Saturday, 5 February 2011

കള്ളപ്പണത്തിന്റെ കുത്തൊഴുക്കും കേന്ദ്രസര്‍ക്കാരിന്റെ ഒളിച്ചുകളിയും

ദാരിദ്ര്യം രക്തബന്ധം പോലുള്ളൊരു 'ജനാധിപത്യ' രാഷ്ട്രമാണ് നമ്മുടേത്. അത്തരമൊരു രാജ്യത്ത് കള്ളപ്പണത്തിന്റെ വളര്‍ച്ച അവിശ്വസനീയമാംവിധം വലുതാണെന്നത് നമ്മുടെ ദാരിദ്ര്യത്തിന്റെ കാരണത്തിലേയ്ക്കും ജനാധിപത്യത്തിന്റെ വൈകല്യങ്ങളിലേയ്ക്കും വിരല്‍ചൂണ്ടുന്നു. കള്ളപ്പണക്കാരുടെ പേരുവിവരം പോലും പരസ്യമാക്കാനാവില്ലെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിലപാടുകൂടി ഇതിനോട് ചേര്‍ത്തുവച്ചാല്‍ ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന പ്രതിസന്ധിയുടെ ആഴം ശരിക്കും മനസ്സിലാവും. കള്ളപ്പണം ഉണ്ടാക്കുന്നതിനേക്കാള്‍ എത്രയോ വലുതാണ് കള്ളപ്പണക്കാരൂടെ പേര് പരസ്യപ്പെടുത്താനാവില്ലെന്ന ഭരണകൂടത്തിന്റെ നിലപാട്. സത്യസന്ധതയെന്നത് നമ്മുടെ സമൂഹത്തില്‍ കാറ്റത്ത് കത്തിച്ചുവച്ചിരിക്കുന്ന മെഴുകുതിരിപോലെ ആയിരിക്കുന്നു.

പ്രശ്‌നം തുടങ്ങുന്നത് മുന്‍ കേന്ദ്ര നിയമകാര്യ മന്ത്രി രാംജത്ത് മലാനിയും മുന്‍ പഞ്ചാബ് ഡി ജി പി കെ പി എസ് ഗില്ലും മുന്‍ ലോക്‌സഭാ സെക്രട്ടറി സുഭാഷ്‌കശ്യപും സംയുക്തമായി സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച പരാതിയില്‍ നിന്നാണ്. ഇന്ത്യക്കാരുടെ രഹസ്യനിക്ഷേപങ്ങളുടെ വിവരം വെളിപ്പെടുത്തണമെന്നും തുക നാട്ടിലേക്ക് തിരികെ കൊണ്ടുവരാനാവശ്യമായ നടപടിയെടുക്കണമെന്നുമാണ് പരാതിയിലെ ആവശ്യം. ഇതിനിടയിലാണ് ജര്‍മനിയിലെ ലിഷ്‌ടെന്‍ സ്റ്റൈല്‍ ബാങ്ക് തങ്ങളുടെ രഹസ്യ ഇടപാടുകാരില്‍ 1400 പേരുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുന്നത്. ഇതില്‍ 26 പേര്‍ ഇന്ത്യക്കാരാണത്രെ. ഇവരെ സംബന്ധിക്കുന്ന വിവരങ്ങള്‍ മുദ്രവച്ച കവറില്‍ സുപ്രിംകോടതിയില്‍ എത്തിയപ്പോള്‍ ജസ്റ്റിസുമാരായ സുദര്‍ശന റെഡ്ഢിയും നിജ്ജറും ഉന്നയിച്ച ചോദ്യത്തില്‍ നിന്നാണ് പ്രശ്‌നത്തിന്റെ രണ്ടാം ഘട്ടം ആരംഭിക്കുന്നത്. വളരെ ലളിതമായ ചോദ്യമാണ് ഇരുവരും ഉന്നയിച്ചത്; 'കവറില്‍ അടങ്ങിയിരിക്കുന്ന പേരുവിവരം പരസ്യമായി വെളിപ്പെടുത്തികൂടേ?'

വെളിപ്പെടുത്താനാവില്ലെന്നാണ് സോളിസിറ്റര്‍ ജനറല്‍ ഗോപാല്‍ സുബ്രഹ്മണ്യം നല്‍കിയ ഉത്തരം. രണ്ടു കാര്യങ്ങളാണ് ഇതിനാധാരമായി അദ്ദേഹം മുന്നോട്ടുവച്ചത്. പേരുവെളിപ്പെടുത്തുന്നത് അന്താരാഷ്ട്ര ഉടമ്പടികളുടെ ലംഘനമാവും. മാത്രമല്ല അങ്ങനെ ചെയ്താല്‍ നികുതി വെട്ടിപ്പുകാരുടെ വിശദവിവരങ്ങള്‍ ഇനിമേല്‍ ഒരു രാജ്യവും ഇന്ത്യയുമായി പങ്കുവയ്ക്കില്ല! ഇവിടം മുതലാണ് കാര്യങ്ങള്‍ കൈവിട്ടുപോയതും സംശയത്തിന്റെ മുള്‍മുന കേന്ദ്രസര്‍ക്കാരിനെതിരെ തിരിഞ്ഞതും.

കേന്ദ്ര നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച കോടതി ഇതിനെ കേവലം നികുതി പ്രശ്‌നം മാത്രമായി കാണാനാവില്ലെന്നും അന്താരാഷ്ട്ര ഉടമ്പടിയുടെ ഉമ്മാക്കി കാട്ടി അതിനെ ന്യായീകരിക്കാനാവില്ലെന്നും ഇത് കൊള്ളമുതലാണെന്നുമാണ് പ്രതികരിച്ചത്. കൂട്ടത്തില്‍ മറ്റുചില കാര്യങ്ങള്‍കൂടി സുപ്രിംകോടതി സര്‍ക്കാരിനോട് ചോദിക്കുകയുണ്ടായി. കള്ളപ്പണത്തെ സംബന്ധിക്കുന്ന ഇത്രയും വിവരങ്ങള്‍ മാത്രമേ സര്‍ക്കാരിന്റെ കൈവശം ഉള്ളോ? അന്വേഷണം എന്തുകൊണ്ട് ഇതര രാജ്യങ്ങളിലെ ബാങ്കുകളിലേയ്ക്കും വ്യാപിപ്പിക്കുന്നില്ല? ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ എന്തു നടപടികള്‍ സ്വീകരിച്ചു? നമ്മുടെ ഭരണകൂടത്തിന്റെ ഉറക്കം കെടുത്തിയ ചോദ്യങ്ങളായിരുന്നൂ ഇവ. വിദേശ ബാങ്കുകളിലുള്ള ഇന്ത്യക്കാരുടെ രഹസ്യ അക്കൗണ്ടുകളെ കേവലം നികുതിവെട്ടിപ്പിന്റെയും രാജ്യാന്തര ഉടമ്പടികളുടെയും അക്ഷപടത്തില്‍ വച്ചുമാത്രം വ്യവച്ഛേദിക്കാനാവില്ലെന്നും മറിച്ച് അത് കൊള്ള മുതലാണെന്നും അതിനെ ആയുധ കച്ചവടത്തിന്റെയും ഭീകര പ്രവര്‍ത്തനത്തിന്റെയും വെളിച്ചത്തില്‍ കാണേണ്ടിയിരിക്കുന്നു എന്നുമാണ് കോടതി ഭംഗ്യന്തരേണ പറഞ്ഞുവച്ചിരിക്കുന്നത്.

ഇന്ത്യയില്‍ നിന്ന് പുറത്തേക്ക് ഒഴുകിപ്പോയ കള്ളപ്പണത്തിന്റെ അളവ് ആരേയും ഞെട്ടിപ്പിക്കുന്നതാണ്. അമേരിക്കയിലെ ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍ ഇന്റഗ്രിറ്റിയുടെ കണക്കനുസരിച്ച് 1948 മുതല്‍ 2008 വരെ ഏതാണ്ട് 500 ബില്യണ്‍ ഡോളറാണ് (22.5 ലക്ഷം കോടി രൂപ) ഈ വിധം അപ്രത്യക്ഷമായത്. ഇത് നമ്മുടെ ജി ഡി പിയുടെ 50 ശതമാനത്തോളം വരുമെന്നാണ് ഇപ്പോഴത്തെ നിഗമനം. 1955-56 ല്‍ കേവലം നാല് ശതമാനം ആയിരുന്നത് ഇപ്പോള്‍ 50 ശതമാനത്തില്‍ എത്തിനില്‍ക്കുന്നു. 2000-2008 ല്‍ മാത്രം ഇന്ത്യയ്ക്ക് ഈ വിധം നഷ്ടപ്പെട്ടത് 125 ബില്യണ്‍ ഡോളറാണത്രെ. സാമ്പത്തിക ഉദാരവല്‍ക്കരണവും കള്ളപ്പണവും തമ്മിലുള്ള ബന്ധത്തെയും ഇത് വെളിപ്പെടുത്തുന്നു.

സ്വിറ്റ്‌സര്‍ലന്‍ഡ്, ലക്‌സംബര്‍ഗ്, ചാനല്‍ ദ്വീപുകള്‍, ബഹാമിസ്, ജര്‍മനി തുടങ്ങിയ രാജ്യങ്ങളാണ് കള്ളപ്പണത്തിന്റെ പ്രധാന താവളങ്ങള്‍. ഇതില്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ മാത്രം ഇന്ത്യാക്കാരുടെ വകയായി 1466 ശതകോടി ഡോളറിന്റെ സമ്പാദ്യം ഉണ്ടത്രേ. മുംബൈയിലെ ഒരു ബിസിനസ് എക്‌സിക്യൂട്ടീവിന്റെ അഭിപ്രായത്തില്‍ മുംബൈ, ഡല്‍ഹി വിമാനത്താവളങ്ങളില്‍ നിന്ന് പ്രത്യേക വിമാനങ്ങളിലാണ് ഈ വിധം പണം കൊണ്ടുപോകുന്നത്. സ്വകാര്യ വിമാനങ്ങള്‍ക്കുവേണ്ടിയുള്ള ആവശ്യം വര്‍ധിച്ചുവരുന്നതിന്റെ കാരണവും മറ്റൊന്നല്ല. പ്രതിവര്‍ഷം ഇന്ത്യയില്‍ നിന്ന് സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക് എണ്‍പതിനായിരത്തോളം പേര്‍ പോകുന്നു എന്നാണ് വ്യോമയാന മന്ത്രാലയത്തിന്റെ കണക്ക്. ഇതില്‍ ഏതാണ്ട് ഇരുപത്തയ്യായിരം പേര്‍ പലവട്ടം ഈ രാജ്യം സന്ദര്‍ശിക്കുന്നവരുമാണ്. ഇത്തരം യാത്രക്കാരുടെ വിശദാംശങ്ങള്‍ എടുത്താല്‍ തന്നെ കള്ളപ്പണക്കാരെക്കുറിച്ച് ഒരേകദേശ ധാരണ നമുക്ക് ഉണ്ടാക്കാനാവും. പക്ഷേ ഇതിനാവശ്യം രാഷ്ട്രീയ ഇച്ഛാശക്തിയും അഴിമതി വിമുക്തമായ ഭരണസംവിധാനവുമാണ്. ഇവ രണ്ടും നമുക്കില്ലെന്നാണ് കേന്ദ്ര ഗവണ്‍മെന്റിന്റെ പ്രതികരണത്തില്‍ നിന്ന് മനസ്സിലാവുന്നത്.

കള്ളപ്പണത്തെക്കുറിച്ച് ഇത്രയും പരിമിതമായ വെളിപ്പെടുത്തല്‍ തന്നെയും ഇപ്പോള്‍ ഉണ്ടായത് രഹസ്യ ബാങ്കിംഗിനെതിരെ ആഗോളതലത്തില്‍ ഉയര്‍ന്നുവന്നിരിക്കുന്ന അഭിപ്രായം മൂലമാണെന്ന കാര്യവും ശ്രദ്ധേയമാണ്. 9/11ന് അമേരിക്കയില്‍ ഉണ്ടായ ഭീകരാക്രമണമാണ് ഇതിന്റെ ഏറ്റവും സുപ്രധാനമായ കാരണം. ഇതിനെതുടര്‍ന്ന് അമേരിക്കന്‍ ഭരണകൂടം പേട്ര്യായ്റ്റ് ആക്ട് (2001) എന്ന പേരില്‍ നടത്തിയ നിയമനിര്‍മാണം ഇത്തരം കാര്യങ്ങള്‍ രാജ്യങ്ങള്‍ പരസ്പരം കൈമാറണമെന്ന് നിഷ്‌കര്‍ഷിച്ചിരിക്കുന്നത് ഇത്തരുണത്തില്‍ സ്മരണീയമാണ്. 2008 ല്‍ ഉടലെടുത്ത സാമ്പത്തിക പ്രതിസന്ധിയും ഇത്തരം നീക്കങ്ങള്‍ക്ക് ശക്തിപകര്‍ന്നതായി കാണാം. എന്നാല്‍ ഇത്തരം അനുകൂല സാഹചര്യങ്ങള്‍ ഉണ്ടായിട്ടും ഇന്ത്യന്‍ ഭരണകൂടം ഇതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുവാന്‍ അമാന്തം കാണിക്കുന്നു എന്നതാണ് വാസ്തവം. ഇന്ത്യക്കാരുടെ രഹസ്യ അക്കൗണ്ടുകളെക്കുറിച്ചുള്ള പൂര്‍ണ വിവരം കൈമാറുവാന്‍ സ്വിസ്ബാങ്കുകള്‍ നിരന്തരമായി സന്നദ്ധത പ്രകടിപ്പിച്ചിട്ടും കേന്ദ്രസര്‍ക്കാര്‍ അനങ്ങാപ്പാറ നയം സ്വീകരിച്ചു എന്നിടത്താണ് അത് പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത്. കള്ളപ്പണം പുറത്തുകൊണ്ടുവരാന്‍ തന്റെ കൈവശം മാന്ത്രിക വിദ്യയൊന്നും ഇല്ലെന്ന പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെ തണുപ്പന്‍ പ്രതികരണം എന്തോ എവിടയോ ചീഞ്ഞുനാറുന്നു എന്നതിലേക്കാണ് വിരല്‍ചൂണ്ടുന്നത്.

കള്ളപ്പണം പുറത്തുകൊണ്ടുവരാന്‍ ഇതിനോടകം തന്നെ നടപടിയെടുത്ത പല രാജ്യങ്ങള്‍ക്കും വന്‍ സാമ്പത്തിക നേട്ടം കൈവരിക്കാനായെന്നത് ഇവിടെ അടിവരയിട്ട് പറയേണ്ടിയിരിക്കുന്നു. ഈ ഇനത്തില്‍ ജര്‍മനി 5.4 ബില്യണ്‍ ഡോളറും ഇംഗ്ലണ്ട് 810 ദശലക്ഷം ഡോളറും ഫ്രാന്‍സ് 1.3 ബില്യണ്‍ ഡോളറും ഇറ്റലി 6.7 ബില്യണ്‍ ഡോളറും നികുതി ഇനത്തില്‍ പൊതു ഖജനാവിലേക്ക് മുതല്‍കൂട്ടി കഴിഞ്ഞു. മറ്റു രാജ്യങ്ങള്‍ ഈ വിധം മുന്നേറുമ്പോള്‍ നമ്മുടെ സര്‍ക്കാര്‍ എന്തുകൊണ്ട് ഇക്കാര്യത്തില്‍ വേണ്ടുന്ന ശുഷ്‌കാന്തി കാണിക്കുന്നില്ലെന്നത് നമ്മെ അദ്ഭുതപ്പെടുത്തുന്നു. ഇക്കാരണത്താലാണ് സുപ്രിംകോടതി കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചതും.

കഴിഞ്ഞ ഇരുപത് വര്‍ഷങ്ങള്‍ക്കുള്ളില്‍ അഴിമതിയുടെ വ്യാപ്തി വളര്‍ന്നുവലുതായിരിക്കുന്നു എന്നു മാത്രമല്ല ഇതെല്ലാം കാണിക്കുന്നത്. മറിച്ച് പ്രതിച്ഛായ ഉള്ള പലരും ഇക്കാര്യത്തില്‍ നിരപരാധികള്‍ അല്ലെന്ന വസ്തുത കൂടി ഇത് വെളിപ്പെടുത്തുന്നു. പ്രധാനമന്ത്രിമാര്‍, മുഖ്യമന്ത്രിമാര്‍, രാഷ്ട്രീയ-വ്യാവസായിക-ഉദ്യോഗസ്ഥ പ്രമാണിമാര്‍, ന്യായാധിപന്‍മാര്‍, പ്രഫഷണലുകള്‍, മാധ്യമപ്രവര്‍ത്തകര്‍-അപവാദങ്ങള്‍ മാറ്റിവച്ചാല്‍ ഇവരില്‍ ആരേയും സംശയത്തിനതീതമായി കാണാന്‍ ഇന്ന് നമുക്കാവുന്നില്ല. സാധാരണക്കാര്‍ മാത്രമാണ് ഇതിന് അപവാദമായി നില്‍ക്കുന്നത്.

ലിഷ്‌ടെന്‍സ്റ്റൈല്‍ ബാങ്കില്‍ രഹസ്യ അക്കൗണ്ടുള്ള ഇന്ത്യക്കാരുടെ പേര് വെളിപ്പെടുത്താതിരിക്കാന്‍ എന്തെല്ലാം ന്യായം പറഞ്ഞാലും അത് പ്രതികൂലമായി ബാധിക്കുന്നത് യു പി എ സര്‍ക്കാരിന്റെ പ്രതിച്ഛായയെയാണ്, പ്രത്യേകിച്ച് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെ പ്രതിച്ഛായയെ. ഇക്കാര്യത്തില്‍ അദ്ദേഹം പുലര്‍ത്തുന്ന മൗനവും എടുത്തിരിക്കുന്ന നിലപാടും അദ്ദേഹത്തിന്റെ വിശ്വാസ്യതയെ ചോര്‍ത്തിക്കൊണ്ടിരിക്കുന്നു. ആര്‍ക്കും അല്‍പം ഗര്‍ഭം ധരിക്കാനാവില്ലെന്ന് പറയുംപോലെ ആര്‍ക്കും അല്‍പം സത്യവാനാവാനും കഴിയില്ല. സത്യസന്ധത പൂര്‍ണമായ ഒന്നാണ്. ഒരു വ്യക്തിക്ക് സ്വയം സത്യസന്ധനാവാനും മറ്റുള്ളവര്‍ കാണിക്കുന്ന കള്ളത്തരങ്ങള്‍ക്കു നേരെ കണ്ണടയ്ക്കാനുമാവില്ലെന്നാണ് പറഞ്ഞുവരുന്നത്. അതുകൊണ്ടുതന്നെ പ്രധാനമന്ത്രിക്ക് ഏറ്റവും കരണീയമായത് കള്ളപ്പണക്കാരുടെ മുഴുവന്‍ വിവരങ്ങളും വെളിപ്പെടുത്തുകയും അവര്‍ക്കെതിരെ ശക്തമായ നടപടി എടുക്കുകയും ചെയ്യുക എന്നതാണ്.

*
ജെ.പ്രഭാഷ് കടപ്പാട്: ജനയുഗം

No comments:

Post a Comment