Wednesday, 19 January 2011

മാര്‍ക്സിസവും ക്രിസ്തുമതവും

മാര്‍ക്സ് നാസ്തികനായിരുന്നു. മനുഷ്യനെ അകാരണമായി വേദനിപ്പിക്കുന്ന ദൈവത്തിനെതിരെയുള്ള പ്രൊമീത്യന്‍ കലാപമായിരുന്നു മാര്‍ക്സിന്റെ നാസ്തികത്വം. നിഷെ, ഫ്രോയ്ഡ് എന്നിവര്‍ക്കൊപ്പം മതത്തെ അദ്ദേഹം സംശയത്തോടെ വീക്ഷിച്ചു. ശാസ്ത്രീയമായ ഭൌതികവാദത്തില്‍ അധിഷ്ഠിതമായ തത്വശാസ്ത്രമാണ് മര്‍ദ്ദിതര്‍ക്കും പീഡിതര്‍ക്കുംവേണ്ടി അദ്ദേഹം അവതരിപ്പിച്ചത്. തിന്മയ്ക്കു പകരം നന്മയെന്ന ആശയം യേശു മുന്നോട്ടുവച്ചു. തിന്മയെ, ആവശ്യമെങ്കില്‍ അക്രമം പ്രയോഗിച്ചും, ഉന്മൂലനം ചെയ്യണമെന്ന നിലപാടായിരുന്നു മാര്‍ക്സിന്റേത്. വാള്‍ ഉറയിലിടാനായിരുന്നു യേശുവിന്റെ നിര്‍ദേശം. വാളിന്റെ പ്രയോഗസാധ്യതയെക്കുറിച്ചാണ് മാര്‍ക്സ് ആലോചിച്ചത്.

എന്നാല്‍, വിപ്ളവത്തിന്റെ പാതയില്‍ നാസ്തിക്യം അവശ്യം വേണ്ടതായ ആയുധമായി മാര്‍ക്സ് കണ്ടിട്ടില്ല. ഇന്റര്‍നാഷണലിലെ അംഗത്വത്തിന് ദൈവനിഷേധം ഉപാധിയാക്കാന്‍ ശ്രമിച്ച റഷ്യന്‍ വിപ്ളവകാരി ബക്കുനിനെ മാര്‍ക്സ് തടയുകയാണുണ്ടായത്. മതങ്ങളോടുള്ള മനോഭാവമെന്തെന്ന ചോദ്യത്തിന് ഉത്തരം നല്‍കാതിരുന്ന എംഗല്‍സ് കത്തോലിക്കരെ പീഡിപ്പിക്കുന്ന ബിസ്മാര്‍ക്കിന്റെ നിയമങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിച്ചു. മതത്തെ മാത്രമല്ല മതവിരുദ്ധതയേയും മാര്‍ക്സ് എതിര്‍ത്തു. ജനാധിപത്യക്രമത്തില്‍ അതിവേഗം സ്വീകാര്യമായിക്കൊണ്ടിരിക്കുന്ന മതനിരപേക്ഷതയോട് ഉള്‍ച്ചേര്‍ന്നു നില്‍ക്കുന്ന സമീപനമായിരുന്നു ഇക്കാര്യത്തില്‍ മാര്‍ക്സിന്റേത്.

മതത്തെ വേദനയകറ്റുന്ന ലേപനമായി മാര്‍ക്സ് കണ്ടു. ചരിത്രപരമായ സന്ദര്‍ഭത്തില്‍നിന്ന് അനുചിതമായി ചുരണ്ടിയെടുത്ത കറുപ്പില്‍ മാര്‍ക്സിന്റെ ദര്‍ശനം അവ്യക്തമായി. വികലമാക്കപ്പെട്ട വിശകലനങ്ങളില്‍ കമ്യൂണിസം ദൈവനിഷേധമായി വ്യാഖ്യാനിക്കപ്പെട്ടു. അധ്വാനിക്കുന്നവര്‍ക്ക് യേശു വാഗ്ദാനം ചെയ്തത് സമാശ്വാസമാണ്. അധ്വാനിക്കുന്നവര്‍ക്ക് മാര്‍ക്സിന്റെ വാഗ്ദാനം വിമോചനമാണ്. സമാശ്വാസത്തിനപ്പുറമാണ് വിമോചനം. ദൈവരാജ്യത്തെക്കുറിച്ചല്ല, മനുഷ്യന്‍ ജീവിക്കുന്ന ഈ ലോകത്തെക്കുറിച്ചാണ് മാര്‍ക്സ് ചിന്തിച്ചത്. രണ്ടും തമ്മില്‍ പൊരുത്തക്കേടുകള്‍ ഉണ്ടാകാം; പക്ഷേ ശത്രുത ഉണ്ടാകേണ്ടതില്ല.

മതം മനുഷ്യന്റെ കറുപ്പാണെന്ന പ്രയോഗം മാര്‍ക്സിസത്തിനെതിരെയുള്ള പ്രചാരണത്തില്‍ മതവിശ്വാസികള്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. കറുപ്പിനെക്കുറിച്ചുള്ള ധാരണ മാറുന്നതനുസരിച്ച് ഈ പ്രസ്താവനയുടെ അര്‍ത്ഥത്തിലും മാറ്റം വരുന്നു. തങ്ങളുടെ ദരിദ്രാവസ്ഥയ്ക്കും ദൈന്യതയ്ക്കും സാങ്കല്‍പികമായ സമാശ്വാസം കണ്ടെത്താനുള്ള മനുഷ്യവാസനയെയാണ് മാര്‍ക്സ് വിമര്‍ശിച്ചത്. ഓപിയം എന്നതിനു പകരം വാലിയം എന്ന പദമാണ് ഉപയോഗിച്ചിരുന്നതെങ്കില്‍ ഇത്ര ആക്ഷേപം ഉണ്ടാകില്ലായിരുന്നു. മാര്‍ക്സിന്റെ കാലത്ത് കറുപ്പ് നിഷിദ്ധമായിരുന്നില്ല. ധനികര്‍ക്കുമാത്രം പ്രാപ്യമായ വസ്തുവായിരുന്നു അത്. അതിനു ശേഷിയില്ലാത്ത ദരിദ്രര്‍ സമാശ്വാസത്തിനുവേണ്ടി മതത്തെ ആശ്ളേഷിച്ചു. ധ്യാനാലയങ്ങളിലും അനുഷ്ഠാനവേദികളിലും ഭക്തര്‍ അനുഭവിക്കുന്ന അവാച്യമായ നിര്‍വൃതിയെന്തോ അതാണ് മാര്‍ക്സിന്റെ ഭാഷയിലെ കറുപ്പ്. ദൈവവിശ്വാസമോ ദൈവനിഷേധമോ നാസ്തികനായ മാര്‍ക്സിന്റെ ദര്‍ശനത്തെ സ്വാധീനിച്ചില്ല. ദൈവനിഷേധിയായ പ്രൊമിത്യൂസിനെ ദാര്‍ശനികതലത്തില്‍ വിശുദ്ധനായി സ്വീകരിച്ച മാര്‍ക്സ് ദൈവനിഷേധത്തിന്റെ അടിസ്ഥാനത്തിലല്ല ശാസ്ത്രീയ സോഷ്യലിസം രൂപപ്പെടുത്തിയത്.

ചരിത്രപരമായി മതവിരുദ്ധത ബോള്‍ഷെവിക് വിപ്ളവത്തിന്റെ അനുബന്ധമാണ്. കുരിശുയുദ്ധങ്ങളിലും ഹിറ്റ്ലറുടെ വിഷപ്പുരകളിലും മതത്തിന്റെ പേരില്‍ സംഭവിച്ചതിനേക്കാള്‍ എത്രയോ ലഘുവായിരുന്നു സോവിയറ്റ് യൂണിയനില്‍ ലെനിന്റെയും സ്റ്റാലിന്റെയും കാലത്ത് സംഭവിച്ചതായി പറയപ്പെടുന്ന അത്യാചാരങ്ങള്‍. അയര്‍ലണ്ടില്‍ കത്തോലിക്കരും പ്രൊട്ടസ്റ്റന്റുകാരും തമ്മിലുള്ള നിരന്തരയുദ്ധങ്ങളില്‍ ചൊരിഞ്ഞ അത്രയും ക്രൈസ്തവരക്തം സോവിയറ്റ് യൂണിയനില്‍ വീണിട്ടില്ല. മതനിരപേക്ഷ സമൂഹത്തില്‍ മതവിമുക്തമായി മാര്‍ക്സിസത്തിനു പ്രവര്‍ത്തിക്കാന്‍ കഴിയും. ഇതുതന്നെയാണ് ഭരണഘടനയുടെ അനുശാസന. വിശ്വാസികളുടെ വിശ്വാസത്തെ സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമായ മാര്‍ക്സിസ്റ്റ് പാര്‍ട്ടി മതത്തെ ആക്രമിക്കുന്നില്ല. മതാധിഷ്ഠിതമായ രാഷ്ട്രീയപ്രസ്ഥാനങ്ങളാണ് ഇതരമതങ്ങള്‍ക്ക് ഇടം നല്‍കാത്തത്. പള്ളിയും പാര്‍ട്ടിയും അപഭ്രംശങ്ങളില്‍ അകപ്പെട്ടിട്ടുണ്ട്. പക്ഷേ ഇരുവരും പാവങ്ങള്‍ക്കുവേണ്ടിയാണ് നിലകൊള്ളുന്നത്. ധനികന് സ്വര്‍ഗരാജ്യം നിഷേധിക്കുന്ന യേശുവും പാവങ്ങളുടെ സ്വര്‍ഗരാജ്യം ഈ ഭൂമിയില്‍ സ്ഥാപിതമാക്കാന്‍ യത്നിക്കുന്ന മാര്‍ക്സും വിരുദ്ധചേരികളില്‍ നില്‍ക്കേണ്ടവരല്ല. മൂലധനത്തിന്റെ ആധിപത്യത്തിനും വിപണിയുടെ സംസ്കാരത്തിനും കീഴ്പെടേണ്ടവരല്ല ക്രൈസ്തവരും കമ്യൂണിസ്റ്റുകാരും. ദേവാലയത്തിലെ ക്രയവിക്രയക്കാര്‍ക്കും നാണയമാറ്റക്കാര്‍ക്കുമെതിരെ ചുഴറ്റപ്പെട്ട ചാട്ട ആത്മീയതയില്ലാത്ത ആധുനികമുതലാളിത്തത്തിനെതിരെ വീശുന്നതിനുള്ള ബാധ്യത സഭയ്ക്കുണ്ട്. നശിപ്പിക്കപ്പെട്ട ബാബിലോണ്‍ പങ്കിലമായ വിപണിയുടെ പ്രതീകമാണ്. ക്രിസ്തുമതത്തിന്റെ ബൂര്‍ഷ്വാവല്‍കരണത്തിനെതിരെ മാര്‍ക്സിസ്റ്റ്കാരും മാര്‍ക്സിസത്തിന്റെ ബൂര്‍ഷ്വാവല്‍കരണത്തിനെതിരെ ക്രൈസ്തവവിശ്വാസികളും യോജിച്ച് പ്രവര്‍ത്തിക്കേണ്ട സമയമാണിത്. വിശ്വാസത്തെ മാറ്റിനിര്‍ത്തി വിശ്വാസികളെ ഉള്‍ക്കൊള്ളാന്‍ പാര്‍ട്ടി തയാറാകുമ്പോള്‍ സാധ്യതകളെ പ്രയോജനപ്പെടുത്തുന്ന സമീപനമാണ് ക്രൈസ്തവസഭകള്‍ സ്വീകരിക്കേണ്ടത്.

അന്നന്നു വേണ്ടതായ ആഹാരത്തിനുവേണ്ടി പ്രാര്‍ത്ഥിക്കാനാണ് യേശു പഠിപ്പിച്ചത്. കൂട്ടായ പ്രാര്‍ത്ഥന സ്വന്തം ആഹാരത്തിനുവേണ്ടി മാത്രമുള്ളതല്ല. അധ്വാനം മാത്രം കൈമുതലായ മനുഷ്യന് ആഹാരം ഉറപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനമാണ് മാര്‍ക്സ് നിര്‍ദേശിച്ചത്. അപരന്റെ ആഹാരം ഓരോരുത്തരുടെയും ഉത്തരവാദിത്വമാണെന്ന തിരിച്ചറിവാണ് ഇരുവരും നല്‍കുന്നത്. പ്രാര്‍ത്ഥന പ്രവര്‍ത്തനത്തെ നിരാകരിക്കുന്നില്ല. വിശ്വാസിയുടെ പ്രാര്‍ത്ഥനയില്‍ വിപ്ളവമുണ്ട്. വിപ്ളവകാരിയുടെ പ്രവര്‍ത്തനത്തില്‍ ആത്മീയതയുണ്ട്. വിശ്വാസിയുടെ പ്രാര്‍ത്ഥനയും വിപ്ളവകാരിയുടെ ജീവിതവും അപരനുവേണ്ടിയുള്ളതാണ്. അതുകൊണ്ടാണ് മദര്‍ തെരേസയുടെ പ്രാര്‍ത്ഥനയില്‍ വിപ്ളവകാരികള്‍ പങ്കുചേര്‍ന്നത്. അയല്‍ക്കാരനുവേണ്ടിയുള്ള സമര്‍പ്പണത്തില്‍ നിന്നാണ് രക്തസാക്ഷികള്‍ ഉണ്ടാകുന്നത്.

ലോകം ആത്യന്തികമായി ജനാധിപത്യത്തിന്റെ പരിപൂര്‍ണതയിലേക്കാണ് നീങ്ങുന്നത്. മൂലധനത്തിന്റെ ഉടമകളും പേഗനിസത്തിന്റെ തിരിച്ചുവരവിന് വഴിയൊരുക്കുന്ന മതതീവ്രതയും ചേര്‍ന്ന് ഹൈജാക് ചെയ്യുന്ന ജനാധിപത്യത്തിലല്ല ലോകത്തിന്റെ പ്രതീക്ഷ. വര്‍ഗസമരത്തിന്റെ ജയമുഹൂര്‍ത്തത്തില്‍ സ്ഥാപിതമാകുന്ന ജനാധിപത്യസ്വര്‍ഗത്തില്‍ സമാഗമിക്കേണ്ടവരാണ് മതവിശ്വാസികളും മാര്‍ക്സിസ്റ്റുകാരും. ആ യാത്രയില്‍ ദൈവനാമത്തിന്റെ സ്ഥാനത്തും അസ്ഥാനത്തുമുള്ള ഉരുവിടല്‍ അപ്രസക്തമാണ്. സ്വര്‍ഗത്തെക്കൊണ്ടും ഭൂമിയെക്കൊണ്ടും ആണയിടരുതെന്ന് സുവിശേഷം പറയുന്നു. അങ്ങനെയെങ്കില്‍ ദൈവനാമത്തിലെ പ്രതിജ്ഞയ്ക്ക് എന്തര്‍ത്ഥം? ദൈവനാമം ഉരുവിടുന്ന കപടനാട്യത്തെ വിശ്വാസമായി കാണുന്നത് അബദ്ധമാണ്. ദൈവനാമത്തില്‍ പ്രതിജ്ഞയെടുക്കുന്നില്ല എന്നതാണ് കമ്യൂണിസ്റ്റ് സ്ഥാനാര്‍ത്ഥികള്‍ക്കും ജനപ്രതിനിധികള്‍ക്കും എതിരെയുള്ള ആക്ഷേപം. "നിങ്ങളുടെ വാക്ക് അതേ എന്നോ അല്ല എന്നോ ആയിരിക്കട്ടെ. ഇതിനപ്പുറമുള്ളത് ദുഷ്ടനില്‍നിന്നു വരുന്നു'' എന്ന് ബൈബിള്‍ പറയുന്നു. സെക്കുലര്‍ വ്യവസ്ഥയില്‍ ഭരണഘടനാപരമായ ചുമതലകള്‍ നിര്‍വഹിക്കുന്നവര്‍ സ്വന്തം വാക്കിലാണ് വിശ്വാസം അര്‍പ്പിക്കേണ്ടത്. അതേ എന്നു പറയേണ്ടിടത്ത് അതേ എന്നും അല്ല എന്ന് പറയേണ്ടിടത്ത് അല്ല എന്നും പറയാന്‍ കഴിഞ്ഞാല്‍ പ്രത്യയശാസ്ത്രദു:ഖങ്ങള്‍ക്കും വിശ്വാസപരമായ പ്രതിസന്ധികള്‍ക്കും ശമനമുണ്ടാകും.

വിശ്വാസം സ്വകാര്യതയാണ്. പൊതുമണ്ഡലത്തില്‍ വിശ്വാസത്തെ പ്രതിഷ്ഠിക്കുമ്പോഴാണ് സംഘര്‍ഷമുണ്ടാകുന്നത്. എല്ലാ വിശ്വാസങ്ങള്‍ക്കും ഇടം നല്‍കാന്‍ മതനിരപേക്ഷമായ പൊതുസമൂഹം തയാറാണ്. അതുകൊണ്ടാണ് ദേശീയഗാനം ആലപിക്കാതിരിക്കാന്‍ യഹോവ സാക്ഷികള്‍ക്കും ശാബത്ത് കഴിഞ്ഞ് പരീക്ഷയെഴുതാന്‍ സെവന്‍ത് ഡേ അഡ്വെന്റിസ്റ്റുകള്‍ക്കും അനുവാദം നല്‍കുന്നത്. ഈ വിട്ടുവീഴ്ചകളെ നന്മയായി കാണാന്‍ വിശ്വാസികള്‍ക്ക് കഴിയണം. വിശ്വാസം മൌലികമാകുമ്പോള്‍ സമീപനം തീവ്രമാകുന്നു. ജനാധിപത്യത്തിന്റെ നിരാസമാണ് തീവ്രവാദം. മറ്റാര്‍ക്കും ഇടം നല്‍കാത്തവരാണ് തീവ്രവാദികള്‍. ജനാധിപത്യപരമായ പരിസരത്തിന്റെ സൃഷ്ടിക്കുവേണ്ടിയാണ് മതനിരപേക്ഷമായ പ്രസ്ഥാനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ആ പ്രവര്‍ത്തനത്തെ മതവിരുദ്ധമായി വ്യാഖ്യാനിക്കുന്നതാണ് തെറ്റ്. ഭരണഘടനയുടെ കൃത്യമായ വായനയിലൂടെയാണ് മതസ്വാതന്ത്യ്രത്തിന്റെ അതിരുകള്‍ നിര്‍ണയിക്കപ്പെടേണ്ടത്. കോടതിയുടെ വിട്ടുവീഴ്ചകളെ ദുര്‍വ്യാഖ്യാനം ചെയ്തുണ്ടാക്കിയ അമിതസ്വാതന്ത്യ്രത്തിന്റെ ദുരുപയോഗമാണ് അന്തരീക്ഷത്തെ കലുഷമാക്കുന്നത്.

ഗത്സേമനിയില്‍ യേശുവിന്റെ ആജ്ഞയനുസരിച്ച് പത്രോസ് വാള്‍ ഉറയിലിട്ടു. പത്രോസിന്റെ സിംഹാസനം ആ വാളിന്റെ ഉടമയാണ്. സാമ്രാജ്യത്വത്തിന്റെ സേവകനെതിരെ ഉയര്‍ന്ന വാളാണത്. അത് എക്കാലവും ഉറയില്‍ സൂക്ഷിക്കാനുള്ളതല്ല. വാളെടുക്കുന്നവന്‍ വാളാല്‍ നശിക്കുമെന്നറിയാത്തവരല്ല മാര്‍ക്സിസ്റ്റ്കാര്‍. അവരുടെ ജീവത്യാഗം അപരനുവേണ്ടിയുള്ളതാണ്. അപരനുവേണ്ടി ചിന്തപ്പെടുന്ന ചോരയില്‍ ഒരുമിക്കേണ്ടവരാണ് വിശ്വാസികളും വിപ്ളവകാരികളും. ഇതാണെന്റെ വിശ്വാസപ്രഖ്യാപനം; ഇതു തന്നെയാണെന്റെ വിപ്ളവസാക്ഷ്യം.

ഡോ. സെബാസ്റ്റ്യന്‍ പോള്‍ കടപ്പാട്: ചിന്ത വാരിക 14 ജനുവരി 2011

No comments:

Post a Comment