Thursday, 17 November 2011

വശീകരണങ്ങളില്‍ നഷ്ടപ്പെട്ടുപോകാത്ത ആത്മാവ്

തമിഴ്നാടിന്റെ വിശാലമായ ഭൂപ്രദേശം ഇത്രത്തോളം കൃഷി ചെയ്യപ്പെടാതെ കിടക്കുമ്പോള്‍ ഗ്രാമവാസികള്‍ ചായക്കടകളിലും നിരത്തിന്റെ കവലകളിലും കൂട്ടംകൂടി ഇരുന്നു വെടിപറഞ്ഞു നേരം കളയുന്നത് തനിയ്ക്ക് ഒട്ടും സ്വീകാര്യമല്ല എന്നു തന്റെ മുഴങ്ങുന്ന ശബ്ദത്തില്‍ അദ്ദേഹം പറഞ്ഞു. ഞങ്ങളുടെ നാട്ടുകാര്‍ മടിയന്മാരല്ലെന്നും, അവര്‍ അങ്ങനെത്തന്നെയാകാന്‍ സര്‍ക്കാര്‍ തന്നെ അവരെ നിര്‍ബന്ധിക്കുന്നു എന്നും, ഞങ്ങളുടെ ഭൂഗര്‍ഭജലം കുഴിക്കുംതോറും ഞങ്ങളെ കൊഞ്ഞനംകുത്തി താഴേ ഇറങ്ങിക്കൊണ്ടിരിക്കുകയാണെന്നും ഞാന്‍ വിശദീകരിച്ചു. 'ഇല്ല, ഇല്ല, ഇതില്‍ എനിയ്ക്കു നിങ്ങളോട് യോജിപ്പില്ല', ഇടയില്‍ കയറിപ്പറഞ്ഞു അദ്ദേഹം. 'നിങ്ങള്‍ അതിനോട് യോജിയ്ക്കേണ്ട. പക്ഷേ ഇതെന്റെ അഭിപ്രായമാണ്, ഇത് പറയാന്‍ എന്നെ അനുവദിയ്ക്കൂ' എന്നുപറഞ്ഞു ഞാന്‍ അദ്ദേഹത്തെ നോക്കിയപ്പോള്‍ അദ്ദേഹം ചിരിച്ചുകൊണ്ട് എന്റെ കൈപിടിച്ചു. ഇന്ത്യന്‍ സിനിമയുടെ മെഗാ സ്റ്റാറായ മമ്മൂട്ടിയോടാണ് ഞാന്‍ ഈ സംഭാഷണം നടത്തിക്കൊണ്ടിരുന്നത് എന്ന വസ്തുത ഇല്ലാതായി. ഈ രാജ്യത്തിനോട് സ്നേഹവും കൂറുമുള്ള രണ്ടു വ്യക്തികളുടെ ആത്മാര്‍ഥമായ സംഭാഷണമാണത് എന്നു ഞങ്ങള്‍ രണ്ടുപേര്‍ക്കും മനസ്സിലായി. അതിനായിട്ടുള്ള ഒരു എളിയ പാരിതോഷികമായിരുന്നു ഈ കൈകോര്‍ക്കല്‍ . അതിനുശേഷം ഞങ്ങളുടെ കൂടിക്കാഴ്ചകള്‍ക്കും സംഭാഷണങ്ങള്‍ക്കും വഴിവിട്ടുകൊണ്ട് ഞങ്ങളുടെ മനസ്സിന്റെ വാതിലുകള്‍ എന്നും തുറന്നുതന്നെ കിടന്നു. ഒരു ചിത്രീകരണത്തിനായി തിരുവണ്ണാമലയില്‍ നാല്പതോളം ദിവസം താമസിക്കാനിടയായ കാലത്ത് ഏതാണ്ട് എല്ലാ കാര്‍ യാത്രകളിലും ഞാന്‍ അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നു. കാര്‍ ഓടിച്ചുകൊണ്ട് സാഹിത്യം, കല, ചിത്രകല, ലോകസിനിമ, കൃഷി, രാഷ്ട്രീയം, മാര്‍ക്സിസ്റ്റ് ഭരണം, ബഷീര്‍ , തകഴി, എം ടി എന്നിങ്ങനെ പലതിനെയും കുറിച്ച് അദ്ദേഹം നടത്തിയ സംഭാഷണങ്ങള്‍ . ഇതില്‍ ഭൂരിഭാഗവും വിരുദ്ധമായ പ്രതികരണങ്ങളാല്‍ കയര്‍ത്തു, വീര്‍ത്തു, മൗനത്തിലെത്തിച്ചേര്‍ന്നു. എവിടെയെങ്കിലും കാര്‍ നിര്‍ത്തി, എന്റെ വാശിയേറിയ ആശയങ്ങളുടെ പേരില്‍ പെരുവഴിയില്‍ എന്നെ ഇറക്കിവിടുമോ എന്നു ഞാന്‍ ഭയന്നു. പക്ഷേ, അങ്ങനെയൊന്നും സംഭവിച്ചില്ല. മാത്രമല്ല, മമ്മൂട്ടി എന്ന ആ കലാകാരന്‍ എന്നെ അതിയായി സ്നേഹിച്ചിരുന്നു എന്ന സത്യം ഓരോ ആഴ്ചയും അദ്ദേഹം എനിയ്ക്കുവേണ്ടി തന്റെ വീട്ടില്‍നിന്നും കൊണ്ടുവന്ന മീന്‍കറിയുടെ പുത്തന്‍ സ്വാദിലൂടെ എനിയ്ക്ക് ബോധ്യമായി. ഞാന്‍ അന്നേരം വായിച്ചുകൊണ്ടിരുന്ന കാര്യങ്ങള്‍ ഓരോ ദിവസവും അദ്ദേഹവുമായി പങ്കിടുക എന്നതിന് പകരം അദ്ദേഹത്തോടു എന്തെങ്കിലും പറയുവാനായി ഞാന്‍ വായിക്കാന്‍ തുടങ്ങി. സംഗീതം ആസ്വദിക്കുന്നതുപോലെ സാഹിത്യം പറഞ്ഞുകേള്‍ക്കുന്ന ഏതൊരു കേള്‍വിക്കാരന്റെ വിശാലമായ മൗനവും, പറഞ്ഞുകൊണ്ടിരിക്കുന്ന മനസ്സിന്റെ അഗാധതലങ്ങളില്‍ തിരഞ്ഞ്, ഇനിയെന്തെങ്കിലും മിച്ചമുണ്ടോ എന്നന്വേഷിക്കും. അദ്ദേഹത്തിന്റെ ഭാവവും അങ്ങനെയായിരുന്നു തിരഞ്ഞത്. ഈ രീതിയിലുള്ള സൗഹൃദങ്ങള്‍ സാധാരണമായി സിനിമാ ചിത്രീകരണത്തിന്റെ അവസാന ദിവസങ്ങളില്‍ തീരാറാണ് പതിവ്. കാറില്‍ കയറിയശേഷം കൈവീശുന്നത് മാഞ്ഞുപോകുംവരെ. അയഥാര്‍ഥമായ കണ്ണുനീരോടെ നില്‍ക്കുന്ന ഒരു ആരാധകനും അഭിനേതാവിനും ഇടയിലുള്ള സൗഹൃദമല്ല ഞങ്ങളുടേതെന്ന് താമസിയാതെ മനസ്സിലായി. ചെന്നൈയിലെത്തി രണ്ടു മാസങ്ങള്‍ക്കുള്ളില്‍ എന്നെ അദ്ദേഹത്തിന്റെ വീട്ടിലേക്കു ക്ഷണിച്ചു. ചെന്നൈയിലെ രാജാ അണ്ണാമലൈപുരത്തിലുള്ള ആ വീടിനെ വീടെന്നു വിശേഷിപ്പിക്കാമോ? വീട്ടുമുറ്റത്ത് എന്റെ കാല് പതിച്ച അടുത്ത നിമിഷത്തില്‍ ഇത് വീടിനും അതീതമായ ഏതോ വാക്കുകളാല്‍ നിര്‍മിക്കപ്പെട്ട ഒന്നാണെന്നു തോന്നി. കേരളത്തിലെ പരമ്പരാഗത ശൈലിയില്‍ മറുനാടന്‍ ഓടുകളാല്‍ ആവരണം ചെയ്യപ്പെട്ട ആ വീടിന്റെ ഓരോ ഇഞ്ചും ഒരു കരിനാഗത്തിന്റെ ഞെളിയുന്ന ശരീരത്തെ ഓര്‍മിപ്പിച്ചു. വേനല്‍മഴയില്‍ നനഞ്ഞ ഒരു കൊച്ചുകുട്ടിയുടെ ഉത്സാഹത്തോടെ അദ്ദേഹം എന്നെ ഓരോ മുറിയും കാണിച്ചുതന്നു. ഭംഗിയുള്ള വായനമുറിയും പുസ്തക ശേഖരവും ഹോം തിയറ്ററും ഞാനതുവരെ വേറെയെവിടെയും കണ്ടിട്ടില്ലാത്തവയായിരുന്നു. കേരളത്തില്‍നിന്ന് ലേലത്തില്‍ എടുത്തു കയറ്റിക്കൊണ്ടുവന്ന മരത്തടിയില്‍ മിനുക്കിയെടുത്ത വീടിന്റെ ഓരോ അംഗുലവും ഞാന്‍ എന്റെ കണ്ണുകളാല്‍ ഊറ്റിക്കുടിച്ചു. എന്റെ മനോഗതം മനസ്സിലാക്കി അദ്ദേഹം ഞൊടിയിടയില്‍ പറഞ്ഞു. 'വീടെന്നു പറഞ്ഞാല്‍ വെറുതെ ഭക്ഷണം കഴിച്ചു കിടന്നുറങ്ങുന്ന സ്ഥലം മാത്രമല്ല, ബവാ, അതിനൊക്കെയപ്പുറത്താണത്... സിനിമയെന്നത് എനിയ്ക്ക് ഒരു ജോലിക്കുപോയി വരുന്നതുപോലെയാണ്. പണി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുന്ന ഒരു സര്‍ക്കാരുദ്യോഗസ്ഥനെപ്പോലെയാണ് ഞാനും. പാര്‍ടി, ഡ്രിങ്ക്സ്, ഡാന്‍സ് ഇങ്ങനെയൊന്നുമില്ല. വായന കഴിഞ്ഞാല്‍ പിന്നെ കാര്‍ ഡ്രൈവിങ്. എത്ര ദൂരമാണെങ്കിലും ഞാന്‍ തന്നെ കാറോടിക്കും. വേഗത്തിനോട് എനിയ്ക്കെന്തോ ഒരു ഇഷ്ടമാണ്.....' ആ വേഗതയ്ക്ക് അദ്ദേഹം ഒരിയ്ക്കല്‍ കൊടുത്ത, അല്ല, വാങ്ങിയ വില എനിക്കോര്‍മ വന്നു. അര്‍ധരാത്രിയില്‍ കോഴിക്കോട്ടുനിന്നു മഞ്ചേരി വരുന്ന സംസ്ഥാനപാതയില്‍ കാര്‍ 100 സ്പീഡ് കടന്നു പറക്കുന്നു. അദ്ദേഹമാണ് ഓടിക്കുന്നത്. റോഡിന്റെ ഇരുവശങ്ങളിലും കത്തുന്ന വിളക്കുകള്‍ മിന്നാമിനുങ്ങുകളെപ്പോല്‍ കടന്നുപോകുന്നു. വാഹനത്തിന്റെ വേഗതയും ജീവിതത്തിന്റെ വേഗതയും ഏതെങ്കിലും ഒരിടത്തു നിന്നുപോകുന്നു; അല്ലെങ്കില്‍ അത്യാഹിതം സംഭവിക്കുന്നു. അദ്ദേഹം തീരെ പ്രതീക്ഷിക്കാതെ ഒരു വൃദ്ധന്‍ റോഡ് മുറിച്ചുകടന്നു തന്റെ വാഹനത്തിന്റെ മുന്നില്‍ വന്നുവീഴുന്നു. ആകെ ഞെട്ടി വെപ്രാളപ്പെട്ടു ബ്രേക്കിട്ടു. കാറില്‍ നിന്നും ഇറങ്ങിച്ചെന്ന് അയാളെ മെല്ലെ പൊക്കിയപ്പോള്‍ പരിക്കൊന്നുമില്ല. പതുക്കെ എഴുന്നേറ്റുനിന്ന് റോഡിന്റെ സൈഡിലേക്കുനോക്കുകയാണ് വൃദ്ധന്‍ . ഒരു പഴകിയ തുണിയുടെ ഭാണ്ഡംപോലെ ഒരു സ്ത്രീരൂപം വഴിയില്‍ കിടക്കുന്നു. അവള്‍ വേദനകൊണ്ടു ഞരങ്ങിമൂളുന്നതും വ്യക്തമായി കേള്‍ക്കുന്നു. ഞൊടിയിടയില്‍ സ്ഥിതിഗതി എന്താണെന്നു ഗ്രഹിക്കുന്നു ആ കലാകാരന്റെ മനസ്സ്. ആ സ്ത്രീയെ തന്റെ കാറിന്റെ പിന്‍സീറ്റില്‍ കയറ്റുന്നു. അവള്‍ക്കു തല ചായ്ക്കാന്‍ ആ വൃദ്ധന്റെ മടിയും. ചില നാഴികദൂരം പിന്നിട്ടപ്പോള്‍ മഞ്ചേരിയിലെ സര്‍ക്കാര്‍ ആശുപത്രിയുടെ സമീപത്തെത്തി. ആസ്പത്രിയുടെ മുറ്റത്തെ ഗേറ്റിനടുത്തുള്ള വലിയ വേപ്പിന്റെ താഴെ വണ്ടി നിറുത്തി വൃദ്ധന്റെ കൂടെ താങ്ങിപ്പിടിച്ചുകൊണ്ട് അത്യാഹിത വിഭാഗത്തിലെത്തുന്നു. സര്‍ക്കാരാശുപത്രിയുടെ മങ്ങിയ വെളിച്ചം മമ്മൂട്ടിയുടെ താരപ്രഭയെ മറച്ചുകളഞ്ഞു. ആരും അദ്ദേഹത്തിനെ തിരിച്ചറിഞ്ഞില്ല. ഒരു ചെറിയ സംതൃപ്തി മുഖത്ത് പ്രതിഫലിച്ചുകൊണ്ടു ആ വൃദ്ധന്‍ പുറത്തുവന്നു. അപ്പോഴാണ് സ്വമനസ്സാ അയാള്‍ അദ്ദേഹത്തെ സമീപിച്ചത്. മുഷിഞ്ഞ മുണ്ട് ചികഞ്ഞ് എന്തോ പുറത്തെടുത്തു. പൊടുന്നനവേ ഇദ്ദേഹത്തിന്റെ കൈപിടിച്ചു ചുക്കിച്ചുളിഞ്ഞ രണ്ടുരൂപയുടെ നോട്ടു തിരുകി ആ വൃദ്ധന്‍ . 'മോന്റെ പേരെന്താണ്?' 'മമ്മൂട്ടി'. 'അതെയോ, ശരി ഇത് കൈയില്‍ വച്ചോളൂ'. പേരുപറഞ്ഞിട്ടും തന്നെത്തിരിച്ചറിയാത്ത ആ വയോധികന്‍ തന്ന പണം അദ്ദേഹം ഇന്നും സൂക്ഷിച്ചുവച്ചിട്ടുണ്ടത്രെ. പക്ഷേ അതു തന്റെ അതിവേഗതയ്ക്ക് കിട്ടിയ വിലയാണോ? അല്ലെങ്കില്‍ ആ പെണ്ണിനെ ചുമന്നുകൊണ്ടു വന്നതിനുള്ള കൂലിയാണോ എന്നു മാത്രമേ മനസ്സിലാകാത്തതുള്ളൂ എന്നുപറയുന്നു അദ്ദേഹം. എളിയ മനുഷ്യരുടെ വലിയ സ്നേഹം എന്നാണു നമുക്കെല്ലാം മനസ്സിലായിട്ടുള്ളത്. പൊതുപരിപാടികളില്‍ ഏറെയും പങ്കെടുക്കാറില്ല എന്ന അദ്ദേഹത്തിന്റെ തീരുമാനം സൗഹൃദത്തിന്റെ സങ്കീര്‍ണതയില്‍ വഴിമാറും. അങ്ങനെ ഒരു സന്ദര്‍ഭത്തിലാണ് സംവിധായകന്‍ തങ്കര്‍ ബച്ചന്റെ പുസ്തകപ്രകാശനച്ചടങ്ങിന് അദ്ദേഹം വന്നത്. ഞാനും ആ പരിപാടിയില്‍ ഏതോ ഒരു മൂലയില്‍ ഇരുന്നത് അദ്ദേഹം ശ്രദ്ധിച്ചിരിക്കാനിടയില്ല. ഹൈക്കു കവിതപോലെ ഒരു ചുരുങ്ങിയ പ്രഭാഷണം നടത്തി അദ്ദേഹം. 'ഞാന്‍ സുഹൃത്തുക്കളില്ലാത്തവനാണ്. സിനിമ, വായന, വീട്, ഇതല്ലാതെ വേറെയൊന്നിലും മനസ്സു പതിയുന്നില്ല. തമിഴ്നാട്ടില്‍ എന്റെ മനസ്സിനിണങ്ങിയ ഒരാത്മ സുഹൃത്തുണ്ട് എനിയ്ക്ക്. അങ്ങേര് ഇവിടെയില്ല. അങ്ങേരും അദ്ദേഹത്തെപ്പോലെ തിരുവണ്ണാമലയില്‍ വസിക്കുന്ന ഒരെഴുത്തുകാരനാണ്. പേര്, ബവാ ചെല്ലദുരൈ...' ഇതു കേട്ടപ്പോള്‍ ഈറനണിഞ്ഞ കണ്ണുമായി ഞാന്‍ ആ മനുഷ്യന്റെ സൗഹൃദത്തിന്റെ കരങ്ങള്‍ ദൂരത്തിരുന്നുകൊണ്ട് സ്പര്‍ശിക്കാന്‍ ശ്രമിച്ചു. 1996  എന്റെ ഓര്‍മയുടെ തീരത്ത് ഒതുങ്ങിനില്ക്കുന്ന വര്‍ഷമാണ്. പതിവുപോലെ തിരുവണ്ണാമലയില്‍ രണ്ടുദിവസത്തെ സാഹിത്യ സെമിനാര്‍ . കൂടാതെ മുരുകഭൂപതിയുടെ ഒരു ആധുനിക നാടകവുമുണ്ടായിരുന്നു. ഒരു സിനിമാ ചിത്രീകരണത്തിനായി ഇവിടെ വന്നു താമസിച്ചിരുന്ന മമ്മൂട്ടി എന്നെ അദ്ദേഹത്തിന്റെ റൂമിലേക്ക് ക്ഷണിച്ചുവരുത്തി. തനിയ്ക്ക് ഇന്നു വൈകിട്ട് നടക്കാനിരിക്കുന്ന സാഹിത്യസദസ്സിലും അതിനെത്തുടര്‍ന്നുള്ള നാടകത്തിലും ഒരു ആസ്വാദകനെന്ന നിലയില്‍ പങ്കെടുക്കാന്‍ താല്പര്യമുണ്ടെന്നറിയിച്ചു. ഒരു നിബന്ധന മാത്രം. തന്നോട് പ്രസംഗിക്കാന്‍ പറയരുത്. എന്നാല്‍ മാത്രമേ വരികയുള്ളൂ എന്നും പറഞ്ഞു. ഞാന്‍ ഒരു കൂസലുമില്ലാതെ, 'നിങ്ങള്‍ വിചാരിച്ചാലും അവിടെ പ്രസംഗിക്കാന്‍ പറ്റില്ല', എന്നു പറഞ്ഞു. ഞെട്ടലിന്റെ പച്ചഘട്ടത്തിലേക്ക് പോയ മെഗാസ്റ്റാര്‍ ആശ്ചര്യത്തോടെ ചോദിക്കുന്നു. 'എന്തേ? എന്തുകൊണ്ട്?' അതിനു ഞാന്‍ മറുപടി പറഞ്ഞു, 'കുറഞ്ഞപക്ഷം, ഞാന്‍ ഞങ്ങളുടെ നിര്‍വാഹക കമ്മിറ്റിയില്‍ മുന്‍കൂട്ടി സമ്മതം വാങ്ങണം, സാര്‍ . അതിനിപ്പോ സമയമില്ലല്ലോ..' വളരെ സന്തോഷത്തോടെ അദ്ദേഹം പുറപ്പെട്ട് എന്റെ കൂടെ പരിപാടി നടക്കുന്ന മുനിസിപ്പല്‍ ഗേള്‍സ് സ്കൂളിലേക്ക് വന്നു. വേദിയില്‍ എസ് രാമകൃഷ്ണന്‍ ആവേശത്തോടെ സംസാരിച്ചുകൊണ്ടിരിക്കുന്നുണ്ടായിരുന്നു. പെട്ടെന്നു മമ്മൂട്ടിയുടെ സാന്നിധ്യം കണ്ടറിഞ്ഞ സാഹിത്യാസ്വാദകര്‍ക്കിടയില്‍ ഒരു ചലനമുണ്ടായി. രാമകൃഷ്ണന്‍ തന്റെ പ്രഭാഷണം നിര്‍ത്തിവെച്ചുകൊണ്ടു പറഞ്ഞു. 'ഈ വ്യക്തിയുടെ സാന്നിധ്യം എന്റെ പ്രസംഗത്തെ ശിഥിലമാക്കുന്നു. തിരുവണ്ണാമലയിലെ സാഹിത്യാസ്വാദകര്‍ കാഴ്ചക്കാരല്ല കേള്‍വിക്കാരാണ് എന്നറിഞ്ഞാണ് ഞാനും കോണങ്കിയും ഇത്രയും ദൂരം യാത്ര ചെയ്ത് ഇവിടംവരെ വന്നത്. നിങ്ങള്‍ വെറും കാഴ്ചയുടെ ആളുകളാണെങ്കില്‍ കണ്ടുകൊണ്ടിരുന്നോളൂ. സംസാരിക്കാന്‍ എന്നെക്കൊണ്ടാവില്ല', എന്നുപറഞ്ഞു സദസ്സില്‍ , ഒരാളായിച്ചെന്നിരുന്നു. നിശ്ശബ്ദത മരണത്തെപ്പോലെ ആ സദസ്സെങ്ങും വ്യാപിച്ചു. പിന്നീട് രാമകൃഷ്ണന്‍ തന്റെ പ്രഭാഷണം ഒരു മണിക്കൂറോളം തുടര്‍ന്നു. അതിനുശേഷം നടന്ന മുരുക ഭൂപതിയുടെ 'ചരിത്രത്തിന്റെ അതീതമായ മ്യൂസിയം' എന്ന നാടകം കാണാന്‍ ഞങ്ങള്‍ ഇരിപ്പുറപ്പിച്ചു. ഇടയില്‍ ഒരു സിഗരറ്റ് പുകയ്ക്കാന്‍ കൂരിരുട്ടു വേണ്ടിവന്നു മമ്മൂട്ടിക്ക്. നാടകം ഭ്രമിപ്പിക്കുന്നതായിരുന്നെങ്കിലും അതിന്റെ കഠിനമായ ഭാഷ അദ്ദേഹത്തിനെ അകറ്റി നിര്‍ത്തി. 'ബവാ, എനിയ്ക്ക് ഈ നാടകസംഘവുമായി സ്വകാര്യമായി സംസാരിക്കണം', എന്നായി അങ്ങേര്. ആ സ്കൂളിലെ ഒരു ക്ലാസ്മുറിയിലെ 60 വാട്സിന്റെ മഞ്ഞ മള്‍ബ് ആ സംഭാഷണത്തിന് മതിയായിരുന്നു. അദ്ദേഹം പറഞ്ഞു, 'ഈ നാടകം വളരെ വ്യത്യസ്തമായ ഒന്നാണെന്ന് എനിയ്ക്ക് തോന്നുന്നു. ഇതിലെ കൊറിയോഗ്രാഫി ഞാന്‍ വേറെ എവിടെയും കണ്ടിട്ടില്ല. പക്ഷേ നിങ്ങള്‍ ഉപയോഗിച്ച ഭാഷ അല്പം കാഠിന്യമുള്ളതുമാണ്. അത് എനിയ്ക്ക് പോലും മനസ്സിലായില്ല'. മിതമായ, പക്ഷേ ശക്തമായ വാക്കുകളാല്‍ തന്റെ സംഭാഷണം തുടങ്ങുന്നു. 'എനിയ്ക്കുപോലും എന്നുപറഞ്ഞാല്‍ എന്താണ് സാര്‍ , ഉദ്ദേശിക്കുന്നത്? നിങ്ങളെന്താ അത്ര വലിയ ആളാണോ?' ഒരു യുവനടന്‍ ആരംഭകാല ബുദ്ധിജീവി ചമഞ്ഞ ധാര്‍ഷ്ട്യത്തോടെ വാക്കുകളില്‍ കൈയേറുന്നു. അദ്ദേഹത്തിന്റെ മുഖം തുടുക്കുന്നു. 'തീര്‍ച്ചയായും, തീര്‍ച്ചയായും ഞാന്‍ നിന്നേക്കാള്‍ വലിയ ആള് തന്നെയാ മോനെ. ഇന്നു നാടകരംഗത്ത് ലോകത്തിലെ ഏത് രാജ്യത്തില്‍ എന്ത് നടക്കുന്നു എന്ന് എനിയ്ക്കറിയാം. എന്റെ എല്ലാ തിരക്കുകള്‍ക്കിടയിലും ഞാന്‍ ദിവസേന വായിക്കുന്നുണ്ട്. നാടകരംഗത്ത്, സിനിമയില്‍ , ആര്‍ക്കിടെക്ചറില്‍ എന്ത് സംഭവിച്ചുകൊണ്ടിരിക്കുന്നു. നടനെന്നുപറഞ്ഞു കേമറയ്ക്കു മുന്നില്‍ വെറുതെ ഡയലോഗ് പറഞ്ഞു പോകുന്ന ബൊമ്മയല്ല മോനേ, ഞാന്‍'. ആ ശബ്ദത്തിന്റെ തീവ്രത അവിടെയിരുന്ന ചെറിയ നാടകസംഘത്തെ സ്തംഭിപ്പിക്കുന്നു. ഉഷ്ണംകൊണ്ടു വീര്‍പ്പുമുട്ടിയ ആ മുറിയില്‍ അതീവ സൗഹൃദത്തോടെയും വാത്സല്യത്തോടെയും തന്റെ കോളേജ് പഠനകാല നാടകാനുഭവങ്ങളെ, ഒരു കര്‍ഷകന്‍ ശ്രാവണമാസത്തിലെ ഈര്‍പ്പമുള്ള നിലത്തില്‍ നെല്ലിന്‍ വിത്തുകള്‍ വിതക്കുന്നതുപോലെ അദ്ദേഹം വിതച്ചു. ഇതിനെതുടര്‍ന്നു കഴിഞ്ഞകൊല്ലം മഴ ചൊരിഞ്ഞുപെയ്ത ഒരു ഡിസംബര്‍ മാസത്തില്‍ 'കാഴ്ചപ്പാട്' എന്ന പേരില്‍ മലയാളത്തില്‍ പ്രസിദ്ധീകരിച്ചു പ്രശംസയാര്‍ജിച്ച മമ്മൂട്ടിയുടെ ജീവിതാനുഭവങ്ങളെ എന്റെ സഹധര്‍മിണി ശൈലജ തമിഴില്‍ മൊഴിമാറ്റം ചെയ്തു. ആ കൈയെഴുത്തു പ്രതിയുടെ ആദ്യവായനക്കാരനാകാനുള്ള ഭാഗ്യം എനിയ്ക്കു ലഭിച്ചു. കുറച്ചുനാള്‍ ആ കൈയെഴുത്തു പ്രതിയുമായി ഞാന്‍ ശരിക്കും ജീവിച്ചു. അച്ചടി കഴിഞ്ഞു കൈയില്‍കിട്ടിയ ആദ്യത്തെ കോപ്പിയുംകൊണ്ട് അദ്ദേഹത്തെ ഫോണില്‍ വിളിച്ചു. എന്റെ ഉത്സാഹത്തില്‍ ഒട്ടും കുറവില്ലാതെ അദ്ദേഹവും എന്റെയൊപ്പം സന്തോഷിച്ചു. ഇന്ത്യന്‍ സിനിമാലോകം അതിന്റെ കിരീടത്തില്‍ പ്രതിഷ്ഠിച്ചുവച്ച് ആഘോഷിക്കുന്ന മമ്മൂട്ടി എന്ന ആ ചലച്ചിത്ര കലാകാരന്റെ മനസ്സ് തന്റെ എഴുത്തിന്റെപേരില്‍ അനുഭവിച്ച സന്തോഷവും അഭിമാനവുമായിരുന്നു അത്. അദ്ദേഹം പറഞ്ഞു, 'ഞാന്‍ ഇപ്പോ പോണ്ടിച്ചേരിയില്‍ ഷൂട്ടിങ്ങിലാണ്, ബവാ. ഇന്നലെ രാത്രി നിങ്ങളുടെ നാട്ടിലൂടെയായിരുന്നു യാത്ര. കാറു നിര്‍ത്തി നിന്നെ ഒന്നു വിളിക്കണമെന്നു വിചാരിച്ചു. സമയം നോക്കിയപ്പോ രാത്രി രണ്ടുമണിയായിരുന്നു. വേണ്ടെന്നുവച്ചു ഞാന്‍ ഇങ്ങുപോന്നു. ഇന്നു വൈകിട്ട് ഇങ്ങോട്ട് വരാനാകുമോ, ബവാ?' 'തീര്‍ച്ചയായും വരാം, സാര്‍'. അന്നു വൈകുന്നേരം തന്നെ കൈയില്‍ 'മൂന്നാംപിറ' എന്ന പുസ്തകവുമായി ചില സൃഹുത്തുക്കളെയും കൂട്ടി ഷൂട്ടിങ് നടക്കുന്ന സ്ഥലത്തെത്തി. ആ പുസ്തകത്തിനോട് ഏറെ താല്പര്യവും പ്രതീക്ഷയും കൊണ്ടിരുന്ന അദ്ദേഹത്തിന്റെ വികാരം ആ കണ്ണുകളില്‍ പ്രകടമായിരുന്നു. പുസ്തകം കൈയിലെടുത്ത് ഓരോ പുറവും മറിച്ചുനോക്കി,'ഐ ആം ഇല്ലിട്ടറേറ്റ്', എന്നുപറഞ്ഞു പുസ്തകം എന്റെ കൈയില്‍ തന്നിട്ടു പറഞ്ഞു, 'എനിയ്ക്കു തമിഴ് സംസാരിക്കാനറിയാം, വായിക്കാനറിയില്ല'. ചിത്രീകരണം നിര്‍ത്തി, അവിടെയുള്ള മൊത്തം പേരും ഞങ്ങളുടെ ചുറ്റും കൂടിനിന്നു. ആ സിനിമയുടെ സംവിധായകന്‍ എന്നെ കൊന്നുകളയാന്‍ ഭാവത്തില്‍ തുറിച്ചുനോക്കിക്കൊണ്ടിരുന്നു. മമ്മൂട്ടിസാറോ ഒരു കുലുക്കവുമില്ലാതെ, 'വാ, ഇതിലെ ചില ഭാഗങ്ങള്‍ എനിയ്ക്കുവേണ്ടി നിനക്കു വായിച്ചു തരാമോ?' എന്നുചോദിച്ചു. ഞാന്‍ അത് വായിച്ചു കേള്‍പ്പിച്ചുകൊണ്ടിരുന്നപ്പോള്‍ ആ ചിത്രീകരണസംഘം ആ ഗ്രന്ഥത്തിലെ സത്യസന്ധതയിലും അതിന്റെ തീവ്രതയിലും അലിഞ്ഞുപോയി. അദ്ദേഹം താനെഴുതിയ എഴുത്തിന്റെ വേറൊരു ഭാഷാന്തരീകരണത്തില്‍ അഭിമാനം പൂണ്ടു. മുഴുവനായി മൂന്നുഭാഗങ്ങള്‍ വായിച്ചുകേട്ടശേഷം എന്നെ നോക്കി ചോദിച്ചു. 'ബവാ, ഈ പുസ്തകത്തിന്റെ എല്ലാ പേജുകളിലും ഞാനല്ലേ വില്ലന്‍ , വൃത്തികെട്ടവന്‍ , ദയയില്ലാത്തവന്‍ , അഹങ്കാരി, അല്‍പന്‍ , എല്ലാം..' 'അതെ, സര്‍' 'പക്ഷെ സിനിമയില്‍ മാത്രം ഞാന്‍ ഉയര്‍ന്നവന്‍ , മേന്മയുള്ളവന്‍ , ഉന്നതന്‍ ... എന്തൊരു വിരോധാഭാസമാണ്, നിങ്ങള്‍ ശ്രദ്ധിച്ചോ?' തന്റെ ജീവിതത്തെ സത്യത്തിന് വളരെയടുത്തു കൊണ്ടുചെല്ലാന്‍ ശ്രമിക്കുന്ന ഒരു കലാകാരനില്‍നിന്നും ഞാന്‍ ഏറെ ദൂരത്ത് നില്‍ക്കുന്നതായി തോന്നിയ നിമിഷമായിരുന്നു അത്.
*ബവാ ചെല്ലദുരൈ

No comments:

Post a Comment