Sunday, 4 May 2014

മെയ്‌ നാല് പാടിക്കുന്ന് രക്ത സാക്ഷി ദിനം !!



ന്ത്യയില്‍ ആദ്യമായി കര്‍ഷകര്‍ക്ക് സംഘടിക്കാനും ശബ്ദിക്കാനും വേദിയൊരുക്കിയ കര്‍ഷകസംഘം പിറന്നത് പാടിക്കുന്നിന്റെ താഴ്‌വാരത്തു കൊളച്ചേരിയിലെ നണിയൂരില്‍വെച്ചാണ്. കേരളീയന്റെയും വിഷ്ണുഭാരതീയന്റെയും നേതൃത്വത്തില്‍ 1935 ല്‍ രൂപീകരിച്ച പ്രസ്തുത സംഘടനയാണ് ഈ മേഖലയില്‍ നടന്ന കര്‍ഷക സമരങ്ങളെ കൂടുതല്‍ തീക്ഷ്്ണമാക്കിയത്. അതുകൊണ്ടുതന്നെ‘ഭരണകൂടത്തിന്റെ ആജ്ഞ നടപ്പിലാക്കുന്നതിനായി ഒട്ടേറെ സൈനിക ക്യാമ്പുകള്‍ ഈ മേഖലയില്‍ സ്ഥാപിച്ചിരുന്നു. പൊലീസ്, ജന്മി കൂട്ടുകെട്ടിന്റെ തേര്‍വാഴ്ചയക്ക് എതിരെ പൊരുതിയതിന്റെ പേരില്‍ ഉശിരരായ മൂന്ന് കമ്മ്യൂണിസ്റ്റ് പോരാളികളെ പാടിക്കുന്നിന്റെ നിറുകയില്‍ കൊണ്ടു വന്ന് നിരത്തി നിര്‍ത്തി വെടിവെച്ചുകൊന്നത് 1950 മെയ് 3 അര്‍ധരാത്രിയാണ്. അവരുടെ ചോര വീണതിനാല്‍ ചുകന്ന കുന്നായ ഈ കുന്നിന് രക്തസാക്ഷിക്കുന്ന് എന്നും പേരുണ്ട്. ആ ധീര രക്തസാക്ഷികളുടെ സ്മൃതികുടീരം എല്ലാം ഓര്‍മ്മിപ്പിച്ചുകൊണ്ട് കുന്നിന്റെ ഏറ്റവും മുകളില്‍ തലയുര്‍ത്തിപ്പിടിച്ചു നില്‍ക്കുന്നു.
രൈരു നമ്പ്യാര്‍, കുട്ട്യപ്പ എന്നിവരെ കോടതിയെ തെറ്റിദ്ധരിപ്പിച്ച് ജാമ്യത്തിലെടുക്കുകയും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും പുറത്തിറക്കി ഇന്‍സ്‌പെക്ടര്‍ റേയുടെ നേതൃത്വത്തില്‍ ഇരുവരുടേയും കണ്ണുകള്‍ കെട്ടി പാടിക്കുന്നില്‍ എത്തിക്കുകയായിരുന്നു. കയരളത്തെ എം എസ് പി ക്യാമ്പില്‍ നിന്നും ഗോപാലനേയും ഇവിടേക്കെത്തിച്ചു. റോഡില്‍ നിന്നും മാറ്റി പാടിക്കുന്നിലെ ഏറ്റവും ഉയര്‍ന്ന പാറയ്ക്കു മുകളില്‍ കയറ്റി നിര്‍ത്തിയാണ് വെടിവെച്ച് കൊന്നത്. വെളിച്ചത്തെ ഭയക്കുന്നവര്‍ കനത്ത ഇരുട്ട് കട്ടകെട്ടി നില്‍ക്കുന്ന അര്‍ധരാത്രിയിലാണ്, ഈ ക്രൂരകൃത്യം ചെയ്തത്. പാടിക്കുന്ന് രക്തസാക്ഷിത്വം സാമ്രാജ്യത്വത്തിനും ജന്മിത്വത്തിനുമെതിരായ സമര സംഭവങ്ങളില്‍ വേറിട്ടു നില്‍ക്കുന്ന ഒന്നാണ്. വെടിവെച്ചു കൊല്ലുവാന്‍ മാത്രമായി കള്ളജാമ്യത്തിലെടുത്തും കള്ളക്കേസ് ചുമത്തിയും മൂന്ന് സഖാക്കളെ കൊണ്ടുവന്ന് നിരത്തി നിര്‍ത്തി വധിച്ച സംഭവം ചരിത്രത്തില്‍ തന്നെ അപൂര്‍വ്വമാണ്. രാത്രിയുടെ നിശ്ശബ്ദതയെ ഭേദിച്ച് ആ ധീരപോരാളികളുയര്‍ത്തിയ ഇന്‍ക്വിലാബ് സിന്ദാബാദ് എന്ന മുദ്രാവാക്യം നാലുദിക്കിലും പ്രതിധ്വനിച്ചു. നേതാക്കന്മാരെ വധിച്ചാല്‍ പ്രസ്ഥാനം തകരുമെന്ന് കരുതിയായിരുന്നു ആ മൂന്ന് പേരെയും വെടിവെച്ചുകൊന്നത്.

മെയ് ദിനത്തിന്റെ വിപ്ലവ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കുക

ലോകത്തുടനീളം തൊഴിലാളിവര്‍ഗത്തിനിടയില്‍ പോരാട്ടത്തിെന്‍റയും ഐക്യദാര്‍ഢ്യത്തിെന്‍റയും ആവേശം അലയടിപ്പിക്കുന്നതാണ് മെയ്ദിനാഘോഷങ്ങള്‍. ഈ വര്‍ഷം ലോകമാകെ മെയ്ദിനം ആഘോഷിക്കുമ്പോള്‍ ഇന്ത്യന്‍ തൊഴിലാളിവര്‍ഗം ഗൗരവതരമായ ഒരു രാഷ്ട്രീയ പോരാട്ടത്തിെന്‍റ നടുവിലാണ്. 16ാമത് ലോക്സഭയുടെ രൂപീകരണത്തിനായുള്ള, ഇന്ത്യന്‍ പാര്‍ലമെന്‍റിലേക്കുള്ള പൊതുതിരഞ്ഞെടുപ്പ് ഇതിനകം പകുതി പിന്നിട്ടിരിക്കുന്നു. ഇവിടെ വീണ്ടും, ഈ തിരഞ്ഞെടുപ്പ് പോരാട്ടത്തിലും ഇന്ത്യന്‍ തൊഴിലാളിവര്‍ഗം ലോകത്തിെന്‍റ നാനാഭാഗത്തുമുള്ള അധ്വാനിക്കുന്ന ജനവിഭാഗങ്ങള്‍ അഭിമുഖീകരിക്കുന്ന അതേ വിഷയങ്ങള്‍ തന്നെയാണ് ഉന്നയിക്കുന്നത്. മറ്റു വിഷയങ്ങള്‍ക്കൊപ്പം കൂലിയും തൊഴില്‍ സുരക്ഷയും വിലക്കയറ്റവും തൊഴിലില്ലായ്മയും സാമൂഹ്യസുരക്ഷയും തങ്ങള്‍ക്കിഷ്ടമുള്ള ട്രേഡ് യൂണിയനില്‍ ചേരാനുള്ള അടിസ്ഥാനപരമായ അവകാശവുംപോലും തൊഴിലാളികളെ സംബന്ധിച്ചിടത്തോളം മുഖ്യവിഷയങ്ങളാണ്. കഴിഞ്ഞ 23 വര്‍ഷമായി ഈ രാജ്യത്ത് നടപ്പാക്കപ്പെട്ടുകൊണ്ടിരിക്കുന്ന നവലിബറല്‍ നയങ്ങളുമായി ബന്ധപ്പെട്ടവയാണ് ഇവയെല്ലാം. ഈ വിഷയങ്ങളില്‍ കേന്ദ്രീകരിക്കുന്നതിനാണ് അധ്വാനിക്കുന്ന ജനങ്ങള്‍ ശ്രമിക്കുന്നത്. ഇവയാകട്ടെ, അധ്വാനിക്കുന്നവരുടെ ഉപജീവനമാര്‍ഗവുമായും മഹാഭൂരിപക്ഷം വരുന്ന ഇന്ത്യന്‍ ജനതയുടെ ഭാവിയുമായും നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നവയുമാണ്. ഈ തിരഞ്ഞെടുപ്പ് ക്യാമ്പെയിനില്‍ ഇന്ത്യന്‍ തൊഴിലാളിവര്‍ഗം ഏര്‍പ്പെട്ടിരിക്കുന്ന പോരാട്ടമാകട്ടെ, കഴിഞ്ഞ അഞ്ച് വര്‍ഷമായി ഇന്ത്യന്‍ തൊഴിലാളിവര്‍ഗം നടത്തിവരുന്ന വമ്പിച്ച സംയുക്ത പോരാട്ടത്തിെന്‍റ ഭാഗവുമാണ്. ഐതിഹാസികമായ രാജ്യവ്യാപക പൊതുപണിമുടക്കുകളും ഓരോ മേഖലയിലും നടന്ന നിരവധി പണിമുടക്കുകളും സമരങ്ങളും ഉള്‍പ്പെടെയുള്ള സംയുക്ത പ്രസ്ഥാനവും പോരാട്ടങ്ങളുമെല്ലാം സര്‍ക്കാര്‍ പിന്തുടര്‍ന്നു വരുന്ന നയങ്ങളില്‍ മാറ്റം വേണമെന്ന ആവശ്യത്തില്‍ കേന്ദ്രീകരിച്ചുള്ളവയാണ്. ആ തരത്തില്‍ ഈ പണിമുടക്കുകളും പോരാട്ടങ്ങളും ലോകത്തിെന്‍റ നാനാഭാഗങ്ങളില്‍ നടക്കുന്ന വമ്പിച്ച പോരാട്ടങ്ങളുമായി സമരസപ്പെട്ടിരിക്കുന്നു. ലോകമാസകലം പ്രതിസന്ധി കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മുതലാളിത്ത ലോകം കടുത്ത പ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കുകയാണ്. അതിെന്‍റ അനന്തരഫലങ്ങള്‍ ലോകത്താകെയുള്ള ജനങ്ങളുടെ ജീവിതത്തെ ബാധിക്കുകയുമാണ്. ഈ പ്രതിസന്ധി മൂലമുള്ള ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്കെതിരെയാണ് യൂറോപ്പിലെയും മറ്റെല്ലാ ഭൂഖണ്ഡങ്ങളിലെയും പോരാട്ടങ്ങള്‍. യൂറോപ്പിലെ മുഖ്യപ്രശ്നം തൊഴിലില്ലായ്മയാണ്. ഔദ്യോഗിക തൊഴിലില്ലായ്മാനിരക്ക് ഗ്രീസില്‍ 27.4 ശതമാനവും സ്പെയിനില്‍ 26.7 ശതമാനവും പോര്‍ച്ചുഗലില്‍ 15.5 ശതമാനവും ബള്‍ഗേറിയയില്‍ 12.9 ശതമാനവും ഇറ്റലിയില്‍ 12.7 ശതമാനവുമാണ്. യുവാക്കള്‍ക്കും സ്ത്രീകള്‍ക്കുമിടയില്‍ അവസ്ഥ ഇതിലും പരിതാപകരമാണ്. എല്ലാ രാജ്യങ്ങളിലെയും തൊഴിലില്ലാത്തവരില്‍ അധികവും ഈ രണ്ടു വിഭാഗവുമാണ്. വര്‍ധിച്ചുവരുന്ന ഈ തൊഴിലില്ലായ്മ കൂലിക്കും സാമൂഹ്യസുരക്ഷാ ആനുകൂല്യങ്ങള്‍ക്കുംമേല്‍ കൂടുതല്‍ ആക്രമണങ്ങള്‍ക്കിടയാക്കും എന്നാണ് ചരിത്രം നമ്മെ പഠിപ്പിക്കുന്നത്. 'ചെലവ് ചുരുക്കല്‍' (അൗെലേൃശേ്യ) എന്നറിയപ്പെടുന്ന നയങ്ങള്‍ യഥാര്‍ഥത്തില്‍ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുന്നതിനാണ് ഇടയാക്കിയിട്ടുള്ളത്; അത് പിന്നെയും അധ്വാനിക്കുന്ന ജനതയുടെ ഉപജീവനമാര്‍ഗത്തിനുമേല്‍ കടുത്ത കടന്നാക്രമണങ്ങള്‍ അടിച്ചേല്‍പിക്കുന്നതിനും ഇടയാക്കുന്നു. നവലിബറല്‍ നയങ്ങളോട് പ്രത്യയശാസ്ത്രപരമായി അടുപ്പമുള്ളവര്‍ക്കുപോലും ഭരണവര്‍ഗങ്ങളുടെയും ഐഎംഎഫിനെയും യൂറോപ്യന്‍ കേന്ദ്ര ബാങ്കിനെയുംപോലുള്ള ഉപദേശകരുടെ നയപരമായ തീട്ടൂരങ്ങള്‍ അംഗീകരിക്കാന്‍ പറ്റുന്നില്ല. ഏപ്രില്‍ 4ന് ബ്രസ്സല്‍സില്‍ നടന്ന വമ്പിച്ച പ്രകടനത്തില്‍ യൂറോപ്പിലുടനീളമുള്ള പതിനായിരക്കണക്കിന് തൊഴിലാളികളാണ് പങ്കെടുത്തത്. "മറ്റൊരു യൂറോപ്പ് സാധ്യമാണ്", "ചെലവുചുരുക്കല്‍ നയം തുലയട്ടെ" എന്നിത്യാദി മുദ്രാവാക്യങ്ങളാണ് ആ പ്രകടനത്തില്‍ ഉയര്‍ത്തപ്പെട്ടത്. യൂറോപ്യന്‍ യൂണിയന്‍ ഭരണാധികാരികള്‍ തൊഴിലില്ലായ്മ, ദാരിദ്ര്യം, അസമത്വം തുടങ്ങിയവയ്ക്ക് പരിഹാരം കാണുകയാണ് വേണ്ടത് എന്നാണ് പ്രകടനക്കാര്‍ ആവശ്യപ്പെട്ടത്. ദൗര്‍ഭാഗ്യവശാല്‍, അനീതിക്കും വര്‍ധിച്ചുവരുന്ന അസമത്വങ്ങള്‍ക്കും എതിരെ പ്രതിഷേധിക്കുന്ന വമ്പിച്ച പ്രക്ഷോഭ പ്രസ്ഥാനങ്ങള്‍ക്ക് പലതിനും 'വാള്‍സ്ട്രീറ്റ് കൈയടക്കല്‍ പ്രസ്ഥാന'ത്തിെന്‍റ കാലത്ത് സംഭവിച്ചതുപോലെ വ്യക്തമായ രാഷ്ട്രീയ ദിശാബോധമില്ല. അതുകൊണ്ടു തന്നെ അവ തങ്ങളുടെ രോഷവും പ്രതിഷേധവും പ്രകടിപ്പിക്കുന്ന ഒരു തരംഗം മാത്രമായി ഒടുങ്ങുന്നു. വ്യവസ്ഥിതിയെ വെല്ലുവിളിക്കുന്നതിന് ഈ വിഷയങ്ങളെയെല്ലാം വര്‍ഗപരമായ ഒരു കോണില്‍നിന്ന് നിരീക്ഷിക്കാനാണ് മെയ് ദിനം നമ്മെ ആഹ്വാനം ചെയ്യുന്നത്. അധ്വാനിക്കുന്ന ജനതയെ ചൂഷണം ചെയ്തു കൊണ്ടു മാത്രമേ മുതലാളിത്തത്തിനു നിലനില്‍ക്കാനാകൂ; നാം നേരിടുന്ന എല്ലാ പ്രതിസന്ധികളും ഈ വ്യവസ്ഥിതിയുടെ ഉല്‍പന്നങ്ങളുമാണ്. ഈ വ്യവസ്ഥിതിയാണ് വെല്ലുവിളിക്കപ്പെടേണ്ടത്. ഈ ലക്ഷ്യത്തോടെയായിരിക്കണം തൊഴിലാളിവര്‍ഗത്തെയും മറ്റെല്ലാ അധ്വാനിക്കുന്ന ജനവിഭാഗങ്ങളേയും അണിനിരത്തേണ്ടത്; അവരുടെ ദൈനംദിന പോരാട്ടങ്ങളെ ഭരണവര്‍ഗത്തിെന്‍റ നയങ്ങളുമായി ബന്ധപ്പെടുത്തണം; ഈ നയങ്ങള്‍ക്കുപിന്നിലുള്ള രാഷ്ട്രീയത്തെ തുറന്നു കാണിക്കണം. ഇതാണ് പരമപ്രധാനമായ സംഗതി. മുതലാളിത്ത വ്യവസ്ഥിതിക്കെതിരായ പോരാട്ടം ശക്തിപ്പെടുത്തണമെന്നാണ് മെയ്ദിനത്തിെന്‍റ അന്തഃസത്ത നമ്മോടാവശ്യപ്പെടുന്നത്. ഇന്നത്തെ ലോകത്ത്, നമ്മുടെ രാജ്യത്ത്, സാമ്പത്തികവും രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ രംഗങ്ങളില്‍ ഒരേപോലെ നമ്മുടെ പ്രവര്‍ത്തനം തീവ്രമാക്കേണ്ടതുണ്ട്. നമ്മുടെ സമൂഹത്തിെന്‍റ സാമൂഹിക സംവിധാനത്തില്‍ നവലിബറല്‍ കടന്നാക്രമണങ്ങള്‍ സൃഷ്ടിക്കുന്ന വിനാശകരമായ പ്രത്യാഘാതത്തെക്കുറിച്ച് ആഴത്തില്‍ പഠിക്കേണ്ടതുണ്ട്; അവയെ നേരിടേണ്ടതുമുണ്ട്. നമ്മുടെ രാജ്യത്തെ 45 കോടിയിലേറെ വരുന്ന അധ്വാനിക്കുന്ന ജനവിഭാഗത്തില്‍ വളരെ ചെറിയൊരു വിഭാഗം മാത്രമേ ഏതെങ്കിലുമൊരു ബഹുജന സംഘടനയില്‍ സംഘടിതരായിട്ടുള്ളൂ; അതുകൊണ്ട് നമ്മുടെ പ്രാഥമിക കടമ ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തലാണ്. ഇന്ത്യന്‍ തൊഴില്‍ സേനയില്‍ ഏറ്റവും വലിയ ഭാഗമായ ദരിദ്ര കര്‍ഷകരുടെയും കര്‍ഷകത്തൊഴിലാളികളുടെയും പ്രശ്നങ്ങളും കൂടി ഏറ്റെടുക്കേണ്ടത് ട്രേഡ് യൂണിയനുകളെ സംബന്ധിച്ചിടത്തോളം അനിവാര്യമാണ്. അവര്‍ നിര്‍ദയമായി കൊള്ളയടിക്കപ്പെടുകയാണ്; ലക്ഷക്കണക്കിനാളുകളാണ് ആത്മഹത്യയില്‍ അഭയം തേടാന്‍ നിര്‍ബന്ധിതരാകുന്നത്. ഫ്യൂഡല്‍ പ്രത്യയശാസ്ത്രങ്ങളുടെയും പരിഷ്കരണവാദപരമായ പ്രത്യയശാസ്ത്രങ്ങളുടെയും ശക്തമായ സ്വാധീനമാണ് അധ്വാനിക്കുന്ന ജനങ്ങള്‍ക്കിടയിലെ മറ്റൊരു മുഖ്യവെല്ലുവിളി. ഇത് നമ്മുടെ കടമയെ കൂടുതല്‍ ദുഷ്ക്കരമാക്കുന്നു. ട്രേഡ് യൂണിയനുകളുടെ വര്‍ഗപരമായ ദിശാബോധത്തെ ശക്തിപ്പെടുത്തുന്നതിനും അധ്വാനിക്കുന്ന ജനവിഭാഗത്തിനിടയില്‍ ശാസ്ത്രീയമായ സോഷ്യലിസ്റ്റ് ധാരണ പ്രചരിപ്പിക്കുന്നതിനും നിര്‍ണായകമായ പ്രാധാന്യമാണുള്ളത്. ക്യാമ്പെയ്നുകളിലും പോരാട്ടങ്ങളിലും ഓരോ രാജ്യത്തെയും സവിശേഷ വിഷയങ്ങള്‍ ഏറ്റെടുക്കുന്നതിനുപുറമെ സാമ്രാജ്യത്വ കടന്നാക്രമണങ്ങളെയും അവയുടെ ഇടപെടലുകളെയുംകുറിച്ച് ശ്രദ്ധിക്കേണ്ടതും പ്രധാനമാണ്. ഒന്നാം ലോക യുദ്ധത്തിെന്‍റ ആരംഭത്തിെന്‍റ ശതാബ്ദിയാണ് ഈ വര്‍ഷം. ഇരുപതാം നൂറ്റാണ്ടിെന്‍റ ആദ്യപകുതിയില്‍ തന്നെ ലോകം വീണ്ടുമൊരു ലോകയുദ്ധത്തിന് ഇരയായത് അസംഖ്യം ജീവനും അളവറ്റ സ്വത്തും നഷ്ടപ്പെടുന്നതിന് ഇടയാക്കിയെങ്കിലും യുദ്ധക്കൊതിക്ക് ഇപ്പോഴും അറുതിയായിട്ടില്ല. സാമ്രാജ്യത്വശക്തികള്‍ പല ഭൂഖണ്ഡങ്ങളിലെയും പല രാജ്യങ്ങളിലും പ്രത്യക്ഷമായും പരോക്ഷമായും ഇടപെട്ടുകൊണ്ട് അവയെ കീഴ്പ്പെടുത്താന്‍ ശ്രമിക്കുകയാണ്. പലസ്തീനിലും ക്യൂബയിലും മറ്റും എന്നപോലെ സിറിയയിലും വെനസ്വേലയിലും സാമ്രാജ്യത്വശക്തികളെയും അവയുടെ ഗൂഢാലോചനകളെയും ചെറുക്കുന്ന ജനങ്ങള്‍ക്ക് പിന്തുണ നല്‍കാന്‍ നമ്മുടെ പ്രതിഷേധശബ്ദം ഉയരണം. ഈ സാമ്രാജ്യത്വ കടന്നാക്രമണങ്ങളുടെ ഇരകളായി ലിബിയയും ഇറാഖും അഫ്ഗാനിസ്ഥാനും നമ്മുടെ മുന്നില്‍ തന്നെയുണ്ട്. നമുക്ക് മുന്നിലുള്ള കടമകളെക്കുറിച്ച് നാമെല്ലാം അനുസ്മരിക്കാനുള്ള സന്ദര്‍ഭമാണ് മെയ്ദിനം. മെയ് ദിനത്തിെന്‍റ വിപ്ലവ പാരമ്പര്യത്തെക്കുറിച്ച് നമ്മെ ഓര്‍മിപ്പിച്ചുകൊണ്ട് സിഐടിയുവിെന്‍റ സ്ഥാപക പ്രസിഡന്‍റായ സഖാവ് ബി ടി രണദിവെ പറഞ്ഞു  "ഭാഗികമായ ആവശ്യങ്ങള്‍ക്കൊപ്പം തൊഴിലാളിവര്‍ഗത്തിെന്‍റ സാര്‍വദേശീയ ഐക്യദാര്‍ഢ്യ പ്രഖ്യാപനവും മുതലാളിത്ത വ്യവസ്ഥിതിക്ക് അന്ത്യം കുറിക്കാനും തൊഴിലാളിവര്‍ഗത്തിന് രാഷ്ട്രീയാധികാരം പിടിച്ചെടുക്കാനുമുള്ള ദൃഢനിശ്ചയവും അതിലുള്ള ഉറച്ച വിശ്വാസവും കൂടി ചേര്‍ന്നതാണ് എക്കാലത്തും മെയ്ദിനത്തിെന്‍റ വിപ്ലവ പാരമ്പര്യം". ഇന്ന് ഇന്ത്യയില്‍ ഭാഗികാവശ്യങ്ങള്‍ക്കുവേണ്ടിയുള്ള പോരാട്ടത്തെ തൊഴിലാളിവര്‍ഗ സാര്‍വദേശീയതയുമായും സാമൂഹ്യവിമോചനത്തിനായുള്ള ലക്ഷ്യം, സോഷ്യലിസം എന്ന ലക്ഷ്യം കൈവരിക്കുന്നതിലേക്കുള്ള പ്രയാണവുമായും കൂട്ടിയിണക്കുക എന്ന ഈ മഹത്തായ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കാന്‍ തൊഴിലാളിവര്‍ഗത്തെ സജ്ജരാക്കേണ്ടതാണ്. വര്‍ഗസമരത്തിലെ ധീരന്മാരായ പോരാളികളുടെ മഹത്തായ ത്യാഗവും അവരില്‍ പലരുടെയും രക്തസാക്ഷിത്വവും ഓര്‍മിച്ചുകൊണ്ട്, പോരാട്ടത്തിെന്‍റയും ഐക്യദാര്‍ഢ്യത്തിെന്‍റയും ബാനര്‍ ഉയര്‍ത്തിപ്പിടിച്ച് നമുക്ക് മുന്നേറാം. മെയ് ദിനം നീണാള്‍ വാഴട്ടെ! തൊഴിലാളിവര്‍ഗ ഐക്യം നീണാള്‍ വാഴട്ടെ! വിപ്ലവം വിജയിക്കട്ടെ!