Showing posts with label നര്‍മ്മം. Show all posts
Showing posts with label നര്‍മ്മം. Show all posts

Monday, 21 November 2011

കര്‍മയോഗിയുടെ സമ്പര്‍ക്കങ്ങള്‍

കര്‍മയോഗി എന്നാണ് ഉമ്മന്‍ചാണ്ടിയെ സര്‍ക്കാര്‍ ഔദ്യോഗികമായി വിശേഷിപ്പിക്കുന്നത്. യോഗി കര്‍മം നിരന്തരം ചെയ്തുകൊണ്ടേയിരിക്കുകയാണ്. ആ കര്‍മത്തിന്റെ ചില ഭാഗങ്ങള്‍ കുഞ്ഞൂഞ്ഞ് കഥകള്‍ എന്നപേരില്‍ സര്‍ക്കാര്‍വക വെബ്സൈറ്റില്‍ പരസ്യപ്പെടുത്തിയിട്ടുണ്ട്. ഫസ്റ്റ്ക്ലാസ്, ഒരു ട്രെയിന്‍യാത്ര, ഊഷ്മള സ്മരണകള്‍ , ഇടനാഴിയില്‍ ഒരു പാതിരായാത്ര, ആള്‍ക്കൂട്ടമില്ലെങ്കില്‍ , ഒരു മുണ്ടുരിയല്‍ , ആരോരും അറിയാതെ, ഗുലുമാല്‍ , തടിയൂരല്‍ , രക്ഷപ്പെട്ടു, പിന്‍വാതില്‍ , ഓടുന്ന മുഖ്യന്‍ ഇങ്ങനെയൊക്കെയാണ് കഥകളുടെ പേര് കാണുന്നത്. കര്‍മയോഗിയായ മുഖ്യമന്ത്രിയുടെ ജീവിതത്തിന്റെ അഗാധ ഗര്‍ത്തങ്ങളില്‍നിന്ന് മുങ്ങിത്തപ്പിയെടുത്ത ഏടുകളാണത്രെ ഇപ്പറഞ്ഞതെല്ലാം. തലക്കെട്ടുകള്‍ കണ്ടാലറിയാം സംഗതി ജീവിത ഗന്ധിയാണെന്ന്്. ഇതിനെയാണ് കര്‍മഫലം എന്ന് വിളിക്കുന്നത്. ശ്രീനാരായണ ഗുരു, ചട്ടമ്പി സ്വാമികള്‍ എന്നിങ്ങനെയുള്ള കര്‍മയോഗികളെക്കുറിച്ച് കേട്ടിട്ടുണ്ട്. അവര്‍ക്കുശേഷം ഇങ്ങനെ ഒരു കര്‍മയോഗി പുതുപ്പള്ളിയില്‍ പിറന്നത് മലയാളത്തിന്റെ സുകൃതം. കര്‍മയോഗിപ്പട്ടത്തിങ്കലേക്ക് മത്സരിക്കുന്ന വെള്ളാപ്പള്ളി നടേശന്‍ , പി സി ജോര്‍ജ്, കുഞ്ഞാലിക്കുട്ടി, തോക്ക് സ്വാമി, ദല്ലാള്‍ കുമാരന്‍ , നടികര്‍ യോഗി ഗണേശ് തുടങ്ങിയവരെവിടെ; സാക്ഷാല്‍ കുഞ്ഞൂഞ്ഞെവിടെ. യോഗി എന്നാല്‍ യോഗാനുഷ്ഠാനനിരതനാണ്സന്യാസിയാണ്. സര്‍വസംഗ പരിത്യാഗി. ലോകമേ തറവാട്. ലൗകികമോഹങ്ങള്‍ അശേഷമില്ല. കലിയുഗമായതുകൊണ്ട് കാഷായവും തപസ്സുമൊന്നും വേണമെന്നില്ല. അഥവാ തപസ്സുചെയ്താല്‍ അത് ഇളക്കിക്കളയാന്‍ സൂപ്പര്‍ഡാന്‍സര്‍ പരിപാടി നടത്തേണ്ടിവരും.

യോഗി എന്ന വാക്കിന് ചില അസൂയാലുക്കള്‍ ഇന്ദ്രജാലക്കാരന്‍ എന്ന അര്‍ഥവും നല്‍കിയതായി കാണുന്നു. അത് മാര്‍ക്സിസ്റ്റുകാരുടെ ഗൂഢാലോചനയാകാനേ തരമുള്ളൂ. നമ്മുടെ അഭിനവ കര്‍മയോഗിയുടെ പ്രധാന കര്‍മം പരിപാടി പ്രഖ്യാപനമാണ്. നൂറു ദിവസത്തേക്ക്, ഒരു കൊല്ലത്തേക്ക്, അഞ്ചുകൊല്ലത്തേക്ക്, ഇരുപത്തഞ്ചുകൊല്ലത്തേക്ക് ഇങ്ങനെ കാലഗണന നടത്തി പരിപാടി പ്രഖ്യാപിക്കും. നൂറു ദിവസം കഴിഞ്ഞ് ഒന്നും നടന്നില്ലെങ്കില്‍ ഒരുകൊല്ലംകൊണ്ട് കാട്ടിത്തരാമെന്ന് പറയും. അതും കഴിഞ്ഞാല്‍ അഞ്ചുകൊല്ലംകൊണ്ട്. യോഗവിദ്യ കൈവശമുള്ളതുകൊണ്ട് പ്രഖ്യാപനം ഭക്ഷിച്ചാലും വയറുനിറയും. ഏമ്പക്കവും വരും. ബാബാ രാംദേവിനെപ്പോലെയാണ്; ഒറ്റയ്ക്കാണ് യോഗാഭ്യാസ പ്രകടനം. കൂടെയുള്ളവരെ വിശ്വാസമില്ലാഞ്ഞിട്ടല്ല. അണ്ണ ഹസാരെ സംഘത്തിലുള്ളതുപോലെ എല്ലാവരുമായും നല്ല യോജിപ്പാണ്. രജനികാന്തിനോടാണ് ആരാധന. എല്ലാറ്റിനും 'തനി വഴി'യാണ്. അല്ലെങ്കിലും കൂടെയുള്ളവരുടെ യോഗവിദ്യാപാടവത്തില്‍ ഒട്ടും മതിപ്പുപോരാ. കടത്തനാടന്‍ മുറയില്‍ കെ പി മോഹനന്‍ ഗുരുക്കള്‍ കാലുപൊക്കുന്നതും കുഞ്ഞാലിക്കുട്ടി സാഹിബിന്റെ കോല്‍ക്കളിയും അതിന്റെ വായ്ത്താരിയും വടക്കോട്ടേ പറ്റൂ. അത് നടന്നുകഴിഞ്ഞാല്‍ ഒന്നുകില്‍ ഒരു കേസുണ്ടാകും; അല്ലെങ്കില്‍ ഒരു കലാപം നടക്കും. പാലായുടെ മാണിക്യത്തിനാകട്ടെ ചവിട്ടുനാടകത്തിലാണ് പഥ്യം. അഞ്ചപ്പമുണ്ടെങ്കില്‍ നാലെണ്ണം അപ്പോള്‍ കഴിക്കും. ബാക്കി ഒന്നിന്റെ പാതി മകനുകൊടുക്കും. പിന്നെയുള്ള അരയപ്പംകൊണ്ട് കേരളാ കോണ്‍ഗ്രസിലെ തൊള്ളായിരത്തില്‍പരം അണികളെ തീറ്റും. അഞ്ചപ്പം കൊണ്ട് അയ്യായിരം പേരെ ഊട്ടുകയും വെള്ളം വീഞ്ഞാക്കി മാറ്റുകയും അന്ധനെയും കുഷ്ഠരോഗിയെയും സൗഖ്യപ്പെടുത്തുകയും കടലിനുമീതെ നടക്കുകയുംചെയ്ത യേശുവിലാണ് വിശ്വാസമെങ്കിലും മാണി കേരളയിലെ ജോര്‍ജും ജോസഫുമൊഴികെ തൊള്ളായിരത്തില്‍പ്പരത്തിനും മാണിക്യത്തിലും മകനിലും കീശയിലുമാണാശ്വാസം. ഇത്തരം കുറെ ആചാര്യന്‍മാരുടെ നടുവില്‍ ജീവിക്കുന്നതുകൊണ്ടാകണം, നമ്മുടെ കര്‍മയോഗിക്ക് പൊതുജനങ്ങളുമായി ഇടയ്ക്ക് ഒന്ന് സമ്പര്‍ക്കപ്പെടാന്‍ തോന്നുന്നത്. നല്ല കാര്യമാണ്. സദാ ടിവിയില്‍ നിറഞ്ഞുനില്‍ക്കും. നാട്ടിലെ മൂന്നരക്കോടിക്കും പ്രശ്നങ്ങളുണ്ടെങ്കിലെന്ത്നമുക്ക് കോണ്‍ഗ്രസുകാരുടെ പ്രശ്നങ്ങള്‍മാത്രം പരിഹരിക്കാം. വില്ലേജാപ്പീസും താലൂക്കാപ്പീസും കലക്ടറേറ്റും നിയമവും പുസ്തകവുമെന്നും വേണ്ടസമക്ഷത്തിങ്കല്‍ സങ്കടം ബോധിപ്പിക്കുക; കാശ് വാങ്ങുക; തിരിച്ചുപോരുക. ഉത്സവമാണ് നടക്കുന്നത്. കൂട്ടത്തോടെ ഇരകളെ അണിനിരത്തും. ആശ്വാസം ജലപീരങ്കിയില്‍നിന്നെന്നപോലെ സ്പ്രേ ചെയ്യും. നടത്തിപ്പുകരാര്‍ മനോരമയ്ക്കാണ്. സര്‍ക്കാര്‍ പണിയൊന്നും ചെയ്യുന്നില്ലെങ്കിലും മുഖ്യമന്ത്രി റെയില്‍വേ എന്‍ജിന്‍പോലെയാണ്, നിര്‍ത്താതെ ഓടിക്കൊണ്ടിരിക്കുന്നു എന്ന് പറഞ്ഞുപരത്തണം. നാട്ടില്‍ പ്രശ്നങ്ങള്‍ മലപോലെ വളര്‍ന്നുനില്‍പ്പുണ്ട്. സുധീരന്‍ വാളെടുത്തു. ലീഗ് മലപ്പുറം കത്തി ചുഴറ്റുന്നു. ചെന്നിത്തല ഊഴം കാത്തിരിക്കുന്നു. വാളകത്തെ സാറിന്റെ പാര ഇതുവരെ കണ്ടെത്തിയിട്ടില്ല. പിള്ളയും പുള്ളയും പുരപ്പുറം തൂക്കുന്നു. ഇതിനിടയ്ക്ക് കര്‍മയോഗിക്ക് ഭൂഷണം പൊതുജനസമ്പര്‍ക്കം തന്നെ.



ആയിരം പരാതി കിട്ടി, എണ്ണൂറ് തീര്‍പ്പാക്കി; രാവ് പകലാക്കി; തളരാതെ മാരത്തണ്‍ എന്നെല്ലാം തലക്കെട്ട് വരുത്താന്‍ പത്രങ്ങളുള്ളപ്പോള്‍ ആരെയും പേടിക്കേണ്ടതുമില്ല. ഭരണത്തിലേറി ഇന്നുവരെ ഒന്നും ചെയ്തിട്ടില്ലെങ്കിലും സ്റ്റേഡിയത്തിന്റെ ഒത്ത നടുവില്‍ പന്തലുകെട്ടി മണ്ഡലം കമ്മിറ്റി മുഖേന ആവലാതിക്കാരെ വരുത്തി മണ്ഡലവിളക്കുകാലത്തെ തിരക്കു സൃഷ്ടിച്ച് ടിവിയില്‍ കാണിച്ചാല്‍ മികച്ച ഭരണാധികാരിയായ കര്‍മയോഗി എന്ന സല്‍പ്പേര് കിട്ടുമെന്നത്രെ ജ്യോതിഷ പ്രവചനം. എന്തായാലും ഈ പരിപാടി മാതൃകയാക്കേണ്ടതാണ്. ഇനി വില്ലേജാപ്പീസുകള്‍ പിരിച്ചുവിടാം. കോടതികളും പൊലീസ് സ്റ്റേഷനുകളും വേണ്ടെന്നുവയ്ക്കാം. പാറശാലയില്‍തുടങ്ങി മഞ്ചേശ്വരത്ത് അവസാനിക്കുന്ന പൊതുജന സമ്പര്‍ക്ക യോഗവിദ്യാ പരിപാടി നടത്തുകയും രാംദേവ് ചാടിയതുപോലെ വേദിയില്‍നിന്ന് ഭക്തരിലേക്ക് ചാടുകയും ചെയ്താല്‍ വാര്‍ത്ത മുടങ്ങാതെ വരും. ഇതാണ് മുഖ്യമന്ത്രിയുടെ പണി എന്ന് ജനങ്ങളെ വിശ്വസിപ്പിക്കാന്‍ മനോരമയുണ്ട്. മറ്റു മന്ത്രിമാര്‍ക്ക് ഇഷ്ടംപോലെ കാല് പൊക്കുകയോ പാര കുത്തുകയോ ഭരണിപ്പാട്ട് പാടുകയോ ചെയ്യാം. കര്‍മയോഗിയുടെ ഭരണകാലം എന്ന് പില്‍ക്കാലത്ത് ചരിത്രകാരന്‍മാര്‍ ഇതിനെ വാഴ്ത്തും. സമ്പര്‍ക്കത്തിന് ആളെക്കൂട്ടുകയും ആളൊന്നുക്ക് എന്ന കണക്കില്‍ സായുജ്യം കൊള്ളുകയുംചെയ്യുന്ന മണ്ഡലം പ്രസിഡന്റുമാരുടെ പിന്തുണ കര്‍മയോഗിക്ക് ഉറപ്പാക്കാം. അങ്ങനെ വന്നാല്‍ എന്ത് സംഭവിക്കും എന്ന ചിന്തയെങ്കിലും ചെന്നിത്തലയിലെ യോഗവിദ്യാര്‍ഥിയുടെ മനസ്സില്‍ അങ്കുരിക്കട്ടെ എന്നാശംസിക്കാം. പുള്ളിയും തുടങ്ങട്ടെ ഒരു വെബ്സൈറ്റ്. രചിക്കട്ടെ ചില ചെന്നിക്കുത്ത് കഥകള്‍ ഹിമാലയം, വീട്ടിലെ മോഷണം, മാണ്ഡ്യയിലെ തോട്ടം, ഡല്‍ഹിയിലെ ബിസിനസ്, ചെങ്ങന്നൂരിന്റെ സൗരഭം, നഷ്ടവസന്തം തുടങ്ങിയ കഥകള്‍ അതിലും നിറയട്ടെ. അങ്ങനെയൊക്കെയാണല്ലോ ഒരു കര്‍മയോഗി ജനിക്കുന്നത്. കടുവയെ കിടുവ പിടിച്ചതായ വാര്‍ത്തയും കേട്ടു. സമ്പര്‍ക്ക കര്‍മത്തിന്റെ ഫലം വിയോജനക്കത്തായി ധനവകുപ്പില്‍നിന്ന് റൊക്കം കൊടുത്തു എന്നതാണ് വാര്‍ത്ത. മുഖ്യമന്ത്രിയുടെ സഞ്ചരിക്കുന്ന ദര്‍ബാറുകളില്‍ ഒരു ചാണകംതളിക്കല്‍ .



നിയമവും ചട്ടവും തമ്മില്‍ എന്തു വ്യത്യാസമെന്ന് അറിയാത്ത ഒരു എംപിയെക്കുറിച്ച് പണ്ട് കണ്ണൂരില്‍ കേട്ടിരുന്നു. അല്ലെങ്കിലും അത്തരം വ്യത്യാസത്തിനൊന്നും പുതിയ കാലത്ത് പ്രസക്തിയില്ല. വല്ല വിധേനയും വോട്ട് നേടണം; ജയിക്കണംപിന്നെ ഭരിക്കണം. രണ്ടുവട്ടം എംപിയും രണ്ടുവട്ടം എംഎല്‍എയുമൊക്കെ ആയാലെങ്കിലും വല്ലതും പഠിച്ചുപോകുമെന്ന് ഭയപ്പെടുകയേ വേണ്ട. നിയമവും ചട്ടവും തമ്മിലുള്ള വ്യത്യാസം മാത്രമല്ല, കണ്ണും മൂക്കും തമ്മിലുള്ള വ്യത്യാസം അറിഞ്ഞില്ലെങ്കിലും എംഎല്‍എ ആകാം. മൂന്നുനേരം ഭക്ഷണത്തിന് മുമ്പ് സുധാകരഭജന ആലപിച്ചാല്‍മതി. കുങ്കുമത്തിന്റെ എന്തറിഞ്ഞിട്ടാണ് ഗര്‍ദഭം അത് ചുമക്കുന്നത് എന്നാണല്ലോ പഴയൊരു ചോദ്യം. ഖദറിട്ടു നടക്കണമെന്നേയുള്ളൂദേശീയ പതാകയെക്കുറിച്ച് അറിയണമെന്നില്ല. 'ഇന്ത്യന്‍ പതാകാ നിയമം' എന്നൊരു നിയമം കടലാസിലുണ്ട്. ദേശീയപതാകയുടെ പ്രദര്‍ശനത്തെയും ഉപയോഗത്തെയും നിയന്ത്രിക്കുന്ന നിയമമാണ് അതത്രെ. അതുപ്രകാരം ദേശീയപതാക ഭൂമിയോ ജലമോ സ്പര്‍ശിക്കരുതാത്തതാണ്. മേശവിരിയായോ, പ്രതിമകളെയോ ഫലകങ്ങളെയോ മൂലക്കല്ലുകളെയോ മൂടുന്നതിനായോ ഉപയോഗിക്കാനോ വേദിക്കു മുമ്പില്‍ തൂക്കിയിടാനോ പാടുള്ളതല്ല. അരയ്ക്കു താഴെയുള്ള വസ്ത്രങ്ങളുടെ ഭാഗമായോ അടിവസ്ത്രമായോ ഉപയോഗിക്കാന്‍ പാടില്ല.



തലയിണയുറയിലോ കൈത്തൂവാലകളിലോ തുന്നിച്ചേര്‍ക്കരുത്. ഇതൊന്നും പാടില്ല എന്നേയുള്ളൂ. ദേശീയ പതാകയെ കേക്ക് ആക്കി മാറ്റാം. എന്നിട്ട് കത്തിയെടുത്ത് മുറിച്ച് പതാകയുടെ കഷണങ്ങള്‍ അണ്ണാക്കിലേക്ക് കുത്തിത്തിരുകാം. ചെയ്യുന്നത് സാക്ഷാല്‍ കോണ്‍ഗ്രസിന്റെ എംഎല്‍എ ആകുമ്പോള്‍ മനോരമയിലോ മാതൃഭൂമിയിലോ വാര്‍ത്ത വരില്ല; പൊലീസ് സ്വമേധയാ കേസും എടുക്കില്ല. ജോര്‍ജും ഗണേശും വൃത്തികേട് ഛര്‍ദിക്കുന്നു; അബ്ദുള്ളക്കുട്ടി ദേശീയ പതാക വിഴുങ്ങുന്നു. എംഎല്‍എമാരായാല്‍ എന്തുംചെയ്യാം. ജഡ്ജിയെ ശുംഭനെന്നു വിളിച്ചപ്പോള്‍ ഉണര്‍ന്ന മാധ്യമരാഷ്ട്രീയ ധാര്‍മികബോധം ഇപ്പോള്‍ കാശിക്കുള്ള യാത്രയിലാണ്. കണ്ണൂരില്‍ ഡിസിസി പ്രസിഡന്റ് മാറിയപ്പോള്‍ പതാകഭോജികളുടെ ഭരണമാണ് വന്നതെന്ന് തോന്നുന്നു. അടുത്ത പൊതുജന സമ്പര്‍ക്കത്തില്‍ ഉമ്മന്‍ചാണ്ടിക്കും വിഴുങ്ങാവുന്നതാണ് അശോകചക്രം പതിപ്പിച്ച ഒരു മുവര്‍ണകേക്ക്. ലീഗുകാര്‍ പച്ച ലഡു തിന്നും കൊടുത്തുമാണ് സന്തോഷം പ്രകടിപ്പിക്കുക. അതും ഒരു മാതൃകതന്നെ.
ശതമന്യു

Tuesday, 1 February 2011

അഭിനന്ദനം, അഭിനന്ദനം കുഞ്ഞായ അലിക്ക് കുഞ്ഞൂഞ്ഞിന്‍ അഭിനന്ദനം

ഐസ്‌ക്രീം കണ്ടാല്‍ കുഞ്ഞുങ്ങള്‍ക്ക് അഥവാ കുട്ടികള്‍ക്ക് കൊതിയൂറും. മുതിര്‍ന്നവര്‍ക്ക് മാധുര്യം തോന്നും. പക്ഷേ ഐസ്‌ക്രീം എന്നു കേട്ടാല്‍ ഉറക്കം നഷ്ടപ്പെടുന്നവരും ചുട്ടുപൊള്ളുന്നവരുമുണ്ടെന്ന് കുറച്ചുകാലമേ ആയിട്ടുള്ളൂ കേരളക്കരക്കാര്‍ക്ക് മനസ്സിലായിട്ട്. ഇപ്പോള്‍ ആ അപൂര്‍വങ്ങളില്‍ അപൂര്‍വമായ, അവിശ്വസനീയമായ പൊള്ളുന്ന സത്യം കേരളം വീണ്ടും അനുഭവിച്ചുകൊണ്ടിരിക്കുന്നു. ഐസ്‌ക്രീമിന് കാഞ്ഞിരക്കുവിനേക്കാള്‍ കയ്‌പ്പോ എന്ന് ലീഗുകാരും കോണ്‍ഗ്രസുകാരും കടന്നല്‍കുത്തിയ മുഖഭാവത്തോടെ ചോദിക്കാതെ ചോദിക്കുന്നു.

പേരില്‍ ആദ്യം കുഞ്ഞും ഒടുവില്‍ കുട്ടിയുമുള്ളതിനാല്‍ കുഞ്ഞാലിക്കുട്ടിക്ക് ഐസ്‌ക്രീമിനോട് തീര്‍ത്താല്‍ തീരാത്ത ഭ്രമമമുണ്ടായിപ്പോയി. കുഞ്ഞുങ്ങള്‍ക്കാണല്ലോ ഐസ്‌ക്രീമില്‍ ഏറെ കമ്പം. പേരില്‍ എന്തിരിക്കുന്നുവെന്ന് ചോദിക്കുന്നതൊക്കെ വെറുതേയാണ്. പേരിലാണ് എല്ലാമിരിക്കുന്നതെന്ന് ചെറുമക്കളെ താലോലിക്കാന്‍ അവസരം കൈവന്ന പ്രായത്തിലും കുഞ്ഞാലിക്കുട്ടി തെളിയിക്കുന്നു.

മലയാളികള്‍ ഉദ്വേഗത്തോടെ കഥകള്‍ കേള്‍ക്കുകയും ആകാംക്ഷയോടെ കാഴ്ചകള്‍ കാണുകയും ചെയ്തുകൊണ്ടിരിക്കുന്നു. കേട്ട കഥകളല്ല, കേള്‍ക്കാനിരിക്കുന്ന കഥകളിലാണ് കാതലിരിക്കുന്നതെന്ന് പറഞ്ഞുകേള്‍ക്കുന്നു. കാണാനിരിക്കുന്ന കാഴ്ചകളിലാണ് കമ്പമേറുകയെന്നും പറയുന്നു. കാതലേറിയ കഥകള്‍ കേള്‍ക്കാനും കമ്പമേറിയ കാഴ്ചകള്‍ക്കായും പാവം പ്രജ കാത്തിരക്കുന്നു.

ഒരുമയുണ്ടെങ്കില്‍ ഒലക്കമേലും കിടക്കാം എന്ന ചൊല്ല് പ്രാബല്യത്തിലുണ്ടായിരുന്ന കാലത്ത് കുഞ്ഞാലിക്കുട്ടിയ്ക്കും ഭാര്യാ സഹോദരീ ഭര്‍ത്താവ് റൗഫിനും ശയിക്കാന്‍ ഒലക്കയുടെ പകുതി മതിയായിരുന്നു. പക്ഷേ ആ ചൊല്ലിന് ഇപ്പോള്‍ വേണ്ടത്ര ഗരിമയില്ലാതായതുകൊണ്ട് ഒരുമയില്ലാതാവുകയും ഒലക്കമേലെന്നല്ല വീതിയേറിയ കട്ടിലില്‍ പോലും കിടക്കാനാവാതാവുകയും വന്നു.

ഇരുമെയ്യാണെങ്കിലും ഒറ്റക്കരളായി ജീവിച്ച് വികൃതികളും പരാക്രമങ്ങളും അട്ടിമറികളും സംയുക്തസംരഭമായി നടപ്പില്‍വരുത്തുകയും ചെയ്ത സമ്മോഹനകാലം കൈവിട്ടുപോയി. എനിക്കുള്ളതെല്ലാം നിനക്കുള്ളതെന്നും നിനക്കുള്ളതെല്ലാം എനിക്കുള്ളതെന്നും ഒരുമിച്ച് പാടി നടന്ന ബിനാമി വസന്തവും കൊഴിഞ്ഞുപോയി. അപ്പോഴാണ് ഐസ്‌ക്രീം വീണ്ടും പൊള്ളാന്‍ തുടങ്ങിയത്. ആ പൊള്ളുന്ന കാലത്ത് വധഭീഷണി കേട്ട് കുട്ടിയും കുഞ്ഞുമായ അലി ഞെട്ടിത്തരിച്ചു. വ്യാജ സി ഡി അണിയറയില്‍ ഒരുങ്ങുന്നുണ്ടെന്ന് കേട്ട് പരിഭ്രാന്തനായി.

പറ്റിപ്പോയതൊക്കെയും ചെയ്തുപോയതില്‍ ചിലതം ഉള്ളിന്റെ ഉള്ളില്‍ നിന്ന് പുറത്തേയ്ക്കുവന്നു. അധികാരത്തിലിരുന്ന കാലത്ത്, അധികാരത്തിന്റെ സിരാകേന്ദ്രങ്ങളില്‍ പതിവുതാമസക്കാരനായി കഴിഞ്ഞുകൂടിയ ഭാര്യാസഹോദരീ ഭര്‍ത്താവിനുവേണ്ടി വഴിവിട്ട പലതും ചെയ്തുപോയി. ഇനി കൊന്നാലും ചെയ്യില്ല. ചെയ്തുപോയതിന്റെ കുറ്റബോധം കാരണം ഏറെനാളായി ഊണുമില്ല, ഉറക്കവുമില്ല. ജലപാനം തെല്ലുമില്ല. കാരണം ജനങ്ങളോടും നാടിനോടും അത്രമാത്രം പ്രതിജ്ഞാബദ്ധതയുണ്ട് കുഞ്ഞാണെങ്കിലും കുട്ടിയാണെങ്കിലും അലിക്ക്. ഭാര്യാസഹോദരീ ഭര്‍ത്താവിന് റബ്ബര്‍ ഫാക്ടറി തീവെച്ചതിലും പാകിസ്ഥാനില്‍ നിന്ന് കള്ളനോട്ട് കടത്തിയതിലുമൊക്കെ പങ്കുണ്ടെന്ന് വ്യാജ സി ഡി ഒരുങ്ങുകയും മംഗലാപുരത്തുനിന്ന് ക്വട്ടേഷന്‍ സംഘം ഫോണില്‍ പലയാവര്‍ത്തി വിളിക്കുകയും ചെയ്തപ്പോഴാണ് കുഞ്ഞാലിക്കുട്ടിക്ക് അറിയാന്‍ കഴിഞ്ഞത്. തെറ്റുപറഞ്ഞിട്ടുകാര്യമില്ല. കാരണം ആള്‍ വെറുമൊരു കുട്ടിയാണല്ലോ.

പക്ഷേ ഭാര്യാസഹോരദീ ഭര്‍ത്താവ് ഒരു കുട്ടിയല്ലാത്തതുകൊണ്ട് വൈകുന്നേരം ഒരു പിടി കഥകള്‍ പറഞ്ഞു. ഐസ്‌ക്രീം കേസ് അട്ടിമറിച്ചകഥ, ഇരകള്‍ക്കും സാക്ഷികള്‍ക്കും കോടികള്‍ കൈമാറിയകഥ, ജഡ്ജിമാരെ വശീകരിച്ച കഥ, വ്യാജരേഖയുണ്ടാക്കിയകഥ. കഥ തുടരും എന്നുകൂടി റൗഫ് ഭീഷണിപ്പെടുത്തി. കഥ തുടരുമെന്ന് കേട്ടപ്പോള്‍ കുട്ടിക്ക് ഉള്‍വിളിയുണ്ടായി. ഭാര്യാസഹോദരീ ഭര്‍ത്താവ് ഒരു ഭീകരജീവിയാണ്.
ആ ഭീകരസത്വത്തെ ഇനിയും കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവെന്ന് വിശേഷിപ്പിച്ച് നിഷ്‌കളങ്കനായ കുട്ടിയെ വേദനിപ്പിക്കരുതെന്ന് അദ്ദേഹം കേണുകരഞ്ഞു.

'ചിരിക്കുമ്പോള്‍ കൂടെ ചിരിക്കാന്‍ ഒരായിരം പേര്‍ വരും, കരയുമ്പോള്‍ കൂടെ കരയാന്‍ നിന്‍ നിഴല്‍ മാത്രം വരും' എന്ന സിനിമാ ഗാനശകലം പോലെയായിരുന്നു കുട്ടിയുടെ അനുഭവം. ഐസ്‌ക്രീം മധുരത്തിന്റെ കാലത്ത് കൂടെനിന്ന് ചിരിക്കുവാനും കൈകൊട്ടി പാടാനും ആയിരം പേരൊന്നുമല്ല, എത്രയോ ആയിരങ്ങളുണ്ടായിരുന്നു. കരയാന്‍ തുടങ്ങിയപ്പോള്‍ കൂടെ കരയാന്‍ നിഴലിനെപോലും കണ്ടുകിട്ടാതെ  കരഞ്ഞപ്പോഴാണ് നല്ലവരില്‍ നല്ലവനായ കുഞ്ഞൂഞ്ഞ് താങ്ങായും തണലായും സ്വന്തം നിഴല്‍ തന്നെയായും രംഗത്തുവന്നത്.

മുന്നണി നേതാവായാല്‍ ഇങ്ങനെ വേണം. കൂടെകിടക്കുന്നവനേ രാപ്പനി അറിയൂ എന്നു പറയുന്നത് എത്ര ശരിയാണ്. മോചനയാത്രയുടെ ക്ഷീണകാലമാണ്, പനി വിടാതെ പിന്തുടരുന്നുമുണ്ട്. എന്നിട്ടും ഉമ്മന്‍ചാണ്ടി പാവം പാവം കുട്ടിയുടെ രാപ്പനി അറിഞ്ഞു. പത്രക്കാരെ വിളിച്ചുവരുത്തി മുഖത്തുനോക്കി ആര്‍ജവത്തോടെ പറഞ്ഞു! 'കുഞ്ഞാലിക്കുട്ടി അഭിനന്ദനം അര്‍ഹിക്കുന്നു'. വൈകിയാണെങ്കിലും കുറ്റസമ്മതം നടത്തിയതിന് അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകള്‍. കുഞ്ഞാലിക്കുട്ടി സന്തോഷംകൊണ്ട് വിതുമ്പിപ്പോയി.

അച്ഛനെയും അമ്മയെയും കൊന്ന മകന്‍ കോടതിമുറിയില്‍ വിചാരണ ചെയ്യപ്പെടുമ്പോള്‍ ജഡ്ജിയോട് കുറ്റം ഏറ്റുപറഞ്ഞു. പക്ഷേ ഒന്നുകൂടി പ്രതി പറഞ്ഞത്രേ; ഞാന്‍ അച്ഛനും അമ്മയുമില്ലാത്ത അനാഥനാണ്. അതുകൊണ്ട് തന്നെ മോചിപ്പിക്കണം. കുഞ്ഞാലിക്കുട്ടിയും തെറ്റ് ഏറ്റുപറഞ്ഞിരിക്കുന്നു. കൂടെ കരയാന്‍ ആരുമില്ലാത്ത നിലയില്‍ അനാഥനുമായിരിക്കുന്നു. സ്വന്തം പാര്‍ട്ടി നേതാവുതന്നെ സ്വന്തം ചാനലിലൂടെ വെളിപ്പെടുത്തലുകള്‍ നടത്തുന്നു. അതിനാല്‍ കുറ്റവിമുക്തനാക്കാവുന്നതാണ്, അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകള്‍ അര്‍പ്പിക്കാവുന്നതാണ്. എല്ലാം വെറുമൊരു മായ എന്നു പറഞ്ഞതുപോലെ എല്ലാം വെറും ഗൂഢാലോചനയാണ് ചെന്നിത്തലയ്ക്ക്.

കേരളത്തെ മോചിപ്പിക്കുവാനാണ് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയും മാണിയും ആദിയായവരും റോഡിലിറങ്ങിയത്. ഇപ്പോള്‍ മോചിപ്പിക്കുവാനിറങ്ങിയവര്‍ ജനങ്ങള്‍ക്ക് മുന്നില്‍ തടവറയിലാണ്. കേരളത്തിന്റെ മോചനം പിന്നെ; ഇനി അവരവരുടെ മോചനം എന്ന അവരുടെ എക്കാലത്തെയും മുദ്രാവാക്യം ചാണ്ടിമാരും കുഞ്ഞാലിമാരും ഗദ്ഗദസ്വരത്തില്‍ മുഴക്കുന്നത് കേരളം കേള്‍ക്കുന്നുണ്ട്.

*ദിഗംബരന്‍ ജനയുഗം

Saturday, 21 November 2009

തന്തയും തമാശയും

"എടേയ്, ഇപ്പഴും നിന്റെയച്ഛന്‍ പഴയ മാധവണ്ണന്‍ തന്നെയല്ലടേയ്?'' വി പി ശിവകുമാറിന്റെ ഒരു കുറിപ്പിലാണ് ഈ തമാശ ആദ്യം വായിച്ചത്. 'തലസ്ഥാനത്തെ ഹനുമാന്‍' എന്ന സമാഹാരത്തില്‍ ഈ കുറിപ്പ് കാണാം. തിരുവിതാംകൂറിലെ ഒരു തമാശയാണിത് എന്നാണ് കരുതുന്നത്. മിമിക്രിക്കാരുടെ വേദികളിലൂടെയാവണം ഇത് മറ്റിടങ്ങളിലെത്തിയത്. ഈയിടെ പയ്യന്നൂരില്‍വച്ച് ഒരാള്‍ തന്റെ സുഹൃത്തിനോട് ഇത് പറയുന്നതുകേട്ടു. ക്ഷേമാന്വേഷണത്തിന്റെ മുഖംമൂടിയിട്ട പരിഹാസം.

വെറും തമാശയായി ഇതിനെ തള്ളിക്കളയാന്‍ കഴിയില്ല. ഏതും പഠനവിഷയമാണ്. തള്ളിക്കളയാവുന്നതായി ഒന്നുമില്ല. ഒന്നിനെ ഒരാള്‍ തള്ളുന്നുവെങ്കില്‍ അതേപ്പറ്റി പഠിക്കുവാനുള്ള വക അയാള്‍ക്കില്ല എന്നേ അര്‍ഥമുള്ളൂ. നാല് തലങ്ങളില്‍ ഈ തന്തത്തമാശയുടെ ചരിത്രം പഠിക്കാമെന്നാണ് തോന്നുന്നത്.

ഒന്ന്: അച്ഛന് പ്രാധാന്യം കിട്ടിയ കാലത്തിന്റെ തമാശയാണിത്. മക്കത്തായ കാലത്തിന്റെ ചൊല്ല്. മക്കത്തായ കാലത്തേക്കുള്ള മാറ്റം ഉണ്ടാക്കുന്ന ഒരു കുലുക്കം ഇതിലുണ്ട്. പുതിയൊരു കഥാപാത്രമായി കുടുബത്തില്‍ അച്ഛന്‍ വരികയാണ്. (And papa comes- ഈ രവിവര്‍മചിത്രത്തെക്കുറിച്ച് വിജയകുമാര്‍മേനോന്‍ എഴുതിയിട്ടുണ്ട്.) ബീജബന്ധത്തിന് സ്വത്തധികാരങ്ങളുടെ പിന്തുണ നിയമംമൂലം സിദ്ധിക്കുന്നു. പക്ഷേ മക്കത്തായം പുലരുന്ന ക്രൈസ്തവ ബ്രാഹ്മണാദി സമൂഹങ്ങളില്‍നിന്ന് ജനിച്ചതല്ല ഈ തമാശ. പുതിയ കഥാപാത്രമായ അച്ഛനെ ഒന്നുറപ്പിച്ചുനിര്‍ത്താന്‍ ചരിത്രം ഏര്‍പ്പെടുത്തിയ ഒരു പരീക്ഷയാണ് ഇത്. ഡോ. കെ എന്‍ പണിക്കര്‍ 'വിവാഹപരിഷ്കരണം: പ്രത്യയശാസ്ത്രവും സാമൂഹ്യാടിത്തറയും' എന്ന പ്രബന്ധത്തില്‍ പഴയ അച്ഛന്‍വേഷത്തെപ്പറ്റിയുള്ള ഒരു സംഭവകഥ ഉദ്ധരിച്ച് ചേര്‍ത്തിട്ടുണ്ട്. എം ഒതേനമേനോന്‍ എന്നയാളില്‍നിന്നാണ് അദ്ദേഹത്തിന് ഈ കഥ കിട്ടിയത്. അതിങ്ങനെയാണ്:

"തലശ്ശേരിയിലെ മണ്‍മറഞ്ഞ സബ്‌ഡിവിഷണല്‍ ശിരസ്തദാര്‍ എന്‍ ശങ്കരമാരാരെ ഒരിക്കല്‍ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ ഒരു കല്യാണത്തിന് ക്ഷണിക്കുകയുണ്ടായി. എല്ലാവരും ഇരിക്കുകയാണ്. ഒരു വൃദ്ധന്‍, ക്ഷണിക്കപ്പെട്ട അതിഥി, പന്തലില്‍ പ്രവേശിച്ചതോടെ ആതിഥേയന്‍ എണീറ്റുനില്‍ക്കുകയും ശിരസ്തദാര്‍ക്ക് ആ വൃദ്ധനെ തന്റെ അച്ഛന്‍ എന്ന് പറഞ്ഞ് പരിചയപ്പെടുത്തുകയും ചെയ്തു. ആ വൃദ്ധനാകട്ടെ അകത്തളങ്ങളിലേക്ക് പോവുകയും ചെയ്തു. ഏതാനും നിമിഷങ്ങള്‍ കഴിഞ്ഞപ്പോള്‍ മറ്റൊരു വൃദ്ധന്‍ പ്രവേശിക്കുകയും മേല്‍പ്പറഞ്ഞ ചടങ്ങുകള്‍ ആവര്‍ത്തിക്കകയും ചെയ്തു. ആ വൃദ്ധനെയും തന്റെ അച്ഛനായി ആതിഥേയന്‍ ശിരസ്തദാര്‍ക്ക് പരിചയപ്പെടുത്തി. ശങ്കരമാരാര്‍ തന്റെ നാക്കിനെ നിയന്ത്രിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അദ്ദേഹം തന്റെ ഇരിപ്പിടത്തില്‍ വീണ്ടുമിരുന്ന് ആതിഥേയനോടു പറഞ്ഞു:

മിസ്റ്റര്‍.. താങ്കളുടെ അടുത്ത അച്ഛന്‍ കടന്നുവരുമ്പോള്‍ ഞാന്‍ എണീറ്റുനിന്നില്ലെങ്കില്‍ ദയവുചെയ്ത് ക്ഷമിക്കണം.'

ഈ അസ്ഥിരപിതൃത്വത്തിന്റെ ദീര്‍ഘപാരമ്പര്യം മാഞ്ഞ്, മക്കളുടെ ജനയിതാവും സംരക്ഷകനും ഗൃഹനാഥനുമായ അച്ഛന്‍ എന്ന ആധുനികപ്രരൂപം സാധാരണമായിത്തീര്‍ന്ന കാലത്തിന്റെ ശബ്ദങ്ങളിലൊന്നാണ് പഠനവിഷയമായ തമാശ.

രണ്ട്: 'ഇപ്പഴും'/'പഴയ' എന്ന ദ്വന്ദ്വത്തിന് മേലെ കെട്ടിപ്പൊക്കിയ ഭാഷാഘടനയാണിത്. നിരവധി സമരങ്ങളിലൂടെ, ആഗ്രഹപ്രകടനങ്ങളിലൂടെയാണ് അച്ഛന്‍ പിറന്നത്. എന്നാല്‍ അച്ഛന്‍ ആധുനികതയുടെ സ്ഥിരം പ്രയോക്താവാകാതെ, വ്യവസ്ഥാനുകൂലിയും ദുശ്ശാസകനുമായാല്‍, മക്കള്‍ക്ക് അച്ഛനെ പ്രത്യയശാസ്ത്രപരമായി തള്ളിപ്പറയേണ്ടിവരും. മുമ്പ് പുരോഗതിയെ മുന്‍നിര്‍ത്തി കാരണവരെ തള്ളിപ്പറഞ്ഞതുപോലെ. ഇതില്‍ അസ്വാരസ്യം തോന്നുന്നവരുടെ വാങ്മയമായും ഈ തമാശക്ക് പ്രവര്‍ത്തിക്കാന്‍ കഴിയുന്നുണ്ട്. അച്ഛനെ പ്രത്യയശാസ്ത്രപരമായി മറികടന്ന്, ആധുനികതയെ തുടര്‍ന്നും മുന്നോട്ടുകൊണ്ടുപോകാന്‍ സ്വയം അധ്വാനിക്കുന്നവരെ വെറുതെ ഭൂതകാലം പറഞ്ഞ് തളര്‍ത്താനുള്ള ശ്രമമാണിതിലുള്ളത്. അവര്‍ക്ക് വേണ്ടാത്ത ഭൂതകാലത്തിന്റെ പ്രതിനിധിയാണ് അച്ഛന്‍. ആ കാലത്തിന്റെ കുരുക്കില്‍നിന്ന് സ്വയം വിടുവിക്കാനാണ് അവര്‍ തിടുക്കപ്പെടുന്നത്. ആ പ്രവര്‍ത്തനത്തെ കളിയാക്കാനാണ് ഈ തമാശ. ജീവശാസ്ത്രപരമായി മാറ്റാനാവാത്ത ശരീരവസ്തുതയാണ് അച്ഛന്റേത് എന്നതുകൊണ്ട് അക്കാര്യം പറഞ്ഞ് പുതിയ ക്രമത്തിനായി മെനക്കെടുന്നവരെ കുരുക്കിയിടാനുള്ള വാക്യമാണത്, ഇങ്ങനെ നോക്കിയാല്‍.

പുതിയ ക്രമത്തിനായുള്ള ശ്രമം ഒരേസമയം വിപ്ളവാത്മകവും പ്രഹസനാത്മകവും ആകാം. ചിലര്‍ അതിന്റെ സാധ്യതകള്‍ തികച്ചുമറിഞ്ഞ് സ്വയം മുഴുവനായും മാറിക്കൊണ്ട് ഈ ശ്രമത്തിലേര്‍പ്പെടും. മറ്റു ചിലര്‍ ഭാഗികമായി, ബാഹ്യമായി മാത്രമേ മാറൂ. അവര്‍ പുറമേക്ക് സമകാലികരാവുമ്പോഴും ഉള്ളാലെ പഴഞ്ചന്മാരായിരിക്കും. അതിനാല്‍ അവരുടെ സമകാലികരൂപത്തില്‍ വിഡ്ഢിത്തത്തിന്റെയും പ്രകടനപരതയുടെയും അംശം നന്നായുണ്ടാകും. ഇത് അസഹ്യമായ തോതില്‍ത്തന്നെയുണ്ടാകാം. ഈ വൈരുദ്ധ്യത്തെ കളിയാക്കേണ്ടത് യഥാര്‍ഥമായ മാറ്റത്തിനായുള്ള പ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് ആവശ്യമായിത്തോന്നും. ആ ആവശ്യത്തില്‍നിന്ന് വരുന്നതുമാകാം ഈ തമാശ. സ്വന്തം സുഖാന്വേഷണങ്ങള്‍ക്കായി പൂര്‍വികരെ തള്ളിപ്പറയുന്ന 'ഞാനി'കള്‍ക്ക് നേരെയുള്ള പരിഹാസമാണത്.

മൂന്ന്: ഈ തമാശ ഒട്ടും നിരുപദ്രവകരമല്ല. അതിനാല്‍ അസഹിഷ്ണുതയുടെ അംശം ഉണ്ടാകാന്‍ വളരെ കൂടുതല്‍ സാധ്യതയുണ്ട്. അച്ഛനൊക്കെ ദാരിദ്ര്യത്തിലായിരുന്ന, ബാല്യം ദുരിതമയമായിരുന്ന ഒരാള്‍ സ്വന്തം അധ്വാനംകൊണ്ട് നന്നായി; അയാള്‍ക്ക് പൊതു സമൂഹത്തിന്റെ അംഗീകാരവും കിട്ടുന്നു. ഇതില്‍ അസൂയയുള്ള 'അഭിജാത'മൂല്യക്കാര്‍ ഉണ്ടാക്കുന്ന തമാശയുമാകാമിത്. തന്നെ ഞങ്ങക്കറിയാം എത്രയൊക്കെയായാലും താന്‍ പാരമ്പര്യംകെണ്ട് കുലീനനൊന്നുമല്ലല്ലോ എന്നാണതിന്റെ വിവക്ഷ. ഒരാളുടെ വ്യക്തിത്വത്തിന്റെ 'സത്ത' അയാളുടെ ജീവചരിത്രത്തിന്റെ ആദ്യത്തെ അധ്യായമാണെന്നാണ് ഇങ്ങനെ പറയുന്നവരുടെ വിചാരം. കര്‍മത്തിലല്ല, ജന്മത്തിലാണ് ശ്രേഷ്ഠത എന്ന ഫ്യൂഡല്‍ ദര്‍ശനമാണവരുടെ കൈമുതല്‍. ഒരു സമൂഹത്തിനുള്ളില്‍ തന്നെയുള്ള തിരശ്ചീനചലനം (horizontal mobility) മാത്രമേ അവര്‍ പരമാവധി സമ്മതിച്ചുകൊടുക്കുകയുള്ളു. ആ സമൂഹത്തിന്റെ ബലതന്ത്രത്തെതന്നെ, അതിന്റെ പൊതുബോധത്തെതന്നെ ഉലയ്ക്കുന്ന ഒരു കുതിപ്പ് (vertical mobility) ആരെങ്കിലും നടത്തിയാല്‍, അത് തങ്ങളുടെ നിലനില്‍പ്പിന് തടസ്സമാവും എന്നുകണ്ട്, അതിനെ പരിഹസിക്കാനായി ഒരുക്കിയ തമാശക്കെണിയാണിത്. 'മാധവണ്ണന്‍' എന്ന് ശ്രോതാവിന്റെ അച്ഛനെ വിളിക്കാന്‍ അര്‍ഹതയുള്ള സ്വസമുദായക്കാരനാണ് ഇവിടെ വക്താവ്.

നാല്: ലംബദിശയിലുള്ള മുകളിലോട്ടുള്ള സമൂഹചലനത്തിന്റെ (upward social mobility) നേര്‍ക്കുള്ള മറ്റൊരുതരത്തിലുള്ള ആക്രമണമായും ഇത്തരമൊരു തമാശയ്ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയും. അതിനായി അത് തെല്ല് മാറും. 'മാധവണ്ണന്‍'പോലുള്ള വക്താവിന്റെ സ്വസമുദായസൂചന അതിലുണ്ടാവില്ല. അത് ഇങ്ങനെ മാറാം: "നിന്റെയച്ഛന്‍ ('നിങ്ങളുടെ അച്ഛന്‍' എന്നുവരെയാവാം) പഴയ ആശാരിരാമന്‍ (അല്ലെങ്കില്‍ 'തട്ടാന്‍ ശങ്കരന്‍') തന്നെയല്ലേ?'' വക്താവ് മേലാള സമുദായക്കാരനും ശ്രോതാവ് കീഴാള സമുദായക്കാരനും എന്ന് വ്യക്തം. കീഴാളന്‍ പുതിയ സാഹചര്യങ്ങളെ ക്രിയാത്മകമായി പ്രയോജനപ്പെടുത്തി, കുലത്തൊഴിലിന്റെ പരിധിവിട്ട് വളര്‍ന്നിട്ടുണ്ട്- അതിലുള്ള അസഹ്യത മേലാളന് സ്വന്തം മനസ്സില്‍ സൂക്ഷിക്കാന്‍ വയ്യ. അതിനാല്‍ അയാള്‍ ഇങ്ങനെയൊരു തമാശ പറയുന്നു.

യഥാര്‍ഥ പ്രതിഷേധങ്ങളെ തടസ്സപ്പെടുത്താനും, ഹാസ്യവിമര്‍ശനത്തിന്റെ തനതുഗുണത്തെ ക്ഷീണിപ്പിക്കാനുമാണ് ഇന്ന് കേരളത്തില്‍ വലിയൊരു ഷോ ബിസിനസ്സായി മാറിയിട്ടുള്ള കോമഡിയരങ്ങുകള്‍ ഉതകുന്നത്. ഒരു രാഷ്ട്രീയപ്രയോഗമെന്ന നിലയില്‍ സ്വയം ന്യായീകരിക്കാനാഗ്രഹിക്കുന്ന പ്രാദേശികമായ സംസ്കാരപഠനത്തിന് ഇത്തരം ഷോകളില്‍ കേവലഹാസ്യമായി മുഴങ്ങുന്ന തമാശച്ചൊല്ലുകളെ വര്‍ഗവിശകലനത്തിന്റെ സന്ദര്‍ഭത്തിലേക്ക് കൊണ്ടുവരേണ്ട ബാധ്യതയുണ്ട്.

*
ഇ പി രാജഗോപാലന്‍ ദേശാഭിമാനി വാരിക

Thursday, 20 August 2009

സ്വാശ്രയം

സ്വാശ്രയം

കൊപ്ര മൊതലാളി റപ്പായി അതിരാവിലെ ഖിന്നനായി അന്തരീക്ഷത്തില്‍ പ്രത്യക്ഷപ്പെട്ടു. ദൃശ്യം തല്‍സമയം കണ്ട തൊഴിലാളി വേലായുധങ്കുട്ടി മോഹാലസ്യത്തിന്റെ വക്കോളമെത്തി.

തന്റെ അന്നമാണ് വാടിയിരിക്കുന്നത്. അവകാശങ്ങള്‍ക്ക് വേണ്ടി പോരടിക്കുമ്പോഴും അന്നദാതാവിനോടുള്ള ആദരവ് ഉപബോധമനസ്സില്‍ കിടക്കുന്ന കാര്യം വേലായുധങ്കുട്ടിക്കറിയാമായിരുന്നു. ചരിത്രപരമായ ഒരു ഫ്യൂഡല്‍ അവശിഷ്ടം. കുടിയാന്റെ മനസ്സില്‍ ചേക്കേറിയ ജന്മിത്വത്തിന്റെ കൊക്കോപ്പുഴു.

ചോറു തരുന്ന ആരാണ് നന്ദി പ്രതീക്ഷിക്കാത്തത്? വാലാട്ടുന്നവന്‍ വളരും. അല്ലാത്തവന്‍ വലയും.

പൊതിച്ചു തള്ളിയ നാളികേരങ്ങള്‍ക്കിടയില്‍ നിന്നും, ചകിരിയും വിയര്‍പ്പും ചേര്‍ന്നൊരുക്കിയ രൂക്ഷഗന്ധത്തോടെ വേലായുധങ്കുട്ടി മൊതലാളിയോട് വികാരാധീനനായി ചോദിച്ചു.

"എന്തുപറ്റീ..?''

വിനയത്തിന്റെ അകത്ത് ഒരു വായ്പാ അപേക്ഷ ഒളിപ്പിച്ചിട്ടുണ്ടെന്ന് മനസ്സിലാക്കിയ റപ്പായി ഉത്തരം പറഞ്ഞില്ല. പകരം പണി തുടരാന്‍ ആംഗ്യം കൊണ്ട് ഉത്തരം നല്‍കി. കുശലപ്രശ്നത്തിനിടയില്‍ പതിനഞ്ചു നാളികേരം പൊതിക്കുന്ന സമയം അപഹരിക്കാനാണ് സ്മര്യപുരുഷന്റെ രഹസ്യ അജണ്ട എന്ന് റപ്പായിക്ക് മനസ്സിലായി.

എന്തെങ്കിലുമുണ്ടെങ്കില്‍ ഡ്രിങ്ക്സിന് പിരിയുമ്പോള്‍ ആകാമെന്ന് റപ്പായി തീരുമാനിച്ചു.

തന്റെ സത്യസന്ധത ചോദ്യം ചെയ്യപ്പെട്ടതില്‍ വേലായുധങ്കുട്ടിക്ക് നിരാശ വന്നു. നാളികേരത്തില്‍ നിന്ന് വന്ന വേലായുധങ്കുട്ടി നാളികേരത്തിലേക്ക് മടങ്ങി. പക പാരയില്‍ തീര്‍ത്തു.

"മൊതലാളിയാണത്രെ, മൊതലാളി. മുതലാളിത്വം പോലും മനുഷ്യമുഖമുള്ള മുതലാളിത്തമാകാന്‍ ശ്രമിക്കുമ്പോള്‍ ഇയാള്‍ എന്താണ് ഭാവിക്കുന്നത്?. ലോക മുതലാളിയുടെ മുന്നില്‍ റപ്പായി മൊതലാളി ആരാണ്? വെറും ഏഴാം കൂലി. ശരാശരി ഏഷ്യക്കാരന് ശരാശരി അമേരിക്കക്കാരന്റെ വരുമാനത്തിന് ഒപ്പമെത്തണമെങ്കില്‍ ഇനിയും നാല്‍പ്പത്തിയേഴുകൊല്ലം കഴിയണം. ഇന്ത്യക്കാരന്‍ എത്തണമെങ്കില്‍ നൂറ്റിയിരുപത്തിമൂന്ന് കൊല്ലം കഴിയണം.

എന്നിട്ടും കണ്ടില്ലേ അഹങ്കാരം!''

വേലായുധങ്കുട്ടി എല്ലാം കടിച്ചമര്‍ത്തി. തന്റെ കുശലാന്വേഷണം വ്യാജമല്ലെന്നറിയിക്കാന്‍ ചായക്ക് പിരിഞ്ഞപ്പോള്‍ വേലായുധങ്കുട്ടി റപ്പായിമൊതലാളിയുടെ സമീപമെത്തി.

ഉച്ചതിരിഞ്ഞ് വിസ്തരിക്കാമെന്ന് പറഞ്ഞ് ഇത്തവണയും റപ്പായി മൊതലാളി വേലായുധങ്കുട്ടിയെ മടക്കി.

തോറ്റില്ല, വേലായുധങ്കുട്ടി. തോറ്റ ചരിത്രം വേലായുധങ്കുട്ടി കേട്ടിട്ടുമില്ല. സത്യസന്ധത ബോദ്ധ്യമാക്കിയേ അടങ്ങൂ. അന്തിമ വിജയം സത്യത്തിനായിരിക്കും. അല്ലെങ്കിലും സത്യം ആസ്വദിക്കാനുള്ളതല്ല, തെളിയിക്കാനുള്ളതാണ്. നാളികേര മധ്യത്തില്‍ നിന്ന് വേലായുധങ്കുട്ടി ജ്വലിച്ചു.

ഉച്ചഭക്ഷണത്തിനു ശേഷമുള്ള സമയം സ്വല്‍പം മയങ്ങാനുള്ളതാണ്. പക്ഷെ വേലായുധങ്കുട്ടി അത് മൊതലാളിക്ക് വേണ്ടി മാറ്റി വെച്ചു. നീചമുതലാളിമാര്‍ കണ്ടുപഠിക്കട്ടെ. മനുഷ്യത്വമുള്ളവനാണ് തൊഴിലാളി എന്ന് തെളിയിച്ച് വേലായുധങ്കുട്ടി കഴിയുന്നത്ര നിരുദ്ധകണ്ഠനായി കാരണം തിരക്കി.

"ഇരിക്കെഡാ..''

വേലായുധങ്കുട്ടി ഇരിക്കാന്‍ മടിച്ചു. സമത്വത്തിനിടയിലെ അകലം വേലായുധങ്കുട്ടിക്ക് നന്നായി അറിയാം. മൊതലാളിയുടെ സ്നേഹം താല്‍ക്കാലികം.അതിന്റെ അടിത്തറ ലാഭം.

അതുകൊണ്ട് ഇരിക്കാതെ കഴിച്ചുകൂട്ടി.

റപ്പായി മൊതലാളി സമ്മതിച്ചില്ല.

"ഇരിക്കെഡാ..''

"വേണ്ട മൊതലാളീ നിന്നോളാം...നില്‍ക്കുമ്പോളാണാല്ലൊ മൊതലാളിക്ക് പറയാനുമൊരു സുഖം.''

"ഇതെന്റെ കാര്യോഡാ. നീയിരി. നിന്റെ കാര്യാവുമ്പോ ശ്രദ്ധിച്ചാ മതീഡാ..''

വേലായുധങ്കുട്ടി നാണം ഭാവിച്ച് ഇരുന്നു എന്ന് വരുത്തി.

"ഒറപ്പിച്ചിരിക്കഡാ..''

ഒറപ്പിച്ചു.

"ഡാ..ചെക്കന്റെ കാര്യാലോചിച്ചിട്ടാഡാ ഒരു സങ്കഡം''

സങ്കടോ. മൊതലാളിക്കോ?. ആഗോള മൂലധന വിപണിയില്‍ ഏത് മൊതലാളിയാണ് സങ്കടപ്പെട്ടിട്ടുള്ളത്?.

പശ്ചാത്തലത്തില്‍ ഇത്രയും ചിന്തിച്ച് വേലായുധങ്കുട്ടി ഒറ്റ വാചകത്തില്‍ പ്രതികരണമൊതുക്കി.

"എന്തുപറ്റീ ?''

"അവന്റെ കാര്യം നിനക്കറിഞ്ഞൂട്റാ ?''

റപ്പായിമൊതലാളിക്ക് അങ്ങനെയൊരബദ്ധം സംഭവിച്ചിട്ടുണ്ട്. കുരുത്തംകെട്ടവന്‍ എന്നാണ് അവന്റെ പര്യായം. റപ്പായിയുടെ ഉള്ളില്‍ തീ കോരിയിട്ട് അവന്‍ നാള്‍തോറും വളരുന്നു. ഇപ്പോള്‍ അവന്‍ താടിമീശരോമങ്ങളാല്‍ അലംകൃതനായി പൂര്‍വാധികം വഷളനാവുകയും ചെയ്തു.

"ചെക്കനെ എന്തചെയ്യാനാ മൊതലാളി ?. ബിസിനസ് അവനെ ഏല്‍പിക്ക് . യുവാക്കളുടെ കാലം വരട്ടെ. അവര്‍ക്ക് ആധുധീക ബിസിനസ് തന്ത്രങ്ങള്‍ അറിയാം.''

"നാളികേരത്തിന് എന്തൂട്ട് ആധുനീക തന്ത്രോണ്‍ടാ!. അത് അപ്പ്ളായാലും ഇപ്പ്ളായാലും എപ്പ്ളായാലും പൊളിക്കണ്‍ഡ്രാ?. ചെക്കന് കച്ചോഡം പറ്റൂല്ലഡാ. നിന്നെയൊക്കെ മെരുക്കണ്‍ഡ്രാ. ചെക്കന് അതിനൊരു ഡാവില്ലെഡാ.''

"എന്താണൊരു പോംവഴി?''

"വഴിയൊരെണ്ണം കണ്ടിട്ടെണ്ട്റ. നീ പോയി പണി തീര്‍ക്ക്. വൈകിട്ട് കാണാഡാ..''

ഇപ്പോള്‍ വേലായുധങ്കുട്ടിക്ക് റപ്പായി മൊതലാളിയോട് ബഹുമാനം തോന്നി. ദുര്‍ബല നിമിഷം എന്നൊന്ന് ആ ജീവിതത്തിലില്ല. ഏതുനിമിഷവും മറ്റുള്ളവരെ കര്‍മനിരതരാക്കാനുള്ള അനിതരസാധാരണമായ സിദ്ധിവിശേഷം!. അഹോ, ഭയങ്കരം!.

"എങ്കിലും മൊതലാളീ ആകാംക്ഷക്കൊരു താല്‍ക്കാലികശമനത്തിനെങ്കിലും പറയൂ. ക്ടാവിനെ തെളിക്കുന്ന വഴിയേത്?''

റപ്പായി മൊതലാളി ചിരിച്ചു.

"വഴീണ്ട്റാ, പണി നടക്കട്ട്റ''

പതിവ് അഞ്ചുമണിവരെ മറ്റ് സംവാദങ്ങള്‍ക്കൊന്നും റപ്പായി മൊതലാളി വശംവദനായില്ല. പണി കഴിഞ്ഞു, കുളി കഴിഞ്ഞ് ഈറനണിഞ്ഞ് വന്നപ്പോള്‍ റപ്പായിമൊതലാളി പറഞ്ഞു.

"വാഡാ..പുവ്വാഡാ..''

കക്ഷത്തില്‍ ഒരു സഞ്ചി. അതിലെന്താണെന്ന് ചോദിക്കാന്‍ പ്രേക്ഷകന്‍ എന്ന നിലക്ക് വേലായുധങ്കുട്ടിക്ക് കൊതി വന്നു. റപ്പായി മൊതലാളിയുടെ പദസമ്പത്ത് ഭയന്ന് ചോദ്യം ചോദിക്കാതെ വിഴുങ്ങി.

"ക്ടാവിന്റെ വഴിയേതെന്ന് പറഞ്ഞില്ല.''" ഡാ..ഏതായാലും ദൈവം തമ്പ്രാന്റെ കൃപകൊണ്ട് അവന് ബുത്തീം ബോതോം കിട്ടീല്ല. എന്നാ പിന്നെ അവനെ പടിപ്പിച്ചേക്കാഡാ..അതല്ലേ നല്ലത്..''

വേലായുധങ്കുട്ടി ആ നിര്‍ദേശം കയ്യടിച്ച് സഹര്‍ഷം സ്വാഗതം ചെയ്തു.

"ഏതു പണിക്കും റിസ്കുണ്ട് മൊതലാളി, വിദ്യാഭ്യാസത്തിനൊഴികെ. മൊതലാളിയെ തന്നെ നോക്കു. നാലു ക്ളാസ് പടിച്ചെങ്കി മൊതലാളിയുടെ സ്ഥിതി എന്തായിരുന്നേനെ. എത്രമാത്രം അധഃപതിക്കുമായിരുന്നു. ഇത്രമാത്രം ഉന്നതിയിലെത്താന്‍ മൊതലാളിയെ സഹായിച്ചത് ആ നിരക്ഷരത്വമല്ലെ?. ഇനി വേണ്ടത് സ്റ്റാറ്റസാണ്. മൊതലാളിയുടെ നിരക്ഷരത്വം ചെക്കന്റെ സാക്ഷരത്വം കൊണ്ട് മാറ്റാം.

"കേക്കാന്‍ രസോണ്ടല്ലാഡാ. പറയ്ഡാ..''

"വര്‍ഷം തോറും ഇന്ത്യയില്‍ നിന്ന് എത്ര എഞ്ചിനീയര്‍മാരാണ് പുറത്തിറങ്ങുന്നതെന്ന് മൊതലാളിക്ക് അറിയാമോ?''

"പറയ്ഡാ..''

"മൂന്നരലക്ഷം..''

"ഇതില്‍ കൊള്ളാവുന്ന എത്രെണ്ണോണ്ട്റാ?''

"അതാണ് സങ്കടം. നൂറ്റിക്ക് ഇരുപത്തഞ്ച്''

"കണക്കെവ്ടന്നാഡാ..?''

"മക്കെന്‍സി ഗ്ളോബല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്''

"അവര് നാളികേരം എടുക്കോഡാ..''

"മൊതലാളീ, ഞാനൊന്ന് ചിരിച്ചോട്ടെ..''

"ചിരിക്കണ്ട്റാ. പറയ്ഡാ. എനിക്ക് വിദ്യാബ്യാസോണ്ടാവ്ട്ട്റ.''

"അമേരിക്കയില്‍ നിന്ന് പുറത്തിറങ്ങുന്നവര്‍ എഴുപതിനായിരം. അതില്‍ കൊള്ളാവുന്നത് നൂറ്റിക്ക് എണ്‍പത്തിയൊന്ന്''

"മതീഡാ..എറങ്ങാഡാ..''

"മൊതലാളീ ഇത് പള്ളിമേടയല്ലെ. ഞാനെന്തിന് ഇവ്ടെ എറങ്ങണം?. എനിക്ക് മതം മാറാന്‍ താല്‍പര്യമില്ല.''

"നീ മാറണ്ട്റ. ഇവ്ടെറങ്ങഡാ. ഇവ്ടയാഡാ കന്നാലീ എടപാട്.''

റപ്പായിയും, വേലായുധങ്കുട്ടിയും പള്ളിമേടയിലിറങ്ങി. അച്ചന്‍ ഇരുവര്‍ക്കും സ്തുതി പറഞ്ഞു.

റപ്പായി ചോദിച്ചു.

"അച്ചോ..കച്ചോടം തീര്‍ന്നോ?''

"ഇല്ല മകനെ..തുടരുന്നു.''

"ഇപ്പ എങ്ങനേണ്ട് അച്ചോ?''

"കര്‍ത്താവിന്റെ അനുഗ്രഹം കൊണ്ട് കുഴപ്പമില്ല. മകനെ നിനക്കെന്താണ് വേണ്ടത്?''

"റെയ്റ്റൊക്കെ എന്താണച്ചോ?''

"ഡിമാന്റ് കൂടുമ്പോള്‍ റേറ്റ് കൂടുമെന്ന് റപ്പായിക്കറിയാമല്ലൊ?''

"വേദപൊസ്തകത്തീ അങ്ങനെയൊണ്ടോ അച്ചോ?.''

വേലായുധങ്കുട്ടി ചെവിയില്‍ തിരുത്തി.

"അത് ബൈബിളല്ല. ഇക്കണോമിക്സാ?''

"രണ്ടും രണ്ടാ?''

" അതെ രണ്ടാ..''

"റപ്പായി നിനക്കെന്താ വേണ്ടത്?''

"ക്ടാവിനെ ഡാക്ടറാക്കണം''

"അപ്പോ മെഡിസിനാണ് വേണ്ടത്. അല്ലെ?''

"ന്ത് കുന്തായാലും ക്ടാവ് ആ കൊഴലൊന്ന് കഴുത്തിലിടണം.''

"മെഡിസിന് ഇപ്പോള്‍ മുപ്പത്തഞ്ച് ലക്ഷമാവും''

"അത് മതിയോ അച്ചോ..?''

റപ്പായി സഞ്ചി തുറന്ന് നിദ്ര പൂകിയ കറന്‍സി കെട്ടുകളെ തൊട്ടുണര്‍ത്തി.

"മകന് പ്ളസ് ടൂവിന് എത്ര മാര്‍ക്കൊണ്ട് റപ്പായി.''

അച്ചന്റെ ആ ചോദ്യം റപ്പായിക്ക് മനസ്സിലായില്ല. വേലായുധങ്കുട്ടിയോട് ചോദിച്ചു

"എന്തൂട്ട്റാ ആ പറഞ്ഞത്?''

"അതൊരു വിദ്യാഭ്യാസ യോഗ്യതയാണ് മൊതലാളി''

"മ്മട ക്ടാവ് അത് പാസ്സായ്ട്ട്ണ്ട്റാ?''

"ഇല്ല മൊതലാളീ''

റപ്പായി അച്ചനോട് പറഞ്ഞു.

"അച്ചോ അതിനും കൂടി എത്രയാവൂന്ന് പറഞ്ഞേ..''

റപ്പായി വീണ്ടും സഞ്ചി തുറന്നു.

*
എം എം പൌലോസ്

Sunday, 21 June 2009

ഓന്ത്

ഓന്ത്

അവാര്‍ഡ് കിട്ടാനായി മനുഷ്യജന്മത്തില്‍ ഇനി ഞാന്‍ മാത്രമെയുള്ളു എന്ന് സംഭാഷണമധ്യേ വികാരപരവശനായി കള്ളന്‍ പറഞ്ഞപ്പോള്‍ ചാനല്‍സുന്ദരി എന്ന ചാരി ഇത്രയും പ്രതീക്ഷിച്ചില്ല.

അപ്രതീക്ഷിതമായവ അസംഭാവ്യമല്ലെന്ന് ചാരിക്ക് ബോധ്യമായി. മനുഷ്യന്‍ പട്ടിയെ കടിച്ചും ന്യൂസ് എഡിറ്റര്‍ സബ് എഡിറ്ററെ കടിച്ചും വാര്‍ത്തയുണ്ടാക്കുന്ന കാലമാണ് ഇത്.

കള്ളനും കിട്ടി തലക്കെട്ട്.

പ്രഥമ രാജാ ഹരിശ്ചന്ദ്ര അവാര്‍ഡിന് കള്ളന്‍ അര്‍ഹനായി. പതിനായിരത്തിയൊന്ന് രൂപയുടെ വണ്ടിച്ചെക്കും അനുശോചന സന്ദേശവും അടങ്ങിയതാണ് അവാര്‍ഡ്. ഹരിശ്ചന്ദ്രന്റെ ചുടല ഭരണ ശതവാര്‍ഷികത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ സുഹൃത്തുക്കളും സാംസ്കാരിക നായകരും ചേര്‍ന്ന് ഏര്‍പ്പെടുത്തിയ അവാര്‍ഡാണ് ഇത്. വാര്‍ത്താ സമ്മേളനത്തിലായിരുന്നു അവാര്‍ഡ് പ്രഖ്യാപനം.

അതിന് സാക്ഷിയാകേണ്ടി വന്ന ചാരി അത്ഭുതവും പരതന്ത്രവും ഒന്നിച്ച് ബാധിച്ച് കള്ളനെ വിളിച്ചു. ലൈനില്‍ കിട്ടി.

"കേള്‍ക്കുന്നത് സത്യമോ?''

"സത്യമല്ലാത്തത് കേട്ട് ശീലിച്ച നിനക്ക് സത്യം കേള്‍ക്കുമ്പോഴുണ്ടാകുന്ന ഇത്തരം പരിഭ്രാന്തി പ്രതീക്ഷിച്ചതാണ്.''

"കള്ളന്‍ നീയിതെങ്ങനെ സംഘടിപ്പിച്ചു ?''

"അര്‍ഹതക്കുള്ള അംഗീകാരമായി കണക്കാക്കിയാല്‍ മതി''

"എന്നോടെങ്കിലും സത്യം പറയൂ''

"നിന്നോട് പറയാന്‍ മാത്രം ഒരു സത്യമില്ല. എല്ലാവരോടും പറയാനുള്ള സത്യം മാത്രമെ എന്റെ കയ്യിലുള്ളു.''

"എന്നാല്‍ ആ സത്യം പറയൂ''

"വാര്‍ത്താസമ്മേളനത്തില്‍ ജൂറിയംഗങ്ങള്‍ പ്രസംഗിച്ചത് നീ കേട്ടില്ലേ..?''

"ഒറ്റ വാക്കു പോലും വിടാതെ, ആര്‍ത്തിയോടെ''

"എന്നാല്‍ അവ പുനഃപ്രക്ഷേപണം ചെയ്യൂ''

"ത്യാഗസുരഭിലമായിരുന്നു നിന്റെ ജീവിതമെന്നും അത് മറ്റുള്ളവര്‍ക്കായി ആയുര്‍വേദ വിധി പ്രകാരം ഉഴിഞ്ഞ് വെച്ചതാണെന്നും നിസ്വാര്‍ഥമായ നിന്റെ ജീവിതം മാതൃകയാക്കിയാല്‍ അന്നേ ദിവസം മുതല്‍ സമൂഹം രക്ഷപ്പെടുമെന്നും അവര്‍ ആമുഖമായി പറഞ്ഞു.''

"ആമുഖം കേട്ടിട്ടും പഠിക്കാത്തവര്‍ക്കായി പിന്നീട് എന്ത് പറഞ്ഞു..?''

"നീ ചെയ്ത സേവനങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞു. അവശരുടെ കണ്ണീരൊപ്പാന്‍ നീ വാങ്ങിക്കൊടുത്ത തുണിക്ക് മീറ്ററിന് നൂറ്റിനാല്‍പ്പത് രൂപയാണെന്ന് പറഞ്ഞു. ആനയേക്കത്തിനും അമ്പെഴുന്നുള്ളിപ്പിനും നീ നല്‍കിയ തുകകള്‍ തങ്കലിപികളിലാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും പറഞ്ഞു. അശരണരെ ആവോളം ആശ്വസിപ്പിക്കുന്ന നിന്റെ കരവിരുതിനെ മുക്തകണ്ഠം പ്രശംസിച്ചു. മറ്റുള്ളവരെക്കുറിച്ച് മാത്രം ചിന്തിക്കുന്ന നിന്റെ രാത്രികള്‍ ആ ഒറ്റക്കാരണംകൊണ്ടുതന്നെ നിദ്രാവിഹീനങ്ങളാണെന്നും, സൂര്യനെ അസ്തമിക്കാന്‍ അനുവദിക്കാതെ രാത്രികളെ നീ പകലുകളാക്കുകയാണെന്നും അവര്‍ ആരോപിച്ചു.''

"എന്റെ ബുദ്ധിപരമായ പ്രവര്‍ത്തനങ്ങളെക്കുറിച്ചൊന്നും പറഞ്ഞില്ലേ?''

"ധാരാളം. കലയിലും സാഹിത്യത്തിലും നിനക്കുള്ള അറിവ് അപാരമാണത്രെ!. ചെറുപ്പത്തില്‍ കവിതയെഴുതുമായിരുന്നെന്നും നാട്ടുവൈദ്യനാണ് ചികിത്സിച്ച് ഭേദമാക്കിയതെന്നും പറഞ്ഞു. എഴുത്തുകാരന്റെ മാര്‍ക്കറ്റ് റേറ്റുകള്‍ നിനക്ക് കാണാപ്പാഠമാണ്.ധിക്കാരികളെയാണ് കൂടുതലിഷ്ടം. അവര്‍ എളുപ്പം വളയും.''

"എങ്ങനെയാണ് ഉപസംഹാരം..?''

"ഉപസംഹാരത്തിലൂന്നിയത് നിന്റെ ലാളിത്യത്തിലാണ്. മൂന്നു നേരവും മൂക്ക് മുട്ടെ തിന്നുന്ന നിനക്ക് ലളിത ജീവിതം നയിക്കാന്‍ സമയമെവിടെ കള്ളന്‍..?''

"ഒരു നേരം ഭക്ഷിച്ചാല്‍ പിന്നെ അടുത്തനേരം വരെ കടുത്ത ലാളിത്യമാണ്.''

"യാത്രക്ക് സ്സോഡയോ, ഇന്നോവയോ വേണമെന്ന് നിര്‍ബന്ധിക്കുന്ന നീ..?''

"പ്രഭാത സവാരിക്ക് ഞാന്‍ ഇതൊന്നും ഉപയോഗിക്കാറില്ല. അക്കാര്യത്തില്‍ എനിക്ക് കാല്‍നട നിര്‍ബന്ധമാണ്. ആരൊക്കെയായിരുന്നു ജൂറിയംഗങ്ങള്‍?. ഇനിയും മരിക്കാത്ത രണ്ടുപേര്‍ ഉണ്ടായിരുന്നില്ലേ..?''

"അവരെക്കൂടാതെ ഒരു അനാഗത ശ്മശ്രുവും ഉണ്ടായിരുന്നു. അവനെ നീ എങ്ങനെ സംഘടിപ്പിച്ചു?. എന്താണ് അതിന്റെ പിന്നിലുള്ള ഹിഡന്‍ അജണ്ട..?''

"അത് മാധ്യമങ്ങളുമായി പങ്കുവെക്കുന്നില്ല. അവനെന്തായിരുന്നു പണി?''

"ആസന്നമരണര്‍ പറയുന്ന കാര്യങ്ങള്‍ മലയാളത്തിലാക്കി ഉച്ചത്തില്‍ ഉച്ചരിക്കുന്നത് അവനാണ്. അവനെന്താണ് പ്രതിഫലം..?''

"ഭാവിയുടെ വാഗ്ദാനമാണ് അവന്‍. വാഗ്ദാനത്തിനനുസരിച്ച് പ്രതിഫലം.''

"ഏത് ഉദ്ദിഷ്ടകാര്യത്തിനുള്ള ഉപകാരസ്മരണയാണ് കള്ളന്‍ നിനക്ക് ഈ അവാര്‍ഡ്..?''

"നേരില്‍ കാണുമ്പോള്‍ പറയാം''

"എങ്കില്‍ എനിക്ക് നിന്നെ ഇപ്പോള്‍ തന്നെ കാണണം.''

"എന്തിനാണ് അടിയന്തര സന്ദര്‍ശനം?''

"എന്നിലെ ഫെമിനിസ്റ്റ് തോറ്റുപോകുന്നു. നിന്റെ ശബ്ദം എന്റെ ശിരസ്സിനു മീതെ വെന്നിക്കൊടി പാറിക്കുന്നു. എന്റെ ചരമഗീതത്തിലൂടെ ഞാന്‍ നിനക്ക് സ്തുതി അര്‍പ്പിക്കുന്നു.''

"നിനക്കും ശോഭനമായ ഭാവിയുണ്ട്. ഡ്രെസ് മാറാന്‍ അനുവദിക്കുമെങ്കില്‍ കാല്‍ മണിക്കൂറിനകം വരും''

"അര മണിക്കൂര്‍ കൂടി തരാം. കുളിക്കുക കൂടി ചെയ്തോളൂ. ചിലപ്പോള്‍ പ്രേക്ഷകര്‍ക്ക് പ്രതികരണം കൂടി വേണ്ടി വരും. ഒരാഴ്ചയായി പ്രതികരണക്കാര്‍ സമരത്തിലാണ്.''

"കലാപത്തിന് കാരണം?''

"പ്രബുദ്ധകേരളത്തിന് വഴികാട്ടുന്ന അവരെ അവഗണിക്കുന്നു എന്നാണ് പരാതി. ജോലിയില്‍ സ്ഥിരപ്പെടുത്തണം എന്നതാണ് പ്രധാന ആവശ്യം. പി എഫ്, പെന്‍ഷന്‍ എന്നിവയുമുണ്ട്.നരച്ചവര്‍ക്ക് മുന്‍ഗണന നല്‍കുക, എഴുപത് കഴിഞ്ഞവര്‍ക്ക് ചാരുകസേര കൊടുക്കുക എന്നിവയാണ് മറ്റ് ആവശ്യങ്ങള്‍.''

കള്ളന്‍ കുളിക്കാന്‍ കയറി.

ചാരി കാത്തിരുന്നു.

കള്ളനെത്തിയപ്പോള്‍ ചാരിക്ക് വിശ്വസിക്കാനായില്ല.

അടിമുടി മാറി. കത്തി പച്ചയായി. ചീകിയൊതുക്കിയ മുടി. ക്ളീന്‍ ഷേവ്്, വെളുത്ത മുണ്ട്, വെളുത്ത ജുബ്ബ. ആലോചിച്ചുറച്ച ഹ്രസ്വ ചിരി. ഇമവെട്ടിയാല്‍ കാണില്ല. ആഴത്തില്‍ ചിന്തിച്ച് പെറുക്കിയെടുത്ത വാക്കുകള്‍ ഒട്ടിച്ച് വെക്കുന്ന പോലുള്ള ഉച്ചാരണം.

ചാരിക്ക് അതിശയം സഹിക്കാനായില്ല.

"കള്ളന്‍ നിനക്ക് എന്തു ഭവിച്ചു?''

"ഒന്നും മനപ്പൂര്‍വമല്ല. ഞാന്‍ വെറുതെ നിന്നുകൊടുക്കുന്നു എന്നു മാത്രം. കാലം എന്നില്‍ അടിച്ചേല്‍പ്പിക്കുന്നതാണ് ഇതെല്ലാം. എന്റെ പോലും സമ്മതമില്ലാതെ മാറ്റങ്ങള്‍ എന്നെ മാറ്റുകയാണ്. ഞാന്‍ നിസ്സഹായനാണ് ചാരി. സമൂഹം എന്നെ ഏറ്റെടുത്ത് ചരിത്രത്തിന്റെ മടിത്തട്ടില്‍ കിടത്തിയിരിക്കുന്നു. ഞാന്‍ ഒരു യുഗ പുരുഷനായത് എന്റെ തെറ്റാണോ ചാരി..?''

കള്ളന്‍ വിനയംകൊണ്ട് കരഞ്ഞുപോയേക്കും എന്ന് തോന്നിയപ്പോള്‍ ചാരി ചോദിച്ചു.

" ഇനി കാലയാപനം തത്വചിന്തകൊണ്ടാണോ..?''

" രാത്രി കളവും പകല്‍ പ്രഭാഷണവും. സമൂഹത്തിന് നേരെ ഒരു ദ്വിമുഖ ആക്രമണത്തിനാണ് ഞാന്‍ തയ്യാറെടുക്കുന്നത്...''

"ഒരേ നാണയത്തിന്റെ രണ്ടു വശം..അല്ലേ?''

"ഉറങ്ങുന്നവനെയും, ഉറങ്ങാത്തവനെയും ഒന്നുപോലെ കബളിപ്പിക്കാനുള്ള എന്റെ കഴിവില്‍ നീയെന്താണ് മതിപ്പ് രേഖപ്പെടുത്താത്തത്.?''

"ഇതാ ഔദ്യോഗികമായി രേഖപ്പെടുത്തിയിരിക്കുന്നു. എന്താണ് നിന്റെ പ്രഭാഷണ വിഷയം?''

"യഥാര്‍ഥ പ്രഭാഷകന്‍ വിഷയത്തെക്കുറിച്ച് വേവലാതിപ്പെടാറില്ല. വിഷയം ഏതായാലും മനുഷ്യന്‍ ഓടാതിരുന്നാല്‍ മതി.''

"ആറ്റില്‍ കളഞ്ഞാലും വിഷയം നോക്കി കളയണം എന്നല്ലെ പ്രമാണം.''

"മരത്തിന്റെ പേരന്വേഷിച്ചല്ല അണ്ണാന്‍ കയറുന്നത്. ഫലം വേണം. അത്രേയുള്ളു.''

"പ്രതിഫലം എങ്ങനെ?''

"വാശിയില്ല. പണമെങ്കില്‍ പണം, പദവിയെങ്കില്‍ പദവി. രണ്ടും സ്വീകരിക്കും.''

"കള്ളന്‍ എനിക്ക് അത്ഭുതം തോന്നുന്നു. നീ എങ്ങനെ ഈ വാചകഘടന സ്വന്തമാക്കി ?''

"കള്ളനോടാണോ കളി!. ഓട് പൊളിച്ചും ജനല്‍ കമ്പി വളച്ചും കളവു നടത്തുന്ന എനിക്കോ നാല് ഡയലോഗടിച്ചു മാറ്റാന്‍ പ്രയാസം..!ഓരോ ആവാസ വ്യവസ്ഥയും വ്യക്തിയിലടിച്ചേല്‍പ്പിക്കുന്ന സമ്മര്‍ദമാണ് ഈ ഡയലോഗുകള്‍..എങ്ങനെയുണ്ട്?''

"ഗംഭീരം. മനസ്സിലായില്ലെന്ന് പറഞ്ഞാല്‍ എന്റെ ബുദ്ധിക്കുറവില്‍ നീ സഹതപിക്കരുത്.സോദാഹരണം പറയാമോ..?'

'നിനക്കു വേണ്ടി മാത്രം പറയാം.''

"പറയൂ''

"ഓന്ത്..''

"ഓന്ത് പണ്ഡിതഗണത്തില്‍ പെടുമോ?''

"സംശയമെന്ത്?.തുറിച്ചുള്ള നോട്ടം, കുത്തനെയുള്ള ഓട്ടം, ഒളിഞ്ഞുകൊണ്ടുള്ള നിരീക്ഷണം. എല്ലാം ഒരു തികഞ്ഞ പണ്ഡിതന്റേതല്ലെ!.അഭിപ്രായം ഇരുമ്പൊലക്കയല്ലെന്ന് സ്വന്തം നിറംകൊണ്ടുതന്നെ നിരന്തരം തെളിയിക്കുന്നില്ലേ..''

"ഈ അവാര്‍ഡ് നീയെങ്ങനെ ആഘോഷിക്കും?''

"വഴി നീളെ ഫ്ളെക്സ് ബോര്‍ഡുകള്‍, വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണങ്ങള്‍, എന്റെ സംഭാവനകളെക്കുറിച്ചുള്ള സെമിനാറുകള്‍, ഞാന്‍ സമൂഹത്തില്‍ വരുത്തിയ മാറ്റങ്ങളെക്കുറിച്ചുള്ള സിമ്പോസിയങ്ങള്‍, കഴിയുമെങ്കില്‍ എന്റെ ലളിത ജീവിതത്തെക്കുറിച്ചൊരു ഡോക്യുമെന്ററിയും..''

"നീയപ്പോള്‍ ഉയര്‍ന്ന് പോകുകയാണ് അല്ലെ?''

"സംശയമെന്ത്?. ഒരു നക്ഷത്രമാവുകയാണ്.''

"നക്ഷത്രമെ എന്താണ് നിന്റെ അടുത്ത പരിപാടി?''

"ഈ രണ്ട് ബാഗുകള്‍ കണ്ടില്ലെ. അത് ലക്ഷ്യസ്ഥാനത്ത് എത്തിക്കണം.''

"എന്താണ് അതില്‍''

"ഒന്നില്‍ ദശമൂലാരിഷ്ടം. മറ്റൊന്നില്‍ കൊട്ടന്‍ചുക്കാദി.'

'എന്തിന്?''

"ഒരു ജൂറിക്ക് ആഴ്ചതോറും ദശമൂലാരിഷ്ടം എത്തിക്കാമെന്നാണ് കരാര്‍. മറ്റവന്‍ ക്രൂരന്‍. അയാള്‍ക്ക് നടുവേദന. കൊട്ടന്‍ചുക്കാദി ചൂടാക്കി തിരുമ്മിയാല്‍ കുറവുണ്ടാകുമത്രെ''

"എണ്ണ എത്തിച്ചാല്‍ മതിയോ?''

"പോരാ. തിരുമ്മിക്കൊടുക്കണം''

*
എം എം പൌലോസ്

Thursday, 16 April 2009

ദൈവികം

ദൈവികം

അക്കാലം ഭൂമിയില്‍ വിവിധയിനം ബെല്‍റ്റുകള്‍ ഉണ്ടായതറിയാതെ ദൈവം സ്വര്‍ഗം വിട്ട് താഴേക്കിറങ്ങി. ഒരു അര്‍ധവാര്‍ഷിക കണക്കെടുപ്പിന് എന്ന മട്ടിലാണ് പുറത്തിറങ്ങിയത്.

ഭൂമിയിലെത്തിയ ദൈവത്തിനെന്തോ പന്തികേട് തോന്നി. സൃഷ്ടിയില്‍ കുഴപ്പം സംഭവിച്ചോ എന്നൊരു ശങ്ക. പിഴച്ചത് സൃഷ്ടിക്കോ, സ്രഷ്ടാവിനോ? സ്രഷ്ടാവ് സൃഷ്ടിയെ മറന്നോ, സൃഷ്ടി സ്രഷ്ടാവിനെ ചതിച്ചോ?

എന്തായാലും ഭൂമിയിലെത്തിയ ദൈവം ഭൂമിശാസ്ത്രമറിയാതെ കറങ്ങി. ദൈവത്തിനൊന്നും മനസ്സിലായില്ല. രാത്രികള്‍ പകലുകളാക്കി താനുണ്ടാക്കിയ മനോഹരമായ സൃഷ്ടികള്‍ ഓരോന്നും തൊട്ടുനോക്കി ദൈവം മനസ്സില്‍ പറഞ്ഞു- നേതി..നേതി.

സ്ഥലകാലവും ത്രികാലജ്ഞാനവും നഷ്ടപ്പെട്ട് കറങ്ങുന്ന ദൈവം എതിരെ വന്ന അപരിചിതനോട് ലേശം വിക്കിവിക്കി ചോദിച്ചു.

' ..ഇത് ഏതാ സ്ഥലം?'

ചോദ്യം ചെയ്യലില്‍ അതൃപ്തി രേഖപ്പെടുത്തിയ അപരിചിതന്‍ തിരിച്ച് ചോദിച്ചു.

'..നിങ്ങള്‍ക്ക് എവിടെപ്പോവാനാ?'

' ഇവിടെയെവിടെയെങ്കിലും പ്രാര്‍ഥിക്കാനൊരു സ്ഥലമുണ്ടോ?'

ഉത്തരം കൃത്യമാവാത്തത് അപരിചിതന് രുചിച്ചില്ല. മറുപടിയില്‍ കള്ളക്കാല്‍പ്പനികതയുടെ കച്ചപുതച്ച് ഒരു കപടമതേതരവാദി ഒളിച്ചിരിക്കുന്നു.

അപരിചിതന്‍ തുറിച്ച് നോക്കി; എന്നിട്ടായിരുന്നു അടുത്ത ചോദ്യം.

' പള്ള്യാ..അമ്പലോ..?'

' ഏതായാലും'.

ഈ ഉത്തരവും അപരിചിതന് പിടിച്ചില്ല. അതിലുമുണ്ട് പരാജയത്തിന്റെ ചായം തേപ്പ്. ഒരു പീഡിതന്റെ വേഷം കെട്ട്. എങ്കിലും ആതിഥ്യമര്യാദ അനുസരിച്ച് പറഞ്ഞു.

'..ഈ റോഡിന് പടിഞ്ഞാറ്വശം ക്രിസ്ത്യന്‍ ബെല്‍റ്റാണ്. അതിനകത്തൊരു പള്ളീണ്ട്. റോഡിന്റെ കെഴക്ക് വശം മുസ്ളീംബെല്‍റ്റാണ്. അതിനകത്തുമുണ്ട് ഒരു പള്ളി. പിന്നെ ഈ റോഡിന്റെ അറ്റത്ത് ഒരു വളവ് കണ്ടില്ലേ. അതിന്റെ തെക്കുവശം ഹിന്ദുബെല്‍റ്റാണ്. അതിനകത്ത് അമ്പലമുണ്ട്.'

ദൈവം ചോദിച്ചു.

' ബെല്‍റ്റെന്ന് പറഞ്ഞാല്‍..?'

ബെല്‍റ്റിന്റെ രാഷ്ട്രീയം മനസ്സിലാകാത്ത ഈ അരാഷ്ട്രീയന്‍ ആര്? നോംചോംസ്ക്കിയുടെ പുസ്തകം വായിച്ച് വാക്കിന്റെ ഉള്ളിലെ രാഷ്ട്രീയഘടന മനസ്സിലാക്കാത്ത ഈ അജ്ഞന്‍ ആര്?

നിരക്ഷരന് അപരിചിതന്‍ ട്യൂഷനെടുത്തു.

' ക്രിസ്ത്യന്‍ ബെല്‍റ്റെന്ന് പറഞ്ഞാല്‍ ക്രിസ്ത്യാനികള്‍ താമസിക്കുന്ന സ്ഥലം. മുസ്ളീം ബെല്‍റ്റെന്ന് പറഞ്ഞാല്‍...'

ദൈവം മനസ്സിലായെന്ന് തലയാട്ടി.

' ഈ മൂന്ന് ബെല്‍റ്റേയൊള്ളോ? വേറെ ബെല്‍റ്റൊന്നും ഇല്ലേ..?'

'പ്രധാനമായും ഈ ബെല്‍റ്റേയുള്ളു. എങ്കിലും ഇതിനകത്ത് വേറെ ചെറിയ ബെല്‍റ്റുകളുണ്ട്. ചെറുത് വലുതിനിര എന്ന നിയമപ്രകാരം ചെറിയ ബെല്‍റ്റുകള്‍ ജീവിക്കുന്നു. എന്നാല്‍ സന്ദര്‍ഭത്തിനനുസരിച്ച് ഇത്തരം ബെല്‍റ്റുകളും ചിലപ്പോള്‍ പത്തിവച്ചതായി അഭിനയിക്കാറുണ്ട്.'

' അപ്പോള്‍ ഇവിടെത്താമസിച്ചിരുന്ന മനുഷ്യരൊക്കെ..?'

ഛേ..ഈ കാര്‍ന്നോര്‍ക്ക് കോമണ്‍സെന്‍സില്ലെന്നതോ പോകട്ടെ, ഇത്രയും നാള്‍ ജീവിച്ചതിന്റെ അനുഭവമെങ്കിലും വേണ്ടേ..ബെല്‍റ്റുകള്‍ക്കിടയില്‍ മനുഷ്യരെത്തേടുന്ന വിഡ്ഢി. ഒരു പൊളിറ്റിക്കല്‍ കോണ്‍ഷ്യസ്നെസ്സ് എങ്കിലും വേണ്ടേ..

'എടോ..തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മനുഷ്യരായ മനുഷ്യരൊക്കെ അപ്രത്യക്ഷരാകും. അവിടെയൊക്കെ ബെല്‍റ്റുകള്‍ ഉണ്ടാവും.പിന്നെ ബെല്‍റ്റിന്റെ കീഴിലാണ് എല്ലാം.'

'അപ്പോള്‍ വോട്ട് ചെയ്യുന്നതോ..?'

' വോട്ട് ചെയ്യാനുള്ള അവകാശം ബെല്‍റ്റിനെ ഏല്‍പ്പിച്ചാണ് മനുഷ്യര്‍ അപ്രത്യക്ഷരാവുന്നത്. പോളിങ് കഴിഞ്ഞ് അവര്‍ തിരിച്ച് വരും. അതോടെ ബെല്‍റ്റുകള്‍ മടങ്ങും. അങ്ങനെ പ്രബുദ്ധത കൈവിടാതെ സൂക്ഷിക്കുന്നു.'

'ബെല്‍റ്റും മനുഷ്യരും തമ്മില്‍ എങ്ങനെയാണ് പൊരുത്തപ്പെട്ട് പോകുന്നത്..?'

' തന്നെക്കുറിച്ച് ഞാന്‍ കുറച്ചുനേരം ലജ്ജിച്ചോട്ടെ. തീരുമാനം ബെല്‍റ്റിനും ജീവിതം മനുഷ്യനും. അതാണ് ഞങ്ങളുടെ തത്വം. അങ്ങനെ മതനിരപേക്ഷസമൂഹം കെട്ടിപ്പടുക്കുന്നു.'

അപരിചിതന്‍ നടന്നുനീങ്ങി.

ദൈവം തനിച്ചായി. ദൈവമോര്‍ത്തു.

' മതമേതായാലും മനുഷ്യന്‍ ബെല്‍റ്റായാല്‍ മതി.'

വാക്യത്തില്‍ പ്രയോഗം മാറ്റി ദൈവം ലേശം ശ്ളോകത്തിലും ചിന്തിച്ചു.

' ജാതിഭേദം മതദ്വേഷം

ഏതുമില്ലാതെ സര്‍വരും

ബെല്‍റ്റിട്ട് നടക്കുന്ന

മാതൃകാസ്ഥാനമാണിത്'.

ദൈവം മനുഷ്യന്‍ എന്ന തന്റെ മഹത്തായ സൃഷ്ടിയെക്കുറിച്ചോര്‍ത്തു. ആറാം നാളില്‍ പണിക്കുറ തീര്‍ത്ത് പുറത്തിറക്കിയ സാധനം! പ്രപഞ്ചത്തിന്റെ അവസാന മധുവും നുകരാന്‍ ഇറക്കിവിട്ട ഇരുകാലി ശലഭം!.

മനുഷ്യന് ആദ്യമുണ്ടായ അറിവിനെക്കുറിച്ചോര്‍ത്തു.

അത് നഗ്നതയെക്കുറിച്ചുള്ള അറിവായിരുന്നു. ഒരു പച്ചിലകൊണ്ട് മറയ്ക്കാവുന്ന നഗ്നതയും അറിവും മാത്രമേ അന്നുണ്ടായിരുന്നുള്ളു. മനുഷ്യന്‍ വളര്‍ന്നു. ചരിത്രത്തോടൊപ്പം അവന്റെ നഗ്നതയും വളര്‍ന്നു, അറിവും. അറിവ് നഗ്നതയായും, നഗ്നത അറിവായും മാറി മാറി പ്രത്യക്ഷപ്പെട്ടു. അതോടെ അവന് പച്ചിലകള്‍ പോരാതെ വന്നു. മരവുരികള്‍ മതിയാകാതെ വന്നു. തോലുകള്‍ മതിയാകാതെ വന്നു. എല്ലാത്തിനെയും മറികടന്ന് അറിവും നഗ്നതയും വളരുകയായിരുന്നു. ഒടുവില്‍ വസ്ത്രങ്ങള്‍ കൊണ്ട് ഇത് മൂടിവയ്ക്കാന്‍ അവന്‍ ശ്രമിച്ചു.

ഏത് വസ്ത്രത്തെയും ഭേദിച്ച് നഗ്നതയും അറിവും പുറത്തുചാടുമെന്ന സ്ഥിതിയായപ്പോള്‍ മനുഷ്യന്‍ ബെല്‍റ്റ് കണ്ടെത്തി. വസ്ത്രങ്ങള്‍ക്ക് മീതെ ബെല്‍റ്റിട്ട് മുറുക്കി. അതോടെ നഗ്നതയും അറിവും അടങ്ങി. അത് സുരക്ഷിതബോധത്തോടെ സുഖമായി ഉറങ്ങി.

പ്രാര്‍ഥനാലയത്തിലേക്ക് നടന്ന ദൈവം ആദ്യബെല്‍റ്റിനടുത്ത് വെച്ച് തടയപ്പെട്ടു.ബെല്‍റ്റിന്റെ യജമാനന്‍ ചോദിച്ചു.

'..പേര്?'

'..ദൈവം.'

യജമാനന്‍ ചിരിച്ചു.

'..ദൈവമോ?'

'..അതെ ദൈവം'.

'അച്ഛനുമമ്മയുമൊക്കെ നിരീശ്വരവാദികളായിരിക്കും അല്ലെ? ദൈവത്തെ കളിയാക്കാന്‍ ഇങ്ങനെ ഒരു സൂത്രം ചെയ്തതായിരിക്കും. ആട്ടെ, തന്റെ അച്ഛന്റെ പേരെന്താ?'

ദൈവം വെറുതെ ചിരിച്ചു.

' ഓഹോ!. ചിരിവരുന്ന പേരാണോ അച്ഛന്റേത്..? ഇനി വല്ല മന്ദഹാസമെന്നോ മറ്റോ ആണോ?'

ദൈവം ഒന്നും പറഞ്ഞില്ല.

'അമ്മയുടെ പേരെന്താ..?'

അപ്പോഴും ദൈവം ചിരിച്ചു.

' അതും ചിരിവരുന്ന പേരാണോ..? അല്ല. തന്തേം തള്ളേം ഒന്നും ഇല്ലായിരിക്കും.'

' ഇല്ല..'

' പിന്നെ എങ്ങനെ ഭൂജാതനായാവോ..?'

'സ്വയം ഭൂവാണ്.'

'ശരി. കാര്യങ്ങള്‍ അങ്ങനെയാണ് അല്ലെ...അപ്പോള്‍ എവിടെയാണ് പെറ്റിട്ടത്? ഓടയിലോ? കടത്തിണ്ണയിലോ?

ദൈവം മിണ്ടാതെ നിന്നു.

തുടരെത്തുടരെ മിണ്ടാതെ നിന്നപ്പോള്‍ ഇവന്‍ നിസ്സാരക്കാരനല്ലെന്ന് ബെല്‍റ്റ് മാസ്റ്റര്‍ക്ക് ഒരു തോന്നല്‍.

അതൊന്ന് ഉറപ്പിക്കാന്‍ പഴയ ചോദ്യം ബെല്‍റ്റ് മാസ്റ്റര്‍ ആവര്‍ത്തിച്ചു.

'അപ്പോള്‍ പേര് ദൈവം എന്ന് തന്നെയല്ലെ?'

' അതെ.'

' അത് വല്ല കളിപ്പേരോ, വിളിപ്പേരോ ഒന്നും അല്ലല്ലോ. ഒറിജിനല്‍ തന്നെയല്ലെ?'

ദൈവം പിന്നേം ചിരിച്ചു.

' അല്ല ദൈവം എന്നുമാത്രമേയുള്ളോ..അല്ലാതെന്തെങ്കിലും..?'

'മനസ്സിലായില്ല.'

'അല്ല..വല്ല ദൈവം നായരെന്നോ, ദൈവം കര്‍ത്തായെന്നോ മറ്റൊ? അല്ലെങ്കില്‍ ബ്രദര്‍ ദൈവമെന്നോ, ഹാജി ദൈവമെന്നോ ഉണ്ടെങ്കിലും മതി..'

ദൈവം പൊട്ടിച്ചിരിച്ചു.

ബെല്‍റ്റ് മാസ്റ്ററുടെ നിറുകയില്‍ കൈവച്ച് അനുഗ്രഹിച്ചു.

'നന്നായ് വരട്ടെ.'

ദൈവം മുന്നോട്ട് നീങ്ങി.

നടന്നെത്തിയത് ഒരു പോളിങ് ബൂത്തിലാണ്. ദൈവവും ക്യൂവില്‍ നിന്നു. ക്യൂ നീങ്ങി.

ദൈവം വോട്ട് ചെയ്യാനെത്തി.

പോളിങ് ഓഫീസര്‍ പേര് ചോദിച്ചു.

'ദൈവം.'

പോളിങ് ഓഫീസര്‍ക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. അയാള്‍ വോട്ടേഴ്സ് ലിസ്റ്റ് മറിച്ച് നോക്കി. അങ്ങനെയൊരു പേര് കാണുന്നില്ല.

ഓഫീസര്‍ വീണ്ടും ചോദിച്ചു.

'വീട്ടുപേര്..?'

' സ്വര്‍ഗം..'

ഓഫീസര്‍ വീണ്ടും ലിസ്റ്റ് മറിച്ചു. കാണുന്നില്ല.

ഒരു സമ്മതിദായകന്റെയും അവകാശം നിഷേധിക്കുന്നത് ശരിയല്ലെന്ന് കരുതുന്ന നല്ല ഉദ്യോഗസ്ഥനായിരുന്നു അയാള്‍.

അയാള്‍ പോളിങ് ഏജന്റുമാരോട് വിളിച്ച് ചോദിച്ചു.

' സ്വര്‍ഗം വീട്ടില്‍ ദൈവം. അങ്ങനെയൊരു പേര് നിങ്ങളുടെ ലിസ്റ്റിലുണ്ടോയെന്ന് നോക്കിയേ..എന്റെ ലിസ്റ്റില്‍ കാണുന്നില്ല.'

പോളിങ് ഏജന്റുമാരും ലിസ്റ്റ് വിശദമായി പരിശോധിച്ചു.

അങ്ങനെയൊരു പേര് കാണുന്നില്ല.

പോളിങ് ഓഫീസര്‍ ദൈവത്തോട് ഐഡന്റിറ്റി കാര്‍ഡ് ചോദിച്ചു.

ദൈവം പറഞ്ഞു.

' ഞാന്‍ തന്നെയാണ് എന്റെ ഐഡന്റിറ്റി.'

'ങ്ഹാ!.പൊന്നാശാനേ..ഈ തെരക്കിന്റെയിടയില്‍ ചുമ്മാ ഡയലോഗടിച്ച് പണിമൊടക്കല്ലെ. കാര്‍ഡ് താ.'

'എന്നെത്തിരിച്ചറിയാത്തവര്‍ക്ക് എന്തിനാണ് എന്റെ ഐഡന്റിറ്റി കാര്‍ഡ്..'

'എല്ലാ കള്ളമ്മാരും ഇങ്ങനാ. പിടിക്കപ്പെടും എന്നറിഞ്ഞാ പ്രവാചകന്മാരാകും.'

ഓഫീസര്‍ പൊലീസിനെ വിളിച്ചു. അവര്‍ ദൈവത്തെ അറസ്റ്റ് ചെയ്ത് ജീപ്പില്‍ കയറ്റി. ജീപ്പ് പാഞ്ഞു.

അന്ന് വൈകിട്ട് വാര്‍ത്ത വന്നു.

' ദൈവത്തിന്റെ പേരില്‍ കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ച ഒരാളെ അറസ്റ്റ് ചെയ്തതൊഴിച്ചാല്‍ മറ്റ് അനിഷ്ടസംഭവങ്ങള്‍ ഒന്നും ഉണ്ടായില്ല.'

*
എം എം പൌലോസ്
കടപ്പാട്.
വര്‍ക്കേഴ്സ് ഫോറം

Thursday, 9 April 2009

ഒബാമാ......

മിസ്റ്റര്‍ ഒബാമ,

എന്നെ പരിചയം ഉണ്ടാവും. തിരക്ക് കാരണം താങ്കളുമായി കൂടുതല്‍ അടുക്കാന്‍ കഴിഞ്ഞില്ല. താങ്കള്‍ പലവട്ടം എന്നെ വിളിച്ചതായി ഞാന്‍ അറിഞ്ഞു. എനിക്ക് തിരിച്ചു വിളിക്കാന്‍ കഴിഞ്ഞില്ല. ക്ഷമിക്കണം, മനപ്പൂര്‍വമല്ല. ഓരോവിധ തിരക്കുകള്‍.

ഞാന്‍ മുരളീധരന്‍. കെ മുരളീധരന്‍ എന്ന് പറഞ്ഞാല്‍ ഭുവനപ്രസിദ്ധനാണ്. ഡി ഐ സി എന്ന ഒരു ഇന്‍ഷുറന്‍സ് കമ്പനിയിലെ ചീഫ് എൿസിക്യൂട്ടീവ് ഓഫീസറായിരുന്നു മുമ്പ്. ആഗോള സാമ്പത്തികമാന്ദ്യം മുന്‍കൂട്ടി കാണാന്‍ കഴിഞ്ഞതുകൊണ്ട് നേരത്തെ തന്നെ അതിന്റെ ഓഹരികള്‍ വിറ്റു. ഇപ്പോള്‍ എന്‍ സി പി എന്ന പേരില്‍ ഒരു ബാങ്ക് നടത്തുകയാണ്.

കൊള്ളാം. കഴിഞ്ഞുകൂടാം. മാസത്തില്‍ ഒരു പൊതുയോഗവും രണ്ടു മാസത്തിലൊരിക്കല്‍ ഒരു ധര്‍ണയും കിട്ടും. ഒരു ചെറിയ കുടുംബത്തിന് കഴിഞ്ഞുകൂടാന്‍ അത് ധാരാളമാണ്. ഇടക്കിടക്ക് ചാനലുകാരും വിളിച്ച് എന്തെങ്കിലും തരും. ദൈവകൃപകൊണ്ട് വലിയ അല്ലലില്ലാതെ കഴിയുന്നു. ഒരു മൂന്നാം ലോകരാജ്യക്കാരന്‍ അതില്‍ കൂടുതല്‍ ആഗ്രഹിക്കരുതല്ലൊ!.

വരുമാനം ചെറുതാണെങ്കിലും ഞങ്ങളുടെ ശക്തി ചെറുതല്ലെന്ന കാര്യം അങ്ങേക്കും അറിയാവുന്നതാണല്ലൊ. അമ്പലത്തിന്റെ വലുപ്പം നോക്കിയല്ല പ്രതിഷ്‌ഠയുടെ ശക്തി അറിയുന്നത്. താങ്കളുടെ തന്നെ വിജയത്തിന് എന്‍ സി പി വഹിച്ച പങ്ക് ചെറുതല്ലെന്ന് എല്ലാവര്‍ക്കും അറിവുള്ളതാണല്ലൊ. കേരളത്തിലെപ്പോലെ എന്‍ സി പി അമേരിക്കയിലും ഒരു നിര്‍ണായക ശക്തിയാണെന്ന് ഇതിനകം തെളിഞ്ഞുവല്ലൊ. അമേരിക്കയില്‍ എല്ലാവരും തലകുലുക്കി സമ്മതിക്കുന്ന ഇക്കാര്യം സമ്മതിച്ചു തരാന്‍ കേരളത്തില്‍ ചിലര്‍ക്ക് മടിയാണ്.

അവരെക്കുറിച്ച് എന്ത് പറയാന് ‍! എന്‍ സി പി യുടെ ശക്തി അവര്‍ അറിയാനിരിക്കുന്നതേയുള്ളു. താങ്കള്‍ക്ക് അവരോട് സഹതാപം തോന്നുന്നു, അല്ലെ? എനിക്കും അതു തന്നെയാണ് അവരോട് തോന്നുന്നത്. അവര്‍ക്കാകട്ടെ അങ്ങനെ ഒരു തോന്നലേയില്ല! അവസരം വരുമ്പോള്‍ അവര്‍ പഠിച്ചോളും. ഒരു പാലം ഇട്ടാല്‍ അങ്ങോട്ടും ഇങ്ങോട്ടും വേണമെന്ന ഒരു ചൊല്ല് കേരളത്തിലുണ്ട്. എ ബ്രിഡ്‌ജ് ആന്‍ഡ് ടു ആന്റ് ഫ്രോ എന്ന് ഇംഗ്ലീഷില്‍ പറയാമെന്ന് തോന്നുന്നു.

പാലം കടന്നിട്ടാണ് 'പൂരായണ' എന്ന് പറയേണ്ടത്.അമേരിക്കയില്‍ എങ്ങനെയാണെന്ന് അറിയില്ല. വലിയ വ്യത്യാസമുണ്ടാവില്ലെന്നാണ് എനിക്ക് തോന്നുന്നത്. ഇത്തരം രീതികള്‍ സാര്‍വദേശീമായിത്തന്നെ ഒരുപോലെയാണ്. പാലം കടക്കുന്നതിനു മുമ്പ് ആരെങ്കിലും 'പൂരായണ' എന്ന് പറഞ്ഞതായി കേട്ടിട്ടില്ല. അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ തന്നെ അവരാരും രക്ഷപ്പെട്ടതായി ചരിത്രം പറയുന്നുമില്ല. മഹാനായ ജൂലിയസ് സീസര്‍ പോലും റൂബിക്കണ്‍ നദി കടന്നശേഷമാണ് 'പൂരായണ' എന്ന് പറഞ്ഞത്.

മി. ഒബാമ, താങ്കളും ഇത് ഓര്‍ത്തിരിക്കുന്നത് നല്ലതാണെന്നാണ് എന്റെ അഭിപ്രായം. രാഷ്‌ട്രീയ കാര്യങ്ങളില്‍ ഇത്തിരി പരിചയക്കുറവുള്ളതുകൊണ്ടാണ് ഞാന്‍ ഇതോര്‍മിപ്പിക്കുന്നത്.

ടെൿസാസിലും വിര്‍ജീനിയയിലും എന്‍ സി പിക്കുള്ള സ്വാധീനം ഒബാമ, താങ്കള്‍ക്കും ബോധ്യപ്പെട്ടുകാണുമല്ലൊ. ഒരുപാധിയും കൂടാതെയാണ് എന്‍ സി പി താങ്കളുടെ പാര്‍ടിയെ പിന്തുണച്ചതെന്നും അങ്ങേക്കറിയാമല്ലൊ. എന്‍ സി പി എപ്പോഴും അങ്ങനെയാണ്, നിലപാടുകളാണ് ഞങ്ങള്‍ക്ക് പ്രധാനം.

അതില്‍ ഒരു വിട്ടുവീഴ്ച്ചയുമില്ല. ഒരു സന്ദിഗ്ധഘട്ടത്തില്‍ എന്‍ സി പിയെടുത്ത തീരുമാനം ലോകചരിത്രത്തില്‍ തന്നെ വഴിത്തിരിവായെന്ന് അങ്ങേക്കും ബോധ്യമായല്ലൊ. ഇനിയും ഇങ്ങനെ നിര്‍ണായക തീരുമാനങ്ങളെടുക്കാന്‍ ഞങ്ങള്‍ക്ക് കഴിയും. ഞങ്ങള്‍ ആര്‍ക്കും വിധേയരല്ല. ഞങ്ങളുടെ സ്വാതന്ത്ര്യം അടിയറ വെക്കുന്ന പ്രശ്‌നമേ ഇല്ല.

ടെൿസാസിലും വിര്‍ജീനിയയിലും പോലെ കേരളത്തിലും ഞങ്ങള്‍ നിര്‍ണായക ശക്തിയാണ്. ഞങ്ങളുടെ ശക്തി ആരും തിരിച്ചറിയുന്നില്ല. ഇതിനെയാണ് രാഷ്‌ട്രീയ ദുരന്തം എന്ന് പറയുന്നത്. താങ്കള്‍ക്ക് ഒരുപക്ഷേ ഇത് നേരിടേണ്ടി വന്നിട്ടുണ്ടാവില്ല. ഞങ്ങള്‍ക്കിത് സ്ഥിരമാണ്. ഞങ്ങള്‍ക്ക് വേണമെങ്കില്‍ 'അമ്മത്തൊട്ടില്‍' തരാമെന്നാണ് ചിലരുടെ പരിഹാസം.

അങ്ങേക്ക് ചിരിവരുന്നു അല്ലേ, എനിക്കും അതുതന്നെയാണ് വരുന്നത്. പക്ഷേ ഇപ്പോള്‍ ചിരിക്കാനുള്ള സന്ദര്‍ഭമല്ലല്ലൊ.അമേരിക്കയുടെ ഭാവി അങ്ങയെ ആശങ്കപ്പെടുത്തുന്ന പോലെ കേരളത്തിന്റെ ഭാവി എന്നെയും ആശങ്കാകുലനാക്കുന്നു.

അമേരിക്കയില്‍ എന്‍ സി പി എന്നും ഡെമോക്രാറ്റിക് പാര്‍ടിക്കൊപ്പമായിരുന്നെന്ന് അങ്ങേക്കറിയാവുന്നതാണല്ലൊ.റിപ്പബ്ലിക്കന്‍ പാര്‍ടിക്കെതിരെ ഞങ്ങള്‍ എന്നും ശക്തമായ നിലപാടെടുത്തിട്ടുണ്ട്. ഞങ്ങളുടെ വിമര്‍ശനങ്ങളില്‍ കഴമ്പില്ലെന്ന് പറഞ്ഞ് മി. മക്കെയ്ന്‍ പുഛിച്ചു. ഒരു തിരുത്തല്‍ ശക്തിയായിപ്പോലും എന്‍ സി പിയെ കാണാന്‍ മക്കെയ്ന്‍ തയ്യാറായില്ല. ഇപ്പോള്‍ പാഠം പഠിച്ചില്ലേ. ഇങ്ങനെയാണ് എന്‍ സി പിയോട് കളിച്ചാല്‍!

തെരഞ്ഞെടുപ്പിനുശേഷം രണ്ടു തവണ മക്കെയ്ന്‍ എന്‍ സി പി യെ വിളിച്ചിരുന്നു.'നിങ്ങളുടെ നിലപാട് നൂറ് ശതമാനവും ശരിയായിരുന്നു. 'സോറി' എന്ന് ഇടറുന്ന ശബ്‌ദത്തില്‍ അദ്ദേഹം പറഞ്ഞു. രാഷ്‌ട്രീയത്തില്‍ അത്തരം വികാരങ്ങള്‍ക്ക് സ്ഥാനമില്ല. നിര്‍ണായക ഘട്ടത്തില്‍ ശരിയായ തീരുമാനമാണ് പ്രധാനം. അതുകൊണ്ട് 'ചത്തവന്റെ ജാതകം നോക്കീട്ടെന്ത് കാര്യ'മെന്ന് ഞാന്‍ ഇംഗ്ലീഷില്‍ പറഞ്ഞു. ( ആഫ്റ്റര്‍ ഡെത്ത് നോ ഹോറോസ്‌കോപ്). സംഭാഷണം പൂര്‍ത്തീകരിക്കാനാവാതെ അടഞ്ഞ രാഷ്‌ട്രീയതൊണ്ടയോടെ മക്കെയ്ന്‍ ഫോണ്‍ താഴെവെച്ചു.

എന്‍ സി പിക്ക് അങ്ങനെ അമേരിക്ക, ഓസ്‌ട്രേലിയ, ആഫ്രിക്ക എന്നീ വ്യത്യസമൊന്നുമില്ല. എവിടെയായാലും എന്‍ സി പിക്ക് ഒരു നയമാണ്. ഞങ്ങളെ സഹായിച്ചവരെ ഞങ്ങളും സഹായിക്കും. ഞങ്ങള്‍ സഹായവും കൊണ്ട് വരുമ്പോള്‍ ' അയ്യോ..വേണ്ടേ..' എന്ന് പറഞ്ഞ് ഓടുന്നത് ആണുങ്ങള്‍ക്ക് ചേര്‍ന്നതല്ല. ഇത് വായിക്കുമ്പോള്‍ അങ്ങയുടെ ഭാര്യ, ദ ഫസ്റ്റ് ലേഡി ഓഫ് അമേരിക്ക, മിസിസ് മിഷേല്‍ ഒബാമ ഞാന്‍ പുരുഷമേധാവിയാണെന്ന് കരുതുമായിരിക്കും. അങ്ങനെയൊന്നുമില്ല. കേരളത്തിലെ നാട്ടുനടപ്പനുസരിച്ച് ഒരു ശൈലി പ്രയോഗിച്ചെന്നേയുള്ളു.

മിഷേലിനോടും എന്‍ സി പി യുടെ അന്വേഷണം അറിയിക്കുമല്ലൊ.അവര്‍ക്കും എന്‍ സി പി യോട് ആദരവുണ്ടെന്നറിയാം. അവസരം വരുമ്പോള്‍ അവര്‍ അത് പ്രകടിപ്പിക്കുമെന്നും എനിക്കറിയാം. ഭാവിയില്‍ മിഷേല്‍ കാണിക്കാന്‍ പോകുന്ന ആദരവിനും ഞാനും എന്റെ പാര്‍ടിയും എന്നെന്നും കടപ്പെട്ടവരായിരിക്കും.

ഒബാമ, താങ്കള്‍ ഭരണത്തില്‍ പുതുമുഖമാണ്. അടിയന്തര പ്രാധാന്യമുള്ള പല കാര്യങ്ങളും നിങ്ങള്‍ക്ക് തീരുമാനിക്കാനുണ്ട്. അഫ്‌ഗാനിസ്ഥാന്‍ പ്രശ്‌നം, ഇറാഖ് യുദ്ധം, പലസ്‌തീന്‍ പ്രശ്‌നം, ഇറാനിലെ ആണവ പദ്ധതി, ആഗോള സാമ്പത്തികത്തകര്‍ച്ച.. ഇങ്ങനെ ലോകം ഉറ്റുനോക്കുന്ന എത്രയോ കാര്യങ്ങള്‍!

ഇതിലൊക്കെ ഏറ്റവും ശരിയായ തീരുമാനങ്ങളെടുക്കാന്‍ താങ്കളുടെ ഡെമോക്രാറ്റിക് പാര്‍ടിയെ സഹായിക്കാന്‍ എന്‍ സി പിക്ക് കഴിയും. സമാനമായ വിഷയങ്ങള്‍ കേരളത്തില്‍ ഭംഗിയായി കൈകാര്യം ചെയ്‌ത പാരമ്പര്യം എന്‍ സി പിക്കുണ്ട് എന്ന് ഞാന്‍ അഭിമാനപൂര്‍വം അറിയിക്കട്ടെ.

എന്‍ സി പി യും ഡെമോക്രാറ്റിക് പാര്‍ടിയും ഒന്നിച്ചു നില്‍ക്കേണ്ട ലോകസാഹചര്യമാണ് നിലവില്‍. ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്നതും അതുതന്നെയാണ്. കാലഘട്ടം ആവശ്യപ്പെടുന്ന വെല്ലുവിളി ഏറ്റെടുക്കാന്‍ എന്‍ സി പി തയ്യാറാണ്.

മി. ഒബാമ, ഡെമോക്രാറ്റിക് പാര്‍ടിയും ചരിത്രത്തിന്റെ ഈ നിയോഗം ശിരസാ വഹിക്കുമെന്ന് തന്നെ ഞാന്‍ വിശ്വസിക്കുന്നു. അതുകൊണ്ട് ഡെമോക്രാറ്റിക് പാര്‍ടിയെ ശക്തിപ്പെടുത്താനും അതില്‍ ലയിക്കാനും എന്‍ സി പി തയ്യാറാണ്. എന്‍ സി പി യുടെ ലയന സന്നദ്ധത അറിയിക്കുന്നതിനൊപ്പം അങ്ങയുടെ പുതിയ സ്ഥാനലബ്‌ധിയില്‍ എന്‍ സി പി അത്യധികം സന്തോഷിക്കുകയും ചെയ്യുന്നു എന്നറിയിക്കട്ടെ.

എന്‍ സി പിയുടെ ലയനനിര്‍ദേശം അങ്ങ് അംഗീകരിക്കുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. അഥവാ തിരസ്‌ക്കരിക്കുകയാണെങ്കില്‍ അങ്ങേക്കും ഡെമോക്രാറ്റിക് പാര്‍ടിക്കും ഭാവിയില്‍ ഉണ്ടാവുന്ന മുഴുവന്‍ ഭവിഷ്യത്തുകള്‍ക്കും എന്‍ സി പി ഉത്തരവാദിയായിരിക്കില്ലെന്ന് അറിയിക്കുകയും ചെയ്യുന്നു.

ജയ് ഒബാമജീ...ജയ് പവാര്‍ജീ..

വിശ്വസ്‌തതയോടെ

കെ മുരളീധരന്‍

ചീഫ് എൿസിക്യൂട്ടീവ് ഓഫീസര്‍

എന്‍ സി പി

മി. മുരളീധരന്‍,

കത്ത് കിട്ടി. സന്തോഷം. ലയിക്കുന്നതില്‍ ആഹ്ലാദമേയുള്ളു. എന്‍ സി പി മൊത്തം എത്ര കിലോ ഉണ്ടാവുമെന്ന് അറിയിക്കുമല്ലൊ. ഒരു വര്‍ഷം എത്രയാണ് നിങ്ങളുടെ ഉല്‍പ്പാദനം. എവിടെയായിരുന്നു നിങ്ങള്‍ ചരക്ക് വിറ്റിരുന്നത് ?കമ്പനിയുടെ മൊത്തം ആസ്‌തിയെത്രയാണ്? എന്‍ സി പി മാത്രമാണൊ നിങ്ങളുടെ പ്രൊഡക്ഷന്‍?

നിങ്ങള്‍ക്ക് മറ്റു വിപണികള്‍ കണ്ടെത്തേണ്ടതായുണ്ടോ..?

നിങ്ങള്‍ ലയിക്കുന്നത് ഏത് ആസിഡിലാണ് ? ഹൈഡ്രോക്ലോറിക്കാസിഡിലാണോ, സള്‍ഫ്യൂറിക്കാസിഡിലാണോ ? ഒരു കിലോ എന്‍ സി പി ലയിക്കാന്‍ എത്ര ലിറ്റര്‍ ആസിഡ് വേണ്ടിവരും?

ഇക്കാര്യങ്ങള്‍ വിശദമായി അറിയിക്കുമല്ലൊ.

ക്ഷേമം തന്നെ.

സ്നേഹപൂര്‍വം

ഒബാമ

വൈറ്റ് ഹൌസ്

***


എം എം പൌലോസ്
കടപ്പാട്. വര്ക്കേഴ്സ് ഫോറം

Saturday, 28 March 2009

മൊബൈല്‍ കൌതുകങ്ങള്‍

മൊബൈല്‍ കൌതുകങ്ങള്‍

പറഞ്ഞാലും പറഞ്ഞാലും തീരാത്ത വിശേഷങ്ങളാണ് നാത്തൂനേ മൊബൈല്‍ വിശേഷങ്ങള്‍. ലോകത്ത് ഇപ്പോള്‍ നടക്കുന്ന വിപ്ലവങ്ങള്‍ സായുധവിപ്ലവമോ ചിന്താവിപ്ലവമോ അല്ല. അത് മൊബൈല്‍ വിപ്ലവമാണ്. പുതിയ സൌരയൂഥങ്ങളെയോ, പുതിയ ജീവലോകത്തെയോ കണ്ടുപിടിക്കുന്നത് കണ്ടുപിടിത്തമായി പുതിയ തലമുറ അംഗീകരിക്കില്ല. മൊബൈല്‍ ഫോണില്‍ ഒരു കണ്ടുപിടിത്തം-പുതിയൊരു മോഡല്‍ ഇറങ്ങുക, അല്ലെങ്കില്‍ റിങ്ടോണില്‍ ഒരു പുതിയ രീതിവരിക. അങ്ങനെ എന്തെങ്കിലും-അതാണ് പുതുതലമുറയുടെ കണ്ണിലെ യഥാര്‍ത്ഥ കണ്ടുപിടിത്തം.

നാത്തൂനേ എന്റെ പരിമിതമായ മൊബൈല്‍ അറിവുവച്ച് ഞാന്‍ ഒരു നിഘണ്ടുകൂടി ഉണ്ടാക്കിയിട്ടുണ്ട്. അതിങ്ങനെ.

മൊബൈല്‍ കള്ളന്മാര്‍

മൊബൈല്‍ മോഷ്ടിക്കുന്നവരല്ല. കള്ളംപറച്ചിലിനുവേണ്ടി മൊബൈല്‍ ഉപയോഗിക്കുന്നവര്‍.

'നീ ഇപ്പോള്‍ എവിടെയാണ്' എന്നു ചോദിച്ചാല്‍ ലാന്റ് ഫോണിലൂടെ കള്ളംപറയാന്‍ പറ്റില്ല. എന്നാല്‍ മൊബൈലില്‍ അങ്ങനെയല്ല. 'ഞാന്‍ പാറശ്ശാല നില്‍ക്കുകയാണ്' എന്ന് മൊബൈല്‍ഫോണിലൂടെ മറുപടി കൊടുക്കുമ്പോള്‍ ആശാന്‍ കാസര്‍കോഡ് ഏതോ കല്യാണ സല്‍ക്കാരത്തില്‍ പങ്കെടുത്തുനില്‍ക്കുകയായിരിക്കും. കാശ് തിരികെ കൊടുക്കാനുള്ളയാള്‍ വിളിക്കുന്നു. നമ്പര്‍ കാണുമ്പോള്‍ തന്നെ അറിയാം. അല്ലെങ്കില്‍ ഈ നമ്പരല്ലേ എന്നു സംശയം തോന്നാം. ഉടന്‍ നമ്മളും ഒരു നമ്പരിടും. ഫോണ്‍ അടുത്തു നില്‍ക്കുന്ന സ്നേഹിതനെയോ-അതോ അപരിചിതനെത്തന്നെയോ ഏല്‍പിക്കുന്നു. പിന്നെ നമുക്കുവേണ്ടി അവന്‍ സംസാരിക്കും. "അയ്യോ ഇന്നാര്‍ ഇപ്പോള്‍ പുറത്തോട്ടു പോയതേയുള്ളു. ഞാനോ? പുള്ളിക്കാരന്റെ സുഹൃത്താണ്. വരും. രണ്ടുമണിക്കൂര്‍ കഴിയുമ്പോള്‍ വരും.''

കള്ളന് കഞ്ഞിവച്ചവരാണ് വിളിക്കുന്നതെങ്കില്‍ കുട്ടപ്പന് പകരം ചെല്ലപ്പന്‍ ഫോണെടുക്കുമ്പോള്‍തന്നെ പറയും- "ആശാനേ കുട്ടപ്പന്‍ അടുത്തുനില്‍പ്പില്ലേ? കൊടുത്തേരേ....''

ഞാനീയിടെ കേട്ടു നാത്തൂനേ. ബസ് സ്റ്റാന്റില്‍ നിന്നപ്പോള്‍ ഒരാള്‍ക്ക് ഫോണ്‍ വരുന്നു. അയാള്‍ എടുത്തിട്ട് മെല്ലെ പറയുകയാണ്-"രമേശാ... ഞാന്‍ ബാത്റൂമിലാണ്. പിന്നീട് അങ്ങോട്ട് വിളിക്കാം.''

ഇന്‍ കമിംഗ്-ഔട്ട് ഗോയിംഗ്

മൊബൈല്‍ ബില്‍ കുറെ മാസത്തെ കുടിശ്ശിക അടയ്ക്കാതെ ഒളിച്ചുനടക്കുന്നവരെ അന്വേഷിച്ച് കമ്പനിയുടെ റപ്രസന്റേറ്റീവ്-20-കരാട്ടേ മാസ്റ്റര്‍ കസ്റ്റമറുടെ വീട്ടിനുള്ളില്‍ വരുന്നതിനെയാണ് ഇന്‍ കമിംഗ് എന്നു പറയുന്നത്.

'ഞാന്‍ അടച്ചിട്ടുണ്ടല്ലോ'. 'അടയ്ക്കാമെന്ന് പറഞ്ഞിരുന്നതാണല്ലോ'. 'ബില്ല് തെറ്റാണല്ലോ' തുടങ്ങിയ പരമ്പരാഗത ഒഴിവുകഴിവുകള്‍ കസ്റ്റമര്‍ പറയുന്നു. അവസാനം കാശുകൊടുത്തോ, സാന്ത്വനിപ്പിച്ചോ, നാണംകെട്ടോ, അവധിപറഞ്ഞോ റെപ്പിനെ വീട്ടിനുള്ളില്‍നിന്ന് പറഞ്ഞയക്കുന്നു. 'അടുത്ത ബുധനാഴ്ചയ്ക്കകം കാശടയ്ക്കണം' എന്ന മുന്നറിയിപ്പോടെ അയാള്‍ പോകും. ആ പോക്കാണ് 'ഔട്ട് ഗോയിംഗ്'.

കസ്റ്റമര്‍ ഈസ് ദ കിംഗ്

ഈയിടെ കേട്ട നേരമ്പോക്കാണ്.

ഒരു ഭിക്ഷക്കാരന്‍ മൊബൈല്‍ കണക്ഷനെടുത്തു. മിനിമം ചാര്‍ജ് 100 രൂപ. അയാള്‍ ആരെയും ഫോണ്‍ ചെയ്യാറില്ല. മാസാമാസം നൂറുരൂപ അടയ്ക്കും. ആരെയും വിളിക്കാനില്ലെങ്കില്‍ പിന്നെന്തിനാ മാസംതോറും നൂറുരൂപ കളയുന്നതെന്ന ചോദ്യത്തിന് അയാളുടെ മറുപടി. "ഞാന്‍ എല്ലാപേരെയും സാറെ സാറെ എന്ന് വിളിച്ചാണ് ഭിക്ഷ ചോദിക്കുന്നത്. എന്നേം ആരെങ്കിലും സാറേന്ന് വിളിക്കണമെന്ന് എനിക്കൊരാശ. അങ്ങനെയാണ് മൊബൈല്‍ കണക്ഷനെടുത്തത്. എല്ലാമാസവും ബില്ലിന്റെ തീയതി കഴിയുമ്പോള്‍ ഫോണ്‍ ആപ്പീസില്‍നിന്ന് വിളിവരും. "സാര്‍-ഈ മാസത്തെ ബില്‍ അടച്ചിട്ടില്ല.'' ആ ഒരു സാര്‍വിളി കേള്‍ക്കാന്‍ വേണ്ടിയാണ് എന്റെ ഈ കണക്ഷന്‍.

മൊബൈല്‍ ഗെയിം

മൊബൈലുകളില്‍ ഓരോ കമ്പനിക്കാരും ഗെയിമുകള്‍ കളികള്‍ അടക്കംചെയ്തിട്ടുണ്ട്. വീഡിയോ ഫുഡ്ബോള്‍-ക്രിക്കറ്റ് അങ്ങനെ. പക്ഷെ നാത്തൂനേ എന്നെ സംബന്ധിച്ച് ഏറ്റവും ഇഷ്ടപ്പെട്ട മൊബൈല്‍ ഗെയിം ഇതാണ്:

കസ്റ്റമര്‍ സര്‍വ്വീസിലേക്ക് നമ്മള്‍ വിളിക്കുന്നു. അപ്പോള്‍ ടേപ്പുചെയ്തിട്ടുള്ള ശബ്ദം...'വെല്‍ക്കം ടുദി...' ഒരുമിനിട്ടു നീണ്ടുനില്‍ക്കുന്ന സ്വാഗതവചനം കഴിഞ്ഞാല്‍ ഉടന്‍- ഭാഷ തെരഞ്ഞെടുക്കാന്‍ ഒന്ന് അമര്‍ത്തുക' നമ്മള്‍ തെരഞ്ഞെടുക്കുന്നു. 'നിലവിലുള്ള കസ്റ്റമറാണെങ്കില്‍ രണ്ടമര്‍ത്തുക. പുതുതായി ചേരാന്‍ ആഗ്രഹിക്കുന്ന ഹതഭാഗ്യനാണെങ്കില്‍ മൂന്നമര്‍ത്തുക.' 'ബില്ലിലെ വിവരങ്ങള്‍ അറിയാന്‍ നാലമര്‍ത്തുക'. നമ്മള്‍ മൂന്നും നാലും അമര്‍ത്തുന്നു. അതിലേക്ക് ചെല്ലുമ്പോള്‍ വീണ്ടും ശബ്ദം. "കസ്റ്റമര്‍കെയര്‍ എക്സിക്യൂട്ടീവിനോട് സംസാരിക്കുവാന്‍ ഒമ്പതില്‍ അമര്‍ത്തുക.'' അതും അമര്‍ത്തുന്നു. അപ്പോള്‍ കേള്‍ക്കാം 'കസ്റ്റമര്‍ കെയര്‍ എക്സിക്യുട്ടീവ് തിരക്കിലാണ്. ദയവായി കാത്തുനില്‍ക്കുക'. പിന്നെ പാട്ടാണ്... കുറച്ചു കഴിയുമ്പോള്‍ കസ്റ്റമര്‍ കെയര്‍ എക്സിക്യൂട്ടീവ് വരുന്നു. കാണാപ്പാഠം പഠിച്ച അഭിവാദനത്തോടെ 'ഞാന്‍ താങ്കളെ എങ്ങനെയാണ് ഹെല്‍പ്പ്ചെയ്യേണ്ടത്' എന്ന ഫോട്ടോ കോപ്പി വാചകങ്ങളിലേക്ക്.

റിട്ടയര്‍ചെയ്ത്, ഇഷ്ടംപോലെ സമയം അക്കൌണ്ടില്‍ ഉള്ളവര്‍ക്ക് എന്‍ജോയ്ചെയ്യാന്‍ പറ്റിയ ഒരു ഗെയിം ആണിത്. കോണിയും പാമ്പും കളിപോലെ ഇടയ്ക്കുവച്ച് ഫോണ്‍ കട്ടായാല്‍ കളി വീണ്ടും ആദ്യം മുതല്‍ തുടങ്ങേണ്ടിവരും.

ഔട്ട് ഓഫ് കവറേജ് ഏരിയ

നിരവധി ഫോണ്‍ കണക്ഷനുകളെടുത്ത് നില്‍ക്കക്കള്ളിയില്ലാതെ ബില്ലടയ്ക്കാന്‍ നിവൃത്തിയില്ലാതെ നാടുവിടുന്നതിനെയാണ് ഔട്ട് ഓഫ് കവറേജ് ഏരിയ എന്നുപറയുന്നത്. കമ്പനി സ്റ്റാഫിന് കവര്‍ചെയ്ത് വളഞ്ഞുപിടിക്കാന്‍ സാധിക്കാത്ത ഏരിയ. അതാണ് ഔട്ട് ഓഫ് കവറേജ് ഏരിയ.

സെല്‍-ഫോണ്‍

നിരന്തരം മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ചെവിക്ക് പ്രശ്നവുമായി ഡോക്ടറെ കാണാന്‍ ചെല്ലുമ്പോള്‍ ഡോക്ടര്‍ ഉപദേശിക്കുന്നത്. സെല്‍-ഫോണ്‍. ഫോണ്‍ വിറ്റുകളയാന്‍.

-കൃഷ്ണ പൂജപ്പുര,

കടപ്പാട്. വര്‍ക്കേഴ്സ് ഫോറം

Thursday, 26 March 2009

യുവത്വത്തിന്റെ കണ്ണീരും ചിരിയും

യുവത്വത്തിന്റെ കണ്ണീരും ചിരിയും

യുവത്വമെന്നാല്‍ ആവേശത്തിന്റെയും ചോരത്തുടിപ്പിന്റെയും നന്മയുടെയും പ്രതീക്ഷയുടെയും പ്രകാശത്തിന്റെയും കാലമെന്നാണല്ലോ നാത്തൂനേ വിവരമുള്ളവര്‍ പറയുന്നത്. നല്ല ചിന്തകള്‍ വളരുകയും പുഷ്ടിപ്പെടുകയും ചെയ്യുന്ന കാലം. തിന്മയ്ക്കെതിരെ മുഷ്ടിചുരുട്ടുന്ന കാലം. സഹജീവികളുടെ കഷ്ടതകള്‍ക്കുമേല്‍ ഒരിറ്റുകണ്ണീര്‍ വീഴ്ത്തുന്ന കാലം. നന്മയുടെയും സ്നേഹത്തിന്റെയും കണ്ണീര്‍.

എന്നാല്‍ നാത്തൂന്‍ ടീവി ശ്രദ്ധിക്കാറുണ്ടോ? അവിടെയും ചില കരച്ചിലും നിരാശയും രോഷവുമൊക്കെയുണ്ട്. അല്ല സീരിയലിലെ കരച്ചിലല്ല. സത്യം പറഞ്ഞാല്‍ മറ്റു പല കരച്ചിലുമായി തട്ടിച്ചുനോക്കിയാല്‍ സീരിയല്‍ കരച്ചില്‍ എത്രയോ ഭേദമെന്നു തോന്നും. ചില പരസ്യങ്ങളിലെ, ചില ഷോകളിലെ കണ്ണീരിനെയും ചിരിയെയുംകുറിച്ചാണ് നാത്തൂനേ പറയുന്നത്. അവിടെ കാണുന്നതരത്തിലാണെങ്കില്‍ കരയുകയും ചിരിക്കുകയും ചെയ്യാനുള്ള കാരണങ്ങള്‍.


വായ്‌നാറ്റം

ഈയിടെ ഹാസ്യസാഹിത്യകാരനായ സുകുമാര്‍ എഴുതിയിരുന്നു നാത്തൂനേ. ആധുനിക തലമുറ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം വായ്‌നാറ്റമാണെന്നു തോന്നുമത്രെ ടിവി പരസ്യം കണ്ടാല്‍. കോളേജ് കാമ്പസ്. സുന്ദരനായ രമേശ് നടന്നുവരുന്നു. എതിരേ അതാ ജീന്‍സും ടീഷര്‍ട്ടുമൊക്കെയിട്ട് അവള്‍. അവനെ കാണുന്ന അവള്‍ സന്തോഷത്തോടെ അടുത്തേക്ക്. 'ഹായ് ടീനു' അവന്‍ വിളിക്കുന്നു. ഒരു നിമിഷം അയ്യോ! അവളുടെ മുഖത്ത് അതാ വെറുപ്പു നിറയുന്നു. അവള്‍ കൈകൊണ്ട് തനിക്ക് മുന്നിലെ വായുവിനെ തട്ടിമാറ്റുന്നു. വെറുപ്പോടെ നടക്കുന്നു. സുന്ദരനും കാശുകാരനും ചുറുചുറുക്കുള്ളവനുമായ രമേശ് അതാ തോരാനിരാശയുടെ കയത്തില്‍. ജീവിതത്തിന്റെ മീനിങ് തന്നെ നഷ്ടപ്പെട്ടിരിക്കുന്നു. എന്താടാ നിനക്കൊരു പ്രയാസമെന്ന് കൂട്ടുകാര്‍. രമേശ് കാര്യം പറയുന്നു. ഉടന്‍ ഒരു കൂട്ടുകാരന്‍ സ്റ്റഡീക്ളാസെടുക്കുന്നു.

"പല്ലിനിടയില്‍ അടിഞ്ഞുകൂടുന്ന അഴുക്ക് പല്ലില്‍ കീടാണുക്കളെ ക്ഷണിച്ചുവരുത്തും. അത് പല്ലിനിടയില്‍ മുട്ടയിടും. ആ മുട്ടവിരിഞ്ഞ് വീണ്ടും അണുക്കള്‍ പുറത്തുവരും. അവ വായ്നാറ്റം ക്ഷണിച്ചുവരുത്തും. വായ്‌നാറ്റം കാരണമാണ് അവള്‍ കൈവീശി നടന്നുപോയത്. ഞങ്ങള്‍ കൈവീശാത്തത്, അതുമായി താദാത്മ്യപ്പെട്ടതുകൊണ്ടാണ്."

"എന്താണ് ഇതിനുള്ള പരിഹാരം''

"പറ്റിയ്ക്കല്‍ പേസ്റ്റ് പല്ലില്‍ പറ്റിച്ചുപിടിപ്പിക്കുക - തേയ്ക്കുക."

അടുത്തരംഗത്തില്‍ അതാ രമേശ്‌കുമാരന്‍ ടവ്വലുമെടുത്തു കുളിമുറിയിലെ കണ്ണാടിയില്‍ നോക്കി പല്ലുതേക്കുന്നു. തേയ്ച്ചുകഴിഞ്ഞ് തന്റെ കൈ വായ്ക്കുമുന്നില്‍വച്ച് ശ്വാസം കയ്യില്‍ തട്ടിച്ച് പ്രാകൃതമായ രീതിയില്‍ പൊല്യൂഷന്‍ ടെസ്റ്റ് നടത്തുന്നു.

"ഫൌണ്ട് കറക്ട് ആന്റ് സാറ്റിസ്ഫൈഡ്.''

അടുത്തരംഗം കോളേജില്‍.

അതാ ഒരുപാട് അവളുമാരുടെ നടുവില്‍ രാജ കുമാരനായി രമേശ്. പൊട്ടിച്ചിരിക്കുന്നു. ആത്മവിശ്വാസത്തോടെ ഉറക്കെ സംസാരിക്കുന്നു. വായ് തുറന്നു ചിരിക്കുന്നു. തലേന്ന് വായുവില്‍ കൈവീശി വെറുപ്പുപ്രകടിപ്പിച്ചവള്‍ നടന്നുവരികയും രമേശന്‍ അവളെ മൈന്‍ഡുചെയ്യാതിരിക്കുകയും അവള്‍ ദുഃഖത്തില്‍ വീഴുകയും ചെയ്യുന്നു. കണ്ടാലറിയാത്തവന്‍ കൊണ്ടാലറിയും എന്നതാണ് നാത്തുനേ ഇതിലെ ഗുണപാഠം.

കൊച്ചിലേ പല്ലുനന്നായി തേയ്ക്കടാ എന്ന് അച്ഛനുമമ്മയുമൊക്കെ പറയുമ്പോള്‍ ശ്രദ്ധിക്കാത്തവരെയും ഒരു പെണ്ണിന്റെ കൈവീശല്‍ കാര്യങ്ങള്‍ പഠിപ്പിക്കുന്നു.

മുഖക്കുരു

യുവത്വം പൊട്ടിക്കരയുന്ന മറ്റൊരു പ്രതിഭാസമാണ് മുഖക്കുരു. പശ്ചാത്തലം കാമ്പസുതന്നെ. ടീനേജ് കുമാരിയായ റിമി കൂട്ടുകാരികളോട് പറയുന്നു.

"ഇന്ന് മഹേഷിന്റെ ബര്‍ത്ഡേ പാര്‍ടിയാ - എനിക്ക് സ്പെഷ്യല്‍ ഇന്‍വിറ്റേഷനുണ്ട്' കൂട്ടുകാരികള്‍ കോറസ്സായി ചിരിക്കുന്നു. “ഈ മുഖക്കുരുവും വച്ചുകൊണ്ടാണോ പാര്‍ടിക്കു പോകുന്നത്'?"

റിമിയുടെ കൈ കവിളിലേക്ക്. മുഖക്കുരുവിലൂടെ വിരല്‍ ഓടുന്നു. പിന്നെ റിമി ഓടുന്നു.

വീട്ടില്‍ ബെഡ്ഡില്‍ വീണുപൊട്ടിക്കരയുന്ന റിമി. എന്തുപറ്റി മോളേ എന്ന് വിലപിച്ച് അടുത്തിരിക്കുന്ന അമ്മ.

"വേണ്ട, എനിക്കിനി ജീവിക്കണ്ട, ക്ളാസില്‍ കൂട്ടുകാരികള്‍ എന്നെ കളിയാക്കുന്നു. ഇല്ല. ഈ മുഖക്കുരു പോവില്ല. എന്റെ ജീവിതം നശിച്ചു. ഈ മുഖക്കുരു മാറില്ല."

പെട്ടെന്ന് അതാ ശബ്ദം.

"അല്ല മോളേ മാറും''

റിമിയുടെ മുത്തശ്ശിയും പ്രായം തൊണ്ണൂറുകഴിഞ്ഞിട്ടും കട്ടിലൊഴിയാത്തതിനെക്കുറിച്ച് ബന്ധുമിത്രാദികള്‍ ആകുലപ്പെട്ടിരിക്കുന്നവരുമായ സ്ത്രീരത്നം വരുന്നു.

"എന്താ അമ്മേ പറയുന്നത് ഈ മുഖക്കുരു മാറുമെന്നോ? ഒരുപാട് ക്രീമുകള്‍ പരീക്ഷിച്ചു നോക്കിയതല്ലേ അമ്മേ"

റിമിയുടെ അമ്മ ചോദിക്കുന്നു.

"മോളേ, പ്രകൃതി ഒരമൂല്യഖനിയാണ് മനുഷ്യനുവേണ്ടി ഒരുക്കിയിട്ടുള്ളത്. മുഖക്കുരുവിനുവേണ്ടി പ്രത്യേകിച്ചും. നമ്മുടെ പൂര്‍വികരായ ഋഷീശ്വരന്മാര്‍, അവരുടെ തപോശക്തികൊണ്ട് മുഖക്കുരുവിനെതിരെ ഒരുപാട് മൂലികകള്‍ കണ്ടുപിടിച്ചിട്ടുണ്ട്. അതിലൊന്നാണ് എമ്പത്തിനാല് മൂലികകള്‍ ചേര്‍ന്ന (എണ്‍പത്തിഅഞ്ച് എന്നുപറഞ്ഞാല്‍ റൌണ്ട് ഫിഗറാകും. റൌണ്ട് ഫിഗറിന് വിശ്വസനീയത കിട്ടില്ല) കുരുക്കുഴമ്പ്. അത് നാലാഴ്ച മുഖക്കുരുവില്‍ തേച്ചുപിടിപ്പിച്ചാല്‍ മുഖകാന്തി കൂടും. മുഖം വെളുക്കും. (അഥവാ മുഖം വെളുത്തില്ലെങ്കിലും റിമിയുടെ പപ്പയുടെ പഴ്സ് വെളുക്കും. ഒരു ബോട്ടിലിന് നൂറ്റിച്ചില്ല്വാനം രൂപയാണ് നാത്തൂനേ വില) എന്റെ മുത്തശ്ശിയുടെ മുത്തശ്ശിക്ക് മുഖക്കുരു ഉണ്ടായപ്പോള്‍ ആ മുത്തശ്ശിയുടെ മുത്തശ്ശിയും ഈ മരുന്നാ ഉപദേശിച്ചത്."

ഇത്രയും പറഞ്ഞ് മുത്തശ്ശി തന്റെ ജീവിതലക്ഷ്യവും അവതാരോദ്ദേശ്യവും സഫലമായതിന്റെ തൃപ്തിയോടെ കയ്യില്‍ കുരുക്കുഴമ്പിന്റെ കുപ്പിയും പിടിച്ചു നില്‍ക്കുന്നു.

അടുത്തരംഗം സ്ഥിരം രംഗം തന്നെ. കുരുവില്ലാത്ത മുഖവുമായി കോളേജില്‍ റിമി. കളിയാക്കിയ കൂട്ടുകാരികള്‍ റിമിയെ വളയുന്നു. അവര്‍ക്കുംവേണം മരുന്ന്.

റിയാലിറ്റി കരച്ചില്‍

മുമ്പൊരിക്കല്‍ ഞാന്‍ നാത്തൂനോട് പറഞ്ഞിട്ടുണ്ട്. റിയാലിറ്റി ഷോയില്‍ പാട്ടും ഡാന്‍സുമൊക്കെ നടത്തി, ഔട്ടാകുന്ന യുവത്വത്തിന്റെ കരച്ചില്‍. ഈയിടെ ഞാന്‍ അടുക്കളയില്‍നിന്നപ്പോള്‍ മരണവീട്ടിലെന്നപോലെ ഒരു കരച്ചില്‍ കേട്ടു നാത്തൂനേ. തുടര്‍ന്ന് ആരുടെയോ ആശ്വാസവചനങ്ങളും.

"കരയാതെ മോള, പോട്ടെ, എല്ലാം വിധിയെന്നു കരുതൂ കുട്ടി, സഹിക്കൂ മോളേ."

ഞാന്‍ പുറത്തേയ്ക്കോടി. അപ്പോഴാണ് കാണുന്നത് ടിവിയിലെ റിയാലിറ്റിഷോയില്‍ ഔട്ടായ മല്‍സരാര്‍ഥിയെ അവതാരക ആശ്വസിപ്പിക്കുന്ന ആശ്വാസവചനങ്ങളാണ്. കൂട്ടക്കരച്ചിലിന്റെ നിമിഷങ്ങളാണ് ഔട്ടാകല്‍ മുഹൂര്‍ത്തങ്ങള്‍.

ജഡ്ജിമാര്‍ കര്‍ച്ചീഫെടുക്കുന്നു. രക്ഷകര്‍ത്താക്കള്‍ നെഞ്ചത്തടിച്ചു നിലവിളിക്കുന്നു. അവതാരക വിതുമ്പുന്നു...

സ്വന്തം അപ്പനോ അമ്മയോ പരലോകപ്രാപ്തരായപ്പോള്‍പോലും ഒരുതുള്ളി കണ്ണീര്‍ പൊടിയാത്തവരും തങ്ങളുടെ മക്കള്‍ ഔട്ടാകുന്നതുകണ്ട് ഏങ്ങലടിച്ചുകരയും. പ്രേക്ഷകരും കരയും. അവതാരക ഒരു ആത്മീയാചാര്യയുടെ തലത്തിലേക്ക് ഉയരും. ജീവിതത്തിന്റെ വ്യര്‍ത്ഥതകള്‍, ഒന്നും നാമല്ലല്ലോ തീരുമാനിക്കുന്നത്, എസ്എംഎസിന്റെ മുമ്പില്‍ നാമെല്ലാം വെറും പാവകള്‍, മല്‍സരാര്‍ഥി കൊതിക്കുന്നു, എസ്എംഎസ് വിധിക്കുന്നു, തുടങ്ങിയ ഹൃദയസ്പര്‍ശിയായ സാരോപദേശങ്ങളോടെ കുരുക്ഷേത്രഭൂമിയില്‍ പതറിനില്‍ക്കുന്ന പാര്‍ത്ഥനെ പാര്‍ത്ഥസാരഥിയെന്നപോലെ, റിയാലിറ്റിഗീതയിലൂടെ മല്‍സരാര്‍ഥിക്ക് അവതാരകസാരഥി ഉത്തേജിതയാക്കാന്‍ നോക്കും.

ഭഗവത്ഗീത കേട്ട് അര്‍ജ്ജുനന് ആത്മവീര്യമാണ് കിട്ടിയതെങ്കില്‍ റിയാലിറ്റിഗീത കൂടുതല്‍ കരച്ചിലിലേക്കാണ് ശ്രോതാക്കളെയും പ്രേക്ഷകരെയും കൂട്ടിക്കൊണ്ടുപോകുന്നത്. തുടര്‍ന്ന് ഔട്ടാകുന്ന റിയാലിറ്റി കണ്ടസ്റ്റന്റിനെ വീട്ടില്‍ പറഞ്ഞയക്കുന്ന ഹൃദയഭേദകമായ ചടങ്ങും നടക്കും. കൂട്ടക്കരച്ചില്‍ പാരമ്യത്തിലെത്തുന്ന മുഹൂര്‍ത്തങ്ങളാണത്. സര്‍ക്കാര്‍ ഓഫീസില്‍ സെന്റോഫ് കൊടുത്തുവിടുന്ന ചടങ്ങിനെയാണ് അത് അനുസ്മരിപ്പിക്കുന്നത്. സഹപാട്ടുകാരും ഡാന്‍സുകാരും കൂട്ടത്തോടെ വേദിയിലേക്ക് ഇരച്ചുകയറും. പിന്നെ കൂട്ടനിലവിളി.

അപ്പോള്‍ നാത്തൂനേ അങ്ങനെയൊക്കെയാണ് കാര്യങ്ങള്‍.

യുവത്വത്തിന്റെ കണ്ണീര്‍ വന്നുവീഴുന്നത് തെറ്റായ നിലങ്ങളിലാണ് അല്ലേ. അതോ അങ്ങനെ വീഴ്ത്തിത്തീര്‍ക്കാനുള്ള ശ്രമങ്ങളാണോ? അന്യന്റെ ദുഃഖം കഴുകുന്നതായിരിക്കണം നമ്മുടെ കണ്ണീര്‍ അല്ലേ നാത്തൂനേ. കണ്ണീരില്‍ അഴുക്കുപാടില്ല അല്ലേ.

(രചന; ശ്രീ. കൃഷ്ണ പൂജപ്പുര, കടപ്പാട്: ദേശാഭിമാനി, സ്ത്രീ സപ്ലിമെന്റ്)

Tuesday, 17 March 2009

കത്തുകള്‍ കഥ പറയുന്നു

കത്തുകള്‍ കഥ പറയുന്നു

ബഹുമാനപ്പെട്ട മനഃശാസ്ത്രജ്ഞന്‍ സാറെ,

എന്റെ പേര് സുഗുണന്‍. ഭാര്യ സുജാത. ഇടത്തരം ഫാമിലിയാണ്. ദൈവം സഹായിച്ച് ബുദ്ധിമുട്ടൊന്നുമില്ലാതെ, പരസ്പരസ്നേഹത്തോടെ കഴിഞ്ഞുപോകുന്നു. പക്ഷെ സാറെ, ഞങ്ങള്‍ക്ക് സ്വസ്ഥത തരാതിരിക്കാനായിട്ട് ഒരു കുടുംബം ലോകത്ത് അവതരിച്ചിട്ടുണ്ട് സാറെ. ഞങ്ങളുടെ മതിലിനപ്പുറത്തു താമസിക്കുന്ന രാഘവനും കുടുംബവും. എങ്ങനെയാണ് ഞങ്ങളുടെ സ്വസ്ഥത അവര്‍ നശിപ്പിക്കുന്നതെന്നുവച്ചാല്‍, അവര്‍ കഴിഞ്ഞയാഴ്ച ഒരു കാറെടുത്തു. അതോടെ ഞങ്ങളുടെ സന്തോഷം പോയി സാറെ. സത്യം പറഞ്ഞാല്‍ അന്നുരാത്രി ഞാനും സുജാതയും ജലപാനം കഴിച്ചിട്ടില്ല. രാഘവനും ഭാര്യ രമണിയുംകൂടി കാറില്‍പോകുന്ന ആ പോക്കുകണ്ടപ്പോള്‍ 'ഈശ്വരാ ഭൂമി പിളര്‍ന്ന് അങ്ങ് താഴോട്ട് പോയെങ്കില്‍' എന്നാണ് സുജാത പറഞ്ഞത്. അവര്‍ എന്തിനാണ് സാറെ ഞങ്ങളെ ഇങ്ങനെ ദ്രോഹിക്കുന്നത്. സത്യം പറഞ്ഞാല്‍ ആത്മഹത്യചെയ്താല്‍ കൊള്ളാമെന്നുണ്ട്. എത്രയും പെട്ടെന്ന് സാര്‍ ഒരു മറുപടി തന്ന് ഈ സഹോദരനെയും കുടുംബത്തെയും രക്ഷിക്കണമെന്ന് അപേക്ഷിക്കുന്നു.

വിശ്വസ്തതയോടെ,

സുഗുണനും സുജാതയും


പ്രിയ സുഗുണന്‍ സുജാതമാര്‍ക്ക്,

നിങ്ങളുടെ കത്തിന്റെ തുടക്കംമാത്രമേ ഞാന്‍ വായിച്ചുള്ളൂ. ബാക്കി താഴേക്ക് എഴുതിയിരിക്കുന്നത് എന്താണെന്ന് എനിക്ക് ബൈഹാര്‍ട്ടാണ്. ഇതേ മാതൃകയിലുള്ള ആയിരക്കണക്കിന് കത്തുകളാണ് എനിക്ക് നിത്യേന കിട്ടുന്നത്. സഹോദരാ, മനസ്സ് വിശാലമാക്കുക എന്നുള്ളതാണ് ഇതിനുള്ള ചികിത്സ. ഒരു പൂന്തോട്ടത്തില്‍ ഒരു ചെടി മാത്രമേ ഉള്ളൂവെങ്കില്‍ ആ പൂന്തോട്ടത്തിന് ഭംഗിയുണ്ടാകുമോ? പൂന്തോട്ടം പൂന്തോട്ടമാകുമോ? ഭൂമിയില്‍ നമ്മള്‍ മാത്രം നന്നായി ജീവിച്ചാല്‍ പോരാ എന്ന് ചിന്തിക്കുക.

സ്നേഹത്തോടെ,

മനഃശാസ്ത്രജ്ഞന്‍


ബഹുമാനപ്പെട്ട സാറെ,

സാറിന്റെ മറുപടി കിട്ടി. സാറ് പറഞ്ഞതുപോലെ മനസ്സ് വിശാലമാക്കാന്‍ ഞങ്ങള്‍ ശ്രമിച്ചു. രാഘവനും രമണിയും കാറില്‍പോകുന്നതു കണ്ടപ്പോള്‍ സ്വയം നിയന്ത്രിക്കുകയും അവരെ നോക്കി ചിരിച്ചുകാണിക്കുകയും ചെയ്തു. പക്ഷെ സാറെ, ചിരി മുഖത്തു മാത്രമേ ഉണ്ടായിരുന്നുള്ളൂ. നെഞ്ച് കരയുകയായിരുന്നു. അവര്‍ ഞങ്ങളുടെ സമീപത്തെത്തിയപ്പോള്‍ മനഃപൂര്‍വം കാറ് ഒന്ന് സ്ളോചെയ്യുകയും "വരുന്നോ, ഒന്നു കറങ്ങീട്ടുവരാം'' എന്നുപറഞ്ഞ് ക്ഷണിക്കുകയും ചെയ്തു. അതു സഹിക്കാന്‍ പറ്റിയില്ല സാറെ. പോട്ടെ. സാറ് പറഞ്ഞതുപോലെ തോട്ടത്തില്‍ ഒരു ചെടി മാത്രം പോരല്ലോ. നിയന്ത്രിച്ചു. പക്ഷെ സാറെ, ഇന്നു രാവിലെ ഒരു ന്യൂസറിഞ്ഞപ്പോള്‍ നിയന്ത്രണം വിട്ടുപോയി. അതാണ് കത്തെഴുതി സാറിനെ വീണ്ടും ശല്യപ്പെടുത്തുന്നത്. സാറെ, രാഘവന്റേം രമണീടേം മൂത്തമകള്‍ക്ക് കല്യാണം. ഒരു ഗംഭീര പ്രൊപ്പോസല്‍ സാറെ. വരന്‍ ബാങ്ക് ഓഫീസര്‍.
വരന്റെ ഫാമിലിക്ക് കോടികളുടെ ആസ്തി. സഹിക്കണില്ല സാറെ. സുജാത ചോദിച്ചതുപോലെ ഇതൊക്കെ കാണാനും കേള്‍ക്കാനും ഇട്ടേയ്ക്കാതെ ഞങ്ങളെ അങ്ങോട്ട് കെട്ടിയെടുക്കാത്തതെന്ത്? മനസ്സില്‍ ആകെ ഒരു വേവലാതി. രാഘവന്റെ മകളെ കല്യാണം കഴിക്കാന്‍ വരുന്നവര്‍ക്ക് ഊമക്കത്തെഴുതുന്ന കാര്യത്തെക്കുറിച്ച് ആലോചിക്കാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരാവുന്നു. സാറെ ഉടന്‍ മറുപടിതരണം. ഈശ്വരാ മനസ്സില്‍ ആകെ ഒരു എരിച്ചില്‍. ഭക്ഷണത്തോട് വിരക്തി. ഉറക്കമില്ല. ആകെ മന്ദത.

വിശ്വസ്തതയോടെ,

സുഗുണന്‍ കൂടെ സുജാതയും


പ്രിയ സുഗുണന്‍ സുജാതമാരെ,

ഇനിയിപ്പോള്‍ ഞാന്‍ നോക്കിയിട്ട് ഒരു മാര്‍ഗമേ കാണുന്നുള്ളൂ. നിങ്ങള്‍ കാശു കടം വാങ്ങിയോ ലോണെടുത്തോ കുറച്ച് വസ്തുവോ മറ്റോ വാങ്ങുക. വസ്തുവിന്റെ പ്രമാണം അയല്‍വക്കത്തെ രാഘവനെയും രമണിയെയും കാണിക്കുക. ഇതൊരു ചികിത്സാരീതിയാണ്. ഉപേക്ഷ വിചാരിക്കരുത്.

വിശ്വസ്തതയോടെ,

മനഃശാസ്ത്രജ്ഞന്‍


മനഃശാസ്ത്രജ്ഞന്‍ സാറെ,

സാറ് പറഞ്ഞതുപോലെ വസ്തു വാങ്ങി. ബാങ്കില്‍നിന്ന് ലോണ്‍ എടുത്തു. അഞ്ചേക്കര്‍ റബര്‍. കയ്യേറ്റഭൂമിയാണോ എന്തോ. എന്തായാലും സാരമില്ല, സാറ് നിര്‍ദേശിച്ച ചികിത്സാവിധിയല്ലേ. ഇന്നുരാവിലെയായിരുന്നു രജിസ്ട്രേഷന്‍. അതുകഴിഞ്ഞുവന്ന് ഉടനെ സാറിന് കത്തെഴുതുകയാണ്. ഇതു പോസ്റ്റുചെയ്തിട്ടുവേണം സാറ് പറഞ്ഞതുപോലെ പ്രമാണം രാഘവനേം രമണിയേം കൊണ്ടുകാണിയ്ക്കാന്‍. പക്ഷെ സാറെ അതുകൊണ്ട് എന്റെ മനസ്സിന് ആനന്ദമുണ്ടാകുമോ? സ്വസ്ഥതകിട്ടുമോ. സാറിനെ വിശ്വസിച്ചാണ് ഞങ്ങള്‍ ലക്ഷങ്ങള്‍ മുടക്കിയിരിക്കുന്നത്.

വിശ്വസ്തതയോടെ,

സുഗുണന്‍, സുജാത


പ്രിയ സുഗുണന്‍ സുജാതമാര്‍ക്ക്,

ഞാന്‍‍ പറഞ്ഞ പ്രകാരം പ്രവര്‍ത്തിച്ചതില്‍ സന്തോഷം. ഇന്നുമുതല്‍ നിങ്ങള്‍ക്ക് മനസ്സമാധാനം കിട്ടിത്തുടങ്ങും. കാരണമെന്താണെന്നല്ലേ. ഇതോടൊപ്പം അടക്കംചെയ്ത മറ്റൊരു കത്ത് നിങ്ങള്‍ വായിക്കുക. നിങ്ങളുടെ അയല്‍ക്കാരായ രാഘവന്‍ രമണിമാര്‍ എനിക്കെഴുതിയത്.

പ്രിയപ്പെട്ട മനഃശാസ്ത്രജ്ഞന്‍ സാറെ,

എന്റെ പേര് രാഘവന്‍. ഭാര്യ രമണി. വളരെ സന്തോഷത്തോടെ കഴിഞ്ഞുവന്ന കുടുംബമാണ് ഞങ്ങളുടേത്. പക്ഷെ സാറെ, സ്വസ്ഥതയും സമാധാനവും പോയി. ഉറക്കമില്ല. ആകെ അസ്വസ്ഥത. എന്റെ അയല്‍ക്കാരായ സുഗുണനും സുജാതയുമാണ് ഞങ്ങളുടെ സ്വസ്ഥതകെടുത്തിയത്. അവര്‍ അഞ്ചേക്കര്‍ റബര്‍ എസ്റ്റേറ്റ് വാങ്ങി സാറെ. അതറിഞ്ഞതുമുതല്‍ ഉണ്ണണമെന്നോ ഉറങ്ങണമെന്നോ ഇല്ല. ഈശ്വരാ. പ്രമാണംകൊണ്ട് എന്നെ കാണിച്ചു. ഭൂമി പിളര്‍ന്ന് താഴേക്കുപോയെങ്കില്‍ എന്ന് ഞങ്ങള്‍ ആഗ്രഹിച്ചുപോയി. എത്രയുംപെട്ടെന്ന് ഞങ്ങള്‍ക്ക് ഒരു ആശ്വാസമറുപടി തരണമെന്ന് അപേക്ഷിക്കുന്നു.

വിശ്വസ്തതയോടെ,

രാഘവന്‍, രമണി

(കഥാന്ത്യം: ഈ കത്ത് വായിച്ചതോടെ സുഗുണന്‍ സുജാതമാര്‍ക്ക് മനസ്സില്‍ ആഹ്ളാദത്തിന്റെ വേലിയേറ്റമുണ്ടാവുകയും അന്നു വൈകുന്നേരം പിള്ളേരുമൊത്ത് സിനിമയ്ക്കുപോവുകയും പുറത്തുനിന്ന് ആഹാരം കഴിക്കുകയുംചെയ്തു. ചുറ്റുമുള്ള വൃക്ഷലതാദികള്‍ക്ക് പതിവിലും കൂടുതല്‍ സൌന്ദര്യം വര്‍ധിച്ചതായി അവര്‍ക്ക് തോന്നി. നമ്മുടെ നേട്ടം കാരണം അയല്‍ക്കാരന് മനസ്താപം വരുമ്പോഴാണ് നമുക്ക് യഥാര്‍ത്ഥ സന്തോഷമെന്ന് സുഗുണന്‍ സുജാതമാര്‍ തിരിച്ചറിഞ്ഞു. പക്ഷെ തിരിച്ചറിവ് താല്‍ക്കാലികമായിരിക്കാനാണ് സാധ്യത. രാഘവന്‍ രമണിമാര്‍ പുതിയ ചില നീക്കങ്ങള്‍ നടത്തുന്നുണ്ട്)

(കടപ്പാട്: ദേശാഭിമാനി സ്ത്രീ, ശ്രീ. കൃഷ്ണ പൂജപ്പുരയുടെ നര്‍മ്മഭാവന)

കടപ്പാട്. വര്‍ക്കേഴ്സ് ഫോറം

Sunday, 15 March 2009

അഭിമാനപ്രശ്നം

അഭിമാനപ്രശ്നം

ജോസഫിന്റെ വീട്.

മതിലിനപ്പുറത്തുനിന്നും രമേശന്‍ വിളിക്കുന്നു.

"ഹലോ ജോസഫേ''

"എന്താ രമേശാ''

"അല്ല. തന്നോടൊരു കാര്യം പറയണോന്നു വിചാരിക്കുകയായിരുന്നു''.

"എന്താ?''

"ദാ കണ്ടില്ലേ, തന്റെ പ്ലാവിന്റെ ഈ ചില്ല... അത് എന്റെ വീട്ടുമുറ്റത്തേക്ക് വളഞ്ഞുവന്നതുകാരണം, മഴപെയ്യുമ്പോള്‍ വെള്ളത്തുള്ളികള്‍, ഈ ഭാഗത്തേക്കു വീഴുന്നു. രാവിലെ മുറ്റമടിക്കുമ്പോള്‍ കുറച്ചധികം ഇലകളും ഉണ്ടാകുന്നു. വൈഫിനും ബുദ്ധിമുട്ട്. അല്ല - ആ ചില്ലയൊന്ന് കട്ടുചെയ്തുവിട്ടാല്‍ സന്തോഷമുണ്ട്. അതവിടെനിന്നാല്‍ വളര്‍ന്നുവലുതാകും. കൂടുതല്‍ ഇല വീഴും. തനിക്ക് ബുദ്ധിമുട്ടില്ലെങ്കില്‍...''

"ഹ! എന്തു ബുദ്ധിമുട്ട് രമേശാ'' എനിയ്ക്കീ പ്ലാവില്‍ വലിഞ്ഞുകയറാന്‍ വയ്യ. ഒരാളിനെ സംഘടിപ്പിച്ച് ഇന്നുതന്നെ അതങ്ങ് റെഡിയാക്കാം. താന്‍ പറഞ്ഞതു നേരാ... ചപ്പുചവറൊക്കെ വീണ് മുറ്റം നാശമാകുന്നതിന്റെ ബുദ്ധിമുട്ടുകള്‍ വീട്ടിലെ പെണ്ണുങ്ങള്‍ക്കേ അറിയൂ. ഇന്നുതന്നെ വേണ്ടത് ചെയ്തേക്കാം''.

"താങ്ക്യൂ ജോസഫേ താങ്ക്യൂ...''

റോഡ്

നടന്നുവരുന്ന ജോസഫ്, പരിചയക്കാരന്‍ സുഗുണനെ കാണുന്നു.

"ജോസഫ് ചേട്ടന്‍ എങ്ങോട്ടാ...''

"നമ്മുടെ മരംമുറിയ്ക്കല്‍കാരന്‍ ലൂക്കോയെ ഒന്നു കാണണം. പ്ലാവിന്റെ ഒരു കൊമ്പ് വെട്ടാന്‍''

"പ്ലാവിന്റെ കൊമ്പോ? ഏതു പ്ലാവിന്റെ കൊമ്പ്?''

"എന്റെ മുറ്റത്തെ പ്ലാവുതന്നെ. അതില്‍നിന്ന് ഇലകളും വെള്ളത്തുള്ളിയും മറ്റും വീഴുന്നതുകാരണം രമേശന് ഒരു ബുദ്ധിമുട്ട്. ഒരു ചെറിയ ചില്ലയാ. കൂടുതല്‍ വളര്‍ന്നിട്ടാണെങ്കില്‍ മുറിച്ചുമാറ്റാന്‍ പ്രയാസമായിരിക്കും''.

"അതിരിക്കട്ടെ. ഇതിപ്പൊ ആരുപറഞ്ഞിട്ടാ ചേട്ടനിങ്ങനെ മുന്നുംപിന്നുമാലോചിക്കാതെ ഒരുമ്പെട്ടിറങ്ങുന്നത്?''

"രമേശന്‍തന്നെയാ രാവിലെ സൂചിപ്പിച്ചത്''.

"അയ്യടി മനമേ! ചേട്ടനിത്ര അപ്പാവിയായിപ്പോയല്ലോ. ആ കുഴിത്തുരുമ്പന്‍ മരംവെട്ടാന്‍ പറഞ്ഞു. ഓ കോടാലിയന്വേഷിച്ച് ചേട്ടനങ്ങ് മുണ്ടുംമടക്കിക്കുത്തി ഇറങ്ങുകേം ചെയ്തു. അല്ല. അവന്മാരെപ്പോലുള്ളവന്മാര്‍ക്കേ കാലമുള്ളൂ''.

"താനെന്തൊക്കെയാടോ പറയുന്നത്?''

"എന്റെ ചേട്ടാ ദേ നോക്ക്. ഇപ്പൊ അയാളുടെ ഒരു പ്ലാവാണ് ചേട്ടന്റെ മുറ്റത്തേക്ക് ചാഞ്ഞെന്നിരിക്കട്ടെ. ചേട്ടന്‍ അയാളോട് പറയുന്നു. കൊമ്പൊന്നുവെട്ടാന്‍. വെട്ടുമോ?''

"അല്ല... അത്... വെട്ടില്ലേ...''

"ങും. വെട്ടും. പറയാന്‍ ചെല്ലുന്ന ചേട്ടന്റെ തലവെട്ടും. ആളാരാ മോന്‍. അമ്പോ. കമിഴ്ന്നുവീണാല്‍ കാല്‍പ്പണം. ഇന്നിപ്പൊ ചേട്ടന്‍ ആ കൊമ്പുവെട്ടുന്നു. അയാള്‍ നാടൊട്ടുക്ക് വീരവാദമടിച്ചു നടക്കും. 'അയാള് ചേട്ടനെ വിരട്ടി. ചേട്ടന്‍ പേടിച്ച് മരം മുറിച്ചു' അങ്ങനെയൊക്കെ. അല്ല. ജയിക്കാന്‍ പറ്റാത്തിടത്ത് അല്‍പമൊന്ന് മുതുകുവളച്ചുകൊടുക്കുന്നതാ നല്ലത്. അല്ലെങ്കില്‍ പിന്നെ ചേട്ടനായിട്ടല്ല ആ കൊമ്പങ്ങ് ചായ്ച്ചുവിട്ടത്. പ്രകൃതി, പ്രകൃതിയുടെ കളി. അല്ല, ചേട്ടനോടൊക്കെയേ അവന് ആളാകാന്‍ പറ്റൂ. എന്നോടായിരിയ്ക്കണമായിരുന്നു. ഇതുപോലെ തോന്ന്യാസവും പറഞ്ഞുവരുന്നത്. ഉച്ചയ്ക്ക് ചോറുണ്ണാന്‍ പിന്നെ വയ്പുപല്ല് വയ്ക്കേണ്ടിവരും...''

"ങാ... ഞാനും ഒന്നാലോചിയ്ക്കട്ടെ...''

ജോസഫിന്റെ വീട്

"എന്താ ജോസഫേ പെട്ടെന്നൊരു മനംമാറ്റം? രാവിലെ എല്ലാം സമ്മതിച്ചാണല്ലോ പോയത്. പിന്നെന്താ?''

"എന്താ തന്റെ ടോണിനൊരു മാറ്റം. ഭീഷണിപ്പെടുത്തി മുറിപ്പിയ്ക്കാമെന്നാണോ?''

"ഹ! താനെന്തൊക്കെയാ ഈ പറയുന്നത്''.

"മരമാകുമ്പൊ ചിലപ്പൊ അങ്ങനെയൊക്കെ സംഭവിക്കും. ഈ രീതിയില്‍ വളരണമെന്ന് ഞാന്‍ മരത്തോടുപറഞ്ഞാല്‍ മരം അനുസരിക്കില്ല. അതുമല്ല. എന്റപ്പന്‍ നട്ടുവളര്‍ത്തിയ മരമാ. അതിന്റെ ചില്ലപോയിട്ട് ഒരില എടുത്തുമാറ്റാന്‍ ഞാന്‍ സമ്മതിയ്ക്കില്ല''

"വാശിയാണോ?''

"അതെ വാശിയാ. എന്തു സംഭവിച്ചാലും ശരി. ഈ ചില്ല ഞാന്‍ മുറിച്ചുമാറ്റില്ല''.

"എന്നാല്‍ താന്‍ കേട്ടോ. എത്രേക്കെ കാശു ചെലവാക്കേണ്ടിവന്നാലും ഞാനിതു മുറിപ്പിയ്ക്കും''

വക്കീലാഫീസ് 1

"വക്കീലേ... ദേ.. ഇത് പ്രസ്റ്റീജിന്റെ പ്രശ്നമാ. പ്രസ്റ്റീജിന്റെ പ്രശ്നം. രൂപ എനിക്കൊരു പ്രശ്നമല്ല. എത്രവേണോ ഞാന്‍ ചെലവാക്കും. പക്ഷെ എന്റെ ആ പ്ലാവിന്റെ ചില്ലയ്ക്ക് ഒരു പോറല്‍പോലും ഏല്‍ക്കരുത്. അവന്‍ ഗുണ്ടകളെവിട്ട് ചില്ലമുറിക്കാന്‍ ഇടയുണ്ട്. ഇഞ്ചക്ഷനോ മുന്‍കൂര്‍ വാണിങ്ങോ, നോട്ടീസ് പതിപ്പിക്കലോ എന്താണെന്നുവച്ചാല്‍ ഉടനെ ചെയ്യണം. ഇതാ അഡ്വാന്‍സ്, എണ്ണി നോക്കണം. പോരെങ്കില്‍ ഉച്ചയ്ക്കുമുമ്പ് വീണ്ടുമെത്തിയ്ക്കാം''.

വക്കീലാഫീസ് 2

"ഇതാ അമ്പതിനായിരം രൂപ. ഒരു തല്‍ക്കാലഫീസ്. അവന്റെ പ്ലാവിന്റെ ആ ചില്ല ആ മരത്തില്‍നിന്ന് അടര്‍ന്നുമാറുന്ന ദിവസം, ദേ വക്കീലേ, ഞാനെന്റെ വീടും പറമ്പും വക്കീലിന് എഴുതിത്തരും. പ്രസ്റ്റീജിന്റെ പ്രശ്നമാ. പ്രസ്റ്റീജിന്റെ പ്രശ്നം...''

ഇടവഴി - ആറുമാസത്തിനുശേഷം

"രമേശന്‍ സാറിതെങ്ങോട്ടുപോണു. കേസിന്റെ കാര്യമൊക്കെ എന്തായി''.

"അതിനുവേണ്ടിയുള്ള ഓട്ടംതന്നാ സുഗുണാ. പ്ലാവിന് അയാളും ഞങ്ങളും സെക്യൂരിറ്റിയിട്ടേയ്ക്കുകയാണല്ലോ. അതിന് കക്ഷികള്‍തന്നെ കാശുകെട്ടണം. അടുത്തയാഴ്ചയാ കേസെടുക്കുന്നെ. കുറച്ചു ഫീസുകൂടി എത്തിക്കണം. തന്റെ പരിചയത്തില്‍ ആരെങ്കിലുമുണ്ടോ. കുറച്ചുകാശ് റോള്‍ചെയ്യാന്‍''.

"പത്തുശതമാനം പലിശകൊടുക്കാമെങ്കില്‍ ഞാന്‍ റെഡിയാക്കാം. പിന്നെ രമേശന്‍ സാറെ. ദേ ഞാന്‍ പലവട്ടം പറഞ്ഞകാര്യം ഓര്‍മയുണ്ടല്ലോ. ഇത് അഭിമാനപ്പോരാട്ടമാണ് അഭിമാനപ്പോരാട്ടം. അതുമല്ല അയാള് വരത്തനല്ലേ. വല്ല ജില്ലേന്നും വന്നു കുടിയേറിയ കക്ഷി. അയാള് അങ്ങനെ ആളായാലോ. ഇവനൊക്കെ തലയെടുക്കുമ്പഴേ പത്തിക്കുകൊടുക്കണം തല്ല്''.

"പക്ഷെ ഇപ്പോത്തന്നെ കാശ്...''

"കാശ് വരും പോകും. പക്ഷെ മതിലും മരച്ചില്ലയും പ്രസ്റ്റീജും. അതുപോയാല്‍പിന്നെ തിരിച്ചുകിട്ടില്ല സാറെ. അതുമല്ല നഷ്ടപ്പെടുന്നതോര്‍ത്ത് നീ എന്തിനു ദുഃഖിക്കുന്നു എന്നൊക്കെയല്ലേ വേദങ്ങളില്‍ പറഞ്ഞിട്ടുള്ളത്''.

രജിസ്ട്രാര്‍ ഓഫീസ് രണ്ടുവര്‍ഷത്തിനുശേഷം

അവിടെ രണ്ട് ആധാരങ്ങളുടെ പ്രമാണം നടക്കുകയാണ്. ജോസഫിന്റെയും രമേശന്റെയും വീടും പറമ്പും വില്‍ക്കുകയാണ്. കേസു നടത്തിച്ചും ഇടനിലക്കാര്‍ പിരികയറ്റിയും കാശു കുറെ ഇറങ്ങി. ഗുണ്ടകള്‍ക്കും മറ്റുമായി വേറെയും ചെലവ്. നില്‍ക്കക്കളിയില്ലാതെ രണ്ടുപേരും വില്‍ക്കുകയാണ്. ആധാരം കഴിഞ്ഞ് പുറത്തേക്കിറങ്ങുന്ന രമേശന്‍, ജോസഫ്. അവര്‍ നോക്കുന്നു. രണ്ടുപേരുടെയും പ്രസ്റ്റീജ് വിജയിച്ചിരിക്കുകയാണ്. സ്ഥലങ്ങള്‍ വാങ്ങിയ സുഗുണന്‍ സന്തോഷത്തോടെ അവര്‍ക്കുമുന്നിലൂടെ ടാറ്റാ പറഞ്ഞുപോകുന്നു.

"രമേശന്‍''

"എന്താടാ ജോസഫേ?''

"ജയിച്ചത് ഞാനാണോ നീയാണോ?''

"നമ്മള്‍ രണ്ടുപേരുമല്ല''

"പിന്നെ - പ്രസ്റ്റീജാണോ?''

"അതുമല്ല. അതാ പോകുന്നില്ലേ സുഗുണന്‍. അവനാടാ ജയിച്ചത്. നമ്മളെപ്പോലുള്ളവരെ തമ്മില്‍ തല്ലിച്ച് ചോരകുടിക്കുന്ന അവന്മാര്‍ക്കാണെടാ ജയം. ഒരു മഴത്തുള്ളിയിലോ മരച്ചില്ലയിലോ അല്ല പ്രസ്റ്റീജെന്ന് തിരിച്ചറിയാന്‍ നമ്മള്‍ വളരെ വൈകിപ്പോയി''.

"എന്തായാലും പറ്റിയതുപറ്റി. നമുക്ക് സുഗുണനെ കാര്യമായൊന്നു സല്‍ക്കരിക്കണ്ടേ''.

"വേണം''

ആശുപത്രി

കാഷ്വാലിറ്റിയില്‍ രണ്ടു ഡോക്ടര്‍മാര്‍

"ഈശ്വരാ. ഇയാളുടെ എല്ലു മുഴുവന്‍ നുറുങ്ങിയിരിക്കുകയാണല്ലോ''

"അതെ ഒറ്റപല്ലുപോലും വായിലില്ല''.

"കഴുത്തുതിരിഞ്ഞ് പിറകോട്ടായിപ്പോയിരിക്കുന്നു''.

"നാട്ടിലെ പാരയാണത്രെ ഇവന്‍. തമ്മില്‍ തല്ലിയ്ക്കലാണത്രെ ഹോബി. പേരു സുഗുണന്‍''.

"ഒരു കാര്യം ചെയ്യാം. ഒപി ടിക്കറ്റില്‍ പേര് ദുര്‍ഗ്ഗുണന്‍ എന്നാക്കാം''.

(ലേഖകന്‍: ശ്രീ. കൃഷ്ണ പൂജപ്പുര. കടപ്പാട്: ദേശാഭിമാനി, വര്‍ക്കേഴ്സ് ഫോറം)

Thursday, 12 March 2009

ശ്രീരാമസേന

ശ്രീരാമസേന

വിവാഹ വാര്‍ഷികദിനത്തില്‍ കള്ളന്‍ തരളിതഹൃദയനായി. നളിനകുമാരിയെ മാറോട് ചേര്‍ത്ത് കാതില്‍ കിന്നരിച്ചു.

'നളിനം പറയൂ, ഇന്ന് നാം ബന്ധിതരായതിന്റെ രണ്ടാം ചരമ വാര്‍ഷികമാണ്. നിനക്കെന്തുവേണം?. ചോദിച്ചോളൂ, ജീവിതമൊഴികെ മറ്റെന്തും. മേല്‍പ്പറഞ്ഞത് നിന്റെ കാല്‍ക്കല്‍ നാം നേരത്തെ സമര്‍പ്പിച്ചതാണല്ലൊ.'

നളിനം സ്വന്തം ചെവി സ്വതന്ത്രമാക്കിയശേഷം പറഞ്ഞു.

'ഇത്തരം സന്ദര്‍ഭത്തില്‍ ചിലര്‍ വികാരലോലന്മാരായി പ്രത്യക്ഷപ്പെടാറുണ്ട്. ഉദ്ദേശ്യം മറ്റു പലതുമാണെന്ന് മനഃശാസ്ത്രജ്ഞന്മാര്‍ പറഞ്ഞിട്ടുമുണ്ട്. വിസ്താര ഭയത്താല്‍ ഞാന്‍ അവരുടെ പേരുകള്‍ ഉദ്ധരിക്കുന്നില്ല. എനിക്കൊന്നേ പറയാനുള്ളു. വിവാഹിക വാര്‍ഷികത്തില്‍ ഭാര്യക്ക് എന്താണ് കൊടുക്കേണ്ടതെന്നറിയാത്ത ഭര്‍ത്താവിനെച്ചൊല്ലി ഞങ്ങള്‍, സ്ത്രീകള്‍ ഒന്നടങ്കം ലജ്ജിക്കുന്നു. നിന്റെ ഹൃദയം ഇത്രയേറെ വരണ്ടുപോയല്ലോ. പ്രണയം, ഉഴുതുമറിച്ച നിലം പോലെയായിരിക്കണം. എന്നാലേ എന്നും വിളവുണ്ടാകു.'

'നളിനം, അതിനര്‍ഥം ഞാനെന്നും രണ്ടു കാളകളെ തയ്യാറാക്കി നിര്‍ത്തണം എന്നല്ലെ...?'

ചോദ്യത്തിലെ രണ്ടാമത്തെ അര്‍ഥം പെട്ടെന്ന് പിടികിട്ടിയ നളിനകുമാരി കള്ളന്റെ നെഞ്ചില്‍ വീണ് പൊട്ടിച്ചിരിച്ചു.

ചിരി സ്വയം അസഹ്യമായപ്പോള്‍ നിര്‍ത്തി.

'..പറയൂ..നളിനം. നിന്നോടുള്ള എന്റെ ഇഷ്ടം ശതഗുണീഭവിച്ച ഈ നിമിഷത്തില്‍ പറയൂ, നിനക്കെന്ത് വേണം..?'

നളിനകുമാരി കടലാസും പേനയുമെടുത്ത് പ്രണയം ഗുണിച്ച് നോക്കി. കള്ളന്റെ കടക്കണ്ണില്‍ ചിരി വിരിഞ്ഞു.

അറുപതുകളിലെ നായികയെപ്പോലെ അവള്‍ വിതുമ്പി.

'ഈ കഴുത്തില്‍ ഈ താലി വെച്ചതിനു ശേഷം നിങ്ങള്‍ എനിക്കെന്തെങ്കിലും വാങ്ങിത്തന്നിട്ടുണ്ടോ..?പൊടിയാത്ത ഒരു സാരി, കീറാത്ത ഒരു ജമ്പര്‍..ഇല്ല.. മറ്റ് വിശദാംശങ്ങളിലേക്ക് ഞാന്‍ കടക്കുന്നില്ല...എനിക്കുണ്ടോ..?'

നളിനം ഇത്തരം ഭാഷാ പ്രയോഗങ്ങള്‍ക്ക് മീതെ നാല്‍പ്പതിലേറെ പതിറ്റാണ്ടുകള്‍ കടന്നുപോയത് നീ അറിഞ്ഞില്ലേ..?. അര്‍ണോസു പാതിരിക്കുപോലും ചിരിവരുന്ന വാചകങ്ങള്‍ നളിനം നീ ആവര്‍ത്തിച്ച് നിന്റെ നിലവാരത്തകര്‍ച്ച പ്രകടിപ്പിക്കരുത്. ലേഖനമെഴുതുന്ന സ്ത്രീകള്‍ ഇതറിഞ്ഞാല്‍ നിന്നെ മുണ്ഡനം ചെയ്യും. അതുകൊണ്ട് നളിനം നിന്റെ സങ്കടങ്ങള്‍ പോലും ഹൈടെക്കാക്കു..മോഡേണിറ്റി ഈസ് ക്രിയേറ്റിവിറ്റി. നിനക്ക് ഞാന്‍ രണ്ട് മൊബൈല്‍ ഫോണ്‍ തന്നില്ലേ..?ഒരു ലാപ്ടോപ് തന്നില്ലേ..?പറയൂ, നിനക്കെന്തു വേണം?ഡിജിറ്റല്‍ ടി വി?, ഡി വി ഡി? ഹോം തിയറ്റര്‍?. അതിനു പകരം പിഞ്ഞിയ സാരി, കീറിയ ജമ്പര്‍..സ്വപ്നങ്ങളായാലും അപ് റ്റുഡേറ്റാകണം നളിനം.'

'ഇതൊക്കെ നിന്റെ വാചകം. ഇതിലൊന്നും നിന്റെ വിയര്‍പ്പില്ല.'

'സമ്മതിച്ചു. പക്ഷേ, നളിനം, മോഷ്ടിക്കുന്നതുപോലെ തന്നെ പ്രതിഭ ആവശ്യപ്പെടുന്നതാണ് അതിന്റെ ഉപയോഗവും. നിനക്ക് ഞാന്‍ തന്നത് വെറും തൊണ്ടിമുതലുകളല്ല. എന്റെ രാത്രിയുടെ വികാരവായ്പുകളാണ്. ഞാന്‍ പിടിച്ചെടുത്ത പര്‍വതങ്ങളാണ്. ഞാന്‍ നിനക്കൊരു പൂ സമ്മാനിക്കുമ്പോള്‍ ഒരു സസ്യശാസ്ത്രജ്ഞയുടെ മനസ്സല്ല നിനക്ക് വേണ്ടത്. അതിന്റെ ദലങ്ങള്‍ക്ക് നിറം പകര്‍ന്നത് ശാസ്ത്രമല്ല, എന്റെ ഹൃദയമാണ്. നളിനം, ഒരു രാജാവും വെട്ടിപ്പിടിച്ച രാജ്യം രാജ്ഞിക്ക് വിവാഹസമ്മാനമായി നല്‍കിയിട്ടില്ല-ഷാജഹാന്‍ ചക്രവര്‍ത്തിപോലും. പക്ഷേ ഞാന്‍ നിനക്ക് സമര്‍പ്പിച്ചു, എല്ലാം.'

'ഈ ഒരു നല്ല ദിവസത്തിലെങ്കിലും നീ ചരിത്രം വിളമ്പാതിരിക്കു. എനിക്ക് സ്വസ്ഥത തരൂ. നീ ഒരു പണ്ഡിതനാണെന്ന് ഞാന്‍ എത്രയോ വട്ടം സമ്മതിച്ചിരിക്കുന്നു. ഇനിയെങ്കിലും നാക്കുകൊണ്ട് ഉപന്യസിക്കാതിരിക്കു, പ്ളീസ്.നിന്റെ പ്രസംഗം അവസാനിപ്പിക്കാന്‍ ഞാന്‍ എന്തായാലും ഒരു സമ്മാനം ആവശ്യപ്പെടാം..'

'പറയൂ.'

'അലക്കിയുണക്കി വരുന്ന വാഷിങ് മെഷീന്‍.'

'എളുപ്പമല്ല. റിസ്ക്കുണ്ട്.'

'ഇന്നോവ.'

'വാഹനരംഗത്തേക്ക് ഞാന്‍ കടന്നിട്ടില്ല എന്ന് നിനക്കറിയാമല്ലൊ. നീ പണക്കൊഴുപ്പിന്റെ പിന്നാലെ പോകല്ലെ. വഞ്ചിക്കപ്പെടുന്ന ഉപഭോക്താവാകല്ലെ. ആഗോളീകരണത്തിന്റെ ഇരയാകല്ലെ. ലേഖനത്തിന്റെ വിഷയമാകല്ലെ.നമ്മുടെ ബജറ്റില്‍ ഒതുങ്ങുന്നതും പ്രകൃതിക്കിണങ്ങുന്നതും പരിസ്ഥിതിക്ക് നാശം വരാത്തതുമായ എന്തെങ്കിലും ആവശ്യപ്പെടൂ..'

' അയല മൊളകിട്ടതും പുട്ടും..'

'..ഛേ..അതില്‍ തീരെ റൊമാന്‍സില്ല. പ്രണയം കൊടിയേറുമ്പോള്‍ പുട്ടോ..?ഹൃദയം ലോലവും ശരീരം മൃദുവുമായിരിക്കുമ്പോഴാണ് പ്രണയം അതിന്റെ സ്വന്തം ഡയലോഗടിക്കുന്നത്. അപ്പോള്‍ പുട്ടോ..?.പുട്ട് പൊടിക്കാന്‍ ബലം പ്രയോഗിക്കണം. ബലം പ്രയോഗിക്കുമ്പോള്‍ പ്രണയിക്കാനാവുമോ..?പേശികള്‍ മുറുകുമ്പോഴല്ല, അയയുമ്പോഴാണ് ദേഹം പ്രണയസാന്ദ്രമാകുന്നത്. പല്ല് കടിച്ച് പുട്ട് പൊടിക്കുമ്പോള്‍ നളിനം, എങ്ങനെയാണ് സ്വപ്നം കിനിക്കുന്ന വാചകങ്ങള്‍ ഉതിര്‍ക്കുന്നത്.'

' നീ എന്നെ തോല്‍പിക്കുകയാണ് അല്ലേ. എങ്കില്‍ ഐസ് ക്രീം.'

'ആശയത്തില്‍ പുതുമയില്ല.'

'ഞാന്‍ തോറ്റതായി പ്രഖ്യാപിക്കുന്നു.'

'ഞാന്‍ ജയിച്ചതായി ഭാവിക്കുന്നില്ല.'

'എന്നാല്‍ നീ പറയ്..'

കള്ളന്‍ ചിന്തിക്കുന്നതായി അഭിനയിച്ചു.

'കടല്‍ത്തീരത്ത് ഒരു സായാഹ്നം. കൊറിക്കാന്‍ നിലക്കടല. എങ്ങനെയുണ്ട്..?'

'നീ ധനമന്ത്രിയാവുന്നതും ബജറ്റവതരിപ്പിക്കുന്നതും ഞാന്‍ സ്വപനം കാണുന്നു.'

'നിന്റെ സ്വപ്നം ഫലിക്കാതിരിക്കട്ടെ.'

നളിനവും കള്ളനും കടല്‍ത്തീരത്തേക്ക് ഇറങ്ങി. തിരകള്‍ നക്കിത്തുടച്ച തീരത്ത് നഗ്ന പാദങ്ങള്‍ കൊണ്ട് അവര്‍ ചിത്രം വരച്ചു. രവിവര്‍മ സ്കൂള്‍ ഓഫ് ആര്‍ട്.

നളിനത്തിന്റെ മടിയില്‍ പ്രണയത്തിന്റെ ഗന്ധം ശ്വസിച്ച് കള്ളന്‍ കിടന്നു. കള്ളന്റെ കൈ പിടിച്ച് നളിനം മണലിലെഴുതിച്ചു.

'കൊച്ചുകള്ളന്‍.'

പടിഞ്ഞാറന്‍ കാറ്റ് നളിനത്തിന്റെ മുടി പറത്തി കള്ളന്റെ മുഖത്തിട്ട് ഓടിക്കളഞ്ഞു. കാച്ചെണ്ണ തേച്ച മുടിയഴകിന്റെ കറുത്ത അലകള്‍ കള്ളന്റെ കവിളിനെ തൊട്ടും തലോടിയും രസിച്ചു. 'ബ്ളും.' തക്കം നോക്കി അസ്തമയ സന്ധ്യ കടലില്‍ വീണു.

കരുതിവെച്ച വാചകങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനു മുമ്പെ അത് സംഭവിച്ചു. അവരെ ആന്റിറൊമാന്റിക് സ്ക്വാഡ് വളഞ്ഞു. മിന്നല്‍ പരിശോധനയായിരുന്നു. പോഷകാഹാരക്കുറവ് തീണ്ടാത്ത പത്ത് ശരീരങ്ങളാണ് അവരെ വളഞ്ഞു നിന്നത്.

കള്ളന്‍ ചോദിച്ചു.

'നിങ്ങള്‍..?'

'ജയ് ശ്രീറാം. ഞങ്ങള്‍ ശ്രീരാമ സേനക്കാര്‍.'

'..പണി..'

'ഇത്തരം ഹീനകൃത്യങ്ങള്‍ കണ്ടുകെട്ടി മുദ്രവെക്കല്‍.'

'പ്രതിഫലം..?'

'ഇല്ല. ഭാരതീയ സംസ്കാരം സംരക്ഷിക്കാനുള്ള സന്നദ്ധസേവനമാണ്.'

'സന്നദ്ധസേവനത്തിനെന്ത് തരപ്പെടും എന്നാണ് ചോദിച്ചത്?'

'ആര്‍ഷ ഭാരത സംസ്കാരം നിരോധിക്കാത്തതെന്തും.'

'വിശദീകരിക്കാമോ..?'

'ഒരു യാഗത്തിനുള്ളതെല്ലാം കിട്ടും. ഖരമായും ദ്രാവകമായും. പണി തീര്‍ത്ത് പോകുമ്പോള്‍ കാമശാസ്ത്രത്തിന്റെ ഒരു കോപ്പിയും.'

'ഇതൊരു ഹീനകൃത്യമാണെന്ന് ആരു പറഞ്ഞു?'

'ജയ് ശ്രീറാം. ഇത് ഹീനമാണ്.'

'രാധയുടെ ചിലങ്കകള്‍ ആര്‍ക്ക് വേണ്ടിയാണ് കിലുങ്ങിയത്?പാര്‍വതീദേവി പച്ചിലക്കൂമ്പുകള്‍ മാത്രം കഴിച്ചത് എന്തിനായിരുന്നു?.ഇന്ദ്രന് ആയിരം കണ്ണുകള്‍ ഉണ്ടായത് എങ്ങനെയാണ്?'

'ജയ് ശ്രീറാം. ചാര്‍ച്ചക്കെത്തിയവരുമായി ചര്‍ച്ചയില്ല.'

'ഞങ്ങള്‍ എന്ത് ചെയ്യണം?.'

'നിങ്ങള്‍ വിവാഹിതരാവണം.'

'ഞങ്ങള്‍ വിവാഹിതരാണ്'

രാമസേനക്കാര്‍ ഈ പ്രശ്നം എങ്ങനെ പരിഹരിക്കുമെന്നതിനെക്കുറിച്ച് ആലോചനയില്‍ മുഴുകി.

'നടക്ക്..'

കള്ളന്‍ ചോദിച്ചു.

'എങ്ങോട്ട്'?

'ഞങ്ങളുടെ ഫീല്‍ഡ് മാര്‍ഷലിന്റെയടുത്തേക്ക്.'

'ആരാണ്?'

'ഗുരുജി സ്വാമി ബ്രഹ്മചര്യാവ്രതന്‍.'

'എവിടെയാണ് അദ്ദേഹം പള്ളികൊള്ളുന്നത്..?'

'പള്ളിയോ, മിണ്ടിപ്പോകരുത്.'കള്ളനും നളിനവും ബ്രഹ്മചര്യാവ്രതന്റെ ആശ്രമത്തിലെത്തി.വ്രതന്‍ ധ്യാനത്തിലാണ്.

കള്ളന്‍ സൂക്ഷിച്ച് നോക്കി.

എവിടെയോ...എവിടെയോ..കണ്ടിട്ടുണ്ട്.ഓ!. പിടികിട്ടി.

ഓര്‍ത്തോര്‍ത്തോണ്ടിരുന്ന കള്ളന്‍ ഓടിച്ചെന്ന് സ്വാമി ബ്രഹ്മചര്യാവ്രതന്റെ കാലില്‍ വീണു.

പ്രവൃത്തിയില്‍ സന്തോഷം രേഖപ്പെടുത്തി കള്ളനെ വാത്സല്യപൂര്‍വം പിടിച്ചെഴുന്നേല്‍പ്പിച്ചു. എഴുന്നേല്‍ക്കുമ്പോള്‍ കള്ളന്‍ ബ്രഹ്മചര്യന്റെ ചെവിട്ടില്‍ പറഞ്ഞു.

'കള്ളക്കഴ്വേറി നിനക്കെന്നെ മനസ്സിലായില്ല, അല്ലേ?'

ബ്രഹ്മചര്യം കള്ളനെ തറച്ചു നോക്കി. പെട്ടെന്ന് ക്രോധമടക്കി. നിസ്സംഗഭാവത്തില്‍ എഴുന്നേറ്റു.

കള്ളനോടും നളിനത്തോടു പറഞ്ഞു.

'നമ്മെ അനുഗമിക്കു.'

അകത്ത് വിശാലമായ മുറി. ഫ്രഞ്ച് സെറ്റി, ഇറ്റാലിയന്‍ കര്‍ട്ടനുകള്‍, ഇന്റേണല്‍ പ്ളാന്റ്സ്..ആകെ ഒരു അഹംബ്രഹ്മാസ്മി മയം.

കള്ളന്‍ ചോദിച്ചു.

'ഡാ..നിനക്കെന്നെ മനസ്സിലായാ..?'

'മനസ്സിലായാന്നോ..? ഒറ്റനോട്ടത്തില്‍ പിടികിട്ടി. നിനക്കെന്നെ പിടികിട്ടിയില്ലെങ്കില്‍ പിടിച്ചുനില്‍ക്കാമെന്ന് കരുതി.'

നളിനം നിരക്ഷരയായി നില്‍ക്കവെ കള്ളന്‍ പറഞ്ഞു.

'ഞങ്ങള്‍ ഒരേ തൊഴില്‍ ചെയ്തിരുന്നതാണ്. പൂട്ട് പൊളിക്കലിലായിരുന്നു ഇവന്റെ സ്പെഷലൈസേഷന്‍.പൊലീസ് പിടിക്കുമെന്നായപ്പോള്‍ ഒരു പെണ്ണിനേയുമടിച്ച് ഇവന്‍ നാടുവിട്ടു.'

കള്ളന്‍ ചോദിച്ചു.

'ഡാ..അവള്‍ എവിടെ..?'

'അവള്‍ തന്നെ ഇപ്പോഴും ഭാര്യ. രണ്ടുകുട്ടികളുമുണ്ട്. മക്കള്‍ ഡാര്‍ജലിങ്ങിലാണ് പഠിക്കുന്നത്. ഭാര്യയും അവിടെയാണ്. ഞാന്‍ രണ്ടുമാസം കൂടുമ്പോ പോകും.സുഖം. നിനക്കോ?'

'ഞാന്‍ രക്ഷപ്പെട്ടിട്ടില്ലെടാ. കള്ളനായിത്തന്നെ ജീവിക്കുന്നു.'

തുടര്‍ന്ന് എല്ലാവരും കൂടി ഓരോകുപ്പി ബിയര്‍ കഴിച്ച് പിരിഞ്ഞു.

*
എം എം പൌലോസ്

പ്രണയബലി

പ്രണയബലി

വസന്തനീലിമയില്‍നിന്ന് വരണ്ട മണ്ണിലേക്കു പതിച്ച ഒരു പ്രണയ പുഷ്പമാണ് ഞാന്‍. അലങ്കാരങ്ങള്‍ കേള്‍ക്കുമ്പോള്‍ ഞാന്‍ ഒരു സ്ത്രീയാണെന്ന് കരുതിയേക്കാം. അനുഭവത്തില്‍ മറിച്ചാണ്, പുരുഷന്‍. ആണുങ്ങളെ പൂക്കളുമായി ഉപമിക്കാത്തതിന്റെ കുഴപ്പമാണിത്. ആണുങ്ങള്‍ക്ക് പറ്റിയ എത്ര പൂക്കളുണ്ട് ഈ ഭൂമിയില്‍. എന്നിട്ടും ഒരെണ്ണം പൊട്ടിച്ച് ഇതുവരെ പുരുഷന്റെ പേരില്‍ എഴുതിയില്ല.

പോട്ടെ, ക്ഷമിക്കാം.

ഇപ്പോള്‍ ഞാന്‍ പീഡനക്കേസിലെ ഒന്നാം പ്രതിയാണ്. കാമുകസ്ഥാനത്തുനിന്ന് പ്രതിസ്ഥാനത്തേക്കുള്ള പരിവര്‍ത്തനം. പ്രണയത്തിന്റെ അരുണവര്‍ണം മാറിമാറി ഉമ്മവെച്ച എന്റെ കവിള്‍ത്തടത്തില്‍ ഇപ്പോള്‍ പൊലീസുകാരന്റെ തഴമ്പിച്ച വിരലിന്റെ പാടാണ്. പ്രണയ ദുരന്തത്തിന്റെ നീര്‍ക്കെട്ട്.

പക്ഷേ, ഞാന്‍ കുറ്റക്കാരനല്ല!

എന്റെ ഈ കണ്ണീരില്‍ കുതിര്‍ന്ന ജീവിതകഥ കേള്‍ക്കൂ. ഇത് എന്റെ മാത്രം കഥയല്ല. അപമാനഭാരത്താല്‍ പട്ടുതൂവാലകൊണ്ട് മുഖംപൊത്തി പോകുന്ന മുഴുവന്‍ പ്രതികളുടെയും കഥയാണ്.

പ്രേമിക്കേണ്ട സമയമായപ്പോള്‍ പതിവുപോലെ ഞാനും പ്രേമിച്ചു. സാധാരണ കാണപ്പെടുന്ന പരിശുദ്ധ, ദിവ്യ ഇനത്തില്‍പ്പെട്ട വിത്ത് തന്നെയാണ് കൃഷി ചെയ്തത്. ചാണകവും ചാരവും പച്ചിലകളും മാത്രം ഉപയോഗിച്ചുള്ള ഒരു നാടന്‍കൃഷി. നാടന്‍ വളങ്ങള്‍ തന്നെയാണ് പ്രേമത്തിന് നല്ലത്. ചെലവും കുറവ് ! വിലക്കൂടുതലുള്ള സാധാനങ്ങള്‍ ഉപയോഗിക്കുന്നതിലല്ല കാര്യം. കൃത്യസമയത്ത് വേണ്ടത് ചെയ്യുന്നതാണ് സാമര്‍ഥ്യം. വിത്തിറക്കുന്നതും കൊയ്യുന്നതുമൊക്കെ തക്കസമയത്തായിരിക്കണം. ഇല്ലെങ്കില്‍ പെഴയ്ക്കും. അറുപത് കഴിഞ്ഞിട്ട് ഐസ്ക്രീം മേടിച്ചുകൊടുത്തിട്ട് എന്താ കാര്യം!

എന്റെ കാമുകിയുടെ പേര് ഞാന്‍ പറയുന്നില്ല. എന്റെ പ്രണയം എന്റെ മാത്രം കാര്യമാണ്. അതില്‍ സമൂഹം ഇടപെടേണ്ടതില്ല. 'സാമൂഹ്യ നവോത്ഥാനവും എന്റെ കാമുകിയും' എന്ന വിഷയത്തിന് പ്രസക്തിയില്ല. പിന്നെ എല്ലാ
കാമുകന്മാരും കാമുകിക്ക് സ്വന്തംനിലയില്‍ ഒരു പേര് കണ്ടെത്തിയിട്ടുണ്ടാവും. എന്നാലും ചിലരൊക്കെ ഇപ്പോഴും
വോട്ടേഴ്സ് ലിസ്റ്റിലെ പേരുമാത്രം വിളിച്ച് പ്രേമിക്കുന്നുണ്ട്. അവര്‍ ഭാവനയില്ലാത്തവരാണ്. അവരെ വിട്ടേക്കു.

എന്റെ കാമുകിയെ 'അവള്‍' എന്നാണ് തല്‍ക്കാലം ഞാന്‍ പറയുന്നത്. എല്ലാ 'അവള്‍'മാര്‍ക്കും ഒരേ മുഖമാണ്, ഒരേ ശരീരമാണ്. ഡെഡ്‌ഡമോണയുടെ സൌന്ദര്യമാണ്.

ഞാന്‍ അവളെ പ്രേമിച്ചത് യാദൃച്ഛികമായിരുന്നില്ല. യാദൃച്ഛികം എന്നൊന്നില്ല. വിജയിക്കുന്നവര്‍ വിനയത്തില്‍ പൊതിഞ്ഞുവെച്ചിരിക്കുന്ന അഹങ്കാരമാണ് അത്. കൂട്ടലും കിഴിക്കലും മാത്രമേ ജീവിതത്തിലുള്ളു. ഓരോ സന്ദര്‍ഭവും കൂട്ടാനും കിഴിക്കാനുമുള്ള അവസരമാണ്. കണക്കു കൃത്യമായാല്‍ മിടുക്കന്‍, കണക്കു പെഴച്ചാല്‍ വിഷമിക്കേണ്ട. കണ്ണീരും കൈയുമായി ഒരു ആദര്‍ശധീരന്‍. പ്രേമം പുരുഷന് ആനയാണ്. നിന്നാലും ചരിഞ്ഞാലും പന്തീരായിരം.

എന്റെ കണക്ക് തെറ്റിയില്ല. എന്നിട്ടും എന്നെ മിടുക്കന്‍ എന്ന് അഭിസംബോധന ചെയ്യാതെ പീഡനക്കേസിലെ ഒന്നാം
പ്രതിയാക്കി തടവുമുറിയില്‍ തള്ളിയിരിക്കുന്നു. കാപട്യം നിറഞ്ഞ ലോകം!

കൃത്യം പറഞ്ഞാല്‍ 2003 മെയ് 15ന് പകല്‍ 11.15 നാണ് എന്റെ പ്രണയം ആരംഭിക്കുന്നത്. ഒരു മിന്നല്‍ പണിമുടക്കായിരുന്നു സന്ദര്‍ഭം. നഗരത്തില്‍ അത്യാവശ്യമായി എത്തേണ്ട ഞാന്‍ ഒന്നൊന്നര മണിക്കൂറായി ബസ് കാത്തുനില്‍ക്കുന്നു. ബസ് വരുന്നില്ല. മിന്നല്‍ പണിമുടക്ക്.

ഞാന്‍ ഓട്ടോ വിളിച്ചു.

അപ്പോഴാണ് അവളെ കണ്ടത്. അവളും നഗരത്തിലേക്കുതന്നെയാണ്. അവള്‍ക്കും എന്തോ അത്യാവശ്യമുണ്ടെന്ന് മുഖം കണ്ടാല്‍ അറിയാം.

ഞാന്‍ ക്ഷണിച്ചു.

അവള്‍ കയറി.

അപ്പോള്‍ ഞാന്‍ സമയം നോക്കി. നേരത്തെ പറഞ്ഞ 11.15.

അവള്‍ അറിയാതെ ഞാന്‍ കുറെനാളായി അവളെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. അതിന്റെ മറ്റൊരു ഘട്ടമായിരുന്നു ഈ ക്ഷണം. അല്ലാതെ വെറും മനുഷ്യസ്നേഹം മാത്രമായിരുന്നില്ല അത്. അങ്ങനെയെങ്കില്‍ ചുമച്ചുകുരച്ച് നില്‍ക്കുന്ന ഒരു വല്യമ്മയെയാണ് ഞാന്‍ കൊണ്ടുപോവേണ്ടത്. അവര്‍ ആശുപത്രിയില്‍ പോകാന്‍ നില്‍ക്കുകയാണ്. ഇങ്ങനെ ഓരോ യാത്രക്കാര്‍ക്കും ഓരോ ആവശ്യം കാണും. അവരെയെല്ലാം ഞാന്‍ ഒഴിവാക്കി അവളെമാത്രം ക്ഷണിച്ചു.

എന്താണ് കാരണം?

അതാണ് പരിശുദ്ധവും ദിവ്യവുമായ പ്രണയം! ഓരോന്നോരോന്ന് വിദഗ്ദ്ധമായി ഒഴിവാക്കുമ്പോള്‍ അവശേഷിക്കുന്നതെന്താണോ അതാണ് യഥാര്‍ഥ പ്രേമം.

അങ്ങനെ ഐഎസ്ഐ മാര്‍ക്കുള്ള ഒരു പ്രേമിതനാണ് ഞാന്‍. ഓട്ടോ നഗരത്തിലെത്തി. ഞാന്‍ ഇറങ്ങി. പുറകെ അവളും.

അവള്‍ തിരിച്ചുനിന്ന് നന്ദി പറഞ്ഞു. നന്ദിയില്‍ ഒരു നദി ഒഴുകുന്നത് ഞാന്‍ തിരിച്ചറിഞ്ഞു.

ഓട്ടോക്കാരന്‍ 70 രൂപ വാങ്ങി. പ്രണയത്തിന്റെ കണക്കുപുസ്തകത്തിലെ ചെലവുകോളത്തില്‍ ഞാന്‍ എഴുതി 70 രൂപ.

ഏത് സംരംഭവും തുടങ്ങുമ്പോള്‍ ആദ്യം കുറച്ചു പൈസ ചെലവാകും. റിട്ടേണ്‍ ഉണ്ടാവില്ല. പയ്യത്തിന്നാലേ പന തിന്നാനാവു. ഞാന്‍ രണ്ടുമാസത്തെ കണക്കുനോക്കി. സാമാന്യം നല്ല തുക ചെലവായിട്ടുണ്ട്. എസ്റ്റാബ്ളിഷ്‌മെന്റ കോസ്റ്റ് വിചാരിച്ചിടത്ത് നിന്നില്ല.

പറയുന്നത് വിശ്വാസമാവുന്നില്ലെങ്കില്‍ കണക്ക് ഹാജരാക്കാം.

പ്രണയസംബന്ധമായ യാത്ര(ബസ്, ഓട്ടോ, ടാക്സി) ഇനത്തില്‍ 2030.00

ഉച്ചഭക്ഷണം(ഇതില്‍ ഒരു ബിരിയാണിയുംപെടും) 260.00

മൊബൈല്‍ ഫോണ്‍ 1740.00

വഴിയിലെ കോയിന്‍ ബോക്സ് വകയില്‍ 31.00

ചായ,കാപ്പി 154.00

ഐസ്ക്രീം, ഫ്രൂട്ട് സലാഡ് 870.00

ഒരു ചുരിദാര്‍ 930.00

സിനിമ 350.00

സി ഡി 120.00

പലവക 78.20

ആകെ 6563.20

അഭ്യസ്തവിദ്യനും തൊഴില്‍രഹിതനുമായ ഒരു യുവാവിന് പ്രണയസംബന്ധമായി രണ്ടുമാസം ചെലവായ തുകയാണിത്. എനിക്ക് എങ്ങനെ ഈ പൈസ കിട്ടി എന്ന് സംശയിക്കണവരുണ്ടാകാം.

അവരോടൊന്നു പറഞ്ഞേക്കാം. നല്ലവരുടെ കാലം കഴിഞ്ഞിട്ടില്ല! എന്റെ അനുഭവമാണിത്.

പുതിയ സംരംഭകരെ സഹായിക്കാന്‍ അവര്‍ തയാറാണ്. രാജ്യം വികസിക്കണം. നാടിനും നാട്ടാര്‍ക്കും ഗുണമുണ്ടാവണം അത്രമാത്രം!

പ്രണയം ഒരു പ്രാവിനെപ്പോലെ കുറുകുമ്പോള്‍ ഞാന്‍ അവളോട് പറയുമായിരുന്നു.

'...തിന്മകള്‍ മാത്രമല്ല.. നന്മകള്‍കൂടി നിറഞ്ഞതാണ് ലോകം... എത്രയോ നല്ല മനുഷ്യര്‍ ഇവിടെയുണ്ട്. പക്ഷേ അവരെ നമ്മള്‍ കാണാതെ പോകുന്നു..'

അവളുടെ കണ്ണുകള്‍ അടഞ്ഞു. കണ്‍പീലികള്‍ക്കിടയില്‍ ഒരു നേരിയ നനവ്. തിരയിറങ്ങിപ്പോയ ഒരു കടല്‍.

ആത്മീയ സംഘര്‍ഷങ്ങള്‍ക്കിടയിലും മനശ്ശാന്തി തേടുന്ന പുരോഹിതന്‍, സമ്മര്‍ദം നിറഞ്ഞ ജോലിക്കിടയില്‍ സ്വച്ഛത തേടുന്ന പൊലീസ് ഉദ്യോഗസ്ഥന്‍, കണക്കുകളുടെ സംഘട്ടനങ്ങള്‍ക്കിടയില്‍ നിന്നു മുക്തിതേടാന്‍ കൊതിക്കുന്ന ബിസിനസ്സുകാരന്‍, പ്രശസ്തിയുടെ ആള്‍ത്തിരക്കിനിടയില്‍നിന്ന് അല്പം മാറി നടക്കാന്‍ ആഗ്രഹിക്കുന്ന താരം.

നോക്കു... ഓരോരുത്തരുടേയും ജീവിതം എത്ര പ്രാരബ്ധങ്ങളുടേതാണെന്ന്.

എന്നിട്ടും അവര്‍ മനസ്സില്‍ സ്നേഹം സൂക്ഷിക്കുന്നു. നിര്‍വ്യാജമായ സ്നേഹം.

ഞാന്‍ അവളോട് പറഞ്ഞു.

"സ്നേഹം കൊതിക്കുന്നവര്‍ക്ക് നീ അത് പകര്‍ന്നു കൊടുക്കണം. അതാണ് മനഷ്യത്വം, ധര്‍മം, നീതി... മര്യാദ...''

അവള്‍ സമ്മതിച്ചില്ല. സമൂഹത്തിന്റെ നന്മയെ കരുതി ഞാന്‍ നിര്‍ബന്ധിച്ചു.

അതിന് എനിക്ക് പണികിട്ടി. ഞാന്‍ റിമാന്‍ഡിലായി.

ലോകം ഇനി എന്നാണ് അതിന്റെ പുണ്യവാന്മാരെ തിരിച്ചറിയുന്നത്?

*

എം എം പൌലോസ്

Monday, 9 March 2009

'ഹാര്‍ട്ട് അറ്റാക്ക് '

'ഹാര്‍ട്ട് അറ്റാക്ക് '

ഒരു മര്യാദയുമില്ലാതെ മരണചിന്തകള്‍ കയറിവന്ന ആ ശരത്കാല രാത്രിയില്‍ ഉതുപ്പാഞ്ചേട്ടന്‍ അന്നമ്മച്ചേടത്തിയെ ഗാഢം പുണര്‍ന്നു.

കാറ്റ് വീശി; കരിയിലകള്‍ പറന്നു.

പൂര്‍വകാല പുണരലുകളുടെ മൂര്‍ച്ചയില്ലെങ്കിലും ഉള്ളതുകൊണ്ട് ഓണംപോലെ ആഘോഷിച്ച ഉതുപ്പാഞ്ചേട്ടന്‍ ഒരു വെറ്ററന്‍സ് മീറ്റിന്റെ അന്തരീക്ഷം ഒരുക്കി.

അപ്രതീക്ഷിതമായ ആഘാതത്തില്‍ അന്നമ്മച്ചേടത്തി താല്‍ക്കാലികമായി രോമാഞ്ചിതയായി. അമ്പതാണ്ടുകള്‍ക്കപ്പുറത്തേക്ക് മനസ്സ് ഒരു കള്ളവിസയില്‍ പറന്നു.

കൃത്യം പറഞ്ഞാല്‍ 51 വര്‍ഷം, മൂന്ന് മാസം, ഏഴു ദിവസം. അന്നാണ് അന്നമ്മച്ചേടത്തിയുടെ കഴുത്തില്‍ ഉതുപ്പാഞ്ചേട്ടന്‍ താലിവെച്ചത്.

അന്നമ്മച്ചേടത്തിക്ക് അന്ന് പ്രായം എട്ടും പൊട്ടും തിരിയാത്ത പതിനേഴ്. എട്ടും പൊട്ടും തിരിയാതെ തന്നെ ഏഴു പ്രസവം. ഒരുപ്പൂ കൃഷി. വര്‍ഷത്തിലൊന്ന്. കൃഷിഭവന്‍ ഉതുപ്പാഞ്ചേട്ടനെ പൊന്നാട ചാര്‍ത്തി. സബ്സിഡി നല്‍കി.

അന്നമ്മച്ചേടത്തിക്ക് അന്ന് ഉറക്കമില്ലാത്ത രാത്രികള്‍. മക്കള്‍ അസുഖവുമായി ഏകദിന ക്രിക്കറ്റ് കളിക്കുന്നു.

നമ്പര്‍ വണ്ണിന് കരപ്പന്‍.

നമ്പര്‍ ടൂവിന് തീക്കരപ്പന്‍.

നമ്പര്‍ ത്രീക്ക് എളക്കം.

നമ്പര്‍ ഫോറിന് ഛര്‍ദി.

നമ്പര്‍ ഫൈവിന് ചൊറി.

നമ്പര്‍ സിക്സിന് തവളച്ചൊറി.

നമ്പര്‍ സെവന് വലിവ്.

പക്ഷെ വിക്കറ്റ് പോവാതെ അന്നമ്മച്ചേടത്തി സുന്ദരമായി ബാറ്റ് ചെയ്തു.

ഒറ്റനിമിഷം.

അന്നമ്മച്ചേടത്തി ഓര്‍മകളുടെ കൊതുമ്പുവള്ളത്തില്‍ ഭൂതകാലത്തിന്റെ പമ്പയാറ് നീന്തി.

ഇപ്പോള്‍ മക്കളെല്ലാം ഒരു നിലയിലായി. എല്ലാവരുംവിദേശത്ത്.

ഓര്‍മകളില്‍നിന്ന് അന്നമ്മച്ചേടത്തി ഒരു ക്രാഷ് ലാന്‍ഡിങ് നടത്തി.

ഉതുപ്പാഞ്ചേട്ടന്‍ ആലിംഗനമെന്ന മട്ടില്‍ കൈകള്‍ പിണച്ച്വെച്ചിരിക്കുകയാണ്.

വാര്‍ധക്യത്തിന്റെ അനാഥത്വം പ്രിയഭര്‍ത്താവിനെ വേട്ടയാടുന്നുണ്ടാവും.

'കര്‍ത്താവേ... വേദപൊസ്തകം വായിച്ചാണല്ലൊ ഇതിയാന്‍ കെടന്നത്..എന്നിട്ടെന്നാ പറ്റീ..?'

ആത്മീയ ചിന്തകളില്‍നിന്ന് പതുക്കെപ്പതുക്കെ ഭൌതിക ചിന്തയിലേക്ക് എത്തി.

'ഇതുവരെ എല്ലാ ദെവസോം വേദപൊസ്തകം വായിച്ചാണല്ലൊ കെടന്നത്. എന്നിട്ടാണല്ലൊ ഞാന്‍ ഏഴെണ്ണത്തിനെ പെറ്റത്.'

അന്നമ്മച്ചേടത്തി ഒന്നുകൂടി ചേര്‍ന്ന് കിടന്നു.

ഉതുപ്പാഞ്ചേട്ടന്‍ വിയര്‍ക്കുന്നു.

'..യ്യോ..ഇതിയാനെന്നാ പറ്റീ..'

'..ഓ! ഒന്നൂല്ലടീ..'

'..ന്നാലും...ന്താ..ഒരു വെശര്‍പ്പ്..?'

'..ഒരു കാര്യം ആലോചിച്ച് വെശര്‍ത്ത് പോയതാ..'

'..എന്നാ..ആലോചിക്ക്യാ..'

'..എടിയേ..നിനക്കെത്ര വയസ്സായി...?'

'.. ഇതെന്നാ കൂത്താ..?. ഈ പച്ചപ്പാതിരക്ക് കെടന്ന് വയസ്സന്വേഷിക്കണത്..എനിക്കായേടത്തോളമൊക്കെയായി. ഇതിയാന്‍ കെടന്നൊറങ്ങ്..'

'..എന്റേടി പെണ്ണുമ്പിള്ളേ..നീയൊന്ന് പറയ്..'

'..ഓ..എനിക്കറിയാമ്മേല..'

' കള്ളം പറയരുത്...കര്‍ത്താവ് പൊറുക്കത്തില്ല..'

'പുതുപ്പള്ളിപ്പുണ്യാളനാണേ..എനിക്കറിയാമ്മേലേ..'

'..എന്നാ..നെനക്ക് അറുപത്തിയെട്ട്..'

'..ഓ! അത്രക്കൊന്നുമായില്ല...ഇതിയാന്‍ നൊണ പറയരുത്..അറുപത്തിയാറ്..'

'..കെട്ടാന്‍ നേരത്ത് എന്നോട് പറഞ്ഞ കണക്കനുസരിച്ചാണെങ്കി അറുപത്തിയെട്ട് തെകഞ്ഞു.'

'ഓ!.സമ്മതിച്ചു..'.

'..എനിക്കാ..?'

'ഇതിയാന് ഈ ധനു പതിനഞ്ചു വരുമ്പം എഴുപത്തിരണ്ട് തെകയും'

'..എടിയേ..അപ്പ നമുക്ക് മരിക്കേണ്ട സമയമായി...എനിക്കൊരു ചിന്ത. ആര് ആദ്യം മരിക്കണം?...ഞാനോ..?..നീയോ..?'

'..ഇതിയാനിതെന്നാ പറ്റീ..? നിങ്ങള് കെടന്ന് ഒറങ്ങാന്‍ നോക്ക്. കണ്ണടച്ച് കുരിശു വരച്ച് ആ 'സ്വര്‍ഗസ്ഥനായ പിതാവേ..' ഒന്ന് ചൊല്ല്.

'..ചൊല്ലാടി ചൊല്ലാം..എന്നാലും നീയൊന്ന് പറഞ്ഞേ...ആര് ആദ്യം മരിക്കണം. ഞാനോ..?..നീയോ..?'

'നമുക്ക് മരിക്കണ്ട.'

'അതിന് കര്‍ത്താവ് സമ്മതിക്കത്തില്ല. കര്‍ത്താവിന്റെ കണക്കു പൊസ്തകത്തീ പേരൊണ്ട്..അതനുസരിച്ച് പുള്ളിക്കാരന്‍ വിളിക്കും. അപ്പ നീ പറയ്..ആദ്യം ആര്?..നീയോ? ഞാനോ?.'

'കണക്ക് പൊസ്തകത്തീപ്പേരണ്ടൊല്ലാ..അപ്പ ഒടയതമ്പരാന്‍ അതനുസരിച്ച് വിളിച്ചോളും. നമ്മളെന്നാത്തിനാ അതിപ്പ ആലോചിക്കണെ..?'

'എടിയേ.. കര്‍ത്താവ് തമ്പുരാന്‍ എഴുതിയത് അവടെക്കിടക്കട്ടെ. അതെന്നാ വേണെങ്കിലും വരട്ടെ..എന്നാലും നിന്റെ ഉള്ളിലൊള്ളതൊന്ന് പറഞ്ഞേ..നീയോ..?..ഞാനോ..?'

അന്നാമ്മച്ചേടത്തി ആര്‍ദ്രയായി.

'..ഇതിയാന്‍ മരിച്ചാ പിന്നെ എനിക്കാരാ..?ഞാമ്പിന്നെ ജീവിച്ചിരിക്കത്തില്ല..'

'നീ മരിച്ചാ പിന്നെ ഞാന്‍ ജീവിച്ചിരിക്കോ..മിശിഹാതമ്പുരാനേ..അതൊരിക്കലും ഒണ്ടാവത്തില്ല..'

അന്നമ്മച്ചേടത്തിയുടെ കണ്ണില്‍ ഒരു ചാറ്റല്‍ മഴ. ഒന്നുകൂടി ചേര്‍ന്ന് കിടന്ന് അവര്‍ പറഞ്ഞു.

'..ന്നാ..നമ്മക്ക് ഒന്നിച്ച് മരിക്കാ..'

മേയ്ക്കാമോതിരം ആടുന്ന അന്നമ്മച്ചേടത്തിയുടെ ചെവിയില്‍ സ്നേഹപൂര്‍വം പിടിച്ച് ഉതുപ്പാഞ്ചേട്ടന്‍ പറഞ്ഞു.

'..എന്റേടി പെണ്ണുമ്പുള്ളേ..അത് നടക്കത്തില്ല..പിള്ളാരോടിക്കളിക്കണപോലെ വണ്ടൂത്രി പറഞ്ഞിട്ടാന്നോ കര്‍ത്താവ് കൊണ്ടുപോകുന്നേ..'

'..എന്നാ..ഞാനാദ്യം പോകാം..'

'നടക്കത്തില്ല..ഞാനാദ്യം..'

അന്നമ്മച്ചേടത്തിക്ക് കരച്ചില്‍ വന്നു.

ഉതുപ്പാഞ്ചേട്ടന്‍ തുടര്‍ന്നു.

'എടിയേ..നീ പോയാ..പിന്നെ എനിക്കാരാ കട്ടങ്കാപ്പി അനത്തിത്തരുന്നത്..? ആരാ പൊറത്തിത്തിരി എണ്ണ പൊരട്ടിത്തരുന്നത്...? ആരാ പുളിയിലയിട്ട് എന്റെ പാകത്തിനിത്തിരി വെള്ളഞ്ചൂടാക്കിത്തരുന്നത്..? കൊടമ്പുളീം മൊളകും ചേര്‍ത്ത് മീമ്പറ്റിച്ച് തരുന്നത്..?'

അന്നമ്മച്ചേടത്തി സമ്മതിച്ചില്ല.

'ഇതിയാന്‍ പോയാ ഇത്തിരി വെറ്റിലനാരു കളഞ്ഞുതരാന്‍ പിന്നെ ആരൊണ്ടാവും? മോളിലെ കൊമ്പീക്കെടക്കണ മൂവാണ്ടന്‍ മാങ്ങ പറിച്ചുതരാന്‍ പിന്നെ ആരൊണ്ടാവും? പെരുന്നാളിന് കറിവെക്കാന്‍ കോഴിയെ കൊന്നുതരാന്‍ ആരൊണ്ടാവും? വേണ്ട ഞാന്‍ പോയിട്ട് ഇതിയാന്‍ പിന്നാലെ വന്നാ മതി.'

ഉതുപ്പാഞ്ചേട്ടന്‍ വഴങ്ങിയില്ല.

സ്നേഹവും വാല്‍സല്യവും നിറഞ്ഞ ആ തര്‍ക്കം ദൃഢമായ ദാമ്പത്യവല്ലരിയില്‍ ചുറ്റിപ്പടരവെ ഇരുകക്ഷികളും ഉറങ്ങിപ്പോയി.

ഒരു ഞെരുക്കം കേട്ട് ഉതുപ്പാഞ്ചേട്ടന്‍ ഞെട്ടിയുണര്‍ന്നു.

അന്നാമ്മച്ചേടത്തിയാണ്.

'എടിയേ..'

ഉതുപ്പാഞ്ചേട്ടന്റെ ശബ്ദം പതറി.

'എടിയേ..എന്നാ പറ്റി..?'

അന്നാമ്മച്ചേടത്തി വേദനകൊണ്ട് ഉരുളുകയാണ്.

'എന്റെ നെഞ്ചിപ്പം പൊട്ടിപ്പോവേ..'

ഉതുപ്പാഞ്ചേട്ടന്‍ ഇത്തിരി ജീരകം വറത്തുപൊടിച്ച് വെള്ളം കൊടുത്തു.

വെള്ളം കുടിച്ച് രണ്ടുമൂന്ന് ഏമ്പക്കം പോയെങ്കിലും വേദനക്ക് കുറവുണ്ടായില്ല.

സംഭവമറിഞ്ഞ് അയല്‍ക്കാര്‍ എത്തി. ഗൌരവമായ ചര്‍ച്ച തുടങ്ങി.ചര്‍ച്ചകള്‍ക്കിടയിലും അന്നാമ്മച്ചേടത്തി വേദനകൊണ്ട് പുളഞ്ഞു.

ഒടുവില്‍ തീരുമാനമായി.

ആശുപത്രിയിലേക്കെടുക്കാം. കാറ് പാഞ്ഞു.

ഉതുപ്പാഞ്ചേട്ടന്റെ മടിയില്‍ അന്നമ്മച്ചേടത്തി കിടന്നു.

ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. വിശദമായ പരിശോധനകള്‍ തുടങ്ങി.

പച്ചവെള്ളം കുടിക്കാതെ ഉതുപ്പാഞ്ചേട്ടന്‍ കാത്തിരുന്നു. സുഹൃത്തുക്കളും ബന്ധുക്കളും ഭക്ഷ്യപേയ വസ്തുക്കളുമായി ഉതുപ്പാഞ്ചേട്ടനെ സമീപിച്ചു. പക്ഷെ എല്ലാം നിഷ്ക്കരുണം നിരസിക്കപ്പെട്ടു.

അന്നമ്മച്ചേടത്തിയേക്കാള്‍ ഉതുപ്പാഞ്ചേട്ടനെ നോക്കി കാണികള്‍ സഹതപിച്ചു.

'ഇക്കാലത്തും, ഈ പ്രായത്തിലും ഇങ്ങനത്തെ മനുഷ്യരോ..?'ഇതായിരുന്നു സഹതാപകാരണം.

രണ്ടുദിവസം കഴിഞ്ഞപ്പോള്‍ ഉതുപ്പാഞ്ചേട്ടനെ ഡോക്ടര്‍ വിശദമായ കൂടിക്കാഴ്ചക്ക് ക്ഷണിച്ചു.

ഡോക്ടര്‍ വിവരിച്ചു.

'നിങ്ങളുടെ ഭാര്യക്ക് ഹൃദയത്തിന് കാര്യമായ തകരാറുണ്ട്. പ്രായം ഇത്രയും ആയതിനാല്‍ ഓപ്പറേഷന്‍ സാധ്യമല്ല. വീട്ടില്‍ പരിപൂര്‍ണ റെസ്റ്റ് വേണം. ആയാസപ്പെട്ട ഒരു ജോലിയും ചെയ്യരുത്. അടുപ്പിലെ തീ പോലും ഊതരുത്. ധൃതിയില്‍ നടക്കുക പോലുമരുത്. കുനിയരുത്.

ഇതിനേക്കാളൊക്കെ പ്രധാനം മനസ്സിന്റെ നിലയാണ്. മനസ്സിന് ഒരു വിഷമവും തട്ടാന്‍ പാടില്ല. എപ്പോഴും സന്തോഷമായിരിക്കണം. ചെറിയ വേദനപോലും തട്ടരുത്.'

അന്നമ്മച്ചേടത്തിയെ ഡിസ്ചാര്‍ജ് ചെയ്തു. കാറില്‍ അന്നമ്മച്ചേടത്തി ഉതുപ്പാഞ്ചേട്ടന്റെ തോളില്‍ കിടന്നു. ഉതുപ്പാഞ്ചേട്ടന്‍ കവിളില്‍ തലോടി. അന്നമ്മച്ചേടത്തി ആ കൈകള്‍ കവിളിനോട് ചേര്‍ത്ത് പിടിച്ചു.

ഉതുപ്പാഞ്ചേട്ടനെ ആദ്യമായി കാണുന്നപോലെ ആര്‍ത്തിയോടെ നോക്കി. പതുക്കെ ചോദിച്ചു.

'ഡോക്ടറെന്നാ പറഞ്ഞെ..?'

'ഓ! എന്നാ പറയാനാ.. നിനക്കൊരു കൊഴപ്പോമില്ല. പിന്നെ നടക്കേം കുനിയേം ഒന്നും ചെയ്യരുതെന്ന് പറഞ്ഞു. മനസ്സ് എപ്പോഴും സന്തോഷമായിരിക്കണം. വേദന തട്ടുന്നതൊന്നും നീ അറിയരുത്.'

'അറിഞ്ഞാല്‍..?'

'അറിഞ്ഞാ..നിന്റെ ചങ്കിന് ബലക്കൊറവാ. അത് നിന്നുപോവും.'

പിന്നെ അന്നമ്മച്ചേടത്തി ഒന്നും ചോദിച്ചില്ല. ഉറങ്ങി.

വീട്ടിലെത്തിയപ്പോള്‍ അനങ്ങുന്നില്ല. എല്ലാവരും കൂടിയാണ് അന്നമ്മച്ചേടത്തിയെ ഇറക്കിയത്.

'..ഓ! പ്രത്യേകിച്ച് ഒന്നൂല്ലന്നേ.. അനങ്ങുന്നില്ല. അത്രേയുള്ളു..'

*****

എം എം പൌലോസ്