2011 ഫെബ്രുവരി 23ാം തീയതി ഡല്‍ഹിയിലെ ജന്തര്‍മന്ദിര്‍ പരിസരത്തുനിന്നും ഏകദേശം രണ്ടുലക്ഷത്തോളം വരുന്ന തൊഴിലാളികള്‍ പാര്‍ലമെന്‍റിലേക്ക് ഒരു പ്രകടനം നടത്തി. ചില ഇടതുപക്ഷ മാധ്യമങ്ങളൊഴികെ ദേശീയ മാധ്യമങ്ങളൊന്നും അതേപ്പറ്റിയുള്ള വാര്‍ത്ത പ്രസിദ്ധീകരിച്ചില്ല. രാജ്യത്തെ മഹാഭൂരിപക്ഷം വരുന്ന സാധാരണക്കാരുടെ ജീവിതം ദുരിതപൂര്‍ണ്ണമാക്കുന്ന സാമ്പത്തിക നയങ്ങള്‍ തിരുത്തണമെന്നാവശ്യപ്പെട്ടുകൊണ്ടായിരുന്നു തൊഴിലാളികള്‍ പ്രകടനം നടത്തിയത്. അതിന് വേണ്ടത്ര മാധ്യമ ശ്രദ്ധ കിട്ടാതെ പോയതിനുകാരണം മാധ്യമങ്ങളുടെ വര്‍ഗ്ഗ താല്‍പര്യംതന്നെയാണ്. ഏപ്രില്‍ അഞ്ചാംതീയതി അതേ ജന്തര്‍മന്ദിറിനു മുന്നിലാണ് അണ്ണാഹസാരേ തെന്‍റ നിരാഹാരസമരം ആരംഭിക്കുന്നത്. അഴിമതി നിരോധിക്കുന്നതിനാവശ്യമായ ലോകപാല്‍ ബില്‍തയ്യാറാക്കണമെന്നാവശ്യപ്പെട്ടുകൊണ്ടായിരുന്നു സമരം. ദേശീയ മാധ്യമങ്ങള്‍ വന്‍ പ്രാധാന്യത്തോടെയായിരുന്നു ഈ സമരം റിപ്പോര്‍ട്ടുചെയ്തത്. ടി വി ചാനലുകള്‍ തത്സമയ സംപ്രേഷണം ആരംഭിച്ചു. നിരവധി സന്നദ്ധ സംഘടനകള്‍ (എന്‍ജിഒ) സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തി. മതസംഘടനകളും വര്‍ഗീയ സംഘടനകളും സമരത്തെ അനുകൂലിച്ചു. നിരവധി പ്രമുഖ വ്യക്തികള്‍ സമരത്തോടനുഭാവം പ്രകടിപ്പിച്ച് രംഗത്തെത്തി. ഇന്ത്യയ്ക്കകത്തെ നിരവധി പട്ടണങ്ങളിലും വിദേശരാജ്യങ്ങളിലും സമരത്തിനനുകൂലമായ പ്രകടനങ്ങള്‍ നടന്നു. ഇന്‍റര്‍നെറ്റുവഴി സന്ദേശ പ്രവാഹമായിരുന്നു. വിവര വിനിമയരംഗത്തെ നൂതന സാങ്കേതികവിദ്യകളും ഉപകരണങ്ങളും സമരത്തിനനുകൂലമായി ഉപയോഗപ്പെടുത്തി. മാധ്യമലോകം ലക്ഷ്യംവയ്ക്കുന്ന മദ്ധ്യവര്‍ഗ്ഗം പൊടുന്നനെ അഴിമതി വിരുദ്ധരായി സമരകാഹളം മുഴക്കി. ഇന്ത്യയാകെ കുലുങ്ങുകയാണെന്ന പ്രതീതിയുണ്ടാക്കി. ഹസാരെയുടെ നിരാഹാരവ്രതം ഒരു സുനാമിയുടെ പ്രതീതിയുണ്ടാക്കി. യുപിഎ സര്‍ക്കാരിനെ പിടിച്ചു കുലുക്കിക്കൊണ്ടിരുന്ന അഴിമതിയാരോപണങ്ങള്‍ ഹസാരെ സുനാമിയില്‍ ഒലിച്ചുപോയി. കോമണ്‍വെല്‍ത്ത് ഗെയിംസ്, 2 ജി സ്പെക്ട്രം, എസ്ബാന്‍ഡ്, ആദര്‍ശ് ഫ്ളാറ്റ് തുടങ്ങിയവുമായി ബന്ധപ്പെട്ട അനേകായിരം കോടി രൂപയുടെ അഴിമതിയാരോപണങ്ങളാണ് ഒറ്റയടിക്ക് ജനങ്ങളുടെ ശ്രദ്ധയില്‍നിന്നും അടര്‍ത്തിമാറ്റിയത്. കൃഷ്ണെന്‍റ ദ്വാരകയെ കടലെടുത്തശേഷം ഒന്നുമറിയാത്തപോലെ ശാന്തമായിക്കിടന്ന കടലുപോലെ മന്‍മോഹന്‍ മന്ത്രിസഭയ്ക്കെതിരെയുയര്‍ന്ന അഴിമതിയാരോപണങ്ങളെല്ലാം മാധ്യമങ്ങളുടെ ഓര്‍മ്മയില്‍ നിന്നുപോലും മാഞ്ഞുപോയി. 'ആരവം" എന്ന സിനിമയില്‍ നെടുമുടിവേണു അവതരിപ്പിച്ച മരുത് എന്ന വേട്ടക്കാരനായ കഥാപാത്രത്തിെന്‍റ സഹചാരിയായ നായയുടെ വാലില്‍ മാലപ്പടക്കം കെട്ടി കത്തിച്ച് സര്‍ക്കസ് കൂടാരത്തില്‍ കയറ്റിവിട്ട് എല്ലാം ചുട്ട് ചാമ്പലാക്കിയശേഷം അതിനു കാരണക്കാരനായ നായയുടെ പിന്നാലെ സര്‍ക്കസുകാരും ഗ്രാമവാസികളും ഒരു ഘോഷയാത്രപോലെ ഓടുന്ന രംഗമുണ്ട്. സര്‍ക്കസ് കൂടാരം കത്തിപ്പോയത് മറന്നിട്ടാണ് എല്ലാവരും നായയുടെ പിന്നാലെ ഓടിയത്. ഉടമസ്ഥന്‍പോലും തെന്‍റ നഷ്ടം മറന്നുപോയി. അഴിമതിക്കെതിരായ മദ്ധ്യവര്‍ഗ്ഗ പ്രേരിതമായ കപടരോഷ സമരാഗ്നി 'ആരവ"ത്തിലെ ഈ രംഗത്തെയാണ് ഓര്‍മ്മിപ്പിക്കുന്നത്. അഴിമതിയാരോപണ സുനാമിയില്‍നിന്നും മന്‍മോഹന്‍ സര്‍ക്കാരിനെ ഹസാരെ സുനാമി രക്ഷപ്പെടുത്തി. യുപിഎ സര്‍ക്കാരിനെ പിടിച്ചുകുലുക്കുകയും അവമതിക്കിരയാക്കുകയും ചെയ്ത സന്ദര്‍ഭമെന്തായിരുന്നു? കേരളം, തമിഴ്നാട്, പുതുശ്ശേരി, പശ്ചിമബംഗാള്‍, ആസാം എന്നീ സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്ക് തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയം. മാര്‍ച്ചുമാസത്തില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നു. ഈ തെരഞ്ഞെടുപ്പിലെ മുഖ്യ വിഷയം യുപിഎ സര്‍ക്കാരിെന്‍റ അഴിമതിയായിരിക്കുമെന്നുള്ളത് വ്യക്തം. അഴിമതിയുടെ നേതാവായ ടെലികോം മന്ത്രി രാജ തിഹാര്‍ ജയിലിലായി. കോണ്‍ഗ്രസ് നേതാക്കള്‍ പലരും ആരോപണ വിധേയരായി. പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന് ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടിവന്നു. സ്വാതന്ത്ര്യലബ്ധിക്കുശേഷം ഇന്നേവരെ കേന്ദ്രം ഭരിച്ച സര്‍ക്കാരുകള്‍ക്കൊന്നും ഇത്രയധികം അഴിമതിയാരോപണങ്ങള്‍ ഒരുമിച്ചു നേരിടേണ്ടിവന്നിട്ടില്ല. കേന്ദ്രസര്‍ക്കാരിെന്‍റ അന്തസ്സ് പാതാളത്തിലെത്തി. ഈ സന്ദര്‍ഭത്തിലാണ് അണ്ണാ ഹസാരെ സമരം ആരംഭിക്കുന്നത്. ഏപ്രില്‍ അഞ്ചാംതീയതിയാണ് നിരാഹാരം തുടങ്ങുന്നത്. ഏതാനും ദിവസങ്ങള്‍ കഴിഞ്ഞാല്‍ ആസാമില്‍ ആദ്യഘട്ട വോട്ടെടുപ്പു നടക്കും. തുടര്‍ന്ന് കേരളത്തിലും തമിഴ്നാട്ടിലും. ഈ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസും സഖ്യകക്ഷികളും തോറ്റുപോകുന്നതു മാത്രമല്ല പ്രശ്നം. അത് കേന്ദ്ര ഭരണത്തെ ബാധിക്കുകയില്ല. അധികം വൈകാതെ രാജ്യസഭയിലേക്കു വരുന്ന ഒഴിവുകള്‍ നികത്തേണ്ടിവരുമ്പോള്‍ അവിടെ പ്രതിപക്ഷ അംഗങ്ങളാകും തെരഞ്ഞെടുക്കപ്പെടുന്നത്. അത് പാര്‍ലമെന്‍റിനകത്തെ സമരം രൂക്ഷമാക്കും. മുന്നണിയിലെ ഘടകകക്ഷികള്‍ ചിലപ്പോള്‍ കൊഴിഞ്ഞുപോയേക്കാം. അങ്ങനെയെങ്കില്‍ ഭരണം നഷ്ടപ്പെടും. അങ്ങനെ ഭരണം നഷ്ടപ്പെട്ടാല്‍ അമേരിക്കന്‍ ഭരണകൂടത്തിനും ബഹുരാഷ്ട്ര കുത്തകകള്‍ക്കും സ്വീകാര്യനായ മന്‍മോഹന്‍സിംഗ് സ്ഥാനഭ്രഷ്ടനാകും. നിര്‍ഗുണനാണെന്ന് തെളിയിച്ചിട്ടും രണ്ടാമതും മന്‍മോഹന്‍ പ്രധാനമന്ത്രിയായത് ഇക്കൂട്ടര്‍ക്ക് സ്വീകാര്യനായതുകൊണ്ടാണല്ലോ. അപ്പോള്‍ യുപിഎ സര്‍ക്കാര്‍ അധികാരത്തിലിരിക്കേണ്ടത് ആരുടെ താല്‍പര്യമാണ്? ആ താല്‍പര്യം സംരക്ഷിക്കുന്നതിനുള്ള ഉപകരണമാണ് അണ്ണാഹസാരേ. ഒരു സേഫ്റ്റിവാല്‍വ്. 'ഇന്ത്യ അഴിമതിക്കെതിരെ' ഇതാണ് ഹസാരെയുടെ സമരത്തിനുള്ള ഇന്‍റര്‍നെറ്റ് നാമം. ഇതുവരെ ആരും കേട്ടിട്ടില്ലാത്ത ഒരു പൗരസമൂഹത്തിെന്‍റ നേതൃത്വത്തിലാണ് സമരം അരങ്ങേറിയത്. കഴിഞ്ഞ നവംബര്‍ മുതല്‍ പ്രവര്‍ത്തിച്ചുവരുന്ന പ്രസ്ഥാനമാണത്രേ ഐഎസി. ഈ സംഘടനയും വ്യാജ പൗരസമൂഹവും രാഷ്ട്രീയക്കാരെ പുലഭ്യം പറയുന്നു. എല്ലാ രാഷ്ട്രീയക്കാരും അഴിമതിക്കാരും അധാര്‍മ്മികരുമാണെന്ന് പ്രചരിപ്പിക്കുന്നു. രാഷ്ട്രീയക്കാരേയും രാഷ്ട്രീയത്തേയും വര്‍ജിക്കേണ്ടതാണെന്ന് മാധ്യമങ്ങളിലൂടെ ഓരിയിടുന്നു. അരാഷ്ട്രീയ സന്നദ്ധ സംഘടനകളിലൂടെ മാത്രമേ അഴിമതിയില്‍നിന്നും രാജ്യത്തെ രക്ഷിക്കാനാകൂ എന്ന് സമര്‍ത്ഥിക്കുന്നു. മുന്‍ സൈനികനും സ്വയം പ്രഖ്യാപിത ഗാന്ധിയനുമായ അണ്ണാ ഹസാരേ മഹാരാഷ്ട്രയിലെ തന്റെ ഗ്രാമത്തില്‍ നടപ്പാക്കിയ അരാഷ്ട്രീയ സേവനം രാജ്യത്തിനു മാതൃകയാണെന്ന് അവതരിപ്പിക്കപ്പെടുന്നു. അതിനാല്‍ അഴിമതി വിരുദ്ധ സമരത്തിലും രാഷ്ട്രീയക്കാരെ ഒഴിവാക്കുന്നു. വാസ്തവത്തില്‍ ഹസാരെയുടെ സമരം മാധ്യമങ്ങളുടെ മുന്‍കയ്യാല്‍ നടന്ന സമരമാണ്. സമരമവസാനിപ്പിക്കാന്‍ മദ്ധ്യസ്ഥന്മാര്‍ രംഗത്തെത്തുന്നു. സര്‍ക്കാരുമായി ചര്‍ച്ചനടത്തുന്നു. പിണങ്ങുന്നു. പിന്നെ ഇണങ്ങുന്നു. പൗര സമൂഹത്തിനും സര്‍ക്കാരിനും തുല്യ പങ്കാളിത്തമുള്ള ഒരു പത്തംഗസമിതി രൂപീകരിക്കാന്‍ തീരുമാനിക്കുന്നു. പൗരസമൂഹത്തിെന്‍റ പ്രതിനിധികളായ അഞ്ചുപേര്‍ ഹസാരേ നിര്‍ദ്ദേശിക്കുന്നവരായിരിക്കുമെന്നും സമ്മതിക്കുന്നു. ഏപ്രില്‍ ഒന്‍പതിന് ഹസാരേ സമരം അവസാനിപ്പിക്കുന്നു. ഹസാരേയുടെയും പൗരസമൂഹത്തിേന്‍റയും നിശ്ചയദാര്‍ഢ്യവും സര്‍ക്കാരിെന്‍റ സദുദ്ദേശവും ശ്ലാഘിക്കപ്പെടുന്നു. പാര്‍ലമെന്റിനുള്ളിലെ പ്രതിപക്ഷകക്ഷികള്‍ ഒന്നടങ്കം ആഴ്ചകളോളം സഭ സ്തംഭിപ്പിച്ചിട്ടും കുലുങ്ങാത്ത സര്‍ക്കാര്‍, അഞ്ചുദിവസത്തെ നിരാഹാര സമരത്തിെന്‍റ ഫലമായി കിടുകിടെ വിറയ്ക്കുകയും സമരം അവസാനിപ്പിക്കുകയും ചെയ്യുന്നു. ആന്ധ്രാ സംസ്ഥാന രൂപീകരണത്തിനുവേണ്ടി 1953ല്‍ പോട്ടി ശ്രീരാമലു എന്ന ഗാന്ധിയന്‍ നിരാഹാരമനുഷ്ഠിച്ച് ജീവത്യാഗം ചെയ്തിട്ടും കുലുങ്ങാത്ത നെഹ്റുവിെന്‍റ കോണ്‍ഗ്രസ് ഹസാരേയുടെ പഞ്ചദിന നിരാഹാരം കണ്ട് ഭയചകിതരായി സമരം ഒത്തുതീര്‍പ്പാക്കി. എന്തൊരാത്മാര്‍ത്ഥത! ജന്‍ലോക്പാല്‍ ബില്‍ തയ്യാറാക്കുന്നതിനുള്ള പത്തംഗ സമിതിയില്‍ ഹസാരെയുടെ പ്രതിനിധികളായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട അഞ്ചുപേരില്‍ രണ്ടുപേര്‍ പ്രശസ്തരായ അഭിഭാഷകന്മാരാണ്. നമുക്കവരെ ഭൂഷണന്മാര്‍ എന്നു വിളിക്കാം. ഭൂഷണന്മാരെ ഉള്‍പ്പെടുത്തിയതാണ് അടുത്ത വിവാദത്തിന് ഇടയാക്കിയത്. അവര്‍ക്കെതിരെയുള്ള ആക്ഷേപങ്ങളാണ് മാധ്യമങ്ങളുടെ ഇപ്പോഴത്തെ ഇഷ്ട വിഷയം. പത്തംഗസമിതിയുടെ ദൗത്യമോ എത്രയുംവേഗം ലോക്പാല്‍ വരേണ്ടതിെന്‍റ ആവശ്യകതയോ ഒന്നുമല്ല ഇപ്പോഴത്തെ പ്രശ്നം. ഭൂഷണന്മാരെപ്പറ്റിയുള്ള ഗുണവിചാരമാണ് മാധ്യമങ്ങളുടെ എക്സ്ക്ലൂസീവ് ചര്‍ച്ചകള്‍. അഴിമതിയാരോപണങ്ങളുടെ പിന്നാലെ ലോക്പാല്‍ബില്ലും മറവിയുടെ പാതാളത്തിലേക്ക്. കഴിഞ്ഞ നവംബറില്‍ ശ്രീമതി സോണിയാഗാന്ധിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ദേശീയ ഉപദേശകസമിതി യോഗം ലോക്പാല്‍ ബില്ലിന് രൂപം നല്‍കാന്‍ തീരുമാനിച്ചിരുന്നു. ആ സമിതിയുടെ കരട് റിപ്പോര്‍ട്ട് ഉടനെ പ്രസിദ്ധീകരിക്കാനിരുന്നതാണ്. ആ റിപ്പോര്‍ട്ടുവരുന്നതുവരെ സമരമാരംഭിക്കരുതെന്ന് ഹസാരെയെ തോഴന്മാര്‍ ഉപദേശിച്ചതുമാണ്. ഇതൊന്നും പരിഗണിക്കാതെയാണ് അദ്ദേഹം നിരാഹാരസമരം ആരംഭിച്ചത്. മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയിലെ ഓരോ രംഗവും കൃത്യമായി ചിത്രീകരിക്കപ്പെട്ടു. ഒന്‍പതിന് സമരം അവസാനിപ്പിച്ചു. തൊട്ടടുത്ത ദിവസങ്ങളില്‍ വോട്ടെടുപ്പ് ആരംഭിക്കുന്നു. ലോക്പാല്‍ ബില്‍ വരാത്തതിെന്‍റപേരില്‍ സമ്മതിദായകര്‍ ധാര്‍മ്മികരോഷംപൂണ്ട് പ്രതിപക്ഷകക്ഷികള്‍ക്ക് ഇനി എന്തിന് വോട്ടുചെയ്യണം. ഇതിനുമുമ്പ് എട്ടുതവണ അലസിപ്പോയതാണ് ലോക്പാല്‍ ബില്‍. പാര്‍ലമെന്‍റില്‍ ഇതാദ്യം അവതരിപ്പിക്കുന്നത് ഇന്ദിരാഗാന്ധിയുടെ ഭരണകാലത്ത് 1968ലാണ്. ബില്‍ പാസാകുന്നതിനുമുമ്പേ ലോക്സഭ പിരിച്ചുവിടപ്പെട്ടു. തുടര്‍ന്ന് 1971, 1977, 1985, 1989, 1996, 1998, 2001 എന്നീ വര്‍ഷങ്ങളിലും ബില്‍ അവതരിപ്പിക്കപ്പെട്ടു. 1985ല്‍ മാത്രമാണ് ബില്‍ പിന്‍വലിക്കപ്പെട്ടത്. ബാക്കി എല്ലാ സന്ദര്‍ഭങ്ങളിലും ബില്‍ കാലഹരണപ്പെടുകയായിരുന്നു. ഇത്തരത്തില്‍ അലസല്‍ ചരിത്രമുള്ള ഒരു ബില്ലാണ് ഏതാനും ദിവസത്തെ ഉണ്ണാവ്രതംകൊണ്ട് പുനര്‍ജനിക്കുമെന്ന് വിശ്വസിപ്പിക്കപ്പെട്ടത്. സമരത്തെതുടര്‍ന്ന് രൂപീകൃതമായ സമിതിയുടെ അരാഷ്ട്രീയ സ്വഭാവം വ്യക്തമാണ്. സര്‍ക്കാര്‍ പ്രതിനിധികള്‍ അഞ്ചുപേരും കോണ്‍ഗ്രസ് പാര്‍ടിയെ പ്രതിനിധീകരിക്കുന്നു. ഹസാരേയുടെ പ്രതിനിധികളില്‍ ആരുംതന്നെ രാഷ്ട്രീയക്കാരില്ല. പാര്‍ലമെന്‍റില്‍ പ്രാതിനിധ്യമുള്ള മറ്റൊരു രാഷ്ട്രീയ കക്ഷിയേയും പത്തംഗസമിതിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. തികച്ചും ജനാധിപത്യവിരുദ്ധമാണ് സര്‍ക്കാരിേന്‍റയും ഹസാരെയുടേയും നിലപാട്. അഴിമതി അവസാനിപ്പിക്കാന്‍വേണ്ടി ഹസാരെ നയിച്ച സമരം പ്രസക്തംതന്നെയാണ്. ഹസാരെയുടെ മുന്‍ ചെയ്തികളെ ചോദ്യംചെയ്യുന്നുമില്ല. എന്നാല്‍ സമരം തുടങ്ങിയ സന്ദര്‍ഭവും ഒത്തുതീര്‍പ്പുണ്ടാക്കിയ രീതിയും സംശയാസ്പദമാണ്. ബൂര്‍ഷ്വാഭരണ വ്യവസ്ഥയില്‍ അഴിമതി അനിവാര്യമാണ്. വിദേശീയരും സ്വദേശീയരുമായ മുതലാളിമാര്‍ രാഷ്ട്രീയക്കാരേയും ഉന്നതോദ്യോഗസ്ഥരേയും സ്വാധീനിച്ച് കോഴകൊടുത്ത് തങ്ങളുടെ താല്‍പര്യം സംരക്ഷിക്കുന്നു. രാഷ്ട്രഗാത്രത്തെ ആഴത്തില്‍ ബാധിച്ചിരിക്കുന്ന ഈ രോഗാണുവിനെ ഒരു നിയമനിര്‍മ്മാണത്തിലൂടെ നിഗ്രഹിച്ചുകളയാമെന്നുള്ളത് വ്യാമോഹമാണ്. വ്യവസ്ഥിതിയുടെ സന്തതിയാണ് അഴിമതി. വ്യവസ്ഥിതി മാറാതെ ഈ രോഗം മാറുകയുമില്ല. നെഹ്റുവിയന്‍ കാലഘട്ടത്തിലും അതിെന്‍റ ഹാങ് ഓവര്‍ കാലഘട്ടമായ 1991വരെയും ഇന്ത്യയിലെ അഴിമതികള്‍ കുടുതലും ആഭ്യന്തരമായിട്ടുള്ളതായിരുന്നു. രാജീവ്ഗാന്ധിയുടെ കാലത്ത് നടന്ന ബൊഫോഴ്സ് തോക്കിടപാടില്‍ മാത്രമാണ് വിദേശ ദല്ലാളന്മാര്‍ മുഖേന അഴിമതിക്ക് അവസരമൊരുങ്ങുന്നത്. 1991വരെ പൊതുമേഖലയും ഇന്ത്യയ്ക്കകത്തെ സ്വകാര്യമേഖലയും തമ്മിലായിരുന്നു പ്രധാന മത്സരം. ഇതില്‍ സ്വകാര്യമേഖലയ്ക്കനുകൂലമായ തീരുമാനമെടുപ്പിക്കുന്നതിനുവേണ്ടിയാണ് മന്ത്രിമാരെയും രാഷ്ട്രീയ നേതാക്കളെയും ഉദ്യോഗസ്ഥ പ്രമുഖരെയും സ്വാധീനിക്കാന്‍ കോഴപ്പണം ഒഴുക്കിയിരുന്നത്. എന്നാല്‍ ഉദാരവല്‍ക്കരണനയങ്ങള്‍ക്കു തുടക്കംകുറിക്കുന്ന 1991 മുതല്‍ അഴിമതിക്ക് ആഗോള സ്വഭാവം കൈവന്നു. ബാങ്ക്, ഇന്‍ഷുറന്‍സ്, വ്യവസായം, സൈനികോപകരണങ്ങള്‍, വാര്‍ത്താവിനിമയം തുടങ്ങിയ നിരവധി മേഖലകളില്‍ വിദേശ കുത്തകകള്‍ കടന്നുവന്നു. അവരുടെ ആഗമനത്തിന് വേദിയൊരുക്കാന്‍വേണ്ടി രാഷ്ട്രീയക്കാരേയും ഉദ്യോഗസ്ഥരേയും സ്വാധീനിക്കാന്‍ ശ്രമിക്കും. അങ്ങനെ മുമ്പ് ധനകാര്യമന്ത്രിയായിരുന്ന മന്‍മോഹന്‍സിംഗിെന്‍റ കാര്‍മികത്വത്തില്‍ തുടങ്ങിയ അഴിമതിയുടെ ഉദാരവല്‍ക്കരണവും ആഗോളവല്‍ക്കരണവും ഇന്ന് പ്രധാനമന്ത്രിയായ മന്‍മോഹെന്‍റ കീഴില്‍ അരങ്ങു വാഴുന്നു. ഇത് മന്‍മോഹന്‍സിംഗിനോ കോണ്‍ഗ്രസിനോ അവസാനിപ്പിക്കാന്‍ കഴിയുകയില്ല. കാരണം ഇവരെ നിയന്ത്രിക്കുന്നത് അമേരിക്കന്‍ സാമ്രാജ്യത്വവും ആഗോള കുത്തകകളുമാണ്. അഴിമതിയുടെ ക്ലാവുപിടിച്ച ഇന്ത്യന്‍ ഭരണവര്‍ഗ്ഗത്തെ ഈയംപൂശി മിനുക്കി നിറുത്തേണ്ടത് കുത്തകകളുടെ ആവശ്യമാണ്. അതാണ് ഹസാരെ സമരത്തിലൂടെ ലക്ഷ്യം കണ്ടത്. ഭരണകൂടത്തേയും പൗരസമൂഹത്തേയും അരാഷ്ട്രീയവല്‍ക്കരിക്കേണ്ടതും ദേശരാഷ്ട്രങ്ങളുടെ പരമാധികാരത്തെ ദുര്‍ബലപ്പെടുത്തേണ്ടതും ആഗോള കുത്തകകളുടെ ആവശ്യമാണ്. അതിനവര്‍ ചെയ്യുന്നത് രാഷ്ട്രീയത്തിലധിഷ്ഠിതമായ ജനാധിപത്യത്തെ അപഹസിക്കുകയെന്നതാണ്. ജനാധിപത്യം കഴിവുകെട്ടവരുടെ ഭരണമാണ് എന്നും ഇനി വരേണ്ടത് ഗുണാധിപത്യം ആണെന്നും സിദ്ധാന്തിക്കുന്നു. ജനാധിപത്യം നിലനില്‍ക്കുന്നത് കാലാകാലങ്ങളായുള്ള തെരഞ്ഞെടുപ്പിലൂടെയാണ്. തെരഞ്ഞെടുപ്പ് നടക്കുന്നത് രാഷ്ട്രീയ പാര്‍ടികളെ മുന്‍നിറുത്തിയാണ്. ജനാധിപത്യം അനാവശ്യമെന്ന് സ്ഥാപിക്കപ്പെട്ടാല്‍ രാഷ്ട്രീയപ്പാര്‍ട്ടികളും രാഷ്ട്രീയവും വേണ്ട. അരാഷ്ട്രീയവാദത്തിെന്‍റ പൊരുള്‍ ഇതാണ്. അരാഷ്ട്രീയക്കാരായ ഗുണവാന്മാരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിതര സംഘടനകള്‍ (എന്‍ജിഒ) ജനാധിപത്യത്തിെന്‍റ വക്താക്കളായി രംഗത്തെത്തുന്നു. നാട്ടില്‍ വികസനം വഴിമുട്ടുന്നതും അഴിമതി നടമാടുന്നതും രാഷ്ട്രീയക്കാര്‍ ഭരിക്കുന്നതുകൊണ്ടാണെന്ന് സമര്‍ത്ഥിക്കുന്നു. രാഷ്ട്രീയാഭിരുചി വളര്‍ന്നുതുടങ്ങുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മുതല്‍ തൊഴില്‍ശാലകള്‍വരെ അരാഷ്ട്രീയവല്‍ക്കരണ യജ്ഞം നടക്കുന്നു. മദ്ധ്യവര്‍ഗ്ഗ ബുദ്ധിജീവികളും മാധ്യമങ്ങളും എന്‍ജിഒകളും ഇതിെന്‍റ വക്താക്കളാകുന്നു. അഴിമതിവിരുദ്ധ സമരം, പരിസ്ഥിതിപ്രശ്നം, ആരോഗ്യപ്രശ്നം മുതലായ കാര്യങ്ങളില്‍ ഇടപെട്ട് അരാഷ്ട്രീയ രാഷ്ട്രീയം വിദഗ്ധമായി നടപ്പാക്കുന്നു. പാശ്ചാത്യ ഗ്രന്ഥകാരന്മാരായ ഏണസ്റ്റ് മാന്‍ഡലും (ഋമൃിലെേ ങമിറലഹഘമലേ ഇമുശമേഹശൊ) ലെസ്റ്റര്‍ സി തോറോയും (ഘലെലേൃ ഇ ഠവീൃമൗഒശെേീൃ്യ ീള രമുശമേഹശൊ) ഇത് വളരെ മുമ്പുതന്നെ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അതിനാല്‍ ഇന്ത്യയിലിന്ന് ശക്തി പ്രാപിച്ചുവരുന്ന അഴിമതിവിരുദ്ധ സമരത്തിലും പരിസ്ഥിതി സമരങ്ങളിലും സര്‍ക്കാരിതര അരാഷ്ട്രീയ സംഘടനകള്‍ താല്‍പര്യം കാണിക്കുന്നതിനെ വെറുതേ വിഴുങ്ങാന്‍ രാഷ്ട്രീയത്തിലധിഷ്ഠിതമായ ജനാധിപത്യത്തില്‍ വിശ്വസിക്കുന്നവര്‍ക്കു കഴിയുകയില്ല. അരാഷ്ട്രീയ ബുദ്ധിജീവിയായ മന്‍മോഹന്‍സിംഗ് അധികാരത്തില്‍ തുടര്‍ന്നുകൊണ്ട് സംരക്ഷിക്കുന്നത് ആരുടെ താല്‍പര്യമെന്ന് തിരിച്ചറിയേണ്ടതുണ്ട്. ആ അരാഷ്ട്രീയക്കാരനെ സംരക്ഷിക്കാന്‍ സമരകാഹളവുമായി രംഗത്തെത്തുന്ന പൗരസമൂഹമെന്ന വ്യാജനും ആ വ്യാജന്‍ മുന്നില്‍ നിറുത്തുന്ന ഹസാരെയെന്ന ശിഖണ്ഡിയും അഴിമതി അവസാനിപ്പിക്കുകയല്ല അഴിമതിക്കാരെ രക്ഷിക്കുകയാണ് ചെയ്യുന്നത്.
@@
@@
പ്രൊഫ. വി കാര്‍ത്തികേയന്‍നായര്‍
No comments:
Post a Comment