കേന്ദ്ര സഹമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ഫെബ്രുവരി 19-ാം തീയതി ഇസ്രായേല്‍ സന്ദര്‍ശനവേളയില്‍ ഇന്ത്യ - ഇസ്രായേല്‍ ബന്ധത്തെ വിശേഷിപ്പിച്ചത്, "രണ്ട് ആത്മാക്കള്‍ (two souls) തമ്മിലുള്ള ബന്ധ''മെന്നാണ്. ഇസ്രായേലിന്റെ ആഭ്യന്തര സുരക്ഷാസംവിധാനങ്ങള്‍ അത്യാധുനികമാണെന്നും "നിങ്ങളുടെ അനുഭവങ്ങള്‍ ഞങ്ങള്‍ക്കു പ്രയോജനപ്പെടുമെന്നും'', സിന്ധ്യ പ്രസ്താവിച്ചു. "ശക്തമായ മൌലിക പ്രമാണങ്ങളെ അടിസ്ഥാനമാക്കി നാം സുഹൃദ് രാജ്യങ്ങളും തന്ത്രപര പങ്കാളികളുമാണ്'', അദ്ദേഹം കൂട്ടിച്ചേര്‍ത്തു. "ഭീകരതയുടെ അപകടത്തെ നേരിടാന്‍ നാം പൂര്‍ണമായി സഹകരിക്കണം''.
കേന്ദ്രമന്ത്രിയും ഇസ്രായേല്‍ പ്രസിഡന്റ് ഷിമോണ്‍ പെരസുമായി നടന്ന സംഭാഷണവേളയില്‍ പെരസ് പറഞ്ഞു, "ഇന്ത്യയുടെ സുരക്ഷ ഇസ്രായേലിന് അതിന്റെ സ്വന്തം സുരക്ഷയെപ്പോലെ പ്രാധാന്യം അര്‍ഹിക്കുന്നു''.
ഇസ്രായേലിന്റെ രൂപീകരണത്തെ ഐക്യരാഷ്ട്ര സമിതിയില്‍ എതിര്‍ത്ത ഇന്ത്യ, ഇസ്രായേലുമായി 1948 മുതല്‍ 1992 വരെ നയതന്ത്രബന്ധമില്ലാതിരുന്ന ഇന്ത്യ, എപ്പോഴാണ്, എങ്ങനെയാണ് ഇസ്രായേലിന്റെ ആത്മ സുഹൃത്തും, ഏറ്റവും വലിയ ആയുധ വ്യാപാര പങ്കാളിയുമായത്? ഇതിന് ഉത്തരം അന്വേഷിക്കുമ്പോഴാണ് ഇന്ത്യയുടെ വിദേശനയത്തിലുണ്ടായ മൌലികമായ മാറ്റം നാം മനസ്സിലാക്കുന്നത്. ഇസ്രായേലുമായി പ്രതിരോധ, സൈനിക, ഇന്റലിജന്‍സ്, സുരക്ഷാതലങ്ങളില്‍ ശക്തമായ ബന്ധങ്ങള്‍ ഉണ്ടാക്കിയത് ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ ഗവണ്‍മെന്റാണ്. ഇതുണ്ടായത് അമേരിക്കയുമായുള്ള ബന്ധത്തിന്റെ ചട്ടക്കൂടിലായിരുന്നു. എന്‍ഡിഎ സര്‍ക്കാരാണല്ലോ ഇന്ത്യയെ അമേരിക്കയുടെ വിനീത വിധേയനാക്കിയത്.
വിദേശനയത്തില്‍ എന്‍ഡിഎ സര്‍ക്കാരിന്റെ നയം തുടര്‍ന്ന യുപിഎ സര്‍ക്കാര്‍ ഇന്ത്യയെ അമേരിക്കയുടെ മുമ്പില്‍ കൂടുതല്‍ വിനീത വിധേയനാക്കുകയായിരുന്നു.
2003ല്‍ അമേരിക്ക ഇറാഖില്‍ ആക്രമണം നടത്തി രണ്ടുമാസം കഴിയുന്നതിനുമുമ്പ് ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (എന്‍ഡിഎ സര്‍ക്കാര്‍) ബ്രജേഷ് മിശ്ര ഇന്ത്യ - യുഎസ് - ഇസ്രായേല്‍ സഖ്യത്തിന് ആഹ്വാനം ചെയ്തു. അമേരിക്കന്‍ ജൂത കമ്മിറ്റി (American Jewish Committee) യുടെ വാര്‍ഷിക വിരുന്നില്‍ ചെയ്ത പ്രസംഗത്തിലായിരുന്നു മിശ്രയുടെ ആഹ്വാനം. സെപ്തംബര്‍ പതിനൊന്നിനെ തുടര്‍ന്നുണ്ടായ ഭീകരവാദവിരുദ്ധ യുദ്ധത്തിന്റെ അനുകൂല കാലാവസ്ഥ, ഇന്ത്യയും ഇസ്രായേലുമായുള്ള സുരക്ഷാബന്ധത്തെ, ഇന്ത്യ - അമേരിക്ക തന്ത്രപരപങ്കാളിത്തത്തിന്റെ ചട്ടക്കൂടില്‍ തന്നെ ഒരു തന്ത്രപര സഖ്യമായി വളര്‍ത്തിയെടുക്കുകയായിരുന്നു.
1998ല്‍ ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെയാണ്, ഇന്ത്യ - ഇസ്രായേല്‍ ബന്ധങ്ങളില്‍ സമൂല പരിവര്‍ത്തനം ഉണ്ടായത്. സംഘപരിവാറിനോടൊപ്പം, ബിജെപിയും അതിനുമുമ്പ് ജനസംഘവും, കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ അറബി രാഷ്ട്രങ്ങള്‍ക്ക് അനുകൂലമായ വിദേശനയം സ്വീകരിച്ചിരുന്നതിനെ വിമര്‍ശിച്ചിരുന്നു. 2000ല്‍ ആഭ്യന്തരമന്ത്രി എല്‍ കെ അദ്വാനിയും, വിദേശകാര്യമന്ത്രി ജസ്വന്ത് സിംഗും ഇസ്രായേല്‍ സന്ദര്‍ശിച്ചു. അവരുടെ പ്രസ്താവനകള്‍ പ്രത്യയശാസ്ത്രപരമായി അവര്‍ ഇസ്രായേലിനെ പിന്താങ്ങുന്നതായി വ്യക്തമാക്കി.
"2001 സെപ്തംബര്‍ 11ലെ ആക്രമണങ്ങള്‍ക്കുശേഷം, ഭീകരവാദവിരുദ്ധ യുദ്ധത്തില്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ വാഷിംഗ്ടണുള്ള സഖ്യകക്ഷികള്‍ ഇസ്രായേലും ഇന്ത്യയും ടര്‍ക്കിയും മാത്രമാണ്''എന്ന്, വോള്‍സ്ട്രീറ്റ് ജേര്‍ണല്‍ (Wall Street Journal) പ്രാധാന്യം നല്‍കി പ്രസിദ്ധീകരിച്ച ഒരു ലേഖനത്തില്‍ പറഞ്ഞിരുന്നു. ടര്‍ക്കി ജനാധിപത്യത്തിലേക്ക് നീങ്ങിയത്, അമേരിക്കയുടെ നയവിദഗ്ധര്‍ക്ക് കടുത്ത നിരാശയുണ്ടാക്കിയപ്പോള്‍, ഇസ്രായേലും ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സഖ്യത്തെ കൂടുതല്‍ ശക്തമാക്കാന്‍ ശ്രമിച്ചത്, ഇറാഖിനെ ആക്രമിക്കണമെന്ന് ബുഷ് ഭരണകൂടത്തില്‍ സമ്മര്‍ദ്ദം ചെലുത്തിയ അതേ ശക്തികള്‍ തന്നെയായിരുന്നു.
ഇസ്രായേല്‍ - ഇന്ത്യ സഖ്യത്തെ ഇസ്രായേലി പരിപ്രേക്ഷ്യത്തില്‍ എങ്ങനെ കാണണമെന്ന് വെളിവാക്കുന്നതായിരുന്നു, 2003 ഫെബ്രുവരി 28-ാം തീയതി 'ജറുശലേം പോസ്റ്റ്' ദിനപത്രത്തില്‍ പ്രൊഫ. മാര്‍ട്ടിന്‍ ഷെര്‍മാന്‍ എഴുതിയ ലേഖനം. "ഇന്ത്യയും ഇസ്രായേലും സുശക്തമായ ഒരു തന്ത്രപരസഖ്യം വാര്‍ത്തെടുക്കുന്നു''വെന്നായിരുന്നു ലേഖനത്തിന്റെ തലക്കെട്ട്. "സമുദ്രാധിഷ്ഠിത പ്രതിരോധ കഴിവ് വികസിപ്പിക്കാന്‍ ഇസ്രായേല്‍ ആഗ്രഹിക്കുന്നതിനാല്‍ ഇന്ത്യയുമായുള്ള സഖ്യം പ്രാധാന്യമര്‍ഹിക്കുന്നു. ഇസ്രായേലിന്റെ ഭൂപ്രദേശത്തിന്റെ പരിമിതി കണക്കിലെടുക്കുന്ന സുരക്ഷാനേതൃത്വം സമുദ്രാധിഷ്ഠിത പ്രതിരോധത്തിന്റെ നിര്‍ണായക പ്രാധാന്യത്തെപ്പറ്റി വര്‍ദ്ധമാനമായ ബോദ്ധ്യമുള്ളവരാണ്. ഈ പ്രദേശത്തുള്ള മറ്റു രാജ്യങ്ങള്‍ ആധുനിക ആയുധങ്ങള്‍ സ്വായത്തമാക്കുന്നതോടെ, കരയിലെ സൈനികസംവിധാനത്തിന്റെ ബലഹീനത വര്‍ദ്ധിക്കുന്നു. അതുകൊണ്ട് ഇസ്രായേലിന്റെ പ്രതിരോധവീക്ഷണത്തില്‍ ഇന്ത്യന്‍ മഹാസമുദ്രത്തിന് അതീവ പ്രാധാന്യം കല്‍പിക്കപ്പെടുന്നു. സമുദ്രത്തിലുള്ള പ്രതിരോധ സൌകര്യങ്ങള്‍ക്ക് ഇന്ത്യയുടെ നാവികസേനയുമായുള്ള സഹകരണം നിര്‍ണ്ണായകമാണ്'', ഷെര്‍മാന്‍ എഴുതി.
2004ല്‍ യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ അത് ഇസ്രായേലുമായുള്ള പ്രതിരോധ, ഇന്റലിജന്‍സ് ബന്ധങ്ങള്‍ തുടരുകയും, ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന് വ്യക്തമായിരുന്നു. പലസ്തീനെ സംബന്ധിച്ചിടത്തോളം ഇന്ത്യയുടെ പിന്തുണയെപ്പറ്റിയുള്ള പ്രസ്താവനകള്‍ കൂടുതല്‍ ഉച്ചത്തിലും, കൂടുതല്‍ തവണയും യുപിഎ ഗവണ്‍മെന്റ് ആവര്‍ത്തിക്കുന്നതായി തോന്നി. യാസര്‍ അറഫാത്ത് ജീവിച്ചിരിക്കുന്നിടത്തോളം കാലം അദ്ദേഹത്തിനു പിന്തുണ നല്‍കാന്‍ കോണ്‍ഗ്രസിനു ബാദ്ധ്യതയുണ്ടെന്ന വീക്ഷണഗതിയുമായി ബന്ധപ്പെട്ടായിരുന്നു പലസ്തീനുള്ള പിന്തുണയുടെ പ്രകടനം. പക്ഷേ, ഇന്ത്യയുടെ ഇസ്രായേല്‍ ബന്ധം പലസ്തീന്‍ താല്‍പര്യങ്ങള്‍ക്കു ഹാനികരണമാണെന്ന് അംഗീകരിക്കാന്‍ യുപിഎ ഗവണ്‍മെന്റും തയ്യാറായില്ല.
യുപിഎ ഗവണ്‍മെന്റിന്റെ ആദ്യ ദിനങ്ങളില്‍ തന്നെ, പ്രതിരോധ മന്ത്രി പ്രണബ് മുഖര്‍ജി, ഇസ്രായേലുമായുള്ള വര്‍ദ്ധമാനമായ പ്രതിരോധബന്ധങ്ങളെ കൂടുതല്‍ ശക്തമാക്കുമെന്ന് വ്യക്തമാക്കി. "നമുക്ക് വിഭിന്ന അഭിപ്രായങ്ങളുണ്ടാകാം. പക്ഷേ നമ്മുടെ രാജ്യത്തിന്റെ സുരക്ഷയുടെ കാര്യത്തില്‍ നമുക്ക് ഏകാഭിപ്രായമാണ്''. ബിജെപിയുടെ പ്രത്യയശാസ്ത്രമൂശയില്‍ വാര്‍ത്തെടുത്ത ഇന്ത്യ - ഇസ്രായേല്‍ ബന്ധത്തിലെ പ്രതിമാനങ്ങളെല്ലാം പുതിയ ഭരണാധികാരികള്‍ക്കു സ്വീകാര്യമായിരുന്നു.
ഇന്ത്യ - ഇസ്രായേല്‍ ബന്ധ കാര്യങ്ങളില്‍ വിദഗ്ദ്ധനായ പി ആര്‍ കുമാരസ്വാമി എഴുതി: (Asia Time Online, March 11, 2005) "ഏതാനും ആഴ്ചകളിലെ ആകാംക്ഷയ്ക്കും, അനിശ്ചിതത്തിനുംശേഷം, ഇന്ത്യ - ഇസ്രായേല്‍ ബന്ധം വീണ്ടും നേര്‍പാതയിലാണെന്നു തോന്നുന്നു. അടുത്തയിട വര്‍ദ്ധമാനമായ സമ്പര്‍ക്കങ്ങള്‍, മുമ്പ് അധികാരത്തിലിരുന്ന വലതുപക്ഷ ഗവണ്‍മെന്റിന്റെ ഇസ്രായേല്‍ പക്ഷ നയങ്ങളെ അന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചിരുന്നെങ്കിലും, ഇസ്രായേലുമായുള്ള പുതിയ ബന്ധം തുടരുന്നതിന്റെ ആവശ്യകത ഇന്ന് കോണ്‍ഗ്രസ് കക്ഷി അംഗീകരിക്കുന്നുവെന്ന് തെളിയിക്കുന്നു. ഇന്ത്യയുടെ മദ്ധ്യപൂര്‍വേഷ്യന്‍ നയത്തിലുള്ള സ്ഥാനത്തെപ്പറ്റി ന്യൂഡല്‍ഹിയില്‍ എന്തെങ്കിലും സംശയങ്ങള്‍ അവശേഷിച്ചിരുന്നെങ്കില്‍, പലസ്തീന്‍ നേതാവ് യാസര്‍ അറഫാത്തിന്റെ നവംബര്‍ മാസത്തെ മരണം അവയെയെല്ലാം ദൂരീകരിച്ചതായി തോന്നുന്നു. ദീര്‍ഘകാലമായി അറഫാത്തുമായി (പലസ്തീന്‍ പ്രശ്നത്തില്‍) താദാത്മ്യം പ്രാപിച്ചിരുന്നെങ്കില്‍, അദ്ദേഹത്തിന്റെ മരണം ഇന്ത്യയെ, പ്രത്യേകിച്ചും കോണ്‍ഗ്രസ് കക്ഷിയെ, പരമ്പരാഗത ബന്ധങ്ങള്‍ തുടരാതെ വിശാലമായ മദ്ധ്യപൂര്‍വദേശത്തെ നോക്കി കാണാന്‍ സഹായിച്ചു''. ഇന്ത്യയുടെ ഇസ്രായേല്‍ ബന്ധത്തെ പിന്താങ്ങുന്ന ഒരു നിരീക്ഷണമാണിത്.
അറഫാത്തിന്റെ മരണം കഴിഞ്ഞ് ഇസ്രായേലുമായുള്ള ബന്ധങ്ങളില്‍ പുതിയ ഒരു മുന്നേറ്റമുണ്ടാക്കാന്‍ യുപിഎ ഗവണ്‍മെന്റ് ശ്രമിച്ചുവെന്നത് അനിഷേധ്യമാണ്. സ്വരത്തിലും, പദപ്രയോഗങ്ങളിലും വ്യത്യാസങ്ങള്‍ കണ്ടുവെങ്കിലും, യഥാര്‍ത്ഥത്തില്‍ പലസ്തീന്‍ പ്രശ്നത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ നിന്നിടത്തുനിന്ന് യുപിഎ സര്‍ക്കാര്‍ ഒട്ടും മുന്നോട്ടുപോയില്ല. പലസ്തീന്‍ ജനതയ്ക്കുള്ള പിന്തുണ വര്‍ദ്ധിപ്പിച്ചുവെന്നതിന് തെളിവൊന്നുമില്ല. പലസ്തീന്‍ പ്രശ്നത്തെപ്പറ്റി പുതിയ അവതരണശൈലി ഉപയോഗിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ഗവണ്‍മെന്റ് ശ്രമിക്കുന്നതെന്ന് പറയേണ്ടിയിരിക്കുന്നു. ആയുധവ്യാപാരത്തിലൂടെ ഇന്ത്യ ശക്തമായി പിന്തുണയ്ക്കുന്ന ഇസ്രായേലിന്റെ യുദ്ധസമ്പദ്ക്രമം പലസ്തീന്‍ ജനതയുടെ താല്‍പര്യങ്ങളെ പ്രതികൂലമായി ബാധിക്കുന്നുവെന്ന വസ്തുത അംഗീകരിക്കാന്‍ യുപിഎ സര്‍ക്കാര്‍ തയ്യാറല്ല.
"ഇസ്രായേലാണ് ഇന്ത്യക്ക് ഏറ്റവും അധികം ആയുധങ്ങള്‍ നല്‍കുന്ന രാജ്യം'' - 2009 ഫെബ്രുവരി 15-ാം തീയതിയിലെ 'ജറുശലേം പോസ്റ്റ്' പ്രാധാന്യം നല്‍കി പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ തലക്കെട്ടാണിത്. അതുവരെ ഈ പദവി റഷ്യക്കായിരുന്നു. റഷ്യയില്‍ നിന്നായിരുന്നു ഇന്ത്യ ഏറ്റവും അധികം ആയുധങ്ങള്‍ വാങ്ങിയിരുന്നത്. "ഇന്ത്യയും ഇസ്രായേലും തമ്മില്‍ ഏറ്റവും അടുത്ത സഹകരണമാണുള്ള''തെന്നും, "ഇസ്രായേലിന്റെ ആയുധ സംവിധാനങ്ങളെയും, ഭീകരതക്കെതിരെയുള്ള യുദ്ധത്തില്‍ ഞങ്ങള്‍ക്കുള്ള അനുഭവങ്ങളെയും ഇന്ത്യക്കാര്‍ ബഹുമാനിക്കുന്നു''വെന്നും ഒരു ഉന്നത പ്രതിരോധ ഉദ്യോഗസ്ഥന്‍ പ്രസ്താവിച്ചതായി "പോസ്റ്റ്'' റിപ്പോര്‍ട്ടു ചെയ്തു.
ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള ബന്ധങ്ങളെപ്പറ്റി പറയുമ്പോള്‍, അടിവരയിടേണ്ടത് പ്രതിരോധബന്ധങ്ങള്‍ക്കാണ്. ആയുധ ഇറക്കുമതി, ആയുധ വ്യവസായ സഹകരണം, സൈനിക സാങ്കേതികവിദ്യ, ഇന്റലിജന്‍സ് എല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.
ആയുധ വ്യവസായമാണ് ഇസ്രായേലിന്റെ ഏറ്റവും വലിയ വ്യവസായം. ആയുധവ്യാപാരമാണ് ഇസ്രായേലിന്റെ സമ്പദ്ക്രമത്തിന്റെ നട്ടെല്ല്. കയറ്റുമതിയില്‍ മൂന്നിലൊന്നോളം വരും ആയുധ കയറ്റുമതി.
ഇസ്രായേലിനെ ഒരു വലിയ സൈനികശക്തിയായി നിലനിര്‍ത്തുന്നതിലും ആ രാജ്യത്തിന്റെ സൈനിക സമ്പദ്ക്രമത്തെ നിലനിര്‍ത്തുന്നതിലും, വളര്‍ത്തുന്നതിലും, അമേരിക്കയും ബ്രിട്ടനും കഴിഞ്ഞാല്‍ അടുത്ത സ്ഥാനം ഇന്ത്യക്കാണെന്ന് പാശ്ചാത്യ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നു. അമേരിക്കയില്‍നിന്ന് ഇസ്രായേലിന് ലഭിക്കുന്ന വാര്‍ഷിക സൈനിക സഹായം 350 കോടി ഡോളറാണ്; ഏകദേശം 17500 കോടി രൂപ. ഇന്ത്യ ഇസ്രായേലില്‍ നിന്നു വാങ്ങുന്ന ആയുധങ്ങളുടെ വിലയുടെ വാര്‍ഷിക ശരാശരി 150 കോടി ഡോളറാണ്; 7500 കോടി രൂപ.
ഇസ്രായേലിന്റെ ആയുധ ഉല്‍പാദനത്തിന്റെ മൂന്നിലൊന്നു മാത്രമേ ഇസ്രായേലി സൈന്യത്തിന് ആവശ്യമുള്ളൂ. ബാക്കിയുള്ള മൂന്നില്‍ രണ്ടില്‍ ഗണ്യമായ ഭാഗം ഇപ്പോള്‍ കയറ്റുമതി ചെയ്യുന്നത് ഇന്ത്യയിലേക്കാണ്. ഇസ്രായേലിന്റെ ആയുധ വ്യവസായം ആയുധ കയറ്റുമതിയെ ആശ്രയിച്ചിരിക്കുന്നു. ഇസ്രായേലിന്റെ ആയുധ വ്യവസായത്തിന്റെ നിലനില്‍പും വളര്‍ച്ചയും ഉറപ്പാക്കുന്നത് ഇന്ത്യയാണ്. അതുകൊണ്ടാണ് പലസ്തീന്‍കാര്‍ക്കെതിരെ ഉപയോഗിക്കുന്ന ആയുധങ്ങള്‍ക്ക് ഇന്ത്യ സബ്സിഡി നല്‍കുന്നുവെന്ന് പറയുന്നത് ശരിയാവുന്നത്. കാര്‍ഗില്‍ യുദ്ധകാലം മുതല്‍ കഴിഞ്ഞ വര്‍ഷം വരെ ഇന്ത്യ 800 കോടി ഡോളറിന്റെ ആയുധങ്ങള്‍ ഇറക്കുമതി ചെയ്തു. (45000 കോടി രൂപ). ഇസ്രായേലിന്റെ സൈനിക സമ്പദ്ക്രമം വളര്‍ത്തുന്നതില്‍ ഇന്ത്യയുടെ പങ്ക് ഇതു വെളിവാക്കുന്നു.
ഇസ്രായേലിന്റെ പ്രതിരോധ കയറ്റുമതിയുടെ ചുമതലയുള്ള 'സബിറ്റി'ന്റെ മേധാവി യഹൂദ് ഷാഹി ഒരു ഇന്ത്യന്‍ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ഇന്ത്യയുമായുള്ള പ്രതിരോധ ബന്ധങ്ങള്‍ക്ക് ഇസ്രായേല്‍ എത്രമാത്രം പ്രാധാന്യം നല്‍കുന്നുവെന്ന് ചൂണ്ടിക്കാണിക്കുകയുണ്ടായി. ആയുധവ്യാപാരം, ഗവേഷണ വികസന പദ്ധതികള്‍, മിസൈല്‍ സംവിധാനങ്ങള്‍, സംയുക്ത സംരംഭങ്ങള്‍ എന്നിവയെല്ലാം എടുത്തു പറഞ്ഞ ഷാഹി, ഇന്ത്യയുമായി ഇസ്രായേലിന് സവിശേഷമായ ഒരു പ്രതിരോധ ബന്ധമാണുള്ളതെന്ന് വ്യക്തമാക്കി. അടുത്തയിടെ സംയുക്ത ആയുധ ഉല്‍പ്പാദനത്തിലേക്ക് അത് തിരിഞ്ഞിരിക്കുകയാണ്. ഒട്ടനവധി പദ്ധതികള്‍ ഉണ്ട്.
ഇസ്രായേലുമായി ഇന്ത്യയ്ക്കുള്ള പ്രതിരോധ ഇടപാടുകളൊന്നും സുതാര്യമല്ല. പലതും രഹസ്യകരാറുകളുടെ അടിസ്ഥാനത്തിലാണ്. മിക്കപ്പോഴും ഇസ്രായേലി മാധ്യമങ്ങളില്‍ നിന്നാണ് ഇതേപ്പറ്റിയൊക്കെയുള്ള വിവരങ്ങള്‍ ലഭിക്കുന്നത്.
2009 ഏപ്രിലില്‍ ഉണ്ടാക്കിയ മിസൈല്‍ കരാര്‍ ഇതിന് ഉദാഹരണമാണ്. ഇന്ത്യാ ഗവണ്‍മെന്റും ഇസ്രായേലിലെ ആയുധ കമ്പനിയായ "ഇസ്രായേലി ഏറോസ്പേസ്'' (ഐഎഐ) യാണ് കരാറുണ്ടാക്കിയത്. 7500 കോടി രൂപയുടെ ഇടപാടാണ് ഇത്. ഇവിടെ എടുത്തുപറയേണ്ട കാര്യം ഐഎഐ എന്ന കമ്പനി ഇസ്രായേലിലും ഇന്ത്യയിലും അഴിമതി അന്വേഷണത്തിന് വിധേയമാണെന്നുള്ളതാണ്. ഈ ഇടപാടില്‍ ഇന്ത്യ ഒപ്പിട്ടത് പാര്‍ലമെന്റ് തെരഞ്ഞെടുപ്പി (2009)നു രണ്ടു ദിവസം മുമ്പായിരുന്നു. ഇത് രഹസ്യമായി സൂക്ഷിക്കാനാണ് ഇന്ത്യാ ഗവണ്‍മെന്റ് ശ്രമിച്ചത്. ഇസ്രായേലില്‍ തന്നെ ചോദ്യങ്ങള്‍ ഉയര്‍ന്നപ്പോള്‍ ഐഎഐ തന്നെ വിവരങ്ങള്‍ വെളിപ്പെടുത്തുകയായിരുന്നു.
ഐഎഐ അന്വേഷണ വിധേയമായിരിക്കുന്നിടത്തോളം കാലം, ആ കമ്പനിയുമായി കരാറുകളുണ്ടാക്കരുതെന്ന് പ്രതിരോധ മന്ത്രാലയത്തിന്റെ വ്യക്തമായ മാര്‍ഗനിര്‍ദ്ദേശത്തെ അവഗണിച്ചായിരുന്നു ഈ ഇടപാട്. തെരഞ്ഞെടുപ്പുകാലത്ത് ഇതേപറ്റിയുണ്ടായ ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം നല്‍കാന്‍ പ്രതിരോധ മന്ത്രി എ കെ ആന്റണിക്ക് കഴിഞ്ഞില്ല. ഈ കരാറിന്റെ ഫലമായി രണ്ട് ഇടനിലക്കാര്‍ക്ക് 9% കമ്മീഷന്‍ ലഭിച്ചുവെന്നും, അവരുടെ പേരുകള്‍ സുധീര്‍ ചൌധരി, സുരേഷ് നന്ദ എന്നാണെന്നും ഇസ്രയേലി പത്രമായ 'ഹാരട്സ്' വെളിപ്പെടുത്തി. ഗവണ്‍മെന്റ് നേരിട്ടു നടത്തുന്ന ഇടപാടുകളില്‍ കമ്മീഷന്‍ പാടില്ല എന്ന നിബന്ധനയും ഇവിടെ ലംഘിക്കപ്പെട്ടു.
കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള സഹകരണത്തിന് പുതിയ ഒരു മേഖലയുണ്ട്: ബഹിരാകാശം. 2008 ജൂണ്‍ മൂന്നാം വാരത്തില്‍ ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ഐഎസ്ആര്‍ഒ) ഇസ്രായേലിന്റെ ഒരു ചാര ഉപഗ്രഹം വിക്ഷേപിച്ചു. ഇന്ത്യയുടെ ആധുനിക ബഹിരാകാശ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള വാണിജ്യപരമായ ഒരു കരാറാണെന്നായിരുന്നു ഐഎസ്ആര്‍ഒയുടെ വിശദീകരണം. ഇസ്രായേലി മാധ്യമങ്ങളാണ് ഇതിന്റെ തന്ത്രപരപ്രാധാന്യം എടുത്തുകാട്ടിയത്. അങ്ങനെ ഇന്ത്യ വിക്ഷേപിച്ച ഇസ്രായേലിന്റെ ടെക്സാര്‍ ഉപഗ്രഹം ഇന്ത്യ - ഇസ്രായേല്‍ ബന്ധത്തില്‍ ഒരു പുതിയ ഘട്ടത്തിന്റെ ആരംഭം കുറിച്ചു. 'ഇന്റലിജന്‍സ്' ശേഖരിക്കുന്നതില്‍ ഇസ്രായേലിന്റെ കഴിവു വളരെ വര്‍ദ്ധിപ്പിച്ചു; പ്രത്യേകിച്ചും ഇറാനെപ്പറ്റിയുള്ള ടെക്സാറിന്റെ തന്ത്രപര, പ്രതിരോധ പ്രാധാന്യത്തെപ്പറ്റി ഇന്ത്യാ ഗവണ്‍മെന്റ് മൌനം പാലിച്ചു.
2009 ഏപ്രില്‍ 20-ാം തീയതി ഐഎസ്ആര്‍ഒ വേറൊരു ഇസ്രായേലി നിര്‍മ്മിത ഉപഗ്രഹം വിക്ഷേപിച്ചു. ഈ ഉപഗ്രഹം ഇന്ത്യക്കുവേണ്ടിയായിരുന്നു. അതായത് ഇന്ത്യ ഇസ്രായേലില്‍നിന്ന് ഒരു ഉപഗ്രഹം വാങ്ങുകയായിരുന്നു. ഈ ഉപഗ്രഹത്തിന്റെ യഥാര്‍ത്ഥ ഉദ്ദേശ്യത്തെപ്പറ്റി ഐഎസ്ആര്‍ഒ ഒന്നും പറഞ്ഞില്ല. ഇസ്രായേലി മാധ്യമങ്ങളാണ് അത് റഡാര്‍ പ്രതിബിംബങ്ങളെടുക്കാന്‍ കഴിവുള്ള ചാരഉപഗ്രഹമാണെന്ന് വെളിപ്പെടുത്തിയത്. 2008 നവംബറില്‍ മുംബൈയില്‍ നടന്ന ഭീകരാക്രമണമായിരുന്നു ഇന്ത്യയുടെ ഈ പുതിയ സുരക്ഷാ സംവിധാനത്തിന്റെ പശ്ചാത്തലം.
ഇസ്രായേലുമായുള്ള ഇന്ത്യയുടെ പ്രതിരോധ സഹകരണംപോലെയോ; അതിനേക്കാള്‍ രൂക്ഷമായ വിധത്തിലോ വിമര്‍ശിക്കേണ്ടതാണ് പ്രതിഭീകരതയുടെ പേരിലുള്ള സഹകരണം. കാരണം ഇത് അടിസ്ഥാനപരമായ ചില പ്രശ്നങ്ങള്‍ ഉന്നയിക്കുന്നു.
ഈ ലേഖനത്തിന്റെ ആദ്യഭാഗത്ത് കേന്ദ്രമന്ത്രി സിന്ധ്യ ടെല്‍ അവീവില്‍ ചെയ്ത പ്രസ്താവനയെ പരാമര്‍ശിച്ചിരുന്നല്ലോ. ഇസ്രായേലിന്റെ ആഭ്യന്തര സുരക്ഷാ സംവിധാനങ്ങളെ പ്രശംസിച്ച മന്ത്രി, "ഭീകരതയുടെ അപകടത്തെ നേരിടാന്‍ നാം, ഇന്ത്യാ - ഇസ്രായേല്‍ പൂര്‍ണമായി സഹകരിക്കണമെന്ന്'' പറഞ്ഞു. എന്‍ഡിഎ ഗവണ്‍മെന്റില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവായിരുന്ന ബ്രജേഷ് മിശ്ര ഇന്ത്യാ - ഇസ്രായേല്‍ - യുഎസ് സഖ്യത്തിന് ആഹ്വാനം നല്‍കിയത് ഈ മൂന്നു രാജ്യങ്ങളും ഭീകരതയെന്ന പൊതുശത്രുവിനെ നേരിടുന്നുവെന്ന് പറഞ്ഞാണ്. പലസ്തീന്‍കാരുടെ ചെറുത്തുനില്‍പിനെയാണ് ഭീകരവാദം എന്ന് ഇസ്രായേല്‍ വിശേഷിപ്പിക്കുന്നത്. ഇതിനെതിരെ എന്തു നടപടിയും സ്വീകരിക്കാനുള്ള ലൈസന്‍സായി 'ഭീകരതാവിരുദ്ധയുദ്ധ''ത്തെ ഇസ്രായേല്‍ ഉപയോഗിച്ചു. ഇതിനുള്ള സംവിധാനത്തെയാണോ ഇന്ത്യ പ്രശംസിക്കുന്നത്? ഇസ്രായേലിന്റെ ഈ 'അനുഭവ'മാണോ ഇന്ത്യ പാഠമാക്കുന്നത്?
ഇസ്രായേലിന്റെ ഭീകരവാദ വ്യാഖ്യാനത്തെ എന്‍ഡിഎ ഗവണ്‍മെന്റ് അംഗീകരിച്ചത് യുപിഎ ഗവണ്‍മെന്റുകളും തുടരുകയാണ്. അന്നത്തെ ഇസ്രായേലി വിദേശകാര്യ മന്ത്രി ഷിമോണ്‍ പെരസിന്റെ 2002 ജനുവരിയിലെ ന്യൂഡല്‍ഹി സന്ദര്‍ശനം ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള തന്ത്രപരബന്ധം ഉറപ്പാക്കാനുള്ള അവസരമായിത്തീര്‍ന്നു. പെരസിന്റെ സംഘത്തിലുണ്ടായിരുന്ന ഒരു ഉന്നത ഇസ്രായേലി ഉദ്യോഗസ്ഥന്‍ പറഞ്ഞു: 'ഭീകരവാദത്തിനെതിരെയുള്ള യുദ്ധത്തില്‍ നാം ഒരേ പാളയത്തിലാണ്. അതനുസരിച്ച് നമ്മുടെ ബന്ധം വളര്‍ത്തിയെടുക്കണം'.
പെരസിന്റെ സന്ദര്‍ശന സമയത്ത് ഇന്ത്യയുടെ വിദേശകാര്യ വക്താവ് പ്രസ്താവിച്ചു: 'അതിര്‍ത്തി കടന്നുള്ള ഭീകര പ്രവര്‍ത്തനത്തില്‍നിന്ന് വളരെ നാളായി ക്ളേശം അനുഭവിക്കുന്ന, ഭീകരവാദത്തെ നേരിടുന്നതിലുള്ള ഇസ്രായേലിന്റെ അനുഭവത്തില്‍നിന്ന് പഠിക്കുന്നത്, ഇന്ത്യ കൂടുതല്‍ കൂടുതല്‍ പ്രയോജനകരമായി കാണുന്നു'. പലസ്തീന്‍ വിമോചനസമരത്തെ അതിര്‍ത്തി കടന്നുള്ള ഭീകരവാദമായി കരുതിയ നമ്മുടെ വിദേശകാര്യമന്ത്രാലയത്തിന്റെ വാസ്തവവിരുദ്ധവും അധാര്‍മികവുമായ നിലപാട് പ്രകാശിപ്പിക്കുകയായിരുന്നു വക്താവ്.
ഇന്ത്യയും ഇസ്രായേലുമായുള്ള ബന്ധത്തെപ്പറ്റി പലസ്തീന്‍കാര്‍ക്ക് എതിര്‍പ്പൊന്നുമില്ലെന്ന് ഇന്ത്യാ ഗവണ്‍മെന്റ് ആവര്‍ത്തിച്ച് അവകാശപ്പെടാറുണ്ട്. അതുകൊണ്ടുതന്നെ പലസ്തീന്‍ ജനതയുടെ വീക്ഷണം പരിശോധിക്കേണ്ടതുണ്ട്. 2003 മാര്‍ച്ചില്‍ ന്യൂഡല്‍ഹിയില്‍ എത്തിയ പലസ്തീന്‍ വിദേശകാര്യ മന്ത്രി നബില്‍ ഷാത്ത് 'ദി ഹിന്ദു' വിനു നല്‍കിയ അഭിമുഖത്തില്‍ (മാര്‍ച്ച് 24) പലസ്തീന്റെ നിലപാട് വ്യക്തമാക്കി. ഭീകരവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളെ ന്യൂഡല്‍ഹിക്കും, ടെല്‍ അവീവിനും, വാഷിംഗ്ടണുമിടയ്ക്കും ഏകോപിപ്പിക്കുവാനുള്ള ഇന്ത്യയുടെ ശ്രമങ്ങളുമായി ഷാത്ത് വിയോജിപ്പ് പ്രകടിപ്പിച്ചു. "നിങ്ങളുടെ ചില മന്ത്രിമാരുടെ നിലപാട്അതാണെന്ന് എനിക്ക് അറിയാം.... പലസ്തീന്‍ ചെറുത്തുനില്‍പ്പ് മുഴുവന്‍ ഭീകരവാദമാണെന്ന് തോന്നിപ്പിക്കാനാണ് ഇസ്രായേലിന്റെ ശ്രമം. ആ നിലപാടുമായി യോജിക്കുന്നത് നിങ്ങളെ പലസ്തീന്‍ വിരുദ്ധ നിലപാടിലെത്തിക്കുന്നു;'' ഷാത്ത് പ്രസ്താവിച്ചു, ഷാത്തിന്റെ സന്ദര്‍ശനം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ ന്യൂഡല്‍ഹിയില്‍ എത്തിയ ഇസ്രായേല്‍ പ്രധാനമന്ത്രി ഏരിയല്‍ ഷാരോണിന് ചുവന്ന പരവതാനി വിരിച്ച ഇന്ത്യാ ഗവണ്‍മെന്റ് "അറഫാത്താണ് ഞങ്ങളുടെ ബിന്‍ലാദന്‍''എന്ന പ്രഖ്യാപനത്തെ പരോക്ഷമായെങ്കിലും അംഗീകരിക്കുകയായിരുന്നു.
യുപിഎ ഗവണ്‍മെന്റ് ഭീകരവാദത്തെപ്പറ്റിയുള്ള ഇസ്രായേല്‍ വ്യാഖ്യാനത്തിലും എന്‍ഡിഎ സര്‍ക്കാരിനെ പിന്തുടര്‍ന്നു. പലസ്തീന്റെ പുതിയ പ്രസിഡന്റ് മഹമൂദ് അബ്ബാസ് 2005 മേയ് മാസത്തില്‍ ന്യൂഡല്‍ഹി സന്ദര്‍ശിച്ചപ്പോള്‍ പശ്ചിമേഷ്യന്‍ നയത്തില്‍ ഒരു പുതിയ തുടക്കത്തിന് ആഗ്രഹമോ, ആലോചനയോ ഇല്ലെന്ന് ഒരിക്കല്‍ കൂടി വ്യക്തമായി. പുതിയ പലസ്തീന്‍ പ്രസിഡന്റിന്റെ സന്ദര്‍ശനത്തിനുവേണ്ട പ്രാധാന്യം നല്‍കാതിരുന്നതും, അതില്‍ കാര്യമായ താല്‍പര്യമൊന്നും ഗവണ്‍മെന്റ് പ്രകടിപ്പിക്കാതിരുന്നതും "പലസ്തീന്‍ ജനതയുടെ അവകാശത്തിലുള്ള താല്‍പര്യക്കുറവുകൊണ്ടാണെങ്കില്‍ അത് അക്ഷന്ത്യവുമാണ്, "ദി ഹിന്ദു'' മുഖപ്രസംഗത്തിലെഴുതി. അക്രമം അവസാനിപ്പിക്കണമെന്ന ആഹ്വാനം തികച്ചും അപര്യാപ്തമാണെന്ന് ദിനപത്രം ചൂണ്ടിക്കാണിച്ചു. പലസ്തീന്‍കാരുടെ ചെറുത്തുനില്‍പിനെ ഇസ്രായേലിന്റെ സൈനിക നടപടികളുമായി തുലനം ചെയ്യുന്നുവെന്ന ധാരണയാണ് ഗവണ്‍മെന്റിന്റെ പ്രസ്താവന നല്‍കിയത്. പ്രസ്താവനയില്‍ പ്രശ്നത്തിന്റെ പ്രാഥമിക കാരണമായ "ഇസ്രായേലി അധിനിവേശത്തിന്റെ അപലപനം ഉള്‍പ്പെടുത്തേണ്ടിയിരുന്നു; 'ദി ഹിന്ദു' ചൂണ്ടിക്കാണിച്ചു.
ഭീകരവാദത്തെപ്പറ്റിയുള്ള ഇസ്രായേലിന്റെ വ്യാഖ്യാനം ഇന്ത്യാ ഗവണ്‍മെന്റ് അംഗീകരിക്കുന്നതും, ഇസ്രായേലിന്റെ യുദ്ധ സമ്പദ്ക്രമത്തെ പലസ്തീന്‍ താല്‍പര്യങ്ങളെ ദോഷകരമായി ബാധിക്കുന്ന വിധത്തില്‍ ഇന്ത്യ പിന്താങ്ങുന്നതും ശക്തമായി എതിര്‍ക്കപ്പെടേണ്ടതാണ്.
*
ഡോ. നൈനാന്‍ കോശി കടപ്പാട്: ചിന്ത വാരിക 26-11-2010
No comments:
Post a Comment