Wednesday 11 August 2010
സംഘപരിവാറിന്റെ മുഖം തന്നെയോ
മുഖ്യമന്ത്രി വി എസ് ജൂലൈ 25ന് ഡല്‍ഹിയില്‍ പോപ്പുലര്‍ ഫ്രണ്ടിനെതിരായി നടത്തിയ പ്രസ്‌താവനയെ ചൂണ്ടി ഇന്ത്യന്‍ യൂണിയന്‍ മുസ്ളിംലീഗ് നടത്തുന്ന പ്രചാരണം ഇതിനോടു ചേര്‍ത്തുവായിക്കേണ്ടതാണ്. മുഖ്യമന്ത്രിയും സിപിഐ എമ്മും മുസ്ളിം ന്യൂനപക്ഷത്തിനെതിരാണ് എന്ന പ്രചാരണമാണ് സംഘടിതമായി ലീഗ് നേതാക്കള്‍ നടത്തുന്നത്. തന്റെ പ്രസ്‌താവനയുടെ ഉള്ളടക്കം എന്തായിരുന്നുവെന്ന് 26ന് മുഖ്യമന്ത്രി നിയമസഭയില്‍ വിശദീകരിച്ചതാണ്. പ്രസ്‌താവന മുസ്ളിങ്ങള്‍ക്കെതിരാണ് എന്ന വ്യാഖ്യാനം ദുരുപദിഷ്‌ടിതമാണ്; എന്‍ഡിഎഫ്, പോപ്പുലര്‍ ഫ്രണ്ട്, എസ്‌ഡിപിഐ എന്നീ പേരുകളിലറിയപ്പെടുന്ന വിധ്വംസകപ്രസ്ഥാനങ്ങള്‍ നടത്തുന്ന ക്ളാസുകളെയും പ്രചാരണങ്ങളെയുംകുറിച്ച് ലഭ്യമായ വിവരങ്ങളാണ് സൂചിപ്പിച്ചത്- നിയമസഭയില്‍ മുഖ്യമന്ത്രി ഇങ്ങനെയാണ് വ്യക്തമാക്കിയത്.
അധ്യാപകന്റെ കൈവെട്ടിയ കേസുമായി ബന്ധപ്പെട്ട റെയ്‌ഡില്‍ ജനാധിപത്യസംവിധാനത്തിനു വിരുദ്ധവും ആ സംവിധാനത്തെ നിരാകരിക്കുന്നതുമായ രേഖകള്‍ പിടിച്ചെടുത്തിരുന്നു. ജനാധിപത്യവും ഇസ്ളാമും രണ്ടു വിരുദ്ധ ആദര്‍ശങ്ങളാണ്; ഇന്ത്യയില്‍ ഭൂരിപക്ഷവും അമുസ്ളിങ്ങളാണെന്നും ജനാധിപത്യത്തില്‍ ഭൂരിപക്ഷത്തിന്റെ അഭിപ്രായമാണ് മാനിക്കപ്പെടുകയെന്നും പോപ്പുലര്‍ ഫ്രണ്ട് അതിന്റെ ലഘുലേഖകളിലും സിഡികളിലും വ്യക്തമാക്കുകയാണ്. അതുകൊണ്ട് മുസ്ളിങ്ങള്‍ക്ക് ഭൂരിപക്ഷത്തോടെ വിജയിച്ച് പാര്‍ലമെന്റില്‍ പ്രവേശിക്കാന്‍ കഴിയില്ലെന്നും അതിനാല്‍ ഇന്ത്യക്കകത്ത് ഇസ്ളാമിക ഗവമെന്റിനെ കൊണ്ടുവരാന്‍ മറ്റു മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നുമാണ് ഈ പ്രചാരണസാമഗ്രികളിലെ പ്രതിപാദ്യം. അതിനുവേണ്ടി ഇസ്ളാമികമേധാവിത്വത്തിന് സ്വന്തം ജീവരക്തം നല്‍കി ശക്തിപ്പെടുത്തുന്ന കര്‍മോത്സുകരെയാണ് വേണ്ടത് എന്ന നിലയ്‌ക്ക് മുസ്ളിം ചെറുപ്പക്കാരെ തീവ്രവാദപ്രവര്‍ത്തനങ്ങളിലേക്ക് റിക്രൂട്ട് ചെയ്യുന്ന ആശയങ്ങളാണ് പോപ്പുലര്‍ ഫ്രണ്ടും അനുബന്ധസംഘടനകളും പ്രചരിപ്പിക്കുന്നത്.
ലഘുലേഖയില്‍ ഇതുമാത്രമല്ല, മുസ്ളിം ജനസംഖ്യ വര്‍ധിപ്പിക്കുന്നതിനുള്ള കര്‍മപരിപാടികളെക്കുറിച്ചും പോപ്പുലര്‍ഫ്രണ്ട് പ്രതിപാദിക്കുന്നുണ്ട്. ഇത് സംഘപരിവാറിന് സഹായകരമാക്കിത്തീര്‍ത്ത പ്രചാരവേലയാണ്. എന്തുകൊണ്ടെന്നാല്‍, ഇത്തരമൊരു പ്രചാരവേല ആദ്യം ജനങ്ങള്‍ക്കിടയില്‍ നടത്തിയത് സംഘപരിവാറിന്റെ ആളുകള്‍ തന്നെയാണ്. രാജ്യത്തെ മുസ്ളിം ന്യൂനപക്ഷം നാളെ ഭൂരിപക്ഷം ആകുമെന്ന ഭീതി പരത്താനാണ് സംഘപരിവാര്‍ ശ്രമിച്ചത്. അധികാരം പിടിച്ചെടുക്കാനുള്ള അജന്‍ഡ നടപ്പാക്കുന്നതിന്റെ ഭാഗമായി സംഘപരിവാര്‍ പ്രചരിപ്പിച്ച നുണകളിലൊന്നാണ് ഇന്ത്യയിലെ ഹിന്ദുക്കള്‍ ന്യൂനപക്ഷമാകും എന്ന പ്രചാരണം. അത് ഹിന്ദുക്കളില്‍ അന്യമതവിരോധം പരത്താനുള്ള ഗൂഢോദ്ദേശ്യത്തോടുകൂടിയാണ്. ഇതേ പ്രചാരണം പോപ്പുലര്‍ ഫ്രണ്ട് ഏറ്റെടുത്തതിന്റെ ഭാഗമായി മുസ്ളിം സമുദായത്തെത്തന്നെ പൊതുസമൂഹം സംശയത്തോടുകൂടി വീക്ഷിക്കുന്ന സ്ഥിതി ഒഴിവാക്കണമെന്ന ഉദ്ദേശ്യത്തോടുകൂടിയാണ് മുഖ്യമന്ത്രി ഡല്‍ഹിയിലെ പത്രസമ്മേളനത്തില്‍ സംസാരിച്ചത്.
മുസ്ളിം സമുദായത്തോട് സിപിഐ എം കൈക്കൊള്ളുന്ന സമീപനത്തെത്തന്നെ തെറ്റായി വ്യാഖ്യാനിക്കാനുള്ള പരിശ്രമമാണ് ഈ പ്രസ്‌താവനയെ മുന്‍നിര്‍ത്തി ഇന്ത്യന്‍ യൂണിയന്‍ മുസ്ളിംലീഗിന്റെ ജനറല്‍സെക്രട്ടറി കുഞ്ഞാലിക്കുട്ടി നടത്തിയത്. കുഞ്ഞാലിക്കുട്ടിയെപ്പോലുള്ള ലീഗിലെ നേതാക്കളാണ് മതതീവ്രവാദശക്തികളുടെ സംരക്ഷകര്‍ എന്ന യാഥാര്‍ഥ്യം പൊതുസമൂഹം തിരിച്ചറിഞ്ഞ വേളയിലാണ് ശ്രദ്ധ മറ്റൊരു വിധത്തില്‍ തിരിച്ചുവിടാമോ എന്ന പരിശ്രമം നടത്തിയത്. പോപ്പുലര്‍ ഫ്രണ്ടിന്റെ മലയാള മുഖപത്രം പിറ്റേദിവസം പ്രതിഷേധ പ്രസ്‌താവനകളുടെ കൂട്ടത്തില്‍ കുഞ്ഞാലിക്കുട്ടിയെയും പോപ്പുലര്‍ ഫ്രണ്ടിന്റെ മറ്റു നേതാക്കളുടെയും ചിത്രംവച്ച് ഒന്നാംപേജില്‍ വാര്‍ത്ത കൊടുത്തു. പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി, കുഞ്ഞാലിക്കുട്ടി, പോപ്പുലര്‍ ഫ്രണ്ടിന്റെ നേതാക്കള്‍ ഇവരുടെയൊക്കെ ചിത്രം വച്ച് വി എസിന്റെ പ്രസ്‌താവനയ്ക്ക് ദുര്‍വ്യാഖ്യാനങ്ങളുമായി രംഗത്തുവരികയാണ് ആ പത്രം ചെയ്തത്.
മുസ്ളിം ന്യൂനപക്ഷത്തിനുമേല്‍ ശത്രുത വളര്‍ത്താന്‍ സംഘപരിവാര്‍ നടത്തിയ എല്ലാ പരിശ്രമങ്ങളെയും അതിശക്തമായാണ് കമ്യൂണിസ്‌റ്റുകാര്‍ എതിര്‍ത്തിട്ടുള്ളത്. ആര്‍എസ്എസ് നേരത്തെയും പോപ്പുലര്‍ ഫ്രണ്ട് ഇപ്പോഴും നടത്തുന്ന 'മുസ്ളിം ന്യൂനപക്ഷം ഭൂരിപക്ഷമാകുന്ന' വിദ്യയുടെ ഉള്ളുകള്ളി സമൂഹത്തിനുമുന്നില്‍ ആദ്യമായി തുറന്നുകാട്ടിയതും സിപിഐ എം നേതാക്കളാണ്. സിപിഎം പൊളിറ്റ്ബ്യൂറോ അംഗമായ സീതാറാം യെച്ചൂരിയുടെ 'കപട ഹിന്ദുത്വം തുറന്നു കാട്ടപ്പെടുന്നു' എന്ന ലേഖനത്തില്‍ ഇന്ത്യയിലെ ആര്‍എസ്എസ്, ബിജെപി, ബജ്രംഗ്ദള്‍ വിഭാഗം നടത്തുന്ന നുണപ്രചാരണങ്ങള്‍ തുറന്നുകാട്ടുന്നു. കാവിക്കുപ്പായക്കാര്‍ പ്രചരിപ്പിക്കുന്ന പന്ത്രണ്ടു നുണകള്‍ക്ക് മറുപടി പറയുകയാണ് യെച്ചൂരി ഈ ലേഖനത്തില്‍.
ഹിന്ദു ജനസംഖ്യയേക്കാള്‍ മുസ്ളിം ജനസംഖ്യ വര്‍ധിക്കുന്നു എന്നത് ഒന്നാന്തരം നുണയാണെന്ന് യെച്ചൂരി വിശദീകരിക്കുന്നു. 1961ലെയും 1981ലെയും സെന്‍സസ് റിപ്പോര്‍ട്ടുകള്‍ ബോധ്യപ്പെടുത്തുന്നത് മറ്റു സമുദായങ്ങളെ അപേക്ഷിച്ച് മുസ്ളിം ജനസംഖ്യയുടെ വര്‍ധനയില്‍ കുറവുണ്ടായി എന്നാണ്. മുസ്ളിം ജനസംഖ്യയുടെ വര്‍ധന 1961നും 81നും ഇടയില്‍ 0.7 ശതമാനം മാത്രമാണ്. അതുകൊണ്ടുതന്നെ കാവിക്കുപ്പായക്കാരുടെ പ്രചാരണം ജുഗുപ്‌സാവഹമാണ് എന്നും അദ്ദേഹം വിലയിരുത്തുകയുണ്ടായി. മുസ്ളിങ്ങള്‍ക്ക് നാലു ഭാര്യമാരുണ്ടെന്നും ഹിന്ദുക്കള്‍ക്ക് ഒന്നുമാത്രമാണുള്ളതെന്നും സംഘപരിവാര്‍ പ്രചരിപ്പിക്കുന്ന നുണയ്‌ക്കും അദ്ദേഹം മറുപടി നല്‍കി. ഇന്ത്യാ രാജ്യത്ത് 25 ലക്ഷം മുസ്ളിംസ്‌ത്രീകള്‍ ഭര്‍തൃരഹിതരാണ്. 1961ലെ സെന്‍സസ് അനുസരിച്ച് ബഹുഭാര്യത്വം ഏറ്റവും കൂടുതല്‍ പട്ടികവര്‍ഗവിഭാഗങ്ങളിലാണ്. 15-25 ശതമാനം.
1975 ലെ സ്ത്രീപദവി സംബന്ധിച്ച കമീഷന്‍ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നത് 1941നും 1951നും ഇടയില്‍ മുസ്ളിം ബഹുഭാര്യാവിവാഹങ്ങള്‍ ഹിന്ദുക്കളേക്കാള്‍ 0.09 ശതമാനം കുറവാണെന്നാണ്. റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്ന മറ്റൊരു കാര്യം പിന്നീടുള്ള കാലയളവുകളിലും ബഹുഭാര്യത്വം ഹിന്ദുക്കളേക്കാള്‍ മുസ്ളിങ്ങളില്‍ കുറവാണെന്നാണ്. കുടുംബാസൂത്രണവും മുസ്ളിങ്ങള്‍ തള്ളിക്കളയുന്നു എന്ന് സംഘപരിവാറിന്റെ സംഘടനകള്‍ പ്രചരിപ്പിക്കാറുണ്ട്. എന്നാല്‍, ഇതുസംബന്ധിച്ച് നടത്തിയിട്ടുള്ള അഖിലേന്ത്യാ സര്‍വേയില്‍ ഇതു വസ്‌തുതയല്ലെന്ന് ബോധ്യപ്പെടുകയുണ്ടായി. മുസ്ളിങ്ങള്‍ക്കിടയില്‍ കുടുംബാസൂത്രണ പരിപാടികള്‍ വര്‍ധിച്ചുവരുന്നതായാണ് ആ കണക്ക് വ്യക്തമാക്കുന്നത്. ഇങ്ങനെ സംഘപരിവാറിന്റെ നുണക്കഥകളെ പൊളിക്കുന്നതിനുവേണ്ടി തുടക്കംമുതലേ പ്രവര്‍ത്തിക്കുന്ന സിപിഐ എമ്മിനു നേരെയാണ് മുസ്ളിംലീഗ് ഇപ്പോള്‍ പ്രചാരണം അഴിച്ചുവിട്ടിട്ടുള്ളത്.
ഇന്ത്യയിലെ ഭാഷ-മത ന്യൂനപക്ഷങ്ങളുടെ പിന്നോക്കാവസ്ഥ പരിഹരിക്കാനാണ് ഇടതുപക്ഷം പിന്തുണ കൊടുത്ത യുപിഎ ഗവൺമെന്റ് 2004ല്‍ ജസ്‌റ്റിസ് രംഗനാഥ് മിശ്ര കമീഷനെ നിയോഗിച്ചത്. മത-ഭാഷാ ന്യൂനപക്ഷങ്ങളുടെ വ്യക്തിത്വം കാത്തുസൂക്ഷിക്കുന്നതിനും അവരുടെ യഥാര്‍ഥ പിന്നോക്കാവസ്ഥയുടെ മാനദണ്ഡങ്ങള്‍ നിര്‍ണയിക്കുന്നതിനുമാണ് ആ കമീഷനെ നിയോഗിച്ചത്. ആ കമീഷന്റെ റിപ്പോര്‍ട്ട് കേന്ദ്രഗവൺമെന്റിനു ലഭ്യമായിട്ട് മാസങ്ങളായി. പക്ഷേ, അതിനൊത്ത നടപടികള്‍ പല സംസ്ഥാന ഗവൺമെന്റുകളും കൈക്കൊണ്ടിട്ടില്ല.
2001ലെ സെന്‍സസ് റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയാണ് ജസ്റിസ് രംഗനാഥ് മിശ്ര കമീഷന്‍ നിഗമനത്തിലെത്തിയത്. മുസ്ളിങ്ങള്‍ സാക്ഷരത, വിദ്യാഭ്യാസം, വ്യാവസായികമായ അഭിവൃദ്ധി, സാമ്പത്തികമായ പുരോഗതി എന്നിവ നേടുന്നതില്‍ വളരെയധികം പിന്നോക്കമാണെന്ന് കമീഷന്‍ വിലയിരുത്തി. അതിനു കാരണം, തക്കതായ സാങ്കേതികമികവോ വിദ്യാഭ്യാസമോ അവര്‍ക്കു ലഭിക്കാത്തതാണ്. മുസ്ളിം കേന്ദ്രീകൃതപ്രദേശങ്ങളില്‍ സംരംഭക പ്രോത്സാഹനത്തിനുവേണ്ടിയുള്ള ഒരു പദ്ധതിയും നടപ്പാക്കപ്പെടുന്നില്ല. മുസ്ളിം സമുദായത്തിന്റെ വഖഫ് സ്വത്തുക്കള്‍ യഥാവിധി കൈകാര്യം ചെയ്യാത്തതിന്റെ ഫലമായി അതുവഴിയുള്ള നേട്ടങ്ങളും മുസ്ളിം സമുദായത്തിന് ലഭിക്കുന്നില്ല. നെയ്ത്തു തൊഴിലടക്കമുള്ള കുടില്‍വ്യവസായങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ള ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ടവര്‍ക്ക് ഏറ്റവും പിന്നോക്കനിരയിലുള്ള സാങ്കേതികവിദ്യ കാരണം അയല്‍രാജ്യങ്ങളിലെ കൈത്തൊഴിലുകാര്‍ക്കു കിട്ടുന്ന വരുമാനത്തിന്റെ നാലയലത്തുപോലും എത്താന്‍ കഴിയുന്നില്ല. ഇങ്ങനെ കമീഷന്‍ ഇന്ത്യയിലെ മുസ്ളിം മതന്യൂനപക്ഷത്തിന്റെ പിന്നോക്കാവസ്ഥ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്.
ഈ പിന്നോക്കാവസ്ഥ പരിഗണിച്ചാണ് സര്‍ക്കാര്‍ ജോലികളിലും മറ്റു പൊതുമേഖലാസ്ഥാപനങ്ങളിലും മുസ്ളിം തുടങ്ങിയ പിന്നോക്ക വിഭാഗങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്താന്‍ ശുപാര്‍ശ ചെയ്തത്. അത്തരം ശുപാര്‍ശകളെ പല സംസ്ഥാനങ്ങളും പൂഴ്ത്തിവച്ചു. സിപിഐ എം നയിക്കുന്ന പശ്ചിമബംഗാളിലെ ഇടതുപക്ഷ ഗവൺമെന്റാണ് ചരിത്രത്തിലാദ്യമായി മുസ്ളിം സമുദായത്തില്‍പ്പെട്ടവര്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. കേരളത്തിന്റെ ഉദാഹരണമെടുത്താല്‍ സാമ്പത്തികമായി ഉയര്‍ന്നവര്‍ മുസ്ളിം സമുദായത്തില്‍ ഉണ്ടെങ്കിലും വിദ്യാഭ്യാസപരമായി പിന്നോക്കാവസ്ഥ നിലനില്‍ക്കുന്നു. ആ പിന്നോക്കാവസ്ഥയെ കൃത്യമായി കണ്ടെത്തുന്നതിനാണ് മന്ത്രി പാലോളി മുഹമ്മദ്കുട്ടി അധ്യക്ഷനായുള്ള കമ്മിറ്റിയെ നിയോഗിച്ചത്. രജീന്ദ്ര സച്ചാര്‍ കമീഷന്റെ ശുപാര്‍ശകള്‍ കേരളത്തില്‍ നടപ്പാക്കുന്നതിനെ സംബന്ധിച്ച് വിശദമായി മുസ്ളിം സാമുദായ സംഘടനകളുമായി ചര്‍ച്ച ചെയ്തു. കമ്മിറ്റി നല്‍കിയ ശുപാര്‍ശകളെത്തുടര്‍ന്നാണ് കേരളത്തിലെ എല്‍ഡിഎഫ് ഗവമെന്റ് ഫലപ്രദമായ ചില നടപടികള്‍ കൈക്കൊണ്ടിട്ടുള്ളത്.
അതിന്റെ ഭാഗമായി മുസ്ളിം കേന്ദ്രീകൃത പ്രദേശങ്ങളിലെ വിദ്യാഭ്യാസപരമായ അപര്യാപ്തത പരിഹരിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. ഹജ്ജ് ഹൌസ് കോഴിക്കോട്ട് പ്രവര്‍ത്തനം ആരംഭിച്ചു. പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് മുസ്ളിം വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം സാധ്യമാക്കാനുള്ള കോച്ചിങ് സെന്ററുകള്‍ ആരംഭിച്ചു. മദ്രസ അധ്യാപകര്‍ അവഗണിക്കപ്പെട്ട വിഭാഗമായിരുന്നു. അവര്‍ക്ക് ക്ഷേമനിധിയും പെന്‍ഷനും കൊണ്ടുവന്നു. മുസ്ളിം ന്യൂനപക്ഷങ്ങളുടെ താല്‍പ്പര്യം പരിരക്ഷിക്കുന്നതിനുവേണ്ടി ഒരു ന്യൂനപക്ഷവകുപ്പുതന്നെ കേരളത്തില്‍ രൂപീകരിച്ചതും ഇടതുപക്ഷ ഗവമെന്റിന്റെ കാലത്താണ്. സെക്രട്ടറിയറ്റില്‍ മാത്രമല്ല കലക്ടറേറ്റുകളിലും ന്യൂനപക്ഷപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള സംവിധാനം ഇന്നുണ്ട്.
ഇങ്ങനെയെല്ലാം ഇന്ത്യയിലെ മതനിരപേക്ഷതയുടെ രക്ഷകരായി പ്രവര്‍ത്തിക്കുന്ന കമ്യൂണിസ്‌റ്റ് പ്രസ്ഥാനത്തിനെതിരെയാണ് മുസ്ലീം ലീഗുനെപ്പോലെയുള്ള പാർട്ടിയുടെ നേതാക്കൾ അപവാദപ്രചരണം നടത്തുന്നത്. മുസ്ലീം തീവ്രവാദികൾക്ക് സംരക്ഷണം കൊടുക്കുന്ന ലീഗിന്റെ ജനറൽ സെക്രട്ടറിയുടെ നിലപാടുകൾ പൊതുസമൂഹം മനസ്സിലാക്കിയപ്പോഴാണ് ഇത്തരത്തിലുള്ള കൊഞ്ഞനംകുത്തലുകൾ ലീഗ് നേതൃത്വത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്.
*****
പി ജയരാജന്‍,
രചന: താലിബാന്‍ പണ്ഡിതന്‍, വിവര്‍ത്തനം: ലഷ്കര്‍ ഭീകരന്‍, വിതരണം: പോപ്പുലര്‍ ഫ്രണ്ട്
'ഇന്ത്യയില്‍ ഇസ്ളാമിക സര്‍ക്കാര്‍ സ്ഥാപിക്കുന്നതിനെ ഒരു ശക്തിക്കും തടയാനാകില്ല'-പോപ്പുലര്‍ഫ്രണ്ടിന്റെ അകത്തളങ്ങളില്‍ പ്രചരിപ്പിച്ച, ലഷ്കര്‍ ഭീകരന്‍ സര്‍ഫ്രാസ് നവാസ് തര്‍ജുമ ചെയ്ത ലഘുലേഖ പ്രഖ്യാപിക്കുന്നു. 'ജനാധിപത്യം പിശാചിന്റെ മാര്‍ഗ'മാണെന്നും അതേ ലഘുലേഖയുടെ ആമുഖത്തില്‍ തന്നെ പറയുന്നു. പിന്നെ എങ്ങനെ ഇസ്ളാമിക രാജ്യം? ഇതിന് ഉത്തരം തേടുകയാണ് ഇസ്ളാമും ജനാധിപത്യവും എന്ന ഈ ലഘുലേഖ.
ഇന്ത്യയുടെ ഭരണഘടനയെയോ, നിയമനിര്‍മാണ സഭയെയോ അംഗീകരിക്കുന്നില്ലെന്ന് വ്യക്തമാക്കുന്ന ലഘുലേഖ സമ്മതിദാനാവകാശത്തിലൂടെ ഇന്ത്യയെ ഇസ്ളാമികമാക്കാമെന്ന ധാരണ മൌഢ്യമാണെന്നും പറയുന്നു. ഇതിനായി മറ്റു മാര്‍ഗമാണ് സ്വീകരിക്കേണ്ടത്. 'ഇന്ത്യയിലെ 20 കോടിയിലികം വരുന്ന മുസ്ളിങ്ങള്‍ നമ്മുടെ ക്ഷണം സ്വീകരിച്ചാല്‍...എന്നാല്‍ ഇന്ത്യ മാത്രമല്ല; ലോകത്തിന്റെ വലിയൊരു ഭാഗം തന്നെ നിങ്ങള്‍ക്ക് കൈവശപ്പെടുമെന്ന് ഞാനുറച്ച് വിശ്വസിക്കുന്നു.' ഒപ്പം മറ്റുള്ളവരെയും ഇസ്ളാമിന്റെ മാര്‍ഗത്തില്‍ അണിചേര്‍ക്കണമെന്നും ലഘുലേഖ ആഹ്വാനം ചെയ്യുന്നു.
'നിയമം നിര്‍മിക്കാന്‍ മനുഷ്യന് അവകാശമില്ല, ഇസ്ളാമല്ലാത്തവരെ പൂര്‍ണമായി നിഷേധിക്കണം'-ലഘുലേഖയുടെ കാതല്‍ ഇതാണ്. 'ദൈവേതര വ്യവസ്ഥയുടെ ഭരണഘടന മുസ്ളിങ്ങള്‍ക്ക് ഒരര്‍ഥത്തിലും സ്വീകാര്യമല്ല. ഇസ്ളാമിന് മേധാവിത്വം നേടാന്‍ ഏതെങ്കിലുമൊരു വ്യാജവ്യവസ്ഥിതിയുടെ തണലാവശ്യമില്ല. ഇസ്ളാമിന്റെ മേധാവിത്വത്തിന് സ്വന്തം ജീവരക്തം നല്‍കി അതിനെ ശക്തിപ്പെടുത്തുന്ന കര്‍മോത്സുകരെയാണ് വേണ്ടത്. ജാലൂത്തിന്റെ സൈന്യത്തെ കല്ലുകള്‍കൊണ്ട് നേരിടുന്ന പോരാളികളെയാണ് ഇസ്ളാമിനാവശ്യം. ജനാധിപത്യമോ, മതേതരത്വമോ എന്തുമാകട്ടെ ഇസ്ളാമല്ലാത്തതെല്ലാം ജാഹിലിയ്യത്താണ്. അതില്‍നിന്ന് പൂര്‍ണമായും അകന്നുനിന്ന് അതിനോട് നിസ്സഹകരിക്കുകയും അതിന്റെ നാശത്തിനായി പ്രവര്‍ത്തിക്കുകയും ചെയ്യേണ്ടത് ഒരോ വിശ്വാസിയുടെ ബാധ്യതയാണ്'-ലഘുലേഖ പറയുന്നു. 'നിയമനിര്‍മാണ സഭ ആകാശത്തിനു കീഴിലെ ഏറ്റവും വലിയ നികൃഷ്ടജീവിയാണ്. സമ്മതിദാനാവകാശം രേഖപ്പെടുത്തുന്നത് അനിസ്ളാമികമാണ്. നിയമനിര്‍മാണ അധികാരം സഭയ്ക്കോ വ്യക്തികള്‍ക്കോ വകവെച്ചുകൊടുക്കുന്നത് ദൈവനിഷേധ(ശിര്‍ക്ക്)വുമാണ്.'
'ലോകം മുഴുവന്‍ വ്യാപിച്ചുകിടക്കുന്ന ഏറ്റവും നികൃഷ്ടമായ കുഫ്റാണ് മതേതരത്വം' എന്നതാണ് ലഘുലേഖയിലെ മറ്റൊരു പരാമര്‍ശം. 'മതത്തിന് അതിന്റെ സ്ഥാനം വകവെച്ചുകൊടുക്കണമെന്നേ മതേതരത്വം ആവശ്യപ്പെടുന്നുള്ളു. എന്നാല്‍ രാജ്യത്തിന്റെ ഭരണഘട നയിലോ, നിയമത്തിലോ, രാഷ്ട്രീയ മേഖലകളിലോ മതത്തെ പ്രവേശിപ്പിക്കുന്നില്ല.' ജനാധിപത്യത്തെ ഇസ്ളാമികമാക്കാമെന്നു വാദിക്കുന്നവരെയും ലഘുലേഖ വിമര്‍ശിക്കുന്നു. "ഇന്ത്യയില്‍ ഭൂരിപക്ഷം അമുസ്ളീമുകളാണ്. ജനാധിപത്യത്തില്‍ ഭൂരിപക്ഷത്തിന്റെ അഭിപ്രായമാണ് മാനിക്കപ്പെടുകയെന്ന് മനസ്സിലാക്കണം. അഥവാ മുസ്ളിം അംഗം ഒരു ബില്‍ അവതരിപ്പിച്ചാല്‍ അതിന്റെ ചര്‍ച്ചയില്‍ ഖാദിയാനികളും കാഫിറുകളും പലതും ഉദ്ധരിക്കും. ഇത്തരത്തില്‍ ജനാധിപത്യത്തെ ഇസ്ളാമികമാക്കാന്‍ ശ്രമിക്കുന്നവര്‍ മുസ്ളിങ്ങളെ ജനാധിപത്യത്തിന്റെ അടിമത്തരീതികള്‍ പഠിപ്പിക്കുകയാണ് ചെയ്യുന്നത്.''
നിയസഭയിലെ അംഗത്വം ഹറാമാണെന്നും ലഘുലേഖ പറയുന്നു. 'മനുഷ്യനാവശ്യമായ നിയമ നിര്‍മാണത്തിന് അധികാരം ദൈവത്തിന് മാത്രമാണ്. മറിച്ച് നിയമം നിര്‍മിക്കുന്നവരെ ത്വാഗൂത്ത് എന്നാണ് വിശേഷിപ്പിക്കേണ്ടത്. പാര്‍ലമെന്റ് ഡല്‍ഹിയിലെ ഒരു കെട്ടിടമല്ല. മറിച്ച് മനുഷ്യരുടെ കൂട്ടായ്മയാണ്. ഇവരെല്ലാം ഭൂമിക്ക് ഭാരവുമാണ്. ഭരണഘടനയെയും നിയമത്തെയും സംരക്ഷിക്കാമെന്ന് അംഗം സത്യപ്രതിജ്ഞ ചെയ്യേണ്ടിവരുന്നുണ്ട്. അബ്കാരി സംഘത്തില്‍ അംഗങ്ങളാകുന്നതുപോലെയാണ് മുസ്ളിങ്ങള്‍ ജനപ്രതിനിധികളാകുന്നത്.' എന്നിങ്ങനെ പോകുന്നു 82 പേജുകളില്‍ വിവരിക്കുന്ന ലഘുലേഖ. അടിസ്ഥാന പ്രശ്നം, മതേതരത്വം, അല്ലാഹുവിന്റെ പങ്കാളിയാകാന്‍ താങ്കള്‍ സന്നദ്ധനാണോ, ശിര്‍ക്കിയന്‍ സഭയിലെ അംഗത്വം, സമ്മതിദാനത്തിന്റെ ശറഅ് കാഴ്ചപ്പാട് എന്നിങ്ങനെ ഏഴു അധ്യായങ്ങളിലായാണ് ഇസ്ളാമിക സര്‍ക്കാര്‍ സ്ഥാപിക്കുന്നതിന്റെ വഴികള്‍ തേടുന്നത്.
ഹിന്ദുത്വ തീവ്രവാദികള്‍ ഹിന്ദുത്വത്തിന്റെ മേല്‍ക്കോയ്മയ്ക്കായി ഉയര്‍ത്തുന്ന വാദത്തിന്റെ മറുവശം തന്നെയാണ് സര്‍ഫ്രാസിലൂടെ പോപ്പുലര്‍ഫ്രണ്ടും ഉയര്‍ത്തുന്നത്. രാഷ്ട്രീയ സ്വയം സേവക് സംഘത്തിന്റെ ആചാര്യന്‍ എം എസ് ഗോള്‍വള്‍ക്കര്‍ ഹിന്ദുത്വത്തിന്റെ മേല്‍ക്കോയ്മ എന്ന ആശയം സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് എങ്ങനെയെന്ന് നോക്കുക: 'ഹിന്ദുസ്ഥാനിലെ ഹിന്ദുക്കള്‍ അല്ലാത്തവര്‍ ഹിന്ദുസംസ്കാരവും ഭാഷയും സ്വീകരിക്കണം. ഹിന്ദുമതത്തെ ആദരിക്കാനും ബഹുമാനിക്കാനും പഠിക്കണം, ഹിന്ദുരാഷ്ട്രത്തെ ആദര്‍ശവല്‍ക്കരിക്കുന്ന ആശയങ്ങളെ അല്ലാതെ ഒന്നിനെയും പ്രോത്സാഹിപ്പിച്ചുകൂടാ. അതായത് ഈ രാജ്യത്തോടും അതിന്റെ വര്‍ഷങ്ങള്‍ പഴക്കമുള്ള പൈതൃകത്തോടുമുള്ള അസഹിഷ്ണുതയും കൃതഘ്നതയും ഉപേക്ഷിച്ചാല്‍ മാത്രം പോര, രാജ്യത്തോട് കൂറും സ്നേഹവും അര്‍പ്പണബോധവും വളര്‍ത്തിയെടുക്കുകയും വേണം. അല്ലെങ്കില്‍ അവര്‍ വിദേശികള്‍ മാത്രമായി കണക്കാക്കപ്പെടുകയോ, ഹിന്ദുരാഷ്ട്രത്തിന് പൂര്‍ണമായും കീഴ്പ്പെട്ട് ജീവിക്കുകയോ വേണം. ഒരു അവകാശവാദവുമില്ലാതെ ഒരു ആനുകൂല്യവും പറ്റാതെ പൌരാവകാശമടക്കം യാതൊരു പരിഗണനയും പ്രത്യേകാവകാശവുമില്ലാതെ ജീവിക്കുകയും വേണം.'(എം എസ് ഗോള്‍വള്‍ക്കര്‍-നാം അഥവാ നമ്മുടെ രാഷ്ട്രം നിര്‍വചിക്കപ്പെടുന്നു-1938, പേജ് 27)
ആശയത്തില്‍ മാത്രമല്ല ഈ പൊരുത്തം. സംഘപരിവാരങ്ങളെ എങ്ങനെയാണോ ആര്‍എസ്എസ് നിയന്ത്രിക്കുന്നത് അതുപോലെയാണ് ഇമാംസ് കൌണ്‍സിലടക്കം 20 സംഘടനകളെ പോപ്പുലര്‍ ഫ്രണ്ടും നിയന്ത്രിക്കുന്നത്. സര്‍ക്കാര്‍ സംവിധാനങ്ങളിലും പൊലീസ് -സൈനിക സംവിധാനങ്ങളിലും ആര്‍എസ്എസ് സാന്നിധ്യം ഇന്ന് പരസ്യമാണ്. ചുരുങ്ങിയ കാലംകൊണ്ട് പോപ്പുലര്‍ഫ്രണ്ടും ഈ വഴിക്ക് ഏറെ മുന്നേറി. ആര്‍എസ്എസിന്റെ കുറുവടി സംഘം പോലെ പോപ്പുലര്‍ഫ്രണ്ടും പരേഡ് സേന രൂപീകരിച്ചു.
ഇന്ത്യയില്‍ ഇതര വിഭാഗങ്ങള്‍ക്ക് സ്വാതന്ത്യ്രദിനം ആഘോഷിക്കാന്‍ അവകാശമുള്ളതുപോലെ തങ്ങള്‍ക്കും അവകാശമുണ്ടെന്നാണ് ഫ്രീഡം പരേഡ് നിരോധിച്ചപ്പോള്‍ പോപ്പുലര്‍ ഫ്രണ്ട് അവകാശപ്പെട്ടത്. എന്നാല്‍ 'ഫ്രീഡം പരേഡ് ഇതുപോലെ തന്നെ ശത്രുവിനെതിരായ ഒരാക്രമണ'മാണെന്ന് പോപ്പുലര്‍ഫ്രണ്ടിന്റെ ഐഡിയോളജിക്കല്‍ ക്യാമ്പില്‍ നല്‍കിയ സര്‍ക്കുലറില്‍ പറയുന്നു. 'അതോടൊപ്പം മുസ്ളീങ്ങള്‍ക്ക് ആത്മവീര്യം പകരുന്ന ശക്തിപ്രകടനവും.' കായികമായി ചെറുത്തുനില്‍ക്കുക മാത്രമല്ല ശത്രുവിന്റെ ശക്തി ചോര്‍ത്തിക്കളയുകയെന്നതും ചെറുത്തുനില്‍പ്പിന്റെ ഭാഗമാണെന്ന് സര്‍ക്കുലര്‍ ഓര്‍മിപ്പിക്കുന്നു. കേരളത്തിലെയടക്കം മുസ്ളിങ്ങള്‍ ഉന്മൂലനം നേരിടുന്നു എന്ന് പ്രചരിപ്പിച്ചാണ് ഈ ചെറുത്തു നില്‍പ്പിന് പോപ്പുലര്‍ ഫ്രണ്ടിന്റെ ആഹ്വാനം. മുസ്ളിമിതര വിഭാഗങ്ങള്‍ക്ക് മാത്രമല്ല പോപ്പുലര്‍ഫ്രണ്ടിന്റെ ഭീഷണി. മുസ്ളിങ്ങള്‍ നേരിടുന്ന മറ്റൊരു പ്രശ്നം വിവിധ സംഘടനകള്‍ തമ്മിലുള്ള അഭിപ്രായ ഐക്യമില്ലായ്മയാണെന്ന് സര്‍ക്കുലറില്‍ പറയുന്നു. ഇതിന് പരിഹാരമായി എല്ലാ മുസ്ളിങ്ങള്‍ക്കും ഒറ്റ സംഘടന യെന്നും അത് പോപ്പുലര്‍ ഫ്രണ്ടാണെന്നും സ്ഥാപിക്കാനാണ് സര്‍ക്കുലര്‍ ശ്രമിക്കുന്നത്.
സഅദ് അബ്ദുള്ള എന്ന താലിബാന്‍ അനുകൂല ഇസ്ലാമിക പണ്ഡിതന്‍ ഉറുദുവില്‍ എഴുതിയ പുസ്തകം ബംഗളൂരു സ്ഫോടനക്കേസിലെ പ്രതിയായ സര്‍ഫ്രാസ് നവാസാണ് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തത്. ഒരു സാക്ഷി പ്രസിദ്ധീകരണം എന്നു പറയുന്ന ലഘുലേഖയില്‍ എറണാകുളം ബാനര്‍ജി റോഡിലെ വിലാസമാണ് നല്‍കിയിരിക്കുന്നത്. എന്നാല്‍ അന്വേഷണത്തില്‍ ഈ മേല്‍വിലാസം വ്യാജമാണെന്ന് പൊലീസ് കണ്ടെത്തി. കൃതി പുനഃപ്രസിദ്ധീകരിക്കാന്‍ പ്രസാധകരുടെ അനുവാദം വേണ്ടെന്നും പ്രസാധകക്കുറിപ്പിനോടൊപ്പം അച്ചടിച്ചിട്ടുണ്ട്. ഇതിന്റെ മറവില്‍ പോപ്പുലര്‍ ഫ്രണ്ട് ഈ പുസ്തകത്തിന്റെ ആയിരക്കണക്കിന് കോപ്പികളാണ് അച്ചടിച്ച് അംഗങ്ങള്‍ക്കിടയില്‍ വിതരണം ചെയ്തത്, സംഘടനയുടെ യഥാര്‍ഥ രാഷ്ട്രീയനയപ്രഖ്യാപനം പോലെ.
ഈ ലഘുലേഖകളും സര്‍ക്കുലറുകളും പോപ്പുലര്‍ ഫ്രണ്ടിന്റെ ഐഡിയോളജിക്കല്‍ ക്യാമ്പുകളിലാണ് ചര്‍ച്ച ചെയ്യുക. ഈ ചര്‍ച്ചകളിലാണ് ഇതിന്റെ കര്‍മമാര്‍ഗങ്ങള്‍ തയ്യാറാക്കുക. താലിബാന്‍ ശിക്ഷാവിധികള്‍ ചിത്രീകരിച്ച സിഡികളും ഈ ക്യാമ്പുകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നതും ഇവയോടൊപ്പം കൂട്ടിവായിക്കേണ്ടിയിരിക്കുന്നു. ഒപ്പം പോപ്പുലര്‍ഫ്രണ്ടിന് അപ്രിയമായതെന്തും സ്വന്തം കോടതിയില്‍ വിധിച്ച് വിധി നടപ്പാക്കുന്ന ഭീകരസംഘടനയായും അത് വളര്‍ന്നു. മുസ്ളീം വിഭാഗത്തിലെ അസംതൃപ്തിക്കും അമര്‍ഷത്തിനും ബാബറിപള്ളി തകര്‍ത്തതടക്കമുള്ള ചരിത്രപരവും തികച്ചും ന്യായവുമായ ചില കാരണങ്ങളുണ്ടെന്നത് ഹിന്ദുക്കളടക്കമുള്ള ബഹുഭൂരിപക്ഷം വരുന്ന പൊതുജനാധിപത്യ സമൂഹം അംഗീകരിച്ചിട്ടുള്ളതാണ്. അതിന് പരിഹാരം രാഷ്ട്രീയമല്ല; ഭീകരവാദമാണെന്ന നിലയിലേക്ക് മാറുമ്പോള്‍ അതിനെ ചെറുത്തേ തീരൂ. 1992ല്‍ സിമി നിരോധനത്തിന് ശേഷം രാജ്യത്ത് വിവിധ ഭാഗങ്ങളില്‍ ചെറിയ തീവ്രവാദ ഗ്രൂപ്പുകള്‍ ഉടലെടുത്തിരുന്നു. അതിലൊന്നാണ് എന്‍ഡിഎഫ്. പുറമെ തീര്‍ത്തും ഒരു സന്നദ്ധ സംഘടന. ഈ മറവിലാണ് കഴിഞ്ഞ പതിനേഴുവര്‍ഷം ഇവര്‍ പ്രവര്‍ത്തിച്ചത്. പൊതുസമൂഹത്തിന്റെ നിഷ്ക്രിയതയില്‍ നടത്തിയ ഈ പ്രവര്‍ത്തനമാണ് പോപ്പുലര്‍ഫ്രണ്ടിനെ വീടിനെ വിഴുങ്ങുന്ന വിഷവൃക്ഷമായി വളര്‍ത്തിയത്.
ഡി ദിലീപ്
Tuesday 10 August 2010
കൊത്തിയരിയപ്പെട്ട കൈ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍
വര്‍ഗീയക്കോമരങ്ങളുടെ ഉറഞ്ഞുതുള്ളലുകളെ പ്രതിരോധിക്കുകയും അതിജീവിക്കുകയുംചെയ്ത ചരിത്രമുള്ള നാടാണ് കേരളം. ഇന്ത്യയില്‍ പലയിടങ്ങളിലും വര്‍ഗീയ കലാപങ്ങളും വംശഹത്യകളും അഴിഞ്ഞാടിയപ്പോഴും നമ്മുടെ നാട് അതില്‍നിന്നും വേറിട്ടുനിന്നു. സംഘപരിവാരത്തിന് പല സംസ്ഥാനങ്ങളിലും രാഷ്ട്രീയമേധാവിത്വം ലഭിച്ചപ്പോഴും ഈ മണ്ണില്‍ അവര്‍ക്ക് സ്വാധീനമുറപ്പിക്കാന്‍ കഴിഞ്ഞില്ല. പഠിച്ചപണി പതിനെട്ടും നോക്കിയിട്ടും നിയമസഭയില്‍ മരുന്നിനുപോലും ബിജെപിക്ക് പ്രാതിനിധ്യം ലഭിച്ചില്ല. കോണ്‍ഗ്രസ് പലപ്പോഴും ബിജെപിയുമായി അവിശുദ്ധ കൂട്ടുകെട്ട് രഹസ്യമായി ഉണ്ടാക്കിയെങ്കിലും ജനം അത് അംഗീകരിച്ചില്ല. കേരളത്തിന്റെ ഈ മതനിരപേക്ഷ സ്വഭാവം സ്വഭാവികമായി രൂപംകൊണ്ടതല്ല. അതിനുപിന്നില്‍ ചോരപുരണ്ട ചരിത്രമുണ്ട്. ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ ത്യാഗനിര്‍ഭരമായ ഇടപെടലുകളാണ് ഈ അടിത്തറയുടെ പ്രധാന ശക്തി. അതാതു മതത്തില്‍പ്പെട്ടവര്‍ക്കു മാത്രമേ അവരവരുടെ പ്രശ്നങ്ങള്‍ തിരിച്ചറിയാനും പ്രതിരോധിക്കാനും കഴിയൂയെന്ന പ്രതിലോമ പാഠങ്ങളല്ല പ്രയോഗത്തിനു വഴികാട്ടിയത്. വിശാലമായ വര്‍ഗതാല്‍പര്യത്തിനു എങ്ങനെയാണ് വര്‍ഗീയത എതിരാകുന്നതെന്ന് തിരിച്ചറിഞ്ഞ് നടത്തിയ ഇടപെടലുകള്‍ക്കിടയിലാണ് തലശ്ശേരിയിലെ യു കെ കുഞ്ഞിരാമനെപ്പോലുള്ള ധീരസഖാക്കള്‍ക്ക് ജീവന്‍ നഷ്ടമായത്.
ഭൂരിപക്ഷത്തെ അടിസ്ഥാനമാക്കിയ വര്‍ഗീയതയെ പ്രതിരോധിക്കണമെങ്കില്‍ ന്യൂനപക്ഷവും ഭൂരിപക്ഷത്തിലെ മതനിരപേക്ഷ ശക്തികളും ചേരുന്ന വിശാല മുന്നണിക്കേ കഴിയൂ. ന്യൂനപക്ഷം വര്‍ഗീയമായി എത്ര സംഘടിച്ചാലും ഭൂരിപക്ഷമാകില്ലെന്ന ലളിതപാഠം എപ്പോഴും ഇ എം എസ് ഓര്‍മിപ്പിച്ചുകൊണ്ടിരുന്നു. എന്നുമാത്രമല്ല അത്തരം പ്രവര്‍ത്തനങ്ങള്‍ മതനിരപേക്ഷ വാദികളില്‍ ഒരു ചെറുവിഭാഗത്തെയെങ്കിലും വര്‍ഗീയ ചിന്തകളിലേക്ക് നയിക്കുന്ന പരിസരം സൃഷ്ടിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. പോപ്പുലര്‍ ഫ്രണ്ടിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി കേരളത്തില്‍ നടക്കുന്ന പ്രവര്‍ത്തനം മതനിരപേക്ഷതക്ക് നേരെ കനത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. എന്‍ഡിഎഫ് എന്നും പോപ്പുലര്‍ ഫ്രണ്ടെന്നും എസ്ഡിപിഐ എന്നുമുള്ള പേരില്‍ അറിയപ്പെടുന്ന സംഘടന പൊതുസമൂഹത്തില്‍ ബോധപൂര്‍വം നടത്തിയ പല ഇടപെടലുകളും സമര്‍ഥമായി മറച്ചുവെക്കാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നു. സാമ്രാജ്യത്വവിരുദ്ധം, ഫാസിസ്റ്റ് വിരുദ്ധം എന്നിങ്ങനെയുള്ള പേരില്‍ സംഘടിപ്പിച്ച പരിപാടികളിലൂടെയും ദളിത്, പരിസ്ഥിതി എന്നിങ്ങനെയുള്ള പ്രശ്നങ്ങള്‍ ഏറ്റെടുത്തും പൊതുസമൂഹ സമ്മതനിര്‍മിതിക്കായാണ് ശ്രമിച്ചത്. സമൂഹത്തില്‍ പൊതുവെ അംഗീകാരമുള്ള പല ചിന്തകരെയും തങ്ങളുടെ വേദികളില്‍ അണിനിരത്താനും ഇക്കൂട്ടര്‍ക്ക് കഴിഞ്ഞു. സാമ്രാജ്യത്വവും ഫാസിസവും ഭീകരരീതികളിലൂടെ കടന്നുപോകുമ്പോള്‍ അതിനെതിരായ ഇടപെടലുകള്‍ക്ക് ഭീകരരൂപം വരുന്നതില്‍ തെറ്റില്ലെന്ന് ഇവര്‍ സ്ഥാപിക്കാന്‍ ശ്രമിച്ചു.
യുഡിഎഫ് അധികാരത്തിലിരിക്കുമ്പോഴാണ് ഇക്കൂട്ടരുടെ പ്രവര്‍ത്തനങ്ങള്‍ യഥേഷ്ടം നടന്നത്. ഇവരെ പരസ്യമായി എതിര്‍ത്തത് സിപിഐ എമ്മും ഇടതുപക്ഷ സംഘടനകളുമാണ്. പലയിടങ്ങളിലും പാര്‍ടി പ്രവര്‍ത്തകര്‍ എന്‍ഡിഎഫിനാല്‍ ആക്രമിക്കപ്പെട്ടു. നിരവധി സഖാക്കള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. മറ്റൊരു രാഷ്ട്രീയപാര്‍ടിയുടെ പ്രവര്‍ത്തകര്‍ക്കും സംസ്ഥാനത്ത് ഇത്രയേറെ ജീവന്‍ നഷ്ടപ്പെട്ടിട്ടില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പരസ്യമായി യുഡിഎഫ് ഇവരുമായി കൂട്ടുകെട്ടുണ്ടാക്കി. മുസ്ളിംലീഗിന്റെ സ്ഥാനാര്‍ഥി ആരായിരിക്കണമെന്നുവരെ എന്‍ഡിഎഫ് തീരുമാനിക്കുന്ന അപമാനകരമായ അവസ്ഥയും നാട്ടില്‍ ഉണ്ടായി. അധ്യാപകന്റെ കൈ വെട്ടിയെടുത്ത സംഭവത്തിനുശേഷം പോപ്പുലര്‍ ഫ്രണ്ടിനെ തള്ളിപ്പറയാന്‍ ഉമ്മന്‍ചാണ്ടി ധൈര്യം കാണിച്ചില്ല. കെ സുധാകരനെപ്പോലുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പോപ്പുലര്‍ ഫ്രണ്ടിനെ സിപിഐ എമ്മുമായി താരതമ്യപ്പെടുത്തി അവര്‍ക്ക് പൊതുസമ്മതി നല്‍കാന്‍ ശ്രമിച്ചു. കോണ്‍ഗ്രസ് അധികാരത്തില്‍ ഇരുന്നപ്പോഴെല്ലാം വര്‍ഗീയശക്തികള്‍ക്ക് വളരാന്‍ വളക്കൂറുള്ള മണ്ണൊരുക്കി എന്നത് ചരിത്രസത്യമാണ്.
ഭൂരിപക്ഷത്തെയും ന്യൂനപക്ഷത്തെയും അടിസ്ഥാനപ്പെടുത്തിയ വര്‍ഗീയശക്തികള്‍ക്ക് വളരുന്നതിന് സിപിഐ എമ്മിനെ ദുര്‍ബലപ്പെടുത്തേണ്ടതുണ്ടെന്ന തിരിച്ചറിവോടെയുള്ള പ്രവര്‍ത്തനം നാട്ടില്‍ നടക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ശാരീരികമായി വകവരുത്തി ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കുന്നത് അതിന്റെ ഒരു ഭാഗം മാത്രമാണ്. തീവ്ര ഇടതുപക്ഷ മുഖമണിഞ്ഞ പ്രചാരവേല ഇതിന്റെ മറ്റൊരു ഉപകരണമാണ്. കമ്യൂണിസ്റ്റ് പ്രസ്ഥാനം പ്രസക്തമല്ലെന്നും ഇടതുപക്ഷ മുദ്രാവാക്യങ്ങള്‍ ഏറ്റെടുക്കുന്നതിനു നവപ്രസ്ഥാനങ്ങള്‍ ആവശ്യമാണെന്നുമുള്ള വാദം ഇതിന്റെ ഭാഗമാണ്. മുഖ്യധാരാ ഇടതുപക്ഷത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടിരിക്കുന്നുവെന്ന് ഇവര്‍ പ്രചരിപ്പിച്ചു. കടുത്ത മതമൌലികവാദത്തിന്റെ സംഘടനകളും ഭീകരവാദികളും ഇടതുപക്ഷ തോല്‍ എടുത്തണിഞ്ഞ് വിവിധ പേരുകളില്‍ രംഗത്തിറങ്ങി. ഇടതുപക്ഷ രാഷ്ട്രീയത്തിന് ശക്തമായ സ്വാധീനമുള്ള നാട്ടില്‍ അത് സൃഷ്ടിച്ച അടിത്തറ തകര്‍ത്ത് അകത്തുകയറുക എന്ന ലക്ഷ്യം സാക്ഷാത്കരിക്കാനായിരുന്നു ശ്രമം.
മറുവശത്ത് അരാഷ്ട്രീയപരിസരം ഒരുക്കുന്നതിനുള്ള ശ്രമവും നടത്തി. വിദ്യാര്‍ഥിരാഷ്ട്രീയത്തെ ക്യാമ്പസുകളില്‍നിന്നും ആട്ടിയോടിക്കുന്നതിന് വിവിധ വിഭാഗങ്ങള്‍ നടത്തിയ ശ്രമത്തിന് കുറെയൊക്കെ പൊതുസമ്മതം സൃഷ്ടിച്ചെടുക്കുന്നതില്‍ ഇക്കൂട്ടര്‍ വിജയിച്ചു. മാധ്യമങ്ങളുടെയും നീതിപീഠത്തിന്റെയും പിന്തുണയോടെ രാഷ്ട്രീയം നിരോധിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മതത്തിന്റെ പേരിലുള്ള സംഘടനകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കി. അവര്‍ വിഷം കുത്തിവെച്ച് പുറത്തുവിട്ടവര്‍ ഭീകര സംഘടനകളുടെ പ്രവര്‍ത്തകരായി പരിണമിച്ചു. മതത്തിന്റെ പേരില്‍ ചിഹ്നങ്ങളും അടയാളങ്ങളും അണിയുന്നത് അഭിമാനകരമായ സംഗതിയാണെന്ന പ്രചാരവേലയും ഒപ്പം നടന്നു. അടയാളങ്ങള്‍ അണിയുന്നതിന്റെ ഫാസിസ്റ്റ് വിരുദ്ധത അവതരിപ്പിക്കാന്‍ ചില സൈദ്ധാന്തികരും രംഗത്തിറങ്ങി. ഇവയെല്ലാം ചേര്‍ന്ന് ഒരുക്കിയ വളക്കൂറുള്ള മണ്ണിലാണ് അധ്യാപകന്റെ കൈ പകല്‍വെളിച്ചത്തില്‍ പരസ്യമായി വെട്ടിമാറ്റിയത്. അതിനായി സമാന്തര നീതിപീഠം വിധിയും പ്രഖ്യാപിച്ചു.
ആഗോളവല്‍ക്കരണനയങ്ങള്‍ ശക്തമായി നടപ്പിലാക്കുന്ന രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലം അതിശക്തമായ പോരാട്ടം ആവശ്യപ്പെടുന്ന സന്ദര്‍ഭമാണ്. വര്‍ഗീയശക്തികള്‍ ഈ ഐക്യത്തെ ദുര്‍ബലപ്പെടുത്താനാണ് ശ്രമിക്കുന്നത്. സാമ്രാജ്യത്വവിരുദ്ധമാണെന്ന് അവകാശപ്പെടുന്ന വര്‍ഗീയ, ഭീകരവാദ സംഘടനകള്‍ യഥാര്‍ഥത്തില്‍ വിശാലമായ സാമ്രാജ്യത്വ വിരുദ്ധമുന്നണിയെ തകര്‍ക്കാനാണ് പ്രയോഗത്തിലൂടെ ശ്രമിക്കുന്നത്. ഹിന്ദുത്വശക്തികളുടെ ഭീകരവാദപ്രവര്‍ത്തനം തുറന്നുകാട്ടപ്പെടുന്ന ഇന്നത്തെ സാഹചര്യത്തില്‍ അതിനെതിരെ ഉയരേണ്ട ജനവികാരത്തെ വഴിതിരിച്ചുവിടാന്‍ സഹായിക്കുകയാണ് പോപ്പുലര്‍ ഫ്രണ്ട് പോലുള്ള സംഘടനകളുടെ ഭീകരവാദവഴികള്‍ സഹായിക്കുന്നത്. മഹാഭൂരിപക്ഷം വരുന്ന ഇസ്ളാംമത വിശ്വാസികളും ഈ യാഥാര്‍ഥ്യം തിരിച്ചറിയുന്നുണ്ട്. അവര്‍ ഭീകരവാദത്തിന്റെ വഴിയെ തള്ളിപ്പറയുന്നത് മനസ്സിലാക്കിയാണ് ഇക്കൂട്ടര്‍ പോപ്പുലര്‍ ഫ്രണ്ട് സമം ഇസ്ളാം എന്ന പുതിയ സമവാക്യം ആര്‍എസ്എസിന്റെ വഴി പിന്തുടര്‍ന്ന് സൃഷ്ടിക്കുന്നത.് യുഡിഎഫ് അതിനെ പിന്തുണക്കുകയും ചെയ്യുന്നു. എന്നാല്‍, ഇപ്പോഴും ശക്തമായ മതനിരപേക്ഷ അടിത്തറയുള്ള കേരളം ഇതെല്ലാം തിരിച്ചറിയുകതന്നെ ചെയ്യും.
പി രാജീവ്