Thursday, 21 January 2010

അണയില്ല ജ്യോതി

അണയില്ല ജ്യോതി


ദേശീയ രാഷ്ട്രീയത്തില്‍ ഇടതുപക്ഷത്തിന്റെ പങ്ക് നിര്‍ണായകതലത്തിലേക്ക് ഉയര്‍ത്തിയ ധിഷണാശാലി, ആധുനിക ബംഗാളിന്റെ ശില്‍പ്പി, വര്‍ഗീയതയ്ക്കും ഏകാധിപത്യത്തിനുമെതിരെ ദേശീയതലത്തില്‍ ഐക്യമുന്നണി കെട്ടിപ്പടുത്തവരില്‍ പ്രധാനി, സര്‍വാദരണീയനായ രാഷ്ട്രീയ നയതന്ത്രജ്ഞന്‍-വിശേഷണങ്ങള്‍ക്ക് ഒതുങ്ങാത്ത ബസു ചരിത്രത്തിലേക്ക് മറയുമ്പോള്‍ അവസാനിക്കുന്നത് ഇന്ത്യന്‍ വിപ്ളവപ്രസ്ഥാനത്തിന്റെ സമരഭരിതമായ ഒരു അധ്യായം. ശ്വാസതടസ്സത്തെയും ചുമയെയും തുടര്‍ന്ന് ജനുവരി ഒന്നിനാണ് ബസുവിനെ സാള്‍ട്ട്ലേക്കിലെ എഎംആര്‍ഐ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തണുപ്പ് കൂടിയതിനെത്തുടര്‍ന്ന് ജലദോഷവും ന്യുമോണിയയും ബാധിച്ചതാണ് ശ്വാസതടസ്സത്തിന് ഇടയാക്കിയത്. ഏഴുപേരടങ്ങുന്ന മെഡിക്കല്‍ ബോര്‍ഡാണ് അദ്ദേഹത്തെ ചികിത്സിച്ചത്. ചികിത്സയോട് ഒരു ഘട്ടത്തില്‍ നല്ലരീതിയില്‍ പ്രതികരിച്ച അദ്ദേഹത്തിന് ദ്രവരൂപത്തിലുള്ള ആഹാരവും നല്‍കിയിരുന്നു. ബസു സംസാരിച്ചതായും വീട്ടില്‍ പോകണമെന്ന് ആവശ്യപ്പെട്ടതായും ഡോക്ടര്‍മാര്‍ അറിയിച്ചു. രണ്ടു ദിവസത്തിനകം ബസുവിന് ആശുപത്രി വിടാന്‍ കഴിയുമെന്ന് ഡോക്ടര്‍മാരും പ്രതീക്ഷ പുലര്‍ത്തിയിരുന്നു. ഇതിനിടെയാണ് ആരോഗ്യനില വഷളായത്. തുടര്‍ന്ന് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാവിലെ ബസുവിന്റെ ജീവന്‍ രക്ഷിക്കാനുള്ള എല്ലാ ശ്രമവും വിഫലമാകുകയായിരുന്നു. ആശുപത്രി അധികൃതര്‍ പാര്‍ടി സംസ്ഥാന സെക്രട്ടറി ബിമന്‍ ബസുവിനെ വിവരം അറിയിച്ചു. കൊല്‍ക്കത്തയിലുണ്ടായിരുന്നന്നപാര്‍ടി ജനറല്‍സെക്രട്ടറി പ്രകാശ് കാരാട്ടിനും മറ്റു നേതാക്കളോടുമൊപ്പം അദ്ദേഹംഅശുപത്രിയിലേക്ക് കുതിച്ചു. 12. 07ന് ബിമന്‍ ബസുവാണ് മരണ വാര്‍ത്ത ലോകത്തെ അറിയിച്ചത്. 'ജ്യോതിബാബു അമാദേര്‍ ഛേഡെ ചൊലേഗയ്ഛേ'”( ജ്യോതിബാബു നമ്മളെ വിട്ടുപോയി) എന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് അദ്ദേഹം പറഞ്ഞു. അന്ത്യസമയത്ത് ജ്യോതിബസുവിന്റെ മകന്‍ ചന്ദന്‍ബസുവും ആശുപത്രിയിലുണ്ടായിരുന്നു.

ബസുവിന്റെ നിര്യാണവാര്‍ത്ത സംസ്ഥാനത്തെയൊട്ടാകെ ദുഃഖത്തിലാഴ്ത്തി. മരണവാര്‍ത്ത അറിഞ്ഞതിനെ തുടര്‍ന്ന് പതിനായിരങ്ങളാണ് ആശുപത്രിയിലേക്ക് പ്രവഹിച്ചത്. കാരാട്ടും ബിമന്‍ബസുവും ഉള്‍പ്പെടെയുള്ള പാര്‍ടി നേതാക്കള്‍ ഏറ്റുവാങ്ങിയ മൃതദേഹം ചന്ദന്‍ബസുവിന്റെ സാള്‍ട്ട് ലേക്കിലുള്ള വസതിയിലേക്ക് കൊണ്ടുപോയി. പിന്നീട്, ഒരു ദശാബ്ദത്തിലേറെ ബസു താമസിച്ചന്ന ഇന്ദിര ഭവനില്‍ എത്തിച്ചു. വൈകിട്ട് നാലോടെ മധ്യ കൊല്‍ക്കത്തയിലെ പീസ് ഹെവന്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ചൊവ്വാഴ്ച രാവിലെ ഒമ്പതരയോടെ പീസ് ഹെവന്‍ ആശുപത്രിയില്‍നിന്നു വിലാപയാത്രയായി എത്തിക്കുന്ന മൃതദേഹം 10ന് റൈറ്റേഴ്സ് ബില്‍ഡിങ്ങിലും 10.30ന് അസംബ്ളി ഹാളിലും മൂന്നിന് പാര്‍ടി സംസ്ഥാന കമ്മിറ്റി ഓഫീസിലും പൊതുദര്‍ശനത്തിനു വയ്ക്കും. വൈകിട്ട് നാലോടെ എസ്എസ്കെഎം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ വിലാപയാത്രയായി എത്തിച്ച് മൃതദേഹം കൈമാറും. ഡോ. നിഷികാന്ത് ബസുവിന്റെയും ഹേമലതയുടെയും മൂന്നാമത്തെ മകനായി 1914 ജൂലൈ എട്ടിനാണ് ജ്യോതിബസു ജനിച്ചത്. ഭാര്യ: പരേതയായ കമലബസു. ചന്ദന്‍ബസു ഏകമകനാണ്.

മാതൃകാ കമ്യൂണിസ്റ്റ്: പിബി

സിപിഐ എമ്മിന്റെ സമുന്നത നേതാവ് ജ്യോതിബസുവിന്റെ നിര്യാണത്തില്‍ പാര്‍ടി പൊളിറ്റ് ബ്യൂറോ അഗാധമായ ദുഃഖം രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ ലക്ഷ്യങ്ങളും പ്രവര്‍ത്തനങ്ങളും മുന്നോട്ടു കൊണ്ടുപോകുമെന്ന് പിബി അറിയിച്ചു. പശ്ചിമബംഗാളില്‍ അര്‍ധ ഫാസിസ്റ്റ് ഭീകരവാഴ്ചയുടെ വിഷമഘട്ടങ്ങളില്‍ പാര്‍ടിയെ മുന്നോട്ടു കൊണ്ടുപോയ നേതാക്കളില്‍ ഒരാളാണ് ബസു. 1977ല്‍ ഇടതുപക്ഷ സര്‍ക്കാരിന്റെ മുഖ്യമന്ത്രിയായി. 23 വര്‍ഷം ഈ പദവിയില്‍ തുടര്‍ന്നു. ജ്യോതിബസുവിന്റെ നേതൃത്വത്തില്‍ ബംഗാള്‍ മതനിരപേക്ഷ മൂല്യങ്ങളുടെ പ്രധാനകേന്ദ്രമായി. 1984ല്‍ സിഖ് വിരുദ്ധകലാപം കത്തിപ്പടര്‍ന്നപ്പോഴും 1992ല്‍ ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോഴും ബംഗാളിനെ ശാന്തമാക്കി നിര്‍ത്തുന്നതിന് ബസു നേതൃത്വം നല്‍കി. രാജ്യത്തെ ഇടതുപക്ഷ ജനാധിപത്യ മതനിരപേക്ഷ ശക്തികളുടെ പ്രതീകമായും ജ്യേതിബസു മാറി.

പാര്‍ലമെന്ററി സ്ഥാപനങ്ങളില്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്നതിനും ജനങ്ങളെ എങ്ങനെ സേവിക്കണമെന്നതിനും മാതൃകയായിരുന്നു ബസു. ഏഴ് പതിറ്റാണ്ട് കമ്യൂണിസ്റ്റ് പാര്‍ടിയില്‍ പ്രവര്‍ത്തിച്ച ബസു മൂന്നര വര്‍ഷം ജയിലിലായിരുന്നു. രണ്ടു വര്‍ഷം ഒളിവിലും. 1980കളില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെയും 1990കളില്‍ ബിജെപിക്കെതിരെയും ഇടതുപക്ഷ മതേതര ശക്തികളെ അണിനിരത്തുന്നതില്‍ പ്രധാന പങ്കുവഹിച്ചു. മാര്‍ക്സിസ്റ്റ് സിദ്ധാന്തങ്ങളില്‍ അടിയുറച്ച് വിശ്വസിച്ച ബസുവിന് ഒരിക്കലും ചാഞ്ചല്യമുണ്ടായില്ല. സോവിയറ്റ് യൂണിയന്‍ തകര്‍ന്നപ്പോഴും സോഷ്യലിസത്തിന് തിരിച്ചടിയേറ്റപ്പോഴും മറ്റ് പിബി അംഗങ്ങളുമായി ചേര്‍ന്ന് സോഷ്യലിസം കെട്ടിപ്പടുക്കാനുള്ള പ്രവര്‍ത്തനത്തില്‍ പാര്‍ടിയെ സഹായിച്ചു. ജീവിതകാലം മുഴുവന്‍ ട്രേഡ്യൂണിയന്‍ പ്രവര്‍ത്തനങ്ങളുമായും അദ്ദേഹം ബന്ധപ്പെട്ടു. ജനപിന്തുണയുള്ള നേതാവായി ഉയര്‍ന്നപ്പോഴും പാര്‍ടിയുടെ അച്ചടക്കമുള്ള അംഗമായി പ്രവര്‍ത്തിച്ച് മാതൃകയായി. ദീര്‍ഘകാലത്തെ പ്രവര്‍ത്തനത്തിനിടയില്‍ വിവിധ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്തു. അവസാനകാലംവരെ പാര്‍ടിക്കും ഇടതുപക്ഷ പ്രസ്ഥാനത്തിനും ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. ബംഗാളിനും സിപിഐ എമ്മിനും ഇത്തരമൊരു നേതാവിനെ ലഭിച്ചതില്‍ അഭിമാനിക്കാം. ഒപ്പം രാജ്യത്തെ ഇടതുപക്ഷ പ്രസ്ഥാനത്തിനും. വിലപിടിച്ച അദ്ദേഹത്തിന്റെ ജീവിതം എല്ലാവര്‍ക്കും അനുകരണീയമായ മാതൃകയാണ്. കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കു ചേരുന്നതായി പിബി പ്രസ്താവനയില്‍ പറഞ്ഞു.
(വി ബി പരമേശ്വരന്‍)

ഒരു യുഗത്തിന്റെ അവസാനം: കാരാട്ട്

സിപിഐ എമ്മിന്റെയും ഇടതുപക്ഷ പ്രസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും ഉന്നതനായ നേതാവായിരുന്നു ജ്യോതിബസുവെന്ന് സിപിഐ എം ജനറല്‍സെക്രട്ടറി പ്രകാശ് കാരാട്ട്. അദ്ദേഹത്തിന്റെ നിര്യാണത്തോടെ ഒരു യുഗമാണ് അവസാനിച്ചതെന്ന് അനുശോചനസന്ദേശത്തില്‍ കാരാട്ട് പറഞ്ഞു. 70 വര്‍ഷത്തെ പൊതുജീവിതവും രാഷ്ട്രീയപ്രവര്‍ത്തനവും രാജ്യത്തെ ഏറ്റവും ഉജ്വല നേതാവായി ബസുവിനെ മാറ്റി. തൊഴിലാളിവര്‍ഗത്തെ ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ മുഖ്യ ധാരയിലേക്ക് കൊണ്ടുവന്ന നേതാക്കളിലൊരാളാണ് ബസു. തൊഴിലാളിവര്‍ഗത്തിന്റെയും തൊഴിലെടുക്കുന്ന ജനവിഭാഗങ്ങളുടെയും പോരാട്ടങ്ങള്‍ക്കൊപ്പം അദ്ദേഹം നിലകൊണ്ടു. ഇടതു, ജനാധിപത്യ, മതേതര ശക്തികളുടെ പ്രതീകമായി ബസു മാറി. അദ്ദേഹത്തിന്റെ വേര്‍പാടില്‍ ഞങ്ങള്‍ അങ്ങേയറ്റം ദുഃഖിതരാണ്. കാരണം ജ്യോതിബസുവിനെ പോലൊരാള്‍ ഇനിയുണ്ടാവില്ല- കാരാട്ട് പറഞ്ഞു.

കേരളവുമായി അടുത്ത ബന്ധം

കേരളവുമായി എന്നും അടുത്ത ബന്ധം സ്ഥാപിച്ചിരുന്ന നേതാവായിരുന്നു ജ്യോതിബസു. കേരളത്തിന്റെ ചുവന്ന മണ്ണ് അദ്ദേഹത്തിന് നിരവധിവട്ടം വരവേല്‍പ്പ് നല്‍കി. സംസ്ഥാനത്തെ പൊതുയോഗങ്ങള്‍ക്ക് ബസു ആവേശമായി. ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരുകളുടെ ദുര്‍നയങ്ങള്‍ക്കെതിരെയുള്ള അദ്ദേഹത്തിന്റെ വാക്കുകള്‍ തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ കടലിരമ്പം തീര്‍ത്തു. 2000 ഒക്ടോബര്‍ 20 മുതല്‍ 23 വരെ തിരുവനന്തപുരത്ത് നടന്ന സിപിഐ എമ്മിന്റെ പ്രത്യേക സമ്മേളനത്തില്‍ പങ്കെടുക്കാനാണ് ജ്യോതിബസു അവസാനമായി കേരളത്തിലെത്തിയത്. ഉദ്ഘാടന സമ്മേളനത്തില്‍ അധ്യക്ഷനായിരുന്നു അദ്ദേഹം. ബംഗാളില്‍ രാഷ്ട്രപതിഭരണം വേണമെന്നാവശ്യപ്പെടുന്ന ശക്തികളെ ജനങ്ങള്‍ ചെറുത്തുതോല്‍പ്പിക്കുമെന്ന് അദ്ദേഹം അന്ന് പ്രഖ്യാപിച്ചു. പ്ളീനറി സമ്മേളനത്തോടനുബന്ധിച്ച്, കേന്ദ്ര-സംസ്ഥാന ബന്ധങ്ങളുടെ ജനാധിപത്യവല്‍ക്കരണം എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്തത് ജ്യോതിബസുവായിരുന്നു. സമ്മേളനത്തിന് സമാപനം കുറിച്ച് നടന്ന പടുകൂറ്റന്‍ റാലിക്ക് ശേഷം പുത്തരിക്കണ്ടം മൈതാനത്തെ ഇ എം എസ് നഗറില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷനും ബസുവായിരുന്നു. ബസുവിന്റെ വാക്കുകള്‍ പതിനായിരങ്ങള്‍ കരഘോഷത്തോടെ ഏറ്റുവാങ്ങി.

പ്രളയക്കെടുതി നേരിട്ട ബംഗാളിനെ സഹായിക്കാന്‍ കേരള എന്‍ജിഒ യൂണിയന്‍ സമാഹരിച്ച ആറുലക്ഷത്തിലേറെ രൂപ അന്നത്തെ യൂണിയന്‍ നേതാക്കളായ കെ വരദരാജനും സി എച്ച് അശോകനും ചേര്‍ന്ന് ബസുവിന് കൈമാറി. 23ന് ബംഗാളിലേക്ക് മടങ്ങുംമുമ്പ് ദേശാഭിമാനിക്ക് പ്രത്യേക അഭിമുഖവും അനുവദിച്ചു. ഇ എം എസിന്റെ സമ്പൂര്‍ണ കൃതികളുടെ ആദ്യ സഞ്ചികയുടെ പ്രകാശനം നിര്‍വഹിച്ചതും ജ്യോതിബസുവായിരുന്നു. 1999 ജനുവരി ഏഴിനായിരുന്നു അത്. ഗാന്ധിപാര്‍ക്കില്‍ ചേര്‍ന്ന വന്‍ പൊതുയോഗത്തിലും അന്ന് അദ്ദേഹം പ്രസംഗിച്ചു.

കണ്ണുകള്‍ ദാനംചെയ്തു മൃതദേഹം പഠനത്തിന്

ജ്യോതിബസുവിന്റെ മൃതദേഹം അദ്ദേഹത്തിന്റെ ആഗ്രഹം അനുസരിച്ച് മെഡിക്കല്‍ വിദ്യാര്‍ഥികളുടെ പഠനത്തിനു നല്‍കും. മരണാനന്തരവും തന്റെ ശരീരം മറ്റുള്ളവര്‍ക്ക് പ്രയോജനപ്പെടണമെന്ന ആഗ്രഹമാണ് ബസുവിനെ ഇതിനു പ്രേരിപ്പിച്ചത്. മരണാനന്തരചടങ്ങും മറ്റും നടത്തുന്നതിലും അദ്ദേഹത്തിനു താല്‍പ്പര്യമില്ലായിരുന്നു. ഇക്കാരണങ്ങളാല്‍ ബംഗാളിലെ മറ്റ് സിപിഐ എം നേതാക്കളെപ്പോലെ ബസുവും വര്‍ഷങ്ങള്‍ക്കുമുമ്പേ മൃതദേഹം മെഡിക്കല്‍ കോളേജിനു നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. എസ്എസ്കെഎം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിനാണ് മൃതദേഹം നല്‍കുക. ബസുവിന്റെ ആഗ്രഹപ്രകാരം കണ്ണുകള്‍ ദാനംചെയ്തു. സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗങ്ങളായിരുന്ന ബിനോയ് ചൌധരി, അനില്‍ ബിശ്വാസ്, ചിത്തബ്രത മജുംദാര്‍, കേന്ദ്ര കമ്മിറ്റി അംഗമായിരുന്ന ബിപ്ളവ്ദാസ് ഗുപ്ത തുടങ്ങിയ സിപിഐ എം നേതാക്കളുടെയും മൃതദേഹം മെഡിക്കല്‍ പഠനത്തിനു നല്‍കിയിരുന്നു.

കാസ്ട്രോയുമായുള്ള ബസുവിന്റെ കൂടിക്കാഴ്ച്ചയും അവിസ്മരണീയം: യെച്ചൂരി

ഫിദല്‍ കാസ്ട്രോ കാണാന്‍ താല്‍പ്പര്യപ്പെട്ടാല്‍ ആരെങ്കിലും വിസമ്മതിക്കുമെന്ന് ചിന്തിക്കാനാകില്ല. എന്നാല്‍,ജ്യോതിബാബു അതിനും തയ്യാറായെന്ന് ജ്യോതിബസുവിനൊപ്പം നടത്തിയ യാത്രയുടെ ഓര്‍മ മാധ്യമപ്രവര്‍ത്തകരോട് പങ്കുവച്ച് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരി പറഞ്ഞു. 1993 ലാണ് ജ്യോതിബസുവിനൊപ്പം ക്യൂബ സന്ദര്‍ശിച്ചത്. ജ്യോതിബാബു തന്റെ ദിനചര്യകളില്‍ ഏറെ ചിട്ട പാലിക്കുന്ന ആളാണ്. അന്ന് പത്തുമണിക്ക് തന്നെ ഉറങ്ങുന്ന ശീലമുണ്ട്. ഉറങ്ങാന്‍ കിടക്കുമ്പോഴാണ് ഫിദല്‍ കാസ്ട്രോ കാണാന്‍ താല്‍പ്പര്യപ്പെടുന്നതായി അറിയിപ്പ് വന്നത്. രാവിലെ വരാമെന്നായിരുന്നു ജ്യോതിബാബുവിന്റെ പ്രതികരണം. പിന്നീട് ഏറെ ബുദ്ധിമുട്ടിയാണ് അദ്ദേഹത്തിന്റെ മനസ്സ് മാറ്റിയെടുത്ത് ഫിദലിനെ കാണാന്‍ പോയത്.

ബൂര്‍ഷ്വാ ജനാധിപത്യവ്യവസ്ഥയില്‍ എങ്ങനെ ദീര്‍ഘകാലം ഭരണത്തില്‍ തുടരാന്‍ കഴിയുന്നുവെന്നായിരുന്നു ഫിദലിന് അറിയേണ്ടത്. പിന്നീട് ഓരോ മേഖലയിലും ബംഗാള്‍ കൈവരിച്ച കുതിപ്പ് ഫിദല്‍ അന്വേഷിച്ച് അറിഞ്ഞു. സോവിയറ്റ്യൂണിയനിലെ പ്രതിവിപ്ളവത്തിനുമുമ്പ് അവിടെ നടക്കുന്ന കാര്യങ്ങളില്‍ അദ്ദേഹം ആശങ്കാകുലനായിരുന്നു. സ്ഥിതിഗതികള്‍ നേരില്‍ കണ്ട് മനസ്സിലാക്കുന്നതിന് 1988ല്‍ ഇ എം എസ്, സുര്‍ജിത്, ബസവ പുന്നയ്യ, ജ്യോതിബസു എന്നിവരും താനുമടങ്ങുന്ന സംഘം സോവിയറ്റ്യൂണിയനും ചൈനയും വടക്കന്‍കൊറിയയും സന്ദര്‍ശിച്ചു. രാഷ്ട്രീയ-സാമ്പത്തിക പരിഷ്കാരങ്ങള്‍ ഒരേസമയം കൊണ്ടുവരുന്നതിനോടുള്ള വിയോജിപ്പ് ആ യാത്രയില്‍ തന്നെ തങ്ങള്‍ സോവിയറ്റ് നേതൃത്വത്തെ ധരിപ്പിച്ചിരുന്നു. ഇ എം എസും ബസവ പുന്നയ്യയുമാണ് നേതാക്കളുമായി പ്രധാനമായി ചര്‍ച്ച നടത്തിയത്. ജ്യോതിബാബു ഇടയ്ക്ക് ചില ഇടപെടലുകള്‍ നടത്തും. വളരെ കൃത്യതയാര്‍ന്ന സംശയങ്ങള്‍ ഉന്നയിക്കുകയും ചെയ്യും- യെച്ചൂരി അനുസ്മരിച്ചു.

ബംഗാളിന്റെ അമരത്ത് അഞ്ചു തവണ

ബംഗാളിന്റെ പ്രിയങ്കരനായ ജ്യോതിദായുടെ വിയോഗത്തിലൂടെ രാജ്യത്തിന് നഷ്ടമായത് സര്‍വസമ്മതനായ നേതാവിനെ. 1977 ജൂണ്‍ 21ന് മുഖ്യമന്ത്രിയായ ബസു അഞ്ചുതവണ തുടര്‍ച്ചയായി പശ്ചിമബംഗാളിന്റെ അമരക്കാരനായി റെക്കോഡിട്ടു. 23 വര്‍ഷത്തെ ഭരണനേതൃത്വത്തിലൂടെ ആധുനിക ബംഗാളിന്റെ മുഖച്ഛായ വരച്ച അദ്ദേഹം 2000 നവംബര്‍ ആറിനാണ് ആരോഗ്യപരമായ കാരണങ്ങളാല്‍ മുഖ്യമന്ത്രിപദം ഒഴിഞ്ഞത്. അതിനുശേഷവും പൊതുരംഗത്തെ സജീവ സാന്നിധ്യമായിരുന്നു. 2008ലെ കോയമ്പത്തൂര്‍ പാര്‍ടി കോണ്‍ഗ്രസില്‍ പൊളിറ്റ്ബ്യൂറോയില്‍നിന്ന് ഒഴിഞ്ഞെങ്കിലും സ്ഥിരം ക്ഷണിതാവായി തുടര്‍ന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ചലനങ്ങളിലും ജ്യോതിബസു നിര്‍ണായക സാന്നിധ്യമായി. പ്രതിസന്ധിഘട്ടങ്ങളില്‍ രാജ്യം ബസുവിന്റെ വാക്കുകള്‍ക്ക് കാതോര്‍ത്തു. 1996ല്‍ ഐക്യമുന്നണി പ്രധാനമന്ത്രിസ്ഥാനത്തേക്ക് ബസുവിനെ നിര്‍ദേശിച്ചു. ആ ഘട്ടത്തില്‍ പ്രധാനമന്ത്രിപദം ഏറ്റെടുക്കേണ്ടതില്ലെന്ന പാര്‍ടി തീരുമാനത്തിനൊപ്പം അടിയുറച്ചുനിന്നു. കൊല്‍ക്കത്ത പ്രസിഡന്‍സി കോളേജില്‍നിന്ന് ബിഎ ഓണേഴ്സ് പാസായശേഷം 1935ല്‍ നിയമപഠനത്തിനായി ലണ്ടനിലേക്കു പോയി. അവിടെ ബ്രിട്ടീഷ് കമ്യൂണിസ്റ് പാര്‍ടി നേതാക്കളുമായി അടുത്തിടപഴകിയ ബസു മാര്‍ക്സിസത്തില്‍ ആകൃഷ്ടനായി. 1940ല്‍ ഇന്ത്യയില്‍ തിരിച്ചെത്തിയ അദ്ദേഹം കമ്യൂണിസ്റ് പാര്‍ടി അംഗമായി. ബിഎന്‍ റെയില്‍ റോഡ് വര്‍ക്കേഴ്സ് യൂണിയന്റെയും ഓള്‍ ഇന്ത്യ റെയില്‍വേ മെന്‍സ് ഫെഡറേഷന്റെയും ഉള്‍പ്പെടെ നിരവധി ട്രേഡ്യൂണിയനുകളുടെ നേതൃത്വത്തിലെത്തി. 1952 മുതല്‍ '57 വരെ കമ്യൂണിസ്റ്റ് പാര്‍ടി പശ്ചിമബംഗാള്‍ പ്രൊവിഷണല്‍ കമ്മിറ്റി സെക്രട്ടറിയായി. 1964ല്‍ സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗമായി. 1946ല്‍ ബംഗാള്‍ നിയമസഭയിലെത്തിയ അദ്ദേഹം 1952, 1957, 1962, 1967, 1969, 1971, 1977, 1982, 1987, 1991, 1996 വര്‍ഷങ്ങളിലും തെരഞ്ഞെടുക്കപ്പെട്ടു. 1957 മുതല്‍ '67 വരെ പ്രതിപക്ഷനേതാവായ ബസു 1967ലും '69ലും ഐക്യമുന്നണി സര്‍ക്കാരുകളില്‍ ഉപമുഖ്യമന്ത്രിയായിരുന്നു.
(ഗോപി)

വിട്ടുവീഴ്ചയില്ലാത്ത നേതൃപാടവം

ലളിതമായ ഭാഷയില്‍ സങ്കീര്‍ണമായ രാഷ്ട്രീയപ്രശ്നങ്ങള്‍ സമഗ്രമായി അവതരിപ്പിക്കുന്ന ജ്യോതി ബസുവിനെ കൊച്ചിയില്‍ നടന്ന എട്ടാം പാര്‍ടികോണ്‍ഗ്രസിലാണ് ആദ്യം കണ്ടത്. അദ്ദേഹത്തിന്റെ ഈ കഴിവ് ആദരപൂര്‍വം ഞാന്‍ ശ്രദ്ധിച്ചിരുന്നു. പിന്നീട് മധുരയിലും ബര്‍ദ്വാന്‍ പ്ളീനത്തിലും ഇത് കാണാനായി. ആശയപരമായ പ്രശ്നങ്ങള്‍ അവതരിപ്പിച്ച് ഹ്രസ്വമായ പ്രസംഗം അദ്ദേഹം നടത്തി. തുടര്‍ന്നുള്ള പാര്‍ടികോണ്‍ഗ്രസുകളിലെല്ലാം ഈ സവിശേഷതകള്‍ നേരിട്ട് കണ്ടു. 1984ല്‍ കേന്ദ്രകമ്മിറ്റിയിലേക്ക് ക്ഷണിതാവായി ഞാന്‍ തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍മുതല്‍ അദ്ദേഹം കമ്മിറ്റികളില്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് നേരില്‍ കണ്ടു.

മാര്‍ക്സിസം-ലെനിനിസത്തിന്റെ അടിസ്ഥാനത്തില്‍ അതിസങ്കീര്‍ണമായ സാര്‍വദേശീയ, ദേശീയപ്രശ്നങ്ങള്‍ വിലയിരുത്താനും പ്രയോഗിക്കാനുമുള്ള അസാമാന്യമായ കഴിവ് അദ്ദേഹത്തിന്റെ പ്രത്യേകതയാണ്. ജനാധിപത്യം, മതനിരപേക്ഷത, രാജ്യത്തിന്റെ പരമാധികാരം എന്നിവയില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടായിരുന്നു. ഇക്കാര്യങ്ങളില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറായില്ല. പാര്‍ടി കാഴ്ചപ്പാട് അനുസരിച്ച് പാര്‍ലമെന്ററി പ്രവര്‍ത്തനം നടത്തുന്നതിനും അദ്ദേഹം മികവുകാട്ടി. ജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കിയും പ്രശ്നങ്ങള്‍ക്ക് ശാശ്വതപരിഹാരം കാണാന്‍ നിലവിലുള്ള പാര്‍ലമെന്ററി സംവിധാനംകൊണ്ട് കഴിയില്ലെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തിയും പരമാവധി ആശ്വാസം നല്‍കിയും ബദല്‍ നയങ്ങള്‍ മുന്നോട്ടുവച്ചും ഈ രംഗത്ത് അദ്ദേഹം നേതൃപരമായി പ്രവര്‍ത്തിച്ചു. ഇതുവഴി പുതിയ ജനവിഭാഗങ്ങളെ പാര്‍ടിയിലേക്ക് കൊണ്ടുവരാന്‍ കഴിയുമെന്നും കാട്ടിത്തന്നു. ബംഗാളിലെ ഇടതുമുന്നണി സര്‍ക്കാരിനെ ഇതനുസരിച്ച് നയിക്കുന്നതില്‍ അദ്ദേഹം മികവുകാട്ടി. ഐക്യമുന്നണി രാഷ്ട്രീയത്തിന്റെ പ്രാധാന്യം ഉയര്‍ത്തിക്കാട്ടുന്നതില്‍ ബസു നല്ല പങ്കുവഹിച്ചു. ശത്രുവര്‍ഗത്തിലെ വൈരുധ്യം ഇതിനായി ഉപയോഗപ്പെടുത്താമെന്നും ജനങ്ങളുടെയും രാഷ്ട്രീയകക്ഷികളുടെയും ഐക്യം കെട്ടിപ്പടുക്കാന്‍ കഴിയുമെന്നും അദ്ദേഹം ബോധ്യപ്പെടുത്തി. ബംഗാളില്‍ ഐക്യമുന്നണിയെ ദീര്‍ഘകാലം നയിക്കാന്‍ കഴിഞ്ഞത് ബസുവിന്റെ നേതൃപരമായ പങ്ക് കൊണ്ടുകൂടിയാണ്. ഈ കഴിവ് അംഗീകരിച്ചതുകൊണ്ടാണ് പ്രധാനമന്ത്രിസ്ഥാനത്തേക്ക് അദ്ദേഹത്തിന്റെ പേര് മറ്റു പാര്‍ടികള്‍തന്നെ മുന്നോട്ടുവച്ചത്.

പാവപ്പെട്ടവരോടും തൊഴിലാളിവര്‍ഗത്തോടുമുള്ള കടുത്ത പക്ഷപാതിത്വം അദ്ദേഹം എന്നും മുറുകെപ്പിടിച്ചു. സമ്പന്നവര്‍ഗത്തില്‍ ജനിച്ചിട്ടും തൊഴിലാളിവര്‍ഗരാഷ്ട്രീയത്തിന്റെ ഗുണങ്ങള്‍ അദ്ദേഹം എക്കാലത്തും കാത്തുസൂക്ഷിച്ചു. കമ്യൂണിസ്റ് യോഗ്യതകളും സ്വഭാവഗുണങ്ങളും അദ്ദേഹത്തില്‍ തിളങ്ങിനിന്നിരുന്നു. എല്ലാവരെയും അദ്ദേഹം തുല്യരായിക്കണ്ടു. കമ്മിറ്റികളില്‍ പുതുതായി എത്തുന്ന പുതിയ തലമുറയിലുള്ളവരെ വളര്‍ത്തിയെടുക്കുന്നതിലും എന്ത് അഭിപ്രായവും തുറന്നുപറയാന്‍ പ്രേരിപ്പിക്കുന്നതിലും പാര്‍ടിയിലെ മറ്റു മുതിര്‍ന്ന അംഗങ്ങളെപ്പോലെ അദ്ദേഹവും ശ്രദ്ധിച്ചിരുന്നു. ഉയര്‍ന്ന ജനാധിപത്യബോധവും തൊഴിലാളിവര്‍ഗ രാഷ്ട്രീയവും തികഞ്ഞ സംഘടനാ അച്ചടക്കവും ലാളിത്യവും സമ്മേളിച്ച വ്യക്തിത്വമായിരുന്നു ജ്യോതിബസുവിന്റേത്.

അധ്വാനിക്കുന്നവരുടെ ആവേശം

തൊഴിലാളിവര്‍ഗത്തിന്റെയും ജനാധിപത്യപ്രസ്ഥാനങ്ങളുടെയും മഹാനായ നേതാവായിരുന്നു ജ്യോതിബസുവെന്ന് സിഐടിയു കേന്ദ്ര സെക്രട്ടറിയറ്റ് അനുശോചനസന്ദേശത്തില്‍ പറഞ്ഞു. ദീര്‍ഘവീക്ഷണമുള്ള രാഷ്ട്രീയ നേതാവുമായ ബസുവിന്റെ നിര്യാണത്തില്‍ സിഐടിയു അഗാധമായി ദുഃഖിക്കുന്നതായി പ്രസ്താവനയില്‍ അറിയിച്ചു. മര്‍ദ്ദിതരുടെ മോചനത്തിനായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് ആവേശം പകര്‍ന്ന നേതാവായിരുന്നു ജ്യോതിബസുവെന്ന് അഖിലേന്ത്യാ കിസാന്‍സഭ അനുശോചനസന്ദേശത്തില്‍ പറഞ്ഞു. അധ്വാനിക്കുന്ന ദശലക്ഷങ്ങള്‍ക്ക് അദ്ദേഹം ആശ്വാസം നല്‍കി. സമാനതകളില്ലാത്ത നേട്ടമാണ് കാര്‍ഷികരംഗത്ത് ബസു കൈവരിച്ചതെന്ന് സന്ദേശത്തില്‍ പറഞ്ഞു. കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും ഭാവിയെക്കുറിച്ച് പ്രതീക്ഷ നല്‍കിയ നേതാവാണ് ജ്യോതിബസുവെന്ന് അഖിലേന്ത്യാ കര്‍ഷകത്തൊഴിലാളി യൂണിയന്‍ പറഞ്ഞു. തൊഴിലാളി സമരങ്ങള്‍ക്കെതിരെ പൊലീസിനെ ഉപയോഗിക്കില്ലെന്ന് തീരുമാനിച്ച അദ്ദേഹം വര്‍ഗീയതക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചു. ബസുവിനെ പാവപ്പെട്ട ജനങ്ങള്‍ ഒരിക്കലും മറക്കില്ലെന്ന് യൂണിയന്‍ ജനറല്‍ സെക്രട്ടറി എ വിജയരാഘവന്‍ പറഞ്ഞു.

രാജ്യത്തിന് നല്ലൊരു ഭരണാധികാരിയെയും രാഷ്ട്രീയനേതാവിനെയുമാണ് നഷ്ടമായതെന്ന് ഡിവൈഎഫ്ഐ. ആദര്‍ശത്തെ പ്രായോഗികതയുമായി കൂട്ടിയിണക്കിയ നേതാവായിരുന്നു. യുവാക്കളെ പ്രോത്സാഹിപ്പിക്കുന്നതില്‍ അദ്ദേഹം മുന്നില്‍നിന്ന് പ്രവര്‍ത്തിച്ചതായി ഡിവൈഎഫ്ഐ പ്രസിഡന്റ് പി ശ്രീരാമകൃഷ്ണന്‍ അനുശോചനസന്ദേശത്തില്‍ പറഞ്ഞു. ജീവിതംതന്നെ പോരാട്ടമാക്കിയ മനുഷ്യനാണ് ജ്യോതിബസുവെന്ന് സിപിഐ കേന്ദ്ര സെക്രട്ടറിയറ്റ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു. രാജ്യം കണ്ട ഏറ്റവും പ്രധാന കമ്യൂണിസ്റ്റ് നേതാവാണ് ബസുവെന്ന് പറഞ്ഞ സിപിഐ അദ്ദേഹത്തിന്റെ നിര്യാണത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി. ഇടതുപക്ഷ മുന്നണിയും ഐക്യമുന്നണിയും കെട്ടിപ്പടുക്കുന്നതില്‍ അദ്ദേഹത്തിന് പ്രധാന പങ്കുണ്ട്- സിപിഐ പ്രസ്താവനയില്‍ പറഞ്ഞു.

*
കടപ്പാട്: ദേശാഭിമാനി ദിനപ്പത്രം

No comments:

Post a Comment