെയാണ്. ആസന്നമായ പതിനാറാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ സിപിഐ എം നേതൃത്വം നല്‍കുന്ന ഇടതുപക്ഷത്തിന്റെ പ്രാതിനിധ്യവും സാന്നിധ്യവും പാര്‍ലമെന്റില്‍ കുറച്ചെടുക്കാനുള്ള ആസൂത്രിതമായ നീക്കങ്ങളാണ് മൂലധനശക്തികള്‍ നടത്തുന്നത്. ഇന്ത്യയുടെ പരമാധികാരത്തെയും സ്വാതന്ത്ര്യത്തെയും തകര്‍ത്ത് ആധിപത്യം നേടാന്‍ വ്യഗ്രതപ്പെടുന്ന മൂലധനശക്തികളാണ് സിപിഐ എം വിരുദ്ധപ്രചാരവേലയുടെ ആസൂത്രകരും ഏകോപകരും. അവര്‍ക്കെതിരായ അപ്രതിരോധ്യമായ ജനമുന്നേറ്റത്തിന്റെ ഇച്ഛാശക്തിയും പ്രത്യയശാസ്ത്രവും ജനങ്ങളിലേക്ക് സന്ദേശിച്ചുകൊണ്ടാണ് കേരള രക്ഷാമാര്‍ച്ച് ചരിത്രത്തോടും സമൂഹത്തോടുമൊപ്പം പ്രയാണം തുടരുന്നത്.

പക്ഷഭേദത്തിന്റെ ഉറഞ്ഞുതുള്ളല്‍

നോം ചോംസ്ക്കിയും എഡ്വേര്‍ഡ് ഹെര്‍മനും നടത്തിയ മാധ്യമ പഠനത്തില്‍  സ്വകാര്യ മാധ്യമങ്ങളെക്കുറിച്ച് ശ്രദ്ധേയമായ ഒരു നിരീക്ഷണം നടത്തുന്നുണ്ട്  കൊലപാതകമായാലും മരണമായാലും മാധ്യമങ്ങള്‍ തുല്യനിലയിലല്ല കാണുന്നതെന്ന്. അമേരിക്കന്‍ മാധ്യമങ്ങളിലെ വാര്‍ത്താവതരണങ്ങളെക്കുറിച്ച് പഠിച്ചതിനെ തുടര്‍ന്നാണ് ചോംസ്ക്കിയും ഹെര്‍മനും ഈ നിരീക്ഷണം നടത്തിയത്. കേരളത്തിലെ മാധ്യമങ്ങളും ഇക്കാര്യത്തില്‍ വ്യത്യസ്തമല്ല. നമ്മുടെ മുന്നില്‍ ഇക്കാര്യം വ്യക്തമാക്കുന്ന ഒട്ടനവധി ഉദാഹരണങ്ങളുണ്ട്. ഇപ്പോഴിതാ വീണ്ടും ഒരുദാഹരണം കൂടി  നിലമ്പൂരിലെ കോണ്‍ഗ്രസ് ഓഫീസിലെ കൊലപാതകം. മാധ്യമ നിഷ്പക്ഷതയെ സംബന്ധിച്ച് തരിമ്പെങ്കിലും സംശയം ആര്‍ക്കെങ്കിലും ഉണ്ടെങ്കില്‍ പോയവാരത്തെ, ഇതെഴുതുന്നതുവരെയുള്ള, പത്രങ്ങള്‍ ഒന്നോടിച്ച് നോക്കിയാല്‍ മതി; ചാനല്‍ പരിപാടികള്‍  പ്രത്യേകിച്ചും അന്തിചര്‍ച്ചകള്‍  ഒന്നോര്‍ത്തെടുത്താല്‍ മതി.

അച്ചായെന്‍റ ഒരു 'കുടുങ്ങല്‍' 
മന്ത്രി ആര്യാടന്‍ മുഹമ്മദിെന്‍റ പേഴ്സണല്‍ സ്റ്റാഫ് അംഗം ബിജു ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് കോണ്‍ഗ്രസ് നിലമ്പൂര്‍ ബ്ലോക് കമ്മിറ്റി ഓഫീസിലെ തൂപ്പുകാരിയും അവിവാഹിതയുമായ രാധ എന്ന സ്ത്രീയെ കോണ്‍ഗ്രസ് ഓഫീസിനകത്തുവെച്ച് ബലാത്സംഗം ചെയ്യുകയും ക്രൂരമായി കൊലപ്പെടുത്തുകയും ചെയ്തു. മൃതദേഹം ചാക്കില്‍ കെട്ടി രണ്ടുനാള്‍ കോണ്‍ഗ്രസ് ഓഫീസില്‍ കൈപ്പത്തി അങ്കിതമായ ത്രിവര്‍ണ പതാകയ്ക്കുകീഴില്‍ സൂക്ഷിച്ചിരുന്നു. നിലമ്പൂര്‍ അങ്ങാടിയിലെ തിരക്കേറിയ സ്ഥലത്താണ് കോണ്‍ഗ്രസ് ഓഫീസ്. ഭരണകക്ഷിയുടെ, അതും പ്രമുഖനായ ഒരു നേതാവിെന്‍റ, മന്ത്രിയുടെ സ്വന്തം തട്ടകത്തിലുള്ള, ഓഫീസില്‍ രണ്ടുദിവസം ആരും വരാതിരിക്കാനിടയില്ലല്ലോ, ചുരുങ്ങിയത് ആ പ്രദേശത്തെ ആര്യാടന്‍ ശിങ്കിടികളായ കോണ്‍ഗ്രസ് പ്രമാണിമാരെങ്കിലും. മാത്രമോ? കോണ്‍ഗ്രസ് അനുഭാവിയായ രാധ തന്നെയായിരുന്നു ആര്യാടന്‍ ഷൗക്കത്തിെന്‍റയും ആര്യാടന്‍ ആസാദിെന്‍റയും ഓഫീസുകളും തൂത്തു വൃത്തിയാക്കിയിരുന്നത്. ആ രാധയാണ് കൊല്ലപ്പെട്ടത്. രാധയുടെ സഹോദരങ്ങള്‍ രാധയെ അന്വേഷിച്ചലയുമ്പോള്‍ രാധയുടെ മൃതശരീരം കോണ്‍ഗ്രസ് ഓഫീസില്‍ ത്രിവര്‍ണ പതാകയ്ക്കുകീഴില്‍ ജീര്‍ണിക്കുകയായിരുന്നു.

ഫെബ്രുവരി 10നാണ് വാര്‍ത്ത പുറംലോകം അറിയുന്നത്, നിലമ്പൂരിനടുത്ത് ചുള്ളിയോട് കുളത്തില്‍ നിന്ന് മൃതദേഹം കണ്ടെടുക്കപ്പെട്ടതിനെ തുടര്‍ന്ന്. സ്വാഭാവികമായും 11ാം തീയതി മാധ്യമങ്ങളില്‍ ഒരു പ്രധാന വാര്‍ത്തയായി വരേണ്ടതല്ലേ? പ്രത്യേകിച്ചും ഒരു രാഷ്ട്രീയ പാര്‍ടിയുടെ അതും മുഖ്യഭരണകക്ഷിയുടെ ഓഫീസില്‍വെച്ച് നടന്ന കൊലപാതകമാകുമ്പോള്‍; ചരിത്രത്തില്‍ തന്നെ ഇതാദ്യത്തെ സംഭവം കൂടിയാകുമ്പോള്‍ ഇതിെന്‍റ പ്രാധാന്യവും വാര്‍ത്താമൂല്യവും വര്‍ദ്ധിക്കേണ്ടതല്ലേ? എന്നാല്‍ സംഭവിച്ചതോ? 11ാം തീയതി 'മനോരമ'യില്‍ 11ാം പേജില്‍ ഒരു കുഞ്ഞു വാര്‍ത്ത ഇങ്ങനെ: "തൂപ്പുകാരിയുടെ വധം; കോണ്‍ഗ്രസ് നിലമ്പൂര്‍ സെക്രട്ടറി ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍". തികച്ചും അപ്രധാനമായി അവതരിപ്പിച്ച് സംഭവം തമസ്കരിച്ചു. 'മാതൃഭൂമി', 'മാധ്യമം', 'കേരള കൗമുദി' ആദിയായ മുഖ്യധാരക്കാര്‍ ഒന്നാം പേജിലാണെങ്കിലും അപ്രധാന കോണിലാണ് ഈ വാര്‍ത്തയ്ക്ക് ഇടം നല്‍കിയത്. തുടര്‍ന്നും അതിലൊരു മാറ്റവും വന്നതുമില്ല. അതുകൊണ്ട് തല്‍ക്കാലം 'മനോരമ'യെ നമുക്ക് പിന്തുടരാം.

ഇതാ നോക്കൂ 12ാം തീയതിയിലെ 'മനോരമ'. അന്ന് ഒന്നാം പേജില്‍ തന്നെ 5 കോളത്തില്‍ സംഭവം സ്ഥാനം പിടിച്ചിട്ടുണ്ട്. പക്ഷേ, അതിങ്ങനെയാണ്: "തൂപ്പുകാരി വധം : തെളിവു നശിപ്പിക്കാന്‍ ശ്രമിച്ചു കുടുങ്ങി". ഒപ്പം ഒരു തുടരന്‍ പൈങ്കിളി സാധനോം ഒണ്ട്  "പഴ്സനലായിട്ട് പറയുവാ". മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിനെ പറ്റി ഒരു സാധനം. കുറ്റം പറയരുതല്ലോ ഇടതുപക്ഷ ഭരണത്തിലെ മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിനെക്കുറിച്ച് ഗോസിപ്പ് മോഡലില്‍പോലും 'പഴ്സനലായിട്ട്' ഒന്നു കാച്ചാന്‍ കിട്ടാത്തതില്‍ കോട്ടയം കുട്ടികള്‍ക്ക് കുണ്ഠിതം അസാരമുണ്ട്. തുടര്‍ന്നുള്ള ദിവസങ്ങളിലും രാധ വധം (സോറി, തൂപ്പുകാരി വധം) അപ്രധാനമായി കാണാമറയത്തു തന്നെ. മാത്രമോ? തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചാണ് പാവം കോണ്‍ഗ്രസ് ഓഫീസ് സെക്രട്ടറി കം കറന്‍റ് മന്ത്രീടെ പേഴ്സണല്‍ സ്റ്റാഫ് 'കുടുങ്ങിയത്'. എന്തൊരു ഭാഷാ വൈദഗ്ദ്ധ്യമെന്നു നോക്കണേ! 'കുടുങ്ങി'പ്പോയത്രെ! ഒരു സ്ത്രീ ഭരണകക്ഷീടെ ഓഫീസില്‍വെച്ച് ബലാല്‍സംഗം ചെയ്യപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തതൊന്നും ഈ പത്ര ഭീകരന്, വാര്‍ത്തയേ അല്ല! അതൊക്കെ ഒരു തൂപ്പ് ഏര്‍പ്പാട്! ഈ രീതിയില്‍ വാര്‍ത്താവതരണം നടത്തണോന്‍മാരേം ഈ മഞ്ഞപത്രത്തിെന്‍റ നടത്തിപ്പുകാരേം, നാട്ടിന്‍പുറത്തെ ഭാഷാപ്രയോഗ പ്രകാരമാണെങ്കില്‍, ചന്തീല്‍ തെരണ്ടിവാലുകൊണ്ട് പത്ത് പെട കൊടുക്കയാണ് വേണ്ടത്!

പോട്ടെ, നമ്മള വിഷയത്തില് വരാം. 15ാം തീയതിയായപ്പോള്‍ 'മനോരമ' 17ാം പേജില്‍ ഒരു ചിന്ന കടിതം കൊടുക്കുന്നു: "കോണ്‍ഗ്രസ് ഓഫീസിലെ കൊലപാതകം. നിലമ്പൂരില്‍ പൊലീസിെന്‍റ മാരത്താണ്‍ തെളിവെടുപ്പ്. മുഖ്യപ്രതി കോണ്‍ഗ്രസ് ഓഫീസ് സെക്രട്ടറിയും മന്ത്രി ആര്യാടന്‍ മുഹമ്മദിെന്‍റ മുന്‍ പിഎയുമായ ബിജു". കൊലപാതകം നടക്കുമ്പോഴും ബിജു ആര്യാടെന്‍റ പിഎ തന്നെയാണ്. പിന്നെങ്ങനെ ഈ 'മുന്‍' വാല് വച്ചുകെട്ടണത്? 5 ദിവസം പിന്നിട്ടപ്പോഴാണ് "തൂപ്പുകാരി വധം" 'മനോരമ' 17ാം പേജിലെങ്കിലും "കോണ്‍ഗ്രസ് ഓഫീസിലെ കൊലപാതകം" എന്നവതരിപ്പിക്കാന്‍ നിര്‍ബന്ധിതമായത്. 16ാം തീയതി വീണ്ടും 9ാം പേജില്‍, "കോണ്‍ഗ്രസ് ഓഫീസിലെ കൊലപാതകം: 10 പേരെ ചോദ്യം ചെയ്തു" എന്ന് നല്‍കിയിരിക്കുന്നു. 17ാം തീയതിയാണ് 'മനോരമേ'ടെ ഒരു കലക്കല്. 11ാം പേജില്‍ (ീു.ലറ ുമഴല എന്ന് ആംഗലം): "നിലമ്പൂര്‍ കോണ്‍ഗ്രസ് ഓഫീസിലെ കൊലപാതകം: പീഡനം നടന്നിട്ടില്ല". 12ാം തീയതി മുതല്‍, ബലാല്‍സംഗം നടന്നതായുള്ള വാര്‍ത്ത പരന്നിട്ടും ചില ദൃശ്യമാധ്യമങ്ങളും പത്രങ്ങളും (ദേശാഭിമാനി, മാധ്യമം) അതു പ്രസിദ്ധീകരിച്ചിട്ടും 'മനോരമ'യ്ക്ക് ആഴ്ചയൊന്നു കഴിഞ്ഞിട്ടും നിഷേധം പറയാനേ പറ്റുന്നുള്ളൂ.

ഞമ്മളെ സ്വന്തം പീഡനമല്ലേ, സ്വന്തം ആപ്പീസിലെ കൊലയല്ലേ. ഇതിേന്‍റക്കെ മുറിവെണ്ണാന്‍ പോയാല്‍ എവിടേക്കെ നോക്കണം, തപ്പണം? അതുകൊണ്ട്, കൂട്ടരേ, 'മനോരമ' (നല്ല മണികെട്ടിയ 'നുണരമ') തുടരുന്നു  "രാധയുടെ സ്വകാര്യ ഭാഗത്തുണ്ടായ മുറിവ് ഓഫീസിലെ ചൂലിെന്‍റ പിടി ഭാഗം കൊണ്ടതുമൂലം ഉണ്ടായതാണെന്ന് ഐജി എസ് ഗോപിനാഥ് പറഞ്ഞു. പീഡന ശ്രമത്തിനിടെ ഉണ്ടാകുന്ന രീതിയിലുള്ള മുറിവുകള്‍ രാധയുടെ സ്വകാര്യ ഭാഗങ്ങളിലുണ്ടെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുള്ളത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടാണ് ആധികാരികമായി കണക്കിലെടുക്കേണ്ടതെന്നിരിക്കെ, അതു തള്ളിക്കളഞ്ഞ് വേറെ ഭാഷ്യം ചമയ്ക്കാന്‍ നോക്കണ പൊലീസേമാനും അതിന് ചൂട്ടു പിടിക്കണ റബറ് പത്രോം കൊലയാളികളെ രക്ഷിക്കാനും കേസട്ടിമറിക്കാനുമാണ് തത്രപ്പെടുന്നത്. നോക്കണേ ഒരു ശൈലി, (ഐപിഎസ് ഏമാെന്‍റയോ മനോരമേടെയോ എന്നറിയില്ല)  "സ്വകാര്യ ഭാഗത്തുണ്ടായ മുറിവ് ഓഫീസിലെ ചൂലിെന്‍റ പിടി ഭാഗം കൊണ്ടതുമൂലം". ചൂലിെന്‍റ പിടി ഭാഗം അങ്ങു ചുമ്മാ അകത്തുകയറി മുറിവുണ്ടാക്കിയതായിരിക്കും അല്ലേ? അപ്പോ പ്രതി ചൂലിെന്‍റ പിടി? ആദ്യം ഒരു പൊലീസ് കോദണ്ഡരാമന്‍ പറഞ്ഞത്, അതിനകത്ത് മീന് കേറി കടിച്ചതെന്നാണ്. ഇപ്പോ ഈ ചൂലിനെ കണ്ടെടുത്തതു തന്നെ പോസ്റ്റുമോര്‍ട്ടം ചെയ്ത ഫോറന്‍സിക് വിദഗ്ദ്ധരും. എെന്‍റ സാറന്മാരെ, ഡല്‍ഹീ പെണ്‍കുട്ടി കൊല്ലപ്പെട്ടതിനിടയാക്കിയത് കമ്പിപ്പാരകൊണ്ടുള്ള പ്രയോഗമാണെന്നതു മറന്നുപോയോ? ഇവിടെ ഇന്നായിരുന്നെങ്കില്‍ നമ്മളെ പൊലീസേമാന്മാരും മനോരമ പിള്ളാരുംകൂടി 'കമ്പിപ്പാര അകത്തുകയറി പോയതാ'ണെന്ന് പറയുമായിരുന്നല്ലോ!

സ്വന്തം രാഷ്ട്രീയ വളര്‍ത്തുനായ്ക്കളെ ലച്ചിച്ചെടുക്കാന്‍ ഈ പത്രം എത്ര തരംതാഴാനും തയ്യാറാകും എന്നതിന് ഇതിലും വലിയ തെളിവ് ഇനി എന്തു വേണം? അതേ സ്റ്റോറിയില്‍ നമുക്ക് ഇങ്ങനെ ഒരു സങ്കതി കൂടി വായിക്കാം: "രാധയോടുള്ള രോഷം തീര്‍ക്കാന്‍ ചൂലിെന്‍റ പിടി ഉപയോഗിച്ചു മുഖ്യപ്രതി ബിജു അവരുടെ സ്വകാര്യ ഭാഗത്തു കുത്തിയെന്നാണ് പൊലീസ് ഭാഷ്യം. മുറിവ് അതുമൂലം ഉണ്ടായതാണെന്നു തെളിഞ്ഞതായും പൊലീസ് പറയുന്നു". എത്ര ജുഗുപ്സാവഹമായ അവതരണമെന്നു നോക്കൂ. കേരളം ഭരിക്കുന്ന രാഷ്ട്രീയ ക്രിമിനലുകളെ വെള്ളപൂശാന്‍ മലയാള ഭാഷയെ തന്നെ 'മനോരമ' (പൊലീസിെന്‍റ മറവില്‍) ബലാല്‍സംഗം ചെയ്യുകയാണ്. ബിജുവിന് 'രോഷം തീര്‍ക്കാന്‍' ആ പാവം സ്ത്രീ ചൂലു കുത്തിക്കേറ്റാന്‍ പാകത്തിന് ഇരുന്നുകൊടുത്തതുപോലുള്ള നിസ്സാരവല്‍ക്കരിച്ച എഴുത്താണിതെന്നറിയാന്‍ എെന്‍റ മനോരമേ, പാഴൂര്‍ പടിക്കല്‍ വരെ പോകേണ്ടതില്ല. 48കാരിയായ ആ പാവം സ്ത്രീ സംഭവം നടക്കുമ്പോള്‍ കന്യകയുമായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം ചെയ്ത വിദഗ്ദ്ധര്‍ പറഞ്ഞില്ലായിരുന്നെങ്കില്‍ ഈ മാധ്യമ ഭീകരന്മാര്‍, ഈ ഭരണവര്‍ഗ കൂലിത്തല്ലുസംഘം ഖദറണിഞ്ഞ ക്രിമിനലുകളെ ലച്ചിക്കാന്‍ ഇരയെ കുറ്റവാളിയായി ചിത്രീകരിക്കാനും മടിക്കില്ലായിരുന്നു. ജസീക്കാ ലാലിെന്‍റയും നയനാ സാഹ്നിയുടെയും സുനന്ദാ പുഷ്ക്കറിെന്‍റയും പിന്നാലെ ഒരു രാധ കൂടി. നമ്മുടെ മാധ്യമ പടുക്കള്‍ ചരിത്രം വേണ്ടപ്പോള്‍ വേണ്ടപോലെ മേമ്പൊടിയായി പറയാനും ബഹുകേമന്മാരാണ്. എന്നാല്‍ ഇവിടെ അവര്‍ മറക്കുന്ന ചരിത്രം വേറെയുമുണ്ട്. അരങ്ങ് നിലമ്പൂരാണ്. ഇതേ നിലമ്പൂരില്‍ വെച്ചാണ് നിലമ്പൂരിെന്‍റ വീരപുത്രന്‍ സഖാവ് കുഞ്ഞാലിയുടെ നെഞ്ചില്‍ ഖദര്‍ധാരികളുടെ വെടിയുണ്ട തുളച്ചുകയറിയത്. കോണ്‍ഗ്രസ് ഓഫീസില്‍ നിന്നുതന്നെയായിരുന്നു അതും. മുഖ്യപ്രതി ഇന്നത്തെ മന്ത്രി ആര്യാടനും. ഇനീമുണ്ട് ചരിത്രം. പഴേതല്ല, നല്ല പുതുപുത്തന്‍. സരിതക്കഥ. സരീതേരെ രഹസ്യമൊഴീല്‍ ഈ മന്ത്രീംപെടും എന്നാണ് നാട്ടുവര്‍ത്തമാനം. അപ്പോള്‍ ഇവിടേം പ്രതി പിതാശ്രീയോ മക്കള്‍ശ്രീയോ എന്നന്വേഷിക്കേണ്ടതല്ലേ, മനോരമേ? ഈ സംഭവം പുറംലോകം അറിഞ്ഞ് കൃത്യം എട്ടുദിവസമായിട്ടും, 'മനോരമ'യ്ക്കോ 'മാതൃഭൂമി'യ്ക്കോ ഇത് മുഖപ്രസംഗത്തിെന്‍റ വിഷയമാക്കേണ്ടതാണെന്നും തോന്നിയിട്ടില്ല; നമ്മുടെ ചാനലുകളില്‍ ബ്രേക്കിങ് ന്യൂസുകളും അന്തിചര്‍ച്ചകളും കണ്ടില്ല. മറുപുറത്ത് ആര്യാടനായതുകൊണ്ടായിരിക്കാം. എന്തായാലും 'മാധ്യമം' 12ാം തീയതി ഒരു രണ്ടാം മുഖപ്രസംഗം എഴുതിയിട്ടുണ്ട്  "മന്ത്രിമാരുടെ തണലില്‍ ക്രിമിനലുകള്‍". "തങ്ങളുടെ എല്ലാ അത്യാചാരങ്ങള്‍ക്കും അനുയോജ്യരായ വ്യക്തികളെ മന്ത്രിമാര്‍ തിരഞ്ഞുപിടിച്ചുകൊണ്ടുവന്ന് സര്‍ക്കാര്‍ ചെലവില്‍ പോറ്റി വളര്‍ത്തുകയോ?" ഇനി ഇതാ ഉറഞ്ഞുതുള്ളല്‍ കോണ്‍ഗ്രസ് ഓഫീസിലെ ഭീകരമായ കൊലപാതകത്തിെന്‍റ ഞെട്ടിപ്പിക്കുന്ന വാര്‍ത്തകള്‍ മുഖ്യധാരക്കാര്‍ തമസ്കരിച്ച (അപ്രധാനമാക്കി ഒതുക്കിയ) അതേ ദിവസം (ഫെബ്രുവരി 12) കോട്ടയം നുണരമയും കോയിക്കോട് വീരഭൂമിയും പുറത്തിറങ്ങിയതെങ്ങനെ എന്നു നോക്കണ്ടേ? അതാണ് അതിെന്‍റയൊരു ബ്യൂട്ടി!

'വീരഭൂമി' (നമ്മള തോട്ടം മുതലാളീെന്‍റ പത്രമേ) 12ന് ഒന്നാം പേജില്‍ 6 കോളം മത്തങ്ങയില്‍ അച്ച് നിരത്തിയിരിക്കുന്നു: "കരാര്‍ മൂന്നിരട്ടി ഉയര്‍ന്ന നിരക്കില്‍  സിബിഐ". അതിനണിയിച്ചിരിക്കുന്ന തൊപ്പീംകൂടി വായിച്ചാലേ സങ്കതി പുടികിട്ടൂ: "ലാവ്ലിന്‍: റിവിഷന്‍ ഹര്‍ജിയില്‍ പിണറായിക്ക് നോട്ടീസ്". ഒപ്പം ഒരു ഹൈലൈറ്റും : "കരാറിനുപിന്നില്‍ ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്ന് സിബിഐ ഹൈക്കോടതിയില്‍". ഒരാഴ്ചമുന്‍പ്, ലാവ്ലിന്‍ ഇടപാടില്‍ ഒരു ക്രമക്കേടും ഉണ്ടായില്ലെന്ന് സംസ്ഥാന ഊര്‍ജവകുപ്പ് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം തമസ്കരിച്ച പത്ര നീര്‍ക്കോലിയാണ് ഇപ്പോള്‍ തലപൊക്കി വിഷം ചീറ്റുന്നത്. ഇനി 'നുണരമ'യോ? 12ന് ഒന്നാം പേജില്‍ 5 കോളം മത്തങ്ങയില്‍ സംഭ്രമജനകമായി കാച്ചിയിരിക്കുന്നു: "ലാവ്ലിന്‍ കേസ് രേഖകള്‍ ഹൈക്കോടതിയിലേക്ക്". ഹൈലൈറ്റ്: "പിണറായി അടക്കമുള്ളവരെ വിട്ടയച്ച സിബിഐ കോടതി ഉത്തരവിനെതിരായ ഹര്‍ജി ഫയലില്‍". പിന്നൊരു ബോക്സും: "വിശദവാദം പിന്നീട്. വിധിക്കു സ്റ്റേ ആവശ്യം ഉയര്‍ന്നില്ല". എന്താണിതിലെ 'ന്യൂസ്'? 'ക്രൈം കുമാര'നൊപ്പം സിബിഐയും ഹൈക്കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തു. അത് ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി ബന്ധപ്പെട്ടവര്‍ക്ക് നോട്ടീസയക്കാനും കീഴ്ക്കോടതിയിലെ രേഖകള്‍ വരുത്താനും നടപടി കൈക്കൊണ്ടു. വെറും സാധാരണ രീതി. ഏതെങ്കിലും പേജില്‍ ഒറ്റക്കോളത്തില്‍ ഒതുക്കാവുന്ന സങ്കതി. പക്ഷേ, ഇത് സിപിഐ എമ്മിനെതിരെയല്ലേ, പിണറായിക്കെതിരെയല്ലേ! വച്ച് താങ്ങുക തന്നെ മത്തങ്ങയില്‍! 2006 മുതല്‍ ഇതേ ചരക്ക് ഈ മാധ്യമങ്ങള്‍ തിരഞ്ഞെടുപ്പ് കാലത്ത് വിറ്റഴിക്കാന്‍ നോക്കണതുമാണ്. പിന്നെയോ: ഈ കേസു തന്നെ സിബിഐ പ്രത്യേക കോടതി വിചാരണാര്‍ഹം പോലുമല്ലാത്തവിധം ബാലിശവും അബദ്ധ പഞ്ചാംഗവുമാണെന്ന് വിധിച്ച് ഓടയിലെറിഞ്ഞതുമാണ്. എങ്കിലും നുണ നൂറാവര്‍ത്തിച്ച് കോണ്‍ഗ്രസിനായി ഒരു പ്രചരണം തന്നെ. അതുകൊണ്ടരിശം തീരാഞ്ഞവളുടെ മണ്ടിക്കളി വീണ്ടും.

14ാം തീയതി 'മനോരമ'യുടെ 11ാം പേജില്‍ വായിക്കൂ: "ലാവ്ലിന്‍ കേസ് കക്ഷിചേരാന്‍ സര്‍ക്കാര്‍ ഹര്‍ജി നല്‍കും". അതില്‍ ഇങ്ങനെ: "പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ പദ്ധതികളുടെ നവീകരണത്തിന് 165 കോടി രൂപയുടെ പണിയേ നടന്നിട്ടുള്ളൂ എന്നാണ് സിബിഐ അന്വേഷണത്തില്‍ കണ്ടത്". സിബിഐ അണ്ണന്മാര്‍ അങ്ങനെ കണ്ടെങ്കില്‍ ആരാ അതിനുത്തരവാദി? പണി പൂര്‍ത്തിയായപ്പോള്‍ എത്ര രൂപയുടെ പണി ചെയ്തു എന്നുറപ്പാക്കി കരാര്‍ തുക നല്‍കിയവരല്ലേ? 2003ല്‍ ആന്‍റണി മുഖ്യനും കടവൂര്‍ ശിവദാസന്‍ വൈദ്യുതികാര്യവും വഹിച്ചിരുന്നപ്പോഴല്ലേ ഇത് നടന്നത്? അതിന് പിണറായി എന്തു പിഴച്ചു? ഇനി, എത്ര രൂപേടെ പണി ചെയ്താലും കരാറില്‍ ക്വാട്ട് ചെയ്ത തുകയത്രേം നല്‍കണമെന്നാണെങ്കില്‍ ആദ്യം കരാര്‍ ഉണ്ടാക്കിയ ജി കാര്‍ത്തികേയനെയല്ലേ കൂട്ടില്‍ കേറ്റേണ്ടത്? ഗണ്‍മോനെ മറന്നോ?

ലാവ്ലിന്‍ ആഘോഷമാക്കിയ ഇതേ ദിവസം തന്നെ (ഫെബ്രുവരി 12) സലിംരാജ് ഉള്‍പ്പെട്ട ഭൂമി തട്ടിപ്പ് കേസിനെക്കുറിച്ച് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു. സിബിഐ അപ്പീല്‍ പര്‍വതീകരിച്ച് ആഘോഷിച്ച 'മനോരമേം' 'മാതൃഭൂമീം' മുഖ്യെന്‍റ മുന്‍ ഗണ്‍മോന്‍ ഉള്‍പ്പെടുന്ന (കേരള പൊലീസ് അയാളെ ഇനീം പ്രതിചേര്‍ക്കാന്‍പോലും തയ്യാറാകാത്ത) കേസിലെ ഹൈക്കോടതി ജഡ്ജിയുടെ പരാമര്‍ശത്തെ ചീളാക്കി ഒതുക്കുന്നത് നോക്കൂ. 'മനോരമ' 12ന് 13ാം പേജില്‍ ഇങ്ങനെ: "സലിംരാജ് ഉള്‍പ്പെട്ട ഭൂമി തട്ടിപ്പ്: കേസ് ഡയറി ഹാജരാക്കാന്‍ നിര്‍ദേശം. സിബിഐ വേണോ വിജിലന്‍സ് മതിയോ എന്നു പരിശോധിക്കുകയാണ് എന്നു കോടതി". മാതൃഭൂമീം സങ്കതി പേജ് 13ല്‍ തന്നെ ഒതുക്കീരിക്കുന്നു: "സലിംരാജ് ഉള്‍പ്പെട്ട ഭൂമി തട്ടിപ്പ്: കേസ് ഡയറി ഹാജരാക്കണമെന്ന് ഹൈക്കോടതി". എത്ര ഗംഭീരമായി ഒടിച്ചുമടക്കി പെട്ടീല്‍ അടച്ചിരിക്കുന്നു, അധികമാരും ശ്രദ്ധിക്കാത്തവിധം. "10 സെന്‍റുപോലും വാങ്ങാന്‍ കഴിവില്ലാത്ത രണ്ടുപേര്‍ ചേര്‍ന്ന് 500 കോടിയോളം മുടക്കാനും 45 ഏക്കര്‍ വാങ്ങാനും തയ്യാറാകുമെന്ന് വിശ്വസിക്കാന്‍ കഴിയില്ല" എന്ന് നിരീക്ഷിച്ച ഹൈക്കോടതി, "അധികാര കേന്ദ്രങ്ങളില്‍ ഉള്ളവര്‍ ഉള്‍പ്പെട്ടതായി ആരോപണമുള്ളതാണ് ഭൂമി തട്ടിപ്പു കേസുകള്‍" എന്നും പ്രസ്താവിച്ചു. ('മാധ്യമം' റിപ്പോര്‍ട്ട്).

ഇതിനെക്കാള്‍ പ്രമാദമായ സാധനമാണോ പത്രാധിപശിങ്കങ്ങളേ, ഒരു കേസില്‍ അപ്പീല്‍ ഫയല്‍ ചെയ്യുന്നത്? സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നയിക്കുന്ന കേരള രക്ഷാമാര്‍ച്ച് 18ാം ദിവസം പിന്നിട്ടിരിക്കുന്നു. നാടും നഗരവും ഇളക്കിമറിച്ച്, ഓരോ സ്വീകരണ കേന്ദ്രത്തിലും പതിനായിരങ്ങള്‍ അണിനിരന്ന് ആവേശകരമായി മാര്‍ച്ച് മലപ്പുറം ജില്ലവരെ എത്തിയിട്ടും നമ്മുടെ മാധ്യമ ശിങ്കങ്ങള്‍ അതു കണ്ട മട്ടില്ല. നൂറാള് കൂടാത്ത രമേടെ ഉണ്ണാവ്രതത്തെ മഹാസംഭവമാക്കി അവതരിപ്പിക്കാന്‍ ഭാഷയിലെ സര്‍വപദങ്ങളും വാരിവിതറിയ, നിരന്തര ചര്‍ച്ചകള്‍ നടത്തിയ മാധ്യമ ഭീകരന്മാര്‍ ഈ ജനമുന്നേറ്റത്തിനുനേരെ കണ്ണടച്ചിരുട്ടാക്കാന്‍ നോക്കുകയാണ്. വാല്‍ക്കഷ്ണം "കൊല്ലപ്പെട്ട ദിവസം ടി പി വിളിച്ചത് സ്ത്രീയെ അല്ല, ആറെംപി നേതാവിനെ" (മാതൃഭൂമി 15.2.14). അച്ഛന്‍ പത്തായത്തിലുമില്ലെന്ന് സ്ഥാപിക്കാന്‍ 'മാതൃഭൂമി' ക്കെന്തൊരു വ്യഗ്രതയെന്നു നോക്കണേ!
**ഗൗരി**