നാട്ടിന്‍പുറത്തെ പാവപ്പെട്ട ചില്ലറ വ്യാപാരികളുടെ ആശങ്കകളും ദുരിതങ്ങളുമാണ് ഇത്തവണത്തെ പാര്‍ലമെന്റ് സമ്മേളനത്തില്‍ ഏറ്റവുമധികം ചര്‍ച്ചചെയ്തത്. വാള്‍മാര്‍ട്ടിന് വഴിതുറന്നുകൊടുത്ത കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ അതിശക്തമായ വികാരമാണ് ഇരുസഭകളിലും പ്രതിഫലിച്ചത്. പ്രതിപക്ഷം കൊണ്ടുവന്ന പ്രമേയം രണ്ടുസഭകളിലും പരാജയപ്പെട്ടുവെങ്കിലും അത് കേവലം സാങ്കേതികമായ പരാജയം മാത്രമാണ്. ലോക്സഭയില്‍ കേവല ഭൂരിപക്ഷത്തിന് ആവശ്യമായ മാജിക്കല്‍ നമ്പര്‍ കരസ്ഥമാക്കാന്‍ യുപിഎക്ക് കഴിഞ്ഞില്ല. സമാജ്വാദി പാര്‍ടിയും ബിഎസ്പിയും വിട്ടുനിന്നതുകൊണ്ടാണ് സര്‍ക്കാര്‍ രക്ഷപ്പെട്ടത്. രാജ്യസഭയില്‍ ബിഎസ്പി വിട്ടുനിന്നിരുന്നെങ്കില്‍ സര്‍ക്കാര്‍ പരാജയപ്പെടുമായിരുന്നു. എന്നാല്‍, മായാവതി സര്‍ക്കാരിനെ പിന്തുണക്കുന്ന തീരുമാനമെടുത്തു. യഥാര്‍ഥത്തില്‍ വാള്‍മാര്‍ട്ടിനെതന്നെയാണ് അവര്‍ പിന്തുണച്ചത്.
ലോക്സഭയില്‍ മുലായം ശരിയായ നിലപാടു സ്വീകരിച്ചിരുന്നുവെങ്കില്‍ ചില്ലറ വ്യാപാരികളുടെ ജീവിതം തകര്‍ക്കുന്ന തീരുമാനം എടുക്കാന്‍ കഴിയുമായിരുന്നില്ല. പരസ്പരം കടിച്ചുകീറാന്‍ നില്‍ക്കുന്ന രണ്ടു പാര്‍ടികളെ എത്ര സമര്‍ഥമായാണ് ഇവര്‍ കൈകാര്യംചെയ്തതെന്ന കാര്യവും പരിശോധിക്കേണ്ടതുതന്നെ. കമല്‍നാഥ് പാര്‍ലമെന്ററികാര്യ മന്ത്രിയായി ചുമതലയെടുത്തപ്പോള്‍ തന്നെ ഈ സിദ്ധി പ്രയോഗിക്കുമെന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു. നീരാ റാഡിയ ടേപ്പില്‍ പരാമര്‍ശിക്കപ്പെട്ട കമീഷന്‍ മന്ത്രിയാണ് കമല്‍നാഥ്. എങ്ങനെയൊക്കെയാണ് ഭൂരിപക്ഷം സംഘടിപ്പിക്കേണ്ടതെന്ന് സമര്‍ഥമായി അറിയാവുന്ന മന്ത്രി! എന്നാല്‍, വാള്‍മാര്‍ട്ട് അവരുടെ ലോബിയിങ്ങിനെ സംബന്ധിച്ച റിപ്പോര്‍ട്ട് അമേരിക്കന്‍ സെനറ്റില്‍ വച്ചപ്പോഴാണ് ഇതിനു പുറകിലെ കളി പുറത്തുവന്നത്. ഇന്ത്യയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി 125 കോടി രൂപയാണ് വാള്‍മാര്‍ട്ട് ലോബിയിങ്ങിനായി ചെലവഴിച്ചത്. ഈ വാര്‍ത്ത മാധ്യമങ്ങളില്‍വന്നയുടന്‍ രാജ്യസഭയില്‍ ശൂന്യവേളയില്‍ ഉന്നയിക്കാന്‍ അവസരം ലഭിച്ചിരുന്നു. അമേരിക്കയില്‍ ലോബിയിങ് നിയമവിധേയമായ കാര്യമാണ്. ഇന്ത്യയില്‍ അത് അഴിമതിയും കൈക്കൂലിയുമാണ്. വാള്‍മാള്‍ട്ട് അമേരിക്കയിലാണ് പണം ചെലവഴിച്ചതെന്നാണ് ചില കോണ്‍ഗ്രസ് നേതാക്കളുടെ വാദം. ഒരു യുക്തിക്കും നിരക്കുന്നതല്ല അത്. അമേരിക്കന്‍ കമ്പനിയായ വാള്‍മാര്‍ട്ടിന് ഇന്ത്യയില്‍ നിക്ഷേപം നടത്തുന്നതിനുള്ള ഒരു തടസ്സവും അവിടെ നിയമപരമായി നിലനില്‍ക്കുന്നില്ല. അതുകൊണ്ടുതന്നെ അമേരിക്കന്‍ സെനറ്റ് അംഗങ്ങളെയും കോണ്‍ഗ്രസ് അംഗങ്ങളെയും സ്വാധീനിച്ച് പുതിയ നിയമമുണ്ടാക്കേണ്ട ആവശ്യമില്ല. നിയമപരമായ തടസ്സം നിലനില്‍ക്കുന്നത് ഇന്ത്യയിലാണ്. നമ്മുടെ രാജ്യത്തെ ഫെമ ചട്ടങ്ങള്‍ ചില്ലറ വ്യാപാരമേഖലയില്‍ ബഹുബ്രാന്‍ഡില്‍ വിദേശനിക്ഷേപം അനുവദിക്കുന്നില്ല. അതിനായി ചട്ടങ്ങള്‍ ഭേദഗതി ചെയ്യേണ്ടതുണ്ട്. അപ്പോള്‍ ലോബിയിങ്ങിന്റെ കേന്ദ്രം ഇന്ത്യ തന്നെയാണ്. ഇനി ചിലര്‍ വാദിക്കുന്നതുപോലെ അമേരിക്കയില്‍ തന്നെയാണ് ഇതു നടന്നതെങ്കില്‍ പ്രശ്നം അതിനേക്കാള്‍ ഗൗരവമാണ്. അവിടെ പണം ചെലവഴിച്ച് അമേരിക്കന്‍ സര്‍ക്കാരിനെ സ്വാധീനിക്കുകയും അവരെ ഉപയോഗിച്ച് ഇന്ത്യയില്‍ സമ്മര്‍ദം ചെലുത്തി തീരുമാനമെടുപ്പിച്ചെന്നാണ് കരുതേണ്ടിവരിക. അതിനര്‍ഥം അമേരിക്കന്‍ ഭരണകൂട സമ്മര്‍ദത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന സംവിധാനമാണ് ഇന്ത്യയിലെ ഭരണകൂടമെന്നതാണ്. ഇതിനേക്കാള്‍ അപമാനകരമായ മറ്റൊരു സാഹചര്യമുണ്ടോ? എന്തായാലും പ്രതിപക്ഷ സമ്മര്‍ദത്തെ തുടര്‍ന്ന് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുന്നതിന് സര്‍ക്കാര്‍ നിര്‍ബന്ധിതമായി.
ലോബിയിങ്ങിനെ സംബന്ധിച്ച അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന പല വിവരങ്ങളും ലഭ്യമായത്. ആണവകരാറിന്റെ സമയത്ത് ഇന്ത്യന്‍ സര്‍ക്കാര്‍ അമേരിക്കയില്‍ ലോബിയിങ്ങ് നടത്തിയെന്നത് അന്നേ പരസ്യമാക്കപ്പെട്ട കാര്യമാണ്. എന്നാല്‍, അതിനായി ഇന്ത്യന്‍ എംബസി ചുമതലപ്പെടുത്തിയത് വാള്‍മാര്‍ട്ടിന്റെ പ്രധാന ലോബിയിങ് ഏജന്റായ പാറ്റന്‍ ബോഗ്സിനെയായിരുന്നു. അവരുടെ വെബ്സൈറ്റില്‍ ഇതു സംബന്ധിച്ച എല്ലാ വിവരങ്ങളും ഉണ്ട്. ഇന്ത്യയിലെ പ്രധാന ഉദ്യോഗസ്ഥന്‍മാരുമായും ഉയര്‍ന്ന ചുമതലകള്‍ വഹിക്കുന്നവരുമായി അടുത്ത ബന്ധമുള്ളവരാണ് ഇവരെന്ന് അവര്‍ തുറന്നു പറയുന്നു. ഇന്ത്യയിലെ ചില്ലറ വ്യാപാരമേഖലയില്‍ വാള്‍മാള്‍ട്ടിന്റെ സാന്നിധ്യം ഉറപ്പുവരുത്തുന്നതിനായി നടത്തുന്ന ഇടപെടലുകളും വ്യക്തമാക്കുന്നുണ്ട്. ഡേവിഡ് ഹാഡ്ലിയെന്ന അമേരിക്കന്‍ ചാരനെ ഇരട്ട ഏജന്റായാണ് കണക്കാക്കുന്നത്. ഒരേ സമയം അമേരിക്കയുടേയും പാകിസ്ഥാന്റെയും ചാരനായിരുന്നു ഹാഡ്ലി. അതുപോലെയാണ് പാറ്റര്‍ ബോഗ്സും. ഒരേ സമയം ഇന്ത്യയുടേയും വാള്‍മാള്‍ട്ടിന്റേയും ഏജന്റായി പ്രവര്‍ത്തിച്ചു. ഒരു വശത്ത് ഇന്ത്യക്ക് അനുകൂലമായ ഹൈഡ് നിയമം പാസാക്കിയെടുക്കുന്നതിനായി അമേരിക്കന്‍ കോണ്‍ഗ്രസിനെയും സെനറ്റിനെയും സ്വാധീനിച്ചു. മറുവശത്ത് അമേരിക്കന്‍ കമ്പനിയായ വാര്‍മാള്‍ട്ടിന് വേണ്ടി ഇന്ത്യയെയും സ്വാധീനിച്ചു. എത്രമാത്രം അപമാനകരമായാണ് കാര്യങ്ങള്‍ പോകുന്നത്? ഒരു ജനാധിപത്യരാജ്യത്തിന്റെ അധഃപതനമല്ലാതെ മറ്റെന്താണിത്? പാര്‍ലമെന്റില്‍ ഭൂരിപക്ഷം സംഘടിപ്പിച്ചത് എങ്ങനെയാണെന്നും സമ്മതനിര്‍മാണത്തിന്റെ കലയില്‍ കമല്‍നാഥ് വൈദഗ്ധ്യം പ്രകടിപ്പിച്ചതെന്നും വ്യക്തമാക്കുന്ന അനുഭവമാണിത്.
ജനാധിപത്യത്തിന്റെ സ്വഭാവവും രീതിയും പതുക്കെ മാറുകയാണ്. സമ്പന്ന ആധിപത്യം ശക്തിപ്പെടുന്ന അപകടം ഭീകരമാണ്. വിവിധ പാര്‍ടികളില്‍ കോര്‍പറേറ്റുകളുടെ ആധിപത്യം ശക്തമാണ്. നിലപാടുകളെ നിര്‍ണയിക്കുന്നത് ഇത്തരം സ്വാധീനങ്ങളാണ്. ഇന്ത്യയില്‍ ലോബിയിങ് നിയമവിരുദ്ധമാണെങ്കിലും അതിന്റെ പ്രയോഗം തന്നെയാണ് റാഡിയ ടേപ്പിലും കേട്ടത്. മന്ത്രിമാരെ നിശ്ചയിക്കുന്നതിലും വകുപ്പുകള്‍ നിര്‍ണയിക്കുന്നതിലും കോര്‍പറേറ്റ് ലോബിയിങ് ശക്തമാണ്. നീര റാഡിയ യഥാര്‍ഥത്തില്‍ ഒരു ലോബിയിങ് ഏജന്റാണ്. പബ്ലിക്ക് റിലേഷന്‍സ് എന്ന് ഓമനപ്പേരിലാണ് അറിയപ്പെടുന്നതെന്ന് മാത്രം. മാധ്യമപ്രവര്‍ത്തകര്‍ വരെ ലോബിയിങ് സംഘത്തിലുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. രാജ്യത്തെ മഹാഭൂരിപക്ഷം ജനങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ചല്ല ജനാധിപത്യസംവിധാനം പ്രവര്‍ത്തിക്കുന്നതെന്ന് തിരിച്ചറിയുന്നതിന് പാര്‍ലമെന്റിലെ വോട്ടെടുപ്പ് സംഭവം സഹായിച്ചു.
പി രാജീവ്. എം.പീ.
No comments:
Post a Comment