Saturday, 21 May 2011

പട്ടിണിക്കാര്‍ പെരുകുമ്പോള്‍ സംഭരിച്ച ധാന്യം നശിക്കുന്നു

ലോകത്ത് പട്ടിണി കിടക്കുന്നവരില്‍ മൂന്നിലൊരു ഭാഗം ഇന്ത്യയിലാണ്. 836 ദശലക്ഷം ഇന്ത്യക്കാരുടെ ദിവസവരുമാനം കേവലം 20 രൂപയില്‍ താഴെയാണ്. എന്നിട്ടും ശരാശരി 2.7 ദശലക്ഷം ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ കേടായി ഫുഡ് കോര്‍പ്പറേഷന്‍ ഗോഡൗണുകളില്‍ നശിക്കുന്നു. 40 ദശലക്ഷം ജനങ്ങളുടെ വിശപ്പടക്കാന്‍ ഈ ധാന്യം മതിയാകും. കൂടാതെ ഈ ധാന്യം നശിപ്പിക്കുന്നതിന് സര്‍ക്കാരിന് ചെലവാകുന്ന തുക 2.6 കോടി രൂപയാണ്. ആഗോള പട്ടിണി സൂചിക പ്രകാരം 300 ദശലക്ഷം ഇന്ത്യക്കാര്‍ പട്ടിണി കിടക്കുമ്പോഴാണ് ഈ രീതിയില്‍ ധാന്യങ്ങള്‍ നശിപ്പിച്ചു കളയുന്നത്.

യുണിസെഫ് കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ മൂന്ന് വയസില്‍ താഴെയുളള 46 ശതമാനം കുട്ടികള്‍ പ്രായത്തിനനുസരിച്ച് വളര്‍ച്ച ഇല്ലാത്തവരാണ്. 47 ശതമാനം കുട്ടികള്‍ ഭാരക്കുറവ് അനുഭവിക്കുന്നു. പോഷകാഹാരക്കുറവ് നിമിത്തം കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളിലായി 1,22,422 കുട്ടികള്‍ മരിച്ചു.

2010 ജുലായ് മാസത്തില്‍ കൃഷിമന്ത്രി ശരത് പവാര്‍ 6.86 കോടി രൂപ വിലമതിക്കുന്ന 117 ടണ്‍ അരിയും ഗോതമ്പും ഫുഡ് കോര്‍പ്പറേഷന്‍ വെയര്‍ഹൗസുകളില്‍ കേടുവന്ന് നശിച്ചതായി സമ്മതിച്ചു. പത്രങ്ങള്‍ ഇത് പെരുപ്പിച്ചു കാട്ടുന്നതായി മന്ത്രി പരാതിപ്പെടുകയാണുണ്ടായത്. എന്നാല്‍ വിവരാവകാശ നിയമപ്രകാരം കിട്ടിയ മറുപടി 10,688 ടണ്‍ ഭക്ഷ്യധാന്യം രാജ്യങ്ങളിലെ വിവിധ ഗോഡൗണുകളില്‍ നശിച്ചു എന്നാണ്. 1997 നും 2007നും ഇടയില്‍ 1.83 ലക്ഷം ടണ്‍ ഗോതമ്പും 6.33 ലക്ഷം ടണ്‍ അരിയും 2.20 ലക്ഷം ടണ്‍ നെല്ലും 111 ലക്ഷം ടണ്‍ ചോളവും വിവിധ ഗോഡൗണുകളില്‍ നശിച്ചു.

ധാന്യങ്ങള്‍ കേടുവന്നു നശിപ്പിക്കുന്നതിനു പകരം പട്ടിണി കിടക്കുന്ന ജനങ്ങള്‍ക്ക് സൗജന്യമായി നല്‍കാന്‍ 2010 ഓഗസ്റ്റ് 12-ാം തീയതി സുപ്രിംകോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി. സുപ്രിം കോടതിയുടേത് നിര്‍ദേശം മാത്രമാണെന്ന് കൃഷി മന്ത്രി പ്രസ്താവിച്ചപ്പോള്‍ ഓഗസ്റ്റ് 31ന് സുപ്രിം കോടതി കേന്ദ്രസര്‍ക്കാരിന് കൃത്യമായ ഉത്തരവ് നല്‍കി. പാര്‍ലമെന്റില്‍ ഈ പ്രശ്‌നം ഉന്നയിച്ചപ്പോള്‍ പ്രധാനമന്ത്രി നയപരമായ കാര്യത്തില്‍ കോടതി ഇടപെടേണ്ടതില്ല എന്ന് പോലും പ്രസ്താവിച്ചു. ഭക്ഷ്യ ധാന്യങ്ങള്‍ സൗജന്യമായി നല്‍കിയാല്‍ കര്‍ഷകര്‍ ഉല്‍പാദനം കുറയ്ക്കുമെന്നാണ് പ്രധാനമന്ത്രിയുടെയും കൃഷി മന്ത്രിയുടെയും വാദം.

നവലിബറല്‍ നയം നടപ്പിലാക്കുമ്പോള്‍ റേഷന്‍ കടകള്‍ അടച്ചുപൂട്ടും പൊതുവിതരണ സമ്പ്രദായം തീരെ ഇല്ലാതാകും. സാര്‍വത്രിക പൊതുവിതരണ സമ്പ്രദായം നടപ്പിലാക്കുമ്പോള്‍ സര്‍ക്കാരിന് സബ്‌സിഡി ഇനത്തില്‍ ചെലവ് വര്‍ധിക്കും. ചെലവ് വര്‍ധിച്ചാല്‍ അത്രയും തുക കോര്‍പ്പറേറ്റുകള്‍ക്ക് നല്‍കുന്നതില്‍ കുറവ് വരും.

കഴിഞ്ഞകാലങ്ങളില്‍ കുത്തകകള്‍ക്ക് നല്‍കിയ നികുതി സൗജന്യങ്ങള്‍ പരിശോധിച്ചാല്‍ ഇന്ത്യയിലെ മുഴുവന്‍ ജനങ്ങളുടെയും അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആവശ്യമായതിലും കൂടുതലാണ്. ഇന്ത്യയിലെ മുഴുവന്‍ ജനങ്ങള്‍ക്കും കിലോഗ്രാമിന് മൂന്ന് രൂപാ നിരക്കില്‍ അരിയോ ഗോതമ്പോ നല്‍കാന്‍ 84,399 കോടി രൂപയുടെ സബ്‌സിഡി വേണ്ടിവരുമെന്ന് ധനശാസ്ത്രജ്ഞരായ പ്രവീന്‍ ഝാ, നിലച്ചേല്‍ അഛാന്‍ തുടങ്ങിയവര്‍ വിലയിരുത്തുന്നു. കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ കോര്‍പ്പറേറ്റുകള്‍ക്ക് നല്‍കിയ നികുതി സൗജന്യത്തില്‍ ആറിലൊരു ഭാഗം മാത്രമാണ് ഇത്.

1991 ല്‍ നവലിബറല്‍ നയങ്ങള്‍ ആരംഭിച്ചതോടെ പൊതുവിതരണ സമ്പ്രദായം താറുമാറാക്കാന്‍ ശ്രമം തുടങ്ങി. 1997 ല്‍ സാര്‍വത്രിക പൊതുവിതരണം നിര്‍ത്തലാക്കി. എ പി എല്‍, ബി പി എല്‍ വിഭജനം നടന്നു. ഭക്ഷ്യ സബ്‌സിഡി ബി പി എല്‍ വിഭാഗത്തിനു മാത്രമായി ചുരുക്കി. എ പി എല്‍, ബി പി എല്‍ വിഭജനം ആസൂത്രണ കമ്മിഷനാണ് നടത്തേണ്ടത്. ഗ്രാമപ്രദേശങ്ങളില്‍ മാസവരുമാനം 356 രൂപയായും നഗരങ്ങളില്‍ 539 രൂപയും ആണ് പരിധി നിശ്ചയിക്കപ്പെട്ടത്. ക്രയശേഷിയെ അടിസ്ഥാനമാക്കിയാണ് ഈ കണക്കുകള്‍ എന്ന് ആസൂത്രണ കമ്മിഷന്‍ അവകാശപ്പെടുന്നത്. ഗ്രാമപ്രദേശങ്ങളില്‍ 2,400 കലോറിയും പട്ടണങ്ങളില്‍ 2100 കലോറിയും ആണ് നിശ്ചയിച്ചത്. അതായത് ഗ്രാമങ്ങളില്‍ ദിവസവരുമാനം 10 രൂപയില്‍ കൂടുതലും പട്ടണങ്ങളില്‍ 20 രൂപയില്‍ കൂടുതലും ഉള്ളവര്‍ക്ക് ഭക്ഷ്യധാന്യം സൗജന്യനിരക്കില്‍ ലഭിക്കുന്നതല്ല എന്ന് സാരം.

1964 ലാണ് ഫുഡ് കോര്‍പപറേഷന്‍ ഓഫ് ഇന്ത്യ രൂപീകരിച്ചത്. കര്‍ഷകരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനും ഭക്ഷ്യധാന്യ വിതരണം സുഗമമാക്കാനും ഉദേശിച്ചായിരുന്നു ഈ ദിശയില്‍ പ്രവര്‍ത്തനം തുടങ്ങിയത്. അക്കാലത്ത് നിലനിന്ന ഭക്ഷ്യക്ഷാമവും കച്ചവടക്കാര്‍ അനുവര്‍ത്തിച്ച ജനവിരുദ്ധ സമീപനവുമാണ് എഫ് സി ഐയുടെ രൂപീകരണത്തിന് സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. കാലം കടന്നുപോയപ്പോള്‍ നവലിബറല്‍ നയങ്ങള്‍ ഭരണത്തിന്റെ മുഖ്യ അജണ്ടയായി മാറുകയും എഫ് സി ഐയും പൊതുവിതരണവും അവര്‍ക്ക് അലര്‍ജിയായി മാറുകയും ചെയ്തു. ബഹുരാഷ്ട്ര കുത്തകകള്‍ ധാന്യവിതരണം ഏറ്റെടുക്കുമ്പോള്‍ സര്‍ക്കാര്‍ ധാന്യം സംഭരിക്കുന്നത് അവര്‍ക്ക് മാര്‍ഗതടസമാണ്. അതുകൊണ്ട് ധാന്യ സംഭരണത്തില്‍ സര്‍ക്കാര്‍ ഇടപെടേണ്ടതില്ല എന്നാണ് അവരുടെ ആവശ്യം. ഫുഡ് കോര്‍പ്പറേഷന്‍ ഗോഡൗണുകളില്‍ ധാന്യം സൂക്ഷിക്കാന്‍ പര്യാപ്തമല്ലെന്നും പുതിയ ഗോഡൗണുകള്‍ നിര്‍മിക്കണമെന്നും ആവശ്യം ഉയര്‍ന്നപ്പോള്‍ അതും സ്വകാര്യമേഖലയ്ക്ക് കൈമാറുകയാണ് യു പി എ സര്‍ക്കാര്‍ ചെയ്തത്. ഒന്നാം യു പി എ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതിന് തൊട്ടുമുമ്പ് (2004 മാര്‍ച്ച് 31) സര്‍ക്കാര്‍ ഗോഡൗണുകളിലെ ശേഷി 367 ലക്ഷം മെട്രിക് ടണ്ണും സ്വകാര്യ മേഖലയില്‍ 170 ലക്ഷം മെട്രിക് ടണ്ണും ആയിരുന്നു. ഒന്നാം യു പി എ യുടെ അവസാനകാലത്ത് (2009 മാര്‍ച്ച് 31) സര്‍ക്കാര്‍ ഗോഡൗണുകളിലെ ശേഷി 321 ലക്ഷം മെട്രിക് ടണ്ണും ആയി കുറയുകയും സ്വകാര്യ മേഖലയില്‍ 248 ലക്ഷം മെട്രിക് ടണ്ണും ആയി വര്‍ധിക്കുകയും ചെയ്തു.
സര്‍ക്കാര്‍ ഗോഡൗണുകള്‍ പല പ്രദേശങ്ങളിലും പൂര്‍ണമായി ഉപയോഗിച്ചില്ല എന്നതാണ് വിചിത്രം. തെക്കേ ഇന്ത്യയില്‍ 100 ശതമാനം ഉപയോഗിക്കുമ്പോള്‍ കിഴക്കന്‍ മേഖലയില്‍ 25 ശതമാനവും പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ 15 ശതമാനവും ഗോഡൗണും കാലിയായിരുന്നു. ധാന്യ സംഭരണത്തിനുളള ഗോഡൗണുകള്‍ സ്വകാര്യവല്‍ക്കരിക്കുകയും മറുഭാഗത്ത് കരിഞ്ചന്തയും പൂഴ്ത്തിവെപ്പും വര്‍ധിക്കുകയും ചെയ്തു. ആളോഹരി ഭക്ഷ്യലഭ്യത 2007-08 ല്‍ 171.3 കിലോഗ്രാം ആയിരുന്നത് 2009-10ല്‍ 161.9 കിലോഗ്രാം ആയി കുറഞ്ഞു.

ഭക്ഷ്യധാന്യങ്ങളുടെ വില ക്രമാതീതമായി വര്‍ധിക്കാന്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്ന നയങ്ങളാണ് കാരണം. ഇതേ നയങ്ങള്‍ തന്നെയാണ് ധാന്യങ്ങള്‍ നശിപ്പിക്കുന്നതും. ഇന്ത്യന്‍ ജനതയ്ക്ക് അവകാശപ്പെട്ട ധാന്യമാണ് ഒരു ഭാഗത്ത് നശിപ്പിക്കപ്പെടുന്നത്. മറുഭാഗത്ത് പട്ടിണി ഉയരുന്നു.
@
കെ ജി സുധാകരന്‍ ജനയുഗം 20 മേയ് 2011

No comments:

Post a Comment