'ഇന്ത്യയില്‍ ഇസ്ളാമിക സര്‍ക്കാര്‍ സ്ഥാപിക്കുന്നതിനെ ഒരു ശക്തിക്കും തടയാനാകില്ല'-പോപ്പുലര്‍ഫ്രണ്ടിന്റെ അകത്തളങ്ങളില്‍ പ്രചരിപ്പിച്ച, ലഷ്കര്‍ ഭീകരന്‍ സര്‍ഫ്രാസ് നവാസ് തര്‍ജുമ ചെയ്ത ലഘുലേഖ പ്രഖ്യാപിക്കുന്നു. 'ജനാധിപത്യം പിശാചിന്റെ മാര്‍ഗ'മാണെന്നും അതേ ലഘുലേഖയുടെ ആമുഖത്തില്‍ തന്നെ പറയുന്നു. പിന്നെ എങ്ങനെ ഇസ്ളാമിക രാജ്യം? ഇതിന് ഉത്തരം തേടുകയാണ് ഇസ്ളാമും ജനാധിപത്യവും എന്ന ഈ ലഘുലേഖ.
ഇന്ത്യയുടെ ഭരണഘടനയെയോ, നിയമനിര്‍മാണ സഭയെയോ അംഗീകരിക്കുന്നില്ലെന്ന് വ്യക്തമാക്കുന്ന ലഘുലേഖ സമ്മതിദാനാവകാശത്തിലൂടെ ഇന്ത്യയെ ഇസ്ളാമികമാക്കാമെന്ന ധാരണ മൌഢ്യമാണെന്നും പറയുന്നു. ഇതിനായി മറ്റു മാര്‍ഗമാണ് സ്വീകരിക്കേണ്ടത്. 'ഇന്ത്യയിലെ 20 കോടിയിലികം വരുന്ന മുസ്ളിങ്ങള്‍ നമ്മുടെ ക്ഷണം സ്വീകരിച്ചാല്‍...എന്നാല്‍ ഇന്ത്യ മാത്രമല്ല; ലോകത്തിന്റെ വലിയൊരു ഭാഗം തന്നെ നിങ്ങള്‍ക്ക് കൈവശപ്പെടുമെന്ന് ഞാനുറച്ച് വിശ്വസിക്കുന്നു.' ഒപ്പം മറ്റുള്ളവരെയും ഇസ്ളാമിന്റെ മാര്‍ഗത്തില്‍ അണിചേര്‍ക്കണമെന്നും ലഘുലേഖ ആഹ്വാനം ചെയ്യുന്നു.
'നിയമം നിര്‍മിക്കാന്‍ മനുഷ്യന് അവകാശമില്ല, ഇസ്ളാമല്ലാത്തവരെ പൂര്‍ണമായി നിഷേധിക്കണം'-ലഘുലേഖയുടെ കാതല്‍ ഇതാണ്. 'ദൈവേതര വ്യവസ്ഥയുടെ ഭരണഘടന മുസ്ളിങ്ങള്‍ക്ക് ഒരര്‍ഥത്തിലും സ്വീകാര്യമല്ല. ഇസ്ളാമിന് മേധാവിത്വം നേടാന്‍ ഏതെങ്കിലുമൊരു വ്യാജവ്യവസ്ഥിതിയുടെ തണലാവശ്യമില്ല. ഇസ്ളാമിന്റെ മേധാവിത്വത്തിന് സ്വന്തം ജീവരക്തം നല്‍കി അതിനെ ശക്തിപ്പെടുത്തുന്ന കര്‍മോത്സുകരെയാണ് വേണ്ടത്. ജാലൂത്തിന്റെ സൈന്യത്തെ കല്ലുകള്‍കൊണ്ട് നേരിടുന്ന പോരാളികളെയാണ് ഇസ്ളാമിനാവശ്യം. ജനാധിപത്യമോ, മതേതരത്വമോ എന്തുമാകട്ടെ ഇസ്ളാമല്ലാത്തതെല്ലാം ജാഹിലിയ്യത്താണ്. അതില്‍നിന്ന് പൂര്‍ണമായും അകന്നുനിന്ന് അതിനോട് നിസ്സഹകരിക്കുകയും അതിന്റെ നാശത്തിനായി പ്രവര്‍ത്തിക്കുകയും ചെയ്യേണ്ടത് ഒരോ വിശ്വാസിയുടെ ബാധ്യതയാണ്'-ലഘുലേഖ പറയുന്നു. 'നിയമനിര്‍മാണ സഭ ആകാശത്തിനു കീഴിലെ ഏറ്റവും വലിയ നികൃഷ്ടജീവിയാണ്. സമ്മതിദാനാവകാശം രേഖപ്പെടുത്തുന്നത് അനിസ്ളാമികമാണ്. നിയമനിര്‍മാണ അധികാരം സഭയ്ക്കോ വ്യക്തികള്‍ക്കോ വകവെച്ചുകൊടുക്കുന്നത് ദൈവനിഷേധ(ശിര്‍ക്ക്)വുമാണ്.'
'ലോകം മുഴുവന്‍ വ്യാപിച്ചുകിടക്കുന്ന ഏറ്റവും നികൃഷ്ടമായ കുഫ്റാണ് മതേതരത്വം' എന്നതാണ് ലഘുലേഖയിലെ മറ്റൊരു പരാമര്‍ശം. 'മതത്തിന് അതിന്റെ സ്ഥാനം വകവെച്ചുകൊടുക്കണമെന്നേ മതേതരത്വം ആവശ്യപ്പെടുന്നുള്ളു. എന്നാല്‍ രാജ്യത്തിന്റെ ഭരണഘട നയിലോ, നിയമത്തിലോ, രാഷ്ട്രീയ മേഖലകളിലോ മതത്തെ പ്രവേശിപ്പിക്കുന്നില്ല.' ജനാധിപത്യത്തെ ഇസ്ളാമികമാക്കാമെന്നു വാദിക്കുന്നവരെയും ലഘുലേഖ വിമര്‍ശിക്കുന്നു. "ഇന്ത്യയില്‍ ഭൂരിപക്ഷം അമുസ്ളീമുകളാണ്. ജനാധിപത്യത്തില്‍ ഭൂരിപക്ഷത്തിന്റെ അഭിപ്രായമാണ് മാനിക്കപ്പെടുകയെന്ന് മനസ്സിലാക്കണം. അഥവാ മുസ്ളിം അംഗം ഒരു ബില്‍ അവതരിപ്പിച്ചാല്‍ അതിന്റെ ചര്‍ച്ചയില്‍ ഖാദിയാനികളും കാഫിറുകളും പലതും ഉദ്ധരിക്കും. ഇത്തരത്തില്‍ ജനാധിപത്യത്തെ ഇസ്ളാമികമാക്കാന്‍ ശ്രമിക്കുന്നവര്‍ മുസ്ളിങ്ങളെ ജനാധിപത്യത്തിന്റെ അടിമത്തരീതികള്‍ പഠിപ്പിക്കുകയാണ് ചെയ്യുന്നത്.''
നിയസഭയിലെ അംഗത്വം ഹറാമാണെന്നും ലഘുലേഖ പറയുന്നു. 'മനുഷ്യനാവശ്യമായ നിയമ നിര്‍മാണത്തിന് അധികാരം ദൈവത്തിന് മാത്രമാണ്. മറിച്ച് നിയമം നിര്‍മിക്കുന്നവരെ ത്വാഗൂത്ത് എന്നാണ് വിശേഷിപ്പിക്കേണ്ടത്. പാര്‍ലമെന്റ് ഡല്‍ഹിയിലെ ഒരു കെട്ടിടമല്ല. മറിച്ച് മനുഷ്യരുടെ കൂട്ടായ്മയാണ്. ഇവരെല്ലാം ഭൂമിക്ക് ഭാരവുമാണ്. ഭരണഘടനയെയും നിയമത്തെയും സംരക്ഷിക്കാമെന്ന് അംഗം സത്യപ്രതിജ്ഞ ചെയ്യേണ്ടിവരുന്നുണ്ട്. അബ്കാരി സംഘത്തില്‍ അംഗങ്ങളാകുന്നതുപോലെയാണ് മുസ്ളിങ്ങള്‍ ജനപ്രതിനിധികളാകുന്നത്.' എന്നിങ്ങനെ പോകുന്നു 82 പേജുകളില്‍ വിവരിക്കുന്ന ലഘുലേഖ. അടിസ്ഥാന പ്രശ്നം, മതേതരത്വം, അല്ലാഹുവിന്റെ പങ്കാളിയാകാന്‍ താങ്കള്‍ സന്നദ്ധനാണോ, ശിര്‍ക്കിയന്‍ സഭയിലെ അംഗത്വം, സമ്മതിദാനത്തിന്റെ ശറഅ് കാഴ്ചപ്പാട് എന്നിങ്ങനെ ഏഴു അധ്യായങ്ങളിലായാണ് ഇസ്ളാമിക സര്‍ക്കാര്‍ സ്ഥാപിക്കുന്നതിന്റെ വഴികള്‍ തേടുന്നത്.
ഹിന്ദുത്വ തീവ്രവാദികള്‍ ഹിന്ദുത്വത്തിന്റെ മേല്‍ക്കോയ്മയ്ക്കായി ഉയര്‍ത്തുന്ന വാദത്തിന്റെ മറുവശം തന്നെയാണ് സര്‍ഫ്രാസിലൂടെ പോപ്പുലര്‍ഫ്രണ്ടും ഉയര്‍ത്തുന്നത്. രാഷ്ട്രീയ സ്വയം സേവക് സംഘത്തിന്റെ ആചാര്യന്‍ എം എസ് ഗോള്‍വള്‍ക്കര്‍ ഹിന്ദുത്വത്തിന്റെ മേല്‍ക്കോയ്മ എന്ന ആശയം സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് എങ്ങനെയെന്ന് നോക്കുക: 'ഹിന്ദുസ്ഥാനിലെ ഹിന്ദുക്കള്‍ അല്ലാത്തവര്‍ ഹിന്ദുസംസ്കാരവും ഭാഷയും സ്വീകരിക്കണം. ഹിന്ദുമതത്തെ ആദരിക്കാനും ബഹുമാനിക്കാനും പഠിക്കണം, ഹിന്ദുരാഷ്ട്രത്തെ ആദര്‍ശവല്‍ക്കരിക്കുന്ന ആശയങ്ങളെ അല്ലാതെ ഒന്നിനെയും പ്രോത്സാഹിപ്പിച്ചുകൂടാ. അതായത് ഈ രാജ്യത്തോടും അതിന്റെ വര്‍ഷങ്ങള്‍ പഴക്കമുള്ള പൈതൃകത്തോടുമുള്ള അസഹിഷ്ണുതയും കൃതഘ്നതയും ഉപേക്ഷിച്ചാല്‍ മാത്രം പോര, രാജ്യത്തോട് കൂറും സ്നേഹവും അര്‍പ്പണബോധവും വളര്‍ത്തിയെടുക്കുകയും വേണം. അല്ലെങ്കില്‍ അവര്‍ വിദേശികള്‍ മാത്രമായി കണക്കാക്കപ്പെടുകയോ, ഹിന്ദുരാഷ്ട്രത്തിന് പൂര്‍ണമായും കീഴ്പ്പെട്ട് ജീവിക്കുകയോ വേണം. ഒരു അവകാശവാദവുമില്ലാതെ ഒരു ആനുകൂല്യവും പറ്റാതെ പൌരാവകാശമടക്കം യാതൊരു പരിഗണനയും പ്രത്യേകാവകാശവുമില്ലാതെ ജീവിക്കുകയും വേണം.'(എം എസ് ഗോള്‍വള്‍ക്കര്‍-നാം അഥവാ നമ്മുടെ രാഷ്ട്രം നിര്‍വചിക്കപ്പെടുന്നു-1938, പേജ് 27)
ആശയത്തില്‍ മാത്രമല്ല ഈ പൊരുത്തം. സംഘപരിവാരങ്ങളെ എങ്ങനെയാണോ ആര്‍എസ്എസ് നിയന്ത്രിക്കുന്നത് അതുപോലെയാണ് ഇമാംസ് കൌണ്‍സിലടക്കം 20 സംഘടനകളെ പോപ്പുലര്‍ ഫ്രണ്ടും നിയന്ത്രിക്കുന്നത്. സര്‍ക്കാര്‍ സംവിധാനങ്ങളിലും പൊലീസ് -സൈനിക സംവിധാനങ്ങളിലും ആര്‍എസ്എസ് സാന്നിധ്യം ഇന്ന് പരസ്യമാണ്. ചുരുങ്ങിയ കാലംകൊണ്ട് പോപ്പുലര്‍ഫ്രണ്ടും ഈ വഴിക്ക് ഏറെ മുന്നേറി. ആര്‍എസ്എസിന്റെ കുറുവടി സംഘം പോലെ പോപ്പുലര്‍ഫ്രണ്ടും പരേഡ് സേന രൂപീകരിച്ചു.
ഇന്ത്യയില്‍ ഇതര വിഭാഗങ്ങള്‍ക്ക് സ്വാതന്ത്യ്രദിനം ആഘോഷിക്കാന്‍ അവകാശമുള്ളതുപോലെ തങ്ങള്‍ക്കും അവകാശമുണ്ടെന്നാണ് ഫ്രീഡം പരേഡ് നിരോധിച്ചപ്പോള്‍ പോപ്പുലര്‍ ഫ്രണ്ട് അവകാശപ്പെട്ടത്. എന്നാല്‍ 'ഫ്രീഡം പരേഡ് ഇതുപോലെ തന്നെ ശത്രുവിനെതിരായ ഒരാക്രമണ'മാണെന്ന് പോപ്പുലര്‍ഫ്രണ്ടിന്റെ ഐഡിയോളജിക്കല്‍ ക്യാമ്പില്‍ നല്‍കിയ സര്‍ക്കുലറില്‍ പറയുന്നു. 'അതോടൊപ്പം മുസ്ളീങ്ങള്‍ക്ക് ആത്മവീര്യം പകരുന്ന ശക്തിപ്രകടനവും.' കായികമായി ചെറുത്തുനില്‍ക്കുക മാത്രമല്ല ശത്രുവിന്റെ ശക്തി ചോര്‍ത്തിക്കളയുകയെന്നതും ചെറുത്തുനില്‍പ്പിന്റെ ഭാഗമാണെന്ന് സര്‍ക്കുലര്‍ ഓര്‍മിപ്പിക്കുന്നു. കേരളത്തിലെയടക്കം മുസ്ളിങ്ങള്‍ ഉന്മൂലനം നേരിടുന്നു എന്ന് പ്രചരിപ്പിച്ചാണ് ഈ ചെറുത്തു നില്‍പ്പിന് പോപ്പുലര്‍ ഫ്രണ്ടിന്റെ ആഹ്വാനം. മുസ്ളിമിതര വിഭാഗങ്ങള്‍ക്ക് മാത്രമല്ല പോപ്പുലര്‍ഫ്രണ്ടിന്റെ ഭീഷണി. മുസ്ളിങ്ങള്‍ നേരിടുന്ന മറ്റൊരു പ്രശ്നം വിവിധ സംഘടനകള്‍ തമ്മിലുള്ള അഭിപ്രായ ഐക്യമില്ലായ്മയാണെന്ന് സര്‍ക്കുലറില്‍ പറയുന്നു. ഇതിന് പരിഹാരമായി എല്ലാ മുസ്ളിങ്ങള്‍ക്കും ഒറ്റ സംഘടന യെന്നും അത് പോപ്പുലര്‍ ഫ്രണ്ടാണെന്നും സ്ഥാപിക്കാനാണ് സര്‍ക്കുലര്‍ ശ്രമിക്കുന്നത്.
സഅദ് അബ്ദുള്ള എന്ന താലിബാന്‍ അനുകൂല ഇസ്ലാമിക പണ്ഡിതന്‍ ഉറുദുവില്‍ എഴുതിയ പുസ്തകം ബംഗളൂരു സ്ഫോടനക്കേസിലെ പ്രതിയായ സര്‍ഫ്രാസ് നവാസാണ് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തത്. ഒരു സാക്ഷി പ്രസിദ്ധീകരണം എന്നു പറയുന്ന ലഘുലേഖയില്‍ എറണാകുളം ബാനര്‍ജി റോഡിലെ വിലാസമാണ് നല്‍കിയിരിക്കുന്നത്. എന്നാല്‍ അന്വേഷണത്തില്‍ ഈ മേല്‍വിലാസം വ്യാജമാണെന്ന് പൊലീസ് കണ്ടെത്തി. കൃതി പുനഃപ്രസിദ്ധീകരിക്കാന്‍ പ്രസാധകരുടെ അനുവാദം വേണ്ടെന്നും പ്രസാധകക്കുറിപ്പിനോടൊപ്പം അച്ചടിച്ചിട്ടുണ്ട്. ഇതിന്റെ മറവില്‍ പോപ്പുലര്‍ ഫ്രണ്ട് ഈ പുസ്തകത്തിന്റെ ആയിരക്കണക്കിന് കോപ്പികളാണ് അച്ചടിച്ച് അംഗങ്ങള്‍ക്കിടയില്‍ വിതരണം ചെയ്തത്, സംഘടനയുടെ യഥാര്‍ഥ രാഷ്ട്രീയനയപ്രഖ്യാപനം പോലെ.
ഈ ലഘുലേഖകളും സര്‍ക്കുലറുകളും പോപ്പുലര്‍ ഫ്രണ്ടിന്റെ ഐഡിയോളജിക്കല്‍ ക്യാമ്പുകളിലാണ് ചര്‍ച്ച ചെയ്യുക. ഈ ചര്‍ച്ചകളിലാണ് ഇതിന്റെ കര്‍മമാര്‍ഗങ്ങള്‍ തയ്യാറാക്കുക. താലിബാന്‍ ശിക്ഷാവിധികള്‍ ചിത്രീകരിച്ച സിഡികളും ഈ ക്യാമ്പുകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നതും ഇവയോടൊപ്പം കൂട്ടിവായിക്കേണ്ടിയിരിക്കുന്നു. ഒപ്പം പോപ്പുലര്‍ഫ്രണ്ടിന് അപ്രിയമായതെന്തും സ്വന്തം കോടതിയില്‍ വിധിച്ച് വിധി നടപ്പാക്കുന്ന ഭീകരസംഘടനയായും അത് വളര്‍ന്നു. മുസ്ളീം വിഭാഗത്തിലെ അസംതൃപ്തിക്കും അമര്‍ഷത്തിനും ബാബറിപള്ളി തകര്‍ത്തതടക്കമുള്ള ചരിത്രപരവും തികച്ചും ന്യായവുമായ ചില കാരണങ്ങളുണ്ടെന്നത് ഹിന്ദുക്കളടക്കമുള്ള ബഹുഭൂരിപക്ഷം വരുന്ന പൊതുജനാധിപത്യ സമൂഹം അംഗീകരിച്ചിട്ടുള്ളതാണ്. അതിന് പരിഹാരം രാഷ്ട്രീയമല്ല; ഭീകരവാദമാണെന്ന നിലയിലേക്ക് മാറുമ്പോള്‍ അതിനെ ചെറുത്തേ തീരൂ. 1992ല്‍ സിമി നിരോധനത്തിന് ശേഷം രാജ്യത്ത് വിവിധ ഭാഗങ്ങളില്‍ ചെറിയ തീവ്രവാദ ഗ്രൂപ്പുകള്‍ ഉടലെടുത്തിരുന്നു. അതിലൊന്നാണ് എന്‍ഡിഎഫ്. പുറമെ തീര്‍ത്തും ഒരു സന്നദ്ധ സംഘടന. ഈ മറവിലാണ് കഴിഞ്ഞ പതിനേഴുവര്‍ഷം ഇവര്‍ പ്രവര്‍ത്തിച്ചത്. പൊതുസമൂഹത്തിന്റെ നിഷ്ക്രിയതയില്‍ നടത്തിയ ഈ പ്രവര്‍ത്തനമാണ് പോപ്പുലര്‍ഫ്രണ്ടിനെ വീടിനെ വിഴുങ്ങുന്ന വിഷവൃക്ഷമായി വളര്‍ത്തിയത്.
ഡി ദിലീപ്
No comments:
Post a Comment