Monday 24 March 2014

വിപ്ലവ സോഷ്യലിസത്തിന്റെ കൊല്ലം വഴികള്‍

റവല്യൂഷണറി സോഷ്യലിസ്റ്റ് പാര്‍ടിയെന്നപേരില്‍ നടത്തിയിട്ടുള്ള വിപ്ലവവും സോഷ്യലിസവും ഇനി കോണ്‍ഗ്രസിന്റെ മടിയില്‍ കിടന്നാണ് ആര്‍എസ്പി നടപ്പാക്കാന്‍ പോകുന്നത്. സിപിഐ എം, സിപിഐ എന്നീ പാര്‍ടികള്‍ ജനകീയ ജനാധിപത്യത്തെപ്പറ്റിയും ദേശീയ ജനാധിപത്യ വിപ്ലവത്തെപ്പറ്റിയും മാത്രമേ പരിപാടികളില്‍ പറയുന്നുള്ളുവെന്നും ഉടനടി സോഷ്യലിസം വരുത്താന്‍ തങ്ങള്‍ക്കുമാത്രമേ സാധിക്കു എന്നുമാണ് ആര്‍എസ്പിയുടെ നയപരിപാടികള്‍ പറയുന്നത്. അത്തരമൊരു പാര്‍ടിയുടെ കേരളഘടകം അഖിലേന്ത്യാ നയത്തില്‍നിന്ന് വ്യതിചലിച്ച് കേരളാ ആര്‍എസ്പിയായി മാറി വരുമ്പോള്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ ജനവിധിയെക്കൂടി അട്ടിമറിക്കുന്ന ഹീനകൃത്യമാണ് നിര്‍വഹിക്കപ്പെട്ടിരിക്കുന്നത്. സോളാര്‍ തട്ടിപ്പിലുള്‍പ്പടെ, നിരവധി സംഭവപരമ്പരകളില്‍ അടിത്തറയിളകിയ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ചാക്കിടല്‍ രാഷ്ട്രീയം നെയ്യാറ്റിന്‍കരയില്‍നിന്ന് നീണ്ടകരയിലെത്തിയപ്പോള്‍, വലയില്‍ കുടുങ്ങിയത് രണ്ട് എംഎല്‍എമാര്‍ കൂടി ഉള്‍പ്പെടുന്ന ഒരു പാര്‍ടിതന്നെയായി. വലയില്‍ കുടുങ്ങുന്ന മത്സ്യത്തിന്റെ ഗതി അതിജീവനമല്ല. ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ചൂടും ചൂരുമേറ്റ് വളര്‍ന്നു വികസിച്ചവര്‍ ഉമ്മന്‍ചാണ്ടിയുടെ ചാക്കില്‍ കയറുമ്പോള്‍, ഭരണസുഖം നല്‍കുന്ന കുളിര്‍മ ആസ്വദിക്കാമെങ്കിലും രാഷ്ട്രീയമായി മരണംതന്നെയാകും ഫലം.

സീറ്റുതര്‍ക്കം മുറുകുമ്പോള്‍ ഒരേ മുന്നണിയില്‍പെട്ട പാര്‍ടികള്‍ പരസ്പരം മത്സരിക്കേണ്ടി വരാറുണ്ട്. 1980ല്‍ ഇടതുപക്ഷ ഐക്യം ഇന്ത്യയില്‍ വളര്‍ന്നതിനുശേഷം ചുരുക്കം സീറ്റുകളിലെങ്കിലും സിപിഐ യും സിപിഐ എമ്മും മത്സരിക്കാനിടവന്നിട്ടുമുണ്ട്. എന്നാല്‍ ആര്‍എസ്പിയുടെ കാര്യത്തില്‍ സംഭവിച്ചത് അതൊന്നുമല്ല. സീറ്റ് തര്‍ക്കം പുറമെ പറയുന്നതുമാത്രം. കൊല്ലം സീറ്റ് തങ്ങള്‍ക്ക് എന്തുകൊണ്ട് നഷ്ടപ്പെട്ടുവെന്ന് ഏറ്റവും കൂടുതല്‍ അറിയുന്നതും പ്രേമചന്ദ്രനുതന്നെയാകുമല്ലോ. ചെറിയ പാര്‍ടിയായിട്ടുകൂടി എത്രയോ പിളര്‍പ്പുകള്‍ ആ പാര്‍ടിയെ തേടിയെത്തി. പ്രാമാണികനായ നേതാവ് എന്‍ ശ്രീകണ്ഠന്‍നായര്‍തന്നെ, കൊല്ലത്ത് പരാജയപ്പെട്ടു. തുടര്‍ന്നുണ്ടായ പിളര്‍പ്പുകളുടെ പരമ്പര ആ പാര്‍ടിയെ എത്രയോ ദുര്‍ബലമാക്കി. ആര്‍എസ്പിയുടെ മുന്‍നിര നേതാവായ ബേബിജോണിനെ, കൊലയാളിയെന്ന് വിളിച്ച് ചവറ സരസന്റെ കൊലപാതകത്തിന് ഉത്തരവാദിയാക്കി ചിത്രവധം ചെയ്തപ്പോള്‍, സഖാവെന്ന പരിഗണന നല്‍കി, പൊതു മണ്ഡലത്തില്‍ നിലനിര്‍ത്താന്‍ കമ്യൂണിസ്റ്റുകാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അല്ലാതെ കൊലയാളിയെന്നു വിളിച്ചപമാനിച്ച കോണ്‍ഗ്രസുകാര്‍ക്കൊപ്പം അധികാരംപങ്കിടാന്‍ മാത്രമല്ല അവിടേക്ക് തന്റെ പിതാവിന്റെ പഴയ സഹപ്രവര്‍ത്തകരെ ചാക്കിലാക്കി 'കൂട്ടിക്കൊടുക്കാനും' യാതൊരു മടിയുമില്ല എന്നുകൂടി ബേബിജോണിന്റെ മകന്‍ തെളിയിച്ചിരിക്കുന്നു. യൂദാസിനു കിട്ടിയ വെള്ളിക്കാശുപോലെ, യുഡിഎഫിന്റെ ലോകസഭാ ടിക്കറ്റ് തരപ്പെടുത്തിയ പ്രേമചന്ദ്രനും സംഘവും തങ്ങള്‍ ഇന്നലെവരെ പറഞ്ഞ രാഷ്ട്രീയം എങ്ങനെ വിഴുങ്ങും കോര്‍പ്പറേറ്റുകള്‍ക്കെതിരെയും കസ്തൂരിരംഗനെതിരെയും സോളാര്‍ തട്ടിപ്പിനെതിരെയും ഇടതുപക്ഷ പ്രതിനിധിയായി ചാനലുകളില്‍ തിളങ്ങിയയാള്‍ക്ക് താനുന്നയിച്ച വാദങ്ങളോട് യുഡിഎഫ് സ്ഥാനാര്‍ത്ഥിയെന്ന നിലയ്ക്ക് എങ്ങനെ പ്രതികരിക്കാനാകും ക്ലിഫ്ഹൗസ് ഉപരോധിക്കാന്‍ സമരംനയിച്ചുപോയ നേതാവ് അന്തിയായപ്പോള്‍, തലയില്‍ മുണ്ടിട്ട്, ക്ലിഫ്ഹൗസിനകത്ത് ചെന്ന് സീറ്റൊറപ്പിച്ചുപോന്നിട്ട് കുറ്റം മുഴുവന്‍ സിപിഐ എമ്മിന്റെയും സിപിഐയുടേയും തലയില്‍ ചാര്‍ത്തിക്കൊടുക്കുന്നു. കമ്യൂണിസ്റ്റുകാര്‍ക്ക് മുന്നണി നടത്താനറിയില്ലത്രേ. കോണ്‍ഗ്രസുകാര്‍ എത്ര നന്നായി സംസാരിക്കുമെന്നാണ് വീരേന്ദ്രകുമാറിന് അത്ഭുതം. ആധുനിക കേരളത്തിന്റെ സൃഷ്ടാവായ ഇ എം എസിനെ 'വിക്കന്‍ നമ്പൂതിരി'യെന്നു വിളിച്ച കോണ്‍ഗ്രസുകാരുടെ പെരുമാറ്റ മര്യാദ കേമമാണ്. കാലന്‍ വന്നു വിളിച്ചിട്ടും പോകാത്തതെന്തേ ഗോപാലാ എന്ന് ആശുപത്രിയില്‍ മരണക്കിടക്കയില്‍ കിടക്കുന്ന എ കെ ജിയോട് ചോദിച്ചതും ഇതേ കോണ്‍ഗ്രസാണ്. വടകരയോ കോഴിക്കോടോ തരാന്‍ സൗകര്യപ്പെടുന്നില്ല, വേണമെങ്കില്‍ പാലക്കാട്ട് പോയി പനങ്കള്ള് കുടിച്ചു വരുകയെന്ന് ചിരിച്ചുകൊണ്ട് പറഞ്ഞ ഉമ്മന്‍ചാണ്ടി എത്രയോ മര്യാദരാമന്‍. പെരുമാറ്റ മര്യാദയുടെ സര്‍ട്ടിഫിക്കറ്റ് അടിക്കുന്ന ഒരു കമ്മട്ടംതന്നെ വീരന്റെ പാര്‍ടി പണിതുവെച്ചിട്ടുണ്ട്. ഏതായാലും സിപിഐ എമ്മിനും ഇടതുമുന്നണിക്കും ഒപ്പം ഉറച്ചുനിന്ന പഴയ പാര്‍ടിയിലെ നാലുപേര്‍ എംഎല്‍എമാരായി നിയമസഭയിലിരിക്കുമ്പോള്‍, വീരന്‍ ചെറിയ പാര്‍ടിയുടെ ചെറിയനേതാവായി മാറിയെന്നതാണ് പരമാര്‍ത്ഥം. ആന മെലിഞ്ഞാലും തൊഴുത്തില്‍ കെട്ടരുത് എന്ന പഴമൊഴിപോലെ എത്ര മെലിഞ്ഞാലും വീരനെ പാലക്കാട്ട് കൊണ്ടുകെട്ടാന്‍ പാടില്ലായിരുന്നു. "കോഴിയെ ഡ്രസുചെയ്ത് കൊടുക്കപ്പെടും" എന്ന് ബോര്‍ഡ് കാണുമ്പോള്‍ കോഴിക്ക് എന്തോ നല്ലതുവരുമെന്ന് വിചാരിക്കുന്നവന്‍ എത്രയോ "ബുദ്ധി"മാനായിരിക്കും. ഉമ്മന്‍ചാണ്ടി സംഘത്തിന്റെ ചിരി കൊലച്ചിരിയാണെന്ന് പാലക്കാട്ട് ചെല്ലുമ്പോഴെങ്കിലും അറിയുമെന്നിരിക്കെ, പാലക്കാട് ചുരം കയറി പാണ്ടിനാട്ടില്‍ ഒരു യാത്രാവിവരണംകൂടി എഴുതി നോക്കാമെന്നല്ലാതെ, യുഡിഎഫിലെ പെരുമാറ്റ മര്യാദകൊണ്ട് വീരന്റെ പാര്‍ടി ഗതിപിടിക്കുന്നില്ല എന്ന് ആര്‍ക്കാണ് മനസ്സിലാകാത്തത്.

ഇരുപത് എംഎല്‍എമാരുള്ള മുസ്ലീംലീഗിന് രണ്ടു ലോകസഭാ സീറ്റ്. ഒന്‍പത് എംഎല്‍എമാരുള്ള കേരളാ കോണ്‍ഗ്രസിന് ഒരേ ഒരു സീറ്റ്. മുപ്പത്തിയാറ് എംഎല്‍എമാരുള്ള കോണ്‍ഗ്രസിന് പതിനാറുസീറ്റ്. എത്ര ഉദാരമായ സീറ്റു പങ്കിടലാണത്. അതിനെ വാഴ്ത്താന്‍ മാധ്യമങ്ങളും. ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് അനുകൂലമായി, കുന്നത്തൂര്‍, ഇരവിപുരം മണ്ഡലങ്ങളിലെ ജനങ്ങള്‍ നല്‍കിയ ഒരു വിധിയെഴുത്തിനെ അട്ടിമറിച്ച് പച്ചയായ കാലുമാറ്റം നടത്തി അധാര്‍മിക രാഷ്ട്രീയം പയറ്റിയ ഉമ്മന്‍ചാണ്ടിയുടെ നഗ്നതയെ പട്ടുകോണകംകൊണ്ടു മറയ്ക്കാനാണ് എല്‍ഡിഎഫിലെ പെരുമാറ്റ വിശേഷങ്ങളെപ്പറ്റി ഉപന്യാസങ്ങള്‍ ചമയ്ക്കുന്നത്. കൊല്ലം സീറ്റ് കിട്ടിയില്ലെങ്കില്‍ മുന്നണിയിലുണ്ടാവില്ല എന്നതാണ് ആര്‍എസ്പിയുടെ ശാഠ്യമെങ്കില്‍ എന്തിന് രാജ്യസഭാ സീറ്റ് സ്വീകരിച്ച് കൊല്ലങ്ങള്‍ക്കുമുമ്പ് പ്രേമചന്ദ്രന്‍ എല്‍ഡിഎഫ് എംപിയായി ദില്ലിയിലേക്ക് പോയി? മുന്നണിയിലെ ധാരണയനുസരിച്ച് ജനതാദളിന് ഒരു ടേമിന്റെ പകുതി നല്‍കണമായിരുന്നുവെങ്കിലും 2001ല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പരാജയപ്പെട്ടപ്പോള്‍ ലോട്ടറിയടിച്ചത് ഇതേ പ്രേമചന്ദ്രനായിരുന്നു. ജനതാദളിന്റെ ഓഹരിയായ മൂന്നുകൊല്ലംകൂടി രാജ്യസഭയില്‍ അംഗമായി തുടര്‍ന്നു. പഞ്ചായത്തംഗം മുതല്‍ പാര്‍ലമെന്റംഗത്വംവരെയും എംഎല്‍എ സ്ഥാനം മുതല്‍ മന്ത്രിപ്പട്ടംവരെയും എത്തിയിട്ടും ചവിട്ടിനിന്ന ഗോവണി, കൂടെനിന്നവന്റെ തലയിലേക്കെറിഞ്ഞ്, മറുകരകണ്ട് കൊഞ്ഞനംകുത്തുന്ന പ്രേമചന്ദ്രനും സംഘവും നയിക്കുന്ന വഴിയെ അണികള്‍ വരണമെന്നില്ല.

1957ല്‍ കമ്യൂണിസ്റ്റ്പാര്‍ടിയും കോണ്‍ഗ്രസും സോഷ്യലിസ്റ്റുകളും മത്സരിച്ചപ്പോള്‍ 60 സീറ്റ് കമ്യൂണിസ്റ്റുകാര്‍ക്കും, അഞ്ച് സീറ്റ് കമ്യൂണിസ്റ്റ് സ്വതന്ത്രര്‍ക്കും കിട്ടി. ഒറ്റയ്ക്ക് ഭരിക്കാനല്ല, സോഷ്യലിസ്റ്റുകളെ കൂട്ടിച്ചേര്‍ത്ത് ഇടതുപക്ഷ അടിത്തറ വികസിപ്പിക്കാനാണ് അക്കാലത്ത് അവിഭക്ത കമ്യൂണിസ്റ്റ്പാര്‍ടി ശ്രമിച്ചത്. ആദ്യത്തെ കേരള നിയമസഭയില്‍ 23 എംഎല്‍എമാരുണ്ടായിരുന്ന സോഷ്യലിസ്റ്റ്പാര്‍ടിയുടെ കമ്യൂണിസ്റ്റ് വിരോധം ആ പാര്‍ടിയെ തകര്‍ക്കുക മാത്രമല്ല, വിമോചന സമരമുന്നണിയിലെത്തിച്ചു. കേരളം ഏറെ ബഹുമാനിക്കുന്ന വി ആര്‍ കൃഷ്ണയ്യരെ വിമോചന സമരകാലത്ത് ചവറയില്‍വച്ച് അടിച്ച "പത്തല്‍ വിപ്ലവം" മുതല്‍, ആര്‍എസ്പിയുടെ പൂര്‍വികരുടെ ഇടതുപക്ഷ സ്വഭാവം ചരിത്രത്തില്‍ മുദ്രണംചെയ്യപ്പെട്ടിട്ടുണ്ട്. തക്കംനോക്കി പരസ്പരം കുത്തുകയും കൂട്ടില്‍ കുത്തുകയും ചെയ്ത് ഛിന്നഭിന്നമായിപ്പോയ ഒരു പ്രസ്ഥാനത്തെ, ഒന്നര ദശകത്തോളമായി ഒപ്പം നിര്‍ത്തി പരിലാളിച്ച് സംരക്ഷിച്ചതിന്റെ മര്യാദകളൊന്നും മാനിച്ച് പ്രവര്‍ത്തിച്ചില്ലെങ്കിലും തലേന്നുപോലും ഒന്നും ഉരിയാടാതെ കളം മാറിച്ചവിട്ടിയ നെറികേടിന് കേരളം മാപ്പുനല്‍കില്ല. രണ്ടായിരത്തി ഒന്‍പതില്‍ ജനതാദള്‍, രണ്ടായിരത്തി പതിനാലില്‍ ആര്‍എസ്പി. ഇടതുമുന്നണിയില്‍നിന്ന് കൊഴിച്ചില്‍ കൂടുന്നതായി ആഹ്ലാദിക്കുന്നവര്‍ ഏറെയുണ്ട്. ജനതാദളിലെ ഭൂരിപക്ഷവും ഇടതുമുന്നണിയിലുണ്ട് എന്നത് ഈ കഥാകഥനത്തില്‍ മറച്ചുവയ്ക്കപ്പെടുന്നുണ്ട്. 2009ലെ കോണ്‍ഗ്രസോ യുപിഎയോ അല്ല 2014ല്‍ ജനവിധി തേടുന്നത്.

മതനിരപേക്ഷതയുടെ കൊടിയുയര്‍ത്തുന്ന ദേശീയ രാഷ്ട്രീയത്തിന് ഇടതുപക്ഷം കൂടുതല്‍ പ്രസക്തമാകണമെന്ന് ഓരോ കേരളീയനും തിരിച്ചറിയുന്ന കാലമാണിത്. യുഡിഎഫിനൊപ്പംനിന്ന ജനവിഭാഗങ്ങള്‍ അവരെ കൈവിട്ടിരിക്കുന്നു. ആയിരം ചോദ്യങ്ങളുമായി യുഡിഎഫിനെ കാത്തിരിക്കുന്ന ജനതയാണ് ഇവിടെയുള്ളത്. അവരോടൊപ്പം കൂടിയതോടെ, ആര്‍എസ്പിയുടെ യാത്ര, ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലേക്കാണ്. മൂല്യങ്ങളേയും നിലപാടുകളേയും ധാര്‍മികതയേയും വെടിഞ്ഞ് സ്ഥാനമാനങ്ങള്‍ക്കായി ഒരു വ്യക്തി പോകുന്നത് തല്‍ക്കാലത്തേക്ക് വിജയം കണ്ടേക്കാം. അബ്ദുള്ളക്കുട്ടിമാരെയും ശെല്‍വരാജുമാരെയും ചൂണ്ടി അങ്ങനെ പറയാന്‍ കഴിയുമായിരിക്കാം. ഇവിടെ ഇടതുപക്ഷത്തെന്ന് ജനങ്ങള്‍ വിശ്വസിച്ച ഒരു പാര്‍ടിയെയാണ് അഖിലേന്ത്യാ നേതൃത്വം വിസമ്മതിച്ചിട്ടും സംസ്ഥാനകമ്മിറ്റിയെ കൈക്കലാക്കിയ ഒരു കൂട്ടം തട്ടിയെടുത്ത് യുഡിഎഫിന്റെ തൊഴുത്തില്‍ കെട്ടുന്നത്. അതിന് ചരിത്രം കരുതിവച്ച മറുപടി ഏറ്റുവാങ്ങാന്‍ തയ്യാറാവുക മാത്രമാണ് ആര്‍എസ്പിക്ക് ചെയ്യാനുള്ളത്. കാര്യം കണ്ടുകഴിഞ്ഞാല്‍ കറിവേപ്പിലപോലെ പുറത്തെറിയപ്പെടുന്ന ഒന്നായി കേരളാ ആര്‍എസ്പിയെന്ന ഈ കാലുമാറ്റ പാര്‍ടി മാറുമെന്ന് തീര്‍ച്ചയാണ്.
**അഡ്വ. കെ അനില്‍കുമാര്‍**

ശിങ്കിടി മുതലാളിത്തത്തിന്റെ അത്യാര്‍ത്തി

"തിളങ്ങുന്ന ഇന്ത്യ", സൂര്യപ്രകാശത്തില്‍, അക്ഷരാര്‍ഥത്തില്‍ത്തന്നെ 'വെയില്‍കായുക'യാണ്. സെന്‍സെക്സ് പുതിയ ഉയരങ്ങളിലേക്ക് കുതിച്ചുകൊണ്ടിരിയ്ക്കുന്നു. 22000 എന്ന അതിര്‍ത്തിയും അത് ഏറെക്കുറെ ഭേദിച്ചു കഴിഞ്ഞിരിക്കുന്നു. നിഫ്റ്റിയും റെക്കോര്‍ഡ് സൃഷ്ടിച്ചിരിക്കുന്നു. ഒരു പ്രമുഖ ഫൈനാന്‍സ് കമ്പനിയുടെ വക്താവിെന്‍റ വാക്കുകളിലൂടെ ഇന്ത്യയിലെ കോര്‍പറേറ്റുകള്‍ അതിനോട് ചടുലമായി പ്രതികരിച്ചത് ഇങ്ങനെയാണ്: "ലോകസഭാ തിരഞ്ഞെടുപ്പിനുശേഷം നരേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ ഗവണ്‍മെന്‍റ് അധികാരത്തില്‍ വരുന്നതിനുള്ള സാധ്യത, ഈ കുതിപ്പിന് ഇന്ധനം പകര്‍ന്നുകൊണ്ടിരിക്കുന്നു". (ഹിന്ദുസ്ഥാന്‍ ടൈംസ്, 2014 മാര്‍ച്ച് 8). കടിഞ്ഞാണില്ലാത്തവിധം ലാഭം പരമാവധി കുന്നുകൂട്ടുന്നതിനുള്ള വ്യഗ്രതയില്‍, ഓഹരിവിപണിയിലെ ചാഞ്ചാട്ടങ്ങളെ വിശദീകരിയ്ക്കുന്നതിനായി ഇന്ത്യയിലെ കോര്‍പറേറ്റുകള്‍ "ഫാസ്റ്റ് ഫുഡ്" സമീപനമാണ് നിരന്തരം അവലംബിച്ചുവരുന്നത്. ഇത് മുമ്പ് പലപ്പോഴും സംഭവിച്ചിട്ടുണ്ട്.

ഓഹരിക്കമ്പോളത്തിലെ 1998ലെ പതനത്തിനുകാരണം, പ്രധാനമന്ത്രിയായി അധികാരമേല്‍ക്കാന്‍ തയ്യാറെടുത്തു നില്‍ക്കുന്ന വാജ്പേയിക്ക്, തെന്‍റ പിന്‍തുണയറിയിച്ചുകൊണ്ടുള്ള കത്ത് ജയലളിത അയച്ചുകൊടുക്കുന്നതില്‍ വന്ന കാലതാമസമാണ് എന്നാണ് പറയപ്പെട്ടത്. കിഴക്കന്‍ ഏഷ്യന്‍ സമ്പദ്വ്യവസ്ഥകള്‍ തകര്‍ന്നടിഞ്ഞ കാലമായിരുന്നു അത്. അതിെന്‍റ ഫലമായി ഉണ്ടായ അന്താരാഷ്ട്ര സാമ്പത്തികക്കുഴപ്പത്തെ ഇങ്ങനെയാണ് വിശേഷിപ്പിച്ചത്: "ഒരിടയ്ക്ക് ഏഷ്യന്‍ കടുവകള്‍ എന്ന് കരുതപ്പെട്ടിരുന്നവയുടെ എല്ലുകള്‍ തോട്ടിപ്പണിക്കാര്‍ വാരിക്കൂട്ടുന്ന അവസ്ഥയാണുണ്ടായത്". പിന്നീട് അന്താരാഷ്ട്ര സാമ്പത്തികക്കുഴപ്പം വീണ്ടും പ്രത്യക്ഷപ്പെട്ടപ്പോള്‍, അതിനെ അവഗണിച്ചത്, ഒന്നാം യുപിഎ ഗവണ്‍മെന്‍റിന് 2004ല്‍ ഇടതുപക്ഷ പാര്‍ടികള്‍ പുറത്തുനിന്നു നല്‍കിയ പിന്‍തുണയെ കുറ്റപ്പെടുത്തിക്കൊണ്ടാണ്.

അതുപോലെത്തന്നെ, അന്താരാഷ്ട്രവിപണികള്‍ ഒരു വലിയ വേലിയേറ്റത്തിെന്‍റ അവസ്ഥയിലാണ് എന്ന വസ്തുതയാണ് ഇന്ന് അവഗണിയ്ക്കപ്പെടുന്നത്. അമേരിക്കയിലെ ശമ്പളവിതരണം കൂടുതല്‍ ശക്തിപ്പെട്ടപ്പോള്‍, വാള്‍സ്ട്രീറ്റ് റെക്കോര്‍ഡ് തലത്തിലെത്തി. തൊഴിലില്ലായ്മ നിരക്ക് വര്‍ധിച്ചുകൊണ്ടിരിയ്ക്കുകയാണെങ്കില്‍ത്തന്നെയും, കഴിഞ്ഞ രണ്ടു മാസത്തിനുള്ളില്‍ നിരവധി പുതിയ തൊഴിലുകള്‍ ഉണ്ടായിട്ടുണ്ട്. ഇന്ത്യയിലേയ്ക്ക് വലിയ തോതില്‍ വിദേശ സ്ഥാപന നിക്ഷേപം ഒഴുകിവരുന്നതിന് ഇതിടയാക്കി. എന്നാല്‍ ഈ സുഖം ഏറെക്കാലം നിലനിന്നില്ല. ഉക്രെയ്നിലെ പ്രതിസന്ധിയും ചൈനയില്‍നിന്നുള്ള നിരുത്സാഹകരമായ വിവരങ്ങളും കാരണം യൂറോപ്യന്‍ വിപണിയില്‍നിന്നും ഏഷ്യന്‍ വിപണിയില്‍ നിന്നും നിഷേധാത്മകമായ വാര്‍ത്തകള്‍ വന്നതുമൂലമാണത്. അതിെന്‍റ ആഘാതം അധികം താമസിയാതെ ഇന്ത്യന്‍ വിപണിയിലും കാണാതിരിയ്ക്കില്ല. എന്നുതന്നെയല്ല, ഡോളറുമായുള്ള രൂപയുടെ മൂല്യം ശക്തിപ്പെടുകയും കറന്‍റ് അക്കൗണ്ട് ശിഷ്ടം മെച്ചപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ (ഏറെ വൈകിയിട്ടാണെങ്കിലും ആഡംബരച്ചരക്കുകളുടെ ഇറക്കുമതിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതിനു നന്ദി). പതിനെട്ടു മാസത്തിനുശേഷം ആഭ്യന്തര സാമ്പത്തിക അവസ്ഥകളോട് ഓഹരിവിപണിയും പ്രതികരിച്ചു തുടങ്ങിയിട്ടുണ്ട്. നമ്മുടെ ജനങ്ങളില്‍ മഹാഭൂരിപക്ഷത്തിെന്‍റയും ജീവിത പരിതഃസ്ഥിതിയില്‍, ഓഹരിവിപണിയിലെ ചാഞ്ചാട്ടങ്ങള്‍ വളരെ നിസ്സാരമായ സ്വാധീനമേ ചെലുത്തുന്നുള്ളൂ എന്നത് ശരി തന്നെ. എങ്കില്‍ത്തന്നെയും ഫിനാന്‍ഷ്യല്‍ വിപണികളെ സമീപിക്കുന്നതിനുള്ള കോര്‍പറേറ്റുകളുടെ കഴിവുകളെ നിര്‍ണയിക്കുന്നത് വിപണി മൂലധനവല്‍കരണത്തിെന്‍റ അളവാണ് എന്നതിനാല്‍ അത് സുപ്രധാനം തന്നെയാണ്. അതിനാല്‍ വിപണിയിലെ അനുകൂലചലനങ്ങളെ കൗശലത്തോടുകൂടി ഉയര്‍ത്തിപ്പിടിച്ചു നിര്‍ത്തുക എന്നത്, ഇന്ത്യയിലെ കോര്‍പറേറ്റുകളെ സംബന്ധിച്ചിടത്തോളം ലാഭം പരമാവധി വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ നിര്‍ണായകം തന്നെയാണ്. ഇതാകട്ടെ, ശിങ്കിടി മുതലാളിത്തത്തിെന്‍റ വൈപുല്യം അളവുപരമായി വര്‍ധിപ്പിച്ചു നിര്‍ത്തിക്കൊണ്ട് ഭരണകൂടത്തെ വരുതിയില്‍ നിര്‍ത്താനുള്ള അവരുടെ കഴിവിനെ ആശ്രയിച്ചു നില്‍ക്കുകയും ചെയ്യുന്നു. ഇക്കാര്യത്തെക്കുറിച്ച് ഇതിനുമുമ്പും ചര്‍ച്ച ചെയ്തിട്ടുണ്ടല്ലോ. എന്നു തന്നെയല്ല, "ഇന്ത്യയ്ക്ക് ശിങ്കിടി മുതലാളിത്തത്തെ സഹിയ്ക്കാന്‍ കഴിയില്ല" എന്ന് ഒരിയ്ക്കല്‍ പാര്‍ലമെന്‍റില്‍ പ്രധാനമന്ത്രി അംഗീകരിക്കുകയും ചെയ്തിട്ടുള്ളത് ഓര്‍ക്കുക. എന്നിട്ടും രണ്ടാം യുപിഎ സര്‍ക്കാര്‍ അതിന് ഇത്ര കാലവും പ്രോല്‍സാഹനം നല്‍കിക്കൊണ്ടിരുന്നു.

"ഈയടുത്ത കാലത്തെ മാന്ദ്യത്തിെന്‍റ കാലത്തിലൊരിയ്ക്കലും കോര്‍പറേറ്റുകളുടെ ആകെ മൊത്തം സമ്പാദ്യത്തില്‍ ഇടിവുണ്ടായ ഒരൊറ്റ വര്‍ഷവും ഉണ്ടായിട്ടില്ല" എന്ന തെന്‍റ പ്രസ്താവനയിലൂടെ ഒരു പ്രമുഖ നിക്ഷേപക ബാങ്കിെന്‍റ എംഡി ഇതിന് സ്ഥിരീകരണം നല്‍കുന്നുമുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യമേഖലാ കമ്പനിയായ റിലയന്‍സ് ഇന്‍ഡസ്ട്രീസിന് 5.72 ശതമാനം വര്‍ധനയുണ്ടായപ്പോള്‍, ഏറ്റവും വലിയ ടെലകോം കമ്പനിയായ ഭാരതി എയര്‍ടെല്‍ 5.5 ശതമാനം കണ്ടാണ് വളര്‍ന്നത്; ഏറ്റവും വലിയ സ്വകാര്യ ബാങ്കായ ഐസിഐസിഐയ്ക്ക് 6 ശതമാനം കണ്ട് നേട്ടമുണ്ടായി. ഇന്ത്യയിലെ കോര്‍പറേറ്റുകള്‍ക്ക് ഗവണ്‍മെന്‍റ് വമ്പിച്ച അളവില്‍ സൗജന്യങ്ങള്‍ വാരിക്കോരി കൊടുത്തില്ലായിരുന്നുവെങ്കില്‍, ഇതൊന്നും സാധിയ്ക്കുമായിരുന്നില്ല. ഇത്തരം സൗജന്യങ്ങളും ഇഷ്ടദാനങ്ങളും തുടര്‍ന്നുകൊണ്ടുപോകാന്‍, ഇന്ത്യയിലെ കോര്‍പറേറ്റുകള്‍ക്ക് ഒരു "മിശിഹ"യെ, ശക്തനായ ഒരു നേതാവിനെ, ആവശ്യമുണ്ട്. അതിനാല്‍ ബിജെപിയുടെ പ്രധാനമന്ത്രിപദ മോഹിക്ക് ആര്‍പ്പുവിളിയ്ക്കാനുള്ള വൈതാളികരായി അവരില്‍ ചിലര്‍, തങ്ങളെ സ്വയം നിയമിയ്ക്കുകയാണ്. ഗുജറാത്തില്‍ മറ്റൊരിയ്ക്കലും ഉണ്ടായിട്ടില്ലാത്ത വിധത്തില്‍ വമ്പിച്ച അളവിലുള്ള സൗജന്യങ്ങളാണ് കോര്‍പറേറ്റുകള്‍ക്ക് നല്‍കിക്കൊണ്ടിരിയ്ക്കുന്നത്.

വിവരാവകാശ നിയമപ്രകാരം ലഭിച്ച കണക്കുകളില്‍, അത്തരം സൗജന്യങ്ങളുടെ ഒരു നീണ്ട പരമ്പര തന്നെ കാണാം. സൂറത്തിലെ ഹസീറയിലെ വ്യവസായ മേഖലയില്‍ കണ്ണായ സ്ഥലത്ത് എല്‍ ആന്‍റ് ടിയ്ക്ക് ലേലമൊന്നും കൂടാതെ 8 ലക്ഷം ചതുരശ്ര മീറ്റര്‍ സ്ഥലമാണ് മോഡി സര്‍ക്കാര്‍ വിട്ടുകൊടുത്തത്. ചതുരശ്ര മീറ്ററിന് അവിടെ 950 രൂപ വില വരും എന്ന് ഭൂകമ്മിറ്റി വിലയിരുത്തിയിട്ടുണ്ടെങ്കിലും ചതുരശ്ര മീറ്ററിന് ഒരു രൂപ വെച്ചാണ് എല്‍ ആന്‍റ് ടിയ്ക്ക് ഭൂമി നല്‍കിയത്! ടാറ്റയുടെ നാനോ കാര്‍ പദ്ധതിയ്ക്ക് ചതുരശ്ര മീറ്ററിന് 900 രൂപ വില വെച്ചാണ് 1,100 ഏക്കര്‍ സ്ഥലം വിറ്റത്. അതേ അവസരത്തില്‍ അവിടെ ചതുരശ്ര മീറ്ററിെന്‍റ വിപണി വില ഏതാണ്ട് 10,000 രൂപയായിരുന്നു. ടാറ്റയ്ക്ക് ആകെ നല്‍കിയ സൗജന്യങ്ങള്‍ കണക്കിലെടുത്താല്‍, ടാറ്റയുണ്ടാക്കുന്ന ഓരോ കാറിനും 60,000ല്‍ പരം രൂപ വെച്ച് സംസ്ഥാന ഖജനാവിന് ചെലവു വരും. എസ്സാര്‍, അദാനി തുടങ്ങിയ കോര്‍പറേറ്റ് ഗ്രൂപ്പുകള്‍ക്കും ഇതേ അളവിലുള്ള വമ്പിച്ച സൗജന്യങ്ങള്‍ നല്‍കിയിട്ടുണ്ട്. ആസൂത്രണ കമ്മീഷെന്‍റ തെണ്ടൂല്‍ക്കര്‍ കമ്മിറ്റി റിപ്പോര്‍ട്ട് അനുസരിച്ച് രാജ്യത്ത് ഏറ്റവും ഉയര്‍ന്ന ദാരിദ്ര്യ നിരക്കുള്ള ഗുജറാത്തിലെ "ഊര്‍ജസ്വലമായ വളര്‍ച്ച" അങ്ങിനെയാണ്. നാല് ലക്ഷത്തോളം കൃഷിക്കാര്‍ക്ക് വൈദ്യുതി കണക്ഷനില്ല. ഇപ്പോഴത്തെ മുഖ്യമന്ത്രിയുടെ ഭരണത്തിന്‍കീഴില്‍ 9829 തൊഴിലാളികളും 5447 കൃഷിക്കാരും 919 കൂലിവേലക്കാരും ആത്മഹത്യ ചെയ്തുവെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. 2008 തൊട്ട് ഓരോ വര്‍ഷവും സംസ്ഥാനത്തിെന്‍റ കടഭാരം അനുക്രമം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. 2011ല്‍ അത് 1,12,462 കോടി രൂപയില്‍ എത്തിയിരിക്കുന്നു. കൂടുതല്‍ ഇഷ്ടദാനങ്ങള്‍ ലഭിയ്ക്കണം എന്ന കോര്‍പറേറ്റുകളുടെ പ്രത്യാശ ന്യായം തന്നെയാണോ?  പ്രത്യേകിച്ചും അധ്വാനിക്കുന്ന ജനങ്ങളുടെ മൂര്‍ച്ഛിച്ചുകൊണ്ടിരിക്കുന്ന ദുരിതങ്ങളുടെ ചെലവിലാണ് അത് സംഭവിക്കുന്നത് എന്ന് വരുമ്പോള്‍? സംസ്ഥാനത്തിെന്‍റ മനുഷ്യ വികസന സൂചികകള്‍ വളരെ താഴ്ന്നു നില്‍ക്കുന്നതും വീണ്ടും ഇടിഞ്ഞുകൊണ്ടിരിക്കുന്നതും അധ്വാനിക്കുന്ന ജനങ്ങളുടെ ദുരിതത്തിെന്‍റ ദൃഷ്ടാന്തമാണല്ലോ. സ്റ്റീവന്‍ സ്പീല്‍ബെര്‍ഗിെന്‍റ "ഷിന്‍ഡ് ലേഴ്സ് ലിസ്റ്റ്" എന്ന വിഖ്യാതമായ സിനിമ ഓര്‍ക്കുക. ഹിറ്റ്ലറുടെ പൈശാചികമായ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളില്‍ മരണം ഉറപ്പാക്കിക്കഴിയുന്ന ജൂതന്മാരുടെ ഒരു പട്ടിക ഉണ്ടാക്കുന്നതിനും അവരെ രക്ഷിക്കുന്നതിനുംവേണ്ടി ബിസിനസ്സുകാരനായ മുഖ്യകഥാപാത്രം ഹിറ്റ്ലറുടെ ഫാസിസ്റ്റ് വാഴ്ചയ്ക്ക് പിന്‍തുണ നല്‍കാന്‍ തയ്യാറാകുമ്പോള്‍, തെന്‍റ ഈ പിന്‍തുണയെ അയാള്‍ ന്യായീകരിക്കുന്നത് ഇങ്ങനെയാണ്: "ബിസിനസ്സിനുപറ്റിയ ഏറ്റവും നല്ല സമയമാണല്ലോ യുദ്ധം".

വല്ലപ്പോഴുമൊരിയ്ക്കല്‍ മനുഷ്യത്വപരമായ ഇത്തരം ചില പ്രകടനങ്ങള്‍ നടത്താറുണ്ടെങ്കിലും, ലാഭം പരമാവധി കുന്നുകൂട്ടുന്നതിനുള്ള ആള്‍ത്താരയില്‍ മനുഷ്യജീവനും സ്വാതന്ത്ര്യവും അന്തസ്സും അടക്കം എല്ലാം അക്ഷരാര്‍ഥത്തില്‍ത്തന്നെ സമര്‍പ്പിയ്ക്കപ്പെടുമല്ലോ. ഇന്ത്യന്‍ കോര്‍പറേറ്റുകളുടെ അത്യാഗ്രഹം നടക്കുകയാണെങ്കില്‍ത്തന്നെ, വര്‍ഗീയ കൂട്ടക്കൊലകളുടെയും ശിങ്കിടി മുതലാളിത്തത്താല്‍ ഉത്തേജിപ്പിയ്ക്കപ്പെട്ട ഹിമാലയന്‍ അഴിമതിയുടെയും ചെലവേറിയ സന്നാഹങ്ങളോടെയായിരിക്കും അത് നടപ്പാക്കപ്പെടുക. അതിെന്‍റ അനന്തരഫലമായ ഭീകരമായ മനുഷ്യാവകാശ ലംഘനങ്ങളും സിവില്‍ സ്വാതന്ത്ര്യ ലംഘനങ്ങളും സമുദായ സാഹോദര്യത്തിെന്‍റ തകര്‍ച്ചയും, ഇന്ത്യയുടെ സമ്പന്നവും വര്‍ണശബളവുമായ നാനാത്വത്തെ സംബന്ധിച്ചിടത്തോളം ഏറെ വിനാശകരമായിരിക്കും. എന്നു തന്നെയല്ല, ജനങ്ങളില്‍ മഹാഭൂരിപക്ഷത്തിെന്‍റയും ജീവിതഗുണനിലവാരം നിശിതമായി ഇടിയുന്നതിനും അതിടയാക്കും എന്നത് അതിനേക്കാള്‍ ദോഷകരമായിരിക്കും. "തിളങ്ങുന്ന ഇന്ത്യ" എന്ന ഒരു വളരെ ചെറിയ ന്യൂനപക്ഷത്തിെന്‍റ മാത്രമല്ല, എല്ലാ ജനങ്ങളുടെയും വര്‍ധിച്ച സാമ്പത്തിക അഭിവൃദ്ധിയോടുകൂടിയ സാമ്പത്തിക വളര്‍ച്ച കൈവരുത്തുന്ന ബദല്‍ നയമാണ് ഇന്ന് ഇന്ത്യയ്ക്കാവശ്യം. അത്തരമൊരു ബദല്‍നയം സാധ്യമാണ് എന്നു തന്നെയല്ല, നല്ല നിലയില്‍ കൈവരിയ്ക്കാനും കഴിയും.

**സീതാറാം യെച്ചൂരി**

ഉമ്മന്‍ചാണ്ടിയുടെ മറ്റൊരു കുതിരക്കച്ചവടം

ആര്‍എസ്പി നേതാക്കള്‍ കൊല്ലം പാര്‍ലമെന്റ് സീറ്റില്‍ ആ പാര്‍ടി ഇത്തവണ മത്സരിക്കാന്‍ ആഗ്രഹിക്കുന്നു എന്ന് ഉഭയകക്ഷി ചര്‍ച്ചയില്‍ സിപിഐ എം നേതാക്കളെ അറിയിച്ചപ്പോള്‍ അതില്‍ അവരുടെ പതിവ് ആഗ്രഹപ്രകടനത്തില്‍ കൂടുതലൊന്നും പാര്‍ടി നേതാക്കള്‍ക്ക് കാണാന്‍ കഴിഞ്ഞില്ല. മറ്റ് ഘടകകക്ഷി നേതാക്കളൊന്നും അത്തരം പതിവില്ലാത്ത ഒരു നീക്കം ആര്‍എസ്പി നേതൃത്വത്തിന്റെ ഭാഗത്തുള്ളതായി സൂചിപ്പിച്ചുമില്ല. ഉഭയകക്ഷി ചര്‍ച്ച എല്‍ഡിഎഫ് ചര്‍ച്ചയ്ക്ക് മുന്നോടിയാണ്. അതില്‍ കഴിഞ്ഞ മൂന്നുതവണ സിപിഐ എം മത്സരിച്ച സീറ്റ് കൊടുക്കണമെന്ന് ആര്‍എസ്പി ആവശ്യപ്പെട്ടു. അത്തരം തര്‍ക്കങ്ങള്‍ എല്‍ഡിഎഫില്‍ ചര്‍ച്ചചെയ്യുകയാണ് പതിവ്. ഇത്തവണയും അങ്ങനെ ചെയ്യുമെന്ന് പറഞ്ഞെങ്കിലും, ആര്‍എസ്പി എല്‍ഡിഎഫ് യോഗത്തില്‍ പങ്കെടുത്തില്ല. പകരം അവര്‍ ചെയ്തത് കെപിസിസി പ്രസിഡന്റിനെയും മുന്‍ കെപിസിസി പ്രസിഡണ്ടിനെയും കണ്ട് കൊല്ലം സീറ്റ് ആവശ്യപ്പെടുകയാണ്. അവരാകട്ടെ, കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റ് ആര്‍എസ്പിക്ക് അവര്‍ യുഡിഎഫില്‍ ചേരുന്നപക്ഷം കൊടുക്കാമെന്ന് വാക്കുകൊടുത്തു.


ഇതില്‍നിന്ന് ഒരു കാര്യം വ്യക്തമാണ്. ആര്‍എസ്പി നേതാക്കള്‍ കോണ്‍ഗ്രസിന്റെ സംസ്ഥാനനേതാക്കളുമായും അഖിലേന്ത്യാ നേതൃത്വവുമായിപോലും യുഡിഎഫില്‍ ചേരുന്ന കാര്യവും അതിന്റെ വിലയായി കൊല്ലം പാര്‍ലമെന്റ് സീറ്റ് അവര്‍ക്ക് കൊടുക്കുന്ന കാര്യവും ചര്‍ച്ചചെയ്തിരുന്നു. 2009ലെ തിരഞ്ഞെടുപ്പ് കാലത്ത് എല്‍ഡിഎഫ് വിട്ട് യുഡിഎഫില്‍ കയറിയ എം പി വീരേന്ദ്രകുമാറിന്റെ സോഷ്യലിസ്റ്റ് ജനതാ പാര്‍ടിക്ക് അവര്‍ ആവശ്യപ്പെട്ട സീറ്റുകളില്‍ ഒന്നുപോലും കൊടുക്കാതിരിക്കാന്‍ പറഞ്ഞ ന്യായം സിറ്റിങ് സീറ്റൊന്നും കൊടുക്കരുത് എന്ന പാര്‍ടി ഹൈക്കമാണ്ട് നിര്‍ദേശമുണ്ട് എന്നായിരുന്നു. ആ നിര്‍ദ്ദേശം ആര്‍എസ്പിക്ക് ബാധകമാക്കാതിരിക്കണമെങ്കില്‍, ആര്‍എസ്പി സീറ്റ് ആവശ്യപ്പെട്ട് ചെല്ലുമ്പോള്‍ എല്‍ഡിഎഫ് വിട്ടുചെന്നാല്‍ അത് കൊടുക്കുന്ന കാര്യം പരിഗണിക്കാമെന്ന് കെപിസിസി പ്രസിഡന്റ് വാക്കുകൊടുക്കണമെങ്കില്‍, അവര്‍ തമ്മില്‍ അതിന് എത്രയോ മുമ്പുതന്നെ കൂടിയാലോചനയും വിലപേശലും ആരംഭിച്ചിരുന്നു എന്ന് വ്യക്തം. ആര്‍എസ്പി അഖിലേന്ത്യാതലത്തില്‍ ഇടതുമുന്നണിയുടെ ഭാഗമാണ്. അത് വിടുന്നതായി ആ പാര്‍ടിയുടെ ജനറല്‍സെക്രട്ടറി പറഞ്ഞിട്ടില്ല. പശ്ചിമബംഗാളില്‍ ഇടതുമുന്നണിയുടെ ഭാഗമായി അവര്‍ മൂന്നു സീറ്റില്‍ മത്സരിക്കുകയും ചെയ്യുന്നു. ഇവിടെ എല്‍ഡിഎഫിലെ വിവിധകക്ഷികള്‍ തമ്മില്‍ ഉഭയതല ചര്‍ച്ചയും എല്‍ഡിഎഫ് കൂട്ടായി ചര്‍ച്ചചെയ്ത് അന്തിമ തീരുമാനമെടുക്കലും പൂര്‍ത്തിയാകുംമുമ്പ് സിപിഐ എമ്മുമായി ഉഭയകക്ഷി ചര്‍ച്ച നടത്തിയ ഉടനെ അവര്‍ യുഡിഎഫ് പാളയത്തിലേക്ക് നീങ്ങിയത് യാദൃച്ഛികമായോ പെട്ടെന്നോ ആണെന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല. ആര്‍എസ്പിയുടെ പശ്ചിമബംഗാള്‍ കമ്മിറ്റി സെക്രട്ടറി ക്ഷിതിഗോസ്വാമിയും കേന്ദ്ര നേതൃത്വത്തിലുള്ള അബനിറോയിയും കേരള ഘടകത്തിന്റെ നീക്കത്തെ വിമര്‍ശിച്ചിട്ടുണ്ട്. വാസ്തവത്തില്‍ ആ പാര്‍ടിയുടെ രാഷ്ട്രീയാടിത്തറയെത്തന്നെ ചോദ്യംചെയ്യുകയാണ് കൊല്ലം സീറ്റിനുവേണ്ടി കേരള ആര്‍എസ്പി നേതൃത്വം ചെയ്തത്. അത് അവരുടെ അവസരവാദ നിലപാടിനെ തുറന്നുകാട്ടുന്നു.

ഇവിടെ കൂടുതല്‍ തുറന്നുകാട്ടപ്പെടുന്നത് കോണ്‍ഗ്രസിന്റെ രാഷ്ട്രീയ കാപട്യവും അധാര്‍മികതയുമാണ്. നേരിയ ഭൂരിപക്ഷമാണ് സീറ്റിന്റെ കാര്യത്തില്‍ ഇത്തവണ 2011ല്‍ യുഡിഎഫിനുള്ളത്. വോട്ടിന്റെ കാര്യത്തില്‍ എല്‍ഡിഎഫിനാണ് ആ വോട്ടെടുപ്പില്‍ ഭൂരിപക്ഷം. സീറ്റിന്റെ കാര്യത്തിലുള്ള അസന്ദിഗ്ധാവസ്ഥ തരണംചെയ്യാനായിരുന്നു നെയ്യാറ്റിന്‍കര എംഎല്‍എ സെല്‍വരാജിനെ കാലുമാറ്റി കോണ്‍ഗ്രസിലേക്ക് കൊണ്ടുപോയത്. രണ്ടു സീറ്റുള്ള ഒരു പാര്‍ടിയെ തങ്ങള്‍ ചാക്കിലാക്കി എന്ന് യുഡിഎഫിന്റെ വക്താക്കള്‍ അവകാശപ്പെട്ടിരുന്നു. എന്‍സിപിയെക്കുറിച്ച് തല്‍പരകക്ഷികള്‍ ആ തരത്തില്‍ വാര്‍ത്തകള്‍ പരത്തുകയും ചെയ്തിരുന്നു. ചാക്കുതുറന്നത് അവര്‍ക്കുവേണ്ടിയായിരുന്നില്ല, ആര്‍എസ്പിക്ക് വേണ്ടിയായിരുന്നു എന്ന് ഇപ്പോള്‍ വ്യക്തമായി. ആഗോളവല്‍ക്കരണത്തോടും തൊഴിലാളി ദ്രോഹത്തോടും ജനവഞ്ചനയോടും എന്‍ കെ പ്രേമചന്ദ്രനും കൂട്ടരും പ്രകടിപ്പിച്ചത് പൊറാട്ടുനാടകമാണെന്ന് ഇതോടെ തെളിഞ്ഞു.

ഇത്രയേറെ അഴിമതി, ഇത്രയേറെ കോര്‍പറേറ്റ് പ്രീണനം, ഇത്രയേറെ വിലക്കയറ്റം ഇത്രയേറെ ജനവഞ്ചനയും ജനദ്രോഹവും ചെയ്ത ഒരു കേന്ദ്ര ഗവണ്‍മെന്റ് മുമ്പുണ്ടായിട്ടില്ല. അതിനെ പുറത്താക്കാനും പകരം അധികാരമേല്‍ക്കാന്‍ വെമ്പിനടക്കുന്ന നരേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ള ബിജെപിയെയും വര്‍ഗീയ പരിവാരത്തെയും ഒഴിവാക്കി ജനങ്ങളോട് പ്രതിബദ്ധതയുള്ള മതനിരപേക്ഷജനാധിപത്യ ഗവണ്‍മെന്റ് രൂപീകരിക്കുന്നതിന് ആവശ്യമായ അടിത്തറപാകുന്നതിനും ഇടതുപക്ഷ പാര്‍ടികള്‍ രാഷ്ട്രീയവേദിയില്‍ ശ്രമിച്ചുകൊണ്ടിരിക്കുമ്പോഴാണ് അതിനെ പിന്നില്‍നിന്നു കുത്തുന്നതരത്തില്‍ ആര്‍എസ്പിയുടെ കേരളഘടകം ഏകപക്ഷീയമായി കോണ്‍ഗ്രസ് പാളയത്തില്‍ ചേക്കേറിയത്. അതിനെതിരെ ആ പാര്‍ടിയുടെ പല ഘടകങ്ങളില്‍നിന്നും അണികളില്‍നിന്നും രാഷ്ടീയബോധവും സാമൂഹ്യ പ്രതിബദ്ധതയും വിവേകവുമുള്ള നിരവധിപേര്‍ അണിനിരക്കുന്നതായി കാണുന്നു. അത് ആ പാര്‍ടിയുടെ കേരളഘടകത്തെ ബാധിച്ചിരിക്കുന്ന സ്വാര്‍ഥ താല്‍പര്യത്തോടും സങ്കുചിത മനോഭാവത്തോടും ജനവിരുദ്ധതയോടും വിധേയരല്ലാത്ത പലരും അതില്‍ ഇനിയുമുണ്ട് എന്ന് വെളിവാക്കുന്നു. ആര്‍എസ്പിയില്‍ ഇടതുപക്ഷ രാഷ്ട്രീയത്തിന് ഇനിയും വേരോട്ടമുണ്ട് എന്ന് അത് വിളിച്ചോതുന്നു. കേരളത്തിലെ ആര്‍എസ്പി നേതൃത്വം ചെയ്ത രാഷ്ട്രീയ വഞ്ചന യഥാര്‍ഥത്തില്‍ സിപിഐ എം നേതൃത്വത്തോടല്ല, സിപിഐ എമ്മിനോടുമല്ല; പിന്നെയോ കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനത്തോടാണ്, അതില്‍ വിശ്വാസം അര്‍പ്പിച്ചിട്ടുള്ള ജനസഞ്ചയത്തോടാണ്, കേരളത്തിന്റെ ഇടതുപക്ഷ മനസ്സിനോടാണ്. ഇവിടെ അവസര സമത്വവും സാമൂഹ്യനീതിയും പ്രതീക്ഷിച്ചു നില്‍ക്കുന്ന ജന ലക്ഷങ്ങളെ വഞ്ചിച്ചാണ് അവര്‍ യുഡിഎഫ്പാളയത്തില്‍ ചേക്കേറിയിരിക്കുന്നത്. രാഷ്ട്രീയമായ സത്യസന്ധത ഉണ്ടെങ്കില്‍ അവര്‍ പാളയം മാറുന്നതിനുമുമ്പ്, അതിന്റെ പേരില്‍ ആര്‍എസ്പി നേതാക്കള്‍ പ്രതിഫലങ്ങള്‍ ഏറ്റുവാങ്ങുന്നതിനുമുമ്പ് എല്‍ഡിഎഫിന്റെ മേല്‍വിലാസത്തില്‍ നേടിയെടുത്ത സ്ഥാനമാനങ്ങള്‍ മുഴുവന്‍ ഉപേക്ഷിക്കേണ്ടതായിരുന്നു. യുഡിഎഫിന് നിയമ സഭയില്‍ രണ്ടു സീറ്റ് വര്‍ധിച്ചു എന്നും മറ്റുള്ള പത്രവാര്‍ത്തകള്‍ സൂചിപ്പിക്കുന്നത് അവരും യുഡിഎഫ് നേതൃത്വവും എല്‍ഡിഎഫിന്റെ പേരില്‍ നേടിയെടുത്ത സ്ഥാനമാനങ്ങള്‍ ഉപേക്ഷിക്കാന്‍ തയ്യാറല്ല എന്നാണ്. അതാണ് അവരുടെ നിലപാടെങ്കില്‍, അതിനെക്കാള്‍ നാണംകെട്ടതും അധാര്‍മികവുമായ നില അവര്‍ സ്വീകരിക്കാനില്ല. ഏതെങ്കിലും പാര്‍ടിയോ പാര്‍ടി അംഗമോ രാഷ്ട്രീയമായ അഭിപ്രായവ്യത്യാസത്തിന്റെപേരില്‍ പാര്‍ടിയോ മുന്നണിയോ വിടുന്നത് മനസ്സിലാക്കാം. എന്നാല്‍, സെല്‍വരാജായാലും ആര്‍എസ്പിയായാലും എല്‍ഡിഎഫ് വിട്ട് യുഡിഎഫിലേക്ക് ചേക്കേറിയത് രാഷ്ട്രീയമായ കാരണങ്ങളാലല്ല. മറ്റ് തരത്തിലുള്ള പ്രതിഫലം പ്രതീക്ഷിച്ചും നേടിയുമാണ്. അങ്ങനെ വ്യക്തിയെയും പാര്‍ടിയെയും കാലുമാറ്റത്തിന് പ്രേരിപ്പിക്കുന്ന കോണ്‍ഗ്രസ് നേതൃത്വം തീര്‍ത്തും അധാര്‍മികവും രാഷ്ട്രീയ കുതിരക്കച്ചവടത്തിന്റേതുമായ സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. പീലിപ്പോസ് തോമസും അബ്ദുള്‍ റഹ്മാനും എല്‍ഡിഎഫ് സ്ഥാനാര്‍ഥികളായത് കോണ്‍ഗ്രസിലെ സ്ഥാനമാനങ്ങള്‍ രാജിവെച്ചശേഷമാണ്. അതിനാല്‍ അവരുടെ നടപടിയും ആര്‍എസ്പിയുടെ നടപടിയും തമ്മില്‍ ഒരു സാമ്യവുമില്ല. അവര്‍ കാണിച്ചത് രാഷ്ട്രീയ സത്യസന്ധതയാണ്. ആര്‍എസ്പി കാണിച്ചത് നഗ്നമായ വഞ്ചനയാണ്. സോളാര്‍ കുംഭകോണത്തിനും സലിംരാജിന്റെ ഭൂമി തട്ടിപ്പിനും രക്ഷാധികാരിത്വം വഹിച്ചതിനു സമാനമായ നടപടിയാണ് ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ കൈക്കൊണ്ടിരിക്കുന്നത്.

രാഷ്ട്രീയമായ ധാര്‍മികതയുടെയും സത്യസന്ധതയുടെയും ആള്‍രൂപമാണ് എന്ന് അവകാശപ്പെടുന്ന വി എം സുധീരനാണ് ആര്‍എസ്പിയുമായുള്ള ഈ കുതിരക്കച്ചവടത്തിന് കെപിസിസി പ്രസിഡണ്ട് എന്ന നിലയില്‍ കാര്‍മികത്വം വഹിച്ചത്. അത് അദ്ദേഹത്തിന്റെ ധാര്‍മിക പരിവേഷത്തിന്റെ തനിനിറം വെളിവാക്കുന്നു. ഇത്തവണ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ നിരവധി രാഷ്ട്രീയ നേതാക്കള്‍ അവരുടെ പാര്‍ടിയില്‍നിന്ന് രാജിവെച്ച് കൂടുതല്‍ സുരക്ഷിതമായ ഇടങ്ങള്‍ തേടിപ്പോകുന്ന കാഴ്ചയാണ് വിവിധ സംസ്ഥാനങ്ങളില്‍ കാണപ്പെടുന്നത്. ഏറ്റവും അധികംപേര്‍ ഉപേക്ഷിച്ചത് കോണ്‍ഗ്രസ് പാര്‍ടിയെയാണ്. അധികാരത്തിലേറാന്‍പോകുന്നു എന്ന് സ്വയം അവകാശപ്പെടുന്ന ബിജെപിയില്‍ നിന്നുമുണ്ട് രാജികള്‍. ഇത്തരം കൂടുവിട്ട് കൂടുമാറ്റം താരതമ്യേന ഇല്ലാത്തത് ഇടതുപക്ഷത്താണ്. താരതമ്യേന ആ പകര്‍ച്ചവ്യാധി ഏറ്റവും കുറവ് ബാധിച്ച സംസ്ഥാനമാണ് കേരളം. പക്ഷേ ഇവിടെ പേമെന്റ് സീറ്റിന് അപ്പുറം പേമെന്റ് പാര്‍ടിയുണ്ടായി എന്നതാണ് കേരളത്തിലെ കാലുമാറ്റ കച്ചവടത്തില്‍ ഇത്തവണ കാണാവുന്ന സവിശേഷത.

Wednesday 19 March 2014

എ കെ ജി യേയും ഇ എം എസ്സിനേയും ഓര്‍ക്കുമ്പോള്‍

സഖാവ് എ കെ ജിയുടെ 37ാം ചരമവാര്‍ഷികദിനമാണ് മാര്‍ച്ച് 22ന് നാം ആചരിക്കുന്നതെങ്കില്‍, സഖാവ് ഇ എം എസ്സിെന്‍റ പതിനാറാം ചരമവാര്‍ഷികദിനമാണ് മാര്‍ച്ച് 19ന് ആചരിക്കുന്നത്. അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ടിയുടെ ആദ്യകാല സജീവ പ്രവര്‍ത്തകരും നേതാക്കന്മാരും ആയിരുന്നു രണ്ടുപേരുമെങ്കില്‍, ഇ എം എസ്, കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് ഗ്രൂപ്പിലെ ഒരംഗം തന്നെയായിരുന്നു. കേരളത്തിലെ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടി ഒന്നടങ്കം കമ്യൂണിസ്റ്റ് പാര്‍ടിയായി മാറിയ പാറപ്പുറം സമ്മേളനത്തിനു പിന്നിലെ സജീവ പ്രേരകശക്തിയായിരുന്നു ഇരുവരുമെങ്കില്‍, സിപിഐയുടെ നാഷണല്‍ കൗണ്‍സിലില്‍നിന്ന് ഇറങ്ങിപ്പോന്ന മുപ്പത്തിരണ്ടുപേരില്‍ മുന്നില്‍ത്തന്നെയുണ്ടായിരുന്നു ഇരുവരും. അങ്ങിനെ അവിഭക്ത കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിെന്‍റയും പിന്നീട് സിപിഐ എമ്മിെന്‍റയും ചരിത്രത്തിലെ അവിഭാജ്യ ഘടകങ്ങളായ അവര്‍, കേരളത്തിെന്‍റ സാമൂഹ്യ  രാഷ്ട്രീയ ചരിത്രങ്ങള്‍ മാറ്റിയെഴുതുന്നതില്‍ തോളോടുതോള്‍ചേര്‍ന്ന് പൊരുതി.

തൊഴിലാളിവര്‍ഗത്തിെന്‍റ ദത്തുപുത്രന്മാരായ അവര്‍ ഇരുവരും സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനത്തിലൂടെ പുരോഗമന പ്രസ്ഥാനത്തിലേക്കും ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനത്തിലേക്കും തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിലേക്കും കടന്നുവന്നു. കോളേജ് വിദ്യാഭ്യാസം പകുതിയ്ക്ക്വെച്ച് ഉപേക്ഷിച്ച് തൃശ്ശൂരില്‍നിന്ന് വണ്ടി കയറി, കോഴിക്കോട് കടപ്പുറത്തുവെച്ച് ഉപ്പുകുറുക്കിക്കൊണ്ട് ദേശീയ പ്രസ്ഥാനത്തിെന്‍റ തീച്ചൂളയിലേക്ക് എടുത്തുചാടിയ ഇ എം എസ്സും തുടക്കത്തില്‍ അയിത്തോച്ചാടന പ്രവര്‍ത്തനങ്ങളിലും കര്‍ഷക പ്രസ്ഥാനത്തിലും സജീവമായി പ്രവര്‍ത്തിച്ചുകൊണ്ട് ഗുരുവായൂരിലെ ക്ഷേത്ര പ്രവേശന സമരത്തിലൂടെ ദേശീയ പ്രസ്ഥാനത്തിലേക്ക് ഉയര്‍ന്നുവന്ന എ കെ ജിയും പിന്നീട് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിെന്‍റ അവിസ്മരണീയ നേതാക്കന്മാരായി ഉയര്‍ന്നു. സംഘടനയ്ക്ക് പ്രത്യയശാസ്ത്രപരമായ ദൃഢത കൈവരുത്തുന്നതിലാണ് ഒരാള്‍ ബദ്ധശ്രദ്ധനായതെങ്കില്‍, അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ ദൈനംദിന പ്രശ്നങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് അവരെ സമര സജ്ജരാക്കുന്നതിലായിരുന്നു അപരെന്‍റ പ്രാഗത്ഭ്യം. പ്രത്യയശാസ്ത്രപരമായ ദൃഢതയും സമരോത്സുകതയും അഥവാ സിദ്ധാന്തവും പ്രയോഗവും ഒരേ നാണയത്തിെന്‍റ അവിഭാജ്യമായ രണ്ട് വശങ്ങളാണെന്ന് അവര്‍ തെളിയിച്ചു. അതുകൊണ്ടുതന്നെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിെന്‍റ അവിഭാജ്യമായ രണ്ട് ഘടകങ്ങളുടെ സജീവ പ്രതീകങ്ങളായ അവര്‍ രണ്ടുപേരുടെയും യോജിച്ചുള്ള പ്രവര്‍ത്തനം പാര്‍ടിയുടെ, അജയ്യമായ വളര്‍ച്ചയ്ക്ക് വഴിയൊരുക്കി. അന്നത്തെ മലബാറിെന്‍റ വടക്കേ അറ്റത്തുനിന്ന് (മദിരാശി) സംസ്ഥാനത്തിെന്‍റ തലസ്ഥാനമായ മദിരാശിയിലേക്ക് നടത്തിയ ഐതിഹാസികമായ പട്ടിണിമാര്‍ച്ച് മുതല്‍ പഞ്ചാബിലെ ബെറ്റര്‍മെന്‍റ് സമരവും അമരാവതി  പുരുളി  കീരിത്തോട് സമരവും മിച്ചഭൂമി സമരവും മുടവന്‍മുകള്‍ സമരവും അടക്കം എണ്ണിയാലൊടുങ്ങാത്ത സമരങ്ങളിലൂടെ കേരളത്തിെന്‍റ ചരിത്രം തന്നെ മാറ്റിയെഴുതിയ എ കെ ജി, എവിടെ അന്യായം കണ്ടാലും, അവിടെ ഓടിയെത്തുമായിരുന്നു; അടിച്ചമര്‍ത്തപ്പെട്ടവരുടെ ഭാഗത്ത് നിലയുറപ്പിച്ച് അവര്‍ക്കുവേണ്ടി പൊരുതുമായിരുന്നു.

തെന്‍റ സ്വത്തു മുഴുവനും ദേശാഭിമാനി പത്രത്തിനും പാര്‍ടിയ്ക്കും വേണ്ടി സമര്‍പ്പിച്ച ഇ എം എസ് ആകട്ടെ, തെന്‍റ ജീവസ്പന്ദനം നിലയ്ക്കുംവരെ, പാര്‍ടിയ്ക്കും തൊഴിലാളിവര്‍ഗത്തിനുംവേണ്ടി നിരന്തരം എഴുതിക്കൊണ്ടിരുന്നു. സാധാരണക്കാരെന്‍റ ഒരു പുരുഷായുസ്സുകൊണ്ട് ഒരാള്‍ക്ക് വായിച്ചു തീര്‍ക്കാന്‍ കഴിയാത്തത്ര ലേഖനങ്ങള്‍ അദ്ദേഹം എഴുതി. ദേശാഭിമാനിയ്ക്കുള്ള ലേഖന പരമ്പരയുടെ അവസാന അധ്യായം കൂടി പറഞ്ഞുകൊടുത്തെഴുതിച്ച്, അതു വായിച്ചുനോക്കി തിരുത്തിയതിനുശേഷമാണ്, അദ്ദേഹം പേന താഴെവെച്ച്, പതുക്കെ അന്ത്യവിശ്രമത്തിലേക്ക് നീങ്ങിയത്. എ കെ ജിയും ഇ എം എസ്സും അന്തരിക്കുന്നത്, ഇന്ത്യാ ചരിത്രത്തിെന്‍റ രണ്ട് പ്രത്യേക ദശാസന്ധികളുടെ ആരംഭത്തിലാണ്. ഇന്ദിരാഗാന്ധിയുടെ സ്വേച്ഛാധിപത്യവാഴ്ചയും അടിയന്തിരാവസ്ഥയും അവസാനിപ്പിച്ച് കേന്ദ്രത്തില്‍ ജനതാ പാര്‍ടിയുടെ ഭരണം ആരംഭിച്ച ഘട്ടത്തിലാണ് എ കെ ജി നമ്മെ വിട്ടു പിരിയുന്നത്. അടിയന്തിരാവസ്ഥയ്ക്കെതിരായി പാര്‍ലമെന്‍റിലും പുറത്തും വീറോടെ പൊരുതിയ അദ്ദേഹത്തിന്, അടിയന്തിരാവസ്ഥ പൂര്‍ണമായി പിന്‍വലിച്ചതായ പ്രഖ്യാപനം കേള്‍ക്കുന്നതിനുള്ള അവസരം അവസാന ദിവസം ആശുപത്രിയില്‍ കിടക്കുമ്പോഴുണ്ടായി. കോണ്‍ഗ്രസ്സിെന്‍റ ഏകകക്ഷി ഭരണം അവസാനിപ്പിക്കുക, ജനാധിപത്യം പുനഃസ്ഥാപിക്കുക എന്നതായിരുന്നു 1977ലെ മുദ്രാവാക്യമെങ്കില്‍ കോണ്‍ഗ്രസ്സിെന്‍റ ദുര്‍ഭരണത്തിനും ബിജെപിയുടെ വര്‍ഗീയതയ്ക്കും എതിരായി മൂന്നാം ബദല്‍ കെട്ടിപ്പടുക്കുക എന്നതായിരുന്നു 1998ലെ ആവശ്യം. 199698 കാലത്തെ ദേവഗൗഡ  ഐ കെ ഗുജ്റാള്‍ ഗവണ്‍മെന്‍റുകള്‍ ആ വഴിയ്ക്കുള്ള വിജയകരമായ നീക്കമായിരുന്നുവെങ്കില്‍, 1998 മാര്‍ച്ചില്‍ വാജ്പേയ് ഗവണ്‍മെന്‍റ് അധികാരത്തിലേറാന്‍ തുനിഞ്ഞുനില്‍ക്കുന്ന സന്ദര്‍ഭത്തിലാണ് ഇ എം എസ് നമ്മെ വിട്ടു പിരിയുന്നത്. ഇവര്‍ ഇരുവരും ആ കാലത്ത് ഉയര്‍ത്തിയ മുദ്രാവാക്യത്തിന് കൂടുതല്‍ പ്രസക്തി കൈവന്ന ഒരു രാഷ്ട്രീയ ദശാസന്ധിയെയാണ് നാമിന്ന് അഭിമുഖീകരിക്കുന്നത്. 1967ല്‍ ഇ എം എസ് വിജയകരമായി പ്രാവര്‍ത്തികമാക്കി കാണിച്ചു തന്ന കോണ്‍ഗ്രസ് വിരുദ്ധ ഐക്യമുന്നണി ഗവണ്‍മെന്‍റ് എന്ന ആശയത്തിെന്‍റ കൂടുതല്‍ വിപുലവും വ്യക്തവുമായ കോണ്‍ഗ്രസിതര  ബിജെപി ഇതര ബദല്‍ എന്ന മുന്നണി രൂപം അനിവാര്യവും പ്രായോഗികമായി സാധ്യവുമായ ഒരു രാഷ്ട്രീയ സ്ഥിതിയാണിന്നുള്ളത്.

ദേശീയ രാഷ്ട്രീയരംഗവും എത്രമാത്രം സങ്കീര്‍ണവും കലുഷിതവുമാണെങ്കിലും ശരി, നവലിബറല്‍ സാമ്പത്തിക നയങ്ങള്‍ മുറുകെ പിടിയ്ക്കുന്ന കോണ്‍ഗ്രസിനും ബിജെപിയ്ക്കും ബദലായി, ജനാധിപത്യ  മതേതര  ഫെഡറല്‍ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന സര്‍ക്കാര്‍ കേന്ദ്രത്തില്‍ വരേണ്ടത്, ഇന്ത്യയിലെ മഹാഭൂരിപക്ഷം വരുന്ന ജനങ്ങളെ സംബന്ധിച്ചിടത്തോളം അത്യന്താപേക്ഷിതമായിരിക്കുന്നു. ഭൂരിപക്ഷം വരുന്ന സാധാരണക്കാരുടെ ക്ഷേമത്തിലും സാമ്പത്തിക വളര്‍ച്ചയിലും ലക്ഷ്യംവെയ്ക്കുന്ന അത്തരമൊരു ബദല്‍ മുന്നണിയെ സംയോജിപ്പിയ്ക്കുക എന്നത് ഇടതുപക്ഷത്തിെന്‍റ കടമയാണ്. അതിനുവേണ്ടി രാജ്യത്തെ ഇടതുപക്ഷ കക്ഷികളെ, പ്രത്യേകിച്ചും സിപിഐ എമ്മിനെ, കൂടുതല്‍ ശക്തിപ്പെടുത്തുകയും പാര്‍ലമെന്‍റില്‍ അവരുടെ ശക്തി വര്‍ധിപ്പിയ്ക്കുകയും ചെയ്യേണ്ടത് അനിവാര്യമായ ചുമതലയായി ഉയര്‍ന്നുവന്നിട്ടുള്ള ഈ സന്ദര്‍ഭത്തില്‍, നമുക്ക് മാര്‍ഗദര്‍ശനം നല്‍കുന്ന എ കെ ജിയുടെയും ഇ എം എസ്സിെന്‍റയും ദീപ്തമായ സ്മരണ കൂടുതല്‍ പ്രസക്തമായിത്തീരുന്നു.
*നാരായണന്‍ ചെമ്മലശ്ശേരി*

Thursday 6 March 2014

അശോക് മോഛി: കലാപത്തിന്റെ മറ്റൊരു ഇര


അശോക് മോഛിയെ ഓര്‍മയില്ലേ? ഗുജറാത്ത് കലാപകാലത്ത് ഇരകളുടെ മുഖചിത്രമായി കുതുബുദ്ദീന്‍ അന്‍സാരിയുടെ കൈ കൂപ്പിയ ചിത്രം ലോകം മുഴുവന്‍ പ്രചരിച്ചപ്പോള്‍ കലാപകാരികളുടെ പ്രതിനിധിയായി നാം കണ്ടതും അറിഞ്ഞതും അശോക് മോഛിയുടെ ചിത്രമായിരുന്നു. കയ്യില്‍ കുന്തവും തലയില്‍ കാവിക്കെട്ടുമുള്ള അശോക് മോഛി. ഇന്ത്യന്‍ മതേതരത്വം അറപ്പോടെ ഉള്‍ഭയത്തോടെ കണ്ട ഭീകരരൂപം. ആ ചിത്രം ലോകത്തോട് വിളിച്ചുപറഞ്ഞു, ആരാണ് കലാപം, എന്താണ് കലാപം എന്ന്...


എന്നാല്‍ ഇന്ന് അശോക് മോഛി പഴയ ഭീകരനല്ല. കാലം അദ്ദേഹത്തില്‍ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നു. കയ്യില്‍ ഊരിപ്പിടിച്ച വാളില്ല. കണ്ണില്‍ വിദ്വേഷത്തിന്റെ ക്രോധമെരിയുന്നില്ല. ഉറുദു എഴുത്തുകാരനും സുഹൃത്തുമായ കലീം സിദ്ദിഖിയാണ് പറഞ്ഞത് അശോക് മോഛി അഹമ്മദാബാദിലെ ദില്ലി ദര്‍വാസയിലാണ് ജീവിക്കുന്നതെന്ന്. ലോകം മുഴുവന്‍ കണ്ടുവിറച്ച 'കാവി ഭീകരനെ' ഒരു നോക്ക് പാളിനോക്കാം എന്നു കരുതിയാണ് അവിടേക്ക് വെച്ചു പിടിച്ചത്. പക്ഷെ, തല കുനിച്ചിരുന്ന് തന്റെ ജോലിയില്‍ മുഴുകുന്ന ചെരിപ്പു തുന്നിയായ ഒരു സധാരണക്കാരന്റെ ചിത്രമാണ് പഴയ ഭീകരന്റെ സ്ഥാനത്ത്. സംസാരിച്ചു തുടങ്ങിയപ്പോള്‍ എനിക്ക് മനസ്സിലായി അശോക് മോഛിയും ഒരു ഇരയാണ് എന്ന്. കാവി ഭീകരതയുടെ മറ്റൊരു ഇര. ഗുജറാത്തില്‍ ദളിതുകളെ കുരങ്ങു കളിപ്പിച്ച് എങ്ങനെയാണ് മുസ്ലിം വിരുദ്ധരാക്കിയത് എന്നും ദളിതരെ എങ്ങനെയാണ് കലാപത്തിന് ഇന്ധനമായി കാവിപ്പട രൂപപ്പെടുത്തിയതെന്നും മോഛിയുടെ ജീവിതം നമ്മോട് വിളിച്ചുപറയുന്നു. ഇവിടെ മുസ്ലിം ഗല്ലികളോടു ചേര്‍ന്നാണ് ദളിത് ഗല്ലികളും ഒട്ടുമിക്ക സ്ഥലങ്ങളും ഉള്ളത്. അഥവാ ദളിത് മൊഹല്ലകളും മുസ്ലിം മൊഹല്ലകളും ഒരുമിച്ചാണ് മുന്നോട്ട് പോകുന്നത്.


മറ്റൊരു ഭാഷയില്‍ പറഞ്ഞാല്‍ മുഖ്യധാരാ കാസ്റ്റ് ഹിന്ദുക്കളുടെ കൂടെ ജീവിക്കാന്‍ ദളിതര്‍ക്ക് അപ്രഖ്യാപിത വിലക്ക് തന്നെയുണ്ട്. സവര്‍ണ ഹിന്ദുക്കളുടെ ഓരംപറ്റി ജീവിക്കുന്ന ദളിതര്‍ക്ക് ഇപ്പോഴും കിണറ്റില്‍നിന്നും വെള്ളമെടുക്കണമെങ്കില്‍ രാത്രി എട്ടുമണി കഴിയണം എന്നതാണ് മോഡിയുടെ ഹിന്ദുത്വ സ്വര്‍ഗത്തിലെ മറ്റൊരു യാഥാര്‍ഥ്യം. ഒരേ ജീവിത സാഹചര്യങ്ങളും ക്വാളിറ്റി ഓഫ് ലൈഫും ഉള്ള ദളിതരും മുസ്ലിങ്ങളും ഒന്നിച്ചാണ് ജീവിച്ചിരുന്നതും ഇപ്പോഴും ജീവിക്കുന്നതും. ഗുജറാത്തില്‍ കാവിവല്‍ക്കരണത്തിന് മാസ്റ്റര്‍പ്ലാന്‍ തയാറാക്കിയ കാവിബുദ്ധി ആദ്യം ചെയ്തത് ഈ ദളിത് മൊഹല്ലകളില്‍ വര്‍ഗീയതയുടെ വിത്തുകള്‍ പാകുകയായിരുന്നു. തങ്ങളുടെ ജാതിയോ മതമോ ദൈവമോ പ്രശ്നമല്ലാതിരുന്ന ദളിതര്‍ക്ക് മെല്ലെ മെല്ലെ തെറ്റായ സ്വത്വബോധം കുത്തിവെച്ച് തൊട്ടടുത്ത് പാര്‍ക്കുന്ന മുസ്ലിം ഗല്ലികളിലേക്ക് വിരല്‍ചൂണ്ടി അവരാണ് നിങ്ങളുടെ പ്രശ്നങ്ങള്‍ക്കെല്ലാം കാരണം എന്ന് പറഞ്ഞുപരത്തി. നിങ്ങളുടെ ജീവിതസൗകര്യങ്ങളും പണവും കൊള്ളയടിക്കുന്നത് പൊതുവെ ചെറിയ കച്ചവടക്കാരായ മുസ്ലിങ്ങളാണെന്ന കഥയും മെനഞ്ഞുണ്ടാക്കി. കലാപത്തിന് മുന്നേ ചില സ്ഥലങ്ങളില്‍ പ്രചരിച്ചിരുന്ന പാംലെറ്റുകള്‍ ഇതിനുദാഹരണമാണ്. പാംലെറ്റുകളില്‍ അക്കമിട്ട് നിരത്തിയിരുന്നത് മുസ്ലിം സ്ഥാപനങ്ങള്‍ നേടുന്ന ലാഭത്തിന്റെ കണക്കുകളായിരുന്നു. ഇത് ദളിത് മസ്തിഷ്ക്കങ്ങളില്‍ മെല്ലെ ചലനം സൃഷ്ടിച്ചു. നരോദ പാട്യയിലെ കലാപം തന്നെ മികച്ച ഉദാഹരണം.

പൊതുവെ സ്വത്വപരമായി യാതൊരു ലക്ഷണവും പ്രകടിപ്പിക്കാതിരുന്ന മുസ്ലിങ്ങളായിരുന്നു നരോദയിലേത്. മദ്യനിരോധനം നിലവിലുള്ള ഗുജറാത്തില്‍ വാറ്റു നടത്തുന്നവരായിരുന്നു അവിടുത്തെ ദളിതര്‍. ഒരേ സംസ്കാരവും ജീവിതരീതിയും പിന്തുടര്‍ന്നിരുന്ന ഇവരെ തമ്മിലടിപ്പിച്ച് കൂട്ടക്കൊലയും മൃഗീയ ബലാത്സംഗങ്ങളും നടത്താനായി എന്നത് കാവി ഭീകരതയുടെ വിജയം. സവര്‍ണ ഹിന്ദുക്കളും സമ്പന്ന മുസ്ലിങ്ങളും താമസിച്ചിരുന്ന മേഖലകളില്‍ കലാപം കുറവായിരുന്നു എന്നത് ഇതിനോട് ചേര്‍ത്തുവായിക്കേണ്ട വസ്തുതയാണ്. അങ്ങനെ മസ്തിഷ്ക്ക ചോര്‍ച്ച സംഭവിച്ച ഒരു ദളിതന്റെ കഥയാണ് അശോക് മോഛിയുടെതും.

2002 ഫെബ്രുവരി 27ന് ഏതോ ഒരു വിശ്വഹിന്ദു പരിഷത്ത് നേതാവ് ഗോധ്രയിലെ കത്തിക്കരിഞ്ഞ കര്‍സേവകന്റെ ശരീരം കാണിച്ച് ചോദിച്ചു നിങ്ങള്‍ ഇനി എന്തിനാണ് നോക്കിനില്‍ക്കുന്നത്? എന്ന്. ഇനി മോഛിയുടെ വാക്കുകളില്‍: 
എന്താണ് അന്നു സംഭവിച്ചത്? (അശോക് മോഛി ദളിത്സിദ്ധമായ അപകര്‍ഷതയോടെ തല താഴ്ത്തി സംസാരിച്ചു തുടങ്ങി) 
അന്ന് വൈകുന്നേരം (ഫെബ്രുവരി 28) ഞാന്‍ ഇവിടെ ഈ ചെരുപ്പ് തുന്നുന്ന സ്ഥലത്ത് ഇരിക്കുമ്പോള്‍ ആരൊക്കെയോ വന്ന് ഗോധ്രയില്‍ 56 ഹിന്ദുക്കളെ മുസ്ലിങ്ങള്‍ ജീവനോടെ കത്തിച്ചു എന്ന് എന്നോടു പറഞ്ഞു. കത്തിക്കരിഞ്ഞ ശവശരീരങ്ങളുടെ ചിത്രങ്ങളുമുണ്ടായിരുന്നു അവരുടെ കൈകളില്‍. വൈകുന്നേരം അഞ്ചുമണിയൊക്കെ ആയതോടെ തെരുവില്‍ മുഴുവന്‍ ആള്‍ക്കൂട്ടമായിരുന്നു. മുസ്ലിം വീടുകള്‍, കടകള്‍ തകര്‍ത്ത് ആക്രോശിച്ച് വരുന്ന അവര്‍ക്കൊപ്പം ഞാനും ചേര്‍ന്നു. ഞങ്ങള്‍ താഴ്ന്ന ഹിന്ദുക്കള്‍ താമസിച്ചിരുന്ന ഇടത്തുനിന്നുമാണ് തൊട്ടപ്പുറത്തെ മുസ്ലിം വീടുകള്‍ തകര്‍ക്കാന്‍ ബജ്റംഗദള്‍ നേതാക്കള്‍ പദ്ധതിയിട്ടത്. ഞാനും എന്റെ ഹിന്ദു സഹോദരങ്ങളുടെ ജീവന് പകരംചോദിക്കാന്‍ കൈയില്‍ കിട്ടിയ വടിയുമായിട്ടാണ് വന്നത്. ഞങ്ങള്‍ മുസ്ലിം ഗല്ലിയിലേക്ക് കടക്കുന്നതിന്റെ തൊട്ട് മുന്നേ നിരവധി മാധ്യമ പ്രവര്‍ത്തകര്‍ റോഡില്‍ നിരന്നിരുന്നു. ഫ്ളാഷുകള്‍ മിന്നിത്തുടങ്ങിയപ്പോള്‍ ജയ്ശ്രീരാം വിളികള്‍ക്കും തെറി വിളികള്‍ക്കും ആക്കം കൂടി. ജയ് രന്‍ചോര്‍, മിയചോര്‍ മിയ കി മാകി (ജയ് രന്‍ചോര്‍, മുസ്ലിങ്ങള്‍ കള്ളന്മാരാണ്) തുടങ്ങിയ അധിക്ഷേപ വാക്കുകളും ആര്‍പ്പുവിളികളും കൊണ്ട് വല്ലാത്ത ഹരമായിരുന്നു അപ്പോള്‍ ഞങ്ങള്‍ക്ക്. തലയില്‍ കാവി റിബണും കൈയില്‍ വടിയുമേന്തി നില്‍ക്കുന്ന എന്റെ ആക്രോശങ്ങള്‍ കേട്ട് ഒരു മാധ്യമ പ്രവര്‍ത്തകന്‍ എന്റെ ഫോട്ടോ എടുക്കാന്‍ തുടങ്ങി. ഞാന്‍ ഉറക്കെ അട്ടഹസിച്ചു. (ഇന്ത്യാ ടുഡേയുടെ സെബാസ്റ്റ്യന്‍ ഡിസൂസ എന്ന ഫോട്ടോഗ്രാഫറായിരുന്നു അതെന്ന് പിന്നീടാണ് അറിഞ്ഞത്).

നിങ്ങള്‍ ആരെയെങ്കിലും ഈ കലാപത്തിനിടയില്‍ കൊന്നുവോ? 

ഇല്ല. പലരെയും അടിച്ചുപരിക്കേല്‍പിച്ചു. നിരവധി വീടുകള്‍ തകര്‍ത്തു. കടകളും.

നേരത്തെതന്നെ നിങ്ങള്‍ ബജറംഗ്ദള്‍ അംഗമായിരുന്നോ?

ഇല്ല. ഞാന്‍ ഒരിക്കലും ഒരു പാര്‍ടിയിലും അംഗമായിരുന്നില്ല. എന്റെ ഉപജീവനമാര്‍ഗമായ ഈ തൊഴിലില്‍ മുഴുകിക്കഴിഞ്ഞിരുന്ന ഒരു സാധാരണക്കാരനായിരുന്നു ഞാന്‍. ഈ ഫുട്പാത്തില്‍ എന്റെ അപ്പുറവും ഇപ്പുറവും ഇരിക്കുന്നത് രണ്ട് മുസ്ലിം തെരുവ് കച്ചവടക്കാരാണ്. ഗുലാം ഭായിയും റമീസ് ഭായിയും. അത് കലാപത്തിന് മുന്നെയും അങ്ങനെയായിരുന്നു. ശേഷവും അതങ്ങനെതന്നെയാണ്. (രണ്ടു പേരെയും മോഛി വിളിച്ച് പരിചയപ്പെടുത്തി. അവരാണ് ഞങ്ങള്‍ക്ക് ചായ കൊണ്ടുവന്നു തന്നത്).

ലോകം മുഴുവന്‍ നിങ്ങളുടെ ചിത്രം പ്രചരിച്ചു. സ്വാഭാവികമായും ഇവിടുത്തെ മുസ്ലിങ്ങളുടെ പ്രതികരണം എന്തായിരുന്നു നിങ്ങളോട്

 അവരാരും എന്നോട് ശത്രുതയോടെ പെരുമാറിയിട്ടില്ല. എനിക്കെതിരെ കേസില്‍ സാക്ഷി പറയാന്‍ പോലും ഒരു മുസ്ലിമും വന്നിട്ടില്ല. എന്റെ അപ്പുറവും ഇപ്പുറവും ഇരിക്കുന്ന ഗുലാംഭായിയും റമീസ്ഭായിയും തന്നെയാണ് എന്റെ അടുത്ത സുഹൃത്തുക്കള്‍.

പിന്നെ എന്തിനാണ് അന്ന് അങ്ങനെയൊക്കെ ചെയ്യാന്‍ തോന്നിയത്? 

എങ്ങനെ ചെയ്യാതിരിക്കും. എന്റെ ഹിന്ദു സഹോദരങ്ങളെയല്ലേ ജിഹാദി മുസ്ലിങ്ങള്‍ ചുട്ടുകൊന്നത്. ഇന്ത്യയില്‍ ഭൂരിപക്ഷത്തെ ആക്രമിച്ചാല്‍ ന്യൂനപക്ഷത്തിന് ഇവിടെ അന്തിയുറങ്ങാന്‍ പോലും സാധ്യമല്ല.


അപ്പോള്‍ മറ്റൊരു കാര്യം ചോദിക്കട്ടെ, 56 പേരെ ഏതോ ജിഹാദി മുസ്ലിങ്ങള്‍ കൊന്നതിനു പകരം അവര്‍ എത്രപേരെയാണ് കൊന്നത് എന്ന് നിങ്ങള്‍ക്കറിയാമോ? എത്ര സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെട്ടു എന്ന് നിങ്ങള്‍ കേട്ടിട്ടുണ്ടോ?

എന്നോട് അതിനെപ്പറ്റിയൊന്നും ആരും പറഞ്ഞിട്ടില്ല. കുറച്ച് കടകളും സ്ഥാപനങ്ങളും തകര്‍ത്തു എന്നല്ലാതെ ആരെങ്കിലും മരിച്ചതായി ഞാന്‍ അറിഞ്ഞിട്ടില്ല. (ആയിരങ്ങള്‍ കൊല്ലപ്പെട്ടിട്ടും പതിനായിരങ്ങള്‍ കുടിയൊഴിഞ്ഞുപോയിട്ടും ഈ ദളിത് യുവാവിന് ആ വാര്‍ത്ത കിട്ടിയിരുന്നില്ല. വാര്‍ത്തകള്‍ ആര്‍ക്കോ വേണ്ടവ മാത്രമാണ് ഇവിടെ എത്തുന്നത്)

ആപ് ഏക് പ്രതീക് ബന്‍ഗയാ. നിങ്ങള്‍ ഹിന്ദുത്വത്തിന്റെ ഒരു പ്രതീകമായി മാറി. നിങ്ങള്‍ക്ക് ഗവണ്‍മെന്റില്‍ നിന്നോ അല്ലെങ്കില്‍ ബിജെപി, ബജ്റംഗ്ദള്‍ ആരില്‍ നിന്നെങ്കിലും വല്ല സഹായവും ലഭിച്ചിരുന്നോ?

എനിക്ക് ഇതുവരെ ആരില്‍നിന്നും ഒരു സഹായവും ലഭിച്ചിട്ടില്ല. കലാപത്തിന്റെ കേസ് ഞാന്‍ സ്വയം നടത്തുകയായിരുന്നു. കണ്ടാലറിയാവുന്ന കലാപകാരികള്‍ക്കെതിരെ കേസെടുത്ത കൂട്ടത്തില്‍ എനിക്കെതിരെയും എടുത്തിരുന്നു. പക്ഷേ എനിക്കെതിരെ സാക്ഷി പറയാന്‍ എന്റെ ഈ മുസ്ലിം ബസ്തി (മുസ്ലിം ഗല്ലി)യിലെ ആരും തയ്യാറായില്ല. അവസാനം കേസ് തള്ളിപ്പോയി. (ഇതിനെക്കുറിച്ച് തൊട്ടപ്പുറത്തെ കച്ചവടക്കാരന്‍ ഗുലാം ഭായിയോട് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ കഷ്ടപ്പെടുന്ന ഒരു ചെരുപ്പുകുത്തിക്കെതിരെ എന്തിന് സാക്ഷി പറയണം എന്നാണ്. അയാളും മറ്റൊരു ഇരയാണ്. ആരോ ഉരുട്ടിവിട്ട പമ്പരമായിരുന്നു അയാള്‍, മറ്റൊരു ഇര). പിന്നെ ഞാന്‍ സഹായം ചോദിച്ച് ആരുടെ അടുത്തും പോയിട്ടുമില്ല.

നരേന്ദ്രമോഡിയെ ഇതുവരെ കണ്ടിട്ടുണ്ടോ? മോഡിയുടെ വികസനത്തെക്കുറിച്ച് എന്താണ് പറയാനുള്ളത്?

ക്യാ വികാസ്? ദില്ലി ദര്‍വാസ എന്നും ഇങ്ങനെ തന്നെയായിരുന്നു. ഇതിന് പ്രത്യേകിച്ച് മാറ്റം ഒന്നുമില്ല. (മോഛിയുടെ ലോകം ഈ ദില്ലി ദര്‍വാസയാണ്). പിന്നെ മോഡിയെ ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. എനിക്ക് മോഡിയെ ഇഷ്ടവുമല്ല.

അതെന്താണ് കാരണം = ഞാന്‍ ദളിതനാണ്. ദളിതരോട് മോഡി സര്‍ക്കാരിന്റെ സമീപനത്തില്‍ ഞാന്‍ തൃപ്തനല്ല. കാരണം ഗവണ്‍മെന്റ് ജോലികളെല്ലാം കരാര്‍ ജോലികളാക്കി മാറ്റിയതോടെ ദളിതുകള്‍ എവിടെയുമെത്താന്‍ കഴിയാതെ ബുദ്ധിമുട്ടുകയാണ് ഈ സര്‍ക്കാരിനു കീഴില്‍. അവര്‍ ഞങ്ങളെ എങ്ങനെയാണ് പറഞ്ഞു പറ്റിച്ചത് എന്നും ഞങ്ങള്‍ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. 2002ല്‍ ഹനുമാന്‍ വിഗ്രഹവും ബജ്റംഗ്ദള്‍ ഹോര്‍ഡിംഗുകളും മാത്രം ഉണ്ടായിരുന്ന എന്റെ ഈ മൊഹല്ലയില്‍ ബാബാസാഹിബിന്റെ (അംബേദ്കറുടെ) ചിത്രങ്ങളും ഹോര്‍ഡിംഗ്സും വന്നു തുടങ്ങി. ഞങ്ങള്‍ തിരിച്ചറിയുന്നുണ്ട്, മുസ്ലിങ്ങളെപ്പോലെ ഞങ്ങളും ഇരകളാണെന്ന്. ?

പിന്നെ കലാപത്തിന്റെ കാലത്ത് താങ്കളെപ്പോലെ മറ്റൊരു പ്രതീകമായി മാറിയ കുത്ബുദ്ദീന്‍ അന്‍സാരിയെ അറിയുമോ? കണ്ടിട്ടുണ്ടോ?

ഞങ്ങള്‍ കണ്ടിട്ടുണ്ട്. രാകേഷ്ശര്‍മ സിനിമ എടുക്കാന്‍ വന്നപ്പോള്‍ ഞങ്ങളെ ഒരുമിച്ചിരുത്തി അഭിമുഖം നടത്തിയിരുന്നു. അന്നു ഞാന്‍ കുത്തുബ് ഭായിയോട് അദ്ദേഹത്തിന് സംഭവിച്ചതിന് മാപ്പു ചോദിച്ചിരുന്നു.  വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനുമുമ്പ് ചിത്രം പുറത്തുവരും. (ഇന്ത്യന്‍ പ്രധാനമന്ത്രി പദത്തില്‍ എത്താന്‍ ജ ഞ ക്യാമ്പയിനുകള്‍ നടത്തി മാധ്യമങ്ങള്‍ക്ക് പ്രിയങ്കരനായ മോഡിക്ക് മാധ്യമലോകത്തു നിന്നുതന്നെ മറ്റൊരു കുറ്റപത്രം തയ്യാറാവുമ്പോള്‍ അശോക് മോഛി 2014 ലെ മോഡി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമാകുന്നത് ഒരുപക്ഷേ കാലത്തിന്റെ കാവ്യനീതിയായിരിക്കാം.) ചുമരില്‍ തുക്കിയിരിക്കുന്ന കാളിയുടെ ചിത്രത്തെക്കുറിച്ചു ചോദിച്ചപ്പോള്‍ മോഛി പറഞ്ഞത് കാളി കറുത്ത ഞങ്ങളുടെയൊക്കെ ദൈവമാണ് എന്നാണ്.

ഹനുമാന്റെ (ബജ്രംഗ്) സവര്‍ണ രാഷ്ട്രീയത്തില്‍നിന്ന് കാളിയുടെ അവര്‍ണ സ്വത്വത്തിലേക്ക് ദളിതര്‍ മാറി ചിന്തിച്ചുതുടങ്ങിയത് മോഡി രാഷ്ട്രീയ ഹിന്ദുത്വം പോലും മറന്ന് കോര്‍പ്പറേറ്റ് മോഡിത്വത്തിലേക്ക് ചുവടുമാറ്റിയതിന്റെ അനുരണനമാണ്. മോഡിയുടെ വികസന സ്വര്‍ഗത്തില്‍ ജീവിതച്ചെലവ് താങ്ങാന്‍ കഴിയാത്തതുകൊണ്ടാണ് വിവാഹം കഴിക്കാന്‍ പറ്റാതെ പോയത് എന്നാണ് മോഛിയുടെ പക്ഷം. സെബാസ്റ്റ്യന്‍ ഡിസൂസ  ഫോട്ടോയെടുത്ത ഗല്ലിയിലേക്ക് ഞങ്ങളുടെ കൂടെ മോഛിയും വന്നു. അന്നുണ്ടായിരുന്ന താടിരോമങ്ങള്‍ ഇപ്പോള്‍ മോഛിക്കില്ല. അതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അതും ഒരു മാറ്റമാണ് എന്നാണ് മോഛി പറഞ്ഞത്. ഗല്ലി ഇന്ന് ബാബാസാഹിബ് ചാര്‍രസ്ത (അംബേദ്കര്‍ ജംഗ്ഷന്‍) എന്നാണ് അറിയപ്പെടുന്നത്. അന്ന് മോഛി ആരുടെയൊക്കെയോ ബലത്തില്‍ ആക്രോശിച്ചിരുന്ന അതേ സ്ഥലത്ത് ആക്രോശങ്ങളില്ലാതെ വന്നുനിന്ന് ഫോട്ടോക്ക് പോസ് ചെയ്തപ്പോള്‍ മനസ്സ് മന്ത്രിച്ചു. അതെ ഇതും മറ്റൊരു കുതുബുദ്ദീന്‍ അന്‍സാരിയാണ്...!

ഒരു ചായ കുടിച്ച് പിരിയാന്‍ വേണ്ടിയാണ് കടയില്‍ കയറിയത്. പണം കൊടുക്കാനായി ഞാന്‍ ചെന്നപ്പോള്‍ മോഛി എന്നെ വിലക്കിയിട്ട്പറഞ്ഞു. 'ആപ് മേരാ മെഹ്മാന്‍ഹെ!'
(നിങ്ങള്‍ എന്റെ അതിഥിയാണ്).

**സഈദ് റൂമി മുണ്ടമ്പ്ര

കാപട്യത്തിന് കൂട്ടുനില്‍ക്കുന്നവര്‍

അധികാരക്കസേരയാണോ മലയോര കര്‍ഷകജനതയുടെ ജീവിതമാണോ പ്രധാനമെന്ന് കര്‍ഷകതാല്‍പ്പര്യത്തിന്റെ സംരക്ഷകര്‍ എന്നു സ്വയം വിശേഷിപ്പിക്കാറുള്ള രാഷ്ട്രീയപ്പാര്‍ടികള്‍ക്ക് നിശ്ചയിക്കേണ്ടിവരുന്ന സവിശേഷ ഘട്ടമാണിത്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് മുന്‍നിര്‍ത്തി പറയുന്ന വാക്കുകളല്ല, എടുക്കുന്ന നിലപാടുകളാവും ഇവിടെ ഉരകല്ല്. ഈ ഉരകല്ലില്‍ ഉരച്ച് ജനങ്ങള്‍, പ്രത്യേകിച്ച് മലയോര കര്‍ഷകജനത, തങ്ങള്‍ക്കുവേണ്ടി ആണയിടാറുള്ള പ്രസ്ഥാനങ്ങളുടെ ആത്മാര്‍ഥത പരിശോധിക്കുന്ന ഘട്ടമാണ് സംജാതമായിട്ടുള്ളത്.

ഒരു ഭാഗത്ത് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് മാറ്റമില്ലാതെ നടപ്പാക്കുക എന്നതാണ് തങ്ങളുടെ നിലപാടെന്ന് ഹരിത ട്രിബ്യൂണലിനെ രേഖാമൂലം അറിയിക്കുക. മറുഭാഗത്ത് അതിനെതിരായി ഉയരുന്ന ജനരോഷത്തെ തണുപ്പിക്കാന്‍ വേണ്ടി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വിജ്ഞാപന പ്രഹസനം നടത്തുക. ഈ തട്ടിപ്പ് ജനങ്ങള്‍ക്കാകെ ബോധ്യമുണ്ട്. എന്നിട്ടും ഈ തട്ടിപ്പിനെ മറയിട്ട് രക്ഷിക്കാനാണോ കര്‍ഷകരെക്കുറിച്ച് പ്രസംഗിച്ചു നടക്കുന്നവരുടെ നീക്കം? കേരളം ഉറ്റുനോക്കുകയാണിത്.

ആശങ്കകള്‍ക്ക് അടിസ്ഥാനമുണ്ടെന്നു നാള്‍ക്കുനാള്‍ തെളിഞ്ഞുകൊണ്ടിരുന്നപ്പോഴൊക്കെ ഒരു ആശങ്കയും വേണ്ടെന്ന് ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയായിരുന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കര്‍ഷകരുടെ താല്‍പ്പര്യങ്ങള്‍ പൂര്‍ണമായി സംരക്ഷിക്കുമെന്ന് കേന്ദ്രമന്ത്രി വീരപ്പ മൊയ്ലി ഉറപ്പു നല്‍കിയെന്ന് ഒരു ഘട്ടത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. താന്‍ ഒരു ഉറപ്പും നല്‍കിയിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ പ്രസ്താവനയുടെ മഷിയുണങ്ങും മുമ്പ് വീരപ്പ മൊയ്ലി തിരുത്തി. പരിസ്ഥിതിലോല പ്രദേശങ്ങള്‍ പുനക്രമീകരിക്കുമെന്നും ജനവാസകേന്ദ്രങ്ങളെയും കൃഷിയിടങ്ങളെയും അതില്‍നിന്ന് ഒഴിവാക്കുമെന്നും ഉറപ്പ് കിട്ടിയതായി ഒരു സന്ദര്‍ഭത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. ആ വാര്‍ത്ത അച്ചടിച്ചു വന്ന പേജിലെ മഷിയുണങ്ങും മുമ്പ് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ മാറ്റമില്ലെന്ന് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം രേഖാമൂലം ഹരിത ട്രിബ്യൂണലിനെ അറിയിച്ചു. ഡിസംബര്‍ 20ന്റെ ഓഫീസ് മെമ്മോറാണ്ടമാണ് നിലനില്‍ക്കുകയെന്നും അത് വന്നതോടെ നവംബര്‍ 13ന്റെ ഉത്തരവ് അസ്ഥിരപ്പെട്ടു എന്നും ഉമ്മന്‍ചാണ്ടി വാദിച്ചു. എന്നാല്‍, ഡിസംബര്‍ 20ന്റേതിനുമേല്‍ നിലനില്‍ക്കുക നവംബര്‍ 13ന്റെ രേഖതന്നെയാണെന്ന് വനംപരിസ്ഥിതി മന്ത്രാലയം ഹരിത ട്രിബ്യൂണലില്‍ എഴുതിക്കൊടുത്തു. നവംബര്‍ 13ന്റെ രേഖ റദ്ദാക്കണമെന്ന് ഒരു ഘട്ടത്തില്‍ ആവശ്യപ്പെട്ട മുഖ്യമന്ത്രി, അത് റദ്ദാക്കപ്പെടില്ലെന്ന് ബോധ്യപ്പെട്ടപ്പോള്‍ ആ രേഖയുടെ പക്ഷത്തേക്കു നിലപാട് മാറ്റി. എന്നുമാത്രമല്ല, 13ന്റെ രേഖ റദ്ദായിപ്പോയാല്‍ പിന്നെ ഗാഡ്ഗില്‍ റിപ്പോര്‍ട്ടാവും നടപ്പാവുകയെന്ന വിചിത്രമായ നിലപാടിലേക്കുപോലും ചെന്നെത്തി.

ഏറ്റവുമൊടുവില്‍ നവംബര്‍ 13ന്റെ രേഖ റദ്ദാക്കുന്നതായോ പരിസ്ഥിതിലോലമെന്ന് മുദ്രയടിച്ച 123 വില്ലേജുകളിലെ കൃഷിജനവാസമേഖലകളെ ഒഴിവാക്കുന്നതായോ ഒന്നും പരാമര്‍ശിക്കാതെ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന്റെ തലേന്ന് ഒരു ഓഫീസ് മെമ്മോറാണ്ടം ഇറക്കി; കേന്ദ്രം. ഉടന്‍തന്നെ എല്ലാ പ്രശ്നവും അവസാനിച്ചുവെന്ന് പറഞ്ഞ് കേന്ദ്രനടപടിയെ സ്വാഗതം ചെയ്തിരിക്കുന്നു മുഖ്യമന്ത്രി. കേരളത്തില്‍ അതിരൂക്ഷമാവുന്ന ജനരോഷത്തെ തെറ്റിദ്ധരിപ്പിച്ച് തണുപ്പിക്കാനുള്ള കപടവിദ്യയാണ് ഈ വിജ്ഞാപന പ്രഹസനമെന്നറിയാന്‍ സാമാന്യബുദ്ധിയേ വേണ്ടൂ. കേരളതാല്‍പ്പര്യം ഉയര്‍ത്തിപ്പിടിച്ച് അതിനെതിരെ പൊട്ടിത്തെറിക്കേണ്ട മുഖ്യമന്ത്രിയാണ് നിര്‍ലജ്ജം അതിനെ സ്വാഗതംചെയ്തത്. മുഖ്യമന്ത്രിതന്നെ സ്വാഗതംചെയ്ത സ്ഥിതിക്ക് ഇതിനപ്പുറത്ത് ഇനി ഒന്നും വേണ്ടല്ലോ എന്ന മട്ടിലായി കേന്ദ്രം. മലയോര കര്‍ഷകരുടെ ജീവിതത്തിനുമേല്‍ ആശങ്ക കാര്‍മേഘങ്ങളായി ഉരുണ്ടുകൂടുമ്പോഴാണ് മുഖ്യമന്ത്രിയുടെ സങ്കുചിത രാഷ്ട്രീയതാല്‍പ്പര്യത്തിലുള്ള ഈ സ്വാഗതംചെയ്യല്‍. ജനങ്ങളെ ഒറ്റുകൊടുക്കലാണിത്; ആശങ്കയകറ്റാന്‍ ഉദ്ദേശിച്ചുള്ള സംഘടിത നീക്കങ്ങളെ കേന്ദ്രത്തിന്റെ പക്ഷംചേര്‍ന്ന് തകര്‍ത്തുകൊടുക്കലാണിത്.

കേരള നിയമസഭ മുന്നോട്ടുവച്ച ആവശ്യത്തെ കേന്ദ്രം അധിക്ഷേപിച്ച് തള്ളി. നവംബര്‍ 13ന്റെ രേഖ ഇപ്പോഴും സാധുതയോടെ നിലനില്‍ക്കുന്നു. കരട് വിജ്ഞാപനമിറക്കുമെന്ന പ്രഖ്യാപനം അനിശ്ചിതത്വത്തിലായി. ഓഫീസ് മെമ്മോറാണ്ടമേയുള്ളു എന്ന നിലവന്നു. ഇനി അഥവാ, വിജ്ഞാപനമിറക്കിയാല്‍തന്നെയും മാര്‍ച്ച് നാലിന്റെ ഓഫീസ് മെമ്മോറാണ്ടത്തിന്റെ ഉള്ളടക്കത്തിനപ്പുറത്തേക്ക് അത് പോവില്ല. മുഖ്യമന്ത്രി സ്വാഗതംചെയ്ത ആ ഓഫീസ് മെമ്മോറാണ്ടം സത്യത്തില്‍ എന്താണ് പറയുന്നത്? അത് പരിസ്ഥിതിലോല പ്രദേശമായി കണക്കാക്കിയിട്ടുള്ള 123 വില്ലേജുകളിലെ കൃഷിജനവാസകേന്ദ്രങ്ങളെക്കുറിച്ചോ 10 കിലോമീറ്റര്‍ ബഫര്‍ മേഖല നീക്കുന്നതിനെക്കുറിച്ചോ ഒന്നും ഖണ്ഡിതമായി പറയുന്നില്ല. 'തത്വത്തില്‍ അംഗീകരിച്ചു' എന്നു മുഖ്യമന്ത്രി പറയുന്നു. തത്വത്തില്‍ എന്താണ് അംഗീകരിച്ചത്? അതറിയാന്‍ മുഖ്യമന്ത്രി ഓഫീസ് മെമ്മോറാണ്ടം വായിച്ചുനോക്കണം. ഹൈ ലെവല്‍ വര്‍ക്കിങ് ഗ്രൂപ്പിന്റെ റിപ്പോര്‍ട്ടിന് തത്വത്തിലുള്ള അംഗീകാരത്തെക്കുറിച്ചാണത്. അത് കേന്ദ്രത്തിന്റെ വര്‍ക്കിങ് ഗ്രൂപ്പാണ്; കേരളത്തിന്റെ ഉമ്മന്‍ കമ്മിറ്റിയല്ല. ഈ ഓഫീസ് മെമ്മോറാണ്ടം ആകെ പറയുന്നത് കേരളത്തിന്റെ ആവശ്യങ്ങളെക്കുറിച്ച് ബന്ധപ്പെട്ടവര്‍ക്ക് പ്രതികരിക്കാന്‍ സൗകര്യം ചെയ്തു കൊടുക്കുമെന്നു മാത്രമാണ്. ഇതാണ് മുഖ്യമന്ത്രിക്ക് സ്വാഗതാര്‍ഹമായി തോന്നിയത്!

മുഖ്യമന്ത്രിക്ക് കേന്ദ്രത്തിന്റെ ഈ കാപട്യത്തിന് കൂട്ടുനില്‍ക്കാന്‍ രാഷ്ട്രീയ കാരണങ്ങളുണ്ട്. എന്നാല്‍, കര്‍ഷകര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നു എന്ന് അവകാശപ്പെടുന്ന പ്രസ്ഥാനങ്ങള്‍ ഈ കാപട്യത്തിനു മറയിടാമോ? അതും ഒന്നുരണ്ട് മന്ത്രിക്കസേരകള്‍ രക്ഷിക്കാന്‍വേണ്ടി. ഇതാണ് ഈ ഘട്ടത്തിലെ പ്രസക്തമായ ചോദ്യം.

** ദേശാഭിമാനി 05-03-2014