Monday, 15 November 2010

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പും എല്‍.ഡി.എഫിന്റെ പ്രകടനവും

കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക്‌ രണ്ടു ഘട്ടങ്ങളിലായി തിരഞ്ഞെടുപ്പ്‌ നടക്കുകയുണ്ടായി. അതിന്റെ ഫലങ്ങള്‍ ഇപ്പോള്‍ പൂര്‍ണമായും പുറത്തുവന്നു കഴിഞ്ഞിട്ടുണ്ട്‌. ഈ ഫലത്തിന്റെ അടിസ്ഥാനത്തില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി അമ്പേ പരാജയപ്പെട്ടുപോയെന്നും അതിന്റെ രാഷ്‌ട്രീയ അടിത്തറ തന്നെ ദുര്‍ബലപ്പെട്ടിരിക്കുന്നുവെന്നുമുള്ള പ്രചാരവേലകള്‍ വളരെ സംഘടിതമായി നടന്നുകൊണ്ടിരിക്കുകയാണ്‌. ഈ ഘട്ടത്തില്‍ കേരളത്തിന്റെ ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ തിരഞ്ഞെടുപ്പിലെ പ്രകടനങ്ങളും അതിന്‌ അടിസ്ഥാനമായി തീര്‍ന്ന വോട്ടിംഗ്‌ നിലയും പരിശോധിച്ചാല്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പ്രചാരവേലകള്‍ വസ്‌തുതകളുമായി ബന്ധമില്ലാത്തതാണെന്ന്‌ കാണാം.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക്‌ നടന്ന തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്‌ പ്രതീക്ഷിച്ച വിജയം നേടിയിട്ടില്ല എന്നത്‌ വസ്‌തുതയാണ്‌. അതിന്റെ കാരണങ്ങളെ സംബന്ധിച്ച്‌ വിശദമായ പരിശോധന പാര്‍ടിയുടെ വിവിധ ഘടകങ്ങളില്‍ നടന്നുകൊണ്ടിരിക്കുകയാണ്‌. കഴിഞ്ഞ സംസ്ഥാന കമ്മിറ്റിയില്‍ ഈ വിഷയം സ: ഐ.വി. ദാസിന്റെ മരണം കാരണം ചര്‍ച്ച ചെയ്‌ത്‌ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല. എങ്കിലും പ്രാഥമികമായ ചില കാര്യങ്ങള്‍ അതുവരെ ഉണ്ടായിരുന്ന ചര്‍ച്ചകളില്‍ നിന്ന്‌ ഉരുത്തിരിഞ്ഞു വരികയുണ്ടായി.

കഴിഞ്ഞ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ്‌ നടന്നത്‌ 2005 ലാണ്‌ ആ തിരഞ്ഞെടുപ്പില്‍ 49.22 ശതമാനം വോട്ടാണ്‌ എല്‍.ഡി.എഫിന്‌ ലഭിച്ചത്‌. ഇത്തവണ (2010) 42.32 ശതമാനം വോട്ടാണ്‌ ലഭിച്ചിട്ടുള്ളത്‌. ഇതില്‍നിന്നും 6.90 ശതമാനം വോട്ടിന്റെ കുറവ്‌ ഈ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന്‌ ഉണ്ടായി എന്ന്‌ വ്യക്തമാകുന്നുണ്ട്‌. എന്നാല്‍ ആ കുറവിന്‌ മറ്റൊരു കാരണം ഉണ്ട്‌. 2005 ലെ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനൊപ്പം നിന്ന ഡി.ഐ.സി, ജനതാദള്‍-എസിലെയും കേരള കോണ്‍ഗ്രസ്‌-ജോസഫിലെയും ഒരു വലിയ വിഭാഗവും ഐ.എന്‍.എല്ലിലെ ഒരു വിഭാഗവും ഇത്തവണ എല്‍.ഡി.എഫിനൊപ്പം ഉണ്ടായിരുന്നില്ല. ഇവര്‍ക്ക്‌ 2005 ലെ തിരഞ്ഞെടുപ്പില്‍ ലഭിച്ച വോട്ട്‌ നില ഇപ്രകാരമാണ്‌.

ഡി.ഐ.സി-4.67, ജനതാദള്‍ (എസ്‌)-2.37, കേരള കോണ്‍ഗ്രസ്‌ (ജോസഫ്‌)- 1.79, ഐ.എന്‍.എല്‍-0.35. ഇവയെല്ലാം ചേര്‍ത്താല്‍ 9.18 ശതമാനം വോട്ട്‌ വരും. ഈ വോട്ട്‌ 2005 ല്‍ കിട്ടിയ വോട്ടില്‍ നിന്ന്‌ കുറച്ചാല്‍ എല്‍.ഡി.എഫിന്റെ വോട്ട്‌ 40.04 ശതമാനമാണ്‌. എന്നാല്‍ ഈ പ്രാവശ്യം ലഭിച്ചതാവട്ടെ 42.32 ശതമാനമാണ്‌. അതായത്‌ 2.28 ശതമാനത്തിന്റെ വര്‍ദ്ധനവ്‌ ഉണ്ടായിട്ടുണ്ട്‌. ഇത്‌ കാണിക്കുന്നത്‌ എല്‍.ഡി.എഫിന്റേയോ അതിന്റെ ഘടക കക്ഷികളുടേയോ സ്വാധീനം കേരളത്തില്‍ ദുര്‍ബലപ്പെട്ടിട്ടില്ല എന്നാണ്‌.

2000 ലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക്‌ നടന്ന തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന്‌ ലഭിച്ചത്‌ 42.64 ശതമാനം വോട്ടാണ്‌. ഇപ്പോള്‍ ലഭിച്ച 42.32 മായി താരതമ്യപ്പെടുത്തി നോക്കിയാല്‍ എല്‍.ഡി.എഫിന്‌ ഇത്തവണ ഉണ്ടായത്‌ 0.32 ശതമാനത്തിന്റെ കുറവ്‌ മാത്രമാണ്‌. 2000 ലെ മുന്നണി സംവിധാനത്തില്‍ നിന്നും വ്യത്യസ്‌തമായ നിലയിലാണ്‌ ഇന്ന്‌ എല്‍.ഡി.എഫ്‌ നിലകൊള്ളുന്നത്‌ എന്നുകൂടി പരിഗണിക്കുമ്പോള്‍ എല്‍.ഡി.എഫ്‌ ഉയര്‍ത്തിപ്പിടിക്കുന്ന മതനിരപേക്ഷ രാഷ്‌ട്രീയത്തിന്‌ പിന്നില്‍ ഉറച്ച ഒരു അടിത്തറ സൃഷ്‌ടിച്ചെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്‌ എന്നാണ്‌. എല്ലാ തിരഞ്ഞെടുപ്പുകളിലും 42 ശതമാനത്തോളം വോട്ടുകള്‍ എല്‍.ഡി.എഫ്‌ നിലനിര്‍ത്തുന്നുണ്ട്‌ എന്ന്‌ കണക്കുകള്‍ വ്യക്തമാക്കുന്നു. അതായത്‌ അത്തരം വോട്ടിന്റെ സുശക്തമായ അടിത്തറ എല്‍.ഡി.എഫിനുണ്ട്‌. അതുകൊണ്ടാണ്‌ ആ വോട്ടിംഗ്‌ ശതമാനം എല്ലാ കാലത്തും എല്‍.ഡി.എഫിന്‌ നിലനിര്‍ത്താന്‍ കഴിയുന്നത്‌.

എന്നാല്‍ ഇത്തരം ഭദ്രമായ ഒരു അടിത്തറ യു.ഡി.എഫിനുണ്ട്‌ എന്ന്‌ പറഞ്ഞുകൂടാ. 1995 മുതല്‍ ഇതുവരെ നടന്ന 11 തിരഞ്ഞെടുപ്പുകള്‍ പരിശോധിച്ചാല്‍ എല്‍.ഡി.എഫിന്‌ ഇപ്പോള്‍ ലഭിച്ച വോട്ടിനേക്കാള്‍ കുറഞ്ഞ വോട്ടുകള്‍ യു.ഡി.എഫിന്‌ പല തിരഞ്ഞെടുപ്പുകളിലും ലഭിച്ചതായി കാണാം. 2004 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 38.45 ശതമാനമാണ്‌ യു.ഡി.എഫിന്‌ ലഭിച്ച വോട്ട്‌. 2005 ലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്‌ ലഭിച്ചത്‌ 40.21 ശതമാനം വോട്ടാണ്‌. 2000 ലെ പഞ്ചായത്ത്‌ തിരഞ്ഞെടുപ്പിലാവട്ടെ അവരുടെ വോട്ടിംഗ്‌ ശതമാനം 41.48 ശതമാനമാണ്‌. ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്‌ എല്‍.ഡി.എഫിന്‌ ഇപ്പോള്‍ ലഭിച്ചതിനേക്കാള്‍ കുറഞ്ഞ വോട്ടുകള്‍ യു.ഡി.എഫിന്‌ മൂന്ന്‌ തവണ ലഭിച്ചിട്ടുണ്ട്‌ എന്നുകൂടിയാണ്‌.

യു.ഡി.എഫിന്റെ വോട്ടിംഗ്‌ ശതമാനം 38 ശതമാനം എന്നത്‌ ഇരുമുന്നണികളുടേയും തിരഞ്ഞെടുപ്പ്‌ പ്രകടനത്തിലെ ഏറ്റവും കുറഞ്ഞ ശതമാനമാണ്‌. ഇത്‌ കാണിക്കുന്നത്‌ യു.ഡി.എഫിന്റെ അടിത്തറ എല്‍.ഡി.എഫുമായി താരതമ്യപ്പെടുത്തി നോക്കിയാല്‍ ദുര്‍ബലമാണ്‌ എന്നതാണ്‌. എല്‍.ഡി.എഫിന്റെ കരുത്തുറ്റ രാഷ്‌ട്രീയ അടിത്തറയെ വെല്ലുവിളിക്കാന്‍ പോകുന്ന രാഷ്‌ട്രീയ പിന്തുണ യു.ഡി.എഫിന്‌ കേരളത്തിലില്ല എന്നാണ്‌. അപ്പോള്‍ യു.ഡി.എഫിന്‌ കൂടുതല്‍ ലഭിക്കുന്ന വോട്ടുകളുടെ അടിത്തറ രാഷ്‌ട്രീയത്തിന്‌ ബാഹ്യമായ ചില ഘടകങ്ങളില്‍ നിന്നാണ്‌ എന്ന്‌ വ്യക്തമാകുന്നത്‌. അത്‌ വര്‍ഗീയ-ഭീകരവാദ സംഘടനകളും അതുപോലുള്ള പിന്തിരപ്പന്‍ സംഘങ്ങളുടേയും ഇടയില്‍ നിന്നാണ്‌ എന്ന്‌ ഇതില്‍ നിന്നും വ്യക്തമാകുന്നു. അതായത്‌ കേരളത്തിലെ പിന്തിരപ്പന്‍ വര്‍ഗീയ ഭീകരവാദ സംഘടനകളെ നിലനിര്‍ത്തുക എന്നത്‌ യു.ഡി.എഫിന്റെ രാഷ്‌ട്രീയ നിലനില്‍പ്പിന്റെ കൂടി ഭാഗമാണ്‌. അതുകൊണ്ടാണ്‌ യു.ഡി.എഫ്‌ അധികാരത്തില്‍ എത്തുന്ന ഘട്ടങ്ങളില്‍ ഇത്തരം സംഘങ്ങള്‍ക്ക്‌ അഴിഞ്ഞാടാന്‍ അവസരം ലഭിക്കുന്നതും വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്കും ഭീകരവാദികളുടെ വിളയാട്ടങ്ങള്‍ക്കും സംസ്ഥാനം സാക്ഷ്യം വഹിക്കുന്നത്‌. അതുകൊണ്ട്‌ കേരളത്തിന്റെ സാമൂഹ്യ സാംസ്‌കാരിക രാഷ്‌ട്രീയ അന്തരീക്ഷം സംശുദ്ധമായി തീരണമെങ്കില്‍ ഇടതുപക്ഷ രാഷ്‌ട്രീയത്തെ ശക്തിപ്പെടുത്തിയേ മതിയാകൂ. കേരളത്തിന്റെ ഉജ്ജ്വലമായ നവോത്ഥാന മതേതരത്വ പാരമ്പര്യത്തെ കാത്തുസൂക്ഷിക്കുന്നതിനും ഈ രാഷ്‌ട്രീയസമീപനം അനിവാര്യമാണെന്ന്‌ കാണാം.

ഇക്കഴിഞ്ഞ പാര്‍ലമെന്റ്‌ തിരഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തി കണക്കുകള്‍ പരിശോധിക്കുമ്പോള്‍ എല്‍.ഡി.എഫ്‌ കൂടൂതല്‍ കരുത്താര്‍ജ്ജിച്ച്‌ വരുന്നതായി കാണാം. കഴിഞ്ഞ പാര്‍ലമെന്റ്‌ വോട്ടില്‍ എല്‍.ഡി.എഫിന്‌ ലഭിച്ചത്‌ 67,17,438 ആണ്‌. എന്നാല്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക്‌ തിരഞ്ഞെടുപ്പ്‌ നടന്നപ്പോള്‍ എല്‍.ഡി.എഫിന്‌ ലഭിച്ച വോട്ടുകളുടെ എണ്ണം 77,81,671 ആണ്‌. അതായത്‌ 10,64,233 വോട്ടുകളുടെ വര്‍ദ്ധന പാര്‍ലമെന്റ്‌ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തൊട്ടാകെ ഉണ്ടായി എന്നര്‍ത്ഥം. എല്ലാ ജില്ലകളിലും എല്‍.ഡി.എഫിന്‌ പാര്‍ലമെന്റിനെ അപേക്ഷിച്ച്‌ വോട്ട്‌ വര്‍ദ്ധിച്ചു. അതിന്റെ കണക്ക്‌ ഇപ്രകാരമാണ്‌. തിരുവനന്തപുരം-1,65,523, കൊല്ലം-1,25,653, പത്തനംതിട്ട-51,632, ആലപ്പുഴ-72,795, കോട്ടയം-50,488, ഇടുക്കി-21,342, എറണാകുളം-94,049, തൃശൂര്‍- 89,176, പാലക്കാട്‌ -84,288, മലപ്പുറം - 23,813, കോഴിക്കോട്‌ - 1,19,101, വയനാട്‌ - 63,421, കണ്ണൂര്‍ - 85,504, കാസര്‍ഗോഡ്‌ - 17,447 ഈ വര്‍ദ്ധനവ്‌ എല്‍.ഡി.എഫ്‌ നിലനിര്‍ത്തുമ്പോള്‍ യു.ഡി.എഫിന്‌ കണ്ണൂരും ആലപ്പുഴയും കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാള്‍ വോട്ട്‌ കുറയുന്ന സ്ഥിതിയും ഉണ്ടായിട്ടുണ്ട്‌.
വര്‍ഗീയ സംഘടനകളുമായി തുറന്ന സംഖ്യത്തിന്‌ യു.ഡി.എഫ്‌ തയ്യാറായതിന്റെ നിരവധി തെളിവുകള്‍ കേരളത്തില്‍ ഉടനീളം ദൃശ്യമാണ്‌. മനുഷ്യസ്‌നേഹികള്‍ ആകമാനം എതിര്‍ത്ത സംഭവമായിരുന്നല്ലോ ന്യൂമെന്‍സ്‌ കോളേജ്‌ അധ്യാപകന്റെ കൈപത്തി വെട്ടി മാറ്റിയ സംഭവം. ഈ സംഭവത്തിലെ പ്രതിയായ അനസിനെ വാഴക്കുളം ബ്ലോക്കിലെ വഞ്ചിനാട്‌ ഡിവിഷനില്‍ നിന്ന്‌ വിജയിപ്പിക്കുന്നതിന്‌ വോട്ട്‌ മറിക്കാന്‍ യു.ഡി.എഫ്‌ തയ്യാറായി. വാഴക്കുളം ബ്ലോക്കിലെ വഞ്ചിനാട്‌ ഡിവിഷന്‌ കീഴില്‍ എട്ട്‌ വാര്‍ഡുകളാണ്‌ ഉള്ളത്‌. ഇതില്‍ ഏഴ്‌ വാര്‍ഡും വിജയിച്ചത്‌ യു.ഡി.എഫാണ്‌. ഒരു വാര്‍ഡില്‍ മാത്രമാണ്‌ എല്‍.ഡി.എഫിന്‌ വിജയിക്കാനായത്‌. അതാവട്ടെ മൂന്ന്‌ വോട്ടുകള്‍ക്ക്‌. ഈ ബ്ലോക്ക്‌ ഡിവിഷനിലെ ഗ്രാമപഞ്ചായത്ത്‌ വാര്‍ഡുകളില്‍ യു.ഡി.എഫിന്‌ 4209 വോട്ടുകള്‍ ഉണ്ട്‌. എന്നാല്‍ ബ്ലോക്കിലേക്ക്‌ വരുമ്പോള്‍ യു.ഡി.എഫിന്റെ വോട്ട്‌ 2089 ആയി കുറഞ്ഞു. എസ്‌.ഡി.പി.ഐയുടെ വോട്ട്‌ 3992 ആയി വര്‍ദ്ധിച്ചു. കൈവെട്ട്‌ കേസിലെ പ്രതികളെ പോലും ഇത്തരത്തില്‍ വിജയിപ്പിക്കുന്നതിന്‌ യു.ഡി.എഫ്‌ വോട്ട്‌ മറിച്ച്‌ നല്‍കി എന്നത്‌ സാംസ്‌കാരിക കേരളത്തിന്‌ തന്നെ അപമാനകരമായ സംഭവമാണെന്ന്‌ നാം തിരിച്ചറിയേണ്ടതുണ്ട്‌. ദുര്‍ബലമായ തങ്ങളുടെ രാഷ്‌ട്രീയ അടിത്തറയെ ശക്തിപ്പെടുത്തുന്നതിന്‌ ആരുമായും കൂട്ടുകെട്ടുണ്ടാക്കുന്ന യു.ഡി.എഫിന്റെ ശൈലിയുടെ മികച്ച ഉദാഹരണമാണ്‌ ഈ സംഭവം. ഈ വസ്‌തുത മതേതര കേരളം തിരിച്ചറിഞ്ഞ്‌ ഭാവിയില്‍ കൂടുതല്‍ ശക്തമായി പ്രതികരിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

കൈവെട്ട്‌ കേസിലെ പ്രതിയെ വിജയിപ്പിച്ച യു.ഡി.എഫ്‌ കണ്ണൂര്‍ മുന്‍സിപ്പാലിറ്റിയിലെ ഒരു വാര്‍ഡില്‍ എസ്‌.ഡി.പി.ഐയ്‌ക്കുണ്ടായ വിജയത്തിന്‌ കാരണം എല്‍.ഡി.എഫ്‌ വോട്ട്‌ നല്‍കിയതാണ്‌ എന്ന പ്രചരണവും അഴിച്ചുവിടുകയാണ്‌. എന്നാല്‍ ഈ പ്രചരണം തങ്ങളുടെ കൂട്ടുകെട്ട്‌ മറച്ചു വെക്കാനുള്ള പ്രചരണത്തിന്റെ ഭാഗമാണ്‌ എന്ന്‌ ആ വാര്‍ഡിലെ കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്‌. 2005 ല്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ സ്ഥാനാര്‍ത്ഥിയായി അന്ന്‌ മത്സരിച്ചത്‌ അവിടെ ഐ.എന്‍.എല്‍ ആയിരുന്നു. അന്ന്‌ 560 വോട്ട്‌ ലഭിക്കുകയും ഉണ്ടായി. എന്നാല്‍ 2009 ലെ പാര്‍ലമെന്റ്‌ തിരഞ്ഞെടുപ്പില്‍ 140 വോട്ടാണ്‌ എല്‍.ഡി.എഫിന്‌ ഇവിടെ നിന്ന്‌ ലഭിച്ചത്‌. അസംബ്ലി ഉപതെരഞ്ഞെടുപ്പില്‍ അതാവട്ടെ 133 ആയി. ഇപ്പോള്‍ നടന്ന പഞ്ചായത്ത്‌ തിരഞ്ഞെടുപ്പില്‍ അത്‌ 169 ആയും വര്‍ദ്ധിച്ചു. ഇത്‌ കാണിക്കുന്നത്‌ എല്‍.ഡി.എഫിന്റെ വോട്ടുകള്‍ മറിച്ച്‌ നല്‍കിയില്ല എന്നതാണ്‌. മാത്രമല്ല, കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാള്‍ വോട്ട്‌ വര്‍ദ്ധിക്കുകയാണ്‌ ചെയ്‌തത്‌. എന്നാല്‍ യു.ഡി.എഫിന്റെ വോട്ടില്‍ കുറവുണ്ടായി. പാര്‍ലമെന്റ്‌ തിരഞ്ഞെടുപ്പില്‍ 459 വോട്ടായിരുന്നു യു.ഡി.എഫിന്‌ ലഭിച്ചത്‌. ഉപതെരഞ്ഞെടുപ്പില്‍ അത്‌ 381 ആയി. ഈ തിരഞ്ഞെടുപ്പില്‍ അത്‌ 290 ആയി കുറയുകയുകയും ചെയ്‌തു. ഇവിടെയാണ്‌ 325 വോട്ട്‌ നേടി എസ്‌.ഡി.പി.ഐ വിജയിച്ചത്‌. ഇവിടെ നമുക്ക്‌ കാണാവുന്ന വസ്‌തുത എസ്‌.ഡി.പി.ഐയെ വിജയിപ്പിക്കുന്നതിന്‌ യു.ഡി.എഫ്‌ വ്യഗ്രത കാണിച്ചു എന്നതാണ്‌. ഇത്തരം ഒരു രാഷ്‌ട്രീയം മുന്നോട്ട്‌ വെക്കുക എന്നത്‌ യു.ഡി.എഫിന്റെ നിലനില്‍പിന്റെ കൂടി ഭാഗമാണ്‌ എന്ന്‌ കേരളത്തിലെ തിരഞ്ഞെടുപ്പുകളുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.

പിണറായി വിജയന്‍

Monday, 8 November 2010

കാര്‍ഷികമേഖലയിലെ ഇന്ത്യ-യുഎസ് കരാര്‍

ഇന്നത്തെ ലോകസാഹചര്യത്തില്‍ ഒരു രാജ്യത്തിനും ഒറ്റപ്പെട്ടു കഴിയാനാവില്ലെന്നതും ഒട്ടേറെ മേഖലകളില്‍ മറ്റ് രാജ്യങ്ങളുമായി സഹകരിക്കേണ്ടി വരുമെന്നതും വസ്‌തുതയാണ്. ഇത്തരം സഹകരണത്തിന്റെ ലക്ഷ്യം ഇരുരാജ്യങ്ങളിലെയും ജനങ്ങളുടെ പൊതുതാല്‍പ്പര്യങ്ങളെ സംരക്ഷിക്കുകയും പൊതുവായ വളര്‍ച്ച നേടുകയുമാണ്. ഇന്ത്യയും യുഎസും തമ്മില്‍ തുല്യത നിലനിര്‍ത്തിക്കൊണ്ടുള്ള സഹകരണത്തിന് തയ്യാറായാല്‍ ആര്‍ക്കും അതിനെ എതിര്‍ക്കാനാവില്ല. ഇന്ത്യ-യുഎസ് സഹകരണത്തിന്റെ പേരില്‍ അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെയും ബഹുരാഷ്‌ട്ര കമ്പനികളുടെയും താല്‍പ്പര്യത്തിനുമുമ്പില്‍ ഇന്ത്യന്‍ ജനതയുടെ താല്‍പ്പര്യങ്ങള്‍ അടിയറ വയ്‌ക്കുന്നതിനെയാണ് സിപിഐ എം എതിര്‍ക്കുന്നത്.

ഇന്ത്യ-യുഎസ് ആണവ കരാറിന്റെയും പ്രതിരോധ കരാറുകളുടെയും ആയുധക്കച്ചവടത്തിന്റെയും അപകടങ്ങളെയും ദോഷഫലങ്ങളെയും പറ്റി സജീവമായ ചര്‍ച്ച നടന്നുകൊണ്ടിരിക്കുകയാണ്. വേണ്ടത്ര ജനശ്രദ്ധ ലഭിക്കാതെപോയ ഒന്നാണ് കാര്‍ഷിക രംഗത്തുള്ള ഇന്ത്യ-യുഎസ് സഹകരണം. കാര്‍ഷിക രംഗത്തെ വിദ്യാഭ്യാസം, ഗവേഷണം, സേവനങ്ങള്‍, കച്ചവട ബന്ധങ്ങള്‍ എന്നിവ സംബന്ധിച്ച 'ഇന്ത്യ-യുഎസ് വിജ്ഞാന പ്രാരംഭക കരാര്‍' എന്ന പേരിലാണ് കാര്‍ഷിക മേഖലയിലെ ഇരുരാജ്യങ്ങള്‍ക്കുമിടയിലെ കരാര്‍ അറിയപ്പെടുന്നത്. ഈ കരാര്‍ മറ്റ് കരാറുകളെപ്പോലെയോ അതിലേറെയോ അപകടം നിറഞ്ഞതും ദോഷകരവുമായ പ്രത്യാഘാതങ്ങള്‍ ഉളവാക്കുന്നതുമാണ്. ഇന്ത്യന്‍ കാര്‍ഷികമേഖലയും ഇന്ത്യന്‍ ജനതയുടെ ഭക്ഷ്യസുരക്ഷിതത്വവും അമേരിക്കയിലെ ഭീമന്മാരായ ബഹുരാഷ്‌ട്ര കമ്പനികളുടെ കൈപ്പിടിയില്‍ അമരുമെന്ന അപകടമാണ് ഇന്ത്യ-യുഎസ് കാര്‍ഷിക കരാര്‍ വഴി സംഭവിക്കുന്നത്.

2005 ജൂലൈയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് യുഎസ് സന്ദര്‍ശിച്ച സമയത്താണ് കാര്‍ഷിക കരാര്‍ സംബന്ധിച്ച ധാരണ ഉണ്ടായത്. മാര്‍ച്ച് 2006ല്‍ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷ് ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ ഈ കരാര്‍ ഔദ്യോഗികമായി ഒപ്പിടുകയുംചെയ്‌തു. കരാറിലെ വ്യവസ്ഥകളും അതിന്റെ ലക്ഷ്യവും നിര്‍വഹിക്കുന്നതിനുള്ള ചുമതല അതിലെ ഡയറക്‌ടര്‍മാരുടെ സമിതിക്കാണ് നല്‍കിയിട്ടുള്ളത്. അമേരിക്കയിലെ കാര്‍ഷികമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ബഹുരാഷ്‌ട്ര കമ്പനികളായ മൊസാന്റോ, വാള്‍മാര്‍ട്ട്, ആര്‍ച്ചര്‍ ഡാനിയല്‍സ് മിഡ്‌ലാന്‍ഡ് തുടങ്ങിയ കമ്പനികളുടെ പ്രതിനിധികളും ഇന്ത്യന്‍ ടൊബാക്കോ കമ്പനിയുടെ പ്രതിനിധിയും ഈ ഡയറക്‌ടര്‍ ബോര്‍ഡില്‍ അംഗങ്ങളാണ്. യുഎസിലെയും ഇന്ത്യയിലെയും ഗവണ്‍മെന്റ് ഉദ്യോഗസ്ഥരും ബോര്‍ഡ് യോഗത്തില്‍ പങ്കെടുക്കാറുണ്ട്. കരാറിന്റെയും അതിന്റെ അടിസ്ഥാനത്തില്‍ സംഘടിപ്പിച്ചിട്ടുള്ള ബോര്‍ഡിന്റെയും പ്രവര്‍ത്തനഫലമായി കാര്‍ഷിക വിജ്ഞാനം പകര്‍ന്നുകൊടുക്കുന്ന വിദ്യാഭ്യാസ രംഗവും ഗവേഷണ മേഖലയും സേവന രംഗവും കച്ചവടത്തിനുള്ള ക്രമീകരണങ്ങളും അമേരിക്കയിലെ ബഹുരാഷ്‌ട്ര കമ്പനികളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഉപകരിക്കുംവിധം സംഘടിപ്പിക്കപ്പെടും. ഇന്ത്യന്‍ കാര്‍ഷികമേഖലയാകെ അമേരിക്കന്‍ ബഹുരാഷ്‌ട്ര കമ്പനികളുടെ മേധാവിത്വത്തിലാകും.

ബഹുരാഷ്‌ട്ര കമ്പനികള്‍ക്ക് കടന്നുവരാനും മേധാവിത്വം സ്ഥാപിക്കാനും കഴിയത്തക്കവിധം ഇന്ത്യയിലെ കാര്‍ഷികമേഖലയിലെയും ഭക്ഷ്യമേഖലയിലെയും നിയന്ത്രണങ്ങള്‍ സംബന്ധിച്ച സംവിധാനങ്ങളാകെ അഴിച്ചുപണിയുകയാണ് ഇന്ത്യ-യുഎസ് കാര്‍ഷിക കരാറിന്റെ ലക്ഷ്യം. വിത്ത്, ജനിതക മാറ്റം വരുത്തിയ ജൈവ വസ്‌തുക്കള്‍, കരാര്‍കൃഷി, കാര്‍ഷികമേഖലയിലെ ബൌദ്ധിക സ്വത്തവകാശങ്ങള്‍ എന്നിവയെപ്പറ്റിയുള്ള നിയമങ്ങളില്‍ മാറ്റം വരുത്താന്‍ ഇന്ത്യ-യുഎസ് കാര്‍ഷിക കരാര്‍വഴി ധാരണയായിരിക്കുകയാണ്.

ഇന്ത്യ ഗവണ്‍മെന്റ് പാര്‍ലമെന്റില്‍ അവതരിപ്പിച്ച 'വിത്ത് നിയമ'ത്തിന്റെ ലക്ഷ്യം വിത്ത് ഉല്‍പ്പാദിപ്പിക്കാനും സംഭരിക്കാനും കൈമാറ്റംചെയ്യാനുമുള്ള കൃഷിക്കാരന്റെ ജന്മാവകാശം ഇല്ലാതാക്കി ഇതിനെല്ലാമുള്ള കുത്തകാവകാശം ബഹുരാഷ്‌ട്ര കമ്പനികള്‍ക്ക് നല്‍കുകയായിരുന്നു. വിത്തിന്റെ നിയന്ത്രണം കൈയടക്കുന്നവര്‍ക്ക് കാര്‍ഷികമേഖലയുടെ മേധാവിത്വം നേടാനാവും. അമേരിക്കയുടെ സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന ഹെന്റി കിസിംഗര്‍ 1970 ല്‍ നടത്തിയ പ്രസ്‌താവന അമേരിക്കയുടെ ലക്ഷ്യം എന്തെന്ന് മറനീക്കിയ ഒന്നായിരുന്നു. എണ്ണയുടെ നിയന്ത്രണം കൈവശപ്പെടുത്തിയാല്‍ രാഷ്‌ട്രങ്ങളെ നിയന്ത്രിക്കാനും ഭക്ഷ്യോല്‍പ്പാദന മേഖലയിലെ മേധാവിത്വം സ്ഥാപിക്കാന്‍ കഴിഞ്ഞാല്‍ ജനങ്ങളെയാകെ നിയന്ത്രിക്കാനും കഴിയുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. അമേരിക്കയുടെ ആഗോളതന്ത്രം ഈ കാഴ്ചപ്പാടിനനുസരിച്ച് വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

അമേരിക്കന്‍ ബഹുരാഷ്‌ട്ര കമ്പനികള്‍ക്ക് ജനിതക മാറ്റം വരുത്തിയ ജൈവ വസ്‌തുക്കളുടെയും വിത്തിന്റെയും നിയന്ത്രണം കൈവശപ്പെടുത്താന്‍ കഴിയത്തക്കവിധം ഇന്ത്യ ഗവമെന്റ് നിയമങ്ങള്‍ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. ജനിതകമാറ്റം വരുത്തുന്ന സാങ്കേതികവിദ്യയുടെ കുത്തകാവകാശം പേറ്റന്റ് നിയമം അനുസരിച്ച് അമേരിക്കയിലെ രണ്ട് ബഹുരാഷ്‌ട്ര കമ്പനികളായ മൊസാന്റോയും ഡുപോണ്ടും നേടിക്കഴിഞ്ഞു. രണ്ട് പ്രത്യേക സാങ്കേതികവിദ്യകളാണ് ജനിതകമാറ്റം വരുത്തുന്നതിന് ഇന്ന് പ്രയോഗത്തിലുള്ളത്. ഇത് രണ്ടിന്റെയും പേറ്റന്റ് അവകാശമാണ് മൊസാന്റോക്കും ഡുപോണ്ടിനുമുള്ളത്. ജനിതക മാറ്റം വരുത്തുന്ന സാങ്കേതികവിദ്യ ലോകത്ത് എവിടെ ഉപയോഗിച്ചാലും മൊസാന്റോവിനും ഡുപോണ്ടിനും തടയാന്‍ കഴിയും. റോയല്‍റ്റി ഈടാക്കാനാവും.

ജനിതകമാറ്റം വരുത്തിയ വസ്‌തുക്കള്‍ ഉപയോഗിക്കണോ വേണ്ടയോ എന്നതല്ല ഇന്നത്തെ മുഖ്യപ്രശ്‌നം. ദോഷഫലങ്ങള്‍ ഉണ്ടാക്കാത്ത എല്ലാ ശാസ്‌ത്രീയ സാങ്കേതികനേട്ടങ്ങളും ഉപയോഗപ്പെടുത്തുകതന്നെ ചെയ്യണം. ദോഷഫലങ്ങള്‍ ഉണ്ടാവില്ലെന്ന് ഉറപ്പുവരുത്തണമെന്ന് മാത്രം. ജനിതകമാറ്റം വരുത്തിയ ജൈവ വസ്‌തുക്കളുടെയും വിത്തിന്റെയും മേലുള്ള ബഹുരാഷ്‌ട്ര കമ്പനികളുടെ പരമാധികാരവും കുത്തകാവകാശവുമാണ് പ്രധാന വിഷയം. സാങ്കേതികവിദ്യ കൈമാറാന്‍ വന്‍ തുകയാണ് ബഹുരാഷ്‌ട്ര കമ്പനികള്‍ വസൂലാക്കുന്നത്. ശാസ്‌ത്ര-സാങ്കേതികവിദ്യയുടെ നേട്ടങ്ങളെ കര്‍ഷകര്‍ക്കും സാമാന്യജനങ്ങള്‍ക്കും പ്രാപ്‌തമാക്കുകയാണ് പ്രധാനം. ഇക്കാര്യത്തിലും ഇന്ത്യ ഗവണ്‍മെന്റ് ജനങ്ങളുടെ പക്ഷത്തല്ല, മറിച്ച് അമേരിക്കയിലെ ബഹുരാഷ്‌ട്ര കമ്പനികളുടെ പക്ഷത്താണ് നില്‍ക്കുന്നത്.

ജൈവ സാങ്കേതികവിദ്യയുടെ ഉപയോഗം വ്യവസ്ഥ ചെയ്യാന്‍ ഒരു അധികാരസമിതി രൂപീകരിക്കാനുള്ള നിയമം കേന്ദ്രഗവണ്‍മെന്റ് അമേരിക്കന്‍ ബഹുരാഷ്‌ട്ര കമ്പനികളുടെ താല്‍പ്പര്യമനുസരിച്ച് തയ്യാറാക്കിക്കഴിഞ്ഞിരിക്കുകയാണ്. അടുത്തുതന്നെ ഈ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്നാണ് മാധ്യമവാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. ജനിതകമാറ്റം വരുത്തിയ ജൈവ വസ്‌തുക്കളുടെ ഉപയോഗത്തിനെതിരെ പ്രചാരവേല നടത്തുന്നവരെ ആറ് മാസത്തിലേറെ തടവില്‍ പാര്‍പ്പിക്കാനുള്ള ശിക്ഷ ഉറപ്പുവരുത്തുന്ന വകുപ്പുകളും ഇന്ന് തയ്യാറാക്കിയ ബില്ലില്‍ ഉണ്ട്.

ഇന്ത്യ-യുഎസ് കാര്‍ഷിക കരാര്‍ അനുസരിച്ച് അപകടകരമായ ഒട്ടേറെ നടപടികള്‍ ഇന്ത്യ ഗവണ്‍മെന്റ് എടുത്തുകൊണ്ടിരിക്കുകയാണ്. കാര്‍ഷികമേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട പൊതുമേഖലാ ഗവേഷണ സ്ഥാപനമായ ഇന്ത്യന്‍ കൌണ്‍സില്‍ ഓഫ് അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ച് എന്ന സ്ഥാപനത്തിന്റെ 47 കാര്‍ഷിക ഗവേഷണ കേന്ദ്രങ്ങളെയും സര്‍വകലാശാലകളെയും അമേരിക്കയിലെ ബഹുരാഷ്‌ട്ര കമ്പനികള്‍ക്ക് ഉപയോഗപ്പെടുത്താനാവുമെന്ന സ്ഥിതി നിലവില്‍ വന്നിരിക്കുകയാണ്. ഇന്ത്യയുടെ വമ്പിച്ച ജനിതക സമ്പത്ത് അമേരിക്കന്‍ ബഹുരാഷ്‌ട്ര കമ്പനികള്‍ക്ക് കവര്‍ന്നെടുക്കാന്‍ കഴിയും. കച്ചവട സാധ്യതയുള്ള മേഖലകള്‍ കണ്ടെത്താന്‍ സ്വകാര്യ-പൊതു മേഖലകള്‍ ഒരുമിച്ചു നീങ്ങും എന്നും ധാരണയായി.

ഇന്ത്യയിലെ പൊതുമേഖലയിലുള്ള ഗവേഷണ സ്ഥാപനങ്ങളിലും സര്‍വകലാശാലകളിലും നടക്കുന്ന ഗവേഷണഫലങ്ങള്‍ അമേരിക്കന്‍ ബഹുരാഷ്‌ട്ര കമ്പനികളുടെ സ്വകാര്യസ്വത്തായി മാറ്റാന്‍ കഴിയത്തക്കവണ്ണം സ്ഥിതിഗതികള്‍ നീങ്ങിക്കൊണ്ടിരിക്കുകയാണ്. അമേരിക്കന്‍ ബഹുരാഷ്‌ട്ര കമ്പനികളുടെ താല്‍പ്പര്യങ്ങളനുസരിച്ച് ഗവേഷണ മേഖലകള്‍ നിശ്ചയിക്കുന്ന സ്ഥിതിയില്‍ കാര്യങ്ങളെത്തും. അടിസ്ഥാന വിഷയങ്ങള്‍ സംബന്ധിച്ചുള്ള ഗവേഷണങ്ങള്‍ അടിയന്തര കച്ചവട താല്‍പ്പര്യത്തിന്റെ പേരില്‍ പിന്തള്ളപ്പെടും. ഇതുണ്ടായാല്‍ ഇന്ത്യ എന്നും ഒരു പിന്നണിരാജ്യമായി തുടരുന്ന സ്ഥിതി കൈവരാം. വിത്തും ഗവേഷണവും അധ്യയനവും വിജ്ഞാനവ്യാപനവും നിയന്ത്രിക്കാന്‍ കഴിഞ്ഞാല്‍ കാര്‍ഷികമേഖലയാകെ അമേരിക്കന്‍ ബഹുരാഷ്‌ട്ര കമ്പനികളുടെ മേധാവിത്വത്തിലാകും.

കാര്‍ഷികമേഖലയില്‍ അമേരിക്കന്‍ നിക്ഷേപം വര്‍ധിപ്പിക്കാനും ധാരണയായിട്ടുണ്ട്. കാര്‍ഷിക വിജ്ഞാന വ്യാപനം സ്വകാര്യവല്‍ക്കരിക്കാന്‍ തീരുമാനമെടുത്ത് നടപടികള്‍ നീങ്ങിക്കൊണ്ടിരിക്കുകയാണ്. ബഹുരാഷ്‌ട്ര കമ്പനികളുടെ വിത്തും വളവും കീടനാശിനിയും സാങ്കേതികവിദ്യയും ഉപകരണങ്ങളും വിറ്റഴിക്കാന്‍ ഉപകരിക്കുംവിധം വിജ്ഞാനവ്യാപനം നടത്തുന്നിടത്തേക്ക് കാര്യങ്ങളെത്തും. ഇന്ത്യന്‍ ജനതയുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് പകരം അമേരിക്കന്‍ ബഹുരാഷ്‌ട്ര കമ്പനികളുടെ ലാഭം വര്‍ധിപ്പിക്കുകയാണ് ഇന്ത്യന്‍ കാര്‍ഷികമേഖലയുടെ ധര്‍മമെന്ന നില സംജാതമാകും.

ഇന്ത്യ-യുഎസ് കാര്‍ഷിക കരാര്‍ ഇന്ത്യന്‍ ജനതയുടെ താല്‍പ്പര്യങ്ങളെ അപകടത്തിലാക്കും. ഇന്ത്യന്‍ കാര്‍ഷികമേഖല ഇന്ന് അത്യഗാധമായ പ്രതിസന്ധി നേരിടുകയാണ്. കൃഷിക്കാരുടെ പാപ്പരീകരണത്തിന്റെയും ഗ്രാമീണമേഖലയിലെ തൊഴിലില്ലായ്‌മയുടെ വര്‍ധനയുടെയും വേഗം വര്‍ധിപ്പിച്ചിരിക്കുകയാണ്. മഹാഭൂരിപക്ഷം വരുന്ന പാവപ്പെട്ട കാര്‍ഷിക ജനവിഭാഗങ്ങള്‍ക്ക് കൃഷി അനാദായകരമായ പ്രവൃത്തിയായി മാറിക്കഴിഞ്ഞു. ഇന്ത്യ-യുഎസ് കാര്‍ഷിക കരാര്‍ ഇന്നത്തെ കാര്‍ഷിക പ്രതിസന്ധിയെ മൂര്‍ച്ഛിപ്പിക്കും. കൃഷിക്കാരുടെ ജീവിതം കൂടുതല്‍ ദുരിതപൂര്‍ണമാക്കും. അപകടകരമായ ഈ കരാറിനെതിരെ കര്‍ഷക ജനവിഭാഗങ്ങളുടെയും സാമാന്യ ജനങ്ങളുടെയും എതിര്‍പ്പും ചെറുത്തുനില്‍പ്പും വളര്‍ത്തിക്കൊണ്ടുവരേണ്ടതുണ്ട്.


*****

എസ് രാമചന്ദ്രന്‍ പിള്ള, കടപ്പാട് : ദേശാഭിമാനി

കന്യാചര്‍മ്മപരിശോധന

തെക്കേ ആഫ്രിക്കയിലെ കറുത്ത വര്‍ഗ്ഗക്കാരുടെ ഒരു ഗോത്രത്തില്‍ വിവാഹം കഴിക്കാന്‍ പുരുഷന്‍ വധുവിന്റെ കുടുംബത്തിനു് പ്രതിഫലം നല്‍കണം. അതു് പത്തോ പതിനൊന്നോ പശുക്കള്‍ വരെ ആവാം. വധുവിന്റെ വില വര്‍ദ്ധിപ്പിക്കുന്ന ഒരു പ്രധാനഘടകമാണു് അവളുടെ കന്യകാത്വം. കന്യകാത്വത്തിന്റെ വ്യക്തമായ ഒരു തെളിവു് ഊനം തട്ടാത്ത കന്യാചര്‍മ്മമാണെന്നതിനാല്‍ പെണ്‍കുട്ടികള്‍ അവരുടെ കന്യാചര്‍മ്മം പരിശോധിപ്പിച്ചു് സര്‍ട്ടിഫിക്കറ്റ്‌ വാങ്ങാന്‍ ശ്രമിക്കുന്നു. ഇത്രയേറെ പശുക്കളെ സമ്പാദിക്കുക എന്നതു് അവരുടെയിടയിലെ ആണൊരുത്തനു് അത്ര എളുപ്പം സാധിക്കാവുന്ന ഒരു കാര്യമല്ല എന്നതിനാല്‍ വിവാഹവും പലപ്പോഴും താമസിച്ചേ നടത്താനാവൂ. അതിനാല്‍ ഒരു പെണ്‍കുട്ടി ‘കന്യകാത്വം-കം-കന്യാചര്‍മ്മ-യഥാസ്ഥാന-ഊനമില്ലായ്മ-സര്‍ട്ടിഫിക്കറ്റ്‌’ വാങ്ങി ട്രങ്കില്‍ സൂക്ഷിച്ചാലും, ഒരുത്തന്‍ ഒരുദശം പശുക്കളുമായി അവളെത്തേടി എത്തുമ്പോഴേക്കും ഏതാനും വര്‍ഷങ്ങള്‍ കൊഴിഞ്ഞുവീണു് കഴിഞ്ഞിരിക്കാമെന്നതും സാധാരണമാണു്. ഈ കാലഘട്ടത്തില്‍ കന്യാചര്‍മ്മത്തിനു് ഭംഗം സംഭവിച്ചുകൂടെന്നില്ലല്ലോ എന്ന ചോദ്യം അധികപ്രസംഗമാണു്. അധികപ്രസംഗം ആഫ്രിക്കക്കാരുടെ ഇടയില്‍ മര്യാദയല്ലാത്തതിനാല്‍ ഈ ചോദ്യം ആരും ചോദിക്കുന്ന പതിവില്ല. ആ ഒറ്റക്കാരണത്തിന്റെ പേരിലാണു് അവരുടെ ഇടയില്‍ കേരളത്തിലേതുപോലെ hymen restoration surgery എന്നൊരു ഏര്‍പ്പാടു് നിലവിലില്ലാത്തതു്. പരാതിയില്ലാത്തിടത്തു് കോടതി എന്തിനു്? പക്ഷേ, പരാതിയുള്ളിടത്തു് ജഡ്ജി നിഷ്പക്ഷനല്ലെങ്കില്‍ കോടതി ഉള്ളതിനേക്കാള്‍ ഭേദം ഇല്ലാത്തതുതന്നെയാവും! നീതിന്യായവ്യവസ്ഥ നിലനിര്‍ത്താന്‍ ജനങ്ങള്‍ നികുതിപ്പണം നല്‍കി നിയമജ്ഞരെ നിയമിക്കുന്നതു് അനീതി കൊയ്യാനാണെങ്കില്‍ അത്തരം ഒരേര്‍പ്പാടു് അസംബന്ധം എന്നേ വരൂ!

1. കന്യാചര്‍മ്മപരിശോധനക്കായി പെണ്‍കുട്ടികള്‍ ക്യൂ നില്‍ക്കുന്നു.

2. ഇതാണു് ഞങ്ങളുടെ നാട്ടുനടപ്പു്. എന്തിനു് എതിര്‍ക്കണം എന്നറിയില്ല. ഗോത്രത്തിന്റെ ചിട്ടകളെ എതിര്‍ക്കാന്‍ ഞങ്ങളാരു്?

3. കന്യാചര്‍മ്മ പരിശോധന വിജയകരമായി പൂര്‍ത്തിയാക്കിയതിന്റെ ഒരു തെളിവാണു് നെറ്റിയിലെ വെളുത്ത അടയാളം.

4. ‘കന്യകാത്വം-കം-കന്യാചര്‍മ്മ-യഥാസ്ഥാന-ഊനമില്ലായ്മ-സര്‍ട്ടിഫിക്കറ്റ്‌’! കേരളത്തിലെ മണവാളന്റെ ബിരുദവും മണവാട്ടിയുടെ കുടുംബം നല്‍കേണ്ട സ്ത്രീധനവുമായി ഈ ഏര്‍പ്പാടിനു് സാമാന്യത്തിലധികമായ സാമ്യമുണ്ടു്. ഈ രണ്ടു് ഏര്‍പ്പാടുകളിലും ആണിനെയും പെണ്ണിനെയും സ്ഥാനം മാറ്റി പ്രതിഷ്ഠിക്കണം എന്നേയുള്ളു. രണ്ടു് ബിരുദങ്ങളുടെയും ഫാക്കള്‍ട്ടികള്‍ തമ്മില്‍ അല്ലറ ചില്ലറ വ്യത്യാസമുണ്ടാവാമെങ്കിലും അതത്ര കാര്യമാക്കേണ്ട കാര്യമല്ല. ഏതു് ഫാക്കള്‍ട്ടികളിലൊക്കെയാണു് തങ്ങള്‍ ബിരുദമെടുത്തിരിക്കുന്നതെന്നും, അവയുടെ ഒക്കെ അര്‍ത്ഥമെന്തെന്നും ഇക്കാലത്തു് മഹാപുരോഹിതന്മാര്‍ക്കുപോലും അറിയില്ല. പിന്നെയാണു് കേരളത്തിലെ സാദാ ബിരുദധാരികളും ആഫ്രിക്കയിലെ അക്ഷരാഭ്യാസമില്ലാത്ത മണവാട്ടികളും! കേരളമെന്താ ചോദിക്കാനും പറയാനും ആരുമില്ലാത്ത ബനാന റിപ്പബ്ലിക്കോ?
പശുക്കളുടെ എണ്ണം ഒപ്പിക്കുവാന്‍ പുരുഷന്മാര്‍ പട്ടണങ്ങളില്‍ എന്തെങ്കിലുമൊക്കെ ജോലിക്കു് പോകുന്നു. അവരില്‍ നല്ലൊരു പങ്കു് – എട്ടുപത്തു് പശുക്കളെ കൊടുത്താല്‍ ഭാവിയില്‍ കിട്ടുന്നതു് എന്താണെന്നു് മുന്‍കൂട്ടി അറിയാനാവാം – പലപ്പോഴും താരതമ്യേന പശുക്കളേക്കാള്‍ വിലക്കുറവുള്ള വേശ്യകളെ സമീപിക്കുന്നു. ‘വില തുച്ഛം, മണം മെച്ചം!’ ഒരു തോട്ടി വാങ്ങിയാല്‍ ഒരാന സൗജന്യം എന്നപോലെ ‘പത്തുരൂപ’ മുടക്കി ഏതിനെ എടുത്താലും, സൗജന്യമായി ലഭിക്കുന്ന AIDS-മായി അവന്‍ സ്വന്തം ഗ്രാമത്തിലെത്തി പെണ്ണുകെട്ടുമ്പോള്‍ പശുക്കളെ മാത്രമല്ല, എയ്ഡ്സും അവള്‍ക്കു് നല്‍കുന്നു. അവര്‍ രണ്ടുപേരും ഇഹലോകത്തോടു് വിടപറയുന്നതു് എന്നാണെന്നറിയാന്‍ പിന്നെ ദിവസങ്ങള്‍ എണ്ണിയാല്‍ മതി. ലൈംഗികരോഗങ്ങളെപ്പറ്റി സംസാരിക്കുന്നതു് അതുപോലുള്ള മനുഷ്യരുടെ ഇടയില്‍ റ്റബൂ ആയതിനാല്‍ ഈ പ്രശ്നത്തിന്റെ പരിഹാരവും അത്ര എളുപ്പമായ കാര്യമല്ല.
“പ്രകൃതിയിലുള്ള എല്ലാ വസ്തുക്കള്‍ക്കും ഓരോ നിയമം കര്‍ത്താവ്‌ കൊടുത്തിട്ടുണ്ട്‌.” ആ നിയമം അനുസരിച്ച്‌ ജീവിക്കുമ്പോള്‍ ചിലര്‍ AIDS പിടിച്ചു് ചാവുന്നു. ചിലരെ മനുഷ്യര്‍ ചുമ്മാ തല്ലിക്കൊല്ലുന്നു. ചിലര്‍ തല്ലിക്കൊന്നവരെ സംരക്ഷിക്കാന്‍ നോക്കുന്നു. അവരെ സംരക്ഷിക്കാന്‍ മറ്റുചിലര്‍ “വിധി വിധിയോ വിധി വിധി” എന്നു് വിളിച്ചുകൂവിക്കൊണ്ടു് കൊടിയോ, വടിയോ, കാവടിയോ, കൊട്ടുവടിയോ അല്ലെങ്കില്‍ കയ്യില്‍ കിട്ടുന്നതും, എടുത്താല്‍ പൊങ്ങുന്നതുമായ മറ്റേതെങ്കിലും വീട്ടുപകരണങ്ങളോ വലിച്ചുചുമന്നു് വട്ടത്തിലും നീളത്തിലും ച‍തുരത്തിലും നെട്ടോട്ടം ഓടുന്നു.

സീ കെ ബീ

Friday, 5 November 2010

യു ഡി എഫിന്റേത് രാഷ്‌ട്രീയ വിജയമല്ല

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്‌ക്ക് നടന്ന തിരഞ്ഞെടുപ്പില്‍, കോഴിക്കോട് ഒഴികെ പതിമൂന്ന് ജില്ലകളിലെ ഫലം പൂര്‍ണമായി പുറത്തുവന്നിരിക്കുന്നു. എല്‍ ഡി എഫ് ആശിച്ചതും പ്രതീക്ഷിച്ചതുമായ വിജയം ഉണ്ടായില്ലെന്ന വസ്‌തുത ഇടതു നേതാക്കള്‍ തന്നെ സമ്മതിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിലെ തിരിച്ചടിക്കുള്ള കാരണങ്ങള്‍ കണ്ടെത്തി പരിഹരിക്കുവാന്‍ ഇടതുമുന്നണി നേതൃത്വം ശ്രമിക്കുമെന്ന കാര്യം അവിതര്‍ക്കിതമാണ്.

പക്ഷേ യു ഡി എഫിനുണ്ടായ വിജയം രാഷ്‌ട്രീയമായ വിജയമാണെന്ന് അവകാശപ്പെടാന്‍ അവര്‍പോലും ധൈര്യപ്പെടുന്നില്ല. വര്‍ഗീയ ശക്തികളെയും മതഭീകരവാദ സംഘടനകളെയും ഒപ്പം കൂട്ടി തിരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ച കോണ്‍ഗ്രസും അവര്‍ നേതൃത്വം നല്‍കുന്ന യു ഡി എഫും തങ്ങളുടെ വിജയത്തെക്കുറിച്ച് വാചാലമാകാന്‍ തയ്യാറാവാത്തത് മറ്റൊന്നും കൊണ്ടല്ല. ആര്‍ എസ് എസും ബി ജെ പിയും എസ് ഡി പി ഐയുമായെല്ലാം തരാതരം പോലെ സഖ്യമുണ്ടാക്കിയ കോണ്‍ഗ്രസിനും ലീഗിനും കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിനുമൊന്നും വിജയത്തിന്റെ ക്രഡിറ്റ് അവകാശപ്പെടാന്‍ ധാര്‍മ്മികമായി കഴിയാത്തതുകൊണ്ടാണ്. ആര്‍ എസ് എസും എസ് ഡി പി ഐയുമൊക്കെ തങ്ങളുടെ അവകാശവാദത്തെ ഖണ്ഡിക്കുവാനായി രംഗത്തുവരുമോ എന്ന ആശങ്കയും അവര്‍ക്കുണ്ടാവും.

എല്‍ ഡി എഫിന്റെ പരാജയത്തിന് കാരണങ്ങള്‍ പലതാവാം. ഈ സര്‍ക്കാര്‍ നടപ്പിലാക്കിയ എണ്ണമറ്റ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ ജനസമക്ഷം വേണ്ടത്ര ചര്‍ച്ച ചെയ്യപ്പെടാത്തതും മലയാളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ സംഘടിതമായ നിലയില്‍ നടത്തിയ പ്രചാരണവും തിരഞ്ഞെടുപ്പ് വേദിയിലെ മുഖ്യ വിഷയം മാറിപ്പോയതുമൊക്കെ തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചിട്ടുണ്ടാവാം. സൂക്ഷ്‌മമായ വിശകലനത്തിനു ശേഷമേ അക്കാര്യങ്ങള്‍ വിലയിരുത്താനും വിശദീകരിക്കുവാനും കഴിയുകയുള്ളൂ.

പക്ഷേ ഒരു കാര്യം വ്യക്തമാണ്. മതമൗലികവാദികളും വര്‍ഗീയ ശക്തികളുമായി തിരഞ്ഞെടുപ്പ് സഖ്യം സ്ഥാപിക്കുവാന്‍ യു ഡി എഫ് മുന്നിട്ടിറങ്ങിയെന്നതാണ് വസ്‌തുത. വോട്ടിംഗ് നിലവാരം അത് അടിവരയിട്ട് തെളിയിക്കുന്നുണ്ട്. ബി ജെ പി വിജയിച്ച മഹാഭൂരിപക്ഷം ഇടങ്ങളിലും യു ഡി എഫ് തുച്‌ഛമായ വോട്ടുനേടി സംതൃപ്‌തിയടഞ്ഞു. ബി ജെ പി രണ്ടാം സ്ഥാനത്തെത്തിയ മേഖലകളിലാകട്ടെ മൂന്നാം സ്ഥാനം കൊണ്ട് യു ഡി എഫ് തൃപ്‌തിപ്പെട്ടു. യു ഡി എഫ് വിജയിച്ച പലയിടങ്ങളിലും തുച്‌ഛമായ വോട്ടുമാത്രം നേടി ബി ജെ പിയും സായൂജ്യമടഞ്ഞു. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ തന്നെ യു ഡി എഫ് വിജയിച്ച പല വാര്‍ഡുകളിലും ബി ജെ പിക്ക് നാമമാത്രമായ വോട്ടു മാത്രമേയുള്ളൂ. ബി ജെ പി രണ്ടാം സ്ഥാനത്തെത്തിയ ഒമ്പതു വാര്‍ഡുകളില്‍ യു ഡി എഫ് മൂന്നാം സ്ഥാനം കൊണ്ട് തൃപ്‌തിപ്പെട്ടു. ബി ജെ പി വിജയിച്ച നെട്ടയം, പൊന്നുമംഗലം, ശ്രീകണ്‌ഠേശ്വരം, വാര്‍ഡുകളിലൊക്കെ കോണ്‍ഗ്രസ് വിശ്വാസികളെ തന്നെ അതിശയിപ്പിക്കുന്ന നിലയില്‍ കുറഞ്ഞ വോട്ടുകള്‍ മാത്രമേ യു ഡി എഫിനു ലഭിച്ചുള്ളൂ. കോണ്‍ഗ്രസ് വിജയിച്ച ഇടങ്ങളില്‍ ബി ജെ പിക്കും ബി ജെ പി വിജയിച്ച വാര്‍ഡുകളില്‍ യു ഡി എഫിനും നാമമാത്ര വോട്ടുകളാവുന്നതിന്റെ രഹസ്യം മനസ്സിലാക്കുവാന്‍ കഴിയാത്തവര്‍ അധികമുണ്ടാവുകയില്ല.

ഇടതുപക്ഷത്തെ തോല്‍പിക്കുവാന്‍ ഏതു ചെകുത്താനെയും കൂട്ടുപിടിക്കുമെന്ന സമീപനമാണ് പ്രാദേശിക ഭരണ സ്ഥാപനങ്ങളിലേയ്‌ക്കുള്ള ഈ തിരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്വീകരിച്ചത്. എല്ലാ ജാതി-മത ശക്തികളെയും ഒപ്പം ചേര്‍ക്കുക മാത്രമല്ല വര്‍ഗീയ വികാരം ഉണര്‍ത്തിവിടാനും യു ഡി എഫ് പരിശ്രമിച്ചു. അത് തിരഞ്ഞെടുപ്പ് കാലത്തു മാത്രമായി ആരംഭിച്ചതല്ല. മത വിശ്വാസികള്‍ക്കും മതത്തിനും ദൈവത്തിനും വൈദികര്‍ക്കും ഇടതുപക്ഷം എതിരാണെന്ന പ്രചരണം ഏറെ നാളായി അവര്‍ ശക്തിപ്പെടുത്തിക്കൊണ്ടിരുന്നു. യു ഡി എഫ് നടത്തിയ ഉപജാപകങ്ങളില്‍ പെട്ടുപോയവരാണ് ഇടതുപക്ഷത്തിനെതിരെ ഇടയ ലേഖനങ്ങളും വിശ്വാസികള്‍ക്കു മാത്രമേ വോട്ടു രേഖപ്പെടുത്താവൂ എന്നുള്ള ആഹ്വാനങ്ങളും പുറപ്പെടുവിച്ചത്.

രാഷ്‌ട്രീയ പ്രശ്‌നങ്ങളോ ഭരണ വികേന്ദ്രീകരണവും സ്‌ത്രീ ശാക്തീകരണവുമടക്കമുള്ള ജനകീയ വിഷയങ്ങളോ ജനങ്ങള്‍ക്കു മുന്നില്‍ ചര്‍ച്ച ചെയ്യാന്‍ ത്രാണിയില്ലാതിരുന്ന ഐക്യ ജനാധിപത്യ മുന്നണി മതം പ്രധാന രാഷ്‌ട്രീയ ചര്‍ച്ചാവിഷയമാക്കി. മാധ്യമങ്ങളും അതിനുപിന്നാലെ പാഞ്ഞു. എല്‍ ഡി എഫ് സര്‍ക്കാര്‍ നടപ്പാക്കിയ ജനക്ഷേമ നടപടികളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുന്‍കയ്യെടുത്ത് നടപ്പില്‍ വരുത്തിയ ജനകീയ പദ്ധതികളും അതുവഴി വേണ്ടത്ര ചര്‍ച്ച ചെയ്യപ്പെടാതെ പോയി.

ബി ജെ പിയുമായുള്ള അവിശുദ്ധ സഖ്യം മാത്രമല്ല ഇത്തവണ കോണ്‍ഗ്രസ് പരീക്ഷിച്ചത്. അധ്യാപകന്റെ കൈപ്പത്തി വെട്ടിമാറ്റിയതിലൂടെ കേരളത്തെ ഞെട്ടിച്ച എസ് ഡി പി ഐയുമായും സഖ്യം സ്ഥാപിച്ചു. കുപ്രസിദ്ധമായ കോണ്‍ഗ്രസ്-ലീഗ്-ബി ജെ പി മുന്നണി പോലെ കോണ്‍ഗ്രസ്-ലീഗ്-ബി ജെ പി-എസ് ഡി പി ഐ സഖ്യം അവതരിപ്പിച്ചു. എസ് ഡി പി ഐയെയും ബി ജെ പിയെയും പോലെയുള്ള കുത്സിത ശക്തികള്‍ക്ക് അക്കൗണ്ട് തുറക്കുവാനും നിലമെച്ചപ്പെടുത്തുവാനും കോണ്‍ഗ്രസ് സഹായിക്കുകയായിരുന്നൂ.

കോ-ലീ-ബി-എസ് സഖ്യം അവതരിപ്പിക്കുന്നതിനായി കോണ്‍ഗ്രസ് സ്വന്തം ചിഹ്നമായ കൈപ്പത്തിയും ലീഗ് ഏണിയും ബി ജെ പി താമരയും ഉപേക്ഷിച്ചു. പലയിടത്തും സ്വതന്ത്ര ചിഹ്നങ്ങളെ അഭയം പ്രാപിച്ചു.

കോണ്‍ഗ്രസ് ഒരു മതേതര കക്ഷിയാണെന്നാണ് അവകാശപ്പടുന്നത്. പക്ഷേ മതേതരത്വത്തില്‍ തരിമ്പെങ്കിലും വിശ്വാസമുള്ള രാഷ്‌ട്രീയ കക്ഷി നാല് വോട്ടിനു വേണ്ടി ഇത്തരം അവിശുദ്ധ സഖ്യങ്ങള്‍ സ്ഥാപിക്കുകയില്ല. തിരഞ്ഞെടുപ്പ് പരാജയത്തിന്റെ നാനാവിധ കാരണങ്ങളെക്കുറിച്ച് എല്‍ ഡി എഫ് സ്വാഭാവികമായും ചര്‍ച്ച ചെയ്യും. പക്ഷേ മതേതര കേരളത്തിന് ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ വരുത്തിവെയ്‌ക്കുന്ന വിഷലിപ്‌തമായ രാഷ്‌ട്രീയ സഖ്യങ്ങളെ കാണാതിരുന്നൂ കൂട. മത ഭീകരവാദവും വര്‍ഗീയതയും ശക്തിപ്പെട്ടുവരുന്ന വര്‍ത്തമാനകാല ഭാരതീയ സാഹചര്യത്തില്‍ പ്രത്യേകിച്ചും ഇത്തരം അവിശുദ്ധ സഖ്യങ്ങള്‍ മതേതരത്വത്തിനും ജനാധിപത്യ വ്യവസ്ഥിതിയ്‌ക്കും വിനാശം വിതയ്‌ക്കും ഇത്തരം സഖ്യങ്ങളിലൂടെ താല്‍ക്കാലിക തിരഞ്ഞെടുപ്പ് നേട്ടങ്ങള്‍ ഉണ്ടാക്കുവാന്‍ കഴിഞ്ഞേയ്‌ക്കും. പക്ഷേ ആ താല്‍ക്കാലിക നേട്ടങ്ങള്‍ കനത്ത നാശനഷ്ടങ്ങളുടെയും ദുരന്തങ്ങളുടെയും മുന്നോടിയാണെന്നുള്ള വലിയ പാഠം കോണ്‍ഗ്രസും ലീഗും വിസ്മരിച്ചുപോകുന്നു. മനപ്പൂര്‍വമുളള ഇത്തരം മറവികളെയും അതിഗൂഢ സഖ്യങ്ങളെയും കേരളീയ സമൂഹം തിരിച്ചറിയേണ്ടതുണ്ട്.


*****

വി പി ഉണ്ണികൃഷ്ണന്‍ , കടപ്പാട് : ജനയുഗം

Thursday, 4 November 2010

ഒഞ്ചിയത്ത് സംഭവിച്ചത്

കേരളത്തില്‍ യുഡിഎഫ് തരംഗം എന്നും ഇടതുപക്ഷത്തിന്റെ അടിത്തറയിളകി എന്നും ആഘോഷം നടത്തിയവര്‍ ഇനി ഒരു കോഴിക്കോട് വരാനുണ്ടെന്ന് മിണ്ടിയതേയില്ല. കോഴിക്കോട്ടെ ഫലം ഇപ്പോള്‍ പൂര്‍ണമായി വന്നിരിക്കുന്നു. കോര്‍പറേഷനിലും മുനിസിപ്പാലിറ്റികളിലും പഞ്ചായത്തിന്റെ മൂന്നു തട്ടിലും എല്‍ഡിഎഫുതന്നെ. അടിത്തറയൊന്നും എവിടെയും ഇളകിയിട്ടില്ല. ഒഞ്ചിയത്ത് പാര്‍ടി തോറ്റുപോയി; അതുകൊണ്ട് തിരിച്ചടി എന്നാണ് പുതിയ വിശകലനം. ഒഞ്ചിയം വിപ്ളവത്തിന്റെ മണ്ണാണ്. അവിടെ സിപിഐ എം പരാജയപ്പെടുന്നത് കമ്യൂണിസ്റുകാരെ ദുഃഖിപ്പിക്കും. ഇത്തവണ ഗ്രാമപഞ്ചായത്ത് ഫലം വന്നപ്പോള്‍, സിപിഐ എമ്മിന് അവിടെ 18ല്‍ അഞ്ചു സീറ്റേ ഉള്ളൂ. എട്ടിടത്ത് പാര്‍ടി വിട്ടവരും പുറത്താക്കിയവരും ചേര്‍ന്നുണ്ടാക്കിയ റവലൂഷണറി പാര്‍ടിയാണ് ജയിച്ചത്. നാലിടത്ത് യുഡിഎഫ്. ആ പഞ്ചായത്തില്‍ ഒറ്റനോട്ടത്തില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല. റവല്യൂഷണറിക്ക് വിപ്ളവബോധത്തോടെ ഭരിക്കണമെങ്കില്‍ യുഡിഎഫിന്റെ പിന്തുണ വേണം. അതിനവര്‍ മടിച്ചു നില്‍ക്കേണ്ട കാര്യമില്ല. കോണ്‍ഗ്രസിന്റെ വോട്ടുവാങ്ങിയാണ് അവര്‍ എട്ടിടത്ത് ജയിച്ചതും യുഡിഎഫിനെ നാലിടത്ത് ജയിപ്പിച്ചതും.

റവല്യൂഷണറി-യുഡിഎഫ് സഖ്യമാണ് ഒഞ്ചിയത്തെ ഫലം നിര്‍ണയിച്ചത് എന്നു തെളിയിക്കാന്‍ മറ്റെങ്ങും പോകേണ്ടതില്ല. ഒഞ്ചിയം പഞ്ചായത്തിന്റെ വോട്ടു കണക്കിലൂടെ ഒന്ന് കണ്ണോടിച്ചാല്‍ മതി. 11 വാര്‍ഡില്‍ യുഡിഎഫിന് കിട്ടിയ വോട്ട് പൂജ്യമാണ്- അതില്‍ ഒരിടത്തും യുഡിഎഫിന് സ്ഥാനാര്‍ഥികളുണ്ടായിരുന്നില്ല. ഒരു വാര്‍ഡില്‍ റവല്യൂഷറിക്ക് പൂജ്യം. പഞ്ചായത്തിലെ ആകെ പോള്‍ചെയ്ത വോട്ടിന്റെ 40.95 ശതമാനമാണ് ഇടതുപക്ഷം നേടിയത്. ഒഞ്ചിയം പിടിച്ചടക്കി എന്ന് അവകാശപ്പെടുന്ന റവല്യൂഷണറിക്ക് 38.37 ശതമാനം (അതില്‍ യുഡിഎഫിന്റെ വിഹിതം എത്രയെന്ന് പരിശോധിക്കപ്പെടേണ്ടതുണ്ട്.) യുഡിഎഫ് യഥാര്‍ഥ വിപ്ളവകാരികളുടെ സഹായത്തോടെ പിടിച്ച വോട്ട് 17.26 ശതമാനം.

ഏറാമല പഞ്ചായത്തിലെ പ്രസിഡന്റ് പദവി മുന്നണി മര്യാദയനുസരിച്ച് രണ്ടുവര്‍ഷത്തേക്ക് ജനതാദളിന് നല്‍കിയതില്‍ പ്രതിഷേധിച്ച് പാര്‍ടി വിട്ടവരാണ് 'റവല്യൂഷണറി' പാര്‍ടി ഉണ്ടാക്കിയത്. അവര്‍ ഏറ്റവുമാദ്യം കൂട്ടുപിടിച്ചത് ജനതാദള്‍ വീരന്‍വിഭാഗത്തെതന്നെ. ഒഞ്ചിയം മേഖലയിലെ നാല് പഞ്ചായത്തിലാണ് ഈ പുതിയ മുണ്ടന്‍ 'വിപ്ളവ'പ്പാര്‍ടി ഉള്ളത്. ആ നാലിടത്തും യുഡിഎഫുമായി തെരഞ്ഞെടുപ്പുധാരണ ഉണ്ടാക്കി. ഒഞ്ചിയം രക്തസാക്ഷികളുടെ മണ്ണില്‍ സിപിഐ എമ്മിനെ തകര്‍ക്കാന്‍ 11 സീറ്റില്‍ മുണ്ടന്‍ പാര്‍ടിക്ക് യുഡിഎഫിന്റെ പിന്തുണ. നാലു പഞ്ചായത്തില്‍ ചോറോട് എല്‍ഡിഎഫ് വിജയിച്ചു.

ജനതാദള്‍ കപട സോഷ്യലിസ്റുകളെന്നും അതിന്റെ മാടമ്പിത്തത്തിനും അഹന്തയ്ക്കുമെതിരെയാണ് പോരാട്ടമെന്നും പറഞ്ഞവര്‍ അതേ ജനതാദളിന്റെ മടിയിലിരുന്ന് തെരഞ്ഞെടുപ്പിനെ നേരിട്ടു. രക്തസാക്ഷികളെയും വിപ്ളവമണ്ണിനെയും ഒറ്റിക്കൊടുത്തു. ഒഞ്ചിയത്തെ ധീരസഖാക്കള്‍ ഹൃദയരക്തം കൊടുത്തു വളര്‍ത്തിയ പ്രസ്ഥാനത്തെ പഞ്ചായത്തിന്റെ ഭരണമെന്ന 30 വെള്ളിക്കാശിനായി ഒറ്റിക്കൊടുത്ത വഞ്ചകര്‍ക്ക് ഇത് വിജയമല്ല- നാണംകെട്ട കച്ചവടത്തിലെ നാറുന്ന ലാഭംമാത്രം.
പണത്തിന്റെ കുത്തൊഴുക്കുണ്ടായ തെരഞ്ഞെടുപ്പാണ് ഒഞ്ചിയത്തേത്. വോട്ടു വാങ്ങല്‍ ഉറപ്പാക്കാന്‍ പ്രത്യേക രീതികള്‍ ഉപയോഗിക്കപ്പെട്ടു. യഥാര്‍ഥ 'റവല്യൂഷണറി' കച്ചവടം. അത് കമ്മ്യൂണിസ്റ്റുകാരുടേതല്ല, കാശുകൊടുത്ത് വോട്ടുവാങ്ങുന്ന അസ്സല്‍ കോണ്‍ഗ്രസ് രീതിയാണ്-ഒഞ്ചിയത്തുകാര്‍ക്ക് ഒട്ടും പരിചയമില്ലാത്തത്.

ഒഞ്ചിയം കൃത്യമായ ഒരു യാഥാര്‍ഥ്യം മുന്നോട്ടുവയ്ക്കുന്നു. സിപിഐ എമ്മിന് വിപ്ളവം പോരെന്നുപറയുന്നവര്‍ പ്രകടനപരമായി എത്രതന്നെ ആദര്‍ശപരിവേഷമുള്ളവരായാലും കമ്യൂണിസ്റ് പ്രസ്ഥാനത്തെ തകര്‍ക്കാന്‍ അച്ചാരം വാങ്ങുന്നവരാണെന്ന യാഥാര്‍ഥ്യം. ഏതുചെളിക്കുഴിയിലും അത്തരക്കാര്‍ നീന്തിത്തുടിക്കുമെന്ന സത്യം.തൃശൂര്‍ ജില്ലയിലെ തളിക്കുളത്ത് ഒരു 'വിപ്ളവ പാര്‍ടി' ജനിച്ചിരുന്നു. ആദ്യവട്ടം പഞ്ചായത്തുതെരഞ്ഞെടുപ്പില്‍ അവര്‍ വിജയം കണ്ടു. അഞ്ചുകൊല്ലംകൊണ്ട് അസ്തമിച്ചു. ഇക്കുറി ആ പഞ്ചായത്ത് യുഡിഎഫിനാണ്.

ഷൊര്‍ണൂരിലെ ചിത്രം നോക്കൂ: അവിടെ മുനിസിപ്പാലിറ്റിയില്‍ ആകെ സീറ്റ് 36. യഥാര്‍ഥ ഇടതുപക്ഷമെന്ന് അവകാശപ്പെട്ട് സിപിഐ എമ്മിനെതിരെ പടനയിച്ച ഗ്രൂപ്പിന് കിട്ടിയത് ആറു സീറ്റ്. ആ രണ്ടുകൂട്ടരും ചേര്‍ന്നാലും മുനിസിപ്പാലിറ്റി ഭരിക്കാനാകില്ല. കൂട്ടിന് ബിജെപിയുടെ നാലു സീറ്റും വേണം. ഷൊര്‍ണൂരില്‍ സിപിഐ എമ്മിന്റെ തകര്‍ച്ച കാണാന്‍ ഒത്തുകൂടിയവര്‍ക്ക് കൈയും കണക്കുമില്ല. അവിടെ പക്ഷേ, പാര്‍ടി തകര്‍ന്നില്ല. എല്ലാ വിരുദ്ധ ശക്തികളെയും അണിനിരത്തി പാര്‍ടിയെ ഒന്ന് ഇരുത്താന്‍ കഴിഞ്ഞു- അത്രമാത്രം.

ഒഞ്ചിയവും തളിക്കുളവും ഷൊര്‍ണൂരും വരയ്ക്കുന്നത് ഒരേ ചിത്രമാണ്. ഏതു പ്രസ്ഥാനത്തെയും ചെളിവാരിയെറിയാനും താല്‍ക്കാലികമായി അവഹേളിക്കാനും ഒരളവ് ക്ഷീണിപ്പിക്കാനും ഇത്തരം ഗ്രൂപ്പുകള്‍ക്ക് കഴിയും. കമ്യൂണിസ്റ് പ്രസ്ഥാനത്തെക്കുറിച്ചാകുമ്പോള്‍, വിമതരോ വിഘടിതരോ കുലംകുത്തികളോ പറയുന്നതെന്തും കൊണ്ടാടാന്‍ വലതുപക്ഷം സദാ സന്നദ്ധമാകും. സകല സഹായവും നല്‍കും. മലപ്പുറം ജില്ലയിലാകെ ഒരേരീതിയിലുണ്ടായ തെരഞ്ഞെടുപ്പുഫലത്തെ
'അലി ഇഫക്ട്' ആക്കി മാറ്റുന്നതിന്റെ രസതന്ത്രവും അതുതന്നെ. ഒഞ്ചിയത്ത് തെരഞ്ഞെടുപ്പു ഫലം കാത്ത് വലിയ മാധ്യമപ്പടതന്നെ ഉണ്ടായിരുന്നു. എല്‍ഡിഎഫിന് പഞ്ചായത്ത് ഭരണം നഷ്ടപ്പെട്ടത് സിപിഐ എമ്മിനു ലഭിച്ച 'വന്‍ തിരിച്ചടി' ആയി അവര്‍ വ്യാഖ്യാനിച്ചു. ഒഞ്ചിയത്തിന്റെ തൊട്ടടുത്ത്, വീരന്‍ ജനതാദളിന്റെ മോസ്കോ എന്നറിയപ്പെടുന്ന വടകരയില്‍, ആ പാര്‍ടിക്കുണ്ടായ ദയനീയ പതനം പക്ഷേ മാധ്യമങ്ങള്‍ക്ക് ആഘോഷവിഷയമായില്ല. ഒഞ്ചിയത്ത്, പരസ്പരം സം'പൂജ്യന്‍'മാരായാണ് മുണ്ടന്‍ 'വിപ്ളവ'കക്ഷിയും യുഡിഎഫും വോട്ടു മറിച്ചത് എന്നതിനെക്കുറിച്ച് പരാമര്‍ശംപോലുമുണ്ടായില്ല.

മങ്കടയിലെ അലി പൊതുയോഗം വിളിച്ച് സിപിഐ എം വിടുന്നതായി പ്രഖ്യാപിച്ചപ്പോള്‍ വേദിയിലിരുന്ന് ആനന്ദാതിരേകത്താല്‍ പൊട്ടിച്ചിരിച്ചവരില്‍ കൂടുതല്‍ മുഴങ്ങിയത് ഒരു മുന്‍ കമ്യൂണിസ്റിന്റെ ചിരിയും കൈയടിയുമായിരുന്നു. 'മുന്‍ കമ്യൂണിസ്റു'കാരനെ കെട്ട മുട്ടയോടാണ് ഉപമിക്കാറുള്ളത്. ഇടതുപക്ഷം വലത്തോട്ടു നീങ്ങുന്നെന്നു വിലപിക്കുന്നവര്‍ വലതുവശത്തെ ചെളിക്കുഴിയില്‍ നീന്തിത്തുടിക്കുന്ന കാഴ്ച കൂടുതല്‍ വ്യക്തമാക്കി എന്നതും ഈ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ സവിശേഷതയാണ്. ഇടതുപക്ഷത്തിനെതിരായ സംഘടിത പ്രചാരണത്തിന് ഒളിഞ്ഞും തെളിഞ്ഞും ഇന്ധനം പകരുക എന്ന ദൌത്യം 'യഥാര്‍ഥ വിപ്ളവകാരികള്‍' ഭംഗിയായി നിറവേറ്റുന്നു. ഒഞ്ചിയത്തും ഷൊര്‍ണൂരിലുമുള്ള അത്തരക്കാര്‍ക്ക് ഏതു മാധ്യമ സഹായം കിട്ടിയാലും മൂടിവയ്ക്കാനാകാത്തതാണ് അവര്‍ വലതുപക്ഷവുമായുണ്ടാക്കിയ കൂട്ടുകെട്ടും പങ്കുവയ്ക്കലും. രണോത്സുകമായ, ത്യാഗസമ്പന്നമായ പാരമ്പര്യമുള്ള പ്രസ്ഥാനത്തെ ഒറ്റിക്കൊടുത്തതിന്റെ അച്ചാരമാണ് അവര്‍ക്ക് ഇന്ന് യുഡിഎഫ് വച്ചുനീട്ടുന്ന നക്കാപ്പിച്ച പിന്തുണയും സഹായവും. അത്തരം കള്ളനാണയങ്ങളെ തുറന്നുകാട്ടാനും ശുദ്ധമനസ്സുകൊണ്ട്; തെറ്റിദ്ധരിക്കപ്പെട്ട് അവരുടെ വലയില്‍പ്പെട്ട സാധാരണ ജനങ്ങളെ യാഥാര്‍ഥ്യം ബോധ്യപ്പെടുത്തി തിരികെ കൊണ്ടുവരാനുമുള്ള അവസരമായി ഇടതുപക്ഷത്തിന് ഈ തെരഞ്ഞെടുപ്പു ഫലത്തെ മാറ്റാനാകും.

*****

പി എം മനോജ്

Wednesday, 3 November 2010

ഒഞ്ചിയത്തെ യഥാർത്ഥ കമ്യൂണിസ്റ്റുകാർ

പിട‍ഞ്ഞുതീരുന്ന പ്രാണന്‍ അല്‍പനേരത്തേയ്ക്ക് പിടിച്ചു നിര്‍ത്തിയാണ് ചോരയില്‍ കൈമുക്കി സഖാവ് മണ്ടോടി കണ്ണന്‍ ലോക്കപ്പുമുറിയുടെ ചുവരില്‍ അരിവാളും ചുറ്റികയും വരച്ചത്. ആ രണധീരന്റെ സമരക്കരുത്തിന് മുന്നില്‍ ചൂളിച്ചുരുണ്ടത് കോണ്‍ഗ്രസിനും നെഹ്രുവിനും സിന്ദാബാദ് വിളിച്ചാല്‍ മോചിപ്പിക്കാമെന്ന പ്രലോഭനവും. ഓര്‍മ്മകളിലും ചരിത്രത്തിലും ഒഞ്ചിയത്തിന് അര്‍ത്ഥം ഒന്നേയുളളു. തലകുനിക്കാനറിയാത്ത, കീഴടക്കാനാവാത്ത ആത്മാഭിമാനം.

ചോരക്കറ ചുരണ്ടിനീക്കിയാല്‍ ഒഞ്ചിയത്തിന്റെ ചരിത്രത്തില്‍ വഞ്ചനയുടെ കറുപ്പും കാണാം. ചതിച്ചു കൊന്നതാണ് ഒഞ്ചിയം സഖാക്കളെ. അറസ്റ്റിലായ പുളിയില്‍ വീട്ടില്‍ ചോയിക്കാരണവരെയും മകന്‍ കണാരനെയും വിട്ടുതരാമെന്ന് വ്യാമോഹിപ്പിച്ച് കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകരെ ചെന്നാട്ടത്താഴ വയലിലേയ്ക്ക് വിളിച്ചുവരുത്തുകയായിരുന്നു പോലീസും കോണ്‍ഗ്രസ് ഒറ്റുകാരും. മോചിപ്പിക്കപ്പെടുന്ന സഖാക്കളെ സ്വീകരിക്കാന്‍ വന്നവരെ ഒരു പ്രകോപനവുമില്ലാതെ പൊലീസ് വെടിവെച്ചിട്ടു.

അധികാരത്തിന്റെ മുഷ്കിനു കീഴടങ്ങാന്‍ എന്നിട്ടും അഭിമാനമുളള ജനത തയ്യാറായില്ല. എട്ടുപേരെയും ഒരു കുഴിയില്‍ കുഴിച്ചുമൂടാമെന്ന പോലീസിന്റെ മോഹത്തെ അവര്‍ ചെറുത്തുതോല്പ്പിച്ചു. ഓരോരോരുത്തരെ ഓരോ സ്ഥലത്ത് മറവുചെയ്യണമെന്ന ആവശ്യത്തിന് മുന്നില്‍ സര്ക്കാരിന് കീഴടങ്ങേണ്ടി വന്നു.

ജന്മിത്തത്തെ വെല്ലുവിളിച്ച കുറ്റത്തിന്, മണ്ടോടി കണ്ണനെ തല്ലിക്കൊല്ലാനും അളവക്കല്‍ കൃഷ്ണനടക്കം എട്ടുപേരെ വെടിവെച്ചു കൊല്ലാനും പൊലീസിനെ നിയോഗിച്ചത് കോണ്‍ഗ്രസുകാരാണ്. തങ്ങളുടെ അധികാരത്തെ വെല്ലുവിളിക്കുന്നവരോട് നിറതോക്കുകള്‍ മറുപടി പറയും എന്ന് ഓര്‍മ്മിപ്പിക്കാന്‍ എട്ടുപേരെ ചുട്ടുതളളി. രണ്ടുപേരെ ഇടിച്ചുകൊന്നു.

ആ കോണ്‍ഗ്രസാണ് ഒറ്റുകാരുടെയും കുലംകുത്തികളുടെയും ചെലവില്‍ ഇന്ന് ആര്‍ത്ത് ചിരിക്കുന്നത്. കൂടെച്ചിരിക്കാന്‍ മനോരമയുണ്ട്, മാതൃഭൂമിയുണ്ട്, സകല ചാനല്‍ ചാവാലികളും പത്രച്ചട്ടമ്പികളുമുണ്ട്. കമ്മ്യൂണിസ്റ്റുകാരന്‍ അധികാരത്തില്‍ വന്നാല്‍ വിഷം കഴിച്ചു മരിക്കുമെന്ന് പ്രതിജ്ഞ ചെയ്തവര്‍, കമ്മ്യൂണിസത്തെ പ്രപഞ്ചത്തില്‍ നിന്ന് കെട്ടുകെട്ടിക്കാന്‍ വ്രതമെടുത്തവര്‍, ത്യാഗധനരായ ജനനേതാക്കളുടെ ജ്വലിക്കുന്ന ജീവിതത്തെ അപവാദങ്ങളില്‍ കുളിപ്പിച്ചവര്‍, ഒരേസ്വരത്തില്‍, ഒരേ താളത്തില്‍ ആര്‍ത്തുവിളിക്കുന്നു; "ഒഞ്ചിയത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് തിരിച്ചടി".

ആദിയും അന്തവുമില്ലാത്ത പ്രപഞ്ചത്തില്‍, കലര്‍പ്പില്ലാത്തൊരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഒരു പഞ്ചായത്തു ഭരിക്കാനിറങ്ങുമ്പോള്‍ വിഷക്കുപ്പി തപ്പുന്നില്ല, മനോരമയിലെ പുതിയ തലമുറ. പകരം, യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വിജയത്തിനും വളര്‍ച്ചയ്ക്കും മാമ്മുക്കുട്ടിച്ചായന്റെയും പരിവാരങ്ങളുടെയും സമ്പൂര്‍ണ സഹായം. അവര്‍ക്കെതിരെ നുണക്കഥകളില്ല. അപവാദപ്രചരണമില്ല. മനോരമ അണിയിച്ചൊരുക്കിയ വര്‍ണത്തേരിലേറി ടി പി ചന്ദ്രശേഖരനും സംഘവും കേരളം സമത്വസുന്ദര കമ്മ്യൂണിസ്റ്റ് ലോകമാക്കും.

ശരിയാണ്. ഒഞ്ചിയം പഞ്ചായത്തില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടി തോറ്റു. 2005ല്‍ ആകെ 16 സീറ്റുകളുണ്ടായിരുന്ന സിപിഎമ്മിന് ഒഞ്ചിയത്ത് ഇപ്പോള്‍ 17ല്‍ വെറും അഞ്ച്. അന്ന് കിട്ടിയ 9128 വോട്ടുകളുടെ സ്ഥാനത്ത് ഇന്ന് ഇടതുമുന്നണി നേടിയത് വെറും 6632 വോട്ടുകള്‍. ശതമാനം 60 ല്‍ നിന്ന് 40 ആയി ഇടിഞ്ഞു താണു.

മറുവശത്തോ. മണ്ടോടി കണ്ണനെ ഇടിച്ചുകൊന്ന, എട്ടു ധീരസഖാക്കളെ ചതിച്ച് വെടിവെച്ച് വീഴ്ത്തിയ കോണ്‍ഗ്രസിന്റെ സഹായത്തോടെ യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കാര്‍ വീമ്പിളക്കുന്നു.

2005ല്‍ ഒരു സീറ്റും 5341 വോട്ടുകളുമായിരുന്നു ഒഞ്ചിയത്ത് യുഡിഎഫിന്റെ വിഹിതം. ഇന്നത് 4 സീറ്റുകളായി ഉയര്‍ന്നു. പക്ഷേ, വോട്ട് വിഹിതം 2796 ആയി ഇടിഞ്ഞു. 2005ല്‍ എല്ലാ സീറ്റിലും മത്സരിച്ച യുഡിഎഫിന് ഇന്ന് 11 വാര്‍ഡുകളില്‍ സ്ഥാനാര്‍ത്ഥികളില്ല. അതില്‍ എട്ടിടത്താണ് "കമ്മ്യൂണിസ്റ്റ് തനിത്തങ്കങ്ങള്‍" ജയിച്ചുകയറിയത്. സിപിഎമ്മും യുഡിഎഫും നേര്‍ക്കുനേര്‍ മത്സരിച്ച വാര്‍ഡുകളിലത്രയും "യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാര്‍" വോട്ടുചെയ്തത് കൈപ്പത്തിയ്ക്ക്. ശേഷിച്ച വാര്‍ഡുകളില്‍ കൈപ്പത്തിക്കാരന്‍ "യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാര്‍ക്ക് '' വോട്ടുചെയ്തു.

സിപിഎമ്മുമായി നേര്‍ക്കുനേര്‍ മത്സരിച്ച മണ്ഡലങ്ങളില്‍ ശരാശരി 520 വോട്ടുകള്‍ നേടിയ "യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാര്‍ക്ക്", കോണ്‍ഗ്രസ് ജയിച്ച മണ്ഡലങ്ങളില്‍ കിട്ടിയ വോട്ടുകള്‍ എത്രയെന്ന് കാണുക. ചെമ്മക്കുന്ന് - 76, വലിയ മാടക്കര - 23, കണ്ണുവയല്‍ - സ്ഥാനാര്ത്ഥിയില്ല, അറയ്ക്കല്‍ 191. കോണ്‍ഗ്രസിനോട് ഏറ്റുമുട്ടി സിപിഎം ജയിച്ച മാടക്കരയില്‍ "യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാര്‍ക്ക്" കിട്ടിയത് വെറും 32 വോട്ട്.

2005ല്‍ നിന്നും 2496 വോട്ടുകള്‍ സിപിഎമ്മിന് ഇക്കുറി കുറഞ്ഞു. കോണ്‍ഗ്രസിന് 2545 വോട്ടുകളും. കമ്മ്യൂണിസ്റ്റുകാരേക്കാള്‍ കൂടുതല്‍ യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാരായത് കോണ്‍ഗ്രസുകാരാണെന്നര്‍ത്ഥം. 11 വാര്‍ഡുകളില്‍ സ്ഥാനാര്‍ത്ഥികളെയെ നിര്‍ത്താതെ, 2545 വോട്ടുകള്‍ ദാനം ചെയ്ത് കോണ്‍ഗ്രസ് വിജയിപ്പിച്ചു നിര്‍ത്തിയിരിക്കുകയാണ് "യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാരെ". സിപിഎമ്മില്‍ നിന്ന് 20 ശതമാനം വോട്ടുചോര്‍ന്നപ്പോള്‍ 18 ശതമാനം വോട്ടുകള്‍ കോണ്‍ഗ്രസ് വക സംഭാവന.

സിപിഎമ്മിന് നഷ്ടപ്പെട്ട സീറ്റിനെയും വോട്ടിനെയും കുറിച്ച് വാചാലരാകുന്ന മാധ്യമങ്ങളൊന്നും "യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി"യുടെ വോട്ടുവിഹിതത്തിന്‍റെ പകുതി കോണ്‍ഗ്രസുകാരന്റെ സംഭാവനയാണെന്ന് പറയുന്നതേയില്ല. ഒരു രാത്രി ഇരുട്ടിവെളുത്തപ്പോള്‍ ഒഞ്ചിയത്തെ പകുതിയോളം കോണ്‍ഗ്രസുകാര്‍ "യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റു"കാരായി രൂപം മാറിയത് നമ്മുടെ മാധ്യമങ്ങള്‍ അറിഞ്ഞിട്ടേയില്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ഒറ്റികൊടുത്തവരും കോണ്‍ഗ്രസും ചേര്‍ന്ന് നേടിയതാണ് ഈ വിജയമെന്ന് വിളിച്ചുപറഞ്ഞാല്‍ ആരുടെ മുഖമാണ് നഷ്ടപ്പെടുന്നത് എന്ന് അവര്‍ക്ക് നിശ്ചയമുണ്ട്. ഒറ്റുകാരെക്കൊണ്ടുളള ആവശ്യങ്ങള്‍ തീര്‍ന്നിട്ടില്ല.

എന്നാല്‍ ഒഞ്ചിയത്തെ സാധാരണ ജനത ആ സത്യം തിരിച്ചറിയുകയാണ്. നുണ പറഞ്ഞും വഞ്ചിച്ചുമാണ് പ്രാണനെപ്പോലെ ചെങ്കൊടിയെ സ്നേഹിച്ച തങ്ങളെ പാര്‍ട്ടിയില്‍ നിന്ന് അടര്‍ത്തിയെടുത്തത് എന്നവര്‍ വേദനയോടെ ഉള്‍ക്കൊളളുന്നു. ആര്‍ത്തിരമ്പിയ വ്യാജപ്രചരണങ്ങളില്‍ കുടുങ്ങിപ്പോയവര്‍ അന്ന് തിരിച്ചറിഞ്ഞിരുന്നില്ല, സഖാവ് മണ്ടോടി കണ്ണന്റെ കൊലയാളികളുമായി ഭരണമധുവിധു ആഘോഷിക്കാനാണ് "യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാരുടെ" ഈ പടപ്പുറപ്പാടെന്ന്. രക്തസാക്ഷികളുടെ പേരില്‍ ഒഴുക്കിയത് മുതലക്കണ്ണീരാണെന്നും അവരുടെ ചെലവില്‍ കുത്തിയൊഴുക്കിയ ആവേശം കൃത്രിമമാണെന്നും തിരിച്ചറിഞ്ഞ ഒരു ജനതയുടെ പ്രതികാരം ഒറ്റുകാരെ കാത്തിരിക്കുന്നുണ്ട്.

പഴയ ചതിയില്‍ ഒഞ്ചിയത്തെ സഖാക്കള്‍ക്ക് നഷ്ടപ്പെട്ടത് ജീവനായിരുന്നുവെങ്കില്‍, ഇന്ന് ഒരു തിരഞ്ഞെടുപ്പ് വിജയം. ചതി തിരിച്ചറിയുന്ന ജനത ഇന്നല്ലെങ്കില്‍ നാളെ ആ വിജയം അവരെ തിരികെ ഏല്‍പ്പിക്കുക തന്നെ ചെയ്യും. ഒറ്റുകാരില്‍ നിന്ന് നാടിനെ രക്ഷിക്കാന്‍ അവസാനനിമിഷം വരെ പോരാടിയ ഒഞ്ചിയത്തെ ധീരസഖാക്കള്‍ക്ക് അഭിവാദ്യങ്ങള്‍.

പൊളിച്ചെഴുത്ത് ബ്ലോഗില്‍ വന്ന ഒഞ്ചിയം സഖാക്കള്‍ക്ക് അഭിവാദ്യങ്ങള്‍.... എന്ന പോസ്റ്റ് പുന: പ്രസിദ്ധീകരിക്കുന്നത്

Wednesday, 11 August 2010

സംഘപരിവാറിന്റെ മുഖം തന്നെയോ

പതിവുപോലെ മുസ്ളിംലീഗ് ദേശീയ നിര്‍വാഹകസമിതിയോഗം ആഗസ്‌ത് ഒന്നിന് യോഗംചേര്‍ന്ന് കേരള, പശ്ചിമബംഗാള്‍ സര്‍ക്കാരുകളെ കുറ്റപ്പെടുത്തുന്ന പ്രമേയം പാസാക്കി പിരിഞ്ഞു. തീവ്രവാദത്തിന്റെ മറപിടിച്ച് മുസ്ളിംസമുദായത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന കോൺഗ്രസ് നയിക്കുന്ന സംസ്ഥാന ഗവമെന്റുകളെക്കുറിച്ച് ഒരു വിമര്‍ശവും പ്രമേയത്തിലില്ല. പോപ്പുലര്‍ ഫ്രണ്ട് പോലുള്ള മത തീവ്രവാദ ശക്തികളെക്കുറിച്ചും പരാമര്‍ശമില്ല.

മുഖ്യമന്ത്രി വി എസ് ജൂലൈ 25ന് ഡല്‍ഹിയില്‍ പോപ്പുലര്‍ ഫ്രണ്ടിനെതിരായി നടത്തിയ പ്രസ്‌താവനയെ ചൂണ്ടി ഇന്ത്യന്‍ യൂണിയന്‍ മുസ്ളിംലീഗ് നടത്തുന്ന പ്രചാരണം ഇതിനോടു ചേര്‍ത്തുവായിക്കേണ്ടതാണ്. മുഖ്യമന്ത്രിയും സിപിഐ എമ്മും മുസ്ളിം ന്യൂനപക്ഷത്തിനെതിരാണ് എന്ന പ്രചാരണമാണ് സംഘടിതമായി ലീഗ് നേതാക്കള്‍ നടത്തുന്നത്. തന്റെ പ്രസ്‌താവനയുടെ ഉള്ളടക്കം എന്തായിരുന്നുവെന്ന് 26ന് മുഖ്യമന്ത്രി നിയമസഭയില്‍ വിശദീകരിച്ചതാണ്. പ്രസ്‌താവന മുസ്ളിങ്ങള്‍ക്കെതിരാണ് എന്ന വ്യാഖ്യാനം ദുരുപദിഷ്‌ടിതമാണ്; എന്‍ഡിഎഫ്, പോപ്പുലര്‍ ഫ്രണ്ട്, എസ്‌ഡിപിഐ എന്നീ പേരുകളിലറിയപ്പെടുന്ന വിധ്വംസകപ്രസ്ഥാനങ്ങള്‍ നടത്തുന്ന ക്ളാസുകളെയും പ്രചാരണങ്ങളെയുംകുറിച്ച് ലഭ്യമായ വിവരങ്ങളാണ് സൂചിപ്പിച്ചത്- നിയമസഭയില്‍ മുഖ്യമന്ത്രി ഇങ്ങനെയാണ് വ്യക്തമാക്കിയത്.

അധ്യാപകന്റെ കൈവെട്ടിയ കേസുമായി ബന്ധപ്പെട്ട റെയ്‌ഡില്‍ ജനാധിപത്യസംവിധാനത്തിനു വിരുദ്ധവും ആ സംവിധാനത്തെ നിരാകരിക്കുന്നതുമായ രേഖകള്‍ പിടിച്ചെടുത്തിരുന്നു. ജനാധിപത്യവും ഇസ്ളാമും രണ്ടു വിരുദ്ധ ആദര്‍ശങ്ങളാണ്; ഇന്ത്യയില്‍ ഭൂരിപക്ഷവും അമുസ്ളിങ്ങളാണെന്നും ജനാധിപത്യത്തില്‍ ഭൂരിപക്ഷത്തിന്റെ അഭിപ്രായമാണ് മാനിക്കപ്പെടുകയെന്നും പോപ്പുലര്‍ ഫ്രണ്ട് അതിന്റെ ലഘുലേഖകളിലും സിഡികളിലും വ്യക്തമാക്കുകയാണ്. അതുകൊണ്ട് മുസ്ളിങ്ങള്‍ക്ക് ഭൂരിപക്ഷത്തോടെ വിജയിച്ച് പാര്‍ലമെന്റില്‍ പ്രവേശിക്കാന്‍ കഴിയില്ലെന്നും അതിനാല്‍ ഇന്ത്യക്കകത്ത് ഇസ്ളാമിക ഗവമെന്റിനെ കൊണ്ടുവരാന്‍ മറ്റു മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നുമാണ് ഈ പ്രചാരണസാമഗ്രികളിലെ പ്രതിപാദ്യം. അതിനുവേണ്ടി ഇസ്ളാമികമേധാവിത്വത്തിന് സ്വന്തം ജീവരക്തം നല്‍കി ശക്തിപ്പെടുത്തുന്ന കര്‍മോത്സുകരെയാണ് വേണ്ടത് എന്ന നിലയ്‌ക്ക് മുസ്ളിം ചെറുപ്പക്കാരെ തീവ്രവാദപ്രവര്‍ത്തനങ്ങളിലേക്ക് റിക്രൂട്ട് ചെയ്യുന്ന ആശയങ്ങളാണ് പോപ്പുലര്‍ ഫ്രണ്ടും അനുബന്ധസംഘടനകളും പ്രചരിപ്പിക്കുന്നത്.

ലഘുലേഖയില്‍ ഇതുമാത്രമല്ല, മുസ്ളിം ജനസംഖ്യ വര്‍ധിപ്പിക്കുന്നതിനുള്ള കര്‍മപരിപാടികളെക്കുറിച്ചും പോപ്പുലര്‍ഫ്രണ്ട് പ്രതിപാദിക്കുന്നുണ്ട്. ഇത് സംഘപരിവാറിന് സഹായകരമാക്കിത്തീര്‍ത്ത പ്രചാരവേലയാണ്. എന്തുകൊണ്ടെന്നാല്‍, ഇത്തരമൊരു പ്രചാരവേല ആദ്യം ജനങ്ങള്‍ക്കിടയില്‍ നടത്തിയത് സംഘപരിവാറിന്റെ ആളുകള്‍ തന്നെയാണ്. രാജ്യത്തെ മുസ്ളിം ന്യൂനപക്ഷം നാളെ ഭൂരിപക്ഷം ആകുമെന്ന ഭീതി പരത്താനാണ് സംഘപരിവാര്‍ ശ്രമിച്ചത്. അധികാരം പിടിച്ചെടുക്കാനുള്ള അജന്‍ഡ നടപ്പാക്കുന്നതിന്റെ ഭാഗമായി സംഘപരിവാര്‍ പ്രചരിപ്പിച്ച നുണകളിലൊന്നാണ് ഇന്ത്യയിലെ ഹിന്ദുക്കള്‍ ന്യൂനപക്ഷമാകും എന്ന പ്രചാരണം. അത് ഹിന്ദുക്കളില്‍ അന്യമതവിരോധം പരത്താനുള്ള ഗൂഢോദ്ദേശ്യത്തോടുകൂടിയാണ്. ഇതേ പ്രചാരണം പോപ്പുലര്‍ ഫ്രണ്ട് ഏറ്റെടുത്തതിന്റെ ഭാഗമായി മുസ്ളിം സമുദായത്തെത്തന്നെ പൊതുസമൂഹം സംശയത്തോടുകൂടി വീക്ഷിക്കുന്ന സ്ഥിതി ഒഴിവാക്കണമെന്ന ഉദ്ദേശ്യത്തോടുകൂടിയാണ് മുഖ്യമന്ത്രി ഡല്‍ഹിയിലെ പത്രസമ്മേളനത്തില്‍ സംസാരിച്ചത്.

മുസ്ളിം സമുദായത്തോട് സിപിഐ എം കൈക്കൊള്ളുന്ന സമീപനത്തെത്തന്നെ തെറ്റായി വ്യാഖ്യാനിക്കാനുള്ള പരിശ്രമമാണ് ഈ പ്രസ്‌താവനയെ മുന്‍നിര്‍ത്തി ഇന്ത്യന്‍ യൂണിയന്‍ മുസ്ളിംലീഗിന്റെ ജനറല്‍സെക്രട്ടറി കുഞ്ഞാലിക്കുട്ടി നടത്തിയത്. കുഞ്ഞാലിക്കുട്ടിയെപ്പോലുള്ള ലീഗിലെ നേതാക്കളാണ് മതതീവ്രവാദശക്തികളുടെ സംരക്ഷകര്‍ എന്ന യാഥാര്‍ഥ്യം പൊതുസമൂഹം തിരിച്ചറിഞ്ഞ വേളയിലാണ് ശ്രദ്ധ മറ്റൊരു വിധത്തില്‍ തിരിച്ചുവിടാമോ എന്ന പരിശ്രമം നടത്തിയത്. പോപ്പുലര്‍ ഫ്രണ്ടിന്റെ മലയാള മുഖപത്രം പിറ്റേദിവസം പ്രതിഷേധ പ്രസ്‌താവനകളുടെ കൂട്ടത്തില്‍ കുഞ്ഞാലിക്കുട്ടിയെയും പോപ്പുലര്‍ ഫ്രണ്ടിന്റെ മറ്റു നേതാക്കളുടെയും ചിത്രംവച്ച് ഒന്നാംപേജില്‍ വാര്‍ത്ത കൊടുത്തു. പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി, കുഞ്ഞാലിക്കുട്ടി, പോപ്പുലര്‍ ഫ്രണ്ടിന്റെ നേതാക്കള്‍ ഇവരുടെയൊക്കെ ചിത്രം വച്ച് വി എസിന്റെ പ്രസ്‌താവനയ്ക്ക് ദുര്‍വ്യാഖ്യാനങ്ങളുമായി രംഗത്തുവരികയാണ് ആ പത്രം ചെയ്തത്.

മുസ്ളിം ന്യൂനപക്ഷത്തിനുമേല്‍ ശത്രുത വളര്‍ത്താന്‍ സംഘപരിവാര്‍ നടത്തിയ എല്ലാ പരിശ്രമങ്ങളെയും അതിശക്തമായാണ് കമ്യൂണിസ്‌റ്റുകാര്‍ എതിര്‍ത്തിട്ടുള്ളത്. ആര്‍എസ്എസ് നേരത്തെയും പോപ്പുലര്‍ ഫ്രണ്ട് ഇപ്പോഴും നടത്തുന്ന 'മുസ്ളിം ന്യൂനപക്ഷം ഭൂരിപക്ഷമാകുന്ന' വിദ്യയുടെ ഉള്ളുകള്ളി സമൂഹത്തിനുമുന്നില്‍ ആദ്യമായി തുറന്നുകാട്ടിയതും സിപിഐ എം നേതാക്കളാണ്. സിപിഎം പൊളിറ്റ്ബ്യൂറോ അംഗമായ സീതാറാം യെച്ചൂരിയുടെ 'കപട ഹിന്ദുത്വം തുറന്നു കാട്ടപ്പെടുന്നു' എന്ന ലേഖനത്തില്‍ ഇന്ത്യയിലെ ആര്‍എസ്എസ്, ബിജെപി, ബജ്രംഗ്ദള്‍ വിഭാഗം നടത്തുന്ന നുണപ്രചാരണങ്ങള്‍ തുറന്നുകാട്ടുന്നു. കാവിക്കുപ്പായക്കാര്‍ പ്രചരിപ്പിക്കുന്ന പന്ത്രണ്ടു നുണകള്‍ക്ക് മറുപടി പറയുകയാണ് യെച്ചൂരി ഈ ലേഖനത്തില്‍.

ഹിന്ദു ജനസംഖ്യയേക്കാള്‍ മുസ്ളിം ജനസംഖ്യ വര്‍ധിക്കുന്നു എന്നത് ഒന്നാന്തരം നുണയാണെന്ന് യെച്ചൂരി വിശദീകരിക്കുന്നു. 1961ലെയും 1981ലെയും സെന്‍സസ് റിപ്പോര്‍ട്ടുകള്‍ ബോധ്യപ്പെടുത്തുന്നത് മറ്റു സമുദായങ്ങളെ അപേക്ഷിച്ച് മുസ്ളിം ജനസംഖ്യയുടെ വര്‍ധനയില്‍ കുറവുണ്ടായി എന്നാണ്. മുസ്ളിം ജനസംഖ്യയുടെ വര്‍ധന 1961നും 81നും ഇടയില്‍ 0.7 ശതമാനം മാത്രമാണ്. അതുകൊണ്ടുതന്നെ കാവിക്കുപ്പായക്കാരുടെ പ്രചാരണം ജുഗുപ്‌സാവഹമാണ് എന്നും അദ്ദേഹം വിലയിരുത്തുകയുണ്ടായി. മുസ്ളിങ്ങള്‍ക്ക് നാലു ഭാര്യമാരുണ്ടെന്നും ഹിന്ദുക്കള്‍ക്ക് ഒന്നുമാത്രമാണുള്ളതെന്നും സംഘപരിവാര്‍ പ്രചരിപ്പിക്കുന്ന നുണയ്‌ക്കും അദ്ദേഹം മറുപടി നല്‍കി. ഇന്ത്യാ രാജ്യത്ത് 25 ലക്ഷം മുസ്ളിംസ്‌ത്രീകള്‍ ഭര്‍തൃരഹിതരാണ്. 1961ലെ സെന്‍സസ് അനുസരിച്ച് ബഹുഭാര്യത്വം ഏറ്റവും കൂടുതല്‍ പട്ടികവര്‍ഗവിഭാഗങ്ങളിലാണ്. 15-25 ശതമാനം.

1975 ലെ സ്ത്രീപദവി സംബന്ധിച്ച കമീഷന്‍ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നത് 1941നും 1951നും ഇടയില്‍ മുസ്ളിം ബഹുഭാര്യാവിവാഹങ്ങള്‍ ഹിന്ദുക്കളേക്കാള്‍ 0.09 ശതമാനം കുറവാണെന്നാണ്. റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്ന മറ്റൊരു കാര്യം പിന്നീടുള്ള കാലയളവുകളിലും ബഹുഭാര്യത്വം ഹിന്ദുക്കളേക്കാള്‍ മുസ്ളിങ്ങളില്‍ കുറവാണെന്നാണ്. കുടുംബാസൂത്രണവും മുസ്ളിങ്ങള്‍ തള്ളിക്കളയുന്നു എന്ന് സംഘപരിവാറിന്റെ സംഘടനകള്‍ പ്രചരിപ്പിക്കാറുണ്ട്. എന്നാല്‍, ഇതുസംബന്ധിച്ച് നടത്തിയിട്ടുള്ള അഖിലേന്ത്യാ സര്‍വേയില്‍ ഇതു വസ്‌തുതയല്ലെന്ന് ബോധ്യപ്പെടുകയുണ്ടായി. മുസ്ളിങ്ങള്‍ക്കിടയില്‍ കുടുംബാസൂത്രണ പരിപാടികള്‍ വര്‍ധിച്ചുവരുന്നതായാണ് ആ കണക്ക് വ്യക്തമാക്കുന്നത്. ഇങ്ങനെ സംഘപരിവാറിന്റെ നുണക്കഥകളെ പൊളിക്കുന്നതിനുവേണ്ടി തുടക്കംമുതലേ പ്രവര്‍ത്തിക്കുന്ന സിപിഐ എമ്മിനു നേരെയാണ് മുസ്ളിംലീഗ് ഇപ്പോള്‍ പ്രചാരണം അഴിച്ചുവിട്ടിട്ടുള്ളത്.

ഇന്ത്യയിലെ ഭാഷ-മത ന്യൂനപക്ഷങ്ങളുടെ പിന്നോക്കാവസ്ഥ പരിഹരിക്കാനാണ് ഇടതുപക്ഷം പിന്തുണ കൊടുത്ത യുപിഎ ഗവൺമെന്റ് 2004ല്‍ ജസ്‌റ്റിസ് രംഗനാഥ് മിശ്ര കമീഷനെ നിയോഗിച്ചത്. മത-ഭാഷാ ന്യൂനപക്ഷങ്ങളുടെ വ്യക്തിത്വം കാത്തുസൂക്ഷിക്കുന്നതിനും അവരുടെ യഥാര്‍ഥ പിന്നോക്കാവസ്ഥയുടെ മാനദണ്ഡങ്ങള്‍ നിര്‍ണയിക്കുന്നതിനുമാണ് ആ കമീഷനെ നിയോഗിച്ചത്. ആ കമീഷന്റെ റിപ്പോര്‍ട്ട് കേന്ദ്രഗവൺമെന്റിനു ലഭ്യമായിട്ട് മാസങ്ങളായി. പക്ഷേ, അതിനൊത്ത നടപടികള്‍ പല സംസ്ഥാന ഗവൺമെന്റുകളും കൈക്കൊണ്ടിട്ടില്ല.

2001ലെ സെന്‍സസ് റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയാണ് ജസ്റിസ് രംഗനാഥ് മിശ്ര കമീഷന്‍ നിഗമനത്തിലെത്തിയത്. മുസ്ളിങ്ങള്‍ സാക്ഷരത, വിദ്യാഭ്യാസം, വ്യാവസായികമായ അഭിവൃദ്ധി, സാമ്പത്തികമായ പുരോഗതി എന്നിവ നേടുന്നതില്‍ വളരെയധികം പിന്നോക്കമാണെന്ന് കമീഷന്‍ വിലയിരുത്തി. അതിനു കാരണം, തക്കതായ സാങ്കേതികമികവോ വിദ്യാഭ്യാസമോ അവര്‍ക്കു ലഭിക്കാത്തതാണ്. മുസ്ളിം കേന്ദ്രീകൃതപ്രദേശങ്ങളില്‍ സംരംഭക പ്രോത്സാഹനത്തിനുവേണ്ടിയുള്ള ഒരു പദ്ധതിയും നടപ്പാക്കപ്പെടുന്നില്ല. മുസ്ളിം സമുദായത്തിന്റെ വഖഫ് സ്വത്തുക്കള്‍ യഥാവിധി കൈകാര്യം ചെയ്യാത്തതിന്റെ ഫലമായി അതുവഴിയുള്ള നേട്ടങ്ങളും മുസ്ളിം സമുദായത്തിന് ലഭിക്കുന്നില്ല. നെയ്ത്തു തൊഴിലടക്കമുള്ള കുടില്‍വ്യവസായങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ള ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ടവര്‍ക്ക് ഏറ്റവും പിന്നോക്കനിരയിലുള്ള സാങ്കേതികവിദ്യ കാരണം അയല്‍രാജ്യങ്ങളിലെ കൈത്തൊഴിലുകാര്‍ക്കു കിട്ടുന്ന വരുമാനത്തിന്റെ നാലയലത്തുപോലും എത്താന്‍ കഴിയുന്നില്ല. ഇങ്ങനെ കമീഷന്‍ ഇന്ത്യയിലെ മുസ്ളിം മതന്യൂനപക്ഷത്തിന്റെ പിന്നോക്കാവസ്ഥ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്.

ഈ പിന്നോക്കാവസ്ഥ പരിഗണിച്ചാണ് സര്‍ക്കാര്‍ ജോലികളിലും മറ്റു പൊതുമേഖലാസ്ഥാപനങ്ങളിലും മുസ്ളിം തുടങ്ങിയ പിന്നോക്ക വിഭാഗങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്താന്‍ ശുപാര്‍ശ ചെയ്തത്. അത്തരം ശുപാര്‍ശകളെ പല സംസ്ഥാനങ്ങളും പൂഴ്ത്തിവച്ചു. സിപിഐ എം നയിക്കുന്ന പശ്ചിമബംഗാളിലെ ഇടതുപക്ഷ ഗവൺമെന്റാണ് ചരിത്രത്തിലാദ്യമായി മുസ്ളിം സമുദായത്തില്‍പ്പെട്ടവര്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. കേരളത്തിന്റെ ഉദാഹരണമെടുത്താല്‍ സാമ്പത്തികമായി ഉയര്‍ന്നവര്‍ മുസ്ളിം സമുദായത്തില്‍ ഉണ്ടെങ്കിലും വിദ്യാഭ്യാസപരമായി പിന്നോക്കാവസ്ഥ നിലനില്‍ക്കുന്നു. ആ പിന്നോക്കാവസ്ഥയെ കൃത്യമായി കണ്ടെത്തുന്നതിനാണ് മന്ത്രി പാലോളി മുഹമ്മദ്കുട്ടി അധ്യക്ഷനായുള്ള കമ്മിറ്റിയെ നിയോഗിച്ചത്. രജീന്ദ്ര സച്ചാര്‍ കമീഷന്റെ ശുപാര്‍ശകള്‍ കേരളത്തില്‍ നടപ്പാക്കുന്നതിനെ സംബന്ധിച്ച് വിശദമായി മുസ്ളിം സാമുദായ സംഘടനകളുമായി ചര്‍ച്ച ചെയ്തു. കമ്മിറ്റി നല്‍കിയ ശുപാര്‍ശകളെത്തുടര്‍ന്നാണ് കേരളത്തിലെ എല്‍ഡിഎഫ് ഗവമെന്റ് ഫലപ്രദമായ ചില നടപടികള്‍ കൈക്കൊണ്ടിട്ടുള്ളത്.

അതിന്റെ ഭാഗമായി മുസ്ളിം കേന്ദ്രീകൃത പ്രദേശങ്ങളിലെ വിദ്യാഭ്യാസപരമായ അപര്യാപ്തത പരിഹരിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. ഹജ്ജ് ഹൌസ് കോഴിക്കോട്ട് പ്രവര്‍ത്തനം ആരംഭിച്ചു. പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് മുസ്ളിം വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം സാധ്യമാക്കാനുള്ള കോച്ചിങ് സെന്ററുകള്‍ ആരംഭിച്ചു. മദ്രസ അധ്യാപകര്‍ അവഗണിക്കപ്പെട്ട വിഭാഗമായിരുന്നു. അവര്‍ക്ക് ക്ഷേമനിധിയും പെന്‍ഷനും കൊണ്ടുവന്നു. മുസ്ളിം ന്യൂനപക്ഷങ്ങളുടെ താല്‍പ്പര്യം പരിരക്ഷിക്കുന്നതിനുവേണ്ടി ഒരു ന്യൂനപക്ഷവകുപ്പുതന്നെ കേരളത്തില്‍ രൂപീകരിച്ചതും ഇടതുപക്ഷ ഗവമെന്റിന്റെ കാലത്താണ്. സെക്രട്ടറിയറ്റില്‍ മാത്രമല്ല കലക്ടറേറ്റുകളിലും ന്യൂനപക്ഷപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള സംവിധാനം ഇന്നുണ്ട്.

ഇങ്ങനെയെല്ലാം ഇന്ത്യയിലെ മതനിരപേക്ഷതയുടെ രക്ഷകരായി പ്രവര്‍ത്തിക്കുന്ന കമ്യൂണിസ്‌റ്റ് പ്രസ്ഥാനത്തിനെതിരെയാണ് മുസ്ലീം ലീഗുനെപ്പോലെയുള്ള പാർട്ടിയുടെ നേതാക്കൾ അപവാദപ്രചരണം നടത്തുന്നത്. മുസ്ലീം തീവ്രവാദികൾക്ക് സംരക്ഷണം കൊടുക്കുന്ന ലീഗിന്റെ ജനറൽ സെക്രട്ടറിയുടെ നിലപാടുകൾ പൊതുസമൂഹം മനസ്സിലാക്കിയപ്പോഴാണ് ഇത്തരത്തിലുള്ള കൊഞ്ഞനംകുത്തലുകൾ ലീഗ് നേതൃത്വത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്.


*****

പി ജയരാജന്‍,