കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലത്ത് ലോകരാഷ്ട്രീയത്തില്‍ വേറിട്ട ശബ്ദമായി ഉയര്‍ന്നുനിന്ന, സാമ്രാജ്യത്വവിരുദ്ധ പോരാട്ടങ്ങളിലെ മുന്നണിപ്പോരാളിയായ ഹ്യൂഗോ ഷാവേസ് ഓര്‍മയായി. എന്നും ദരിദ്രപക്ഷത്തിെന്‍റ വക്താവായിരുന്ന ഷാവേസിന് സോഷ്യലിസ്റ്റാവുകയെന്നത് അനിവാര്യതയായിരുന്നു. 20ാം നൂറ്റാണ്ടിലെ സോഷ്യലിസ്റ്റ് പരീക്ഷണങ്ങളില്‍നിന്ന് വേറിട്ട പരീക്ഷണങ്ങള്‍ക്കാണ് അദ്ദേഹത്തിെന്‍റ നേതൃത്വത്തില്‍ വെനസ്വേല സാക്ഷ്യംവഹിച്ചത്. സോവിയറ്റ് യൂണിയെന്‍റ പതനത്തോടുകൂടി സോഷ്യലിസത്തിന് അന്ത്യം കുറിച്ചിരിക്കുന്നുവെന്നും മുതലാളിത്തത്തിനു കീഴടങ്ങുകയല്ലാതെ, നവഉദാരവല്‍ക്കരണം നടപ്പാക്കുകയല്ലാതെ ലോകത്തിനുമുന്നില്‍ മറ്റൊരു പോംവഴിയുമില്ലെന്ന പ്രചരണം കൊണ്ടുപിടിച്ച് നടന്നിരുന്ന വേളയിലായിരുന്നു 1998ല്‍ ഷാവേസ് തിരഞ്ഞെടുപ്പിലൂടെ വെനസ്വേലയില്‍ അധികാരത്തില്‍ എത്തിയത്. നവഉദാരവല്‍ക്കരണ നയങ്ങള്‍ക്കെതിരായി വെനസ്വേലയിലെ ജനങ്ങള്‍ നടത്തിയ പോരാട്ടമാണ് ഷാവേസ് അധികാരത്തില്‍ വരുന്നതിനിടയാക്കിയത്.
ചരിത്ര പശ്ചാത്തലം
1989 അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നത് ഇരുപതാം നൂറ്റാണ്ടിലെ സോഷ്യലിസത്തിെന്‍റ തകര്‍ച്ചയുടെ വര്‍ഷമായാണ്; ബെര്‍ലിന്‍ മതിലിെന്‍റ പതനത്തിെന്‍റ വര്‍ഷമായാണ്. എന്നാല്‍ മുഖ്യധാരാ ചരിത്രകാരന്മാരും മാധ്യമങ്ങളും മൂടിവെയ്ക്കുന്ന ഒരു മറുവശം കൂടി 1989 എന്ന വര്‍ഷത്തിനുണ്ട്. നവലിബറല്‍ നയങ്ങളുടെ പരീക്ഷണശാലയായ ലാറ്റിന്‍ അമേരിക്കയില്‍ ആ നയങ്ങള്‍ക്കെതിരായ ജനങ്ങളുടെ ചെറുത്തുനില്‍പിെന്‍റയും കലാപത്തിെന്‍റയും തുടക്കം കുറിക്കുന്ന വര്‍ഷം കൂടിയാണത്; ആ ജനകീയ പോരാട്ടങ്ങളിലൂടെ ഉയര്‍ന്നുവന്ന രാഷ്ട്രീയ അന്തരീക്ഷമാണ് പിന്നീട് 21ാം നൂറ്റാണ്ടിലെ സോഷ്യലിസം എന്ന സങ്കല്‍പനത്തിെന്‍റ ഉരുവംകൊള്ളലിന് ഇടയാക്കിയത്.
1988ല്‍ വെനസ്വേലയില്‍ ഡെമോക്രാറ്റിക് ആക്ഷന്‍ പാര്‍ടിയുടെ (ഡിഎ) പ്രസിഡന്‍റ് സ്ഥാനാര്‍ഥിയായി മല്‍സരിച്ച് വിജയിച്ച കാര്‍ലോസ് ആന്ദ്രേ പെരെസ് തിരഞ്ഞെടുപ്പ് വേളയില്‍ നല്‍കിയ വാഗ്ദാനം താന്‍ അധികാരത്തില്‍ എത്തുന്നതോടെ ഐഎംഎഫ് കുറിപ്പടി പ്രകാരം രാജ്യത്ത് നടപ്പാക്കിവരുന്ന സാമ്പത്തിക നയങ്ങളില്‍ മാറ്റം വരുത്തുമെന്നായിരുന്നു. എന്നാല്‍ അധികാരത്തിലെത്തിയതിനെ തുടര്‍ന്ന് ആ നയങ്ങളില്‍നിന്ന് പിന്തിരിഞ്ഞില്ലെന്ന് മാത്രമല്ല, അമേരിക്കയുടെയും ഐഎംഎഫിെന്‍റയും നിര്‍ദേശം ശിരസ്സാവഹിച്ച് ചെലവ് ചുരുക്കല്‍ പരിപാടികള്‍ എന്ന പേരില്‍ ജനങ്ങള്‍ക്കുമേല്‍ അധികഭാരം അടിച്ചേല്‍പിക്കുകയുമുണ്ടായി.
പത്തുവര്‍ഷത്തിലേറെയായി വെനസ്വേലയിലെ സര്‍ക്കാര്‍ ഐഎംഎഫുമായുള്ള വായ്പാ കരാര്‍ പ്രകാരം നടപ്പാക്കിവരുന്ന സാമ്പത്തിക നയങ്ങള്‍ ഐഎംഎഫ് സ്വേച്ഛാധിപത്യം എന്നാണ് ഇത് വിശേഷിപ്പിക്കപ്പെടുന്നത് കാരണം പൊറുതിമുട്ടിയിരുന്ന ജനങ്ങള്‍ക്ക് പുതിയ ചെലവ് ചുരുക്കല്‍ പരിപാടികള്‍ കനത്ത ആഘാതമാണ് സൃഷ്ടിച്ചത്. 1989 ഫെബ്രുവരി 27ന് ബസ് ചാര്‍ജ് വര്‍ധനയ്ക്കെതിരെ കാരക്കാസിലെ ജനങ്ങള്‍ തെരുവിലിറങ്ങിയതോടെ തുടക്കംകുറിച്ച ജനകീയ കലാപം അതിവേഗം രാജ്യമാകെ പടര്‍ന്നു പിടിക്കുകയാണുണ്ടായത്. ബസ്സുകള്‍ തകര്‍ത്തും അഗ്നിക്കിരയാക്കിയും സൂപ്പര്‍ മാര്‍ക്കറ്റുകള്‍ കൊള്ളയടിച്ചും ദരിദ്രരായ ജനസഞ്ചയം അതിസമ്പന്നര്‍ക്ക് സുഖസൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ അഭിരമിച്ചിരുന്ന ഭരണവ്യവസ്ഥയ്ക്കെതിരായ തങ്ങളുടെ രോഷം പ്രകടിപ്പിക്കുകയാണുണ്ടായത്. കാരക്കസൊ എന്നറിയപ്പെടുന്ന ആ കലാപം ഭരണകൂടത്തിെന്‍റ സമസ്ത ശക്തിയും പ്രയോഗിച്ച് അടിച്ചമര്‍ത്തപ്പെട്ടെങ്കിലും, മൂവായിരത്തിലേറെ ജനങ്ങള്‍ കൊല്ലപ്പെട്ട ആ വന്‍ജനമുന്നേറ്റം ഭാവിയിലെ വലിയ രാഷ്ട്രീയ വഴിത്തിരിവിന് വഴിമരുന്നിടുകയാണുണ്ടായത്. 1958ല്‍ ജനറല്‍ പെരെസ് ജിമെനസിെന്‍റ പട്ടാളഭരണം അവസാനിപ്പിക്കുന്നതിനിടയാക്കിയ ജനകീയ പ്രക്ഷോഭത്തിനുശേഷം നടന്ന ഏറ്റവും വലിയ, ഒരുപക്ഷേ അതിലും വലിയ, ജനമുന്നേറ്റത്തിനായിരുന്നു
1989ല്‍ നവലിബറല്‍ നയങ്ങള്‍ക്കെതിരെ വെനസ്വേല സാക്ഷ്യംവഹിച്ചത്. ഷാവേസിെന്‍റ ജീവചരിത്രകാരനും 'ദ ഗാര്‍ഡിയന്‍' പത്രത്തിെന്‍റ ലാറ്റിന്‍ അമേരിക്കന്‍ ലേഖകനുമായ റിച്ചാര്‍ഡ് ഗോട്ട് കാരക്കസൊ കലാപത്തെക്കുറിച്ച് പ്രസ്താവിക്കുന്നത്, "വെനസ്വേലയിലെ പഴയ ഭരണത്തിെന്‍റ അന്ത്യത്തിെന്‍റ ആരംഭം" എന്നാണ്. വെനസ്വേലയിലെ സൈന്യത്തില്‍ കേണലായി ജോലി നോക്കിയിരുന്ന ഹ്യൂഗോ ഷാവേസിെന്‍റ നേതൃത്വത്തില്‍ ഇടതുപക്ഷക്കാരായ ഒരു സംഘം യുവസൈനികര്‍ ലാറ്റിന്‍ അമേരിക്കന്‍ വിമോചന നായകനായിരുന്ന സൈമണ്‍ ബൊളിവറുടെ 200ാം ജന്മവാര്‍ഷികത്തെ സൂചിപ്പിച്ചുകൊണ്ട് 1982ല്‍ തന്നെ ബൊളിവേറിയന്‍ വിപ്ലവ പ്രസ്ഥാനം 200 (എംബിആര്‍ 200) എന്ന ഒരു രഹസ്യ സംഘടനയ്ക്ക് സൈന്യത്തിനുള്ളില്‍ രൂപം നല്‍കിയിരുന്നു. കാരക്കാസ് കലാപത്തെ ചോരയില്‍ മുക്കിയതില്‍ അസ്വസ്ഥരായ ("വംശഹത്യ"യായിരുന്നു അത് എന്നാണ് ഷാവേസ് പില്‍ക്കാലത്ത് വിശേഷിപ്പിച്ചത്) ഷാവേസും സംഘവും "ഓപ്പറേഷന്‍ സമോറ" (ലാറ്റിന്‍ അമേരിക്കന്‍ വിമോചന പോരാട്ടത്തില്‍ ബൊളിവറുടെ സഹപ്രവര്‍ത്തകനായിരുന്നു എസെക്വിയേല്‍ സമോറ) എന്ന പേരില്‍ കാര്‍ലോസ് ആന്ദ്രേ പെരസിെന്‍റ സര്‍ക്കാരിനെതിരെ ഒരു സൈനിക അട്ടിമറിക്കുള്ള ആലോചന തുടങ്ങി. സൈനിക നടപടി തുടങ്ങുമ്പോള്‍ തന്നെ പുറത്ത് ബഹുജന പ്രക്ഷോഭവും ആരംഭിക്കാന്‍ ഇടതുപക്ഷ പാര്‍ടികളുമായി രഹസ്യധാരണയുമുണ്ടാക്കിയിരുന്നു.
എന്നാല്‍ ആസൂത്രണത്തിലെ പാളിച്ചകളും പുറത്തുള്ള പ്രസ്ഥാനവുമായി ശരിയായ ഏകോപനം ഇല്ലാതിരുന്നതുംമൂലം 1992 ഫെബ്രുവരി 4ന് നടന്ന സൈനിക കലാപം പരാജയപ്പെട്ടു; ഷാവേസും സംഘവും അറസ്റ്റു ചെയ്യപ്പെട്ടു. ആ വര്‍ഷം തന്നെ നവംബറില്‍ ഷാവേസിെന്‍റ സുഹൃത്തുക്കള്‍ വീണ്ടും ഒരു അട്ടിമറി നീക്കം കൂടി നടത്തിയെങ്കിലും അതും പരാജയപ്പെടുകയുണ്ടായി. 1994ല്‍ തെന്‍റ തിരഞ്ഞെടുപ്പ് വാഗ്ദാനപ്രകാരം പ്രസിഡന്‍റ് റാഫേല്‍ കാല്‍ഡെറ ഹ്യൂഗോ ഷാവേസിനെയും സഹപ്രവര്‍ത്തകരെയും ജയില്‍ മോചിതരാക്കി. ജയില്‍ മോചിതനായ ഷാവേസ് ക്യൂബയിലെത്തി ഫിദെല്‍ കാസ്ട്രോയുമായി നടത്തിയ സുദീര്‍ഘമായ ചര്‍ച്ചകള്‍ക്കൊടുവിലാണ് വെനസ്വേലയില്‍ തിരിച്ചെത്തി ഫിഫ്ത്ത് റിപ്പബ്ലിക്കന്‍ മൂവ്മെന്‍റ് എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന് രൂപം നല്‍കി തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്താനുള്ള പ്രചരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ആ കാലത്തുതന്നെ സൈന്യത്തില്‍ തെന്‍റ സുഹൃത്തും സഹപ്രവര്‍ത്തകനുമായിരുന്ന ഫ്രാന്‍സിസ്കൊ കാര്‍ദിനാസ് സോഷ്യലിസ്റ്റ് പാര്‍ടി (റാഡിക്കല്‍ കാസ് എന്നായിരുന്നു പാര്‍ടിയുടെ പേര്) സ്ഥാനാര്‍ത്ഥിയായി 1995 ഡിസംബറില്‍ സുലിയ സംസ്ഥാന ഗവര്‍ണര്‍ സ്ഥാനത്തേക്ക് മല്‍സരിച്ച് ജയിക്കുകയുമുണ്ടായി. (ചില പത്രങ്ങളില്‍ ഷാവേസ് സുലിയ ഗവര്‍ണറായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു എന്നു വന്ന വാര്‍ത്ത ശരിയല്ല).
1998 ഡിസംബറില്‍ നടന്ന പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ ഹ്യൂഗോ ഷാവേസ് പാട്രിയോട്ടിക് പോള്‍ എന്ന ഇടതുപക്ഷമുന്നണിയുടെ സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കുകയും വിജയിക്കുകയും ചെയ്തു. ഫിഫ്ത്ത് റിപ്പബ്ലിക്കന്‍ മൂവ്മെന്‍റിനെ കൂടാതെ വെനസ്വേലന്‍ കമ്യൂണിസ്റ്റ് പാര്‍ടി, സോഷ്യലിസത്തിനായുള്ള പ്രസ്ഥാനം എന്നിവ ഉള്‍പ്പെടെ 8 പാര്‍ടികള്‍ അടങ്ങിയതായിരുന്നു ആ മുന്നണി. 1992ലെ പരാജയപ്പെട്ട സൈനിക കലാപത്തെത്തുടര്‍ന്ന് ദേശീയ രാഷ്ട്രീയത്തില്‍ ശ്രദ്ധ നേടിയ ഷാവേസ് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ തീരുമാനിച്ചതുതന്നെ വലതുപക്ഷ രാഷ്ട്രീയ പാര്‍ടികളില്‍ അങ്കലാപ്പ് സൃഷ്ടിച്ചു. മുഖ്യ ഭരണവര്‍ഗ കക്ഷികളായ ആക്ഷന്‍ ഡെമോക്രാറ്റിക്കയും കോപ്പെയും ഷാവേസ് ഉയര്‍ത്തുന്ന വെല്ലുവിളി നേരിടാന്‍ പ്രാപ്തിയുള്ള സ്ഥാനാര്‍ത്ഥികള്‍ക്കായി പരക്കം പായാന്‍ തുടങ്ങി. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി വന്ന മുന്‍ സൗന്ദര്യറാണിയും കാരക്കാസ് മേയറുമായ ഐറീന്‍ സയസിനെ പിന്താങ്ങാന്‍ കോപ്പെ പാര്‍ടി തീരുമാനിച്ചു. ജനപിന്തുണയാര്‍ജിക്കാന്‍ ഐറീനെ നിര്‍ത്തിയതുകൊണ്ടും പറ്റില്ലെന്ന് കണ്ട കോപ്പെ നേതൃത്വം പ്രചാരണത്തിനിടയില്‍ തന്നെ തങ്ങളുടെ പിന്തുണ ഹെന്‍റിക് സലാസ് റോമര്‍ എന്ന മറ്റൊരു വലതുപക്ഷ സ്ഥാനാര്‍ത്ഥിക്ക് നല്‍കി. തങ്ങളുടെ പഴയൊരു പടക്കുതിരയായ ലൂയി അല്‍ഫാരോ ഉസേറോയെത്തന്നെ രംഗത്തിറക്കിയ ആക്ഷന്‍ ഡെമോക്രാറ്റിക്കും ഒടുവില്‍ സലാസ് റോമര്‍ക്കു പിന്നില്‍ എത്തി. അങ്ങനെ ഹെന്‍റിക് സലാസ് റോമര്‍ വലതുപക്ഷത്തിെന്‍റയാകെ സംയുക്ത സ്ഥാനാര്‍ത്ഥിയായി മാറി. അതേ വരെ ഭരണ പ്രതിപക്ഷ വിഭാഗങ്ങളായി മാറി മാറി പ്രവര്‍ത്തിച്ചിരുന്ന എഡിയും കോപ്പെയും ഒരേ നുകത്തിന്‍കീഴില്‍ എത്തപ്പെട്ടത് ആദ്യമായാണ്, മൂലധനശക്തികളുടെയും അമേരിക്കയുടെയും ശക്തമായ ഇടപെടലും അതിനുപിന്നില്‍ ഉണ്ടായിരുന്നു.
എന്നാല്‍ 1998 ഡിസംബര്‍ 6ന് നടന്ന തിരഞ്ഞെടുപ്പില്‍ ഈ വലതുപക്ഷ കൂട്ടുകെട്ടിനെ പറ്റെ പരാജയപ്പെടുത്തിയാണ് 56.2 ശതമാനം വോട്ട് നേടി ഹ്യൂഗോ ഷാവേസ് വിജയം വരിച്ചത്. അങ്ങനെ ഷാവേസ് അധികാരത്തിലെത്തുന്നത് നവലിബറല്‍ നയങ്ങള്‍ക്കെതിരെ വെനസ്വേലയില്‍ ഉയര്‍ന്നുവന്ന ജനകീയ പ്രതിഷേധത്തിെന്‍റയും പ്രക്ഷോഭത്തിെന്‍റയും തുടര്‍ച്ചയായാണ്. മാറി മാറി അധികാരത്തിലിരുന്ന മുഖ്യ ഭരണവര്‍ഗ പാര്‍ടികളോടുള്ള ജനങ്ങളുടെ വെറുപ്പും അസംതൃപ്തിയും കൂടി പ്രതിഫലിപ്പിക്കുന്നതായിരുന്നു ഷാവേസിനനുകൂലമായ ജനവിധി.
ഷാവേസിെന്‍റ പരിഷ്കരണങ്ങള്‍
1998 ഡിസംബറിനുശേഷം 2012 ഡിസംബര്‍ വരെ നടന്ന തിരഞ്ഞെടുപ്പുകളിലെല്ലാം ഷാവേസ്, ഷാവേസിെന്‍റ കക്ഷി തുടര്‍ച്ചയായി ജയിക്കുകയായിരുന്നു. ഷാവേസിെന്‍റ മരണവൃത്താന്തം അറിഞ്ഞ് വെനസ്വേലയിലെ തെരുവുകളില്‍ പൊട്ടിക്കരയുന്ന, വാവിട്ടു നിലവിളിക്കുന്ന ജനലക്ഷങ്ങളെയാണ് ലോകം കണ്ടത്. ഈ ജനപിന്തുണയുടെ അടിസ്ഥാന കാരണം എന്ത്? 2007ല്‍ ചെസാ ബൗദിന്‍ എന്ന പത്രപ്രവര്‍ത്തകെന്‍റ ചോദ്യത്തിന് ജോസ് എന്ന ഒരു തയ്യല്‍ തൊഴിലാളി പറഞ്ഞ മറുപടി ശ്രദ്ധേയമാണ്: "ആദ്യം ഞങ്ങള്‍ ഷാവേസിന് വോട്ട് ചെയ്തത് അദ്ദേഹം എഡി, കോപെ എന്നീ കക്ഷികളുടെ സ്ഥാനാര്‍ത്ഥി അല്ലാതിരുന്നതുകൊണ്ടാണ്. പക്ഷേ, പിന്നീട് ഞങ്ങള്‍ അദ്ദേഹത്തിന് വോട്ട് ചെയ്തത് അദ്ദേഹത്തിെന്‍റ ഭരണം ഞങ്ങളുടെ നിത്യജീവിതത്തില്‍ മാറ്റം വരുത്തിയതുകൊണ്ടാണ്. അദ്ദേഹം ആരംഭിച്ച മിഷന്‍ റോബിന്‍സണിലൂടെ ഞാന്‍ എഴുതാനും വായിക്കാനും പഠിച്ചു. അദ്ദേഹം ഞങ്ങളുടെ കുടിലുകളിലേക്ക് ഡോക്ടര്‍മാരെ എത്തിച്ചു. ഞങ്ങളുടെ കൂലി കൊണ്ട് ഞങ്ങള്‍ക്കാവശ്യമായ ഭക്ഷണം കിട്ടുമെന്ന അവസ്ഥയുണ്ടാക്കി. ഇനിയും ഒരുപാട് നേടാനുണ്ട്. അതിനായി പോരാടാനുള്ള ശുഭപ്രതീക്ഷ ഷാവേസ് ഞങ്ങള്‍ക്ക് നല്‍കുന്നു".
അധികാരത്തിലേറിയതുമുതല്‍ ദാരിദ്ര്യവും അസമത്വവും അവസാനിപ്പിക്കുന്നതിനായി ഷാവേസ് നടപ്പാക്കിവരുന്ന കര്‍മ പദ്ധതികളാണ് അദ്ദേഹത്തിെന്‍റ ജനപിന്തുണ വര്‍ദ്ധിപ്പിക്കാന്‍ ഇടയാക്കിയ ശക്തിസ്രോതസ്സ്, അതുതന്നെയാണ് എതിരാളികളെ പ്രകോപിപ്പിക്കുന്നതും. അധികാരത്തില്‍ എത്തിയ ഉടന്‍ നടപ്പിലാക്കിയ പദ്ധതികളില്‍ ഒന്ന് ദാരിദ്ര്യനിര്‍മാര്‍ജ്ജനം ലക്ഷ്യമാക്കിയുള്ള പ്ലാന്‍ ബൊളിവര്‍ 2000 ആണ്. കാരക്കാസൊ കൂട്ടക്കൊലയുടെ 10ാം വാര്‍ഷികാചരണത്തിെന്‍റ ഭാഗമായി 1999 ഫെബ്രുവരി 27നാണ് ഇത് ആരംഭിച്ചത്. 11.3 കോടി ഡോളര്‍ ഇതിനായി നീക്കിവെച്ചു. 70,000 സൈനികോദ്യോഗസ്ഥരെ ഈ പദ്ധതിയുടെ ഭാഗമായി രാജ്യത്താകെ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ നിയോഗിച്ചു. റോഡുകളുടെയും ആശുപത്രികളുടെയും അറ്റകുറ്റപ്പണികള്‍ നിര്‍വഹിക്കുക, സൗജന്യചികില്‍സയും വാക്സിനേഷനുകളും നല്‍കുക, കുറഞ്ഞ വിലയ്ക്ക് ഭക്ഷണസാധനങ്ങള്‍ ജനങ്ങള്‍ക്കെത്തിക്കുക എന്നിവയായിരുന്നു ഇവരുടെ ദൗത്യം. ഇതിനെക്കുറിച്ച് ഷാവേസ് പറഞ്ഞത്, "10 വര്‍ഷത്തിനുമുമ്പ് സൈന്യം ജനങ്ങളെ കൊന്നൊടുക്കുന്നതിനാണ് തെരുവിലിറങ്ങിയത്. ഇപ്പോള്‍ ജനങ്ങളെ സേവിക്കാനാണ്, അവരുടെ സുഹൃത്തുക്കളായാണ് പട്ടാളക്കാര്‍ ജനങ്ങള്‍ക്കിടയില്‍ എത്തുന്നത്" എന്നാണ്.
2001 ഡിസംബറില്‍ ഷാവേസ് പുതിയ ഭരണഘടനാ വ്യവസ്ഥ പ്രകാരം 49 നിയമങ്ങള്‍ തയ്യാറാക്കി പാര്‍ലമെന്‍റിെന്‍റ അംഗീകാരം നേടി. അതില്‍ ഏറ്റവും പ്രധാനം വെനസ്വേലയുടെ വരുമാനത്തിെന്‍റ മുഖ്യസ്രോതസ്സായ പെട്രോളിയം വ്യവസായത്തിനു ചുക്കാന്‍ പിടിക്കുന്ന പൊതുമേഖലാ എണ്ണക്കമ്പനിയുടെ പുനഃസംഘടന ലക്ഷ്യമാക്കിയുള്ളതാണ്. അതോടൊപ്പം പെട്രോളിയം മേഖലയില്‍ ആധിപത്യം പുലര്‍ത്തിയിരുന്ന ബഹുരാഷ്ട്ര കുത്തക എണ്ണക്കമ്പനികളുടെ ചൂഷണത്തിന് അറുതിവരുത്തുകയും പെട്രോളിയം വ്യവസായം ദേശസാല്‍ക്കരിക്കാന്‍ നടപടി തുടങ്ങുകയും ചെയ്തു. അതുവരെ എണ്ണ ഉല്‍പാദനത്തില്‍നിന്നുണ്ടാകുന്ന ലാഭമാകെ സമ്പന്നര്‍ കയ്യടക്കുകയായിരുന്നു. പുതിയ നിയമം വന്നതോടെ അതില്‍ മാറ്റം വരുകയും പെട്രോളിയം വ്യവസായത്തില്‍നിന്നുള്ള ലാഭമാകെ പ്രസിഡന്‍റിെന്‍റ നേരിട്ടുള്ള നിയന്ത്രണത്തില്‍ കൊണ്ടുവരികയും അതാകെ ദാരിദ്ര്യനിര്‍മാര്‍ജന പദ്ധതികള്‍ക്കായി ചെലവഴിക്കാന്‍ വ്യവസ്ഥയുണ്ടാക്കുകയും ചെയ്തു.
പെട്രോളിയം വ്യവസായത്തില്‍നിന്ന് ലഭിക്കുന്ന ലാഭം ഉപയോഗിച്ച് നിരവധി 'മിഷനുകള്‍'ക്ക് രൂപം നല്‍കി. അതിലൊന്നാണ് 'മിഷന്‍ മെര്‍ക്കല്‍'. പ്രാദേശികമായി കര്‍ഷകര്‍ ഉല്‍പാദിപ്പിക്കുന്ന ഉല്‍പന്നങ്ങള്‍ സബ്സിഡി നല്‍കി ഏറ്റെടുക്കുന്ന കാര്‍ഷിക കമ്പോളങ്ങളുടെയും നിത്യോപയോഗ സാധനങ്ങള്‍ ജനങ്ങള്‍ക്കെത്തിക്കാന്‍ നൂറുക്കണക്കിന് ചെറുകിട സൂപ്പര്‍മാര്‍ക്കറ്റുകളുടെയും വിപുലമായ ശൃംഖല ഈ മിഷന്‍ പ്രകാരം രാജ്യത്തുടനീളം കെട്ടിപ്പടുത്തിരിക്കുന്നു. ഇതിലൂടെ സാധാരണ കര്‍ഷകര്‍ക്ക് വിദേശ വിപണിയുമായുള്ള മല്‍സരത്തില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയുന്നു. മാത്രമല്ല, ജനങ്ങളുടെയാകെ ജീവിതനിലവാരം മെച്ചപ്പെടുത്താനും കഴിഞ്ഞിട്ടുണ്ട്. 2004നുശേഷം വെനസ്വേലയിലെ യഥാര്‍ത്ഥ പ്രതിശീര്‍ഷ ജിഡിപിയില്‍ 24 ശതമാനം വളര്‍ച്ച കൈവരിച്ചു. ഷാവേസ് അധികാരത്തില്‍ വരുന്നതിനു മുമ്പുള്ള 20 വര്‍ഷവും പ്രതിശീര്‍ഷ ജിഡിപിയില്‍ തുടര്‍ച്ചയായി ഇടിവാണ് രേഖപ്പെടുത്തിയിരുന്നത്. വിദേശ പൊതുകടം വെനസ്വേലയ്ക്ക് ജിഡിപിയുടെ 28 ശതമാനം മാത്രമേയുള്ളൂ അതിന് നല്‍കേണ്ട പലിശയാകട്ടെ ജിഡിപിയുടെ 2 ശതമാനം മാത്രവും. തൊഴിലില്ലായ്മ ഷാവേസ് അധികാരത്തിലെത്തിയ 1998ലേതിനെക്കാള്‍ ഗണ്യമായി കുറവാണിപ്പോള്‍ 2003ല്‍ 20 ശതമാനമായിരുന്നത് 2012ല്‍ 7 ശതമാനമായി താണു. കടുത്ത ദാരിദ്ര്യം (ഋഃേൃലാല ജീ്ലൃേ്യ) 25 ശതമാനമായിരുന്നത് 10 വര്‍ഷം പിന്നിട്ടപ്പോള്‍ 7 ശതമാനമായി കുറഞ്ഞു. ആകെയുള്ള ദാരിദ്ര്യം (ഛ്ലൃമഹഹ ജീ്ലൃേ്യ) 1998ല്‍ 60 ശതമാനമായിരുന്നത് 2008ല്‍ 25 ശതമാനമായി കുറഞ്ഞു. 90 ശതമാനത്തിലധികം വെനസ്വേലക്കാരും ചരിത്രത്തില്‍ ആദ്യമായി മൂന്ന് നേരം ഭക്ഷണം കഴിക്കുന്നത് ഇപ്പോള്‍ ആദ്യമായാണ്.
മറ്റു മിഷനുകളില്‍ പലതും ജനങ്ങളുടെ ജീവിത ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനായി ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹിക ക്ഷേമം എന്നീ മേഖലകളില്‍ നടപ്പാക്കുന്നവയാണ്. അവയില്‍ ഒന്നാണ് മിഷന്‍ റോബിന്‍സണ്‍. ദരിദ്രര്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടങ്ങളില്‍ അവര്‍ക്ക് അടിസ്ഥാന വിദ്യാഭ്യാസം (ഭാഷ, കണക്ക്, ചരിത്രം എന്നിവയില്‍ പ്രാഥമികമായ അറിവും എഴുതാനും വായിക്കാനുമുള്ള കഴിവും) നല്‍കുന്നതിനായി നൂറുകണക്കിന് വിദ്യാലയങ്ങള്‍ സ്ഥാപിക്കുന്നതാണ് ഈ മിഷന്‍. അതേപോലെ മിഷന്‍ റിബാസും മിഷന്‍ സക്കറും സെക്കന്‍ഡറി വിദ്യാഭ്യാസവും സര്‍വകലാശാല വിദ്യാഭ്യാസവും സൗജന്യമായി നല്‍കുന്നതിനുള്ള ജനകീയ പദ്ധതികളാണ്. കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ പൊതുപണം വിനിയോഗിച്ച് 22 സര്‍വകലാശാലകള്‍ സ്ഥാപിച്ചു. അധ്യാപകരുടെ എണ്ണം 65000 ആയിരുന്നത് 3,50,000 ആയി വര്‍ധിച്ചു. നിരക്ഷരത നിര്‍മാര്‍ജനം ചെയ്യപ്പെട്ടു.
ആരോഗ്യ പരിപാലനരംഗത്തെ പ്രധാനപ്പെട്ട ഒരു പ്രവര്‍ത്തന പരിപാടിയാണ് മിഷന്‍ ബാരിയോ അദേന്ദ്രോ. പ്രാഥമികാരോഗ്യ പ്രവര്‍ത്തനങ്ങളും രോഗപ്രതിരോധ സംവിധാനങ്ങളും ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്നതാണ് അത്. പ്രധാനമായും അയല്‍ക്കൂട്ടങ്ങള്‍ അടിസ്ഥാനമാക്കിയാണ് അതിെന്‍റ പ്രവര്‍ത്തനം. മിഷന്‍ മിലാഗ്രോ എന്ന പദ്ധതിയുടെ കീഴില്‍ കൂടുതല്‍ മികവുറ്റ സാങ്കേതിക സംവിധാനങ്ങളോടു കൂടിയതും നഗരപ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്നതുമായ ആശുപത്രികളുടെ ഒരു ശൃംഖല തന്നെ രൂപപ്പെടുത്തിയിട്ടുണ്ട്. തലസ്ഥാനമായ കാരക്കാസില്‍ തന്നെ ഈ പദ്ധതിക്കുകീഴില്‍ നൂറിലധികം ക്ലിനിക്കുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതിനുപുറമെ രാജ്യത്തിെന്‍റ വിവിധ കേന്ദ്രങ്ങളിലായി അഞ്ഞൂറിലധികം ക്ലിനിക്കുകളും പ്രവര്‍ത്തിച്ചുവരുന്നു.
@ജി. വിജയകുമാര്‍