Friday, 8 March 2013

സാര്‍വദേശീയ മഹിളാദിനത്തില്‍ ഇന്ത്യന്‍ സ്ത്രീകളുടെ അവസ്ഥ


മാര്‍ച്ച് 8 സാര്‍വദേശീയ മഹിളാ ദിനമായി ആഘോഷിക്കുമ്പോള്‍, ലോകമെമ്പാടുമുള്ള സ്ത്രീകള്‍ വര്‍ഗസമരത്തിന്റെ ഭാഗമായി മുന്നേറാനും പോരാടാനും തയ്യാറായ ചരിത്രത്തെക്കുറിച്ച് ആവേശപൂര്‍വം ഓര്‍ക്കുമ്പോള്‍ കേരളത്തിലിരുന്ന് സ്ത്രീകള്‍ തിരൂരില്‍ അധമന്മാരാല്‍ പീഡിപ്പിക്കപ്പെട്ട്, ഉപേക്ഷിക്കപ്പെട്ട് ആന്തരാവയവങ്ങളും ജനനേന്ദ്രീയങ്ങളും തകര്‍ന്ന് ആശുപത്രിയില്‍ ഗുരുതരമായി കഴിയുന്ന നമ്മുടെ മൂന്നുവയസ്സുകാരി ''കുഞ്ഞിവാവ''യെ ഓര്‍ത്ത് കരയുകയാണ് - പോഷകാഹാരക്കുറവുകൊണ്ടും രക്തക്കുറവുകൊണ്ടെല്ലാം പ്രയാസമനുഭവിക്കുന്ന ആ കുഞ്ഞിന് വലിയ രണ്ടു ശസ്ത്രക്രിയകളെ നേരിടേണ്ടിവന്നു - ഇനിയും ആവശ്യമായി വരും എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. രാഷ്ട്രീയമായും സാമൂഹ്യ അവബോധത്തിന്റെ കാര്യത്തിലും ഉയര്‍ന്നു നില്‍ക്കുന്ന ഈ കൊച്ചുകേരളത്തില്‍ മനുഷ്യമനസ്സുള്ള എല്ലാവരെയും ഞെട്ടിച്ച സംഭവമാണ് ഇത്. അമ്മയുടെ മാറോട് പറ്റിച്ചേര്‍ന്ന് കിടന്നുറങ്ങിയ കുഞ്ഞിനെയാണ് ഉറക്കത്തില്‍ എടുത്തുകൊണ്ടുപോയി ക്രൂരമായി ലൈംഗിക പീഡനം നടത്തി ഉപേക്ഷിച്ചത്. ഒരു കൊച്ചു കുഞ്ഞിനുപോലും പെണ്ണായതിന്റെ പേരില്‍ സൈ്വര്യമായി കിടന്നുറങ്ങാന്‍ കേരളത്തില്‍ കഴിയുന്നില്ല എന്ന് പറയുമ്പോള്‍ എത്രമാത്രം അരക്ഷിതാവസ്ഥയാണ് ഇവിടെ? - ആരോരുമില്ലാത്ത അമ്മയും ആകാശവും ഭൂമിയും സ്വന്തമാണെന്നും കരുതി തെരുവില്‍ കഴിഞ്ഞ ഈ പെണ്‍കുട്ടിക്ക് വേണ്ടി മെഴുകുതിരി കത്തിക്കാനോ പ്രാര്‍ഥിക്കാനോ ആരുമില്ലേ? - അവള്‍ ഇന്ത്യയിലെ പൗരയായിട്ടുപോലും ഒരു ഔദ്യോഗിക രേഖയിലും ചിലപ്പോള്‍ അവളെ കാണാന്‍ കഴിയുമായിരിക്കില്ല - അതുകൊണ്ട് അവള്‍ക്കും അവളെപ്പോലുള്ള ലക്ഷക്കണക്കിന് കുഞ്ഞുങ്ങള്‍ക്കും സുരക്ഷിതത്വം നല്‍കാന്‍ രാഷ്ട്രം ഭരിക്കുന്നവര്‍ക്ക് ഉത്തരവാദിത്തമില്ലെന്നാണോ? ആത്മാഭിമാനത്തോടെയും അന്തസ്സോടെയും ജീവിക്കാനുള്ള അവകാശം ഉറപ്പുതരുന്ന ഭരണഘടനയുള്ള രാജ്യത്താണ് നാം ജീവിക്കുന്നതെന്ന് പറയുമ്പോള്‍ ലജ്ജ തോന്നുകയാണ്. സ്ത്രീയുടെയും പെണ്‍കുഞ്ഞുങ്ങളുടെയും ആത്മാഭിമാനത്തെയും അന്തസ്സിനെയും നിമിഷങ്ങള്‍ തോറും ഹനിച്ചുകൊണ്ടിരിക്കയാണ് - ഇവിടെ മനുഷ്യാവകാശം സ്ത്രീകള്‍ക്കും പെണ്‍കുഞ്ഞുങ്ങള്‍ക്കും പ്രാപ്യമല്ലാതായിരിക്കുന്നു - സംഭവം നടന്ന് രണ്ട് ദിവസം കഴിഞ്ഞിട്ടും മുഖ്യമന്ത്രിയോ, ആഭ്യന്തര മന്ത്രിയോ ഈ പാവപ്പെട്ട, ആ കൊച്ചുകുഞ്ഞിന്റെ സംരക്ഷണത്തെക്കുറിച്ചോ, പ്രതികളെക്കുറിച്ചോ പറയാന്‍ തയ്യാറാവുന്നില്ല.  പീഡനങ്ങള്‍ക്ക് ഇരയാവുന്നവരുടെ കേസുകള്‍ ആത്മാര്‍ഥമായി നടത്താന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ല. സ്ത്രീയുടെയും കുഞ്ഞുങ്ങളുടെയും ജീവനും അന്തസ്സും മാന്യതയും സംരക്ഷിക്കേണ്ട സര്‍ക്കാര്‍ ഇരയെ സംരക്ഷിക്കുന്നതിന് പകരം പ്രതികളെ സംരക്ഷിക്കാനുള്ള തിടുക്കത്തിലാണ്. സൂര്യനെല്ലി കേസില്‍ പി ജെ കുര്യന്‍ തന്നെ പീഡിപ്പിച്ചു എന്ന് പെണ്‍കുട്ടി തുറന്നു പറഞ്ഞിട്ടും പുനരന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ല - സ്ത്രീ സംരക്ഷണത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് പിറകോട്ട് പോവുകയാണ് സര്‍ക്കാര്‍. നമ്മുടെ രാജ്യത്തെ ജനാധിപത്യം മുതലാളിത്ത വ്യവസ്ഥയുടെ എല്ലാ ജീര്‍ണതയും പേറിക്കൊണ്ടിരിക്കയാണ്. പണത്തിനുമീതെ പരുന്തും പറക്കുകയില്ല എന്ന സ്ഥിതിവിശേഷമാണ് ഇവിടെയുള്ളത്. പ്രതികള്‍ക്ക് സമ്പത്തും രാഷ്ട്രീയ സ്വാധീനവുമുണ്ടെങ്കില്‍ നിഷ്പ്രയാസം ഏത് കേസുകളില്‍ നിന്നും രക്ഷപ്പെടുവാന്‍ കഴിയും. സ്ത്രീകളെയും കുഞ്ഞുങ്ങളെയും അതിക്രൂരമായി പീഡിപ്പിക്കാനുള്ള ധൈര്യം നല്‍കുന്നത് ഈ പണാധിപത്യമാണ്. ധനത്തിന് വഴങ്ങുന്ന നീതിന്യായവും സര്‍ക്കാരും പൊലീസുമൊക്കെയാണ് സ്ത്രീകള്‍ നേരിടുന്ന അരക്ഷിതാവസ്ഥയ്ക്ക് വലിയ ഒരു കാരണം. ജനാധിപത്യത്തിന്റെ ശ്രീകോവിലെന്ന് വിശേഷിപ്പിക്കുന്ന ഇന്ത്യന്‍ പാര്‍ലമെന്റിന്റെ ഉപരിസഭയില്‍ അധ്യക്ഷ്യം വഹിക്കാന്‍ പി ജെ കുര്യനെ നിയോഗിച്ച കേന്ദ്രസര്‍ക്കാരില്‍ നിന്ന് സ്ത്രീ നീതി പ്രതീക്ഷിക്കാമോ? - കുഞ്ഞാലിക്കുട്ടി ഭരിക്കുന്ന കേരളത്തില്‍ സ്ത്രീ നീതി പ്രതീക്ഷിക്കാമോ? - കേരളത്തില്‍ ഒരു വര്‍ഷക്കാലത്തിനിടയില്‍ 9232 സ്ത്രീ പീഡനകേസുകള്‍ രജിസ്റ്റര്‍ ചെയ്തതായാണ് നാഷണല്‍ സാമ്പിള്‍ സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇരുപത്തിയേഴ് മിനിട്ടില്‍ ഇന്ത്യയില്‍ ഒരു സ്ത്രീ ബലാത്സംഗം ചെയ്യപ്പെടുന്നു. ഓരോ അഞ്ചുമിനിട്ടിലും ഒരു സ്ത്രീ വീടിനകത്തുവെച്ചോ, പുറത്തുവെച്ചോ അതിക്രമങ്ങള്‍ക്ക് ഇരയാവുന്നു. ദേശീയ സംസ്ഥാന വനിതാ കമ്മിഷന്റെ കണക്കനുസരിച്ച് മൂന്നു മാസം പ്രായമായ കൊച്ചുകുഞ്ഞുങ്ങളെ മുതല്‍ തൊണ്ണൂറ്റിയാറ് വയസായ വയോവൃദ്ധകളെവരെ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്നാണ് - നാഷണല്‍ ക്രൈം റിക്കാര്‍ഡ് ബ്യൂറോ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ 24,270 ബലാത്സംഗംങ്ങള്‍ നടന്നെന്നും പതിനാലിനും പതിനെട്ടിനും ഇടയിലുള്ള പതിമൂവായിരത്തി ഇരുന്നൂറ്റി അറുപത്തിനാല് കുട്ടികള്‍ ഇരകളില്‍ ഉള്‍പ്പെടുന്നു എന്നും പറയുന്നു. ഇതില്‍ തന്നെ അച്ഛന്‍, അടുത്ത ബന്ധുക്കള്‍, അയല്‍ക്കാര്‍, ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍, പൊലീസുകാര്‍ എന്നിവരൊക്കെ പ്രതിപട്ടികയില്‍ പെടുന്നു - 21,566 കേസുകളില്‍ പ്രതികള്‍ പരിചയക്കാര്‍ തന്നെയാണ്.ഈയടുത്ത ദിവസം യു എസിലെ മനുഷ്യാവകാശ സംഘടനയായ ഹ്യൂമണ്‍ റൈറ്റ്‌സ് വാച്ചിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത് ഇന്ത്യയില്‍ ലൈംഗികാതിക്രമ കേസുകളില്‍ ഇരയാവുന്ന കുട്ടികള്‍ കടുത്ത അവഗണന നേരിടുന്നു എന്നാണ്. വര്‍ഷത്തില്‍ ഇന്ത്യയില്‍ 7200 ത്തിലധികം കുട്ടികള്‍ ലൈംഗിക പീഡനത്തിന് ഇരകളാവുന്നു എന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. വളരെ കുറഞ്ഞ കേസുകള്‍ മാത്രമേ പുറത്തുവരുന്നുള്ളു എന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.ഇത്തരമൊരു സാഹചര്യത്തിലാണ് ഇന്ത്യയില്‍ സ്ത്രീകള്‍ സാര്‍വദേശീയ മഹിളാ ദിനം ആഘോഷിക്കുന്നത്. ഇന്ത്യയിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക സുരക്ഷിതത്വമോ, തൊഴില്‍ സുരക്ഷിതത്വമോ, ആരോഗ്യ സുരക്ഷിതത്വമോ, ഭക്ഷ്യസുരക്ഷിതത്വമോ, ജീവിത സുരക്ഷിതത്വമോ ഇല്ലാത്ത അവസ്ഥ.ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന വോട്ടര്‍മാരായ സ്ത്രീകളുടെ മുന്നില്‍ ഓരോ തെരഞ്ഞെടുപ്പിലും ഭരണാധികാരിവര്‍ഗം വാഗ്ദാനങ്ങള്‍ അകമഴിഞ്ഞ് നല്‍കുമെങ്കിലും എല്ലാം ജലരേഖകളായി മാറുകയാണ്. ഈ മാര്‍ച്ച് എട്ടിന് എന്‍ എഫ് ഐ ഡബ്ല്യൂ ഉയര്‍ത്തിപ്പിടിക്കുന്ന മുദ്രാവാക്യം സ്ത്രീ സുരക്ഷ ഉറപ്പുവരുത്തുക, ഭരണഘടനാവകാശങ്ങള്‍ ഉറപ്പുവരുത്തുക എന്നുള്ളതാണ്.1947 ല്‍ നമ്മുടെ രാജ്യം സ്വതന്ത്രമായതിനെ തുടര്‍ന്ന് നമ്മള്‍ക്ക് സ്വന്തമായ ഒരു ഭരണഘടനയുണ്ടായി. നമ്മുടെ ഭരണഘടനയെ സാമൂഹിക പരിഷ്‌ക്കരണത്തിനുള്ള ഒരു നയരേഖയായിട്ടാണ് പല പ്രമുഖരും വിലയിരുത്തിയിട്ടുള്ളത്. ഭരണഘടനയില്‍ പതിനാലാം അനുച്ഛേദം സ്ത്രീകള്‍ക്ക് പുരുഷന്മാരോടൊപ്പം എല്ലാ കാര്യങ്ങളിലും തുല്യത ഉറപ്പുവരുത്തുകയും സ്ത്രീകളെ ഒരു പ്രത്യേക വിഭാഗമായി കണ്ടുകൊണ്ട് അവര്‍ക്കുവേണ്ടിയുള്ള നിയമനിര്‍മാണം നടത്താന്‍ സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്യുന്നു. ഭരണഘടനയുടെ പതിനഞ്ചാം അനുച്ഛേദം പൗരന്മാര്‍ക്ക് വിവേചനത്തില്‍ നിന്ന് സംരക്ഷണം നല്‍കുന്നു. മാത്രമല്ല ലിംഗപരമായ വിവേചനം തടയാന്‍ പ്രത്യേകമായി നിര്‍ദേശിക്കുകയും വ്യക്തികള്‍ക്ക് സമത്വം പ്രദാനം ചെയ്യാന്‍ ഈ വകുപ്പ് ഭരണകൂടത്തോട് അനുശാസിക്കുകയും ചെയ്യുന്നു. അതിനുവേണ്ടിയാണ് ഭരണഘടനയുടെ 15 (3) അനുച്ഛേദം സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനത്തിനായി പ്രത്യേക നിയമ നിര്‍മാണം നടത്താനുള്ള അധികാരം സര്‍ക്കാരിന് നല്‍കിയിരിക്കുന്നത്. ദത്താത്രേയ മോത്തിറാം ഢ െദി സ്റ്റേറ്റ് ഓഫ് ബോംബെ കേസില്‍ ചീഫ് ജസ്റ്റിസ് ആയിരുന്ന ചറാള പറഞ്ഞു: ''ഭരണഘടനയുടെ പതിനഞ്ചാം അനുച്ഛേദത്തില്‍ ഒന്നും മൂന്നും ഉപവകുപ്പുകള്‍ ചേര്‍ത്തു വായിക്കുമ്പോള്‍ സര്‍ക്കാരിന് പുരുഷനെതിരെ സ്ത്രീകള്‍ക്ക് അനുകൂലമായി നിയമങ്ങളുണ്ടാക്കാം എന്നും സ്ത്രീകള്‍ക്കെതിരെ പുരുഷന്മാര്‍ക്ക് വേണ്ടി ഇത്തരത്തില്‍ നിയമനിര്‍മാണം അസാധ്യമാണ് എന്നും ഭരണഘടനയുടെ അനുച്ഛേദം പത്തൊമ്പതില്‍ സ്വാതന്ത്ര്യത്തിനുള്ള അവകാശങ്ങളെക്കുറിച്ച് പറയുന്നു. സുരക്ഷിതമായും സ്വതന്ത്രമായും സഞ്ചരിക്കാനുള്ള ആര്‍ട്ടിക്കിള്‍ 19 (1) (ഡി) അവകാശം മഹത്താണ്. ഭരണഘടനയുടെ ഇരുപത്തൊന്നാം അനുച്ഛേദം ജീവിക്കാനുള്ള അവകാശവും വ്യക്തി സ്വാതന്ത്ര്യവും ഉറപ്പുവരുത്തുന്നു. ഈ അവകാശം ആത്മാഭിമാനത്തോടെയും അന്തസ്സോടെയും ജീവിക്കാനുള്ള അവകാശമാണ്.ഇന്ത്യന്‍ ഭരണഘടന 64-ാമത്തെ വയസ്സിലെത്തുമ്പോഴും ഭരണഘടനയില്‍ വിഭാവനം ചെയ്ത നീതിയും സ്വാതന്ത്ര്യവും സാഹോദര്യവും തുല്യതയും എല്ലാം കേവലം ജലരേഖകള്‍ മാത്രം. പൗരസ്വാതന്ത്ര്യങ്ങള്‍ എത്ര കണ്ട് അനുഭവിക്കാന്‍ സാധിക്കുന്നുവോ അതിന്റെയടിസ്ഥാനത്തില്‍ മാത്രമേ ജനാധിപത്യ വ്യവസ്ഥിതിയുടെ വിജയത്തെ ഗണിക്കാന്‍ കഴിയുള്ളു. ഇന്ത്യയിലെ ജനസംഖ്യയില്‍ ബഹുഭൂരിപക്ഷം വരുന്ന സ്ത്രീകളെ സംബന്ധിച്ചിടത്തോളം സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ സ്വന്തം ഭരണഘടനാവകാശങ്ങള്‍ അനുഭവയോഗ്യമാവുന്നില്ല എന്നതാണ് സത്യം. നിരന്തരമായി അവള്‍ക്ക് നീതി നിഷേധിക്കപ്പെടുന്നു. അവള്‍ക്ക് അത്താണിയായി നിലകൊള്ളേണ്ട കോടതികളില്‍ നിന്നും കാലതാമസമുണ്ടാവുന്നു.ആത്മാഭിമാനത്തോടെയും അന്തസ്സോടെയും ജീവിക്കാനുള്ള സ്ത്രീയുടെ ഭരണ ഘടനാ  അവകാശങ്ങള്‍ അട്ടിമറിക്കപ്പെട്ടിരിക്കുന്നു. 103-ാം സാര്‍വദേശീയ മഹിളാദിനം ആഘോഷിക്കുന്നവേളയില്‍ സ്വതന്ത്ര ഇന്ത്യയില്‍ സ്ത്രീയെ ഒരു സഹജീവിയായി കാണാന്‍പോലും സമൂഹം തയ്യാറാവാത്തതിന്റെ അനുഭവത്തില്‍ നമുക്ക് ലജ്ജിക്കാം.

*അഡ്വ. പി വസന്തം ജനയുഗം 08 മാര്‍ച്ച് 2013

No comments:

Post a Comment