2011 ഏപ്രില്‍ 25 മുതല്‍ 29 വരെ ജനീവയില്‍ നടന്ന 'സ്റ്റോക് ഹോം കണ്‍വന്‍ഷന്‍' ലോകത്താകെ എന്‍ഡോസള്‍ഫാന്‍ നിരോധിക്കാന്‍ തീരുമാനിച്ചിരിക്കയാണല്ലോ. ഈ തീരുമാനത്തിന്റെ അന്തഃസത്ത ചോര്‍ത്തിക്കളയാനും നിരോധനം ഫലത്തില്‍ നടപ്പാക്കാതിരിക്കാനുമുള്ള ശ്രമങ്ങളാണ് ഇന്ത്യാസര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ജനീവയില്‍ നേടിയെടുത്ത പഴുതുകളിലൂടെ ഇന്ത്യ കീടനാശിനി ലോബിയെ സഹായിക്കാനുള്ള ശ്രമത്തിലാണ്. ഈയൊരു പശ്ചാത്തലത്തില്‍ കൈക്കൊള്ളേണ്ട നിലപാടുകളും പ്രവര്‍ത്തന പരിപാടികളും ഇന്ന് പ്രധാന ചര്‍ച്ചാവിഷയങ്ങളാണ്. ഇതിന്റെ ഭാഗമായി, കേരള ശാസ്ത്രസാഹിത്യപരിഷത്ത് 'എന്‍ഡോസള്‍ഫാന്‍ ; പോരാട്ടം അവസാനിക്കുന്നില്ല' എന്ന വിഷയത്തില്‍ ഒരു സെമിനാര്‍ സംഘടിപ്പിക്കുകയും ഇക്കാര്യങ്ങള്‍ വിശദീകരിക്കുന്ന ഒരു ഗ്രന്ഥം ('എന്‍ഡോസള്‍ഫാന്‍ : തുടരേണ്ട സമരം') പ്രസിദ്ധീകരിക്കുകയും ചെയ്തു. ഈ ഗ്രന്ഥത്തെ മുന്‍നിര്‍ത്തി പുതിയ സാഹചര്യങ്ങളെക്കുറിച്ചുള്ള പരിശോധനയാണ് ഈ കുറിപ്പ്. ഗ്രന്ഥത്തിന്റെ ഉള്ളടക്കം ആമുഖമടക്കം പതിനൊന്ന് അധ്യായങ്ങളും നാല് അനുബന്ധങ്ങളും അടങ്ങുന്നതാണ് ഗ്രന്ഥത്തിന്റെ ഉള്ളടക്കം. കീടനാശിനികളുടെ നിലവിലുള്ള ഉല്‍പ്പാദനരീതി, ഉപയോഗം, കാര്‍ഷികരംഗത്തെ കോര്‍പറേറ്റ് കടന്നാക്രമണം എന്നിവയൊക്കെ സമഗ്രമായി പുനരവലോകനം ചെയ്യണമെന്ന ആഹ്വാനമാണ് ആമുഖമായി നല്‍കിയിരിക്കുന്നത്. രണ്ടാമത്തെ അധ്യായം കീടനാശിനികളുടെ ഉത്ഭവത്തെപ്പറ്റി പ്രതിപാദിക്കുന്നു. രാസായുദ്ധത്തിന്റെ തുടര്‍ച്ചയായാണ് കീടനാശിനികള്‍ കൂടുതലായി പ്രചരിക്കുന്നത്. ഒന്നും രണ്ടും ലോകയുദ്ധങ്ങളും അതിലെ രാസായുധ പ്രയോഗങ്ങളും കീടനാശിനി വ്യാപനത്തിലേക്ക് നയിച്ച പശ്ചാത്തലം വ്യക്തമാക്കുന്നു. ഏറെക്കാലം മണ്ണിലും മറ്റ് പ്രതലങ്ങളിലും നശിക്കാതെ സ്ഥായിയായി വിഷം വമിപ്പിക്കുന്ന കീടനാശിനികളെപ്പറ്റിയാണ് പിന്നീട് വിശദീകരിക്കുന്നത്. ഇവയെയാണ് 'സ്ഥായിയായ കാര്‍ബണിക കീടനാശിനി' (ജഛജ) കളായി കണക്കാക്കുന്നത്.
എന്‍ഡോസള്‍ഫാന്‍ ഈ വിഭാഗത്തില്‍ പെട്ടതാണ്. തുടര്‍ന്ന് എന്‍ഡോസള്‍ഫാന്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. ഇതിന്റെ പാര്‍ശ്വഫലങ്ങള്‍ , ഇന്ത്യയിലെ ഉല്‍പ്പാദന ചരിത്രം, അന്തര്‍ദേശീയ തലത്തിലെ ഇടപെടലുകള്‍ എന്നിവയൊക്കെയാണ് തുടര്‍ന്ന് പ്രതിപാദിക്കുന്നത്. കീടനാശിനി ഉപയോഗത്തിലെ അശാസ്ത്രീയതകളും അതുണ്ടാക്കുന്ന ആഘാതങ്ങളും ആണ് പിന്നീട് പറയാന്‍ ശ്രമിക്കുന്നത്. തുടര്‍ന്നുള്ള അധ്യായങ്ങള്‍ കാസര്‍ക്കോട്ടെ എന്‍ഡോസള്‍ഫാന്‍ പ്രയോഗം, അതിന്റെ അനന്തര ദുരന്തങ്ങള്‍ എന്നിവ വിശദമായി പരിശോധിക്കുന്നു. അവിടെ നടന്ന വിവിധ പഠനങ്ങളുടെ നിര്‍ദേശങ്ങള്‍ , കാസര്‍ക്കോട്ടെ സവിശേഷ സാഹചര്യങ്ങള്‍ , ജനീവാ തീരുമാനങ്ങള്‍ക്ക് ശേഷമുള്ള സ്ഥിതിഗതികള്‍ , നിരോധനത്തിന്റെ ഗുണം ലഭിക്കണമെങ്കില്‍ ജനകീയ പ്രക്ഷോഭങ്ങള്‍ ഇനിയും തുടരേണ്ടതിന്റെ ആവശ്യകത എന്നീ കാര്യങ്ങളുടെ വിശദീകരണത്തോടെയാണ് ഗ്രന്ഥം അവസാനിക്കുന്നത്. ഒടുവിലായി, ഭാവി പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള അന്വേഷണങ്ങളാണ്. വളരെ പ്രധാനപ്പെട്ട ഏതാനും വസ്തുതകള്‍ ഈ ഗ്രന്ഥത്തിന്റെ അനുബന്ധമായി നല്‍കിയിരിക്കുന്നു. കാസര്‍കോട് ജില്ലയിലെ കശുമാവ് തോട്ടങ്ങളുടെ സ്ഥിതിവിവര കണക്കുകള്‍ , ഡോ. മോഹന്‍കുമാറിന്റെ കത്ത്, ശാസ്ത്രസാഹിത്യ പരിഷത്ത് 2001ല്‍ നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട്, ദുബൈ കമ്മിറ്റി റിപ്പോര്‍ട്ടിന് പരിഷത്തിന്റെ ഭാഗത്തു നിന്നുള്ള വിയോജനക്കുറിപ്പുകള്‍ , പരിഷത്ത് വാര്‍ഷികങ്ങളിലെ പ്രമേയങ്ങള്‍ എന്നിവയാണ് അനുബന്ധങ്ങള്‍ . ഈ രീതിയിലെല്ലാം സമഗ്രവും സമ്പന്നവുമായി കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ ഈ ഗ്രന്ഥത്തിലൂടെ പരിഷത്ത് ശ്രമിക്കുന്നുണ്ട്. എന്‍ഡോസള്‍ഫാന്‍ പ്രശ്നങ്ങളില്‍ വിവിധ ഘട്ടങ്ങളില്‍ വിവിധ തലങ്ങളില്‍ ഇടപെട്ട് പ്രവര്‍ത്തിച്ചവരാണ് ഗ്രന്ഥം തയാറാക്കിയത് എന്നത് അതിന്റെ ആധികാരികത വര്‍ധിപ്പിക്കുന്നു. നിഷ്ഫലമായ നിരോധനം വളരെ ശക്തമായ ജനകീയ പ്രവര്‍ത്തനങ്ങളിലൂടെയും സമ്മര്‍ദങ്ങളിലൂടെയുമാണ് എന്‍ഡോസള്‍ഫാന്റെ ആഗോളനിരോധനം സാധ്യമായത്. (ഇത് സംബന്ധിച്ച ഔദ്യോഗിക വിശദീകരണങ്ങള്‍ ഇനിയും പുറത്തു വരേണ്ടിയിരിക്കുന്നു). കാസര്‍കോട്ടും പരിസരത്തും നടന്ന എണ്ണമറ്റ പ്രക്ഷോഭങ്ങള്‍ , പഠനങ്ങള്‍ , ഗവേഷണങ്ങള്‍ എന്നിവയൊക്കെ പ്രത്യേക പങ്ക് വഹിച്ചു. ഈ ഭാഗത്ത് ഏതാനും മനുഷ്യസ്നേഹികള്‍ ആരംഭിച്ച പഠന/പ്രചാരണ പരിപാടികള്‍ ഘട്ടംഘട്ടമായി ഒരു ജനകീയ പ്രക്ഷോഭമായി വളരുകയായിരുന്നു. പിന്നീട് ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി അടക്കമുള്ളവര്‍ ഇടപെടുകയും സമരം കേരള ജനതയുടെ പൊതുവികാരമായി വളരുകയും ചെയ്തു. എന്നാല്‍ , ഇന്ത്യാസര്‍ക്കാര്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കാതിരിക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയായിരുന്നു. തകര്‍ന്ന മനുഷ്യജീവിതവും അവരുടെ യാതനകളും ഒരു ഭാഗത്തും കോര്‍പറേറ്റ് കമ്പോള താല്‍പ്പര്യങ്ങള്‍ മറുഭാഗത്തും നിലയുറപ്പിച്ചപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ തങ്ങളുടെ വിധേയത്വംകൊണ്ടാവാം കോര്‍പറേറ്റ് പക്ഷത്ത് നിലയുറപ്പിക്കുകയായിരുന്നു. അതൊരു നാണംകെട്ട അടിയറവ് കൂടിയായിരുന്നു.
ജനീവക്ക് ശേഷം ഇന്ത്യാസര്‍ക്കാരിന്റെ കോര്‍പറേറ്റ് വിധേയത്വം ലോകത്തിന്റെ മുന്നില്‍ വെളിവാക്കപ്പെട്ടതും എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ട കീടനാശിനിയാണെന്ന് ലോകരാഷ്ട്രങ്ങള്‍ക്ക് പൊതുവില്‍ അംഗീകരിക്കേണ്ടിവന്നതും ജനീവ സമ്മേളനത്തിന്റെ രണ്ടു സംഭാവനകളാണ്. അതിലപ്പുറം ഒരു നേട്ടവും ഇന്ത്യക്കാര്‍ക്ക് ലഭിച്ചിട്ടില്ല. ഇന്ത്യയിലെ ബഹുഭൂരിഭാഗം ജനങ്ങളും സ്ഥിരമായി ഉപയോഗിക്കുന്ന അരി, ഗോതമ്പ്, ചോളം, ഉരുളക്കിഴങ്ങ്, പച്ചക്കറികള്‍ എന്നിവക്കൊന്നും എന്‍ഡോസള്‍ഫാന്‍ നിരോധനം ഇനിയൊരു അഞ്ച് വര്‍ഷത്തേക്ക് (വേണമെങ്കില്‍ പതിനൊന്ന് വര്‍ഷത്തേക്ക്) ബാധകമല്ല. ഇക്കാലയളവില്‍ കീടനാശിനി ലോബിയുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ കഴിയുമെന്നായിരിക്കാം കേന്ദ്രസര്‍ക്കാര്‍ കണക്കാക്കുന്നത്. എന്‍ഡോസള്‍ഫാന്‍ നിരോധനത്തിനെതിരെ ഇന്ത്യാസര്‍ക്കാര്‍ ഉയര്‍ത്തുന്ന വാദങ്ങളെല്ലാം ചോദ്യം ചെയ്യേണ്ടവയാണ്. അവ(1) ഇന്ത്യന്‍ മെഡിക്കല്‍ ഗവേഷണ കൗണ്‍സിലി (കഇങഞ) നെ പഠിക്കാന്‍ ചുമതലപ്പെടുത്തിയിരിക്കുന്നു എന്നതും പുതിയ പഠനഫലം ലഭിക്കണമെന്നതുമാണ്. (2) എന്‍ഡോസള്‍ഫാന് ബദല്‍ ഇല്ലെന്നതാണ് (3) അതിന് ചെലവ് കുറവാണെന്നതാണ്. ഐസിഎംആര്‍ ഇത്തരത്തിലുള്ള ഒരു പഠനത്തിന്റെ കാര്യം ആലോചിച്ചിട്ടില്ല എന്ന് അതിന്റെ പംക്തികള്‍ ഇതിനകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല പഠനം ഇപ്പോള്‍ ആസൂത്രണം ചെയ്താല്‍ തന്നെ പ്രാഥമിക വിവരങ്ങള്‍ ലഭിക്കാന്‍ മൂന്നു വര്‍ഷമെങ്കിലും വേണ്ടിവരുമത്രെ. അതേസമയം, കഇങഞ ന്റെ നിയന്ത്രണത്തിലുള്ള അഹമ്മദാബാദിലെ ചകഛഒ നടത്തിയ പഠനത്തില്‍ ദുരന്തകാരണം എന്‍ഡോസള്‍ഫാനാണെന്ന് ഏതാണ്ട് സ്ഥിരീകരിച്ചിട്ടുണ്ടുതാനും. 2001ല്‍ കേരള ശാസ്ത്ര സാഹിത്യപരിഷത്തിന്റെ നേതൃത്വത്തില്‍ നടന്ന പഠനവും ഏറ്റവും ഒടുവില്‍ 2011ല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ കമ്യൂണിറ്റി മെഡിസിന്‍ വകുപ്പ് നടത്തിയ പഠനവും ഇതേ ഫലം തന്നെയാണ് നല്‍കുന്നത്. അതിനര്‍ഥം മൂന്ന് ശാസ്ത്രീയ പഠനങ്ങളും വിരല്‍ ചൂണ്ടുന്നത് ഒരേ ദിശയിലേക്ക് തന്നെ ആണെന്നതാണ്. അതാകട്ടെ, എന്‍ഡോസള്‍ഫാന്റെ ദുരുപയോഗത്തിലേക്കാണു താനും. എന്‍ഡോസള്‍ഫാന് ബദല്‍ ഇല്ലെന്നതാണ് രണ്ടാമത്തെ വാദം. ഒരു കീടത്തിന്നെതിരെ ഒരൊറ്റ കീടനാശിനി മാത്രമെ പ്രയോഗിക്കാവൂ എന്നത് നിലവിലുള്ള ശാസ്ത്രീയ നിഗമനങ്ങളെയും ഔദ്യോഗിക 'പാക്കേജ് ഓഫ് പ്രാക്ടീസിന്റേയും' നിരാകരണമാണ്. എത്രയോ കീടനാശിനികള്‍ ഒരു കീടത്തിന്നെതിരെ ശുപാര്‍ശ ചെയ്യുന്നുണ്ട്. അതില്‍ പ്രതികൂല ഫലങ്ങള്‍ ഏറ്റവും കുറഞ്ഞവ ഉപയോഗിക്കാനാണ് ശ്രമിക്കേണ്ടത്. എന്നാല്‍ എന്‍ഡോസള്‍ഫാന്റെ അത്രയും (നശിക്കാന്‍ കൂടുതല്‍ സമയം വേണ്ടിവരുന്ന, വെള്ളത്തില്‍പോലും ലയിക്കാത്ത) നല്ല കീടനാശിനി വേറെ ഇല്ലെന്ന നിലപാടാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു. മൂന്നാമത്തേത് ചെലവിന്റെ പ്രശ്നമാണ്. ചെലവ് എന്നത് ഉല്‍പ്പാദനത്തിനുള്ള പ്രത്യക്ഷ ചെലവ് മാത്രമല്ല. സമൂഹത്തിന്റെ, പരിസ്ഥിതിയുടെ, ജനങ്ങളുടെ, ജീവജാലങ്ങളുടെ എല്ലാം ദുരിതവും ദുരന്തവും കൂടി ചേര്‍ന്ന പരോക്ഷമായതും സമൂഹം വഹിക്കുന്നതുമായ എല്ലാ കാര്യങ്ങളും ചെലവിന്റെ കണക്കില്‍ പെടുത്തേണ്ടതാണ്. അതിനാല്‍ ഉല്‍പ്പാദനത്തിനുള്ള പണച്ചെലവിനോടൊപ്പം ദുരിതത്തിന്റെ സാമൂഹ്യചെലവും കൂടി ചേര്‍ന്നതാണ് മൊത്തം ചെലവ്. അങ്ങനെ കണക്കാക്കിയാല്‍ എന്‍ഡോസള്‍ഫാന്‍ ഒരിക്കലും ചെലവ് കുറഞ്ഞ കീടനാശിനി ആകുന്നില്ല. രാഷ്ട്രീയ പ്രശ്നം സര്‍ക്കാരിന്റെ വാദങ്ങളെല്ലാം പ്രത്യക്ഷത്തില്‍തന്നെ കീടനാശിനി ലോബിയെയും കോര്‍പറേറ്റ് മൂലധനത്തെയും സഹായിക്കുന്നവയാണെന്ന് എളുപ്പത്തില്‍ ബോധ്യപ്പെടുന്നതാണ്. ഇത്തരം ദുര്‍വാശിയോടെയുള്ള നിലപാടുകള്‍ ജനങ്ങളെ സഹായിക്കാനുള്ളതല്ല. അതിനാല്‍തന്നെ, ജനങ്ങള്‍ക്ക് സഹായകമായ നിലപാടുകളും പ്രവര്‍ത്തനങ്ങളും ഉറപ്പാക്കുന്നതിനുള്ള ജനകീയ പ്രക്ഷോഭങ്ങള്‍ ശക്തിപ്പെടുത്തേണ്ടിയിരിക്കുന്നു. ഇവിടെ എന്‍ഡോസള്‍ഫാനെതിരായ സമരം മറ്റൊരു തലത്തിലേക്ക് ഉയരുകയാണ്. എന്‍ഡോസള്‍ഫാന്റെ ഇന്നത്തെ നിരോധനം കടലാസില്‍ വരാതിരിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. മാത്രമല്ല, ചുരുങ്ങിയ കാലത്തിനിടയില്‍ പരമാവധി ലാഭം ഉണ്ടാക്കാനുള്ള രീതിയില്‍ കമ്പനികള്‍ തിരിച്ചടിച്ചേക്കുമെന്നും പ്രതീക്ഷിക്കേണ്ടിയിരിക്കുന്നു. ഇതിനെതിരെ ജനകീയ പ്രതിരോധങ്ങള്‍ മാത്രമാണ് പോംവഴി.
കാസര്‍കോട്ടെ പ്രശ്നത്തില്‍ പിസികെ എന്ന കേരള പ്ലാന്റേഷന്‍ കോര്‍പ്പറേഷനും കൂട്ടുത്തരവാദിത്തമുണ്ട്. ഇരുപത് കൊല്ലക്കാലം ഹെലിക്കോപ്റ്റര്‍ വഴി മുകളില്‍നിന്ന് കീടനാശിനി തളിച്ചുകൊണ്ടിരുന്ന രീതി ഒരുപക്ഷേ, ലോകത്ത് ഒരിടത്തും ഇതുവരെ സംഭവിച്ചിരിക്കാന്‍ സാധ്യത യില്ല. ജീവിതാനുഭവങ്ങള്‍ക്കും, പഠനങ്ങള്‍ക്കും, എതിര്‍പ്പുകള്‍ക്കും, ദുരന്തങ്ങള്‍ക്കും, ഒന്നും അവി ടെ സ്ഥാനമുണ്ടായിരുന്നില്ല. എല്ലാറ്റിനേയും നേരിടാനായി പിസികെ നടത്തിയ (പിസികെ എന്നാല്‍ അമൂര്‍ത്തമായ ഒരാശയമല്ല; ചിന്തി ക്കുന്ന ജീവനക്കാരുടെ മൂര്‍ത്തമായ കൂട്ടായ്മയാണ്) ശ്രമങ്ങള്‍ തന്നെയാണ് പ്രധാന പ്രശ്നം. എത്രയോ മീറ്റിങ്ങുകള്‍ നടക്കാതെ പോയിട്ടുണ്ട്. ജീവനുതന്നെ ഭീഷണി ഉണ്ടായിട്ടുണ്ട്. ഇതൊക്കെ ചരിത്രത്തിന്റെ ഭാഗമായിത്തീര്‍ന്നിരിക്കുന്നു. അതില്‍നിന്ന് ഒഴിവാകാന്‍ കഴിയില്ല. ഇത്തരം അനുഭവങ്ങള്‍ കേരളത്തില്‍ ഒറ്റപ്പെട്ടതല്ലെന്നും അതിനാല്‍ കുറേക്കൂടി വിശാലമായി ചര്‍ച്ച ചെയ്യേണ്ട രാഷ്ട്രീയ പ്രശ്നമാണെന്നും സൂചിപ്പിക്കട്ടെ. ഏതാനും പേരുടെ തൊഴിലിന്റെ (തൊഴില്‍ എല്ലാവര്‍ക്കും പ്രധാനമാണ്; അത് സംരക്ഷിക്കുക തന്നെ വേണം) പേരില്‍ പരിസ്ഥിതിക്കും ജനങ്ങള്‍ക്കും ഉണ്ടാകുന്ന കെടുതികളെ അവഗണിക്കാനാവില്ല. മാവൂരിലും, ആണവനിലയത്തിന്റെ കാര്യത്തിലും സൈലന്റ്വാലി സംരക്ഷണപ്ര്ശനങ്ങളിലും എല്ലാം കേരളത്തില്‍ സംഭവിച്ചത് അതാണ്. പകരം വസ്തുതകളെയും ജീവിതാനുഭവങ്ങളെയും മുന്‍നിര്‍ത്തി തുറന്ന ചര്‍ച്ചകള്‍ നടന്നിരുന്നെങ്കില്‍ കാര്യങ്ങള്‍ വളരെ മെച്ചപ്പെട്ടേനെ. അതിനു പകരം, പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു വരുന്നവരില്‍ തൊഴിലാളി വിരുദ്ധ നിലപാടുകള്‍ ആരോപിക്കുന്ന, സാമ്രാജ്യത്വചാരന്മാരായി മുദ്രകുത്തുന്ന രീതിയാണ് അനുവര്‍ത്തിച്ചത്. മണല്‍ അടക്കമുള്ള പ്രകൃതി വിഭവ ധൂര്‍ത്തില്‍ ഇപ്പോള്‍ സംഭവിക്കുന്നതും അതാണ്. എല്ലാ ദുരന്തങ്ങള്‍ക്കുമൊടുവില്‍ കുറച്ച് പണം ആശ്വാസമായി വിതരണം ചെയ്യുന്നതില്‍ കാര്യമില്ലെന്നും നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. അതേസമയം, രാഷ്ട്രീയപാര്‍ടികളുടെ ഭാഗത്തുനിന്ന്, ഇന്നുണ്ടായിക്കൊണ്ടിരിക്കുന്ന ജനാനുകൂല നിലപാടുകള്‍ സ്വാഗതാര്‍ഹമാണ്. പരിസ്ഥിതിയും പരിസ്ഥിതിബന്ധിത ദുരന്തങ്ങളും പരിഗണിക്കേണ്ടവയാണെന്ന തിരിച്ചറിവുണ്ടായിരിക്കുന്നു. പരിസ്ഥിതി സംരക്ഷണവും പ്രകൃതിവിഭവ അടിത്തറയെ നിലനിര്‍ത്തലും ഇന്നത്തെ അടിയന്തര പ്രാധാന്യമുള്ള സാമൂഹ്യ ആവശ്യങ്ങള്‍ മാത്രമല്ല; നവലിബറല്‍ കമ്പോളശക്തികള്‍ക്കെതിരായ ഏറ്റുമുട്ടലിന്റെ പ്രധാന രാഷ്ട്രീയ വേദി കൂടിയാണെന്നതും തിരിച്ചറിയേണ്ടിയിരിക്കുന്നു. ഈ പശ്ചാത്തലത്തില്‍ എന്‍ഡോസള്‍ഫാന്‍ ഉപയോഗത്തിനെതിരായ സമരത്തിന്റെ ഭാവി എന്താണ്? അതിനെ എങ്ങനെ മുന്നോട്ടു കൊണ്ടുപോകണം? ചര്‍ച്ചക്കായി ചില കാര്യങ്ങള്‍കൂടി സൂചിപ്പിക്കുകയാണ്. (1) എന്‍ഡോസള്‍ഫാന്‍ ഇന്നൊരു ദേശീയ പ്രശ്നമാണ് അതുകൊണ്ട് നിരോധനം എന്ന തീരുമാനം ദേശീയതലത്തില്‍തന്നെ പൂര്‍ണമായി നടപ്പിലാകണം. ഇതിനു വേണ്ട ജനകീയ സമ്മര്‍ദങ്ങള്‍ ശക്തിപ്പെടുത്താന്‍ രാഷ്ട്രീയപാര്‍ടികളും സന്നദ്ധ സംഘടനകളും തൊഴിലാളി സംഘടനകളുമെല്ലാം കൂട്ടായി ശ്രമിക്കണം. (2) കര്‍ഷകരും കര്‍ഷകത്തൊഴിലാളികളുമാകണം കീടനാശിനികളുടെ അശാസ്ത്രീയ ഉപയോഗത്തിനെതിരെ നടക്കുന്ന സമരങ്ങള്‍ക്ക് നേതൃത്വം നല്‍കേണ്ടത്. അവരുടെ സംഘടനകള്‍ ഈയൊരു തലത്തിലേക്ക് ഉയര്‍ന്നു പ്രവര്‍ത്തിക്കുകയും വ്യാപകമായ ബോധവല്‍ക്കരണം നടത്തുകയും വേണം. (3) കീടനാശിനിയെന്നാല്‍ നാട്ടില്‍ പറയുന്നതുപോലെ ഒരു മരുന്നല്ല; അത് വിഷമാണ്. അതുകൊണ്ടുതന്നെ വിഷം എന്ന രീതിയില്‍ തന്നെയാവണം കീടനാശിനികള്‍ കൈകാര്യം ചെയ്യുന്നത്. അതിന് എല്ലാ മുന്‍കരുതലുകളും എടുക്കാന്‍ ജനങ്ങളെ പ്രാപ്തമാക്കണം. (4) കാസര്‍കോട്ട് നിലവിലുള്ള രോഗികളുടെ ശാസ്ത്രീയവും സമഗ്രവുമായ പുനരധിവാസം നടക്കണം. ഓരോരുത്തരുടേയും പ്രശ്നങ്ങളെ പ്രത്യേകം പ്രത്യേകം പരിഹരിക്കാന്‍ സഹായിക്കുന്നതാവണം പുനരധിവാസ പരിപാടി. രോഗചികിത്സക്കായി പ്രത്യേക സംവിധാനങ്ങള്‍ ഉണ്ടാവണം. തൊഴില്‍ നല്‍കുന്നതിനും ആശ്രിതരെ സംരക്ഷിക്കുന്നതിനും പദ്ധതികള്‍ ഉണ്ടാവണം.
(5) യാതൊരു മുന്‍ഗണനയും പരിഗണനയും ഇല്ലാതെ വളരെ അശ്രദ്ധയോടെയാണ് കീടനാശിനികള്‍ വില്‍ക്കുന്നത്. പച്ചക്കറിക്കും റബ്ബറിനും ഒരേ കീടനാശിനിതന്നെ നല്‍കുന്നു. നമ്മുടെ നാട്ടില്‍ പഞ്ചായത്ത് തലത്തില്‍വരെ കാര്‍ഷിക ബിരുദധാരിയായ കൃഷി ഓഫീസര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവരുടെ പരിശോധനയുടെയും നിര്‍ദേശത്തിന്റെയും അടിസ്ഥാനത്തില്‍ മാത്രമേ കീടനാശിനി വില്‍ക്കാനും വാങ്ങാനും പാടുള്ളൂ എന്ന രീതിയില്‍ നിയമനിര്‍മാണം വേണം. വളരെ വിപുലമായൊരു ജനകീയ വിദ്യാഭ്യാസ പരിപാടിയിലൂടെ മാത്രമേ കീടനാശിനി സംബന്ധിച്ച നിലപാടുകള്‍ മാറ്റിയെടുക്കാന്‍ കഴിയൂ. ഇന്നത്തെ ജീവിതശൈലീ രോഗങ്ങള്‍ക്ക് പോലും ഒരു പ്രധാന കാരണം മനുഷ്യശരീരത്തില്‍ അറിഞ്ഞും അറിയാതെയും പ്രവേശിക്കുന്ന കീടനാശികള്‍ ആവാം. കീടനാശിനി കേരളത്തില്‍ തന്നെ ഉല്‍പാദിപ്പിക്കണമെന്നോ, ഉപയോഗിക്കണമെന്നോ ഇല്ല. പ്രത്യക്ഷമായും പരോക്ഷമായും ഇറക്കുമതി ചെയ്യാം. പരിഷത്തിന്റെ പുതിയ ഗ്രന്ഥം കൂടുതല്‍ ശാസ്ത്രീയ വിവരങ്ങള്‍ നല്‍കുന്നതിനാണ് ഊന്നല്‍ നല്‍കുന്നത്. കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ പ്രശ്നം ഇതിലെ മുഖ്യ പ്രമേയമാണ്. കാസര്‍കോടുകള്‍ ഇനി ആവര്‍ത്തിക്കാതിരിക്കണം. അതിന് എന്‍ഡോസള്‍ഫാന്‍ മാത്രമല്ല; അപകടകാരികളായ കീടനാശിനികളെല്ലാം നിരോധിക്കയും അവയുടെ ഉപയോഗം പൂര്‍ണമായിതന്നെ നടക്കാതിരിക്കുകയും വേണം. ഇതിന് വേണ്ട ജനകീയ സമ്മര്‍ദങ്ങള്‍ രൂപപ്പെട്ടു വരണം. അതിന്നാകട്ടെ വസ്തുതകളുടെ പിന്‍ബലം ഉണ്ടായിരിക്കണം. ആ നിലയ്ക്ക് കേരളത്തില്‍ നടക്കേണ്ടുന്ന വിപുലമായൊരു ജനകീയ വിദ്യാഭ്യാസത്തിന് സഹായകമായ ഒരു ഉപാധിയായി ഈ ഗ്രന്ഥത്തെ കാണാവുന്നതാണ്.
@@
ടി പി കുഞ്ഞിക്കണ്ണന്‍
No comments:
Post a Comment