Wednesday, 5 January 2011

സാമ്പത്തിക മാന്ദ്യവും സ്‌ത്രീ തൊഴിലാളികളും

ലോകത്ത് സ്‌ത്രീകളുടെ ജീവിത അവസ്ഥയില്‍ സമീപകാലത്ത് ഏറ്റവും അധികം ആഘാതമുണ്ടാക്കിയ ദുരന്തമാണ് ആഗോളസാമ്പത്തിക പ്രതിസന്ധിയെന്ന് സംശയരഹിതമായി പറയാം. ദരിദ്രരാജ്യങ്ങളില്‍ മാത്രമല്ല, താരതമ്യേന മെച്ചപ്പെട്ട സാമ്പത്തികസ്ഥിതിയും ജീവിതഗുണനിലവാരവും അവകാശപ്പെട്ടിരുന്ന പല യൂറോപ്യന്‍ രാജ്യങ്ങളിലും സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് തൊഴില്‍രംഗത്തും സാമൂഹ്യക്ഷേമരംഗത്തും ഉണ്ടായ മാറ്റങ്ങള്‍ പുരുഷന്മാരേക്കാള്‍ സ്‌ത്രീകളുടെ ജീവിതത്തിലാണ് പ്രതിസന്ധികള്‍ സൃഷ്‌ടിച്ചിരിക്കുന്നത്.

തൊഴിലില്ലായ്‌മയും കൂലിവെട്ടിക്കുറയ്‌ക്കലും ദാരിദ്ര്യത്തിന്റെ തോത് വര്‍ദ്ധിപ്പിച്ചിരിക്കുന്നു. പല രാജ്യങ്ങളും ക്ഷേമപദ്ധതികള്‍ വെട്ടിച്ചുരുക്കിയത് കുടുംബങ്ങളെയാണ് ബാധിച്ചിരിക്കുന്നത്. കുട്ടികളെ തനിച്ചു വളര്‍ത്തേണ്ടി വരുന്ന രക്ഷിതാക്കളില്‍ മൂന്നിലൊന്നും പരമദരിദ്രരാണ്. ഇവരിലാകട്ടെ 80-90 ശതമാനം സ്‌ത്രീകളാണ്. സാമ്പത്തികപ്രതിസന്ധി സ്‌ത്രീജീവിതത്തില്‍ സൃഷ്‌ടിച്ചിരിക്കുന്ന ദുരന്തങ്ങള്‍ സങ്കീര്‍ണമാണെന്ന് യൂറോപ്യന്‍ യൂണിയനിലെ രാജ്യങ്ങളില്‍ നിന്നുള്ള വാര്‍ത്തകളും അടിവരയിടുന്നു.

സാമ്പത്തികപ്രതിസന്ധിയുടെയും ഉത്പാദനമാന്ദ്യത്തിന്റെയും ആഘാതം ഏറ്റവുമൊടുവില്‍ ഒരു പൊട്ടിത്തെറിയുടെ വക്കിലെത്തിനില്‍ക്കുകയാണ് സ്‌പെയിനില്‍. നിലവിലുള്ള തൊഴിലാളികളെ പിരിച്ചുവിട്ടും തൊഴില്‍ സമയം കൂട്ടിയും കൂലിയും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചും സാമ്പത്തികപ്രതിസന്ധിയെ അതിജീവിക്കാനുള്ള സ്വകാര്യമേഖലയുടെയും സര്‍ക്കാരിന്റെയും പരിശ്രമങ്ങള്‍ക്കെതിരെ തൊഴിലാളി പ്രക്ഷോഭമാണ് സ്‌പെയിനില്‍ നടക്കുന്നത്.

സാധാരണഗതിയില്‍ മുതലാളിത്ത വ്യവസ്ഥതിയില്‍ നാം കാണുന്നത് തൊഴില്‍ കമ്പോളം വികസിക്കുമ്പോള്‍ സ്‌ത്രീകള്‍ കൂടുതലായി തൊഴിലിലേക്ക് കടന്നു വരികയും മാന്ദ്യകാലത്ത് വീടുകളിലേക്ക് (വീട് കേന്ദ്രമാക്കിയുള്ള കുടില്‍ വ്യവസായത്തില്‍ പോലും പലപ്പോഴും കൂലിയില്ലാതെ സ്‌ത്രീകള്‍ പണിയെടുക്കുന്നു) അഥവാ കൂലിയില്ലാപ്പണികളിലേക്ക് സ്‌ത്രീകള്‍ തിരിച്ചുപോകുന്നതുമാണ്. സ്‌പെയിനില്‍ പരമ്പരാഗതമായി കണ്ടുവന്നിരുന്നതും ഈ പ്രവണതയാണ്. എന്നാല്‍ ആഗോളവത്കരണകാലത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ ഈ പ്രവണതയ്‌ക്ക് മാറ്റം വന്നിരിക്കുന്നു. സ്‌ത്രീകളേക്കാള്‍ അധികം ഇപ്പോള്‍ സ്‌പെയിനില്‍ തൊഴില്‍ നഷ്‌ടപ്പെട്ടിരിക്കുന്നത് പുരുഷന്മാര്‍ക്കാണ്. കാരണം സാമ്പത്തികപ്രതിസന്ധി ഏറ്റവുമധികം ബാധിച്ച ഉത്പാദന നിര്‍മ്മാണ പ്രവര്‍ത്തനമേഖലയിലാണ് പുരുഷത്തൊഴിലാളികള്‍ കേന്ദ്രീകരിച്ചിരുന്നത്. സ്‌ത്രീകളാകട്ടെ ആരോഗ്യം, സാമൂഹ്യക്ഷേമം, വിദ്യാഭ്യാസം, മറ്റ് സേവനങ്ങള്‍ തുടങ്ങിയ താരതമ്യേ പുതിയ പ്രതിസന്ധി കുറച്ചു മാത്രം ബാധിച്ച മേഖലകളിലും. ഇതിന്റെ ഫലമായി സ്‌പെയിനില്‍ ഇപ്പോള്‍ സ്‌ത്രീകള്‍ക്കിടയിലെ തൊഴിലില്ലായ്‌മ നിരക്ക് (23%) പുരുഷന്മാരേക്കാള്‍ (27%) കുറവാണ്. എന്നാല്‍ തൊഴില്‍ പങ്കാളിത്തത്തിന്റെ കാര്യത്തില്‍ ഇപ്പോഴും പുരുഷന്മാരാണ് (55.6%) സ്‌ത്രീകളേക്കാള്‍ മുന്നില്‍ (41.7%).

സാമ്പത്തിക പ്രതിസന്ധിയുടെ കാലത്തും സ്‌പെയിനില്‍ (മറ്റ് പല രാജ്യങ്ങളിലും) സ്‌ത്രീകളുടെ തൊഴിലവസരങ്ങള്‍ കുറയുകയല്ല കൂടുകയാണ് ചെയ്തത് എന്നത് നേട്ടമായി ചിലര്‍ അവകാശപ്പെടുന്നുണ്ട്. വാസ്‌തവത്തില്‍ സേവനമേഖലയിലെ സ്‌ത്രീതൊഴിലാളികളുടെ കേന്ദ്രീകരണം എന്ന (Feminisation of labour force) ആഗോളവത്കരണ സാമ്പത്തികക്രമത്തിലെ പ്രതിഭാസം സാമ്പത്തികപ്രതിസന്ധിയുടെ കാലത്ത് പല രാജ്യങ്ങളിലും നാടകീയമായി വര്‍ദ്ധിച്ചു എന്നത് ചൂഷണത്തിന്റെ സങ്കീര്‍ണതയെയാണ് വെളിപ്പെടുത്തുന്നത്. ഉത്പാദന-നിര്‍മ്മാണമേഖലകളില്‍ പുരുഷന്മാര്‍ക്ക് തൊഴില്‍ നഷ്‌ടപ്പെട്ടപ്പോള്‍ കുടുംബം പുലര്‍ത്താന്‍ എത്ര കുറഞ്ഞ കൂലിക്കും പണിയെടുക്കാന്‍ തയ്യാറാകുന്ന സ്‌ത്രീകളെയാണ് പ്രതിസന്ധിയുടെ കാലത്ത് മുതലാളിത്തത്തിന് ആവശ്യം. അനാരോഗ്യകരവും വിവേചനപരവുമായ തൊഴിലുകളിലേക്ക് സ്‌ത്രീകള്‍ കേന്ദ്രീകരിക്കാന്‍ നിര്‍ബന്ധിതരാകുന്നത് ശാക്തീകരണമായല്ല തികഞ്ഞ ചൂഷണമായാണ് കാണേണ്ടത്. കുടുംബത്തിന്റെ ചുമതല കൂടുതലായി സ്‌ത്രീകള്‍ ഏറ്റെടുക്കേണ്ടി വരുന്നു. സ്‌പെയിനില്‍ സംഭവിക്കുന്നതും ഇതേ പ്രതിഭാസമാണ്. ഇത് സ്‌പെയിനിലെ തൊഴില്‍മേഖലയില്‍ നിലനിന്നിരുന്ന ലിംഗവിവേചനത്തെ വര്‍ദ്ധിപ്പിച്ചിരിക്കുന്നു.

ഏകാധിപതിയായിരുന്ന ജനറല്‍ ഫ്രാങ്കോയുടെ ഭരണത്തിനു ശേഷം 1975 മുതല്‍ സ്‌ത്രീകള്‍ക്കനുകൂലമായ നിയമനിര്‍മ്മാണമാവശ്യപ്പെട്ടുകൊണ്ട് സ്‌ത്രീസംഘടനകള്‍ നടത്തിയ പ്രക്ഷോഭത്തെ തുടര്‍ന്നാണ് സ്‌പെയിനിന്റെ ഭരണഘടനയില്‍ ലിംഗതുല്യത എഴുതിച്ചേര്‍ത്തത്. അതിനുശേഷവും വര്‍ഷങ്ങള്‍ നീണ്ടു നിന്ന സമരങ്ങളെത്തുടര്‍ന്ന് 2007 ലാണ് തൊഴിലെടുക്കുന്ന സ്‌ത്രീകള്‍ക്ക് തുല്യവേതനമടക്കമുള്ള അവകാശങ്ങളും സവിശേഷ പരിഗണനകളും (ഉദാ. പ്രസവാവധി) ഉറപ്പാക്കുന്ന നിയമം നടപ്പാക്കുന്നത്. എന്നാല്‍ ഇതൊന്നും തന്നെ തൊഴിലുടമകളുടെ അനിവാര്യചുമതലകളായി അനുശാസിച്ചിട്ടില്ലാത്തതുകൊണ്ട് നിയമത്തില്‍ വാഗ്ദാനം ചെയ്യുന്ന ലിംഗതുല്യത സ്‌ത്രീത്തൊഴിലാളികള്‍ക്ക് നിഷേധിക്കപ്പെട്ട സാഹചര്യമാണ് നിലവിലുണ്ടായിരുന്നത്. സാമ്പത്തിക മാന്ദ്യമാകട്ടെ സ്‌ത്രീത്തൊഴിലാളികള്‍ക്ക് തുല്യ അവകാശങ്ങളും ആനുകൂല്യങ്ങളും ഉറപ്പാകുന്ന എല്ലാ നിയമങ്ങളെയും കാറ്റില്‍ പറത്താനുള്ള മറയായിട്ടാണ് സ്‌പെയിനില്‍ തൊഴിലുടമകള്‍ ഇപ്പോള്‍ ഉപയോഗിക്കുന്നത്.

സ്‌പ്പെയിനുൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങൾ തുല്യ ജോലിക്കു തുല്യവേതനമെന്നത് അംഗീകരിക്കുകയും 1975 ല്‍ കൂലിയിലെ ലിംഗവിവേചനം തടയാന്‍ നിയമം കൊണ്ടുവരികയും ചെയ്തതാണ്. എന്നാല്‍ 35 വര്‍ഷങ്ങള്‍ക്കുശേഷവും യൂറോപ്പില്‍ സ്‌ത്രീത്തൊഴിലാളികള്‍ക്ക് പുരുഷന്മാര്‍ക്ക് കിട്ടുന്ന കൂലിയുടെ ശരാശരി 80 ശതമാനം മാത്രമേ കിട്ടുന്നുള്ളൂ.
സ്‌ത്രീശാക്തീകരണത്തിലൂടെ അവര്‍ സ്വയം ആര്‍ജ്ജിക്കേണ്ട അതിജീവനശേഷിയെക്കുറിച്ച് വാചാലമാകുന്നവര്‍ ഇത്തരം പ്രതിസന്ധികളില്‍ സര്‍ക്കാര്‍ ചെയ്യേണ്ട ഉത്തരവാദിത്തങ്ങളെക്കുറിച്ച് നിശ്ശബ്ദത പാലിക്കുകയാണ്. സ്വകാര്യമേഖലയുടെ ദയാദാക്ഷിണ്യത്തിലേക്ക് സ്‌ത്രീകളടക്കമുള്ള തൊഴിലാളികളെ വലിച്ചെറിയുന്നത് സര്‍ക്കാരിന്റെ നിരുത്തരവാദിത്തമാണെന്ന് സ്‌പെയിനില്‍ പ്രതിഷേധക്കാര്‍ വിളിച്ചുപറയുന്നു. സാമ്പത്തിക പ്രതിസന്ധി താത്കാലിക പ്രതിഭാസം മാത്രമാണെന്നും ആഗോളസാമ്പത്തികമാന്ദ്യം പരിഹരിക്കപ്പെട്ടുകഴിഞ്ഞുവെന്നും അങ്ങനെ മുതലാളിത്തം അജയ്യമാണെന്നും വരുത്തിത്തീര്‍ക്കാന്‍ വലിയ പ്രചരണം നടക്കുന്നുണ്ട്. എന്നാല്‍ സാമ്പത്തിക പ്രതിസന്ധി ഓരോ രാജ്യത്തിന്റെയും കുടുംബത്തിന്റെയും സ്‌ത്രീജീവിതത്തിന്റെയും താളം തെറ്റിക്കുന്ന പ്രഹരമാണ് എന്ന് സ്‌പെയിനിന്റെ അനുഭവം ആവര്‍ത്തിക്കുന്നു.


****


ടി എൻ സീമ

No comments:

Post a Comment