Sunday, 4 November 2012

ജനങ്ങളെ പട്ടിണിമരണത്തിലേക്ക് നയിക്കുന്ന സര്‍ക്കാര്‍

ഗോളവല്‍കരണകാലത്തെ ചങ്ങാത്ത മുതലാളിത്തത്തിന്റെ പൈശാചികമായ ബീഭത്സത വെളിപ്പെടുത്തുന്ന സംഭവങ്ങള്‍ക്കാണ് കേന്ദ്രത്തിലെ യുപിഎ സര്‍ക്കാരും സംസ്ഥാനത്തിലെ യുഡിഎഫ് സര്‍ക്കാരും നേതൃത്വം നല്‍കുന്നത്. മാര്‍ക്കറ്റില്‍ അരി ലഭ്യത കുത്തനെ കുറയുകയും വില വാണംപോലെ കുതിച്ചുയരുകയും ചെയ്യുമ്പോള്‍ എഫ്സിഐ ഡിപ്പോകളില്‍ സര്‍ക്കാര്‍ സൂക്ഷിച്ചിട്ടുള്ള അരിച്ചാക്കുകള്‍ മണ്ണെണ്ണയൊഴിച്ച് കത്തിക്കുകയും ശേഷിച്ചവ കുഴിച്ചുമൂടുകയും ചെയ്യുന്നുവെന്ന വാര്‍ത്ത, മനുഷ്യത്വത്തിന്റെ തരിമ്പെങ്കിലും ബാക്കിയുള്ള ഒരു ഭരണാധികാരിക്കും ഭൂഷണമല്ല. പാവങ്ങളെ പട്ടിണിക്കിട്ട് കൊല്ലുന്ന സര്‍ക്കാര്‍ ഈ നടപടിയെ വളരെ വാചാലമായി ന്യായീകരിക്കുമ്പോള്‍ അവരുടെ കിടയറ്റ നൃശംസതയെ വിശേഷിപ്പിക്കാന്‍ മലയാളത്തില്‍ വാക്കുകളില്ല.

ഗോഡൗണുകളില്‍ കെട്ടിക്കിടക്കുന്ന ഭക്ഷ്യധാന്യങ്ങള്‍ പാവങ്ങള്‍ക്ക് സൗജന്യമായോ കുറഞ്ഞ വിലയ്ക്കോ വിതരണംചെയ്യണമെന്ന് സുപ്രീംകോടതി കേന്ദ്രഗവണ്‍മെന്റിന് നിര്‍ദ്ദേശം നല്‍കിയിട്ട് എട്ടുമാസമായി. എന്നാല്‍ സൗജന്യമായി വിതരണംചെയ്യുന്നതിനുള്ള ചെലവ് ദുര്‍വഹമാണെന്ന് ചൂണ്ടിക്കാണിച്ച് അതിന് വിസമ്മതിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഭക്ഷ്യധാന്യം സൗജന്യമായി വിതരണംചെയ്യുന്നതിനേക്കാള്‍ ലാഭകരം കടലില്‍ കെട്ടിത്താഴ്ത്തുകയാണെന്ന് വാദിച്ച് 2003ല്‍ അങ്ങനെ ചെയ്ത വാജ്പേയിയുടെ എന്‍ഡിഎ സര്‍ക്കാര്‍, മന്‍മോഹന്‍സിങ്ങിന് മാതൃകയായി മുന്നിലുണ്ട്. ലക്ഷക്കണക്കിന് ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ കടലില്‍ കെട്ടിത്താഴ്ത്തിയാലും ശരി, പാശ്ചാത്യരാജ്യങ്ങളിലെ കന്നുകാലികള്‍ക്ക് തീറ്റയ്ക്കായി കയറ്റി അയച്ചാലും ശരി, പെട്രോളുണ്ടാക്കാന്‍ അമേരിക്കയ്ക്ക് മുന്നില്‍ അടിയറവെച്ചാലും ശരി, ഇന്ത്യയിലെ പാവങ്ങളായ ദരിദ്രര്‍ക്ക് സൗജന്യവിലയ്ക്ക് നല്‍കില്ല എന്ന സര്‍ക്കാരിന്റെ പിടിവാശി, സര്‍ക്കാര്‍ ആര്‍ക്കുവേണ്ടിയാണ് നിലകൊള്ളുന്നതെന്ന് വ്യക്തമാക്കുന്നു. അങ്ങനെ മുതലാളിത്ത ഭീമന്മാരുടെ പാദസേവചെയ്ത്, ഈ വര്‍ഷത്തെ ഏറ്റവും വലിയ അരികയറ്റുമതിചെയ്ത രാജ്യം എന്ന് അമേരിക്കയില്‍നിന്ന് നല്ല സര്‍ട്ടിഫിക്കറ്റ് വാങ്ങിയ മന്‍മോഹന്‍സിങ് സര്‍ക്കാര്‍ (കഴിഞ്ഞവര്‍ഷംവരെ തായ്ലണ്ടായിരുന്നുവത്രേ കയറ്റുമതിയില്‍ ഒന്നാംസ്ഥാനത്ത്) ഈ വര്‍ഷം ഒരു കോടിയോളം ടണ്‍ അരിയാണ് കിലോയ്ക്ക് 20 രൂപവെച്ച് (അതായത് ടണ്ണിന് 380 ഡോളര്‍) കയറ്റിയയച്ചത്.

അരി കയറ്റുമതിയുടെ മേലുണ്ടായിരുന്ന നിയന്ത്രണങ്ങള്‍, അതിനായി നീക്കംചെയ്യാനും മന്‍മോഹന്‍സിങ്ങിന് മടിയുണ്ടായില്ല. കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്ന് പറഞ്ഞപോലെ, അരികയറ്റിയയച്ച് ജനങ്ങളുടെ കഞ്ഞിയില്‍ മണ്ണിടുന്ന മന്‍മോഹന്‍സിങ്ങിന് കൂട്ട്, അരി കത്തിച്ചുകളയുന്ന എഫ്സിഐയും. ബിപിഎല്‍ കുടുംബങ്ങള്‍ക്ക് ഒരു രൂപയ്ക്കുള്ള 25 കിലോ അരിയുടെയും എപിഎല്‍ വിഭാഗത്തിന് 8.9 രൂപയ്ക്കുള്ള അരിയുടെയും വിതരണം അവതാളത്തിലാക്കിയ യുഡിഎഫ് സര്‍ക്കാര്‍, അവരെ വ്യാപാരികള്‍ക്കുമുന്നിലേക്ക് വലിച്ചെറിഞ്ഞുകൊടുത്തതിനു മധ്യേയാണ്, ഭക്ഷ്യ സബ്സിഡി പണമായി നല്‍കുമെന്ന പുതിയ നിര്‍ദ്ദേശം വന്നത്. റേഷന്‍ സാധനങ്ങള്‍ കരിഞ്ചന്തയിലേക്ക് പോകുന്നത് തടയുന്നതിനെന്നുംപറഞ്ഞ് കൊണ്ടുവരുന്ന പരിഷ്കാരം എലിയെ കൊല്ലാന്‍ ഇല്ലംചുടുന്നപോലെ വിനാശാത്മകമാണ്. റേഷന്‍ പദ്ധതിയില്‍ പിശകുണ്ടെങ്കില്‍ അതു തിരുത്തുകയാണ്, പദ്ധതിയാകെത്തന്നെ ഉപേക്ഷിക്കുകയല്ല, ജനക്ഷേമ തല്‍പരമായ സര്‍ക്കാര്‍ ചെയ്യുക. റേഷന്‍ അരി മറിച്ചുവില്‍ക്കുന്നതു തടയാനായി ഒരൊറ്റ റെയ്ഡോ മറ്റ് നടപടികളോ കൈക്കൊള്ളാത്ത സര്‍ക്കാരാണിത്.

റേഷന്‍ വിതരണം തകര്‍ത്ത ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഇപ്പോള്‍ പറയുന്നത്, ഒരു ലക്ഷം ടണ്‍ അരി ഉടന്‍ എത്തിക്കുമെന്നാണ്. ഒരു ലക്ഷം ടണ്‍ 3.3 കോടി ജനങ്ങള്‍ക്ക് കൊടുത്താല്‍ ഒരാള്‍ക്ക് ഒരുതവണ 3 കിലോ അരി ലഭിക്കും. 70 ലക്ഷം റേഷന്‍ കാര്‍ഡുടമകള്‍ക്കാണെങ്കില്‍ ഓരോ കുടുംബത്തിനും ഒറ്റത്തവണ 14 കിലോ അരി. അതുതന്നെ ഓണക്കാലത്തും മറ്റും വിതരണം ചെയ്യാനായി ഗോഡൗണുകളിലെത്തിച്ച് കെട്ടിക്കിടക്കുന്ന അരിയാണുതാനും. പ്രശ്നത്തിന്റെ വക്കുകടിക്കാന്‍പോലും ഈ പരിഹാരം ഉതകുകയില്ല. ഇത്ര കഴിവുകെട്ട മുഖ്യമന്ത്രിയേയും സിവില്‍സപ്ലൈസ് വകുപ്പുമന്ത്രിയേയും കേരളത്തിന് ഇനി കാണാന്‍ കഴിയില്ല. അരിവില മാര്‍ക്കറ്റില്‍ 46 രൂപയ്ക്ക് മേലേക്ക് ഉയരുമ്പോള്‍, സിവില്‍ സപ്ലൈസിന്റെ എല്ലാ ഔട്ട്ലെറ്റുകളും കാലിയാക്കിയിട്ട് രസിച്ചിരിക്കുന്ന മന്ത്രിമാര്‍ ഏറ്റവും വലിയ ജനദ്രോഹികളും രാജ്യദ്രോഹികളുംതന്നെ. കഴിഞ്ഞ രണ്ടുവര്‍ഷങ്ങളില്‍ സാമാന്യം ഭേദപ്പെട്ട വിളവെടുപ്പാണ് രാജ്യത്തിലുണ്ടായിട്ടുള്ളത്; സര്‍ക്കാരിന്റെ ധാന്യ സംഭരണവും റെക്കോര്‍ഡ്തലത്തില്‍തന്നെ. സാധാരണഗതിയില്‍ സര്‍ക്കാരിന്റെ കയ്യില്‍ ഉണ്ടായിരിക്കേണ്ട ബഫര്‍ സ്റ്റോക്കിന്റെ ഇരട്ടിയോളം അളവില്‍ ഭക്ഷ്യധാന്യങ്ങള്‍ സര്‍ക്കാരിന്റെ കയ്യിലുണ്ട് എന്നാണ് ഔദ്യോഗിക കണക്ക്. ഇത്രയൊക്കെ അനുകൂല സാഹചര്യങ്ങളുണ്ടായിട്ടും ഭക്ഷ്യധാന്യങ്ങളുടെ, പ്രത്യേകിച്ചും അരിയുടെ വില താങ്ങാനാവാത്തവിധം റെക്കോര്‍ഡ്തലത്തിലേക്ക് ഉയരുകയും മാര്‍ക്കറ്റില്‍ അരി ലഭ്യമല്ലാതിരിക്കുകയും ഇന്ത്യക്കാരന്റെ പ്രതിശീര്‍ഷ പ്രതിദിന ഭക്ഷ്യധാന്യലഭ്യത കുറയുകയും ചെയ്യുന്നെങ്കില്‍, അതിന്റെ പൂര്‍ണമായ ഉത്തരവാദിത്വം കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്കുതന്നെയാണ്.

കൊള്ളലാഭക്കാര്‍ക്കുവേണ്ടി ജനങ്ങളെ പട്ടിണിക്കിട്ട് കൊള്ളയടിക്കുന്ന സര്‍ക്കാരിന്റെ നയം തന്നെയാണതിന് കാരണം. ജനങ്ങളുടെ ഏറ്റവും പ്രാഥമികമായ അവകാശമായ ഭക്ഷ്യസുരക്ഷയില്‍ താല്‍പര്യമുള്ള ഏതൊരു സര്‍ക്കാരും ചെയ്യേണ്ടത്, ലാഭക്കൊതിപൂണ്ട വിപണിക്ക് ജനങ്ങളെ വലിച്ചെറിഞ്ഞുകൊടുക്കാതെ സാര്‍വത്രികവും ഫലപ്രദവുമായ പൊതുവിതരണ വ്യവസ്ഥ കര്‍ശനമായി നടപ്പാക്കി അവരെ സംരക്ഷിക്കുകയാണ്. എന്നാല്‍ നിലവിലുണ്ടായിരുന്ന സാമാന്യം ഭേദപ്പെട്ട പൊതുവിതരണ വ്യവസ്ഥയെ പൊളിച്ചടുക്കിയ സര്‍ക്കാര്‍ അതോടൊപ്പം അരി കയറ്റിയയച്ചു. ഭക്ഷ്യധാന്യങ്ങളുടെ ഊഹക്കച്ചവടം അനുവദിച്ചു. കരിഞ്ചന്തയും പൂഴ്ത്തിവെയ്പ്പും എല്ലാവിധത്തിലും അനുവദിച്ചു. ഇതിനൊക്കെ പുറമെ സംഭരിച്ച ഭക്ഷ്യധാന്യങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കാതെ, പൂത്തും പുഴുത്തും വെള്ളം വീണ് ചീഞ്ഞളിഞ്ഞും ചീത്തയായിപ്പോകുന്നതിന് അനുവദിച്ചു.

മേല്‍പ്പറഞ്ഞ കാരണങ്ങളില്‍ ഒന്നോ രണ്ടോ ഉണ്ടെങ്കില്‍ത്തന്നെ ഭക്ഷ്യക്ഷാമവും വിലക്കയറ്റവും സംഭവിക്കാമെന്നിരിക്കെ എല്ലാംകൂടി ഒരുമിച്ച് വന്നാലത്തെ അവസ്ഥ ഊഹിക്കാന്‍ പോലും കഴിയുകയില്ല. "ലാഭം, കൂടുതല്‍ ലാഭം, പരമാവധി ലാഭം", എന്ന മുതലാളിത്ത മന്ത്രം ഉരുവിടുന്ന മന്‍മോഹന്‍സിങ്ങും ഉമ്മന്‍ചാണ്ടിയും കൂട്ടരും ഇന്ത്യയെ, പട്ടിണിമരണങ്ങള്‍ നിത്യേന സംഭവിക്കുന്ന ആഫ്രിക്കന്‍ രാജ്യങ്ങളുടെ സ്ഥിതിയിലേക്കാണ് വലിച്ചെറിയുന്നത്. ഭക്ഷ്യസുരക്ഷയ്ക്കും കൃഷിഭൂമിയുടെ സംരക്ഷണത്തിനുംവേണ്ടി സിപിഐ എമ്മിന്റെ നേതൃത്വത്തില്‍ നടക്കുന്ന പ്രക്ഷോഭത്തിന്റെ പ്രാധാന്യം വര്‍ധിക്കുന്നത് ഈ പശ്ചാത്തലത്തിലാണ്.

No comments:

Post a Comment